പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Monday, October 27, 2014

ഒരിടവേള ...

പ്രിയപ്പെട്ട കഥാകാരാ,
മറ്റാർക്കും  എളുപ്പത്തിൽ കണ്ടത്താൻ കഴിയാത്ത വിധം സത്യങ്ങൾ നിങ്ങളുടെ ചുറ്റിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ട്.. നിങ്ങൾ അത് കണ്ടെത്തുക തന്നെ ചെയ്യും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. ഇതുവരെ എനിക്ക് മുന്നിൽ ശൂന്യത ആയിരുന്നു.. ഇപ്പോൾ എനിക്കും ശൂന്യതക്കുമിടയിൽ നിങ്ങളുണ്ട്.. ആ സത്യം നിങ്ങൾ കണ്ടെത്തുന്നത് വരെ ഒരു നിഴലായ് ഞാനുണ്ടാകും.. എന്റെ വികാരങ്ങൾ ഞാനിതാ തുറന്നിടുകയാണ്.. നിങ്ങൾക്കിനി സഞ്ചരിക്കാൻ ഞാനിനി വഴികൾ പാകാം.. വരിക എന്റെ എഴുത്തുകാരാ...

സ്നേഹപൂർവ്വം,
 ---- **** -----***** ---- **** -----***** ---- **** -----***** ---- **** -----***** ---- ****
 
പ്രിയപ്പെട്ടവരേ,
ബ്ലോഗ്ഗിൽ നിന്നും തൽക്കാലം ഒരിടവേള ..
എഴുതി തീർത്ത കഥകൾ പോലും തൽക്കാലം ജിമെയിൽ ഡ്രാഫ്റ്റിൽ വിശ്രമിക്കട്ടെ..
പുതിയ സംരംഭത്തിലാണ് ,പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക ..
സസ്നേഹം,
ഫിറോസ്‌

Monday, August 11, 2014

മനോഹരന്റെ മനോനില..!!!

ജോലിത്തിരക്ക്  തലയ്ക്കു പിടിച്ചു നട്ടം തിരിയുന്ന ഒരു വൈകുന്നേരം ഒരു ഫോണ്‍ വിളി,നാട്ടിൽ നിന്നും വിനയനാ..
"ഡാ പാസ്സഞ്ചറേ.. നീ നാട്ടിലേക്കു വരുന്നുണ്ടോ?? " എടുത്ത ഉടനെ അവന്റെ ചോദ്യം..
"ഇല്ല.. ഇവിടെ തിരക്കാ... " എന്റെ മറുപടി..
"നീ അവിടെ തെരക്കി നിന്നോ.. നാട്ടിൽ മരണവിറ്റാ , വന്നാൽ ഒരു ലോഡ് ഗ്ലോബ്, അല്ല ബ്ലോഗ്‌ എഴുതാനുള്ള വിഷയം കിട്ടും.. "
"അതെന്താണ്ടാ ഇത്രേം വല്യ വിറ്റ് .. നിന്റെ ആരേലും ചത്താ .. " എന്റെ കലിപ്പോടെയുള്ള ചോദ്യം..
"അതല്ലടാ.. മ്മടെ മനോഹരന്റെ എട്ടാമത്തെ കാമുകിന്റീം മംഗലം കയിഞ്ഞു..ഇപ്പൊ ഓന് മാനസികാ... ഓനിവിടെ എല്ലാരേം ചിരിപ്പിച്ചു കൊല്ലുവാ.. " അവൻ കഥകൾ പറഞ്ഞു തുടങ്ങി...
എനിക്കൊരു സൈഡിൽ നിന്നും ചൊറിഞ്ഞങ്ങ് കേറി..
ഇവിടെ 'ബഗ്' ഏത് 'ഫീച്ചർ' ഏത്  എന്ന് തിരിച്ചറിയാണ്ട് നിക്കുന്ന ഒരു ടെസ്റ്റ്‌ എഞ്ചിനീയറോടാ നാട്ടിലെ ഓരോ മാരക വിറ്റ് പറഞ്ഞ് ഓൻ കൊതിപ്പിക്കുന്നെ .. !!

അവന്റെ സംസാരത്തിൽ നിന്നും,നാട്ടിലെന്തായാലും കാണേണ്ട പൂരം തന്നാ നടക്കുന്നെ എന്നെനിക്കു മനസ്സിലായി..
മാനസികമില്ലാത്ത മനോഹരൻ തന്നെ ഒരു സംഭവാ..
ഓനെക്കൊണ്ട് നാട്ടിലൊരു ഉപദ്രവോമില്ല ,ഉപകാരം ആവോളം ഉണ്ട് താനും.. കാരണം നാട്ടിൽ കല്യാണം കഴിയാണ്ട് പൊരേം പറമ്പും വരെ നിറഞ്ഞു നില്ക്കുന്ന ഏത് പെണ്ണിനേം ഓൻ കേറിയങ്ങ് പ്രേമിച്ചാ മതി, അടുത്ത ഞായറാഴ്ച ഓളുടെ കല്യാണം നടന്നിരിക്കും.. അത്രയ്ക്ക് പസ്റ്റ് ജാതകാ ഓന്റെ..!!

ആ മനോഹരന്റെ എട്ടാമത്തെ ഔദ്യോഗിക (അനൌദ്യോഗിക കണക്ക് പറയാൻ ഞാൻ പഠിച്ച കണക്ക് തെകയാണ്ട് വരും) കാമുകിയായിരുന്നു ലളിത.. പതിവിനു വിപരീതമായി ആ പ്രേമം ഒരാഴ്ചേം കഴിഞ്ഞു ആറ് മാസം നീണ്ടപ്പോൾ പ്രതീക്ഷേടെ ഒരു നേരിയ വെളിച്ചം മനോഹരന് വന്നതാ.. ആ വെളിച്ചം അണഞ്ഞപ്പോ ഓന് മാനസികമായത് സ്വാഭാവികം..
'മനോഹരനല്ലേ,മാനസികമല്ലേ,മാരക വിറ്റല്ലേ .. നാട്ടിൽ പോയേക്കാം.. ' ഞാൻ മനസ്സിലുറപ്പിച്ചു..
അപ്പോത്തന്നെ IRCTC-ൽ ലോഗിൻ ചെയ്തു നാട്ടിൽപോയി തിരിച്ചു വരുന്ന ടൈം എടുത്തു ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു...

അടുത്ത ശനിയാഴ്ച നേരം പെരാ പെരാന്ന് പെലർന്നപ്പോ തന്നെ ഞാൻ വീട്ടിലെത്തി..
'കുടുംബാസൂത്രണ' ചർച്ചയും മറ്റു കലാപരിപാടികളും കഴിഞ്ഞു നേരെ ചങ്ങാതിക്കൂട്ടത്തിലേക്ക്..
"ബസ്‌ കാത്തിരിപ്പ് കേന്ദ്രം" എന്നുണ്ടായ ബോർഡ്‌ ചുരണ്ടി "തിരിപ്പ് കേന്ദ്രം" എന്ന് കലാപരമായി മാറ്റിയ ഞങ്ങളുടെ സ്വന്തം തട്ടകത്തിൽ ചെങ്ങായിമാരൊക്കെ വളഞ്ഞിരുന്നു ചിരിക്കുന്നത് ദൂരെ നിന്ന് കണ്ടപ്പോഴേ എനിക്ക് തോന്നി, അതിന്റെ ഒത്ത നടുക്ക് മനോഹരൻ കാണുമെന്ന് .. അത് ശരിയായിരുന്നു..

എന്നെ കണ്ടതും മനോഹരൻ മനോഹരമായി ചിരിച്ചു,കൂടെ ഒരു ചോദ്യവും..
"ഇതാര് അംബുജാക്ഷനൊ ??"
"അംബുജാക്ഷനാ .. അതാര് ?" എന്റെ ചോദ്യം..
"മ്മടെ ചന്ദ്രികേടെ " അവന്റെ മറുപടി..
"ഏത് ചന്ദ്രിക?? "  ഞാൻ വാ പൊളിച്ചു..
"മ്മടെ ചങ്ങമ്പുഴയുടെ ചന്ദ്രിക .. "
"ചങ്ങമ്പുഴയുടെ ചന്ദ്രികേടെ മാപ്പള രമണനല്ലേ .. അംബുജാക്ഷനാ ??" എനിക്കാകെ കണ്‍ഫ്യൂഷൻ ആയി..
ഇത് കണ്ട ചെങ്ങായിമാര് എന്നെ അത്ഭുതത്തോടെ നോക്കി..
"മനോഹരന് മനസികാന്ന് പറഞ്ഞു വിളിക്കുമ്പോ അതിലും വല്യ മാനസികമാ നിനക്കെന്നു തിരിച്ചറിയാണ്ട് പോയല്ലോ മുത്തെ ഞാൻ.. " എന്നെ നോക്കി വിനയന്റെ സെന്റി..
"ന്താണ്ടാ പറയുന്നേ ... ??"
"പിന്നല്ലാണ്ട്.. ഓനോ മാനസികം.. മാനസികം പിടിച്ച ഓന്റെ ചോദ്യത്തിന് മൂത്രം പിടിച്ചു കേറുന്നത് പോലെ നീ ഉത്തരോം പറയുമ്പോ പിന്നെന്താ പറയാ.. " വിനയൻ കലിപ്പായി..
"എഹ് .. മനസികമായോൻ ഇങ്ങനാ പറയുന്നേ... "
"ഇതാന്ന് ഇവന്റെ മാനസികത്തിന്റെ സ്പെഷ്യാലിറ്റി.. കൂടുമ്പോൾ ഓൻ ഇമ്മാതിരി സാഹിത്യ കലകളിൽ കേറിവരെ അലാക്കിലെ അലക്കാ .. ചിരിച്ചു മരിക്കും.. " വിനയൻ ചിരിച്ചുതുടങ്ങി.. ഞാനും ചിരിച്ചോണ്ട് മനോഹരനെ നോക്കി..
"മനോരാ.. ഞാനാ അംബുജാക്ഷൻ .. ചന്ദ്രിക പുറകെ വരുന്നുണ്ട്.. " ഓനെ ഒന്ന് ഒസ്പ്പാക്കാൻ തന്നെ ഞാനും തീരുമാനിച്ചു..
ഓനെന്നെ പുച്ഛത്തോടെ നോക്കി..
"അംബുജാക്ഷനാ .. ഏതംബുജാക്ഷൻ ?? " ഓന്റെ ചോദ്യം..
"മ്മടെ ചന്ദ്രികേടെ " എന്റെ മറുപടി..
"ചന്ദ്രികേ.. അതാര് ?? "
"മ്മടെ ചങ്ങമ്പുഴയുടെ ചന്ദ്രിക .. " ഞാൻ വിശദമാക്കി..
"എടാ പൊട്ടാ.. ചങ്ങമ്പുഴയുടെ ചന്ദ്രികേടെ മാപ്പള രമണനാ, രമണൻ.."  ഓന്റെ കണ്ടുപിടുത്തം..
ചെങ്ങായിമാർ ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി, എന്നിട്ട് ഹംസേടെ വക ഒരു ചോദ്യോം..
"ഇങ്ങളിലാരാ ശരിക്കും മനോഹരൻ .. ???"
ഞാൻ ശശിയായി ..അല്ല മനോഹരനായി.. ന്റെ മനോഹരാ..!!!
ഞാൻ പിന്നൊന്നും പറഞ്ഞില്ല.. എല്ലാരും പറയുന്നത് കേട്ടും ചിരിച്ചുമൊക്കെ അങ്ങനെയങ്ങിരുന്നു..
സമയം അങ്ങനങ്ങ് മുന്നോട്ട് പോയി..

ഉച്ചക്ക് കഴിക്കാനായി എല്ലാരും ഇറങ്ങി,,എന്റെ വീട് കഴിഞ്ഞു വേണം ഹംസന്റെം  മനോഹരന്റേം വീടെത്താൻ.. ഞങ്ങളൊരുമിച്ച്  നടന്നു..
എന്റെ വീടെത്തി..
എന്നാ ഉച്ചക്ക് ശേഷം കാണാന്ന് പറഞ്ഞ് ഞാനവരെ യാത്രയാക്കി വീടിന്റകത്തേക്ക് കേറാൻ നേരം പുറകേന്ന് മനോഹരന്റെ വിളി..
"പായിസേ.. "
"ന്താ മനോരാ... " ഞാൻ വിളികേട്ടു..
"കുറെ നേരായി അന്നോട് ചോദിക്കണം,ചോദിക്കണം എന്ന് വിചാരിക്കുന്നെ.. "
"എന്ത്??"
"നിന്റെ പഴേ ഓള് ഇപ്പോം വിളിക്കാറുണ്ടാ ??" മൂന്ന് ജന്മങ്ങൾ ഒരുമിച്ച് ഞെട്ടി, അതിലൊന്ന് എന്റെ ഓളായിരുന്നു,ആ ചോദ്യം കേട്ട് ഓള് ഞെട്ടാൻ വേണ്ടി മാത്രം അകത്തൂന്ന് ഓടി വന്നതാ.. !!!
"മനോരാ...... " ഹംസ മനോഹരനെ നീട്ടിവിളിച്ചു..
"ഓ.. ഓന്റെ ഓളെ മുമ്പിൽ വെച്ച് ഞാൻ ചോദിയ്ക്കാൻ പാടില്ല അല്ലെ.. " മനോഹരന്റെ മുഖത്ത് കുറ്റബോധം സംസ്ഥാന സമ്മേളനം വിളിച്ചു..
ഞാൻ ഓളെ നോക്കി.. ബാലേട്ടൻ സിൽമേല്  ബാലേട്ടന്റെ അവിഹിതം അറിഞ്ഞു ഉമ്മറപ്പടിയിൽ സാരിത്തുമ്പും പിടിച്ചിരുന്ന ദേവയാനിയെ പോലെ ഓളിങ്ങിനെ  പോസ്റ്റടിച്ചു നിക്കുവാ..
"മനോഹരന് മാനസികായത് നീ അറിഞ്ഞാരുന്നോ.. ഓനിപ്പോ മരണവിറ്റാ.. "ഞാൻ പരുങ്ങൽ പുറത്ത് കാണിക്കാണ്ട് ഓളെ നോക്കി പറഞ്ഞു..
ഓക്ക് മാറ്റമൊന്നുമില്ല, അതേ നിപ്പ് തന്നെ.. പക്ഷെ മനോഹരന് മനസികാന്ന് പറഞ്ഞത് ഓനത്രക്കങ്ങ് പിടിച്ചില്ല..
"അല്ലേലും ഈ പ്രേമം ഇങ്ങനാടാ.. ആരേലുമൊക്കെ ചതിക്കും..നീ ഓളെ ചതിച്ച പോലെ എന്നെ എന്റോള് ചതിച്ചു..ഓക്ക് മനസികായില്ല,എനിക്കായി... ന്റെ വിധി.." മനോഹരൻ ത്വാത്തികനായി ..
"മനോരാ.. തമാശ പറയാണ്ട് നീ പോയേ .. പോ.. " ചിരിച്ചോണ്ടാ ഞാൻ അത് പറഞ്ഞേ ,എന്നിട്ടും ശബ്ദം എന്തിനാണാവോ ഇങ്ങനെ ഇടറുന്നെ..?
"എന്നാലും ഒരു ശരീരോം രണ്ടാത്മാവുമായി  ജീവിച്ച നിങ്ങക്കിങ്ങനെ വന്നത് നീയെങ്ങനെ സഹിക്കുന്നെടാ.. നിനക്കൊന്ന് പൊട്ടിക്കരഞ്ഞൂടെ .. " മനോഹരന്റെ സെന്റി..
'ഒരു ശരീരോം രണ്ടാത്മാവുമോ ??' ഓനെന്താ ഉദ്ദേശിച്ചേന്ന്  എനിക്കു മനസ്സിലായില്ല, പക്ഷെ മനസ്സിലായ ഒരാള്  ഇന്ത്യക്കാര് വിട്ട ഉപഗ്രഹം പോലെ വളഞ്ഞും പുളഞ്ഞും അകത്തേക്കോടി.. വാതിലടക്കുന്ന ഒരു ഭീമൻ ശബ്ദം മാത്രേ പിന്നെ കേട്ടുള്ളൂ..
"ന്റെ കുടുംബം..!!!  പടച്ചോനെ കാത്തോളണേ .."
"ആമീൻ.." പറഞ്ഞത് മനോഹരനാ.. ആ പട്ടി പോയി..
ഞാൻ ചുറ്റിലും നോക്കി, അല്ലേലും പട്ടിയെ കാണുമ്പോൾ കല്ല്‌ കാണൂല്ലാന്നു കാർണോമ്മാര് പറഞ്ഞത് വെറുതെയല്ല..
 ഹംസ പോയില്ല..
"നീയെന്താ പോകാത്തെ " കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു..
"എന്റെ പൊര കഴിഞ്ഞിട്ടല്ലേ മനോരന്റെ പൊര .. ഓൻ പോട്ടെ.. അല്ലേൽ ഓനിക്ക് എന്റെ പൊരയെത്തുമ്പോഴാവും ഓരോരോ ചോദ്യങ്ങൾ ഓർമ വരിക.. ഒരു മഹല്ലിൽ തന്നെ രണ്ടു കുടുംബം നേരെയാക്കാൻ കമ്മിറ്റിക്കാര് കൊറേ പാട് പെടും.. അത് വേണ്ട.. " ഓൻ അത് പറഞ്ഞു വിഷമത്തോടെ എന്നെ നോക്കി.. ഞാനപ്പോഴും പൈസയില്ലാത്തോൻ പിസ്സാഹട്ടിന്റെ വാതിൽക്കൽ പോയി നിക്കണ പോലെ അടഞ്ഞൊരു വാതിലിനു മുന്നിൽ അങ്ങനെയങ്ങ് നിക്കുവാ,നിർവികാരനായി...

അങ്ങനെ മനോഹരന്റെ മാനസികം ആസ്വദിക്കാൻ പോയ എനിക്ക് മാനസികം വരുമെന്ന അവസ്ഥയിലായി.. പിന്നെ എങ്ങനെയെല്ലാമോ ഒരുവിധം ഓളെ പറഞ്ഞു മനസ്സിലാക്കി കൈച്ചലായി .. ആ പേരിൽ ഓളെ സോപ്പിടാൻ വേണ്ടി ടൌണിൽ പോയി 1000 ഉർപ്യയുടെ ഗാന്ധി അങ്ങ് പോയിക്കിട്ടി..!!

അടുത്ത വെള്ളിയാഴ്ച ..
എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് വണ്ടി കേറി.. വണ്ടി തൃശ്ശൂരിൽ എത്തിയപ്പോൾ ഒരു ഫോണ്‍വിളി..
ഓനാ,വിനയൻ ..
"ഫായിസേ,നീ എവിടാ??"
"ഞാൻ ട്രെയിനിലാ.. "
"എന്താ പരിപാടി??" ഓന്റെ ചോദ്യം..
"ഏ ... എനിക്ക് ട്രെയിനില് ജോലി കിട്ടി..അതാ .."
"ട്രെയിനിലാ.. എപ്പോ.. എന്ത് ജോലി..?? "
"ട്രെയിനിന്റെ ഹെഡ്-ലൈറ്റ് കേടായി..ഡ്രൈവർ പത്തുരൂപേടെ ടോർച്ച് എടുത്ത് തന്ന് അതും ഓണാക്കി ട്രെയിനിന് മുന്നില് ഓടാൻ പറഞ്ഞു.. ഓടുവാ  " എന്റെ കലിപ്പ് മറുപടി..
"എഹ് .."
"എടാ പൊട്ടാ.. മംഗലം കഴിഞ്ഞതിന് ശേഷം എല്ലാ ആഴ്ച്ചേം ഞാൻ നാട്ടിൽ വരുമെന്ന് നിനക്കറിയാവുന്നതല്ലേ .. അപ്പോഴാ അവന്റെയൊരു കോപ്പിലങ്ങാടിയിലെ ചോദ്യം.. കാര്യം പറയെടാ.. "
"അതേയ് .. നീ കണ്ണൂരിൽ ഇറങ്ങണ്ടാ ..പയ്യന്നൂരിൽ ഇറങ്ങിയാ മതി.. "
"അതെന്താ ഞാൻ കണ്ണൂരിൽ ഇറങ്ങിയാ.. ഞാനെപ്പോഴും കണ്ണൂരാണല്ലോ ഇറങ്ങാര് .. അതെന്താ ഇന്നൂടി ഇറങ്ങിയാല് ... വിടമാട്ടെയ് .. " മണിച്ചിത്രത്താഴ് മുഴുവൻ കളിക്കാൻ ഓൻ വിട്ടില്ല.. അതിനുമുമ്പ് ഓന്റെ ഡയലോഗ് വന്നു..
"അതല്ലടാ.. ഞാൻ പയ്യന്നൂര് ഉണ്ടാകും.. എന്റെ ആപ്പന്റെ വണ്ടിയുണ്ട്,അതിൽ നമുക്കൊരുമിച്ച് നാട്ടിൽ പോകും.. "
ടിഷ് .. എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി,കാരണം അവന്റെ ആപ്പന്റെ വണ്ടി.... അവൻ ആള് ഊളയാണേലും അവന്റെ ആപ്പൻ വല്യ മുറ്റാ,അങ്ങേരുടെ ബെൻസ് ഉണ്ടെന്ന്  .. അര മണിക്കൂർ കൂടുതൽ യാത്ര ചെയ്തലെന്നാ, ബെൻസിൽ നാട്ടിൽ പോകുന്നതിന്റെ ഗുമ്മ് വേറെ തന്നാ.. ഇടം വലം നോക്കാതെ സമ്മതിച്ചു ഞാൻ...!!!

വണ്ടി കണ്ണൂര് കഴിഞ്ഞ ഉടനെ അതാ വരുന്നു TT ...
നികൃഷ്ട ജീവി..!! കണ്ണൂര് വരെ ടിക്കറ്റ്‌ എടുത്തു 250 കിലോമീറ്റെർ യാത്ര ചെയ്തപ്പോൾ വരാത്ത തെണ്ടി കറക്റ്റ് ഇപ്പൊ വരുന്നത് കണ്ടാ.. മനപ്പൂർവാ..!!!
ഒന്നും നോക്കിയില്ല,ഒറ്റയുറക്കം,പിന്നെ കൂർക്കം..
ആരോ വന്നു തൊട്ടു വിളിക്കുന്നു.. എന്തോ പേടിച്ചെന്ന പോലെ ഞെട്ടി എണീക്കുന്ന ഞാനെന്ന അഭിനയപ്രതിഭ..!!!
"ടിക്കറ്റ്‌.."
ഒന്നും സംഭവിക്കാത്ത ഭാവത്തിൽ പേഴ്സിൽ നിന്നും ടിക്കറ്റ്‌ എടുത്ത് അങ്ങേർക്കു നീട്ടി..
അങ്ങേര് തിരിച്ചും മറിച്ചും നോക്കി..
"ഇത് കണ്ണൂര് വരെയല്ലേ ഉള്ളൂ.. " അങ്ങേരുടെ ചോദ്യം..
"അയ്യോ.. അപ്പൊ കണ്ണൂര് കഴിഞ്ഞോ..." എന്റെ വക ഒന്നരക്കിലോ ഞെട്ടൽ..
"ഇല്ല.. കണ്ണൂര് കഴിഞ്ഞില്ല.. മംഗലാപുരം കഴിയുന്നത് വരെ കണ്ണൂര് കഴിയില്ല..പാതി ടിക്കെറ്റും പിന്നെ കുറെ നമ്പറുമായി ഇറങ്ങിക്കോളും..അതേയ്.. ഈ കൂർക്കം വലി ജോലിയിൽ കേറിയ അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാ ഞാൻ.. " അതും പറഞ്ഞു ഒരല്പം പുച്ഛം വാരിവിതറി അങ്ങേരങ്ങ് പോയി..
പ്രതിഭയാണയാൾ.. പ്രതിഭാസമാണയാൾ ...!!!
ഇതിനേക്കാൾ നല്ലത് വീടിന്റെ ആധാരം പണയം വെച്ച് പിഴയടക്കുന്നതാ,കാരണം ചുറ്റുമുള്ളവരുടെ ആക്കിയ നോട്ടം... കൂട്ടത്തിൽ അൽപം മുമ്പ് പരിചയപ്പെട്ട ഒരച്ഛനും അങ്ങേരുടെ  സുന്ദരിയായ മോളും ഒരുപടി കൂടി കടന്ന് ഊമ്പിയ ഒരു ഇളിയും.. !!!

