പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Sunday, May 15, 2011

ആര് കെട്ടും????


ആര് കെട്ടും???
ചില ചോദ്യങ്ങള്‍ അങ്ങനെയാണ്.. വ്യക്തമായ ഉത്തരങ്ങള്‍ ലഭിക്കാത്ത ചോദ്യങ്ങള്‍....
അങ്ങനെയുള്ള ഒരു ചോദ്യത്തിന്‍റെ കഥയാണിത്.. കൂടുതലറിയാന്‍ കഥയുടെ അവസാനം വരെ കാത്തിരിക്കുക....പ്ലീസ്..

ഞാനും പ്രകാശും രാവിലെ തന്നെ കോളേജിലെത്തി.. ഗേറ്റിന്റെ അടുത്ത് വായ് നോക്കി ഇരിക്കുമ്പോള്‍ അന്‍സാര്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു..
അവന്‍റെ മുഖത്തെന്തോ ഭാവ മാറ്റമുണ്ട്.. പക്ഷെ എന്ത് ഭാവമാണ് അതെന്നു ഞങ്ങള്‍ക്ക് മനസിലായില്ല..
അഹംഭാവമാണോ,വിഷാദമാണോ അതോ വേറേതേലും ഭാവമോ??? ആഹ്,,
"അളിയാ.. അവളുടെ കല്യാണം ഉറപ്പിച്ചു.. "
വന്ന ഉടനെ അവന്‍ ഞങ്ങളോട് പറഞ്ഞു..
"എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെങ്ങളുടെ കല്യാണമുറപ്പിചെന്നോ??"
ഞാന്‍ ചോദിച്ചു..
"പെങ്ങളുടെതല്ലട.. ഷമീനയുടെ"
അതായതു അവന്‍റെ കാമുകിയുടെ..
(സത്യം പറഞ്ഞാല്‍ ഞങ്ങള്‍ ആരും ശമീനയെ ഇത് വരെ കണ്ടിട്ടില്ല.. അവന്‍റെ അയല്‍വാസിയെന്നാ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്.)
"എഹ്.. അതിനു നിന്‍റെ വീട്ടില്‍ സമ്മതിച്ചോ??? "
"അതിനെന്തിനാ എന്‍റെ വീട്ടുകാരുടെ സമ്മതം?? "
"അപ്പോള്‍ രജിസ്റ്റര്‍ വിവാഹമാണോ??? എടാ.. അത് വേണോട?? "
"എടാ.. അതിനു ഞാനുമായുള്ള വിവാഹമല്ല.. വേറേതോ തെണ്ടിയ അവളെ കല്യാണം കഴിക്കാന്‍ പോകുന്നത്.. "
എഹ്..
"നീ ലോകത്തുള്ള സകല കാമുകന്മാര്‍ക്കും ഒരു മാതൃകയാണെടാ.... സ്വന്തം കാമുകിയുടെ വിവാഹത്തിന് ക്ഷണിക്കുന്ന ആദ്യ കാമുകന്‍.. നീ വിളിച്ചില്ലേലും ഞങ്ങള്‍ വരുമായിരുന്നെട"
പ്രകാശ്‌ പറഞ്ഞു..
"ഫ.. ഞാന്‍ നിന്നെയൊക്കെ കല്യാണം വിളിക്കാന്‍ വന്നതൊന്നുമല്ല.. "
"പിന്നെ?? "
"ആ കല്യാണം എങ്ങനേലും മുടക്കണം എന്ന് പറയാന്‍ വന്നതാ.. "
"കല്യാണം മുടക്കാനോ??"
"ഡാ.. അതിനു കല്യാണം തീരുമാനിചൊന്നുമില്ല.. ഇന്നേതോ ഒരുത്തന്‍ അവളെ പെണ്ണ് കാണാന്‍ വരുന്നുണ്ട്.. അവനു അവളെ ഇഷ്ടമായാല്‍ എല്ലാം കൈ വിട്ടു പോകും.. അതാ.."
"അളിയാ.. ഇപോ പഴയത് പോലെ ഓടാനും തല്ലു കൊള്ളാനൊന്നും വയ്യ.. അത് കൊണ്ടു ഞങ്ങളെ വെറുതെ വിട്ടേക്ക്.. "
ഞാന്‍ പറഞ്ഞു..
"ഇതാണോടാ ഫ്രണ്ട്സ്.. ഫ്രണ്ട്സ് എന്ന് വെച്ച ഇങ്ങനെയാണോ???"
"പിന്നെന്ത.. ?? നീയൊക്കെ കാണിക്കുന്ന തോന്ന്യസത്തിനു തല്ലു കൊള്ളുന്നവരല്ലേ ഫ്രണ്ട്സ്.. പോടാ.. "
"എടാ.. അങ്ങനെ പറയല്ലേ.. നിങ്ങള്‍ക്ക് മാത്രമേ ഇനി എന്നെ രക്ഷിക്കാന്‍ പറ്റു.. "
"നീ ഞങ്ങളെ അത്രക്കങ്ങു പൊക്കല്ലേ.. ഞങ്ങളെ താഴെ നിര്‍ത്ത്.. എന്നിട്ട് സംസാരിക്ക്.. ഹല്ല പിന്നെ.."
"എടാ.. പ്ലീസ്.. "
പക്ഷെ ഞാന്‍ അതിലൊന്നും വീണില്ല..
അന്‍സാര്‍ പോകാനൊരുങ്ങി..
അപ്പോള്‍ പ്രകാശ്‌ അവന്‍റെ കയ്യില്‍ കയറി പിടിച്ചു..
"ടാ.. നീ പേടിക്കേണ്ട.. ഞങ്ങളുണ്ടാകും നിന്‍റെ കൂടെ.. നമ്മള്‍ ഈ കല്യാണം മുടക്കും.."
അവന്‍ ഒരു നായകന്‍റെ വീര്യത്തോടെ പറഞ്ഞു..

അതാണ് പ്രകാശ്‌.. മുകളില്‍ പോകുന്ന ഒരു വെടിയുണ്ട പോലും വെറുതെ വിടാത്തവന്‍.. ഏണി വെച്ചായാലും കയറി പിടിക്കുന്നവന്‍.. ആ വെടിയുണ്ട കൊണ്ടു മിക്കവാറും പരിക്ക് പറ്റുന്നത് എനിക്കോ സുനീറിനോ ആയിരിക്കും.. ഇതിപോ എന്താകുമോ എന്തോ???

"ടാ.. സുനീറിനേം കൂടി വിളിക്ക്..അവനും വേണം നമ്മുടെ കൂടെ.. നമുക്കിപോ തന്നെ പോകാം.. "
"അതിനു സുനീര്‍ ഇന്ന് ലീവ് ആണ്..സൊ ഇന്ന് പോകുന്നത് നടക്കില്ല.."
ഞാന്‍ എങ്ങനേലും ഒഴിവാകാന്‍ ശ്രമിച്ചു..
"അവനെ ഫോണ്‍ വിളിച്ചു വരാന്‍ പറയെടാ.."
"എടാ.. അവന്‍ എന്തോ പ്രധാനമായ കാര്യത്തിന് പോവുകാണെന്നാ പറഞ്ഞത്‌.. അത് കൊണ്ട് അത് നടപ്പില്ല... "
"എന്നാ പിന്നെ നമുക്ക് രണ്ടു പേര്‍ക്ക് മാത്രം പോകാം.. എന്താ???"
"വേണ്ടെട.. നമുക്ക് നാളെ പോയാല്‍ മതി.. "
"അതെന്താ ഇന്ന് പോയാല്‍..?? "
"ഇന്ന് പോയാല്‍ ചെറുക്കന്റെ വീട്ടുകാരുടെയും പെണ്ണിന്‍റെ വീട്ടുകാരുടെയും കയ്യില്‍ നിന്നു കൊള്ളേണ്ടി വരും.. നാളെയാകുമ്പോ പെണ്ണിന്‍റെ വീട്ടുകാരുടെ കയ്യില്‍ നിന്നും മാത്രം കൊണ്ടാല്‍ മതി..പോരാതെ.. നാളെയാകുമ്പോള്‍ സുനീറിനേം കൂട്ടാം.. "
അത് അവന്‍ സമ്മതിച്ചു..
"ഇനി നമുക്ക് പരിപാടി പ്ലാന്‍ ചെയ്യാം.. ടാ.. അതിനു മുമ്പ് നീ പോയി രണ്ടു പരിപ്പുവട വാങ്ങിയിട്ട് വാ.. "
ഞാന്‍ അന്‍സാറിനോട് കല്‍പ്പിച്ചു..
"എഹ്.. പ്ലാന്‍ ചെയ്യുന്നതിനെന്തിനാ പരിപ്പ് വട..??"
"അത് പരിപ്പുവടയുടെ മുകളിലാ പ്ലാന്‍ വരക്കുന്നത്.. അതികം ചോദ്യം ചോദിക്കാതെ പോയി വാങ്ങിച്ചു വാടാ.. "
ഇപോഴാകുമ്പോള്‍ അവനെന്തായാലും പോകും.. കാരണം അവനാണല്ലോ ആവശ്യം..
'ടാ.. പിന്നൊരു കാര്യം.. നാളെ എനിക്ക് വരാന്‍ പറ്റില്ല കേട്ടോ.. "
പോകുന്നതിനു മുമ്പ് അവന്‍ പറഞ്ഞു..
"വരാന്‍ പറ്റില്ലന്നോ?? അപ്പോള്‍ ഞങ്ങള്‍ മാത്രം പോയി തല്ലു കൊള്ളണം എന്ന്..അല്ലെ,,?? "
"അതല്ലട.. എന്നെ കണ്ടാല്‍ തന്നെ അയാള്‍ വാളെടുക്കും.. പിന്നെ തല്ലില്‍ നിക്കില്ല.. കൊല നടക്കും കൊല.. ഹാ.."
"അങ്ങനയണേല്‍ നീ വരേണ്ട.. നീയില്ലാതെ ഞങ്ങള്‍ എന്തേലും പ്ലാന്‍ ചെയ്തോളാം.."
പ്രകാശ്‌ വീണ്ടും നായക സ്വരത്തില്‍ പറഞ്ഞു.. ഇവനെന്തിനുള്ള പുറപ്പാടാണോ എന്തോ???

അന്‍സാര്‍ പരിപ്പുവട വാങ്ങാന്‍ പോയി..
പ്രകാശ്‌ പ്ലാന്‍ പറയാന്‍ തുടങ്ങി.
ആ പ്ലാന്‍ എനിക്കും ഇഷ്ടമായി.. കാരണം ആ വെടിയുണ്ട എനിക്ക് നേരെയല്ല.. സുനീരിന്‍റെ നേര്‍ക്കാ.. അത് കൊണ്ടു തന്നെ അവിടെ എത്തും വരെ ഈ പ്ലാന്‍ എന്ത് വന്നാലും സുനീര്‍ അറിയാന്‍ പാടില്ല എന്നതും ഞങ്ങള്‍ തീരുമാനിച്ചു..

