പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Tuesday, September 11, 2012

ഇമ്മിണി ബല്യ കാര്യം...!!!


കുളിച്ചൊരുങ്ങി രാവിലെ തന്നെ ഫായിസും ,പിന്നെ ഒരിക്കല് മാത്രം പുലിയായിരുന്ന എലി അലിയും,ജാബിറും പിന്നെ അനിയന്‍ ശിഫാസും ചേര്‍ന്ന് പാമ്പ്‌ വാസുവിന്റെ വണ്ടിയില്‍ പെണ്ണിന്റെ വീട്ടിലേക്ക്..

ഇനി കഥ ഫായിസ് പറയട്ടെ...

പെണ്ണിന്റെ വീട്ടുകാര്‍ സ്നേഹ ആദരവോട് കൂടി തന്നെ ഞങ്ങളെ  സ്വീകരിച്ചാനയിച്ചു..
"അളിയാ അലീ .പടച്ചോനെ ഓര്‍ത്തു നീ നിന്റെ മണ്ടത്തരങ്ങള്‍ ഒന്ന് വിളിച്ചു പറയരുത്..കൂട്ടുകാരന്‍ മണ്ടനാണെന്ന് പറഞ്ഞു കല്യാണം മുടങ്ങുന്നത് എനിക്ക് ചിലപ്പോ താങ്ങാന്‍ പറ്റില്ല.." ഇരിക്കുന്നതിന്റെ ഇടയില്‍ അലിയുടെ ചെവിയില്‍ പറഞ്ഞു..
അലി രൂക്ഷമായൊന്നു നോക്കുക മാത്രം ചെയ്തു..
കുറെ സമയം അവിടെ ഇരുന്നു.. പെണ്ണ് പോയിട്ട് പിടക്കോഴി പോലും വന്നില്ല..
"എന്നാ പിന്നെ ചായ കുടിക്കുക അല്ലെ??" ഇരുന്നിരുന്നു ക്ഷമയുടെ നെല്ലിപ്പലക കാണും എന്നായപ്പോള്‍ അലി പെണ്ണിന്റെ ഉപ്പയോടായി ചോദിച്ചു..
"ചായക്ക് പറയാന്‍ ഇതെന്താട ഹോട്ടലോ ?? പെണ്ണിനെ വിളിക്കാന്‍ പറയടാ ഡാഷ് മോനെ.." ജാബിര്‍ അലിയോടായി പറഞ്ഞു.
"എടാ.. അതൊരു കോഡ്‌ ആണ്..ഇനിയിപ്പോ നീ നോക്കിക്കോ,ചായയുമായി പെണ്ണ് വരും.. " എന്ന് അലി..
"എന്നാ പിന്നെ ചായ എടുത്തോ.. " പെണ്ണിന്റെ ഉപ്പ ഉത്തരവിട്ടു..
അടുക്കള  വാതിലില്‍ പാദസര കിലുക്കം.. എന്നില്‍ നാണം വിളയാടി..!!
"പെണ്ണിന് ഇവനെക്കാള്‍ കുറച്ചു പ്രായം കൂടുതലാണെന്ന് തോന്നുന്നു.." അലിയുടെ ആ വാക്കുകള്‍ ഒരു വെള്ളിടി പോലെ എന്റെ ചെവിയില്‍ പതിച്ചു..
ഒരു കണ്ണിറുക്കി വിഷമത്തോടെ ഞാന്‍ പെണ്ണിനെ നോക്കി.. പിന്നെ പല്ലുകടിച്ചു ദേഷ്യത്തോടെ അലിയേയും..
"പെണ്ണിന്റെ ഉമ്മമ്മയെയും പെണ്ണിനേം കണ്ടാല്‍ തിരിച്ചറിയാത്ത നിന്നേം കൂട്ടി പെണ്ണുകാണാന്‍ വന്ന എന്നെ ചെരുപ്പൂരി അടിക്കണം ------- മോനെ.. " ഞാന്‍ അലിയുടെ ചെവിയില്‍ പറഞ്ഞു..
"സിനിമയും ജീവിതവും രണ്ടും രണ്ടാ.." സിനിമയിലൊക്കെ കാണുന്നത് പോലെ ചായക്കപ്പുമായി പെണ്ണ് വരുന്നത് സ്വപ്നം കണ്ടിരുന്ന ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
"പെണ്ണെവിടെ??" ജാബിര്‍ ചോദിച്ചു..
"ഓക്ക് നാണം.. ഓള് ഇപ്പൊ വരും.." ഉമ്മാമ്മയുടെ മറുപടി..
എനിക്ക് സന്തോഷമായി..
"അളിയാ, പെണ്ണിപ്പോ വരും.. ഓള് വന്നാല്‍ എന്താ ഓളോട് ചോദിക്കേണ്ടത്‌??" ഞാന്‍ അലിയോടായി ചോദിച്ചു..
"കൊറച്ചു പഞ്ചാര ചോദിക്ക്.. ചായക്ക് മധുരം കൊറവാ.." ഒരിറക്ക് ചായ കുടിച്ചു കൊണ്ട് അലിയുടെ ക്ലാസ്സിക്‌ മറുപടി.. 
പിന്നെ ഞാനൊന്നും ചോദിച്ചില്ല..
കുറച്ചു കഴിഞ്ഞപ്പോള്‍ നേരത്തേ കേട്ട പാദസര കിലുക്കം പിന്നെയും..
ഞാന്‍ വിജ്രംഭിച്ച് വാതില്‍ക്കല്‍ നോക്കി.. തട്ടത്തിന്‍ മറയത്ത് ഒരു പെണ്ണ് പ്രത്യക്ഷമായി..
അതേ ഇതവള്‍ തന്നെ..   ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ്..!!!
'ഓളാ തട്ടമിട്ടു കഴിഞ്ഞാ പിന്നെന്റെ സാറേ,പിന്നെ ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റൂല..കാരണം..............അന്നേരം തന്നെ ഓളുടെ മുന്നിലായി കറുത്ത ഒരു രൂപം പ്രത്യക്ഷമായി.. '
"ഇതാ ഈ നെഗറ്റീവ്???" അലി എന്റെ ചെവിയില്‍ ചോദിച്ചു..
ഞാന്‍ ആ രൂപത്തെ നോക്കി..കറുത്ത ശരീരത്തില്‍ വെളുത്തതായി മുടിയും മീശയും മാത്രം.. ശരിക്കും ഒരു ഫോട്ടോ നെഗറ്റീവ്..!!!
"ഞമ്മളെ പേര് അയമ്മൂട്ടി..പെണ്ണിന്റെ ഒരു ബന്ധുവാ.." ആ രൂപം മറുപടി പറഞ്ഞു..
'പരിചയപ്പെടുത്തുന്നത് കണ്ടാല്‍ തോന്നും മമ്മൂട്ടി ആണെന്ന്..വഴി മാറെടാ മുണ്ടക്കല്‍ അയമ്മൂട്ടി' എന്ന് പറയാന്‍ തോന്നി..
പക്ഷെ പറഞ്ഞില്ല, കാരണം ഇവിടെ വെച്ച് ആരേലും എന്നെ തല്ലിയാല്‍ പോലും തിരിച്ചൊന്നും പറയരുത്, കാരണം ഞാനിപ്പോള്‍ ഒരു ഗാന്ധിയന്‍ ആണ്..!!!

