പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Sunday, March 25, 2012

ഒരു 'ബാച്ചിയുടെ' രോദനം..

25 മാര്‍ച്ച്‌ 2012
എറണാകുളം

ഇതോരുപക്ഷെ ഒരു ബാച്ചിലറുടെ മാത്രം വേദനയായിരിക്കണം എന്നില്ല.
നാളെ എനിക്കും നിങ്ങള്‍ക്കും ഈ അവസ്ഥ വരാം എന്ന മുന്നറിയിപ്പോട് കൂടെ ഈ ചെറുകഥയിലേക്ക്‌ കടക്കുന്നു..

ഇന്നലെ വൈകുന്നേരം എന്‍റെ ഫോണിലേക്ക് വന്ന ഒരു വിളി ആണ് ഈ ബ്ലോഗിന് ആധാരം.. ആ ആധാരം ഞാനിവിടെ പണയം വെക്കുന്നു അല്ല പങ്കു വെക്കുന്നു..
ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് എന്‍റെ ഫോണിലേക്ക് ഒരു അറിയാത്ത നമ്പറില്‍ നിന്നും ഒരു വിളി വന്നു..
കല്യാണ പ്രായമായ ഏതൊരു അവിവാഹിതനെയും പോലെ, വളരെ സൂക്ഷ്മതയോട് കൂടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ.. ആരാ???"
"അളിയാ.. ഇത് ഞാനാ സതീഷ്‌.."
"ഏതു സതീഷ്‌..??" എന്‍റെ ചോദ്യം..
"ടാ..പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ പ്രിയക്ക് ലെറ്റര്‍ എഴുതി നിന്‍റെ കയ്യില്‍ തരാറുള്ള സതീഷ്‌.. "
"അന്നവളുടെ ചേട്ടന്‍ പിടിച്ചെന്നെ പെരുമാറിയപ്പോള്‍ മുങ്ങിയ സതീഷ്‌ ആണോ???"
"അതെടാ അതെ. അതേ സതീഷ്‌ തന്നെ"
"എടാ നാ--ന്‍റെ മോനെ.നിന്നെ ഇതുവരെ ആരും തല്ലിക്കൊന്നില്ലേ.." അന്നത്തെ അടിയുടെ വേദന ഓര്‍ത്ത ഞാന്‍ കലിപ്പോടെ ചോദിച്ചു,,
"ഇല്ലെടാ ഇല്ല.. ഞാന്‍ ഗള്‍ഫിലായിരുന്നു..കഴിഞ്ഞ ആഴ്ച വന്നതേ ഉള്ളു.. പ്രകാശ്‌ ആണ് നിന്‍റെ നമ്പര്‍ തന്നത്.."
'അല്ലേലും പ്രകാഷിനു ഈയിടെയായി എന്നോടെന്തോ ദേഷ്യമുണ്ട്.. ചിലപ്പോള്‍ അവനെ കുറിച്ച് ബ്ലോഗ്‌ എഴുതുന്നത്‌ കൊണ്ടാവും..'
ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
"പ്രിയക്ക് ലെറ്റര്‍ കൊടുക്കാന്‍ വേറെ ആരെയും കിട്ടിക്കാണില്ല അല്ലെ?? അതാവും എന്നെ വിളിച്ചത്.."
"ഏയ്‌.. അതൊന്നുമല്ലടാ.. ഞാന്‍ നിനക്കൊരു ലെറ്റര്‍ തരാന്‍ വേണ്ടിയ വിളിച്ചത്."
"നീയൊക്കെ നിയമം പ്രാബല്യത്തില്‍ വരാന്‍ നോക്കിയിരിക്കുവായിരുന്നോ??.ഏതായാലും ഞാന്‍ ആ ടൈപ്പ് അല്ല മോനെ.." ഞാന്‍ നയം വ്യക്തമാക്കി..
"ആഹ്.. അതെല്ലടാ.എന്‍റെ കല്യാണക്കുറി എന്ന ഞാന്‍ ഉദ്ദേശിച്ചത്..അടുത്ത മാസം എട്ടാം തീയതിയാണ് കല്യാണം.. നീ കുടുംബ സമേതം വരണം..ഒഹ് സോറി നിനക്ക് കുടുംബമില്ലല്ലോ.. നീ ഒറ്റയ്ക്ക് വന്ന മതി.."
"ഞാനെന്താടാ ചെറ്റേ ടെസ്റ്റ്‌ ട്യൂബ് ബേബിയോ കുടുംബം ഇല്ലാതിരിക്കാന്‍??"
"ആഹ് അതെല്ലടാ.. കല്യാണം കഴിച്ചില്ലല്ലോ എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ."
"കല്യാണം കഴിചില്ലേലും നല്ല ഒന്നാംതരം കുടുംബത്തില്‍ പിറന്നവന്‍ തന്നാടാ ഞാന്‍.."
"ആയിക്കോട്ടെ. നീ എന്നാ ഒന്നാംതരം കുടുംബസമേതം തന്നെ വന്നേക്ക്.."
അതും പറഞ്ഞു അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

ഇന്ന് അതേ സമയം അതേ നമ്പറില്‍ നിന്നും വീണ്ടും ഒരു വിളി..
"ആ പറയെടാ.."
"ടാ..ഈ മാസം എട്ടാം തീയതിയാ കല്യാണം.."
"അതിന്നലെ പറഞ്ഞതല്ലേ, ഒരോ ദിവസവും വിളിച്ചു പറയുന്നതെന്തിനാ??, ഒരു അവിവാഹിതനെ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കരുത്.. ഹാ.."
"അതല്ലടാ..ഒരു ചെറിയ പ്രശ്നം??"
"എന്തോന്ന് പ്രശ്നം??"
"സ്വര്‍ണക്കടക്കാരന്‍ എന്‍റെ തന്തക്കു വിളിച്ചു.."അവന്‍ വ്യസനസമേതം പറഞ്ഞു..
"ആര്‍ക്കായാലും നിന്‍റെ തന്തക്കു വിളിക്കാന്‍ തോന്നും.. അതിരിക്കട്ടെ,സ്വര്‍ണക്കടക്കാരന്റെ മോള്‍ എത്രാം ക്ലാസ്സിലാ പഠിക്കുന്നത്??" ഞാന്‍ ചോദിച്ചു,.
"പോടാ. അതിനൊന്നുമല്ല അയാള്‍ തെറി വിളിച്ചത്"
"പിന്നെ??"
"കല്യാണ മോതിരത്തില്‍ പെണ്ണിന്‍റെ പേരെഴുതണം എന്നൊരേര്‍പ്പാടുണ്ട്, അതാ പ്രശനം?? "
"അതെന്താ ഇത്ര മാത്രം പ്രശ്നം? അത്ര വൃത്തികെട്ട പേരാണോ പെണ്ണിന്??" ഞാന്‍ ചോദിച്ചു..
"ആഹ്.. അല്ലേടാ.. പാര്‍വതി നായര്‍ എന്നാ പെണ്ണിന്‍റെ പേര്.."
"നല്ല പേരാണല്ലോ.. അതിനെന്താ ഇത്രമാത്രം ചിന്തിക്കാന്‍.??"
"രണ്ടു വിരലില്‍ ഇടാവുന്ന മോതിരം ഉണ്ടാക്കിയാലും പേര് മുഴുവനും മോതിരത്തില്‍ എഴുതി തീരില്ല എന്നാണ് സ്വര്‍ണക്കടക്കാരന്‍ പറയുന്നത്."
"പാര്‍വതി എന്നെഴുതിയാല്‍ പോരെ?? അതിനെന്താ ??"
"നായര്‍ എന്നത് നിര്‍ബന്ധമായും എഴുതണമെന്നാ അവള്‍ പറയുന്നത്..ജാതി വിട്ടു ഒരു കളിയുമില്ല എന്നാ അവള്‍ പറയുന്നത്.. "
"എന്നാപ്പിന്നെ ഒരു കാര്യം ചെയ്.. നായര്‍ എന്ന് മാത്രം എഴുത്.."
"പോടാ.. എന്നിട്ട് വേണം സകല തെണ്ടികളും അത് പറഞ്ഞു കളിയാക്കാന്‍.."
"എന്നാപ്പിന്നെ പാറുനായര്‍ എന്നെഴുതിയാലോ??"
"പോടാ.. എന്നിട്ടും വേണം വിവാഹത്തിന് മുമ്പ് വിവാഹമോചനം കിട്ടാന്‍..ഈ പ്രശ്നം തീര്‍ക്കാന്‍ ഒരു വഴി പറഞ്ഞു താടാ.."
ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു.. പിന്നെ പതിയെ പറഞ്ഞു തുടങ്ങി.
"നീ ഒരു കാര്യം ചെയ്..ഒരു വള മേടിച്ചു നീ കയ്യിലിട്... അതാകുമ്പോള്‍ അവളുടെ പേരും,അച്ഛന്‍റെ പേരും,ജാതിപ്പേരും, വിലാസവും എല്ലാം എഴുതാം..കുറച്ചൂടെ വീതിയുള്ള വള വാങ്ങുവാണേല്‍ വീടിലേക്കുള്ള വഴിയും,മേപ്പും വരെ കുറിച്ചിടാം.."
അവന്‍ പിന്നെന്തൊക്കെയോ പറഞ്ഞു..
ലിപിയില്ലാത്ത ഭാഷയായത് കൊണ്ട് ഇവിടെ എഴുതാന്‍ പറ്റില്ല..
അല്ലേല്‍ നിങ്ങള്‍ പറ, ഈ വിഷയം എങ്ങനെ പരിഹരിക്കും..???
അടുത്ത മാസം എട്ടാം തീയതി വരെ സമയമുണ്ട്..
ഒരു ബാച്ചിലറുടെ രോദനം കേള്‍ക്കാതിരിക്കരുത്...

