പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Friday, September 29, 2017

വർണ്യത്തിൽ ആ'ശങ്ക'.. !!

മഴയൊന്നു തോർന്ന തക്കം നോക്കി പെട്ടെന്ന് തന്നെ ബാഗും പിറകിൽ തൂക്കി ബൈക്കുമെടുത്തു ഓഫീസിൽ നിന്നുമിറങ്ങി..
ഇച്ചിരിയങ്ങു നീങ്ങു വണ്ടി ഒരു ഗട്ടറിൽ വീണപ്പോൾ ഒരു "ചിൽ-ചിൽ" സൗണ്ട്.. ഓരോ കുഴിയിലും വീഴുമ്പോൾ സൗണ്ട് വരുന്നുണ്ട്.. കേരളത്തിലെ റോഡല്ലേ,കുഴിയേതാ റോഡേതാ എന്നറിയത്തോണ്ട് സൗണ്ട് രൂക്ഷം..!
പുതിയ വേണ്ടിയല്ലേ, അങ്ങനെ സൗണ്ട് വന്നാൽ എങ്ങനാ?
ഒന്നും നോക്കാണ്ട് അടുത്ത് കണ്ട വർക്ക് ഷോപ്പിലേക്ക് കേറ്റി, ഹിന്ദിക്കാരൻ മെക്കാനിക്കിനോട് അറിയാവുന്ന തമിഴിൽ കാര്യം പറഞ്ഞു..
ഓൻ എല്ലാം കേട്ട്,"നോക്കട്ട് സേട്ടാ" എന്നും പറഞ്ഞു വണ്ടി ഒരു റൌണ്ട് ഓടിച്ചു വന്നു..
പിന്നെ കയ്യിൽ കിട്ടിയ സ്പാനർ എടുത്തു എന്തൊക്കെയോ മുറുക്കി..
എത്രയായി എന്ന് ചോദിച്ചപ്പോൾ പച്ച മലയാളത്തിൽ തന്നെ "മുന്നൂറ് ഉറുപ്പ്യ" എന്ന് പറഞ്ഞു.. (അത് പറയാൻ മാത്രം ഒരു സ്പെല്ലിങ് മിസ്റ്റേക്കും ഇല്ല.. :/ )
പറ്റിക്കപ്പെടാൻ പാടില്ലല്ലോ, പൈസ കൊടുക്കുന്നതിനു മുമ്പ് ഞാൻ ഒരു റൌണ്ട് ഒന്ന് ഓടിച്ചു..ഒറ്റ ഗട്ടറും മിസ് ആക്കാണ്ട് ചാടിച്ചു.. ഇല്ല,സൗണ്ടില്ല..
തിരിച്ചു വന്നു 300 കൊടുത്തു ബാഗും എടുത്തു യാത്ര തുടർന്ന്..

ഇച്ചിരിയങ്ങു യാത്ര ചെയ്തപ്പോൾ ഒരു ചെറിയ കുഴിയിൽ ചാടി. ദേ, പിന്നേം വന്നു സൗണ്ട്..!
വലിച്ചു.. ഹിന്ദിക്കാരൻ തെണ്ടി മുറുക്കിയതൊക്കെ ലൂസ് ആയിക്കാണും..Irresponsible idiot ..!!
തിരിച്ചു പോകാൻ വയ്യാത്തോണ്ട്, നെറ്റ് നോക്കി കുറച്ച് തെറിയൊക്കെ പഠിച്ചു വന്നു നാളെ തെറി പറയാം എന്ന് കരുതി നേരെ വീട്ടിലേക്ക്..!

വീട്ടിൽ ചെന്ന് ഫ്രഷ് ആയി ഓള് തന്ന ലിസ്റ്റുമായി കടയിലേക്ക് പോകാൻ പിന്നേം വണ്ടിയിൽ കേറി..
വണ്ടി ഗട്ടറിൽ വീണു, നോ സൗണ്ട്..!
വല്യ ഗട്ടറിൽ വീഴ്ത്തി,പിന്നേം നോ സൗണ്ട്..!!
ശെടാ.. ഇതെന്തു മറിമായം..!

വീട്ടിൽ തിരിച്ചെത്തി തിരിഞ്ഞും മറിഞ്ഞും ആലോചിക്കുന്നതിനിടയിൽ ഓഫീസിൽ നിന്നും കൊണ്ട് വന്ന ബാഗ് ശ്രദ്ധയിൽ പെട്ടു..
യുറേക്കാ..!
ഐസക് ന്യൂട്ടന്‌ പോലും കണ്ടു പിടിക്കാൻ പറ്റാത്ത മാരകമായൊരു കണ്ടു പിടിത്തം ഞാൻ എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിച്ചിരിക്കുന്നു..
ബാഗിലുണ്ടായിരുന്നു ചോറ്റു പാത്രം കറിപാത്രവുമായി ക്ലാഷ് ആയിട്ടുള്ള സൗണ്ട് ആയിരുന്നു വണ്ടിയിൽ കേട്ടത് എന്ന വളരെ വലിയ കണ്ടു പിടിത്തം..! Epic Discovery na.??

മുന്നൂറു ഉറപ്പ്യ, എന്തോരം ഏത്തപ്പഴം മേടിച്ചു കഴിക്കാം എന്നല്ല ഞാൻ ചിന്തിച്ചത്, ആ ഹിന്ദിക്കാരൻ ചെങ്ങായി എന്തായിരിക്കും മുന്നൂറു ഉറപ്പ്യ വാങ്ങാൻ മാത്രം ഇത്രേം മുറുക്കിയിട്ടുണ്ടാവുക എന്നായിരുന്നു..

വാൽക്കഷ്ണം: പോയ മുന്നൂറിന്റെ കൂടെ ഒരു 200 കൂടി ചിലവാക്കി ഫുഡ് കൊണ്ട് പോകാൻ പ്ലാസ്റ്റിക് പാത്രം മേടിച്ചു..ഇപ്പൊ നല്ല ആശ്വാസമുണ്ട്.. ;)

Tuesday, June 6, 2017

ഹിപ്നോട്ടിസം..!! (മിനിക്കഥ)

നഗരത്തിലെ മനോരോഗ വിദഗ്ധന് മുന്നിൽ ആ അച്ഛൻ തല കുനിച്ചിരുന്നു.. തൊട്ടപ്പുറത്ത് മൊബൈൽ വാട്ട്സപ്പിൽ തല താഴ്ത്തി മകനും..
ഡോക്ടർ ചോദ്യം ആവർത്തിച്ചു..
"എന്നതാ പ്രശ്നം? "
ഉത്തരം പറയാനാവാതെ അച്ഛൻ പിന്നെയും വിയർത്തു..
"അത്.. അത്.."

മകൻ തലയുയർത്തി.. രണ്ട് ദിവസമായി അച്ഛൻറെ സ്വഭാവത്തിൽ ഒരു മാറ്റം,എപ്പോഴും ഒരു വിഷമം,സദാസമയവും ആലോചന.. അത് തനിക്ക് കൂടെ അറിയാനാണ് അച്ഛൻ വിളിച്ചപ്പോൾ തന്നെ താനും ഇറങ്ങി പുറപ്പെട്ടത്..
"അത്.. ഡോക്ടർ.." ഡോക്ടർ കാതോർത്തു..
അച്ഛൻ തുടർന്നു..
"എൻെറ മകൻ.. അവൻ.. അവനൊരു സ്വവർഗാനുരാഗിയാണ്.. " അച്ഛൻ കണ്ണീർ വാർത്തു..
ഡോക്ടർ ഞെട്ടിയില്ല.. സാധാരണ വരാറുള്ള കേസ്..പക്ഷെ മകൻ ഞെട്ടി.. ഒന്നല്ല, ഒരുപാട് തവണ..
"അതിന് മാത്രം എന്തൂട്ടാ" മകൻ ചിന്തിച്ചു.. വാക്കുകൾ മാത്രം പുറത്ത് വന്നില്ല..
"എങ്ങനാ നിങ്ങൾക്കത് മനസ്സിലായത്.." ഡോക്ടറുടെ ചോദ്യം..
"അത്..അവനറിയാതെ അവൻ്റെ വാട്ട്സപ്പ് ചാറ്റ് വായിച്ചു.." അച്ഛൻ പിന്നെയും കണ്ണീർ വാർത്തു..
മകനൊന്നൂടെ ഞെട്ടി..
ഈശ്വരാ.. അച്ഛൻ കണ്ടാലോ എന്ന് പേടിച്ച് സ്വന്തം കാമുകി സ്നേഹയുടെ പേര് സഹദേവൻ മേസ്തിരി എന്ന് സേവ് ചെയ്ത നിമിഷത്തെ അവൻ വെറുപ്പോടെ ഓർത്തു..
'അയ്യേ സ്നേഹ എന്ന് തന്നെ മതിയായിരുന്നു..ഇതിപ്പോ.. ഛേ.. '
അവൻ പതിയെ തലയുയർത്തി ഡോക്ടറെ നോക്കി..
ഡോക്ടർ ചുണ്ട് കടിച്ചു..
അവനോട് മൊബൈൽ ചോദിച്ച് വാങ്ങിയ നേരത്ത് തന്നെ വാട്ട്സപ്പിൽ മെസ്സേജ് ട്യൂൺ..
ഡോക്ടർ തുറന്ന് നോക്കി..
സഹദേവൻ മേസ്തിരിയുടെ ചക്കരയുമ്മ.. പിന്നെ നേരത്തെ അയച്ച മെസേജിന് മറുപടിയും..
"ലവ് യൂ റ്റൂ മുത്തേ.. "
ഡോക്ടർ ഹിപ്നോട്ടിസം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു..

Friday, May 26, 2017

ഒരാൾ...!