എന്റഭിപ്രായത്തില്‍ ഈ ലോകത്ത് ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രമേ ഇപ്പോഴും ഗാന്ധിയന്മാര്‍ ആയി ജീവിക്കുന്നുള്ളു..അത് കല്യാണപ്രായമെത്തിയ യുവാക്കള്‍ ആണ്...അന്യം നിന്നും പോകാത്ത ഒരേ ഒരു ഗാന്ധിയന്മാര്‍..

"എന്താ അന്റെ പേര്??" ചോദ്യം അയമ്മൂട്ടിയുടെ വക..
"ഓന്റെ പേര് പായിസ്.." ഞാന്‍ പേര് പറയുന്നതിന് മുമ്പ് അലിയുടെ കൌണ്ടര്‍ അറ്റാക്ക്‌..
ഞാന്‍ അലിയെ കലിപ്പോടെ ഒന്ന് നോക്കി.. 'എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഓള്‍ഡ്‌ മൂപ്പീല്സ് വരെ ഫായിസ് എന്ന് പറയുമ്പോഴ അവന്‍റെ ഒരു മലയാളം ഒണ്ടാക്കല്‍,പായിസ് പോലും....!!! '
"ഫായിസ് എന്നാ പേര്.." ഞാന്‍ തിരുത്തി..
"എന്താ അന്റെ പണി..."
"അത് ചോദിയ്ക്കാന്‍ ഇങ്ങളാരാ??" അലി ദേഷ്യത്തോടെ ചോദിച്ചു..
അയമ്മൂട്ടി വാ പൊളിച്ചു.. അങ്ങേര്ക്കറിയില്ലല്ലോ കല്യാണ ചെറുക്കന്‍ മാത്രേ ഗാന്ധിയന്‍ ആവൂ എന്ന്.. ഓന്റെ ചെങ്ങായി ചെലപ്പോ ഹിറ്റ്‌ലര്‍ വരെ ആകുമെന്ന്..
"ഞാന്‍ പെണ്ണിന്റെ ബന്ധുവാ.."
"ബന്ധു എന്ന് വെച്ചാല്‍???" അലി പിന്നേം പുലിയായി..
"ഓളെ ഉപ്പാന്റെ അനിയന്റെ മോളുടെ ഭര്‍ത്താവിന്റെ അനിയത്തിയെ കെട്ടിയത് എന്റെ മോന്റെ ചെങ്ങായിയാ.. " അയമ്മൂട്ടി ബന്ധം വിശദീകരിച്ചു..
'ആഹാ.. നല്ല അടുത്ത ബന്ധുവാണല്ലോ..' ഞാന്‍  മനസ്സില്‍ പറഞ്ഞു..
"എന്താ നിങ്ങളുടെ പണി.." ഞാന്‍ ചോദിച്ചു..
"ഞാന്‍ ബിസിനസ്‌ ചെയ്യുന്നു.."അയമ്മൂട്ടിയുടെ ഉത്തരം..
"എന്ത് ബിസിനസ്‌??"
"നിങ്ങള്‍ ഇങ്ങോട്ട് വരുന്ന വഴി ഒരു മുറുക്കാന്‍ പീടിക കണ്ടായിരുന്നോ??"
"ഉം.. കണ്ടു.. അതിന്റെടുതാണോ??"
"അല്ല..അത് തന്നാ.. ആ മുറുക്കാന്‍ കട നടത്തുന്നത് ഞാനാ.. "
ഠിം.. "ഒരു ബിസിനസ്‌ മാന്‍  വന്നിരിക്കുന്നു.. ഫൂ.." അലി എന്റെ ചെവിയുടെ അടുത്ത് വന്നു പറഞ്ഞു..
"ചെവിയില്‍ തുപ്പതെടാ പിശാഷേ..ഫൂ... " ഞാന്‍ അലിയുടെ ചെവിയിലും പറഞ്ഞു.. 'ചോരക്കു ചോര..', അതാണ് ലൈന്‍..

അത് കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ വേറൊരു കാര്യമാണ്..ഇങ്ങോട്ട് പുറപ്പെടും മുമ്പ് പെണ്ണിന്റെ ഉപ്പ ഫോണ്‍ വിളിച്ചു പറഞ്ഞ ഒരു കാര്യം..
"പെണ്ണിന്റെ അകന്ന ഒരു ബന്ധു ഇവിടെ മുറുക്കാന്‍ കട നടത്തുന്നുണ്ട്..അങ്ങേരെ സൂക്ഷിക്കണം.. അങ്ങേര്‍ക്കു കല്യാണം നടത്തുന്നതിനെക്കാള്‍ താല്പര്യം കല്യാണം മുടക്കുന്നതിനാ..."
അപ്പൊ ഇതാണല്ലേ ആ മൊതല്‍..!!!

എന്നാ പിന്നെ "ഓപെറേഷന്‍ അയമ്മൂട്ടി" സ്റ്റാര്‍ട്ട്‌ ചെയ്തേക്കാം.. 
'കം ഓണ്‍ മിസ്റ്റര്‍ അയമ്മൂട്ടി,ലെട്സ് പ്ലേ ദി ഗെയിം.. ഈ കല്യാണം മുടക്കുന്ന ഒരു ചോദ്യം മതി, അന്റെ ജീവിതം മാറിമറിയാന്‍..' എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ അയമ്മൂട്ടിയെ നോക്കി പുഞ്ചിരി തൂകി..

"ന്താ അന്റെ പണി.." അയമ്മൂട്ടിയുടെ ആദ്യ ചോദ്യം..
"ഞാന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്.." നെഞ്ച് അഞ്ചിഞ്ചു വിരിച്ചു ഞാന്‍ മറുപടി പറഞ്ഞു..
അയമ്മൂട്ടിക്കു ഒരു കുലുക്കവുമില്ല..വിരിഞ്ഞ നെഞ്ച് അതുപോലെ ചുരുങ്ങി..
കുറച്ചു നേരത്തേ മൌനത്തിനു ശേഷം അയമ്മൂട്ടി പതിയെ ചോദിച്ചു..
"എന്താ അയിന്റെ മലയാളം??"
'വലിച്ചു.. എന്താ അതിന്റെ മലയാളം??' ഞാന്‍ എന്നോട് തന്നെ ചോദിച്ചു..
അറിയില്ല.. അത് കൊണ്ട് തന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല..
പക്ഷെ അതില്‍ നിന്നും എനിക്കൊരു കാര്യം പിടി കിട്ടി. അയമ്മൂട്ടിയെ വലിച്ചു കീറി പോസ്റ്റര്‍ ആക്കാനുള്ള വഴി അത് തന്നെ, ഇംഗ്ലീഷ്.. !!!
ഇനി വായില്‍ തോന്നിയത് കോതക്ക് പാട്ട്..
'മിസ്റ്റര്‍ അയമ്മൂട്ടി, ഐ അം ഗോയിംഗ് റ്റു വലിച്ചു കീറി പോസ്റ്റര്‍ ഒട്ടിക്കല്സ് യു..'
"ഇയ്യ്‌ വലിക്കോ??" അയമ്മൂട്ടിയുടെ അടുത്ത ചോദ്യം..
'ഇല്ല.. വലിക്കില്ല.. വലിപ്പിക്കാറെ ഉള്ളു..' അലി പതിയെ പറഞ്ഞു..
"ഇല്ല്യ.. വലിക്കില്ല.. " ഞാന്‍ മറുപടി പറഞ്ഞു..
"അടിക്കോ??" അടുത്ത ചോദ്യം..
"എന്ത്??"
"നീ വെള്ളമടിക്കുമോ എന്ന്.." അയമ്മൂട്ടി വിശദീകരിച്ചു..
അത് കേട്ടതും ഇതുവരെ സീനില്‍ ഇല്ലാതിരുന്ന പമ്പ് വാസു അകത്തോട്ട് ഓടി വന്ന് ജാബിറിന്റെ കയ്യിലുണ്ടായിരുന്ന മിക്സ്‌ചറും തട്ടിപ്പറിച്ചു അയമ്മൂട്ടിയുടെ മുന്നില്‍ വന്ന് നിന്നു കിതച്ചു.. എന്നിട്ട് പറഞ്ഞു,
"ഞാന്‍ അടിക്കും.. ഇങ്ങള് സാധനോം രണ്ടു ഗ്ലാസും എടുക്കു.. "
ടിഷും..
"ഫാ.. കള്ള ഹിമാറെ.. ഇറങ്ങിപ്പോടാ ഈ പൊരയില്‍ നിന്നു...." അയമ്മൂട്ടി ഗര്‍ജിച്ചു..
വാസു ക്ലീന്‍ ബൌള്‍ഡ്..!!!
ഒരു റണ്‍ അകലെ നൂറാം സെഞ്ച്വറി നഷ്‌ടമായ  സച്ചിനെ പോലെ വാസു തലയും കുനിച്ചു പവലിയന്‍ ലക്ഷ്യമാക്കി നടന്നു..

