പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Friday, June 24, 2011

ഭാഷ ഫാഷയോട് ബര്‍ത്താനം പറയുമ്പോള്‍.....


"തയ്യനന്നം പാടി വരും തന്നനന്നം പാടി വരും
നമ്മളൊന്നാണേ.. ഹേയ്.. നമ്മളൊന്നാണേ"
ആലപ്പുഴയിലെ ഒരു ബോട്ട് യാത്രക്കിടയില്‍ ഞങ്ങള്‍ ഒരു നാടന്‍ പാട്ടു പാടുകയാണ്.
എന്ത് സുഖമുള്ള പാട്ടു.. "നമ്മളൊന്നാണേ".. അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഹരം..
പാട്ടു കഴിഞ്ഞു.. ഇനി വര്‍ത്തമാനത്തിലേക്ക്‌..
എന്തോ ഒരു ചെറിയ കാര്യം ചെയ്യണം.. ചര്‍ച്ച തുടങ്ങി..
ആകെ എട്ടു പേര്‍.. പന്ത്രണ്ട് അഭിപ്രായവും..
അതാണ് നമ്മള്‍.. പാടുമ്പോള്‍ മാത്രം നമ്മളൊന്ന്.. വര്‍ത്തമാനം പറഞ്ഞു തുടങ്ങിയാല്‍ ഇരട്ടയോ പരട്ടയോ ആയി മാറും..

ഈ വിഷയവുമായി ബന്ധമില്ലേലും നമ്മള്‍ പലപ്പോഴും ഇങ്ങനൊക്കെ തന്നെയാണ്..
ഒരൊറ്റ മനസും സ്നേഹവുമൊക്കെ ആണെങ്കിലും സംസാരിച്ചു തുടങ്ങിയാല്‍ പലരും പലതാണ്..
ഒരോ ജില്ലയിലും ഒരോ ഭാഷകള്‍.. അതും പോരാതെ ചില സ്ഥലങ്ങളില്‍ നാട്ടു ഭാഷകള്‍.. അങ്ങനെയങ്ങനെ..
കണ്ടും, കൊണ്ടും, കേട്ടുമറിഞ്ഞ ചില ഭാഷാ വിശേഷങ്ങളെ കുറിച്ചാണീ ബ്ലോഗ്‌..

അങ്ങ് തിരുവനന്തപുരത്ത് നിന്നു,, ക്ഷമീര്. തിരോന്തരത്ത്‌ നിന്നു തുടങ്ങാം..
എവിടെയോ കേട്ടറിഞ്ഞ ഒരു കഥയില്‍ നിന്നും..
എറണാകുളത്തു നിന്നും രണ്ടു പേര്‍ ചേര്‍ന്ന് തിരോന്തരത്ത്‌ ഒരു പെണ്ണ് കാണലിനു പോയി..
വളരെ മാന്യമായി തന്നെ അഥിതി സല്‍കാരം തുടങ്ങി..
രണ്ടു കപ്പു ചായയുമായി രംഗ പ്രവേശനം ചെയ്തത് ഗൃഹനാഥ..
പെണ്ണ് പിറകെ വരുമായിരിക്കും .. രണ്ടു പേരും പരസ്പരം ആശ്വസിച്ചു..
വളരെ സ്നേഹപൂര്‍വ്വം തന്നെ അവര്‍ നല്‍കിയ ചായ കുടിച്ചു.. അകത്തേക്ക് നോക്കി..
പക്ഷെ പെണ്ണിനെ മാത്രം കണ്ടില്ല..
"കൊള്ളാം.. നല്ല സ്വാദ്. " ചായ ഒരല്പം കുടിച്ചു അവര്‍ പരസ്പരം പറഞ്ഞു..
"ഉം.. അപ്പിയിട്ട ചായയാ.. "
ഗൃഹനാഥ ഇത് പറഞ്ഞതും രണ്ടു പേരും ചായ കപ്പിലേക്ക് നോക്കി ഒരേ സ്വരത്തില്‍ പറഞ്ഞു..
"അയ്യേ.. "
"അപ്പിയിട്ട ചായക്കെന്തിര് കുഴപ്പങ്ങള്?? "
ഈശ്വരാ..
പെണ്ണ് വന്നു.. പക്ഷെ രണ്ടു പേരും പെണ്ണിനെ മാത്രം നോക്കുന്നില്ല.. രണ്ടു പേരുടെം നോട്ടം ചായ കപ്പിലേക്ക് തന്നെ.
"പെണ്ണ് കാണാന്‍ വന്നവര്‍ക്കും ഇത്പോലോത്തെ ചായ തന്ന വീട്ടിലെ പെണ്ണിനെ ഞങ്ങള്‍ക്ക് വേണ്ട" എന്നും പറഞ്ഞു അവര്‍ ദേഷ്യത്തോടെ തന്നെ വീട് വിട്ടറങ്ങി..
ചായ കെട്ടതാന്നും പറഞ്ഞു പെണ്ണ് ഉപേക്ഷിച്ചു പോയവരെ പെണ്‍ വീട്ടുകാരും തെറി പറയാന്‍ മറന്നില്ല..
അതില്‍ പിന്നെ എറണാകുളത്ത് നിന്നാരും തിരോന്തരത്തേക്കു പെണ്ണ് കാണാന്‍ പോയിട്ടില്ല പോലും..
കാരണം.. തരുന്ന ചായ............................... അയ്യേ....

