പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, March 31, 2016

പട്ടാളക്കാരൻ പുരുഷുവിന് ഒരു തുറന്ന കത്ത്..

Cinema Spoof


പട്ടാളക്കാരൻ പുരുഷു വായിക്കുവാൻ,
പുരുഷുന് ഇപ്പൊ യുദ്ധമൊന്നുമില്ലേ..

കാര്യത്തിലേക്ക് വരാം.. "അനാർക്കലി" സിനിമ ഇറങ്ങിയതിനു ശേഷം ഒരു പട്ടാളക്കാരന്റെ അടാർ ഡയലോഗ് ആണ് ഈ കത്തിന് ആധാരം.. ആ സിനിമ ആ പട്ടാളക്കാരന്റെ അനുഭവമാണെന്ന് വിരളമായ ചിലർക്കെ അറിയുള്ളൂ എന്ന അങ്ങേരുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിച്ചപ്പോൾ,കേരളം  അറിയാത്ത,പാകിസ്ഥാൻ അറിയാത്ത എന്തിന് മ്മളെ ഇന്ത്യ പോലും അറിയാത്ത എന്റെ ജീവിത കഥ ഒരു പട്ടാളക്കാരനോട് തന്നെ പറയണം എന്ന് തോന്നി.. അത് കൊണ്ട് പുരുഷു,ഇങ്ങളോട് ഞാനെല്ലാം തുറന്നു പറയുന്നു..

പുരുഷു,ഇങ്ങള്  ഈ ധാരാവി ധാരാവീന്ന് കേട്ടിട്ടുണ്ടോ??..
ആ ധാരാവിയിലെ ഒരു വലിയ കോളനിയിൽ ആയിരുന്നു ഞാനന്ന് താമസിച്ചിരുന്നത്.. ആ ദിവസങ്ങളിലൊരിക്കൽ  ഉറക്കം വരാത്ത ഒരു രാത്രിയിൽ എന്തൊക്കെയോ ചിന്തിച്ചിങ്ങനെ കിടക്കുവായിരുന്നു.. അപ്പോഴാ കേന്ദ്ര ഗവണ്മെന്റിന്റെ പരസ്യം ഓർമ വന്നത്.. "എവിടെ ചിന്തിക്കുന്നുവോ,അവിടെ ശൌചാലയം",ഞാനാണേൽ അവിടെ കിടന്നു ചിന്തിക്കുകേം ചെയ്തു.. പിന്നൊന്നും നോക്കിയില്ല, ന്റെ ഒരു പഴയ ഫ്രണ്ട് ഉണ്ട്,പേര് ജഗന്നാഥൻ,വല്യക്കാട്ടെ ഗുണ്ടയാ.. ഓനെ വിളിച്ചു.. ഒറ്റ രാത്രി കൊണ്ട് ധാരാവിയിലെ ആ വലിയ കോളനി ഓനങ്ങ്‌ ഒഴിപ്പിച്ചു അപ്പത്തന്നെ അവിടൊരു ശൌചാലയം പണിത്.. ഓർക്കുമ്പോൾ ഇപ്പോഴും കുളിര് കോരുന്നു..!!

