പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Monday, August 11, 2014

മനോഹരന്റെ മനോനില..!!!

ജോലിത്തിരക്ക്  തലയ്ക്കു പിടിച്ചു നട്ടം തിരിയുന്ന ഒരു വൈകുന്നേരം ഒരു ഫോണ്‍ വിളി,നാട്ടിൽ നിന്നും വിനയനാ..
"ഡാ പാസ്സഞ്ചറേ.. നീ നാട്ടിലേക്കു വരുന്നുണ്ടോ?? " എടുത്ത ഉടനെ അവന്റെ ചോദ്യം..
"ഇല്ല.. ഇവിടെ തിരക്കാ... " എന്റെ മറുപടി..
"നീ അവിടെ തെരക്കി നിന്നോ.. നാട്ടിൽ മരണവിറ്റാ , വന്നാൽ ഒരു ലോഡ് ഗ്ലോബ്, അല്ല ബ്ലോഗ്‌ എഴുതാനുള്ള വിഷയം കിട്ടും.. "
"അതെന്താണ്ടാ ഇത്രേം വല്യ വിറ്റ് .. നിന്റെ ആരേലും ചത്താ .. " എന്റെ കലിപ്പോടെയുള്ള ചോദ്യം..
"അതല്ലടാ.. മ്മടെ മനോഹരന്റെ എട്ടാമത്തെ കാമുകിന്റീം മംഗലം കയിഞ്ഞു..ഇപ്പൊ ഓന് മാനസികാ... ഓനിവിടെ എല്ലാരേം ചിരിപ്പിച്ചു കൊല്ലുവാ.. " അവൻ കഥകൾ പറഞ്ഞു തുടങ്ങി...
എനിക്കൊരു സൈഡിൽ നിന്നും ചൊറിഞ്ഞങ്ങ് കേറി..
ഇവിടെ 'ബഗ്' ഏത് 'ഫീച്ചർ' ഏത്  എന്ന് തിരിച്ചറിയാണ്ട് നിക്കുന്ന ഒരു ടെസ്റ്റ്‌ എഞ്ചിനീയറോടാ നാട്ടിലെ ഓരോ മാരക വിറ്റ് പറഞ്ഞ് ഓൻ കൊതിപ്പിക്കുന്നെ .. !!

അവന്റെ സംസാരത്തിൽ നിന്നും,നാട്ടിലെന്തായാലും കാണേണ്ട പൂരം തന്നാ നടക്കുന്നെ എന്നെനിക്കു മനസ്സിലായി..
മാനസികമില്ലാത്ത മനോഹരൻ തന്നെ ഒരു സംഭവാ..
ഓനെക്കൊണ്ട് നാട്ടിലൊരു ഉപദ്രവോമില്ല ,ഉപകാരം ആവോളം ഉണ്ട് താനും.. കാരണം നാട്ടിൽ കല്യാണം കഴിയാണ്ട് പൊരേം പറമ്പും വരെ നിറഞ്ഞു നില്ക്കുന്ന ഏത് പെണ്ണിനേം ഓൻ കേറിയങ്ങ് പ്രേമിച്ചാ മതി, അടുത്ത ഞായറാഴ്ച ഓളുടെ കല്യാണം നടന്നിരിക്കും.. അത്രയ്ക്ക് പസ്റ്റ് ജാതകാ ഓന്റെ..!!

ആ മനോഹരന്റെ എട്ടാമത്തെ ഔദ്യോഗിക (അനൌദ്യോഗിക കണക്ക് പറയാൻ ഞാൻ പഠിച്ച കണക്ക് തെകയാണ്ട് വരും) കാമുകിയായിരുന്നു ലളിത.. പതിവിനു വിപരീതമായി ആ പ്രേമം ഒരാഴ്ചേം കഴിഞ്ഞു ആറ് മാസം നീണ്ടപ്പോൾ പ്രതീക്ഷേടെ ഒരു നേരിയ വെളിച്ചം മനോഹരന് വന്നതാ.. ആ വെളിച്ചം അണഞ്ഞപ്പോ ഓന് മാനസികമായത് സ്വാഭാവികം..
'മനോഹരനല്ലേ,മാനസികമല്ലേ,മാരക വിറ്റല്ലേ .. നാട്ടിൽ പോയേക്കാം.. ' ഞാൻ മനസ്സിലുറപ്പിച്ചു..
അപ്പോത്തന്നെ IRCTC-ൽ ലോഗിൻ ചെയ്തു നാട്ടിൽപോയി തിരിച്ചു വരുന്ന ടൈം എടുത്തു ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു...

അടുത്ത ശനിയാഴ്ച നേരം പെരാ പെരാന്ന് പെലർന്നപ്പോ തന്നെ ഞാൻ വീട്ടിലെത്തി..
'കുടുംബാസൂത്രണ' ചർച്ചയും മറ്റു കലാപരിപാടികളും കഴിഞ്ഞു നേരെ ചങ്ങാതിക്കൂട്ടത്തിലേക്ക്..
"ബസ്‌ കാത്തിരിപ്പ് കേന്ദ്രം" എന്നുണ്ടായ ബോർഡ്‌ ചുരണ്ടി "തിരിപ്പ് കേന്ദ്രം" എന്ന് കലാപരമായി മാറ്റിയ ഞങ്ങളുടെ സ്വന്തം തട്ടകത്തിൽ ചെങ്ങായിമാരൊക്കെ വളഞ്ഞിരുന്നു ചിരിക്കുന്നത് ദൂരെ നിന്ന് കണ്ടപ്പോഴേ എനിക്ക് തോന്നി, അതിന്റെ ഒത്ത നടുക്ക് മനോഹരൻ കാണുമെന്ന് .. അത് ശരിയായിരുന്നു..

