പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Wednesday, September 9, 2015

വാസ്വേട്ടാ.., സുശീലേച്ചി വിളിക്കുന്നു.. 18+

നന്ദി യാച്ചുവിന്.. തന്ന സ്നേഹത്തിന് ,പ്രോത്സാഹനത്തിന്,പിന്നെ കട്ടക്ക് കൂടെ നിൽക്കുന്നതിനും .. :-*

 
ആറ്റിൽ മീൻ പിടിക്കാൻ പോയി ഒരു പാറ്റയെ പോലും കിട്ടാണ്ട് തിരിച്ചു വരുമ്പോഴാ വാസുവണ്ണന്റെ മുന്നിൽ എന്നത്തേയും പോലെ മേലേടെത്തെ സുശീലേച്ചി പ്രത്യക്ഷപ്പെട്ടെ..
വാസുവണ്ണൻ ഉളുംബിയ ചിരി അങ്ങട് പാസ്സാക്കി.. അത് കണാത്ത പോലെ മുന്നോട്ടു നീങ്ങിയ സുശീല ഒരുവേള പോസ് അടിച്ച പോലെ അങ്ങ് നിന്നു.. പിന്നെ ഒരറുപത് ഡിഗ്രി തിരിഞ്ഞ് വാസൂനെ നോക്കി തിരിച്ചും ചിരിച്ചു.. നൂറ്റിരുപത് വാട്ടിന്റെ ഒരുഗ്രൻചിരി...!!!
കഴിഞ്ഞ ആറുമാസമായി വാസുവണ്ണൻ ഈ ഒരു ചിരിക്കു വേണ്ടിയാ കാത്തിരിക്കുന്നത്..
ആറുമാസം മുമ്പ് മീൻ പിടിക്കാൻ വേണ്ടി കോഴിക്കുടലും എടുത്തോണ്ട് പോരുമ്പോഴാ കുളികഴിഞ്ഞ് ഈറനണിഞ്ഞു  തിരിച്ചു വരുന്ന സുശീല വാസൂന്റെ മനസ്സിൽ കേറിക്കൂടിയെ.. അന്ന് ചിരിക്കാൻ തുടങ്ങിയ ചിരിക്കാ ഇന്നൊരു മറുചിരി കിട്ടിയേ.. പ്രകാശം പരന്നു എന്ന് പറഞ്ഞാൽ മതിയല്ലോ..!
 വാസുവിന്റെ സമയം തെളിഞ്ഞു തുടങ്ങിയത് പോലെ.. വാസു അന്ന് നല്ലോണം അന്തിക്കള്ള് അകത്താക്കി.. വാസുവിന് ലോട്ടറി അടിച്ചതറിഞ്ഞു ചെങ്ങായിമാരും വെറുതെ ഇരുന്നില്ല, അവരും മോന്തി നല്ലോണം.. !!

മുരിക്കിന്‍പറമ്പില്‍ രാഘവന്റെ ഒരേയൊരു കെട്ടിയോൾ സുശീല സുന്ദരിയാണ്. സിമ്പിളാണ്. പണ്ടേ  പവര്ഫുള്ളാണ്.  രാഘവൻ മൂന്നു കൊല്ലമായി പട്ടാളത്തിൽ വെടി വെക്കാൻ പോയിട്ട്. ഇന്ന് വരും നാളെ വരും എന്ന് കരുതി സുശീല കാത്തിരുന്നു. പക്ഷെ രാഘവൻ വന്നില്ല. രാഘവന്റെ അമ്മ മാത്രമുള്ള വീട്ടിൽ രാഘവന്റെ ഓർമകളെയും കെട്ടിപ്പിടിച്ചു പ്രായം തികഞ്ഞ സുശീലേച്ചി മൂന്നുകൊല്ലായി ഇങ്ങനെയങ്ങു ജീവിക്കുകയാണ്, വായനക്കാരേ ജീവിക്കുകയാണ്.
അങ്ങനെ വിഷണ്ണയായി ഇരിക്കുന്ന സുശീലയെ ഓർക്കുമ്പോൾ തന്നെ വാസുവണ്ണന് സങ്കടം വരും.. കാരണം വാസുവണ്ണൻ  ഒരു പാവം വികാര ജീവിയാണ്..!!

സുശീലേച്ചി കുളിക്കാൻ പോകുന്ന നേരം തന്നെ നോക്കി,മീൻ പോയിട്ട് മീനിന്റെ മുള്ളുപോലും ഇല്ലാത്ത ആ ആറ്റിൽ  വാസു മീൻ പിടിക്കാൻ പോകുന്നത് എന്തിനാന്ന് ചോദിച്ചാ വാസുവണ്ണൻ മറുപടി പറയില്ല.. നിങ്ങൾ മനസ്സിലാക്കണം,വാസുവണ്ണൻ ഒരു പാവം വികാരജീവിയാണ് എന്ന് ..
ആ സുശീലേച്ചിയാണ് ഇപ്പോൾ ചിരിച്ചിരിക്കുന്നത്.. !!!

പിറ്റേന്ന് പതിവിലും നേരത്തെ വാസുവണ്ണൻ ഉണർന്നു..
പതിവിലും നന്നായി കുളിച്ചു..
പതിവിലും നേരത്തെ ആറ്റിൽ കാറ്റു കൊള്ളാൻ പോയി..
പതിവ് തെറ്റിക്കണ്ടല്ലോ എന്ന് കരുതി ഒരു ചൂണ്ടയിൽ ഒരു മണ്ണിരയെ കോർത്ത്‌ മണ്ണിരക്ക് ആറ്റിലെ വെള്ളം കുടിക്കാൻ അവസരം കൊടുത്തു.. !!
പതിവ് സമയത്ത് തന്നെ സുശീലേച്ചി കുളിക്കാൻ വരുന്നു..
വാസു എണീറ്റ്‌ ചുണ്ടിൽ എരിഞ്ഞുതീരാറായ ബീഡിക്കുറ്റി ആറ്റിൽ കളഞ്ഞു സുശീലേടെ നേരെ നടന്നടുത്തു..
സുശീലയും വാസുവും വഴിയുടെ നടുക്ക് വെച്ച് കണ്ണും കണ്ണും കൊണ്ട് കഥ പറഞ്ഞു..പിന്നെ വാസു പതിയെ വിളിച്ചു..
"ശൂശൂ.."
"എന്ത്ന്നാ??"
"അല്ല.. സുശൂ.." വാസുവണ്ണൻ തിരുത്തി വിളിച്ചു..
"ഉം " സുശൂന്നു നാണം..
പിന്നെ രണ്ടാളും ഒന്നും മിണ്ടീലാ..
ദൂരേന്നു തെക്കേലെ കോയ ആധിപിടിച്ച് നടന്നു വരുന്നത് രണ്ടാളും കണ്ടു...
"ആ തെണ്ടിയെന്താ ഈ നേരത്ത്??" വാസൂന് കലി കേറി..
"ഞാൻ കുളിക്കാൻ ഇറങ്ങുന്ന സമയായി.. അതെന്നെ.. " സുശു മൊഴിഞ്ഞു..
"എഹ് ?"
"ഒന്നൂല്ല.. ഇങ്ങളിന്നു രാത്രി വീട്ടിലേക്കു വരുമോ ചേട്ടാ.. "
ഒഹ്.. സൊ ഫാസ്റ്റ്.. അതും ചേട്ടാന്ന്..വാസുവണ്ണന് കുളിര് കോരി..
വാസുന്റെ നെഞ്ചിൽ തിരയിളക്കം..
"വരും.. വന്നിരിക്കും.. " കോയ അടുത്തുള്ള കുന്നിൻ മുകളിലേക്ക് പോകുന്നത് കണ്ടോണ്ട് കൂടുതലൊന്നും പറയാണ്ട് കോയയെ ഉണ്ടാക്കിയ ബാപ്പുട്ടിയെ തെറി വിളിച്ചോണ്ട് വാസുവണ്ണൻ സീൻ വിട്ടു..