വണ്ടി പയ്യന്നൂർ എത്തി.. അച്ഛനും മോൾക്കും പയ്യന്നൂര് തന്നാ  ഇറങ്ങേണ്ടത്.. കൂട്ടത്തിൽ ഞാനും..
"ഇവിടന്നെങ്ങനാ പോണേ?? "കൂർക്കത്തിൽ പോയ മാനം തിരിച്ചു പിടിക്കാൻ ഉറച്ച് അവരോട് എന്റെ ചോദ്യം..
"ബസ്‌ സ്റ്റാന്റ് വരെ ഓട്ടോയിൽ പോണം.." മറുപടി പറഞ്ഞത് അച്ഛനാ ,പരട്ട..
"വീട്ടിൽ നിന്നും ബെൻസ് അയച്ചിട്ടുണ്ട്.. ബസ്‌ സ്റ്റാൻഡിൽ  അതിൽ ആക്കാം ." മോളെ നോക്കി എന്റെ ഓഫർ.. അവർക്ക് സന്തോഷം.. ബെൻസിന്റെ ഒരു പവറേ...!!
സ്റ്റേഷന് പുറത്ത് എന്നേം കാത്ത് വിനയൻ,ചൂട് പൊറോട്ട രണ്ടടി കൂടുതൽ അടിച്ച പോലെ അവന്റെ കുപ്പായം കീറിയിട്ടുണ്ട് ..എന്താണാവോ എന്തോ??.. കൂടെയുള്ള ജന്ധുവിനെ കണ്ട് ദേശീയ പതാക കണ്ട പട്ടാളക്കാരനെ പോലെ ഞാനങ്ങ് നിന്ന് .. മനോഹരൻ ..
"പോകാം.. " എന്നെ കണ്ട വിനയന്റെ ചോദ്യം..
"ഉം.. "
ബാഗെടുത്ത് മുന്നോട്ട് നീങ്ങിയ ഞാൻ ഒന്നൂടെയങ്ങ് തരിച്ചു നിന്നു ..
അവന്റെ ആപ്പന്റെ ബെൻസ് പ്രതീക്ഷിച്ച എന്റെ മുന്നിൽ അവന്റെ 'ആപ്പെയൂടെ' പെട്ടി ഓട്ടോറിക്ഷ.. ശിബനെ ...
ഓൻ വിളിച്ചപ്പോ പറഞ്ഞത് ഞാനുന്നൂടെ റീവെയ്ന്റ് ചെയ്തു..
"എന്റെ ആപ്പന്റെ വണ്ടിയുണ്ട്.. "
ഉണ്ട് ഉണ്ട്... അവന്റെ ആപ്പെന്റെ വണ്ടിയുണ്ട്.. !!

"എവിടെ ബെൻസ് .. ??" ചോദ്യം എന്റേതല്ല.. മറ്റേ അങ്ങേരുടെതാ..
ഞാനൊന്നും പറഞ്ഞില്ല,നല്ല സ്റ്റൈലിൽ ഒരു ചിരിയങ്ങട് പാസ്സാക്കി.."ഈ..."
"ഞാനപ്പോഴേ അച്ഛനോട് പറഞ്ഞതല്ലേ, ഓരോ പ്രാന്തന്മാർ ഓരോന്ന് പറയുന്നതും കേട്ട് പുറകിൽ പോകാൻ നിക്കണ്ട എന്ന്.. "
സുന്ദരി അതും പറഞ്ഞ് ഓട്ടോയും നോക്കിപ്പോയി..
"എന്നാലും  ഈ രണ്ട് പ്രാന്തന്മാരേം കൊണ്ട് ആ പെട്ടിയോട്ടോയിൽ പോണ്ട നിങ്ങളെ സമ്മതിക്കണം.. " മനോഹരനെ നോക്കി കിളവന്റെ ലാസ്റ്റ് പഞ്ച് ഡയലോഗ്...
ആരായാലും പറഞ്ഞു പോകും.. വിനയന്റെ കോലം അമ്മാതിരിയാ..എന്റെ കോലം നല്ലതാണേലും പ്രവർത്തി കൊറേ നേരമായി ജ്വലിക്കുന്നതാണല്ലോ ..
മനോഹരൻ ചിരിച്ചു.. അങ്ങേര് പോയി...

"ന്താ സംഭവം??" വെളിവ് കുറച്ച് വന്നപ്പോൾ എന്റെ ചോദ്യം..
"അത്.. ഇവനിപ്പോ വല്ലാണ്ട് കൂടുതലാ.. മംഗലാപുരം ആശുപത്രീൽ പോകണം..നാട്ടിൽ നിന്ന് ആരും കൂടെ വന്നില്ല.. അതാ നിന്നെ വിളിച്ചേ.. നിനക്കൊരു സർപ്രൈസ് തരാന്ന് വെച്ചാ കാര്യം പറയതിരുന്നെ.. "
ന്യൂ ജനറേഷൻ സിനിമയിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാ ശബ്ദമുണ്ട്..പയ്യന്നൂർ സ്റ്റേഷന്റെ വരാന്തയിലൂടെ വിനയനേം കൊണ്ട് നടന്ന് അത് മാത്രാ ഞാൻ കേൾപ്പിച്ചു കൊടുത്തെ..
"*(&*₹₹്#(*&%^$  " ബീപ്.. ബീപ്.. ബീപ്... ബീപ്...
അവന്റെ അമ്മൂമ്മേടെ ഒരു സർപ്രൈസ്..!!!

കൂടെ വരാൻ പറ്റില്ലാന്ന് കട്ടായം പറഞ്ഞെങ്കിലും വിനയൻ പട്ടി മോങ്ങുന്നത് പോലെ മോങ്ങാൻ തുടങ്ങിയപ്പോ ആ കണ്ണീരിൽ ഞാൻ വീണു..
"എന്നാ ശരി. നീ പോയി ടിക്കറ്റ്‌ എടുക്ക് .." ഞാൻ പറഞ്ഞു..
"ടിക്കറ്റാ.. നമുക്ക് എന്റെ വണ്ടീല് പോകാം..  " വിനയന്റെ മറുപടി..
"നിനക്കെന്താടാ പ്രാന്താ??? ഈ ശവപ്പെട്ടീല് അങ്ങ് വരെ പോകാം എന്ന്.. !്!#്@#@ ്!"  ബീപ് ശബ്ദം പിന്നേം ഉയർന്നു ..
"അതല്ലടാ.. ട്രെയിനിൽ പോകാൻ തന്നാ ഞാനും ഉദ്ദേശിച്ചേ.. പക്ഷെ ട്രെയിനിൽ തോനെ ആളുകാണും .. ഈ പുന്നാര മോൻ എന്തൊക്കെ ഒപ്പിക്കുമെന്ന് ഒന്നും പറയാൻ പറ്റില്ല.. ഇന്നിനീം തല്ലു കൊള്ളാൻ എനിക്ക് വയ്യ.." കീറിയ കുപ്പായം പൊക്കി അവന്റെ രോദനം..
"അത് ഞാൻ ചോദിക്കാൻ മറന്നു.. എന്ത് പറ്റിയതാ ഇത്.. ??"
ഓൻ കുറച്ചുനേരം ശ്വാസം പിടിച്ചങ്ങ് നിന്ന്,പിന്നെ പറഞ്ഞു തുടങ്ങി..
"വരുന്ന വഴിക്ക് ഇവന് ജ്യൂസ്‌ കുടിക്കണമെന്നു പറഞ്ഞു.. ചേതമില്ലാത്ത ഉപകാരമല്ലേ എന്ന് കരുതി ഒരു കടയിൽ കേറി.. അവിടെ ഒരു ഹിന്ദിക്കാരനായിരുന്നു.. അവൻ വന്നു 'ഹിന്ദി-മലയാളത്തിൽ' ഓർഡർ ചോദിച്ചു.. അപ്പൊ ഈ പുന്നാര മോന് അവൻ  മലയാളം പറയണമെന്ന് നിർബന്ധം.. പാവം കുറെ ശ്രമിച്ചു.. വരാണ്ടായപ്പോ ഓൻ തിരിച്ചു പോകാനൊരുങ്ങി..ഈ ഹമുക്കെണീറ്റ് ഓന്റെ മൂക്ക് നോക്കി ഒന്ന് ചാമ്പി,ചോര ചീന്തിയപ്പോ ഓനൊരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിച്ചു.. ഒഹ് .. പട്ടിണി കിടക്കണ കാക്കകളെ ബലിച്ചോറുണ്ണാൻ വിളിച്ചപോലെയാ ഹിന്ദിക്കാര് അവിടെത്തിയേ.. പിന്നെ വെടീം പോകേം മാത്രേ ഓർമയുള്ളൂ.. ഞാനീ കോലം ആകുന്നത് വരെ ഈ പന്നി ഒന്നുമറിയാത്തോനെ പോലെ ബീഡീം വലിച്ച് പുറത്തിരിപ്പുണ്ടായിരുന്നു.. " വിനയൻ കണ്ണീരോടെ പറഞ്ഞു നിർത്തി..
ഞാൻ ഓട്ടോ എടുക്കാനുള്ള സിഗ്നൽ കൊടുത്തു..വണ്ടി എടുത്തു..
മംഗലാപുരം എത്തുന്നത് വരെ വണ്ടി ഓരോ  ഗട്ടറിൽ വീഴുമ്പോഴും ഒരു കുഴിക്ക് രണ്ടു ബീപ് ശബ്ദം വെച്ച് വണ്ടിയിൽ നിന്നും ഉയർന്നു കൊണ്ടേയിരുന്നു..!!!

ആശുപത്രി..
Dr.ശശിധരൻ ഷേണായി,അതാ ഡോക്ടറുടെ പേര്.. നല്ല പേര്,ചുരുക്കിപ്പറഞ്ഞാൽ ശശി ഷേണായി... എപിക്..
അല്പനേരത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾ അങ്ങേരുടെ മുന്നിലെത്തി..
കാര്യം വിശദീകരിച്ചു..
അങ്ങേരു മനോഹരനെ ഇരുത്തീം കിടത്തീം നോക്കി, പിന്നെ പൾസ് നോക്കി. അത് കഴിഞ്ഞ് വാ പൊളിക്കാൻ പറഞ്ഞു..
ഒരു മുട്ടക്കാട്ടൻ പഴയ ടോർച്ച് എടുത്ത് അങ്ങേര് അവന്റെ അണ്ണാക്കിലേക്ക് വെളിച്ചം കേറ്റി ..
വാ പൊളിച്ച് നിന്ന് കലിപ്പായപ്പൊ അങ്ങേര് പറയാതെ തന്നെ മനോഹരൻ വാ അടച്ചു..
"തുറക്കൂ.." അങ്ങേരു ഒന്നുകൂടി പറഞ്ഞു..
"അതേയ്.. ഞാൻ ഇവിടെ വന്നത് മീൻ മുള്ള് തൊണ്ടേൽ കുടുങ്ങിയോണ്ടല്ല ,വട്ടായിട്ടാ.. അണ്ണാക്കിൽ നോക്കിയാ ഒന്നും കാണൂല്ല.. " മനോഹരൻ പറഞ്ഞു നിർത്തി ..
അങ്ങേർക്കു തൃപ്തിയായി.വെളിച്ചം അണഞ്ഞു..!!

ഡോക്ടർ മനോഹരനെ നോക്കി ചിരിച്ചു.. മനോഹരൻ തിരിച്ചും ചിരിച്ചു.. ഇത് കണ്ട ഞങ്ങളും ചിരിച്ചു..
"എന്താ മനോഹരന്റെ പ്രശ്നം.." അങ്ങേരു ചോദിച്ചു..
"പ്രശ്നം.. പ്രശ്നം.. ശരിക്കും എനിക്കല്ല ഡോക്ടർ [പ്രശ്നം.. പ്രശ്നം ഈ സമൂഹത്തിനാ. " മനോഹരം ത്വാത്തികനായി..
"ഈ സമൂഹത്തിനെന്താ പ്രശ്നം??" ഡോക്ടറുടെ അടുത്ത ചോദ്യം..
"സമൂഹത്തിന് .. സമൂഹത്തിനു ഒരു പ്രശ്നോമില്ല.. പ്രശ്നം എനിക്കെന്നാ.. ഒരു ചെറിയ മാനസികം.. "ഡോക്ടറെ നോക്കി അങ്ങനെ പറഞ്ഞു അവനെന്റെ നേരെ തിരിഞ്ഞു..
"ഈ കോപ്പൻ ഇങ്ങനെ സാഹിത്യത്തിലൊക്കെ ചോദിച്ചാൽ പിന്നെ  ഞാനെന്നാ പുല്ല്  പറയാനാ...?? " എന്നോട് നേരെ തിരിഞ്ഞു അവന്റെ ചോദ്യം..
ഡോക്ടർ ശശി ശരിക്കും ഇപ്പോ ശശിയായി കാണണം..
"ഉം.. ശരി.. ഇവരൊക്കെ ആരാ?? " ഞങ്ങളെ ചൂണ്ടി ഡോക്ടറുടെചോദ്യം..
"ഇത് വിനയൻ .. കണ്ടാൽ വല്യ മാന്യനാ.. പക്ഷെ ഇത് പോലൊരു എരപ്പൻ വേറെയില്ല..എന്റെ നാലാമത്തെ പെണ്ണിനെ കയ്യും കാലും കാണിച്ച് അടിച്ചെടുത്ത കള്ള ബടുവയാ ഇവൻ .."
ഠിം.. വിനയന്റെ തല താണു ..
'കള്ള സുവറെ വിനയാ.. അങ്ങനൊരു സംഭവം ഉണ്ടായാ.. അതെപ്പാ.. നാട്ടിലെത്തിയിട്ട് കാണിച്ചു തരാമെടാ.. ' ഞാൻ വിനയനെ നോക്കി..
"അപ്പൊ ഇതോ???" എന്നെ ചൂണ്ടി ഡോക്ടറുടെ അടുത്ത കോപ്പിലെ ചോദ്യം..
'ന്റെ പടച്ചോനെ... ' ഞാൻ മനസ്സിൽ വിളിച്ചു...
"ഇവനെ അറിയില്ലേ.. ഇത് ഫായിസ്.. വല്യക്കാട്ടെ എഴുത്തുകാരനാ... "
ഇത് കേട്ട ഞാൻ നെഞ്ച് വിരിച്ചു.. മനോഹരൻ തുടർന്നു ..
"ഇവൻ മുറ്റു ബ്ലോഗ്‌ ഒക്കെ എഴുതും.. ഇവന്റെ ഓരോ പോസ്റ്റ്‌ വായിച്ചാ സിർച്ചു സിർച്ചു പണ്ടാരടങ്ങി,റോഡിൽ കിടക്കുന്ന ഇഷ്ടികയെടുത്തു ഓന്റെ തലമണ്ട നോക്കി ഒരെണ്ണമങ്ങ് കൊടുക്കാൻ തോന്നും.. അമ്മാതിരി ഓഞ്ഞ വിറ്റാ ഓന്റെ .. "
ഠിം..തീർന്നു..
'ഈ കുരിപ്പിന് പ്രാന്താന്ന് ആരാ പറഞ്ഞെ.. ഓന്റെ പറച്ചില് കേട്ടില്ലേ??' വിരിഞ്ഞ എന്റെ നെഞ്ച് അതുപോലെ താഴ്ന്നു..
 അൽപനേരത്തിനു ശേഷം ഡോക്ടർ ഞങ്ങൾക്ക് നേരെ തിരിഞ്ഞു..
"നിങ്ങൾ പൊക്കോ.. ഒരു മാസം ഇവിടെ അഡ്മിറ്റ്‌ ചെയ്യാം.. ഷോക്ക്‌ കൊടുത്താൽ തീരുന്ന കേസ് മാത്രേ ഉള്ളു.. നോക്കാം നമുക്ക്.. "
"ഷോക്കാ .. അത് മാറ്റി കുറച്ച് ഇൻജക്ഷൻ ആസനത്തിൽ കേറ്റിയാ മതിയാവൂലെ ഡോക്ടർ ??" ഷോക്ക്‌ എന്ന് കേട്ട മനോഹരന്റെ ചോദ്യം..
"പറ്റില്ല അല്ലെ??"ഡോക്ടറുടെ  മുഖം കണ്ട്, ചിത്രം സിൽമേൽ ലാലേട്ടൻ പറഞ്ഞപോലെ ഓൻ തന്നെ ഉത്തരോം പറഞ്ഞു..
സെന്റി.. മാരക സെന്റി... !!!
ഓനെ അഡ്മിറ്റ്‌ ആക്കി ഞങ്ങൾ നാട്ടിലേക്ക് ..!!!

ഒരു മാസം കഴിഞ്ഞ് പിന്നെയും ഒരു വെള്ളിയാഴ്ച..
ട്രെയിനിൽ കണ്ണൂർ എത്താൻ നേരം വിനയന്റെ വിളി പിന്നെയും..
"എടാ.. മനോഹരന് സുഖായി.. ഞാൻ അവനേം കൂട്ടി തിരിച്ചു വരുവാ.. നീ പയ്യന്നൂർ വാ .. എന്റെ ആപ്പന്റെ വണ്ടിയാ.. നമുക്കതിൽ പോ.." പറഞ്ഞു മുഴുമിപ്പിക്കാൻ വിട്ടില്ല..
"ഫാ.. നിന്റെ അടുപ്പിലെ ഒരു ആപ്പന്റെ വണ്ടി..നിർത്തെടാ _____ മോനെ.. " അതും പറഞ്ഞു ദേഷ്യത്തോടെ ഫോണ്‍ കട്ട്‌ ചെയ്തു..

അന്ന് ട്രെയിൻ ഇറങ്ങി,തിരക്കുള്ള KSRTC ബസ്സിൽ തളിപ്പറമ്പിൽ നിന്നും നാട്ടിലേക്ക് ഞെക്കി ഞെരങ്ങി പോകുമ്പോൾ മനോഹരനേം കൊണ്ട് വിനയൻ ഒരു ബെൻസ് കാറിൽ ഓവർടേക്ക് ചെയ്ത് പോകുന്നത് കണ്ടു കണ്ണ് മുറുക്കെയടച്ചു....
'അല്ലേലും ഈ മാന്യന്മാർ കേറുന്ന വണ്ടിയാ ബെൻസ് ?? അയ്യേ.. അതൊക്കെ നമ്മുടെ KSRTC .. എന്താ ഒരു സുഖം, എന്താ ഒരു സൌന്ദര്യം, എന്താ ഒരു വെളിച്ചം, എന്താ ഒരു  കാറ്റ്..'
ഠിം..
'എന്താ ഒരൊച്ച..?? '
ടയർ പൊട്ടിയതാവും..എന്നാലും, അയ്യേ ബെൻസ് .. അതൊക്കെ നമ്മുടെ KSRTC തന്നെ.. എന്താ ഒരു.......................&^%₹&്^

അന്ന് രാത്രി മനോഹരന്റെ വീട്ടിൽ അവനെ കാണാൻ ഞങ്ങൾ പോയി....അവന്റെ അച്ഛൻ രാഘവേട്ടൻ കൊണ്ട് തന്ന കട്ടൻ ചായയും കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ കുളി കഴിഞ്ഞു വന്നു.. നാട്ടു വിശേഷങ്ങൾക്ക് ശേഷം മനോഹരൻ സംസാരിച്ചു തുടങ്ങി..
"കുത്തഴിഞ്ഞ ജീവിതമായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും കാരണം.. അതൊക്കെ ഇനി മാറ്റണം.. "
"ശരിയാ ശരിയാ.. നല്ലതാ.. " എല്ലാരും ഓന് സപ്പോർട്ട് കൊടുത്തു..
"ഇനി അൽപം സാമൂഹ്യ കാര്യങ്ങളൊക്കെ ആയി ഇങ്ങനെ പോകണം.. "
"ശരിയാ .. നല്ലതാ.. "
"ഇവിടെ ഭൂരിപക്ഷ വിഭാഗത്തിന്റെ സംരക്ഷകർ ശരിക്കും ബീജെപിയാ.. ഒരു മെമ്പെർഷിപ്പ് എടുത്ത് ബീജെപിയിൽ ചേർന്ന് രാഷ്ട്രീയത്തിൽ സജീവമാകണം.. " അവൻ തുടർന്നു..
"നല്ലതാ.."  സപ്പോർട്ട് പിന്നേം കൊടുത്തു..
"പക്ഷെ എന്നാലും നമ്മള് ന്യൂനപക്ഷങ്ങളെ മറന്നൂടാ ..അവരുടെ സംരക്ഷകരെ മറന്നൂടാ.. മുസ്ലിം ലീഗിന്റെ മെമ്പെർഷിപ്പ്  കൂടി എടുക്കണം.. "
"ഉം.. ഉം.. " ഞങ്ങൾ പതിയെ എഴുന്നേറ്റു..
"പക്ഷെ പട്ടിണിപ്പാവങ്ങളുടെ രക്ഷകർ ഇന്നും കമ്മ്യൂണിസ്റ്റ്‌ പാർട്ടി തന്നാ.. അത് നമ്മൾ മറക്കരുത്.. പിന്നെ ആന്റണി നല്ലൊരു നേതാവാ .. "
"രാഘവോ.. രാഘവോ... " ഞങ്ങൾ പതിയെ ഇറങ്ങാൻ തയ്യാറായി.... രാഘവേട്ടൻ പുറത്തേക്ക് വന്നു..
"രാഘവോ.. അല്ല രാഘവേട്ടാ... ഞങ്ങള് ഇറങ്ങുന്നു.. ഒന്നാം തിയ്യതി വരാം " ഞങ്ങള് സ്പീഡ് കൂട്ടി..
"പക്ഷെ ഫായിസേ.. മാണിസാർ മുഖ്യമന്ത്രിയാകാൻ അങ്ങേ അറ്റം വരേം ഞങ്ങള് പോകും.. അത് മറക്കേണ്ടാ.. " മനോഹരൻ വിളിച്ചു പറയുന്നുണ്ടായിരുന്നു..
"പൊക്കോ പൊക്കോ .. അറ്റത്ത് ചെന്നിട്ട് നീ വിളിച്ചാ മതി.. " എല്ലാരും വീട് എത്തിയിട്ടേ ഓട്ടം നിർത്തിയുള്ളൂ ..!!!

ദിവസങ്ങൾക്കു ശേഷം വിനയൻ ഒറ്റയ്ക്ക് മനോഹരനേം കൊണ്ട് ആശുപത്രീൽ പോയി..
പിന്നെയും ദിവസങ്ങൾക്കു ശേഷം, അവിടെ വെച്ച് തനിക്ക് ഷോക്ക്‌ തന്ന നഴ്സിന് മനോഹരൻ ഒരു മറുഷോക്ക്‌ കൊടുത്തു ,പ്രണയത്തിന്റെ മറുഷോക്ക്..
ആ ഷോക്കിൽ ഇരു ജീവിതം ഒന്നായ് മാറി...

4 വർഷങ്ങൾക്കിപ്പുറം അമേരിക്കായിൽ സെറ്റിൽ ആയ മനോഹരൻ വിനയനെ കഴിഞ്ഞ മാസം വിളിച്ചെന്ന്..
സംസാരത്തിനവസാനം അവൻ പറഞ്ഞെന്ന്,
"എല്ലാരോടും ഞാൻ അന്വേഷിച്ചതായി പറയണം.. പിന്നെ ഫായിസിനെ പഴയതൊന്നും ഓർമിപ്പിക്കേണ്ട..അവൻ ബ്ലോഗ്‌ എഴുതി നാറ്റിച്ചു കളയും ..!!!"
ഞാനങ്ങനെ ചെയ്യുവോ??
ഇല്ലന്നേ ..

മനോഹരാ,നിനക്കുള്ളതാടാ ഈ കഥ.. നിനക്ക് സമർപ്പിക്കുന്നെടാ ഈ കഥ..
എന്നാലും ഞാൻ അങ്ങനെ ചെയ്യില്ല.. കാരണം നിന്റെ പേര് മനോഹരൻ എന്നല്ലാന്നു നിനക്കറിയാലോ... !!!
സ്നേഹത്തോടെ,
ഫായിസ്..

Try Relay: the free SMS and picture text app for iPhone.

Thursday, July 17, 2014

ഒരു കളിയോർമ്മ ..!!!

July 13, ഞായറാഴ്ച..
അന്നായിരുന്നു ആ ദിവസം.. ഒരു മാസത്തോളം കാൽപന്ത്‌ കളി  സ്നേഹികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ച ലോകകപ്പിന്റെ കൊട്ടിക്കലാശം..
അര്ജന്റീന vs ജർമ്മനി ഫൈനൽ മല്സരം..
അന്ന് തന്നാണ് ഈ 'കഥയും' സംഭവിച്ചത്.. !!!