എറണാകുളം താമസിക്കുമ്പോള്‍ നാലു വര്‍ഷം എന്‍റെ കൂട്ട് ഒരു പത്തനംതിട്ടക്കാരനുമായിരുന്നു..
അവന്‍ "ഭ" എന്ന വാക്ക് "ഫ" എന്ന് മാത്രം പറയും.. അത് കളിയാക്കി ഞാന്‍ പറഞ്ഞതിന് അവന്‍ എനിക്കൊരു വാണിംഗ് തന്നു..
"ടാ..ഹുവേ.. നീ കുറെയായി "ഫ" എന്ന വാക്കിന് "ഫ" എന്ന് പറയുന്നു എന്നും പറഞ്ഞു എന്നെ കളിയാക്കുന്നത്.. എനിക്ക് "ഫ " എന്ന വാക്ക് തെറ്റും എന്നത് ശരി തന്നാ.. ഇനി ഞാന്‍ 'ഫ" എന്ന് പറയുമ്പോള്‍ അത് "ഫ" എന്നാണ് പറയുന്നത് എന്ന് നീ മനസിലാക്കിയാല്‍ മതി.. ഹാ "
ഈശ്വര.. അവനെന്തിര് പറഞ്ഞത്..
എന്തായാലും ഞാനത് പിന്നീട് മനസിലാക്കി എടുത്തു.. അതിങ്ങനെയായിരുന്നു..
"ടാ ഹുവേ .. നീ കുറെയായി "ഭ" എന്ന വാക്കിന് "ഫ" എന്ന് പറയുന്നു എന്നും പറഞ്ഞു എന്നെ കളിയാക്കുന്നത്.. എനിക്ക് "ഭ " എന്ന വാക്ക് തെറ്റും എന്നത് ശരി തന്നാ.. ഇനി ഞാന്‍ '"ഫ" എന്ന് പറയുമ്പോള്‍ അത് "ഭ" എന്നാണ് പറയുന്നത് എന്ന് നീ മനസിലാക്കിയാല്‍ മതി.. ഹാ ""
ഒഹ്.. ഫാഗ്യം.. അവന്‍ പറഞ്ഞതെനിക്ക് മനസിലായി..