പണി പാമ്പായും പട്ടിയായും വരുമെന്ന് കേട്ടിട്ടുണ്ട്, പക്ഷെ പമ്പ് വാസുവായി വരുമെന്ന് ഞാന്‍ നിരീച്ചില്ല.. ഞാന്‍ അവിടെ കിടന്നു വിയര്‍ത്തു..
അയമ്മൂട്ടി ഫുള്‍ കലിപ്പില്‍ നില്‍ക്കുന്നു..എന്ത് ചെയ്യും??
നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ എന്തേലും ചെയ്തെ പറ്റു.. പിന്നൊന്നും നോക്കിയില്ല, വായില്‍ തോന്നിയത് പറഞ്ഞു,
"ഞാന്‍ ഒരു ബ്ലോഗ്ഗര്‍ കൂടിയാണ്.."
അത് കേട്ടതും അയമ്മൂട്ടിയുടെ മുഖം തുടു തുടുത്തു.. വാഹ്‌.. വണ്ടര്‍ഫുള്‍ ..
അയമ്മൂട്ടി ഒരു ബ്ലോഗ്‌ പ്രേമി ആണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ.. !!!
ഇതാ എന്റെ പ്രതീക്ഷകള്‍ ഇവിടെ ചിറകു വിരിച്ചു തുടങ്ങുന്നു..ഒരു ബ്ലോഗ്‌ പ്രേമിയായ അയമ്മൂട്ടിക്ക് എന്നെ ഇഷ്ടപ്പെടും.. ഇല്ലേ ഞാന്‍ ഇഷ്ടപ്പെടുത്തും.. !!!

"ഈ ബില്‍ഡിംഗ്‌ ഒക്കെ വെച്ച് വില്‍ക്കുന്ന ആളല്ലേ??"
എന്റെ പ്രതീക്ഷയുടെ ഗോപുരത്തില്‍ അയമ്മൂട്ടിയുടെ ഈ ചോദ്യം വന്നിടിച്ച്‌ എന്റെ പ്രതീക്ഷകള്‍ വേള്‍ഡ് ട്രേഡ് സെന്റര് പോലെ തകര്‍ന്നടിഞ്ഞു..
'മിസ്റ്റര്‍ അയമ്മൂട്ടി, ദാറ്റ്‌ ഈസ്‌ ബില്‍ഡര്‍, ഞാന്‍ വെറും ബ്ലോഗ്ഗര്‍ ' എന്ന് പറയാന്‍ തോന്നി, പക്ഷെ പറഞ്ഞില്ല..
"എസ് എസ്.. ലത് തന്നെ.. " എന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി..
"ഞാന്‍ വല്യ സംഭവാ.. സാധാരണ ബ്ലോഗേഴ്സ് മാസത്തില്‍ ഒരു പോസ്റ്റ്‌ മാത്രം ഇടുമ്പോള്‍ ഞാന്‍ മാസത്തില്‍ നാലു പോസ്റ്റ്‌ വരെ ഇട്ടിട്ടുണ്ട്.." ഞാന്‍ നെഞ്ച് വിരിച്ചു പറഞ്ഞു..
"ഈ കറന്റ്‌ ഒക്കെ പോകുന്ന പോസ്റ്റ്‌.." അയമ്മൂട്ടിയുടെ ചോദ്യം..
"അത് ഇലക്ട്രിക്‌ പോസ്റ്റ്‌.. ഇത് ബ്ലോഗ്‌ പോസ്റ്റ്‌.. ഇലക്ട്രിക്‌ പോസ്റ്റില്‍ തൊട്ടാല്‍ കറന്റ്‌ അടിക്കും, ബ്ലോഗ്പോസ്റ്റില്‍ തൊട്ടാല്‍ കമന്റ്‌ അടിക്കും..പിന്നെ ചില സമയത്ത് കറന്റ്‌ അടിച്ചാല്‍ തട്ടിപ്പോകും,കമന്റ്‌ അടിച്ചാല്‍ വെട്ടിലും ആകും.." ഞാന്‍ വിശദീകരിച്ചു..
"ഈ കമന്റ്‌ എന്ന് പറഞ്ഞാ????" അയമ്മൂട്ടിക്ക് സംശയം..
"അത് ഒരോ പോസ്റ്റിനും നമുക്ക് കിട്ടുന്ന പ്രതിഫലമാ.." എന്റെ മറുപടി..
"എന്റെ 'ഒഹ് മദര്‍, ഐ അം സോറി' എന്ന പോസ്റ്റിനു ,ഐ ഗോട്ട് എബൌട്ട്‌ വണ്‍ ഫോര്ടി കമന്റ്സ്.."
അത് കേട്ടു അയമ്മൂട്ടി വാ പൊളിച്ചു.. അയമ്മൂട്ടിക്ക് സന്തോഷമായി..
"പിന്നെ എന്റെ ബ്ലോഗ്ഗില്‍ സ്വന്തമായി ഫോല്ലോവേര്സ് ഒക്കെ ഉണ്ട്.. പലരാജ്യങ്ങളില്‍ നിന്നായി ത്രീ ഹന്‍ട്രട് ആള്‍ക്കാര്‍ എന്റെ പിറകെ ഉണ്ട്.. പോസ്റ്റ്‌ വേണം,പോസ്റ്റ്‌ വേണം എന്ന് പറഞ്ഞു..എനിക്ക് വയ്യ..ഞാന്‍ എന്നെ കൊണ്ട് തോറ്റു.." ഞാന്‍ വിനയീന്വാതനായി..
"അതും പോരാഞ്ഞു എനിക്ക് സ്വന്തമായി ഫേസ്ബുക്ക്‌ പേജ് വരെ ഉണ്ട്.." ഒരാവേശത്തില്‍ പറഞ്ഞു പോയതാണേലും അത് വേണ്ടായിരുന്നു എന്നെനിക്കു പിന്നെ തോന്നിപ്പോയി.. കാരണം ചിലപ്പോ അയമ്മൂട്ടിയുടെ മുറുക്കാന്‍ കടക്കു പോലും കാണും സ്വന്തമായി ഫേസ്ബുക്ക്‌ പേജ്..!!!
പക്ഷെ എന്റെ ഭാഗ്യത്തിന് അതുണ്ടായില്ല.. അയമ്മൂട്ടി അഭിമാനത്തോടെ എന്നെയും പെണ്ണിന്റെ ബാപ്പയെയും നോക്കി, എന്നിട്ട് പറഞ്ഞു..
"ചെക്കന്‍ മിടുക്കനാ.."
"ഇത്രേം മിടുക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല.." ജാബിര്‍ എന്നോടായി പറഞ്ഞു..