അന്ന് രാത്രി സഹകുടിയന്‍സ് അന്തിക്കള്ള് മോന്തുമ്പോൾ വാസു 100 മീറ്റർ അകലത്തു നിന്നു.
"ന്റെ വാസ്വേ.. കള്ളെന്നു കണ്ടാൽ കമിഴ്ന്നു വീഴുന്ന നീയെന്താടാ ഇന്നൊരന്ന്യനെ പോലെ മാറി നിക്കണേ " ഗോപൂട്ടൻ ഒരിറക്ക് ഇറക്കിയിട്ട്‌ വാസൂനെ നോക്കി. വാസുവണ്ണൻ വാച്ചിലേക്കും.
സമയം പത്തുമണി..
ഇമ്മാതിരി പണിക്ക് പോകാൻ ഒരു ശുഭ മുഹൂർത്തം ഉണ്ടെങ്കിൽ അത് പത്തുമണിയാണെന്ന് പറഞ്ഞ സ്ഥലത്തെ ഇമ്മാതിരി കാര്യത്തിലെ മൂത്താശാരി തോക്ക് നാസറിനെ മനസ്സിൽ ധ്യാനിച്ച് വാസു പുറത്തിറങ്ങി..

"വയലിലൂടെ ഒക്കെ പോകേണ്ടതല്ലേ വാസ്വേ,ഈ ടോർച്ച് എടുത്തോ???" ഗോപുട്ടൻ ബ്രൈറ്റ്-ലൈറ്റിന്റെ വല്ല്യോരു  ടോർച്ച് നീട്ടിക്കൊണ്ട് പറഞ്ഞു...
"വെളിക്കിരിക്കാൻ പോകുന്നവന്റെ ആയുധം വെള്ളമാ,അല്ലാതെ പെട്രോമാക്സ് അല്ല.." വാസു മുണ്ട് മടക്കിക്കുത്തി സ്ലോ മോഷനിൽ മുപ്പത് ഡിഗ്രി തിരിഞ്ഞ്, ബിഗ്‌ ബീലെ മമ്മൂട്ടിയെ പോലെ പറഞ്ഞ് മുന്നോട്ടു നീങ്ങി..
"അപ്പൊ ഇയ്യ് വെളിക്കിരിക്കാനാ പോണേ.. !!" 
ഒരു പ്രാസത്തിനൊരു പുതുചൊല്ല് പറഞ്ഞപ്പോ അത് മനസ്സിലാക്കാണ്ട് ഇമ്മാതിരി ചോദ്യം ചോദിച്ച ഗോപൂനോട് നല്ലൊരു വഴിക്ക് പോകുന്നത് കൊണ്ട് മാത്രം വാസുവണ്ണൻ തിരിച്ചൊന്നും പറഞ്ഞില്ല.. കലിപ്പ് BGM..

വാസുവണ്ണൻ വയലും കടന്നു,ക്ലോക്ക് കണ്ടു പിടിച്ചു എന്ന് ഗോപൻ ഇന്നും വിശ്വസിക്കുന്ന കൃത്യം പത്തേ പത്തിന് സുശുവിന്റെ വീട്ടിൽ എത്തി..
വാതിൽ അടച്ചിരിക്കുന്നു.. ഇരുട്ടത്ത് വാസുവണ്ണൻ കോളിംഗ് ബെല്ലും അന്വേഷിച്ചു നടന്നു,ഒടുവിൽ കണ്ടെത്തി ബെൽ അടിക്കാൻ വിരലമർത്തുന്ന ലാസ്റ്റ് സ്പോട്ടിലാ വാസുവണ്ണന് "താനിവിടെ വിരുന്നിന് ഉണ്ണാൻ വന്നതല്ല,മറിച്ച് കട്ട് തിന്നാൻ വന്നതാ " എന്ന ആ മഹത്തായ ബോധോദയം ഉണ്ടായത്..
വാസുവണ്ണൻ കൈ വലിച്ചു..
പിന്നെ പതിയെ വീടിന്റെ വലത് വശത്തേക്ക് പോയി ജനലിൽ പതിയെ മുട്ടി..
"സുശൂ.."
ആരും വിളി കേട്ടില്ല.. അതോണ്ട് ഒന്നൂടി ശക്തിയായി മുട്ടി ഉച്ചത്തിൽ "സുശൂ" വിളി മുഴക്കി..
കോറസായി നാല് ഭാഗത്ത് നിന്നും കുറേ പട്ടികളും ചുമച്ചു..
വാസൂന്റെ സൂശു വിളി കേൾക്കാതിരുന്ന സുശീല പട്ടികളുടെ വിളികൾ കേട്ടുണർന്നു..
ഒച്ചയുണ്ടാക്കാതെ സുശീല വാതിൽ തുറന്നു..
ഇതുകണ്ട വാസു റെയിൽവേ ഗേറ്റ് തുറക്കുന്നതും കാത്തിരുന്ന ആംബുലൻസ് പോലെ ഫുൾ സ്പീഡിൽ അകത്തേക്ക് കുതിച്ചു...
"സരസൂ... അല്ല സുശൂ... "
സുശീല വാതിലടച്ചു..