അത് കഴിഞ്ഞു പിറ്റേന്ന് തന്നെ ഞാനവിടം വിട്ടു.. എത്തിപ്പെട്ടത് ഒരു ഗുഹയിൽ,ഒരു വെല്യ സിംഹത്തിന്റെ മടയിൽ.. കുറച്ചു നാൾ കഴിഞ്ഞു ധേ വരുന്നു പിന്നേം ജഗന്നാഥൻ..എന്ത് പണ്ടാരത്തിനാ ഓനിപ്പോ വരുന്നത് എന്നൊരു പിടിത്തോമില്ല.. എന്നെ അവിടെ വെച്ച് കണ്ടാൽ സീൻ ആവുമോ എന്നൊരു പേടിയും.. ഓടാനാ ആദ്യം ഒരുങ്ങിയത്,അപ്പോഴാണ് പണ്ടാരോ അവിടെ ഉപേക്ഷിച്ചു പോയ ഒരു മദ്യക്കുപ്പിയും ഒരു ഉണക്ക മുന്തിരിയും എന്റെ ശ്രദ്ധയിൽ പെട്ടത്.. ഉണക്ക മുന്തിരി എടുത്തു എന്റെ വലത്തേ കവിളിന്റെ മുകളിൽ ഫിറ്റ്‌ ചെയ്തു.. കണ്ണാടീൽ നോക്കി ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി 'ഇങ്ങളാരാന്ന്'..?
ഓൻ അടുത്തെത്തി.. ഉണ്ണിയുള്ളത് കൊണ്ട് ഭാഗ്യത്തിന് ഓനും ആളെ മനസ്സിലായില്ല.. ഭാഗ്യം..
എന്തിനാ വന്നതെന്ന് ചോദിച്ചു.. സംഗീതം പഠിക്കണം എന്ന് മറുപടി.. "പടച്ചോനെ,പെട്ടല്ലോ.." ഞാനെന്നോട് തന്നെ പറഞ്ഞ്..
പിന്നെ എന്തേലും കയ്യിൽ തടഞ്ഞാലോ എന്നോർത്ത് ദക്ഷിണ വെക്കാൻ പറഞ്ഞു.. ഓൻ പോക്കറ്റിൽ കയ്യിട്ടു.. മീൻവല പോലെയാ ഓന്റെ കീശ.. കമ്പ്ലീറ്റ്‌ ഓട്ടകൾ.. ഒടുവിൽ ഓൻ ഒരു മിനിറ്റ് കണ്ണടച്ചങ്ങു നിന്നു,(ഓന്റെ അമ്മയെ ധ്യാനിക്കുകയായിരുന്നു എന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു..) പിന്നെ ഒരലർച്ച ആയിരുന്നു..ആ..ആ...
'പെറ്റ തള്ള സഹിക്കൂല..' അമ്മാതിരി പാട്ട്, അതോണ്ട് തന്നെ മുഴുമിപ്പിക്കാൻ വിട്ടില്ല,കെട്ടിപ്പിടിച്ചു... പിന്നെ കുറച്ചു നാൾ ഓനെന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. ഒടുവിൽ ഓൻ ഒരു കുരിശാവും എന്ന് തോന്നിയപ്പോൾ ഞാൻ മരിച്ചെന്നു പറഞ്ഞു ഞാൻ തന്നെ ഒരു കത്തെഴുതി വെച്ച് അവിടന്നങ്ങു മുങ്ങി.. ഓൻ ഏതോ ഒരു കബറിന്റെ അടുത്ത് പോയി പച്ച മണ്ണൊക്കെ വാരിയിടുന്നത് ദൂരെ നിന്നു കണ്ടു.. പിന്നെ കുറെ ഹിന്ദിയും..വട്ടായതാവാനാ സാധ്യത..!!

അതിനിടയിൽ തോട്ടക്കാട്ടുകരയിൽ നിന്നും വസുമതി വിളിച്ചായിരുന്നു,പഴയ ലൈൻ ആണ്.. ഇച്ചിരി അവിഹിതം ഒക്കെ ഉണ്ടായിരുന്നു.. പിന്നെ ഞാനങ്ങു വിട്ടു..ഓള് വിളിച്ചിട്ട് കെട്ടണം എന്ന് പറഞ്ഞു ഒറ്റക്കാലിൽ നിക്കുവാ.. ഞാൻ സമ്മതിച്ചില്ല..ഓളെ  ഒഴിവാക്കാൻ വേണ്ടി ളുടെ പേരിലേക്ക് ചന്തു എന്ന ഒരുത്തനെ കൊണ്ട് കത്തയിപ്പിക്കാൻ ചില്ലറ കാശ് ഒരു തമ്പുരാന് കൊടുക്കേണ്ടി വന്നു.. തമ്പുരാനും എന്തോ ഗൂഡമായ എന്തോ ഉദ്ദേശം ഉണ്ടെന്നാ തോന്നിയെ..
ഓള്  പിന്നെ ബാന്ഗ്ലൂരേക്ക് ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി എന്നറിഞ്ഞു.. തൊലഞ്ഞു കാണും.. ഓളെ കാണാൻ വേണ്ടി "കഥയല്ലിത് ജീവിതം" ഇപ്പൊ സ്ഥിരമായി കാണാറുണ്ട്.. !!

