പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Wednesday, May 30, 2012

അമ്മേ,മാപ്പ്... !!!


ഒരു വര്‍ഷത്തിനു മുമ്പ്..
സുഹൃത്തുക്കളുമായി ഗോവയില്‍ പോയി തിരിച്ചു വരുന്ന ഒരു രാത്രിയില്‍ പെയ്ത കണ്ണീരിന്‍റെ ഉപ്പുരസമുള്ള അനുഭവ കഥയാണിത്‌ ..!!!

ഗോവയില്‍ നിന്നും എറണാകുളത്തേക്കുള്ള ഡയറക്റ്റ് ട്രെയിന്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടു..
എറണാകുളത്ത് നേരത്തേ എത്തണം എന്നത് കൊണ്ട് തന്നെ ആദ്യം കിട്ടിയ മംഗലാപുരം വണ്ടിയില്‍ കയറി ഞങ്ങള്‍ മംഗലാപുരത്തെക്ക്..
രാത്രി 11 മണിക്ക് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തി,പക്ഷെ എറണാകുളത്തേക്ക് രാവിലെ 6 മണിക്ക് മാത്രമേ വണ്ടിയുള്ളൂ എന്ന നിരാശയില്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നും, നിന്നും,ലാപ്‌ ടോപ്പില്‍ സിനിമ കണ്ടും സമയം ചെലവഴിച്ചു..

അതിരാവിലെ മൂന്നു മണി..
വിശ്രമ മുറിയില്‍ ഒരു കസേരയില്‍ ഇരുന്നു ഉറക്കത്തിലേക്കു വഴുതി വീഴവെ,ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടാണ് ഞെട്ടി എഴുന്നേറ്റത്..
"ഈശ്വരാ എന്‍റെ മാല.." എന്നായിരുന്നു ആ കരച്ചിലില്‍..
കാര്യം മനസിലാകാതെ ആള്‍ക്കൂട്ടത്തിലേക്കു ഞാനും ഓടി..
സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നും കൂടെ ഉണ്ടായവരില്‍ നിന്നും കാര്യം മനസിലാക്കി..
ഏതോ അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞു വരികയായിരുന്നു അവര്‍, രാവിലെ ഞങ്ങള്‍ക്ക് പോകേണ്ട അതേ വണ്ടിയില്‍ പോകേണ്ടവര്‍..
വിശ്രമ മുറിയില്‍ കിടന്നുറങ്ങിയ സ്ത്രീയുടെ കഴുത്തില്‍ നിന്നും രണ്ടു പവന്‍ വരുന്ന മാല ആരോ മോഷ്ട്ടിച്ചു..
അവരുടെ സംസാരത്തില്‍ നിന്നും വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവരാണ് എന്ന് വ്യക്തം..
ആ സ്ത്രീ കരച്ചില്‍ നിര്‍ത്തുന്നില്ല.. ഭര്‍ത്താവ് എവിടെയൊക്കെയോ അലഞ്ഞു തിരഞ്ഞു ആരെയൊക്കെയോ നോക്കുന്നു..
"ഒരു കറുത്ത ഷര്‍ട്ട്‌ ഇട്ട,കള്ള ലക്ഷണമുള്ള പയ്യന്‍ ഇവിടെ അലഞ്ഞു തിരിയുന്നത് കണ്ടായിരുന്നു ഞാന്‍.."
കൂട്ടത്തില്‍ നിന്നും ഒരാള്‍ പറഞ്ഞു..
പിന്നെ എല്ലാവരുടെ കണ്ണുകളും ചുറ്റിലും പായാന്‍ തുടങ്ങി,അങ്ങനെ ലക്ഷണമുള്ള പയ്യനെ തേടി..
പക്ഷെ അങ്ങനെ ഒരു പയ്യനെ അവിടെയെവിടെയും കണ്ടില്ല..

സമയം പിന്നെയും മുന്നോട്ടു..
സമയം അഞ്ചു മണി..
ഞാനും സുഹൃത്ത് ജാബിറും ലാപ്ടോപ്പില്‍ സിനിമ കാണുന്നു..
പെട്ടെന്ന് എന്‍റെ അടുത്തിരുന്ന, നേരത്തേ പയ്യനെ പറ്റി സൂചന തന്ന ആള്‍ എന്നെ തോണ്ടി കൊണ്ടു പറഞ്ഞു,
"ദേ,ആ പയ്യനാണെന്ന് തോന്നുന്നു നേരത്തേ ഇവിടെ വന്നിരുന്നത്.."
ഞാന്‍ മുറിയുടെ പുറത്തേക്കു നോക്കി, കറുത്ത ഷര്‍ട്ട്‌ ഇട്ട ഒരു പയ്യന്‍ നടന്നു പോകുന്നത് കണ്ടു..
അധികം ആലോചിക്കാതെ ആ സ്ത്രീയുടെ ഭര്‍ത്താവിനെ കണ്ടു കാര്യം പറഞ്ഞു..
"നേരത്തേ ഇവിടെ വന്നത് പോലോത്തെ പയ്യന്‍ അങ്ങോട്ട്‌ പോയെന്നു.."
അത് കേട്ടതും അയാള്‍ പുറത്തേക്ക് ഓടി.. അയാളുടെ കൂടെ വേറെ കുറെ ആള്‍ക്കാരും..
ഞാന്‍ ലാപ്ടോപ് അടച്ചു വെച്ച്,ബാഗും എടുത്തു പുറത്തേക്ക് നടന്നു..

ഇപ്പോള്‍ പ്ലാട്ഫോമില്‍ നിറയെ ആള്‍ക്കൂട്ടം..
എല്ലാവരെയും പോലെ ഞാനും അവിടെക്കോടി..
എല്ലാവരും ചേര്‍ന്ന് ആ പയ്യനെ പിടിച്ചിരിക്കുന്നു..
ഞാന്‍ അവനെ തന്നെ നോക്കി നിന്നു..
ഒരു 20 വയസ്സ് തോന്നിക്കും,വെളുത്ത നിറം..അവന്‍ വല്ലാതെ വിയര്‍ത്തിരിക്കുന്നു..
"നീയല്ലേടാ നേരത്തേ ഇവിടെ വന്ന് മാല അടിച്ചെടുത്തത്.."
ആള്‍ക്കാര്‍ നാല് പാടും ചേര്‍ന്ന് അവന്‍റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു കൊണ്ട് ചോദിക്കുന്നു..
"ഇല്ല.. ഞാന്‍ എടുത്തില്ല. ഞാന്‍ നേരത്തേ ഇങ്ങോട്ട് വന്നത് പോലുമില്ല.."
അവന്‍ കരഞ്ഞു കൊണ്ടു മറുപടി പറഞ്ഞു..
"കള്ളം പറയുന്നോടാ നായിന്‍റെ മോനേ.."
അതും പറഞ്ഞു ആ സ്ത്രീയുടെ ഭര്‍ത്താവ് അവന്‍റെ മുഖം നോക്കി ഒരു അടി കൊടുത്തു,അത് കണ്ടതും കൂടെ ഉണ്ടായിരുന്നു കുറെ പേരും അവനെ മര്‍ദിക്കാന്‍ തുടങ്ങി..
ഒരോ അടി കിട്ടുമ്പോഴും അവന്‍ കരഞ്ഞു കൊണ്ടു പറയുന്നുണ്ടായിരുന്നു,"ഞാന്‍ അല്ല എടുത്തത്‌.. ദൈവം സത്യം.. എന്നെ തല്ലല്ലേ.. ഞാനല്ല എടുത്തത്‌.."
പക്ഷെ ആള്‍ക്കൂട്ടം അത് കേള്‍ക്കാതെ അവനെ അടിക്കുക തന്നെയാണ്..
അടിയുടെ തോത് കൂടിയപ്പോള്‍ അവന്‍ കുതറി ഓടാനുള്ള ഒരു വിഫല ശ്രമം നടത്തി..അതോടെ അടിയുടെ ശക്തിയും കൂടി..
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍റെ വായില്‍ നിന്നും ചോര വരാന്‍ തുടങ്ങി..
അവന്‍ അപ്പോഴും പറഞ്ഞു കൊണ്ടേ ഇരുന്നു..
"ഞാനല്ല എടുത്തത്‌.. എന്‍റെ അമ്മ സത്യം.. ഞാനല്ല.."
അപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് റെയില്‍വേ പോലീസിനെ അറിയിച്ചു..
അവര്‍ സ്ഥലത്തെത്തി..
ആള്‍ക്കാര്‍ വഴി മാറി കൊടുത്തു..
പോലീസുകാര്‍ വന്ന് മുറി മലയാളത്തില്‍ അവനോടു സംസാരിച്ചു തുടങ്ങി.
"നീ ആണോ എടുത്തത്‌??"
"അല്ല സര്‍ ഞാനല്ല.. ഞാന്‍ ഇപ്പൊ ഇങ്ങോട്ട് വന്നതേ ഉള്ളു.."
"നീ എവിടെ പോകാന്‍ വന്നതാ ഇവിടെ??"
"സര്‍ ഞാന്‍ ഈ മാര്‍ക്കെറ്റില്‍ പച്ചക്കറി ഇറക്കുന്ന ലോറിയില്‍ നിന്നും പച്ചക്കറി ഇറക്കി, റൂമില്‍ പോകുന്ന വഴി ഒരു ചായ കുടിക്കാന്‍ വേണ്ടി ഇതുവഴി വന്നതാ..അവിടാ എന്‍റെ റൂം.." അവന്‍ റെയില്‍വേ സ്റ്റേഷന്‍-ന്‍റെ അപ്പുറത്തുള്ള ബില്‍ഡിംഗ്‌ ചൂണ്ടി പറഞ്ഞു..
"ചായ കുടിക്കാന്‍ വന്നതാണ്‌ പോലും" എന്ന് അലറി ക്കൊണ്ട് ആ സ്ത്രീയുടെ ഭര്‍ത്താവ് അവന്‍റെ തലയ്ക്കു ഒന്ന് കൂടി ശക്തമായി അടിച്ചു..
അവന്‍ അടി കൊണ്ട് താഴെ വീണു പോയി..
പോലീസ് അയാളെ പിടിച്ചു മാറ്റി..
പോലീസ് അവനോട് അവന്‍റെ കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചു..
കാസര്‍ഗോഡ്‌ ആണ് അവന്‍റെ വീടെന്നും,കഴിഞ്ഞ രണ്ടു മാസമായി അടുത്തുള്ള ഒരു കടയില്‍ വരുന്ന പച്ചക്കറി ഇറക്കുന്ന പണിയാണ് ചെയ്യുന്നതെന്നും അവന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു..
എല്ലാം കഴിഞ്ഞപ്പോള്‍ പോലീസ് അവനോടു ചോദിച്ചു..
"മാല നീയാണ് എടുത്തതെങ്കില്‍ അതങ്ങ് തിരിച്ചു കൊടുത്തേക്കു.."
"ഞാനെടുത്തില്ല സര്‍..ഞാനെടുത്തില്ല.." അവന്‍ കൈകൂപ്പി കൊണ്ട് മറുപടി പറഞ്ഞു,..
"ഇവന്‍ മാല എടുക്കുന്നത് ആരേലും കണ്ടോ??" ചുറ്റും കൂടി നില്‍ക്കുന്നവരോടായ് പോലീസുകാര്‍ ചോദിച്ചു..
"ഇവന്‍ ഇവിടെ കറങ്ങുന്നത് ഒരാള്‍ കണ്ടായിരുന്നു സര്‍.. "
അതും പറഞ്ഞു ആ സ്ത്രീയും ഭര്‍ത്താവും പോലീസുകാരെയും കൊണ്ട് വിശ്രമ മുറി ലക്ശ്യമാക്കി നടന്നു..കൂടെ ഞങ്ങളും.
അയാളെ അവിടെ കണ്ടില്ല..
ഞാനും ചുറ്റിലും നോക്കി.. അയാള്‍ എവിടെയും ഇല്ല.. അയാള്‍ ആരായിരുന്നു.. ??