രാവിലെ മുതൽ ജലദോഷം, കമ്പനിക്ക്‌ പനിയും .. ഉച്ച കഴിഞ്ഞപ്പോൾ ജലദോഷം ഉച്ചീൽ കേറി തലച്ചോറിനെ കുട്ടിച്ചോറാക്കി.. അങ്ങനെ ഞാൻ വൈകുന്നേരം കിടപ്പിലായി..
സന്ധ്യയ്ക്ക്  നോമ്പ് മുറിക്കും നേരം  രണ്ടു ഗ്ലാസ്‌ ചായ കുടിച്ചപ്പോൾതന്നെ  ഉള്ളിൽ നിന്നും കൊടുവാൾ വരുന്നതിന്റെ ലക്ഷണങ്ങൾ..
പതിയെ ബാത്ത് റൂം ലക്ഷ്യമാക്കി നടന്നു.. ഒരു കുഞ്ഞുവാൾ.. പിന്നെ,
പ്  ഠിം ...

കണ്ണ് തുറക്കുമ്പോൾ തന്നെ നാല് പെണ്ണുങ്ങൾ ചുറ്റുമിരുന്നു കരയുന്നതാ കേൾക്കുന്നേ ...ഉമ്മുമ്മ,ഉമ്മ,ഓള് പിന്നെ മോളും..!!!
പണ്ട്  സ്കൂൾ വിട്ടു വന്നപ്പോ കാണാറുള്ള മധു മോഹന്റെ സീരിയൽ വെച്ചതാണെന്നാ ആദ്യം കരുതിയെ..
പിന്നെ ബോധം വന്നപ്പോഴ മനസ്സിലായെ, എനിക്ക്  ബോധം പോയതായിരുന്ന് എന്ന്  ..!!!

അന്നത്തെ പണീം കഴിഞ്ഞ്  വീട്ടിലേക്ക് പോകുന്ന 'വണ്ട്‌ വിജീഷ്' നിലവിളി കേട്ടാ എന്റെ വീട്ടിലേക്ക് ഓടിക്കേറിയേ ..
(ജനാർധനന്റെ  ശബ്ദോം വെച്ച് എപ്പോഴും മൂളിപ്പാട്ട് പാടുന്ന അവനെ വണ്ട് എന്നല്ലാതെ പിന്നെന്തു വിളിക്കാൻ...)
ബോധം പോയ വിഷമത്തിലിരിക്കുന്ന എന്നെ സമാധാനിപ്പിക്കണോ, അതോ കരയുന്ന നാല് പെണ്ണുങ്ങളെ സമാധാനിപ്പിക്കണോ എന്നറിയാണ്ട് കുഴഞ്ഞു നിന്ന ഉപ്പയോട് ഓൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു..
ഞാനെന്റെ ഫോണ്‍ ഓന്റെ നേർക്ക്‌ നീട്ടി ഞമ്മടെ മെയിൻ കമ്പനിക്കാരൻ ഹംസേനെ വിളിക്കാൻ പറഞ്ഞു, ഓൻ ഫോണും വാങ്ങി സെൻട്രൽ ഹാള്ളിലേക്ക് പോയി..
"അയ്യോ.. ഈ ഫോണിന്റെ സ്വിച്ച് കാണാണ്ടായി..."കുറച്ചു കഴിഞ്ഞു സെൻട്രൽ ഹാള്ളില് നിന്നും ഓന്റെ രോദനം.. !!
ഞാനെന്റെ ഓളെ നോക്കി, ഓള് ചുറ്റിനും നോക്കുന്നു, ഞാൻ വീണപ്പോൾ വീണ ഫോണിന്റെ സ്വിച്ച് ആവും ഇവളും നോക്കണേ..!!!
'ന്റെ പടച്ചോനെ.. സ്വിച്ച് ഇല്ലാത്ത ടച്ച്‌ സ്ക്രീൻഫോണിന്റെ സ്വിച്ച് എവിടന്ന് കിട്ടാനാ ' എന്നാലോചിച്ച് ഞാനോളെ ആവതില്ലാണ്ട് ഒന്ന് നോക്കി.. ഓക്കിപ്പോ കാര്യം കത്തീക്കണ് ...
ഓള്  പോയി ഫോണ്‍ വാങ്ങി ഹംസേനെ വിളിച്ചു, തിരിച്ചു വന്നു..
"വിളിച്ചോ???" ഉമ്മ ചോദിച്ചു..
"ഉം.. വിളിച്ചു..കാര്യം പറഞ്ഞു.. ആശുപത്രീൽ കൊണ്ടോകാൻ വരാൻ പറഞ്ഞു.. "
"എന്നിട്ട് ഇപ്പോ തന്നെ വരുമോ??"
"നോമ്പ് തുറക്കുവാ.. അത് കഴിഞ്ഞിട്ട് വരാന്നു പറഞ്ഞു.. "
പസ്റ്റ് ..!!!
അരമണിക്കൂർ കഴിഞ്ഞു അവനും ഷബീറും മമ്മുഞ്ഞും കാറുമായ്‌ വന്നു.. എന്നെ പിടിച്ചു വലിച്ച് കാറിൽ കേറ്റി , കാർ കണ്ട ആവേശത്തിൽ വണ്ടും ചാടി കേറി .. അങ്ങനെ ആശുപത്രി ലക്ഷ്യമാക്കി വണ്ടി നീങ്ങി തുടങ്ങി..
എനിക്കപ്പോഴും തീരെ വയ്യ,എങ്ങനേലും ആശുപത്രി എത്തിയാൽ മതിയെന്ന അവസ്ഥ.. !!!

ആശുപത്രീലേക്ക് പോകാൻ വലത്തോട്ട് തിരിയും നേരം ഒരാള്ക്കൂട്ടം, വണ്ടി സൈഡ് ആയി,അല്ല സൈഡ് ആക്കി..
ഓടിപ്പോകുന്ന ശക്കീറിനെ ചാടിപ്പിടിച്ചു ഷബീർ ..
"എന്താടാ കാര്യം??"
"അതെയ്, കറന്റ്‌ പോയും വന്നും ഇരിക്കുവാ.. എല്ലാരും KSEB പോയി അവന്മാരോട് രണ്ടു ചോദിയ്ക്കാൻ പോകുവാ.. നിങ്ങളും വാ,ഇപ്പൊ ചോദിച്ചില്ലേ അവന്മാര് കളി തുടങ്ങുമ്പോ പണി തരും.. " അതും പറഞ്ഞവൻ ഓടി..
"ശരിയാടാ.. വിട് വണ്ടി അവരുടെ പിറകെ.. " വണ്ടിയിൽ നിന്ന് എല്ലാരും ഒരുമിച്ചാ അതങ്ങ് പാസ്സാക്കിയത്..  ലെഫ്റ്റ് ഇന്റികേറ്റർ മിന്നേം കേടുകേം ചെയ്തു തുടങ്ങി.. !!!
'ന്റെ പൊന്നെ.. ഇവന്മാരിതെന്ത് കണ്ടാ.. '
എനിക്കൊന്നു നിലവിളിക്കാൻ തോന്നി, പക്ഷെ പുറത്ത് വന്നത് ഒരു മൂളക്കം മാത്രം.. ആ മൂളക്കം വണ്ട്‌ തിരിച്ചറിഞ്ഞു..
"അതേയ് .. നമ്മള് ഷോപ്പിങ്ങിനു പോകാൻ ഇറങ്ങിയതല്ല.. ഈ പിശാഷിനെ ആശുപത്രീൽ കൊണ്ട് പോകാൻ ഇറങ്ങിയതാ.. " വണ്ട്‌ അത്  പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ വണ്ടി വലത്തോട്ട് നീങ്ങി..
ലെഫ്റ്റ് ഇന്റികേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞതിനു പിറകെ വന്ന വണ്ടിക്കാരൻ രോമാഞ്ചം വരുത്തുന്ന അനർഘ  വാക്കുകൾ ചൊരിഞ്ഞു.. കുളിര്...!!!

എനിക്ക് ദാഹിക്കുന്നുണ്ടായിരുന്നു..
എന്റെ മനസ്സറിഞ്ഞ പോലെ അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്താൻ പറഞ്ഞു ഹംസ.. എന്റെ കണ്ണുകളിൽ പ്രകാശം.. ഞാനവനെ സ്നേഹത്തോടെ നോക്കി..
വണ്ടീടെ ഡോർ തുറന്നു,അടഞ്ഞു.. മിനിട്ടുകള്ക്ക് ശേഷം ഡോർ പിന്നേം തുറന്നു..
ഒരു ഫുൾ ചുട്ട കോഴീം രണ്ടു ലിറ്റെറിന്റെ തണുത്ത പെപ്സീം അവിടന്ന് കേറി.. വണ്ടി വിട്ടു..
അവന്മാര് തീറ്റ തുടങ്ങി.. ഞാൻ അത് കണ്ട് വെള്ളമിറക്കി തുടങ്ങി..
സഹിക്കാൻ വയ്യാണ്ട് ഒരു കോയിക്കാലിന്റെ നേരെ എന്റെ കൈ നീണ്ടു.. !!!
മമ്മുഞ്ഞ് എന്റെ കൈ തടഞ്ഞൊരു ഡയലോഗ്..
"നിനക്ക് പനിയും ചർധിയുമാ.. അത് മറക്കരുത്.. ഇതൊന്നും കഴിക്കാൻ പാടില്ല.. "
ഞാൻ കൈ വലിച്ച് അവന്മാരെ രൂക്ഷമായ് ഒന്ന് നോക്കി..
"അതറിഞ്ഞോണ്ടാണോടാ കള്ള ബടക്കൂസുകളെ ഇതന്നെ വാങ്ങിയെ.." അതാ ആ നോട്ടത്തിന്റെ അര്ത്ഥം ..
എല്ല് കടിക്കുന്ന ശബ്ദമാ അതിന്റെ മറുപടി.. കടിക്കാൻ എല്ല് കിട്ടാതോണ്ട് ഞാൻ പല്ല് കടിച്ചു..!!!
"ടാ ,നമുക്ക് ഡോക്ടറുടെ വീട്ടില് പോയി കാണാം.. " വണ്ട്‌ പെപ്സി ബോട്ടിൽ കയ്യിലെടുത്ത് കൊണ്ട് പറഞ്ഞു..
"അതെന്തിനാ അത്രേം മെനക്കെടുന്നെ.. ഏതേലും ഡോക്ടറെ ആശുപത്രീൽ വെച്ചെന്നെ കണ്ടാ മതി.. "
"അതല്ലടാ.. ഡോക്ടറുടെ വീട്ടില് ഡോക്ടറുടെ മോള് കാണും, നല്ല ഫീസാ... " പെപ്സി കുടിച്ചോണ്ട് വണ്ടിന്റെ മറുപടി..
"ഫീസാ??"
"സോറി.. ഫെഫ്സി ഫല്ലിന്റെഡേൽ കുടുങ്ങിയതാ.. ഫീസല്ല,ഫീസ്‌.. " അവൻ ആവർത്തിച്ചു  ..
"പെപ്സി ഇറക്കീട്ടു പറയെടാ പരട്ടെ.. " ഹംസ ചൂടായി..
"പീസടാ പീസ്‌.. "
നാലിന്റേം  മനസ്സിൽ കോഴി കൂവി, പോരാണ്ട് അതുവരെ കഴിച്ച കോഴി വയറ്റിൽ നിന്നും കൂവി, വണ്ടി നേരെ ഡോക്ടറുടെ വീട്ടിലേക്ക് ..

നാലും എന്നേം താങ്ങിപ്പിടിച്ച്‌ കാറിൽ നിന്നിറക്കി..
എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഈ താങ്ങൾ.. ഡോക്ടറുടെ മോളാണ്  ഡോർ തുറക്കുന്നതെങ്കിൽ കിട്ടാനുള്ള സെന്ടിമെന്റ്സിലാ നാലിന്റെം കണ്ണ് ..
വയ്യെങ്കിലും ഞാൻ തനിയെ നിക്കാൻ ശ്രമിച്ചു,അവൾ കണ്ടാല് മോശല്ലേ എന്ന് കരുതിയിട്ടൊന്നുമല്ല ,വെറുതെ.. സ്വന്തം കാലിൽ നിക്കാനുള്ള ഒരാഗ്രഹം...!!
വാതിൽ തുറന്നത് ഡോക്ടർ തന്നാ..
നാലിന്റെം ഖൽബ്  കരിഞ്ഞ മണം.. എനിക്ക് സമാധാനായി.. !!!
കാര്യം മുഴുവൻ അങ്ങേരോട് പറഞ്ഞു.. അങ്ങേര് തല മുതൽ കാല് വരെ തിരിച്ചും മറിച്ചും മറ്റേ കോപ്പ് വെച്ച് നോക്കി, സ്റ്റെതസ്ക്കോപ്പ്...
"പനിയുടെ കൂടെ ജലദോഷവും പിന്നെ നോമ്പും ഒക്കെ എടുത്തോണ്ടാ.. കുഴപ്പമൊന്നുമില്ല.. വേണേൽ ഒരു ഡ്രിപ് ഇടാം..  " ഡോക്ടർ പറഞ്ഞു..
"ട്രിപ്പോ.. എങ്ങോട്ട്?? " വണ്ടിന്റെ തംശയം...
"ഊട്ടിക്ക്‌.. " ഡോക്ടറുടെ കൌണ്ടർ അറ്റാക്ക്‌..
"ട്രിപ്പ്‌ അല്ലടാ പൊട്ടാ ഡ്രിപ് .. ഗുൾക്കോസ് വെള്ളം കൊടുക്കണമെന്ന്... " ഹംസ അവനു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു....
"ഇട്ടോ ഡോക്ടറെ .." ക്ഷീണം വല്ലാണ്ട് ഉള്ളതോണ്ട് രണ്ടാമതൊന്നാലോചിക്കാതെ ഞാൻ പറഞ്ഞു..
"ആശുപത്രീൽ പോയി ഈ കുറിപ്പ് കാട്ടിയാ മതി.. " ഡോക്ടർ കുറിക്കാൻ തുടങ്ങി..
"എത്ര സമയമെടുക്കും ഡോക്റ്ററെ തീരാൻ.. " ഷബീറിന്റെ ചോദ്യം..
"ഒരു നാല് മണിക്കൂർ കഴിഞ്ഞാൽ പോകാം.. "ഡോക്ടറുടെ മറുപടി..
എന്റെ പിറകിൽ നിന്നും കുശാഗ്ര ചർച്ചകൾ  എനിക്ക് വ്യക്തമായി കേള്ക്കാം..
"എടാ.. ഇപ്പൊ 8 മണി.. ഡ്രിപ് ഇട്ടു കഴിയുമ്പോഴേക്കും 12 മണി എന്തായാലും കഴിയും.. അത് കഴിഞ്ഞ് ബില്ലടച്ച്‌ ഇറങ്ങി വീടെത്തുമ്പോൾ 1 മണി എന്തായാലും ആകും.. ഫൈനലാ.. അത് മറക്കണ്ടാ... " മാസ്റ്റർ ബ്രെയിൻസ് പ്രവര്ത്തിച്ചു തുടങ്ങി..
"ഡോക്ടറെ.. ഈ നാല് മണിക്കൂർ എടുക്കാണ്ട് പെട്ടെന്ന് തീരുന്ന രീതിയിൽ ഡ്രിപ് ഇടാൻ പറ്റുമോ??" ചോദ്യം മമ്മുഞ്ഞിന്റെ ..
ഡോക്ടറുടെ മുഖത്ത് പുച്ഛം മാർച്  പാസ്റ്റ് ചെയ്തു വന്നു..
"എന്നാ ഒരു കാര്യം ചെയ്.. ഒരു കുപ്പി ഗ്ലൂക്കോസ്  വാങ്ങി പൊട്ടിച്ച് അണ്ണാക്കിൽ ഒഴിച്ച് കൊടുക്ക്‌.. പെട്ടെന്ന് തീരും.. " ഡോക്ടർ ഫുൾ കലിപ്പിൽ പറഞ്ഞു നിർത്തി ..
"എടാ.. ഡോക്ടർ ഇപ്പൊ തീരുമെന്ന് പറഞ്ഞത് ഗ്ലൂക്കോസ്  അല്ല, എന്റെ ജീവിതാ.. " അവന്മാര്ക്ക് നേരെ തിരിഞ്ഞ് ഞാൻ കലിപ്പോടെ  പറഞ്ഞു...
"അവന്മാര് അങ്ങനെ പലതും പറയും.. ഡോക്ടർ കുറിച്ചാട്ടെ.." പനിയായോണ്ട് അധികം പുച്ഛം വന്നില്ലേലും ഉള്ളത് വരുത്തി ഞാൻ അവന്മാരെ നോക്കി...

കാശും കൊടുത്ത് ഇറങ്ങാൻ നേരം വണ്ട്‌ ചുറ്റിലും നോക്കി..
ആ പീസ്‌ ഉണ്ടോന്ന് നോക്കുവാ.. ഒന്നും കാണാഞ്ഞ്  "ഏകാന്ത ചന്ദ്രികേ " എന്ന് മൂളേം ചെയ്തു..
ചന്ദ്രികേം മെഡിമിക്സും ഒന്നും വന്നില്ല.. വണ്ടും കൂട്ടരും നിരാശയോടെ പുറത്തേക്ക് ...

വണ്ടിയിൽ കയറി പിന്നെയും മാസ്റ്റർ പ്ലാൻസ്..
നാട്ടിൽ കറന്റ്‌ പോകാനുള്ള സാധ്യത ഉള്ളതിനാൽ ആശുപത്രി റൂമിൽ നിന്നും കളി കണ്ട് നാളെ രാവിലെ വീട്ടിൽ പോകാമെന്നും ഫൈനൽ ഡിസ്സിഷൻ...!!!

200 രൂപ കൂടുതൽ കൊടുത്തു TV ഉള്ള റൂമെന്നെ എടുത്തു..
ഡ്രിപ് ഇട്ടു.. ആശ്വാസം തുള്ളി തുള്ളിയായ് വന്നു.. ഹാവൂ... !!!
സമയം 12.30..
വണ്ടൊഴികെ ബാക്കി നാല് പേരും അര്ജന്റീന ഫാൻസ്‌.. വണ്ട്‌ ബ്രസീൽ ഫാനാ , ഫൈനലിൽ ഓൻ ജർമ്മനിക്കൊപ്പം കൂടി..
കളി തുടങ്ങി..പിന്നീടുള്ള ഓരോ നിമിശോം ആശുപത്രി വായനശാലയായി..
ഒച്ച,ബഹളം,ആശ്വാസ നിശ്വാസങ്ങൾ,തെറിവിളി.. ആ റൂം പൂരപ്പറമ്പായി ...

1 മണിയായപ്പോൾ നേഴ്സ് വാതിലിൽ തട്ടി വിളിച്ചു..
'എനിക്കുള്ള എന്തോ മരുന്ന് കൊണ്ട് വന്നിട്ടുണ്ടെടാ ,തുറക്കെടാ' എന്ന് ഞാൻ പറഞ്ഞപ്പോൾ 'അത് നിനക്കുള്ളതായിരിക്കില്ല ,ഞങ്ങൾക്കുള്ളതായിരിക്കും' എന്ന് പറഞ്ഞവന്മാർ വാതില് വരെ തുറന്നില്ല.. !!!
കളി കഴിഞ്ഞു,  അര്ജന്റീന തോറ്റു ..
വണ്ട്‌ അർമാദിക്കൻ തുടങ്ങി, ആരോ ഓര്മിപ്പിച്ചു, അവൻ ബ്രസീൽ ഫാനാ... !!!
ബാലൻ കെ നായരും ,ജോസ് പ്രകാശും,ഉമ്മറും എന്തിനേറെ ഗസ്റ്റ്‌ റോളിൽ വന്ന ജൂനിയർ ആർട്ടിസ്റ്റ്  വരെ ഓടിച്ചിട്ട്‌ പിച്ചിച്ചീന്തിയ ഓളാ ,മണിയറയിലെ മധുരമുള്ള മൽപ്പിടുത്തത്തിൽ ചുണ്ടിൽ മുറിവ് പറ്റിയോളെ കളിയാക്കാൻ വരുന്നേ..
പിന്നെ ഒട്ടും താമസിച്ചില്ല,മൂന്നു മുഴുവനും പിന്നെ പനി കൂടി ശക്തി ക്ഷയിച്ച അര-മനുഷ്യനായ ഞാനും  ചേർന്ന 'മൂന്നര' മനുഷ്യ ജന്മങ്ങൾ ഓന്റെ നെഞ്ചത്ത് പെരുമ്പറ മുഴക്കി... യുദ്ധക്കളത്തിൽ ശത്രു സൈന്യത്തിന്റെ മുന്നിൽ  ആയുധം പോലുമില്ലാതെ ഒറ്റപ്പെട്ടുപോയ  ഒരു പട്ടാളക്കാരനെ പോലെയായിരുന്നു വണ്ട്‌.... അര്ജന്റീന തോറ്റ വിഷമം ആ നെഞ്ചിൽ ഞങ്ങൾ കുഴിച്ചു മൂടി..!!!

രണ്ടു പാരസെറ്റാമോള് ബാക്കി വന്ന ഗ്ലൂക്കോസ് വെള്ളം ചേർത്തടിച്ചു വണ്ടുറങ്ങി,കൂടെ ഞങ്ങളും ..

പിറ്റേന്ന് രാവിലെ, ആ ഹോസ്പിറ്റൽ ചരിത്രത്തിൽ ആദ്യമായി, ഡിസ്ചാർജ് ഫോര്മാലിറ്റീസ് പാലിക്കാതെ ,അഡ്മിറ്റ്‌ ചെയ്ത ഡോക്ടർ വരുന്നത് കാത്ത് നിൽക്കാതെ  നിഷ്കളങ്കരായ അഞ്ചു യുവാക്കളെ ആശുപത്രി മാനേജ്‌മന്റ്‌ നിഷ്കരുണം ചവിട്ടിപ്പുറത്താക്കി .. അപലപിക്കാൻ ഈ സമൂഹത്തിനിവിടെ സമയം... !!!


Tuesday, May 27, 2014

നമുക്ക് ശേഷം...!!!

മണ്ണ് ശരിക്കുമുണങ്ങാത്ത ഖബറിന്റെ മൂലയിൽ നിന്നും വിതുമ്പിക്കരയുന്ന ആ ആറ് വയസ്സുകാരൻ എന്റെ മകനാണ്.. ആരും മിണ്ടാഞ്ഞപ്പോൾ പരിഭവം പറയാൻ ആരോ പറഞ്ഞ വഴികളിലൂടെ അവൻ ഓടിയെത്തിയതാണ് ഈ ഖബറിനരികിൽ..
"ഉപ്പാ.. ഉമ്മന്നെ ഇന്ന് തല്ലിയുപ്പാ .. രണ്ടൂസായി ഉമ്മ എന്നോട് മിണ്ടീട്ട്.. ഉപ്പേ കണ്ടിട്ടും രണ്ടൂസായല്ലോ.. ന്താ ഉപ്പ വരാത്തെ .. ഉമ്മെന്നെ തല്ലിയപ്പൊ ഞാൻ പറഞ്ഞിട്ടുണ്ട് ഉപ്പ വന്നാ ഞാൻ പറഞ്ഞോടുക്കും എന്ന്..  "

ഞാൻ..
അഹമ്മദ്‌ എന്നാ പേര്..
പരിഭവങ്ങളുടെ പേമാരിയായിരുന്നു എന്റെ ഭാര്യയിലൂടെ പെയ്തിറങ്ങിയത്..ആദ്യമൊക്കെ പൊട്ടിപ്പെണ്ണിന്റെ നിഷ്കളങ്കത ഒരു തരത്തിൽ ഞാനും ആസ്വദിച്ചിരുന്നു.. പിന്നെ എന്തിനും ഏതിനും ഞാൻ തന്നെ വേണമെന്ന് വന്നപ്പോൾ ആ നിഷ്കളങ്കത ഒരുതരം ബാധ്യതയായി  തുടങ്ങി.. അതോണ്ടാവും ഞാനവളോട് മിണ്ടാതായി.. പിന്നെ പരിഭവങ്ങൾ, പരാതികൾ.. ജീവിതത്തിന്റെ ഏറിയ പങ്കും അവ കൊണ്ട് പോകുന്നു എന്നുള്ള അവസ്ഥ..!!!

അതിനടിയിൽ ഒരു മകൻ പിറന്നു.. അവന്റെ കുസൃതികളും കൊഞ്ചലുകളുമൊക്കെ ആദ്യമാദ്യം മനസ്സിൽ മഞ്ഞുമഴ പെയ്യിച്ചിരുന്നു.. പിന്നെ അതും കുറഞ്ഞു കുറഞ്ഞു വന്നു..
'കുരുത്തം കേട്ടവൻ' ആയി എന്റെ മകൻ വളര്ന്നു.. എല്ലാവരിൽ നിന്നും എന്ന പോലെ അവനിൽ നിന്നും ഞാൻ അകന്നു.. എങ്കിലും അവനേറ്റവും ഇഷ്ടം അവന്റെ ഉപ്പയോടായിരുന്നു എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു.. എന്നിട്ടും ഞാനെന്റെ മകനെ...........

