പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, April 24, 2014

ഗോപീടെ കഥ..."മുക്കിയാലും  മൂളിയാലും പോലും ഒടുക്കത്തെ സംശയമാടാ അവൾക്ക്   " ഗോപി ഉറ്റചെങ്ങായി വിജയനെ വിളിച്ചു പതിവ് പരിഭവം  തുടങ്ങി..
"ആകുമല്ലോ.. ആദ്യരാത്രി 'ആൽമാർത്തത' തലേപിടിച്ചു പഴയ വീരകഥകളൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് വിളിച്ച് പറഞ്ഞപ്പോ ഓർക്കണായിരുന്നു ഇങ്ങനൊക്കെ ആവുമെന്ന്.. " വിജയ് തിരിച്ചടിച്ചു..
"ഭാഗ്യത്തിനാ അന്ന് ഇക്കിളിപ്പെടുത്തുന്ന കഥകളിലേക്ക് പൊകാതിരുന്നെ " അതും പറഞ്ഞു ഗോപി ഫോണ്‍ വെച്ച്.. 
ഗോപി.. ആൽമാർത്തമായ ഒരു പ്രേമം ഉണ്ടായിരുന്നു എന്നതല്ലാതെ വേറൊരു കുഴപ്പോമില്ലാതിരുന്ന ഒരു നിഷ്കളങ്കൻ .. പക്ഷെ മിക്കവാറും എല്ലാ കഥയിലേം പോലെ പൊന്നും പണോം തൂക്കിനോക്കി, ഓൻ പ്രേമിച്ച ഓന്റെ സ്വന്തം ആതിര ഓനേം തേച്ച് വേറൊരുത്തന്റെ കൂടെ പോയി..  ഓൻ അന്ന് തൊട്ടു വലി തൊടങ്ങി.. !!!

പിന്നെ ചെങ്ങായിമാരൊക്കെ നിര്ബന്ധിച്ചു ഓനെ കൊണ്ട് വേറൊരു പെണ്ണിനെ കൊണ്ട് കെട്ടിച്ചു.. ലത..
തല തിരിഞ്ഞാൽ ലത എന്നാണല്ലോ മലയാള ഭാഷ പോലും പറയുന്നത്.. അങ്ങനത്തെ ഒരുത്തി..
എന്തായാലും നിഷ്കളങ്കത ശരീരോം നിറഞ്ഞ് പുറത്തേക്കു ഒഴുകിയപ്പോൾ ഓൻ ആദ്യരാത്രി തന്നെ ലതയോട് പറഞ്ഞു,ആതിരയെ പറ്റി , പ്രണയത്തെ പറ്റി ,പ്രണയത്തിന്റെ മനോഹാരിതയെ കുറിച്ച്..
ഒന്നും മിണ്ടാതെ മുഴുവനും കേട്ട് നിന്ന് അതോള് നല്ലോണം പ്രോത്സാഹിപ്പിച്ചു..
എല്ലാം കഴിഞ്ഞപ്പോ സംഗതി ഡാർക്ക്‌ ആയി..
ഒന്നും സംഭവിക്കാണ്ട് തന്നെ ഓളാ രാത്രീല് കൊറേ കരഞ്ഞു.. കരച്ചിൽ പുറത്തു കേട്ടവർ വാതിലുമുട്ടി പറഞ്ഞു, "പെതുക്കെ, പെതുക്കെ.." എന്ന്..സംഗതി പിന്നേം ഡാർക്ക്‌ ... കൊടും ഡാർക്ക്‌..!!!
അല്ലേലും ആദ്യരാത്രി സംസാരം കുറച്ച് പ്രവർത്തികൾക്ക് മാത്രേ പ്രാധ്യാന്യം കൊടുക്കാവൂ എന്ന് വിജയ്‌  പറഞ്ഞതിന്റെ പൊരുൾ അപ്പഴാ ഗോപിക്ക് കത്തിയേ ...
എന്തായാലും അന്ന് തൊട്ടു ഓൾക്ക് തുടങ്ങിയതാ ആ രോഗം.. സംശയം എന്ന മഹാരോഗം..
കസ്റ്റമർ കെയർ-ല് നിന്ന് ഫോണ്‍ വിളിച്ചാൽ പോലും ഒളിച്ചിരുന്ന് കേട്ട് 'നിങ്ങൾക്കേതോളാ ഇത്രേം ഓഫർ തരാൻ നിക്കുന്നെ' എന്ന് ചോദിച്ചു തുടങ്ങിയപ്പോ സർക്കാര് അനാവശ്യ കാൾ നിർത്തുന്ന DND സർവീസ്  കൊണ്ട് വന്നോണ്ട് രക്ഷപ്പെട്ടു... ആ ഫോണ്‍ അങ്ങനെ നിലച്ചു..
അങ്ങനെ ജീവിതം ഇരുട്ടിൽ നിന്നും കൂരിരുട്ട് തേടിപോയപ്പോ ഓൻ കുടീം  തുടങ്ങി..!!!
നാളെ ഗോപീന്റെ പിറന്നാളാ..
എല്ലാ കൊല്ലോം പിറന്നാളിന്റെ അന്ന് ഗോപി ആതിരയേയും കൂട്ടി അമ്പലത്തിൽ പോകുമായിരുന്നു. ,പൂജേം ആരതീം ആതിരേം ഒക്കെയായി ജീവിതം പുഷ്പിച്ചിരുന്ന ആ സമയമോർത്തപ്പോൾ തന്നെ ഗോപിന്റെ കണ്ണ് നിറഞ്ഞു..
ഗോപി പിന്നേം  വിജയനെ വിളിച്ചു..
"നാളെ ന്റെ പിറന്നാളാ.. ഒരു പൂജ കഴിക്കണം.. നീയും കൂടെ വരണേ .. "
വിജയ്‌ സമ്മതിച്ച് ഫോണ്‍ വെക്കുമ്പോഴേക്കും ലത മുറിയിലെത്തി.. ഉടൻ വന്നു ചോദ്യവും.
"ആരാ പൂജാ????"
ന്റെ ശിവനെ..!!!
അങ്ങകലെ അടുക്കളയിൽ ചാള വറുത്തിരുന്നവളാ , ഏതോ ആറാമിന്ദ്രിയം പ്രവർത്തിച്ച പോലെ പൂജാന്നു മാത്രം കേട്ട് വന്നാ ഇമ്മാതിരി ചോദ്യം ചോദിക്കുന്നേ ..
"പൂജേം കൂട്ടി എവിടെ കഴിക്കാൻ പോണ കാര്യാ നിങ്ങള് പറഞ്ഞെ.. ??" അവൾ കോപം നിറച്ചു പിന്നേം..
ഗോപി ഒന്നും മിണ്ടിയില്ല..
അടുക്കളയിൽ ചാള കരിയുന്ന മണം ..അല്ല കരിയുന്നത് ഗോപീടെ ജീവിതാ...!!!

ആ ദിവസം അങ്ങനെ കഴിഞ്ഞു..

പിറ്റേന്ന്,
ഫോണ്‍ മുഴങ്ങുന്നത് കേട്ടാണ് ഗോപി എഴുന്നേറ്റത്.. ഫോണിലേക്ക് നോക്കി ,വിജയനാണ്..
പിറന്നാൾ ആശംസിക്കാൻ അവനേലും ഉണ്ടല്ലോ എന്ന സമാധാനത്തോടെ ഫോണ്‍ എടുത്തു...
"ഹലോ.. അളിയാ പറയ്‌.. "
"അതേ ..നിന്റെ പഴേ ലൈൻ ഇല്ലേ... അവൾ ..." വിജയ്‌ പറഞ്ഞു നിർത്തി..
"അവൾ??? "
"അവൾ പെറ്റു .. ആണ്കുട്ടിയാ... "
'ഹാവൂ.. ഒരു നല്ലോരു പിറന്നാളായിട്ട് കേള്ക്കാൻ പറ്റിയ ഇതിലും നല്ലൊരു വാക്കില്ല.. ' ഗോപിക്ക് സന്തോഷായി.... പിന്നെ മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചു..
"എവിടെ വെച്ചാ??" ഗോപീടെ ചോദ്യം..
"സഹകരണാശുപത്രി.. "
"എനിക്ക് കുട്ടിയെ കാണണം ഇന്ന് തന്നെ.. നീ ഒരുങ്ങി നിക്ക്.. ഞാൻ വേഗം വരും.. " അതും പറഞ്ഞു ഗോപി ഫോണ്‍ കട്ട്‌ ചെയ്തു..
വിജയ്‌ ഫോണും പിടിച്ചു അങ്ങനങ്ങു നിന്നു .. 