എന്നെ കണ്ടതും മനോഹരൻ മനോഹരമായി ചിരിച്ചു,കൂടെ ഒരു ചോദ്യവും..
"ഇതാര് അംബുജാക്ഷനൊ ??"
"അംബുജാക്ഷനാ .. അതാര് ?" എന്റെ ചോദ്യം..
"മ്മടെ ചന്ദ്രികേടെ " അവന്റെ മറുപടി..
"ഏത് ചന്ദ്രിക?? "  ഞാൻ വാ പൊളിച്ചു..
"മ്മടെ ചങ്ങമ്പുഴയുടെ ചന്ദ്രിക .. "
"ചങ്ങമ്പുഴയുടെ ചന്ദ്രികേടെ മാപ്പള രമണനല്ലേ .. അംബുജാക്ഷനാ ??" എനിക്കാകെ കണ്‍ഫ്യൂഷൻ ആയി..
ഇത് കണ്ട ചെങ്ങായിമാര് എന്നെ അത്ഭുതത്തോടെ നോക്കി..
"മനോഹരന് മനസികാന്ന് പറഞ്ഞു വിളിക്കുമ്പോ അതിലും വല്യ മാനസികമാ നിനക്കെന്നു തിരിച്ചറിയാണ്ട് പോയല്ലോ മുത്തെ ഞാൻ.. " എന്നെ നോക്കി വിനയന്റെ സെന്റി..
"ന്താണ്ടാ പറയുന്നേ ... ??"
"പിന്നല്ലാണ്ട്.. ഓനോ മാനസികം.. മാനസികം പിടിച്ച ഓന്റെ ചോദ്യത്തിന് മൂത്രം പിടിച്ചു കേറുന്നത് പോലെ നീ ഉത്തരോം പറയുമ്പോ പിന്നെന്താ പറയാ.. " വിനയൻ കലിപ്പായി..
"എഹ് .. മനസികമായോൻ ഇങ്ങനാ പറയുന്നേ... "
"ഇതാന്ന് ഇവന്റെ മാനസികത്തിന്റെ സ്പെഷ്യാലിറ്റി.. കൂടുമ്പോൾ ഓൻ ഇമ്മാതിരി സാഹിത്യ കലകളിൽ കേറിവരെ അലാക്കിലെ അലക്കാ .. ചിരിച്ചു മരിക്കും.. " വിനയൻ ചിരിച്ചുതുടങ്ങി.. ഞാനും ചിരിച്ചോണ്ട് മനോഹരനെ നോക്കി..
"മനോരാ.. ഞാനാ അംബുജാക്ഷൻ .. ചന്ദ്രിക പുറകെ വരുന്നുണ്ട്.. " ഓനെ ഒന്ന് ഒസ്പ്പാക്കാൻ തന്നെ ഞാനും തീരുമാനിച്ചു..
ഓനെന്നെ പുച്ഛത്തോടെ നോക്കി..
"അംബുജാക്ഷനാ .. ഏതംബുജാക്ഷൻ ?? " ഓന്റെ ചോദ്യം..
"മ്മടെ ചന്ദ്രികേടെ " എന്റെ മറുപടി..
"ചന്ദ്രികേ.. അതാര് ?? "
"മ്മടെ ചങ്ങമ്പുഴയുടെ ചന്ദ്രിക .. " ഞാൻ വിശദമാക്കി..
"എടാ പൊട്ടാ.. ചങ്ങമ്പുഴയുടെ ചന്ദ്രികേടെ മാപ്പള രമണനാ, രമണൻ.."  ഓന്റെ കണ്ടുപിടുത്തം..
ചെങ്ങായിമാർ ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി, എന്നിട്ട് ഹംസേടെ വക ഒരു ചോദ്യോം..
"ഇങ്ങളിലാരാ ശരിക്കും മനോഹരൻ .. ???"
ഞാൻ ശശിയായി ..അല്ല മനോഹരനായി.. ന്റെ മനോഹരാ..!!!
ഞാൻ പിന്നൊന്നും പറഞ്ഞില്ല.. എല്ലാരും പറയുന്നത് കേട്ടും ചിരിച്ചുമൊക്കെ അങ്ങനെയങ്ങിരുന്നു..
സമയം അങ്ങനങ്ങ് മുന്നോട്ട് പോയി..