ഇനി മലബാറിന്‍റെ വര്‍ത്തമാനത്തിലേക്ക്‌.. അല്ല.. ബര്‍ത്താനത്തിലേക്ക്.. ..
മലബാര്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ഷമീറിന്റെ മുഖമാണ്,ഒരു പാവം "കോയിക്കൊടുകാരന്‍റെ" മുഖം..
ഞാനും ഷമീര്‍-ഉം ഒരുമിച്ചു ഒരു മൊബൈല്‍ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്ന കാലത്തെ ഒരു കഥ പറയാം....
ഷമീറിന്‍റെ ഭാഷാ വിരുതിന്റെ മുന്നില്‍ അറിയാതെ തല വെച്ച് പോയ ഒരു പാവം എറണാകുളത്ത്കാരന്‍റെ കഥ..
കഥ ഇങ്ങനെയാണ്..
ഒരു മൊബൈല്‍ എടുക്കുക എന്ന നല്ല ഉദ്ദേശത്തില്‍ ഒരാള്‍ റിലയന്‍സ് ഷോറൂമില്‍ വന്നു.. അയാള്‍ക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തു ഷമീര്‍ അയാള്‍ക്ക് മൊബൈല്‍ എടുത്തു കൊടുത്തു..
മൊബൈല്‍ കിറ്റിന്‍റെ അകത്തു അയാള്‍ ആദ്യം തന്നെ കണ്ടത് ഒരു ചെറിയ പാക്കറ്റില്‍ എന്തോ ഒന്ന് ഇട്ടു വെച്ചിരിക്കുന്നത്..
(മൊബൈല്‍ കിറ്റില്‍ ഈര്‍പ്പം നില്‍ക്കാന്‍ വേണ്ടിയാണു ആ പൊതി ഉപയോഗിക്കുന്നത്.. കിറ്റ്‌ തുറന്ന ഉടനെ അത് കളയുകയാണ് ചെയ്യാറ്)
അയാള്‍ ആ പാക്കറ്റ് എടുത്തു ഉയര്‍ത്തി കാണിച്ചു ഷമീറിനോട് ചോദിച്ചു..
"ഇതെന്തിനുള്ളതാണ്?? "
"അത്.... ചാടിക്കോ.. " ഷമീറിന്‍റെ മറുപടി..
"എന്തോന്ന്.. ചാടാനോ?? "
"അതേ.. അത് ചാടാനുള്ളതാ.."
"അല്ല.. എനിക്ക് മനസിലായില്ല.. "
"ചാടിക്കോ ചാടിക്കോ എന്ന് പറഞ്ഞാല്‍ മനസിലാകില്ലേ?? "
"ഈശ്വരാ.. ഒരു ഫോണ്‍ വാങ്ങാന്‍ വന്നാല്‍ എന്തൊക്കെ ചടങ്ങുകളാ.. ഇതിപ്പോ ഒരു പാക്കറ്റ്-ഉം കയ്യില്‍ വെച്ച് ചാടണം എന്നൊക്കെ പറഞ്ഞാല്‍ എന്താ ചെയ്ക.. " ഇതും പറഞ്ഞു ചാടാന്‍ ഒരുങ്ങിയ അയാളുടെ കയ്യില്‍ ഞാന്‍ കേറി പിടിച്ചു..
"ചേട്ടാ.. ചാടല്ലേ.....കോഴിക്കോട്ട് ചാടുക എന്ന് പറഞ്ഞാല്‍ കളയുക അല്ലെങ്കില്‍ എറിയുക എന്ന അര്‍ത്ഥമേ ഉള്ളു.. "
അത് കേട്ടതും അയാള്‍ ഷമീറിനു നേരെ ദേഷ്യത്തോടെ തിരിഞ്ഞു..
"മലയാളം പറഞ്ഞാല്‍ മനസിലവുല്ലന്നു പറഞ്ഞ ഞമ്മളെന്ത് ചെയ്യാനാ.. "
ഷമീര്‍ ഇത് പറഞ്ഞതും ദേഷ്യത്തില്‍ അവനെ നോക്കിയ അയാള്‍ ഉറക്കെ പൊട്ടി ചിരിച്ചു.. കാരണം ഒരു മലബാറുകാരന്‍റെ സകല നിഷ്കളങ്കതയും അവന്‍റെ വര്‍ത്തമാനത്തില്‍ ഉണ്ടായിരുന്നു എന്നത് തന്നെ..
------------------------------------------------------------------------------------------
ഇനി ഞങ്ങള്‍ ആലുവാ മണപ്പുറത്ത് പോയ കഥ..
ആലുവാ മണപ്പുറം.. സിനിമകളിലും പത്ര താളുകളിലും മാത്രം കേട്ടിട്ടുള്ള ഹൈന്തവ പുണ്യ സ്ഥലം..
അതൊന്നു നേരില്‍ കാണണമെന്ന മോഹവുമായി ഞങ്ങള്‍ എട്ടു പേര്‍ (അതില്‍ ആറു പേരും മറ്റു മതങ്ങളില്‍ പെട്ടവര്‍) ആലുവയിലെത്തി..
തിരക്കേറിയ വഞ്ചിയില്‍ കേറാന്‍ തുടങ്ങുന്നതിനു മുമ്പ് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന അനില്‍ ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കി..
"എടേ.. നിനക്കൊക്കെ വായ് നോക്കാന്‍ വരാന്‍ പറ്റിയ സ്ഥലമൊന്നുമല്ലിത്.. ഞങ്ങള്‍ ഹിന്ദുക്കള്‍ ബലിയിടാന്‍ വരുന്ന പുണ്യ സ്ഥലമാ..അതു മറക്കേണ്ട.."
"പിന്നേ..നീയും വായ് നോക്കാന്‍ തന്നെ വന്നതല്ലേ.. അല്ലാതെ നിന്‍റെ അമ്മായിയപ്പന് ബലിയിടാനൊന്നുമല്ലാല്ലോ.."
ഞാന്‍ തിരിച്ചടിച്ചു..
"ആഹ്.. അതല്ലട.. ആരേലും ചോദിച്ചാ നിങ്ങള്‍ പേര് മാറ്റി പറഞ്ഞാ മതി..അത് കൊണ്ടു പറഞ്ഞതാ.. "