ഗോപി വരും.. അവനങ്ങനാ...ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ചില സമയത്ത് ഇമ്മാതിരി മാസ്റ്റർപീസ്‌ തീരുമാനങ്ങൾ അങ്ങെടുക്കും.. അതറിയാം വിജയന്..
ഇതിനുമുമ്പ് ഓളുടെ കല്യാണത്തിന് വിളിക്കാണ്ടന്നെ പോയി പായസോം കുടിച്ചു വന്നതും അങ്ങനെടുത്ത വേറൊരു മാസ്റ്റർപീസ്‌ തീരുമാനമായിരുന്നു..
സാധാരണ താലി കെട്ടുമ്പോൾ ചെക്കന് കൈ വിറക്കും എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ അന്നാ കല്യാണത്തിന്റന്നു  കൈ വിറച്ചത് മുഴുവൻ പെണ്ണിന്റച്ചനാ...
ഗോപിയെ കണ്ടത് മുതൽ സിൽമേലൊക്കെ കാണുന്നപോലുള്ള ട്വിസ്റ്റ്‌ അങ്ങേരു പ്രതീക്ഷിച്ചു.. ക്ലൈമാക്സിൽ താലി കെട്ടുന്ന കൈകളെ തട്ടിമാറ്റി പെണ്ണ് കാമുകനെ നേരെ ഓടിയടുക്കുന്ന അപാരമായ ട്വിസ്റ്റ്‌...
പക്ഷെ ഒന്നും നടന്നില്ല,താലി കെട്ടുന്നനേരം പന്തലിന്റെ സൈഡിൽ മാറി നിന്ന് രണ്ടു തുള്ളി കണ്ണീരും വാർത്ത് ,അതിന്റെ ക്ഷീണം തീര്ക്കാൻ രണ്ടു ഗ്ലാസ്‌ പായസോം കുടിച്ചു ഗോപിയിങ്ങു പോന്നു.. !!!


ഗോപി കുളിച്ചൊരുങ്ങി, പൂജാമുറിയിൽ കേറി പ്രാർത്ഥിച്ചു കുറിതൊട്ടു..
"കുളിച്ചൊരുങ്ങി എങ്ങോട്ടാ ഇത്രേം ധ്രതിയിൽ?? "സംശയം ലത രംഗപ്രവേശം ചെയ്തു..
"അത്.. ആശുപത്രീലാ... ഒരു കുട്ടിയെ കാണാൻ.. " അധികം ആലോചിക്കാതെ ഗോപി മറുപടി കൊടുത്തു..
"കുട്ടിയോ?? ഏത് കുട്ടി.. ആരുടെ കുട്ടി?? " എന്ന ചോദ്യം വന്നപ്പോഴ വേറെന്തേലും പറഞ്ഞാ മതിയായിരുന്നു എന്ന് ഗോപി ചിന്തിച്ചത് തന്നെ..
"അത്.. നമ്മുടെ വിജയന്റെ ഭാര്യ പ്രസവിച്ചു.. അതിനെ കാണാൻ പോകുവാ..." ഗോപി വായിൽ തോന്നിയതങ്ങ് പറഞ്ഞു..
"എതാശുപത്രീൽ??"
"സഹകരണാശുപത്രി.. "
"ആണോ?? എന്നാ ഞാനും വരുന്നു.. എന്റെ കുഞ്ഞമ്മേം പ്രസവിചിട്ടുണ്ട്.. "
ഠിം..
ഗോപി ശരിക്കും ഗോപിയായി..
'അവളുടെ അടുപ്പിലെ ഒരു കുഞ്ഞമ്മ.. വയസ്സാം കാലത്ത് പെറാൻ പോയിരിക്കുന്നു.. ' ഗോപി മനസ്സിൽ  പറഞ്ഞു..
"അത്.. നീ പിന്നെ ബസിനു വാ.. വിജയന് അത്യാവശ്യമായി എന്തോ കാര്യങ്ങളുണ്ട്.. അവനെന്നെ കവലേൽ കാത്തിരിക്കുവാ.. " അതും പറഞ്ഞു അവളുടെ മറുപടിക്ക് കാത്തു നില്ക്കാതെ ഗോപി സ്കൂട്ടായി..

വിജയന് വണ്ടിയുമായി ബസ്‌ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു .. ഗോപി വിജയനേം കൂട്ടി പുറപ്പെട്ടു, കാമുകീടെ കൊച്ചിനെ കാണാൻ.. !!!
"പൂരം  നക്ഷത്രത്തിൽ പിറന്ന ആണ്കുഞ്ഞു.. നല്ല ലക്ഷണാ.. " ഗോപി പുളകിതനായി പറഞ്ഞു..
"ആർക്ക് ലക്ഷണാന്ന് ??" വിജയന്റെ സംശയം..
"കൊച്ചിന്റച്ചന് .." ഗോപി പെട്ടെന്ന് തിരിച്ചടിച്ചു..
"അങ്ങേർക്കു ലക്ഷണായിട്ട് നിനക്കെന്തുവാ??? "
"ഒന്നൂല്ല.. ചുമ്മാ... " ഗോപി വിയർത്തു ..
വിജയൻ ഗോപിയെ ചൂഴ്നൊന്നു നോക്കി..
"എനിക്ക് ജനിക്കാതെ പോയ എന്റെ പൊന്നുകുഞ്ഞാടാ അത്.. " ഗോപീടെ ക്ലാരിഫികേശൻ..
അതുടെ കേട്ടപ്പോ കുഞ്ഞാട് ഏത് മുട്ടനാടിനാ ഉണ്ടായതെന്ന കാര്യത്തിൽ വിജയന്റെ മനസ്സിൽ സംശയം അലതല്ലി..