Tuesday, March 13, 2012

ഇനിയൊരു കഥയെഴുതാം...!!!

ഇനിയൊരു കഥയെഴുതാം...!!!
അപ്പൊ ഇത്രയും കാലം നീ എഴുതിയത് എന്ത് കോപ്പാടാ എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്ന മുന്നറിയിപ്പോട് കൂടി കഥയിലേക്ക്‌..

"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
വായിച്ചപോള്‍ കോരി തരിച്ചു പോയി ..ഓഹ്.. കുറച്ചു കഥയും കവിതയും എഴുതിയാല്‍ അവാര്‍ഡ്‌ ..അത് കഴിഞ്ഞപ്പോള്‍ സ്വീകരണം... കൊള്ളാമല്ലോ പരിപാടി....
'അവാര്‍ഡ്‌ തരാന്‍ ഞങ്ങള്‍ തയ്യാര്‍, വാങ്ങിക്കാന്‍ നിങ്ങളോ ???' എന്നാരോ ഉള്ളില്‍ നിന്നും ചോദിക്കുന്നത് പോലെ..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. കണ്ണടച്ചാല്‍ സ്വീകരണവും അവാര്‍ഡും മാത്രം ..ഉം ..
ഒടുവില്‍ നിശയുടെ മധ്യ യാമത്തിലെവിടെയോ വെച്ച് ഞാനാ തീരുമാനമെടുത്തു ..
എഴുതുക
.. അവാര്‍ഡ്‌ നേടുക . പിന്നെ സ്വീകരണം പിറകെ വരുമല്ലോ ..


പക്ഷെ എപ്പോള്‍ ?? എങ്ങനെ ?? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല ..
ആഹ്
.. ഇതിനിപോള്‍ എന്തോന്ന് ആലോചിക്കാനിരിക്കുന്നു..
വായി തോന്നിയത് കോതക്ക് പാട്ട് ..
ഇതിപോ അറിഞ്ഞിട്ടാണോ എല്ലാം ചെയ്യുന്നത്???
ഒരല്പം
ഭാവന വേണം ... എഴുതാനിരിക്കുമ്പോള്‍ അതൊക്കെ താനെ വന്നോളും...
വരുമോ???
വരും.. ഇല്ലേല്‍ ഞാന്‍ വരുത്തും.. (ഇന്‍ ഹരിഹര്‍ നഗറില്‍ അപ്പുക്കുട്ടന്‍ പറഞ്ഞത് പോലെ തന്നെ..'വീഴും ,ഇല്ലേല്‍ ഞാന്‍ വീഴ്ത്തും..')

എന്നാല്‍ പിന്നെ ഒന്നും നോക്കേണ്ട.. നാളെ രാവിലെ തന്നെ തുടങ്ങിയേക്കാം, അല്ലേല്‍ വേണ്ട.. രാവിലെ എഴുന്നേല്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍.....
ഒടുവില്‍ എല്ലാ ചിന്തയും മടക്കി വെച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ എവിടെ നിന്നോ ഒരശരീരി ..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
നോ.. പാടില്ല.. നാളെ ലോകം വാഴ്ത്തുന്ന കഥാകാരന് 'കഥ' കഴിഞ്ഞിട്ട് മതി ഉറക്കം.. അത്രയേ പാടുള്ളൂ...
അലാറം വെച്ചേക്കാം..
ഉറക്കിലേക്ക്....

എന്‍റെ പ്രസംഗം കഴിഞ്ഞു ആളുകള്‍ നിര്‍ത്താതെ കയ്യടിക്കുകയാണ്..
ഏതായാലും
കയ്യുയര്‍ത്തി അവരെ ഒന്ന് അഭിവാദ്യം ചെയ്തേക്കാം.. അഹങ്കാരം പാടില്ലല്ലോ..!!!
അഭിവാദ്യം
ചെയ്യാന്‍ കൈ ഉയര്‍ത്തിയതും തലയില്‍ ഒരു കുപ്പി വെള്ളം..
ഒരു
കഥാകാരന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഏതോ ഒരു പിന്തിരിപ്പന്‍ മൂരാച്ചി തന്നെ.. ഞാനുറപ്പിച്ചു..
പതുക്കെ കണ്ണ് തുറന്നു ആ മൂരാച്ചിയെ നോക്കി..
ഹേയ്, അല്ല. ആ മൂരാച്ചി ഞാന്‍ തന്നെയാ...കുടിക്കാന്‍ കൊണ്ട് വെച്ചവെള്ളം 'കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തപ്പോള്‍' കൈ തട്ടി തലയില്‍ പതിച്ചതാ...
അപ്പൊ അതൊരു
സ്വപ്നമയിരുന്നല്ലേ.. ?? ഛെഹ്.. വേണ്ടായിരുന്നു.. അഭിവാദ്യം ചെയ്യണ്ടായിരുന്നു..