സിറാജിനെ പറ്റി ഇതിനു മുമ്പും എഴുതിയിട്ടുണ്ട്.. ചിലർ അങ്ങനെയാണ്,തെറ്റിദ്ധാരണകളെ വേരോടെ പിഴുതെറിയുന്ന മാജിക് കാണിക്കും ജീവിതം കൊണ്ട്.. !!
റൂമിലെ അടിച്ചു പൊളിച്ചു ജീവിക്കുന്ന നാലുപേർക്കിടയിലേക്കായിരുന്നു സിറാജ് വന്നു കേറിയത്.. !
ഒന്നിനും നിൽക്കാതെ, അവന്റെ ജീവിതവുമായി മാത്രം മുന്നോട്ട് പോകുന്ന ഒരാൾ..ഞങ്ങളുടെ അടിച്ചു പൊളിയിലേക്ക് അവനൊരിക്കലും വന്നില്ല.. അത് കൊണ്ട് തന്നെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ അവനെ ഞങ്ങൾക്ക് മടുത്തിരുന്നു..
അസർ എപ്പോഴും പറയും, അവനു പോലും അറിയില്ലായിരിക്കും അല്ലെ, അവനെന്തിനാ ജീവിക്കുന്നതെന്ന്..ഞങ്ങളപ്പോൾ ചിരിക്കും.. !
ഒരു ശനിയാഴ്ച..
കസിന്റെ കല്യാണം ഉണ്ടെന്ന് പറഞ്ഞു സിറാജ് രണ്ടു ദിവസം മുന്നേ നാട്ടിൽ പോയി.. ഞങ്ങൾ വൈകുന്നേരം ഒരു സിനിമക്ക് പോകാൻ വേണ്ടി പുറത്തിറങ്ങാൻ നേരം നന്നേ  വയസ്സായ ഒരു മനുഷ്യൻ ഞങ്ങളുടെ രണ്ടാം നിലയിലെ റൂം ലക്ഷ്യമാക്കി കോണി കയറി വരുന്നു..
"രണ്ടാം നിലയായോണ്ട് ആകെയുള്ള ഒരുപകാരം ഇത് മാത്രമായിരുന്നു.. അതും തീർന്നു.."
അയാളുടെ വരവ് കണ്ട് ഷിനു പറഞ്ഞു..
ഞാൻ ചില്ലറ നോക്കാൻ പേഴ്സ് എടുത്തു..
അയാൾ ഞങ്ങളെ കണ്ടതും പുഞ്ചിരിച്ചു.. വശ്യമായൊരു പുഞ്ചിരി..!
"സിറാജുദ്ധീൻ എവിടെയാ മക്കളെ.." അയാൾ ഞങ്ങളോടായി ചോദിച്ചു..
"അവൻ ഇന്നലെ നാട്ടിൽ പോയി .. എന്തെ?"
ഞങ്ങളുടെ മറുപടിയിൽ അയാൾ നിരാശനായ പോലെ തിരിച്ചു നടക്കാനൊരുങ്ങി..
പിന്നെ ഒരു നിമിഷം ഒന്ന് ശങ്കിച്ച് നിന്ന ശേഷം പിന്നെയും ഞങ്ങളുടെ നേരെ തിരിഞ്ഞു,
"മോനെ.. ഒരു മുന്നൂറ് ഉറുപ്പ്യ ഉണ്ടാകുമോ? സിറാജുദ്ധീൻ വരുമ്പോ തിരിച്ചു തരാൻ പറയാ.."
ഞങ്ങൾ ഒന്ന് മടിച്ചു നിന്ന്, ഒന്നാമത് മാസാവസാനം,പിന്നെ ഒരപരിചിതനും..പക്ഷെ അയാളുടെ മുഖം കണ്ടപ്പോൾ കൊടുക്കാതിരിക്കാൻ തോന്നിയില്ല.. പഴ്സിൽ നിന്നും 300 രൂപയെടുത്തു അയാൾക്ക് കൊടുത്തു..അയാൾ ഒന്ന് കൂടി പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു..
"വെറുതെയല്ല അവനിങ്ങനെ നമ്മളുമായി കമ്പനി ആകാത്തത്.. ഇങ്ങനത്തെ വയസ്സായ ആൾക്കാരുമായല്ലേ കൂട്ട്.."
അസർ അത് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ചിരിച്ചു..
"എന്നാലും ഈ പ്രായത്തിലും ആ പുഞ്ചിരിക്കെന്തൊരു മൊഞ്ചാ അല്ലെ.."
സത്യമായിരുന്നു.. അത്രയും മനോഹരമായ പുഞ്ചിരി അതിനു മുമ്പ് കണ്ടിട്ടില്ല..!
ഞങ്ങൾ പുറത്തിറങ്ങി വണ്ടിയിൽ കയറി പുറപ്പെട്ടു..പോകുന്ന വഴിയിൽ ആ മനുഷ്യൻ പതിയെ നടക്കുന്നത് കണ്ടു ഞാൻ തിരിഞ്ഞു നോക്കി, അപ്പോഴും അയാളൊന്നു ചിരിച്ചു.. തിരിച്ചു ഞാനും..
പതിവിന് വിപരീതമായി ഞായറാഴ്ച സിറാജ് റൂമിൽ തിരിച്ചെത്തി..അവൻ നന്നേ അവശനായിരുന്നു.. റൂമിൽ കയറിയ ഉടനെ അവൻ വാതിലടച്ചു ഉറങ്ങാൻ കിടന്നു..
"നല്ലോരു ഞായറാഴ്ച്ച ഇങ്ങനെ ഉറങ്ങി തീർക്കുന്ന അവനു വല്ല അവാർഡും കൊടുക്കണം" ഷിനു അത് പറഞ്ഞു പ്രകാശിനെയും അസറിനെയും കൂട്ടി പുറത്തേക്ക് പോയി..
വൈകുന്നേരം ഓഫീസിൽ പോകേണ്ടതിനാൽ ഞാൻ ടീവിയിൽ മുഴുകി..
ഉച്ചയായപ്പോൾ സിറാജ് പുറത്തിറങ്ങി..
അവൻ അപ്പോഴും ക്ഷീണിതനായിരുന്നു..
"എടാ,നിന്നെ ചോദിച്ചിട്ട് ഇന്നലെ ഒരാൾ ഇവിടെ വന്നായിരുന്നു.."
ഞാൻ അവനോടായി പറഞ്ഞു..
"ഉം.. അയാളിന്നലെ ഇവിടെ നിന്ന് ഇറങ്ങി ആശുപത്രിയിലേക്ക് പോകുന്ന വഴി മരിച്ചു.."
ഇടിത്തീ ആയിരുന്നു ആ വാക്കുകൾ...
"മൂന്ന് മക്കളുണ്ട്.. ഒരു മുന്നൂറ് ഉറുപ്പ്യ മിനിഞ്ഞാന്ന് അതിലൊരെണ്ണം അയാൾക്കെത്തിച്ചു കൊടുത്തിരുന്നേൽ ചെലപ്പോ അത് സംഭവിക്കില്ലായിരുന്നു..മയ്യിത്തു നിസ്കരിക്കാൻ പോലും വന്നില്ല ഒരുത്തൻ പോലും..."
അവൻ കണ്ണ് തുടച്ചു കൊണ്ടാണ് അത് പറഞ്ഞത്..
സിറാജ് എന്റെ മുന്നിൽ ഒരത്ഭുതമായി മാറുകയായിരുന്നു..
അത് വരെ പുച്ഛത്തോടെ കണ്ടിരുന്ന ഒരാൾ മാലാഖയോളം വലുതാകുകയായിരുന്നു..
തികച്ചും അപരിചതനായിരുന്നു ആ മനുഷ്യന് എല്ലാ മാസവും മരുന്നിനും മറ്റും പണം കൊടുക്കുന്ന,ഒടുവിൽ മരിച്ചപ്പോൾ ഒരു മോനെ പോലെ നിന്നും കർമങ്ങൾ ചെയ്തു തീർത്ത ഒരാൾ..അയാളുടെ മയ്യിത്തു നിസ്കാരത്തിനു പോലും അവനായിരുന്നു നേതൃത്വം..!
എത്ര പെട്ടെന്നായിരുന്നു അവനൊരു വിസ്മയമായത്..!
എത്ര പെട്ടെന്നാണ് അവനെ കുറിച്ചുള്ള ധാരണകൾ ഒരു മഞ്ഞുതുള്ളി പോലെ അലിഞ്ഞില്ലാതായത്..!
അവനെ കളിയാക്കാൻ എന്തർഹതയായിരുന്നു ഞങ്ങൾക്ക്..!
അയാളെ കുറിച്ച് പറഞ്ഞു പറഞ്ഞു അവൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു..ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ലാതെ എന്റെ കണ്ണും നിറഞ്ഞു..!
അപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു,

ആ മനുഷ്യൻ അവസാനമായി ചിരിച്ചത് എന്നോടായിരിക്കുമോ..!?

Thursday, May 25, 2017

കസവിൻ തട്ടമിട്ട പെൺകുട്ടി..!


"അളിയാ,അവളിന്നും അവിടെ തന്നെ ഉണ്ടായിരുന്നു.. എനിക്കുറപ്പാ അവളെന്നെ തന്നെയാ നോക്കുന്നേ.."കുളി  കഴിഞ്ഞു തോര്‍ത്തുന്നതിനിടയില്‍ സിറാജ്  ഞങ്ങളോടായി  പറഞ്ഞു..
സിറാജ്,
മൂന്നു  മാസമായി ഞങ്ങളുടെ കൂടെ താമസം ആരംഭിച്ചിട്ട്‌.
'ആര്‍ക്കോ വേണ്ടി വെറുതെ ഇങ്ങനെയങ്ങ്  ജീവിക്കുക' ,ചിട്ടയില്ലാത്ത സിറാജിന്റെ  ജീവിതം കണ്ടു സുധീര്‍ പറഞ്ഞ വാചകം അവനെ സംബന്ധിച്ച് ശരി തന്നെയായിരുന്നു..
ഒരാഴ്ച മുമ്പാണ് അവന്‍ അവളെ കുറിച്ചു ഞങ്ങളോട് പറഞ്ഞത്,ഞങ്ങൾ  വാടകക്ക് താമസിക്കുന്ന വീടിന്റെ മറുവശത്തെ വീട്ടിൽ താമസിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച്..

