പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, October 13, 2016

"മുത്തേ,ഒന്ന് നോക്കിക്കൂടെ"??

കോളേജിൽ പഠിക്കാൻ,അല്ല വെറുതെ പോയിരുന്ന കാലം..
കാന്റീനിൽ ഇരുന്നു ബോറടിച്ചു പണ്ടാരടങ്ങി ഞാനും സഫീറും..
"സിൽമക്ക്  പോയാലോ" എന്ന് സഫീറിന്റെ ചോദ്യം.. അതൊരു നല്ല ചോദ്യമായിരുന്നു..
രണ്ടു തവണ ആഞ്ഞു കടിച്ചിട്ടും കീഴടങ്ങാതിരുന്ന ഉണ്ടംപൊരി ചില്ലലമാരയിലേക്ക് തന്നെ തിരിച്ചു വെച്ച് അതിനെ ഒന്ന് വണങ്ങി പുറത്തേക്കിറങ്ങി..
ക്യാന്റീനും കഴിഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ നേരെ വരുന്നു ട്യൂട്ടർ സാർ..
ഒന്നും നോക്കിയില്ല,അടുത്ത് കണ്ട ലൈബ്രറിയിലേക്ക് ചാടിക്കയറി..
ഉള്ളിൽ കേറിയ ഞങ്ങൾ ഞെട്ടിപ്പോയി, കാരണം ലാബ് ഏതാ ലൈബ്രറി ഏതാന്നറിയാത്ത പ്രിജേഷ് ലൈബ്രറിയിൽ..സഫീർ പുറത്തിറങ്ങി ലൈബ്രറിയുടെ ബോർഡ് നോക്കി ലൈബ്രറി തന്നെയെന്ന് ഒന്നൂടി ഉറപ്പു വരുത്തി..
പ്രിജേഷിന്റെ കുറച്ചകലെയായി ഇരിക്കുന്ന ടീംസിനെ കണ്ടപ്പോഴാ സംഗതിയുടെ ഇരുപ്പു വശം ഞങ്ങൾക്ക് കത്തിയത്.. ഞങ്ങടെ ജൂനിയർ സൗമ്യയും സംഘവും..പ്രിജേഷ് കുറെയായി ഓൾടെ പിറകെയാ,വളക്കാൻ..
ഓളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ മച്ചാൻ ഇംഗ്ലീഷ് പേപ്പർ ഒക്കെയാ എടുത്ത് വായിക്കുന്നേ.. ഓള് കേൾക്കാൻ പാകത്തിൽ ഓരോ അക്ഷരം പെറുക്കിയെടുത്തു അത്യാവശ്യം ഉച്ചത്തിൽ തന്നെ വായിക്കുന്നുണ്ട്.. "R,E,A,D..റിയാദ്" എന്നൊക്കെ..
സമയം കളയാതെ സഫീറും പോയി അവന്റടുത്തിരുന്നു..എന്തിനാ??
സൗമ്യന്റെ തൊട്ടടുത്തു ഫായിസയുണ്ട്..സഫീർ കുറച്ചായി ഫായിസാന്റെ പിറകേയാ.. അങ്ങനെ രണ്ടു കാൽമുകന്മാർ കാരണം ഞാനുമവിടിരുന്നു..
സൗമ്യ ഇടക്ക് പ്രിജേഷിനെ നോക്കുന്നേലും ഉണ്ട്..പ്രതീക്ഷ പ്രതീക്ഷ..!!
പക്ഷെ ഫായിസ നോക്കുന്നത് പോലുമില്ല.
"ക്യാന്റീനിലെ ഉണ്ടംപൊരി എത്രമാത്രം നക്കിയതാ ഓളെന്റെ പൈസ കൊണ്ട്.. ഓക്കൊന്നു നോക്കിക്കൂടെ ??" സഫീറെന്നോടായി പറഞ്ഞു..
"അതെന്നോടല്ല,ഓളോട് ചോദിക്കെടാ.. "
"ചോദിക്കും.. എനിക്കാരേം പേടിയൊന്നുമില്ല " അതും പറഞ്ഞു അവൻ പ്രിജേഷ് വായിക്കുന്ന  പേപ്പർ പിടിച്ചു വാങ്ങി അതിന്റെ ഒരു കഷ്ണം കീറിയെടുത്തു അതിലെന്തോ എഴുതി,എന്നിട്ടത് പ്രിജേഷിന്റെ നേരെ നീട്ടി..
"അളിയാ,ഇതൊന്ന് ഓക്ക് കൊണ്ട് കൊടുത്തേ.."
പ്രിജേഷ് അത് വാങ്ങി വായിച്ചു നോക്കി.. "മുത്തേ,ഒന്ന് നോക്കിക്കൂടെ"??
പ്രിജേഷ് ഉപകാരിയാണല്ലോ..അവൻ അതും കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു..
അതവൾക്ക് നേരെ നീട്ടി.. അത് വായിച്ചതും അവൾ ചാടിയെണീറ്റതും ഒരുമിച്ച്.. പ്രിജേഷ് പന്തികേട് മണത്തു തിരിഞ്ഞതും അവൾ കയ്യാഞ്ഞു വീശിയതും ഒരുമിച്ചാ..കൊണ്ടത് നടുപ്പുറത്താ.. "ഠപ്പേ "
"ആരാടാ ലൈബ്രറിയിൽ പടക്കം പൊട്ടിക്കണേ" എന്നും ചോദിച്ചു ലൈബ്രേറിയൻ ചാടിയെണീറ്റു..പൊകയൊന്നും കാണാത്തോണ്ട് പുറത്താരോ പൊട്ടിച്ചതാവും എന്ന് കരുതി അയാളടങ്ങി..
സംഗതി അധികമാരും കണ്ടില്ല,കണ്ടവർക്കൊന്നും മനസ്സിലായതുമില്ല...
പ്രിജേഷ് പുറവും തടവി എന്റെ അടുത്ത് വന്നിരുന്നു..
ഞാൻ അവന്റെ കയ്യിലെ കടലാസ് വാങ്ങി അത് വായിച്ചു നോക്കി കണ്ണ് മിഴിച്ചു..
കുഴപ്പമൊന്നുമില്ല,ധൃതിയിൽ എഴുതിയപ്പോ ഒരു ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക്..
"മുത്തേ,ഒന്ന് നോക്കിക്കൂടെ"?? എന്നെഴുതിയതിൽ 'നോക്കിക്കൂടെ'എന്നതിലെ 'ന'-ന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള സാമാനങ്ങൾ ഇടാൻ മറന്നു പോയിരിക്കുന്നു..!!
ഞാൻ സഫീറിനെ പുച്ഛത്തോടെ നോക്കി..പിന്നെ പ്രിജേഷിന്‌ നേരെ തിരിഞ്ഞു..
"അല്ല മൊയന്തേ ,എഴുതിയ ഓനോ അങ്ങനെ.. നീ വായിച്ചിട്ടല്ലേ ഓൾക്ക് കൊണ്ട് കൊടുത്തേ.."
"അതിനു എഴുതിയതിനു എന്താ കുഴപ്പം.. ഓൾക്ക് പിരാന്താടാ" അവൻ ദേഷ്യത്തോടെ പറഞ്ഞു..
ആ.. പസ്ററ്..എന്തിനാ അടി കൊണ്ടെന്ന് പൊട്ടന് ഇപ്പോം മനസ്സിലായിട്ടില്ല.. ഞാൻ മനസ്സിലാക്കി കൊടുക്കാനും പോയില്ല..
ഏതായാലും ആ സംഭവത്തോട് കൂടെ പ്രിജേഷിന്റെ 6 മാസത്തെ കഠിന പ്രവർത്തനം കാരണം ഏകദേശം 90% വളഞ്ഞ സൗമ്യ അവനെ വിട്ടു വെയ്റ്റിംഗ് ലിസ്റ്റിൽ രണ്ടാമതുണ്ടായ സജേഷിന്‌ വളഞ്ഞു കൊടുത്തു.. ശോകം.. !!
ചെങ്ങായിയെ സഹായിക്കാൻ പോയി എന്ന ഒറ്റ കുറ്റം മാത്രേ പ്രിജേഷ് ചെയ്തുള്ളൂ എന്നോർത്തോണം.. പാവം..!!!
ബന്ധുവിനെ സഹായിക്കാൻ പോയി സ്വന്തം പണി വരെ പോയ ജയരാജൻ ചിറ്റപ്പനെ കുറിച്ച് വായിച്ചപ്പോൾ ചെങ്ങായിനെ സഹായിക്കാൻ പോയി സ്വന്തം പെണ്ണ് വരെ പോയ പ്രിജേഷിനെ ഓർത്തന്നെ ഉളളൂ.. :)

Tuesday, August 16, 2016

ഒരു വട്ടം കൂടി...


ഒരു വെടീം പൊകേം മാത്രമേ ഓർമയുള്ളൂ.. എല്ലാം വളരെ പെട്ടെന്നെന്നെ തീർന്നു..

കോളേജിൽ ഒരുമിച്ച് പഠിച്ചവരെയൊക്കെ തപ്പിയെടുത്തൊരു വാട്ട്സപ്പ് ഗ്രൂപ്പ് ,വെറുതെ ഒരു രസത്തിനു ചിന്തിച്ചതാ.. മുകളിലൂടെ പോകുന്ന വെടിയുണ്ട ഏണി വെച്ച് കേറി പിടിച്ചു നെഞ്ചിൻ കൂട്ടിനകത്തേക്കു കേറ്റുന്നതായിരുന്നു അയിനേക്കാൾ നല്ലതു എന്ന് ഇപ്പൊ തോന്നുന്നു..!!

സകലോനേം ആഡ് ചെയ്തു, മഹിളാ മണികളെ റിക്രൂട്ട് ചെയ്യാൻ റിഷാനയെ ഓടിച്ചിട്ട് പിടിച്ചു ഗ്രൂപ്പിൽ കേറ്റി അഡ്മിനും ആക്കി..
സംഗതി കേറിയങ്ങു കത്തി..ജീവിച്ചിരിപ്പുണ്ടോ അതോ ആരേലും തല്ലിക്കൊന്നോ എന്ന ഒടുക്കത്തെ ചോദ്യത്തിന് ഉത്തരം എന്നോണം ഒന്നും ചത്തില്ല, നാട്ടുകാരുടെ ക്ഷമ കൊണ്ട് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിച്ചു പലവഴി ഗ്രൂപ്പിലേക്കൊഴുകിയെത്തി..
അതിനിടയിലാ ഞാനടുത്ത വെടിയുണ്ട ഓർഡർ ചെയ്തേ.. ഒരു കാര്യോമില്ലായിരുന്നു.. ഒരു ഗെറ്റ് ടുഗതർ..!! ഒരിക്കൽ ജ്വലിച്ച ദിവസത്തിന് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ..!!
സംഗതി എല്ലാർക്കും പെരുത്തിഷ്ടായി.. ലൈക്കോട് ലൈക്ക്..ഓഗസ്റ്റ് 15 അങ്ങനെ ഫിക്സും ചെയ്തു.. പിന്നെ അതിന്റെ പ്ലാനിംഗ് എന്നും പറഞ്ഞായി ചർച്ച..ചർച്ചയിൽ ഒരു ചേർച്ചയില്ല എന്ന് പറഞ്ഞായി അടുത്ത തല്ല് .. നടക്കട്ട് പുല്ല്.. ഞാനൊന്നും മിണ്ടാൻ പോയില്ല.. !!

അതിനിടയിൽ പ്രകാശിന്റെ ഫോൺ.. ന്തിനാ ??

"അളിയാ.. സംഭവം ഒക്കെ എനിക്കിഷ്ടായി.. പക്ഷെ ഞാൻ വരൂല.."

എനിക്കൊന്നും തോന്നിയില്ല.. കാരണം ഓൻ പണ്ടേ ഇങ്ങനാ.. ഇഷ്ടായതൊന്നും ചെയ്യൂല.. CD കടയിൽ പോയിട്ട്  കാണാത്ത 'ദേവാസുരം' വെറുതെ തരാന്ന് പറഞ്ഞപ്പോ അത് വാങ്ങാണ്ട്  തിയേറ്ററിൽ ഫസ്റ്റ് ദിവസം തന്നെ പോയിക്കണ്ട 'വാമനപുരം ബസ് റൂട്ട്' കാശ് കൊടുത്തു വാങ്ങിയ ലെഗസി ഉള്ളോനാ..!!