കുറച്ചു നേരത്തിനു ശേഷം ഞങ്ങള്‍  പോകാനായി എഴുന്നേറ്റു..
ഇറങ്ങുംനേരം ഒന്ന് കൂടി പെണ്ണിനെ നോക്കി...
'ഓളാ തട്ടമിട്ടു കഴിഞ്ഞാ പിന്നെ രണ്ടാമതും എന്റെ  സാറേ,പിന്നേം ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റൂല"..കാരണം.....രണ്ടാമതും അയമ്മൂട്ടി ഓളുടെ മുന്നില്‍ കേറി നിന്നു,എന്നിട്ട് ചോദിച്ചു..
"അനക്ക് ഓളോട് സംസാരിക്കണോ?? "
ആ ചോദ്യം കേട്ടതും എന്നില്‍ നാണം വിളയാടി.. ശോ..ഇത്രേം നാണം എന്നിലുണ്ടായിരുന്നോ??
'എന്റെ പൊന്നു നാണമേ,നീ ഇത്രേം കാലം എവിടെയായിരുന്നു..??'  ഞാന്‍ എന്നോട് തന്നെ ചോദിച്ചു..
"ഉം.. വേണം.." എന്റെ മനസ് മനസിലാക്കി മറുപടി പറഞ്ഞത് അലിയായിരുന്നു..
"ഉം..രണ്ടേ രണ്ടു ചോദ്യം ചോദിച്ചോ.. അതില്‍ കൂടുതല്‍ പാടില്ല.. " അയമ്മൂട്ടിയുടെ ഉത്തരവ്..
"അതെന്താ ഈ രണ്ടു ചോദ്യം..??" സംശയം അലിക്ക്..
"ഇരുപത്തൊന്നു ചോദ്യം ചോദിയ്ക്കാന്‍ ഇത് അശ്വമേധം അല്ലല്ലോ.. അതോണ്ട് രണ്ടെണ്ണം മതി.." അലിയുടെ സംശയം അയമ്മൂട്ടി വിദഗ്ദമായി തീര്‍ത്തു കൊടുത്തു..
'പടച്ചോനെ,എന്ത് ചോദിക്കും?? രണ്ടു ചോദ്യം.. കതാലായ രണ്ടു ചോദ്യം എനിക്ക് മുന്നില്‍ തരൂ.. ' ഞാന്‍ പ്രാര്‍ത്ഥിച്ചു തീരലും അലി ആദ്യചോദ്യം ചോദിച്ചു..
"അനക്ക് ഫേസ്ബുക്ക്‌ ഐഡി ഉണ്ടോ? "
ടിഷും..
"ഇല്ല" പെണ്ണിന്റെ  മറുപടി..
"മോനേ.. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.."പരസ്യത്തിലെ ചീവീടിനെ പോലെ അലിയുടെ ശബ്ദം ഉയര്‍ന്നു..
ഞാന്‍ അവനെ ദേഷ്യത്തില്‍ നോക്കി..
"ഫേസ്ബുക്ക്‌ ഇല്ലാത്ത ഒരു പെണ്ണ്.. ശോ.. നിന്‍റെ ഒരു ഭാഗ്യം.."
"പോടാ.. നാട്ടിന്‍പുറത്തെ ഒരു പെണ്ണിനോടാ അവന്റെ കോപ്പിലെ ഒരു ഫേസ്ബുക്ക്‌ ചോദ്യം.. ഒരു ചോദ്യം വേസ്റ്റ് ആക്കി.." ഞാന്‍ ദേഷ്യത്തോടെ അലിയോട് പറഞ്ഞു..
"പിന്നെ, നാട്ടിന്‍പുറം.. കണ്ട അണ്ടനും അടഗോടനും വരെ മൊബൈലില്‍ ഫേസ്ബുക്ക്‌ എടുക്കുന്ന കാലമാ.." അലി പറഞ്ഞതും രണ്ടു സൈഡില്‍ നിന്നും ജബിരും ശിഫാസും  മൊബൈല്‍ എടുത്തു ഫേസ്ബുക്ക്‌ ലോഗ് ഔട്ട്‌ ചെയ്യാനുള്ള തിരക്കിലായി.. !!! അതെന്താ അങ്ങനെ??
അടുത്ത ചോദ്യത്തിനുള്ള സമയം..
അലി മണ്ടത്തരം വല്ലതും ചോദിക്കുന്നതിനു മുമ്പ് വേണം എന്നലോചിക്കവേ അലിയുടെ ശബ്ദം പിന്നെയുമുയര്‍ന്നു..
"അനക്ക് മൊബൈല്‍ ഉണ്ടോ??"
"ഇല്ല" എന്ന് പെണ്ണ് വീണ്ടും...
"മോനേ.. മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി.." ചീവീട് പിന്നെയും കരഞ്ഞു..
'ഫാ.. കള്ള നാ__ മോനെ.. രണ്ടു ചോദ്യം ചോദിച്ചു കൊളമാക്കിയിട്ട് അവന്‍റെ ഒരു ലഡ്ഡു പൊട്ടിക്കല്‍.. നീ ഇവിടന്നിറങ്ങ് .. നിന്‍റെ നെഞ്ചത്ത് കേറി ഞാന്‍ പൊട്ടിക്കാം മൂന്നാമത്തെ ലഡ്ഡു.. '
എന്ന് മനസ്സില്‍ പറഞ്ഞ ഒരു ചോദ്യമെങ്കിലും പെണ്ണിനോട് നേരാംവണ്ണം ചോദിക്കാം എന്ന് കരുതവേ 'ഗുരുജി' അല്ല അയമ്മൂട്ടി ഗെയിം തീര്‍ന്നതിന്റെ ബെല്‍ മുഴക്കി....
പിന്നെ പതിയെ പുറത്തേക്ക്..