ഉച്ചക്ക് കഴിക്കാനായി എല്ലാരും ഇറങ്ങി,,എന്റെ വീട് കഴിഞ്ഞു വേണം ഹംസന്റെം  മനോഹരന്റേം വീടെത്താൻ.. ഞങ്ങളൊരുമിച്ച്  നടന്നു..
എന്റെ വീടെത്തി..
എന്നാ ഉച്ചക്ക് ശേഷം കാണാന്ന് പറഞ്ഞ് ഞാനവരെ യാത്രയാക്കി വീടിന്റകത്തേക്ക് കേറാൻ നേരം പുറകേന്ന് മനോഹരന്റെ വിളി..
"പായിസേ.. "
"ന്താ മനോരാ... " ഞാൻ വിളികേട്ടു..
"കുറെ നേരായി അന്നോട് ചോദിക്കണം,ചോദിക്കണം എന്ന് വിചാരിക്കുന്നെ.. "
"എന്ത്??"
"നിന്റെ പഴേ ഓള് ഇപ്പോം വിളിക്കാറുണ്ടാ ??" മൂന്ന് ജന്മങ്ങൾ ഒരുമിച്ച് ഞെട്ടി, അതിലൊന്ന് എന്റെ ഓളായിരുന്നു,ആ ചോദ്യം കേട്ട് ഓള് ഞെട്ടാൻ വേണ്ടി മാത്രം അകത്തൂന്ന് ഓടി വന്നതാ.. !!!
"മനോരാ...... " ഹംസ മനോഹരനെ നീട്ടിവിളിച്ചു..
"ഓ.. ഓന്റെ ഓളെ മുമ്പിൽ വെച്ച് ഞാൻ ചോദിയ്ക്കാൻ പാടില്ല അല്ലെ.. " മനോഹരന്റെ മുഖത്ത് കുറ്റബോധം സംസ്ഥാന സമ്മേളനം വിളിച്ചു..
ഞാൻ ഓളെ നോക്കി.. ബാലേട്ടൻ സിൽമേല്  ബാലേട്ടന്റെ അവിഹിതം അറിഞ്ഞു ഉമ്മറപ്പടിയിൽ സാരിത്തുമ്പും പിടിച്ചിരുന്ന ദേവയാനിയെ പോലെ ഓളിങ്ങിനെ  പോസ്റ്റടിച്ചു നിക്കുവാ..
"മനോഹരന് മാനസികായത് നീ അറിഞ്ഞാരുന്നോ.. ഓനിപ്പോ മരണവിറ്റാ.. "ഞാൻ പരുങ്ങൽ പുറത്ത് കാണിക്കാണ്ട് ഓളെ നോക്കി പറഞ്ഞു..
ഓക്ക് മാറ്റമൊന്നുമില്ല, അതേ നിപ്പ് തന്നെ.. പക്ഷെ മനോഹരന് മനസികാന്ന് പറഞ്ഞത് ഓനത്രക്കങ്ങ് പിടിച്ചില്ല..
"അല്ലേലും ഈ പ്രേമം ഇങ്ങനാടാ.. ആരേലുമൊക്കെ ചതിക്കും..നീ ഓളെ ചതിച്ച പോലെ എന്നെ എന്റോള് ചതിച്ചു..ഓക്ക് മനസികായില്ല,എനിക്കായി... ന്റെ വിധി.." മനോഹരൻ ത്വാത്തികനായി ..
"മനോരാ.. തമാശ പറയാണ്ട് നീ പോയേ .. പോ.. " ചിരിച്ചോണ്ടാ ഞാൻ അത് പറഞ്ഞേ ,എന്നിട്ടും ശബ്ദം എന്തിനാണാവോ ഇങ്ങനെ ഇടറുന്നെ..?
"എന്നാലും ഒരു ശരീരോം രണ്ടാത്മാവുമായി  ജീവിച്ച നിങ്ങക്കിങ്ങനെ വന്നത് നീയെങ്ങനെ സഹിക്കുന്നെടാ.. നിനക്കൊന്ന് പൊട്ടിക്കരഞ്ഞൂടെ .. " മനോഹരന്റെ സെന്റി..
'ഒരു ശരീരോം രണ്ടാത്മാവുമോ ??' ഓനെന്താ ഉദ്ദേശിച്ചേന്ന്  എനിക്കു മനസ്സിലായില്ല, പക്ഷെ മനസ്സിലായ ഒരാള്  ഇന്ത്യക്കാര് വിട്ട ഉപഗ്രഹം പോലെ വളഞ്ഞും പുളഞ്ഞും അകത്തേക്കോടി.. വാതിലടക്കുന്ന ഒരു ഭീമൻ ശബ്ദം മാത്രേ പിന്നെ കേട്ടുള്ളൂ..
"ന്റെ കുടുംബം..!!!  പടച്ചോനെ കാത്തോളണേ .."
"ആമീൻ.." പറഞ്ഞത് മനോഹരനാ.. ആ പട്ടി പോയി..
ഞാൻ ചുറ്റിലും നോക്കി, അല്ലേലും പട്ടിയെ കാണുമ്പോൾ കല്ല്‌ കാണൂല്ലാന്നു കാർണോമ്മാര് പറഞ്ഞത് വെറുതെയല്ല..
 ഹംസ പോയില്ല..
"നീയെന്താ പോകാത്തെ " കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു..
"എന്റെ പൊര കഴിഞ്ഞിട്ടല്ലേ മനോരന്റെ പൊര .. ഓൻ പോട്ടെ.. അല്ലേൽ ഓനിക്ക് എന്റെ പൊരയെത്തുമ്പോഴാവും ഓരോരോ ചോദ്യങ്ങൾ ഓർമ വരിക.. ഒരു മഹല്ലിൽ തന്നെ രണ്ടു കുടുംബം നേരെയാക്കാൻ കമ്മിറ്റിക്കാര് കൊറേ പാട് പെടും.. അത് വേണ്ട.. " ഓൻ അത് പറഞ്ഞു വിഷമത്തോടെ എന്നെ നോക്കി.. ഞാനപ്പോഴും പൈസയില്ലാത്തോൻ പിസ്സാഹട്ടിന്റെ വാതിൽക്കൽ പോയി നിക്കണ പോലെ അടഞ്ഞൊരു വാതിലിനു മുന്നിൽ അങ്ങനെയങ്ങ് നിക്കുവാ,നിർവികാരനായി...

അങ്ങനെ മനോഹരന്റെ മാനസികം ആസ്വദിക്കാൻ പോയ എനിക്ക് മാനസികം വരുമെന്ന അവസ്ഥയിലായി.. പിന്നെ എങ്ങനെയെല്ലാമോ ഒരുവിധം ഓളെ പറഞ്ഞു മനസ്സിലാക്കി കൈച്ചലായി .. ആ പേരിൽ ഓളെ സോപ്പിടാൻ വേണ്ടി ടൌണിൽ പോയി 1000 ഉർപ്യയുടെ ഗാന്ധി അങ്ങ് പോയിക്കിട്ടി..!!