ഏതായാലും ഇനി സമയം കളയാനില്ല.. പേപ്പറും പേനയും എടുത്തു..
നിന്നും ഇരുന്നും കിടന്നും ചിന്തിച്ചു നോക്കി..
ഇല്ല.. വരുന്നില്ല....അവള്‍ മാത്രം വരുന്നില്ല.. ഇനി ഞാന്‍ എന്ത് ചെയ്യും..??
ഭാവന വരുന്നില്ലന്നെ..!!!
എന്തായിരിക്കും കാരണം???
ആഹ്.. പിടി കിട്ടി..... കഥാകാരന്മാര്‍ക്ക് ഭാവന വരണമെങ്കില്‍ ചുണ്ടിലെരിയുന്ന സിഗേരെട്റ്റ് വേണം.. ഇതിപോ ഇന്നലെ ഓര്‍ത്തിരുന്നെങ്കില്‍ വാങ്ങി വെക്കാമായിരുന്നു..
ഇനി പറഞ്ഞിട്ട് കാര്യമില്ല.. മെല്ലെ അമ്മാവന്റെ മുറിയിലേക്ക് നടന്നു.. സിഗരറ്റ് ഇല്ല . പകരം നല്ല ഒന്നാംതരം ദിനേശ് ബീഡി..
ബീഡി എങ്കില്‍ ബീഡി.. നോവല്‍ അല്ലല്ലോ, കഥയല്ലേ?? അത് കൊണ്ട് ബീഡി വെച്ച് അഡ്ജസ്റ്റ് ചെയ്യാം..
ഒരെണ്ണം കത്തിച്ചു ആഞ്ഞു വലിച്ചു.. നോ.. പുക വന്നില്ല.. പകരം ചുമ വന്നു..
ബീഡിയുടെ കുഴപ്പമോ, ചുമയുടെ കുഴപ്പമോ അതോ എന്‍റെ തന്നെ കുഴപ്പമോ???
എന്തായാലും ഇനിയും ചുമച്ചാല്‍ കഥ എഴുതാന്‍ നിന്ന എന്‍റെ കഥ കഴിക്കാന്‍ അമ്മാവന്‍ വരും...
അമ്മാവന് അറിയില്ലല്ലോ ഒരു കഥാകാരന്റെ വേദന.. സ്വയ രക്ഷക്ക് വേണ്ടി ബീഡി കളയുമ്പോള്‍ മനസിലുറപ്പിച്ചു.. "ഒന്ന് രണ്ടു കഥ എഴുതിയിട്ട് വേണം ബീഡി വലിക്കാന്‍ പഠിക്കാന്‍ "
ബീഡിവലി പഠിക്കാന്‍ ഗൂഗിള്‍-ല്‍ സെര്‍ച്ച്‌ ചെയ്യാം, "ഹൌ ടു പുള്‍ എ ബീഡി.."(How to Pull a Beedi) ..അതായതു 'എങ്ങനെ ബീഡി വലിക്കാം' എന്ന്..

വീണ്ടും കഥയിലേക്ക്‌..
എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല...!!!
ഇത്ര സമയമായിട്ടും എന്തെ ഭാവന വരാത്തെ.. ശോ..
ചുറ്റും നോക്കിയപോഴാ മനസിലായത് .. വായു പോലും കടന്നു വരാത്ത മുറിയിലേക്കെങ്ങനാ ഭാവന വരുന്നത് .. കഷ്ടം ..
ഇനി എന്ത് ചെയ്യും ?? നോ .. ചിന്തിച്ചു കളയാന്‍ സമയമില്ല ..കാരണം സ്വീകരണം ഇനിയും വൈകിക്കൂടാ..
പുറത്തേക്കു പോകാം ..
എല്ലാ കഥകരന്മാര്കും ഭാവന നല്‍കിയത് മര തണലും പുഴയോരവും ഒക്കെയ .. അപ്പോള്‍ എനിക്കും അങ്ങനെയേ വരൂ .. കയ്യില്‍ കിട്ടിയ ഷര്‍ട്ടും വലിച്ചിട്ടു പുഴ ലകഷ്യമാക്കി നടന്നു....
മുണ്ടും മടക്കി കുത്തി ജല മര്‍മരത്തിന്റെ ലഹരി ഏറ്റു വാങ്ങാന്‍ പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ ഞാനാ സത്യം തിരിച്ചറിഞ്ഞു ..
പുഴ വെള്ളം മുഴുവന്‍ കൊക്ക കോള കമ്പനി ഊറ്റി എടുത്തുവത്രേ .. ദൈവമേ ..
ജല മര്‍മരത്തിനു പകരം കൊക്ക കോള മര്‍മരം ഏറ്റു വാങ്ങിയാല്‍ ഭാവന വരുമോ ആവൊ?? ഹേയ്.. ഇല്ല.. സാധ്യത കുറവാ..!!!
ഭാവന വരാന്‍ ഞാനിനി എവിടെ പോകണം ??

ബാല്യത്തില്‍ കൂട്ടുകാരുമൊന്നിച്ചു കളി പറഞ്ഞു നടന്ന കളിക്കളത്തിലേക്ക് പോകാം ..
അവിടെയാകുമ്പോള്‍ തണല്‍ മരങ്ങളും കാറ്റും വായുവും എല്ലാമുണ്ട് .. ഭാവന വേഗം വരും ..
വരില്ലേ?? വരും.. വരും.. ഞാനുറപ്പിച്ചു...

വീണ്ടും നിരാശയോ ??...കാറ്റും പൂവും കൊണ്ട് പ്രകൃതി രമണീയം ആയിരുന്ന ഭൂമിയില്‍ വലിയ കെട്ടിടങ്ങളും ശബ്ദ കോലാഹലങ്ങളും ..
അവിടെ നിന്നാല്‍ ഭാവന പോയിട്ട് അവളുടെ അനിയത്തി പോലും വരത്തില്ല..
വീണ്ടും എന്‍റെ ഇരുണ്ട മുറിയിലേക്ക് ..
ഒഹ്.. ..എന്‍റെ അവാര്‍ഡ്‌... എന്‍റെ സ്വീകരണം .. ഇനി ഞാന്‍ എന്ത് ചെയ്യും ..??
ഇല്ല .. ഞാനങ്ങനെ തോറ്റു കൊടുക്കില്ല ..

ചിന്തകള്‍ കാട് കയറി .. ആഹ .. കിട്ടിപ്പോയ് .. കഥ കിട്ടിപ്പോയ് ..
എന്‍റെ ആദ്യ കഥാ മുകിളം ഞാന്‍ കടലാസ്സില്‍ പകര്‍ത്താന്‍ തുടങ്ങി....
ആ കഥ ഇങ്ങനെ,
ഒരു ഗ്രാമം .. ഗ്രാമത്തിലേക്ക് വരുന്ന പണക്കാരനായ നായകന്‍ .. പാവപ്പെട്ട നായിക.. അവര്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയം ..
അവര്‍ക്കിടയില്‍ വിലങ്ങു തടിയായി ക്രൂരനായ ഒരച്ചന്‍ ..
അച്ഛനെ ധിക്കരിക്കാനാവാത്ത പാവം നായികയെയോര്‍ത്തു ഇവിടത്തെ സ്ത്രീ ലക്ഷങ്ങള്‍ കണ്ണീര്‍ വാര്‍ക്കും..ഞാനുറപ്പിച്ചു..

കൊള്ളാം.. നല്ല ത്രെഡ് .. ഈ കഥ കലക്കും..
നാളെ തന്നെ ഒരു അലമാര പണിയാന്‍ ഏല്‍പ്പിക്കണം.. അവാര്‍ഡ്‌ വീടിന്‍റെ മുലയില്‍ കിടന്നു ചിതലെടുക്കാന്‍ പാടില്ലല്ലോ..
കഥ കിട്ടിയ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ട് പാടാന്‍ തോന്നി..
"മാനസ മൈനേ വരൂ.." പാട്ടിനിടയില്‍ എന്‍റെ നായകനെ കുറിച്ച് ഒരു നിമിഷമോര്‍ത്ത ഞാന്‍ ഞെട്ടി തരിച്ചു പോയി..
നായകന് മധുവിന്റെ രൂപം.. നായികക്ക് ഷീലയുടെയും..!!!
കൂടെ ഒരു ഡയലോഗും എന്‍റെ ചുണ്ടില്‍ കിടന്നു തത്തിക്കളിച്ചു..
"കറുത്തമ്മേ.. ഞാനീ കടാപ്പുറത്ത്‌ കൂടി പാടി പാടി നടക്കും.. "
ഈശ്വരാ.....തകഴി സര്‍ ചതിച്ചു.....എന്‍റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പ് അടിച്ചു മാറ്റി..
തകഴി സര്‍,താങ്കള്‍ എന്തിനു എന്‍റെ കഥ വര്‍ഷങ്ങള്‍ക്കു മുന്നേ അടിച്ചു മാറ്റി...???
ഒരു കഥാകാരനോട് ഇങ്ങനെ ചെയ്യാന്‍ താങ്കള്‍ക്കെങ്ങനെ മനസ് വന്നു..???
ഇനി ഞാന്‍ എന്തെഴുതും???
ഞാന്‍ വിഷണ്ണനായി..