വണ്ടിയില്‍ കേറാം നേരം എന്നെ പിറകില്‍ നിന്നും വിളിച്ചു അയമ്മൂട്ടി പറഞ്ഞു..
"എനിക്ക് നിന്നെ പെരുത്ത്‌ ഇഷ്ടായിരിക്കണ് .."
"എനിക്കും.."  എന്ന് എന്‍റെ മറുപടി..
"എന്ത്..?? നിനക്ക് അയമ്മൂട്ടിയെ ഇഷ്ടായെന്നാ.. " അലി ദേഷ്യത്തോടെ ചെവിയില്‍ ചോദിച്ചു..
"അല്ല..എനിക്ക് എന്നെ തന്നെ പെരുത്ത്‌ ഇഷ്ടായിരിക്കണ് എന്ന്.. ." ഞാന്‍ മറുപടി പറഞ്ഞു..
"ആഹ്. എന്ന കുഴപ്പമില്ല.. കുറ്റോം പറയുന്നില്ല.. ഇഷ്ടപ്പെട്ടോ.. "

അങ്ങനെ തിരിച്ചു വീട്ടിലേക്കു പോകാന്‍ വണ്ടിയില്‍ കയറി..
ശിഫാസും ജാബിറും അയമ്മൂട്ടിയെ വലിച്ചു കീറി പോസ്റ്റര്‍ ആക്കിയതില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ അലി മാത്രം മൌനിയായി..
കുറച്ചു കഴിഞ്ഞു അലിയെ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി..
വണ്ടി ഇടിച്ചു പരിക്കൊന്നും പറ്റാതെ വീട്ടില്‍ വന്ന പെങ്ങളെ പീഡിപ്പിച്ചു  പരിക്ക് പറ്റിച്ചതും പോരാഞ്ഞു '"എന്നാലും അവളൊന്നു നിലവിളിച്ചിരുന്നെങ്കില്‍..' എന്ന് പറഞ്ഞ സോമനെ നോക്കി ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി തേങ്ങുന്നതു പോലെ അലി തേങ്ങുന്നു..
"എന്താടാ കാര്യം??" ഞാന്‍ ചോദിച്ചു..
"എന്നാലും നീ പറഞ്ഞില്ലല്ലോ.. " അവന്‍റെ മറുപടി..
"എന്തോന്ന്??"
"നീ വല്യ ബ്ലോഗ്ഗര്‍ ആണെന്ന കാര്യം.."
എഹ്..
"എടാ മണ്ടാ.. അത് ആ  അയമ്മൂട്ടിയെ ആക്കിയതല്ലേ..."
"അല്ല അല്ല അല്ല..നീ എന്നെ അറിയിച്ചില്ല.. ആഹ്.. അതെന്തെലും ആവട്ടെ,വേറൊരു കാര്യം ചോദിക്കട്ടെ.. ഈ കമന്റ്‌ എന്ന് പറയുന്നത് റിയാലിനെകാളും മൂല്യമുള്ള പൈസയാണോ??"
'എന്റമ്മോ.. നീ അയമ്മൂട്ടിയുടെ ബാപ്പയാണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ മുത്തേ,അറിഞ്ഞില്ലല്ലോ..' ഞാനും ജബിറും ശിഫാസും ഒരുമിച്ച് പറഞ്ഞു..
"റിയാല്‍ അല്ല, ഡോളറിനെക്കളും മൂല്യമുള്ളതാ.." ഞാന്‍ പറഞ്ഞു..
"എന്നിട്ട് ഞാന്‍ കടം ചോദിച്ചപ്പോ നീ പറഞ്ഞത് നിന്‍റെ കയ്യില്‍ കാശില്ല എന്നല്ലേ.. ഒരു ചെങ്ങായിയെ ചതിക്കാന്‍ നിനക്കെങ്ങനെ തോന്നി?? " അലി വീണ്ടും വികാരാധീധനായി..
ന്‍റെ പൊന്നേ..!!!
"അടുത്ത പോസ്റ്റ്‌ ഇറങ്ങട്ടെ.. എനിക്ക് കിട്ടുന്നതിന്‍റെ പകുതി കമന്റ്‌ എങ്കിലും നിനക്ക് ഞാന്‍ തന്നിരിക്കും.. "ഞാന്‍ അലിക്ക് ഉറപ്പു കൊടുത്തു..
"സത്യം..??" പുന്നെല്ലു കണ്ട എലിയെ പോലെ പ്രസന്നമായ മുഖത്തോടെ അലി ചോദിച്ചു..
"സത്യം.. അന്‍റെ പണ്ടാര ബുദ്ധിയാണെ സത്യം.."
അത് പറഞ്ഞതോടെ എല്ലാര്‍ക്കും സന്തോഷമായി.. നേരെ വീട്ടിലേക്കു..
പെണ്ണ് കാണല്‍ ചടങ്ങ് അവിടെ അവസാനിക്കുന്നു.. പക്ഷെ..
                        
                               (തുടരും... തുടരണോ..?? ആഹ്.. ചിലപ്പോ തുടരും..)

സ്നേഹപൂര്‍വ്വം,
ഫായിസ്..

------------------------------------------------------------------------------------------------------------- XXX ----------------------------------------------------------------------------------------------------------------------

ഫായിസിന്റെ കാര്യം അവിടെ നിക്കട്ടെ,അവന്റെ കല്യാണം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ,കാരണം ഫായിസ് എന്നത് ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണല്ലോ..എനിക്കെന്ന പോലെ നിങ്ങള്‍ക്കുമറിയാം  മുകളില്‍ നടന്ന കഥയും സാങ്കല്പികം മാത്രമാണെന്ന്..
ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍ " എന്ന നോവലിന്റെ അവസാന ഭാഗം പറയുന്നത് പോലെ 'ഒരു കഥാപാത്രത്തിന്റെ പിറകെ പോകേണ്ട കാര്യം കഥയെഴുത്തുകാരനോ വായനക്കാര്‍ക്കോ ഇല്ല ', പ്രതേകിച്ചു  കഥയെഴുത്തുകാരന്,അതായതു ഫിറോസ്‌ എന്ന എനിക്ക് കുറച്ചു കാര്യം പറയാനുള്ളപ്പോള്‍ ഫായിസിന്റെ പെണ്ണ്കാണല്‍ ചടങ്ങിന്റെ പിറകില്‍ എന്തിനു പോകണം...!!!  

ഇനി ആ ഇമ്മിണി ബല്യ കാര്യത്തിലേക്ക് വരാം..!!!
ഈ മാസം 23 -ലേക്ക് (സെപ്റ്റംബര്‍ 23) എന്റെ കല്യാണം ഉറപ്പിച്ച വിവരം നിങ്ങളെ എല്ലാവരെയും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു..

ന്നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം എന്ന അഭ്യര്തനയോടെ,
സ്നേഹപൂര്‍വ്വം,
ഫിറോസ്‌                                                  

Monday, September 3, 2012

നാല് ഫോണ്‍ വിളികള്‍ക്കിടയില്‍...!!!