എന്തായാലും വെറുതെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി  ചോദിച്ചു..
"ന്തേ നിനക്ക് വന്നാല്.."
"വരണേൽ ഓളേം കൂടി വിളിക്കണം.. എന്നാ ഞാൻ വരും.." അവന്റെ ഉത്തരം..
"ങേ.. ആരുടെ ഓളെ " എന്റെ സംശയം..
"ആരുടേലും ഓളായോ എന്നറിയൂല.. ആയാലും ഇല്ലേലും ഓളുണ്ടേൽ ഞാൻ വരാം.."
"ആരാന്ന് പറയെടാ പരട്ടേ??" എനിക്ക് കലിപ്പ് കേറി..
"അത്.. അത്.. സൗമ്യ.. "
ന്റെ പൊന്നെ.. മ്മളെ ജൂനിയർ.. ഓന്റെ പഴേ കാമുകി.. കാമുകീന്ന് മുഴുവനായും പറയാൻ പറ്റൂല,കാരണം ഓനങ്ങോട്ടെ പ്രേമിച്ചിട്ടുള്ളു,തിരിച്ചിങ്ങോട്ട് തെറീം വെടീം പൊകേം മാത്രേ ഉണ്ടായിട്ടുള്ളൂ..ആ സമയത്തു  ഓന്റെ പിരാന്ത് കാരണം ഓൻ എന്നേം സഫീറിനേം വിളിച്ചോണ്ട് ഓൾടെ നാട്ടിലേക്കൊരു പോക്കാ.. അടുത്ത സീൻ ഓട്ടമാ,മരണ ഓട്ടം. അന്നാട്ടില്‌ നല്ലൊരു ഓട്ടക്കാരൻ ഉണ്ടായിരുന്നേൽ അന്നേ ഡെഡ്ബോഡി  ആകേണ്ട ബോഡീസ് ആയിരുന്നു ഞങ്ങളുടേത്.. !!

അതോണ്ടെന്നെ ചോദ്യേം ഉത്തരോന്നും പിന്നെ ഉണ്ടായില്ല.. "നീ വരണ്ട " എന്ന് പറഞ്ഞു ഞാൻ ഫോണങ്ങു വെച്ച്..
ഓൻ വിട്ടില്ല.. വിളിയോട് വിളി..
"എടാ.. ജൂനിയേഴ്സിനെ വിളിക്കാൻ പാടില്ലാന്നാ നിയമം.. അതോണ്ട് അത് വേണ്ട.." ഒഴിവാക്കാൻ അടുത്ത നമ്പർ ഇട്ട് ഞാൻ..
"പിന്നെ.. ഒരു നിയമം.. പാർലിമെന്റിൽ ഒന്നുമല്ലല്ല നമ്മൾ പോകുന്നെ നിയമം തെറ്റിക്കാണ്ടിരിക്കാൻ..പാർക്കിലേക്കല്ലേ..?"
"പോടാ.. അതിരിക്കട്ട്.. ഓളിപ്പോ എവിടാ?? നീ കണ്ടിട്ട്ണ്ടാ അടുത്തെങ്ങാനും ??"
"അതൊന്നും അറിയൂല.. ഓളെ നാട്ടിപ്പോയി അന്വേഷിക്കണം.."
"ആ.. പസ്ററ്.. നിന്റെ പിരാന്തിന് ഇപ്പോം ഒരു കുറവില്ല അല്ലെ.. പണ്ട് ഓളുടെ നാട്ടിൽ വന്ന് ഓടിയ ഓട്ടം ഞാനും സഫീറും നേരെ ഓടിയെങ്കിൽ അങ്ങ് സിറിയയിൽ എത്തിയേനെ..അന്ന് പക്ഷെ കൊയപ്പൂല്ല ,പക്ഷെ ഇന്നങ്ങനെ പോയാൽ IS-ൽ പോയി,ചാനൽ ചർച്ച,മയ്യിത്ത് കാണണ്ട എന്നൊക്കെ തൊടങ്ങി വെല്യക്കാട്ടെ വിഷയാവും.. അതോണ്ട് നീ പോയെ.. "
എന്നിട്ടും ഓൻ വിടുന്നില്ല..കരച്ചിലോട് കരച്ചിൽ..
പക്ഷെ ആ കരച്ചിലിൽ ഞാൻ വീണില്ല.. കാരണം എനിക്കിപ്പോ ഒരു ഓളുണ്ട്,ഒരു മോളുണ്ട്,ഒരു കുടുംബൂണ്ട്.. രക്തസാക്ഷിയാവാൻ വയ്യ..
ഫോൺ വെച്ച്..!

അങ്ങനെ ഓഗസ്റ്റ് 14 ആയി.. ചെങ്ങായി ജാബിന്റെ മങ്ങലം മംഗളമായി കഴിഞ്ഞു..ഓഗസ്റ്റ് 14-ന് ഞാൻ വീട്ടിൽ ആ പ്രഖ്യാപനം അങ്ങ് നടത്തി..
"നാളെ ഞാൻ കോളേജിൽ പോകുന്നു,ഈ ഗെറ്റ്-ടുഗതർ ജ്വലിക്കും,നോക്കിക്കോ.."
"ഒവ്വ.. സഹകരണാശുപത്രീൽ എത്താണ്ട് നിന്നാ മതി.. " ഓളുടെ ഓർമ്മപ്പെടുത്തൽ പുച്ഛിച്ചു തള്ളി..
"നാളെ കമ്പ്ലീറ്റ് നൊസ്റ്റാൾജിയ ആണ്.. അതോണ്ട് പണ്ട് കോളേജിൽ പോയ ദിവസം എങ്ങനാണോ അങ്ങനാ നാളേം.. അതോണ്ട് നാളെ ബൈക്കിനല്ല,ബസിനാ പോണേ.." എന്റെ അടുത്ത പ്രഖ്യാപനം..
"എല്ലാം അത് പോലാണോ??" ഉമ്മേടെ ചോദ്യം..
"ആ.. എന്ത്യേ ??"
"അങ്ങനാണേൽ ഇറങ്ങാം നേരം ഉപ്പാനെ എവിടേം പോവാതെ ഇവിടെ തന്നെ നിറുത്തണം..ഉപ്പാന്റെ വായിലിരിക്കുന്നത് കേൾക്കാതെ 3 കൊല്ലം നീ ഇവിടന്ന് ഇറങ്ങിയിട്ടില്ലല്ലോ.."

ഫ്ളഷ്ബാക്കിന്റെ ടോൺ..
'കണ്ട തെണ്ടിപ്പിള്ളേരുടെ കൂടെ പാതിരാത്രി മുഴുവൻ അലഞ്ഞു തിരിഞ്ഞു കേറി വന്നിരിക്കുന്നു കോളേജിൽ പോകാൻ..' 
മൈൻഡ് ഒരു വേള പഴയ കാലത്തിലേക്ക് തിരിച്ചു പോയി.. വല്ലാണ്ട് അവിടെ നിക്കാൻ മൈൻഡിനെ വിടാണ്ട് തിരിച്ചെടുത്തു..ബാക്കി ഡയലോഗ് അതുക്കും മേലെയാ..
 "മാണ്ട.. നിങ്ങളൊക്കെ തൽക്കാലം നൊസ്റ്റാൾജിയ ആക്കണ്ട.. ഞാൻ മാത്രം ആക്കിക്കോളാം..കേട്ടാ.." ആ സീൻ പിരിച്ചു വിട്ടു.. ഇല്ലേൽ കുറെ എന്തൊക്കെയോ വരും..

ആ രാത്രി അങ്ങനങ്ങു തീർന്നു..നേരം നേരത്തെ തന്നെ വെളുത്തു..

കുളിക്കാൻ നേരമാ ഡ്രസ്സ് കോഡ് ഉണ്ടാക്കിയ കാര്യം ഓർമ്മ വന്നത്.. നീലക്കുപ്പായമോ പാന്റോ വേണമെന്നാ പറഞ്ഞത്..
മമ്മിഞ്ഞിന്റെ കല്യാണത്തിനിട്ട നീലക്കുപ്പായം തന്നെ ഇടാം.. CITU ഡ്രസ്സ് പോലുണ്ട് എന്നെല്ലാരും പറഞ്ഞന്ന് ഇനി ഈ പുല്ലിടൂല എന്ന് പറഞ്ഞു ഊരിവെച്ചതാ.. അതൊന്നൂടി എടുത്ത്..
അതൊന്ന് തേക്കാൻ ഓൾക്ക് നേരെ നീട്ടി..
"ഇതെന്താ നീലയൊക്കെ.."
"ഡ്രസ്സ് കോഡ് നീല വേണമെന്നാ റിഷാന പറഞ്ഞേ.."
"അതെന്തിനാ..?" അവളുടെ ഡൌട്ട്..
"ഓ.. റിഷാന പുതിയ നീല ചൂരിദാറ് വല്ലോം വാങ്ങിക്കാണും.. അത് കാണിക്കാൻ നമ്മളേം കൂടി നീലയാക്കുന്നു.. അല്ലാണ്ട്ന്നാ..നീ തേക്കാൻ നോക്ക്.."
"ഇന്നത്തെ ദിവസം കോളേജിൽ പണ്ട് പോയ ദിവസം പോലെ തന്നെയാ എന്നല്ലേ പറഞ്ഞെ.. അന്ന് ഞാൻ സ്കൂളിൽ പഠിക്കുവാ.. തേക്കാൻ നേരൂല്ല..എനിക്ക് ഹോം വർക്ക് ചെയ്ത് തീർക്കാനുണ്ട് കേട്ടാ.." ഓള് തേച്ചിട്ടങ്ങു പോയി,ഡ്രെസ്സല്ല,എന്നെ..!!
വന്ന് വന്ന് ഓളും സിമ്പോളിക് ആയി വരുന്നുണ്ട്.. ഒന്നും മിണ്ടാൻ പറ്റാത്ത ഓരോ അവസ്ഥാന്തരങ്ങൾ.. !

ഞാനെന്നെ തേക്കാൻ തേപ്പു പെട്ടി എടുത്ത്.. എന്നും ചെയ്യാറുള്ളത് പോലെ തേപ്പു പെട്ടിയുടെ പൊടി കളയാൻ തേപ്പു പെട്ടി കൊണ്ട് തുടക്ക് രണ്ട് തേപ്പ്..
അടുത്തത് വൻ അലർച്ചയാ..
എന്നതാ കാര്യം ??
അതെന്നെ.. ഉപ്പ ഡ്രെസും തേച്ചു  പ്ളഗ് ഊരിയ മൊമെന്റിലായിരുന്നു എന്റെ പൊടി കളയൽ.. പൊടീം പോയി,ഇച്ചിരി തോലും പോയി..പൊന്നീച്ച പറന്നു.. ജ്വലിച്ചു തുടങ്ങി മോനെ..!!

ഏതായാലും പൊള്ളിയ സെന്റിമെന്റിൽ ഓള് ഡ്രസ്സ് തേക്കാൻ സമ്മയിച്ചു.. ഓള് ആദ്യം തന്നെ എന്നെ തേക്കാണ്ട് ഡ്രസ്സ് തേച്ചിരുന്നേൽ ആ ജ്വലിക്കൽ ഒഴിവാക്കാരുന്നു..!!

കുളീം കഴിപ്പും ഡ്രസിങും ഒക്കെ കഴിഞ്ഞു.. ഇറങ്ങാൻ നേരം ഓള് പിറകീന്ന് വിളിച്ചു..
"നല്ലോരു കാര്യത്തിന് പോകുമ്പോൾ പിറകീന്നു വിളിക്കല്ലേ.. ജ്വലിക്കേണ്ടതാ.. എന്തേ??" ദേഷ്യത്തോടെ ചോദിച്ചു...
ഓളൊന്നും മിണ്ടാണ്ട് ഉറങ്ങിക്കിടക്കുന്ന മോളെ ചൂണ്ടി കാണിച്ചു..
അതെന്തിനാ.. കുറച്ചു നേരം ഒന്നും മനസ്സിലാവാതെ ആലോചിച്ചു..
പിന്നാ ഓർത്തത്,സിംബോളിക്കാ,സിംബോളിക്ക്..
'പണ്ടത്തെ പോലെ കെട്ട് വിട്ട പട്ടമല്ല,കെട്ടിയിട്ട പശുവാന്ന്' ഓള് സിംബോളിക് ആയി ഓർമപ്പെടുത്തിയതാ..!!
ഒന്നും മിണ്ടാണ്ട് മോൾക്ക് ഒരുമ്മ കൊടുത്തിറങ്ങി..!!

ബസ് വന്നു..പഴേ പോലെ ചാടിക്കേറി..
കണ്ടക്ടർ വന്നപ്പോൾ ഒരു രൂപ 25 പൈസാ കൊടുത്തു.. കൺസഷൻ..അങ്ങേരു അടിമുടിയൊന്ന് നോക്കി..
സംഭവം എനിക്കപ്പോഴാ കത്തിയത്..15 രൂപ എടുക്കുന്ന നേരം കൊണ്ട് അങ്ങേരുടെ അനർഘ നിർഗ്ഗള വാക്കുകളാൽ കൊട വിരിഞ്ഞു.. പൂരം കണ്ട സന്തോഷം..!!