അനുരാഗത്തിന്റെ മൂസിക് പെയ്യുന്ന മുറിയിലേക്ക് സുശീല വാസുവിനെ ആനയിച്ചു..
കള്ള് കിട്ടാഞ്ഞപ്പോൾ മാത്രം വിറച്ചിരുന്ന വാസുവിന്റെ കൈ അന്നാദ്യമായി വേറൊരു ആവശ്യത്തിനായ് വിറച്ചു..
അൽപനേരത്തിന് ശേഷം വിറക്കുന്ന കൈകളാൽ,ചുണ്ടുകൾ കടിച്ച് വാസു സുശീലയുടെ അരികിലേക്ക് നടന്നടുത്തു..
പിന്നെ പതിയെ സുശീലയുടെ മുഖത്തിന്‌ നേരെ തന്റെ കൈ ഉയർത്തി..
'ണിം... ണിം...'
തെറ്റിദ്ധരിക്കേണ്ട.. കോളിംഗ് ബെൽ ചിലക്കുന്ന ശബ്ദമാ ..രംഗ ബോധമില്ലാത്ത കോമാളിയാണ് ചിലപ്പോഴൊക്കെ കോളിംഗ് ബെൽ.. വാസു കടുത്ത ഒരു അവഗണന ബെല്ലിന് കൊടുത്ത് പിന്നെയും കൈകൾ സുശീലയുടെ നേർക്ക്‌ നീട്ടി..
'ണിം... ണിം...' പിന്നേം..
"ഏത് നായിന്റെ മോനാ, ഈ നേരത്ത്.. മനുഷ്യനെ മെനക്കെടുത്താൻ.." വാസു മുണ്ടും മടക്കിക്കുത്തി വാതിലിന് നേരെ പാഞ്ഞടുത്തു..
വാതിലിന്റെ കുറ്റിയിൽ എത്തിപ്പിടിക്കാൻ നോക്കുമ്പോഴാ 'കട്ട് തിന്നാൻ വന്നവനാ' എന്ന ആ ബോധോദയം പിന്നേം ഉണ്ടായേ..
വാസു റിവേഴ്സ് ഗിയർ ഇട്ട് പിന്നേം സുശീലേടെ അടുത്തേക്ക് നീങ്ങി..
സുശു അപ്പോഴും അങ്ങടങ്ങ്‌ നിക്കുവാ,ഒരു ബോധോം ഇല്ലാതെ..
ആ നിപ്പ് കണ്ടപ്പോ പിന്നേം വാസു പരിസരം മറന്ന് സുശീലേടെ കൈകൾ കടന്ന്  പിടിച്ചു.. 'എന്തൊരു മൃദുലമായ ചർമം,പിയേഴ്സ് സോപ്പ് ആണോ ഉപയോഗിക്കുന്നേ' എന്ന് ചോദിയ്ക്കാൻ തോന്നിപ്പോയി വാസൂന്.. ആഹ്.. രോമാഞ്ചം...
'ണിം... ണിം...ണിം... ണിം...'
ബെല്ലടി ഒന്നൂടി കൂടിയപ്പോഴാ സുശീലക്ക്‌ കാര്യങ്ങളുടെ ഗതി ഏകദേശം കത്തിയെ.. ആ സ്പോട്ടിൽ ഓളുടെ കയ്യും വിയർത്തു തുടങ്ങി..
"ന്താ നമ്മളിപ്പോ ചെയ്യാ??" വിറക്കുന്ന ചുണ്ടിനാൽ സുശീല വാസുവിനോട് ചോദിച്ചു..
വാസു അപ്പോഴും കൈ തൊട്ട ആ രോമാഞ്ചം കെട്ടടങ്ങാണ്ട് സുശീലേടെ കണ്ണുകളിൽ തന്നെ നോക്കി അങ്ങനെ നിക്ക്വാ...
"ന്റെ കണ്ണിലെന്താ തൃശൂർ പൂരം നടക്കുന്നുണ്ടോ ഇങ്ങനങ്ങ് നോക്കാൻ ..നമ്മളിപ്പോ ന്താ ചെയ്യാ മനുഷ്യാ" സുശീല കലിപ്പ് കേറി ചോദിച്ചു..
വാസൂന് ബോധം വന്നു..
"നീ പേടിക്കാണ്ട് നിക്ക്.. ഞാനില്ലേ ഇന്റെ കൂടെ സുശൂ ..." സുശീലെടെ തോളിൽ കൈ വെച്ച് വാസു സുശൂനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
"നിങ്ങള് ഉള്ളോണ്ടല്ലേ മനുഷ്യാ എനിക്ക് പേടി.. അത് പിന്നേം പറഞ്ഞ് പേടിപ്പിക്കുന്നാ.. " സുശീല കൈ തട്ടിമാറ്റി..
'ശരിയാണല്ല.. ' വാസൂം മനസ്സിൽ പറഞ്ഞു..
"ഞാൻ ദേ ഈ കക്കൂസിൽ കേറി ഒളിച്ചിരിക്കാം.. നീ ആരാന്ന് നോക്ക്... എന്തുണ്ടായാലും ന്റെ സുശൂന് ഒരു കൊഴപ്പോം ഇല്ലാണ്ട് നോക്കാം ഞാൻ " വാസു ധീര നായകനായി സ്ലോ മോഷനിൽ കക്കൂസിലേക്ക് നടന്നു..

വന്നവരെ  പറഞ്ഞയച്ചു തന്റെ സുശു വരുന്നതും കാത്തു വാസു നേരത്തെ വന്ന രോമാഞ്ചം കാരണം എണീറ്റ്‌ നിക്കണ രോമങ്ങൾ എണ്ണി സമയം നീക്കി..

സമയം പിന്നേം മുന്നോട്ട് പോയി, വാസുവണ്ണൻ ഇതുവരെ രോമം എണ്ണി തീർന്നില്ല.. പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം.. കൊറേ രോമം കൂടി പിന്നേം എണീറ്റു..
'ശോ എണ്ണം തെറ്റി ' എന്ന് പിറുപിറുത്തു കൊണ്ട് വാസു യൂറോപ്യൻ ക്ലോസെറ്റിൽ നിന്നും ചാടി എണീറ്റ് വാതിലിനു നേരെ നീങ്ങി..
വാതിലിന്റെ വിടവിലൂടെ ഒളികണ്ണിട്ടു നോക്കിയ വാസുവിന്റെ കണ്ണിൽ അന്ധകാരം നിറക്കാൻ പോന്ന ഒരു കാഴ്ച നിറഞ്ഞു നിന്നു...ഒരു കറുത്ത രൂപം..
രാഘവൻ.. പട്ടാളക്കാരൻ രാഘവൻ.. അതിർത്തിയിൽ വെടി വെക്കാൻ പോയ അതേ രാഘവൻ...
'രാഘവന് ഇപ്പൊ യുദ്ധോന്നുമില്ലേ' എന്നാരോ വാസുവിന്റെ ഉള്ളിൽ നിന്നും ചോദിച്ചു.. !!