(ഫായിസിന്റെ ഫോണിലേക്ക് ഇന്‍കമിംഗ് കോള്‍ )

"ഹലോ"
"ഹലോ, ഇജ്ജു പായിസ് ല്ലെ??"
"ആവണോ?? ആവണേല്‍ ആവാം.. ഇതാരാ??"
"ഞാനാട അന്‍സാര്‍.."
"അടയന്‍സാറോ.. അതാരാ??"
"അതല്ലടാ.. ഞമ്മള് അന്‍സാര്‍, ഷമീനയുടെ കാമുകന്‍.."
"ഏതു ഷമീന??"
"ന്റെ കാമുകി ഷമീന.."
"ഓഹോ.. അപ്പൊ നീയും ഷമീനയും കാമുകീ കാമുകന്മാര്‍ ആണല്ലേ??"
"അതേ.. അതെങ്ങനെ മനസിലായി??"
"അതെനിക്ക് ഭയങ്കര ബുദ്ധിയാ..!!!! ഫ ഹിമാറെ, രാവിലെ തന്നെ വിളിച്ചു മനുഷ്യനെ വടിയാക്കുന്നാ..ആരാടാ നീ..??"
"അന്‍സാര്‍ ആണെടാ.. കോളേജില്‍ പഠിക്കുമ്പോള്‍ നീയും പ്രകാശും സുനീറും ഒക്കെ ചേര്‍ന്ന് ഒരു കല്യാണം മുടക്കിയത് ഓര്‍ക്കുന്നില്ലേ.. അതേ ഷമീനയും അന്‍സാറും തന്നെ..  "
"അത് ശരി, ഓളെ വാപ്പ ഇതുവരെ നിന്നെ തല്ലിക്കൊന്നില്ലേ??? "
"ന്താ നീയിപ്പോ അങ്ങനെ ചോയിക്കുന്നെ??"
"അല്ല.. കോളേജ് കഴിഞ്ഞു ആറ് കൊല്ലായി.. ന്നിട്ട് നീ ഇപ്പൊ അല്ലെ എന്നെ വിളിക്കുന്നെ.. ഞാന്‍ വിചാരിച്ചത് അന്റെ മയ്യിത്ത് ഓളുടെ വപ്പേം കൂട്ടരും ചേര്‍ന്ന് എടുത്തുകാണും  എന്ന്.."
"അത് മാത്രം നടന്നില്ല.. ബാക്കി എല്ലാം നടന്നു.. ഇപ്പൊ ബല്യ പ്രശ്നത്തിലാ..അതാ അന്നെ വിളിച്ചത്.."
"പഹ്.. പ്രശ്നം വരുമ്പോള്‍ മാത്രം വിളിക്കാന്‍ ഞാനെന്താ ആറ്റുകാല്‍ രാധാകൃഷ്ണനോ?? നിയ്യ്‌ ഫോണ്‍ വെച്ചിട്ട് പോയെ.. "
"ഇയ്യ്‌ അങ്ങനെ പറയല്ല..ഇയ്യോക്കെ ചേര്‍ന്നല്ലേ ഞമ്മളെ കാര്യങ്ങളൊക്കെ ചെയ്തു തന്നത്.. അപ്പൊ പ്രശ്നം ഉണ്ടാകുമ്പോ ഇങ്ങളൊക്കെ തന്നെയല്ലേ വിളിക്കേണ്ടത്..അതാ അന്നെ വിളിച്ചേ.... "
"എടാ.. അന്നൊക്കെ എനിക്ക് തടിയും മടിയുമൊന്നുമില്ലാത്ത ടൈംസ്‌ ആയിരുന്നു.. ഇപ്പൊ ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്.. ആവശ്യത്തിനു തടിയും അതില്‍ കൂടുതല്‍ മടിയും ഉണ്ട്..അതോണ്ട് പഴേ പോലെ ഓടാനും തല്ലു കൊള്ളാനൊന്നും  വയ്യ..അതോണ്ട് മോന്‍ ഫോണ്‍ വെക്ക്.."
"അങ്ങനെ പറയല്ലേ.. ഞാന്‍ പറയുന്നത് ഇയ്യാദ്യം ഒന്ന് കേക്ക്.. "
"കേക്ക്.. തേക്ക്..!!! ഉം..ന്താന്ന് വെച്ചാ പറഞ്ഞു തൊല.."
"ഓളെ വാപ്പ ഇന്നലെ വിളിച്ചാരുന്നു.."
"തന്തക്കോ അതോ തള്ളക്കോ??"
"ല്ല..ന്നെ തന്നെയാ വിളിച്ചത്.."
"അതല്ല.. അങ്ങേരു വിളിച്ചത് നിന്റെ തന്തക്കാണോ അതോ തള്ളയ്ക്കാണോ എന്ന്.."
"ജീവിച്ചിരിക്കുന്ന തന്തക്കും തള്ളക്കും പിന്നെ മരിച്ചു പോയ കാര്‍ന്നോര്മാര്‍ക്ക് വരെ തെറി വിളിച്ചു "
"തട്ടിപ്പോയ കാര്‍ന്നോര്മാര്‍ക്ക് വിളിച്ചത് നമുക്കൊന്നും ചെയ്യാന്‍ പറ്റൂല..ജീവിച്ചിരിക്കുന്നോര്‍ക്ക് വിളിച്ചത്  ചൂടാറുന്നതിനു മുമ്പ് അവര്‍ക്കെത്തിക്കാന്‍ നോക്ക്, നിന്നെ പോലോത്തെ ഒരുത്തനെ വളര്‍ത്തി വലുതാക്കിയതിന് അവര്‍ക്കുള്ള മെഡല്‍."
"ന്തായാലും ഒരുകാര്യം ഞമ്മക്ക് മനസിലായി.."
"എന്ത്?"
"എന്ത് വന്നാലും ഓളെ ഞമ്മക്ക് കിട്ടൂല എന്ന്.."
"അതെല്ലേലും നീ അങ്ങനാന്നു എനിക്കറിയാം.. വിഷു മിസ്സ്‌ ആയി എന്നും പറഞ്ഞു ക്രിസ്മസ്-ന് പടക്കം പൊട്ടിക്കണം എന്ന് പറഞ്ഞോനല്ലേ നീ.. അതോണ്ട്,  ഓളെ നിനക്ക് കിട്ടൂല എന്ന് മനസിലാക്കാന്‍ ആറു കൊല്ലം എടുത്തതിനു ഞാന്‍ നിന്നെ കുറ്റം പറയില്ല..വെറുതെ നിന്‍റെ നിര്‍മാതാവിന് ഒരു മെഡല്‍ കൂടി നല്‍കാനും വയ്യ എനിക്ക്..  "
"എന്തായാലും ഒന്ന് തീരുമാനിച്ചു.."
"എന്ത്??"
"ഓളെ നമ്മള് വിടാന്‍ തീരുമാനിച്ചു.."
"നല്ല തീരുമാനം.. ഒള് രക്ഷപ്പെട്ടു..അതിനെന്തിനാട ഹിമാറെ,നീ എന്നെ വിളിച്ചത്..??"
"ഓളെ ഒഴിവാക്കാന്‍ നീ എന്തേലും ചെയ്തു തരണം.."
"എഹ്..!!!?? പല തരത്തിലുള്ള പിരാന്തന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്..പക്ഷെ നിന്നെ പോലുള്ള ഒരു നട്ടപ്പിരാന്തനെ ആദ്യായിട്ട് കാണുവാ..പ്രേമം തുടങ്ങാന്‍ ബ്രോക്കര്‍മാരെ സമീപിക്കുന്നത് സാധാരണം..ഇതിപ്പോ  പ്രേമം മുടക്കാനും വേറൊരാളുടെ സഹായം വേണംപോലും..!!!"
"എടാ, അതല്ല.. ഞാന്‍ ഓളോട് എന്ത് പറഞ്ഞാലും ഓക്കങ്ങനെ വിട്ടുപോകാന്‍ പറ്റില്ല.. ഓക്കറിയാം,ഞാന്‍ നൊണ പറയുവാന്നു.. അതോണ്ട് ഓള് പിന്നേം വിളിക്കും,ഞാന്‍ എടുക്കേം ചെയ്യും.. ഇനിയിപ്പം ഒരേ ഒരു വഴി ഓളെ ഞാനും ഓളെന്നേം  വെറുക്കുന്നത് പോലെ പിരിയുന്നതാണ്.. അതോണ്ട്..!!!"
"അതോണ്ട്..??"
"അതോണ്ട് ഇയ്യെങ്ങനെയെങ്കിലും ഞമ്മള് രണ്ടിനേം പിരിയിക്കണം.. "
"ഇതൊരുജാതി ടൈപ്പ് പണിയായിപ്പോയിഷ്ടാ ..വല്ല പാലോ മോരോ വല്ലതുമാണോ പിരിയിക്കാന്‍..!! ശോ.. ഏതായാലും നീയൊരു കാര്യം ചെയ്, ഓളുടെ നമ്പര്‍ താ.. ഞാന്‍ വല്ല വഴിയുമുണ്ടോന്നു നോക്കട്ടെ.."
"9895XXXX38 .. "
"ഒകെ..എന്തേലും ഉണ്ടേല്‍ ഞാന്‍ വിളിക്കാം.. ഇല്ലേല്‍ നീ എന്നെ വിളിക്കേം വേണ്ട..ഞാന്‍ ഈ നമ്പര്‍ തന്നെ മാറ്റും..ബൈ.."
ബീപ്-ബീപ്-ബീപ്..