അവന്‍ എഴുന്നേറ്റ്‌ പുറത്ത് വരുന്ന സമയം മുതല്‍ അവള്‍ വീടിന്റെ മുൻവശത്ത് കസേരയില്‍ ഇരിപ്പുറപ്പിക്കും.. പിന്നെ അവന്‍ കുളിച്ചു വരുമ്പോഴും അവിടെ തന്നെ കാണും..
ചില നേരം അവള്‍ അവനെ നോക്കും,അവന്‍ അവളെ നോക്കി ചിരിക്കും, ചിലപ്പോഴൊക്കെ അവളും തിരിച്ചു  ചിരിക്കാറുണ്ട് എന്നാണവന്‍ പറഞ്ഞത്..
റൂമില്‍ ആദ്യം എണീക്കുന്നതും റൂമില്‍ നിന്നും ആദ്യം ജോലിയ്ക്കിറങ്ങുന്നതും സിറാജ് ആയിരുന്നു.. എന്തായാലും ഞങ്ങൾ എണീക്കുന്ന സമയം അവളെ പുറത്ത് കാണാറില്ല എന്നത്‌ വേറൊരു സത്യം..
ഒരിക്കല്‍ അവന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍,ഞങ്ങൾ നേരത്തെ എണീറ്റു ജനാല വഴി അവള്‍ കാണുന്നില്ല എന്നുറപ്പ് വരുത്തി അവളെ നോക്കി.. അവന്‍ പറഞ്ഞത് ശരിയായിരുന്നു..അവന്‍ പോകുന്നത്‌ വരെ അവള്‍ അവിടെ തന്നെയുണ്ടായിരുന്നു..
അവന്‍ പോയതിനു ശേഷം കുറച്ചു കഴിഞ്ഞു അവിടെ നോക്കിയപ്പോള്‍ അവളെ അവിടെ കണ്ടില്ല..!!
"എന്തായാലും ഞാൻ പെട്ടെന്നു തന്നെ അവളോട്‌ സംസാരിക്കാന്‍ നോക്കും.. " അതും പറഞ്ഞാണ്‌ സിറാജ് അന്ന് ഇറങ്ങിപ്പോയത്..

പിറ്റേന്നു രാവിലെ വലിയ ബഹളം കെട്ടാണ് ഞാനും സുധിയും എഴുന്നേറ്റത്..
നോക്കുമ്പോള്‍ വീടിനു പുറത്ത് കുറേ നാട്ടുകാര്‍ കൂടിയിട്ടുണ്ട്,അവരുടെ നടുക്ക് സിറാജ് ..
ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് കാര്യം മനസ്സിലായി,ഞങ്ങളും വീടിനു പുറത്തിറങ്ങി..
"എന്തു ധൈര്യത്തിലാടാ  നീ എന്റെ വീട്ടില്‍ കേറി എന്റെ മോളോട്  സംസാരിച്ചേ ..??" പെണ്ണിന്റെ ഉപ്പ സിറാജിന്റെ കോളറിനു  പിടിച്ചു കൊണ്ട് ചോദിച്ചു..
നാട്ടുകാര്‍ മുഴുവന്‍ അവനെതിരായി.. അവനൊന്നും മിണ്ടിയില്ല..
"കുറേ നാളായി ഞാൻ ശ്രദ്ധിക്കുന്നു ഇവന്മാരെ..ജനാല വഴിയും മറ്റുമുള്ള  നോട്ടോം കോപ്രായങ്ങളും.." അയാള്‍ ഞങ്ങളെയും ചേര്‍ത്തു പറഞ്ഞു..
അതു കേട്ടപ്പോള്‍ സിറാജ് മൌനം വെടിഞ്ഞു..
"ഇവന്മാരെ ഇതിലേക്ക് വലിച്ചിഴക്കേണ്ട.. ഞാനേ നോക്കിയുള്ളൂ.. ഞാൻ മാത്രമല്ല, നിങ്ങടെ മോള് എന്നേം നോക്കാറുണ്ട്.. ആ ധൈര്യത്തിൽ തന്നാ ഞാനിന്ന്  അവളോട്‌ സംസാരിക്കാന്‍ ശ്രമിച്ചെ.."
"കണ്ണ് കാണാത്ത എന്റെ മോളു നിന്നെ എങ്ങനെ നോക്കീന്നാടാ  നീയീ പറയുന്നേ... " അയാളത് പറഞ്ഞതും സിറാജ്  തരിച്ചു നിന്നു , കൂടെ ഞങ്ങളും..
വീടിന്റെ അകത്ത് ജനാലക്കമ്പി പിടിച്ചിരിക്കുന്ന ആ പെണ്‍കുട്ടിയെ ഞങ്ങൾ  വിഷമത്തോടെ നോക്കി, ആ കണ്ണുകളില്‍ അപ്പോള്‍ കണ്ണീരു പൊടിഞ്ഞിരുന്നു.. അവൾ കസവു തട്ടത്തിന്റെ തുമ്പിനാൽ അവളുടെ കണ്ണ് തുടച്ചു..അപ്പോഴും ഞങ്ങൾക്ക്  വിശ്വസിക്കാനായില്ല, ആ കണ്ണുകളില്‍ ഇരുട്ടാണെന്ന്..!!
ആരൊക്കെയോ ചേര്‍ന്നു സിറാജിനെ അടിക്കാന്‍ തുടങ്ങി.. അവന്‍ തിരിച്ചൊന്നും ചെയ്തില്ല.. അവന്റെ കണ്ണുകളിലും നനവ് പടര്‍ന്നിരുന്നു.. ഏറെ പാട്‌ പെട്ടാണ് ഞങ്ങളവനെ അവരിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ട് പോയത്‌..

ഒരാഴ്ച കൂടെയേ ഞങ്ങൾ അവിടെ താമസിച്ചുള്ളൂ.. ഞങ്ങളോട് മാത്രം പറഞ്ഞു സിറാജ് എറണാകുളം വിട്ടു,കുറ്റബോധം അവനെ വല്ലാതെ തളര്‍ത്തിയിരുന്നു..!!

ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി കഴിഞ്ഞയാഴ്ച അവന്‍ വിളിച്ചു.. വിശേഷങ്ങള്‍ പരസ്പരം ചോദിച്ചറിഞ്ഞതിനു ശേഷം അവന്‍ പറഞ്ഞു,
"അളിയാ ഫിറൂ..ഏപ്രിലിലാ കല്യാണം.. അതു പറയാനാ വിളിച്ചത്‌.. "
"ആഹാ.. കലക്കി..പെണ്ണ്??"
"നിനക്കറിയാവുന്ന പെണ്ണാ... അന്നാ കുഴപ്പം നടന്ന സംഭവം തന്നെ.. അവളെയാ ഞാൻ കെട്ടുന്നേ.."
അതു കെട്ടതും പിന്നെയും ഞാൻ ഞെട്ടി.. അല്‍പ നേരത്തേക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല..
"അത്.. അതെങ്ങനാ??.."
"ഞാൻ എറണാകുളം വിട്ടതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞു അവളുടെ വീട്ടില്‍ പോയാരുന്നു ,അറിയാതെ ചെയ്ത പോയ  തെറ്റിന് മാപ്പ് പറയാന്‍.. പിന്നങ്ങനെ... അവളുടെ കോഴ്സ് കഴിയാന്‍ കാത്തിരുന്നതാ ..അതാ കല്യാണം ഇത്രേം വൈകിയത്.. "
"അപ്പോ അവളുടെ കാഴ്ച..?? "
"കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്ക് വേണ്ടി കാണുന്നത്‌ ഞാനല്ലേ..ഇനി തുടര്‍ന്നും അങ്ങനെ തന്നെ കാണാമെന്ന് വെച്ചു.. " അതും പറഞ്ഞവന്‍ ചിരിച്ചു,കൂടെ ഞാനും.. ആ ചിരിയിലും എന്നിൽ കണ്ണീർ പൊടിഞ്ഞുവോ...!!
സലാം പറഞ്ഞതിനു ശേഷം ഫോണ്‍ വെച്ചു..
'അവളുടെ കണ്ണുകളിലെ ഇരുട്ടകറ്റാൻ നിന്റെ ഖൽബിലെ ഈ പ്രകാശം മാത്രം മതിയല്ലോ സുഹൃത്തേ.... ആ പ്രകാശം നിന്റെ ജീവിതത്തില്‍ നിറയട്ടെ,അതു കണ്ടു ഭൂമിയും ആകാശവും പുഞ്ചിരി തൂകട്ടെ....തീര്‍ച്ചയായും പ്രണയം സുന്ദരമാണ്‌,നിന്നെ പോലെ,നിങ്ങളുടെ പ്രണയം പോലെ.. '

Saturday, February 11, 2017

ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള ദൂരം..

പണ്ട് കോളേജിൽ പഠിക്കുമ്പോൾ സിനിമാ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഒരു രചനാ മത്സരം നടന്നു.. പ്രതേകിച്ചു ഒരു പണിയും ഇല്ലാത്തത് കൊണ്ട് ഇടം വലം നോക്കാണ്ട് പേര് രജിസ്റ്റർ ചെയ്തു ഹാളിലേക്ക് കയറി.. പരീക്ഷാ ഹാളിൽ ചെയ്യുന്ന പോലെ തന്നെ അപ്പുറത്തിരിക്കുന്നവനോട് പേനയും പേപ്പറും കടം വാങ്ങി എഴുതാൻ ആരംഭിച്ചു..

കിട്ടിയിരിക്കുന്ന വിഷയം : "ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള ദൂരം.. "
അതായത് യഥാർത്ഥ ജീവിതം തന്നെയാണോ സിനിമയിൽ ദൃശ്യവൽക്കരിക്കുന്നത് എന്നതിനെയൊക്കെ കുറിച്ചെഴുതണം..
അന്നാണ് ഞാനെന്റെ ജീവിതത്തിലെ ആദ്യത്തെ തിരക്കഥ എഴുതിയത്,ഒരു പോലീസ് ഓഫീസറുടെ ജീവിതത്തിൽ നടക്കുന്ന കരളലിയിക്കുന്ന കഥ..!
അതിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്..