പിന്നെ നേരെ കേരളത്തിൽ..ആഗ്രഹം വളരെ സിമ്പിൾ.. ഒരു നാടൻ പെണ്ണിനെ കെട്ടണം.. അപ്പോഴാ പഴയ കളിക്കൂട്ടുകാരി അല്ലിയെ ഓർമ വന്നത്..
നേരെ ഓളുടെ തറവാട്ടിലേക്ക് വെച്ച് പിടിച്ചു...പാതി രാത്രി ആയി അവിടെത്തിയപ്പോ.. പാതിരാത്രി ഒരു വീട്ടിൽ നേരെ കേറി ചെല്ലുന്നത് മോശമല്ലേ,അതോണ്ട് ഓട് പൊളിച്ചു അകത്തു ചാടി.. എത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു, പെട്ട്..!!
അപ്പോഴാ ദൂരത്ത്‌ നിന്നും ഒരു കാലൊച്ച.. തിരിച്ചോടിയാലോ എന്ന് തോന്നി,പക്ഷെ പേടിച്ചിട്ട് കാലനക്കാൻ പോലും പറ്റിയില്ല..അപ്പോഴാ മ്മളെ മേലേപറമ്പിലെ ജയകൃഷ്ണൻ പണ്ട് തമിഴ് പഠിക്കാൻ വേണ്ടി വാങ്ങിച്ച ബുക്ക്‌ അവിടന്ന് കിട്ടിയേ,അത് കയ്യിലെടുത്തു ഒറ്റ ചോദ്യമായിരുന്നു.."യാരത്,യാരത്" (ആൺ ശബ്ദത്തിൽ സംസാരിച്ചാൽ പിടിക്കപ്പെടുമോ എന്ന് തോന്നിയോണ്ട് സൌണ്ട് മാറ്റിയാ സംസാരിച്ചേ..എനിക്ക് ചെലപ്പോഴൊക്കെ ഒടുക്കത്തെ ബുദ്ധിയാ )
പുറത്തേതോ കാരണവരായിരുന്നു.. സംസാരം കേട്ടിട്ട് തഞ്ചാവൂർ ഭാഗത്തുള്ള ഏതോ തമിഴൻ ആണെന്നാ തോന്നിയെ.. എന്തൊക്കെയോ അങ്ങേരു ചോദിച്ചു,ആ ബുക്ക്‌ കയ്യിലുള്ളോണ്ട് ഞാൻ മറുപടീം പറഞ്ഞു.. അവസാനം ദുർഗാഷ്ടമിക്ക് വരാന്ന് പറഞ്ഞ് കാർന്നോരു പോയി,നേരം വെളുക്കുന്നതിനു മുമ്പ് ഞാനും അവിടന്നങ്ങു മുങ്ങി.. കാർന്നോരു ദുർഗാഷ്ടമിക്ക് വന്ന് ഞാൻ വരുന്നത് കാണാതെ ചമ്മത്തേ ഉള്ളൂ.. !! :)

പിന്നെ പൊങ്ങിയത് അങ്ങ് ഹൈറേഞ്ചിലാ.. പണ്ട് ആനക്കാട്ടിൽ ചാക്കോച്ചി വിലസിയ അതേ ഹൈറേഞ്ച്.. അവിടെ വെച്ച് ഒരു നാടൻ പെങ്കൊച്ചിനെ കണ്ടു..ഒറ്റ നോട്ടത്തിൽ ഇഷ്ടായി.. പേര് പിങ്കി.. ഓളുടെ അപ്പന് എന്നേം ഇഷ്ടായി.. പക്ഷെ അപ്പോഴേക്കും വേറൊരു പഹയൻ വന്നു.. ഒരു അലവലാതി ഷാജി.. പിങ്കിയെ കണ്ടപ്പോ തന്നെ ആദ്യാനുരാഗം തലക്കു പിടിച്ച ഒരു ഷാജി പാപ്പൻ.. കുറെ നോക്കി,ഓൻ വിടുന്ന ലക്ഷണമില്ല.. ഓനാനാണേൽ ഒടുക്കത്തെ തലേവരയാ.. ഭയങ്കര ഭാഗ്യമാ എങ്ങനെ നോക്കിയാലും..
ഒടുവിൽ ഓന്റെ കൂടെയുള്ള ഒരുത്തന് ഒരു കുപ്പി കള്ള് മേടിച്ചു കൊടുത്തു കൂടെ കൂട്ടി.. തലയിൽ തേങ്ങ വീണ് ഒരു നെട്ട് ഇളക്കിപ്പോയ ക്യാപ്റ്റൻ ക്ലീറ്റസ്..ഓനാ പറഞ്ഞത്,ഒരാടാ പാപ്പന്റെ ഭാഗ്യമെന്ന്..ഓരോരോ അന്തവിശ്വാസങ്ങൾ..!!