ഉമ്മയോട് ഞാൻ സംസാരിക്കില്ലായിരുന്നു..വളർന്നിത്രയായിട്ടും ഒരു കുഞ്ഞിനോടെന്ന പോൽ എന്നോടുള്ള സംസാരം,കരുതൽ .. അതോരുതരത്തിൽ വല്ലാതെ മുഷിപ്പാണ് എന്നിലുളവാക്കിയത് .. എല്ലാ ചോദ്യങ്ങല്ക്കുമുള്ള ഉത്തരമായി ഒരു മൂളൽ,പിന്നെയും ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ തട്ടികേറലുകൾ..
മാതാവിന്റെ കാലിനടിയിലാണ് സ്വർഗമെന്ന് എന്റെ 'ഹബീബ്' പറഞ്ഞിരുന്നു.. പക്ഷെ ആ സ്വര്ഗം ഞാനൊരിക്കലും കണ്ടില്ല.. അറിയില്ല എന്ത് കൊണ്ടെന്ന് ..

ഉപ്പയെന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ഒരുതരം നിസ്സംഗതയാണ്.. ഒരിക്കലുമൊന്നും മിണ്ടാതെ  ചാരുകസേരയിലിരുന്നു പുറത്തേക്ക് നോക്കിയിരിക്കുന്ന വല്ലാത്തൊരു നിസ്സംഗത.. ഞങ്ങൾ തമ്മിലും സംസാരിക്കാറില്ലായിരുന്നു.. അല്ലെങ്കിലും എന്നോടൊന്നും മിണ്ടാത്ത ഒരാളോട് ഞാനെന്തു സംസാരിക്കാൻ..

കാലം ഒഴുകൊന്നു,അർത്ഥമില്ലാതെ ..
ഭാര്യയുടെ പരിഭവങ്ങൾപോലുള്ള പരിഭവങ്ങളില്ലാതെ..
ഉമ്മയുടെ വാക്കുകളെന്ന പോൽ മുഷിപ്പോടെ,
ഉപ്പയുടെ നിസ്സംഗത പോലെ ഒഴുകി ജീവിതം എവിടെയെത്തും എന്നത് ഒരു ചോദ്യമായങ്ങനെ.. !!!

അന്നും പതിവ് പോലെ അവളോട് ദേഷ്യപ്പെട്ട് ,കുസൃതി കാണിച്ച മകനെ വല്ലാത്തൊരു ദേഷ്യത്തിൽ അടിച്ച് കൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.. അവന്റെ കരച്ചിലുകൾക്ക് ചെവി കൊടുക്കാതെ നടന്നകലുമ്പോൾ അറിഞ്ഞിരുന്നില്ല എന്റെ യാത്ര എങ്ങൊട്ടെന്ന് ..!!
ഓഫീസിൽ എത്തിയപ്പോൾ ഒരു ചെറിയ നെഞ്ച് വേദന മാത്രമായിരുന്നു.. പിന്നെ ഒരു തലകറക്കം.. കൂടെയുള്ളവരൊക്കെ ചേർന്ന് താങ്ങി പിടിച്ചു..
"ബോധം പോയി.. വേഗം വണ്ടിയെടുക്ക് " എന്നാരൊക്കെയോ പറയുന്നത് എനിക്ക് വ്യക്തമായി കേള്ക്കാം.. പക്ഷെ ഞാൻ കണ്ണ് തുറന്നില്ല..എന്റെ ബോധം പോയില്ലെടോ എന്ന് ഞാൻ പറഞ്ഞില്ല..

ആശുപത്രിയിൽ എത്താൻ 15 മിനിറ്റോളം എടുത്തു..
ആംബുലൻസിന്റെ ശബ്ദങ്ങൾ , പല നെടുവീർപ്പുകൾ,അടക്കിപ്പിടിച്ച ശബ്ദങ്ങൾ.. എല്ലാം എനിക്ക് വ്യക്തമായി കേള്ക്കാം.. പക്ഷെ ഞാനൊന്നും പറഞ്ഞില്ല.. ഒന്നും പറയാൻ തോന്നിയില്ല.. കണ്ണടച്ചങ്ങനെ കിടക്കുകയായിരുന്നു ഞാൻ..
ഡോക്ടർ വന്നു,എന്റെ കൈ പിടിച്ചു.. മിടിപ്പ് നോക്കുകയായിരിക്കും..
കുറച്ചു നേരത്തെ കനത്ത നിശബ്ദത .. പിന്നെ ഡോക്ടർ പതറിയ ശബ്ദത്തിൽ പറയുന്നത് കേട്ടു ..
"തീര്ന്നു.. കുറച്ചു നേരത്തെ കൊണ്ട് വന്നിരുന്നേൽചിലപ്പോ.. ഹാർട്ട്‌ അറ്റാക്ക്‌ ആയിരുന്നു...."
ഞെട്ടലോടെയാണ് ഞാനത് കേട്ടത്..ഞാൻ മരിച്ചിട്ടില്ല എന്ന് വിളിച്ചു പറയാൻ തോന്നി.. പക്ഷെ പറഞ്ഞില്ല, കാരണം ഈ വിഷയത്തിൽ ഡോക്ടറെക്കാൾഅറിവുള്ളവനല്ലല്ലോ ഞാൻ.. !!!

നേർത്ത കരച്ചിലുകൾ ,അടക്കിപ്പിടിച്ച വർത്തമാനങ്ങൾ,നിശ്വാസങ്ങൾ,ശബ്ദ കോലാഹലങ്ങൾ എല്ലാം എനിക്ക് കേള്ക്കാം.. !!
നേർത്ത കരച്ചിലുകൾ ഇപ്പോൾ ഒരു നിലവിളിക്ക്‌ വഴിമാറി കൊടുത്തിരിക്കുന്നു.. ആ ശബ്ദം..അതെന്റുമ്മയുടേതാ.. ഉമ്മയുടെ ശബ്ദം എന്റെ കാതിലേക്ക് തുളച്ചു കയറുന്നത് പോലെ..
"ന്റെ പടച്ചോനെ.. എന്റെ ജീവനെടുത്തിട്ടു മതിയാരുന്നല്ലോ എന്റെ പൊന്നു മോനെ അങ്ങോട്ട്‌ വിളിക്കാൻ.. ന്റെ മോനെ.. ന്റെ പോന്നു മോനെ.. " ഉമ്മ തളര്ന്നു തളര്ന്നു വരുന്നു.. അപ്പോഴും വിളിക്കുന്നുണ്ടെന്നെ ..
"ന്റെ മോനെ.. ന്റെ പോന്നു മോനെ.. "
എന്നത്തേയും പോലെ ഉമ്മയോട് കയർക്കണമെന്നു തോന്നിയില്ല.. മറിച്ച് ഉമ്മയുടെ അടുത്ത് ചെന്ന് ആ കാലിൽ പിടിച്ചു , ഒരുമ്മ കൊടുക്കാനാ തോന്നിയത്.. പക്ഷെ..!!!ന്റുമ്മ എന്നെ ഇത്രമാത്രം സ്നേഹിച്ചിരുന്നോ.. അറിഞ്ഞിരുന്നില്ലല്ലോ അത്...

ഉമ്മയുടെ അലർച്ചയിലും നേർത്ത ഒരു ശബ്ദം കേട്ടല്ലോ.. ഇടറുന്ന ഒരു ശബ്ദം..
എന്റുപ്പ... നിസ്സംഗത മാറാത്ത ഉപ്പ ഇപ്പോഴും നിലവിളിക്കുന്നില്ല,പക്ഷെ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..നിറഞ്ഞു നിറഞ്ഞ് ഒഴുകുന്നുണ്ട്..
ഓരോ മക്കളുടെയും ഭാവിയെ കുറിച്ചോര്താണ് ഓരോ പിതാവിന്റെയും നിസ്സംഗതയെന്നു മനസ്സിലാക്കാൻ വൈകിയോ ഞാൻ.. ??
ചാരുകസേരയിൽ ചാരിയിരുന്നു എന്നെകുറിച് മാത്രം ചിന്തിച്ച് ,പ്രാർത്ഥിച്ച് ജീവിക്കുന്ന ആ ഒരു രൂപം, അതിനെയാണോ ഞാൻ നിസ്സംഗത എന്ന് വിളിച്ചത്..
ആദ്യം ബഹുമാനം, പിന്നെ പേടി തുടങ്ങിയ വികാരങ്ങളിൽ ഉപ്പയോട് മിണ്ടാൻ,സ്നേഹിക്കാൻ മറന്നു പോയത് തിരിച്ചറിയാൻ ഇത്രേം വൈകിയതെന്താണ്??
'ഉപ്പാ.. ഈ മകനോട് ക്ഷമിക്കുപ്പാ.. ' അലറാൻ തോന്നിയെനിക്ക്.. പക്ഷെ ആര് കേള്ക്കാൻ..

നെഞ്ചത്തടിച്ചു കരയുന്ന ഭാര്യയെ കൈനീട്ടി പിടിച്ചു,മാറോട് ചേർത്ത് , നെറുകയിൽ ഉമ്മ വെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക്.. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ അവളുടെ പരാതികൾ പോലും കേള്ക്കാതെ വഴക്ക് പറഞ്ഞു മാത്രം ശീലിച്ച എന്നിൽ നിന്നും എന്തൊരു മാറ്റമാണിത് ..അവളുടെ നെറുകയിൽ ചുംബിക്കണമെന്നു ..!!!
എന്റെ ഒരു സ്വാന്തനം,നല്ല വാക്ക് ,അത് മതിയായിരുന്നു അവൾക്കു.. പക്ഷെ ഞാൻ കൊടുത്തത്.. പ്രിയപ്പെട്ടവളെ,ക്ഷമിച്ചു എന്നൊരു വാക്ക്..!!!

എന്റെ പൊന്നുമോനേ..
നിനക്കൊന്നും മനസ്സിലായില്ല..അതാ നീയിപ്പോ കരയാത്തത് ..
പക്ഷെ നിന്റുപ്പ ഇനി വരില്ല മോനെ.. ഉപ്പയോടുള്ള സ്നേഹം മൂത്ത് 'പോകേണ്ട ഓഫീസിൽ ' എന്ന് പറഞ്ഞു കരഞ്ഞതിന് നിന്നെ കൈനീട്ടി അടിച്ചു വീട്ടില് നിന്നും ഇറങ്ങിപ്പോയ നിന്റുപ്പ ഇനി വരില്ല മോനെ..!!
മോനുപ്പയുടെ നെഞ്ചോട് ചേർന്ന് കിടക്ക്‌..,ഉപ്പയൊന്നു ചുംബിക്കട്ടെ..
പൊന്നു മോനെ.. ഉപ്പ മോനെ സ്നേഹിച്ചിരുന്നു ഒരുപാടൊരുപാട്..!!!

എന്റെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടോ.. ഇല്ലായിരിക്കും.. ഉണ്ടെങ്കിൽ എന്റെ പ്രിയപ്പെട്ടവൾ അവളുടെ കസവിൻ തട്ടം കൊണ്ടത് തുടച്ച് എന്റെ മാറിൽ മുഖം ചേർത്ത് കിടന്നേനെ.. !!!
എന്റെ ലോകമേ.. എന്നെ അവസാനമായി ഒന്ന് നീ കേട്ടിരുന്നെങ്കിൽ...!!!


"ഉപ്പയെന്താ ഉപ്പാ വരാത്തെ .. രണ്ടൂസം ഞാൻ കാത്തിരുന്ന്.. ഉപ്പ വരാണ്ട് ഇനിയൊന്നും കഴിക്കൂലാന്നു പറഞ്ഞു വാശി പിടിച്ചപ്പോ ഉമ്മന്നെ തല്ലിയുപ്പാ .. നിക്ക് വേദനിച്ച് .. ഞാൻ കുറെ കരഞ്ഞ് , എന്നേം ചേർത്ത് പിടിച്ച് ഉമ്മേം കരഞ്ഞ് .. ന്നിട്ടും ഉപ്പ വന്നില്ലല്ലോ.. എന്റെ കൂടി ഉസ്കൂളിൽ പഠിക്കുന്ന മുനീറാ പറഞ്ഞെ ഉപ്പ ഇവിടെ കിടക്കുവാന്ന് ..കിടന്നത് മതിയുപ്പാ.. മതി.. ഉപ്പ വാ.. നിക്ക് ഉപ്പാന്റെ തോളിൽ കേറി ആന കളിക്കണം.. ഉപ്പ വാ.. "
എന്റെ ഖബറിന്റെ മുന്നില് നിന്നും എന്റെ മകൻ പരിഭവം പറയുന്നത് തുടരുക തന്നെയാണ്..
ഇല്ല ഇനിയും വയ്യ എന്റെ മോന്റെ കണ്ണീരു കാണാൻ..പിടഞ്ഞെണീക്കാൻനോക്കി ഞാൻ.. ഖബറിന്റെ മുകളിൽ വെച്ച മീസാൻ കല്ല്‌ പറിച്ചെറിയാൻ നോക്കി..

റ്റപ് ..
കയ്യെന്തിലോ തട്ടി ഞെട്ടിയെണീറ്റു..
ഞാനാകെ വിയര്ത്തിരുന്നു.. ഉറക്കം പോയി മറഞ്ഞിരുന്നു..!!!
ഉറക്കം പോയ കണ്ണുകളിൽ കണ്ണീരു പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു..ഞാൻ കണ്ട കിനാവ്‌...
ഞാൻ ചുറ്റിലും നോക്കി.. അവൾ തിരിഞ്ഞു കിടക്കുന്നു..
അവളുറങ്ങിയിരുന്നില്ല,നേർത്ത കരച്ചിലിന്റെ ശബ്ദം കാതുകളിൽ കേള്ക്കാം.. എന്തോ പറഞ്ഞതിന് ഉറങ്ങും മുമ്പ് ഞാൻ വഴക്ക് പറഞ്ഞതിനാവും ഇത്രേം നേരമുറങ്ങാതെ,കരഞ്ഞു കരഞ്ഞ് ...
എന്റെ കണ്ണുകളും വല്ലാതെ നിറഞ്ഞിരിക്കുന്നു..
"മാപ്പ് "
അവളോട് ചേർന്ന് കിടന്ന് വലതു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് അവളുടെ ചെവിയിൽഅത് പറഞ്ഞപ്പോൾ അവിശ്വസനിയാം വിധം ഞെട്ടിയത് പോൽ അവൾ തിരിഞ്ഞു കിടന്നു..
എന്റെ കണ്ണുകളിൽ കണ്ണീർ കണ്ടപ്പോൾ അവളുടെ കണ്ണുകൾ തുടച്ചു, അവളുടെ തട്ടം കൊണ്ടെന്റെ മുഖം തുടച്ചു കൊണ്ട് ചോദിച്ചു..
"ന്താ ഇക്ക.. എന്റിക്ക എന്തിനാ കരയുന്നെ.. "
മറുപടിയൊന്നും പറയാതെ അവളെ നെഞ്ചോട് ചേര്ത്തുപിടിച്ചു.. പിന്നെ നെറുകയിൽ അമര്ത്തി ചുംബിച്ചു..
അവളുടെ കണ്ണിൽ നിന്നും പിന്നെയും  കണ്ണീരടർന്നു വീണു തുടങ്ങിയിരുന്നു.. !!!
അവളെന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങി..
സ്നെഹമെന്തെന്നു ഞാനറിഞ്ഞു തുടങ്ങിയോ..!!!

രാവിലെ നേരെ ഉമ്മ കിടക്കുന്ന റൂമിലേക്ക്‌ നടന്നടുത്തു..
പതിവില്ലാത്തതാണത് , അത് കൊണ്ട് തന്നെ ഉമ്മ മിഴിച്ചു നോക്കി..ഞനുമ്മയെയും
"എന്താ മോനെ?? "
ഞാനൊന്നും പറയാതെ ഉമ്മയുടെ കട്ടിലിലിരുന്നു ഉമ്മയുടെ രണ്ടു കാലുകളും നെഞ്ചോട് ചേർത്ത് പിടിച്ചു..
"കാലിലഴുക്കാ മോനെ.. കുപ്പായത്തിലാവുമത് " എന്ന് പറഞ്ഞത് ഞാൻ കേള്ക്കാത്ത പോൽ ഒന്നൂടി ചേർത്ത് പിടിച്ചു,കാലിനടിയിൽ കൈ ചേർത്ത് ഇക്കിളിയാക്കി..
ഒന്ന് തൊട്ടാൽ ഇക്കിളിയാവുന്ന പ്രകൃതമാ ഉമ്മാക്കെന്നു എനിക്കറിയാം ..എന്നിട്ടും എന്റുമ്മ കാലു വലിക്കുന്നില്ല..സഹിച്ചിരിക്കുവാ..'എന്റെ മോനല്ലേ ,അവനു സന്തോഷമായിക്കോട്ടേ' എന്ന് കരുതിയാണത് ..
ഉമ്മയെന്ന വാക്കിന് സഹനമെന്ന അർഥം കൂടെയുണ്ടെന്ന് ഞാനനുഭവിച്ചറിഞ്ഞു ..!!!
പിന്നെ ഉമ്മയുടെ കാലിനടിയിലേക്ക് തന്നെ നോക്കി നിന്നു ..
"ന്താ നിയ്യീ നോക്കുന്നെ മോനെ "ഉമ്മയുടെ ചോദ്യം..
"ഹബീബ് പറഞ്ഞിട്ടുണ്ടല്ലോ,ഉമ്മയുടെ കാലിനടിയിലാണ് സ്വർഗമെന്നു..അതെവിടുമ്മാ ??"
അത് കേട്ടപ്പോ ഉമ്മ ചിരിച്ചു.. ആ ചിരിയിൽ ഞാൻ സ്വര്ഗം കണ്ടു.. സ്വര്ഗത്തിലെ പ്രകാശം ആ മുറിയിൽ നിറഞ്ഞു..!!

ഓര്മ മങ്ങി തുടങ്ങിയ ഉപ്പയുടെ ചാരുകസേരയുടെ അടുത്തിരുന്നു ഞാനുപ്പയോടന്നൊരു കഥ പറഞ്ഞു..
മുയലിനെ ഓട്ട മത്സരത്തിൽ തോല്പ്പിച്ച ആമയുടെ കഥ..
ആമയുടെ മുന്നിൽ തോറ്റ അഹങ്കാരിയായ മുയലിനെ കളിയാക്കി പറഞ്ഞത് കേട്ട് ഉപ്പ കുറെ ചിരിച്ചു..
മോനെ തോളിൽ കേറ്റി 'ആന' കളിക്കുമ്പോൾ ഞാനെന്റെ മനസ്സിൽ പറയുകയായിരുന്നു..
'ആ അഹങ്കാരിയായ മുയൽ ഞാനായിരുന്നുപ്പാ.. ആമ മരണമെന്ന സത്യവും..എത്രയഹങ്കരിച്ചാലും ആ സത്യത്തിന്റെ മുന്നിൽ തോല്ക്കുക തന്നെ ചെയ്യും എന്ന് മനസ്സിലാക്കിയപ്പോ ഞാനൊരു മനുഷ്യനായുപ്പാ..ശരാശരി 60 വര്ഷം മാത്രം ജീവിക്കേണ്ട വെറുമൊരു മനുഷ്യൻ.. '


Thursday, April 24, 2014

ഗോപീടെ കഥ..."മുക്കിയാലും  മൂളിയാലും പോലും ഒടുക്കത്തെ സംശയമാടാ അവൾക്ക്   " ഗോപി ഉറ്റചെങ്ങായി വിജയനെ വിളിച്ചു പതിവ് പരിഭവം  തുടങ്ങി..
"ആകുമല്ലോ.. ആദ്യരാത്രി 'ആൽമാർത്തത' തലേപിടിച്ചു പഴയ വീരകഥകളൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് വിളിച്ച് പറഞ്ഞപ്പോ ഓർക്കണായിരുന്നു ഇങ്ങനൊക്കെ ആവുമെന്ന്.. " വിജയ് തിരിച്ചടിച്ചു..
"ഭാഗ്യത്തിനാ അന്ന് ഇക്കിളിപ്പെടുത്തുന്ന കഥകളിലേക്ക് പൊകാതിരുന്നെ " അതും പറഞ്ഞു ഗോപി ഫോണ്‍ വെച്ച്.. 
ഗോപി.. ആൽമാർത്തമായ ഒരു പ്രേമം ഉണ്ടായിരുന്നു എന്നതല്ലാതെ വേറൊരു കുഴപ്പോമില്ലാതിരുന്ന ഒരു നിഷ്കളങ്കൻ .. പക്ഷെ മിക്കവാറും എല്ലാ കഥയിലേം പോലെ പൊന്നും പണോം തൂക്കിനോക്കി, ഓൻ പ്രേമിച്ച ഓന്റെ സ്വന്തം ആതിര ഓനേം തേച്ച് വേറൊരുത്തന്റെ കൂടെ പോയി..  ഓൻ അന്ന് തൊട്ടു വലി തൊടങ്ങി.. !!!

പിന്നെ ചെങ്ങായിമാരൊക്കെ നിര്ബന്ധിച്ചു ഓനെ കൊണ്ട് വേറൊരു പെണ്ണിനെ കൊണ്ട് കെട്ടിച്ചു.. ലത..
തല തിരിഞ്ഞാൽ ലത എന്നാണല്ലോ മലയാള ഭാഷ പോലും പറയുന്നത്.. അങ്ങനത്തെ ഒരുത്തി..
എന്തായാലും നിഷ്കളങ്കത ശരീരോം നിറഞ്ഞ് പുറത്തേക്കു ഒഴുകിയപ്പോൾ ഓൻ ആദ്യരാത്രി തന്നെ ലതയോട് പറഞ്ഞു,ആതിരയെ പറ്റി , പ്രണയത്തെ പറ്റി ,പ്രണയത്തിന്റെ മനോഹാരിതയെ കുറിച്ച്..
ഒന്നും മിണ്ടാതെ മുഴുവനും കേട്ട് നിന്ന് അതോള് നല്ലോണം പ്രോത്സാഹിപ്പിച്ചു..
എല്ലാം കഴിഞ്ഞപ്പോ സംഗതി ഡാർക്ക്‌ ആയി..
ഒന്നും സംഭവിക്കാണ്ട് തന്നെ ഓളാ രാത്രീല് കൊറേ കരഞ്ഞു.. കരച്ചിൽ പുറത്തു കേട്ടവർ വാതിലുമുട്ടി പറഞ്ഞു, "പെതുക്കെ, പെതുക്കെ.." എന്ന്..സംഗതി പിന്നേം ഡാർക്ക്‌ ... കൊടും ഡാർക്ക്‌..!!!
അല്ലേലും ആദ്യരാത്രി സംസാരം കുറച്ച് പ്രവർത്തികൾക്ക് മാത്രേ പ്രാധ്യാന്യം കൊടുക്കാവൂ എന്ന് വിജയ്‌  പറഞ്ഞതിന്റെ പൊരുൾ അപ്പഴാ ഗോപിക്ക് കത്തിയേ ...
എന്തായാലും അന്ന് തൊട്ടു ഓൾക്ക് തുടങ്ങിയതാ ആ രോഗം.. സംശയം എന്ന മഹാരോഗം..
കസ്റ്റമർ കെയർ-ല് നിന്ന് ഫോണ്‍ വിളിച്ചാൽ പോലും ഒളിച്ചിരുന്ന് കേട്ട് 'നിങ്ങൾക്കേതോളാ ഇത്രേം ഓഫർ തരാൻ നിക്കുന്നെ' എന്ന് ചോദിച്ചു തുടങ്ങിയപ്പോ സർക്കാര് അനാവശ്യ കാൾ നിർത്തുന്ന DND സർവീസ്  കൊണ്ട് വന്നോണ്ട് രക്ഷപ്പെട്ടു... ആ ഫോണ്‍ അങ്ങനെ നിലച്ചു..
അങ്ങനെ ജീവിതം ഇരുട്ടിൽ നിന്നും കൂരിരുട്ട് തേടിപോയപ്പോ ഓൻ കുടീം  തുടങ്ങി..!!!
നാളെ ഗോപീന്റെ പിറന്നാളാ..
എല്ലാ കൊല്ലോം പിറന്നാളിന്റെ അന്ന് ഗോപി ആതിരയേയും കൂട്ടി അമ്പലത്തിൽ പോകുമായിരുന്നു. ,പൂജേം ആരതീം ആതിരേം ഒക്കെയായി ജീവിതം പുഷ്പിച്ചിരുന്ന ആ സമയമോർത്തപ്പോൾ തന്നെ ഗോപിന്റെ കണ്ണ് നിറഞ്ഞു..
ഗോപി പിന്നേം  വിജയനെ വിളിച്ചു..
"നാളെ ന്റെ പിറന്നാളാ.. ഒരു പൂജ കഴിക്കണം.. നീയും കൂടെ വരണേ .. "
വിജയ്‌ സമ്മതിച്ച് ഫോണ്‍ വെക്കുമ്പോഴേക്കും ലത മുറിയിലെത്തി.. ഉടൻ വന്നു ചോദ്യവും.
"ആരാ പൂജാ????"
ന്റെ ശിവനെ..!!!
അങ്ങകലെ അടുക്കളയിൽ ചാള വറുത്തിരുന്നവളാ , ഏതോ ആറാമിന്ദ്രിയം പ്രവർത്തിച്ച പോലെ പൂജാന്നു മാത്രം കേട്ട് വന്നാ ഇമ്മാതിരി ചോദ്യം ചോദിക്കുന്നേ ..
"പൂജേം കൂട്ടി എവിടെ കഴിക്കാൻ പോണ കാര്യാ നിങ്ങള് പറഞ്ഞെ.. ??" അവൾ കോപം നിറച്ചു പിന്നേം..
ഗോപി ഒന്നും മിണ്ടിയില്ല..
അടുക്കളയിൽ ചാള കരിയുന്ന മണം ..അല്ല കരിയുന്നത് ഗോപീടെ ജീവിതാ...!!!