ആശുപത്രിയെത്തി..
വിജയൻ ബൈക്ക് നിർത്തുന്നതിനു മുമ്പേ ആക്രാന്തപരവശനായ ഗോപി റിസപ്ഷനിലേക്ക് ചാടിയോടി ..
റൂം നമ്പറും ചോദിച്ചു രണ്ടുപേരും രണ്ടാമത്തെ നിലയിലേക്ക്..
ഒടുവിൽ കണ്ടുപിടിച്ചു.. റൂം നമ്പർ 210..
വാതിൽ പടിയിൽനിന്നു നിറകണ്ണുകളോടെ ഗോപി അകത്തേക്ക് നോക്കുന്നത് കണ്ട് വിജയൻ വാ പൊളിച്ചു..
അകത്തു നിന്നും ഇതുകണ്ട ഒരു രൂപം വിറയലോടെ എഴുന്നേറ്റു നിന്നു ,അവളുടെ പട്ടാളക്കാരനച്ഛൻ ..
അന്ന് കല്യാണത്തിന് കണ്ട അതെ വിറയൽ.. അതേ സെന്റി..
അങ്ങേരു തൊഴുകയ്യോടെ നിക്കുമ്പോൾ ഗോപി വിജയന്റെ കയ്യും പിടിച്ചു അകത്തോട്ടു ..
ഇത്രേം വണങ്ങാൻ മാത്രം ഏത് ദേവിയാ ആശുപത്രീൽ വന്നിരിക്കുന്നെ എന്ന അത്ഭുതത്തിൽ നോക്കിയ ആതിരയും കണ്ടു ആ ദേവനെ.. അവളുടെ കണ്ണ് നിറഞ്ഞു.. എന്തിനാണാവോ???
വിജയൻ ചുറ്റിലും നോക്കി, ഭാഗ്യം ആരുമില്ല.. അവളും അച്ഛനും മാത്രം..
അവളുടെ അടുത്ത് കിടക്കുന്ന കുഞ്ഞിനെ ഗോപി രണ്ടു കൈകൊണ്ട് കോരിയെടുത്തു.. അതിനിടയിൽ നൈസ് ആയിട്ടു അവളെ ഒന്ന് ടച്ച്‌ ചെയ്യാനും മറന്നില്ല ഗോപി.. രോമാഞ്ചം...!!
പിന്നെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കുറെ ചുടുചുംബനങ്ങൾ..
വിജയൻ വാ പൊളിച്ചു, ഒരു കമ്പനിക്ക്‌ വേണ്ടി പട്ടാളക്കാരനും വാ പൊളിച്ചു ..
പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം.. കൊച്ചിന്റച്ചൻഎന്ന് പറയപ്പെടുന്ന ആതിരയുടെ ഭര്ത്താവ് മനു ..
അങ്ങേരെ കണ്ടപ്പോൾ അടച്ചു കിടന്നിരുന്ന മറ്റു രണ്ടു വായകൾ കൂടി തുറന്നു വന്നു.. ഉറക്കം വന്നോണ്ടാവും കുഞ്ഞും വാ പൊളിച്ചു..
ഇത് കണ്ടാപിന്നെ അങ്ങേർക്കു വാ പോളിക്കാതിരിക്കനാവുമോ.. അങ്ങേരും പൊളിച്ചു.. ,പിന്നെ എല്ലാരേം നോക്കി ചിരിച്ചു..

"ആഹ്  ഇതാരാ ഗോപിയോ..  " അല്പസമയത്തിന്റെ മൌനത്തിനു ശേഷം അങ്ങേരുടെ ചോദ്യം..
അത് കേട്ട വിജയനും പട്ടാളക്കാരനും അത്ഭുതം.. 'ഇങ്ങേർക്കെങ്ങനെ ഈ അലവലാതിയെ അറിയുന്നെ??'
ഗോപി ഒന്നും മിണ്ടാതെ പരുങ്ങി...
"അത്... അമേരിക്കയിലുണ്ടെന്നു പറഞ്ഞ ഞങ്ങടെ വകേലെ ഇളയമ്മയുടെ മകനാ.. "ഇന്നലെ അമേരിക്കയിൽ നിന്നും വന്ന ഇളയമ്മയേം കുടുംബത്തേം മനസ്സിൽ ധ്യാനിച്ച് പട്ടാളക്കാരൻ വെടി പൊട്ടിച്ചു..
ഗോപീം വിജയനും അതെയെന്നർത്ഥത്തിൽഒരുമിനുട്ട് തലയാട്ടികൊടുത്തു..
"ഓ .. അങ്ങനൊരു ബന്ധമുണ്ടായിരുന്നോ?? അത് ഞാനറിഞ്ഞില്ലല്ലോ.. "
'പിന്നെ വേറെന്നാ ബന്ധമുള്ളതാ ഈ പൊട്ടൻ അറിഞ്ഞേ ആവോ ..' വിജയനും പട്ടാളക്കാരനും അതാ ആലോചിച്ചേ അപ്പൊ..
പിന്നെയാരും ഒന്നും മിണ്ടിയില്ല..
മനു എന്തോ ചോദിയ്ക്കാൻ തുടങ്ങുന്നേരം നേഴ്സ് കേറി വന്നു ഒരു ലിസ്റ്റ് മനുവിന്റെ കയ്യിൽ കൊടുത്തു.. ..
"ഈ സാധങ്ങൾ പെട്ടെന്ന് വാങ്ങികൊണ്ട് വരണം.. "
മനു ഇപ്പൊ വരാന്നും പറഞ്ഞു പുറത്തേക്കു നീങ്ങവെ,ഡോർ തുറന്നു ഒരു അലമ്പ്  മദാമ്മയും ഉണങ്ങിയ സായിപ്പും അകത്തോട്ട് ..
"അമേരിക്കൻ ഇളയമ്മ... " പട്ടാളക്കാരൻ നെഞ്ചിലൊന്നമർത്തി തടവി ഉച്ചത്തിലാ അത് പറഞ്ഞെ..
മനു അവരെ നോക്കി ചിരിച്ചു..
"മോൻ നേരത്തെ വന്നു.. " ഗോപിയെ ചൂണ്ടി മനു പറഞ്ഞു..
സായിപ്പും മദാമ്മയും ഗോപിയെ നോക്കി.. പിന്നെ കയ്യിലെ കുട്ടിയെ നോക്കി..
ആതിര പ്രസവിച്ചു മോൻ പുറത്തേക്കു വന്നത് ത്വാത്തികമായി മൊഴിഞ്ഞതാവും എന്ന് കരുതി അവർ അകത്തോട്ട്  കയറി.. മനു പുറത്തേക്കും പോയി..
മദാമ്മ ഗോപിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ കൈനീട്ടി.... മനസ്സില്ലാ മനസ്സോടെ ഗോപി കുഞ്ഞിനെ കൈമാറി..
"Congratulations...  " സായിപ്പ് ഗോപീടെ കൈ കേറി പിടിച്ചു..
"താങ്ക്യൂ... " ഗോപിക്ക് സന്തോഷായി..
എന്തിന് ??
"കല്യാണത്തിന് വരാൻ പറ്റിയില്ല.. ഫിലാഡലഫിയയിൽആയിരുന്നു അന്ന്.. " കരിഞ്ഞ സായിപ്പ് പറഞ്ഞു..
"ലുക്ക്‌ ഡിയർ.. ബേബി ഫാതെറിനെ മുറിച്ചു വെച്ചിരിക്കുവാ.. സീ .. " ഗോപിയേം കുഞ്ഞിനേം നോക്കി മദാമ്മയുടെ കമന്റ്‌..
ഗോപിക്ക് പിന്നേം സന്തോഷം..
കൊച്ചിന്റച്ചൻഅതല്ല എന്ന് പറയാൻ ഒരുങ്ങിനിന്ന പട്ടാളക്കാരൻ ആ വാക്ക് കേട്ടതും അണ്ണാക്കിൽ നിന്നും പുറപ്പെട്ട വാക്കുകൾ അപ്പാടെ വിഴുങ്ങി..

ഇതൊന്നും കണ്ട് നില്ക്കാൻ സഹിക്കവയ്യാതെ വിജയൻ പുറത്തേക്കിറങ്ങും നേരം മനു കയ്യിലൊരു കവറും പിടിച്ചു അകത്തോട്ട് വന്നു..
പിടിച്ചതിനേക്കാൾ വലുതായിരുന്നു മാളത്തിൽ, അല്ല മാളത്തിനു പുറത്ത് എന്ന് ഗോപിക്കപ്പോഴാ  പിടികിട്ടിയെ.. !!!
കാരണം   വിജയൻറെ തൊട്ടു മുന്നിൽ ഗോപിയുടെ തല അല്ല ലത ..
"ആഹ്.. വിജയേട്ടന്റെ ഭാര്യ ഈ റൂമിലുണ്ടായിരുന്നാ?? എന്റെ കുഞ്ഞമ്മ ആ റൂമിലാ.. " അടുത്ത മുറി ചൂണ്ടി ലതയുടെ മൊഴി..
"ന്റെ ഭാര്യയാ??"
"ഗോപേട്ടൻ പറഞ്ഞു,ഭാര്യ പ്രസവിച്ച കാര്യം..Congratulations കേട്ടാ...  "
"ആ ആ..താങ്ക്യൂ...താങ്ക്യൂ "
ഒരൊറ്റ കുഞ്ഞു,എന്ത് മാത്രം Congratulations .. ഹോ.. !!!
വിജയനെ കാത്ത് നില്ക്കാതെ ലത മുറിയിലോട്ട് .. ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ഗോപീടെ കണ്ണിൽ തൃശൂർ പൂരം..
ലത തല തിരിച്ച് ചിരിച്ചു.. അകത്തുള്ളോരും ചിരിച്ചു..
"ആരാത്??" പട്ടാളക്കാരന് കണ്‍ഫ്യൂഷൻ..
"അത്.. ഭാര്യയാ... " പുറത്ത് നിന്നും ചാടി വന്ന വിജയൻ ലത കാണ്‍കേ ഗോപനെ ചൂണ്ടി, മറ്റുള്ളവർ കാണ്‍കേ സ്വന്തം ദേഹത്തേക്കും ചൂണ്ടി മറുപടി പറഞ്ഞു..
അങ്ങനെ വിജയൻറെ ഭാര്യയെന്നു അകത്തുള്ളോരും,ഗോപീടെ ഭാര്യയെന്ന് ലതേം അങ്ങ് തീര്ച്ചപ്പെടുത്തി..