ഇല്ല.. എനിക്കെഴുതിയെ പറ്റു.. കാരണം അവാര്‍ഡ്‌ എന്നെ കാത്തിരിപ്പുണ്ട്..

നിരാശ മാറ്റി ജനലിലുടെ പുറത്തു നോക്കിയപ്പോള്‍ കൊള്ളിയാന്‍ പോലെ പോകുന്നു ആമിനത്താത്തയും അവരുടെ ആടും ..
അവരുടെ വീടിലനെങ്കില്‍ കുറെ കഥാപാത്രങ്ങളും ഉണ്ട്.. എന്‍റെ നാട്ടിനെ കുറിച്ചകുമ്പോള്‍ സ്വീകരണത്തിന്റെ ശക്തി ഒന്ന് കൂടി വര്‍ധിക്കും.. "നാട്ടുകാരുടെ പൊന്നോമന പുത്രന്‍ " എന്നൊക്കെയാകും വിശേഷണം..
കൊള്ളാം.. നല്ല ഐഡിയ..

കഥയെഴുത്ത്‌ പുരോഗമിക്കവേ , ചുണ്ടില്‍ ബീടിയുമായ്‌
കണ്ണടയിട്ടു ചാരു കസേരയില്‍ ഇരിക്കുന്ന മെലിഞ്ഞ ഒരു രൂപം മനസ്സില്‍ തെളിഞ്ഞു .. ബഷീര്‍ക്ക....
"ബഷീര്‍ക്കാ ..നിങ്ങളെ ഞാന്‍ സ്വന്തം ഇക്കയെ സ്നേഹിക്കുന്നത് പോലെ സ്നേഹിച്ചതല്ലേ..എന്നിട്ടും, നിങ്ങള്‍ എന്നോട് ഈ ചതി ചെയ്തുവല്ലേ .. വേണ്ടായിരുന്നു ..എന്നോടിത് വേണ്ടായിരുന്നു."

പിന്നെയും മനസ്സില്‍ കഥകള്‍ പലതും വന്നു .. പക്ഷെ കഥ പുരോഗമിക്കുമ്പോള്‍ കഥയിലില്ലാത്ത ചില കഥാപാത്രങ്ങള്‍ മനസിലുടെ പായാന്‍ തുടങ്ങി ..
എന്‍റെ കഥ എനിക്ക് മുമ്പേ അടിച്ചു മാറ്റിയവര്‍ .... എന്നെ ചതിച്ചവര്‍.. എന്നിലെ അവാര്‍ഡ്‌ മോഹം തല്ലിക്കെടുത്തിയവര്‍..

ഇനി ഞാനെന്തെഴുതും??

തല്‍ക്കാലം സ്വീകരണത്തെ കുറിച്ചിനി മറക്കാം ... എങ്കിലും എഴുതാതിരിക്കാന്‍ എനിക്കാവില്ല ..
ഞാന്‍ എഴുതി ..
ബാല്യത്തില്‍ എനിക്ക് ചുറ്റും തണല്‍ വിരിച്ചു നല്‍കിയ, എന്നാല്‍ ഇന്നില്ലാത്ത മരങ്ങളെ കുറിച്ച് ..
ആ മരത്തിന്‍ ചുവട്ടില്‍ എന്‍റെ കൂടെ ഇരുന്ന പെണ്‍കുട്ടിയെക്കുറിച്ച്.., എന്‍റെ പ്രണയത്തെ കുറിച്ച്..
എന്നില്‍ വസന്തം വിരിയിച്ച സൌഹൃദത്തെ കുറിച്ച്..
ഇവിടുണ്ടായിരുന്ന പുഴയെ കുറിച്ച്..അങ്ങനെ.. അങ്ങനെ...

ഇനി എന്നെ ഓര്‍മിപ്പിക്കരുത്..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം " എന്ന വാക്ക്..
കാരണം അങ്ങനെ വന്നാല്‍ " ചെമ്മീന്‍ " രണ്ടാമതും പിറക്കും .. പുത്തന്‍ ഭാവത്തില്‍ ...പുത്തന്‍ രൂപത്തില്‍.. :)

Friday, March 9, 2012

ഈ ബ്ലോഗ്പോസ്റ്റ് ഒരു "തേങ്ങയാ"..!!!

ഈ പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍ ആരും ചോദിച്ചു പോകും "ഇതെന്തു തേങ്ങയാ" എന്ന്..
എന്തായാലും ഒരു തേങ്ങയുടെ, എന്തിനു ഒരു കരിക്കിന്‍റെ വലിപ്പം പോലുമില്ല ഈ ബ്ലോഗ്ഗിന്..
ഏതായാലും നമ്മുടെ സ്വന്തം തേങ്ങയെ കുറിച്ച്, സര്‍വ്വോപരി തെങ്ങിനെ കുറിച്ചാണീ ബ്ലോഗ്‌..!!!

ഒരു വര്‍ഷം മുമ്പുള്ള ഒരു ഞായറാഴ്ച..
പതിവ് ഞായറാഴ്ചകളെന്ന പോലെ തന്നെ അന്നും അതിരാവിലെ പത്തു മണിക്ക് തന്നെ എഴുന്നേറ്റു..
മൊബൈല്‍ എടുത്തു നോക്കി.. മൂന്നു മെസ്സേജ് വന്നിട്ടുണ്ട്..