പിറ്റേന്ന്..
സുനീറിനേം കാത്തു ഞാനും പ്രകാശും ഗേറ്റിന്റെ അടുത്ത് നില്പായി.. കുറച്ചു കഴിഞ്ഞപോള്‍ ഒരു ഓട്ടോയില്‍, മുഖത്ത് നിറഞ്ഞ ചിരിയുമായി സുനീര്‍ വന്നിറങ്ങുന്നത് കണ്ടു..
ഞങ്ങള്‍ ഓടി ഓട്ടോയുടെ അടുത്ത് ചെന്ന് അതെ ഓട്ടോയില്‍ അവനേം വിളിച്ചു കേറ്റി യാത്ര ആരംഭിച്ചു..
"എങ്ങോട്ടാട ??? " അവന്‍ ചോദിച്ചു..
"എന്ത്.. ഏത് .. എന്നൊന്നും ചോദിക്കേണ്ട.. ഞങ്ങളുടെ കൂടെ വന്നു നിന്നാല്‍ മാത്രം മതി.. "
ഞാന്‍ പറഞ്ഞു..
"ഉം.. ശരി.. എനിക്കൊരു സന്തോഷ വാര്‍ത്ത‍ പറയാനുണ്ടെട.."
അവന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു..
"അതൊക്കെ പിന്നെ പറയാം.. അതിനെക്കാള്‍ വല്യ കാര്യത്തിനാ നമ്മളിപോ പോകുന്നത്.. അപോഴാ അവന്‍റെയൊരു സന്തോഷ വാര്‍ത്ത‍. "
പ്രകാശ്‌ അത് പറഞ്ഞതും അവന്‍റെ മുഖമൊന്നു മാറി.. പിന്നെയൊന്നും അവന്‍ പറഞ്ഞില്ല..

അങ്ങനെ ഞങ്ങള്‍ ആ വീട്ടിലെത്തി.. വീടെത്തിയതും സുനീറിന്റെ മുഖത്തൊരു ഭാവ മാറ്റം..
ഇവന്മാരെന്താ ചെയ്യാന്‍ പോകുന്നത് എന്നോര്‍ത്താവും ....
വീടിന്‍റെ പുറത്തു തന്നെ പെണ്ണിന്‍റെ ബാപ്പ നില്‍പ്പുണ്ട്.. അയാളെ കണ്ടതും ഞാനൊന്നു ഞെട്ടി. കാരണം അങ്ങനെയൊരു രൂപം.. എന്റെമ്മോ..
അതെ ഞെട്ടല്‍ സുനീറിന്റെ മുഖത്തും കാണാമായിരുന്നു.. അവനും പേടിച്ചിട്ടുണ്ടാവും..
പക്ഷെ അയാളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി..
ആദിത്യ മര്യാദ.. ഞാന്‍ മനസ്സില്‍ കരുതി..
"ഞങ്ങള്‍ ഒരു കാര്യം പറയാനാ വന്നത്.. "
പ്രകാശ്‌ പറഞ്ഞു തുടങ്ങി.. ഞാന്‍ ഒരടി പിറകിലോട്ടു മാറി നിന്നു..
"എന്താ മക്കളെ.. ?? " അയാള്‍ സ്നേഹപൂര്‍വ്വം ചോദിച്ചു..
"ഇന്നലെ പെണ്ണ് കാണാന്‍ വന്നവരുമായി ഷമീനയുടെ കല്യാണം ഉറപ്പിച്ചാല്‍ ഇവിടെ ഒരു ചോര പുഴയൊഴുകും.. "
(അതെ.. ഞങ്ങളെ മൂന്നു പേരെയും നിങ്ങള്‍ വെട്ടി കൊല്ലും.. അങ്ങനെ ഒരു ചോര പുഴയൊഴുകും എന്ന്..)

"എന്താ ?? എന്താ പ്രശ്നം?? "
"ഇവന്‍ പ്രേമിക്കുന്ന പെണ്ണാ അവള്.. അവള്‍ക്കു വേണ്ടി ഇവന്‍ എന്തും ചെയ്യും.. ഇവന് വേണ്ടി ഞങ്ങളും എന്തും ചെയ്യും.. "
സുനീറിനെ ചൂണ്ടി പ്രകാശ്‌ ഇത് പറഞ്ഞതും സുനീര്‍ വെടി കൊണ്ടത്‌ പോലെ നിന്നു പോയി.. കൂടെ അയാളും..
സുനീര്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്.. പക്ഷെ വാക്കുകള്‍ പുറത്തു വരുന്നില്ല..
"കണ്ടോ.. അവന്‍റെ ഹൃദയം വേദനിക്കുന്നത്.. അത് കൊണ്ടാ ആ വാക്കുകള്‍ പുറത്തു വരാത്തത്.. ഇവന് വേണ്ടി ഞങ്ങള്‍ എന്തും ചെയ്യും.... ആഹ്.. പറഞ്ഞില്ലെന്നു വേണ്ട... "
പ്രകാശ്‌ കരഞ്ഞു തുടങ്ങി..
ഹോ.. എന്തൊരഭിനയം.. എന്തൊരഭിനയം..
ഞാന്‍ സുനീറിനെ നോക്കി.. അവന്‍റെ കണ്ണും നിറഞ്ഞിരിക്കുന്നു..
അവനും അഭിനയം തുടങ്ങിയിരിക്കുന്നു..
ഞാന്‍ മാത്രമെന്തിനു വെറുതെ നില്‍ക്കണം.. ഞാനും കരഞ്ഞു തുടങ്ങി..
അയാളിപ്പോഴും വെടി കൊണ്ടത്‌ പോലെ തന്നെ നില്‍ക്കുവാണ്..
മൂന്നു അഭിനയ പ്രതിഭകളുടെ മുമ്പില്‍ നിസഹായനായി ഒന്നും പറയാന്‍ പറ്റാതെയുള്ള നില്‍പ്പ്..
ഞാന്‍ മനസാല്‍ അഹങ്കരിച്ചു.. ഞങ്ങളെ സമ്മതിക്കണം.. ഹല്ല പിന്നെ..
പിന്നെ അതികം അവിടെ നിന്നില്ല.. പ്രകാശ്‌ ഞങ്ങളുടെ കയ്യും പിടിച്ചു പുറത്തേക്കു..

അതെ ഓട്ടോയില്‍ കയറി വീണ്ടും കോളേജിലേക്ക്..
പ്രകാശ്‌ ഫോണെടുത്തു കോളേജിലെ എല്ലാരേം വിളി തുടങ്ങി..ഞങ്ങളുടെ വീര സാഹസിക കഥ പറയാന്‍..
ഇപ്പോഴും സുനീര്‍ ഒന്നും മിണ്ടുന്നില്ല.. എന്താണാവോ???
ഞങ്ങള്‍ കോളേജിലെത്തി..ഓട്ടോയില്‍ നിന്നിറങ്ങിയതും സുനീരിന്‍റെ കാമുകി ജസീന ഓടി വരുന്നു..
"ടാ.. നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ.. നിനക്ക് വേറേതോ പെണ്ണിനെ ഇഷ്ടമാണെന്നും അവളുടെ കല്യാണം മുടക്കിയിട്ട വരുന്നതെന്നും ഞാനറിഞ്ഞു.. നിനക്കെങ്ങനെ തോന്നിയെട എന്നെ ചതിക്കാന്‍.. "
അവളും കരഞ്ഞു തുടങ്ങി..
അത് വെറും അഭിനയമാണെന്നും ഷമീന അന്‍സാറിന്റെ കാമുകിയാണെന്നുമൊക്കെ ഞാന്‍ പറയും മുമ്പേ അവള്‍ ഓടി അകന്നു..
ഞാന്‍ സുനീറിന്റെ മുഖത്ത് നോക്കി.. അവനു പ്രതേകിച്ചു ഭാവ മാറ്റമൊന്നുമില്ല.. ഓട്ടോയില്‍ വെച്ച് കണ്ട അതെ ഭാവം..
"അളിയാ.. നീ അതൊന്നും കണ്ടു വിഷമിക്കേണ്ട.. അവളെ ഞാന്‍ പറഞ്ഞു മനസിലാക്കിക്കോളാം '
ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു ..
"മതിയെട മതി.. നീയൊക്കെ പറഞ്ഞതും മനസിലാക്കിയതും ഒക്കെ മതി.. ഇനി ഒന്നും വേണ്ട.. പിടിച്ചതിനേക്കാളും വലുതല്ലല്ലോ മാളത്തില്‍ "
"അതെന്താട നീ അങ്ങനെ പറഞ്ഞത്‌.. "
അവന്‍ ഒന്നും മിണ്ടുന്നില്ല.. കുറച്ചു കഴിഞ്ഞപോള്‍ പറഞ്ഞു തുടങ്ങി.
"ഞാന്‍ ഓട്ടോയില്‍ കയറിയപോള്‍ ഒരു സന്തോഷ വാര്‍ത്ത‍ പറയാം എന്ന് പറഞ്ഞില്ലേ?? അതിനിയെങ്കിലും പറഞ്ഞോട്ടെ?? "
"നീ പറയെടാ അളിയാ.. സന്തോഷ വാര്‍ത്ത‍ കേള്‍ക്കാന്‍ പറ്റിയ മൂടല്ലേ.. "
പ്രകാശ്‌ പറഞ്ഞു.. അവന്‍ പ്രകാശിനെ ഒന്ന് നോക്കി...
"എന്താന്ന് വെച്ച പറയെടാ... " ഞാന്‍ പറഞ്ഞു..
"ഇന്നലെ എന്‍റെ ചേട്ടന്‍റെ പെണ്ണ് കാണല്‍ ചടങ്ങായിരുന്നു.. കല്യാണോം ഉറപ്പിച്ചതാ..."
"Congratulations അളിയാ Congratulations .. '
"Congratulations മുഴുവന്‍ പറഞ്ഞു തീര്‍ക്കല്ലേ.. ഇനിയും ആവശ്യം വരും.. അപോ ഇല്ലാതെയാകും. "
"അതെന്താട??"
"ഇന്നലെ ചേട്ടനും ഞങ്ങളുമൊക്കെ വളരെ മാന്യമായി പെണ്ണ് കാണാന്‍ പോയ വീട്ടില ഇന്ന് നിങ്ങള്‍ എന്നേം കൊണ്ടു 'അതിലും മാന്യമായി' പെണ്ണ് കാണാന്‍ പോയത്.. "
ഠിം. ഡിഷ്യും.. ഠിം..
തലക്കെവിടെന്നൊക്കെയോ അടി കിട്ടിയത് പോലെ..
തലക്കും ചുറ്റും നക്ഷത്രങ്ങള്‍..അതോ പോന്നീച്ചയോ? അതോ ഞങ്ങള്‍ക്ക് തോന്നുന്നതോ??
എന്തായാലും ഞാനും പ്രകാശും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല..

കുറച്ചു കഴിഞ്ഞപോള്‍ അന്‍സാര്‍ ഓടി വരുന്നത് കണ്ടു..
"അളിയാ. താങ്ക്സ് ..അവളുടെ കല്യാണം മുടങ്ങി.. അവള്‍ വിളിച്ചാരുന്നു.."
ആണോ?? നന്നായി.. വളരെ വളരെ നന്നായി..
അതും പറഞ്ഞു അവിടെ നിന്നും ഓടാന്‍ തുടങ്ങിയ അന്‍സാറിനെ വിളിച്ചു പ്രകാശ്‌ ഉച്ചത്തില്‍ പറഞ്ഞു..
."അളിയാ.. ചെലവു ചെയ്യണേ.. "
ഇത് കേട്ടതും സുനീര്‍ പ്രകാശിനെ ഒന്ന് നോക്കി..
"എന്‍റെ കൊലച്ചോര്‍ വെന്തു കൊണ്ടിരിക്കുവാടാ.. അത് ഞാന്‍ നിന്നെ കൊണ്ടൊക്കെ തീറ്റിക്കാം.."