ലത ഗോപീടെ അടുത്ത് പോയി നിന്ന് മദാമ്മയുടെ കയ്യിലുള്ള കുഞ്ഞിനെ നോക്കി..
"സീ.. ദി ബേബി അച്ഛനെ പോലെ തന്നെ അല്ലെ കാണാൻ.. " മദാമ്മ ലതയോട് അഭിപ്രായം ചോദിക്കുവാ..
ഗോപിയും മനുവും സന്തോഷം കൊണ്ട് നെഞ്ച് വിരിച്ചു..ലത പുച്ഛരസം വാരി വിതറി വിജയനെ നോക്കി..
"സൂര്യനെ പോലെ ഉദിച്ച് നിക്കുന്ന കുഞ്ഞിനെ നോക്കിയാ കരിമന്തി പോലുള്ള തന്തയെ പോലെന്ന് തള്ളേടെ ഓരോ തള്ള്.. " ലത ഗോപീടെ ചെവിയിൽ അങ്ങനെ പറയുന്നത് അവ്യക്തമായി കേട്ടപ്പോൾചിരിച്ചോണ്ടിരുന്ന മനുവിന്റെ  മുഖം മ്ലാനമായി.. .
'എന്തിനാണ് ദൈവമേ എനിക്ക് നീയേ കറുപ്പ് നിറം നല്കിയത്.. ' മനു അന്നാദ്യമായി ദൈവത്തോട് ചോദിച്ചു..
നേരത്തെ വന്ന നേഴ്സ് ഒന്നൂടെ വന്നു..
"മുൻസിപാലിറ്റിയിൽ കൊടുക്കാനുള്ള കൊച്ചിന്റെ ബർത്ത് സർട്ടിഫിക്കറ്റ് ഫോം ശരിയായിട്ടുണ്ട്.. അമ്മേടേം അച്ഛന്റേം ഒപ്പ്  വേണം.. "
അത് കേട്ടപ്പോൾ നാല് മുഖങ്ങൾ ഒരുമിച്ച് ഞെട്ടി , 'ഇതിപ്പോ ഇത്രേം പേര് നിക്കുമ്പോൾ ഏത് അച്ഛനാ ഒപ്പിട്ടു കൊടുക്കേണ്ടേ..' എന്നർത്ഥത്തിൽ.
അത് കേട്ടപ്പോ ആതിരേടെ ബോധം പോയി..അല്ലേലും ഓക്കറിയാം എപ്പോഴൊക്കെ ബോധം കെടണമെന്ന്. ഇതിനുമുമ്പ് ഇങ്ങനെ ബോധം കെട്ടത് മനുവുമായുള്ള കല്യാണം ഉറപ്പിച്ചത് ഗോപി ചോദിക്കാൻ പോയപ്പോഴാ..മിടുക്കി...
നേഴ്സ് ആതിരയുടെ അടുത്തേക്ക് പോയി തട്ടി വിളിച്ച് ഒപ്പിടീച്ചു ...
അച്ഛന്റെ ഒപ്പിടാൻ മുന്നോട്ട് നീങ്ങിയ മനുവിനെ,അപകടം മടുത്ത വിജയൻനൈസ് ആയിട്ട് തടഞ്ഞു..
"സിസ്റ്ററെ, ഇത് തെക്ക് വശത്തുള്ള മുറിയാ അല്ലെ.. " വിജയൻറെ ചോദ്യം..
"അല്ല.. ഇത് വടക്കാ.. " നഴ്സിന്റെ മറുപടി..
"വാ..വ .. വടക്കാണോ?? എന്നാ നമുക്ക് പടിഞ്ഞാറോട്ട് പോകാം.. ആദ്യായി അച്ഛൻ ഒപ്പിടുമ്പോൾ പടിഞ്ഞാർ വെച്ച് വേണമെന്നാ ശാസ്ത്രം.. " വിജയന്റെ ഗോൾ ..
"ഉവ്വോ???" എന്ന് മനു..
"ഉവ്വ.. "
സിസ്റ്റർ പുറത്തേക്കിറങ്ങി.. പിറകെ മനുവും വിജയനും ഗോപനും.. !!!

പുറത്തിറങ്ങിയ ഗോപി ലതയെ ഫോണിൽ വിളിച്ചു പുറത്തിറക്കി വീട്ടിലേക്ക് പറഞ്ഞയച്ചു..
കുറച്ചു നേരം കൂടി  ബേബിയെ നൊക്കിയിരുന്ന് സായിപ്പും മദാമ്മയും ടാറ്റാ പറഞ്ഞിറങ്ങി...
ഒരുപാട് നിർബന്ധിച്ച് ഗോപിയേം വിളിച്ചോണ്ട്  വിജയനും പുറത്തിറങ്ങി..
അന്ന് വൈകുന്നേരം, നാട്ടിൻപുറത്തെ മൈതാനം.. അവിടെ ഗോപിയും വിജയനും..
"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?? " ഒരു ബീഡിക്കു തീ കൊടുത്ത് വിജയൻ  ഗോപിയോട് ചോദിച്ചു..
ചോദ്യം എന്താന്നു ഗോപിക്കറിയാമായിരുന്നു .. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ ഗോപി മറുപടി കൊടുത്തു..
"ഉം.. ചോദിക്ക്.. "
"അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷത്തിൽ കൂടുതലായി.. കുട്ടിയുണ്ടായത് ഇന്ന്..എങ്ങനാ അന്യന്റെ ആ പറമ്പിൽ നിന്റെ വിള വിളഞ്ഞേ എന്നാ എനിക്ക് മനസ്സിലാകാത്തത്.. "
വിജയൻറെ കയ്യിൽ നിന്നും ബീഡി വാങ്ങി, അതൊന്നാഞ്ഞു വലിച്ച് ഗോപിയാ കഥ പറഞ്ഞു തുടങ്ങി..
മാസങ്ങള്ക്ക് മുമ്പ് ഒരു വൈകുന്നേരം വീട്ടിൽവെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ സമയം കളയാൻവേണ്ടി  കവലയിലെ 'സുസ്മിതം' ട്രാവൽസിൽ പോയ കഥ..
അപ്പൊ അവിടെ ഹണിമൂണ്‍ യാത്ര ബുക്ക്‌  ചെയ്യാൻ വേണ്ടി രണ്ടു ഫാമിലി വന്ന കഥ ...
പിന്നെ അവിടത്തെ സ്ഥിരം  ടാക്സി ഡ്രൈവർ ഹംസയെ എമർജൻസി ലീവ് എടുപ്പിച്ച് ,പകരം ഗോപി ഡ്രൈവറായി രണ്ടു ഫാമിലിയേം കൊണ്ട് ഹണിമൂണിന് പോയ മനോഹരകഥ..
അതിലൊരു ഫാമിലി മനുവിന്റെതായിരുന്നു ..!!!
ആ യാത്രയിൽ സംഭവിച്ച കഥകളുടെ ആന്തോളജി ഗോപി മനസ്സിൽ നിന്നും ഇറക്കിവെച്ചു ...
കഥ മുഴുവൻ കേട്ട് ബാക്കിയുണ്ടായിരുന്ന ബീഡി ഒറ്റവലിക്ക് ആഞ്ഞുവലിച്ച്‌ പുക പടിഞ്ഞാറോട്ട് വിട്ട് വിജയൻ ആ കഥയിൽ നിന്നും കിട്ടിയ ഗുണപാഠം ഉറക്കെ വിളിച്ചുപറഞ്ഞു....
"മദ്യപാനം ആരോഗ്യത്തിനും കുടുംബത്തിനും ഹാനികരം..ഞാൻ കുടി നിർത്തി ... "

Monday, April 7, 2014

ഒരു സിനിമാ കഥ...!!!