സീൻ 16
പകൽ
പോലീസ് കമ്മീഷണർ സുഭാഷിന്റെ (ലാലു അലക്സ്) ഓഫീസ്

കുപ്രിസിദ്ധ അധോലോക നായകൻ ഹൈദർ സുൽത്താന്റെ വീട് റൈഡ് ചെയ്യാൻ തയ്യാറായി,CI ശരത് ചന്ദ്രന്റെ  വരവും കാത്തു അക്ഷമനായി നിൽക്കുന്ന സുഭാഷ്..
ഫോൺ ബെല്ലടിക്കുന്നു..

സുഭാഷ്: "ഹലോ ശരത്,താനിപ്പോ എവിടെയാണ്..ഐ ആം വെയ്റ്റിംഗ് ഫോർ യു"
ശരത് (മറുതലക്കൽ): "സർ,എനിക്കിന്ന് വരാൻ കഴിയില്ല.. ഞാൻ ഇന്ന് ലീവ് ആണെന്ന് പറയാൻ വേണ്ടി വിളിച്ചതാ.. "
സുഭാഷ് : "ങേ.. എന്നാ പറ്റി.. "
ശരത് : "വയറിനു സുഖമില്ല സർ "
സുഭാഷ് : " ഓ മൈ ഗോഡ്, എന്താ പ്രശ്നം?"
ശരത് :"ഇന്നലെ ഹോട്ടലിൽ നിന്നും കുറച്ച് ചെമ്മീൻ കഴിച്ചാർന്നു.. അതിൽ പണി കിട്ടിയതാണോന്നു നല്ല സംശയം ഉണ്ട് സർ.. രാവിലെ മുതൽ നല്ലോണം ഇളകുന്നുണ്ട്.. "
സുഭാഷ് : "അപ്പൊ റൈഡ്..?"
ശരത് : "കോപ്പ്.. ആയ്യോ.. സർ ഞാൻ പിന്നെ വിളിക്കാം.. ലളിതേ, വെള്ളം... " ഫോൺ കട്ട് ചെയ്യുന്ന ശബ്ദം.. 

സീൻ 17
പകൽ
ഹൈദർ സുൽത്താന്റെ (സായ്കുമാർ) ഓടിട്ട വീട്..

ശരത് ചന്ദ്രൻ തന്റെ വീട് റൈഡ് ചെയ്യാൻ വരുന്നത് ചാരന്മാർ വഴി അറിഞ്ഞ ഹൈദർ സുൽത്താൻ കൂളിംഗ് ഗ്ലാസും കോട്ടൊക്കെ ഇട്ടു കാത്തിരിക്കുന്നു..
സുൽത്താന്റെ വലംകൈ സുനി ദൂരെ നിന്നും ഓടി വരുന്നു.. 
സുനി :(കിതച്ചു കൊണ്ട്) " സർ,ഹാപ്പി ന്യൂസ്.. ശരത് ഇന്നിവിടെ വരില്ല.. അയാൾക്ക് 'ലൂസോമാണിയാക്ക്' എന്ന അസുഖം ആണെന്ന് കോൺസ്റ്റബിൾ സതീഷ്പിള്ള വിളിച്ചു പറഞ്ഞു"
സുൽത്താൻ : "ഓ മൈ ഗോഡ്.. സന്തോസായി.. സൂസന്റെ കുഞ്ഞമ്മേടെ അനിയത്തിന്റെ മോളെ നൂല് കെട്ടാ ഇന്ന്.. പോയില്ലേൽ രാത്രി കിടക്കാം നേരം കൂമ്പിനിട്ടിടിക്കും അവള്.. സന്തോസായി.. "
സുൽത്താൻ : (അകത്ത് നോക്കി വിളിക്കുന്നു) "സൂസൻ, ജിമ്മിയെ ഞാൻ കുളിപ്പിക്കാം.." 
സ്ലോ മോഷനിൽ അകത്തേക്ക്.. 

സീൻ 18
ഹോസ്പിറ്റലിന്റെ ഉൾവശം.. 
ടെസ്റ്റ് ചെയ്യാനുള്ള സാമ്പിൾ കുപ്പി പിടിച്ചോണ്ട് ക്യൂവിൽ നിൽക്കുന്ന ശരത് ചന്ദ്രൻ IPS..
പെട്ടെന്ന് മുഖം മാറി മറയുന്നു.. വയറും മുറുക്കെ പിടിച്ചോണ്ട് ഓടുന്നു.. 

സീൻ 19
ഹോസ്പിറ്റലിന്റെ പുറത്തെ ടോയ്ലറ്റ്..

അകത്തു നിന്നും അടച്ച ടോയ്ലറ്റ് തുറക്കാൻ ശ്രമിക്കുന്ന ശരത്.. ശ്രമം വിഫലം.. 
വിഷമത്തോടെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നു.. 
പെട്ടെന്ന് ടോയ്ലറ്റ് തുറക്കുന്ന ശബ്ദം..
പുറത്തേക്ക് വരുന്ന നായിക ഷീലാ ഫെർണാണ്ടസ്..
ശീലയുടെ മൂലക്കുരുവിന് അതെ ആശുപത്രിയിൽ കാണിക്കാൻ വന്ന വിവരം പറയുന്ന ഷീലയുടെ വല്യമ്മ.. 
ടൂത് പേസ്റ്റിൽ ഉപ്പില്ലാന്ന് പറഞ്ഞു സെയിൽസ് മേനോട് തർക്കിക്കുന്ന ഷീലയുടെ പ്രസന്ന മുഖം ഓർത്തെടുക്കുന്ന ശരത്.. പ്രണയത്തിന്റെ തിരയിളക്കം.. 
പെട്ടെന്ന് സ്ലോ മോഷനിൽ ടോയ്ലറ്റിലേക്ക്.. 

___××××____×××___××××____×××
ഈ രീതിയിൽ മനമുരുകുന്ന കഥ മുഴുവനും എഴുതി ഞാൻ സമർപ്പിച്ചു.. 
പക്ഷെ ഫലം വന്നപ്പോൾ എന്നെ നിഷ്കരുണം തള്ളിയിരിക്കുന്നു.. കാരണം, ആഭാസത്തരം എഴുതി പോലും.. !!
ഇന്റർണൽ മാർക്ക് പോകുമല്ലോ എന്ന് മാത്രം കരുതി ഞാനന്ന് ഒന്നും തിരിച്ചു ചോദിച്ചില്ല.. 
പക്ഷെ ഇന്ന് ഞാൻ ചോദിച്ചു പോവുകയാണ് പ്രിയപ്പെട്ടവരേ,

സിനിമയിലെ നായകന് വയറിളക്കം വരില്ലേ??
വില്ലന്റെ ഭാര്യയെന്താ പെണ്ണല്ലേ??
നായികക്ക് മൂലക്കുരു വരാതിരിക്കാൻ ചെറുപ്പത്തിൽ അവൾ കുത്തിവെപ്പ് എടുക്കുന്നുണ്ടോ??

ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾക്ക് മുമ്പിൽ രചനയുടെ വിഷയം തെളിഞ്ഞു നിൽക്കുന്നു.. 
"ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള ദൂരം.. "
അതൊരു വലിയ ദൂരം തന്നെയാണ്.. :)Thursday, October 13, 2016

"മുത്തേ,ഒന്ന് നോക്കിക്കൂടെ"??