"കക്കൂസ് പൊട്ടിയിരിക്കുവാ. പോകണേൽ പുറത്ത് പോകേണ്ടി വരും കേട്ടോ." വാതിൽ ഒന്നുകൂടി മുറുക്കിയടച്ചു വിറയാർന്ന ചുണ്ടിനാൽ സുശീല ഒപ്പിച്ചു.
'ആ പൊട്ടിയ കക്കൂസ് ഞാനാ ' വാസു കക്കൂസികത്തു നിന്നും സ്വയം പറഞ്ഞു..
"കക്കൂസൊക്കെ എപ്പാ ഉണ്ടായേ.. " രാഘവൻ ഭാര്യയെ ചേര്‍ത്തു പിടിച്ചു.
വാസു വാതിലിന്റെ വിടവിലൂടെ പിന്നെയും നോക്കി. സുശു വാതിൽ ശക്തിയിൽ അടച്ചോണ്ട് കാഴ്ചകൾ വട്ടപ്പൂജ്യം!!

'പട്ടിണി കിടന്ന കോഴിക്ക് തിന്നാൻ അരിയിട്ട് കൊടുത്ത അടുത്ത സ്പോട്ടിൽ തന്നെ വീട്ടിൽ വിരുന്നുകാർ വന്നതും,അവർക്ക് ചിക്കൻ ബിരിയാണിവെച്ച് കൊടുക്കാന്ന്' ആ പാവം കോഴിയെ നോക്കി വീട്ടുകാര് പറയുന്നത് കേട്ട കോഴീടെ അവസ്ഥ തനിക്ക് വന്നതിൽ മനംനൊന്ത് വാസു യൂറോപ്യൻ ക്ലോസെറ്റിൽ അമർന്നിരുന്നു..
'ഇയ്യ് വെളിക്കിരിക്കാനാ പോണേ..?  ഗോപൂന്‍റെ ഡയലോഗ് വാസൂന്റെ ചെവിയിൽ മുഴങ്ങി. നായിന്റെ മോന്റെ ഒടുക്കത്തെ കരിനാക്ക്. ഓൻ കുടിക്കണ കള്ളിൽ നാളെ പരാമർ ഒഴിച്ച് കൊടുക്കും ഞാൻ. വാസു കോപത്തോടെ  ക്ലോസറ്റില്‍ തൊട്ട് പ്രതിഞ്ജയെടുത്തു.

സമയം പാതിര. ഒടുക്കത്തെ കൂർക്കം വലി കേട്ട് സുശീല ഉണർന്നു.
ഇങ്ങേരു പട്ടാളത്തിൽ പോയത് കൂർക്കംവലി പഠിക്കാനായിരുന്നോന്നും ആലോചിച്ചു സുശീല കൈ ചെവിയിൽ തിരുകി പതിയെ എണീറ്റ്‌ രാഘവേട്ടനെ നോക്കി.
'ഇതെന്താ ഈ റൂം DTS ആണോ. കൂർക്കം വലിക്കുന്ന സ്ഥലത്തിന്നല്ലല്ലോ സൌണ്ട് വരുന്നേ! സുശീല ചുറ്റിലും നോക്കി. പിന്നെ ആ വലിയ സത്യം സുശീല മനസ്സിലാക്കി.
'രാഘവേട്ടൻ നിരപരാധിയാ. കൂർക്കം വലിക്കുന്നത് കക്കൂസാ,അല്ല കക്കൂസിൽ നിന്നും ആരോ! സുശീലക്ക്‌ പേടിയായി..
അവൾ രാഘവേട്ടനെ മുറുകെ പിടിച്ചു. കൂർക്കം വലി പിന്നെയും ഉയർന്നു..
അവൾ രാഘവേട്ടനെ ഉണർത്താൻ ശ്രമിച്ചു..
രണ്ടു വട്ടം വിളിച്ചിട്ടും രാഘവൻ ഉണർന്നില്ല. യാത്രാ ക്ഷീണം കൊണ്ടാവും.
മൂന്നാം വട്ടം വിളിക്കാൻ വേണ്ടി സുശീല കൈ ഉയർത്തിയപ്പൊഴാ "സുശൂ" എന്ന് ആരോ വിരഹവേദനയിൽ വിളിക്കുന്നത് കേട്ടത്. അതോടെ ബോധമില്ലാത്ത സുശീലക്ക്‌ ബോധം തിരിച്ചു കിട്ടി. രാഘവൻ വന്ന സന്തോഷത്തിൽ വാസുവണ്ണൻ വന്നത് മറന്ന സുശു..
ശക്തമായ കൂർക്കം വലിക്കിടയിൽ പോലും സുശൂ എന്ന് മന്ത്രിക്കുന്ന വാസു..!!
A real love story than Shajahan & Mumthaz! അതാണത്..!!