അബദ്ധത്തിൽ നഷ്ടമായ ഒരു കഥ തിരിച്ചു കിട്ടിയിരിക്കുന്നു.. അത് കൊണ്ട് പിന്നേം പോസ്റ്റുന്നു.. വായിക്കണേ.. :)

ഒരു സിനിമാ കഥ...

അല്ല.. അത് തെറ്റാണു.. ഇതൊരിക്കലും ഒരു സിനിമാ കഥയല്ല.. മറിച്ചു, സിനിമയ്ക്കു പോയ കഥയാണ്.. എന്‍റെ കുറെ സുഹൃത്തുക്കളുടെ കഥ.. അവര്‍ ഒരു സിനിമാ കാണാന്‍ പോയ കഥ..
കഥ പറച്ചലിന്റെ സുഖത്തിനു വേണ്ടി, അതിനു വേണ്ടി മാത്രം,ഈ കഥയും, ഞാനും എന്‍റെ സ്ഥിരം കഥാ പാത്രങ്ങളും ചേര്‍ന്ന് ഏറ്റെടുക്കുകയാണ്.. (ദയവു ചെയ്തു അത് ഞങ്ങള്‍ തന്നെ എന്ന് തെറ്റിദ്ധരിക്കല്ലേ..) ഇനി കഥയിലേക്ക്‌..

കോളേജില്‍ കാല് കുത്തിയതും , പ്രകാശ്‌ ഓടി വരുന്നു.. ഒരു നിമിഷം ഞാനും സുനീരും നിന്നു.. പിന്നെ അവന്റെ പിറകിലേക്കൊന്നു നോക്കി.. വേറെ ആരേലും വടിയും കുന്തവുമൊക്കെയായി അവന്റെ പിറകിലുണ്ടോ എന്ന്. കാരണം അവന്‍ അത്രയ്ക്ക് "നല്ലവനാണല്ലോ.."
ഇല്ല.. ആരുമില്ല.. അപ്പോള്‍ ഇതവന്‍ ഞങ്ങളോട് എന്ത് പറയാന്‍ വേണ്ടി ഓടി വരുന്നതാ..
"എന്താ അളിയാ കാര്യം.. ?? " സുനീര്‍ ചോദിച്ചു.
"അറിഞ്ഞോ.. ഇന്നും കോളേജില്‍ സമരമാ " അവന്‍ സന്തോഷത്തോടെ മറുപടി പറഞ്ഞു..
"ഒഹ്,. ഈ മാസം ഇതെത്രാമത്തെ സമരമാ എന്‍റെ ദൈവമേ.. "
"അത്.. ഒന്ന്. രണ്ടു..മൂന്നു........... " പ്രകാശ്‌ ഓര്‍ത്തെടുത്തു എണ്ണാന്‍ തുടങ്ങി..
"ഛീ.. നിര്‍ത്തെടാ.. വെറുതെ ഒരോളത്തിനു ഞാന്‍ ചോദിച്ചതാ.. അതിന അവന്‍ ഈ കിടന്നെന്നുന്നത് .. തെണ്ടി.. " എനിക്ക് ദേഷ്യം വന്നു..
"ആഹ്.. അത് വിട്.. .., അപ്പോള്‍ കാന്റീന്‍ ഇപ്പോള്‍ അടക്കും.. സൊ ഇവിടെ നിന്നിട്ടെനി പ്രതേകിച്ചു കാര്യമില്ല. ഇനിയെന്താ പരിപാടി??? " സുനീര്‍ ചോദിച്ചു..
"നമുക്കൊരു സിനിമയ്ക്കു പോയാലോ??? " ഐഡിയ പറഞ്ഞത് പ്രകാശാണ്.. ഉം. അതാ നല്ലത്. കുറെ ആയി നല്ല പടം കണ്ടിട്ട്.. confirmed
"അതിനു മുംബ് എനിക്കൊന്നു ക്ലാസ്സില്‍ പോകണം.. " സുനീര്‍ പറഞ്ഞു..
"അതെന്തിനാ?? " ഞാന്‍ ചോദിച്ചു..
"വരുമെങ്കില്‍ അവളേം സിനിമയ്ക്കു കൂട്ടണം.. അതിനാ.. "
"ഓഹോ.. കള്ള കാമുകാ... ഉം.. ശരി ശരി.. " ഞാനും പ്രകാശും സമ്മതിച്ചു..
അങ്ങനെ ഞങ്ങള്‍ ക്ലാസ്സിലേക്ക്.. ക്ലാസ്സില്‍ കയറും മുന്നേ സജീഷിനേം അന്സറിനെയും കണ്ടു.. അവരും സിനിമയ്ക്കു പോവുകയാണെന്ന്..
ഞങ്ങള്‍ ക്ലാസ്സിലെത്തി.. ക്ലാസ്സില്‍ സുനീറിന്റെ കാമുകിയുടെ കൂടെ വേറെയും മൂന്നു പെണ്‍കുട്ടികള്‍..
"എന്താടാ ഇനി പരിപാടി.. " ചോദിച്ചത് ഷീന ആയിരുന്നു.
" ഞങ്ങള്‍ സിനിമയ്ക്കു പോകുവാ.. .. " ഞാന്‍ പറഞ്ഞു..
"ഞങ്ങളും വരട്ടെ.. ??? " എന്ന് അവള്‍..
"വന്നോ. പക്ഷെ ഞങ്ങളുടെ ചെലവെടുക്കണം.. " അവള്‍ ചോദിച്ചു തീരുന്നതിനു മുംബ് default മറുപടി പറഞ്ഞത് പ്രകാശ്‌ ആയിരുന്നു.
"പോടാ.. അതൊന്നും പറ്റില്ല.. "
അതേറ്റില്ല.. ആഹ്.. പോട്ടെ..
(മര്യാദക്ക് ചോദിച്ചാല്‍ ഇവര്‍ സമ്മതിക്കില്ല.. അത് കൊണ്ടല്ലേ ഞങ്ങള്‍ക്ക് ഇവരെ പറ്റിക്കേണ്ടി വരുന്നത്.. അതിനു ഞങ്ങളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.. അല്ല പിന്നെ.. )