കോളേജിൽ പഠിക്കാൻ,അല്ല വെറുതെ പോയിരുന്ന കാലം..
കാന്റീനിൽ ഇരുന്നു ബോറടിച്ചു പണ്ടാരടങ്ങി ഞാനും സഫീറും..
"സിൽമക്ക്  പോയാലോ" എന്ന് സഫീറിന്റെ ചോദ്യം.. അതൊരു നല്ല ചോദ്യമായിരുന്നു..
രണ്ടു തവണ ആഞ്ഞു കടിച്ചിട്ടും കീഴടങ്ങാതിരുന്ന ഉണ്ടംപൊരി ചില്ലലമാരയിലേക്ക് തന്നെ തിരിച്ചു വെച്ച് അതിനെ ഒന്ന് വണങ്ങി പുറത്തേക്കിറങ്ങി..
ക്യാന്റീനും കഴിഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ നേരെ വരുന്നു ട്യൂട്ടർ സാർ..
ഒന്നും നോക്കിയില്ല,അടുത്ത് കണ്ട ലൈബ്രറിയിലേക്ക് ചാടിക്കയറി..
ഉള്ളിൽ കേറിയ ഞങ്ങൾ ഞെട്ടിപ്പോയി, കാരണം ലാബ് ഏതാ ലൈബ്രറി ഏതാന്നറിയാത്ത പ്രിജേഷ് ലൈബ്രറിയിൽ..സഫീർ പുറത്തിറങ്ങി ലൈബ്രറിയുടെ ബോർഡ് നോക്കി ലൈബ്രറി തന്നെയെന്ന് ഒന്നൂടി ഉറപ്പു വരുത്തി..
പ്രിജേഷിന്റെ കുറച്ചകലെയായി ഇരിക്കുന്ന ടീംസിനെ കണ്ടപ്പോഴാ സംഗതിയുടെ ഇരുപ്പു വശം ഞങ്ങൾക്ക് കത്തിയത്.. ഞങ്ങടെ ജൂനിയർ സൗമ്യയും സംഘവും..പ്രിജേഷ് കുറെയായി ഓൾടെ പിറകെയാ,വളക്കാൻ..
ഓളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ മച്ചാൻ ഇംഗ്ലീഷ് പേപ്പർ ഒക്കെയാ എടുത്ത് വായിക്കുന്നേ.. ഓള് കേൾക്കാൻ പാകത്തിൽ ഓരോ അക്ഷരം പെറുക്കിയെടുത്തു അത്യാവശ്യം ഉച്ചത്തിൽ തന്നെ വായിക്കുന്നുണ്ട്.. "R,E,A,D..റിയാദ്" എന്നൊക്കെ..
സമയം കളയാതെ സഫീറും പോയി അവന്റടുത്തിരുന്നു..എന്തിനാ??
സൗമ്യന്റെ തൊട്ടടുത്തു ഫായിസയുണ്ട്..സഫീർ കുറച്ചായി ഫായിസാന്റെ പിറകേയാ.. അങ്ങനെ രണ്ടു കാൽമുകന്മാർ കാരണം ഞാനുമവിടിരുന്നു..
സൗമ്യ ഇടക്ക് പ്രിജേഷിനെ നോക്കുന്നേലും ഉണ്ട്..പ്രതീക്ഷ പ്രതീക്ഷ..!!
പക്ഷെ ഫായിസ നോക്കുന്നത് പോലുമില്ല.
"ക്യാന്റീനിലെ ഉണ്ടംപൊരി എത്രമാത്രം നക്കിയതാ ഓളെന്റെ പൈസ കൊണ്ട്.. ഓക്കൊന്നു നോക്കിക്കൂടെ ??" സഫീറെന്നോടായി പറഞ്ഞു..
"അതെന്നോടല്ല,ഓളോട് ചോദിക്കെടാ.. "
"ചോദിക്കും.. എനിക്കാരേം പേടിയൊന്നുമില്ല " അതും പറഞ്ഞു അവൻ പ്രിജേഷ് വായിക്കുന്ന  പേപ്പർ പിടിച്ചു വാങ്ങി അതിന്റെ ഒരു കഷ്ണം കീറിയെടുത്തു അതിലെന്തോ എഴുതി,എന്നിട്ടത് പ്രിജേഷിന്റെ നേരെ നീട്ടി..
"അളിയാ,ഇതൊന്ന് ഓക്ക് കൊണ്ട് കൊടുത്തേ.."
പ്രിജേഷ് അത് വാങ്ങി വായിച്ചു നോക്കി.. "മുത്തേ,ഒന്ന് നോക്കിക്കൂടെ"??
പ്രിജേഷ് ഉപകാരിയാണല്ലോ..അവൻ അതും കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു..
അതവൾക്ക് നേരെ നീട്ടി.. അത് വായിച്ചതും അവൾ ചാടിയെണീറ്റതും ഒരുമിച്ച്.. പ്രിജേഷ് പന്തികേട് മണത്തു തിരിഞ്ഞതും അവൾ കയ്യാഞ്ഞു വീശിയതും ഒരുമിച്ചാ..കൊണ്ടത് നടുപ്പുറത്താ.. "ഠപ്പേ "
"ആരാടാ ലൈബ്രറിയിൽ പടക്കം പൊട്ടിക്കണേ" എന്നും ചോദിച്ചു ലൈബ്രേറിയൻ ചാടിയെണീറ്റു..പൊകയൊന്നും കാണാത്തോണ്ട് പുറത്താരോ പൊട്ടിച്ചതാവും എന്ന് കരുതി അയാളടങ്ങി..
സംഗതി അധികമാരും കണ്ടില്ല,കണ്ടവർക്കൊന്നും മനസ്സിലായതുമില്ല...
പ്രിജേഷ് പുറവും തടവി എന്റെ അടുത്ത് വന്നിരുന്നു..
ഞാൻ അവന്റെ കയ്യിലെ കടലാസ് വാങ്ങി അത് വായിച്ചു നോക്കി കണ്ണ് മിഴിച്ചു..
കുഴപ്പമൊന്നുമില്ല,ധൃതിയിൽ എഴുതിയപ്പോ ഒരു ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക്..
"മുത്തേ,ഒന്ന് നോക്കിക്കൂടെ"?? എന്നെഴുതിയതിൽ 'നോക്കിക്കൂടെ'എന്നതിലെ 'ന'-ന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള സാമാനങ്ങൾ ഇടാൻ മറന്നു പോയിരിക്കുന്നു..!!
ഞാൻ സഫീറിനെ പുച്ഛത്തോടെ നോക്കി..പിന്നെ പ്രിജേഷിന്‌ നേരെ തിരിഞ്ഞു..
"അല്ല മൊയന്തേ ,എഴുതിയ ഓനോ അങ്ങനെ.. നീ വായിച്ചിട്ടല്ലേ ഓൾക്ക് കൊണ്ട് കൊടുത്തേ.."
"അതിനു എഴുതിയതിനു എന്താ കുഴപ്പം.. ഓൾക്ക് പിരാന്താടാ" അവൻ ദേഷ്യത്തോടെ പറഞ്ഞു..
ആ.. പസ്ററ്..എന്തിനാ അടി കൊണ്ടെന്ന് പൊട്ടന് ഇപ്പോം മനസ്സിലായിട്ടില്ല.. ഞാൻ മനസ്സിലാക്കി കൊടുക്കാനും പോയില്ല..
ഏതായാലും ആ സംഭവത്തോട് കൂടെ പ്രിജേഷിന്റെ 6 മാസത്തെ കഠിന പ്രവർത്തനം കാരണം ഏകദേശം 90% വളഞ്ഞ സൗമ്യ അവനെ വിട്ടു വെയ്റ്റിംഗ് ലിസ്റ്റിൽ രണ്ടാമതുണ്ടായ സജേഷിന്‌ വളഞ്ഞു കൊടുത്തു.. ശോകം.. !!
ചെങ്ങായിയെ സഹായിക്കാൻ പോയി എന്ന ഒറ്റ കുറ്റം മാത്രേ പ്രിജേഷ് ചെയ്തുള്ളൂ എന്നോർത്തോണം.. പാവം..!!!
ബന്ധുവിനെ സഹായിക്കാൻ പോയി സ്വന്തം പണി വരെ പോയ ജയരാജൻ ചിറ്റപ്പനെ കുറിച്ച് വായിച്ചപ്പോൾ ചെങ്ങായിനെ സഹായിക്കാൻ പോയി സ്വന്തം പെണ്ണ് വരെ പോയ പ്രിജേഷിനെ ഓർത്തന്നെ ഉളളൂ.. :)

Tuesday, August 16, 2016

ഒരു വട്ടം കൂടി...


ഒരു വെടീം പൊകേം മാത്രമേ ഓർമയുള്ളൂ.. എല്ലാം വളരെ പെട്ടെന്നെന്നെ തീർന്നു..

കോളേജിൽ ഒരുമിച്ച് പഠിച്ചവരെയൊക്കെ തപ്പിയെടുത്തൊരു വാട്ട്സപ്പ് ഗ്രൂപ്പ് ,വെറുതെ ഒരു രസത്തിനു ചിന്തിച്ചതാ.. മുകളിലൂടെ പോകുന്ന വെടിയുണ്ട ഏണി വെച്ച് കേറി പിടിച്ചു നെഞ്ചിൻ കൂട്ടിനകത്തേക്കു കേറ്റുന്നതായിരുന്നു അയിനേക്കാൾ നല്ലതു എന്ന് ഇപ്പൊ തോന്നുന്നു..!!

സകലോനേം ആഡ് ചെയ്തു, മഹിളാ മണികളെ റിക്രൂട്ട് ചെയ്യാൻ റിഷാനയെ ഓടിച്ചിട്ട് പിടിച്ചു ഗ്രൂപ്പിൽ കേറ്റി അഡ്മിനും ആക്കി..
സംഗതി കേറിയങ്ങു കത്തി..ജീവിച്ചിരിപ്പുണ്ടോ അതോ ആരേലും തല്ലിക്കൊന്നോ എന്ന ഒടുക്കത്തെ ചോദ്യത്തിന് ഉത്തരം എന്നോണം ഒന്നും ചത്തില്ല, നാട്ടുകാരുടെ ക്ഷമ കൊണ്ട് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിച്ചു പലവഴി ഗ്രൂപ്പിലേക്കൊഴുകിയെത്തി..
അതിനിടയിലാ ഞാനടുത്ത വെടിയുണ്ട ഓർഡർ ചെയ്തേ.. ഒരു കാര്യോമില്ലായിരുന്നു.. ഒരു ഗെറ്റ് ടുഗതർ..!! ഒരിക്കൽ ജ്വലിച്ച ദിവസത്തിന് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ..!!
സംഗതി എല്ലാർക്കും പെരുത്തിഷ്ടായി.. ലൈക്കോട് ലൈക്ക്..ഓഗസ്റ്റ് 15 അങ്ങനെ ഫിക്സും ചെയ്തു.. പിന്നെ അതിന്റെ പ്ലാനിംഗ് എന്നും പറഞ്ഞായി ചർച്ച..ചർച്ചയിൽ ഒരു ചേർച്ചയില്ല എന്ന് പറഞ്ഞായി അടുത്ത തല്ല് .. നടക്കട്ട് പുല്ല്.. ഞാനൊന്നും മിണ്ടാൻ പോയില്ല.. !!

അതിനിടയിൽ പ്രകാശിന്റെ ഫോൺ.. ന്തിനാ ??

"അളിയാ.. സംഭവം ഒക്കെ എനിക്കിഷ്ടായി.. പക്ഷെ ഞാൻ വരൂല.."

എനിക്കൊന്നും തോന്നിയില്ല.. കാരണം ഓൻ പണ്ടേ ഇങ്ങനാ.. ഇഷ്ടായതൊന്നും ചെയ്യൂല.. CD കടയിൽ പോയിട്ട്  കാണാത്ത 'ദേവാസുരം' വെറുതെ തരാന്ന് പറഞ്ഞപ്പോ അത് വാങ്ങാണ്ട്  തിയേറ്ററിൽ ഫസ്റ്റ് ദിവസം തന്നെ പോയിക്കണ്ട 'വാമനപുരം ബസ് റൂട്ട്' കാശ് കൊടുത്തു വാങ്ങിയ ലെഗസി ഉള്ളോനാ..!!