ഓരോന്നായി വായിച്ചു നോക്കി..
'ആദ്യ മെസ്സേജ് 25 പേര്‍ക്കയച്ചില്ലെങ്കില്‍ ദൈവം കണ്ണില്‍ കാന്താരി മുളക് തേക്കുമെന്ന്.. '
ഹയ്യോ.. വേണ്ടായേ.. റീചാര്‍ജ് ചെയ്തിട്ട് ഞാന്‍ അയച്ചാക്കാമേ!!!..
ഇനി രണ്ടാമത്തെ മെസ്സേജ്...
സാധാരണ ഉറങ്ങി,സുഖ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ ഉറക്കും സ്വപ്നവും നഷ്ടപ്പെടുത്താന്‍ വരുന്ന 'ഗുഡ് നൈറ്റ്‌, സ്വീറ്റ് ഡ്രീംസ്‌ ' എന്ന മെസ്സേജ്..
"ഇന്നലെ എടുക്കാന്‍ പറ്റിയില്ല,നാളത്തേക്ക് വരവ് വെച്ചിരിക്കുന്നു" എന്ന് പറഞ്ഞു അടുത്ത മെസ്സേജ്-ലേക്ക്..
അത് വായിച്ച എന്‍റെ കണ്ണ് തള്ളി പുറത്തേക്കു വന്നു..
പ്രതേകിചൊന്നുമില്ല അതില്‍, ഒരു വാക്ക്, വെറും ഒരേ ഒരു വാക്ക്.. അതിങ്ങനെ,
"തെങ്ങില്‍ കേറാന്‍ അറിയോ???? " (Thengil keran ariyuo????)
മെസ്സേജ് വന്ന സമയം നോക്കി..
രാത്രി 12:09 !!!..
മെസ്സേജ് വന്ന നമ്പര്‍ നോക്കി..
അറിയാത്ത ഏതോ നമ്പര്‍!!!...
"പടച്ചോനെ. ഏതവനാണാവോ അര്‍ദ്ധരാത്രിക്ക് ഞാന്‍ തെങ്ങില്‍ കേറുമോ എന്നറിയേണ്ടത്.."
ഞാന്‍ മൊബൈല്‍ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട സഹമുറിയന്‍ ഷിനോജ് അടുത്തേക്ക് വന്നു..
"എന്താടാ?? മൊബൈലില്‍ പല്ലി വല്ലതും കേറിയോ???" അവന്‍ ചോദിച്ചു..
"പല്ലി അല്ലേടാ.. മെസ്സേജ്-ല്‍ ഒരു തേങ്ങ.. "
"ദൈവമേ... തേങ്ങയൊക്കെ ഇപ്പൊ മെസ്സേജ് വഴി വന്നു തുടങ്ങിയോ?? കാലം പോയ ഒരു പോക്കെ..!!!"
"ഹാ.. അതല്ലെടാ... ഒരു മെസ്സേജ് വന്നു.. അത് നോക്കുവാ.."
"എന്ത് മെസ്സേജ്???"
"ഞാന്‍ തെങ്ങില്‍ കേറുമോ എന്ന് ആര്‍ക്കോ അറിയണം പോലും...!!!"
"ആഹ്.. അപ്പൊ നിനക്ക് തെങ്ങ് കയറ്റമാണ് പണി എന്നറിയാത്ത നിന്‍റെ ഏതേലും ഫ്രണ്ട് ആവും.."
"പോടാ.. നേരാംവണ്ണം ഒരു സ്ടെപ്പ് പോലും കയറാനറിയാത്ത എനിക്ക് തെങ്ങ് കേറാനറിയാമോ എന്ന് ചോദിച്ചവന്‍ ആരാണെന്നു അറിഞ്ഞിട്ടു തന്നെ കാര്യം.."
അതും പറഞ്ഞു ഞാന്‍ ആ നമ്പറിലേക്ക് വിളിച്ചു..
'കള്ളാ കള്ളാ കൊച്ചുകള്ളാ,
നിന്നെ കാണാനെന്തൊരു സ്റ്റൈല്‍ ആണ്..'
നല്ല ബെസ്റ്റ് ഡയലര്‍ ട്യൂണ്‍..!!!
ഏതായാലും പാട്ട് തീരും മുമ്പ് ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ"
മറുതലക്കല്‍ ഒരു കിളിനാദം..!!!
ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത് ഏതേലും ആണാവും എന്ന് കരുതി മനസ്സില്‍ കണ്ടു വെച്ച തെറി വാക്കുകള്‍ പെട്ടെന്ന് വിഴുങ്ങി..
വാക്കുകളുടെ കൂടെ നാവും വിഴുങ്ങിയോ എന്നൊരു സംശയം.. കാരണം കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല..
"ഹലോ.." വീണ്ടും കിളിനാദം..
പാതി വിഴുങ്ങിയ നാക്ക്‌ അണ്ണാക്കില്‍ നിന്നും വലിച്ചെടുത്ത്‌ ഞാന്‍ സംസാരിച്ചു തുടങ്ങി..
"ഹലോ.. ആരാ ഇത്???"
"ഇതാരാ???"
"നിങ്ങളാരാ???"
"എന്‍റെ നമ്പറിലേക്ക് വിളിച്ചു ഞാന്‍ ആരാണെന്നോ?? ആദ്യം താനാരാണെന്ന് പറ..." തെങ്ങ് ചേച്ചി ചൂടായി തുടങ്ങി..
"ഞാന്‍.. അത്....... എനിക്ക് തെങ്ങ് കേറാന്‍ അറിയില്ല എന്ന് പറയാന്‍ വിളിച്ചതാ.."
"എന്തോന്നാ???"
"എനിക്ക് തെങ്ങ് കേറാന്‍ അറിയില്ല എന്ന്...." ഞാന്‍ ഒന്ന് കൂടി വ്യക്തമാക്കി..
"അതെന്തിനാ എന്നോട് പറയുന്നത് ???"
"അല്ല.. എനിക്ക് ഇന്നലെ പാതിരാത്രി എനിക്കൊരു മെസ്സേജ് വന്നായിരുന്നു.. 'തെങ്ങില്‍ കേറാന്‍ അറിയുമോ' എന്ന് ചോദിച്ച്,.."
ഞാന്‍ അത് പറഞ്ഞതും മറുതലക്കല്‍ ഒരു ഞെട്ടല്‍..
അവളുടെ സംസാരത്തില്‍ അവളും അറിയാതെ നാക്ക്‌ വിഴുങ്ങി പോയി എന്ന് തോന്നി..
'മുഴുവനായും വിഴുങ്ങിക്കാനില്ല കൊച്ചെ.. വലിച്ചെടുത്ത്‌ സംസാരിക്ക്' എന്ന് പറയുന്നതിന് മുമ്പ് അവള്‍ വീണ്ടും സംസാരിച്ചു തുടങ്ങി..
"അത്... അത്.. എനിക്ക് നമ്പര്‍ മാറിപോയതാ.. സോറി...." അതും പറഞ്ഞു അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു...
ഇതെന്തു കൂത്ത്‌...???
ഞാന്‍ വീണ്ടും അതേ നമ്പര്‍ ഡയല്‍ ചെയ്തു..
'കള്ളാ കള്ളാ കൊച്ചുകള്ളാ,
നിന്നെ കാണാനെന്തൊരു സ്റ്റൈല്‍ ആണ്..'
ബട്ട് ഇത്തവണ ഫോണ്‍ എടുത്തില്ല.. കട്ട്‌ ചെയ്തു...