ആ ദിവസം അങ്ങനെ കഴിഞ്ഞു..

പിറ്റേന്ന്,
ഫോണ്‍ മുഴങ്ങുന്നത് കേട്ടാണ് ഗോപി എഴുന്നേറ്റത്.. ഫോണിലേക്ക് നോക്കി ,വിജയനാണ്..
പിറന്നാൾ ആശംസിക്കാൻ അവനേലും ഉണ്ടല്ലോ എന്ന സമാധാനത്തോടെ ഫോണ്‍ എടുത്തു...
"ഹലോ.. അളിയാ പറയ്‌.. "
"അതേ ..നിന്റെ പഴേ ലൈൻ ഇല്ലേ... അവൾ ..." വിജയ്‌ പറഞ്ഞു നിർത്തി..
"അവൾ??? "
"അവൾ പെറ്റു .. ആണ്കുട്ടിയാ... "
'ഹാവൂ.. ഒരു നല്ലോരു പിറന്നാളായിട്ട് കേള്ക്കാൻ പറ്റിയ ഇതിലും നല്ലൊരു വാക്കില്ല.. ' ഗോപിക്ക് സന്തോഷായി.... പിന്നെ മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചു..
"എവിടെ വെച്ചാ??" ഗോപീടെ ചോദ്യം..
"സഹകരണാശുപത്രി.. "
"എനിക്ക് കുട്ടിയെ കാണണം ഇന്ന് തന്നെ.. നീ ഒരുങ്ങി നിക്ക്.. ഞാൻ വേഗം വരും.. " അതും പറഞ്ഞു ഗോപി ഫോണ്‍ കട്ട്‌ ചെയ്തു..
വിജയ്‌ ഫോണും പിടിച്ചു അങ്ങനങ്ങു നിന്നു .. 

ഗോപി വരും.. അവനങ്ങനാ...ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ചില സമയത്ത് ഇമ്മാതിരി മാസ്റ്റർപീസ്‌ തീരുമാനങ്ങൾ അങ്ങെടുക്കും.. അതറിയാം വിജയന്..
ഇതിനുമുമ്പ് ഓളുടെ കല്യാണത്തിന് വിളിക്കാണ്ടന്നെ പോയി പായസോം കുടിച്ചു വന്നതും അങ്ങനെടുത്ത വേറൊരു മാസ്റ്റർപീസ്‌ തീരുമാനമായിരുന്നു..
സാധാരണ താലി കെട്ടുമ്പോൾ ചെക്കന് കൈ വിറക്കും എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ അന്നാ കല്യാണത്തിന്റന്നു  കൈ വിറച്ചത് മുഴുവൻ പെണ്ണിന്റച്ചനാ...
ഗോപിയെ കണ്ടത് മുതൽ സിൽമേലൊക്കെ കാണുന്നപോലുള്ള ട്വിസ്റ്റ്‌ അങ്ങേരു പ്രതീക്ഷിച്ചു.. ക്ലൈമാക്സിൽ താലി കെട്ടുന്ന കൈകളെ തട്ടിമാറ്റി പെണ്ണ് കാമുകനെ നേരെ ഓടിയടുക്കുന്ന അപാരമായ ട്വിസ്റ്റ്‌...
പക്ഷെ ഒന്നും നടന്നില്ല,താലി കെട്ടുന്നനേരം പന്തലിന്റെ സൈഡിൽ മാറി നിന്ന് രണ്ടു തുള്ളി കണ്ണീരും വാർത്ത് ,അതിന്റെ ക്ഷീണം തീര്ക്കാൻ രണ്ടു ഗ്ലാസ്‌ പായസോം കുടിച്ചു ഗോപിയിങ്ങു പോന്നു.. !!!


ഗോപി കുളിച്ചൊരുങ്ങി, പൂജാമുറിയിൽ കേറി പ്രാർത്ഥിച്ചു കുറിതൊട്ടു..
"കുളിച്ചൊരുങ്ങി എങ്ങോട്ടാ ഇത്രേം ധ്രതിയിൽ?? "സംശയം ലത രംഗപ്രവേശം ചെയ്തു..
"അത്.. ആശുപത്രീലാ... ഒരു കുട്ടിയെ കാണാൻ.. " അധികം ആലോചിക്കാതെ ഗോപി മറുപടി കൊടുത്തു..
"കുട്ടിയോ?? ഏത് കുട്ടി.. ആരുടെ കുട്ടി?? " എന്ന ചോദ്യം വന്നപ്പോഴ വേറെന്തേലും പറഞ്ഞാ മതിയായിരുന്നു എന്ന് ഗോപി ചിന്തിച്ചത് തന്നെ..
"അത്.. നമ്മുടെ വിജയന്റെ ഭാര്യ പ്രസവിച്ചു.. അതിനെ കാണാൻ പോകുവാ..." ഗോപി വായിൽ തോന്നിയതങ്ങ് പറഞ്ഞു..
"എതാശുപത്രീൽ??"
"സഹകരണാശുപത്രി.. "
"ആണോ?? എന്നാ ഞാനും വരുന്നു.. എന്റെ കുഞ്ഞമ്മേം പ്രസവിചിട്ടുണ്ട്.. "
ഠിം..
ഗോപി ശരിക്കും ഗോപിയായി..
'അവളുടെ അടുപ്പിലെ ഒരു കുഞ്ഞമ്മ.. വയസ്സാം കാലത്ത് പെറാൻ പോയിരിക്കുന്നു.. ' ഗോപി മനസ്സിൽ  പറഞ്ഞു..
"അത്.. നീ പിന്നെ ബസിനു വാ.. വിജയന് അത്യാവശ്യമായി എന്തോ കാര്യങ്ങളുണ്ട്.. അവനെന്നെ കവലേൽ കാത്തിരിക്കുവാ.. " അതും പറഞ്ഞു അവളുടെ മറുപടിക്ക് കാത്തു നില്ക്കാതെ ഗോപി സ്കൂട്ടായി..

വിജയന് വണ്ടിയുമായി ബസ്‌ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു .. ഗോപി വിജയനേം കൂട്ടി പുറപ്പെട്ടു, കാമുകീടെ കൊച്ചിനെ കാണാൻ.. !!!
"പൂരം  നക്ഷത്രത്തിൽ പിറന്ന ആണ്കുഞ്ഞു.. നല്ല ലക്ഷണാ.. " ഗോപി പുളകിതനായി പറഞ്ഞു..
"ആർക്ക് ലക്ഷണാന്ന് ??" വിജയന്റെ സംശയം..
"കൊച്ചിന്റച്ചന് .." ഗോപി പെട്ടെന്ന് തിരിച്ചടിച്ചു..
"അങ്ങേർക്കു ലക്ഷണായിട്ട് നിനക്കെന്തുവാ??? "
"ഒന്നൂല്ല.. ചുമ്മാ... " ഗോപി വിയർത്തു ..
വിജയൻ ഗോപിയെ ചൂഴ്നൊന്നു നോക്കി..
"എനിക്ക് ജനിക്കാതെ പോയ എന്റെ പൊന്നുകുഞ്ഞാടാ അത്.. " ഗോപീടെ ക്ലാരിഫികേശൻ..
അതുടെ കേട്ടപ്പോ കുഞ്ഞാട് ഏത് മുട്ടനാടിനാ ഉണ്ടായതെന്ന കാര്യത്തിൽ വിജയന്റെ മനസ്സിൽ സംശയം അലതല്ലി..

ആശുപത്രിയെത്തി..
വിജയൻ ബൈക്ക് നിർത്തുന്നതിനു മുമ്പേ ആക്രാന്തപരവശനായ ഗോപി റിസപ്ഷനിലേക്ക് ചാടിയോടി ..
റൂം നമ്പറും ചോദിച്ചു രണ്ടുപേരും രണ്ടാമത്തെ നിലയിലേക്ക്..
ഒടുവിൽ കണ്ടുപിടിച്ചു.. റൂം നമ്പർ 210..
വാതിൽ പടിയിൽനിന്നു നിറകണ്ണുകളോടെ ഗോപി അകത്തേക്ക് നോക്കുന്നത് കണ്ട് വിജയൻ വാ പൊളിച്ചു..
അകത്തു നിന്നും ഇതുകണ്ട ഒരു രൂപം വിറയലോടെ എഴുന്നേറ്റു നിന്നു ,അവളുടെ പട്ടാളക്കാരനച്ഛൻ ..
അന്ന് കല്യാണത്തിന് കണ്ട അതെ വിറയൽ.. അതേ സെന്റി..
അങ്ങേരു തൊഴുകയ്യോടെ നിക്കുമ്പോൾ ഗോപി വിജയന്റെ കയ്യും പിടിച്ചു അകത്തോട്ടു ..
ഇത്രേം വണങ്ങാൻ മാത്രം ഏത് ദേവിയാ ആശുപത്രീൽ വന്നിരിക്കുന്നെ എന്ന അത്ഭുതത്തിൽ നോക്കിയ ആതിരയും കണ്ടു ആ ദേവനെ.. അവളുടെ കണ്ണ് നിറഞ്ഞു.. എന്തിനാണാവോ???
വിജയൻ ചുറ്റിലും നോക്കി, ഭാഗ്യം ആരുമില്ല.. അവളും അച്ഛനും മാത്രം..
അവളുടെ അടുത്ത് കിടക്കുന്ന കുഞ്ഞിനെ ഗോപി രണ്ടു കൈകൊണ്ട് കോരിയെടുത്തു.. അതിനിടയിൽ നൈസ് ആയിട്ടു അവളെ ഒന്ന് ടച്ച്‌ ചെയ്യാനും മറന്നില്ല ഗോപി.. രോമാഞ്ചം...!!
പിന്നെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കുറെ ചുടുചുംബനങ്ങൾ..
വിജയൻ വാ പൊളിച്ചു, ഒരു കമ്പനിക്ക്‌ വേണ്ടി പട്ടാളക്കാരനും വാ പൊളിച്ചു ..
പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം.. കൊച്ചിന്റച്ചൻഎന്ന് പറയപ്പെടുന്ന ആതിരയുടെ ഭര്ത്താവ് മനു ..
അങ്ങേരെ കണ്ടപ്പോൾ അടച്ചു കിടന്നിരുന്ന മറ്റു രണ്ടു വായകൾ കൂടി തുറന്നു വന്നു.. ഉറക്കം വന്നോണ്ടാവും കുഞ്ഞും വാ പൊളിച്ചു..
ഇത് കണ്ടാപിന്നെ അങ്ങേർക്കു വാ പോളിക്കാതിരിക്കനാവുമോ.. അങ്ങേരും പൊളിച്ചു.. ,പിന്നെ എല്ലാരേം നോക്കി ചിരിച്ചു..

"ആഹ്  ഇതാരാ ഗോപിയോ..  " അല്പസമയത്തിന്റെ മൌനത്തിനു ശേഷം അങ്ങേരുടെ ചോദ്യം..
അത് കേട്ട വിജയനും പട്ടാളക്കാരനും അത്ഭുതം.. 'ഇങ്ങേർക്കെങ്ങനെ ഈ അലവലാതിയെ അറിയുന്നെ??'
ഗോപി ഒന്നും മിണ്ടാതെ പരുങ്ങി...
"അത്... അമേരിക്കയിലുണ്ടെന്നു പറഞ്ഞ ഞങ്ങടെ വകേലെ ഇളയമ്മയുടെ മകനാ.. "ഇന്നലെ അമേരിക്കയിൽ നിന്നും വന്ന ഇളയമ്മയേം കുടുംബത്തേം മനസ്സിൽ ധ്യാനിച്ച് പട്ടാളക്കാരൻ വെടി പൊട്ടിച്ചു..
ഗോപീം വിജയനും അതെയെന്നർത്ഥത്തിൽഒരുമിനുട്ട് തലയാട്ടികൊടുത്തു..
"ഓ .. അങ്ങനൊരു ബന്ധമുണ്ടായിരുന്നോ?? അത് ഞാനറിഞ്ഞില്ലല്ലോ.. "
'പിന്നെ വേറെന്നാ ബന്ധമുള്ളതാ ഈ പൊട്ടൻ അറിഞ്ഞേ ആവോ ..' വിജയനും പട്ടാളക്കാരനും അതാ ആലോചിച്ചേ അപ്പൊ..
പിന്നെയാരും ഒന്നും മിണ്ടിയില്ല..
മനു എന്തോ ചോദിയ്ക്കാൻ തുടങ്ങുന്നേരം നേഴ്സ് കേറി വന്നു ഒരു ലിസ്റ്റ് മനുവിന്റെ കയ്യിൽ കൊടുത്തു.. ..
"ഈ സാധങ്ങൾ പെട്ടെന്ന് വാങ്ങികൊണ്ട് വരണം.. "
മനു ഇപ്പൊ വരാന്നും പറഞ്ഞു പുറത്തേക്കു നീങ്ങവെ,ഡോർ തുറന്നു ഒരു അലമ്പ്  മദാമ്മയും ഉണങ്ങിയ സായിപ്പും അകത്തോട്ട് ..
"അമേരിക്കൻ ഇളയമ്മ... " പട്ടാളക്കാരൻ നെഞ്ചിലൊന്നമർത്തി തടവി ഉച്ചത്തിലാ അത് പറഞ്ഞെ..
മനു അവരെ നോക്കി ചിരിച്ചു..
"മോൻ നേരത്തെ വന്നു.. " ഗോപിയെ ചൂണ്ടി മനു പറഞ്ഞു..
സായിപ്പും മദാമ്മയും ഗോപിയെ നോക്കി.. പിന്നെ കയ്യിലെ കുട്ടിയെ നോക്കി..
ആതിര പ്രസവിച്ചു മോൻ പുറത്തേക്കു വന്നത് ത്വാത്തികമായി മൊഴിഞ്ഞതാവും എന്ന് കരുതി അവർ അകത്തോട്ട്  കയറി.. മനു പുറത്തേക്കും പോയി..
മദാമ്മ ഗോപിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ കൈനീട്ടി.... മനസ്സില്ലാ മനസ്സോടെ ഗോപി കുഞ്ഞിനെ കൈമാറി..
"Congratulations...  " സായിപ്പ് ഗോപീടെ കൈ കേറി പിടിച്ചു..
"താങ്ക്യൂ... " ഗോപിക്ക് സന്തോഷായി..
എന്തിന് ??
"കല്യാണത്തിന് വരാൻ പറ്റിയില്ല.. ഫിലാഡലഫിയയിൽആയിരുന്നു അന്ന്.. " കരിഞ്ഞ സായിപ്പ് പറഞ്ഞു..
"ലുക്ക്‌ ഡിയർ.. ബേബി ഫാതെറിനെ മുറിച്ചു വെച്ചിരിക്കുവാ.. സീ .. " ഗോപിയേം കുഞ്ഞിനേം നോക്കി മദാമ്മയുടെ കമന്റ്‌..
ഗോപിക്ക് പിന്നേം സന്തോഷം..
കൊച്ചിന്റച്ചൻഅതല്ല എന്ന് പറയാൻ ഒരുങ്ങിനിന്ന പട്ടാളക്കാരൻ ആ വാക്ക് കേട്ടതും അണ്ണാക്കിൽ നിന്നും പുറപ്പെട്ട വാക്കുകൾ അപ്പാടെ വിഴുങ്ങി..

ഇതൊന്നും കണ്ട് നില്ക്കാൻ സഹിക്കവയ്യാതെ വിജയൻ പുറത്തേക്കിറങ്ങും നേരം മനു കയ്യിലൊരു കവറും പിടിച്ചു അകത്തോട്ട് വന്നു..
പിടിച്ചതിനേക്കാൾ വലുതായിരുന്നു മാളത്തിൽ, അല്ല മാളത്തിനു പുറത്ത് എന്ന് ഗോപിക്കപ്പോഴാ  പിടികിട്ടിയെ.. !!!
കാരണം   വിജയൻറെ തൊട്ടു മുന്നിൽ ഗോപിയുടെ തല അല്ല ലത ..
"ആഹ്.. വിജയേട്ടന്റെ ഭാര്യ ഈ റൂമിലുണ്ടായിരുന്നാ?? എന്റെ കുഞ്ഞമ്മ ആ റൂമിലാ.. " അടുത്ത മുറി ചൂണ്ടി ലതയുടെ മൊഴി..
"ന്റെ ഭാര്യയാ??"
"ഗോപേട്ടൻ പറഞ്ഞു,ഭാര്യ പ്രസവിച്ച കാര്യം..Congratulations കേട്ടാ...  "
"ആ ആ..താങ്ക്യൂ...താങ്ക്യൂ "
ഒരൊറ്റ കുഞ്ഞു,എന്ത് മാത്രം Congratulations .. ഹോ.. !!!
വിജയനെ കാത്ത് നില്ക്കാതെ ലത മുറിയിലോട്ട് .. ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ഗോപീടെ കണ്ണിൽ തൃശൂർ പൂരം..
ലത തല തിരിച്ച് ചിരിച്ചു.. അകത്തുള്ളോരും ചിരിച്ചു..
"ആരാത്??" പട്ടാളക്കാരന് കണ്‍ഫ്യൂഷൻ..
"അത്.. ഭാര്യയാ... " പുറത്ത് നിന്നും ചാടി വന്ന വിജയൻ ലത കാണ്‍കേ ഗോപനെ ചൂണ്ടി, മറ്റുള്ളവർ കാണ്‍കേ സ്വന്തം ദേഹത്തേക്കും ചൂണ്ടി മറുപടി പറഞ്ഞു..
അങ്ങനെ വിജയൻറെ ഭാര്യയെന്നു അകത്തുള്ളോരും,ഗോപീടെ ഭാര്യയെന്ന് ലതേം അങ്ങ് തീര്ച്ചപ്പെടുത്തി..

ലത ഗോപീടെ അടുത്ത് പോയി നിന്ന് മദാമ്മയുടെ കയ്യിലുള്ള കുഞ്ഞിനെ നോക്കി..
"സീ.. ദി ബേബി അച്ഛനെ പോലെ തന്നെ അല്ലെ കാണാൻ.. " മദാമ്മ ലതയോട് അഭിപ്രായം ചോദിക്കുവാ..
ഗോപിയും മനുവും സന്തോഷം കൊണ്ട് നെഞ്ച് വിരിച്ചു..ലത പുച്ഛരസം വാരി വിതറി വിജയനെ നോക്കി..
"സൂര്യനെ പോലെ ഉദിച്ച് നിക്കുന്ന കുഞ്ഞിനെ നോക്കിയാ കരിമന്തി പോലുള്ള തന്തയെ പോലെന്ന് തള്ളേടെ ഓരോ തള്ള്.. " ലത ഗോപീടെ ചെവിയിൽ അങ്ങനെ പറയുന്നത് അവ്യക്തമായി കേട്ടപ്പോൾചിരിച്ചോണ്ടിരുന്ന മനുവിന്റെ  മുഖം മ്ലാനമായി.. .
'എന്തിനാണ് ദൈവമേ എനിക്ക് നീയേ കറുപ്പ് നിറം നല്കിയത്.. ' മനു അന്നാദ്യമായി ദൈവത്തോട് ചോദിച്ചു..
നേരത്തെ വന്ന നേഴ്സ് ഒന്നൂടെ വന്നു..
"മുൻസിപാലിറ്റിയിൽ കൊടുക്കാനുള്ള കൊച്ചിന്റെ ബർത്ത് സർട്ടിഫിക്കറ്റ് ഫോം ശരിയായിട്ടുണ്ട്.. അമ്മേടേം അച്ഛന്റേം ഒപ്പ്  വേണം.. "
അത് കേട്ടപ്പോൾ നാല് മുഖങ്ങൾ ഒരുമിച്ച് ഞെട്ടി , 'ഇതിപ്പോ ഇത്രേം പേര് നിക്കുമ്പോൾ ഏത് അച്ഛനാ ഒപ്പിട്ടു കൊടുക്കേണ്ടേ..' എന്നർത്ഥത്തിൽ.
അത് കേട്ടപ്പോ ആതിരേടെ ബോധം പോയി..അല്ലേലും ഓക്കറിയാം എപ്പോഴൊക്കെ ബോധം കെടണമെന്ന്. ഇതിനുമുമ്പ് ഇങ്ങനെ ബോധം കെട്ടത് മനുവുമായുള്ള കല്യാണം ഉറപ്പിച്ചത് ഗോപി ചോദിക്കാൻ പോയപ്പോഴാ..മിടുക്കി...
നേഴ്സ് ആതിരയുടെ അടുത്തേക്ക് പോയി തട്ടി വിളിച്ച് ഒപ്പിടീച്ചു ...
അച്ഛന്റെ ഒപ്പിടാൻ മുന്നോട്ട് നീങ്ങിയ മനുവിനെ,അപകടം മടുത്ത വിജയൻനൈസ് ആയിട്ട് തടഞ്ഞു..
"സിസ്റ്ററെ, ഇത് തെക്ക് വശത്തുള്ള മുറിയാ അല്ലെ.. " വിജയൻറെ ചോദ്യം..
"അല്ല.. ഇത് വടക്കാ.. " നഴ്സിന്റെ മറുപടി..
"വാ..വ .. വടക്കാണോ?? എന്നാ നമുക്ക് പടിഞ്ഞാറോട്ട് പോകാം.. ആദ്യായി അച്ഛൻ ഒപ്പിടുമ്പോൾ പടിഞ്ഞാർ വെച്ച് വേണമെന്നാ ശാസ്ത്രം.. " വിജയന്റെ ഗോൾ ..
"ഉവ്വോ???" എന്ന് മനു..
"ഉവ്വ.. "
സിസ്റ്റർ പുറത്തേക്കിറങ്ങി.. പിറകെ മനുവും വിജയനും ഗോപനും.. !!!