അടുത്ത വെള്ളിയാഴ്ച ..
എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് വണ്ടി കേറി.. വണ്ടി തൃശ്ശൂരിൽ എത്തിയപ്പോൾ ഒരു ഫോണ്‍വിളി..
ഓനാ,വിനയൻ ..
"ഫായിസേ,നീ എവിടാ??"
"ഞാൻ ട്രെയിനിലാ.. "
"എന്താ പരിപാടി??" ഓന്റെ ചോദ്യം..
"ഏ ... എനിക്ക് ട്രെയിനില് ജോലി കിട്ടി..അതാ .."
"ട്രെയിനിലാ.. എപ്പോ.. എന്ത് ജോലി..?? "
"ട്രെയിനിന്റെ ഹെഡ്-ലൈറ്റ് കേടായി..ഡ്രൈവർ പത്തുരൂപേടെ ടോർച്ച് എടുത്ത് തന്ന് അതും ഓണാക്കി ട്രെയിനിന് മുന്നില് ഓടാൻ പറഞ്ഞു.. ഓടുവാ  " എന്റെ കലിപ്പ് മറുപടി..
"എഹ് .."
"എടാ പൊട്ടാ.. മംഗലം കഴിഞ്ഞതിന് ശേഷം എല്ലാ ആഴ്ച്ചേം ഞാൻ നാട്ടിൽ വരുമെന്ന് നിനക്കറിയാവുന്നതല്ലേ .. അപ്പോഴാ അവന്റെയൊരു കോപ്പിലങ്ങാടിയിലെ ചോദ്യം.. കാര്യം പറയെടാ.. "
"അതേയ് .. നീ കണ്ണൂരിൽ ഇറങ്ങണ്ടാ ..പയ്യന്നൂരിൽ ഇറങ്ങിയാ മതി.. "
"അതെന്താ ഞാൻ കണ്ണൂരിൽ ഇറങ്ങിയാ.. ഞാനെപ്പോഴും കണ്ണൂരാണല്ലോ ഇറങ്ങാര് .. അതെന്താ ഇന്നൂടി ഇറങ്ങിയാല് ... വിടമാട്ടെയ് .. " മണിച്ചിത്രത്താഴ് മുഴുവൻ കളിക്കാൻ ഓൻ വിട്ടില്ല.. അതിനുമുമ്പ് ഓന്റെ ഡയലോഗ് വന്നു..
"അതല്ലടാ.. ഞാൻ പയ്യന്നൂര് ഉണ്ടാകും.. എന്റെ ആപ്പന്റെ വണ്ടിയുണ്ട്,അതിൽ നമുക്കൊരുമിച്ച് നാട്ടിൽ പോകും.. "
ടിഷ് .. എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി,കാരണം അവന്റെ ആപ്പന്റെ വണ്ടി.... അവൻ ആള് ഊളയാണേലും അവന്റെ ആപ്പൻ വല്യ മുറ്റാ,അങ്ങേരുടെ ബെൻസ് ഉണ്ടെന്ന്  .. അര മണിക്കൂർ കൂടുതൽ യാത്ര ചെയ്തലെന്നാ, ബെൻസിൽ നാട്ടിൽ പോകുന്നതിന്റെ ഗുമ്മ് വേറെ തന്നാ.. ഇടം വലം നോക്കാതെ സമ്മതിച്ചു ഞാൻ...!!!

വണ്ടി കണ്ണൂര് കഴിഞ്ഞ ഉടനെ അതാ വരുന്നു TT ...
നികൃഷ്ട ജീവി..!! കണ്ണൂര് വരെ ടിക്കറ്റ്‌ എടുത്തു 250 കിലോമീറ്റെർ യാത്ര ചെയ്തപ്പോൾ വരാത്ത തെണ്ടി കറക്റ്റ് ഇപ്പൊ വരുന്നത് കണ്ടാ.. മനപ്പൂർവാ..!!!
ഒന്നും നോക്കിയില്ല,ഒറ്റയുറക്കം,പിന്നെ കൂർക്കം..
ആരോ വന്നു തൊട്ടു വിളിക്കുന്നു.. എന്തോ പേടിച്ചെന്ന പോലെ ഞെട്ടി എണീക്കുന്ന ഞാനെന്ന അഭിനയപ്രതിഭ..!!!
"ടിക്കറ്റ്‌.."
ഒന്നും സംഭവിക്കാത്ത ഭാവത്തിൽ പേഴ്സിൽ നിന്നും ടിക്കറ്റ്‌ എടുത്ത് അങ്ങേർക്കു നീട്ടി..
അങ്ങേര് തിരിച്ചും മറിച്ചും നോക്കി..
"ഇത് കണ്ണൂര് വരെയല്ലേ ഉള്ളൂ.. " അങ്ങേരുടെ ചോദ്യം..
"അയ്യോ.. അപ്പൊ കണ്ണൂര് കഴിഞ്ഞോ..." എന്റെ വക ഒന്നരക്കിലോ ഞെട്ടൽ..
"ഇല്ല.. കണ്ണൂര് കഴിഞ്ഞില്ല.. മംഗലാപുരം കഴിയുന്നത് വരെ കണ്ണൂര് കഴിയില്ല..പാതി ടിക്കെറ്റും പിന്നെ കുറെ നമ്പറുമായി ഇറങ്ങിക്കോളും..അതേയ്.. ഈ കൂർക്കം വലി ജോലിയിൽ കേറിയ അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാ ഞാൻ.. " അതും പറഞ്ഞു ഒരല്പം പുച്ഛം വാരിവിതറി അങ്ങേരങ്ങ് പോയി..
പ്രതിഭയാണയാൾ.. പ്രതിഭാസമാണയാൾ ...!!!
ഇതിനേക്കാൾ നല്ലത് വീടിന്റെ ആധാരം പണയം വെച്ച് പിഴയടക്കുന്നതാ,കാരണം ചുറ്റുമുള്ളവരുടെ ആക്കിയ നോട്ടം... കൂട്ടത്തിൽ അൽപം മുമ്പ് പരിചയപ്പെട്ട ഒരച്ഛനും അങ്ങേരുടെ  സുന്ദരിയായ മോളും ഒരുപടി കൂടി കടന്ന് ഊമ്പിയ ഒരു ഇളിയും.. !!!