"അളിയാ.. സമാധാനിക്കു.. വേറൊരുത്തന്‍ പ്രേമിക്കുന്ന പെണ്ണിനെ ചേട്ടന്‍റെ തലയില്‍ നിന്നും ഒഴിവാക്കിയല്ലോ എന്നോര്‍ത്ത് സമാധാനിക്ക്.. "
ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു..
"പക്ഷെ എന്‍റെ വീട്ടുകാരുടെ മുമ്പില്‍ ആ വേറൊരുത്തന്‍ ഞാന്‍ അല്ലെടാ തെണ്ടീ....അപോ എങ്ങനെ സമാധാനിക്കാന??"
അതും ശരിയാ..
"അളിയാ.. നീ ഒന്ന് കൊണ്ടും പേടിക്കേണ്ട.. നിന്‍റെ വീട്ടിലേക്കു ഞാനും വരാം.. അവരെ ഞാന്‍ എല്ലാം പറഞ്ഞു മനസിലാക്കിക്കോളം "
പ്രകാശ്‌ പറഞ്ഞു തുടങ്ങി..
"നീ മിണ്ടരുത്..നീ എന്‍റെ കൂടെ വന്നാല്‍ എന്നെ കൊണ്ടു അവളെ കെട്ടിച്ചിട്ടെ തിരിച്ചു വരൂ,.അത്രയ്ക്ക് മിടുക്കനാ നീ... "
പ്രകാശ്‌ പിന്നെ ഒന്നും പറഞ്ഞില്ല..

പെട്ടെന്ന് സുനീരിന്‍റെ മൊബൈല്‍ ബെല്ലടിച്ചു..
"ഹയ്യോ.. തേണ്ടെട വീട്ടില്‍ നിന്നും ചേട്ടന്‍ വിളിക്കുന്നു.. " അവന്‍ വിറച്ചു കൊണ്ടു പറഞ്ഞു..
"അളിയാ.. എന്തായാലും നീ ഫോണെടുത്തു കാര്യം പറയ്‌.. "
അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.. ലൌഡ് സ്പീകറില്‍ ഇട്ടു..
"ഹലോ.." സുനീര്‍ വിറയലോടെ സംസാരിച്ചു തുടങ്ങി..
"എടാ.. ഞാന്‍ ഒരു കാര്യം ചോദിയ്ക്കാന്‍ വേണ്ടി വിളിച്ചതാ.. "
'എന്താ ഇക്കാ??? "
"നിന്‍റെ കാമുകിയെ ഞാന്‍ കെട്ടണോ അതോ നീ തന്നെ കെട്ടിക്കോളുമോ??"
(ടോസ്സിട്ടു നോക്കി ആരാന്നു വെച്ച കെട്ട്.. അല്ല പിന്നെ.. ഒരു ചോദ്യം കേട്ടില്ലേ.. ഞാന്‍ മനസ്സില്‍ പറഞ്ഞു..)
"അത്.. ഇക്കാ.. അവള്‍.. അവള്‍ എന്‍റെ ഫ്രണ്ട് അന്‍സാറിന്റെ കാമുകിയാ.. "
"ആഹാ.. നീ മാത്രമല്ലേ.. ഇനിയും ആളുണ്ടോ?? "
(ഉം.. ഉണ്ട്.. ഇനിയും ആളുണ്ട്.. അപോ ടോസ്സിട്ടാല്‍ പോര .. നറുക്ക് ഇടേണ്ടി വരും.. പിന്നല്ല.... . )
സുനീര്‍ മറ്റെന്തോ പറയുന്നതിന് മുമ്പേ ചേട്ടന്‍ ഫോണ്‍ കട്ട്‌ ചെയ്തു..
കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല..
സമയം പിന്നെയും മുന്നോട്ടു..

കുറച്ചു കഴിഞ്ഞപ്പോള്‍ പ്രകാശ്‌ പതിയെ വാ തുറന്നു..
"അളിയാ.. എനിക്കൊരു സംശയം.. "
"എന്താടാ ?? "
സുനീര്‍ ചോദിച്ചു..
"അവളെ നീ കെട്ടുമോ നിന്‍റെ ചേട്ടന്‍ കെട്ടുമോ അതോ അന്‍സാര്‍ കെട്ടുമോ??? "
നല്ല സംശയം..
സുനീര്‍ പല്ല് കടിച്ചു എന്‍റെ മുഖത്തേക്ക് നോക്കി..
കാരണം അവനു അതിനു ഉത്തരമില്ലായിരുന്നു...എനിക്കും


അതാ.. ഞാന്‍ ആദ്യം പറഞ്ഞത്‌..
ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ടാകില്ല എന്ന്..
ഉത്തരമുണ്ടേല്‍ പ്രകാശിന്റെ ചോദ്യത്തിനുത്തരം നിങ്ങള്‍ പറയ്‌..
" ആരു കെട്ടും??? "

Tuesday, May 10, 2011

ട്രെയിനില്‍ ഇത്തിരി നേരം.... :)


ചെന്നൈ വിളിക്കുന്നു.... (രണ്ടാം ഭാഗം.. )
ഒന്നാം ഭാഗം വായിക്കാത്തവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
ഒന്നാം ഭാഗം..