ബസ്സിന്‌ പുറത്തെ കാഴ്ച്ചകൾ പോലെ ഓർമ്മകളും പിന്നോട്ട് സഞ്ചരിച്ചു തുടങ്ങി..
ഒരു കാര്യവുമില്ലാതെ വ്യവസ്ഥിതിയെ  വെല്ലുവിളിച്ച മൂന്നു വർഷങ്ങൾ..
പെണ്ണ് സെറ്റ് ആവുന്നത് വരെ പ്രണയത്തോടും സെറ്റ് ആയതിനു ശേഷം അതെ പെണ്ണിനെ തന്നെ വളക്കാൻ ശ്രമിച്ച മറ്റു അലവലാതികളോടും കലഹിച്ച മൂന്നു വർഷങ്ങൾ..
കൂട്ടത്തിലുള്ളവനെ നമ്മള് തല്ലുകയോ തലോടുകയോ ചെയ്യും,പക്ഷെ പുറത്തുള്ളോൻ ഓനെയൊന്നു തുറിച്ചു നോക്കിയാൽ പോലും "വാ അളിയാ.. ഓന്റെ മയ്യിത്ത് കൊണ്ട് ചിരിയും കളിയുമാ ഇന്നെന്ന്" പറഞ്ഞു നെഞ്ചും വിരിച്ചിറങ്ങിയ ദിനങ്ങൾ,ആൾബലം കണ്ട് കൊടുത്ത തല്ലുകൾ,തിരിച്ചു കിട്ടിയ കല്ലേറുകൾ,തെറി വിളികൾ..!!
പ്രണയിച്ച, സൗഹൃദം എന്തെന്ന് പഠിപ്പിച്ച,കോപ്പിയടിയിലും ഒരു കലയുണ്ടെന്നു തിരിച്ചറിഞ്ഞ,സെമിനാർ കണ്ടു പിടിച്ചവന്റെ തന്തക്ക് വിളിച്ച,ഇന്റെർണൽ അസൈന്മെന്റ് കണ്ടു പിടിച്ചവന്റെ തള്ളക്ക് വിളിച്ച മൂന്നു വർഷങ്ങൾ..
ഓർമ്മകൾക്കെന്തു സുഗന്ധം..!!

ബസ് സർ-സയ്ദ് കോളേജ് സ്റ്റോപ്പിലെത്തി.. ഒന്നും നോക്കാണ്ട് ചാടിയിറങ്ങി..
കണ്ടക്ടർ ചൂഴ്ന്ന് നോക്കുന്നു.. വിട്ടില്ല,തിരിച്ചും അതെ നോട്ടം കലിപ്പോടെ നോക്കി..
അപ്പോഴാ വല്യൊരു സത്യം ഓർമ്മ വന്നത്..
'പടച്ചോനെ,ഗെറ്റ് ടുഗതർ പറഞ്ഞത് കോളേജിൽ അല്ലല്ലോ, തളിപ്പറമ്പും കഴിഞ്ഞുള്ള കുപ്പത്തല്ലേ.. പിന്നെന്തിനാ ഞാൻ ഇവിടെ ചാടിയിറങ്ങിയേ..' ഞാനെന്നോട് തന്നെ ചോദിച്ചു..
ചുമ്മാതല്ല കണ്ടക്ടർ തെണ്ടി നോക്കുന്നെ,തളിപ്പറമ്പിലേക്കു ടിക്കറ്റ് എടുത്ത് അവിടെത്തും മുമ്പ് ചാടിയിറങ്ങിയാ ആരായാലും നോക്കും..
തിരിച്ചു കേറിയാലോ??
അങ്ങേരുടെ പുച്ഛം ഏറ്റു വാങ്ങേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ആ ചിന്ത അപ്പൊത്തന്നെ മടക്കി വെച്ച്.. അങ്ങേരിപ്പോഴും ആ നോട്ടം തന്നെയാ.. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ,ഞാനും തിരിച്ചു നോക്കി നെഞ്ചും വിരിച്ചു പറഞ്ഞു.
"പൈസ എനിക്ക് പുല്ലാ.. എനിക്കിഷ്ടമുള്ളിടത്തു ഞാനിറങ്ങും.ചിലപ്പോ കണ്ണൂരേക്ക് ടിക്കറ്റ് എടുത്ത് തളിപ്പറമ്പിൽ ഇറങ്ങും.നിനക്കെന്താ അതിന് ?"
"നിനക്ക് പ്രാന്താടാ.. " അതും പറഞ്ഞു അങ്ങേര് ഡബിൾ അടിച്ചു,ബസ് പോയി,എന്റെ മാനോം..!

അടുത്ത ബസിൽ കേറി ഒന്നൂടി തളിപ്പറമ്പിലേക്ക് ടിക്കറ്റ് എടുത്ത്..ഒന്നും ഓർക്കാൻ നിന്നില്ല,ഇനീം നാണം കെടാൻ വയ്യ..!
തളിപ്പറമ്പ എത്തി.. ഫോൺ എടുത്ത് പ്രിജേഷിനെ വിളിച്ചു..
"ഞാൻ തളിപ്പറമ്പ എത്തി..നീ എവിടാ അളിയാ..?"
"പോടാ.. ഞാൻ കോളേജിന്റവിടെ ബസ് ഇറങ്ങി 10 മിനിറ്റ് ആയി ഇവിടെ പോസ്റ്റ് ആയിട്ട്.."
"ങേ.. നീ തളിപ്പറമ്പും കഴിഞ്ഞു എന്തിനാ അവിടെ പോയെ.. കുപ്പത്തല്ലേ പരിപാടി വെച്ചിരിക്കുന്നത്.."
"ശെടാ.. ശരിയാണല്ലേ..ഞാനെന്തിനാ ഇവിടെ വന്നേ.." അവന്റെ ചോദ്യം..
ഞാനുത്തരം പറഞ്ഞില്ല..ഫോൺ കട്ട് ചെയ്തു..
ഞാൻ ഒന്നെറിഞ്ഞാ ഓൻ ഒമ്പതെറിയും.. അതാ ഓൻ ..
ഓനേം വെയിറ്റ് ചെയ്തു 10 മിനിറ്റ് പോസ്റ്റ് ആയ നേരം നോക്കി ഫേസ്ബുക്കിൽ ഒരു പോസ്റ്റും ഇട്ട്..!

അവനെത്തി..ഓട്ടോ പിടിച്ചു കുപ്പത്തേക്കു..
ലേക്ക് പാർക്ക് ആണ് ഡെസ്റ്റിനേഷൻ.. അവിടാ പ്രോഗ്രാം പ്ലാൻ ചെയ്തിരിക്കുന്നെ..!
താക്കോൽ വാങ്ങി ഗേറ്റ് തുറന്നു..
ഞാൻ നോക്കി..ഏകദേശം ഒരു 2 സെന്റ്‌ സ്ഥലത്തു നിർമ്മിച്ചിരിക്കുന്ന വലിയ വിശാലമായ പാർക്ക്..പ്രിജേഷ് കണ്ടിഷ്ടപ്പെട്ടു ബുക്ക് ചെയ്തതാ.. അവനെ നോക്കി പുച്ഛിക്കാൻ നിന്നില്ല.. എത്രാന്നു വെച്ചാ..!!
"നല്ല വിശാലമായ പുറം".. പ്രിജേഷിന്റെ ഡയലോഗ്..
ഞാനവനെ കലിപ്പോടെ നോക്കി.. റോഡിലൂടെ നടന്നു പോകുന്ന ചേച്ചിയെ നോക്കിയാ അവൻ  പറഞ്ഞെ..ഞാനും നോക്കി..
"ശരിയാ.. നല്ല വിശാലമായ പുറം.." ചേച്ചി പോയി..ഇത് പോലോത്ത വല്ല കാഴ്ചയും കണ്ടോണ്ട് തന്നാവും തെണ്ടി പാർക്ക് ബുക്ക് ചെയ്തത്.. ഞാൻ പിന്നേം പാർക്കിലേക്ക് നോക്കി..
ചെറുതാണേലും പ്രകൃതി രമണീയത നിറഞ്ഞൊഴുകുന്ന പാർക്കൊക്കെ തന്നെയാ..
വിശാലമായ പച്ചപ്പുല്ലിൽ ഇരിക്കാനുള്ള സ്ഥലമുണ്ടെന്നാ ഓൻ ഗ്രൂപ്പിൽ പറഞ്ഞത്..മഴ നല്ലോണം പെയ്തോണ്ട് പുല്ലിൽ ഇരിക്കാനുള്ള പൂതി നാലായി കീറി പുഴയിലെറിയേണ്ടി വന്നു..പുല്ല്..!!

പാർക്കിന്റെ തൊട്ടടുത്തുള്ള ഹാളിന്റെ താക്കോലുമായി പാർക്കുടമ ചേച്ചി വന്നു.. മുറി തുറന്നു.. !
കുറ്റം പറയരുതല്ലോ..നല്ല ഹാൾ..കൊള്ളാം..
പെട്ടെന്നൊരു കാർ വന്നു..
സഫീറ ഫാമിലിയായി വന്നിരിക്കുന്നു.. കൂടെ റിഷാനയും.. എന്റെ ഊഹം ശരിയായിരുന്നു,റിഷാനയുടെ പുതിയ  നീല ചൂരിദാർ കാണിക്കാൻ വേണ്ടി മനപ്പൂർവാ ഓള് നീല യൂണിഫോം എന്നൊക്കെ പറഞ്ഞത്.. മിടുക്കി..!!
വിശാലമായ പാർക്ക് കഥ കേട്ട് തന്നാ സഫീറയുടെ മക്കളും വന്നതെന്ന് തോന്നുന്നു..പാർക്ക് കണ്ട ഉടനെ തന്നെ പിള്ളേര് തിരിച്ചു വണ്ടീൽ കേറി..ഉമ്മാനെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല..
"ഇത്രേം വല്യ പാർക്കിൽ പിള്ളേരെ കളിക്കാൻ വിട്ടാ ചിലപ്പോ കാണാതായി പോകും.." ഓളെ മാപ്പിളേടെ ഡയലോഗ് കൂടി ആയപ്പോ സംഗതി ഒന്നൂടെ ജ്വലിച്ചു..
ഫാമിലി ആയി വന്ന സഫീറ അങ്ങനെ പാർക്കിന്റെ കൊണം കൊണ്ട് സിംഗിൾ ആയി..!!

തൊട്ടു പിറകെ ഓട്ടോ വന്നു.. ഷംസീനയും മിതയും ഷാനിബയും ഇറങ്ങി..
15 പേര് ഉറപ്പായും വരുമെന്ന് പറഞ്ഞതാ.. ലാസ്റ്റ് ടൈം എല്ലാരും നൈസ് ആയി വഞ്ചിച്ചു..
സഫീറിന് കണ്ണൂർ കോട്ടയിൽ സ്വാതന്ത്ര ദിനത്തിന്റെ സല്യൂട്ട് സ്വീകരിക്കാൻ പോണം പോലും..ഓരോരോ കാരണങ്ങൾ..ഓനിപ്പോഴും നല്ല ബിടലെന്ന്യാ..!!
പണ്ട് പഠിക്കാനുള്ളത് മുഴുവൻ പച്ചവെള്ളം പോലെ പഠിച്ചിട്ടു  വന്നാലും പരീക്ഷ എന്ന് കേൾക്കുമ്പോൾ വിറയ്ക്കുന്ന മിനി ഇപ്പൊ പോലീസിലാണ് എന്നറിഞ്ഞപ്പോ മൂന്നു ദിവസാ ഞാൻ ചിരി നിർത്താൻ കഷ്ടപ്പെട്ടെ..ഓള് സല്യൂട്ട് അടിക്കാനും പോയി.. !!

അങ്ങനെ ശുഷ്കിച്ച അംഗങ്ങളെ വെച്ച് സെൽഫി തുടങ്ങി..അതിനിടയിൽ സജേഷ് വന്നു..