വണ്ടി പയ്യന്നൂർ എത്തി.. അച്ഛനും മോൾക്കും പയ്യന്നൂര് തന്നാ  ഇറങ്ങേണ്ടത്.. കൂട്ടത്തിൽ ഞാനും..
"ഇവിടന്നെങ്ങനാ പോണേ?? "കൂർക്കത്തിൽ പോയ മാനം തിരിച്ചു പിടിക്കാൻ ഉറച്ച് അവരോട് എന്റെ ചോദ്യം..
"ബസ്‌ സ്റ്റാന്റ് വരെ ഓട്ടോയിൽ പോണം.." മറുപടി പറഞ്ഞത് അച്ഛനാ ,പരട്ട..
"വീട്ടിൽ നിന്നും ബെൻസ് അയച്ചിട്ടുണ്ട്.. ബസ്‌ സ്റ്റാൻഡിൽ  അതിൽ ആക്കാം ." മോളെ നോക്കി എന്റെ ഓഫർ.. അവർക്ക് സന്തോഷം.. ബെൻസിന്റെ ഒരു പവറേ...!!
സ്റ്റേഷന് പുറത്ത് എന്നേം കാത്ത് വിനയൻ,ചൂട് പൊറോട്ട രണ്ടടി കൂടുതൽ അടിച്ച പോലെ അവന്റെ കുപ്പായം കീറിയിട്ടുണ്ട് ..എന്താണാവോ എന്തോ??.. കൂടെയുള്ള ജന്ധുവിനെ കണ്ട് ദേശീയ പതാക കണ്ട പട്ടാളക്കാരനെ പോലെ ഞാനങ്ങ് നിന്ന് .. മനോഹരൻ ..
"പോകാം.. " എന്നെ കണ്ട വിനയന്റെ ചോദ്യം..
"ഉം.. "
ബാഗെടുത്ത് മുന്നോട്ട് നീങ്ങിയ ഞാൻ ഒന്നൂടെയങ്ങ് തരിച്ചു നിന്നു ..
അവന്റെ ആപ്പന്റെ ബെൻസ് പ്രതീക്ഷിച്ച എന്റെ മുന്നിൽ അവന്റെ 'ആപ്പെയൂടെ' പെട്ടി ഓട്ടോറിക്ഷ.. ശിബനെ ...
ഓൻ വിളിച്ചപ്പോ പറഞ്ഞത് ഞാനുന്നൂടെ റീവെയ്ന്റ് ചെയ്തു..
"എന്റെ ആപ്പന്റെ വണ്ടിയുണ്ട്.. "
ഉണ്ട് ഉണ്ട്... അവന്റെ ആപ്പെന്റെ വണ്ടിയുണ്ട്.. !!

"എവിടെ ബെൻസ് .. ??" ചോദ്യം എന്റേതല്ല.. മറ്റേ അങ്ങേരുടെതാ..
ഞാനൊന്നും പറഞ്ഞില്ല,നല്ല സ്റ്റൈലിൽ ഒരു ചിരിയങ്ങട് പാസ്സാക്കി.."ഈ..."
"ഞാനപ്പോഴേ അച്ഛനോട് പറഞ്ഞതല്ലേ, ഓരോ പ്രാന്തന്മാർ ഓരോന്ന് പറയുന്നതും കേട്ട് പുറകിൽ പോകാൻ നിക്കണ്ട എന്ന്.. "
സുന്ദരി അതും പറഞ്ഞ് ഓട്ടോയും നോക്കിപ്പോയി..
"എന്നാലും  ഈ രണ്ട് പ്രാന്തന്മാരേം കൊണ്ട് ആ പെട്ടിയോട്ടോയിൽ പോണ്ട നിങ്ങളെ സമ്മതിക്കണം.. " മനോഹരനെ നോക്കി കിളവന്റെ ലാസ്റ്റ് പഞ്ച് ഡയലോഗ്...
ആരായാലും പറഞ്ഞു പോകും.. വിനയന്റെ കോലം അമ്മാതിരിയാ..എന്റെ കോലം നല്ലതാണേലും പ്രവർത്തി കൊറേ നേരമായി ജ്വലിക്കുന്നതാണല്ലോ ..
മനോഹരൻ ചിരിച്ചു.. അങ്ങേര് പോയി...

"ന്താ സംഭവം??" വെളിവ് കുറച്ച് വന്നപ്പോൾ എന്റെ ചോദ്യം..
"അത്.. ഇവനിപ്പോ വല്ലാണ്ട് കൂടുതലാ.. മംഗലാപുരം ആശുപത്രീൽ പോകണം..നാട്ടിൽ നിന്ന് ആരും കൂടെ വന്നില്ല.. അതാ നിന്നെ വിളിച്ചേ.. നിനക്കൊരു സർപ്രൈസ് തരാന്ന് വെച്ചാ കാര്യം പറയതിരുന്നെ.. "
ന്യൂ ജനറേഷൻ സിനിമയിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാ ശബ്ദമുണ്ട്..പയ്യന്നൂർ സ്റ്റേഷന്റെ വരാന്തയിലൂടെ വിനയനേം കൊണ്ട് നടന്ന് അത് മാത്രാ ഞാൻ കേൾപ്പിച്ചു കൊടുത്തെ..
"*(&*₹₹്#(*&%^$  " ബീപ്.. ബീപ്.. ബീപ്... ബീപ്...
അവന്റെ അമ്മൂമ്മേടെ ഒരു സർപ്രൈസ്..!!!