"ഉം.. ശരി.." ഞങ്ങളെല്ലാം അത് സമ്മതിച്ചു..
അങ്ങനെ കൊയിക്കോടുകാരന്‍ ഷമീര്‍ ആലുവ സുബ്രമണ്യന്‍ ആയി..!!!!!!!!!
ഞങ്ങള്‍ വഞ്ചിയില്‍ കയറി..
വഞ്ചിയില്‍ വെച്ച് എന്തൊക്കെയോ പറഞ്ഞു എല്ലാവരും ഷമീറിനെ കളിയാക്കി..
ഒന്നും മിണ്ടാതെ മുഖവും വീര്‍പ്പിച്ചു ഒരു സൈഡില്‍ ഇരുന്ന ഷമീറിനെ അനില്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു..
"ക്ഷമിക്കെടാ സുബ്രമണ്യ.. ഞങ്ങള്‍ ചുമ്മാ പറഞ്ഞതാ.."
"ഇജ്ജു മുണ്ടരുത്‌.. ഇനീം ഞമ്മളെ കളിയാക്കിയാല്‍ ഇജ്ജിന്റെ മയ്യിത്തെടുക്കും ഞമ്മള് ‍.. ഹാ. "
ഡിഷും..
പിന്നെ അവിടെ നിന്നും തിരിച്ചു വരുന്നതുവരെ ആരും ഒന്നും മിണ്ടിയില്ല.. കാരണം ഇനിയെന്തെലും മിണ്ടിയാല്‍ മയ്യിത്തെടുക്കേണ്ടി വരും.. ഉറപ്പാ...
------------------------------------------------------------------------------------------
ടോണി പറഞ്ഞ കഥ..
എന്‍റെ സുഹൃത്ത് ടോണി പറഞ്ഞ കഥ..
എറണാകുളം നെട്ടൂരില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നു പോലും..
ആരെങ്കിലും ഒരു കൊലപാതകം ചെയ്ത കുറ്റത്തിന് പിടിച്ചാല്‍ അയാള്‍ ഒന്നും ചെയ്യില്ല..കാരണം അത് വെറുമൊരു കൊലപാതകമല്ലേ.. പക്ഷെ കള്ള് കുടിച്ചു എന്ന കാരണത്തിലാണ് ആരെയെങ്കിലും പിടിച്ചതെങ്കില്‍ അവന്‍റെ പരിപ്പിളക്കും.. അതുറപ്പാ.. കാരണം അയാള്‍ അത്ര വല്യ കള്ള് വിരോധിയായിരുന്നു..
ഒരു ഞായറാഴ്ച ആ പുലിയുടെ മുന്നില്‍ ചെന്ന് പെട്ടത് മലപ്പുറത്ത്‌ നിന്നും വന്ന പാവം മൂന്നു കുഞ്ഞാടുകള്‍..
SI അവരെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.. ആദ്യത്തെ പയ്യന്റെ മുന്നിലെത്തി SI ഗൌരവത്തില്‍ ചോദിച്ചു..
"എന്താടാ നിന്‍റെ പേര്..??"
"ഞമ്മടെ പേര് ഇസ്മായില്‍"
വായ് തുറന്നതും നല്ല കള്ളിന്‍റെ മണം.. പിന്നെ SI ഒന്നും ആലോചിച്ചില്ല.,, കരണം നോക്കി കൊടുത്തു ഒന്ന്..
ഡിഷും..
രണ്ടാമന്‍റെ അടുത്തേക്ക്..
"നിന്‍റെ പേരെന്താട?? "
"ഞമ്മള് സുലൈമാന്‍.."
കള്ള് മണം വീണ്ടും..
ഡിഷും..
ആ ഡിഷും സമയത്ത് മൂന്നാമന്‍ ചിന്തിച്ചത് വേറെ പലതുമായിരുന്നു..അതേ.. അവന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി..
"ഇനി മുസ്ലിം പേര് പറഞ്ഞത് കൊണ്ടും ,മുസ്ലിമായവന്‍ കള്ള് കുടിച്ചത് കൊണ്ടുമാണോ ഇയാള്‍ അടിക്കുന്നത്.... എങ്കില്‍ പിന്നെ ഞമ്മള്‍ കാണിച്ചു തരാം.." അവന്‍ മനസ്സില്‍ കരുതി..
S . I . അവന്‍റെ അടുത്തെത്തി..
"എന്താടാ നിന്‍റെ പേര്..??"
"ഞമ്മളെ പേര്..... ഞമ്മളെ പേര്..ബേലായുധന്‍ കുട്ടി.."
"ഫ.. നുണ പറയുന്നോടാ _____________ മോനെ.. "
ഇതും പറഞ്ഞു ഒരെണ്ണം കൂടുതല്‍ കൊടുത്തു..
ഡിഷും ഡിഷും...
പാവം ബേലായുധന്‍ കുട്ടി.. പിന്നൊന്നും പറഞ്ഞില്ല.. കാരണം ഇനിയെന്ത് പറയാന്‍????
------------------------------------------------------------------------------------------
പാവം വേലായുധന്‍ കുട്ടിയോട് എനിക്ക് "കേരള ഭാഷയില്‍" ഒന്നേ പറയാനുള്ളൂ....
"അപ്പീ.. വേലായുധന്‍ കുട്ടി.. ഫാഷ ചിലപോഴൊക്കെ ഞമ്മളെ ഇങ്ങനെ ഇടങ്ങെറാക്കുമെടാ ഹുവേ....ഇജ്ജു ക്ഷമീര്.. "
--------------------------------------------------------------------------------------------