ഉയരം കൂടുംതോറും ചായക്ക്‌ സ്വാദ് കൂടും എന്ന് പറഞ്ഞത് കേട്ട് കുടിയാന്മലയിൽ കേറി നിന്ന് ചായ കുടിച്ച അതേ സജേഷ്..അകന്നിരുന്നാൽ സ്നേഹത്തിന്റെ ആഴം കൂടും എന്ന് പറഞ്ഞു പ്രേമിക്കുന്ന പെണ്ണിനെ കുറച്ചൂസം വിളിക്കാണ്ട് നിന്നു... അത് ഓള് മുതലാക്കി..ഓനെ നൈസ് ആയി തേച്ചിട്ട് ഓള് ഓന്റെ ചെങ്ങായിന്റെ കൂടെ പോയി.. അന്ന് മുതൽ നിരാശാകാമുകനായി നടക്കുന്ന സജേഷിനെ എല്ലാരും ചേർന്ന് പഴേ പോലെ ആക്കി.. ഓനുഷാറായി..!
ജംഷീറിനെ വിളിച്ചപ്പോൾ ഓൻ കോളേജിലേക്കുള്ള ബസ് കേറിയെന്നു പറഞ്ഞു..
"മണ്ടൻ കുണാപ്പി,നൊസ്റ്റാൾജിയ വലിച്ചെറിഞ്ഞു പാർക്കിലേക്ക് വാടാന്നു" പറഞ്ഞു ഓനെ പ്രിജേഷ് പച്ചത്തെറി വിളിച്ചു..കലികാലം..!!
വൈകാതെ ജംഷീറും എത്തി..
പിന്നീടങ്ങോട്ട് സംഗതി കത്തിക്കയറി.. കഷണ്ടിയും ഫഹദ് ഫാസിലും തുടങ്ങി വേലുത്തമ്പി ദളവയെ കുറിച്ച് വരെ സംസാരിച്ചു.. റിഷാന പ്ലാൻ ചെയ്ത് കൊണ്ട് വന്ന ഗെയിംസ് ഒക്കെ കത്തിക്കേറി..
മണിക്കൂറുകൾ മിനിറ്റുകളായി മാറി..എല്ലാവരുടെയും പ്രായം പിന്നെയും പിന്നെയും കുറഞ്ഞു വന്നു..ഇനീം കുറഞ്ഞാ ശരിയാവൂല എന്ന് പടച്ചോന് തോന്നി തുടങ്ങിയത് കൊണ്ടാവും പടച്ചോൻ പ്ലാനങ്ങട്‌ മാറ്റിപ്പിടിച്ചു.. ഷാനിന്റെ മാപ്പള വിളിച്ചു..
"ഇനീം വൈകിയാ കുഞ്ഞുങ്ങളെ നോക്കാൻ ഞാൻ വേറെ കെട്ടും " എന്ന് ഭീഷണി..
ഓളോടി..!!
മറ്റുള്ള ഭർത്താക്കന്മാരും ഇതേ ടോൺ പറയാൻ സാധ്യത ഉള്ളതിനാൽ മനസ്സില്ലാ മനസ്സോടെ മറ്റുള്ളവരും.. !!

മനസ്സു നിറഞ്ഞ മൂന്നു മണിക്കൂറുകൾ.. സൗഹൃദത്തിന്റെ കുളിർമയിൽ നനഞ്ഞ നിമിഷങ്ങൾ..ശരിക്കും ജ്വലിച്ചു.. !!
സജേഷ് പോയി.. ഞാനും ജംഷിയും പ്രിജേഷും പഴയത് പോലെ ഒരുമിച്ച് നടന്നു.. പെട്ടെന്ന് എന്തോ കണ്ടു പ്രിജേഷ് പോസ് അടിച്ചു നിന്ന്.. അവൻ ഒരു വീടിന്റെ മുകളിലേക്ക് നോക്കി..
അവിടെ ഒരു പെൺകുട്ടി.. ഞങ്ങൾ സൂക്ഷിച്ചു നോക്കി..
അതവളാ.. സൗമ്യ..!!
"ഫിറോസ്,നീ പ്രണയത്തിൽ വിശ്വസിക്കുന്നുണ്ടോ?? " ഓന്റെ ചോദ്യം..
"ഇല്ല.. നല്ല നാടനടിയിൽ വിശ്വസിക്കുന്നുണ്ട്" ഓളുടെ ആങ്ങളമാരുടെ മുഖങ്ങൾ ഓർമയിൽ പതിഞ്ഞപ്പോൾ ഞാൻ പറഞ്ഞു..
"അല്ലടാ..ഈ ഗെറ്റ് ടുഗതർ ഒരു  നിമിത്തമാ.. എന്റെ പ്രണയം പൂവണിയാൻ ദൈവം വെച്ച് നീട്ടിയ നിമിത്തം.. "
അതും പറഞ്ഞു ഓൻ ആ വീട്ടിന്റെ ഗേറ്റ് ലക്ഷ്യമാക്കി നടന്നടുത്തു..

ഇനിയാണ് ജ്വലിക്കുക.. പ്രണയത്തിന്റെ ജ്വാല ഒരു തീപ്പിടുത്തമാവുമോ?
കണ്ടറിയണം...

Thursday, August 4, 2016

സ്നേഹമുള്ള അട്ട..

"നമസ്കാരം.. നമുക്കെന്നാ ചർച്ചയിലേക്ക് കടക്കാം.. എറണാകുളം ഇൻഫോപാർക്കിലെ തപസ്യ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ക്യാന്റീനിൽ... "
"എടേയ്.. എടേയ്.. നിർത്തിനിടെയ്.. പ്രമുഖ കാന്റീൻ എന്നാ.. പേര് പറയാൻ പറ്റൂലേ ??"
"അങ്ങനെ പാടില്ലെന്നാ.. സാധാരണ ഇങ്ങനെ വരുമ്പോൾ കേട്ടിട്ടില്ലേ, പ്രമുഖ വ്യവസായി,പ്രമുഖ ആശുപത്രി എന്നൊക്കെ.. അത് പോലെ.."
"ഓ.. അപ്പൊ സ്നേഹ എന്നൊന്നും പറയാൻ പറ്റില്ലല്ലേ.. എന്നാ വേണ്ട.."
"എറണാകുളം ഇൻഫോപാർക്കിലെ തപസ്യ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ക്യാന്റീനിൽ നിന്നും ഓർഡർ ചെയ്ത സവാള വടയിൽ നിന്നും അട്ടയെ കിട്ടി എന്നതാണ് നമ്മുടെ വിഷയം..പറയൂ എന്താണ് സംഭവം. ,എപ്പോഴാണ് അട്ടയെ കിട്ടിയത്.."
"ഓഗസ്റ്റ് 4  വൈകുന്നേരം ചായയുടെ കൂടെ കടി കിട്ടുമോന്നു ചോദിച്ചതാ..അവർ കടി കിട്ടുമോ എന്ന് മാത്രേ കേട്ടുള്ളൂ എന്ന് തോന്നുന്നു. അതോണ്ടാവും അട്ടയുള്ള സവാള വട തന്നെ എടുത്ത് തന്നത്..ഒരു സവാള മാത്രം എന്താ ഇങ്ങനെ കരിഞ്ഞിരിക്കുന്നേ എന്ന് നോക്കിയപ്പോ ആട്ടയങ്ങു നീണ്ടു നിവർന്നു കിടക്കുകയാ... "
"എന്തായിരുന്നു അപ്പോൾ അട്ടയുടെ അവസ്ഥ??"
"അട്ടയുടെ അവസ്ഥ എന്തായിരുന്നു എന്നറിയില്ല.. പക്ഷെ അത് കിട്ടിയവരുടെ അവസ്ഥ വളരെ വളരെ നല്ലതായിരുന്നു.. "
"അതല്ല.. അട്ട ചത്തിരുന്നോ അതോ ജീവനോടെ ആയിരുന്നോ എന്ന്.."
"അത് പിന്നെ.. അട്ട നമ്മളെ പോലെ പ്രതിരോധ കുത്തിവെപ്പൊന്നും എടുക്കാറില്ലല്ലോ.. സോ ചൂടുള്ള എണ്ണയിൽ വീണപ്പോൾ തന്നെ ചത്ത് കൊടുത്തതാവാനാ സാധ്യത.."
"പക്ഷെ അവർ പറയുന്നത് ആ വട പുറത്തു നിന്ന് വാങ്ങിയതാണ് എന്നാണല്ലോ.."
"അങ്ങനെയാണേൽ അവർ നാളെ വല്ല പെരുച്ചാഴിയോ,അല്ലേൽ വല്ല വിഷമോ കലക്കി തന്നു, ദിസ് ഈസ് നോട്ട് മേഡ് ഫ്രം ഹിയർ..മേഡ് ഫ്രം കുന്നംകുളം എന്നൊക്കെ പറഞ്ഞാൽ നമ്മള് മിണ്ടാതിരിക്കണോ ??"
"മിണ്ടാതിരിക്കുന്നതല്ലേ ഇതിനും നല്ലത്.. ഇതിനുമുമ്പ് പാറ്റയും,പിന്നെ ബാൻഡ് എയ്ഡും കിട്ടിയിട്ടും എന്തുണ്ടായെന്നാ??ബാൻഡ് എയ്‌ഡ്‌ കട്ലെറ്റിൽ ചെറിയ മുറിവുണ്ടായത് കൊണ്ട് ഒരു ഫസ്റ്റ് എയ്ഡ് എന്ന നിലക്ക് കെട്ടിയതാണ് എന്നല്ലേ പറഞ്ഞെ.."
"അതല്ല പിള്ളേച്ചാ.. ഇന്നവർ പിന്നാമ്പുറം കാണിച്ചു.. നാളെയവർ ഉമ്മറം കാണിച്ചാലോ എന്ന് പേടിച്ചിട്ടാ..."
"എന്തുട്ട്‌ ??"
"അല്ല.. പെരുച്ചാഴി,പാമ്പ്,പരാമർ തുടങ്ങിയ എന്തേലും കിട്ടുന്നതിന് മുമ്പ് ഒന്നുറക്കെ നിലവിളിക്കുവുകയെങ്കിലും ചെയ്യാലോ എന്ന് കരുതിയാ.. ഒന്നുറക്കെ നിലവിളിച്ചിരുന്നെങ്കിൽ ഞാനുണർന്നേനെ എന്നാണല്ലോ ശാസ്ത്രം.."
"ഉവ്വുവ്വ്.. ഉണരുന്നതും കാത്തു തെക്കോട്ടു നോക്കി നിന്നോ.. നിങ്ങൾക്കത് ബഹിഷ്‌കരിച്ചൂടെ.."
"അതിനെല്ലാരും വിചാരിക്കണ്ടേ.. ഇന്നലെ അവിടെ അത്രേം ബഹളം നടക്കുമ്പോൾ അകത്തു ഇതുവരെയില്ലാത്ത കച്ചോടം നടക്കുകയായിരുന്നു. ആ കച്ചോടം കണ്ട് അവരെല്ലാ ദിവസവും അട്ട പൊരിച്ചു തരുമോ എന്നാ ഇപ്പോഴത്തെ പേടി.."
"അതെന്താ അങ്ങനെ.."
"ആർക്കും വേറെ വഴിയില്ല .. ആ കട മാത്രേ ഉള്ളൂ.. അതോണ്ട് കണ്ണടച്ചു അവിടന്നു തന്നെ കഴിക്കുന്നു.. അവർ അത് മുതലാക്കുന്നു..ഹോട്ടൽ എന്ന് വെച്ചാൽ വെറും ബിസിനസ് മാത്രമല്ല,ഒരൽപം സേവനം കൂടിയാണ് എന്ന് മനസ്സിലാക്കാത്ത ഇതുപോലോത്തെ ബിസിനസ് മൈൻഡഡ്‌ ആൾക്കാർ ഉള്ളടുത്തോളം ഇതുപോലുള്ള പലതും കാണേണ്ടി വരും.."
"ശോ.. പതറ്റിക്.. എന്നാ ഇവർക്ക് വല്ല വിഷവും കലക്കി തന്നു ഒറ്റയടിക്ക് എല്ലാത്തിനേം കൊന്നൂടെ.."
"ഏയ്.. അതില്ല. ഒറ്റയടിക്ക് കൊല്ലൂല .. ഇഞ്ചിഞ്ചായി മരിച്ചാ മതി നീയൊക്കെ.. അതാണ് ലൈൻ.. "
"ഉം.. പക്ഷെ കാന്റീൻ മൂന്ന് ദിവസത്തേക്ക് അടച്ചിരിക്കുകയാണ് എന്നാണല്ലോ കേട്ടത്.."
"അതൊക്കെ കോമേഡിയല്ലേ ചേട്ടാ.. സാധാരണ ശനീം ഞായറും അവധി ദിവസമാണല്ലോ.. ഇതിപ്പോ എന്താ,ഒരു ദിവസം കൂടുതൽ അടച്ചു എന്ന് മാത്രം... "
"ഉം.. ഇതൊക്കെ കേട്ടിട്ട് മെമ്പർ താഹിർ  എന്താ മിണ്ടാതിരിക്കുന്നെ.."
"ഏയ്,, ഞാൻ ഇമ്മാതിരി കാര്യങ്ങളിലൊക്കെ കേറി അഭിപ്രായം പറയുന്നതങ്ങു നിർത്തി.. ഇതിപ്പോ അട്ടയെ അവഹേളിച്ചു എന്നും പറഞ്ഞു മൃഗ സംരക്ഷണ വകുപ്പുകാർ വന്ന് കേസ് എടുത്ത് നിന്നെയൊക്കെ കൊണ്ടുപോയി ജയിലിൽ അടക്കും.. അവരൊക്കെ അന്ത മാതിരി പെരുമയാന ആള്.. തെരിയുമ.. "
"ങേ.. അതും ശരിയാ.."
"സൊ ഗോ യുവർ ഓഫീസെസ്, ഡൂ യുവർ വർക്ക്,ടേക്ക് സം ബ്രേക്ക്,ഈറ്റ്‌ സം അട്ടഫ്രൈ..ഹാവ് ഫൺ..."