പുറത്തിറങ്ങിയ ഗോപി ലതയെ ഫോണിൽ വിളിച്ചു പുറത്തിറക്കി വീട്ടിലേക്ക് പറഞ്ഞയച്ചു..
കുറച്ചു നേരം കൂടി  ബേബിയെ നൊക്കിയിരുന്ന് സായിപ്പും മദാമ്മയും ടാറ്റാ പറഞ്ഞിറങ്ങി...
ഒരുപാട് നിർബന്ധിച്ച് ഗോപിയേം വിളിച്ചോണ്ട്  വിജയനും പുറത്തിറങ്ങി..
അന്ന് വൈകുന്നേരം, നാട്ടിൻപുറത്തെ മൈതാനം.. അവിടെ ഗോപിയും വിജയനും..
"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?? " ഒരു ബീഡിക്കു തീ കൊടുത്ത് വിജയൻ  ഗോപിയോട് ചോദിച്ചു..
ചോദ്യം എന്താന്നു ഗോപിക്കറിയാമായിരുന്നു .. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ ഗോപി മറുപടി കൊടുത്തു..
"ഉം.. ചോദിക്ക്.. "
"അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷത്തിൽ കൂടുതലായി.. കുട്ടിയുണ്ടായത് ഇന്ന്..എങ്ങനാ അന്യന്റെ ആ പറമ്പിൽ നിന്റെ വിള വിളഞ്ഞേ എന്നാ എനിക്ക് മനസ്സിലാകാത്തത്.. "
വിജയൻറെ കയ്യിൽ നിന്നും ബീഡി വാങ്ങി, അതൊന്നാഞ്ഞു വലിച്ച് ഗോപിയാ കഥ പറഞ്ഞു തുടങ്ങി..
മാസങ്ങള്ക്ക് മുമ്പ് ഒരു വൈകുന്നേരം വീട്ടിൽവെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ സമയം കളയാൻവേണ്ടി  കവലയിലെ 'സുസ്മിതം' ട്രാവൽസിൽ പോയ കഥ..
അപ്പൊ അവിടെ ഹണിമൂണ്‍ യാത്ര ബുക്ക്‌  ചെയ്യാൻ വേണ്ടി രണ്ടു ഫാമിലി വന്ന കഥ ...
പിന്നെ അവിടത്തെ സ്ഥിരം  ടാക്സി ഡ്രൈവർ ഹംസയെ എമർജൻസി ലീവ് എടുപ്പിച്ച് ,പകരം ഗോപി ഡ്രൈവറായി രണ്ടു ഫാമിലിയേം കൊണ്ട് ഹണിമൂണിന് പോയ മനോഹരകഥ..
അതിലൊരു ഫാമിലി മനുവിന്റെതായിരുന്നു ..!!!
ആ യാത്രയിൽ സംഭവിച്ച കഥകളുടെ ആന്തോളജി ഗോപി മനസ്സിൽ നിന്നും ഇറക്കിവെച്ചു ...
കഥ മുഴുവൻ കേട്ട് ബാക്കിയുണ്ടായിരുന്ന ബീഡി ഒറ്റവലിക്ക് ആഞ്ഞുവലിച്ച്‌ പുക പടിഞ്ഞാറോട്ട് വിട്ട് വിജയൻ ആ കഥയിൽ നിന്നും കിട്ടിയ ഗുണപാഠം ഉറക്കെ വിളിച്ചുപറഞ്ഞു....
"മദ്യപാനം ആരോഗ്യത്തിനും കുടുംബത്തിനും ഹാനികരം..ഞാൻ കുടി നിർത്തി ... "

Monday, April 7, 2014

ഒരു സിനിമാ കഥ...!!!

അബദ്ധത്തിൽ നഷ്ടമായ ഒരു കഥ തിരിച്ചു കിട്ടിയിരിക്കുന്നു.. അത് കൊണ്ട് പിന്നേം പോസ്റ്റുന്നു.. വായിക്കണേ.. :)

ഒരു സിനിമാ കഥ...

അല്ല.. അത് തെറ്റാണു.. ഇതൊരിക്കലും ഒരു സിനിമാ കഥയല്ല.. മറിച്ചു, സിനിമയ്ക്കു പോയ കഥയാണ്.. എന്‍റെ കുറെ സുഹൃത്തുക്കളുടെ കഥ.. അവര്‍ ഒരു സിനിമാ കാണാന്‍ പോയ കഥ..
കഥ പറച്ചലിന്റെ സുഖത്തിനു വേണ്ടി, അതിനു വേണ്ടി മാത്രം,ഈ കഥയും, ഞാനും എന്‍റെ സ്ഥിരം കഥാ പാത്രങ്ങളും ചേര്‍ന്ന് ഏറ്റെടുക്കുകയാണ്.. (ദയവു ചെയ്തു അത് ഞങ്ങള്‍ തന്നെ എന്ന് തെറ്റിദ്ധരിക്കല്ലേ..) ഇനി കഥയിലേക്ക്‌..

കോളേജില്‍ കാല് കുത്തിയതും , പ്രകാശ്‌ ഓടി വരുന്നു.. ഒരു നിമിഷം ഞാനും സുനീരും നിന്നു.. പിന്നെ അവന്റെ പിറകിലേക്കൊന്നു നോക്കി.. വേറെ ആരേലും വടിയും കുന്തവുമൊക്കെയായി അവന്റെ പിറകിലുണ്ടോ എന്ന്. കാരണം അവന്‍ അത്രയ്ക്ക് "നല്ലവനാണല്ലോ.."
ഇല്ല.. ആരുമില്ല.. അപ്പോള്‍ ഇതവന്‍ ഞങ്ങളോട് എന്ത് പറയാന്‍ വേണ്ടി ഓടി വരുന്നതാ..
"എന്താ അളിയാ കാര്യം.. ?? " സുനീര്‍ ചോദിച്ചു.
"അറിഞ്ഞോ.. ഇന്നും കോളേജില്‍ സമരമാ " അവന്‍ സന്തോഷത്തോടെ മറുപടി പറഞ്ഞു..
"ഒഹ്,. ഈ മാസം ഇതെത്രാമത്തെ സമരമാ എന്‍റെ ദൈവമേ.. "
"അത്.. ഒന്ന്. രണ്ടു..മൂന്നു........... " പ്രകാശ്‌ ഓര്‍ത്തെടുത്തു എണ്ണാന്‍ തുടങ്ങി..
"ഛീ.. നിര്‍ത്തെടാ.. വെറുതെ ഒരോളത്തിനു ഞാന്‍ ചോദിച്ചതാ.. അതിന അവന്‍ ഈ കിടന്നെന്നുന്നത് .. തെണ്ടി.. " എനിക്ക് ദേഷ്യം വന്നു..
"ആഹ്.. അത് വിട്.. .., അപ്പോള്‍ കാന്റീന്‍ ഇപ്പോള്‍ അടക്കും.. സൊ ഇവിടെ നിന്നിട്ടെനി പ്രതേകിച്ചു കാര്യമില്ല. ഇനിയെന്താ പരിപാടി??? " സുനീര്‍ ചോദിച്ചു..
"നമുക്കൊരു സിനിമയ്ക്കു പോയാലോ??? " ഐഡിയ പറഞ്ഞത് പ്രകാശാണ്.. ഉം. അതാ നല്ലത്. കുറെ ആയി നല്ല പടം കണ്ടിട്ട്.. confirmed
"അതിനു മുംബ് എനിക്കൊന്നു ക്ലാസ്സില്‍ പോകണം.. " സുനീര്‍ പറഞ്ഞു..
"അതെന്തിനാ?? " ഞാന്‍ ചോദിച്ചു..
"വരുമെങ്കില്‍ അവളേം സിനിമയ്ക്കു കൂട്ടണം.. അതിനാ.. "
"ഓഹോ.. കള്ള കാമുകാ... ഉം.. ശരി ശരി.. " ഞാനും പ്രകാശും സമ്മതിച്ചു..
അങ്ങനെ ഞങ്ങള്‍ ക്ലാസ്സിലേക്ക്.. ക്ലാസ്സില്‍ കയറും മുന്നേ സജീഷിനേം അന്സറിനെയും കണ്ടു.. അവരും സിനിമയ്ക്കു പോവുകയാണെന്ന്..
ഞങ്ങള്‍ ക്ലാസ്സിലെത്തി.. ക്ലാസ്സില്‍ സുനീറിന്റെ കാമുകിയുടെ കൂടെ വേറെയും മൂന്നു പെണ്‍കുട്ടികള്‍..
"എന്താടാ ഇനി പരിപാടി.. " ചോദിച്ചത് ഷീന ആയിരുന്നു.
" ഞങ്ങള്‍ സിനിമയ്ക്കു പോകുവാ.. .. " ഞാന്‍ പറഞ്ഞു..
"ഞങ്ങളും വരട്ടെ.. ??? " എന്ന് അവള്‍..
"വന്നോ. പക്ഷെ ഞങ്ങളുടെ ചെലവെടുക്കണം.. " അവള്‍ ചോദിച്ചു തീരുന്നതിനു മുംബ് default മറുപടി പറഞ്ഞത് പ്രകാശ്‌ ആയിരുന്നു.
"പോടാ.. അതൊന്നും പറ്റില്ല.. "
അതേറ്റില്ല.. ആഹ്.. പോട്ടെ..
(മര്യാദക്ക് ചോദിച്ചാല്‍ ഇവര്‍ സമ്മതിക്കില്ല.. അത് കൊണ്ടല്ലേ ഞങ്ങള്‍ക്ക് ഇവരെ പറ്റിക്കേണ്ടി വരുന്നത്.. അതിനു ഞങ്ങളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.. അല്ല പിന്നെ.. )

അങ്ങനെ ഞങ്ങള്‍ ഏഴു പേരും സിനിമയ്ക്കു പോകാന്‍ പദ്ദതിയായി.. ക്ലാസ്സില്‍ നിന്നും പുറത്തേക്കു. അപോഴാണ് ഞങ്ങള്‍ ഒരു കാര്യം ആലോചിച്ചത്.. പരമ പ്രധാനമായ ഒരു കാര്യം..
ഏതു സിനിമയ്ക്കു പോകണം എന്ന കാര്യം.. രണ്ടു തിയേറ്ററില്‍ (ഹരിഹര്‍ ആന്‍ഡ്‌ ക്ലാസ്സിക്‌ ) ഒഴികെ ബാക്കിയെല്ല തിയെറ്ററിലും പടം തുടങ്ങി കാണും. അവിടെ ഏതാ പടം കളിക്കുന്നത് എന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല.. അവസാനം ഞാനും പ്രകാശും കൂടി പത്രം നോക്കാന്‍ പോകാന്‍ തീരുമാനമായി,. ഞങ്ങള്‍ ലൈബ്രറിയില്‍ എത്തി.. പ്രകാശ്‌ പത്രം എടുത്തു നോക്കാന്‍ തുടങ്ങി..
"ഹരിഹരില്‍ ഏതാട പടം?? " ഞാന്‍ ചോദിച്ചു..
"അളിയാ,.. അവിടെ തരംഗമായി കൊണ്ടിരിക്കുന്ന മറ്റേ ചേച്ചിയുടെ പടമ.. "
"അയ്യേ.... ഛെ.. !!!!! അപ്പോള്‍ ക്ലാസ്സികിലോ??? " ഞാന്‍ ചോദിച്ചു..
"ക്ലാസ്സികില്‍ ചിന്താമണി കൊലക്കേസ്.." അവന്‍ പറഞ്ഞു.. ഓക്കേ.. അത് കാണാം.. confirmed ..
"ആകെ ഏഴു പേര്‍.. രണ്ടു ഓട്ടോയിലായിട്ടു പോകേണ്ടി വരും.. " ഞാന്‍ പറഞ്ഞു..
"ഛെ.. എട്ടു പേര്‍ ഉണ്ടായിരുന്നേല്‍ കറക്റ്റ് ആവുമായിരുന്നു.. " പ്രകാശ്‌ പറഞ്ഞു..
"എന്താടാ??"
"അല്ല.. ഇതിപോ ഒരു ഓട്ടോയില്‍ നാലും മറ്റേ ഓട്ടോയില്‍ മൂന്നും വെച്ച് പോകേണ്ടി വരുമല്ലോന്നു..എട്ടു പേരുണ്ടെങ്കില്‍ രണ്ടിലും നാലു പേരാകുമായിരുന്നു.. അതാ.." അവന്‍ വിശദീകരിച്ചു..
"ഒരു കാര്യം ചെയ്.. നീ വരേണ്ട.. അപ്പോള്‍ ആറ് പേരാകും.. ഞങ്ങള്‍ രണ്ടു ഓട്ടോയില്‍ മൂന്നു പേര്‍ വെച്ച് പോയ്കോളം.. എന്താ മതിയോ???" സുനീര്‍ ചോദിച്ചു..
"അതല്ലട.. ഒരാളെ കൂടി കൂട്ടിയാലോ എന്ന ഞാന്‍ ഉദ്ദേശിച്ചേ..." അവന്‍ നിന്നു പരുങ്ങി..
"ആരെ?? " ഞാന്‍ ചോദിച്ചു..
"ഫസ്റ്റ് ഇയറിലെ   സൌമ്യയേയും കൂട്ടിയാലോ??? " അവന്‍ ചോദിച്ചു..
"ഹമ്പട.. രണ്ടാമത്തെ കള്ള കാമുകാ... ഞാന്‍ മാത്രം പാവം.. ഉം.. നിന്റിഷ്ടം പോല്‍ ചെയ്തോ.. " ഞാന്‍ പറഞ്ഞു..
അപ്പോള്‍ തന്നെ അവന്‍ ഫസ്റ്റ് ഇയറിലേക്ക് ഓടി.
ഞങ്ങള്‍ ഓട്ടോയും കാത്തിരുന്ന്.. കുറച്ചു കഴിഞ്ഞപോള്‍ ഒരു ഓട്ടോ വന്നു..
പെണ്‍കുട്ടികള്‍ മൂന്നു പേര്‍ കയറി.. നാലാമതായി കയറാന്‍ ഒരുങ്ങി നിന്ന ഷീനയെ തള്ളി മാറ്റി സുനീര്‍ ചാടി ഓട്ടോയില്‍ കയറി..
"ഇതെന്താട ഇങ്ങനെ" എന്നര്‍ത്ഥത്തില്‍ അവളെന്നെ നോക്കി...
"അവനു അവളുടെ കൂടെ യാത്ര ചെയ്യണം.. അത്ര തന്നെ.. " എന്നര്‍ത്ഥത്തില്‍ ഞാന്‍ അവളേം നോക്കി.. ഇപോ അവള്‍ക്കെല്ലാം മനസിലായി..
ആ ഓട്ടോ പോയി.. ഞാനും ഷീനയും, പ്രകാശിനും ഓടോയ്കും വേണ്ടി കാത്തിരിക്കാന്‍ തുടങ്ങി..
കുറച്ചു കഴിഞ്ഞപോള്‍ പ്രകാശ്‌ ഓടി വരുന്നത് കണ്ടു.. ഞാന്‍ അവന്റെ പിറകിലേക്ക് നോക്കി.. "ഇല്ല.. ആരുമില്ല.." സമാധാനം..
കറക്റ്റ് സമയം തന്നെ ഒരു ഓടോയും വന്നു.. ഞാന്‍ കൈ നീട്ടി.. ഷീനയും ഞാനും ഓട്ടോയില്‍ കയറി.. പ്രകാശ്‌ ഓടി ഓട്ടോയുടെ അടുത്ത് വന്നു..
ഓട്ടോയുടെ അകത്തേക്ക് നോക്കിയ അവന്‍ അതെ സ്പീഡില്‍ തിരിച്ചോടി.. ഇതെന്തു കഥ..??? !!!!!!!!
"അവനല്ലേ.. ഇന്ന് ഗുളിക കഴിച്ചു കാണില്ല.." ഞാന്‍ അവളോട്‌ പറഞ്ഞു..
"ചേട്ടാ,, വണ്ടി തിയേറ്ററില്‍ പോട്ടെ.. " ഓട്ടോ വിട്ടു..
"എന്നാലും അവനെന്ത തിരിഞ്ഞോടി കളഞ്ഞത്?? " ഷീന എന്നോട് ചോദിച്ചു..
"അവളെ സിനിമയ്ക്കു വിളിച്ചപോള്‍ അവള്‍ പറഞ്ഞു കാണും കാമ്പസിന് ചുറ്റും രണ്ടു റൌണ്ട് ഓടാന്‍. അതാവും.. അല്ലേല്‍ വേറെ എന്തേലും ഉടായിപ്പ് കാണും, അവനല്ലേ ആള്.. " ഞാന്‍ പറഞ്ഞു തുടങ്ങി,പ്രകാശിന്റെ ആരുമറിയാത്ത കുറെ വീര കഥകൾ ..
"ആ തിരിച്ചോടിയത്‌ പ്രകാശ്‌ അല്ലെ??? " ഓട്ടോ ഡ്രൈവര്‍ ചോദിച്ചു..
"അതെ.. " ഞാന്‍ വളരെ സന്തോഷത്തോടു കൂടി തന്നെ മറുപടി പറഞ്ഞു.. 'അവന്‍ ഭയങ്കരന്‍ തന്നെ.. എവിടെ പോയാലും അവനെ അറിയുന്ന ആരേലും കാണും.' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ചേട്ടന് അവനെ എങ്ങനെ അറിയും?? " ഞാന്‍ ചോദിച്ചു,,
"ഞാന്‍ അവന്റെ അമ്മാവനാ.. " അയാള്‍ അത് പറഞ്ഞത് ഞാനൊന്നു ഞെട്ടി.. ദൈവമേ.. അതറിയാതെ പ്രകാശിന്റെ നടന്നതും നടക്കാത്തതും ഇനി നടക്കാന്‍ പോകുന്നതുമായ എന്തൊക്കെ കര്യങ്ങള ഞങ്ങള്‍ വിളിച്ചു പറഞ്ഞത്. ഛെ..
"അതെ.. ചേട്ടാ.. ചേട്ടന്‍ ഉദ്ദേശിച്ച പ്രകാശ്‌ അല്ല ഞങ്ങള്‍ ഉദ്ദേശിച്ചത്.. ഞങ്ങള്‍ ഉദ്ദേശിച്ച പ്രകാശിനെയാണോ ചേട്ടന്‍ ഉദ്ദേശിച്ചത് എന്നറിയില്ല.. ഏതായാലും ചേട്ടന്‍ ഉദ്ദേശിച്ച പ്രകാശിനെ ഞങ്ങള്‍ക്ക് അറിയുകയേ ഇല്ല.. " ഞാന്‍ പറഞ്ഞു..
"ഉം .. മനസിലായി മനസിലായി. അതികം ഉരുലെണ്ട.. ഏതു തിയേറ്ററില്‍ ആണ് നിങ്ങള്ക്ക് പോകേണ്ടത്.??? " അയാള്‍ ചോദിച്ചു..
"ഹരിഹരില്‍.. " ഞാന്‍ പറഞ്ഞു..
ഓട്ടോ തിയേറ്ററില്‍ എത്തി..
"എത്രയായി ചേട്ടാ??" ഞാന്‍ ചോദിച്ചു.. അപ്പോള്‍ അയാളെന്നെ ഒന്ന് നോക്കി...
ഒഹ്.. പ്രകാശിന്റെ അമ്മാവനല്ലേ.. കാശ് വേണ്ടായിരിക്കും .. നല്ല അമ്മാവന്‍.. ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു.. അപോഴും അയാള്‍ എന്നെ തന്നെ നോക്കുകയായിരുന്നു..
ഒന്നും മനസിലാകാതെ ഞാന്‍ ഒന്ന് കൂടി ചിരിച്ചു കാണിച്ചു..
"കാശ് ഒന്നും വേണ്ട.. നീയൊക്കെ ഒന്നിറങ്ങിയാല്‍ മതി... എന്‍റെ പുന്നാര മരുമകന്‍ വരുന്നതിനു മുമ്പ് എനിക്ക് പോകണം.. അവനു നാണോം മാനവുമോന്നുമില്ലെലും എനിക്കതുണ്ട്.." അയാള്‍ പറഞ്ഞു.. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒന്നും മനസിലായില്ല..
"പടം കാണാന്‍ വരുന്നത് അത്ര വല്യ തെറ്റാണോ ചേട്ടാ.. ?? " ഞാന്‍ ചോദിച്ചു..
"പടം കാണുന്നത് തെറ്റല്ല.. പക്ഷെ ഇത്.. " അയാള്‍ ഒന്ന് കൂടി രൂക്ഷമായി പറഞ്ഞു..
"ഒഹ്. പെണ്‍കുട്ടിയേം കൂട്ടി വന്നത് കൊണ്ടാണോ.. ചേട്ടാ.. ഇവള്‍ എനിക്ക് പെങ്ങളെ പോലെയ.." ഞാന്‍ അത് പറഞ്ഞപോള്‍ അയാള്‍ ഒന്ന് കൂടി രൂക്ഷമായി എന്നെ നോക്കി..
"ഒഹ്.. സോറി.. എനിക്ക് മാത്രമല്ല. പ്രകാശിനും.. " അതും പറഞ്ഞു ഞാനും അയാളെ ഒന്ന് രൂക്ഷമായി തന്നെ നോക്കി.. 'ചേട്ടന് ഇത്തിരി കൂടി അന്തസ്സായി ജീവിച്ചൂടെ??' എന്നര്‍ത്ഥത്തില്‍..
അയാള്‍ പിന്നൊന്നും പറഞ്ഞില്ല.. കാശും വാങ്ങാതെ വേഗത്തില്‍ ഓട്ടോ ഓടിച്ചു പോയി..
"കഷ്ടം.. അവന്റെ കുടുംബത്തില്‍ എല്ലാരും ഇങ്ങനെയാണല്ലോ ദൈവമേ.. " എന്നും പറഞ്ഞു തിയെറ്ററിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി തരിച്ചു പോയി..
വെപ്രാളതിനിടയില്‍ ഞാന്‍ തിയേറ്ററിന്റെ പേര് മാറ്റി പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് " മറ്റേ ചേച്ചിയുടെ" പടം കളിക്കുന്ന തിയേറ്ററില്‍. .അയ്യേ..!!
"ഹയ്യോ.. തിയേറ്റര്‍ മാറി പോയി.. " ഞാന്‍ പറഞ്ഞു..
"ഒഹ്.. അപ്പോള്‍ ഇവിടെ ഏതു പടമാ കളിക്കുന്നെ?? " എന്നും ചോദിച്ചു പോസ്റ്റര്‍ നോക്കാന്‍ ഒരുങ്ങിയ ഷീനയുടെ മുന്നില്‍ ഞാന്‍ കയറി നിന്നു..
ഭാഗ്യം.. കറക്റ്റ് സമയത്ത് തന്നെ ഒരു ഓട്ടോ വന്നു. ഞാന്‍ അവളെ ബലം പ്രോയോഗിച്ചു തന്നെ ഓട്ടോയില്‍ കയറ്റി..
"ചേട്ടാ.. അടുത്ത തിയേറ്ററില്‍ പോട്ടെ.." ഞാന്‍ പറഞ്ഞു..
സംഭവിച്ചതൊക്കെ ഞാന്‍ ഓര്‍ത്തു.. "എന്‍റെ ദൈവമേ.. ഛെ.. അയ്യേ.. കഷ്ടം.. ഛെ.. അയ്യേ.. "വാക്കുകള്‍ മാറി മാറി ഞാന്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു..
"എന്താടാ.. എന്താ പറ്റിയത്.." അവള്‍ ചോദിച്ചു..
"എഹ്.. ഒന്നുമില്ല.." ഞാന്‍ വേറൊന്നും പറഞ്ഞില്ല.. കാരണം ഈ ഓട്ടോ ആരുടെ അമ്മാവനന്റെതെന്നു ആര്‍ക്കറിയാം..
സംഭവിച്ചതൊക്കെ പ്രകാശിനോട് തുറന്നു പറഞ്ഞാലോ.. ഞാന്‍ ആലോചിച്ചു.. വേണ്ട..
"ചിന്താമണി കൊലകേസ്" കാണാന്‍ വന്നവര്‍ എന്‍റെ കൊലകേസിനു സാക്ഷി പറയേണ്ടി വരും.. ഇതിപോ ഞാന്‍ അവനോടു തുറന്നു പറഞ്ഞിട്ടും എന്ത് കാര്യം..
അവന്‍ ഒരു മാസത്തേക്കെങ്കിലും അമ്മാവനെ കാണാതെ മുങ്ങി നടക്കേണ്ടി വരും.. പറഞ്ഞില്ലേലും അമ്മാവന്‍ മുങ്ങി നടന്നോളും.. കാരണം ഇവന് നാണോം മാനവുമോന്നുമില്ലെലും അമ്മാവനതുണ്ടല്ലോ.. !!!!
"ഏത് തിയേറ്ററില്‍ ആണ് പോകേണ്ടത്??/ " പെട്ടെന്ന് ഓട്ടോ ഡ്രൈവര്‍ ചോദിച്ചു..
"അത്... അത് പിന്നെ.. " ദൈവമേ... പിന്നേം കണ്‍ഫ്യൂഷന്‍.. അതികം ആലോചിക്കാതെ കുറച്ചു കഴിഞ്ഞു ഞാന്‍ മറുപടി പറഞ്ഞു..
"ചിന്താമണി കൊലകേസ് കളിക്കുന്ന തിയേറ്ററില്‍.. " അല്ല പിന്നെ..