കാര്യങ്ങള്‍ മുഴുവന്‍ ശിനോജിനോട് പറഞ്ഞു..
കുറഞ്ഞു കഴിഞ്ഞപ്പോള്‍ എന്‍റെ നമ്പറിലേക്ക് ഒരു കാള്‍..
ഞാന്‍ നമ്പര്‍ നോക്കി.. എന്‍റെ നമ്പറുമായി വളരെ സാമ്യമുള്ള ഒരു നമ്പര്‍..
'അയല്‍വാസിയെ പരിചെയപ്പെടാനവും' എന്ന് വിചാരിച്ച് ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ.. ആരാ??"
"എന്‍റെ പേര് പ്രേമന്‍..."
പേര് പ്രേമന്‍ എന്നാണേലും ശബ്ദം എം.എസ് ത്രിപ്പൂണിത്തുറയുടേത് പോലുണ്ട്..
"എന്താ ചേട്ടാ???" മാക്സിമം ബഹുമാനം കൊടുത്തു ഞാന്‍ ചോദിച്ച്..
"ഇന്നലെ രാത്രി നിങ്ങള്‍ക്കൊരു മെസ്സേജ് വന്നില്ലേ, 'തെങ്ങില്‍ കേറാന്‍ അറിയുമോ' എന്ന് ചോദിച്ച്.."
"ഉം.. വന്നായിരുന്നു.. എന്താ??" ഞാന്‍ ചൊദിച്ചു..
"അത് എന്‍റെ കാമുകി എനിക്കയച്ച മെസ്സേജ് ആണ്.. നമ്പര്‍ മാറി നിങ്ങള്‍ക്ക് വന്നതാ.."
'ആഹാ.. ചേട്ടനായിരുന്നോ ആ തേങ്ങാ ചേട്ടന്‍?? ശരിക്കും ചേട്ടന് തെങ്ങില്‍ കേറാന്‍ അറിയുമോ???' എന്ന് ചോദിക്കാന്‍ തോന്നിപ്പോയി..
പക്ഷെ ചോദിച്ചില്ല,കാരണം ശബ്ദം കേട്ടിട്ട് തന്നെ പേടി തോന്നുന്നു..വെറുതെ എന്തിനാ പറമ്പില്‍ വീണ തേങ്ങയെടുത്ത് തലയില്‍ ഇടുന്നത്..!!!
"ആണോ.. ?? അത് കുഴപ്പമില്ല ചേട്ടാ..." ഞാന്‍ പറഞ്ഞു..
"എനിക്ക് കുഴപ്പമുണ്ട്.. ഇനി അതും പറഞ്ഞു നിങ്ങള്‍ അവളെ വിളിച്ചു ശല്യപ്പെടുത്തരുത്.."
"ഇല്ല ചേട്ടാ ഇല്ല.. ആ പെങ്ങളെ ഇനി ഞാന്‍ വിളിക്കില്ല.. എന്നാലും ഞാന്‍ ഒരു കാര്യം കൂടി ചോദിച്ചോട്ടെ??"
"ഉം.. എന്താ??"
"എന്നാലും എന്തായിരുന്നു ആ മെസ്സേജ്-ന്‍റെ അര്‍ത്ഥം..??"
"അത്.................. " ആ ചേട്ടന്‍ പറഞ്ഞു തുടങ്ങി..
ആ കഥ ഇങ്ങനെ,
"തേങ്ങാ ചേട്ടനും ചേച്ചിയും തമ്മില്‍ മുടിഞ്ഞ പ്രേമമാണ്.. ആ പ്രേമം പെണ്ണിന്‍റെ വീട്ടില്‍ അറിഞ്ഞു.. എല്ലാ പ്രേമത്തിലും എന്ന പോലെ വീട്ടുകാര്‍ ഈ പ്രേമത്തിന്‍റെ നേര്‍ക്കും വാളെടുത്തു..അവര്‍ തമ്മില്‍ കാണാനുള്ള എല്ലാ വഴികളിലും വീട്ടുകാര്‍ കാരമുള്ളുകള്‍ വിരിച്ചു.. എങ്കിലും നായകന്‍ ഇടക്കൊക്കെ രാത്രി സമയം നായികയെ കാണാന്‍ വരും.. നായികയുടെ വീടിന്‍റെ മതില്‍ ചാടി ,നായിക എടുത്തു വെച്ച ഏണി വഴി ടെറസില്‍ കേറും.. അവിടെ വെച്ച് അവര്‍ സംസാരിക്കും.. അത് വഴി തന്നെ ഇറങ്ങിപ്പോകും..അങ്ങനെ ഒരു രാത്രി നായിക നോക്കുമ്പോള്‍ ഏണി കാണുന്നില്ല.. വില്ലന്‍ (നായികയുടെ അച്ഛന്‍) ഏണി എടുത്തു മാറ്റിയിരിക്കുന്നു...അങ്ങനെ നായിക നോക്കിയപ്പോള്‍ ഒരേ ഒരു വഴിയെ കണ്ടുള്ളൂ, വീടിന്‍റെ മുന്നിലുള്ള തെങ്ങ് വഴി മുകളില്‍ കേറുക.. അത് കൊണ്ട് നായിക നായകനയച്ച മെസ്സേജ് ആണ് നമ്പര്‍ മാറി എനിക്ക് വന്നത്.. "
ചുരുക്കി പറഞ്ഞാല്‍ തെങ്ങിന് വെച്ചത് കൊണ്ടത്‌ കവുങ്ങിന് എന്നര്‍ത്ഥം...!!!
ഏതായാലും മെസ്സേജ് വന്നത് പാതിരാത്രി ആയതു നന്നായി.. പകല് വല്ലതുമായിരുന്നെല്‍ ഞാന്‍ തെങ്ങ് കേറാന്‍ അറിയുമോ എന്ന് നോക്കി ഇഹലോകവാസം വെടിഞ്ഞേനെ...!!!

ചേട്ടന്‍ കഥ പറഞ്ഞു കഴിഞ്ഞു..
ഒരു 'ഓള്‍ ദ ബെസ്റ്റും' പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

കുറച്ചു കഴിഞ്ഞപ്പോള്‍ ഈ കഥയൊന്നും അറിയാതെ, ഷിനോജ് എന്‍റെ അരികിലേക്ക് വന്നു..
"അളിയാ.. എനിക്കൊരു സംശയം..." അവന്‍ പറഞ്ഞു..
"എന്താടാ???"
"അവള്‍ പാതിരാത്രി തേങ്ങ ചോദിച്ചത് ചമ്മന്തി അരക്കാനായിരിക്കുമോ, അതോ വേറെന്തേലും കറി വെക്കാനായിരിക്കുമോ??? "
എഹ്..കുറച്ചു നേരത്തേക്ക് എനിക്കുത്തരമുണ്ടായില്ല.. പിന്നെ ശ്രീനിവാസനെ മനസ്സില്‍ ധ്യാനിച്ച് പറഞ്ഞു,
"മീന്‍ അവിയല്‍ വെക്കാനാവും.. മീന്‍ അവിയല്‍ എന്താകുമോ എന്തോ???!!!"

Sunday, March 4, 2012

ദി ടെന്‍ മിനുട്സ്,Nothing Matters.....!!!


പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പത്തു മിനിറ്റ് എന്ന് തന്നെ.. പക്ഷെ ഇവിടെ ഈ കഥ പറയുമ്പോള്‍ "ദി ടെന്‍ മിനുട്സ്" എന്നത് തന്നെയാ നല്ലത്..
കാരണം ഒരു 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സിനിമ കഥ പോലെ പ്രസക്തമായ ഒരു ജീവിത കഥയാണിത്‌..
(ചിലപ്പോള്‍ നാടകം പോലെ തോന്നിയേക്കാം,ചിലപ്പോള്‍ പാട്ടില്ലാത്ത കഥാ പ്രസംഗവുമായേക്കാം..)
എന്തായാലും 'ട്രാഫിക്‌' പോലെ,'വാനം' പോലെ "പ്രേക്ഷകരെ" മുള്‍മുനയില്‍ നിര്‍ത്തിയ "ദി ടെന്‍ മിനുട്സ്" എന്ന കഥയിലേക്ക്‌ പോകും മുമ്പ് നിയമപ്രകരമായ കുറച്ചു മുന്നറിയിപ്പുകള്‍,
1) ഇത് വായിക്കുന്ന "ഒരാള്‍" ഇതയാളുടെ കഥയാണെന്ന് വിചാരിച്ചേക്കാം..അത് കൊണ്ട് തന്നെ അവനോടു പറയാനുള്ളത്.."പ്രിയപ്പെട്ട സുഹൃത്തെ,ഇത് നിന്‍റെ കഥയല്ല,, സത്യായിട്ടും നിന്‍റെ കഥയല്ല.."
2) പതിവ്പോലെ ഇതൊരിക്കലും ഒരു ചിരിചിത്രമല്ല..മറിച്ചു, കണ്ടുകൊണ്ടിരുന്ന ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു സസ്പെന്‍സ് ത്രില്ലെര്‍...

"ദി ടെന്‍ മിനുട്സ്" തുടങ്ങുന്നതിനു മുമ്പ് ഒരു ഒരു മിനിറ്റ്..കഥാനായകനെ പരിചയപ്പെടുത്താനുള്ള വെറും ഒരു മിനിറ്റ്..
കാര്‍ത്തി എന്ന് വിളിപ്പേരുള്ള കാര്‍ത്തിക് ആണ് ഈ കഥയിലെ നായകന്‍..
സുന്ദരന്‍,സുമുഖന്‍,സര്‍വോപരി സുശീലന്‍ (ഇനിയും ഞാന്‍ കള്ളം പറയുന്നില്ല..),
പക്ഷെ അത് കാര്‍ത്തിക് രണ്ടു കാലില്‍ ഉള്ളപ്പോള്‍ മാത്രം..
കാര്‍ത്തി നാലു കാലില്‍ ആയി തുടങ്ങിയാല്‍ അവന്‍ ഇതൊന്നുമല്ലാതാകും..
കൂതറ,അലവലാതി,സര്‍വോപരി ആഭാസന്‍.. (ഇനിയും സത്യം പറയാന്‍ വയ്യ..)
അങ്ങനെ കാര്‍ത്തിക് നാലു കാലിലായ ഒരു ദിനത്തിലാണ് ഈ കഥ നടക്കുന്നത്.. ഇനി കഥയിലേക്ക്‌..