Thursday, March 31, 2016

പട്ടാളക്കാരൻ പുരുഷുവിന് ഒരു തുറന്ന കത്ത്..

Cinema Spoof


പട്ടാളക്കാരൻ പുരുഷു വായിക്കുവാൻ,
പുരുഷുന് ഇപ്പൊ യുദ്ധമൊന്നുമില്ലേ..

കാര്യത്തിലേക്ക് വരാം.. "അനാർക്കലി" സിനിമ ഇറങ്ങിയതിനു ശേഷം ഒരു പട്ടാളക്കാരന്റെ അടാർ ഡയലോഗ് ആണ് ഈ കത്തിന് ആധാരം.. ആ സിനിമ ആ പട്ടാളക്കാരന്റെ അനുഭവമാണെന്ന് വിരളമായ ചിലർക്കെ അറിയുള്ളൂ എന്ന അങ്ങേരുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിച്ചപ്പോൾ,കേരളം  അറിയാത്ത,പാകിസ്ഥാൻ അറിയാത്ത എന്തിന് മ്മളെ ഇന്ത്യ പോലും അറിയാത്ത എന്റെ ജീവിത കഥ ഒരു പട്ടാളക്കാരനോട് തന്നെ പറയണം എന്ന് തോന്നി.. അത് കൊണ്ട് പുരുഷു,ഇങ്ങളോട് ഞാനെല്ലാം തുറന്നു പറയുന്നു..

പുരുഷു,ഇങ്ങള്  ഈ ധാരാവി ധാരാവീന്ന് കേട്ടിട്ടുണ്ടോ??..
ആ ധാരാവിയിലെ ഒരു വലിയ കോളനിയിൽ ആയിരുന്നു ഞാനന്ന് താമസിച്ചിരുന്നത്.. ആ ദിവസങ്ങളിലൊരിക്കൽ  ഉറക്കം വരാത്ത ഒരു രാത്രിയിൽ എന്തൊക്കെയോ ചിന്തിച്ചിങ്ങനെ കിടക്കുവായിരുന്നു.. അപ്പോഴാ കേന്ദ്ര ഗവണ്മെന്റിന്റെ പരസ്യം ഓർമ വന്നത്.. "എവിടെ ചിന്തിക്കുന്നുവോ,അവിടെ ശൌചാലയം",ഞാനാണേൽ അവിടെ കിടന്നു ചിന്തിക്കുകേം ചെയ്തു.. പിന്നൊന്നും നോക്കിയില്ല, ന്റെ ഒരു പഴയ ഫ്രണ്ട് ഉണ്ട്,പേര് ജഗന്നാഥൻ,വല്യക്കാട്ടെ ഗുണ്ടയാ.. ഓനെ വിളിച്ചു.. ഒറ്റ രാത്രി കൊണ്ട് ധാരാവിയിലെ ആ വലിയ കോളനി ഓനങ്ങ്‌ ഒഴിപ്പിച്ചു അപ്പത്തന്നെ അവിടൊരു ശൌചാലയം പണിത്.. ഓർക്കുമ്പോൾ ഇപ്പോഴും കുളിര് കോരുന്നു..!!

അത് കഴിഞ്ഞു പിറ്റേന്ന് തന്നെ ഞാനവിടം വിട്ടു.. എത്തിപ്പെട്ടത് ഒരു ഗുഹയിൽ,ഒരു വെല്യ സിംഹത്തിന്റെ മടയിൽ.. കുറച്ചു നാൾ കഴിഞ്ഞു ധേ വരുന്നു പിന്നേം ജഗന്നാഥൻ..എന്ത് പണ്ടാരത്തിനാ ഓനിപ്പോ വരുന്നത് എന്നൊരു പിടിത്തോമില്ല.. എന്നെ അവിടെ വെച്ച് കണ്ടാൽ സീൻ ആവുമോ എന്നൊരു പേടിയും.. ഓടാനാ ആദ്യം ഒരുങ്ങിയത്,അപ്പോഴാണ് പണ്ടാരോ അവിടെ ഉപേക്ഷിച്ചു പോയ ഒരു മദ്യക്കുപ്പിയും ഒരു ഉണക്ക മുന്തിരിയും എന്റെ ശ്രദ്ധയിൽ പെട്ടത്.. ഉണക്ക മുന്തിരി എടുത്തു എന്റെ വലത്തേ കവിളിന്റെ മുകളിൽ ഫിറ്റ്‌ ചെയ്തു.. കണ്ണാടീൽ നോക്കി ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി 'ഇങ്ങളാരാന്ന്'..?
ഓൻ അടുത്തെത്തി.. ഉണ്ണിയുള്ളത് കൊണ്ട് ഭാഗ്യത്തിന് ഓനും ആളെ മനസ്സിലായില്ല.. ഭാഗ്യം..
എന്തിനാ വന്നതെന്ന് ചോദിച്ചു.. സംഗീതം പഠിക്കണം എന്ന് മറുപടി.. "പടച്ചോനെ,പെട്ടല്ലോ.." ഞാനെന്നോട് തന്നെ പറഞ്ഞ്..
പിന്നെ എന്തേലും കയ്യിൽ തടഞ്ഞാലോ എന്നോർത്ത് ദക്ഷിണ വെക്കാൻ പറഞ്ഞു.. ഓൻ പോക്കറ്റിൽ കയ്യിട്ടു.. മീൻവല പോലെയാ ഓന്റെ കീശ.. കമ്പ്ലീറ്റ്‌ ഓട്ടകൾ.. ഒടുവിൽ ഓൻ ഒരു മിനിറ്റ് കണ്ണടച്ചങ്ങു നിന്നു,(ഓന്റെ അമ്മയെ ധ്യാനിക്കുകയായിരുന്നു എന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു..) പിന്നെ ഒരലർച്ച ആയിരുന്നു..ആ..ആ...
'പെറ്റ തള്ള സഹിക്കൂല..' അമ്മാതിരി പാട്ട്, അതോണ്ട് തന്നെ മുഴുമിപ്പിക്കാൻ വിട്ടില്ല,കെട്ടിപ്പിടിച്ചു... പിന്നെ കുറച്ചു നാൾ ഓനെന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. ഒടുവിൽ ഓൻ ഒരു കുരിശാവും എന്ന് തോന്നിയപ്പോൾ ഞാൻ മരിച്ചെന്നു പറഞ്ഞു ഞാൻ തന്നെ ഒരു കത്തെഴുതി വെച്ച് അവിടന്നങ്ങു മുങ്ങി.. ഓൻ ഏതോ ഒരു കബറിന്റെ അടുത്ത് പോയി പച്ച മണ്ണൊക്കെ വാരിയിടുന്നത് ദൂരെ നിന്നു കണ്ടു.. പിന്നെ കുറെ ഹിന്ദിയും..വട്ടായതാവാനാ സാധ്യത..!!

അതിനിടയിൽ തോട്ടക്കാട്ടുകരയിൽ നിന്നും വസുമതി വിളിച്ചായിരുന്നു,പഴയ ലൈൻ ആണ്.. ഇച്ചിരി അവിഹിതം ഒക്കെ ഉണ്ടായിരുന്നു.. പിന്നെ ഞാനങ്ങു വിട്ടു..ഓള് വിളിച്ചിട്ട് കെട്ടണം എന്ന് പറഞ്ഞു ഒറ്റക്കാലിൽ നിക്കുവാ.. ഞാൻ സമ്മതിച്ചില്ല..ഓളെ  ഒഴിവാക്കാൻ വേണ്ടി ളുടെ പേരിലേക്ക് ചന്തു എന്ന ഒരുത്തനെ കൊണ്ട് കത്തയിപ്പിക്കാൻ ചില്ലറ കാശ് ഒരു തമ്പുരാന് കൊടുക്കേണ്ടി വന്നു.. തമ്പുരാനും എന്തോ ഗൂഡമായ എന്തോ ഉദ്ദേശം ഉണ്ടെന്നാ തോന്നിയെ..
ഓള്  പിന്നെ ബാന്ഗ്ലൂരേക്ക് ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി എന്നറിഞ്ഞു.. തൊലഞ്ഞു കാണും.. ഓളെ കാണാൻ വേണ്ടി "കഥയല്ലിത് ജീവിതം" ഇപ്പൊ സ്ഥിരമായി കാണാറുണ്ട്.. !!

പിന്നെ നേരെ കേരളത്തിൽ..ആഗ്രഹം വളരെ സിമ്പിൾ.. ഒരു നാടൻ പെണ്ണിനെ കെട്ടണം.. അപ്പോഴാ പഴയ കളിക്കൂട്ടുകാരി അല്ലിയെ ഓർമ വന്നത്..
നേരെ ഓളുടെ തറവാട്ടിലേക്ക് വെച്ച് പിടിച്ചു...പാതി രാത്രി ആയി അവിടെത്തിയപ്പോ.. പാതിരാത്രി ഒരു വീട്ടിൽ നേരെ കേറി ചെല്ലുന്നത് മോശമല്ലേ,അതോണ്ട് ഓട് പൊളിച്ചു അകത്തു ചാടി.. എത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു, പെട്ട്..!!
അപ്പോഴാ ദൂരത്ത്‌ നിന്നും ഒരു കാലൊച്ച.. തിരിച്ചോടിയാലോ എന്ന് തോന്നി,പക്ഷെ പേടിച്ചിട്ട് കാലനക്കാൻ പോലും പറ്റിയില്ല..അപ്പോഴാ മ്മളെ മേലേപറമ്പിലെ ജയകൃഷ്ണൻ പണ്ട് തമിഴ് പഠിക്കാൻ വേണ്ടി വാങ്ങിച്ച ബുക്ക്‌ അവിടന്ന് കിട്ടിയേ,അത് കയ്യിലെടുത്തു ഒറ്റ ചോദ്യമായിരുന്നു.."യാരത്,യാരത്" (ആൺ ശബ്ദത്തിൽ സംസാരിച്ചാൽ പിടിക്കപ്പെടുമോ എന്ന് തോന്നിയോണ്ട് സൌണ്ട് മാറ്റിയാ സംസാരിച്ചേ..എനിക്ക് ചെലപ്പോഴൊക്കെ ഒടുക്കത്തെ ബുദ്ധിയാ )
പുറത്തേതോ കാരണവരായിരുന്നു.. സംസാരം കേട്ടിട്ട് തഞ്ചാവൂർ ഭാഗത്തുള്ള ഏതോ തമിഴൻ ആണെന്നാ തോന്നിയെ.. എന്തൊക്കെയോ അങ്ങേരു ചോദിച്ചു,ആ ബുക്ക്‌ കയ്യിലുള്ളോണ്ട് ഞാൻ മറുപടീം പറഞ്ഞു.. അവസാനം ദുർഗാഷ്ടമിക്ക് വരാന്ന് പറഞ്ഞ് കാർന്നോരു പോയി,നേരം വെളുക്കുന്നതിനു മുമ്പ് ഞാനും അവിടന്നങ്ങു മുങ്ങി.. കാർന്നോരു ദുർഗാഷ്ടമിക്ക് വന്ന് ഞാൻ വരുന്നത് കാണാതെ ചമ്മത്തേ ഉള്ളൂ.. !! :)

പിന്നെ പൊങ്ങിയത് അങ്ങ് ഹൈറേഞ്ചിലാ.. പണ്ട് ആനക്കാട്ടിൽ ചാക്കോച്ചി വിലസിയ അതേ ഹൈറേഞ്ച്.. അവിടെ വെച്ച് ഒരു നാടൻ പെങ്കൊച്ചിനെ കണ്ടു..ഒറ്റ നോട്ടത്തിൽ ഇഷ്ടായി.. പേര് പിങ്കി.. ഓളുടെ അപ്പന് എന്നേം ഇഷ്ടായി.. പക്ഷെ അപ്പോഴേക്കും വേറൊരു പഹയൻ വന്നു.. ഒരു അലവലാതി ഷാജി.. പിങ്കിയെ കണ്ടപ്പോ തന്നെ ആദ്യാനുരാഗം തലക്കു പിടിച്ച ഒരു ഷാജി പാപ്പൻ.. കുറെ നോക്കി,ഓൻ വിടുന്ന ലക്ഷണമില്ല.. ഓനാനാണേൽ ഒടുക്കത്തെ തലേവരയാ.. ഭയങ്കര ഭാഗ്യമാ എങ്ങനെ നോക്കിയാലും..
ഒടുവിൽ ഓന്റെ കൂടെയുള്ള ഒരുത്തന് ഒരു കുപ്പി കള്ള് മേടിച്ചു കൊടുത്തു കൂടെ കൂട്ടി.. തലയിൽ തേങ്ങ വീണ് ഒരു നെട്ട് ഇളക്കിപ്പോയ ക്യാപ്റ്റൻ ക്ലീറ്റസ്..ഓനാ പറഞ്ഞത്,ഒരാടാ പാപ്പന്റെ ഭാഗ്യമെന്ന്..ഓരോരോ അന്തവിശ്വാസങ്ങൾ..!!