രാവിലെ തന്നെ ഓടി കിതച്ചു കാന്റീനിലേക്ക് ..
റേഡിയോയില്‍ വിരഹ ഗാനം.. ഒരു കസേരയില്‍ വേദനയോടെ പ്രകാശ്‌..
"ഇവനെന്താ നാടകത്തിനു പ്രാക്ടീസ് ചെയ്യുവാണോ?? "
"എന്താടാ എന്താ കാര്യം??? " ഞാന്‍ ചോദിച്ചു..
"അല്ല നമ്മുടെ ട്രിപ്പ്‌ ഉറപ്പിച്ചില്ലേ??? "
"എഹ്.. അതിനാണോ നിനക്കിത്ര സങ്കടം?? "
"ആഹ്.. അതല്ലട.. ട്രിപ്പ്‌-ന്റെ കാശ് കൊടുത്തു.. ബട്ട്‌ പോക്കറ്റ്‌ മണി ഒന്നുമില്ലല്ലോട കയ്യില്‍.. പോക്കറ്റ്‌ മണി കയ്യിലില്ലാതെ എങ്ങനാ ചെന്നയിലോട്ടു പോകുന്നെ??? "
അതൊരു ചോദ്യമായിരുന്നു.. ഒരു നല്ല ചോദ്യം.. ഇത് വരെ ഞാന്‍ ആലോചിക്കാതിരുന്ന ഒരു കാര്യം.. പോക്കറ്റ്‌ മണി..
"ശരിയാ.. എവിടന്നു ഒപ്പിക്കുമെട ഇനി?? ഇനിയിപോ ഉള്ളത് കൊണ്ട് ഓണം പോലെയക്കമെട.."
"എഹ്.. അതെങ്ങനാ.. ,,,,,,,,,,,,,,,,അത് ശരിയവില്ലെട....ഇനി ഒപ്പിക്കാന്‍ വല്ല വഴിയുമുണ്ടോട?? "
"അത് പിന്നെ.. ഒരു കാര്യം ചെയ്യാം??? "
"എഹ്,, എന്താടാ?? എന്ത് ചെയ്യാനാ?? "
"അത്... നീ ആലോചിക്കു.. ഞാനും ആലോചിക്കാം.. എന്തേലും കിട്ടുമോന്നു നോക്കാം... "
അങ്ങനെ ഞങ്ങള്‍ ആലോചന തുടങ്ങി.. ഇരുന്നും നിന്നും കിടന്നു ആലോചിച്ചു.. കാന്റീനിലെ പഴം പൊരി കുറഞ്ഞു വന്നതല്ലാതെ ഐഡിയ ഒന്നും വന്നില്ല..
കുറച്ചു കഴിഞ്ഞപോള്‍ പ്രകാശ്‌ പതിയെ എന്നോട് ചോദിച്ചു,,
"അളിയാ.. നമുക്ക് കള്ള കടത്തു തുടങ്ങിയാലോ??"
"ഉം.. നല്ല ഐഡിയ.. പക്ഷെ എന്തോന്നെടുത്തു കടത്തും??? "
"എന്നാ പിന്നെ ഒരു കിഡ്നി അങ്ങ് വിറ്റാലോ?? "
"കിഡ്നിയോ??? ആരുടെ??? "
"നിന്റേതു തന്നെ.. "
"പോടാ.. അവന്റെ ഒരു ഐഡിയ.. ഇലക്കും മുള്ളിനും കേടില്ലാത്ത എന്തേലും പറയെടാ.. "
"ഒഹ്.. ഇലയും മുള്ളുമൊക്കെ പെറുക്കി വിറ്റിട്ടെന്തു കിട്ടാന?? "
"ഇലയും മുള്ളും പെറുക്കി വിക്കാന??? ഒരു പഴം ചൊല്ല് പറയാന്‍ സമ്മതിക്കാത്ത മണ്ടന്‍.. "
"ഓഹോ.. നീ പഴം ചൊല്ല് പറഞ്ഞതാണോ?? പഴം ചൊല്ല് പറയുന്ന സമയത്ത് പഴം പൊരിക്ക് പറയാന്‍ നോക്കെടാ... "
ഞങ്ങള്‍ വീണ്ടും ആലോചനയിലേക്ക്..
"ഇനി ഏതായാലും അത് വിടളിയാ.. അതികം ആലോചിച്ചിട്ടൊന്നും കാര്യമില്ല.. വാ കീറിയ ദൈവം വഴിയും കാണിച്ചു തരുമായിരിക്കും എന്ന് വിചാരിക്കാം.. ' ഞാന്‍ പറഞ്ഞു..
"വാ കീറിയ ദൈവം.. എന്താടാ??? "
"ഒഹ്.. എന്‍റെ പൊന്നേ.. അറിയാതെ ഞാന്‍ വീണ്ടും ഒരു പഴം ചൊല്ല് പറഞ്ഞു പോയതാ.. നീ ക്ഷമിക്ക്"
"ആഹ.. നീ പഴ ചൊല്ല് പറഞ്ഞതാണ??... വീണ്ടും വീണ്ടും പഴം ചൊല്ല് പറയുന്ന സമയത്ത് ഒരോ പഴം പൊരിക്ക് പറയെടാ .. ഒരു പഴംചൊല്ലുകാരന്‍ വന്നിരിക്കുന്നു.. "
കുറച്ചു കഴിഞ്ഞപോള്‍ സുനീറും കാന്റീനില്‍ എത്തി..
"നിങ്ങളെന്താ ക്ലാസ്സില്‍ കയറിയില്ലേ.. " വന്ന ഉടനെ അവന്‍ ചോദിച്ചു..
ചോദ്യം കേട്ടതും ഞാനൊന്നു തിരിഞ്ഞു നോക്കി.. പിറകില്‍ ആരെങ്കിലും ഉണ്ടോ എന്ന്..
"നിങ്ങളോട് തന്നാട ചോദിച്ചത്..തിരിഞ്ഞു നോക്കേണ്ട.. "
"ആഹ.. ഞങ്ങളോടാണോ ക്ലാസ്സില്‍ കേറിയില്ലേ എന്ന് ചോദിച്ചത്??? മേലില്‍ ആവര്‍ത്തിക്കരുത്.. ഹാ.. "
"അതല്ലട.. ട്രിപ്പ്‌-ന്റെ വിശദാംശങ്ങള്‍ സര്‍ ഇന്ന് പറയാം എന്നല്ലേ പറഞ്ഞത്.. അത് കൊണ്ട് ചോദിച്ചു പോയതാ.. "
"പിന്നെ.. വിശദാംശങ്ങള്‍.. കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഒന്നുമല്ലല്ലോ.. ട്രിപ്പ്‌-ന്റെയല്ലേ.അതിനെക്കാ
ള്‍ വലിയ കാര്യമാ ഞങ്ങള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്.. അപോഴാ അവന്റെ ഒരു...... പോടേ പോടേ..മെനക്കെടുത്താതെ പോടെ " ഞാന്‍ പറഞ്ഞു..
"അതെന്താട .. അത്രേം വലിയ ഒരു കാര്യം.. "
കാര്യങ്ങള്‍ വിശദമായി അവനും പറഞ്ഞു കൊടുത്തു.. ആലോചനയില്‍ അവനും പങ്കാളിയായി.. പക്ഷെ ഒരു ഐഡിയയും വന്നില്ല..
"ആഹ്.. ഇനി ആലോചിച്ചിട്ട് കാര്യമില്ല.. നമുക്കേതായാലും ക്ലാസ്സിലേക്ക് പോകാം.. വാ കീറിയ ദൈവം വഴി കാണിച്ചു തരും എന്നാണല്ലോ.. " സുനീര്‍ പറഞ്ഞു..
"ആഹ.. നീയും പഴം ചൊല്ലിന്റെ ആളാണല്ലേ..??? കോപ്പ്.. " പ്രകാശിന് ദേഷ്യമായി..
അങ്ങനെ ഞങ്ങള്‍ ക്ലാസ്സിലേക്ക്..
ജാബിര്‍ സര്‍ ആണ് ക്ലാസ്സില്‍.. സര്‍ കാര്യമായി എന്തൊക്കെയോ പറയുന്നു.. എന്താണാവോ???
"സര്‍.. ഞങ്ങളകത്തോട്ടു ??? " ഞാന്‍ ചോദിച്ചു,..
"ഉം.. എന്താ കാര്യം???"
"അല്ല.. ട്രിപ്പ്‌ന്റെ വിശദാംശങ്ങള്‍ അറിയാന്‍ വന്നതാ.. "
"എഹ്.. അപ്പോള്‍ നിങ്ങളും വരുന്നുണ്ടോ ട്രിപ്പ്‌നു..??? " സാറിനു സംശയം..
"അതെന്താ ഞങ്ങള്‍ രണ്ടാം കെട്ടിലുണ്ടായതാണോ??? " പ്രകാശ്‌ കലിപ്പോടെ ചോദിച്ചു,,,
"അതല്ല.. നിങ്ങള്‍ കോളേജില്‍ നിന്നും പോയി എന്നാ ഞാന്‍ വിചാരിച്ചത്..'
"സര്‍.. അങ്ങനെ ഓരോന്ന് കേറി വിചാരിക്കല്ലേ.. " പ്രകാശിന് കലിപ്പടങ്ങിയില്ല..
സര്‍ പിന്നൊന്നും ഞങ്ങളോട് പറഞ്ഞില്ല..പറഞ്ഞിട്ടെന്തു കാര്യം????
ഞങ്ങള്‍ ക്ലാസ്സിലേക്ക്..
"അപ്പോള്‍ നാളെ വ്യ്കിട്ടു മൂന്നു മണിക്കാണ് ട്രെയിന്‍.. മറ്റന്നാള്‍ രാവിലെ ചെന്നയിലെതും.. അവിടെ ഒരു ബസ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്.. അടുത്ത അഞ്ചു ദിവസവും ആ ബസിലയിരിക്കും നമ്മുടെ യാത്ര.. " സര്‍ തുടര്‍ന്നു
"സര്‍.. എനിക്കൊരു സംശയം??? " പെട്ടെന്ന് പ്രകാശ്‌ പറഞ്ഞു..
"ഉം.. എന്താടാ??? "
"നമ്മള്‍ പോകുന്ന വഴിക്ക് ട്രെയിന്‍ വല്ല കൊക്കയിലെക്കും മറിഞ്ഞാല്‍ നമുക്കാ ബസ് അവശ്യം വരില്ലല്ലോ.... അങ്ങനെ വന്നാല്‍ ആ ബസിനു വാടക കൊടുക്കേണ്ടി വരുമോ???"
ഠിം.. എല്ലാവരുടെയും ചങ്കൊന്നിടിച്ചു....
"നല്ല സംശയം.. അതാ നിന്നെയൊക്കെ ഒരു പരിപാടിക്കും കൂട്ടാത്തത്.. നാവെടുത്താ നശിക്കുന്നതെ പറയു...... ഇരിക്കെടാ അവിടെ.. "
ഞാന്‍ ബലമായി പിടിച്ചു പ്രകാശിനെ സീറ്റില്‍ ഇരുത്തി..
സര്‍ വീണ്ടും പലതും പറഞ്ഞു തുടങ്ങി..
"ആഹ്.. പിന്നെ വേറൊരു കാര്യം.. ശീജക്ക് എന്തോ കാരണം കൊണ്ട് ട്രിപ്പ്‌ നു വരാന്‍ പറ്റില്ല എന്ന് പറഞ്ഞു.. അവളോട്‌ വാങ്ങിയ കാശ് തിരിച്ചു കൊടുക്കണം.. ആരാ അത് കൊണ്ട് കൊടുക്കുക.. " സര്‍ വളരെ വേദനയോടെ ചോദിച്ചു,,
"അത് ഫായിസ് കൊടുക്കും സര്‍.. അവന്റെ വീട് ശീജയുടെ വീടിന്റെ അടുത്താ " സുനീര്‍ പറഞ്ഞു
'എഹ്.. വീടിന്റെ അടുത്താ.. 40 കിലോ മീറ്റര്‍ ആണോട തെണ്ടി അടുത്ത്.." അവന്‍റെ ചെവിയില്‍ ഞാന്‍ ചോദിച്ചു.
"വാ കീറിയ ദൈവം കാണിച്ചു തന്ന വഴി മുടക്കാതെടാ" അവന്‍ എന്നോട് പതിയെ പറഞ്ഞു..
ഇപ്പോള്‍ എനിക്ക് കാര്യം മനസിലായി..
സര്‍ എന്‍റെ കയ്യില്‍ കാശ് എടുത്തു തന്നു.. ഞാന്‍ അത് വാങ്ങി പോക്കറ്റില്‍ ഇട്ടു..
"ഇന്ന് തന്നെ കൊടുക്കണം.." സര്‍ പറഞ്ഞു..
"ഇപോ തന്നെ കൊടുക്കും സര്‍.. "
അതും പറഞ്ഞു ഞങ്ങള്‍ പുറത്തേക്കു..
"എന്നാലും ഇത് വേണോട?? ട്രിപ്പ്‌ കഴിഞ്ഞു വന്നാല്‍ സര്‍ എന്തായാലും ഈ തട്ടിപ്പ് അറിയും.. പിന്നെന്തിനാ??? " ഞാന്‍ സുനീരിനോട് ചോദിച്ചു..
"ആഹ്.. അപ്പോള്‍ ദൈവം വേറൊരു വഴി കാണിച്ചു തരും.. "
"ആഹ.. അപ്പോള്‍ നീ ഇത് സ്ഥിരമാക്കാനുള്ള പരിപാടിയാണല്ലേ....??? "

ആ ദിവസം കഴിഞ്ഞു.. പിറ്റേ ദിവസം..
റെയില്‍വേ സ്റ്റേഷന്‍..
എല്ലാവരും കെട്ടി ഒരുങ്ങി വണ്ടിയും കാത്തിരിക്കുന്നു..
പ്രകാശ്‌ സുനീറിന്റെ പിറകില്‍ തന്നെയാണ്..
സുനീര്‍ നടക്കുമ്പോള്‍ അവനും നടക്കും,
സുനീര്‍ ഇരുന്നാല്‍ അവനും ഇരിക്കും..
ചുരുക്കി പറഞ്ഞാല്‍ സുനീറിന്റെ നിഴല്‍.. കാരണം സുനീറിന്റെ ചുമതല അവന്റെ കയ്യിലാണല്ലോ..
അവന്‍ ജസീനയുടെ ആങ്ങളയല്ലേ..
എന്നെ കൊണ്ട് ചെയ്യാവുന്നത് ഞാന്‍ ചെയ്തു.. അത്ര മാത്രം..