ദി ടെന്‍ മിനുട്സ്,Nothing Matters ....
രംഗം 1 :
രണ്ടു വര്‍ഷം മുമ്പുള്ള ഒരു ഞായറാഴ്ച വൈകുന്നേരം..
സമയം 4 .50 PM
കാര്‍ത്തിക്കിന്റെ വീടിനു മുന്നിലുള്ള ഫുട്ബോള്‍ മൈതാനം,, മൈതാനത്തു ഞങ്ങള്‍ കുറച്ചു പേര്‍ ഫുട്ബോള്‍ കളിക്കാനൊരുങ്ങി നില്‍ക്കുന്നു..

‍സമയം 4 .51 PM
ആ സമയത്താണ് കാര്‍ത്തി നാലു കാലില്‍ വീടിന്റെ മുന്നിലേക്ക്‌ വരുന്നത്..
വന്ന ഉടനെ അപ്പുറത്ത് വീട്ടിലെ ദിവാകരന്‍ മാഷിന്റെ വീടിലേക്ക്‌ നോക്കി കാര്‍ത്തി സംസാരം തുടങ്ങുന്നു..
"ഫ.. പ&*^,തെ&& ഛെ^&..-------- മോനെ"
നല്ല മാന്യമായ ഭാഷയില്‍ മാത്രമാണ് കാര്‍ത്തി സംസാരിക്കുന്നതു.. കാര്യം എന്താണെന്നു ആദ്യം ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല..പിന്നെ കാര്‍ത്തിക് കാര്യം പറഞ്ഞു..
"--------- മോനെ,, നീ ആരാട എന്നെ ഉപദേശിക്കാന്‍.. ഞാന്‍ എന്‍റെ കാശ് കൊണ്ടു കുടിക്കുവോ കുളിക്കുവോ എന്താണെന്നു വെച്ചാല്‍ ചെയ്യും.. നീ നിന്‍റെ പണി എടുത്ത മതി കേട്ടോട ....................മോനേ "
അപ്പോള്‍ ഞങ്ങള്‍ക്ക് കാര്യം മനസിലായി..
നാട്ടിലെ പ്രമാണിയായ ദിവാകരന്‍ മാഷ് കാര്‍ത്തിയെ ഉപദേശിച്ചു എന്ന്..
ആ സമയം ഒരു വാക്ക് പോലും മറുത്തു പറയാതെ, രണ്ടു കാലില്‍ നിന്നു ചിരിച്ചു കൊണ്ടു കേട്ടിരുന്ന കാര്‍ത്തി ഇപ്പോള്‍ നാലു കാലില്‍ അതിനു പ്രതികാരം ചെയ്യാന്‍ വന്നിരിക്കുകയാണ്..

രംഗം 2:
സമയം 4 .53 PM
ദിവാകരന്‍ മാഷ് പുറത്തേക്കു വരുന്നു..
ആ സമയം സകല വായ്‌നോക്കികളും അങ്ങോട്ട്‌ മാത്രം നോക്കുന്നു.. പഠിപ്പിച്ച മാഷിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല..
മാഷിന്‍റെ സുന്ദരിയായ രണ്ടു പെണ്മക്കളും കൂടെയുണ്ട് എന്നത് തന്നെ കാര്യം..

കാര്‍ത്തിക്കിന്‍റെ ഭാഷാ സംസ്കാരം കൂടുതല്‍ ഉയരത്തിലേക്ക് പോകുന്നത് കണ്ടു സഹിക്കവയ്യാതെ മലയാള അധ്യാപകന്‍ കൂടി ആയ ദിവാകരന്‍ മാഷ് തിരിച്ചും പറഞ്ഞു തുടങ്ങി,,
"ടാ.. ഞാന്‍ പഠിപ്പിച്ച എന്നോട് സ്നേഹമുള്ള പിള്ളേരാ ഇവന്മാര്..നീ അധികം സംസാരിച്ചാല്‍ ഈ പിള്ളേരെല്ലാം കൂടി നിന്‍റെ പുറത്തു കേറി മേഞ്ഞു കളയും.. ആഹ്.."
ദിവാകരന്‍ മാഷ് ഞങ്ങളെ ചൂണ്ടി പറഞ്ഞു..
"ഹമ്പട മനമേ.. അത് പള്ളിയില്‍ പോയി പറഞ്ഞ മതി.. കേവലും ഒരു മാഷിനെ തെറി വിളിക്കുന്നത്‌ കേട്ടിട്ട് ഞങ്ങള്‍ പോയി തല്ലുണ്ടാക്കണം എന്ന്..നടക്കില്ല മോനേ സാറേ.. " ഞാന്‍ പറഞ്ഞു..
"മാഷിനെ പറഞ്ഞാല്‍ ഞാന്‍ ഇടപെടില്ല.. പക്ഷെ സിന്ധുവിനെ അവന്‍ വല്ലതും പറഞ്ഞാല്‍ ഞാന്‍ ഇടപെടും.. "എന്ന് ഷിജു..
"സിന്ധുവിനെ പറഞ്ഞാലും ശരി ജന്ധുവിനെ പറഞ്ഞാലും ശരി, ഞാന്‍ ഇടപെടില്ല മാഷെ.." എന്ന് ഞാന്‍..
ഇതൊക്കെ കേട്ടിട്ടും കാര്‍ത്തിക്കിന് ഭാവ വ്യത്യാസമൊന്നുമില്ല.. അവന്‍ വീണ്ടും പൂരപ്പാട്ട് തുടരുക തന്നെയാണ്..
മാഷ് വീണ്ടും ഇടപെട്ടു..
"നീ വൃത്തികെട് വല്ലതും പറയാണേല്‍ നിന്‍റെ വീടിന്റകത്ത്‌ കേറി പറഞ്ഞേക്കണം.. പുറത്തു നിന്നു പറഞ്ഞാല്‍ ഈ തെണ്ടി പിള്ളേരോന്നും വേണ്ട,എനിക്ക് ഒറ്റയ്ക്ക് നേരിടാനെ ഉള്ളു നീ.. "
"തെണ്ടി പിള്ളേര്‍ തന്‍റെ.................. " തെറി പറയാന്‍ തുടങ്ങിയ ഷിജുവിനെ ഷിനോയ് വിലക്കി..
"തെറി പറയാതെടാ.. എത്രയായാലും ആ നാറി നമ്മുടെ സാറാ..... " ഷിനോയ് പറഞ്ഞു..
ഇതൊന്നും ശ്രദ്ധിക്കാതെ കാര്‍ത്തി വീണ്ടും പൂരപ്പാട്ട് തന്നെ..
കേട്ടു സഹിക്കാന്‍ വയ്യാതെ മാഷ് രണ്ടും കല്‍പ്പിച്ചു മുന്നോട്ടു വന്നു....
കാര്‍ത്തിയും വിട്ടില്ല.. "അത്രക്കായോ എന്നാല്‍ ഞാന്‍ കാണിച്ചു തരാം " എന്നും പറഞ്ഞു അവന്‍ മുണ്ട് മടക്കിക്കുത്തി ..
പക്ഷെ ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ കാര്‍ത്തി മുന്നോട്ടു വന്നില്ല.. മറിച്ചു വീടിനകത്തേക്ക് കേറി വാതിലടച്ചു..!!!!
ഒരു ആക്ഷന്‍ സിനിമ കാണാന്‍ നിന്നു നിരാശരായി ഞങ്ങള്‍ കുറച്ചു പേര്‍..
വിജയശ്രീലാളിതനെ പോലെ ദിവാകരന്‍ മാഷ്..
ഞങ്ങള്‍ വീണ്ടും ഗ്രൌണ്ടിലേക്ക്..