Monday, June 13, 2011

"സില്‍മാ നടന്‍.."!!!!!!!!!!!!! :)


ആദ്യ ഭാഗം വായിക്കാത്തവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
മമ്മൂട്ടിയും മോഹന്‍ലാലും പിന്നെ ഞാനും..

"സില്‍മാ നടന്‍.." (രണ്ടാം ഭാഗം...)

ഇന്നാണാ ദിവസം.. ഞാന്‍ സിനിമാ നടനാകുന്ന ദിവസം..
ഒന്ന് കൂടി വ്യകതമാക്കി പറഞ്ഞാല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ശക്തനായ എതിരാളി ഉണ്ടാകാന്‍ പോകുന്ന ദിവസം..
ഫായിസിന്‍റെ ജീവിതത്തെ മാറ്റി മറിക്കാന്‍ പോകുന്ന ഒരു ദിവസത്തിന്‍റെ പ്രഭാതം.. (?????)
രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റു..
ഉള്ളതില്‍ നല്ല ഡ്രസ്സ്‌ തന്നെ തെരഞ്ഞെടുത്തു ഇട്ടു..
ഒരു കുപ്പി കുട്ടികുറ പൌഡര്‍ വാരി മുഖത്തിട്ടു..
കണ്ണാടിയിലേക്ക് നോക്കി.. ഉം.. കൊള്ളാം.. വൈറ്റ് വാഷ്‌ ചെയ്തത് പോലുണ്ട്..
ചെറുതായി ഒന്ന് തുടച്ചു കളഞ്ഞു..കാരണം ഞാന്‍ ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാനല്ലല്ലോ പോകുന്നത്..
സമയം ഒന്ന് കൂടി നോക്കി.. ആറു മണി.. എന്‍റെ ജീവിതം മാറി മറയാന്‍ ഇനി മൂന്നു മണിക്കൂര്‍ കൂടി..
എന്താന്നറിയില്ല... സമയം നീങ്ങുന്നില്ല.. ഏതായാലും അഭിനയിക്കാന്‍ പോകുവല്ലേ.. പഴയ ചില സിനിമകളിലെ വേഷങ്ങള്‍ ഒന്ന് കണ്ണാടി നോക്കി ചെയ്തു നോക്കാം..
അതാകുമ്പോള്‍ സമയവും പോകും..
ആദ്യമായി നരസിംഹത്തിലെ ഇന്ദുചൂഡന്‍ ‍..
തോളൊരു 100 ഡിഗ്രി ചെരിച്ചു, മുഖത്തൊരു കള്ള ചിരിയുമായി കണ്ണാടിയില്‍ നോക്കി ഞാന്‍ ആ ഡയലോഗ് പറഞ്ഞു..
"അയി മോഹമാണ് മോനെ ദിനേശാ..അയി മോഹം..ഇജ്ജിന്റെ ബാപ്പ മയ്യിത്താവും മുന്‍പ് ഞമ്മള് മയ്യിത്താവും എന്ന മോഹം.. "
(ഫായിസ് എന്നല്ല.. മലബാറില്‍ ജനിച്ച ഏതൊരു ഇന്ദുചൂഡനും ഇങ്ങനെയേ പറയു..)
കണ്ണാടിയില്‍ എന്‍റെ ഭാവാഭിനയം കണ്ട ഞാന്‍ തന്നെ അന്തിച്ചു നിന്നു പോയി.. കാരണം.. എന്‍റെ അഭിനയം അതിഗംഭീരം!!!!!..
അത് കൊണ്ടു തന്നെ അല്പം അഹങ്കാരത്തോടെ, അതിലേറെ ആവേശത്തോടെ, റൂമിലെ ചുവരില്‍ തൂക്കിയിരിക്കുന്ന
മോഹന്‍ലാലിന്‍റെ പടം നോക്കി ചോദിച്ചു പോയി..
"Mr മോഹന്‍ലാല്‍.. ഇത്രയും നല്ല ഈ വേഷമാണോ താങ്കള്‍ അന്ന് ചെയ്തു കുളമാക്കിയത്??? ലജ്ജാവഹം.. താങ്കള്‍ എങ്ങനെ മഹാ നടനായി.."
എന്‍റെ മുഖത്ത് പിന്നെയും ഭാവാഭിനയം മിന്നി മറഞ്ഞു കൊണ്ടേയിരുന്നു..
അമരത്തിലെ അച്ചുവനെ മഹാ ബോറാക്കിയ Mr . മമ്മൂട്ടി, നിങ്ങളെ എനിക്ക് കാണുക കൂടി വേണ്ട എന്ന് പറഞ്ഞു ചുമരില്‍ തൂക്കിയ പോസ്റ്റര്‍ എടുത്തു തറയിലെറിഞ്ഞു.. കൂടെ മോഹന്‍ലാലിന്‍റെയും..
ഉം.. പോട്ടെ..ഇവന്മാരൊക്കെ ഇനി മുതല്‍ കഞ്ഞി കുടിച്ചു വല്ല സഹ നടന്‍റെ വേഷവും ചെയ്തു ജീവിച്ചു പൊക്കോളും..
സമയം എട്ടു മണി.. ഷൂട്ടിംഗ് തുടങ്ങാന്‍ ഇനി ഒരു മണിക്കൂര്‍ കൂടി..
ഞാന്‍ റൂമില്‍ നിന്നും ഇറങ്ങി.. ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്തിരിക്കുമ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്‌..
ഒരു സിനിമാ നടന്‍ ബസിനു പോവുക എന്ന് പറഞ്ഞാല്‍ മോശമല്ലേ.. ഹയ്യേ.. മ്ലേച്ചം..
ഉടന്‍ തന്നെ മുനീറിനെ വിളിച്ചു..
"അളിയാ.. നീ ഒരു അഞ്ഞൂറ് രൂപ കടം തരാമോ???"
"എഹ്. എന്തിനാട?? "
"അല്ല.. ഷൂട്ടിംഗ് ലൊക്കേഷന്‍ വരെ കാറിനു വരാന.. ഒരു സിനിമാ നടന്‍ ബസിനു വരിക എന്നൊക്കെ പറഞ്ഞാല്‍ മോശമല്ലേ?? "
അവന്‍ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല.. പിന്നെ അല്പം പുച്ഛത്തോടെ പറഞ്ഞു..
"അതിനു നീ ഇപോ സിനിമാ നടനല്ലല്ലോ.. സിനിമാ നടനാകുമ്പോള്‍ കാറിനു വന്നാ മതി.. ഇപ്പൊ തല്‍കാലം നീ ബസിനു തന്നെ വാ.. "
"അത് മതി അല്ലെ.. എന്ന ഓക്കേ..ബസിനു വരാം"
അങ്ങനെ ബസിനു വേണ്ടി കാത്തിരിപ്പ്.. കുറച്ചു കഴിഞ്ഞപോള്‍ ബസ്‌ വന്നു..
ചാടി കയറി.. ബസില്‍ ഇരിക്കുന്നവരെ എല്ലാവരെയും ഒന്ന് നോക്കി..
ഇല്ല.. ആരും സീറ്റ്‌ ഒഴിഞ്ഞു തരുന്നില്ല..
"ഒരു മഹാ നടനെ ബഹുമാനിക്കാനറിയാത്ത ബ്ലഡി മലയാളീസ്..നിനക്കൊക്കെ ഞാന്‍ കാണിച്ചു തരാം..
അല്ലേല്‍ വേണ്ട.. നാളെ എന്‍റെ ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കാന്‍ ഇവനൊക്കെ വരും. അപ്പോള്‍ എടുത്തോളാം. "
ഞാന്‍ മനസ്സില്‍ പറഞ്ഞു..