പെട്ടെന്ന്, ഒരു കാര്യവുമില്ലാതെ വെറുതെ,വെറും വെറുതെ ജാബിര്‍ സര്‍ ഒരു കാര്യം ചോദിച്ചു..
"ആരാ ഇതുവരെ ട്രെയിനില്‍ കയറാത്തവര്‍??? "
ആകെ ഒന്ന് രണ്ടു തവണ മാത്രമേ ട്രെയിനില്‍ കയറിയിട്ടുള്ളു എങ്കിലും ട്രെയിന്‍ തന്നെ കണ്ടു പിടിച്ചത് ഞാനാനെന്നര്‍ത്ഥത്തില്‍ ഞാന്‍ നെഞ്ചും വിരിച്ചു നിന്നു..
ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും അതെ നില്പ് തന്നെയാണ്.. ഹമ്പടാ..
"ഞാന്‍ ആദ്യമായിട്ട് കയറുവാ.. " പിറകില്‍ നിന്നും ആരോ വളരെ ദയനീയമായി പറയുന്നത് കേട്ടു..
എല്ലാവരും തിരഞ്ഞു നോക്കി.. ഷീനയാണ്‌.. അവളുടെ മുഖത്ത് ഒരു ചമ്മല്‍..
ഞാന്‍ പതുക്കെ അവളുടെ അടുത്തേക്ക് പോയി.. അവളേം കൂട്ടി ഒരു ബെഞ്ചില്‍ പോയിരുന്നു..
ഞാന്‍ നിനക്കെല്ലാം പഠിപ്പിച്ചു തരാം.. ട്രെയിന്‍ ഓടിക്കുന്നത് വരെ എന്നര്‍ത്ഥത്തില്‍ ഞാന്‍ അവളോട്‌ സംസാരിച്ചു തുടങ്ങി..
"എനിക്ക് ശരിക്കും ട്രെയിനില്‍ കയറാന്‍ പേടിയാട.. " അവള്‍ പറഞ്ഞു..
"ഒഹ്.. അതിനെന്താ ഇത്ര പേടിക്കനിരിക്കുന്നത്‌.. ഇതുവഴി കടന്നു പോകുന്ന 100 ട്രെയിനുകളില്‍ 20 എണ്ണമെങ്കിലും കറക്റ്റ് ആയി എത്തേണ്ടടുത്തു എത്തുന്നുണ്ട്.. ബാക്കി മാത്രമേ അപകടത്തില്‍ പെടുന്നുള്ളൂ"
ഞാന്‍ അവളെ സമാധാനിപ്പിച്ചു..
അവള്‍ക്കും ആശ്വാസമായി..
"പിന്നെ വേറൊരു പ്രശ്നമുള്ളത് പാതയാ. കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ വൃത്തികെട്ട പാതയാ.. കുണ്ടും കുഴിയും.. പിന്നെ കോഴിക്കോട് കഴിഞ്ഞാല്‍ കുഴപ്പമില്ല.. " ഞാന്‍ തുടര്‍ന്നു
"നമ്മുടെ നാടെന്താട ഇങ്ങനെ..?? ശോ.. "
"നിന്നെയൊക്കെ തന്നെ പറഞ്ഞാല്‍ മതി.. നീയോക്കെയല്ലേ ഈ സര്‍കാറിന് വോട്ട് ചെയ്തു ജയിപ്പിച്ചത്.. അതിന്റെയ ഈ കാണുന്നത്.. "
"ഉം.. അപ്പോള്‍ അതൊന്നും ഓര്‍തില്ലെട.."
ദൈവമേ.. ഇവള്‍ക്ക് ഭയങ്കര ബുദ്ധി തന്നെ.. ഇത്രേം ബുദ്ധി വേറാര്‍ക്കും കൊടുക്കല്ലേ..!!!
പെട്ടെന്ന് റിഷ ഞങ്ങളുടെ അടുത്തേക്ക് വന്നു.. അവള്‍ക്കെന്തോ സംശയമുണ്ടെന്ന്..
ഉം ഉം ചോദിച്ചോ.. ട്രെയിന്‍ തന്നെ കണ്ടുപിടിച്ചത് ഞാനല്ലേ..
"ടാ. കുറെ സമയമായി. ഹിന്ദിയില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു.. "ആനെ കി സംഭാവന ഹേ" എന്നൊക്കെ.. അതെന്താ സംഭവം..?? "
കൊള്ളാം.. നല്ല ബെസ്റ്റ് ചോദ്യം..
ഉത്തരം കറക്റ്റ് ആയി അറിയില്ലെങ്കിലും അറിയുന്നത് പോലെ ഞാന്‍ പറഞ്ഞു കൊടുത്തു..
"അതായത്.. ഈ ഹിന്ദിക്കാരൊക്കെ വെയിറ്റ് ചെയ്യുന്നുണ്ട് ട്രെയിനിനു.. അവന്മാര്‍ക്ക് പെട്ടെന്ന് ബോറടിക്കും.. ബോറടിച്ച പിന്നെ കലിയാകും."
"അത് കൊണ്ട്...???"
"അതുകൊണ്ട് ഹിന്ദിയില്‍ ആനയുടെയും ഉറുമ്പിന്റെയും കഥ പറഞ്ഞു അവന്മാരുടെ ബോറടി മാറ്റുവ.. ഹിന്ദിയില്‍ സംഭാവന എന്ന് പറഞ്ഞാല്‍ ഉറുമ്പ് എന്നാ അര്‍ഥം... "
"പക്ഷെ ആ കഥ എന്താ മലയാളത്തില്‍ പറയാത്തെ?? " അവളുടെ സംശയം തീരുന്നില്ല..
"അത് നമ്മള്‍ മലയാളികള്‍ക്ക് ഒടുക്കത്തെ ബുദ്ധിയല്ലേ.. ഈ കഥയൊക്കെ കേട്ടാല നമുക്ക് ദേഷ്യം വരിക.. അതാ മലയാളത്തില്‍ പറയാത്തത്.. മനസിലായ??"
"ഉം.. ശരിയാ.. മലയാളികളുടെ അടുത്ത് ആനയുടെയും ഉറുമ്പിന്റെയും കഥ പറഞ്ഞാല്‍ തല്ലു കൊളളും.. നീ പറഞ്ഞതു പോലെ മലയാളികള്‍ക്ക് ഒടുക്കത്തെ ബുദ്ധിയല്ലേ.." !!!!
ശരിയാ ശരിയാ.. ഇത്രേം ബുദ്ധി വേറാര്‍ക്കും കാണില്ല. എന്റെമ്മോ..
അങ്ങനെ 3 മണിയായി.. ട്രെയിന്‍ എത്തേണ്ട സമയം...
ഒരു ട്രെയിനിന്റെ ഒച്ച കേട്ടതും ഞാന്‍ ചാടി എണീറ്റ് എല്ലാരും കേള്‍ക്കെ വിളിച്ചു പറഞ്ഞു..
"ദേ.. നമ്മുടെ ട്രെയിന്‍ വരുന്നു.. "
"നമ്മുടെ ട്രെയിന്‍ എന്നാ.. എന്താ നിന്‍റെ തറവാട്ടില്‍ നിന്നും കൊണ്ട് വരുന്നതാണോ അത്?? " പ്രകാശ്‌ ചോദിച്ചു..
"അതല്ലട.. നമുക്ക് പോകേണ്ട ട്രെയിന്‍.. "
ഇത് കേട്ടതും എല്ലാരും ബാഗും കെട്ടുമൊക്കെ എടുത്തു ഒരുങ്ങി നിന്നു..
"പോടാ. ഇത് നമുക്ക് പോകേണ്ട ട്രെയിന്‍ ഒന്നുമല്ല.. നമ്മുടെ ട്രെയിന്‍ ഇന്ന് ലേറ്റ് ആണ്. " ജാബിര്‍ സര്‍ പറഞ്ഞു..
ഠിം.. ഇത് കേട്ടതും എല്ലാവരും പുച്ച ഭാവത്തില്‍ എന്നെ നോക്കി..
"അയ്യേ,, മണ്ടശിരോമണികള്‍.... പോകേണ്ട ട്രെയിന്‍ പോലും തിരിച്ചറിയില്ല.. ഞാന്‍ നിങ്ങളെയൊക്കെ പറ്റിച്ചത.. "
ചമ്മല്‍ ഉള്ളിലൊതുക്കി ഞാന്‍ പറഞ്ഞു..
"ഉവ്വ ഉവ്വ.. " എല്ലാരും ഒരുമിച്ചാ പറഞ്ഞത്..
സമയം പിന്നേം കഴിഞ്ഞു.. കറക്റ്റ് 5 മണിയയപോ ഒരു ട്രെയിന്‍ വന്നു മുന്നില്‍ വന്നു..
എല്ലാരും എണീറ്റു. ഞാന്‍ മാത്രം എണീറ്റില്ല.. ചുമ്മാ എന്തിനാ..
"എന്താടാ നീ ഞങ്ങളെ യാത്ര അയക്കാന്‍ വന്നതാണോ??? " ജാബിര്‍ സര്‍ ചോദിച്ചു..
അപോ ഇതാണല്ലേ നമുക്ക് പോകേണ്ട ട്രെയിന്‍..
"ട്രെയിന്‍ പറന്നു പോകത്തോന്നുമില്ലല്ലോ.. ഞാന്‍ പതിയെ കേറിക്കോളം .. "
ഇത്തവണ ഗോള്‍ അടിച്ചത് ഞാനാ.. എന്നൊട കളി..
എല്ലാവരും ട്രെയിനില്‍ കയറി.. ട്രെയിന്‍ യാത്ര തുടങ്ങുകയായി..
പാട്ടും ബഹളവും കയ്യടിയും ആര്‍പ്പു വിളികളുമായി ഒരു യാത്ര..
ഞാനും പ്രകശുമൊക്കെ പാടുമ്പോള്‍ കൂവലും..
യദാര്‍ത്ഥ കലാകാരന്മാരെ ലോകം ഒരിക്കലും അങ്ങീകരിക്കില്ല എന്നതെത്ര സത്യം..
ഇതിനിടയില്‍ ഞാന്‍ നോക്കുമ്പോള്‍ ഷീന മാത്രം ഒരു കൈ കൊണ്ട് ജനാലയില്‍ പിടിച്ചു മറ്റേ കൈ കൊണ്ട് കഷ്ടപ്പെട്ട് സീറ്റില്‍ അടിച്ചു താളം പിടിക്കുന്നു..
കാരണം കോഴിക്കോട് വരെ പാത കുണ്ടും കുഴിയും നിറഞ്ഞതാണല്ലോ..
കുറച്ചു കഴിഞ്ഞപോള്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു..
"ഷീനെ.. മുറുക്കെ പിടിച്ചോ.. വലിയ ഹംബാ വരുന്നത് ... "]
അത് കേട്ടതും അവള്‍ രണ്ടു കൈ കൊണ്ടും ജനലില്‍ മുറുകെ പിടിച്ചു..
ദൈവമേ.. ഇതെന്തു കൂത്ത്‌.. എല്ലാവരും ഒരു നിമിഷം അന്തിച്ചു നിന്നു..
പിന്നെ എല്ലാവരും ചിരി തുടങ്ങി.. ഷീന ചമ്മലോടെ എന്‍റെ മുഖത്ത് നോക്കി..
ഇപ്പോള്‍ അവള്‍ക്കേകദേശം മനസിലായി, ഞാന്‍ ആക്കിയതാണെന്ന്... അത് അവളുടെ മുഖത്ത് കാണാം..
അത് കണ്ടതും ഞാനുറക്കെ പടി..
"ഐ അം വെരി സോറി.. ഒരു നാലായിരം സോറി........................................................................... "