കൂടെ വരാൻ പറ്റില്ലാന്ന് കട്ടായം പറഞ്ഞെങ്കിലും വിനയൻ പട്ടി മോങ്ങുന്നത് പോലെ മോങ്ങാൻ തുടങ്ങിയപ്പോ ആ കണ്ണീരിൽ ഞാൻ വീണു..
"എന്നാ ശരി. നീ പോയി ടിക്കറ്റ്‌ എടുക്ക് .." ഞാൻ പറഞ്ഞു..
"ടിക്കറ്റാ.. നമുക്ക് എന്റെ വണ്ടീല് പോകാം..  " വിനയന്റെ മറുപടി..
"നിനക്കെന്താടാ പ്രാന്താ??? ഈ ശവപ്പെട്ടീല് അങ്ങ് വരെ പോകാം എന്ന്.. !്!#്@#@ ്!"  ബീപ് ശബ്ദം പിന്നേം ഉയർന്നു ..
"അതല്ലടാ.. ട്രെയിനിൽ പോകാൻ തന്നാ ഞാനും ഉദ്ദേശിച്ചേ.. പക്ഷെ ട്രെയിനിൽ തോനെ ആളുകാണും .. ഈ പുന്നാര മോൻ എന്തൊക്കെ ഒപ്പിക്കുമെന്ന് ഒന്നും പറയാൻ പറ്റില്ല.. ഇന്നിനീം തല്ലു കൊള്ളാൻ എനിക്ക് വയ്യ.." കീറിയ കുപ്പായം പൊക്കി അവന്റെ രോദനം..
"അത് ഞാൻ ചോദിക്കാൻ മറന്നു.. എന്ത് പറ്റിയതാ ഇത്.. ??"
ഓൻ കുറച്ചുനേരം ശ്വാസം പിടിച്ചങ്ങ് നിന്ന്,പിന്നെ പറഞ്ഞു തുടങ്ങി..
"വരുന്ന വഴിക്ക് ഇവന് ജ്യൂസ്‌ കുടിക്കണമെന്നു പറഞ്ഞു.. ചേതമില്ലാത്ത ഉപകാരമല്ലേ എന്ന് കരുതി ഒരു കടയിൽ കേറി.. അവിടെ ഒരു ഹിന്ദിക്കാരനായിരുന്നു.. അവൻ വന്നു 'ഹിന്ദി-മലയാളത്തിൽ' ഓർഡർ ചോദിച്ചു.. അപ്പൊ ഈ പുന്നാര മോന് അവൻ  മലയാളം പറയണമെന്ന് നിർബന്ധം.. പാവം കുറെ ശ്രമിച്ചു.. വരാണ്ടായപ്പോ ഓൻ തിരിച്ചു പോകാനൊരുങ്ങി..ഈ ഹമുക്കെണീറ്റ് ഓന്റെ മൂക്ക് നോക്കി ഒന്ന് ചാമ്പി,ചോര ചീന്തിയപ്പോ ഓനൊരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിച്ചു.. ഒഹ് .. പട്ടിണി കിടക്കണ കാക്കകളെ ബലിച്ചോറുണ്ണാൻ വിളിച്ചപോലെയാ ഹിന്ദിക്കാര് അവിടെത്തിയേ.. പിന്നെ വെടീം പോകേം മാത്രേ ഓർമയുള്ളൂ.. ഞാനീ കോലം ആകുന്നത് വരെ ഈ പന്നി ഒന്നുമറിയാത്തോനെ പോലെ ബീഡീം വലിച്ച് പുറത്തിരിപ്പുണ്ടായിരുന്നു.. " വിനയൻ കണ്ണീരോടെ പറഞ്ഞു നിർത്തി..
ഞാൻ ഓട്ടോ എടുക്കാനുള്ള സിഗ്നൽ കൊടുത്തു..വണ്ടി എടുത്തു..
മംഗലാപുരം എത്തുന്നത് വരെ വണ്ടി ഓരോ  ഗട്ടറിൽ വീഴുമ്പോഴും ഒരു കുഴിക്ക് രണ്ടു ബീപ് ശബ്ദം വെച്ച് വണ്ടിയിൽ നിന്നും ഉയർന്നു കൊണ്ടേയിരുന്നു..!!!

ആശുപത്രി..
Dr.ശശിധരൻ ഷേണായി,അതാ ഡോക്ടറുടെ പേര്.. നല്ല പേര്,ചുരുക്കിപ്പറഞ്ഞാൽ ശശി ഷേണായി... എപിക്..
അല്പനേരത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾ അങ്ങേരുടെ മുന്നിലെത്തി..
കാര്യം വിശദീകരിച്ചു..
അങ്ങേരു മനോഹരനെ ഇരുത്തീം കിടത്തീം നോക്കി, പിന്നെ പൾസ് നോക്കി. അത് കഴിഞ്ഞ് വാ പൊളിക്കാൻ പറഞ്ഞു..
ഒരു മുട്ടക്കാട്ടൻ പഴയ ടോർച്ച് എടുത്ത് അങ്ങേര് അവന്റെ അണ്ണാക്കിലേക്ക് വെളിച്ചം കേറ്റി ..
വാ പൊളിച്ച് നിന്ന് കലിപ്പായപ്പൊ അങ്ങേര് പറയാതെ തന്നെ മനോഹരൻ വാ അടച്ചു..
"തുറക്കൂ.." അങ്ങേരു ഒന്നുകൂടി പറഞ്ഞു..
"അതേയ്.. ഞാൻ ഇവിടെ വന്നത് മീൻ മുള്ള് തൊണ്ടേൽ കുടുങ്ങിയോണ്ടല്ല ,വട്ടായിട്ടാ.. അണ്ണാക്കിൽ നോക്കിയാ ഒന്നും കാണൂല്ല.. " മനോഹരൻ പറഞ്ഞു നിർത്തി ..
അങ്ങേർക്കു തൃപ്തിയായി.വെളിച്ചം അണഞ്ഞു..!!