സുശീല ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു കക്കൂസ് ലക്ഷ്യമാക്കി നീങ്ങി.
മെല്ലെ വാതിൽ തുറന്നു. അതിലും മെല്ലെ വാസുവണ്ണനെ തൊട്ടുവിളിച്ചു.
വാസു കണ്ണ് തുറന്നു. തന്റെ മുന്നിൽ സുശീല..
നേരത്തെ പോയി ഒളിച്ച ആ രോമാഞ്ചം ആ ഒറ്റ സ്പോട്ടിൽ വാസുവണ്ണനിൽ തിരിച്ചു വന്നു..
"സുശൂ" അനുരാഗ വിലോചിചനായി അതിലേറെ മോഹിതനായി വാസുവണ്ണൻ തന്റെ കൈ സുശീലക്ക്‌ നേരെ ഉയർത്തി...
ആ കൈകൾ സുശീല സ്പോട്ടിൽ തന്നെ തട്ടിമാറ്റി..
"നാണമില്ലേ മനുഷ്യാ നിങ്ങക്ക്. ഛെ.. സംസ്കാര ശൂന്യൻ." പുച്ഛവും ദേഷ്യവും തുല്യ അളവിൽ ചാലിച്ച് സുശീല ചോദിച്ചു..
ഹൌ ക്രുവൽ..!!
വാസുവണ്ണൻ ചമ്മിപ്പോയി..
"വിളിക്കാത്ത കാക്ക വന്ന്  ബലിച്ചോറ് കഴിച്ചു തീർത്തപ്പോൾ കൈകൊട്ടി വിളിച്ചു വരുത്തിയ കാക്ക ശല്യമായല്ലേ..?"
കക്കൂസിന്റകത്തു നിന്നും വാസുവണ്ണന്റെ പഞ്ച്!
"കാക്കക്ക് നാളത്തന്നെ ബലിച്ചോറ് കൊടുക്കാൻ ഇടവരുത്താണ്ട് ഇറങ്ങിപ്പോന്നുണ്ടോ മനുഷ്യാ.." അതിലേറെ വേഗത്തില്‍ സുശീലെടെ കൌണ്ടർ പഞ്ച്!!                      വാസു പുറത്തിറങ്ങി. തിരിഞ്ഞു നോക്കാതെ നടന്നു.
വാതിലിനു നിർത്താതെയുള്ള മുട്ട് കേട്ടാണ് പിറ്റേന്ന് സുപ്രഭാതം പൊട്ടിവിരിഞ്ഞത്. വാതില്‍ തുറന്നു പുറത്തിറങ്ങിയ വാസു മുന്നിലോട്ടു കൈനീട്ടി ഒന്നാഞ്ഞു വീശി.
'ഠപ്പേ'!
"ഇതെന്തിനാ?" വാസൂന്‍റെ അടിയേറ്റ ഗോപു വടിപോലെ നിന്നു നിലവിളിച്ചു.
"ചുമ്മാ.. പെരുത്ത് സന്തോഷം കൊണ്ടാ. ഇന്നലെ രാത്രിയിലെ ഓരോന്നോർത്തിട്ട്"! അവനിട്ടൊന്ന് കൊടുത്തപ്പോ വാസുവണ്ണന് ഇച്ചിരി കടി മാറിക്കിട്ടി. ഗോപു കവിള്‍ത്തടം തടവീട്ടു വാസുവേട്ടനെ നോക്കി.
"ങാ.. നിങ്ങള് വേറൊരു കാര്യം അറിഞ്ഞാ. രാഘവൻ ഇന്ന് രാവിലെ  തിരിച്ചെത്തി. ഇനിയാ സുശീലേച്ചിയെ ചൂണ്ടയിടാന്‍ പോണ്ട. കേട്ടല്ലോ.."
'ഠപ്പേ..'
ഒന്നൂടി ആഞ്ഞ് വീശി. ഇത്തവണ ഗോപു സൌരയൂഥത്തില്‍ എത്തി.
"ഇതെന്തിനാ?" നക്ഷത്രം എണ്ണിക്കഴിഞ്ഞപ്പോ ഗോപു കരച്ചിലായി.
"ചുമ്മാ. ഒരു സന്തോഷത്തിന്. നിനക്കിട്ടൊന്നു തന്നപ്പോ ഒരു ചെറിയ സമാധാനം.."
ഗോപു പിന്നവിടെ നിന്നില്ല. വാസുവണ്ണന് പിന്നേം സന്തോഷം വന്നാലോ.. !!
പിറ്റേന്ന് വാസുവണ്ണൻ താനെന്നും പോകാറുള്ള കുളിക്കടവിൽ പോയി. പക്ഷെ സുശീല വന്നില്ല. വാസുവണ്ണൻ മണ്ണിരയെ തോട്ടിലേക്കിറക്കി.
വെള്ളം കുടിച്ചു കുടിച്ചു മണ്ണിര വയറുപൊട്ടി ചത്തിട്ടും സുശീല വന്നില്ല. പകരം രാഘവൻ വന്നു. തന്റെ സുശൂന്റെ രാഘു!  അടിവയറ്റിൽ നിന്നും ഒരു കലിപ്പങ്ങു കേറിയെങ്കിലും ക്ഷമിച്ചു, തന്റെ സുശൂനു വേണ്ടി മാത്രം!
"വാസു..സുഖാണോ? ഞാനിന്നലെ രാത്രി വന്നു.. "
"കണ്ടാരുന്നു.."
"കണ്ടോ? എവിടന്നു.. ?"
"കക്കൂസിന്ന്.. "
"ങേ.. വീട്ടിലല്ലേ ഇപ്പൊ കക്കൂസ്..?" രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വാസുവിന്റെ വീട്ടിൽ നിന്നും എങ്ങനെ നോക്കിയാലും താന്‍ വരുന്നത് കാണാൻ പറ്റില്ല എന്ന സത്യം മനസ്സിലാക്കി രാഘവന്റെ ചോദ്യം..
"നിന്‍റെ വീട്ടിന്ടടുത്തുള്ള അയമ്മദിന്റെ പറമ്പിലെ ഒരു റൂം വാടകക്കെടുത്തു കക്കൂസാക്കി. മുട്ടുമ്പോ ഒരു ഓട്ടോ വിളിച്ച് അങ്ങു പോരും.. " വാസു കലിപ്പിൽ പറഞ്ഞു നിർത്തി.
"ഓ.. ഓരോരോ ആചാരങ്ങൾ. നാട് വല്ലാണ്ട് മാറി.. " രാഘവൻ നെടുവീർപ്പെട്ടു..
അതൂടെ കേട്ടപ്പോ വാസു മനസ്സിൽ കരുതി. ഇയ്യെന്നാലും ഇന്നലെ രാത്രി തന്നെ എങ്ങനെ കറക്റ്റ് എത്തി മരഭൂതമേ.!
കാലേ വാരി നിലത്തടിച്ചു കൊന്ന്  ആറ്റിൽ തള്ളിയാലോ ഈ കുരിശിനെയെന്നു പോലും വാസൂന് തോന്നിപ്പോയി.
രാഘവന്‍റെ കുശലം കേള്‍ക്കാന്‍ പിന്നെ വാസു നിന്നില്ല. ഇപ്പോഴും എല്ലാ ദിവസവും വാസുവണ്ണൻ കുളിക്കടവിൽ പോകും, തന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ തന്റെ സുശു വരുന്നതും കാത്ത്,അങ്ങതിർത്തിയിൽ വെടിയൊച്ച മുഴങ്ങുന്നതും കാത്ത് .
..!!!

Tuesday, February 24, 2015

സുഗു ആൻഡ്‌ ശംഭു,ദി പ്രിവ്യു...