"എവിടെ അയാള്‍ ??"
പോലീസുകാര്‍ ചോദിച്ചു..
"ലാപ്ടോപ്പില്‍ സിനിമ കണ്ടിരുന്ന ഒരു പയ്യനും കണ്ടാരുന്നു സര്‍ ഇവനെ.." അയാള്‍ മറുപടി കൊടുത്തു..
പടച്ചോനെ.. അത് ഞാനാണല്ലോ..
'ഞാന്‍ ഇവനെ കണ്ടില്ല.. അയാള്‍ എന്നോട് പറഞ്ഞത് ഞാന്‍ പറഞ്ഞന്നേ ഉള്ളു.. ' എന്ന് പറയാന്‍ തോന്നി..
അവനാ എടുത്തത്‌ എന്ന് എനിക്ക് പറയാന്‍ വയ്യ, കാരണം അവനെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..
അവനല്ല എന്ന് പറയാനും വയ്യ, കാരണം എന്‍റെ അടുത്ത നിന്നിരുന്ന മനുഷ്യന്‍ എന്നോടവനെ ചൂണ്ടിയാ പറഞ്ഞത്..
അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ മുന്‍പും പിന്‍പും നോക്കാതെ, ആ സ്ത്രീയുടെ രോദനം മാത്രമോര്‍ത്താണ് അവനു നേരെ വിരല്‍ ചൂണ്ടിയത്..
ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ..
അങ്ങനെ ആ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ മൌനിയായി..കാരണം കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ കള്ളനാക്കുന്ന കാലമാണല്ലോ ഇത്..!!!

എന്നാലും "ഞാന്‍ ഒന്നും കണ്ടില്ല" എന്ന് പറയാന്‍ ഞാന്‍ ഒരുങ്ങവേ ആ സ്ത്രീയുടെ ഭര്‍ത്താവു ഒന്ന് കൂടി മുന്നോട്ടു വന്നു അലറി,
"ഇവനെ രണ്ടു പൊട്ടിച്ചാല്‍ ഇവന്‍ സമ്മതിക്കും സാറേ.."
അത് കേട്ടതും ആ പയ്യന്‍ പോലീസുകാരുടെ കയ്യില്‍ നിന്നും കുതറി ഓടി..
എല്ലാവരും അവന്‍റെ പിറകി ഓടി..

ഞങ്ങള്‍ അവിടെ തന്നെ നിന്നു..
പലരും അവന്‍ തന്നെ കള്ളന്‍ എന്നുറപ്പിച്ചു, ഇല്ലേല്‍ അവനെന്തിന് ഓടണം??
പക്ഷെ എന്‍റെ കണ്മുന്നില്‍ അവന്‍റെ കണ്ണീര്‍ മാത്രമായിരുന്നു..
മനസ്സില്‍ അവന്‍റെ നിഷ്കളങ്ക മുഖം "കള്ളനല്ല ഞാന്‍ " എന്ന് എന്നോട് പറയുന്നത് പോലെ..

സമയം 5.30 ..
ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ വന്നു..
ഞങ്ങള്‍ ജനറല്‍ ബോഗി തേടി മുന്നോട്ടു പോയി..
ട്രെയിനില്‍ കയറി സീറ്റില്‍ ബാഗ്‌ വെച്ച് വെള്ളമെടുക്കനായ് ഞാന്‍ പുറത്തിറങ്ങി..

കുറച്ചു മുന്നോട്ട് നടന്നപ്പോള്‍, ഇരുള്‍ മൂടിയ ഭാഗത്ത്‌ നിന്നും ഒരു നേര്‍ത്ത കരച്ചില്‍ എന്നെ തേടിയെത്തി..
ഞാന്‍ പതിയെ മുന്നോട്ട് പോയി..
അതവനാണ്..നാട്ടുകാരുടെ മുന്നിലെ മാലക്കള്ളന്‍..!!!
അവന്‍ കരഞ്ഞു കൊണ്ട് ഫോണില്‍ ആരെയോ വിളിക്കുന്നു,ഞാന്‍ ശബ്ദമുണ്ടാക്കാതെ അവനെ കേള്‍ക്കാന്‍ തുടങ്ങി..
"ഹലോ.. ഇത് ഞാനാണമ്മേ .." അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി..
"ഞാന്‍ പണി കഴിഞ്ഞു വരുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എല്ലാരും കൂടി എന്നെ കള്ളനാക്കിയമ്മേ.." അവന്‍റെ ശബ്ദം മുറിഞ്ഞു തുടങ്ങിയിരുന്നു..
"ഞാന്‍ കട്ടിട്ടില്ലമ്മേ.. എല്ലാരും കൂടി എന്നെ അടിച്ചു,എന്‍റെ വായില്‍ നിന്നും ചോര വന്നമ്മേ." അതും പറഞ്ഞു അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി..
"എനിക്ക് ജീവിക്കാന്‍ കൂടി തോന്നുന്നില്ലമ്മേ..അവരോടു ഞാന്‍ പണിയെടുക്കുന്ന സ്ഥലവും എല്ലാം പറഞ്ഞമ്മേ.. അവര്‍ വരും എന്നെ പിടിക്കാന്‍...ഞാന്‍ കള്ളനല്ല..അമ്മയെങ്കിലും വിശ്വസിക്കണം,..ഞാന്‍ കട്ടിട്ടില്ലമ്മേ.." അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല..

അവന്‍റെ കണ്ണീരില്‍ ഞാന്‍ വീര്‍പ്പുമുട്ടി തുടങ്ങുകയായിരുന്നു..
അവന്‍റെ വാക്കുകള്‍ കാരമുള്ളുപോള്‍ തുളച്ചു കയറുകയായിരുന്നു..
ആരും വിശ്വസിക്കാതെ വന്നപ്പോള്‍, അസമയമാണ് എന്ന് പോലും നോക്കാതെ ജീവനോളം സ്നേഹിക്കുന്ന അമ്മയേലും വിശ്വസിക്കണേ എന്ന് കരഞ്ഞു പറയുന്നു ഒരു പാവം പയ്യന്‍..!!!
അല്ല, അവന്‍ കള്ളനല്ല..

ട്രെയിന്‍ പുറപ്പെടാന്‍ പോകുന്നതിന്‍റെ സൈറണ്‍ മുഴങ്ങി..
ഞാന്‍ വണ്ടിയില്‍ ഓടിക്കയറി..
ഞാന്‍ അവന്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ നോക്കി..
അവനെ കാണുന്നില്ല.. അവന്‍ എവിടെയാണ്.. ??
ട്രെയിന്‍ മുന്നോട്ട്..

മൂന്നു ദിവസത്തെ ഉറക്കവും അതിന്‍റെ ക്ഷീണവും എന്‍റെ കണ്ണുകളില്‍ നിന്നും ഓടി മറഞ്ഞിരുന്നു..
ഉറങ്ങണം എന്ന് വെച്ച് കണ്ണടച്ചാല്‍, രണ്ടു പവന്‍ മാല നഷ്ടപ്പെട്ട ആ സ്ത്രീയല്ല, കള്ളനെന്നു വിളിച്ചു ആള്‍ക്കാര്‍ കല്ലെറിഞ്ഞ ആ പയ്യനുമല്ല എന്‍റെ മനസ്സില്‍..

എന്‍റെ മനസ്സില്‍ ഒരമ്മയാണ്..
അസമയത്ത് മകന്‍റെ വിളി കേട്ടുണര്‍ന്ന ഒരമ്മ..
മകനെ ആള്‍ക്കാര്‍ കള്ളനെന്നു വിളിച്ചു, തല്ലി ചോര വന്നതറിഞ്ഞ് തേങ്ങുന്ന ഒരു മാതൃഹൃദയം..
'ജീവിക്കാന്‍ പോലും തോന്നുന്നില്ല' എന്ന് പറഞ്ഞു ഒരു മകന്‍ കരയുമ്പോള്‍ നെഞ്ച് തകര്‍ന്നു പോയ ഒരു പാവം അമ്മ..

ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
മകന്‍റെ കണ്ണീരിനോടൊപ്പം ആ അമ്മയും നിലവിളിച്ചു കാണുമോ?, അതോ 'മോനമ്മയില്ലേ' എന്ന് ചോദിച്ചു ആ മകനില്‍ ആശ്വാസത്തിന്‍റെ തെളിനീര്‍ തളിക്കുകയായിരുന്നോ..
അറിയില്ല.. ഒന്നുമറിയില്ല..
എങ്കിലും....
"അമ്മേ, മാപ്പ്..!!!" കാരണം ആ മകനെ കള്ളനാക്കിയ ആള്‍ക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നല്ലോ..