അങ്ങനെ ഞങ്ങള്‍ ഏഴു പേരും സിനിമയ്ക്കു പോകാന്‍ പദ്ദതിയായി.. ക്ലാസ്സില്‍ നിന്നും പുറത്തേക്കു. അപോഴാണ് ഞങ്ങള്‍ ഒരു കാര്യം ആലോചിച്ചത്.. പരമ പ്രധാനമായ ഒരു കാര്യം..
ഏതു സിനിമയ്ക്കു പോകണം എന്ന കാര്യം.. രണ്ടു തിയേറ്ററില്‍ (ഹരിഹര്‍ ആന്‍ഡ്‌ ക്ലാസ്സിക്‌ ) ഒഴികെ ബാക്കിയെല്ല തിയെറ്ററിലും പടം തുടങ്ങി കാണും. അവിടെ ഏതാ പടം കളിക്കുന്നത് എന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല.. അവസാനം ഞാനും പ്രകാശും കൂടി പത്രം നോക്കാന്‍ പോകാന്‍ തീരുമാനമായി,. ഞങ്ങള്‍ ലൈബ്രറിയില്‍ എത്തി.. പ്രകാശ്‌ പത്രം എടുത്തു നോക്കാന്‍ തുടങ്ങി..
"ഹരിഹരില്‍ ഏതാട പടം?? " ഞാന്‍ ചോദിച്ചു..
"അളിയാ,.. അവിടെ തരംഗമായി കൊണ്ടിരിക്കുന്ന മറ്റേ ചേച്ചിയുടെ പടമ.. "
"അയ്യേ.... ഛെ.. !!!!! അപ്പോള്‍ ക്ലാസ്സികിലോ??? " ഞാന്‍ ചോദിച്ചു..
"ക്ലാസ്സികില്‍ ചിന്താമണി കൊലക്കേസ്.." അവന്‍ പറഞ്ഞു.. ഓക്കേ.. അത് കാണാം.. confirmed ..
"ആകെ ഏഴു പേര്‍.. രണ്ടു ഓട്ടോയിലായിട്ടു പോകേണ്ടി വരും.. " ഞാന്‍ പറഞ്ഞു..
"ഛെ.. എട്ടു പേര്‍ ഉണ്ടായിരുന്നേല്‍ കറക്റ്റ് ആവുമായിരുന്നു.. " പ്രകാശ്‌ പറഞ്ഞു..
"എന്താടാ??"
"അല്ല.. ഇതിപോ ഒരു ഓട്ടോയില്‍ നാലും മറ്റേ ഓട്ടോയില്‍ മൂന്നും വെച്ച് പോകേണ്ടി വരുമല്ലോന്നു..എട്ടു പേരുണ്ടെങ്കില്‍ രണ്ടിലും നാലു പേരാകുമായിരുന്നു.. അതാ.." അവന്‍ വിശദീകരിച്ചു..
"ഒരു കാര്യം ചെയ്.. നീ വരേണ്ട.. അപ്പോള്‍ ആറ് പേരാകും.. ഞങ്ങള്‍ രണ്ടു ഓട്ടോയില്‍ മൂന്നു പേര്‍ വെച്ച് പോയ്കോളം.. എന്താ മതിയോ???" സുനീര്‍ ചോദിച്ചു..
"അതല്ലട.. ഒരാളെ കൂടി കൂട്ടിയാലോ എന്ന ഞാന്‍ ഉദ്ദേശിച്ചേ..." അവന്‍ നിന്നു പരുങ്ങി..
"ആരെ?? " ഞാന്‍ ചോദിച്ചു..
"ഫസ്റ്റ് ഇയറിലെ   സൌമ്യയേയും കൂട്ടിയാലോ??? " അവന്‍ ചോദിച്ചു..
"ഹമ്പട.. രണ്ടാമത്തെ കള്ള കാമുകാ... ഞാന്‍ മാത്രം പാവം.. ഉം.. നിന്റിഷ്ടം പോല്‍ ചെയ്തോ.. " ഞാന്‍ പറഞ്ഞു..
അപ്പോള്‍ തന്നെ അവന്‍ ഫസ്റ്റ് ഇയറിലേക്ക് ഓടി.
ഞങ്ങള്‍ ഓട്ടോയും കാത്തിരുന്ന്.. കുറച്ചു കഴിഞ്ഞപോള്‍ ഒരു ഓട്ടോ വന്നു..
പെണ്‍കുട്ടികള്‍ മൂന്നു പേര്‍ കയറി.. നാലാമതായി കയറാന്‍ ഒരുങ്ങി നിന്ന ഷീനയെ തള്ളി മാറ്റി സുനീര്‍ ചാടി ഓട്ടോയില്‍ കയറി..
"ഇതെന്താട ഇങ്ങനെ" എന്നര്‍ത്ഥത്തില്‍ അവളെന്നെ നോക്കി...
"അവനു അവളുടെ കൂടെ യാത്ര ചെയ്യണം.. അത്ര തന്നെ.. " എന്നര്‍ത്ഥത്തില്‍ ഞാന്‍ അവളേം നോക്കി.. ഇപോ അവള്‍ക്കെല്ലാം മനസിലായി..
ആ ഓട്ടോ പോയി.. ഞാനും ഷീനയും, പ്രകാശിനും ഓടോയ്കും വേണ്ടി കാത്തിരിക്കാന്‍ തുടങ്ങി..
കുറച്ചു കഴിഞ്ഞപോള്‍ പ്രകാശ്‌ ഓടി വരുന്നത് കണ്ടു.. ഞാന്‍ അവന്റെ പിറകിലേക്ക് നോക്കി.. "ഇല്ല.. ആരുമില്ല.." സമാധാനം..
കറക്റ്റ് സമയം തന്നെ ഒരു ഓടോയും വന്നു.. ഞാന്‍ കൈ നീട്ടി.. ഷീനയും ഞാനും ഓട്ടോയില്‍ കയറി.. പ്രകാശ്‌ ഓടി ഓട്ടോയുടെ അടുത്ത് വന്നു..
ഓട്ടോയുടെ അകത്തേക്ക് നോക്കിയ അവന്‍ അതെ സ്പീഡില്‍ തിരിച്ചോടി.. ഇതെന്തു കഥ..??? !!!!!!!!
"അവനല്ലേ.. ഇന്ന് ഗുളിക കഴിച്ചു കാണില്ല.." ഞാന്‍ അവളോട്‌ പറഞ്ഞു..
"ചേട്ടാ,, വണ്ടി തിയേറ്ററില്‍ പോട്ടെ.. " ഓട്ടോ വിട്ടു..
"എന്നാലും അവനെന്ത തിരിഞ്ഞോടി കളഞ്ഞത്?? " ഷീന എന്നോട് ചോദിച്ചു..
"അവളെ സിനിമയ്ക്കു വിളിച്ചപോള്‍ അവള്‍ പറഞ്ഞു കാണും കാമ്പസിന് ചുറ്റും രണ്ടു റൌണ്ട് ഓടാന്‍. അതാവും.. അല്ലേല്‍ വേറെ എന്തേലും ഉടായിപ്പ് കാണും, അവനല്ലേ ആള്.. " ഞാന്‍ പറഞ്ഞു തുടങ്ങി,പ്രകാശിന്റെ ആരുമറിയാത്ത കുറെ വീര കഥകൾ ..
"ആ തിരിച്ചോടിയത്‌ പ്രകാശ്‌ അല്ലെ??? " ഓട്ടോ ഡ്രൈവര്‍ ചോദിച്ചു..
"അതെ.. " ഞാന്‍ വളരെ സന്തോഷത്തോടു കൂടി തന്നെ മറുപടി പറഞ്ഞു.. 'അവന്‍ ഭയങ്കരന്‍ തന്നെ.. എവിടെ പോയാലും അവനെ അറിയുന്ന ആരേലും കാണും.' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ചേട്ടന് അവനെ എങ്ങനെ അറിയും?? " ഞാന്‍ ചോദിച്ചു,,
"ഞാന്‍ അവന്റെ അമ്മാവനാ.. " അയാള്‍ അത് പറഞ്ഞത് ഞാനൊന്നു ഞെട്ടി.. ദൈവമേ.. അതറിയാതെ പ്രകാശിന്റെ നടന്നതും നടക്കാത്തതും ഇനി നടക്കാന്‍ പോകുന്നതുമായ എന്തൊക്കെ കര്യങ്ങള ഞങ്ങള്‍ വിളിച്ചു പറഞ്ഞത്. ഛെ..
"അതെ.. ചേട്ടാ.. ചേട്ടന്‍ ഉദ്ദേശിച്ച പ്രകാശ്‌ അല്ല ഞങ്ങള്‍ ഉദ്ദേശിച്ചത്.. ഞങ്ങള്‍ ഉദ്ദേശിച്ച പ്രകാശിനെയാണോ ചേട്ടന്‍ ഉദ്ദേശിച്ചത് എന്നറിയില്ല.. ഏതായാലും ചേട്ടന്‍ ഉദ്ദേശിച്ച പ്രകാശിനെ ഞങ്ങള്‍ക്ക് അറിയുകയേ ഇല്ല.. " ഞാന്‍ പറഞ്ഞു..
"ഉം .. മനസിലായി മനസിലായി. അതികം ഉരുലെണ്ട.. ഏതു തിയേറ്ററില്‍ ആണ് നിങ്ങള്ക്ക് പോകേണ്ടത്.??? " അയാള്‍ ചോദിച്ചു..
"ഹരിഹരില്‍.. " ഞാന്‍ പറഞ്ഞു..
ഓട്ടോ തിയേറ്ററില്‍ എത്തി..
"എത്രയായി ചേട്ടാ??" ഞാന്‍ ചോദിച്ചു.. അപ്പോള്‍ അയാളെന്നെ ഒന്ന് നോക്കി...
ഒഹ്.. പ്രകാശിന്റെ അമ്മാവനല്ലേ.. കാശ് വേണ്ടായിരിക്കും .. നല്ല അമ്മാവന്‍.. ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു.. അപോഴും അയാള്‍ എന്നെ തന്നെ നോക്കുകയായിരുന്നു..
ഒന്നും മനസിലാകാതെ ഞാന്‍ ഒന്ന് കൂടി ചിരിച്ചു കാണിച്ചു..
"കാശ് ഒന്നും വേണ്ട.. നീയൊക്കെ ഒന്നിറങ്ങിയാല്‍ മതി... എന്‍റെ പുന്നാര മരുമകന്‍ വരുന്നതിനു മുമ്പ് എനിക്ക് പോകണം.. അവനു നാണോം മാനവുമോന്നുമില്ലെലും എനിക്കതുണ്ട്.." അയാള്‍ പറഞ്ഞു.. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒന്നും മനസിലായില്ല..
"പടം കാണാന്‍ വരുന്നത് അത്ര വല്യ തെറ്റാണോ ചേട്ടാ.. ?? " ഞാന്‍ ചോദിച്ചു..
"പടം കാണുന്നത് തെറ്റല്ല.. പക്ഷെ ഇത്.. " അയാള്‍ ഒന്ന് കൂടി രൂക്ഷമായി പറഞ്ഞു..
"ഒഹ്. പെണ്‍കുട്ടിയേം കൂട്ടി വന്നത് കൊണ്ടാണോ.. ചേട്ടാ.. ഇവള്‍ എനിക്ക് പെങ്ങളെ പോലെയ.." ഞാന്‍ അത് പറഞ്ഞപോള്‍ അയാള്‍ ഒന്ന് കൂടി രൂക്ഷമായി എന്നെ നോക്കി..
"ഒഹ്.. സോറി.. എനിക്ക് മാത്രമല്ല. പ്രകാശിനും.. " അതും പറഞ്ഞു ഞാനും അയാളെ ഒന്ന് രൂക്ഷമായി തന്നെ നോക്കി.. 'ചേട്ടന് ഇത്തിരി കൂടി അന്തസ്സായി ജീവിച്ചൂടെ??' എന്നര്‍ത്ഥത്തില്‍..
അയാള്‍ പിന്നൊന്നും പറഞ്ഞില്ല.. കാശും വാങ്ങാതെ വേഗത്തില്‍ ഓട്ടോ ഓടിച്ചു പോയി..
"കഷ്ടം.. അവന്റെ കുടുംബത്തില്‍ എല്ലാരും ഇങ്ങനെയാണല്ലോ ദൈവമേ.. " എന്നും പറഞ്ഞു തിയെറ്ററിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി തരിച്ചു പോയി..
വെപ്രാളതിനിടയില്‍ ഞാന്‍ തിയേറ്ററിന്റെ പേര് മാറ്റി പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് " മറ്റേ ചേച്ചിയുടെ" പടം കളിക്കുന്ന തിയേറ്ററില്‍. .അയ്യേ..!!
"ഹയ്യോ.. തിയേറ്റര്‍ മാറി പോയി.. " ഞാന്‍ പറഞ്ഞു..
"ഒഹ്.. അപ്പോള്‍ ഇവിടെ ഏതു പടമാ കളിക്കുന്നെ?? " എന്നും ചോദിച്ചു പോസ്റ്റര്‍ നോക്കാന്‍ ഒരുങ്ങിയ ഷീനയുടെ മുന്നില്‍ ഞാന്‍ കയറി നിന്നു..
ഭാഗ്യം.. കറക്റ്റ് സമയത്ത് തന്നെ ഒരു ഓട്ടോ വന്നു. ഞാന്‍ അവളെ ബലം പ്രോയോഗിച്ചു തന്നെ ഓട്ടോയില്‍ കയറ്റി..
"ചേട്ടാ.. അടുത്ത തിയേറ്ററില്‍ പോട്ടെ.." ഞാന്‍ പറഞ്ഞു..
സംഭവിച്ചതൊക്കെ ഞാന്‍ ഓര്‍ത്തു.. "എന്‍റെ ദൈവമേ.. ഛെ.. അയ്യേ.. കഷ്ടം.. ഛെ.. അയ്യേ.. "വാക്കുകള്‍ മാറി മാറി ഞാന്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു..
"എന്താടാ.. എന്താ പറ്റിയത്.." അവള്‍ ചോദിച്ചു..
"എഹ്.. ഒന്നുമില്ല.." ഞാന്‍ വേറൊന്നും പറഞ്ഞില്ല.. കാരണം ഈ ഓട്ടോ ആരുടെ അമ്മാവനന്റെതെന്നു ആര്‍ക്കറിയാം..
സംഭവിച്ചതൊക്കെ പ്രകാശിനോട് തുറന്നു പറഞ്ഞാലോ.. ഞാന്‍ ആലോചിച്ചു.. വേണ്ട..
"ചിന്താമണി കൊലകേസ്" കാണാന്‍ വന്നവര്‍ എന്‍റെ കൊലകേസിനു സാക്ഷി പറയേണ്ടി വരും.. ഇതിപോ ഞാന്‍ അവനോടു തുറന്നു പറഞ്ഞിട്ടും എന്ത് കാര്യം..
അവന്‍ ഒരു മാസത്തേക്കെങ്കിലും അമ്മാവനെ കാണാതെ മുങ്ങി നടക്കേണ്ടി വരും.. പറഞ്ഞില്ലേലും അമ്മാവന്‍ മുങ്ങി നടന്നോളും.. കാരണം ഇവന് നാണോം മാനവുമോന്നുമില്ലെലും അമ്മാവനതുണ്ടല്ലോ.. !!!!
"ഏത് തിയേറ്ററില്‍ ആണ് പോകേണ്ടത്??/ " പെട്ടെന്ന് ഓട്ടോ ഡ്രൈവര്‍ ചോദിച്ചു..
"അത്... അത് പിന്നെ.. " ദൈവമേ... പിന്നേം കണ്‍ഫ്യൂഷന്‍.. അതികം ആലോചിക്കാതെ കുറച്ചു കഴിഞ്ഞു ഞാന്‍ മറുപടി പറഞ്ഞു..
"ചിന്താമണി കൊലകേസ് കളിക്കുന്ന തിയേറ്ററില്‍.. " അല്ല പിന്നെ..