ശനിയാഴ്ച രാവിലെ തന്നെ ഫോണ്‍ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്,പേരും ഊരുമില്ലാത്ത ഏതോ നമ്പർ..!!!
"ഹലോ.. ആരാ?? "
"അളിയാ,ഞാനാ സുഗുണൻ.."
"ആ.. എന്താ കാര്യം??"
"അളിയാ.. പോലീസ് പിന്നേം പിടിച്ചു.. ഇപ്പൊ സിറ്റി സ്റ്റേഷനിലാ.. നീ വേഗം വാ." അവന്റെ രോദനം..
"ഞാനോ?? ഞാൻ വന്നിട്ടെന്തിനാ ?? പോടാ.."
"എടാ പ്ലീസ് "
"നോ പ്ലീസ് പ്ലീസ്.. അതിരിക്കട്ടെ,എന്തിനാ പിടിച്ചത്?? "
"ഹെൽമെറ്റ്‌ ഇടാതെ വണ്ടി ഓടിച്ചതിന് "
"ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടിയോടിച്ചതിന് പെറ്റി അടിച്ചാപോരെ.. പിടിച്ചകത്തിടണോ?? " എന്റെ ചോദ്യം..
"ആ.. " അവനുത്തരമില്ല..
എന്റെ രക്തം തിളച്ചു.. നിലവിലെ നീതിന്യായ വ്യവസ്ഥിതികളോട് അഹോരാത്രം പൊരുതേണ്ടി വരുന്ന യുവതയുടെ തിളപ്പ്.. തീജ്വാലായായ് മാറി ഇതിനെതിരെ ശബ്ദിക്കണം..!!!
ഞാൻ പുറപ്പെട്ടു, സിറ്റി സ്റ്റേഷനിലേക്ക്..!!!
കലിപ്പ് തീരണില്ലല്ലാ എന്ന് മനസ്സിൽ പറഞ്ഞോണ്ടാ  സ്റ്റേഷനിലേക്ക് കേറിയേ, SI സാറിനെ കണ്ട മൊമെന്റിൽ തീർന്നു ആ കലിപ്പ്.. അമ്മാതിരി അടാറു സാധനം.. അങ്ങേരുടെ മീശ മാത്രം കണ്ടാ മതി,ആരായാലും സല്യൂട്ട് അടിച്ചു പോകും ..
കാത്തു നിന്നില്ല, ഞാനും അടിച്ചു ഒരുഗ്രൻ സല്യൂട്ട്,ഒരാവശ്യോമില്ലാതെ,
"എസ് സർ.. " അറിയാണ്ടാണേലും ഈ ഡയലോഗും അതിന്റൊപ്പം വന്നു..
"ഈ എലുമ്പനെയൊക്കെ ആരാണാവോ പോലീസിൽ എടുത്തേ.." എന്നെ നോക്കി അങ്ങേരുടെ കമന്റ്‌..
ഞാൻ തിരിഞ്ഞു നോക്കി..
"പുതിയ കോണ്‍സ്റ്റബിൾ ആണോടാ ??" എന്റെ തിരനോട്ടം കണ്ട് അങ്ങേരുടെ ചോദ്യം..
"അല്ല സാർ.. " എന്റെ മറുമൊഴി..
"പിന്നെ എന്നാ കോപ്പിനാ സല്യൂട്ട് അടിച്ചേ.. " SI feeling കലിപ്പ്..
"അത് സാറേ,വെറുതെ ഇതുവരെ വന്നപ്പോ... വെറുതെ അടിച്ചതാ.. " ഞാൻ നിന്നു പരുങ്ങി..
"ഫാ .. എരപ്പേ.. വെറുതെ വന്നോനും പോകുന്നോനും സല്യൂട്ട് അടിക്കാൻ ഞാനെന്തുവാ സംസ്ഥാന ബഹുമതികളോടെ അടക്കുന്ന ശവമോ??"
ആ ഒറ്റ ആട്ടിൽ മാത്രം ഒരു പത്തു കിലോമീറ്റർ അപ്പുറത്തേക്ക് ഞാൻ തെറിക്കേണ്ടതാ,പക്ഷെ കാലിൽ എവിടെ നിന്നോ വേരിറങ്ങി വന്നോണ്ട് അതുണ്ടായില്ല.. പോസ്റ്റ്‌ പോലെ ഒറ്റ നിൽപ്പ്..!!
"ഉം.. എന്താ കാര്യം??" ഒലക്ക വിഴുങ്ങിയ പോലുള്ള എന്റെ നിൽപ്പ് കണ്ടിട്ട് സങ്കടം തോന്നിയ പീസിയാ അത് ചോദിച്ചേ..
ഞാൻ ചുറ്റിലും നോക്കി..
ഒരു സെല്ലിൽ ജെട്ടി മാത്രം ഇട്ടിരിക്കുന്ന കുറെ പേരുടെ ഇടയിൽ ട്രാക്ക് സ്യൂട്ടൊക്കെ ഇട്ടു മൊഞ്ചനായി നമ്മടെ സുഗുണൻ, എപിക് സീൻ.. !!
"സാറേ,അവനെ ഇറക്കിക്കൊണ്ട് പോകാൻ വന്നതാ.." കുറച്ചു നേരായി അണ്ണാക്കിലോട്ട് ഇറങ്ങിപ്പോയ നാവ് വലിച്ചെടുത്ത്‌ ഞാൻ മറുപടി കൊടുത്തു..
"ഫാ.." S I സാർ പിന്നേം ആട്ടി..
'ഇത്രേം ആട്ടാൻ ഇയാളാര് ആട്ടു കല്ലോ, അരിയെടുക്കാൻ മറന്നല്ലോ ഞാൻ',  മനസ്സിലാ അത് പറഞ്ഞെ..
"കല്യാണ ചെറുക്കനെ വിളിച്ചോണ്ട് പോകാൻ കല്യാണ വീട്ടിൽ വന്നത് പോലാണല്ലോ...കൊണ്ട് പോടാ..ഇറക്കിക്കൊണ്ട് പോടാ..." അങ്ങേരുടെ കലിപ്പ് ..
ഞാൻ പിന്നേം നാവ് വിഴുങ്ങി..
"ജബ ജബാ.."
എന്നോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാന്നറിഞ്ഞോണ്ടാവും അയാള് പുറത്തേക്ക്  പോയി,കൂടെ വേറൊരു പോലീസുകാരനും..
സമാധാനം..

ഞാൻ പതിയെ നേരത്തെ എന്നോട് സംസാരിച്ച പീസിയുടെ അടുത്തേക്ക് നീങ്ങി..
"സാറേ.. " ഞാൻ വിളിച്ചു..
"എന്താ മോനെ.. " അങ്ങേര് വിളികേട്ടു..
എന്റെ രോമം എഴുന്നേറ്റു നിന്നു.. ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ടെങ്കിലും പോലീസുകാരൻ ഒരത്ഭുതമായി തോന്നിയത് ഇപ്പോഴാ.. മോനേന്ന്..വാഹ്‌..!!
"സാറേ,ഹെൽമെറ്റ് ഇടാതെ വണ്ടി ഓടിച്ചതിന് ഇങ്ങനെ ഒരാളെ പിടിച്ചു അകത്തിടണോ?? " എന്റെ ചോദ്യം..
"ഹെൽമെറ്റ്‌ ഇടാതെ വണ്ടി ഓടിച്ചതിനാ അവനെ പിടിച്ചേന്ന് ആരാ പറഞ്ഞെ?"
"അല്ലേ ???"
"അല്ല..."
"പിന്നെ..?? " പീസി മറുപടി പറഞ്ഞില്ല,ഞാൻ സുഗുണന്റെ അടുത്തേക്ക് നീങ്ങി..
അവൻ പറഞ്ഞു തുടങ്ങി,

****----------*****
പോലീസ് പിടിച്ച രാത്രിയിലേക്ക്‌ ഒരു ഫ്ലാഷ് ബാക്ക്..
വണ്ടി ചെക്ക് ചെയ്യുന്ന പോലീസുകാർക്കിടയിലെക്ക് ഹെൽമെറ്റ്‌ ഇല്ലാതെ പാഞ്ഞു വരുന്ന സുഗുണൻ..
"ഹെൽമെറ്റ്‌ എവിടാടാ??" SI യുടെ ചോദ്യം..
"സാറേ,ലൈസെൻസ് ഇല്ലാത്തവരും ഹെൽമെറ്റ്‌ ഇടണോ??" സുഗുണന്റെ ചോദ്യം..
"നാക്ക്‌ കുഴയുന്നല്ലോ.. നീ വെള്ളമടിച്ചിട്ടുണ്ടോടാ?? "
"അത് സാറേ, എനിക്ക് മാത്രം ലൈസെൻസ് ഇല്ലല്ലോ എന്നോർത്തപ്പോ ഉണ്ടായ സങ്കടത്തിൽ അടിച്ചു പോയതാ..."