മാപ്പ്.. 'പാപം ചെയ്യാത്തവര്‍ ' ഒരു 'പാപിയെ' കല്ലെറിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന എന്‍റെ നിസ്സംഗതക്കും മാപ്പ്..!!!

Monday, May 21, 2012

ജോസപ്പും പായിസും*...!!! (കുട്ടികള്‍ക്കുള്ള കഥ..)


* കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഗുണപാഠ കഥ..**
** വായിച്ചതിനു ശേഷം മാത്രം തീരുമാനിക്കുക,നിങ്ങള്‍ കുട്ടികളാണോ അല്ലയോ എന്ന്..

അടുത്ത ലക്കം ബാലരമയിലും ഇത് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം....


പണ്ട് പണ്ടൊരു നാട്ടില്‍ ജോസപ്പ് എന്നും പായിസ് എന്നും പേരുള്ള രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു..
ജോസപ്പ് സിവില്‍ എഞ്ചിനീയര്‍-ഉം പായിസ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍-ഉം ആയിരുന്നു..
അവര്‍ രണ്ടു പേരും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു,എന്ന് വെച്ചാല്‍,
ജോസപ്പ് ബീഡി വലിച്ചാല്‍ പായിസ് പുക മൂക്കിലൂടെ വിടും..
പായിസ് മൂക്കിപ്പൊടി വലിച്ചാല്‍ ജോസപ്പ് തുമ്മും,എന്നിട്ട് രണ്ടു പേരും ഒരുമിച്ചു പറയും..
"ഹാവൂ,.. എന്തൊരു സുഖം..!!!"

അങ്ങനെയെരിക്കെ ഒരു ദിവസം പായിസിനു ഒരു ബുദ്ധി ഉദിച്ചു..
കോളേജില്‍ പഠിക്കുമ്പോള്‍ അവിടെയും ഇവിടെയും കുത്തിക്കുറിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങുക...
അങ്ങനെ സ്വന്തം നാടിന്‍റെ പേരും നാട്ടിലേക്കു പോകുന്ന വണ്ടിയുടെ പേരും ചേര്‍ത്ത് പായിസ് ബൂലോകത്തില്‍ ചേര്‍ന്നു..
കോളേജില്‍ പഠിക്കുന്ന അനുഭവങ്ങള്‍ ചേര്‍ത്ത് പായിസ് കഥകള്‍ മെനഞ്ഞു..
താമസിയാതെ ബ്ലോഗ്ഗിലേക്ക്‌ ആളുകള്‍ കേറി തുടങ്ങി..
നാലും മൂന്നും ഏഴു വായനക്കാരും ,രണ്ടും മൂന്നും അഞ്ചു കമന്റും ആയപ്പോള്‍ പായിസിന്‍റെ ഭാവന തീര്‍ന്നു..
പായിസ് ഒന്നും എഴുതാതായി..അങ്ങനെയിരിക്കെ പായിസിന്‍റെ ബ്ലോഗ്‌ വായിക്കുന്നവര്‍ ചോദിച്ചു..
"പുതിയ പോസ്റ്റ്‌ എന്തായി??"
ഉത്തരം പറയാന്‍ കഴിയാതെ പായിസ് വലഞ്ഞു.. അവന്‍ വീടിന്‍റെ മൂലയില്‍ നിന്നും കരയാന്‍ തുടങ്ങി..

പുതിയ കഥക്കായ്‌ പായിസ് തല പുകഞ്ഞാലോചിച്ചു,
"ഓം ഹ്രീം കുട്ടിച്ചാത്താ.. ഇനി എന്ത് ചെയ്യും..??"
പെട്ടെന്ന് ഒരു ബുദ്ധി തോന്നിയ പായിസ് ചാടി എണീറ്റു തുള്ളിച്ചാടി..
'ഹായ് ഹായ്, കിട്ടിപ്പോയ് കിട്ടിപ്പോയ്...!!!' അവന്‍ അലറി..

അങ്ങനെ കഴിഞ്ഞ റൂമില്‍ താമസിപ്പിച്ചപ്പോള്‍ ജോസപ്പ് കള്ള് കുടിച്ച കഥ പൊടിപ്പും തൊമ്മലും ചേര്‍ത്ത്,ജോസപ്പ് എന്നുള്ള പേര് മാറ്റി ജോസ് എന്നാക്കി പായിസ് ബ്ലോഗ്ഗില്‍ എഴുതി..
കഥ വായിച്ച വായനക്കാര്‍ പായിസിനെ അഭിനന്ദനങ്ങള്‍ കൊണ്ടു പൊതിഞ്ഞു.. അഭിനന്ദനങ്ങള്‍ കിട്ടി അവശനായി പായിസ് ചോര തുപ്പി..
ഇനിയും അഭിനന്ദനങ്ങള്‍ കൊടുത്താല്‍ 'ആള് മയ്യിത്താവും' എന്ന് മനസിലാക്കിയ ആരാധകര്‍ അഭിനന്ദനങ്ങള്‍ ചൊരിയുന്നത് നിര്‍ത്തി..
കഥ വായിച്ച ജോസപ്പിന്‍റെ ചങ്ങാതിമാര്‍ ജോസ് എന്നത് ജോസപ്പ് തന്നെ എന്ന് തിരിച്ചറിഞ്ഞു, അവര്‍ ജോസപ്പിനെ കളിയാക്കി..
ജോസപ്പ് വിഷമം സഹിക്കാനാവാതെ പട്ടി മോങ്ങുന്നത് പോലെ മോങ്ങി..
'ആരാന്റമ്മക്ക് പിരാന്ത് മൂത്താല്‍ നമ്മുടെ പള്ളീല്‍ പെരുന്നാളാണ്' എന്ന് പറയുന്നത് പോലെ ജോസപ്പ് മോങ്ങിയതും പായിസ് കഥയാക്കി..
എന്നിട്ട് കഥയ്ക്ക് പേരുമിട്ടു,"മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ കാക്ക കാര്യം സാധിച്ചു..!!!"

അവസാനം ജോസപ്പ് ഓടി വന്നു പായിസിന്‍റെ കോളറക്ക് കേറി പിടിച്ചു കൊണ്ട് അലറി,
" നാ--ന്‍റെ മോനെ.. നീ എന്നെക്കുറിച്ച് ബ്ലോഗ്‌ എഴുതും അല്ലേടാ പട്ടി.. " (ഈ ഭാഗം ബാലരമയില്‍ വരുമ്പോള്‍ ഉണ്ടാകില്ല എന്ന് മുന്നറിയിപ്പ്..)
എന്ത് പറയണം എന്നറിയാതെ പായിസ് കുടുങ്ങി..
പെട്ടെന്ന് പായിസിന്‍റെ തലയില്‍ ഒരു ബുദ്ധി ഉദിച്ചു, ഉടന്‍ അവന്‍ പറഞ്ഞു..
"നിന്‍റെ കുത്തഴിഞ്ഞ ജീവിതം മാറാന്‍ വേണ്ടിയാണു ഞാന്‍ എഴുതിയത്.."
മടക്കി കുത്തിയ മുണ്ട് അഴിഞ്ഞു പോയതിനെ കുറിച്ചാവും പായിസ് പറഞ്ഞത് എന്ന് കരുതി മുണ്ട് ഒന്ന് കൂടി മുറുക്കിയുടുത്ത് ജോസപ്പ് ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് അവിടന്ന് പോയി..
പോകുമ്പോള്‍ ഒന്ന് മാത്രം ജോസപ്പ് പറഞ്ഞു,
"ഇതിനെ കുറിച്ച് നീ എഴുതരുത്..എന്റമ്മക്കു മരുമോളെ കിട്ടാതാവും..പ്ലീസ്.."
പുതിയ ഒരു കഥയ്ക്കുള്ള ഐഡിയ കൂടി കിട്ടിയ പായിസ് സന്തോഷം കൊണ്ടു തുള്ളിച്ചാടി..
എന്നിട്ട് പുതിയ കഥയ്ക്കുള്ള ടൈറ്റില്‍ എഴുതി,"അഴിഞ്ഞ മുണ്ടും, പൊഴിഞ്ഞ കണ്ണീരും..."

പിന്നെ പിന്നെ പായിസ് മൂക്കിപ്പൊടി വലിച്ചാല്‍ ജോസപ്പ് തുമ്മതായി..
ജോസപ്പ് ബീഡി വലിച്ചാല്‍ പായിസ് ഊതിയാലും പുക വന്നില്ല,പകരം കാറ്റ് മാത്രം വന്നു..
അവര്‍ അകന്നു തുടങ്ങുകയായിരുന്നു..

അങ്ങനെ പായിസ് ഒരു കാര്യം തീരുമാനിച്ചു..
"ഇനി ജോസപ്പിനെ കുറിച്ചൊന്നും എഴുതില്ല.."

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി..
അഭിനന്ദനങ്ങള്‍ ചൊരിയാന്‍ ആരേം കിട്ടാതെ വന്നപ്പോള്‍ പായിസിന്‍റെ വായനക്കാര്‍ പിന്നെയും ചോദിച്ചു, "പുതിയ പോസ്റ്റ്‌ എന്തായി??"
പായിസ് പിന്നെയും ഒരുത്തരം പറയാനാവാതെ കുഴങ്ങി..
ഒടുവില്‍ അവന്‍ പിന്നേം എഴുതി..
ഇത്തവണ ജോസപ്പ് എന്ന പേര് സിനു എന്ന് മാറ്റി എഴുതി.
കഥ വായിച്ച ജോസപ്പിന്‍റെ ചങ്ങാതിമാര്‍ പറഞ്ഞു."ഇതും ജോസപ്പ് തന്നെ.." (അത് പിന്നെ പേര് മാറ്റിയാലും കൂതറ സ്വഭാവം മാറത്തില്ലല്ലോ..)