ഞങ്ങള്‍ തിയെറ്ററിലെത്തി.. ഞങ്ങളെ കാത്തു പ്രകാശ്‌ ഉള്‍പ്പടെ എല്ലാവരും നില്‍ക്കുന്നു..
"എടാ.. നിങ്ങള്‍ വന്ന ഓട്ടോ എന്‍റെ അമ്മാവന്റെതയിരുന്നു..." അവന്‍ എന്നോട് പറഞ്ഞു..
"ആണോ..??അത് ഞാനറിഞ്ഞില്ല... "
"എന്നെ പറ്റി നിങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ??? "
"ഹേ.. ഇല്ല.. ഒന്നും പറഞ്ഞില്ല.. ഒരു വാക്ക് പോലും പറഞ്ഞില്ല.. "
"അല്ലേലും നീ അബദ്ധമൊന്നും ചെയ്യില്ല എന്നെനിക്കറിയാം.. " അവന്‍ അഭിമാനത്തോടെ പറഞ്ഞു..
ഉം.. ശരിയാ..ഞാനും അതെവിടെയോ കേട്ടിട്ടുണ്ട്.. !!!!
പടം തുടങ്ങി.. എല്ലാവരും പടത്തില്‍ ശ്രദ്ദിച്ചു.. ഞാന്‍ മാത്രം പ്രകാശിനെ ശ്രദ്ദിച്ചു.. "ഇവനെ ഇത് പോലെ തന്നെ നാളെ കണ്ടാല്‍ മതിയായിരുന്നു.."
പടം കഴിഞ്ഞു.. എല്ലാവരും പുറത്തിറങ്ങി.. അപ്പോള്‍ പ്രകാശ്‌ എന്നോട് ചോദിച്ചു..
"അളിയാ.. ശരിക്കും ആരാ ഭാവനയെ കൊന്നത്.. " അവനു സിനിമാ കണ്ടിട്ട് ഒന്നും മ നസിലായില്ല പോലും..
"നിന്‍റെ അമ്മാവന്‍.. " ഞാന്‍ എവിടെയോ ഓര്‍ത്തു മറുപടി പറഞ്ഞു..
"എഹ്.. എന്താടാ?? "
"അല്ല.. അത് ശരിക്കും നിന്‍റെ അമ്മാവന്‍ തന്നെ ആയിരുന്നോ??"
"അതെട.. "
"ശരിക്കും..?????? "
"ശരിക്കും.. !!!.. അത് വിട്.. എന്നാലും ആരാ ഭാവനയെ കൊന്നത്.. ???" അവന്‍ വീണ്ടും ചോദിച്ചു..
"എന്നാലും എനിക്കെന്താ തിയേറ്ററിന്റെ പേര് മാറിയത്.. ??" ഇനിയിപോ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല ‍.. ഉത്തരങ്ങള്‍ക്കും.. എങ്കിലും പ്രകാശ്‌ ചോദിച്ചു കൊണ്ടേയിരുന്നു..
"ആരാ ഭാവനയെ കൊന്നത്.. ???"