യാത്ര പിന്നെയും തുടര്‍ന്നു.
--------------------------
രാത്രിയായി.. എല്ലാവരും ഉറങ്ങാന്‍ കിടന്നു..
വേറെ ബര്‍ത്ത് ഉണ്ടായിട്ടും പ്രകാശ്‌ കഷ്ടപ്പെട്ട് സുനീറിന്റെ അതെ ബിര്തില്‍ അഡ്ജസ്റ്റ് ചെയ്തു കിടക്കുന്നു..പാവം..
കാരണം... സുനീറിന്റെ ചുമതല അവനാണല്ലോ.. !!!!!!!!!!!!!!
പെട്ടെന്ന് ഉറക്കം ഞെട്ടി സൈഡ് ബെര്‍ത്തില്‍ നോക്കുമ്പോള്‍ പ്രകാഷിനേം സുനീരിനേം കാണുന്നില്ല..
"ഇവന്മാരിതെവിടെപോയി?? "
ഇറങ്ങി നോക്കുമ്പോള്‍ പ്രകാശ്‌ ബാത്ത് റൂമിന്റെ അടുക്കല്‍ നില്‍ക്കുന്നു.. ഞാന്‍ അങ്ങോട്ട്‌ ചെന്ന്..
"എന്താടാ ഇവിടെ നില്‍ക്കുന്നെ..?? "
"അത് സുനീര്‍ ബാത്ത് റൂമില്‍ പോയിരിക്കുവ.. "
"അതിനു നീയെന്തിനാ ഇവിടെ കാവല്‍ നില്‍ക്കുന്നത്??? "
"ജസീനയുടെ ബാപ്പയുടെ ശബ്ദം ഓര്‍ത്തിട്ടാടാ തെണ്ടി.. നീയൊക്കെ കാരണം മനുഷ്യന് ഉറങ്ങാന്‍ പറ്റാതായി.."
"ആഹ്.. അത് വിട്.. കുടിക്കാന്‍ വെള്ളമുണ്ടോട നിന്‍റെ കയ്യില്‍.. എന്‍റെ കയ്യിലുണ്ടായിരുന്നത് തീര്‍ന്നു.. അതാ."
"എന്റെം തീര്‍ന്നു.. ഞാന്‍ നിന്നോട് ചോദിയ്ക്കാന്‍ വരുവായിരുന്നു.. "
"ന്യന്നായി.. "
"വാ.. വേറാരോടെലും ചോദിക്കാം.. "
അങ്ങനെ ഷീനയുടെ അടുത്തേക്ക്.. അവള്‍ മുകളിലെ ബര്‍ത്തില്‍ കിടന്നുറങ്ങുകയാണ്..
കയ്യിലുണ്ടായിരുന്ന കുപ്പി എടുത്തു അവളുടെ തലക്കിട്ടു ഒരേറു കൊടുത്തു. ഭാഗ്യം.. ഉന്നം തെറ്റിയില്ല.. കറക്റ്റ് അവളുടെ തലയില്‍ തന്നെ കൊണ്ട്..
അവള്‍ ഞെട്ടി എണീറ്റു..
"എന്താടാ??/ "
"കുടിക്കാന്‍ കുറച്ചു വെള്ളം വേണം??"
അവള്‍ ബാഗില്‍ നിന്നും വേറെ ഒരു കുപ്പിയെടുത്തു ഒരൊറ്റയേറ്..
ഭാഗ്യം.. ഇത്തവണയും ഉന്നം തെറ്റിയില്ല.. എന്‍റെ തലയ്ക്കു തന്നെ കൊണ്ടു.
ഏറു കിട്ടിയാലെന്ത് വെള്ളം കിട്ടിയല്ലോ എന്നാ സമാധാനത്തില്‍ ഞാന്‍ കുപ്പി എടുത്തു നോക്കി.. കഷ്ടം.. അതിലും വെള്ളമില്ല..
ഓഹോ.. അപ്പോള്‍ കഷ്ടപ്പെട്ട് ബാഗില്‍ നിന്നും കുപ്പിയെടുത്തത് എന്നെ എറിയാന്‍ വേണ്ടി ആയിരുന്നല്ലേ.. മിടുക്കി..
ഇനിയെന്ത് ചെയ്യും ദൈവമേ..
നോക്കുമ്പോള്‍ ഒരു തടിച്ച തമിഴന്‍ താഴെ ബര്‍ത്തില്‍ കിടന്നുറങ്ങുന്നു.. അയാളുടെ തലയുടെ അടുത്ത് രണ്ടു ലിറ്റര്‍ കുപ്പി നിറയെ വെള്ളം...
ഞാന്‍ പതിയെ അയാളുടെ അടുത്തേക്ക് നടന്നു.. ഒച്ചയുണ്ടാക്കാതെ വെള്ളം കുപ്പി എടുത്തു.. രണ്ടു സിപ് കുടിച്ചു കുപ്പി പ്രകാശിന് കൈമാറി..
പിന്നെ ഞാന്‍ തടിയന്റെ കൂര്‍ക്കം വലിയുടെ സംഗീതം ആസ്വദിച്ച് തിരിച്ചു നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.. കുപ്പിയില്‍ ഇച്ചിരി മാത്രം വെള്ളവുമായി പ്രകാശ്‌..
പിറകില്‍ വെള്ളം കിട്ടിയ സന്തോഷത്തില്‍ ഒരുപാട് ആശ്വാസ മുഖങ്ങള്‍.. റിഷ,ഹസ്നി,ഷീന,അന്‍സാര്‍.........
ദൈവമേ.. പാവം മനുഷ്യന്‍..
പ്രകാശിന്റെ കയ്യില്‍ നിന്നും കുപ്പി വാങ്ങി പുറത്തേക്കു കളയാന്‍ ഒരുങ്ങവേ പ്രകാശ്‌ എന്‍റെ കയ്യില്‍ കടന്നു പിടിച്ചു..
"നിനക്കൊക്കെ ഒരു പച്ച മനുഷ്യനായി ജീവിച്ചൂടെട.. കുറചെങ്കില്‍ കുറച്ചു വെള്ളം അയാള്‍ക്ക് വേണ്ടി കരുതി വെച്ചൂടെ..??? "
അവനിലെ മനുഷ്യ സ്നേഹി ഉണരുകയായിരുന്നു..
"എടാ.. വെള്ളം എവിടെയേലും കളഞ്ഞു പോയെന്നു അയാള്‍ ആശ്വസിചോട്ടെട. "
പക്ഷെ അവന്‍ അതിനു സമ്മതിച്ചില്ല.. എന്‍റെ കയ്യില്‍ നിന്നും കുപ്പി വാങ്ങി തടിയന്റെ അടുത്തേക്ക് നീങ്ങി..
ഞാന്‍ ബര്‍ത്തിന്‍റെ മുകളിലേക്കും..
കുപ്പിയുമായി തടിയന്റെ തലയ്ക്കു അടുത്ത് എത്തിയതും കുപ്പി ഒന്ന് ചളുങ്ങി.. ഒച്ച കേട്ട തടിയന്‍ ചാടി എണീറ്റു..
നോക്കുമ്പോള്‍ കയ്യില്‍ കുപ്പിയും മുഖത്ത് നിറയെ പുഞ്ചിരിയുമായി ഒരു മനുഷ്യ സ്നേഹി..
അയാള്‍ തന്‍റെ തല ഭാഗത്തേക്ക്‌ നോക്കി.. ഇത് അത് തന്നെ..
അയാള്‍ പ്രകാശിന്റെ കോള്ളറിന് കുത്തി പിടിച്ചു,,
തമിഴില്‍ എന്തൊക്കെയോ പറഞ്ഞു..
അവനൊന്നു ചിരിച്ചു കാണിച്ചു.. കാരണം അവനൊന്നും മനസിലായില്ല..
ചിരിയും കൂടി കണ്ടതോടെ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു അയാള്‍..
"ഠിം.." മനുഷ്യ സ്നേഹത്തിനു ലഭിച്ച അംഗീകാരം..
എല്ലാവരും ഉണര്‍ന്നു,,
ഞാന്‍ പതിയെ തല ഉയര്‍ത്തി ചോദിച്ചു..
"എന്താടാ?? എന്താ കാര്യം??? "
"നിനക്ക് കാര്യം അറിയില്ല അല്ലേ???? ഇറങ്ങി വന്നാല്‍ പറഞ്ഞു തരാടാ .. "
"അതെനിക്കറിയാം.. അതല്ലേ ഞാനിറങ്ങാത്തത്"
ശബ്ദം കേട്ട് ജാബിര്‍ സര്‍ ഓടി വന്നു..
തടിയന്‍ എല്ലാം സര്‍ നോട് പറഞ്ഞു.. സര്‍ പ്രകാശിന്റെ നേരെ തിരിഞ്ഞു..
"നിനക്കൊക്കെ മനുഷ്യന്മാര്‍ ജീവിക്കുന്നത് പോലെ ജീവിച്ചൂടെ???" സര്‍ ചോദിച്ചു..
"ശരിയാ സര്‍.. ശരിയാ. " ഞാന്‍ സര്‍ നെ പിന്തുണച്ചു..
സര്‍ തടിയനോട് സോറി-യും പറഞ്ഞു തിരിച്ചു പോയി..
എല്ലാവരും വീണ്ടും പഴയത് പോലെ ഉറക്കത്തിലേക്കു..

----------------------
ആ സംഭവത്തിന്‌ ശേഷം പലരും പറയാതെ പറഞ്ഞത്...
ജാബിര്‍ സര്‍.. :
"ദൈവമേ.. ഒന്നാമത്തെ ദിവസം തന്നെ ഇതാണെങ്കില്‍ രണ്ടു മൂന്നു ദിവസം കൂടി കഴിയുമ്പോള്‍ എന്തായിരിക്കും.. കൊണ്ടു വന്ന അത്രേം ആളെ എനിക്ക് തിരിച്ചു കൊണ്ടു പോകാന്‍ സാധിക്കണേ... "

തമിഴന്‍ :
" നീയൊക്കെ ഈ സ്വഭാവവും കൊണ്ടു ചെന്നയിലേക്കല്ലേ പോകുന്നത്.. നിനക്കൊക്കെ ഉള്ളത് അവിടന്ന് കിട്ടിക്കോളും. "

പ്രകാശ്‌.. :
"ഇല്ല.. ഇനി ഒരു അബദ്ധവും കാണിക്കില്ല.. ഞാന്‍ മാന്യനാവുന്നു.. ഇനി എവിടന്നും ഒന്നും കിട്ടില്ല ."

"ഉവ്വ. ഉവ്വ.. കിട്ടില്ല. .നീയല്ലേ പോകുന്നത്.. കിട്ടിക്കോളും.. ഇല്ലേല്‍ ഞാന്‍ വാങ്ങി തരും.. "
എന്ന് ഞാന്‍..
(ചിലപ്പോള്‍ തുടരും.. )

Wednesday, May 4, 2011

ചെന്നൈ വിളിക്കുന്നു..... :)

എല്ലാവരുടെയും കണ്ണുകള്‍ സ്ക്രീനില്‍ തന്നെ.. മനോഹരമായ സിനിമയുടെ അതി സങ്കീര്‍ണമായ ക്ലൈമാക്സ്‌ രംഗം.. അതെ.. ക്രുരതയുടെ പര്യായമായ വില്ലന്‍ നായികയെ തട്ടി കൊണ്ട് പോയിരിക്കുകയാണ്.. നായകന്‍ നായികയെ തേടി പുറപ്പെട്ടു കഴിഞ്ഞു.. എന്താകുമോ എന്തോ???
"ദൈവമേ.. ആ കൊച്ചിനൊന്നും വരുത്തല്ലേ.. " സിനിമാ കണ്ടോണ്ടിരുന്ന ഒരു ചേച്ചി അപ്പുറത്ത് നിന്നും പറയുന്നത് കേട്ടു..
"നായകനേം കാത്തോളണേ" ഇത്തവണ പ്രാര്‍ത്ഥിച്ചത്‌ എന്‍റെ കൂടെ വന്ന അന്‍സാര്‍ ആയിരുന്നു.. കഷ്ടം. !!!!!!!

പെട്ടെന്ന് എന്‍റെ ഫോണ്‍ ബെല്ലടിച്ചു.. പ്രകാശ്‌ ആണ്..
പിന്നെ.. അവനു വിളിക്കാന്‍ കണ്ട നേരം.. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..
അവന്‍ പിന്നേം വിളിച്ചു.. വീണ്ടും ഞാന്‍ കട്ട്‌ ചെയ്തു.. എന്നിട്ടും അവന്‍ നിര്‍ത്തിയില്ല..
"ഇവന്റെ അമ്മായിയപ്പന്‍ ചത്തോ??? " എനിക്ക് വല്ലാത്ത ദേഷ്യം വന്നു..എങ്കിലും ഞാന്‍ ഫോണ്‍ എടുത്തു..
"ഹല്ലോ.. നീ എവിടാട?? " അവന്‍ വളരെ സന്തോഷത്തോടെ ചോദിക്കുന്നു..
"നരകത്തില്‍.. എന്താടാ കാര്യം??? "
"ഞാന്‍ കോളേജില്‍ നിന്ന.. ഒരു സന്തോഷ വാര്‍ത്തയുണ്ട്.. "
"എന്താ ?? കാന്റീനില്‍ ഫുഡിന്റെ റേറ്റ് കുറച്ചോ??? " കോളേജില്‍ ഇതെല്ലാതെ വേറെ എന്ത് സന്തോഷമുണ്ടാകാന??..
"ആഹ്.. അതൊന്നുമല്ലെടെയ്.. നമ്മള്‍ ഒരുപാടു കാലമായി കാത്തിരുന്ന ട്രിപ്പ്‌ ഫിക്സ് ചെയ്തു.. " അവന്‍ സന്തോഷത്തോടെ തന്നെ പറഞ്ഞു,,..
"യാഹൂ ......." അത് കേട്ടതും ഞാന്‍ പരിസരം മറന്നു തുള്ളി ചാടി..
അത് കണ്ടതും തിയേറ്ററിലുള്ള മുഴുവന്‍ ആള്‍ക്കാരും എന്നെ രൂക്ഷമായൊന്നു നോക്കി.. ആദ്യം എനിക്കൊന്നും മനസിലായില്ല.. പിന്നെ സ്ക്രീനിലേക്ക് നോക്കിയപോഴാ കാര്യം മനസിലായത്,..
നായികയെ രക്ഷിക്കാന്‍ വന്ന നായകനെ വില്ലന്‍ ക്രുരമായി തല്ലി ചതക്കുമ്പോള്‍, ഇത്രേം സന്തോഷത്തോടെ ഒരാള്‍ തുള്ളി ചാടുമ്പോള്‍ ആരായാലും നോക്കി പോകും.. ഞാന്‍ പതിയെ സീറ്റില്‍ ഇരുന്നു.. പ്രകാശിനോട് വളരെ സാവധാനം, വളരെ മാന്യമായി പിന്നേം സംസാരം തുടങ്ങി..
"എപ്പോഴാട പോകാന്‍ തീരുമാനമായത്.. "
"അടുത്ത ആഴ്ച.. ചെന്നയിലെക്കാ പോകുന്നത്.. അതും ആറ് ദിവസത്തെ ട്രിപ്പ്‌"
"യാഹൂ.. " അത് കേട്ടതും വീണ്ടും പരിസരം മറന്നു ഞാന്‍ തുള്ളിച്ചാടി..
ആള്‍ക്കാര്‍ വീണ്ടും എന്നെ തന്നെ നോക്കുന്നു..
"ആ കൊച്ചിന് വട്ടാണെന്ന തോന്നുന്നേ.. " നേരത്തെ നായികക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ചേച്ചി അതേ വേദനയോടെ പറയുന്നത് കേട്ടു...
ഞാന്‍ സ്ക്രീനിലേക്ക് നോക്കി.. വില്ലന്‍ നായകനെ കത്തി കൊണ്ട് കുത്തിയത് മാറി കൊണ്ടത്‌ നായികയുടെ വയറ്റില്‍.. അപോഴാ എന്‍റെ "യാഹൂ,,"
എനിക്ക് വട്ടാണെന്ന് ആരായാലും വിചാരിച്ചു പോകും.. ഞാന്‍ സ്വയം സമാധാനിച്ചു..
"ബാക്കി പിന്നെ പറയാമെടാ.. ഇനിയും നീ വല്ലതും പറഞ്ഞാല്‍ പിന്നെ എന്നെ കാണണേല്‍ മെന്റല്‍ ഹോസ്പിടലിലേക്ക് വരേണ്ടി വരും.. അതാ " അത് പറഞ്ഞും ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..
"എന്താടാ ?? എന്താ കാര്യം?? ആരാ വിളിച്ചത്?? " അന്‍സാര്‍ ചോദിച്ചു..
"അത് നമ്മുടെ പ്രകാശ്‌ ആണെട.. നമ്മുടെ ട്രിപ്പ്‌ ഫിക്സ് ആയെന്നു.. അതും ചെന്നയിലേക്ക്..."
"യാഹൂ.. " ഇത്തവണ തുള്ളിച്ചാടിയത് അവനായിരുന്നു.. ആള്‍ക്കാര്‍ വീണ്ടും നോക്കി
"രണ്ടു പേര്‍ക്കും വട്ടുണ്ടല്ലേ" എന്നര്‍ത്ഥത്തില്‍..
പിന്നെയും അവനെന്തോക്കെയോ ചോദിച്ചു കൊണ്ടിരുന്നു..ഞാനൊന്നും പറഞ്ഞില്ല.. വെറുതെ എന്തിനാ????