ഇതുകേട്ട ജോസപ്പിനെ പിന്നെയും സങ്കടം സഹിക്കാനായില്ല..
അവന്‍ വിഷമത്തോടെ പായിസിനോദ് പറഞ്ഞു,
"ഹമുക്കെ.. നീ പായിസല്ല ,നീ കുലംകുത്തിയാണ്,കുലംകുത്തി ..നീ എന്നെ നശിപ്പിക്കാന്‍ നോക്കുന്നു.. "
അത് കേട്ട പായിസ് ജോസപ്പിന്‍റെ റൂം വിട്ടു പുറത്തു വന്നു, പുതിയ റൂം കണ്ടു പിടിച്ചു..
പുതിയ റൂമിന് പേരുമിട്ടു, "റെവലൂഷനറി ബ്ലോഗ്ഗര്‍ റൂം"..

ഇപ്പൊ പായിസിനെ എവിടെ വെച്ച് കണ്ടാലും കയ്യും കാലും തല്ലി ഒടിക്കാന്‍ ജോസപ്പ് 'പൊടി സുനിലിനു' കൊട്ടേഷന്‍ കൊടുത്തിട്ടുണ്ട്,കാരണം പായിസ് കുലംകുത്തിയാണ് പോലും,കുലംകുത്തി...!!!
പായിസ് പുതിയ കഥയെഴുതാന്‍ പോകുന്നു..
"നിങ്ങള്‍ എന്നെ കുലംകുത്തിയാക്കി.. "

-- അശുഭം --

ഗുണപാഠം : അയല്‍വാസീടെ കെട്ട്യോളെ വിശ്വസിച്ചാലും എഴുതുന്നോനെ വിശ്വസിക്കരുത്..ഓന്‍ കഥ കിട്ടാതാവുമ്പോള്‍ ചതിക്കും..

എക്സ്ട്രാ ബോഗി : കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം..ഞാനുമായും എന്‍റെ സുഹൃത്തുക്കളുമായും ഈ കഥയ്ക്ക് ഒരു അവിഹിത ബന്ധവും ഇല്ല ..
പോരാതെ എന്‍റെ ലാസ്റ്റ് പോസ്റ്റ്‌ ആയ "എനിക്കിപ്പോ കാണണം 'ഗാന്ധിജിയെ'...!!!" ഇറങ്ങിയപ്പോള്‍ തെറി വിളിച്ചവന് ഒരു കൊട്ട് കൊടുക്കണം എന്ന് ഞാന്‍ വിചാരിച്ചിട്ടുമില്ല..
പുതുതായി ബ്ലോഗ്‌ തുടങ്ങുന്ന എല്ലാവരോടും പറയുന്നു, തീര്‍ച്ചയായും ഈ കഥയിലെ 'കുട്ടി' നിങ്ങള്‍ കൂടിയാണ്.. സൂക്ഷിച്ചും കണ്ടും എഴുതിയില്ലേല്‍ എട്ടിന്‍റെ കൊട്ട് കിട്ടും..

Thursday, May 10, 2012

"എനിക്കിപ്പോ കാണണം 'ഗാന്ധിജിയെ'...!!! "

കൊതുക് കടി കൊള്ളാതിരിക്കുക എന്നത് ഒരു കലയാണ് എന്ന തത്വശാസ്ത്രം മനസിലാക്കി തുടങ്ങിയതിന്‍റെ രണ്ടാം വര്‍ഷം, ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ എറണാകുളം ജീവിതത്തിന്‍റെ രണ്ടാം വര്‍ഷമാണ്‌ ഈ കഥ നടക്കുന്നത്..
ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് ത്രിപ്പൂണിത്തുറക്ക് സമീപമുള്ള 'കിണറില്‍ '!!!
(കയ്യിലിരുപ്പിന്‍റെ 'കൊണം' കൊണ്ട് ആരും ഞങ്ങളെ പിടിച്ചു കിണറില്‍ ഇട്ടതല്ല..'കിണര്‍ ജങ്ങ്ഷന്‍ ' എന്നത് ഒരു സ്ഥലത്തിന്‍റെ പേരാ..ഞങ്ങള്‍ പോയതിനു ശേഷം അതിന്‍റെ പേര് മാറ്റി 'കുളം ജങ്ങ്ഷന്‍ ' എന്നാക്കി മാറ്റിയോ എന്നത് ഇപ്പോഴും വ്യക്തമല്ല..)
പേട്ടയില്‍ നിന്നും 5 കിലോമീറ്റര്‍ യാത്രാ ചെയ്താല്‍ 'കിണര്‍ ജങ്ങ്ഷന്‍ ' എത്തും..
പേട്ട കഴിഞ്ഞു 100 മീറ്റര്‍ അപ്പുറത്തായി ഒരു ബസ്‌ സ്റ്റോപ്പ്‌-ഉം അതിന്റെ അടുത്തായി ഗാന്ധിജിയുടെ ഒരു പ്രതിമയുണ്ട്..
ഏതായാലും രാവിലെയും വൈകുന്നേരവും ഓഫീസിലേക്ക് പോകുമ്പോഴും വരുമ്പോഴും പേട്ട ജങ്ങ്ഷന്‍ കഴിഞ്ഞാല്‍ മനസ്സില്‍ കുളിര് കോരും..
ത്രിപ്പൂണിത്തുറ കോളേജില്‍ പഠിക്കുന്ന തരുണീമണികള്‍ അവിടെ ബസ്‌ കാത്തു നില്‍ക്കുന്നത് കൊണ്ടൊന്നുമല്ല അത്,ഗാന്ധിജിയെ കാണുന്നത് കൊണ്ട് തന്നെയാ..സത്യം..!!!
സിനുവിന്‍റെ കാറില്‍ അവനോടപ്പം ഞാനും പ്രവീണും ശിനോജും അസറും രാവിലെ 9 മണിക്ക് ഓഫീസിലേക്ക് പോകുമ്പോഴും, തിരിച്ചു 6 മണിക്ക് തിരിച്ചു വരുമ്പോഴും, പേട്ടയില്‍ ആ ബസ്‌ സ്റ്റോപ്പില്‍ എത്തുമ്പോള്‍ കാര്‍ ഒന്ന് ഓഫ്‌ ആവും..
"എന്ത് പറ്റിയെടാ??" ഞങ്ങള്‍ സിനുവിനോദ് ചോദിക്കും..
"കാര്‍ ബ്രേക്ക്‌ ഡൌണ്‍ ആയതാടാ"
"അതെന്താടാ ഇവിടെ എത്തുമ്പോള്‍ തന്നെ കാര്‍ ബ്രേക്ക്‌ ഡൌണ്‍ ആവുന്നത്??"
"ആഹ്.. അറിയില്ല.." അവന്‍ നിഷ്കളങ്കമായി ഉത്തരം നല്‍കും..
അവിടെ എത്തുമ്പോള്‍ മാത്രം എന്ത് കൊണ്ട് കാര്‍ ബ്രേക്ക്‌ ഡൌണ്‍ ആവും എന്നതിനും, ആ ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്തു നില്‍ക്കാറുള്ള ഒരു പെണ്ണിനെ അവന്‍ അടിച്ചു മാറ്റി കൊണ്ടു പോയി കല്യാണം കഴിച്ചതും തമ്മില്‍ എന്തേലും ബന്ധമുണ്ടോ എന്നും ഞങ്ങള്‍ക്കിന്നുമറിയില്ല.. കാണുമോ??
ഏയ്‌.. ഇല്ല.. !!!


അങ്ങനെയുള്ള ഒരു രാത്രി..
ഓഫീസില്‍ നിന്നും വന്നു, ഓര്‍ക്കുട്ടില്‍ ആണ്‍ പെണ്‍ അനുപാതത്തില്‍ വല്ല മാറ്റവുമുണ്ടോ എന്ന ഗവേഷണത്തില്‍ മുഴുകിയിരിക്കെ മൊബൈലില്‍ ഒരു കോള്‍..
എടുത്തു നോക്കി...
ഇത് ലവനാ.. കള്ളടിച്ചാല്‍ മാത്രം സ്നേഹം മൂക്കുന്നവന്‍..
"ദി ടെന്‍ മിനുട്സ്,Nothing Matters.....!!! "
ഫൈം കാര്‍ത്തി എന്ന കാര്‍ത്തിക്,കുറച്ചു കള്ളടിച്ചു കഴിഞ്ഞാല്‍ ആഗോളവല്‍കരണത്തിനെയും ഉദാരവല്‍ക്കരണണത്തെയും കുറിച്ച് ആശങ്ക രേഖപ്പെടുത്തി,അതില്‍ മനം നൊന്ത് വീണ്ടും വീണ്ടും കുടിക്കുന്നവന്‍..
ഏതായാലും ഫോണ്‍ എടുത്തേക്കാം, ഇല്ലേല്‍ റൂമിലേക്ക്‌ വന്നു "ഫോണ്‍ എടുക്കെടാ പട്ടി" എന്നും പറഞ്ഞു തിരിച്ചു പോയി വീണ്ടും വിളിക്കും അവന്‍.. കാരണം ഒരു കാര്യം വിചാരിച്ചാല്‍ അത്രയ്ക്ക് ആത്മാര്‍ത്ഥതയാ അവന്...(വെള്ളമടിച്ചാല്‍ മാത്രം.. !!!)
"ഹലോ.. എന്താടാ ???" ഫോണ്‍ എടുത്ത ഉടന്‍ ഞാന്‍ ചോദിച്ചു..
"വീട്ടില്‍ നിന്നും രാവിലെ ഇറങ്ങുമ്പോള്‍ ഉണ്ടായതൊക്കെ വൈകിട്ടും അവിടുണ്ടോന്നു നോക്കിക്കൊടെടാ നിനക്കൊക്കെ.." അവന്‍ ദേഷ്യത്തോടെ ചോദിച്ചു..
"ഏതു സാധനത്തിന്‍റെ കാര്യമാടാ നീ പറയുന്നത്..??"
"രാവിലെ അവിടെ ഉണ്ടായിരുന്ന വിലപ്പെട്ട ഒരു സാധനം ഇപ്പൊ അവിടില്ല..അത് തന്നെ.."
'പടച്ചോനെ.. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഒരു പണി കൊടുക്കണം എന്ന ഉദ്ദേശത്തോടെ ഉപേക്ഷിച്ചു പോയ ടീവി ഈ കുരുത്തം കെട്ടവന്‍ എടുത്തോണ്ട് പോയി വിറ്റോ?? ആ കാശിനു കള്ള് കുടിച്ചിട്ടാണോ അവന്‍ വിളിക്കുന്നത്‌?? ' എന്ന സംശയത്തില്‍ ഞാന്‍ ഹാളിലേക്ക് ഓടി..
ഭാഗ്യം..ഇന്ത്യയുടെ പൈതൃകത്തിന്‍റെ അടയാളമെന്നോണം ആ പഴയ ടീവി ഇപ്പോഴും അവിടെ തന്നെയുണ്ട്.. ഈ വീട്ടില്‍ ആകെ വിലപിടിപ്പുള്ളതു ആ സാധനത്തിനാ.അതെല്ലേല്‍ പിന്നെ എന്താണാവോ??
"ടീവി ഒക്കെ ഇവിടെ തന്നെയുണ്ട്..ഏന്തില്ല എന്നാണ് നീയേ പറയുന്നത്.."
"എടാ പട്ടി.. ടീവിയുടെ കാര്യമൊന്നുമല്ല ഞാന്‍ പറഞ്ഞത്, ഒരു ജീവനുള്ള സാധനം അവിടന്ന് മിസ്സ്‌ ആയിട്ടുണ്ട്..അതാ .."
'ഓ മൈ ഗോഡ്.. കിങ്ങിണി പൂച്ച ഈസ്‌ മിസ്സിംഗ്‌..!! ??' സംശയത്തില്‍ അടുക്കളയിലേക്കു ഓടിയ എനിക്ക് പിന്നേം സമാധാനം..
അടുക്കളയുടെ ഒരു മൂലയില്‍ കിങ്ങിണി പൂച്ച അടുത്ത വീട്ടിലെ കണ്ടന്‍ പൂച്ചയുമായി കുടുംബാസൂത്രണത്തിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാ..
ഉം.. നടക്കട്ടെ, നടക്കട്ടെ...സ്വര്‍ഗത്തില്‍ കട്ടുറുമ്പാവാന്‍ നമ്മളില്ലേയ് .... !!!