"പടക്കം പൊട്ടണ ഒരു ശബ്ദം മാത്രേ പിന്നെ കേട്ടുള്ളൂ..ഒരു ഫുള്ളടിച്ചിട്ടും കിട്ടാത്ത കിക്കാ ഒറ്റടിക്ക് കിട്ടിയേ..അതടിച്ചത് S I സാറാ,കൊണ്ടത് എനിക്കും..... "
സുഗുണൻ കവിള് തടവി ഫ്ലാഷ് ബാക്ക് പറഞ്ഞു നിർത്തി...
ഞാനും എന്റെ കവിള് തടവി തുടങ്ങി..ഈ പ്രാന്തന്റെ വാക്കും കേട്ട് ജാമ്യം ഒണ്ടാക്കാൻ വന്ന എന്റെ കവിളിൽ എനിക്ക് തന്നെ ഒന്ന് കൊടുക്കണം എന്ന് തോന്നി..
"കള്ളും കുടിച്ച് ഹെൽമെറ്റും ലൈസെൻസും ഇല്ലാണ്ട് വണ്ടി എടുത്തിരിക്കുന്നു.. എന്നാപ്പിന്നെ ഒരു പെണ്ണും കൂടി ആവായിരുന്നില്ലേ.. പൂർണമാകുമായിരുന്നല്ലോ പട്ടീ..." ഞാൻ ക്ഷുപിതനായി..
"അതിനു പോകുമ്പോഴാ ഇവന്മാര് പിടിച്ചേ... !!"
"എഹ്..  മനസ്സിലായില്ല.. "
"വെള്ളടിച്ച മൂഡിൽ എന്റെ പഴേ ലൈനിനെ കാണാൻ ഇറങ്ങിയതാ.. സമ്മതിച്ചില്ല ഇവന്മാര്.."
ഠിം..
സുഗൂനെ കലിപ്പോടെ ഒന്ന് നോക്കിയിട്ട് ഞാൻ പിന്നേം പീസിയുടെ അടുത്തേക്ക് നീങ്ങി..
"സാറേ,ഞാനെന്നാ പൊക്കോട്ടെ... "
"അത് പറയാനാണോ ഇതുവരെ വന്നെ.. ?" അങ്ങേരുടെ ചോദ്യം..
"ഹെൽമെറ്റ്‌ ഇടാത്തതിന് പിടിച്ചു എന്നാ ഇവൻ പറഞ്ഞെ.. ഇത്രേം പ്രതീക്ഷിച്ചില്ല.." അങ്ങേരൊന്നും പറഞ്ഞില്ല..
"ഇവനെ ഇനി ഇറക്കണേൽ എന്താ സാറേ വേണ്ടേ??"
"ഇറക്കണേൽ ഇപ്പൊ വല്യ പാടാ.. വെള്ളമടിച്ച് വണ്ടിയോടിച്ചത് മാത്രമൊന്നുമായിരിക്കില്ല S I സാർ ചേർത്തിരിക്കുന്നേ.. "
"പിന്നെ??" 
അങ്ങേരൊന്നും പറഞ്ഞില്ല, ചിലപ്പോ ഞാൻ അറിയാൻ പാടില്ലാത്ത വല്ല കാര്യോം ആവും..പടച്ചോനെ,ഈ കോപ്പനെതിരെ കാപ്പാ നിയമം ചുമത്തുമോ ആവോ??
"സാറേ വേറൊരു സംശയം??" കുറച്ചു നേരത്തെ മൌനത്തിന് ശേഷം ഞാൻ പിന്നേം ചോദിച്ചു..
"ഉം.. എന്തെ??"
"അതേയ്, ഇത്രേം പേരെ ജെട്ടി ഇട്ടു നിർത്തിയിട്ടും അവനെ മാത്രം എന്താ സാറേ ട്രാക്ക് സ്യൂട്ട് ഇട്ട് നിർത്തിയിരിക്കുന്നെ?? " അങ്ങേരെന്നെ പുച്ഛത്തോടെ നോക്കി,പിന്നെ തിരിച്ചൊരു ചോദ്യം..
"നീ ജെട്ടി ഇട്ടിട്ടുണ്ടോ??"
"ഉണ്ട് സാർ.."
"എന്നാ അതൂരി അവനു കൊടുക്ക്‌.. അങ്ങനെയാണേൽ അവനേം ജെട്ടിപ്പുറത്തു നിർത്താം.." അവനെ നോക്കി പുച്ഛം വാരി വിതറി അങ്ങേര് പറഞ്ഞു,ഇച്ചിരി പുച്ഛം ഞാനും കൊടുത്തു.. അവൻ ചിരിക്കുന്നു.. ശവം..!!!
പീസി ഇത്തിരി മുമ്പ് പറഞ്ഞ വാചകം ഞാൻ ഒന്നുകൂടി ഓർത്തു.
'വെള്ളമടിച്ച് വണ്ടിയോടിച്ചത് മാത്രമൊന്നുമായിരിക്കില്ല S I സാർ ചേർത്തിരിക്കുന്നേ.'
ജെട്ടി ഇടാതിരിക്കുന്നത് കൂടി ചേർത്ത് കാണും..!!!
"എന്നാലും ജെട്ടി ഇടാത്തത് ഇത്രേം വല്യ പ്രശ്നാണോ സാറേ?" എന്റെ ചോദ്യം..
മറുപടിയായി അങ്ങേരുടെ കലിപ്പ് നോട്ടം..
"സുരക്ഷ ആണല്ലോ പ്രശ്നം..തലയ്ക്കു മാത്രം പോരല്ലോ സുരക്ഷ.. അതോണ്ട് ചോദിച്ചതാ.." നോട്ടം സഹിക്കാൻ വയ്യാത്തോണ്ട് ഉത്തരോം ഞാനെന്നെ പറഞ്ഞു..
"എടാ പൊട്ടാ.. ജെട്ടിയല്ലിവിടെ പ്രശ്നം.. കള്ളും കുടിച്ചു വണ്ടി ഓടിച്ചതും പോരാണ്ട് ഈ പ്രാന്തൻ S I സാറിനെ എന്ത് മാത്രം തെറിയാ വിളിച്ചത് എന്നറിയോ?? അതിന്റെ കലിപ്പിലാ അങ്ങേരു.." പീസി പറഞ്ഞു നിർത്തി..