പിന്നൊന്നും നോക്കിയില്ല,ഒരു രാത്രി ഞാനതിനയങ്ങ് റാഞ്ചി.. വെട്ടി വരട്ടി ബാർബർക്യു ആക്കാന്ന് കരുതി ഇരിക്കുമ്പോഴാ ഒരു വെസ്റ്റ് ഇന്ടീസിന്റെ കളിക്കാരൻ വന്നത്.. ആടിനെ കൊടുത്താൽ കുറെ കാശ് തരാമെന്ന്.. ക്ലീട്ടസിന്റെ തലയിൽ വീണത് തേങ്ങയാണെങ്കിൽ ഇങ്ങേരുടെ തലയിൽ വീണത് തേങ്ങാക്കൊല തന്നെയാണ്.. അല്ലാണ്ട് ഒരു പീക്കിരി ആടിന് ഇത്രേം കാശ് കൊടുക്കുമോ ?
അങ്ങനെ ആടിനേം കൊണ്ട് അങ്ങേരു പോയി.. എനിക്ക് കുറെ കാശും കിട്ടി..
ഏതായാലും ആട് പോയത് കൊണ്ട് പാപ്പൻ പിന്നേം കിടപ്പിലായി.. അങ്ങേരെ ഓർക്കുമ്പോൾ പാവം തോന്നും.. പക്ഷെ എല്ലാം എന്റെ പിങ്കിക്കു വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു യുദ്ധം ജയിച്ച സന്തോഷവും..!!

അപ്പൊ പുരുഷു,അടുത്ത ആഴ്ച എന്റെം എന്റെ പിങ്കീടേം കല്യാണമാ..
പിന്നെ ചേക്കിലെ കാര്യം അറിയാമല്ലോ.. മാധവൻ ചേക്ക് വിട്ടു അമേരിക്കയിലേക്ക്‌ ഫാമിലി ആയി പോയി..അവിടെ വെച്ച് ഏതോ കിരീടം കടത്താൻ പോയ പോൾ ബാർബറെ മാധവനും കൂട്ടരും പിടിച്ചെന്ന് കേട്ടു..
"മാധവൻ അമേരിക്കയിലെ കള്ളനാ.. പക്ഷെ മാധവൻ കട്ടതൊന്നും അമേരിക്കക്ക് വെളിയിൽ പോയിട്ടില്ല.. കള്ളൻ മാധവന്റെ കാവലുള്ളപ്പോ ഈ കിരീടം അമേരിക്കക്ക് പുറത്തു കൊണ്ട് പോകാൻ മീഷക്കിത്ര കട്ടി പോരല്ലോ പോൾ ബാർബറെ " എന്ന് പറഞ്ഞു തീരും മുന്നേ ഒറ്റ വെടിക്ക് പോൾ ബാർബർ മാധവനെ തീർത്തെന്നാ കേട്ടത്.. ശവമടക്കും അവിടെ തന്നെയായിരുന്നു..
ഏതായാലും മോളും മാധവനും പോയതോടെ പുരുഷുവിന്റെ വീട്ടിലേക്കുള്ള അരിയും പഞ്ചാരയും കൊണ്ടുള്ള പോക്ക് പിള്ളേച്ചൻ സ്ഥിരാക്കിയെന്നാ കേട്ടത്.. പിള്ളേച്ചൻ ആയോണ്ട് മൈക്കിലൂടെ വിളിച്ച് പറയാതെയാ ഇപ്പൊ വെടി വഴിപാട്..!

ഏതായാലും കല്യാണം അടുത്ത ആഴ്ചയാണ്.. വരണം.. വന്നിട്ട് പുരുഷു എന്നെ അനുഗ്രഹിക്കണം.. !!!

പിന്നെ ഇക്കാര്യം വേറാരും അറിയരുത്.. പബ്ലിസിറ്റി എനിക്കിഷ്ടല്ല പുരുഷൂ.. ലോകം എന്നെ അറിയേണ്ട.. ലോകം അതർഹിക്കുന്നില്ല.. അതോണ്ടാ..!!

Wednesday, January 6, 2016

രമണിയോടപ്പം...!!

"അളിയാ.. ഇനി 24 മണിക്കൂറ് കൂടിയേ ഉള്ളൂ ഓളെ എനിക്ക് നഷ്ടാവാൻ.. ഞാനിനി എന്ത് ചെയ്യുമെടാ.. ??" ബിജു കണ്ണീർ വാർത്തു ..
അതെ, ഓൻ കഴിഞ്ഞ രണ്ടു കൊല്ലായി പ്രേമിക്കുന്ന ഓന്റെ സ്വന്തം മേരിയുടെ കല്യാണാ നാളെ..
വയറ്റിൽ വെച്ചിട്ട്,അല്ല വൈറ്റിലയിൽ വെച്ചിട്ടാ ഓൻ ആദ്യം ഓളെ കണ്ടേ.. പിന്നെ റൂം തെണ്ടി നടന്നു ഒടുവിൽ അവിചാരിതമായി ഓളുടെ അച്ഛന്റെ അടുത്ത് തന്നെ എത്തിയതും,ഓക്സിജൻ പോലും നേരാംവണ്ണം കിട്ടാത്ത ആ വീട് എറണാകുളത്ത് കേട്ട് കേൾവി പോലുമില്ലാത്ത വാടകയ്ക്ക് എടുത്തതിനു പിന്നിലും ഓന്റെ ഹലാക്കിന്റെ പ്രണയം ഒന്ന് മാത്രാ.. !!!
എട്ടും പൊട്ടും തിരിയാത്ത പതിനെട്ടുകാരിയെയും, എട്ടും ഒമ്പതും പതിനെട്ടും വരെ കഴിഞ്ഞ് ജീവിതത്തിൽ നിന്നും റിട്ടയർ ചെയ്യാൻ പോകുന്ന തൊണ്ണൂറുകാരിയെയും വരെ അസാമാന്യ കരവിരുതോടെ വീഴ്ത്തുന്ന ബിജു മേരിയെ പുല്ലു പോലെ വീഴ്ത്തി..!!!
രണ്ടു വീടുകളെ വേർതിരിക്കുന്ന കുളിമുറിയുടെ സൈഡു മതിലിലെ കല്ല്‌ ഓരോ ദിവസോം രണ്ടെണ്ണം വെച്ച് എവിടെ പോകുന്നു എന്ന് നോക്കാൻ വേണ്ടി മാത്രം മേരിന്റച്ചൻ കാണാത്ത ജ്യോല്സര് അന്ന് എറണാകുളം ജില്ലേൽ ഉണ്ടായിരുന്നില്ല.. അങ്ങനെ ആ പ്രണയം കുളിമുറിയും കടന്നു പടർന്നങ്ങ് പന്തലിച്ചു...
എന്തായാലും അമേരിക്കയിൽ നിന്നും ലീവിന് വന്ന പുതുപ്പണക്കാരൻ അയൽവാസി അന്തോണിയെ കണ്ടപ്പോൾ ഓള് ബിജുവിനെ വലിച്ചു വാരി പോസ്റ്റർ ആക്കി അന്തോണിയെ കെട്ടാനങ്ങ് സമ്മതിച്ചു..
"ബിജുവേട്ടൻ എന്നെ ഒരു പെങ്ങളെ പോലെ കാണണം" എന്നാ അവളവനോട് അവസാനായി പറഞ്ഞത്..
"എനിക്ക് നാല് പെങ്ങന്മാരുണ്ട് , അതിലൊന്നിനേം കാണാൻ എനിക്ക് പാതിരാത്രി മതില് ചാടി പോകേണ്ടി വന്നിട്ടില്ലെടീ നാ&$ന്റെ മോളെ..."എന്നാ അവൻ അവളോട് അവസാനായി പറഞ്ഞത്.. (പറഞ്ഞത് മുഴുവൻ ഇവിടെഴുതാൻ പറ്റൂല.. അതോണ്ട് കുറെ ബീപ്.. ബീപ്)


"ഞാനിനി എന്ത് ചെയ്യുമെടാ.. ??" ബിജു ചോദ്യം പിന്നേം ആവർത്തിച്ചു..
"നീയെന്നാ വേണേലും ചെയ്.. ഞങ്ങളെന്തായാലും ഇന്ന് രാത്രി അവിടെപോയി തട്ടാൻ തീരുമാനിച്ചു.. " ഷിനു അത് പറഞ്ഞപ്പോ ബിജു ചാടി എണീറ്റു..
"ആരെ തട്ടാനാ നിങ്ങടെ തീരുമാനം.. " ഓന്റെ ചോദ്യം..
"ചിക്കൻ ബിരിയാണീം മട്ടൻ സ്റ്റൂവും ആണ് സ്പെഷ്യൽ എന്നാ കേട്ടെ..അതങ്ങ് തട്ടും.. " ഷിനുവിന്റെ വിശദീകരണം..
"അവന്റമ്മൂമ്മേടെ സ്റ്റൂ.. "  എണീറ്റ ബിജു അതുപോലെ ഇരുന്നു.. !!!
"എടാ നീ ഇപ്പൊ മഞ്ച് കടിച്ച മങ്കിയെ പോലെ കലിപ്പായിട്ടു കാര്യമില്ല.. നീ ഹിന്ദു,അവള് ക്രിസ്ത്യാനി, അന്നേ പറഞ്ഞതാ,വേണ്ടാ വേണ്ടാന്ന്.. അന്നേരം എന്തായിരുന്നു ബഹളം..ഒരു മതം,ഒരു ദൈവം.. ഇപ്പൊ ഒരു ജാതി സീനായപ്പോ സമാധാനമായല്ലോ.. "ഷിനു കലിപ്പിൽ പറഞ്ഞു നിർത്തി..
"എന്നാലും അവൾക്കു നാല് ആങ്ങളമാർക്കു പകരം മൂന്ന് ആങ്ങളമാരായിരുന്നേൽ നല്ല കിടിലൻ ട്വിസ്റ്റ്‌ ഉണ്ടായേനെ... " സാജിന്റെ കണ്ടു പിടിത്തം..
"എന്തോന്ന് ട്വിസ്റ്റ്‌.. " എന്റെ ചോദ്യം..
"നീ അനിയത്തി പ്രാവ് സിനിമ കണ്ടിട്ടില്ലേ.. ക്ലൈമാക്സിൽ മൂന്നങ്ങളുമാരും ചെക്കൻ വീട്ടുകാരും എല്ലാരും ചേർന്ന കിടിലൻ ട്വിസ്റ്റ്‌.. " ഓൻ വിശദീകരിച്ചു..
കൊടുങ്ങല്ലൂര് മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാതിരാപ്പാട്ടുണ്ട്..ബിജു സാജിനെ നോക്കി അൽപനേരം  അതങ്ങട് ആലപിച്ചു.. ഹാവൂ.. സമാധാനം.. !!!