ഞാന്‍ അടുക്കളയില്‍ നിന്നും പുറത്തേക്കിറങ്ങി..
"അശ്വമേധം കളിക്കാതെ കാര്യം എന്താന്ന് പറയെടാ തെണ്ടി.." ഞാന്‍ ചൂടായി തുടങ്ങി..
"പ്രവീണ്‍ ഉണ്ടോ അവിടെ??"
"ആഹ്..ആര്‍ക്കറിയാം..??"
"എനിക്കറിയാം.. അവിടില്ല.. കാരണം അവനിവിടെ അടിച്ചു പാമ്പായി നാല് കാലില്‍ ഇരിപ്പുണ്ട്.."
"സഹപാമ്പ് നീ ആയിരിക്കുമല്ലോ.. രണ്ടും പാമ്പും അവിടെ വല്ല മാളത്തിലും കേറാന്‍ നോക്കാതെ നീയെന്തിനാ എന്നെ വിളിച്ചിരിക്കുന്നെ?? " ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു..
"പോടാ.. ഞാന്‍ എന്‍റെ വീട്ടില്‍ പോകുവാ..നിങ്ങള്‍ വന്നു ഈ പാമ്പിനെ എങ്ങനേലും കൊണ്ടു പോകാന്‍ നോക്ക്.."
"പോടാ പാമ്പേ.. ഞങ്ങള്‍ക്ക് വയ്യ ഈ അര്‍ദ്ധ രാത്രി അവിടം വരെ വരാന്‍.."
"എന്നാ നിങ്ങള്‍ ഇങ്ങോട്ട് വരേണ്ട.. ഞാന്‍ ഇവനേം കൊണ്ട് അങ്ങോട്ട്‌ വരാം.."
"ഹയ്യോ.. വേണ്ടെടാ വേണ്ടാ.. നീ വരേണ്ടാ.. ഞങ്ങള്‍ എവിടന്നു വെച്ചാ വന്നു അവനെ കൂട്ടി കൊണ്ടു വന്നോളം.."
അവന്‍ കള്ള് കുടിച്ചു അസമയത്ത് റൂമിലേക്ക്‌ വന്നാല്‍ നാട്ടുകാര് കേറിയങ്ങ് മേയും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലാത്തതു കൊണ്ട് അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

അടുത്ത റൂമില്‍ കേറി ശിനോജിനെയും സിനുവിനെയും അസറിനെയും അടിചെഴുന്നെല്‍പ്പിച്ചു..
"എന്താടാ കാര്യം??" ഉറക്കം നഷ്ടപ്പെട്ട കലിപ്പില്‍ സിനു ചോദിച്ചു..
"പ്രവീണ്‍ പാമ്പായി.." ഞാന്‍ പറഞ്ഞു..
"ആരാ ???"
"നമ്മുടെ സഹമുറിയന്‍ പ്രവീണ്‍ .."
"ഓഹോ.. അവന്‍റെ നാടിന്‍റെ പേര് പാമ്പായി എന്നാണോ??"
"എഹ്.. അതല്ലടാ.. വെള്ളമടിച്ചു പാമ്പായി പ്രവീണ്‍ കടവന്ത്രയില്‍ ഉണ്ടെന്നു..നമുക്ക് പോയി പൊക്കണം അവനെ.."
"പോടാ ചെക്കാ.. കുടിച്ച വെള്ളം രാവിലെ നീരാവിയായി കഴിഞ്ഞാല്‍ അവന്‍ തിരിച്ചു വന്നോളം.."
"അതല്ലടാ.. അവനെ നമ്മള്‍ കൂട്ടാന്‍ പോയില്ലേല്‍ കാര്‍ത്തി അവനേം കൊണ്ട് ഇങ്ങോട്ട് വരുമെന്ന്.."
അത് കേട്ടതും അവന്‍ ചാടി എണീറ്റു.. കാരണം കാര്‍ത്തി വന്നാല്‍ നാട്ടുകാര്‍ നമ്മുടെ ദേഹത്ത് 'അത്തള പിത്തള തവളാച്ചി' കളിക്കും എന്ന് അവനുമറിയാം..

അങ്ങനെ ഞങ്ങള്‍ നാലുപേരും സിനുവിന്‍റെ വണ്ടിയില്‍ കടവന്ത്ര ലക്ശ്യമാക്കി യാത്ര തുടങ്ങി..
ഇത്തവണ പേട്ട എത്തിയപ്പോള്‍ വണ്ടി ഓഫ്‌ ആയില്ല,കാരണം അര്‍ദ്ധരാത്രി ബസ്‌ സ്റ്റോപ്പില്‍ ആരും കാണില്ല എന്നത് വണ്ടിക്കു പോലുമറിയാം..

വണ്ടി കടവന്ത്രയില്‍ എത്തി..
ബസ്‌ സ്റ്റോപ്പില്‍ കാര്‍ത്തിയും പ്രവീണും മാത്രം..
കാറ്റടിച്ചാല്‍ വീണു പോയാലോ എന്ന് പേടിച്ചു കാര്‍ത്തി പ്രവീണിനെ ഒരു ചുമരില്‍ ചാരി വെച്ചേക്കുന്നു..
"എന്താടാ നിന്‍റെ കയ്യില്‍ ?? "പ്രവീണിന്‍റെ കയ്യില്‍ എന്തോ ഒരു പൊടി കണ്ടു ഷിനോജ് ചോദിച്ചു..
"ആന്‍സ്.. " കണ്ണ് പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്‍റെ മറുപടി..
"ആനസാ..??" ഷിനോജ് വീണ്ടും ചോദിച്ചു..
"ടാ.. ഹാന്‍സ് എന്ന്.. " കാര്യം മനസിലായ ഞാന്‍ ശിനോജിനോദ് പറഞ്ഞു..
"ഇതെവിടാ വെക്കേണ്ടത്??" പ്രവീണ്‍ ഞങ്ങളോടായി ചോദിച്ചു..
അത് ശരി.. അപ്പൊ ഹാന്‍സ് കയ്യില്‍ തട്ടി എവിടെ വെക്കണം എന്നറിയാതെ നില്‍ക്കുവാ... കഷ്ടം തന്നെ..!!!
"മൂക്കിലേക്ക് വലിച്ചു കേറ്റടാ .." കലിപ്പോടെ അസര്‍ പറഞ്ഞു..
"നീ ഓരോന്ന് പറയല്ലേ.. മൂക്ക് എവിടന്നാവും അവന്‍റെ അടുത്ത ചോദ്യം..കാരണം അവനിപ്പോ നാല് കാലിലല്ല, എട്ടുകാലിലാ... എട്ടുകാലി.. "
പ്രവീണ്‍ ഒന്നും മനസിലാകാതെ ഞങ്ങളെ തന്നെ നോക്കുന്നു..
ഷിനോജ് പതിയെ അവന്‍റെ അടുത്തേക്ക് നടന്നു..
"ടാ..വാ,നമുക്ക് റൂമില്‍ പോകാം." അതും പറഞ്ഞു ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു..
"നീ ആരാ??" കൈ തട്ടി മാറ്റി അവന്‍ ചോദിച്ചു..
"നിന്‍റെ അച്ഛന്‍ സുധാകരന്‍.. " ഷിനോജ് പല്ല് കടിച്ചു കൊണ്ട്,കലിപ്പോടെ പറഞ്ഞു..
"എഹ്..അച്ഛനോ..അച്ഛനെന്താ ഇവിടെ..??" അതും പറഞ്ഞു അവന്‍ നേരെ നില്ക്കാന്‍ ഒരു വിഫലശ്രമം നടത്തി..
"ദേ ,അവന്‍ വിശ്വസിച്ചെടാ..." ഞാന്‍ ശിനോജിന്‍റെ ചെവിയില്‍ പറഞ്ഞു..
"നീ വന്നു വണ്ടിയില്‍ കേറ്,, ബാക്കി വീട്ടിലെത്തിയിട്ടു പറയാം.. " ഒരച്ഛന്റെ ശാസന പോലെ ഷിനോജ് പറഞ്ഞു..
"ഇല്ല..ഞാന്‍ കേറില്ല.."
"നിന്റച്ചനാണ് പറയുന്നത്,വണ്ടിയില്‍ കേറടാ.." ഷിനോജ് കിരീടത്തിലെ തിലകനായി..പ്രവീണ്‍ മോഹന്‍ലാലുമായി..
അവന്‍ നല്ല കുട്ടിയായി വണ്ടിയിലേക്ക്..
സിനു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു, അസര്‍ ഓടിക്കേറി വണ്ടിയുടെ മുന്നിലിരുന്നു..
ഞാനും ശിനോജും പ്രവീണിന്‍റെ ഇരുവശത്തുമായി യാത്രാ ആരംഭിച്ചു..