സിനിമാ കഴിഞ്ഞു.. നനഞ്ഞ കണ്ണുകളുമായി എല്ലാവരും പുറത്തേക്കു.. ഞങ്ങളുടെ മുഖത്ത് മാത്രം പുഞ്ചിരി..
ഇത് കണ്ടതും നേരത്തെ പറഞ്ഞ ചേച്ചിയുടെ കണ്ണുകള്‍ ഒന്ന് കൂടി നനഞ്ഞു..
"ദൈവമേ.. ഇതെന്തു കഥാ..??? " ഞാനും അന്സാറും വാ പൊളിച്ചു.
"ഇത്ര ചെറുപ്പത്തിലെ തലയ്ക്കു സുഖമില്ലാതായി പോയല്ലോ..പാവം കുട്ടികള്‍..."
" ദേ.. തള്ളേ. തലയ്ക്കു സുഖമില്ലാത്തത്‌ നിങ്ങളുടെ,,,,... ഹാ.. വേണ്ട.. വേണ്ട.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട.. " അന്‍സാര്‍ ചൂടായി.
"ഇതേതോ കൂടിയ ഇനമാണല്ലോ ദൈവമേ " എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് തന്നെ ആ ചേച്ചി പോയി..

ഞാനും അന്സാറും വേറെ വഴിക്കും പോയി.. പെട്ടെന്ന് സുനീറിനെ കുറിച്ചോര്‍ത്തു.. അവനിന്ന് ലീവ് ആണ്.. അവനേം വിളിച്ചു പറഞ്ഞേക്കാം ഈ സന്തോഷ വാര്‍ത്ത‍.. ഞാന്‍ ഫോണ്‍ എടുത്തു അവനെ വിളിച്ചു..
'ഹലോ. എന്താടാ??? " അവന്‍ ചോദിച്ചു..
"അളിയാ.. ഞാന്‍ കോളേജില്‍ നിന്നാ.. ഒരു സന്തോഷ വാര്‍ത്തയുണ്ട്.."
"എന്താ ?? കാന്റീനില്‍ ഫുഡിന്റെ റേറ്റ് കുറച്ചോ??? " അവന്റെ ചോദ്യം..
"ഹും..നിനക്കൊക്കെ നന്നായി കൂടെട.. ഫുഡ്‌.. കാന്റീന്‍.. ഇതൊന്നുമല്ലാതെ വേറൊരു വിചാരവുമില്ലല്ലോ.. കഷ്ടം.. " ഞാന്‍ മാന്യനായി..
"ആഹ്. വിടളിയാ.. അറിയാതെ ചോദിച്ചു പോയതാ.. നീ കാര്യം പറയ്‌.."
"എടാ.. നമ്മുടെ ട്രിപ്പ്‌ ഫിക്സ് ചെയ്തു.. ചെന്നയിലെക്കാ .. അതും ആറ് ദിവസത്തേക്ക്..."
'"യാഹൂ" തുള്ളി ചാടാന്‍ ഓരോരുത്തര്‍ക്കും ഒരേ കാരണങ്ങള്‍..
"നീ ഇപോ വീട്ടിലല്ലേ..??? " ഞാന്‍ ചോദിച്ചു,.
"അതെ.. എന്താ??? "
"അല്ല.. പെങ്ങള്‍ മെന്റല്‍ ഹോസ്പിടളിലേക്ക് ഫോണ്‍ വിളിക്കുന്നുണ്ടോ എന്നൊന്ന് നോക്കിയേക്കു,.."
"എഹ്.. അതെന്താട അങ്ങനെ??? " അവനു കണ്‍ഫ്യൂഷന്‍ ആയി..
"കാര്യങ്ങളൊക്കെ ആ രീതിയിലാ പോകുന്നത്.. നമ്മളൊന്ന് സന്തോഷിച്ചാല്‍ ഈ ലോകം നമ്മളെ ഭ്രാന്ധന്മാരാക്കുമെടാ.... "
"എന്താ.. ആരാ ഇത്.. ഫായിസ് തന്നെ അല്ലെ??? " അവനു സംശയം..
'അല്ല.. നിന്‍റെ--------------------------. " ഞാന്‍ സാഹിത്യം പറഞ്ഞത് അവനു ഇഷ്ടപ്പെട്ടില്ല..
"ആ വിട്.. നീ നാളെ ക്ലാസ്സില്‍ വാ.. ബാക്കിയൊക്കെ അവിടെ പറയാം.." ഇതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