എന്തായാലും വെറുതെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി  ചോദിച്ചു..
"ന്തേ നിനക്ക് വന്നാല്.."
"വരണേൽ ഓളേം കൂടി വിളിക്കണം.. എന്നാ ഞാൻ വരും.." അവന്റെ ഉത്തരം..
"ങേ.. ആരുടെ ഓളെ " എന്റെ സംശയം..
"ആരുടേലും ഓളായോ എന്നറിയൂല.. ആയാലും ഇല്ലേലും ഓളുണ്ടേൽ ഞാൻ വരാം.."
"ആരാന്ന് പറയെടാ പരട്ടേ??" എനിക്ക് കലിപ്പ് കേറി..
"അത്.. അത്.. സൗമ്യ.. "
ന്റെ പൊന്നെ.. മ്മളെ ജൂനിയർ.. ഓന്റെ പഴേ കാമുകി.. കാമുകീന്ന് മുഴുവനായും പറയാൻ പറ്റൂല,കാരണം ഓനങ്ങോട്ടെ പ്രേമിച്ചിട്ടുള്ളു,തിരിച്ചിങ്ങോട്ട് തെറീം വെടീം പൊകേം മാത്രേ ഉണ്ടായിട്ടുള്ളൂ..ആ സമയത്തു  ഓന്റെ പിരാന്ത് കാരണം ഓൻ എന്നേം സഫീറിനേം വിളിച്ചോണ്ട് ഓൾടെ നാട്ടിലേക്കൊരു പോക്കാ.. അടുത്ത സീൻ ഓട്ടമാ,മരണ ഓട്ടം. അന്നാട്ടില്‌ നല്ലൊരു ഓട്ടക്കാരൻ ഉണ്ടായിരുന്നേൽ അന്നേ ഡെഡ്ബോഡി  ആകേണ്ട ബോഡീസ് ആയിരുന്നു ഞങ്ങളുടേത്.. !!

അതോണ്ടെന്നെ ചോദ്യേം ഉത്തരോന്നും പിന്നെ ഉണ്ടായില്ല.. "നീ വരണ്ട " എന്ന് പറഞ്ഞു ഞാൻ ഫോണങ്ങു വെച്ച്..
ഓൻ വിട്ടില്ല.. വിളിയോട് വിളി..
"എടാ.. ജൂനിയേഴ്സിനെ വിളിക്കാൻ പാടില്ലാന്നാ നിയമം.. അതോണ്ട് അത് വേണ്ട.." ഒഴിവാക്കാൻ അടുത്ത നമ്പർ ഇട്ട് ഞാൻ..
"പിന്നെ.. ഒരു നിയമം.. പാർലിമെന്റിൽ ഒന്നുമല്ലല്ല നമ്മൾ പോകുന്നെ നിയമം തെറ്റിക്കാണ്ടിരിക്കാൻ..പാർക്കിലേക്കല്ലേ..?"
"പോടാ.. അതിരിക്കട്ട്.. ഓളിപ്പോ എവിടാ?? നീ കണ്ടിട്ട്ണ്ടാ അടുത്തെങ്ങാനും ??"
"അതൊന്നും അറിയൂല.. ഓളെ നാട്ടിപ്പോയി അന്വേഷിക്കണം.."
"ആ.. പസ്ററ്.. നിന്റെ പിരാന്തിന് ഇപ്പോം ഒരു കുറവില്ല അല്ലെ.. പണ്ട് ഓളുടെ നാട്ടിൽ വന്ന് ഓടിയ ഓട്ടം ഞാനും സഫീറും നേരെ ഓടിയെങ്കിൽ അങ്ങ് സിറിയയിൽ എത്തിയേനെ..അന്ന് പക്ഷെ കൊയപ്പൂല്ല ,പക്ഷെ ഇന്നങ്ങനെ പോയാൽ IS-ൽ പോയി,ചാനൽ ചർച്ച,മയ്യിത്ത് കാണണ്ട എന്നൊക്കെ തൊടങ്ങി വെല്യക്കാട്ടെ വിഷയാവും.. അതോണ്ട് നീ പോയെ.. "
എന്നിട്ടും ഓൻ വിടുന്നില്ല..കരച്ചിലോട് കരച്ചിൽ..
പക്ഷെ ആ കരച്ചിലിൽ ഞാൻ വീണില്ല.. കാരണം എനിക്കിപ്പോ ഒരു ഓളുണ്ട്,ഒരു മോളുണ്ട്,ഒരു കുടുംബൂണ്ട്.. രക്തസാക്ഷിയാവാൻ വയ്യ..
ഫോൺ വെച്ച്..!

അങ്ങനെ ഓഗസ്റ്റ് 14 ആയി.. ചെങ്ങായി ജാബിന്റെ മങ്ങലം മംഗളമായി കഴിഞ്ഞു..ഓഗസ്റ്റ് 14-ന് ഞാൻ വീട്ടിൽ ആ പ്രഖ്യാപനം അങ്ങ് നടത്തി..
"നാളെ ഞാൻ കോളേജിൽ പോകുന്നു,ഈ ഗെറ്റ്-ടുഗതർ ജ്വലിക്കും,നോക്കിക്കോ.."
"ഒവ്വ.. സഹകരണാശുപത്രീൽ എത്താണ്ട് നിന്നാ മതി.. " ഓളുടെ ഓർമ്മപ്പെടുത്തൽ പുച്ഛിച്ചു തള്ളി..
"നാളെ കമ്പ്ലീറ്റ് നൊസ്റ്റാൾജിയ ആണ്.. അതോണ്ട് പണ്ട് കോളേജിൽ പോയ ദിവസം എങ്ങനാണോ അങ്ങനാ നാളേം.. അതോണ്ട് നാളെ ബൈക്കിനല്ല,ബസിനാ പോണേ.." എന്റെ അടുത്ത പ്രഖ്യാപനം..
"എല്ലാം അത് പോലാണോ??" ഉമ്മേടെ ചോദ്യം..
"ആ.. എന്ത്യേ ??"
"അങ്ങനാണേൽ ഇറങ്ങാം നേരം ഉപ്പാനെ എവിടേം പോവാതെ ഇവിടെ തന്നെ നിറുത്തണം..ഉപ്പാന്റെ വായിലിരിക്കുന്നത് കേൾക്കാതെ 3 കൊല്ലം നീ ഇവിടന്ന് ഇറങ്ങിയിട്ടില്ലല്ലോ.."

ഫ്ളഷ്ബാക്കിന്റെ ടോൺ..
'കണ്ട തെണ്ടിപ്പിള്ളേരുടെ കൂടെ പാതിരാത്രി മുഴുവൻ അലഞ്ഞു തിരിഞ്ഞു കേറി വന്നിരിക്കുന്നു കോളേജിൽ പോകാൻ..' 
മൈൻഡ് ഒരു വേള പഴയ കാലത്തിലേക്ക് തിരിച്ചു പോയി.. വല്ലാണ്ട് അവിടെ നിക്കാൻ മൈൻഡിനെ വിടാണ്ട് തിരിച്ചെടുത്തു..ബാക്കി ഡയലോഗ് അതുക്കും മേലെയാ..
 "മാണ്ട.. നിങ്ങളൊക്കെ തൽക്കാലം നൊസ്റ്റാൾജിയ ആക്കണ്ട.. ഞാൻ മാത്രം ആക്കിക്കോളാം..കേട്ടാ.." ആ സീൻ പിരിച്ചു വിട്ടു.. ഇല്ലേൽ കുറെ എന്തൊക്കെയോ വരും..

ആ രാത്രി അങ്ങനങ്ങു തീർന്നു..നേരം നേരത്തെ തന്നെ വെളുത്തു..

കുളിക്കാൻ നേരമാ ഡ്രസ്സ് കോഡ് ഉണ്ടാക്കിയ കാര്യം ഓർമ്മ വന്നത്.. നീലക്കുപ്പായമോ പാന്റോ വേണമെന്നാ പറഞ്ഞത്..
മമ്മിഞ്ഞിന്റെ കല്യാണത്തിനിട്ട നീലക്കുപ്പായം തന്നെ ഇടാം.. CITU ഡ്രസ്സ് പോലുണ്ട് എന്നെല്ലാരും പറഞ്ഞന്ന് ഇനി ഈ പുല്ലിടൂല എന്ന് പറഞ്ഞു ഊരിവെച്ചതാ.. അതൊന്നൂടി എടുത്ത്..
അതൊന്ന് തേക്കാൻ ഓൾക്ക് നേരെ നീട്ടി..
"ഇതെന്താ നീലയൊക്കെ.."
"ഡ്രസ്സ് കോഡ് നീല വേണമെന്നാ റിഷാന പറഞ്ഞേ.."
"അതെന്തിനാ..?" അവളുടെ ഡൌട്ട്..
"ഓ.. റിഷാന പുതിയ നീല ചൂരിദാറ് വല്ലോം വാങ്ങിക്കാണും.. അത് കാണിക്കാൻ നമ്മളേം കൂടി നീലയാക്കുന്നു.. അല്ലാണ്ട്ന്നാ..നീ തേക്കാൻ നോക്ക്.."
"ഇന്നത്തെ ദിവസം കോളേജിൽ പണ്ട് പോയ ദിവസം പോലെ തന്നെയാ എന്നല്ലേ പറഞ്ഞെ.. അന്ന് ഞാൻ സ്കൂളിൽ പഠിക്കുവാ.. തേക്കാൻ നേരൂല്ല..എനിക്ക് ഹോം വർക്ക് ചെയ്ത് തീർക്കാനുണ്ട് കേട്ടാ.." ഓള് തേച്ചിട്ടങ്ങു പോയി,ഡ്രെസ്സല്ല,എന്നെ..!!
വന്ന് വന്ന് ഓളും സിമ്പോളിക് ആയി വരുന്നുണ്ട്.. ഒന്നും മിണ്ടാൻ പറ്റാത്ത ഓരോ അവസ്ഥാന്തരങ്ങൾ.. !