പ്രവീണ്‍ വണ്ടിയില്‍ കേറിയത്‌ മുതല്‍ കള്ളുകുടിച്ചാല്‍ കൂടെ കിട്ടുന്ന റെഡിമേഡ് വാചകങ്ങള്‍ ഓരോന്നായി ഉരുവിടാന്‍ തുടങ്ങി..അതിങ്ങനെ,
"ഞാന്‍ ഇന്ന് മുതല്‍ കള്ളുകുടി നിര്‍ത്തി.."
"ഉവ്വ.. ഇനി കള്ള് കുടിച്ചാലേ നീ ഈ വാക്ക് പോലും ഓര്‍ക്കു.. പിന്നാ.."
"ഫിറോസെ,നീ ആണെടാ എന്‍റെ ബെസ്റ്റ് ഫ്രണ്ട്.."
"ഉവ്വ.. ഇന്നലെ അത് ഷിനോജ് ആയിരുന്നു.."
"അവള്‍ എന്നെ ചതിക്കുവാണെടാ..."
"ഉവ്വ.. ഏതവള്‍ ??,ലക്ഷ്മി, ഫൌസിയ,പ്രിയ, മിനി... ??"

അങ്ങനെ പേട്ട എത്തി.. ഇപ്പോഴും വണ്ടി ഓഫ്‌ ആയില്ല,കാരണം ബസ്‌ സ്റ്റോപ്പ്‌ ശൂന്യമാണ്..
പേട്ട കഴിഞ്ഞു 4 കിലോമീറ്റര്‍, ഇനി റൂമിലേക്ക്‌ ഒരു കിലോമീറ്റര്‍ കൂടി..

"നിര്‍ത്ത്.. നിര്‍ത്ത്.. വണ്ടി നിര്‍ത്ത്.." പെട്ടെന്ന് പ്രവീണ്‍ ചാടി എണീറ്റു പറഞ്ഞു..
"ടാ സിനു, വണ്ടി നിര്‍ത്തെടാ.. ആ പന്നിക്ക് മുള്ളണമെന്നാ തോന്നുന്നേ.." ഞാന്‍ പറഞ്ഞു,,
"ഇനി വീട്ടില്‍ ചെന്നിട്ടു മതി മുള്ളലും തുള്ളലുമെല്ലാം .." അതും പറഞ്ഞു അവന്‍ വണ്ടി ഒന്ന് കൂടി സ്പീഡ് ആക്കി..
"ടാ.. നിര്‍ത്തെടാ..." പ്രവീണ്‍ ഒന്ന് കൂടി അലറി..
"ടാ നിര്‍ത്തിയില്ലേല്‍ ഇവന്‍ വണ്ടിയില്‍ മുള്ളും കെട്ടാ.."
"വണ്ടിയില്‍ മുള്ളിയാല്‍ അവന്‍റെ മുള്ളാണി ഞാന്‍ ചെത്തിക്കളയും.." അതും പറഞ്ഞു സിനു വണ്ടി നിര്‍ത്തി..
ഞാന്‍ വണ്ടിയില്‍ നിന്നുമിറങ്ങി...പിറകില്‍ പ്രവീണും..
ഇറങ്ങിയ ഉടനെ അവന്‍ ചുറ്റുപാടും നോക്കി..
"എന്താടാ നോക്കുന്നെ?? മുള്ളണേല്‍ മുള്ള്.." ഞാന്‍ പറഞ്ഞു..
"എവിടെ??"
"ആര്??"
"ഗാന്ധിജി??"
"എന്തോന്നാ??"
"എനിക്കിപ്പോ കാണണം 'ഗാന്ധിജിയെ'... "
"എന്തിര്??"
" 'ഗാന്ധിജിയെ' എനിക്കിപ്പോ കാണണം എന്ന്.. "
"എന്തിനു??" ഒന്നും മനസിലാകാതെ ഞാന്‍ ചോദിച്ചു..
"കാണിച്ചു താടാ പന്നി..." അത് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണ് നിറഞ്ഞിരുന്നു...
"പടച്ചോനെ, കള്ളടിച്ചപ്പോള്‍ രാജ്യസ്നേഹം മൂത്തെന്നാ തോന്നുന്നേ..ഏതായാലും നല്ല കാര്യമല്ലേ, കാണിച്ചു കൊടുത്തേക്കാം.."
അതും പറഞ്ഞു ഞാന്‍ പേഴ്സ് എടുത്തു അതിനകത്ത് നോക്കി.. 100 രൂപയുടെ നോട്ട് മാത്രമേ അതിലുള്ളൂ..
"ടാ.. നിന്‍റെ കയ്യില്‍ പത്തു രൂപ ഉണ്ടോ??" ഞാന്‍ ശിനോജിനോടായി ചോദിച്ചു..
"എന്തിനാടാ??"
"ഇവന് ഗാന്ധിജിയെ കാണണമെന്ന്..എന്‍റെ കയ്യില്‍ നൂറു രൂപയുടെ നോട്ട് മാത്രമേ ഉള്ളു, അത് കൊടുത്താല്‍ എനിക്ക് ഗാന്ധിജിയെ മാത്രം മതി, ചുറ്റുമുള്ള പറമ്പ് വേണ്ട എന്ന് പറഞ്ഞു ഇവന്‍ ഗാന്ധിജിയുടെ പടം മാത്രം കീറിയെടുക്കാന്‍ സാധ്യത ഉണ്ട്.. പത്തു രൂപ ആണേല്‍ കുഴപ്പമില്ലല്ലോ.. അതാ.."
ഷിനോജ് ഒരു പത്തു രൂപ നോട്ട് എടുത്തു എന്‍റെ നേരെ നീട്ടി.. ഞാന്‍ അത് വാങ്ങിച്ചു അതിലുള്ള ഗാന്ധിജിയുടെ ഫോട്ടോ അവനെ കാണിച്ചു..
"ഇതാടാ അളിയാ,നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജി.." ഞാന്‍ ബഹുമാനപൂര്‍വ്വം അവനോട് പറഞ്ഞു..
അവന്‍ എന്നെയും ഗാന്ധിജിയെയും മാറി മാറി നോക്കി..
"എനിക്ക് കാണേണ്ടത് ഈ ഗാന്ധിജിയെ അല്ല.."
"പിന്നെ.. സോണിയ ഗാന്ധിയെ ആണോ??" ഞാന്‍ ഞെട്ടലോടെ ചോദിച്ചു..
"അല്ലേടാ.. "
"പിന്നെ ??"
"പേട്ടയിലുള്ള ഗാന്ധിജിയെ.."
"വലിച്ചു.. " നാല് കിലോമീറ്റര്‍ അപ്പുറമുള്ള ഗാന്ധിജിയുടെ പ്രതിമയാ ഇവന്‍ ഉദ്ദേശിച്ചത് എന്ന് മനസിലാക്കിയ ഞങ്ങള്‍ നാലും ഒരുമിച്ചു പറഞ്ഞു..
"എടാ.. അത് കഴിഞ്ഞെടാ.. നമ്മളിപ്പോ റൂമില്‍ എത്താറായി...."
"അതൊന്നും പറയേണ്ട..ഞാന്‍ വരുമ്പോള്‍ നോക്കിയതാ.. ഗാന്ധിജി അവിടെ ഇല്ല..ഗാന്ധിജിക്ക് എന്തോ പറ്റിയിട്ടുണ്ട്.." അവന്‍ വേദനയോടെ പറഞ്ഞു..
"എടാ.. ഉണ്ടെടാ...ഗാന്ധിജി അവിടെ തന്നെയുണ്ട്..ഞാന്‍ കണ്ടതാ.." ഞാന്‍ ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞു.
"ഇല്ല ഇല്ല ഇല്ല.. ഗാന്ധിജിയുടെ തിരോധാനത്തിനു പിന്നില്‍ നിന്നെയാ എനിക്ക് സംശയം.." അവന്‍ ഉച്ചത്തില്‍ രോഷത്തോടെ പറഞ്ഞു..
ഠിം..
ഞാന്‍ ചുറ്റും നോക്കി..
'പടച്ചോനെ, ആരേലും ഇത് കേട്ടാല്‍..? വിശിഷ്യാ ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലുക എന്ന സമീപനമുള്ള മാധ്യമങ്ങള്‍ കേട്ടാല്‍??? '

ആ കാര്യം ആലോചിച്ച എന്‍റെ മനസ്സില്‍ ഏഷ്യാവിഷന്‍ വാര്‍ത്ത‍ മുന്നില്‍ തെളിഞ്ഞു..
'നമസ്കാരം, ഞാന്‍ നിതീഷ് കുമാര്‍, ഏഷ്യാവിഷന്‍ എക്സ്ക്ലുസിവ്..
ഗാന്ധിജിയുടെ തിരോധാനത്തിനു പിന്നില്‍ ഉണ്ടെന്ന സംശയക്കുന്നയാള്‍ എറണാകുളത്ത് പിടിയിലായി..
കണ്ണൂര്‍ സ്വദേശി ഫിറോസ്‌ ആണ് തൃപ്പൂണിതുറയിലെ 'കിണറില്‍' വെച്ച് പിടിയിലായത്..
സംഭവം നടന്നതിനു ശേഷം അറുപതുകാരനായ പ്രതി ഇരുപത്തഞ്ചുകാരനായി വേഷം മാറിയതിന്റെ സുപ്രധാന തെളിവുകള്‍ ഏഷ്യവിഷന് ലഭിച്ചു..'