പടം കഴിഞ്ഞു.. പടത്തിന്റെ ക്ലൈമാക്സ്‌-ഉം കഴിഞ്ഞു.. പക്ഷെ പടം കാണാന്‍ പോയതിന്റെ ക്ലൈമാക്സ്‌ പിറകെ വരുന്നതെ ഉണ്ടായിരുന്നുള്ളു..
------------------------
അടുത്ത ദിവസം.. കാന്റീന്‍..
ചുമ്മാ വായ് നോക്കിയിരുന്ന എന്‍റെ മുന്നില്‍ അന്‍സാര്‍ പ്രത്യക്ഷപ്പെട്ടു.. അവന്റെ മുഖത്തൊരു ആക്കിയ ചിരി..
"എന്താടാ തെണ്ടി ഇളിച്ചു കാട്ടുന്നെ??? " ഞാന്‍ ചോദിച്ചു..
" നിന്നേം ലവളേം മറ്റേ തിയെറ്ററിന്റെ മുന്നില്‍ കണ്ടല്ലോ ഇന്നലെ.. "
"അയ്യേ.. ഛെ.. എടാ.. അത് അതല്ലട.. തിയേറ്റര്‍ മാറി പോയതാ.. " ഞാന്‍ വിയര്‍ത്തു പോയി..
"ഉം. മനസിലായി മനസിലായി.. അതികം കിടന്നുരുളേണ്ട. " അതും പറഞ്ഞു അവന്‍ ചിരിച്ചു കൊണ്ട് തന്നെ പോയി..
ആരോട്.. എന്ത് പറയാന്‍.. പറഞ്ഞാല്‍ തന്നെ ആരു വിശ്വസിക്കാന്‍.. എന്നാലും .. ഛെ.. .. അയ്യേ..
"ഡാ.. പ്രകാശ്‌ അല്ലെ ആ ഓടി വരുന്നത്??? " സുനീര്‍ എന്നോട് ചോദിച്ചു..
അതെ.. അവന്‍ തന്നെ.. ഇത്തവണ ഞാന്‍ അവന്റെ പിറകിലേക്ക് നോക്കിയില്ല. കാരണം.. ഇത് എന്നെ കാണാനുള്ള വരവ.. അമ്മാവന്‍ അവനു കൊടുത്തതിന്റെ മുതലും പലിശയും എനിക്ക് തരാനുള്ള വരവ്..
"നീ എന്താ ലേറ്റ് ആയതു.. വേഗം വന്നു തന്നിട്ട് പോടാ.. " എന്നര്‍ത്ഥത്തില്‍ ഞാന്‍ അവനെ നോക്കി..
"അളിയാ,.. അടി കൂടുതലാകുമ്പോള്‍ ഒന്ന് പിടിച്ചു വെച്ചേക്കണേ അവനെ.. പ്ലീസ്‌.. " ഞാന്‍ സുനീരിനോട് പറഞ്ഞു..
"അടിയോ ?? എന്തിനു?? " അവനൊന്നും മനസിലായില്ല..
"അതൊക്കെ ഉണ്ട്.. "
"കാര്യം പറഞ്ഞാല്‍ ഞാന്‍ അവനെ പറഞ്ഞു മനസിലാക്കിക്കം.. " അവന്‍ എന്നോട് പറഞ്ഞു..
"ഒന്ന് പോടാ.. വെട്ടാന്‍ വരുന്ന പോത്തിനോട് വേറൊരു പോത്ത്‌ വേദമോതിയിട്ടെന്തു കാര്യം??? "
പ്രകാശ്‌ ഞങ്ങളുടെ അടുത്ത് എത്തി.. അവന്റെ കിതപ്പ് മാറുന്നില്ല.. ഞാന്‍ ഒരടി പിറകോട്ടു മാറി നിന്നു..
അവനെന്ത ഒന്നും പറയാത്തത് എന്ന് ഞാന്‍ ആലോചിച്ചു.. അളിയാ.. തല്ലരുത്.. എല്ലാം പറഞ്ഞു തീര്‍ക്കാം എന്നര്‍ത്ഥത്തില്‍ ഞാന്‍ ഒന്ന് കൂടി അവനെ നോക്കി.
മൌനത്തിനു വിരാമമിട്ടു കുറച്ചു കഴിഞ്ഞപോള്‍ അവന്‍ പറഞ്ഞു..
"അളിയാ.. ഭാവനയെ കൊന്നത് മറ്റേ സായികുമാറ.. "
"എഹ്,,എന്താ??? " അടി പ്രതീക്ഷിച്ചു നിന്ന സുനീര്‍ നിരാശയോടെ ചോദിച്ചു..
"അതെട.. ഞാന്‍ ജംഷിയോടു ചോദിച്ചു.. അവന്‍ പടം കണ്ടതാ.. അവന പറഞ്ഞത് ഭാവനയെ കൊന്നത് സായികുമാറ.. "
"സായികുമാറല്ല .. നിന്‍റെ അമ്മാവന കൊന്നത്.. ഭാവനയെയല്ല .. എന്നെ.. !!!"
"ഓ .. ഇത്രക്കങ്ങു ചൂടാകാൻ മാത്രം നീ വല്യ സായികുമാർ ഫാൻ ആണെന്ന്  ഞാനറിഞ്ഞില്ല.. " അവനതും പറഞ്ഞു മുഖം വീര്പ്പിച്ചു നടന്നു..
ഞാനവിടെ തന്നെ നിന്നു ..
ഛെ.. വേണ്ടാരുന്നു.. സായികുമാർഭാവനയെ കൊന്നതിന് ഞാനവനെ.. ഈശ്വരാ.. എന്തൊരപരാധി  ഈ ഞാൻ...!!!

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...