പിറ്റേ ദിവസം..
വളരെ സന്തോഷത്തോടെ ഞാനും പ്രകാശും ക്ലാസ്സിലേക്ക് നടന്നു.. പക്ഷെ ഞങ്ങളുടെ മുമ്പില്‍ നിരാശനായി സുനീറും അവന്റെ കാമുകി ജസീനയും.. അവരുടെ നിരാശ കണ്ടതും എന്‍റെ ചങ്കൊന്നു പതറി....
"എന്താടാ ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്തോ??? " ഹൃദയ വേദനയോടെ ഞാന്‍ ചോദിച്ചു..
"ഇല്ലട.. ഇവള്‍ ട്രിപ്പ്‌-നു വരുന്നില്ലെന്ന്.. ഇവളുടെ ബാപ്പ സമ്മതിക്കുന്നില്ലെന്നു.." അവനും ഹൃദയ വേദനയോടെ പറഞ്ഞു..
"ഒഹ്.. അത്രേയുള്ലോ.. ഞാന്‍ അങ്ങ് പേടിച്ചു പോയി.. ഇപോ സമാധാനമായി .. " ഞാന്‍ പറഞ്ഞു..
"നിനക്കൊക്കെ സമാധാനം .. ഇവള്‍ വരുന്നില്ലേല്‍ ഞാനും വരില്ല.. "
"'ഒഹ്.. ഡബിള്‍ സമാധാനം.. " അത് പറഞ്ഞത് പ്രകാശ്‌ ആയിരുന്നു..
"പോടാ.. നിനക്കൊക്കെ തമാശ,.. ഞാന്‍ കാര്യമാ പറഞ്ഞത്.. " സുനീര്‍ പറഞ്ഞു..
"സോറി അളിയാ.. നീ ഇത്രേം സീരിയസണെന്നു ഞാന്‍ അറിഞ്ഞില്ല.. എന്നാലും എന്‍റെ അഭിപ്രായത്തില്‍ ഇവള്‍ വരുന്നില്ലേല്‍ നീയും വരാതിരിക്കുന്നതാ നല്ലത്.. നിങ്ങള്‍ വേണേല്‍ ഫായിസിനേം എന്തേലും പറഞ്ഞു മുടക്കിക്കോ... " പ്രകാശ്‌ വളരെ കാര്യമായി തന്നെ പറഞ്ഞു..
"പോടാ.. അവന്റെ ഒരഭിപ്രായം.. " ഞാന്‍ പറഞ്ഞു.
"അളിയാ.. അവനെ വിട്.. നീ എങ്ങനേലും ഇവളേം കൂടി ടൂറിനു വരുത്താനുള്ള പണി നോക്കണം.. " സുനീര്‍ എന്നോടപെക്ഷിച്ചു..
"അത് ഞാനെങ്ങനാട??? "
"നീ ഇവളുടെ ബാപ്പയെ ഫോണ്‍ വിളിച്ചു സമ്മതിപ്പിക്കണം.. " അവന്‍ അത് പറഞ്ഞത് ഞാനൊന്നു ഞെട്ടി,.
"പോടാ.. ഇതിപോ പ്രകാശ്‌ പറഞ്ഞത് പോലെ എന്റെം ടൂര്‍ മുടക്കാനുള്ള വഴി പറഞ്ഞു തരുവാണല്ലേ..നിന്നോടൊക്കെ ഞാനെന്തു പാപമാട ചെയ്തത് കാലമാടാ... !!!!??? "
"അതല്ലട.. നിനക്കെ ഇനിയെന്നെ രക്ഷിക്കാന്‍ പറ്റു" സുനീര്‍ ഇങ്ങനെ പറഞ്ഞതും ഞാനൊന്നു നെഞ്ച് വിരിച്ചു കൊണ്ട് ചോദിച്ചു....
"സത്യം??? "
"സത്യം.. "
"അതെട.. നിനക്ക് മാത്രമേ അവനെ രക്ഷിക്കാന്‍ പറ്റു.. " പ്രകാശ്‌ ഇടപെട്ടു.. അതും എനിക്കിഷ്ടപ്പെട്ടു..
"സത്യം??? "
"സത്യം.. !!!"
ഇനിയിപോ ഇവന്മാര്‍ എന്നെ ആക്കുന്നതാണോ??? ഹേയ്..
വിളിച്ചേക്കാം.. ഞാന്‍ ഫോണ്‍ എടുത്തു അവളുടെ ബാപ്പയുടെ നമ്പര്‍ ഡയല്‍ ചെയ്തു..
"ഹയ്യോട. എന്‍റെ ഫോണില്‍ ബാലന്‍സ് ഇല്ലെട.. " ഞാന്‍ പറഞ്ഞു..
"അതിനെന്താ.. എന്‍റെ ഫോണില്‍ നിന്നു വിളിച്ചോട.. " പ്രകാശ്‌ ഫോണ്‍ എടുത്തു എന്‍റെ നേരെ നീട്ടി..
തെണ്ടി.. അവനെന്നെ എങ്ങനേലും കുടുക്കാനുള്ള പരിപാടിയാ ,,
അവന്റെ ഫോണ്‍ വാങ്ങി ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തു... ഫോണ്‍ സ്പീകറില്‍ ഇട്ടു.. അല്പം കഴിഞ്ഞപോള്‍ മറു തലക്കല്‍ വല്ലാത്തൊരു ഗാംഭീര്യ ശബ്ദം മുഴങ്ങി..
"ഹല്ലോ.............." അത് കേട്ടതും അത് വരെ സംഭരിച്ചിരുന്ന എന്‍റെ ധൈര്യം ചോര്‍ന്നോ എന്നൊരു സംശയം.. എങ്കിലും ഉള്ള ധൈര്യം സംഭരിച്ചു ഞാന്‍ സംസാരിച്ചു തുടങ്ങി..
"ഹലോ.. ജസീനയുടെ ബാപ്പ അല്ലെ??? " ഞാന്‍ പതിയെ ചോദിച്ചു,..
"ജസീനയുടെ മാത്രമല്ല.. ജസീറിന്റെം കൂടെ ബാപ്പയ.. എന്താടാ നിനക്ക് സംശയമുണ്ടോ ???"
ദൈവമേ തീര്‍ന്നു..ഇയാളെന്താ ഇങ്ങനെ???
"അങ്കിള്‍.. ഞാന്‍ അതല്ല ഉദ്ദേശിച്ചത്.. ജസീനയുടെ ബാപ്പ ആണോ എന്നാണ്.. "
"ഓഹോ.. ഞാന്‍ ആണാണോ എന്ന് നിനക്കറിയണം അല്ലേട.. "
ഒഹ്.. ഇത് വല്ലാത്ത കുരിശാണല്ലോ..
"അതായതു അങ്കിള്‍ ഞാന്‍ ഉദ്ദേശിച്ചത്..... "
"എന്താന്ന് വെച്ചാല്‍ വേഗം പറയെടാ.. " അയാള്‍ വീണ്ടും ചൂടായി തുടങ്ങി..
"അങ്കിള്‍.. ഞാന്‍.. "
"നീ അങ്കിള്‍ അങ്കിള്‍ എന്ന് ഇടക്കിടയ്ക്ക് പറയേണ്ട.. അത് കേള്‍ക്കുമ്പോള്‍ എനിക്ക് വേറെ പലതുമാ തോന്നുന്നേ.. "
"ഒഹ്.. സോറി അങ്കിള്‍.. അല്ല........... " എന്‍റെ വാക്കുകള്‍ മുറിഞ്ഞു തുടങ്ങി..
"എന്താന്ന് വെച്ചാ കാര്യം പറയെടാ.. "
"അതെ.. ഞാന്‍ ജസീനയുടെ ക്ലാസ്സില്‍ നിന്നാ.. അവളെ ടൂറിനു വിടണം എന്ന് പറയാനാ വിളിച്ചത്.. " ഞാന്‍ കാര്യം അവതരിപ്പിച്ചു..
അത് കേട്ടതും അയാളുടെ ശബ്ദ ഗാംഭീര്യം ഒന്ന് കൂടി കൂടി..
"ഓഹോ.. നീയാണല്ലെ ഇവടെ ഇടയ്ക്കിടയ്ക്ക് വിളിച്ചു ശല്യം ചെയ്യുന്ന ആ തെണ്ടി.. കള്ള ______________ മോനെ.. നിന്നെ കിട്ടാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.. നിനക്കെങ്ങനെ ധൈര്യം വന്നെട എന്നെ വിളിക്കാന്‍ ??? "
"ഹയ്യോ അങ്കിള്‍.. അല്ല.. സര്‍.. ആ തെണ്ടി സത്യായിട്ടും ഞാനല്ല.. " ഞാനെങ്ങനെയോക്കെയോ പറഞ്ഞൊപ്പിച്ചു..
"പിന്നെ നീ ആരാട??? "
"ഞാന്‍.............. "
"നീ???? "
" ഞാന്‍ ജസീനയുടെ ക്ലാസ്സിലെ ലീഡറാ " അപ്പോള്‍ അങ്ങനാ വായില്‍ വന്നത് .. ഞാന്‍ അത് തന്നെ പറഞ്ഞു..
പക്ഷെ ഇത് കേട്ടതും പ്രകാശ്‌ ചിരി തുടങ്ങി.. ക്ലാസ്സ്‌ ലീഡര്‍ എന്നത് അവനു സഹിക്കാവുന്നതിലും അപ്പുറമ..സത്യം..
"ഉം.. ലീഡര്‍ക്കിപ്പം എന്താ വേണ്ടത്??? " അയാള്‍ ചോദിച്ചു..
"ജസീനയെ ടൂറിനു വിടണം എന്ന് പറയാനാ ഞാന്‍ വിളിച്ചത്.. "ഞാന്‍ പറഞ്ഞു..
"ഞാന്‍ അറിഞ്ഞെടുത്തോളം ആ തെണ്ടി ചെക്കന്‍ നിങ്ങളുടെ ക്ലാസ്സില്‍ തന്നെയാ പഠിക്കുന്നത്.. അത് കൊണ്ട് അത് നടക്കില്ല മോനെ.. "
"ആ തെണ്ടിയുടെ കാര്യം ഞാന്‍ ഏറ്റു,.. ജസീന എനിക്കെന്റെ പെങ്ങളെ പോലെയാ.. അത് കൊണ്ട് തന്നെ അവളെ ഞാന്‍ ഒരു ആങ്ങളയുടെ സ്ഥാനത് നിന്നു സംരക്ഷിചോളം.. " ഞാന്‍ അത് പറഞ്ഞതും അയാള്‍ അതില്‍ വീണു.. ആരായാലും വീണു പോകും.. കാരണം എന്‍റെ ശബ്ദം ഇടറി, ഒരു ആങ്ങളയുടെ അല്ല വികാര വയ്പുകളും അതിലുണ്ടായിരുന്നു..
"ഉം..ഉറപ്പാണോ?? "
"ഉറപ്പു.. " ഞാന്‍ വാക്ക് കൊടുത്തു..
"ആ ചെക്കനെങ്ങാനും എന്‍റെ മോളെ ശല്യപ്പെടുത്തി എന്ന് ഞാനറിഞ്ഞാല്‍................. "
"ഇല്ല..ഇനി അവളെ ശല്യപ്പെടുത്താന്‍ വന്നാല്‍ അവന്റെ കഥ ഞാന്‍ കഴിക്കും.. " ഞാന്‍ പറഞ്ഞു
"അതിനു മുംബ് ഞാന്‍ നിന്‍റെ കഥ കഴിക്കും അവളെ ആരേലും ശല്യപ്പെടുത്തിയെന്നരിഞ്ഞാല്‍ ....ആഹ്... "
"ഓഹോ.. അതാണോ നേരത്തെ പറയാന്‍ വന്നത്.. സമാധാനമായി.. .. " ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ഉം.. ശരി അങ്കിള്‍.. അല്ല.. ചേട്ടാ.. അല്ല.. സര്‍.. "
ദൈവമേ ഇയാളെ ഞാനെന്താ വിളിക്കേണ്ടത്.. ഞാന്‍ വീണ്ടു കണ്‍ഫ്യൂഷന്‍ ആയി..
"ആഹ്.. നിര്‍ത്തെടാ.. "
"നിര്‍ത്തി.. "
"അതിരിക്കട്ടെ.. എന്താ നിന്‍റെ പേര്??? " അയാള്‍ സ്നേഹപൂര്‍വ്വം ചോദിച്ചു..
"എന്‍റെ പേര് പ്രകാശ്‌.. "
അതും പറഞ്ഞു ഒരു ബൈ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.. അത് വരെ ചിരിച്ചു കൊണ്ടിരുന്ന പ്രകാശ്‌ ഞെട്ടി തിരിച്ചു എന്റെടുത്ത്‌ വന്നു..
"എടാ.. പന്നി.. നിന്നെ ഞാനിന്നു കൊല്ലുമെടാ .. " അതും പറഞ്ഞു അവന്‍ എന്‍റെ കോള്ളറിനു കുത്തി പിടിച്ചു..
"അളിയാ.. അതല്ലട. ഞാന്‍ എന്‍റെ പേര് പറയാതിരുന്നത് മനപൂര്‍വമ.. കാരണം ഞാന്‍ ലീഡര്‍ ആണെന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കാന.. എന്നാല്‍ നിന്‍റെ പേര് പറഞ്ഞാല്‍ ആരും വിശ്വസിക്കും.. കാരണം നിനക്ക് ലീഡര്‍ അവാനുള്ള ഒരു കഴിവുണ്ട് .. " അത് പറഞ്ഞപോള്‍ അവന്‍ ഒന്ന് പൊങ്ങി. എന്നിട്ട് പതിയെ ചോദിച്ചു..
"സത്യം????? "
"സത്യം...!!! "
"കഴിവുണ്ട് എന്നല്ലട .. നിനക്ക് മാത്രമേ ആ കഴിവുള്ളു എന്നാ എന്‍റെ അഭിപ്രായം.. " സുനീര്‍ പറഞ്ഞു..
"സത്യം????? "
"സത്യം...!!! "
"ഇനിയിപോ നിങ്ങള്‍ എന്നെ ആക്കുകയാണോ???? " പ്രകാശിന് ചെറിയ കണ്‍ഫ്യൂഷന്‍ ആയി..
"ഹേയ്..അല്ല.. സത്യമാ.. " അത് അവന്‍ തന്നെ തിരുത്തി..
"പക്ഷെ വേറെ ഒരു കുഴപ്പമുണ്ടളിയാ .." ഞാന്‍ പ്രകാശിനോട് പറഞ്ഞു..
"എന്താടാ?? "
"ഇനി ജസീനയുടെ ചുമതല നിനക്കാ.. ചുരുക്കി പറഞ്ഞാല്‍ സുനീറിനെ നീ സൂക്ഷിക്കേണം എന്ന്.. അവനെന്തു ചെയ്താലും നിന്‍റെ കാര്യം പോക്കാ.. സൊ അവന്റെ കൂടെ തന്നെ കാണണം നീ ഈ ആറ് ദിവസവും. " ഞാന്‍ അവനോടു പറഞ്ഞു..
"അതിനെക്കാള്‍ നല്ലത് ആറ് ദിവസം വല്ല ശവത്തിനും കാവലിരിക്കാന്‍ പോകുന്നതല്ലെട.. " അവന്‍ ചോദിച്ചു..
"അത് നീ എന്താന്ന് വെച്ചാല്‍ ചെയ്.. "
"ഇല്ലെട.. നീ പേടിക്കേണ്ട.. ഞാന്‍ കാരണം നിനക്കൊരാപത്തും വരില്ല.." സുനീര്‍ പ്രകാശിനോട് പറഞ്ഞു..
"സത്യം????? "
"സത്യം... "
ആ സത്യം പ്രകാശ്‌ വിശ്വസിച്ചു.. പക്ഷെ എനിക്ക് വിശ്വാസമില്ലായിരുന്നു..
അത് കൊണ്ട് തന്നെ ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു....
"ദൈവമേ.. പ്രകാശിനെ കാത്തോളണേ.............. അവനു ദീര്‍ഘായുസ്സ് കൊടുക്കേണമേ....... "

(തുടരും.. )

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...