ഞാനെന്നെ തേക്കാൻ തേപ്പു പെട്ടി എടുത്ത്.. എന്നും ചെയ്യാറുള്ളത് പോലെ തേപ്പു പെട്ടിയുടെ പൊടി കളയാൻ തേപ്പു പെട്ടി കൊണ്ട് തുടക്ക് രണ്ട് തേപ്പ്..
അടുത്തത് വൻ അലർച്ചയാ..
എന്നതാ കാര്യം ??
അതെന്നെ.. ഉപ്പ ഡ്രെസും തേച്ചു  പ്ളഗ് ഊരിയ മൊമെന്റിലായിരുന്നു എന്റെ പൊടി കളയൽ.. പൊടീം പോയി,ഇച്ചിരി തോലും പോയി..പൊന്നീച്ച പറന്നു.. ജ്വലിച്ചു തുടങ്ങി മോനെ..!!

ഏതായാലും പൊള്ളിയ സെന്റിമെന്റിൽ ഓള് ഡ്രസ്സ് തേക്കാൻ സമ്മയിച്ചു.. ഓള് ആദ്യം തന്നെ എന്നെ തേക്കാണ്ട് ഡ്രസ്സ് തേച്ചിരുന്നേൽ ആ ജ്വലിക്കൽ ഒഴിവാക്കാരുന്നു..!!

കുളീം കഴിപ്പും ഡ്രസിങും ഒക്കെ കഴിഞ്ഞു.. ഇറങ്ങാൻ നേരം ഓള് പിറകീന്ന് വിളിച്ചു..
"നല്ലോരു കാര്യത്തിന് പോകുമ്പോൾ പിറകീന്നു വിളിക്കല്ലേ.. ജ്വലിക്കേണ്ടതാ.. എന്തേ??" ദേഷ്യത്തോടെ ചോദിച്ചു...
ഓളൊന്നും മിണ്ടാണ്ട് ഉറങ്ങിക്കിടക്കുന്ന മോളെ ചൂണ്ടി കാണിച്ചു..
അതെന്തിനാ.. കുറച്ചു നേരം ഒന്നും മനസ്സിലാവാതെ ആലോചിച്ചു..
പിന്നാ ഓർത്തത്,സിംബോളിക്കാ,സിംബോളിക്ക്..
'പണ്ടത്തെ പോലെ കെട്ട് വിട്ട പട്ടമല്ല,കെട്ടിയിട്ട പശുവാന്ന്' ഓള് സിംബോളിക് ആയി ഓർമപ്പെടുത്തിയതാ..!!
ഒന്നും മിണ്ടാണ്ട് മോൾക്ക് ഒരുമ്മ കൊടുത്തിറങ്ങി..!!

ബസ് വന്നു..പഴേ പോലെ ചാടിക്കേറി..
കണ്ടക്ടർ വന്നപ്പോൾ ഒരു രൂപ 25 പൈസാ കൊടുത്തു.. കൺസഷൻ..അങ്ങേരു അടിമുടിയൊന്ന് നോക്കി..
സംഭവം എനിക്കപ്പോഴാ കത്തിയത്..15 രൂപ എടുക്കുന്ന നേരം കൊണ്ട് അങ്ങേരുടെ അനർഘ നിർഗ്ഗള വാക്കുകളാൽ കൊട വിരിഞ്ഞു.. പൂരം കണ്ട സന്തോഷം..!!

ബസ്സിന്‌ പുറത്തെ കാഴ്ച്ചകൾ പോലെ ഓർമ്മകളും പിന്നോട്ട് സഞ്ചരിച്ചു തുടങ്ങി..
ഒരു കാര്യവുമില്ലാതെ വ്യവസ്ഥിതിയെ  വെല്ലുവിളിച്ച മൂന്നു വർഷങ്ങൾ..
പെണ്ണ് സെറ്റ് ആവുന്നത് വരെ പ്രണയത്തോടും സെറ്റ് ആയതിനു ശേഷം അതെ പെണ്ണിനെ തന്നെ വളക്കാൻ ശ്രമിച്ച മറ്റു അലവലാതികളോടും കലഹിച്ച മൂന്നു വർഷങ്ങൾ..
കൂട്ടത്തിലുള്ളവനെ നമ്മള് തല്ലുകയോ തലോടുകയോ ചെയ്യും,പക്ഷെ പുറത്തുള്ളോൻ ഓനെയൊന്നു തുറിച്ചു നോക്കിയാൽ പോലും "വാ അളിയാ.. ഓന്റെ മയ്യിത്ത് കൊണ്ട് ചിരിയും കളിയുമാ ഇന്നെന്ന്" പറഞ്ഞു നെഞ്ചും വിരിച്ചിറങ്ങിയ ദിനങ്ങൾ,ആൾബലം കണ്ട് കൊടുത്ത തല്ലുകൾ,തിരിച്ചു കിട്ടിയ കല്ലേറുകൾ,തെറി വിളികൾ..!!
പ്രണയിച്ച, സൗഹൃദം എന്തെന്ന് പഠിപ്പിച്ച,കോപ്പിയടിയിലും ഒരു കലയുണ്ടെന്നു തിരിച്ചറിഞ്ഞ,സെമിനാർ കണ്ടു പിടിച്ചവന്റെ തന്തക്ക് വിളിച്ച,ഇന്റെർണൽ അസൈന്മെന്റ് കണ്ടു പിടിച്ചവന്റെ തള്ളക്ക് വിളിച്ച മൂന്നു വർഷങ്ങൾ..
ഓർമ്മകൾക്കെന്തു സുഗന്ധം..!!

ബസ് സർ-സയ്ദ് കോളേജ് സ്റ്റോപ്പിലെത്തി.. ഒന്നും നോക്കാണ്ട് ചാടിയിറങ്ങി..
കണ്ടക്ടർ ചൂഴ്ന്ന് നോക്കുന്നു.. വിട്ടില്ല,തിരിച്ചും അതെ നോട്ടം കലിപ്പോടെ നോക്കി..
അപ്പോഴാ വല്യൊരു സത്യം ഓർമ്മ വന്നത്..
'പടച്ചോനെ,ഗെറ്റ് ടുഗതർ പറഞ്ഞത് കോളേജിൽ അല്ലല്ലോ, തളിപ്പറമ്പും കഴിഞ്ഞുള്ള കുപ്പത്തല്ലേ.. പിന്നെന്തിനാ ഞാൻ ഇവിടെ ചാടിയിറങ്ങിയേ..' ഞാനെന്നോട് തന്നെ ചോദിച്ചു..
ചുമ്മാതല്ല കണ്ടക്ടർ തെണ്ടി നോക്കുന്നെ,തളിപ്പറമ്പിലേക്കു ടിക്കറ്റ് എടുത്ത് അവിടെത്തും മുമ്പ് ചാടിയിറങ്ങിയാ ആരായാലും നോക്കും..
തിരിച്ചു കേറിയാലോ??
അങ്ങേരുടെ പുച്ഛം ഏറ്റു വാങ്ങേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ആ ചിന്ത അപ്പൊത്തന്നെ മടക്കി വെച്ച്.. അങ്ങേരിപ്പോഴും ആ നോട്ടം തന്നെയാ.. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ,ഞാനും തിരിച്ചു നോക്കി നെഞ്ചും വിരിച്ചു പറഞ്ഞു.
"പൈസ എനിക്ക് പുല്ലാ.. എനിക്കിഷ്ടമുള്ളിടത്തു ഞാനിറങ്ങും.ചിലപ്പോ കണ്ണൂരേക്ക് ടിക്കറ്റ് എടുത്ത് തളിപ്പറമ്പിൽ ഇറങ്ങും.നിനക്കെന്താ അതിന് ?"
"നിനക്ക് പ്രാന്താടാ.. " അതും പറഞ്ഞു അങ്ങേര് ഡബിൾ അടിച്ചു,ബസ് പോയി,എന്റെ മാനോം..!

അടുത്ത ബസിൽ കേറി ഒന്നൂടി തളിപ്പറമ്പിലേക്ക് ടിക്കറ്റ് എടുത്ത്..ഒന്നും ഓർക്കാൻ നിന്നില്ല,ഇനീം നാണം കെടാൻ വയ്യ..!
തളിപ്പറമ്പ എത്തി.. ഫോൺ എടുത്ത് പ്രിജേഷിനെ വിളിച്ചു..
"ഞാൻ തളിപ്പറമ്പ എത്തി..നീ എവിടാ അളിയാ..?"
"പോടാ.. ഞാൻ കോളേജിന്റവിടെ ബസ് ഇറങ്ങി 10 മിനിറ്റ് ആയി ഇവിടെ പോസ്റ്റ് ആയിട്ട്.."
"ങേ.. നീ തളിപ്പറമ്പും കഴിഞ്ഞു എന്തിനാ അവിടെ പോയെ.. കുപ്പത്തല്ലേ പരിപാടി വെച്ചിരിക്കുന്നത്.."
"ശെടാ.. ശരിയാണല്ലേ..ഞാനെന്തിനാ ഇവിടെ വന്നേ.." അവന്റെ ചോദ്യം..
ഞാനുത്തരം പറഞ്ഞില്ല..ഫോൺ കട്ട് ചെയ്തു..
ഞാൻ ഒന്നെറിഞ്ഞാ ഓൻ ഒമ്പതെറിയും.. അതാ ഓൻ ..
ഓനേം വെയിറ്റ് ചെയ്തു 10 മിനിറ്റ് പോസ്റ്റ് ആയ നേരം നോക്കി ഫേസ്ബുക്കിൽ ഒരു പോസ്റ്റും ഇട്ട്..!