ഡോക്ടർ മനോഹരനെ നോക്കി ചിരിച്ചു.. മനോഹരൻ തിരിച്ചും ചിരിച്ചു.. ഇത് കണ്ട ഞങ്ങളും ചിരിച്ചു..
"എന്താ മനോഹരന്റെ പ്രശ്നം.." അങ്ങേരു ചോദിച്ചു..
"പ്രശ്നം.. പ്രശ്നം.. ശരിക്കും എനിക്കല്ല ഡോക്ടർ [പ്രശ്നം.. പ്രശ്നം ഈ സമൂഹത്തിനാ. " മനോഹരം ത്വാത്തികനായി..
"ഈ സമൂഹത്തിനെന്താ പ്രശ്നം??" ഡോക്ടറുടെ അടുത്ത ചോദ്യം..
"സമൂഹത്തിന് .. സമൂഹത്തിനു ഒരു പ്രശ്നോമില്ല.. പ്രശ്നം എനിക്കെന്നാ.. ഒരു ചെറിയ മാനസികം.. "ഡോക്ടറെ നോക്കി അങ്ങനെ പറഞ്ഞു അവനെന്റെ നേരെ തിരിഞ്ഞു..
"ഈ കോപ്പൻ ഇങ്ങനെ സാഹിത്യത്തിലൊക്കെ ചോദിച്ചാൽ പിന്നെ  ഞാനെന്നാ പുല്ല്  പറയാനാ...?? " എന്നോട് നേരെ തിരിഞ്ഞു അവന്റെ ചോദ്യം..
ഡോക്ടർ ശശി ശരിക്കും ഇപ്പോ ശശിയായി കാണണം..
"ഉം.. ശരി.. ഇവരൊക്കെ ആരാ?? " ഞങ്ങളെ ചൂണ്ടി ഡോക്ടറുടെചോദ്യം..
"ഇത് വിനയൻ .. കണ്ടാൽ വല്യ മാന്യനാ.. പക്ഷെ ഇത് പോലൊരു എരപ്പൻ വേറെയില്ല..എന്റെ നാലാമത്തെ പെണ്ണിനെ കയ്യും കാലും കാണിച്ച് അടിച്ചെടുത്ത കള്ള ബടുവയാ ഇവൻ .."
ഠിം.. വിനയന്റെ തല താണു ..
'കള്ള സുവറെ വിനയാ.. അങ്ങനൊരു സംഭവം ഉണ്ടായാ.. അതെപ്പാ.. നാട്ടിലെത്തിയിട്ട് കാണിച്ചു തരാമെടാ.. ' ഞാൻ വിനയനെ നോക്കി..
"അപ്പൊ ഇതോ???" എന്നെ ചൂണ്ടി ഡോക്ടറുടെ അടുത്ത കോപ്പിലെ ചോദ്യം..
'ന്റെ പടച്ചോനെ... ' ഞാൻ മനസ്സിൽ വിളിച്ചു...
"ഇവനെ അറിയില്ലേ.. ഇത് ഫായിസ്.. വല്യക്കാട്ടെ എഴുത്തുകാരനാ... "
ഇത് കേട്ട ഞാൻ നെഞ്ച് വിരിച്ചു.. മനോഹരൻ തുടർന്നു ..
"ഇവൻ മുറ്റു ബ്ലോഗ്‌ ഒക്കെ എഴുതും.. ഇവന്റെ ഓരോ പോസ്റ്റ്‌ വായിച്ചാ സിർച്ചു സിർച്ചു പണ്ടാരടങ്ങി,റോഡിൽ കിടക്കുന്ന ഇഷ്ടികയെടുത്തു ഓന്റെ തലമണ്ട നോക്കി ഒരെണ്ണമങ്ങ് കൊടുക്കാൻ തോന്നും.. അമ്മാതിരി ഓഞ്ഞ വിറ്റാ ഓന്റെ .. "
ഠിം..തീർന്നു..
'ഈ കുരിപ്പിന് പ്രാന്താന്ന് ആരാ പറഞ്ഞെ.. ഓന്റെ പറച്ചില് കേട്ടില്ലേ??' വിരിഞ്ഞ എന്റെ നെഞ്ച് അതുപോലെ താഴ്ന്നു..
 അൽപനേരത്തിനു ശേഷം ഡോക്ടർ ഞങ്ങൾക്ക് നേരെ തിരിഞ്ഞു..
"നിങ്ങൾ പൊക്കോ.. ഒരു മാസം ഇവിടെ അഡ്മിറ്റ്‌ ചെയ്യാം.. ഷോക്ക്‌ കൊടുത്താൽ തീരുന്ന കേസ് മാത്രേ ഉള്ളു.. നോക്കാം നമുക്ക്.. "
"ഷോക്കാ .. അത് മാറ്റി കുറച്ച് ഇൻജക്ഷൻ ആസനത്തിൽ കേറ്റിയാ മതിയാവൂലെ ഡോക്ടർ ??" ഷോക്ക്‌ എന്ന് കേട്ട മനോഹരന്റെ ചോദ്യം..
"പറ്റില്ല അല്ലെ??"ഡോക്ടറുടെ  മുഖം കണ്ട്, ചിത്രം സിൽമേൽ ലാലേട്ടൻ പറഞ്ഞപോലെ ഓൻ തന്നെ ഉത്തരോം പറഞ്ഞു..
സെന്റി.. മാരക സെന്റി... !!!
ഓനെ അഡ്മിറ്റ്‌ ആക്കി ഞങ്ങൾ നാട്ടിലേക്ക് ..!!!

ഒരു മാസം കഴിഞ്ഞ് പിന്നെയും ഒരു വെള്ളിയാഴ്ച..
ട്രെയിനിൽ കണ്ണൂർ എത്താൻ നേരം വിനയന്റെ വിളി പിന്നെയും..
"എടാ.. മനോഹരന് സുഖായി.. ഞാൻ അവനേം കൂട്ടി തിരിച്ചു വരുവാ.. നീ പയ്യന്നൂർ വാ .. എന്റെ ആപ്പന്റെ വണ്ടിയാ.. നമുക്കതിൽ പോ.." പറഞ്ഞു മുഴുമിപ്പിക്കാൻ വിട്ടില്ല..
"ഫാ.. നിന്റെ അടുപ്പിലെ ഒരു ആപ്പന്റെ വണ്ടി..നിർത്തെടാ _____ മോനെ.. " അതും പറഞ്ഞു ദേഷ്യത്തോടെ ഫോണ്‍ കട്ട്‌ ചെയ്തു..