സമയം 4 .57 PM

"ഹയ്യോ,ഓടി വരണേ " എന്ന നിലവിളി കേട്ടതും ഞങ്ങള്‍ വീണ്ടും കാര്‍ത്തിക്കിന്റെ വീടിലെക്കോടി..
കാര്യം മറ്റൊന്നുമല്ല.. ദിവാകരന്‍ മാഷിനോട് പ്രതികാരം ചെയ്യാന്‍ കാര്‍ത്തിക് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നു..!!!
ഓടിപ്പോയ ഞങ്ങള്‍ കണ്ട കാഴ്ച കാര്‍ത്തിക് മേശയുടെ മുകളില്‍ നിന്നും TV വലിച്ചൂരി താഴെ വെക്കാന്‍ ശ്രമിക്കുന്നു..
പെട്ടെന്നവന്‍ കൈ പിന്‍വലിച്ചു.. കൂടെ ഒരു ഡയലോഗും.. "പണ്ടാരം.. ഇപ്പോ ഷോക്കടിച്ചു ചത്തേനെ.. "
ഏഹ്...
കാര്‍ത്തി വളരെ കഷ്ടപ്പെട്ട് TV എടുത്തു താഴെ വെച്ചു.. മേശയുടെ മുകളില്‍ ഒരു കസേര എടുത്തിട്ടു..
അകത്തിത് നടക്കുമ്പോള്‍ പുറത്തതിനേക്കാള്‍ വലിയ പുകിലുകള്‍..
ആത്മഹത്യക്കുത്തരം പറയേണ്ടി വരും എന്ന് പേടിച്ചു നാലു പാടും ഓടുന്ന ദിവാകരന്‍ മാഷ്..
'ആത്മഹത്യ കാണാന്‍ വയ്യ' എന്ന് പറഞ്ഞു ഓടുന്ന സിന്ധു..
അവളുടെ പിറകെ ഓടുന്ന ഷിജു..
"നീ എവിടെ പോകുന്നെടാ???" ഞാന്‍ ചോദിച്ചു
"സിന്ധുവിനെ ആശ്വസിപ്പിക്കാന്‍..." അവന്‍ അതും പറഞ്ഞു വീണ്ടും ഓടി..
ആദ്യമായിട്ട ഒരാളെ ഓടിച്ചിട്ടു പിടിച്ചു ആശ്വസിപ്പിക്കുന്നത് ഞാന്‍ കാണുന്നത്..!!!
"തല്‍കാല ആശ്വാസത്തിന് വേണ്ടി ആത്മഹത്യ ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല,നീ ധൈര്യമായി ചെയ്തോ " എന്ന് ഞാന്‍
അതിനിടയില്‍ എന്നെ പിടിച്ചു മാറ്റുന്ന ഷിനോയ്.. കാരണം ആരേലും ആത്മഹത്യ ചെയ്യുന്നത് അവന്‍ നേരില്‍ കണ്ടിട്ടില്ല പോലും..!!!
അങ്ങനെ മൊത്തം നല്ല പുകില്..

സമയം 4 .59 PM
ഇപ്പോള്‍ കാര്‍ത്തി കസേരയുടെ മുകളില്‍ കയറി കഴിഞ്ഞു..
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ "കാര്‍ത്തിക് ഉത്തരത്തില്‍ ചത്തിരിക്കും..ഹായ് ഹായ്.."
അത് കാണാന്‍ ഞങ്ങളെല്ലാവരും കാത്തിരുന്നു..
പക്ഷെ ഞങ്ങള്‍ കരുതിയത്‌ കാര്‍ത്തി കസേരയില്‍ കയറി ഉടുമുണ്ടഴിച്ചു ഉത്തരത്തില്‍ കെട്ടിയില്ല..!!!
അവന്‍ തൂങ്ങിയില്ല..!!!
മറിച്ചു, ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ടു കാര്‍ത്തി ഓടിളക്കി മാറ്റുന്നു..
"അതെന്തിന്???????" ഞങ്ങള്‍ പരസ്പരം ചോദിച്ചു..
"ചിലപ്പോള്‍ ചാവുമ്പോള്‍ കാറ്റു കൊണ്ടു ചാവട്ടെ എന്ന് കരുതിയാവും.. അല്ലേലും കാര്‍ത്തിക്ക് ചൂട് ഇഷ്ടമല്ല.. " ഉത്തരം ഷിനോയ് പറഞ്ഞു..
നാലു ഓടിളക്കി മാറ്റി കാര്‍ത്തി ഉത്തരം തല്ലിപ്പൊളിക്കാന്‍ തുടങ്ങി..
"ഇനിയിപോ അത് വഴി ചാടി ചാവാന്‍ ആയിരിക്കുമോ ?? "അടുത്തയാളുടെ ചോദ്യം..
"കാര്‍ത്തി ചാടി ചത്താല്‍ കാലും കയ്യും ഓടിയും.. നീ തൂങ്ങി ചത്താല്‍ മതി " ഞാന്‍ വിളിച്ചു പറഞ്ഞു..
കാരണം ചാടിയിട്ട് ചത്തില്ലേല്‍ ഞങ്ങള്‍ തന്നെ അവനേം കൊണ്ടു ആശുപത്രിയില്‍ പോകേണ്ടി വരും..തൂങ്ങി ചാകുവാണേല്‍ വല്യ റിസ്ക്‌ ഇല്ല..!!!

അത് കേള്‍ക്കാതെ,ഉത്തരം പൊളിച്ചു മാറ്റി കാര്‍ത്തി തല അത് വഴി പുറത്തേക്കിട്ടു..
പിന്നെ ദിവാകരന്‍ മാഷിന് നേരെ തിരിഞ്ഞു നിന്നു, നേരത്തേ നിര്‍ത്തിയ സ്ഥലത്ത് നിന്നും അവന്‍ പറഞ്ഞു തുടങ്ങി..
"ഫ.. പ&*^,തെ&& ഛെ^&..-------- മോനെ,നീയാരാട എന്നെ ഉപദേശിക്കാന്‍.. ?? ഞാന്‍ എന്‍റെ വീട്ടില്‍ നിന്നാട ഇപ്പോള്‍ പറയുന്നത്, നീ എന്നെ എന്ത് ഉണ്ടാക്കുമെന്നട പറഞ്ഞത് പ&%^... മോനെ.."
ഡിഷും.. അപ്പോള്‍ ഞങ്ങള്‍ ദിവാകരന്‍ മാഷ് കുറച്ചു മുമ്പ് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു..
"നീ വൃത്തികെട് വല്ലതും പറയണേല്‍ നിന്‍റെ വീടിന്റകത്ത്‌ കേറി പറഞ്ഞേക്കണം.. "
വാട്ട്‌ അന്‍ ഐഡിയ കാര്‍ത്തി..

ഒരു കണ്ണീര്‍ ക്ലൈമാക്സ്‌ പ്രതീക്ഷിച്ച ഞങ്ങള്‍ കയ്യടിയോടു കൂടി ആ രംഗം ഏറ്റെടുത്തു..
കയ്യടികള്‍ക്കിടയില്‍ ദിവാകരന്‍ മാഷ് പറയുന്നത് കേള്‍ക്കാം..
"ഈ ആത്മാര്‍ത്ഥത ഇവന്‍ പഠിക്കാന്‍ കാണിച്ചിരുന്നേല് ഇവന്‍ ഒരു ജില്ലാ കളക്ടര്‍ എങ്കിലും ആയേനെ.. "

ഏതായാലും കാര്‍ത്തിക്കിന് സ്തോത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...