അവനെത്തി..ഓട്ടോ പിടിച്ചു കുപ്പത്തേക്കു..
ലേക്ക് പാർക്ക് ആണ് ഡെസ്റ്റിനേഷൻ.. അവിടാ പ്രോഗ്രാം പ്ലാൻ ചെയ്തിരിക്കുന്നെ..!
താക്കോൽ വാങ്ങി ഗേറ്റ് തുറന്നു..
ഞാൻ നോക്കി..ഏകദേശം ഒരു 2 സെന്റ്‌ സ്ഥലത്തു നിർമ്മിച്ചിരിക്കുന്ന വലിയ വിശാലമായ പാർക്ക്..പ്രിജേഷ് കണ്ടിഷ്ടപ്പെട്ടു ബുക്ക് ചെയ്തതാ.. അവനെ നോക്കി പുച്ഛിക്കാൻ നിന്നില്ല.. എത്രാന്നു വെച്ചാ..!!
"നല്ല വിശാലമായ പുറം".. പ്രിജേഷിന്റെ ഡയലോഗ്..
ഞാനവനെ കലിപ്പോടെ നോക്കി.. റോഡിലൂടെ നടന്നു പോകുന്ന ചേച്ചിയെ നോക്കിയാ അവൻ  പറഞ്ഞെ..ഞാനും നോക്കി..
"ശരിയാ.. നല്ല വിശാലമായ പുറം.." ചേച്ചി പോയി..ഇത് പോലോത്ത വല്ല കാഴ്ചയും കണ്ടോണ്ട് തന്നാവും തെണ്ടി പാർക്ക് ബുക്ക് ചെയ്തത്.. ഞാൻ പിന്നേം പാർക്കിലേക്ക് നോക്കി..
ചെറുതാണേലും പ്രകൃതി രമണീയത നിറഞ്ഞൊഴുകുന്ന പാർക്കൊക്കെ തന്നെയാ..
വിശാലമായ പച്ചപ്പുല്ലിൽ ഇരിക്കാനുള്ള സ്ഥലമുണ്ടെന്നാ ഓൻ ഗ്രൂപ്പിൽ പറഞ്ഞത്..മഴ നല്ലോണം പെയ്തോണ്ട് പുല്ലിൽ ഇരിക്കാനുള്ള പൂതി നാലായി കീറി പുഴയിലെറിയേണ്ടി വന്നു..പുല്ല്..!!

പാർക്കിന്റെ തൊട്ടടുത്തുള്ള ഹാളിന്റെ താക്കോലുമായി പാർക്കുടമ ചേച്ചി വന്നു.. മുറി തുറന്നു.. !
കുറ്റം പറയരുതല്ലോ..നല്ല ഹാൾ..കൊള്ളാം..
പെട്ടെന്നൊരു കാർ വന്നു..
സഫീറ ഫാമിലിയായി വന്നിരിക്കുന്നു.. കൂടെ റിഷാനയും.. എന്റെ ഊഹം ശരിയായിരുന്നു,റിഷാനയുടെ പുതിയ  നീല ചൂരിദാർ കാണിക്കാൻ വേണ്ടി മനപ്പൂർവാ ഓള് നീല യൂണിഫോം എന്നൊക്കെ പറഞ്ഞത്.. മിടുക്കി..!!
വിശാലമായ പാർക്ക് കഥ കേട്ട് തന്നാ സഫീറയുടെ മക്കളും വന്നതെന്ന് തോന്നുന്നു..പാർക്ക് കണ്ട ഉടനെ തന്നെ പിള്ളേര് തിരിച്ചു വണ്ടീൽ കേറി..ഉമ്മാനെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല..
"ഇത്രേം വല്യ പാർക്കിൽ പിള്ളേരെ കളിക്കാൻ വിട്ടാ ചിലപ്പോ കാണാതായി പോകും.." ഓളെ മാപ്പിളേടെ ഡയലോഗ് കൂടി ആയപ്പോ സംഗതി ഒന്നൂടെ ജ്വലിച്ചു..
ഫാമിലി ആയി വന്ന സഫീറ അങ്ങനെ പാർക്കിന്റെ കൊണം കൊണ്ട് സിംഗിൾ ആയി..!!

തൊട്ടു പിറകെ ഓട്ടോ വന്നു.. ഷംസീനയും മിതയും ഷാനിബയും ഇറങ്ങി..
15 പേര് ഉറപ്പായും വരുമെന്ന് പറഞ്ഞതാ.. ലാസ്റ്റ് ടൈം എല്ലാരും നൈസ് ആയി വഞ്ചിച്ചു..
സഫീറിന് കണ്ണൂർ കോട്ടയിൽ സ്വാതന്ത്ര ദിനത്തിന്റെ സല്യൂട്ട് സ്വീകരിക്കാൻ പോണം പോലും..ഓരോരോ കാരണങ്ങൾ..ഓനിപ്പോഴും നല്ല ബിടലെന്ന്യാ..!!
പണ്ട് പഠിക്കാനുള്ളത് മുഴുവൻ പച്ചവെള്ളം പോലെ പഠിച്ചിട്ടു  വന്നാലും പരീക്ഷ എന്ന് കേൾക്കുമ്പോൾ വിറയ്ക്കുന്ന മിനി ഇപ്പൊ പോലീസിലാണ് എന്നറിഞ്ഞപ്പോ മൂന്നു ദിവസാ ഞാൻ ചിരി നിർത്താൻ കഷ്ടപ്പെട്ടെ..ഓള് സല്യൂട്ട് അടിക്കാനും പോയി.. !!

അങ്ങനെ ശുഷ്കിച്ച അംഗങ്ങളെ വെച്ച് സെൽഫി തുടങ്ങി..അതിനിടയിൽ സജേഷ് വന്നു..

ഉയരം കൂടുംതോറും ചായക്ക്‌ സ്വാദ് കൂടും എന്ന് പറഞ്ഞത് കേട്ട് കുടിയാന്മലയിൽ കേറി നിന്ന് ചായ കുടിച്ച അതേ സജേഷ്..അകന്നിരുന്നാൽ സ്നേഹത്തിന്റെ ആഴം കൂടും എന്ന് പറഞ്ഞു പ്രേമിക്കുന്ന പെണ്ണിനെ കുറച്ചൂസം വിളിക്കാണ്ട് നിന്നു... അത് ഓള് മുതലാക്കി..ഓനെ നൈസ് ആയി തേച്ചിട്ട് ഓള് ഓന്റെ ചെങ്ങായിന്റെ കൂടെ പോയി.. അന്ന് മുതൽ നിരാശാകാമുകനായി നടക്കുന്ന സജേഷിനെ എല്ലാരും ചേർന്ന് പഴേ പോലെ ആക്കി.. ഓനുഷാറായി..!
ജംഷീറിനെ വിളിച്ചപ്പോൾ ഓൻ കോളേജിലേക്കുള്ള ബസ് കേറിയെന്നു പറഞ്ഞു..
"മണ്ടൻ കുണാപ്പി,നൊസ്റ്റാൾജിയ വലിച്ചെറിഞ്ഞു പാർക്കിലേക്ക് വാടാന്നു" പറഞ്ഞു ഓനെ പ്രിജേഷ് പച്ചത്തെറി വിളിച്ചു..കലികാലം..!!
വൈകാതെ ജംഷീറും എത്തി..
പിന്നീടങ്ങോട്ട് സംഗതി കത്തിക്കയറി.. കഷണ്ടിയും ഫഹദ് ഫാസിലും തുടങ്ങി വേലുത്തമ്പി ദളവയെ കുറിച്ച് വരെ സംസാരിച്ചു.. റിഷാന പ്ലാൻ ചെയ്ത് കൊണ്ട് വന്ന ഗെയിംസ് ഒക്കെ കത്തിക്കേറി..
മണിക്കൂറുകൾ മിനിറ്റുകളായി മാറി..എല്ലാവരുടെയും പ്രായം പിന്നെയും പിന്നെയും കുറഞ്ഞു വന്നു..ഇനീം കുറഞ്ഞാ ശരിയാവൂല എന്ന് പടച്ചോന് തോന്നി തുടങ്ങിയത് കൊണ്ടാവും പടച്ചോൻ പ്ലാനങ്ങട്‌ മാറ്റിപ്പിടിച്ചു.. ഷാനിന്റെ മാപ്പള വിളിച്ചു..
"ഇനീം വൈകിയാ കുഞ്ഞുങ്ങളെ നോക്കാൻ ഞാൻ വേറെ കെട്ടും " എന്ന് ഭീഷണി..
ഓളോടി..!!
മറ്റുള്ള ഭർത്താക്കന്മാരും ഇതേ ടോൺ പറയാൻ സാധ്യത ഉള്ളതിനാൽ മനസ്സില്ലാ മനസ്സോടെ മറ്റുള്ളവരും.. !!

മനസ്സു നിറഞ്ഞ മൂന്നു മണിക്കൂറുകൾ.. സൗഹൃദത്തിന്റെ കുളിർമയിൽ നനഞ്ഞ നിമിഷങ്ങൾ..ശരിക്കും ജ്വലിച്ചു.. !!
സജേഷ് പോയി.. ഞാനും ജംഷിയും പ്രിജേഷും പഴയത് പോലെ ഒരുമിച്ച് നടന്നു.. പെട്ടെന്ന് എന്തോ കണ്ടു പ്രിജേഷ് പോസ് അടിച്ചു നിന്ന്.. അവൻ ഒരു വീടിന്റെ മുകളിലേക്ക് നോക്കി..
അവിടെ ഒരു പെൺകുട്ടി.. ഞങ്ങൾ സൂക്ഷിച്ചു നോക്കി..
അതവളാ.. സൗമ്യ..!!
"ഫിറോസ്,നീ പ്രണയത്തിൽ വിശ്വസിക്കുന്നുണ്ടോ?? " ഓന്റെ ചോദ്യം..
"ഇല്ല.. നല്ല നാടനടിയിൽ വിശ്വസിക്കുന്നുണ്ട്" ഓളുടെ ആങ്ങളമാരുടെ മുഖങ്ങൾ ഓർമയിൽ പതിഞ്ഞപ്പോൾ ഞാൻ പറഞ്ഞു..
"അല്ലടാ..ഈ ഗെറ്റ് ടുഗതർ ഒരു  നിമിത്തമാ.. എന്റെ പ്രണയം പൂവണിയാൻ ദൈവം വെച്ച് നീട്ടിയ നിമിത്തം.. "
അതും പറഞ്ഞു ഓൻ ആ വീട്ടിന്റെ ഗേറ്റ് ലക്ഷ്യമാക്കി നടന്നടുത്തു..

ഇനിയാണ് ജ്വലിക്കുക.. പ്രണയത്തിന്റെ ജ്വാല ഒരു തീപ്പിടുത്തമാവുമോ?
കണ്ടറിയണം...

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...