ഞങ്ങള്‍ തിയെറ്ററിലെത്തി.. ഞങ്ങളെ കാത്തു പ്രകാശ്‌ ഉള്‍പ്പടെ എല്ലാവരും നില്‍ക്കുന്നു..
"എടാ.. നിങ്ങള്‍ വന്ന ഓട്ടോ എന്‍റെ അമ്മാവന്റെതയിരുന്നു..." അവന്‍ എന്നോട് പറഞ്ഞു..
"ആണോ..??അത് ഞാനറിഞ്ഞില്ല... "
"എന്നെ പറ്റി നിങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ??? "
"ഹേ.. ഇല്ല.. ഒന്നും പറഞ്ഞില്ല.. ഒരു വാക്ക് പോലും പറഞ്ഞില്ല.. "
"അല്ലേലും നീ അബദ്ധമൊന്നും ചെയ്യില്ല എന്നെനിക്കറിയാം.. " അവന്‍ അഭിമാനത്തോടെ പറഞ്ഞു..
ഉം.. ശരിയാ..ഞാനും അതെവിടെയോ കേട്ടിട്ടുണ്ട്.. !!!!
പടം തുടങ്ങി.. എല്ലാവരും പടത്തില്‍ ശ്രദ്ദിച്ചു.. ഞാന്‍ മാത്രം പ്രകാശിനെ ശ്രദ്ദിച്ചു.. "ഇവനെ ഇത് പോലെ തന്നെ നാളെ കണ്ടാല്‍ മതിയായിരുന്നു.."
പടം കഴിഞ്ഞു.. എല്ലാവരും പുറത്തിറങ്ങി.. അപ്പോള്‍ പ്രകാശ്‌ എന്നോട് ചോദിച്ചു..
"അളിയാ.. ശരിക്കും ആരാ ഭാവനയെ കൊന്നത്.. " അവനു സിനിമാ കണ്ടിട്ട് ഒന്നും മ നസിലായില്ല പോലും..
"നിന്‍റെ അമ്മാവന്‍.. " ഞാന്‍ എവിടെയോ ഓര്‍ത്തു മറുപടി പറഞ്ഞു..
"എഹ്.. എന്താടാ?? "
"അല്ല.. അത് ശരിക്കും നിന്‍റെ അമ്മാവന്‍ തന്നെ ആയിരുന്നോ??"
"അതെട.. "
"ശരിക്കും..?????? "
"ശരിക്കും.. !!!.. അത് വിട്.. എന്നാലും ആരാ ഭാവനയെ കൊന്നത്.. ???" അവന്‍ വീണ്ടും ചോദിച്ചു..
"എന്നാലും എനിക്കെന്താ തിയേറ്ററിന്റെ പേര് മാറിയത്.. ??" ഇനിയിപോ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല ‍.. ഉത്തരങ്ങള്‍ക്കും.. എങ്കിലും പ്രകാശ്‌ ചോദിച്ചു കൊണ്ടേയിരുന്നു..
"ആരാ ഭാവനയെ കൊന്നത്.. ???"

പടം കഴിഞ്ഞു.. പടത്തിന്റെ ക്ലൈമാക്സ്‌-ഉം കഴിഞ്ഞു.. പക്ഷെ പടം കാണാന്‍ പോയതിന്റെ ക്ലൈമാക്സ്‌ പിറകെ വരുന്നതെ ഉണ്ടായിരുന്നുള്ളു..
------------------------
അടുത്ത ദിവസം.. കാന്റീന്‍..
ചുമ്മാ വായ് നോക്കിയിരുന്ന എന്‍റെ മുന്നില്‍ അന്‍സാര്‍ പ്രത്യക്ഷപ്പെട്ടു.. അവന്റെ മുഖത്തൊരു ആക്കിയ ചിരി..
"എന്താടാ തെണ്ടി ഇളിച്ചു കാട്ടുന്നെ??? " ഞാന്‍ ചോദിച്ചു..
" നിന്നേം ലവളേം മറ്റേ തിയെറ്ററിന്റെ മുന്നില്‍ കണ്ടല്ലോ ഇന്നലെ.. "
"അയ്യേ.. ഛെ.. എടാ.. അത് അതല്ലട.. തിയേറ്റര്‍ മാറി പോയതാ.. " ഞാന്‍ വിയര്‍ത്തു പോയി..
"ഉം. മനസിലായി മനസിലായി.. അതികം കിടന്നുരുളേണ്ട. " അതും പറഞ്ഞു അവന്‍ ചിരിച്ചു കൊണ്ട് തന്നെ പോയി..
ആരോട്.. എന്ത് പറയാന്‍.. പറഞ്ഞാല്‍ തന്നെ ആരു വിശ്വസിക്കാന്‍.. എന്നാലും .. ഛെ.. .. അയ്യേ..
"ഡാ.. പ്രകാശ്‌ അല്ലെ ആ ഓടി വരുന്നത്??? " സുനീര്‍ എന്നോട് ചോദിച്ചു..
അതെ.. അവന്‍ തന്നെ.. ഇത്തവണ ഞാന്‍ അവന്റെ പിറകിലേക്ക് നോക്കിയില്ല. കാരണം.. ഇത് എന്നെ കാണാനുള്ള വരവ.. അമ്മാവന്‍ അവനു കൊടുത്തതിന്റെ മുതലും പലിശയും എനിക്ക് തരാനുള്ള വരവ്..
"നീ എന്താ ലേറ്റ് ആയതു.. വേഗം വന്നു തന്നിട്ട് പോടാ.. " എന്നര്‍ത്ഥത്തില്‍ ഞാന്‍ അവനെ നോക്കി..
"അളിയാ,.. അടി കൂടുതലാകുമ്പോള്‍ ഒന്ന് പിടിച്ചു വെച്ചേക്കണേ അവനെ.. പ്ലീസ്‌.. " ഞാന്‍ സുനീരിനോട് പറഞ്ഞു..
"അടിയോ ?? എന്തിനു?? " അവനൊന്നും മനസിലായില്ല..
"അതൊക്കെ ഉണ്ട്.. "
"കാര്യം പറഞ്ഞാല്‍ ഞാന്‍ അവനെ പറഞ്ഞു മനസിലാക്കിക്കം.. " അവന്‍ എന്നോട് പറഞ്ഞു..
"ഒന്ന് പോടാ.. വെട്ടാന്‍ വരുന്ന പോത്തിനോട് വേറൊരു പോത്ത്‌ വേദമോതിയിട്ടെന്തു കാര്യം??? "
പ്രകാശ്‌ ഞങ്ങളുടെ അടുത്ത് എത്തി.. അവന്റെ കിതപ്പ് മാറുന്നില്ല.. ഞാന്‍ ഒരടി പിറകോട്ടു മാറി നിന്നു..
അവനെന്ത ഒന്നും പറയാത്തത് എന്ന് ഞാന്‍ ആലോചിച്ചു.. അളിയാ.. തല്ലരുത്.. എല്ലാം പറഞ്ഞു തീര്‍ക്കാം എന്നര്‍ത്ഥത്തില്‍ ഞാന്‍ ഒന്ന് കൂടി അവനെ നോക്കി.
മൌനത്തിനു വിരാമമിട്ടു കുറച്ചു കഴിഞ്ഞപോള്‍ അവന്‍ പറഞ്ഞു..
"അളിയാ.. ഭാവനയെ കൊന്നത് മറ്റേ സായികുമാറ.. "
"എഹ്,,എന്താ??? " അടി പ്രതീക്ഷിച്ചു നിന്ന സുനീര്‍ നിരാശയോടെ ചോദിച്ചു..
"അതെട.. ഞാന്‍ ജംഷിയോടു ചോദിച്ചു.. അവന്‍ പടം കണ്ടതാ.. അവന പറഞ്ഞത് ഭാവനയെ കൊന്നത് സായികുമാറ.. "
"സായികുമാറല്ല .. നിന്‍റെ അമ്മാവന കൊന്നത്.. ഭാവനയെയല്ല .. എന്നെ.. !!!"
"ഓ .. ഇത്രക്കങ്ങു ചൂടാകാൻ മാത്രം നീ വല്യ സായികുമാർ ഫാൻ ആണെന്ന്  ഞാനറിഞ്ഞില്ല.. " അവനതും പറഞ്ഞു മുഖം വീര്പ്പിച്ചു നടന്നു..
ഞാനവിടെ തന്നെ നിന്നു ..
ഛെ.. വേണ്ടാരുന്നു.. സായികുമാർഭാവനയെ കൊന്നതിന് ഞാനവനെ.. ഈശ്വരാ.. എന്തൊരപരാധി  ഈ ഞാൻ...!!!

Thursday, February 13, 2014

പുട്ട് പോലൊരു പ്രണയം...

ഓരോ പുട്ടുംകുറ്റിക്കും പറയാനുണ്ട്,ഓരോ പ്രണയാനുഭവങ്ങൾ..!!! Based on a True Story...!!!

പുട്ടുംകുറ്റിയിൽ നിന്നും കുതിച്ചു പായുന്ന ആവിയുടെ മൂടലിന്റെ മറവിൽ അലി സൈനബയുടെ മുഖത്തേക്ക് നോക്കി... പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങുന്ന ആ മുഖം കണ്ട് , ആ പ്രഭാതത്തിൽ,കയ്യിലെ പുട്ടും കുറ്റി  സാക്ഷിയാക്കി അലി മനസ്സിൽ ഉറപ്പിച്ചു,
'ഈ മൊഞ്ചത്തിപ്പെണ്ണ് എന്റെതാ...ഈ മൊഞ്ചത്തി കുട്ടിയെ മറ്റൊരുത്തനും വിട്ടു കൊടുക്കൂല...'

അലി,ചന്ദ്രേട്ടന്റെ ഹോട്ടലിലെ  ക്യാപ്റ്റൻകുക്ക്.. സംഭവം "ഹോട്ടൽ റിജെൻസി" എന്ന് വല്യങ്ങാട്ടെ പേര് ഉണ്ടേലും സംഗതി ഒരു ചെറിയ ചായക്കടയാ .. അവിടത്തെ 'പുട്ട് മേക്കർ' ആണ് അലി.. അവിടെ കഴിക്കാൻ ആകെ കിട്ടുന്നത് പുട്ടും പിന്നെ തലേന്നത്തെ പുട്ടിന്റെ അരി തീരാതെ പുളിച്ചു പോയിട്ടുണ്ടെൽ അതോണ്ടുണ്ടാക്കിയ 'ഇഡ്ഡലി' എന്ന് ചന്ദ്രേട്ടൻ മാത്രം പറയുന്ന ഒരു സാധനോം..
അലിയിലേക്ക്‌ തിരിച്ചു വരാം ..
ജീവിതത്തിന്റെ വസന്ത കാലം പെങ്ങന്മാരെ കെട്ടിക്കാനും കുടുംബം നോക്കാനും കഷ്ടപ്പെട്ട്,ഒടുക്കം പെങ്ങന്മാരും കുടുംബോം എല്ലാം പോയി സ്വന്തമായി ഒരു ജീവിതം  പോലുമില്ലാതെ മൂഞ്ചി തെറ്റിയിരിക്കുന്ന മുപ്പത്തെട്ടുകാരൻ ..
32 വയസ്സ് മുതലേ പെണ്ണ് നോക്കാൻ തുടങ്ങി തലയിലെ ശേഷിച്ച രോമങ്ങളും പൊഴിഞ്ഞു വീണതെല്ലാതെ ഒന്നും അങ്ങട് ശരിയായില്ല.. ഒടുവിൽ 35 ആയപ്പോൾ അലിക്ക് തന്നെ അങ്ങട് മടുത്തു.. അപ്പൊ ഒരൂർജം കൊടുത്ത് കൂടെ നിർത്തിയതാ ചന്ദ്രേട്ടൻ.. "പെണ്ണ് എന്ന് പറയുന്നത് ക്രിക്കറ്റ്‌ പോലെയാ.. റണ്‍സ് കിട്ടിയാ കിട്ടി.. 35 ഓവർ വരെ നിനക്ക് കിട്ടാത്ത സ്ഥിതിക്ക് ഇനി അടുത്ത 5 ഓവർ പവർ പ്ലേയാ.. ആഞ്ഞു വലിഞ്ഞു നോക്കിക്കോ.. കിട്ടും.. കിട്ടും " പൊതുവെ ക്രിക്കറ്റ്‌ ഭ്രാന്തനായ ചന്ദ്രേട്ടൻ അത്രേ പറഞ്ഞുള്ളൂ..
പക്ഷെ മൂന്ന് ഓവർ കഴിഞ്ഞു 38 ആയിട്ടും ഒരു റണ്‍ പോലും വരാതെ വിഷണ്ണനായി അലി ഇരിക്കുമ്പോഴാ ,ഒരു ഫ്രീഹിറ്റ് പോലെ സൈനബ ചന്ദ്രേട്ടന്റെ കടയിലേക്ക് വരുന്നത്..

സൈനബ....
ജീവിതം പ്രണയ തീക്ഷണമായിരിക്കുന്ന യൌവനത്തിന്റെ പടിവാതിൽക്കലിൽ വിധവയാകേണ്ടി വന്നവൾ.. ഭര്ത്താവ് മരിച്ചിട്ട് 10 വര്ഷമായിട്ടും വേറൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാതെ ആ ഓർമകളിൽ ജീവിക്കുന്ന 32കാരി.. ഇപ്പോൾ അവൾ വന്നിരിക്കുന്നത് ചന്ദ്രേട്ടന്റെ കടയിൽ,അടുക്കളക്കാരിയായി ,അലിക്കൊരു സഹായിയായി.. !!!

സൈനബ വന്നപ്പോൾ തന്നെ പതിവിലും നേരത്തെ പുട്ടിനാവി വന്നു.. അതൊരു ലക്ഷണമായി എടുത്തു അലി...
പുട്ടിൻ പൊടിയിൽ അലി സ്വപ്നം നെയ്തു തുടങ്ങി..

സൈനബ വന്നതിന്റെ മൂന്നാം നാൾ,പുട്ടിൻ കുറ്റിയിൽ പൊടി ഇടുന്ന അവളുടെ അടുത്തേക്ക് അലി പതിയെ നീങ്ങി.. വിറയാർന്ന കൈകളോടെ അവളുടെ കൈകൾ വാരിപ്പുണർന്നു കൊണ്ട് അലി ചോദിച്ചു,
"പോരുന്നോ എന്റെ കൂടെ???"
ഠപ്പേ ..!!!
അലിയുടെ വലത്തേ കവിളിൽ 5 വിരൽ പാടുകൾ പുട്ടിൻ പൊടിയാൽ സൈനബ വരച്ചു..
അലി ചുറ്റിലും നോക്കി സംതൃപ്തനായി ഒരു അത്മഗതോം പാസാക്കി...
"ഭാഗ്യം.. സകല നാ*&ന്റെ മക്കളും കണ്ട് ... "
അലിയുടെ മുഖത്ത് പുട്ടിൻ പൊടി കൊണ്ട് വിരലുകൾ തീര്ത്തത് ചന്ദ്രേട്ടന് തീരെ പിടിച്ചില്ല.. അങ്ങേരു ഓടി വന്നു..ചന്ദ്രേട്ടന്റെ മുത്ത്‌ അലിയെ ഇന്നലെ കേറി വന്ന ഒരു പെണ്ണ് ചിത്രകല അഭ്യസിച്ചിരിക്കുന്നു .. കലിപ്പ് സീൻ എല്ലാരും പ്രതീക്ഷിച്ചു..

പക്ഷെ ഇല്ല.. സൈനബയെ ഒന്നും ചെയ്തില്ല..
പകരം അലിയുടെ തല പിടിച്ചു  മുഖം ഒരു ഭാഗത്ത്‌ ചെരിച്ചു രണ്ടു മിനിറ്റ് വലത്തോട്ടും ഇടത്തോട്ടും ആട്ടി.. അടിയിൽ പുട്ട് കുറ്റിയും വെച്ച്..
അരി മുഴുവൻ അതിൽ തന്നെ വീണു..
"അരിക്കൊക്കെ എന്താ വില...?? " അങ്ങേരു പോയി.. എന്തായാലും അന്ന് മുതൽ അലിക്കൊരു പേരും വീണു.. 'പുട്ടലി ...'!!!

അന്ന് വൈകുന്നേരം സൈനബ നേരത്തെ പോയി.. അവൾ പോകുന്നത് അലി പുട്ടും കുറ്റിയും പിടിച്ചു നോക്കി നിന്നു..
'ഇനി വരില്ലേ അവൾ??'.. ആ ചോദ്യം അലിയുടെ മനസ്സില് അലയടിച്ചു.. ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി അലിക്ക്..
"ന്നാലും എന്റെ അലിയെ.. നീ എന്ത് പണിയാ ഓളോട് കാണിച്ചേ??" കട അടക്കും നേരം ചന്ദ്രേട്ടൻ അലിയോട് ചോദിച്ചു..
"എന്റെ ഹൃദയമല്ലേ ഞാൻ തുറന്നു കാണിച്ചേ.. അല്ലാണ്ട് ഉടുമുണ്ടല്ലല്ലോ ചന്ദ്രേട്ടാ .. എന്നാലും  എല്ലാം അറിയുന്ന ചന്ദ്രേട്ടൻതന്നെ ഈ  ചോദ്യം ചോദിച്ചല്ലോ...  " അലി സെന്റി ആയി..
"ആ പുട്ടടി കണ്ടപ്പോ ചോദിച്ചു പോയതാ.. നീ ക്ഷമി..  "
"ചന്ദ്രേട്ടാ..ആ അടി കൊണ്ടൊന്നും ഓളോടുള്ള എന്റെ സ്നേഹം ഇല്ലതാകൂല.. കാരണം ഓളോട് എനിക്കുള്ളത് കേവലം പ്രണയമല്ല.. " അലി സാഹിത്യോം കൊണ്ട് മോള്ളോട്ട് പോകുവാ..  "പിന്നെ???"
"ഒരു തരം ... ഒരു തരം... അതിതീവ്രമായ ഭ്രാന്താണ് .. " അലി സാഹിത്യത്തിൻറെ ഉച്ചിസ്ഥായിയിൽ പറഞ്ഞു നിർത്തി ..
"അതന്നാ കണ്ടു നിന്നവരും പറഞ്ഞെ... "
"എന്ത്... ??"
"അനക്ക് കൂടിയ ഇനം പ്രാന്താണ് എന്ന്..  "
അലി പിന്നൊന്നും പറഞ്ഞില്ല..

പിറ്റേ ദിവസം..
സൈനബ വരുമോ വരുമോ എന്നും നോക്കി അലി നിന്നു ..
വന്നു, സൈനബ വന്നു,  പുട്ടിന്നാവിയും വന്നു.. അലിക്ക് സന്തോഷായി..!!!

പ്രണയപരവശനായ്‌ അലി അന്നും നൈസ് ആയി സൈനബയുടെ കൈകളിൽതലോടി.. അനുരാഗത്തിന്റെ തലോടൽ..
"ഇന്നലെ കിട്ടിയ അടി നല്ല വേദനയുണ്ടായിരുന്നോ???"സൈനബയുടെ ചോദ്യം..
ഒരാവേശത്തിൽ അടിച്ചതിൽ സൈനബക്ക് വിഷമമുണ്ടല്ലോ എന്നോര്ത്ത് അലിയിൽ ആ ചോദ്യം ഒരു കുളിരായ് പെയ്തിറങ്ങി..
"ഇല്ല.. " അലിയുടെ മറുപടി..
"എന്നാ അതിനേക്കാൾ കനപ്പിച്ചു ഒന്നൂടി തരട്ടെ???" കലിപ്പ്..
അലി കൈ വലിച്ചു..

ദിവസങ്ങൾ പിന്നെയും കടന്നു പോയി, അലിയുടെ പ്രണയം ഒരു വന്മരമായ് വളര്ന്നു.. പക്ഷെ അലി ഒന്നും തുറന്നു പറഞ്ഞില്ല, ഇനീം പറഞ്ഞാൽ പുട്ടും കുറ്റി കൊണ്ടാവും അടുത്തത് കിട്ടുക എന്ന ഭയം ഒന്ന് കൊണ്ട് മാത്രം.. എങ്കിലും സൈനബ ഓരോ കുറ്റിയിലും പൊടി നിറച്ചു അലിക്ക് നല്കുമ്പോഴും മ്രിദുലമായ് അലി അവളുടെ കൈകളിൽ തലോടും.. ആ ഒരു തലോടൽ മതി അലിക്ക്, അലിയുടെ അസ്ഥികളിൽ പ്രണയം പൂക്കാൻ.. !!!
അങ്ങനെ ഒരു ഫെബ്രുവരി 14 വന്നെത്തി ..
പൂ'വാലെന്റെയ്ന്സ്' ഡേ.. അലി മനസ്സിൽ ഉറപ്പിച്ചു, 'ഇന്നേ ദിവസം അവളോട് പറഞ്ഞിരിക്കും, എന്റെ മനസ്സിൽ തളിർത്തു വളരുന്ന എന്റെ പ്രണയം..'
വാടക വീട്ടിലെ ചടിയിൽ വിരിഞ്ഞ ഒരു റോസാപ്പൂവ് അലി പറിച്ചെടുത്തു.. ഇടതു കൈ കൊണ്ട് ഇടതു കവിള് മറച്ചു പിടിച്ച് വലതു കൈ കൊണ്ട് ഈ പ്രണയ പുഷ്പം അവൾക്കു സമര്പ്പിക്കും.. എന്നിട്ട് പറയും.. "എന്റെ ഖൽബിൽ നീയാണ്.. എന്റെയുള്ളിൽ നീയാണ്.. കണ്ണടച്ചാൽ നീയാണ് സൈനബാ എന്ന്.." (സാഹിത്യം, ഒടുക്കത്തെ സാഹിത്യം.. ) അലി ഉറപ്പിച്ചു.. !!!

റോസാപ്പൂവ് അരയിൽ തിരുകി അലി കടയിലേക്ക് തന്റെ സൈക്കിളിൽവെച്ചു പിടിച്ചു..
പ്രണയം തുറന്നു പറയാൻ റോസാപൂവുമായി സ്ലോ മോഷനിൽ, ഷാരൂഖാൻ പലേ സില്മേലും ഓടിവരുന്ന പോലെ ഓടിവന്ന  അലിയൊന്നു പകച്ചു നിന്നു..
അടുക്കളയിൽ സൈനബക്ക് പകരം ഒരു കരിഞ്ഞ ചെക്കൻപുട്ട് കുറ്റിയിൽ പൊടി നിറക്കുന്നു..
വാട്ട്‌ എ പുട്ട് അല്ല പെറ്റി സീൻ.. !!!

അലി അവാർഡ്‌ സില്മേലെ നായകനെ പോലെ കുറച്ചു സമയം പോസ് അടിച്ചങ്ങ്‌ നിന്നു..
ഇത് കണ്ട് ചന്ദ്രേട്ടൻ വന്നു.. അലി റോസാപ്പൂ അരയിലെക്ക് തിരുകി,മുള്ള് ചതിച്ചു..
"ആഹ് .. " മുള്ള് ആസ്ഥാനത്താ കൊണ്ടേ..
"ന്താ പുട്ടലീ... ??" കാര്യം അറിയാതെ ചന്ദ്രേട്ടന്റെ ചോദ്യം...
"മുള്ള്... "
"മുള്ളാ .. അതിനു നീ മുരിക്കുമ്മെം കേറി തുടങ്ങിയോ???ഇതാ പറയുന്നേ നേരോം കാലോം എത്തുമ്പോൾ പെണ്ണ് കെട്ടണം എന്ന്... " അതും പറഞ്ഞു അങ്ങേര് ഊള ചിരിയും പാസ്സാക്കി..
"നിങ്ങളൊക്കെ പണ്ടേ മുതല് കേറുന്നത് കൊണ്ട് മുരിക്കൊക്കെ ഇപ്പൊ  മുള്ള് പോയി വാഴ പോലെ ആയി.. അതോണ്ട്  കുഴപ്പമില്ല.. " അലി കലിപ്പോടെ അത് പറഞ്ഞപ്പോഴാ ആ ഊള ചിരി നിർത്തിയത് ..
"ഏതാ ഈ കരിമന്തി .. ഓളെവിടാ സൈന ..??" അലി കലിപ്പോടെ ചോദിച്ചു..
"അത് നിന്നോട് ഞാൻ പറയാൻ മറന്നു.. സൈനബ ഇനി മുതൽ വരില്ല.. അതിനു പകരാ ഈ ചെക്കൻ.. നീ വേഗം പുട്ടുണ്ടാക്ക് ..പുട്ടുണ്ടാക്ക് ..."അങ്ങേര് പോയി..
അത് കേട്ടതും അലീടെ നെഞ്ചൊന്നു തകര്ന്നു..
ഒന്ന് പോട്ടിക്കരയണം എന്ന് പോലും തോന്നി അലിക്ക്.. പക്ഷെ കരഞ്ഞില്ല.. !!!
ഒരു ബലത്തിന് പുട്ടുംകുറ്റിയും പിടിച്ചു അലി കുറെ നേരം അങ്ങനെയങ്ങ് നിന്നു .. 