ഗോതമ്പുണ്ട..തീഹാര്‍..കൊലക്കയര്‍..
"ഓന്‍റെ മയ്യിത്ത് പോലും എനിക്ക് കാണേണ്ടാ " എന്ന് പറയുന്ന എന്റുമ്മ.
ഇതൊക്കെ ഒരു മിനിറ്റ് കൊണ്ട് എന്‍റെ മനസിലൂടെ കൊള്ളിയാന്‍ പോലെ പോയി,ഞാന്‍ ദയനീയമായി പ്രവീണിനെ നോക്കി..

"നിന്‍റെ മുഖം കണ്ടാലറിയാം, നീ തന്നെയാ ഗാന്ധിജിയുടെ തിരോധാനത്തിനു പിന്നില്‍.." പ്രവീണ്‍ ഒന്നുകൂടി ഉച്ചത്തില്‍ പറഞ്ഞു..
അത് കേട്ടതും ഞാന്‍ സിനുവിനോടായ് അലറി..
"കേറ്റടാ ഈ പന്നിയെ വണ്ടിയില്‍,തിരിക്കെടാ വണ്ടി, വിടെടാ വണ്ടി പേട്ടക്ക്.."

അങ്ങനെ വണ്ടി വീടും പേട്ടയിലേക്ക്..
പേട്ടയെത്തി.. പ്രവീണിനെ വണ്ടിയില്‍ നിന്നും പിടിച്ചിറക്കി,ഗാന്ധിജിയുടെ പ്രതിമയെ ചൂണ്ടി ഞാന്‍ നെഞ്ച് വിരിച്ചു പറഞ്ഞു..
"നോക്കെടാ നോക്ക്.. ഗാന്ധിജി ദേ നില്‍ക്കുന്നു.. ഇനിയേലും വിശ്വാസിക്ക്, ഗാന്ധിജിയെ ഞാന്‍ ഒന്നും ചെയ്തില്ലന്നു.."
അവന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.. അവന്‍ പ്രതിമയുടെ അടുത്തേക്ക് നീങ്ങി..പിന്നെ ഞങ്ങളുടെ നേരെ തിരിഞ്ഞു പറഞ്ഞു,
"എനിക്ക് ആരതി വേണം... "
അതുവരെ സീനില്‍ ഇല്ലാതിരുന്ന അസര്‍ ചാടി എണീറ്റു.. പ്രവീണിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു..
"അളിയാ.. നീ വിളിക്കെടാ.. എവിടെയാണേലും നമുക്ക് കൂട്ടാന്‍ പോകാം.."
"ആരെ??" ഞാന്‍ സംശയത്തോടെ ചോദിച്ചു..
"എടാ അവന്‍ ഏതോ ആരതിയെ വേണം എന്ന് പറയുന്നു..അവളെ..." അവന്‍റെ ചിരിച്ചു കൊണ്ടുള്ള മറുപടി..
"എടാ പട്ടി.. അവന്‍ ഗാന്ധിജിയെ ഉഴിയാന്‍ ആരതി വേണം എന്ന പറയുന്നേ.. "
അസറിന്‍റെ മുഖത്തെ ചിരി മഞ്ഞു.. അവന്‍ പുച്ഛത്തോടെ പ്രവീണിനെ നോക്കി..അപ്പോഴും പ്രവീണ്‍ പറഞ്ഞു,
"എനിക്ക് ആരതി വേണം... "
"എടാ.. ആരതിയൊന്നും ഈ നേരത്ത് കിട്ടില്ലെടാ.." സിനു പല്ല് കടിച്ചു കൊണ്ടു പറഞ്ഞു..
"എന്നാല്‍ അര്‍ച്ചന മതി.."
അത് കേട്ടതും അസര്‍ ചുറ്റിലും നോക്കി..
"നീ ആരെയാ നോക്കുന്നത്???" ഞാന്‍ ചോദിച്ചു..
"അര്‍ച്ചന ഉണ്ടെന്നു.." അവന്‍റെ നിഷ്കളങ്ക മറുപടി..
"എന്‍റെ പൊന്നെ.. അര്‍ച്ചന എന്ന പറയുന്നതും പെണ്ണല്ലഡേയ്.."
അവന്‍റെ മുഖത്ത് പിന്നേം നിരാശ..അത് നോക്കാതെ ഞാന്‍ പ്രവീണിന് നേരെ തിരിഞ്ഞു..
"അളിയാ,, ആരതിയും അര്‍ച്ചനയൊന്നും ഇപ്പൊ ചെയ്യാന്‍ പറ്റില്ല..നീ വാ,നമുക്ക് വീട്ടില്‍ പോകാം,,"
പക്ഷെ പ്രവീണ്‍ അത് കേട്ടത് പോലും ഭാവിക്കാതെ പ്രതിമയുടെ മുന്നില്‍ മുട്ട് കുത്തി ഇരുന്നു.. ഞാന്‍ ചുറ്റിലും നോക്കി..
ആരേലും ഇതുവഴി വന്നാല്‍.. ശോ.. മാനം കപ്പല് കേറി ഉഗാണ്ടയിലെത്തും ..

"അളിയാ.. അവന്‍ ദേ മുട്ടുകുത്തി ഇരുന്നു,മിക്കവാറും ഇനി മെഴുകുതിരി ചോദിക്കും.. " ഷിനോജ് പറഞ്ഞു..
സിനു ആ മനോഹര സീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി..
പ്രവീണ്‍ രണ്ടു കയ്യും കൂപ്പി പ്രതിമക്കു മുന്നില്‍ നിന്നും സംസാരിക്കാന്‍ തുടങ്ങി,
"മഹാത്മാ, അങ്ങ് മഹാനാണ്..അങ്ങയുടെ പ്രവര്‍ത്തന ഫലം കൊണ്ടാണ് ഈ മണ്ണ് സ്വതന്ത്രമായത്,അത് കൊണ്ടു തന്നെ അങ്ങയെ എനിക്കും വല്ലാതെ ഇഷ്ടമാണ്..പക്ഷെ..!!!"
അവന്‍ "പക്ഷെ" പറഞ്ഞു നിര്‍ത്തി..
"എന്തോന്ന് പക്ഷേ???? " ഞങ്ങള്‍ അവന്‍റെ അടുത്ത വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ത്തു..
"അങ്ങയോട് ഒരു കാര്യത്തില്‍ എനിക്ക് ദേഷ്യമുണ്ട്.." അവന്‍ വേദനയോടെ പറഞ്ഞു നിര്‍ത്തി..
എഹ്.. അതേത്‌ കാര്യം???
"പറയ്‌, ആ ചതി ചെയ്തത് അങ്ങയാണോ??"
ഏത് ചതി???
"അങ്ങാണോ ഗാന്ധി ജയന്തിക്കു ബാര്‍ അവധി ആക്കാന്‍ ഉത്തരവിട്ടത്.. ഏതായാലും അതെനിക്കിഷ്ടപ്പെട്ടില്ല..പറ അങ്ങാണോ ആ കൊലച്ചതി ചെയ്തത്???"
ഠിം..
ഞങ്ങളില്‍ കുരു പൊട്ടി..
"ഒഹ്.. കയ്യില്‍ വടിയുള്ള ഗാന്ധിജിയുടെ പ്രതിമയാകാതിരുന്നത് നന്നായി..ഇല്ലേല്‍ പ്രതിമ ആണേല്‍ പോലും വടി എടുത്ത് അടിച്ചേനെ.."
"പറയ്‌.. അങ്ങ് തന്നെയാണോ ആ ചതി ചെയ്തത്..?? ഒരുത്തരം അങ്ങ് തന്നെ പറയാതെ ഞാന്‍ പോവില്ല.. പറയൂ മഹാത്മാ, പറയൂ.. " പ്രവീണ്‍ പ്രതിമക്കു മുന്നില്‍ നിന്നും കേഴുന്നു..
അത് കേട്ടതും ഞാന്‍ അടുത്ത് കണ്ട കടവരാന്തയില്‍ കേറി കിടന്നു,കാരണം ഗാന്ധിജിയുടെ മറുപടി കിട്ടാതെ അവന്‍ പിന്തിരിയില്ലന്നു...!!!
"പറയൂ മഹാത്മാ പറയൂ.."
അത് കൂടി കേട്ടപ്പോള്‍ എന്‍റെ സകല നിയന്ത്രണവും പോയി,ഞാന്‍ ചാടി എണീറ്റു അവനു നേരെ കുതിച്ചു..
"ഈ നായിന്‍റെ മോനെ ഞാനിന്നു കൊല്ലും.."
ഷിനോജ് എന്നെ തടഞ്ഞു..
"നീ അടങ്ങു..ഇതിനുള്ള പോംവഴി ഞാന്‍ ചെയ്തു തരാം.." അതും പറഞ്ഞു അവന്‍ പ്രതിമയുടെ പിറകിലേക്ക് പോയി..
"അങ്ങാണോ ഗാന്ധി ജയന്തിക്കു ബാര്‍ അവധി ആക്കാന്‍ ഉത്തരവിട്ടത്.." പ്രവീണ്‍ വീണ്ടും..
"അല്ല മകനെ,, നോമല്ല അത് ചെയ്തത്.." പ്രതിമക്കു പിറകില്‍ നിന്നും ശബ്ദം കനപ്പിച്ചു ഷിനോജ് മറുവാക്ക് മൊഴിഞ്ഞു..
അത് കേട്ടതും പ്രവീണിന്‍റെ മുഖം പ്രസന്നമായി,കാരണം ഗാന്ധിജി അവനുള്ള മറുപടി കൊടുത്തിരിക്കുന്നു..
"അല്ലേലും എനിക്കറിയാം.. അങ്ങിങ്ങനെ ഒന്നും ചെയ്യില്ലാന്ന്.. അങ്ങ് പാവമാണ്, അങ്ങേയ്ക്ക് ശേഷം വന്നു കുറെ അപരാധി മക്കള്‍ തന്ന ആ കൊലച്ചതി ചെയ്തത്.."
ഞാന്‍ പതിയെ അവന്‍റെ അടുത്തേക്ക് പോയി..
"വാ.. നിനക്ക് മറുപടി കിട്ടിയില്ലേ.. നമുക്ക് ഇനിയേലും വീട്ടിലേക്കു പോകാം.."
അവന്‍ എന്നെ നോക്കി.. പിന്നെ ഗാന്ധിജിയെ നോക്കി..
"ഞാന്‍ പോകണോ മഹാത്മാ??" അവന്‍ വീണ്ടും..
"പെട്ടെന്ന് പോടാ *$^@$വ)(%#@ മോനെ.. " ഗാന്ധിജിയുടെ മുഖം മൂടിയിട്ട ഷിനോജ് ചൂടായി..
അത് കേട്ടതും അവന്‍ എഴുന്നേറ്റു കാറിനുള്ളിലേക്ക് പോയി,കൂടെ ഞങ്ങളും..
വണ്ടി വീണ്ടും റൂമിലേക്ക്‌,റൂമിലെത്തിയപ്പോള്‍ രാത്രി 2 മണി..
പാമ്പിനെ ഒരു മാളത്തില്‍ കേറ്റി ഞങ്ങളും ഉറക്കത്തിലേക്ക്..