"ഓഹോ.. അങ്ങനേം സംഭവിച്ചോ?? ഇനി ഇറക്കണേൽ എന്താ വേണ്ടേ സാറേ ??"
"ആ..." പീസി കൈ മലർത്തി...
ഞാൻ സുഗൂന്റെ അടുത്തേക്ക് നീങ്ങി..
"ഞാനിനി നിന്നിട്ട് പ്രതേകിച്ചു കാര്യമൊന്നുമില്ല.. ഞാൻ പോകുവാ.. " ഞാൻ അവനോട് പറഞ്ഞു..
"ആ, ഒരു കമ്പനിക്ക്‌ നിക്കെടാ..ഇച്ചിരി കഴിഞ്ഞിട്ട് പോകാം.. "
"പിന്നെ കമ്പനിക്ക്‌ നിക്കാൻ ഇതെന്താ പാർക്കോ ?? ഒന്ന് പോടെയ്.. ഞാൻ പോകുവാ.. "
"എന്നാ നീ പോകുന്നതിനു മുമ്പ് എന്റെ അച്ഛനെ വിളിച്ച് പറഞ്ഞു പോ..സംഭവം അച്ഛനറിഞ്ഞാൽ സീൻ ആണ്.. എന്നാലും കുഴപ്പമില്ല,അച്ഛന്റെ രാഷ്ട്രീയ സ്വാധീനം വെച്ച് എങ്ങനേലും ഇറക്കിക്കോളും.." അതും പറഞ്ഞു അവൻ അച്ഛന്റെ നമ്പർ പറഞ്ഞു തന്നു,ഞാൻ നമ്പർ ഡയൽ ചെയ്തു..
ഫോണ്‍ അടിച്ചു തുടങ്ങി,നിമിഷങ്ങൾക്കകം മറുവശത്ത് കരാട്ടെ ശംഭു,സുഗൂന്റചൻ..
"ഹലോ സർ "
"യെസ് "
"ഞാൻ സുഗൂന്റെ ഫ്രണ്ടാ"
"യെസ് "
"സുഗൂന്റെ അച്ഛനല്ലേ ഇത് "
"യെസ് "
ആ ഒരു 'യെസ്' കൂടി കേട്ടപ്പോൾ എനിക്കങ്ങട് ചൊറിഞ്ഞു കേറി..
'എന്ത് കോപ്പാണ്, എന്ത് പറഞ്ഞാലും നിന്റെ തന്ത 'യെസ്,യെസ്' എന്ന് മാത്രം പറയുന്നെ പണ്ടാരം.. ' ഫോണ്‍ ഇച്ചിരി മാറ്റിപ്പിടിച്ചു കലിപ്പോടെ ചോദിച്ചു..
"പിന്നെ സുഗൂന്റെ അച്ഛനല്ലേ എന്ന് ചോദിക്കുമ്പോ നോന്ന് പറയണോ?? "
അഹ് .. അതും ശരിയാണല്ലോ.. അപ്പൊ അങ്ങേരുടെ അല്ല, എന്റെ ചോദ്യത്തിന്റെ കുഴപ്പാ.. ഞാനൊന്നും ചോദിക്കരുതായിരുന്നു..
"നീ അശ്വമേധം കളിക്കാണ്ട് അച്ഛനോട് കാര്യം പറയ്‌.."
"ഉം." ഫോണ്‍ ചെവിയോട് ചേർത്തു..
"അതേയ്.. സുഗൂനെ ഹെൽമെറ്റ്‌ ഇല്ലാണ്ട് വണ്ടി ഓടിച്ചു എന്നും പറഞ്ഞു പോലീസ് പിടിച്ചിരിക്കുവാ.. അങ്കിൾ വേഗം വരണം.. "
"ഈസ്‌ ദിസ്‌ ട്രൂ ?? "
"യെസ്"
"ഹു ദി ഹെൽ ഈസ്‌ ദി സബ് ഇൻസ്പെക്ടർ തേർ ??"
"യെസ്.."
"വാട്ട്‌ ??"
"യെസ് "
'എഹ് ,പിന്നേം അശ്വമേധം,ഇപ്പൊ അച്ഛനയോ GS പ്രദീപ്‌..' സുഗൂന്റെ അത്മഗതം..
"വിച്ച് സ്റ്റേഷൻ??" അങ്ങേര് പിന്നേം ഇംഗ്ലീഷ്
"പോലീസ് സ്റ്റേഷൻ "
"എടാ പൊട്ടാ,ഏതു പോലീസ് സ്റ്റേഷൻ എന്ന്.." അത് കേട്ടപ്പോ എന്നിലെ മാത്രഭാഷാ സ്നേഹി ഉണർന്നു..
"സിറ്റി സ്റ്റേഷൻ സാർ..."
"ഓക്കേ.. ഐ വിൽ ബി തേർ വിതിൻ ആൻ ഹവർ.."
"യെസ്.. "
ചുവന്ന ബട്ടണ്‍ അമർന്നു..
ഏതോ ഇംഗ്ലീഷ് ചാനൽ ഓഫ്‌ ആക്കിയ പ്രതീതി..!!!
"അച്ചനിപ്പോ വരുമെന്ന്.. ഞാനെന്നാ പോട്ടെ.. " സുഗൂനോട് തിരിഞ്ഞു എന്റെ ചോദ്യം..
"ഇതുവരെ നിന്നില്ലേ, വൈറ്റ് ചെയ്.. അച്ഛനിവിടെ എത്തിയിട്ട് പോകാം.. കാണേണ്ട കാഴ്ചയാ മോനെ എന്റച്ഛന്റെ പ്രകടനം.. " അഭിമാനത്തോടെ സുഗൂന്റെ വിളംബരം..
"അതെന്താ??"
"അതാണ്‌.. അതാണ്‌ ശംഭു... കരാട്ടെ ശംഭു... "
ഹ,ഹ് ,ഹ ഹ ഹാാ...
സുഗു ചിരിച്ചു.. ആ ചിരിയിൽ പോലീസ് സ്റ്റേഷൻ നടുങ്ങി..
ഇനിയാണ് ഷോ , ദി ശംഭു ഷോ..!!!
ജസ്റ്റ്‌ വെയിറ്റ് ആൻഡ്‌ സീ..,ഉടൻ വരും... !!!

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...