(ഫായിസ് അന്‍സാര്‍ എന്ന വ്യാജേനെ ഷമീനയെ വിളിക്കുന്നു..)
"ഹലോ.. ആരാ??"
"ഞാനാ മോളെ അന്സാറിക്ക.."
"ഇക്കെടെ സൌണ്ട് എന്താ ഇങ്ങനെ??"
"അത്.. അത്.. ജലദോഷം ഉച്ചീല്‍ കേറിയതാ "
"ഇക്കാ ന്താ ഞമ്മളെ കണ്ണൂര്‍ ഭാശ വിട്ടു ഒരുമാതിരി ബിര്ത്തികെട്ട ഭാഷേല്‍ സംസാരിക്കുന്നെ..??  "
"അത്.. അത്.. ജലദോഷം ബന്ന് തുമ്മി തുമ്മി കൊച്ചീലെ ഭാശ ആയിപ്പോയതാ മോളെ..ജ്ജ് മാപ്പാക്കീന്‍.."
"ആയിരിക്കട്ടെ.. ഇതേതാ ഈ നമ്പര്‍??"
"അത്.. ഞമ്മളെ ചാര്‍ജ് തീര്‍ന്നുപോയി.. ഞമ്മളെ ചെങ്ങായിന്റെ ഫോണില്‍ നിന്നാ വിളിക്കുന്നത്‌.. മോളോട് ഒരു ബല്യെക്കാട്ടെ കാര്യം പറയാനുണ്ട്.. "
"ന്താ ഇക്കാ??"
"മോളെ വാപ്പ വിളിച്ചിരിക്കണ് .. ഞമ്മള് ഒരിക്കലും ഒരിമിക്കാന്‍ സമ്മതിക്കൂല എന്ന് പറഞ്ഞു ആ ഷുജായി..അതോണ്ട്.."
"അതോണ്ട്..??"
"ഒന്നിച്ചു ജീവിക്കനല്ലേ ഓരുടെ സമ്മതം വേണ്ടു..മരിക്കാന്‍ ആരുടേം സമ്മതം വേണ്ടല്ലോ.. അതോണ്ട്..  "
"പിന്നേം അതോണ്ട്..??"
"അതോണ്ട്.... ഞാനിന്നു രാത്രി 11 മണിക്ക് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കും..ആദ്യം വരുന്ന വണ്ടിക്കു ഞമ്മക്ക് രണ്ടാക്കും ഈ ജീവിതം അവസാനിപ്പിക്കാം.."
"ന്റെ പടച്ചോനേ.. ഇക്ക ന്താ ഈ പറയണേ..ഇക്കാക്ക്‌ പിരാന്തായ..??ഞമ്മക്കൊന്നും മനസിലാവുന്നില്ല.... "
"മോക്ക് ഇക്കനോട് സ്നേഹം ഉണ്ടെങ്കില്‍ വാ..ഞമ്മള് ഒറപ്പിച്ചു കഴിഞ്ഞു.."
"ന്റെ പടച്ചോനെ...!!!"
ബീപ്-ബീപ്-ബീപ്..

(ഫായിസ് അന്‍സാറിനെ വിളിക്കുന്നു..)
"ടാ..എല്ലാം ശരിയാക്കി.. ഇയ്യ്‌ ഒരു കാര്യം കൂടി ചെയ്യണം ഇനി.."
"ന്താ പായിസേ??"
"ഓളോട്‌ ഇങ്ങള്‍ രണ്ടാളും ട്രെയിനിനു ചാടി ആത്മഹത്യ ചെയ്യാന്‍ പോകുവാ എന്ന് പറഞ്ഞാ ഞാന്‍ വിളിച്ചത്.. "
"എഹ്??"
"നീ ഇന്ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍ പോയി അവസാനായിട്ട് ഓളെ ഫോണ്‍ വിളിക്കണം..എന്നിട്ട്  'ഇയ്യെന്നെ ചതിച്ചു അല്ലേ ഹമുക്കെ,ഇനി നമ്മള്‍ തമ്മില്‍ കാണൂല.. ഗുഡ് ബൈ' എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്യണം.."
"അപ്പൊ ഞാന്‍ ശരിക്കും മരിക്കണോ??"
"അത് നിന്റിഷ്ടം.. വേണേല്‍ മരിച്ചോ.. പക്ഷെ എന്‍റെ തിരക്കഥയില്‍ നീ മരിക്കണം എന്നില്ല.."
"അപ്പൊ ഓള്‍ എപ്പേലും എന്നെ കണ്ടാല്‍ ചോദിക്കൂലെ,'ഇങ്ങളന്നു ചത്തില്ലേ' എന്ന് .. അപ്പൊ ന്ത് മറുപടി പറയും?? "
"അന്ന് ഒരു മൂഡ്‌ ഉണ്ടായില്ല, മൂഡ്‌ വരുമ്പോള്‍ ചെയ്യാം എന്ന് പറഞ്ഞാല്‍ മതി..അല്ല പിന്നെ.. "
"അങ്ങനെ പറഞ്ഞാല്‍ ഓള് വിശ്വസിക്കുമോ??"
"എഹ്... എടാ പോത്തെ.. ആദ്യം ഞാന്‍ പറയുന്നത് മുഴുവന്‍ നീ ഒന്ന് കേള്‍ക്ക്.. ഒരു കാര്യം പറയുമ്പോ അവന്‍റെ ഒരൊണക്ക ചോദ്യം.."
"ഉം.. പറ.."
"ആ ഡയലോഗ് പറഞ്ഞതിന് ശേഷം നീ ഒരു മെസ്സേജ് അയച്ചാല്‍ മതി.. ആ മെസ്സേജ് അയച്ചതിന് ശേഷം പിന്നൊരിക്കലും ഓളെ നീ വിളിക്കരുത്.. ഓള് നിന്നെ ചതിച്ചു എന്ന് കരുതിയാ മതി..കേട്ടോ.."
"അല്ല.. ഇനിയിപ്പോ ഓള് ശരിക്കും വന്നാലോ..??"
"എടാ ഒളൊരു പെണ്ണാ.. പോരാത്തതിനു ഈ നൂറ്റാണ്ടിലെ ഒരു കാമുകിയും.. ഓള് വരില്ല, ചതിക്കും... ഒറപ്പാ.."
"ഉം..ശരി.. ഇനി ഇയ്യാ മെസ്സേജ് അയയ്ക്കു.."
"ഓക്കേ.. ബൈ.."
ബീപ്-ബീപ്-ബീപ്..
ണിം ണിം....
1 New Message Received
Message Opening
....
"എന്നാലും ഇന്നെ വിശ്വസിച്ചു ഇറങ്ങി പൊറപ്പെട്ട അന്ന നീ ചതിച്ചല്ലോ..വയ്കിപ്പോയി ഹിമാറെ അന്നെ മനസിലാക്കാന്‍..ഞമ്മള് മരിച്ചതായി ഇയ്യും, ഇയ്യ്‌ മരിച്ചതായും ഞമ്മളും കണക്കാക്കുക..ചുംബിച്ച ചുണ്ടിനു ബിട തരിക..എന്നെ സ്നേഹിക്കാത്ത നിനക്ക് വേണ്ടി തീര്‍ക്കാനുള്ളതല്ല ന്‍റെ ഈ ജീവിതം..ഞമ്മളെ ഇനി വിളിക്കരുത്..ഗുഡ് ബൈ.. "