അന്ന് ട്രെയിൻ ഇറങ്ങി,തിരക്കുള്ള KSRTC ബസ്സിൽ തളിപ്പറമ്പിൽ നിന്നും നാട്ടിലേക്ക് ഞെക്കി ഞെരങ്ങി പോകുമ്പോൾ മനോഹരനേം കൊണ്ട് വിനയൻ ഒരു ബെൻസ് കാറിൽ ഓവർടേക്ക് ചെയ്ത് പോകുന്നത് കണ്ടു കണ്ണ് മുറുക്കെയടച്ചു....
'അല്ലേലും ഈ മാന്യന്മാർ കേറുന്ന വണ്ടിയാ ബെൻസ് ?? അയ്യേ.. അതൊക്കെ നമ്മുടെ KSRTC .. എന്താ ഒരു സുഖം, എന്താ ഒരു സൌന്ദര്യം, എന്താ ഒരു വെളിച്ചം, എന്താ ഒരു  കാറ്റ്..'
ഠിം..
'എന്താ ഒരൊച്ച..?? '
ടയർ പൊട്ടിയതാവും..എന്നാലും, അയ്യേ ബെൻസ് .. അതൊക്കെ നമ്മുടെ KSRTC തന്നെ.. എന്താ ഒരു.......................&^%₹&്^

അന്ന് രാത്രി മനോഹരന്റെ വീട്ടിൽ അവനെ കാണാൻ ഞങ്ങൾ പോയി....അവന്റെ അച്ഛൻ രാഘവേട്ടൻ കൊണ്ട് തന്ന കട്ടൻ ചായയും കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ കുളി കഴിഞ്ഞു വന്നു.. നാട്ടു വിശേഷങ്ങൾക്ക് ശേഷം മനോഹരൻ സംസാരിച്ചു തുടങ്ങി..
"കുത്തഴിഞ്ഞ ജീവിതമായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും കാരണം.. അതൊക്കെ ഇനി മാറ്റണം.. "
"ശരിയാ ശരിയാ.. നല്ലതാ.. " എല്ലാരും ഓന് സപ്പോർട്ട് കൊടുത്തു..
"ഇനി അൽപം സാമൂഹ്യ കാര്യങ്ങളൊക്കെ ആയി ഇങ്ങനെ പോകണം.. "
"ശരിയാ .. നല്ലതാ.. "
"ഇവിടെ ഭൂരിപക്ഷ വിഭാഗത്തിന്റെ സംരക്ഷകർ ശരിക്കും ബീജെപിയാ.. ഒരു മെമ്പെർഷിപ്പ് എടുത്ത് ബീജെപിയിൽ ചേർന്ന് രാഷ്ട്രീയത്തിൽ സജീവമാകണം.. " അവൻ തുടർന്നു..
"നല്ലതാ.."  സപ്പോർട്ട് പിന്നേം കൊടുത്തു..
"പക്ഷെ എന്നാലും നമ്മള് ന്യൂനപക്ഷങ്ങളെ മറന്നൂടാ ..അവരുടെ സംരക്ഷകരെ മറന്നൂടാ.. മുസ്ലിം ലീഗിന്റെ മെമ്പെർഷിപ്പ്  കൂടി എടുക്കണം.. "
"ഉം.. ഉം.. " ഞങ്ങൾ പതിയെ എഴുന്നേറ്റു..
"പക്ഷെ പട്ടിണിപ്പാവങ്ങളുടെ രക്ഷകർ ഇന്നും കമ്മ്യൂണിസ്റ്റ്‌ പാർട്ടി തന്നാ.. അത് നമ്മൾ മറക്കരുത്.. പിന്നെ ആന്റണി നല്ലൊരു നേതാവാ .. "
"രാഘവോ.. രാഘവോ... " ഞങ്ങൾ പതിയെ ഇറങ്ങാൻ തയ്യാറായി.... രാഘവേട്ടൻ പുറത്തേക്ക് വന്നു..
"രാഘവോ.. അല്ല രാഘവേട്ടാ... ഞങ്ങള് ഇറങ്ങുന്നു.. ഒന്നാം തിയ്യതി വരാം " ഞങ്ങള് സ്പീഡ് കൂട്ടി..
"പക്ഷെ ഫായിസേ.. മാണിസാർ മുഖ്യമന്ത്രിയാകാൻ അങ്ങേ അറ്റം വരേം ഞങ്ങള് പോകും.. അത് മറക്കേണ്ടാ.. " മനോഹരൻ വിളിച്ചു പറയുന്നുണ്ടായിരുന്നു..
"പൊക്കോ പൊക്കോ .. അറ്റത്ത് ചെന്നിട്ട് നീ വിളിച്ചാ മതി.. " എല്ലാരും വീട് എത്തിയിട്ടേ ഓട്ടം നിർത്തിയുള്ളൂ ..!!!

ദിവസങ്ങൾക്കു ശേഷം വിനയൻ ഒറ്റയ്ക്ക് മനോഹരനേം കൊണ്ട് ആശുപത്രീൽ പോയി..
പിന്നെയും ദിവസങ്ങൾക്കു ശേഷം, അവിടെ വെച്ച് തനിക്ക് ഷോക്ക്‌ തന്ന നഴ്സിന് മനോഹരൻ ഒരു മറുഷോക്ക്‌ കൊടുത്തു ,പ്രണയത്തിന്റെ മറുഷോക്ക്..
ആ ഷോക്കിൽ ഇരു ജീവിതം ഒന്നായ് മാറി...

4 വർഷങ്ങൾക്കിപ്പുറം അമേരിക്കായിൽ സെറ്റിൽ ആയ മനോഹരൻ വിനയനെ കഴിഞ്ഞ മാസം വിളിച്ചെന്ന്..
സംസാരത്തിനവസാനം അവൻ പറഞ്ഞെന്ന്,
"എല്ലാരോടും ഞാൻ അന്വേഷിച്ചതായി പറയണം.. പിന്നെ ഫായിസിനെ പഴയതൊന്നും ഓർമിപ്പിക്കേണ്ട..അവൻ ബ്ലോഗ്‌ എഴുതി നാറ്റിച്ചു കളയും ..!!!"
ഞാനങ്ങനെ ചെയ്യുവോ??
ഇല്ലന്നേ ..

മനോഹരാ,നിനക്കുള്ളതാടാ ഈ കഥ.. നിനക്ക് സമർപ്പിക്കുന്നെടാ ഈ കഥ..
എന്നാലും ഞാൻ അങ്ങനെ ചെയ്യില്ല.. കാരണം നിന്റെ പേര് മനോഹരൻ എന്നല്ലാന്നു നിനക്കറിയാലോ... !!!
സ്നേഹത്തോടെ,
ഫായിസ്..

Try Relay: the free SMS and picture text app for iPhone.

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...