ഞാന്‍ ലൊക്കേഷനില്‍ എത്തുന്നതും കാത്തു ഒരു പട..,
പിന്നണി പ്രവര്‍ത്തകര്‍ എല്ലാവരും കൂടി എന്നെ സ്വീകരിക്കാനായി ഓടി വരുന്നു..
സംവിധായകന്‍ വിജയന്‍ എനിക്ക് ബൊക്ക തരുന്നു..
എന്നിട്ടല്ലാവര്‍ക്കുമായി എന്നെ പരിചയപ്പെടുത്തുന്നു..
"ഇവനാ എന്‍റെ സിനിമയിലെ നായകന്‍. ഫായിസ്.. അഭിനയ ചക്രവര്‍ത്തി ആകാന്‍ പോകുന്നവന്‍... "
പെട്ടെന്നെന്നെ ഒരുത്തന്‍ കാലിനിട്ട് ചവിട്ടി..
ഒരു സിനിമാ നടനെ ചവിട്ടാന്‍ മാത്രം ധൈര്യമുള്ള ഇവന്‍ ആരെട.. ഞാന്‍ തിരിഞ്ഞു നോക്കി..
എഹ്.. ഇപ്പോഴും ബസില്‍ തന്നെയാണോ??
ഓഹോ.. അപോ ഞാന്‍ നിന്നു കൊണ്ടു സ്വപ്നം കാണുകയായിരുന്നു അല്ലെ??.. ഹയ്യേ കഷ്ടം..
ഏതായാലും ബസ്‌ സ്റ്റോപ്പില്‍ എത്തി....
ഞാന്‍ നേരെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക്..

ഞാന്‍ ലൊക്കേഷനില്‍ എത്തുന്നതും കാത്തു ഒരു പട..,
ഹാവൂ.. ആദ്യ സ്വപ്നമിതാ സഫലമായിരിക്കുന്നു..
ഇനി രണ്ടാമത്തെ സ്വപ്നം..
പിന്നണി പ്രവര്‍ത്തകര്‍ എല്ലാവരും കൂടി എന്നെ സ്വീകരിക്കാനായി ഓടി വരുന്നു..
ഞാന്‍ എല്ലാവരെയുമായി നോക്കി..
ഇല്ല.. ആരും വരുന്നില്ല.. എന്‍റെ രണ്ടാമത്തെ സ്വപ്നം സഫലമാകുന്നില്ല..
ഇനിയിപ്പോ അവര്‍ക്ക് ആളെ അറിയാത്തത് കൊണ്ടായിരിക്കുമോ???
നോക്കുമ്പോള്‍ ദൂരെ നിന്നും മുനീര്‍ ഓടി വരുന്നു..
"അളിയാ.. നീ വല്ലാതെ വെളുത്തു പോയല്ലോ.." വന്ന ഉടന്‍ അവന്‍ പറഞ്ഞു..
മണ്ടന്‍.. പൌഡര്‍ ഇട്ടതാണെന്ന് അവനു പോലും മനസിലായില്ല..
"അളിയാ.. ഇവരാരും എന്താടാ എന്നെ മൈന്‍ഡ് ചെയ്യാത്തത്??? "
"നിന്നെയെന്തിനാ അവര്‍ മൈന്‍ഡ് ചെയ്യുന്നത്?? "
"ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നതല്ലേ.. ആ എന്നോടിങ്ങനെ.. "
"നിന്നെ ബഹുമാനിക്കണമെങ്കില്‍ എന്നെ ഉള്‍പ്പടെ ഈ കാണുന്ന ജനങ്ങളെ എല്ലാം ബഹുമാനിക്കണം.. "
"എഹ്.. അതെന്താ??"
"ഇവരും നിന്നെ പോലെ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നവരാ.. "
എനിക്കൊന്നും മനസിലായില്ല.. അത് കൊണ്ടു തന്നെ അവന്‍ ഒന്ന് കൂടി വ്യകതമാക്കി പറഞ്ഞു തന്നു..
"എടാ.. ഇവരും നിന്നെ പോലെ തന്നെ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി വന്നതാ.. "
ഈശ്വരാ.. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നോ.. ഞാനാകെ തളര്‍ന്നു പോവുന്നത് പോലെ തോന്നി.. കുറച്ചു കഴിഞ്ഞപോള്‍ തളര്‍ച്ച പതിയെ പോയി തുടങ്ങി..