പിന്നൊന്നും നോക്കിയില്ല,ഒരു രാത്രി ഞാനതിനയങ്ങ് റാഞ്ചി.. വെട്ടി വരട്ടി ബാർബർക്യു ആക്കാന്ന് കരുതി ഇരിക്കുമ്പോഴാ ഒരു വെസ്റ്റ് ഇന്ടീസിന്റെ കളിക്കാരൻ വന്നത്.. ആടിനെ കൊടുത്താൽ കുറെ കാശ് തരാമെന്ന്.. ക്ലീട്ടസിന്റെ തലയിൽ വീണത് തേങ്ങയാണെങ്കിൽ ഇങ്ങേരുടെ തലയിൽ വീണത് തേങ്ങാക്കൊല തന്നെയാണ്.. അല്ലാണ്ട് ഒരു പീക്കിരി ആടിന് ഇത്രേം കാശ് കൊടുക്കുമോ ?
അങ്ങനെ ആടിനേം കൊണ്ട് അങ്ങേരു പോയി.. എനിക്ക് കുറെ കാശും കിട്ടി..
ഏതായാലും ആട് പോയത് കൊണ്ട് പാപ്പൻ പിന്നേം കിടപ്പിലായി.. അങ്ങേരെ ഓർക്കുമ്പോൾ പാവം തോന്നും.. പക്ഷെ എല്ലാം എന്റെ പിങ്കിക്കു വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു യുദ്ധം ജയിച്ച സന്തോഷവും..!!

അപ്പൊ പുരുഷു,അടുത്ത ആഴ്ച എന്റെം എന്റെ പിങ്കീടേം കല്യാണമാ..
പിന്നെ ചേക്കിലെ കാര്യം അറിയാമല്ലോ.. മാധവൻ ചേക്ക് വിട്ടു അമേരിക്കയിലേക്ക്‌ ഫാമിലി ആയി പോയി..അവിടെ വെച്ച് ഏതോ കിരീടം കടത്താൻ പോയ പോൾ ബാർബറെ മാധവനും കൂട്ടരും പിടിച്ചെന്ന് കേട്ടു..
"മാധവൻ അമേരിക്കയിലെ കള്ളനാ.. പക്ഷെ മാധവൻ കട്ടതൊന്നും അമേരിക്കക്ക് വെളിയിൽ പോയിട്ടില്ല.. കള്ളൻ മാധവന്റെ കാവലുള്ളപ്പോ ഈ കിരീടം അമേരിക്കക്ക് പുറത്തു കൊണ്ട് പോകാൻ മീഷക്കിത്ര കട്ടി പോരല്ലോ പോൾ ബാർബറെ " എന്ന് പറഞ്ഞു തീരും മുന്നേ ഒറ്റ വെടിക്ക് പോൾ ബാർബർ മാധവനെ തീർത്തെന്നാ കേട്ടത്.. ശവമടക്കും അവിടെ തന്നെയായിരുന്നു..
ഏതായാലും മോളും മാധവനും പോയതോടെ പുരുഷുവിന്റെ വീട്ടിലേക്കുള്ള അരിയും പഞ്ചാരയും കൊണ്ടുള്ള പോക്ക് പിള്ളേച്ചൻ സ്ഥിരാക്കിയെന്നാ കേട്ടത്.. പിള്ളേച്ചൻ ആയോണ്ട് മൈക്കിലൂടെ വിളിച്ച് പറയാതെയാ ഇപ്പൊ വെടി വഴിപാട്..!

ഏതായാലും കല്യാണം അടുത്ത ആഴ്ചയാണ്.. വരണം.. വന്നിട്ട് പുരുഷു എന്നെ അനുഗ്രഹിക്കണം.. !!!

പിന്നെ ഇക്കാര്യം വേറാരും അറിയരുത്.. പബ്ലിസിറ്റി എനിക്കിഷ്ടല്ല പുരുഷൂ.. ലോകം എന്നെ അറിയേണ്ട.. ലോകം അതർഹിക്കുന്നില്ല.. അതോണ്ടാ..!!

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...