തകര്ന്നു നിക്കുന്ന അലിയുടെ അടുത്തേക്ക് ചെക്കൻ വന്നു.. അലി അവനെയൊന്നു നോക്കി..
പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങുന്ന സൈനബക്ക് പകരാ പോലും  കറുത്ത വാവിന് പവർ കട്ട്‌ വന്നപ്പോ ഉണ്ടായ ഈ മൊതല് വന്നിരിക്കുന്നെ.. ഫൂ..
അലി അടുപ്പിലേക്ക് ആഞ്ഞു തുപ്പി..
"ഇക്കാ.. ഇതെന്റെ ആദ്യത്തെ പണിയാ.. ഇക്ക എന്നെ അനുഗ്രഹിക്കണം.. "
അതും പറഞ്ഞു അവൻ അലിയുടെ മുന്നിൽ കുനിഞ്ഞു നിന്ന്..
അലിയുടെ അണ്ണാക്കീന്നൊരു ചൊറിച്ചൽ കേറി വന്നു..അല്ലേ തന്നെ കാമുകിയെ കാണാണ്ട് ചങ്കു പൊട്ടി നിക്കുമ്പോഴാ ഓന്റൊരു കോപ്പിലങ്ങാടീലെ  അനുഗ്രഹം.. !!!
"മുനീർ .. കഴിക്കാൻ ആള് വന്നിരിക്കുന്നു.. വേം വാ.." ചന്ദ്രേട്ടന്റെ സ്വരം ഉയര്ന്നു..
"ഇക്കാ.. എന്നെ വിളിക്കുന്നു... അനുഗ്രഹിക്കിക്കാ..  അനുഗ്രഹിക്കു.. " ഓൻ പിന്നേം കുനിഞ്ഞു..
അലി ഓൻ കാണാതെ ഇച്ചിരി പുട്ടും പൊടിയെടുത്തു നൈസ് ആയിട്ട് ഓന്റെ തലയിലങ്ങ് ഇട്ടു..എന്നിട്ടങ്ങ് അനുഗ്രഹിചു...
"നന്നായി വരും ..."
ഓൻ പോയി..
തലയിൽ പുട്ടും പൊടിയും ഇട്ട് വരുന്ന ഓനെ കണ്ടു ചന്ദ്രേട്ടൻ ഓന്റെ നേർക്ക്‌ നടന്നടുത്തു..
"പുട്ടും കുറ്റി തലയിൽ വെച്ച് അണ്ണാക്കിൽ വിറക്  കേറ്റി തൊള്ലേൽ  തീയിട്ടാണോടാ നീ പുട്ട് ഉണ്ടാക്കണേ??"
ചന്ദ്രേട്ടൻ കലിപ്പോടെ  ചോദിച്ചു..
ഓനൊന്നും മനസ്സിലായില്ല..
ചന്ദ്രേട്ടൻ ഓന്റെ ചെവീം പിടിച്ചു അടുക്കളയിലേക്കു പോയി ഓന്റെ തലപിടിച്ച് രണ്ടു തവണ ആട്ടി... പുട്ട് പൊടി കുറ്റിയിൽ തനെൻ വീണു..പിന്നേം ഒന്നൂടി ആട്ടി.... ഫൂ..!!!
ഓന് കാര്യായിട്ടൊന്നും മനസ്സിലായില്ല...

"പോ.. പോയി ഓർഡർ എടുക്ക് .." ചന്ദ്രേട്ടൻ ഉത്തരവിട്ടു.. ഓൻ പോയി..
ആദ്യ ജോലിയിലെ ആദ്യത്തെ കസ്റ്റമർ,ഭവ്യത മുഖത്ത് ഒട്ടിച്ചു വെച്ച് ഓൻ ഓർഡർ എടുക്കാൻ പോയി..
"എന്താ വേണ്ടേ??"
"പുട്ടലി  ഉണ്ടോ??" വന്നയാളുടെ ചോദ്യം കേട്ട് ഓൻ വാ പൊളിച്ചു..
'അതെന്തു സാധനം.. ഇഡ്ഡലി കൊണ്ടുണ്ടാക്കിയ പുട്ടോ അത് പുട്ടും പൊടി കൊണ്ടുണ്ടാക്കിയ ഇഡ്ഡലിയോ?? ' ഓൻ സ്വയം ചോദിച്ചു..
"അതില്ല സാർ.. പുട്ടെടുക്കാം.." ഓനത് പറഞ്ഞപ്പോൾ വന്നവൻ വാ പൊളിച്ചു..
"പുട്ട് എടുക്കട്ടെ??" ഓന്റെ ചോദ്യം പിന്നേം..
"വേണ്ട.. പുട്ട് ഉണ്ടാക്കുന്ന അലിയെ എട്.. വേഗം .. "
ആദ്യത്തെ ഓർഡർ തന്നെ കമ്പനിക്കടിച്ചതിൽ മനം നൊന്ത് ഓൻ പോയി.. എന്തായാലും അലീടെ പൂർണനാമം  പുട്ടലി എന്നാണെന്ന് ഓന് പിടികിട്ടി.. ബുദ്ധിമാൻ.. !!!
"പുട്ടലിയെ കാണാൻ പുറത്തു ഒരാള് വന്നിരിക്കുന്നു .. വേഗം പോകാൻ പറഞ്ഞ് .." അടുക്കളയിൽ ചെന്ന ഉടനെ അവനങ്ങ്‌ കാച്ചി..
പെണ്ണ് പോയി,ഇപ്പൊ ദേണ്ടെ ഇന്നലത്തെ മഴയിൽ മൊളച്ച ചെക്കൻ ഇരട്ടപ്പേരും വിളിച്ചിരിക്കുന്നു.. അലി ഇൻ  കലി ..!!!
പുറത്തേക്കു പോന്ന വഴി ഇച്ചിരി പുട്ടുംപൊടി  കൂടെ കയ്യിലെടുത്ത്  നൈസ് ആയിട്ടു ഒന്നൂടി ഓന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു..
"പിന്നേം നന്നായി വരട്ടെ..!!!"
'ഇത്രേം അനുഗ്രഹിക്കാൻ ഇയാളാരുവാ അനുഗ്രഹ ജീവിയാ.. ' കാര്യം മനസ്സിലാകാതെ അവനോർത്തു ..
ഓന്റെ തല കണ്ട ചന്ദ്രേട്ടൻ പിന്നേം ഓടി വന്നു.. എന്തിനാന്ന് ഞാൻ പറയുന്നില്ല.. ക്ലീഷേയാ ക്ലീഷേ...!!!
"ആരാ?? " പുറത്തിരിക്കുന്ന അപരിചിതനെ കണ്ടു അലിയുടെ ചോദ്യം..
"ഇങ്ങളാ പുട്ടലി ??" വന്നവന്റെ ചോദ്യം..
"അല്ല.. നിന്റെ വാപ്പയാ പുട്ടലി .. കാര്യം പറയെടാ പരട്ടേ .." കലിപ്പോടെ അലി പറഞ്ഞു..
കിട്ടേണ്ടത് കിട്ടിയപ്പോ ആഗതന് സമാധാനമായി.. ഹാവൂ...
"ഞാൻ സൈനബ പറഞ്ഞിട്ട് വരുവാ.. നിങ്ങളേം കൂട്ടി ഒരിടം വരെ പോകാൻ പറഞ്ഞു.. "
അയാളത് പറഞ്ഞതും അലിയുടെ മനസ്സിൽ ആ പഞ്ചായത്തിലെ മുഴുവൻ കോഴിയും ഒരുമിച്ചു കൂവി.. !!!
"ഇങ്ങളിരി .. ഞാനിപ്പോ വരാം .." അതും പറഞ്ഞു അലി അകത്തേക്കോടി..

പുട്ടും പൊടി തുടച്ചു കളഞ്ഞു  മുഖത്ത് കുട്ടിക്കുറ പൊടി വാരി വിതറി..!!!
കണ്മഷി നോക്കിയിട്ട് കണ്ടില്ല,പകരം കിട്ടിയ ചട്ടീടെ കരി തുടച്ചെടുത്ത്‌ കണ്ണിൽ തേച്ച് ..
നേരത്തെ വലിച്ചെറിഞ്ഞ റോസാ പൂവെടുത്ത് അരയിൽ തിരുകി..
സന്തോഷത്തോടെ ഇറങ്ങാൻ നേരം ഉരുൾവിളി ..
'ഇനി ഇതിൽ വല്ല ചതിയും??, എന്റെ ശല്യം സഹിക്കവയ്യാതെ ജോലി ഒഴിവാക്കിയ സൈനബയുടെ ബന്ധുക്കൾ തരുന്ന പണിയായിരിക്കുമോ ??'
ചോദ്യങ്ങൽ പലവഴിക്ക് നിന്നും വന്നു..
ഉത്തരം കിട്ടാനൊന്നും നോക്കിയില്ല, പകരം തുരുമ്പ് എടുത്ത പഴയ പിച്ചാത്തി എടുത്തു അരയിൽ തിരുകി.. 'തിരിച്ചു കുത്താൻ പറ്റിയില്ലേലും തല്ലു കൊണ്ട് ചാവനാവുമ്പോൾ സ്വയം കുത്തി ചാവുക എങ്കിലും ചെയ്യാലോ.. '

"ഞാൻ പുറത്തു പോവുകാ.. പുട്ട് നീ ഉണ്ടാക്കണം ഇന്ന്..  "  അലി ചെക്കനോടായ് പറഞ്ഞു..
"ഒവ്വ " ചെക്കന്റെ മറുപടി..
ഗുരുവിനോടുള്ള ശിഷ്യന്റെ മറുപടി അലിക്കത്രക്കങ്ങു പിടിച്ചില്ല.. അതോണ്ട് ആളാവാൻ അലി ഒരുപദേശം കൂടി കൊടുക്കാന്നു വെച്ച്..
"പിന്നെ പുട്ടുണ്ടാക്കുമ്പോ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.." അലി പറഞ്ഞു തുടങ്ങി..
"അറിയാം.. പുട്ടും കുറ്റിയിൽ ചില്ലിടണം എന്നല്ലേ.. "ചെക്കന്റെ കൌണ്ടർ അറ്റാക്ക്‌..
എഹ് .. അലി പറയാൻ ഉദ്ദേശിച്ചത് ചെക്കൻ പറഞ്ഞത് അലിക്ക് ദഹിച്ചില്ല..
"അല്ല.. ചില്ലിട്ടില്ലേലും അരിയിടണം..കാരണം ചില്ലിട്ടില്ലേൽ അരി കുറ്റിയിൽ കിടക്കും.. പക്ഷെ അരിയിട്ടില്ലേൽ ചന്ദ്രേട്ടന്റെ കൈ നിന്റെ കരണക്കുറ്റിയിൽകിടക്കും.. സൂക്ഷിച്ചോ.. "
അതും പറഞ്ഞു അലി സ്ലോ മോഷനിൽ നടന്നു.. ചെക്കനൊന്നും മനസ്സിലാവാതെ പോസ് അടിച്ചങ്ങ്‌  നിന്നു ..
'ചില്ലിടണോ അതോ അരിയോ ??' ഓൻ കുറേ ആലോചിച്ചു...

തന്റെ സൈനബയെ പറഞ്ഞു വിട്ട ദുഷ്ടനായ ചന്ദ്രേട്ടനോട് അലി ഒന്നും പറയാതെ  ഒരു അരക്കിലോ പുച്ഛം വെച്ച് നീട്ടി ആഗതനെയും കൊണ്ട് അലി നടന്നു.. !!!

അയാൾ അലിയേം കൊണ്ട് കുറെ ദൂരം നടന്നു..
എന്തിനാ ഏതിനാന്നു എത്ര ചോദിച്ചിട്ടും ആ കാലമാടൻ പറഞ്ഞതുമില്ല.. !!!
ദൂരം കൂടുംതോറും അലിയുടെ മുട്ടിടിയും കൂടി വന്നു..
'കാത്തു വെച്ച കൂമ്പിന്നു വാടുമോ??' അലി അലിയോടെന്നെ ചോദിച്ചു..
കുറച്ചൂടി മുന്നോട്ട് വന്നപ്പോൾ അലിയുടെ മുഖം പെന്നെല്ല് കണ്ടു എലിയെ പോൽ പ്രസന്നനമായി കാരണം എതിരെ നിന്നും വരുന്നു അലീടെ മെയിൻ കമ്പനിക്കാരൻ വിനയൻ..

വിനയനു അറിഞ്ഞോണ്ട് ആരോ പേരിട്ടതാ വിനയനെന്നു.. പേരിലെലും കിടക്കട്ടെ അങ്ങനൊരു സാധനം എന്ന് കരുതിക്കാണും പേരിട്ടവൻ .. കാരണം വിനയന് വിനയം പേരിലെ ഉള്ളു..!!!
ധൃതിയിൽ നടന്നു പോകുന്ന വിനയനെ അലി ഓടിച്ചിട്ട്‌ പിടിച്ചു..
"വിനയാ.. നീയും കൂടി വാ എന്റെ കൂടെ.. ഒറ്റയ്ക്ക് പോകാൻ ഭയങ്കര പേടി.. " അലി പറഞ്ഞൊപ്പിച്ചു..
"എങ്ങോട്ടാ ??" വിനയന്റെ ചോദ്യം..
"അതൊക്കെ വിശദായി പിന്നെ പറയാം.. നീ എന്റെ കൂടെ വന്നാ മതി.. "
"പുട്ടെ.. അതിനു ഞാൻ ഒരത്യാവശ്യ കാര്യത്തിന് പോകുവാ.. പോയിക്കഴിഞ്ഞു പിന്നെ വരാം .." വിനയൻ ഒഴിയാൻ ശ്രമിച്ചു.. പക്ഷെ അലി വിട്ടില്ല..
അലി വിനയന്റെ കയ്യും പിടിച്ചോണ്ട് പോയി.. വിനയൻ വിനയന്റെ ഉള്ളിലെ വേദന കടിച്ചമർത്തി കൂടെ പോയി.. !!!
"നിന്നെ കാണുന്നത് വരെ ഞാൻ കുണ്ടിതപ്പെട്ടു നടക്കുവായിരുന്നു.. " അലി സാഹിത്യാകമ്പടിയോടെ വിനയനോട് കാര്യം പറയാൻ ശ്രമിച്ചു..
"നീ കു** തപ്പിയാ നടന്നതെങ്കിൽ ഞാൻ കക്കൂസ് തപ്പിയാ നടക്കുന്നെ.."
"എന്തോന്ന്???"
"എടാ ,കക്കൂസിൽ പോണമെന്ന്.. " വിനയന് കലിപ്പായി..
"എന്തിനു??"
"സിറിയയിൽ അമേരിക്കൻ അധിനിവേശം ഇന്നുണ്ടോന്നറിയാൻ.. "
"എഹ് .."
"ടാ പൊട്ടാ... രണ്ടിന് മുട്ടിയിട്ട് പാടില്ലെടാ .." വിനയൻ അവന്റെ വേദന തുറന്നു പറഞ്ഞു..
അലി പുച്ഛത്തോടെ അവനെ നോക്കി.. അപ്പോഴും വിനയൻ കാടും മേടും നോക്കുവായിരുന്നു..
"നീ വാ.. എല്ലാം നമുക്ക് ശരിയാക്കാം.. " അലി ധൈര്യം കൊടുത്തു..

നടന്നു നടന്നു അവർ ഒരു വീടിന് മുന്നിലെത്തി..
ഓടിട്ട ആ വീടിന്റെ മുന്നിൽ ഒന്ന് രണ്ടു പേർ അവരെയും കാത്തു  നില്ക്കുന്നു.. അലിയുടെ ചങ്കിടിപ്പ് കൂടി,വിനയന്റെ വേറെ എന്തൊക്കെയോ ഇടിപ്പ് കുറഞ്ഞോ എന്തോ??
ആഗതർ അവരെ രണ്ടു പേരെയും അകത്തേക്ക് വിളിച്ചു.. അലി അരയിൽ തപ്പി.. ഉണ്ട്..
രണ്ടു പേരെയും കസേരയിൽ ഇരുത്തി.. അലി ടെൻഷൻ കാരണം അമർന്നിരുന്നു.. വിനയൻ അങ്ങനെ ഇരുന്നില്ല,കാരണം എന്തും സംഭവിക്കാം..!!

അൽപ നേരത്തെ മൌനം..
വാതിൽക്കൽ ഒരു പാദസരക്കിലുക്കം.. അലി അങ്ങോട്ട്‌ നോക്കി..
കയ്യിൽ ഒരു ട്രേയും അതിൽ 4 കപ്പു ചായയുമായി നടന്നു വരുന്നു ഒരു ചൂരിദാറുകാരി പെണ്‍കുട്ടി..
അലി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..മുഖ മക്കനയിൽ തിളങ്ങുന്ന ആ മുഖം..
അലിയുടെ മനസ്സിൽ മഴവില്ല് തെളിഞ്ഞു.. അതവളാണ്.. സൈനബ.. അലിയുടെ സ്വന്തം സൈനബ..
അലിയുടെ ഖൽബിൽ പ്രണയത്തിന്റെ പൂത്തിരി വിരിഞ്ഞു.. അലിയുടെ രോമങ്ങളിൽ പോലും പ്രണയം തുടിച്ചു നിന്നു ..
സൈനബ അലിയുടെ അടുത്തേക്ക്, അല്ല അലിയുടെ ഹൃദയത്തിലേക്ക് നടന്നടുത്തു.. അലിയുടെ ഹൃദയം സന്തോഷത്താൽ തുടിച്ചു..
"അതേ .. ഇവിടെ എവിടാ കക്കൂസ്???"
ഠിം..
ചോദിച്ചത് വിനയനാ.. ചായക്കപ്പുമായി സൈന ഷോക്കടിച്ച പോലെ നിന്ന്..
"ചോദിച്ചത് കേട്ടില്ലേ പെണ്ണേ .. ഇവിടെ എവിടാ കക്കൂസ്???"
ചോദ്യം ഒന്ന് കൂടി ഉച്ചത്തിൽ ഉയർന്നപ്പോൾ സൈനബ വീടിന്റെ ഒരു മൂലയിലേക്ക് കൈ ചൂണ്ടി.. വിനയൻ അങ്ങോട്ട്‌ മിന്നൽ വേഗത്തിൽ കുതിച്ചു.. !!!
"എന്തിനാ കക്കൂസ് ??" പ്രണയപരവശയായി വന്ന സൈനബയുടെ ആദ്യ ചോദ്യം..
"സിറിയയിൽ അമേരിക്കൻ അധിനിവേശം ഇന്നുണ്ടാകുമോന്നറിയാനാവും .."
"എഹ് "

അടുത്ത സീൻ..
വീടിന്റെ അകത്തെ ഒരു മുറി..
അവിടെ സൈനബയും അലിയും മാത്രം.. വാക്കുകൾ കിട്ടാതെ അലി വിഷമിച്ചപ്പോൾ സൈനബ പറഞ്ഞു തുടങ്ങി..
"ഇക്ക മരിച്ചതിന് ശേഷം  ഒരുപാട് പേര് എന്നെ ആലോചിച്ചു വന്നതാ.. പക്ഷെ ഞാൻ സമ്മതിച്ചില്ല..കാരണം ആരിലും യദാർത്ഥ സ്നേഹം ഞാൻ കണ്ടില്ല.. പക്ഷെ ഇക്കയിൽ...,ഞാൻ വേദനിപ്പിച്ചിട്ടും ഒന്നും മിണ്ടാതെ പിന്നെയും പിന്നെയും എന്നെ സ്നേഹിക്കുന്നത് കണ്ടപ്പോൾ,എന്നെ ശരിക്കും സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടു.. ചന്ദ്രേട്ടനും പറഞ്ഞു, ഇക്ക എത്രമാത്രം എന്നെ സ്നെഹിക്കുന്നുവെന്ന്,പിന്നെ ഇക്കയെ കുറിച്ചും.. അതാ ഇങ്ങനെയൊക്കെ.. ചന്ദ്രേട്ടനാ പറഞ്ഞെ ഈ ദിവസം ഇങ്ങനെയൊക്കെ ചെയ്ത് ഇക്കയ്ക്ക് ഒരു സർപ്രൈസ് തരാൻ.. " നിറഞ്ഞ മിഴികളോടെ സൈനബ പറഞ്ഞു നിർത്തി..
അലി ഒന്നും പറഞ്ഞില്ല..
സന്തോഷം കൊണ്ട് അലയടിക്കുകയായിരുന്നു ആ മനസ്സ്.. ഇങ്ങൊട്ട് ഇറങ്ങാൻ നേരം ചന്ദ്രേട്ടന് അരക്കിലോ പുച്ഛം കൊടുത്ത ആ നിമിഷത്തെ  മാത്രം ശപിച്ചു..

"ഇതാ ഈ ദിവസം ഞാൻ നിനക്കായ് നല്കുന്ന സമ്മാനം.. "
അരയിൽ നിന്നും റോസപൂവ് വലിച്ചെടുത്തു കൊണ്ട് അലി പറഞ്ഞു.. സമ്മാനം കണ്ട സൈനബയുടെ കണ്ണ് തള്ളി..
'തുരുമ്പെടുത്ത ഒരു പിച്ചാത്തി.. '
സമ്മാനം മാറിയെന്നറിഞ്ഞ അലിയുടെ കണ്ണും അതെ നിമിഷം തള്ളി, പിന്നെ അലി പതിയെ തള്ളിയ കണ്ണെടുത്ത്‌ അകത്തേക്കിട്ടു.. ചമ്മലൊതുക്കി അലി സാഹിത്യം എവിടെനിന്നൊക്കെയോ തപ്പിയെടുത്തു പറഞ്ഞു തുടങ്ങി.. ,
"ഇത് നീ ജീവിതകാലം മുഴുവൻ സൂക്ഷിക്കണം.. നിനക്കെന്നോടുള്ള സ്നേഹം കുറയുന്ന ആ നിമിഷം അതെന്റെ ഖല്ബിലേക്ക് ആഴത്തിൽ കുത്തിയിറക്കണം.. നിന്റെ സ്നേഹമില്ലാതെ ജീവിക്കുന്നതിനേക്കാൾ എനിക്കിഷ്ടം നീയാൽ ഈ ദുനിയാവിൽ നിന്നും തിരിച്ചു നടക്കുന്നതാ സൈനബാ... "
നിറഞ്ഞ മിഴികളോടെ,വിറയാർന്ന കൈകളോടെ സൈനബ ആ സമ്മാനം ഏറ്റുവാങ്ങി.. അവൾക്കും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു, ആ ചെവിയിൽ .. അവൾ മുന്നോട്ട് നടന്നു നീങ്ങി..
"നല്ല വിശാലമായ കക്കൂസ്.. കാര്യം കൈച്ചലായപ്പോ സമാധാനമായി.. "
സൈനയല്ല അത് പറഞ്ഞത് കാര്യം കഴിഞ്ഞിറങ്ങിയ വിനയനാ..
അലിയും സൈനബയും കയ്യോട് കൈ ചേർത്ത് ഒരു ചിരിയാലെ വിനയനെ നോക്കി.. പിന്നെ പരസ്പരം കണ്ണോട് കണ്ണ് നോക്കി.. ഇരുഹൃദയങ്ങൾ അവിടൊന്നായ് മാറി.. !!
ചന്ദ്രേട്ടന്റെ കടയിലേക്ക് അലിയും സൈനബയും പിന്നെയും വന്നു,പുട്ടുണ്ടാക്കാൻ.. പ്രണയത്തിന്റെ പുട്ടുവസന്തം വിരിഞ്ഞു തുടങ്ങി..

ആറ് വർഷങ്ങൾക്കിപ്പുറം..
"ചന്ദ്രേട്ടാ.. എന്താ ഈ പുട്ടിനിത്ര ടേസ്റ്റ്..??ഇതിലെന്താ ചേര്തിരിക്കുന്നെ ??" പുട്ട് കഴിച്ചോണ്ടിരിക്കുന്നവരിൽ ഒരുവൻ ചോദിച്ചു..
"അലിയും സൈനബയും അതിലൊന്നും  അധികമായി ഇട്ടിട്ടില്ല.. പക്ഷെ അതിൽ മുഹബ്ബത്ത് ഉണ്ട്.. മുഹബ്ബത്ത് ചേർത്ത് സുലൈമാനി ഉണ്ടാക്കിയാലും അങ്ങനാ.. " ചന്ദ്രേട്ടന്റെ കണ്ടുപിടുത്തം..
"ഈ പ്രായത്തിലും,ഇപ്പോഴും അവർ പ്രണയിക്കുന്നുണ്ടോ???" :O
"പ്രണയത്തിന് എവിടെടോ പ്രായോം കാലം.. ആര്ക്കും എപ്പോഴും ആരേം പ്രേമിക്കാം.. നിനക്കും പ്രേമിക്കാം,നിന്റച്ചനും പ്രേമിക്കാം.. അതാ ഈ പ്രണയത്തിന്റെ ഒരു പുട്ടുശാസ്ത്രം.. "
പഞ്ച് .. മാരക പഞ്ച് ...!!!
ശുഭം..

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...