"ഈശ്വരാ.. മമ്മൂട്ടിക്കും മോഹന്‍ലാലിനുമിട്ടു ഇനി ഞാനെങ്ങനെ പണി കൊടുക്കും.. "
അറിയാതെ പറഞ്ഞു പോയി...
"എന്താടാ??" മുനീറിന് ഒന്നും മനസിലായില്ല..
"ഹേയ്‌.. അതൊന്നുമില്ല.. അത് വിട്.. നിനക്കെന്താ ഇവിടെ കാര്യം?? "
"ഞാനും ഇതില്‍ അഭിനയിക്കാന്‍ വന്നതാ.. നൂറു രൂപയും ഫുഡ്‌-ഉം കിട്ടുമല്ലോ.. അത് കൊണ്ട്.. "
"എഹ്.. നീ ജൂനിയര്‍ ആര്‍ടിസ്റ്റ് ആണോ?? അപ്പൊ കഴിഞ്ഞ തവണ ഞാന്‍ വിളിച്ചപ്പോള്‍ നീ Vodafone മാര്‍ക്കറ്റിംഗ് കാര്യത്തിന് വേണ്ടി ആലപ്പുഴയില്‍ പോയിരിക്കുകയാണ് എന്നാണല്ലോ പറഞ്ഞത്.. "
'ഞാനങ്ങനെ പറഞ്ഞോ??"
"ഉം.. പറഞ്ഞു.. "
"അപ്പോള്‍ ശരിക്കും ഞാന്‍ അങ്ങനെ തന്നെയായിരുന്നു.. ഈ വണ്ടിയില്‍ Vodafone പരസ്യം കൊണ്ടു പോകും.. അങ്ങനെ ആ വണ്ടിയില്‍ ഒരോ കോമാളി വേഷമൊക്കെ കെട്ടി ഞാനും പോയിരുന്നു.. ഒരു ദിവസം ഇരുന്നൂറു രൂപ എങ്കിലും കിട്ടും.. ആ പണിയാ എനിക്ക്..അത് കൊണ്ടാ ഞാന്‍ അങ്ങനെ പറഞ്ഞത്.."
"ഹയ്യേ.. കൊമാളിയായിരുന്നോ ?? സോറി ഡാ.. ഒരു നിമിഷം ഞാന്‍ നിന്നെ തെറ്റിദ്ധരിച്ചു .. "
"അതൊന്നും കുഴപ്പമില്ല.. "
"ഉം.. നീയൊരു മാന്യനായിരുന്നു എന്ന് തെറ്റിദ്ധരിച്ചു പോയി.. നീ ക്ഷമിക്കു. "
"പോടാ.. "
"ഏതായാലും വന്നതല്ലേ.. നൂറു രൂപയും വാങ്ങി പോകാം.... ഈ സിനിമയില്‍ എന്താ എന്‍റെ റോള്.. "
"റോള്‍ ഒക്കെ സംവിധായകന്‍ പറഞ്ഞു തരും.. നീ അത് പോലങ്ങു ചെയ്താ മതി.."
__________________________________________________________________________________________
അങ്ങനെ ഷൂട്ടിംഗ് തുടങ്ങി..
ഒരു വലിയ മതില്‍.. അതിന്‍റെ മുകളില്‍ ഒരു വലിയ പ്രതിമ..
അതിന്‍റെ താഴെയായി ഒരു നൂറു പേര്‍.. അതിലൊരുവനായ് ഫായിസ് എന്ന ഞാനും..
സംവിധായകന്‍ സീന്‍ പറഞ്ഞു തുടങ്ങി..
സ്റ്റാര്‍ട്ട്‌,ക്യാമറ, ആക്ഷന്‍ എന്ന് പറയുമ്പോള്‍ മതിലിലെ വലിയ പ്രതിമ നോക്കി എല്ലാവരും പേടിച്ചോടണം..
ഞങ്ങള്‍ ഓടാന്‍ തയ്യാറായി നിന്നു..ഇനി സംവിധായകനും സംസാരിച്ചു തുടങ്ങുന്നു...
"സ്റ്റാര്‍ട്ട്‌.. കട്ട്‌.."
"എഹ്..സംവിധായകന് വട്ടായോ?? " ഞാന്‍ മുനീറിനോട് ചോദിച്ചു..
"അതെന്താട?? "
"അല്ല.. സ്റ്റാര്‍ട്ട്‌ കഴിഞ്ഞു, ക്യാമറയും പറഞ്ഞില്ല ആക്ഷനും പറഞ്ഞില്ല..കട്ട്‌ ആണ് ആദ്യം തന്നെ പറഞ്ഞത്.."
പിന്നീടാ ഞങ്ങളാ സത്യം മനസിലാക്കിയത്.. ഏതോ ഒരു വിരുതന്‍ സ്റ്റാര്‍ട്ട്‌ എന്ന് പറഞ്ഞപോഴേ ഓടിയെന്നു..
അവനെ സെറ്റിലുള്ള എല്ലാരും ചേര്‍ന്ന് അവനെ പിടിച്ചു പുറത്താക്കി..
"അഭിനയിക്കാനറിയാത്ത ഓരോരുത്തന്‍ കേറി വന്നോളും.." ഞാന്‍ മനസ്സില്‍ പറഞ്ഞു..
ഷൂട്ടിംഗ് വീണ്ടും തുടങ്ങി..
സംവിധായകന്‍ വീണ്ടും സ്റ്റാര്‍ട്ട്‌ പറഞ്ഞു.. അതിനെക്കാള്‍ കൂടുതല്‍ പറഞ്ഞത് കട്ട്‌ ആണെന്ന് മാത്രം..
അത് പറയാനോ,, ഓരോരോ കാരണങ്ങള്‍..
ഒരുത്തന്‍ തിരിഞ്ഞോടി.. മറ്റൊരുത്തന്‍ കുനിഞ്ഞോടി..,
ഒരുത്തന്‍ ചിരിച്ചു കൊണ്ടോടി.. വേറൊരുത്തന്‍ കരഞ്ഞു കൊണ്ടോടി..
അങ്ങനെ ഓരോരുത്തരെ പുറത്താക്കാന്‍ ഒരോ കാരണങ്ങള്‍..
അങ്ങനെ മുകളിലേക്ക് നോക്കി ഓടി കഴുത്ത് വേദനിച്ചു.. എന്നിട്ടും ഷോട്ട് ശരിയായില്ല..
മനുഷ്യന്‍ ഓടി ഓടി ഒരു പരുവമായി..
സ്റ്റാര്‍ട്ട്‌,ക്യാമറ, ആക്ഷന്‍ എന്ന് പറഞ്ഞു സംവിധായകന് ബോറടിച്ചു..
അവസാനം ഗതി കേട്ട് ഇങ്ങനെ പറഞ്ഞു തുടങ്ങി..
"സ്റ്റാര്‍ട്ട്‌,ക്യാമറ.. ഓടിക്കോ.. "
അത് പിന്നെയും ചുരുങ്ങി "ഓടിക്കോ.. " എന്ന് മാത്രമായി..
ഇരുപതു തവണയെങ്കിലും ഓടിക്കാണണം ആ ഷോട്ട് റെഡി ആവാന്‍.. എന്തായാലും ഷോട്ട് റെഡി ആയല്ലോ..അത് മതി..
ആ ഷോട്ട് കഴിഞ്ഞു ഫുഡ്‌ കഴിക്കാന്‍ പോകേണ്ട സമയമായി.. അപ്പോള്‍ മുനീര്‍ എന്‍റെ മുഖത്തേക്ക് നോക്കി..
അവന്‍റെ മുഖത്ത് അമ്പരപ്പ്.. പിന്നെ പതിയെ ചോദിച്ചു..
"കറുത്ത് കരിവാളിച്ചു കരിക്കട്ട പോലെയായല്ലോടാ നീ .. "
"ഉം.. ആകും.. ഓടി വിയര്‍ത്തു പൌഡര്‍ ഒക്കെ പോയി ഒറിജിനല്‍ കളര്‍ പുറത്തു വന്നതാകും.. "