(രാത്രി 12 മണി..ഫായിസിന്റെ ഫോണിലേക്ക് അന്‍സാര്‍ വിളിക്കുന്നു..)

"ഹലോ.. "
"പായിസേ.. ഇജ്ജു ഉറങ്ങുവാണോ??"
"അല്ല.. കപ്പ നടുവാ..!!! "
"ഇപ്പോഴോ??"
"ഫാ..!!! അര്‍ദ്ധരാത്രിക്ക് വിളിച്ചു കിന്നാരം പറയാതെ കാര്യം പറയെടാ ശൈത്താനെ..."
"ഞാന്‍ ഇപ്പൊ റെയില്‍വേ സ്റ്റേഷനില്‍ നിന്നാ വിളിക്കുന്നെ.."
"അന്നെ ആരാ അവിടെ കുഴിച്ചിട്ടത്..?? ഞാന്‍ അയച്ച മെസ്സേജ് അവള്‍ക്കയച്ചു വീട്ടില്‍ പോകാന്‍ നോക്കെടാ..."
"അതല്ല.. ഒരു ചെറിയ കാര്യം ഉണ്ട്.."
"എന്താ..ആ മെസ്സേജ് നീ ഡിലീറ്റ് ചെയ്തു കളഞ്ഞാ.."
"അതൊന്നുമല്ല.. "
"പിന്നെ.."
"ഒരു നെയ്‌റ്റി മാത്രം ഇട്ടു ഓള് വന്നിട്ടുണ്ട്.. ട്രെയിനിനു മുന്നില്‍ ചാടണം എന്ന് പറഞ്ഞു വാശി പിടിക്കുവാ.. ഞാനെന്താ ചെയ്യേണ്ടത്?? "
"എഹ്..ന്‍റെ പടച്ചോനെ.."
"ഇയ്യ്‌ പറയുന്നത് പോലെ ഞാന്‍ ചെയ്യാം.. പറ.. ഞാന്‍ ചാടണോ? ഇയ്യ്‌ പറ പായിസേ, ഇയ്യ്‌ പറ...."
"........................"
"പറയെടാ.. ഞാന്‍ ചാടണോ അതോ ഓടണോ...?? "
".............."
"ഹലോ.. ഹലോ.. ഹലോ.."
ബീപ്-ബീപ്-ബീപ്..

കുറച്ചു നേരത്തിനു ശേഷം അന്‍സാര്‍ വീണ്ടും ഫായിസിനെ വിളിക്കുന്നു..
"നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു.."
ണിം ണിം....
1 New Message Received
Message Opening
....
"ന്‍റെ പൊന്നുമോനെ..നിങ്ങള്‍ രണ്ടാളും കൂടി ഒന്നിച്ച്‌ തീരുമാനിച്ചു ചാടുവാണേല്‍ ചാട്..പിന്നെ ചാടിക്കഴിഞ്ഞു 'വേണ്ടായിരുന്നു' എന്ന് തോന്നുവാണേല്‍ ബാക്കി പടച്ചോന്‍ നോക്കിക്കോളും...അല്ലെ പിന്നെ ഒരു കാര്യം ചെയ്..ഏതായാലും ഓള് വന്നതല്ലേ..ഓള് ചാവാന്‍ വന്നതായത് കൊണ്ട് കാശൊന്നും കൊണ്ടു വന്നിട്ടുണ്ടാവില്ല, ഇയ്യാണേല്‍ അതിനല്ലല്ലോ അവിടെ പോയത്..അതോണ്ട് അന്‍റെ കയ്യിലുള്ള കാശ് കൊണ്ട് ഓക്ക് ഒരു ജോഡി ഡ്രെസ്സും വാങ്ങികൊടുത്ത്‌ ഇനി വരുന്ന ട്രെയിനിനു  ഓളേം കൊണ്ട് ദുനിയാവിന്‍റെ ഏതേലും അറ്റത്തേക്ക് പോകാന്‍ നോക്ക്.. അവിടെ എത്തിയാലും ഇല്ലേലും ഇയ്യൊരിക്കലും എന്നെ വിളിക്കരുത്..ഇനീം ഒന്നും താങ്ങാനുള്ള ആവത്‌ എനക്കില്ല..ഞാന്‍ ഈ നമ്പര്‍ തന്നെ ഉപേക്ഷിക്കുന്നു..
ജീവിക്കുകയണേല്‍ എവിടേലും വെച്ച് കാണാം.. ഗുഡ് ബൈ.. സ്നേഹത്തോടെ, ഫായിസ്.. "

ണിം ണിം....
1 New Message Received
Message Opening
....
"ഒരു കാര്യം പറയാന്‍ മറന്നു പോയി..മരിക്കാന്‍ വളരെ എളുപ്പാ..നട്ടെല്ലിന്റെ സ്ഥാനത്ത് കരിമ്പിന്‍ചണ്ടിയുള്ള ഏതോനും അത് പറ്റും.. എന്നാല്‍ ജീവിക്കുക എന്നത് കുറച്ചു പ്രയാസാ,അതാണ് ആണത്തവും ..നട്ടെല്ല് തപ്പി നോക്കി ഇയ്യ്‌ തീരുമാനിക്ക്,മരിക്കണോ അതോ ജീവിക്കണോ എന്ന്..രണ്ടാമതും ഗുഡ് ബൈ.. സ്നേഹത്തോടെ, ഫായിസ്.."


കുറച്ചു നേരത്തിനു ശേഷം അന്‍സാര്‍ വീണ്ടും ഫായിസിനെ വിളിക്കുന്നു..
"നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല.."

അന്‍സാര്‍ വിദൂരതയിലേക്ക് നോക്കുന്നു..
ദൂരെ തുറന്നിരിക്കുന്ന തുണിക്കട.. മൈകില്‍ ഒരു ശബ്ദം,
"വണ്ടി 15 മിനിറ്റ് വൈകിയോടുന്നു.."
ഇനി...

(ശുഭം..)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...