പറഞ്ഞ വാക്ക് ഞങ്ങൾ തെറ്റിച്ചില്ല..ഞാനും ഷിനുവും സാജും പ്രകാശും കൃത്യ സമയത്ത് തന്നെ പോയി നല്ലോണം തട്ടി..
ചിക്കൻ ബിരിയാണീം മട്ടൻ സ്റ്റൂവും ഐസ്ക്രീമും  എല്ലാം ചേർന്ന നല്ല സൊയമ്പൻ തീറ്റ..
അതിനിടയിൽ ഓളെ ഒരു നോക്ക് കണ്ടായിരുന്നു, വല്യ പെരുന്നാളിന്റെ തലേന്ന് ലോട്ടറി അടിച്ച സന്തോഷം പോലാ ഓളുടെ ആട്ടോം ചാട്ടോം.. അതൊക്കെ കണ്ട് കലിപ്പായി മൂന്നാലു ഐസ്ക്രീം പിന്നേം കേറ്റി ..
"ഒരുത്തനെ മൂഞ്ചിക്കളഞ്ഞ കോലൈസ് പോലെ ഒരു മൂലക്ക് ആക്കിയിട്ടാ അവളുടെ ഒരു അർമാദിക്കൽ .. അവസരം കിട്ടിയാ രണ്ട് പറയാരുന്നു.." ഷിനു ദേഷ്യത്തോടെ പറഞ്ഞു..
ഏതായാലും ഷിനു പറഞ്ഞ ആ അവസരം കിട്ടിയത് അവള് തിന്നോണ്ടിരിക്കുമ്പോഴാ,ആരോടോ ഫോണിൽ കൊഞ്ചി ഒറ്റക്കിരുന്നു തട്ടുവാരുന്നു അവൾ..
ഷിനു കലിപ്പോടെ അവളുടെ നേരെ നടന്നടുത്തു.. കൂടെ ഞങ്ങളും..
"തിന്നോടി തിന്നോ,നിന്ടവസാന തീറ്റ തിന്നോ.. ഒരുത്തനവിടെ ഊണും ഉറക്കും ഇല്ലാണ്ട് പട്ടിണി കിടക്കുമ്പോൾ അവളുടെ ഒരു തീറ്റ.. " അവനതും പറഞ്ഞു സ്ലോ മോഷനിൽ തിരിഞ്ഞു നടന്നു..
സാജിനും എന്തൊക്കെയോ പറയണം എന്നുണ്ടാരുന്നു.. പക്ഷെ പറഞ്ഞില്ല,പകരം ഓൾക്ക് കഴിക്കാൻ വെച്ച ഐസ്ക്രീം എടുത്ത് ഷിനൂന്റൊപ്പം ഓനും സ്ലോ മോഷനിൽ നടന്നു.. കൂടെ ഒരു ഡയലോഗും..
"അങ്ങനെ എന്റെ ബിജൂനെ പട്ടിണിക്കിട്ടിട്ട് അവള് ഐസ്ക്രീം മൂഞ്ചണ്ട.. " ആ ഐസ്ക്രീം സാജ് കഴിച്ചു.. പ്രതികാരം,കനത്ത പ്രതികാരം..!!!
ഷിനു പറഞ്ഞ ഡയലോഗ് ഓളുടെ ഖൽബിൽ തന്നാ കൊണ്ടത്.. കാരണം തിരിച്ചു പോരാൻ നേരം രണ്ടു ചിക്കൻ ബിരിയാണിയാ ഓളുടെ ആങ്ങള വഴി ഓള് പാർസൽ ആക്കിത്തന്നെ..മട്ടൻ സ്റ്റൂ തീർന്നു പോയി പോലും..!!!
പട്ടിണി കിടക്കുന്ന പട്ടിക്കു മട്ടന്റെ എല്ലും കഷ്ണമെങ്കിലും  കിട്ടുമോന്ന് തിരിച്ചു ചോദിച്ചില്ല..
അതും വാങ്ങി തിരിച്ചു നടക്കുമ്പോൾ സാജിൽ കുറ്റബോധം അലതല്ലി..
"ഛെ.. ഷിനു പറഞ്ഞ പോലെ രണ്ടു മൂന്ന് പഞ്ച് ഡയലോഗ് നമുക്കും പറയാരുന്നു.. മോശായിപ്പോയി.." സാജ് വിഷമത്തോടെ പറഞ്ഞു..
"അതെന്തിനാണാവോ ??" പ്രകാശിന്റെ ചോദ്യം..
"ചിക്കൻ ബിരിയാണി കുറച്ചൂടെ കിട്ടിയേനെ.. " സാജ് വിശദീകരിച്ചു..
ഞാനും പ്രകാശും പരസ്പരം നോക്കി.. 'ശരിയാ.. സെന്റി പഞ്ച് ഡയലോഗ് നമുക്കും പറയാരുന്നു..' അതാണ് ആ നോട്ടത്തിന്റെ അർത്ഥം ..!!!

റൂം എത്തി..
ഓന്റെ ഓളുടെ കല്യാണത്തിന്റെ ബിരിയാണി ഓനെ തന്നെ തീറ്റിച്ചു..
"ഉപ്പില്ലാത്ത ഓളുടെ അടുപ്പിലെ ബിരിയാണി.." കരഞ്ഞോണ്ടാ ഓനത് പറഞ്ഞെ.. ആ കണ്ണീര് കൊണ്ട് ആ ബിരിയാണീൽ ഉപ്പ് നിറഞ്ഞു..
"ഓളുടെ അച്ഛന്  ഉപ്പ് ഫ്രീ ആയിക്കിട്ടിയതാന്നാ തോന്നുന്നേ .. എന്തൊരുപ്പാ ഈ കോപ്പില് " ഓനെന്നെ അതും പറഞ്ഞു..
റിലേ പോയ കാമുകന്റെ ജൽപനങ്ങൾ ..!!!
ബിരിയാണി തീർന്നിട്ടും ഓന്റെ കരച്ചില് തീർന്നില്ല..അമ്മാതിരി കരച്ചിൽ..
"അളിയാ.. എനിക്ക് താങ്ങാൻ പറ്റണില്ലളിയാ... വാ ബാറിൽ പോകാം.. ഞാനിന്ന് കുടിച്ച് കുടിച്ച് ചാവും.."
ആ ഡയലോഗ് പറഞ്ഞു തീർന്ന് നെക്സ്റ്റ് ഡയലോഗ് തുടങ്ങിയത് അലങ്കാർ ബാറിലാ,
"ചേട്ടാ.. രണ്ടു ഫുൾ.." പ്രകാശാ ഡയലോഗ് മൊഴിഞ്ഞേ..
"കൊറേ പൊറോട്ടേം  കൂട്ടത്തിൽ  കൊറേ ചിക്കനും ." അത് മൊഴിഞ്ഞത് ഞാനാ..!!!
ബിജു ഓരോ പെഗിനും ഒന്നൊര പെഗ് കണ്ണീര് വെച്ചാ ഷോടാ കുപ്പിയിലേക്ക്‌ വാർക്കുന്നെ..ഓന്റെ കരച്ചില് കണ്ട് കൂടെ കുടിക്കുന്ന ഷിനുവും പ്രകാശും തുടങ്ങി കരച്ചിൽ.. ഈ കൂട്ടക്കരച്ചില് കണ്ട് , കാര്യമെന്തെന്ന് പോലുമറിയാത്ത  ഹാള്ളിലെ സകല കുടിയന്മാരും വെറുതെ നിന്നില്ല.. അവരും തുടങ്ങി,കരച്ചിലോട് കരച്ചിൽ ..എന്തിനേറെ,സ്വന്തം ഭാര്യ പ്രസവിച്ചതിന് ചെലവ് ചെയ്യാൻ വന്ന മനുഷ്യൻ പോലും കരഞ്ഞ് കൊണ്ടാ ബാറീന്നു പോയെ..!! ആ കുടുംബത്തിൻറെ കാര്യം എന്തിരാകുമോ എന്തോ??                          
ഇതാ ഈ കുടിയുടെ ഒരു ഗുട്ടൻസ്,ഒരാളുടെ വേദന ഒരു സമൂഹത്തിന്റെ വേദനയായി തീരുന്നത് ഇങ്ങനാ...!!!

സമയം തോനെ പിന്നേം പോയി.. ബാറിലുള്ള കുടിയന്മാരും പോയി..!!
പോകാതെ ബാക്കി നിക്കുന്ന രണ്ടേ രണ്ടു ടീംസ് ഒന്ന് ഞങ്ങളും,മറ്റേത് മേരിയെ കെട്ടാൻ പോണ അന്തോണിയുടെ ചെങ്ങായിമാരുടെ ടീംസും ..!!!
ഞങ്ങളിൽ നിന്നും ബിജുവിന്റെ കണ്ണീരിന്റെ കാരണം ചോദിച്ചറിഞ്ഞ അവർക്കും ഞങ്ങക്കും ഒരേ ഒരു ലക്‌ഷ്യം.. ആ കല്യാണം എങ്ങനേം മുടക്കുക..!!!

അമേരിക്ക കാണുന്നത് വരെ ചെങ്ങായിമാരുടെ കൂടെ കള്ളവാറ്റും അടിച്ചോണ്ട് നടന്നിരുന്ന  അന്തോണി അമേരിക്ക കണ്ട് വന്നന്ന് "കുപ്പി കൊണ്ട് വന്നോ അന്തോ"എന്ന് ചോദിച്ചപ്പോ ,
"ഹു ഈസ്‌ ദിസ്‌ ഡേർട്ടി ഫെല്ലോസ് " എന്നാണ് പോലും തിരിച്ചു ചോദിച്ചത് .. മാരകമായ ചോദ്യം..!!
അന്ന് തുടങ്ങിയത് അന്തോണിയോടുള്ള കലിപ്പ്, സുന്ദരിയായ മേരിയെ കരിഞ്ഞുണങ്ങിയ അന്തോണി കെട്ടാൻ പോകുന്നു എന്നറിഞ്ഞപ്പോ ആ കലിപ്പിന്റെ മേലെ ഒരു കുരൂം കൂടി പൊന്തി വന്നു..
ആ കല്യാണം മുടക്കാൻ അന്തോണിയുടെ പഴയ കുറ്റിയും,അന്തോണി പോയപ്പോ കമ്പ്ലീറ്റ്‌ നാട്ടുകാരുടേം കുറ്റിയുമായ രമണിയെ വെച്ച് നല്ല ഒന്നാംതരം പണി പ്ലാൻ ചെയ്തിരിക്കുവായിരുന്നു.. ആ പ്ലാൻ ചോർന്നു, ആ പ്ലാൻ ഉപേക്ഷിക്കാൻ വേണ്ടി അന്തോണി രണ്ടായിരം രൂപ കൊടുത്തു അലങ്കാറിലേക്ക് വിട്ടതായിരുന്നു അവന്മാരെ.. !!!
അവിടെ വെച്ചാ ബിജുവിന്റെ കണ്ണീര് അവര് കണ്ടേ..കണ്ണീരിന്റെ കൂടെ ബിജു തന്നെ കാശ് കൊടുത്ത് വാങ്ങിച്ച ഒരു കുപ്പി ബ്രാണ്ടി കൂടി ചേർന്നപ്പോൾ "ഓപ്പറേഷൻ രമണി " പ്ലാൻ പിന്നെയും സജീവമായി.. ചുരുക്കി പറഞ്ഞാൽ രണ്ടായിരം രൂപക്ക് ബ്രാണ്ടി വാങ്ങിക്കൊടുത്ത അന്തോണിയുടെ കൈക്ക്  അതേ ബ്രാണ്ടി തന്നെ തിരിച്ചു കൊത്തി...!!!
ഇനിയാണ് സീൻ.. ദി രമണി സീൻ..!!!
രമണിയെ വിളിച്ചു വരുത്തി അന്തോണിക്ക് ആപ്പടിക്കുന്ന കലിപ്പ് സീൻ..!!

രമണിയെ വിളിക്കാൻ പറഞ്ഞപ്പോ എല്ലാരും ഒരുമിച്ച് ഫോണെടുത്തു..ഗൊച്ചു കള്ളന്മാർ..
കൂട്ടത്തിലെ എല്ലാരുടെ മൊവീലിലും രമണീടെ നമ്പർ പല പേരിലാ സേവ് ചെയ്തിരിക്കുന്നെ..
മേസ്തിരി ശശി,അളിയൻ സാബു,ഡാഡി,സുശീൽ കുമാർ PS , അങ്ങനെ അങ്ങനെ...
ഒരേ ഒരു നമ്പർ ,ഒരൊറ്റ സംസ്കാരം,ഒരുപാട് പേരുകൾ .. അതാണ്‌ രമണി..!!!,ദി വണ്‍ ആൻഡ്‌ ഒണ്‍ലി രമണി.. ആ രമണി വരുന്നു,ബിജുവിന്റെ കണ്ണീരൊപ്പാൻ,അന്തോണിയെ സ്വന്തമാക്കാൻ...