പിറ്റേന്ന് പ്രഭാതം..
ആരോ തട്ടി വിളിച്ചപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ഉറക്കച്ചടവോടെ എഴുന്നേറ്റു..
കണ്ണ് തുറന്നു നോക്കിയപ്പോള്‍ കുളിച്ചു ചന്ദനം തൊട്ട് എക്സിക്യൂട്ടീവ് വേഷവും അണിഞ്ഞു കഥാനായകന്‍ പ്രവീണ്‍ പുഞ്ചിരി തൂകി..
"എന്താടാ ------ മോനെ???"
"നിങ്ങളെ ഇന്നലെ കണ്ടില്ലല്ലോ..എവിടെ പോയതായിരുന്നു.."
"എഹ്.. ഞങ്ങളോ.."
"അതേ.. ഞാന്‍ നേരത്തേ വന്നു..വന്നപ്പോള്‍ നിങ്ങളില്ല..നിങ്ങള്‍ സിനിമയ്ക്കു വല്ലതും പോയോ??"
അത് ശരി.. അപ്പൊ ഇന്നലെ നടന്ന പുകിലൊന്നും നിനക്കോര്‍മ ഇല്ല അല്ലേടാ പന്നി...
"ഉം.. പോയെടാ പോയി.. ഞങ്ങള്‍ ഒരു സിനിമയ്ക്കു പോയി.." മനസ്സില്‍ വന്ന തെറി കടിച്ചമര്‍ത്തി ഞാന്‍ അവനു മറുപടി കൊടുത്തു..
"ഏതു സിനിമ??"
"അത്...ഗാന്ധിജിയെ സ്നേഹിച്ച ആണ്‍കുട്ടി.. "
"എഹ്.. അങ്ങനത്തെ പടമൊക്കെ ഇറങ്ങിയാ??" അവനു സംശയം..
"ഉം.. ഇറങ്ങി ഇറങ്ങി.. ഇന്നലെ അര്‍ദ്ധരത്രിയാ ഇറങ്ങിയത്‌.. "
"ഉം.. ഞാന്‍ കണ്ടില്ല.. " അവനു സങ്കടം..
"വേണേല്‍ ട്രൈലെര്‍ കാണിച്ചു തരാം.." അതും പറഞ്ഞു സിനു അവന്‍ പിടിച്ച വീഡിയോ എടുത്തു പ്രവീണിന് നേരെ നീട്ടി..

അവന്‍ 'ഗാന്ധിജിയെ സ്നേഹിച്ച ആണ്‍കുട്ടിയുടെ' വീഡിയോ കാണാന്‍ തുടങ്ങി..
ഓരോ സീന്‍ കാണുമ്പോഴും അവന്‍റെ കണ്ണുകളില്‍ അത്ഭുതങ്ങളുടെ തിരയിളക്കം..
വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ അവന്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു..
"ഞാന്‍ വെള്ളത്തിലായിരുന്നു എന്നത് ഓക്കേ.. പക്ഷെ എന്‍റെ ചോദ്യത്തിന് ഗാന്ധിജി ഉത്തരം പറഞ്ഞത് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ലെടാ..അത്ഭുതം തന്നെ.."
എഹ്.. എന്തോന്ന്??
എന്തോ പറയാന്‍ ഒരുങ്ങിയ എന്നെ സിനു തടഞ്ഞു..
"നീ ഒന്നും പറയേണ്ടാ.. അവന്‍റെ കെട്ട് ഇപ്പോഴും വിട്ടിട്ടില്ല.. ബോധം തിരിച്ചു കിട്ടുന്ന മൂന്നാംപക്കം പറഞ്ഞാല്‍ മതി,ഗാന്ധിജിയല്ല ഷിനോജ്ജി ആണെന്ന്..."

അപ്പോഴും പ്രവീണ്‍ പറഞ്ഞു കൊണ്ടേ ഇരുന്നു,,,
"എന്തായാലും മഹാത്മ എന്‍റെ സംശയം തീര്‍ത്തല്ലോ.. എനിക്കത് മതി..ഈ സന്തോഷത്തിനു ഞാനിന്നു കുടിച്ചു ചാവും..."
"സൈക്കിള്‍ ബ്രാന്‍ഡ്‌ അഗര്‍ബത്തികള്‍ ..കുടിക്കാന്‍ ഓരോരുത്തര്‍ക്കും ഒരോ കാരണങ്ങള്‍.." കയ്യിലെടുത്ത ചന്ദനത്തിരി കത്തിച്ചു ശിനോജിന്‍റെ ആത്മഗദം..
"എന്നാലും ഗാന്ധിജിക്ക് മലയാളം അറിയുമെന്ന് നിങ്ങള്‍ എവിടേലും വയിചിട്ടുണ്ടോടാ?? " പ്രവീണിന്‍റെ സംശയം തീരുന്നില്ല..

നിങ്ങള്‍ പറ, ഞങ്ങളെന്താ അവനോട് പറയേണ്ടത്???
ഇനിയിപ്പോ ഗാന്ധിജി തന്നെയാണോ ശരിക്കും അത് പറഞ്ഞത് ???
ആഹ്.. ആര്‍ക്കറിയാം അല്ലെ?? :)

--ശുഭം--

Wednesday, May 2, 2012

മൂന്ന് വിലാപങ്ങള്‍...!!!

മൂന്ന് വിലാപങ്ങള്‍.....


നിന്നെയും കാത്ത്...

മഴയെ സ്നേഹിച്ചവന് മഴ നനയാന്‍ കാലമില്ലാതാവുന്നു...
കവിതയെ സ്നേഹിച്ചവന് കവിത നഷ്ട സ്വപ്നങ്ങളാകുന്നു..
നിലാവും നിദ്രയും ഓര്‍മ്മകള്‍ മാത്രമാകുന്നു..
കണ്ണുകള്‍ മരവിച്ചു പോയെന്നു കണ്ണുനീര്‍
അടക്കം പറയുന്നു..
മടിച്ചു
നില്‍ക്കുന്ന വാക്കുകള്‍
മൗന സംഗീതം രചിക്കുകയാണെന്ന്...

പക്ഷെ,, കാലം ഇപ്പോഴും ഒഴുകുന്നു..
കാലത്തിനറിയുമോ നോവുന്ന
നെഞ്ചിലെ അഗ്നി ഗോളങ്ങളെ..
ഞാനാരെയോ കാത്തിരിക്കുകയാണെന്ന്,..


എനിക്ക് നഷ്ടമായത്, അവള്‍ക്കും...!!!

വേനല്‍ മഴ നഷ്ടമായന്നവള്‍-
ഋതുക്കള്‍ നഷ്ടപ്പെട്ടവനോട് പരിഭവം പറഞ്ഞു...
നിദ്രയില്‍ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ടെന്നു പറഞ്ഞവള്‍ വിലപിച്ചു,
നിലാവില്‍ നിദ്ര നഷ്‌ടമായ എന്നെ കുറിച്ച് ഞാനൊന്നും പറഞ്ഞതുമില്ല..
നഷ്ടമായത് നിന്‍റെ കവിതകളെന്നെന്നോട് അടക്കം പറഞ്ഞു-
വറ്റി വരണ്ടത്
അക്ഷരങ്ങളെന്നാരും തിരിച്ചറിഞ്ഞില്ല..

അവള്‍ക്കു നഷ്ടമായത് പ്രണയമെന്നു..
എനിക്ക് നഷ്ടമായതെന്റെ ജീവനെന്നും...

കുമ്പസാരം...

തര്‍ക്കിക്കാന്‍ എനിക്കും ഇഷ്ടമല്ലായിരുന്നു.. എന്നിട്ടും...
ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഞാന്‍ നടന്നു നീങ്ങിയാല്‍
തിരിച്ചു വരാതിരിക്കാന്‍ നിനക്കാവില്ല എന്നെനിക്കു അറിയാവുന്നത് കൊണ്ട് മാത്രം.....

ഒരിക്കലും നനയിക്കില്ലെന്നു ഞാന്‍ വാക്ക് പറഞ്ഞിട്ടും,
ഒടുവില്‍ തോരാത്ത മഴ പോല്‍ പെയ്തിറങ്ങിയ കണ്ണുനീര്‍
പേമാരിയായ് എന്നിലേക്കിറങ്ങും മുന്‍പ്
ഞാനൊന്നു കുമ്പസരിചോട്ടെ....

അഗ്നിയായ് മാറിയ കണ്ണുകള്‍ക്ക്‌ പിറകിലെ എന്‍റെ പ്രണയം നീയന്നു കണ്ടിരുന്നെങ്കില്‍..
പൊട്ടിത്തെറിച്ച വാക്കുകള്‍ക്ക് പിറകിലുണ്ടായിരുന്ന സ്നേഹ സംഗീതം നീയന്നു കേട്ടിരുന്നെങ്കില്‍..
അതിലുമുപരി വാക്കുകള്‍ക്കുള്ളില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച എന്‍റെ മനസ് നീയൊന്നു വായിച്ചിരുന്നെങ്കില്‍...

എല്ലാം കഴിഞ്ഞു തിരിഞ്ഞു നടന്നപോഴും എന്‍റെ മനസ് പറയുന്നുണ്ടായിരുന്നു,
"നീയൊന്നു തിരിഞ്ഞു നോക്കിയിരുന്നെന്കിലെന്നു..."

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...