"ഓപ്പറേഷൻ രമണി " പ്ലാനിംഗ് ആൻഡ്‌ എക്സിക്യുഷൻ ചുമതല സകല കുടിയന്മാരും കൂടി എന്നേം സാജിനേം ഏൽപ്പിച്ചു അവന്മാര് അടുത്ത ഫുള്ള് ഓർഡർ ചെയ്തു..
പ്ലാൻ സിമ്പിൾ ആൻഡ്‌ പവർഫുൾ ആണ്..
രമണിയെ വിളിക്കണം,അന്തോണിയുടെ ബാങ്ക് അക്കൗണ്ട്‌ സ്റ്റേറ്റ്മെന്റ് കാണിച്ച് അവളെ പിരി കേറ്റണം, അവളേം കൂട്ടി നേരം വെളുക്കുമ്പോൾ തന്നെ അന്തോണീടെ വീട്ടിൽ പോണം.. ബാക്കി നാട്ടാര് നോക്കിക്കോളും.. 
രമണി പിന്നെ ,മിസ്സിസ് രമണീ അന്തോണി എന്നും, കല്യാണദിവസം തന്നെ കല്യാണം മുടങ്ങിയ മേരി ,മേരി ബിജു എന്നും നാളെ മുതൽ അറിയപ്പെടും.. !! വൻ കയ്യടി..!!
അർദ്ധരാത്രി കൃത്യം രണ്ടു മണിക്ക് സാജ് രമണിയെ വിളിച്ചു കാര്യം പറഞ്ഞു.. ഫോണ്‍ എടുത്ത ഉടനെ രമണി ആദ്യം സാജിന്റെ തന്തക്ക്‌ വിളിച്ചു,പിന്നെ ആരാന്ന് ചോദിച്ചു..
ആ ഒറ്റ തന്തക്ക്‌ വിളിയിൽ സാജിന്റെ റിലേ എങ്ങോട്ടോ പോയി..
"ജബ.. ജബ.."
ഇത് കേട്ട രമണി തള്ളക്കും വിളിച്ചു അടുത്ത ചോദ്യമിട്ടു,"ആരാടാ നാറീ അർദ്ധരാത്രി പഞ്ചാബി ഹൌസ് കളിക്കുന്നെ,മനുഷ്യനെ പണിയെടുക്കാൻ സമ്മതിക്കാതെ.."
"അതു.. ഞാൻ.. സാജ്.. അന്തോണി .."
അന്തോണി എന്ന വാക്കുരുവിട്ടതും അടുത്ത സ്പോട്ടിൽ രമണിയിൽ പ്രണയം വിരിഞ്ഞത് സാജ് ഇവിടന്ന് അനുഭവിച്ചറിഞ്ഞു.. ദിവ്യാനുരാഗം..!!
"അന്തോണിയേട്ടാ..ങാ.." രമണി വികാരം പൂണ്ടു..
"ഞാൻ അന്തോണിയല്ല.."
"പിന്നെ ആരാടാ നാറീ നീ.. " ഒറ്റയടിക്ക് വികാരം എങ്ങോ പോയി..
സാജ് കാര്യം പറഞ്ഞു.. അന്തോണിയുടെ കല്യാണക്കാര്യം അറിഞ്ഞ നിമിഷം രമണി കണ്ണീർവാർത്തു.. രമണി കരയുന്നത് കേട്ട് സാജും കരഞ്ഞു.. വെറുതെ.. വെറും വെറുതെ..സാജ് ഒരു വികാരജീവിയാണല്ലോ..!!
മൂന്നു മണി കഴിഞ്ഞപ്പോ തന്നെ രമണി വൈറ്റിലയിൽ എത്തി..
നേരം വെളുക്കുന്നത് വരെ രമണി എവിടെ താമസിക്കും എന്ന് പറഞ്ഞു കുടിയന്മാർ ഒന്നും രണ്ടും പറഞ്ഞു വർത്താനം തുടങ്ങി..എല്ലാരും ഓളെ ഒരു പെങ്ങളെ പോലെയാണത്രേ കാണുന്നെ,അതോണ്ട് ഓളുടെ സംരക്ഷണാവകാശം ഉന്നയിച്ചുള്ള വർത്താനം പിന്നെ തല്ലോളമെത്തി.. ചോര പൊടിയുമെന്നു കണ്ടെപ്പോ സീനിൽ രമണി ഇടപെട്ടു..
'ഓളെ കണ്ടത് മുതൽ ഒരു കാര്യവുമില്ലാണ്ട് പട്ടി കരയണ പോലെ മോങ്ങുന്ന ആ ചേട്ടന്റെ വീട്ടിൽ താമസിക്കാന്ന്..'
ആ പട്ടി സാജ് ആയിരുന്നു.. ഫോണിൽ കൂടി രമണിയോട് സംസാരിച്ചപ്പോ മുതൽ തുടങ്ങിയതാ ഓന്റെ മോങ്ങൽ.. !!
രമണിയുടെ ആ  പ്രസ്ഥാവന വന്നപ്പോൾ കുടിയന്മാർ അടുത്ത അടി തുടങ്ങി..ഞങ്ങളുടെ വീട്ടിൽ താമസിക്കാനുള്ള മത്സര ഇടി.. സഹോദരീ സ്നേഹമേ..!!
ഒടുവിൽ അവിടെ ഉള്ളവർ മാത്രം അവിടെ താമസിച്ചാ മതി എന്ന് രമണി തന്നെ അടുത്ത പ്രസ്ഥാവന ഇറക്കി.. കുടിയന്മാർ നിരാശരായി.. രാവിലെ ആറ് മണിക്ക് കാണാന്ന് കണ്ണീരോടെ  പറഞ്ഞ് അവർ പിരിഞ്ഞു..
ഞാൻ പതിയെ ബിജുവിന്റെ അടുത്തേക്ക് നീങ്ങി..
"അളിയാ.. ഈ കളി വേണോ..? ഇതെങ്ങാൻ ഈ രാത്രി പുറത്തറിഞ്ഞാൽ  നാളത്തെ മനോരമീൽ നമ്മടെ കളർ ഫോട്ടോ വരും..ആ കുരിഷിനെ അവന്മാരുടെ ആരുടേലും വീട്ടിലേക്ക് വിടെടാ.."
"അതൊന്നും പറ്റൂല.. ഇവളെ ഇന്ന് രാത്രി സംരക്ഷിക്കേണ്ടത് എന്റെ ആവിശ്യാ. നാളെ ന്റെ കല്യാണാടാ " അത് പറഞ്ഞവൻ  കള്ളിന്റെ ലഹരിയിൽ കുളിര് കൊണ്ടു.. റൂമിലെ മറ്റ് കുടിയന്മാരും അവന്റെ കൂടെ കുളിരിന്റെ പങ്ക് കൊണ്ടു..
കുടിക്കാത്ത സാജിനെ പിടിക്കാന്ന് വെച്ചാ ആ പരട്ട കരച്ചിൽ നിർത്തിയിട്ടു വേണ്ടേ എന്തേലും ഒരക്ഷരം ഓനോട്‌ മിണ്ടാൻ തന്നെ.. !!
രമണിയെ ഒരു റൂമിൽ തള്ളി അത് പുറത്ത് നിന്നും പൂട്ടി ഞങ്ങൾ അഞ്ചു സഹമുറിയന്മാർ അടുത്ത റൂമിലേക്ക്‌.!!

സമയം രാവിലെ അഞ്ച് മണി..
ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്.. കണ്ണ് തുറന്നപ്പോൾ തന്നെ ആ രൂപം കണ്ടു ഞെട്ടി പോയി..
ഒരു വെള്ളപ്പന്നി.. ഒന്നൂടി നോക്കിയപ്പോഴാ വെള്ളപ്പന്നിയല്ല,കള്ളപ്പന്നി ബിജുവാ അതെന്ന് മനസ്സിലായത്..
രാവിലെ തന്നെ എണീറ്റ്‌ കുളിച്ചു,വെള്ള മുണ്ടും വെള്ള ഷർട്ടും ഒക്കെ ഇട്ടു കല്യാണം കഴിക്കാൻ ഒരുങ്ങി നിക്കുവാ ആ കള്ളപ്പന്നി..!!
സമയം കളയാതെ അവൻ മറ്റുള്ളവരേം കൂടെ വിളിച്ചുണർത്തി.. മദ്യ ലഹരിയിൽ അടഞ്ഞ കുഞ്ഞിക്കണ്ണുകൾ പതിയെ തുറന്നു..!!
പെട്ടെന്നെന്തോ ഓർത്ത പോലെ ഞാൻ ചുറ്റിലും നോക്കി എണ്ണി..
"ഒന്ന്,രണ്ട്,മൂന്ന് ,നാല് ..നാല്.."
പിന്നേം എണ്ണി ,
"ഒന്ന്,രണ്ട്,മൂന്ന് ,നാല് ..നാല് .. നാലേ..."
"എന്താടാ പട്ടി എണ്ണുന്നത്.. ഞങ്ങളടിച്ച ഫുള്ളിന്റെ എണ്ണമാണോ? " ഷിനുവിന്റെ ചോദ്യം..
"അല്ലേടാ.. എണ്ണം എങ്ങനെ നോക്കിയിട്ടും ശരിയാവുന്നില്ലല്ലോ.. ങേ.." ഞാൻ ചുറ്റിലും നോക്കി..അത് കണ്ട് അവന്മാരും നോക്കി..പിന്നേം ഞാൻ എണ്ണി..
"ഒന്ന്,രണ്ട്,മൂന്ന് ,നാ.. നാ.. ആ നായെന്തിയെ??"
"ആര് ??"
"സാജ്??" അതും  പറഞ്ഞു ഞാൻ ഒറ്റ ചാട്ടത്തിനു അപ്പുറത്തെ റൂമിലെത്തി.. അവന്മാരും ചാടി അതെ ചാട്ടം..!!
രമണി കിടന്നിടത്ത് പൂട പോലും ഇല്ല..സാജ് കിടന്നിടത്ത് അതുണ്ട്.അത് മാത്രം. !!
ഞങ്ങൾ ചുറ്റിലും നോക്കി.. ഒടുവിൽ ആ വലിയ സത്യം ഞങ്ങൾ മനസ്സിലാക്കി..
യെസ്,വി റിയലൈസ് ദി ഫാക്റ്റ് ദാറ്റ്‌ സാജ് ആൻഡ്‌ രമണി ആർ മിസ്സിംഗ്‌..
സാജ് ഇന്നലെ രാത്രി നിർത്തിയ സ്ഥലത്ത് നിന്നും ബിജു തുടങ്ങി, ആ അന്യായ കരച്ചിൽ..!!
കിച്ചണിലും ,കുളിമുറിയിലും അവരെ തിരഞ്ഞു ഞങ്ങൾ നടന്നു..ഒടുവിൽ  കക്കൂസിൽ ഫ്ലെഷിന്റെ മുകളിൽ വെച്ച് ഒരു കുറിപ്പ് കണ്ടെടുത്തു..

ആ കത്തിവിടെ ഹാജരാക്കുന്നു.. 

കത്ത് വായിച്ചു കഴിഞ്ഞ എന്റെ തലമണ്ടക്ക്‌ ആരോ അടിച്ച മാതിരി.. അതിലെ ഒരു വാചകം, ഒരേ ഒരു വാചകം എന്റെ തലച്ചോറിനെ വേവിപ്പിക്കുന്നതായിരുന്നു..
"നിങ്ങളൊക്കെ ഓരോ പെണ്ണിനേം വിളിച്ചു ഓരോ റൂമിലേക്ക്‌ കേറുമ്പോൾ എന്റെ വെഷമം ആരും ഓർത്തില്ല " എന്ന ആ വാചകം..
ഞാൻ കലിപ്പോടെ മറ്റ് മൂന്ന് പേർക്ക് നേരെ തിരിഞ്ഞു..
"സത്യം പറയെടാ തെണ്ടികളേ.. ഞാനറിയാണ്ട് ഇവിടെ അവിഹിതോം നടക്കാറുണ്ടോ?? അതിന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ.. "
ങേ.. ങാ..
ഞാൻ അത് പറഞ്ഞപ്പോഴാ അവന്മാരും ആ വാചകം ഒന്നൂടെ വായിച്ചത്.. പിന്നെ പരസ്പരം നോക്കി.. 'ഞാനല്ല.. ഇനി നീയെങ്ങാനും' എന്നർത്ഥത്തിൽ..
"ടാ.. അതാ മണ്ടൻ നമ്മളോരോ റൂമിൽ കേറി ഫോണ്‍ വിളിക്കുന്ന കാര്യാവും  പറഞ്ഞത്.. അതാണോ ഇപ്പോ വല്യ കാര്യം.. ന്റെ കല്യാണം.. ന്റെ മേരി..ന്റെ ദേവ്യേ.."
ബിജു ഇടവേള കഴിഞ്ഞു പിന്നേം കരഞ്ഞു..
പ്രകാശും സിനുവും ഇന്നലത്തെ ബാക്കി മദ്യക്കുപ്പി തേടി അലഞ്ഞു..
ഞാൻ ആ കത്തും പിടിച്ചു ആലോചിക്കുവായിരുന്നു.
"ആ മണ്ടൻ സാജിനു ഇത്രേം സാഹിത്യമോ.. ഇത്രേം വേദനയോ?."
പിന്നീടവൻ വിളിച്ചില്ല.. അങ്ങനെ ആ പ്രകാശം ഞങ്ങളിൽ നിന്നും പൊലിഞ്ഞു,എന്നെന്നേക്കുമായി ..!
കരഞ്ഞ് കരഞ്ഞ് ബിജു തളർന്നിരുന്നു..അവന്റെ കണ്ണീരു കാണാനുള്ള കരളുരപ്പില്ലാതെ ഞങ്ങൾ മൂന്ന് പേരും വേദനയോടെ റൂമിൽ നിന്നിറങ്ങി..!

ബിരിയാണിക്ക് ഉപ്പ് കറക്റ്റ് ആയിരുന്നു,ചിക്കന് മസാല കുറച്ച് കൂടി പിടിച്ചിരുന്നേൽ ഒന്നൂടി പോളിച്ചേനേ..!
ഷിനു ഒന്നുകൂടി മേരിയെ കാണാൻ കാത്തിരുന്നു..അഞ്ച് പഞ്ച് ഡയലോഗ് പറഞ്ഞു അഞ്ചു ബിരിയാണി പാർസൽ എടുക്കാൻ.. ഏയ്‌.. അഞ്ച് വേണ്ട,നാല് പഞ്ച് മതി.. നമ്മളിപ്പോൾ നാലല്ലേ,സാജെന്ന പ്രകാശം പൊലിഞ്ഞല്ലൊ..

കണ്ണീരോടെ,

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...