ലഞ്ച് ബ്രേക്ക്‌..
ബിരിയാണി സ്വപ്നം കണ്ടു പോയ എന്നെ ഞെട്ടിച്ചു കൊണ്ട് വെറും ചോറും പരിപ്പ് കറിയും..
ഉം.. ഒരു അഭിനയ പ്രതിഭയ്ക്ക് നേരിടേണ്ട ഓരോരോ പ്രശ്നങ്ങള്‍.. ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
"ടാ.. അടുത്ത സീനില്‍ എങ്കിലും നമുക്ക് ഡയലോഗ് കാണുമോട"
സിനിമയില്‍ സുരേഷ് ഗോപിയെ വെല്ലുന്ന ഡയലോഗ് പറയാന്‍ ആഗ്രഹിച്ചു ഷൂട്ടിങ്ങിന് വന്ന ഞാന്‍ ആകാംഷയോടെ മുനീരിനോട്‌ ചോദിച്ചു പോയി..
അവന്‍റെ മുഖത്ത് വീണ്ടും പുച്ഛം..
"ഉം.. കാണും.. കാണും.. "

ഇനി അടുത്ത സീന്‍..
ലൊക്കേഷന്‍ മാറി.. ഇപ്പോള്‍ വലിയ മതിലില്ല.. പ്രതിമയുമില്ല..അപ്പോള്‍ മിക്കവാറും ഡയലോഗ്-ഉം കാണും..
ഞാന്‍ ആശ്വസിച്ചു..
ഇപ്പോള്‍ നേരത്തേ കണ്ട ജനക്കൂട്ടം വലിയ ഒരു കെട്ടിടത്തിന്‍റെ മുന്നില്‍..
സീന്‍ എന്താണെന്നു മനസിലാകാതെ അന്തം വിട്ടു നിന്ന എന്‍റെ അടുത്തേക്ക് മുനീര്‍ സന്തോഷത്തോടെ ഓടി വന്നു..
"എന്താടാ ഈ സിനിമയിലെ നായകന്‍ എന്തേലും പറഞ്ഞു സിനിമയില്‍ നിന്നു പിന്മാറിയോ??"
"എഹ്.. എന്താടാ?? "
"അല്ല.. നിന്‍റെ സന്തോഷം കണ്ടിട്ട് എന്നെ നായകനാക്കി എന്ന് പറയാന്‍ വരുന്നത് പോലുണ്ടല്ലോ.."
"ഹയ്യട.. നായകനാകാന്‍ പറ്റിയ ഒരു പീസ്‌.. "
"പോടാ.. വിയര്‍പ്പു കാരണം പൌഡര്‍ മാഞ്ഞു പോയത് കൊണ്ടാ.. ഇല്ലേല്‍ ഞാന്‍ നല്ല ഗ്ലാമര്‍ ആണ്.. "
"ഉവ്വ ഉവ്വ.. അതൊന്നുമല്ലട കാര്യം.. അടുത്ത സീനില്‍ നമുക്ക് ഡയലോഗ് ഉണ്ട്.. "
അത് കേട്ടതും എനിക്ക് സന്തോഷമായി..
"എന്താടാ നമ്മുടെ ഡയലോഗ് ???"
"ഹയ്യോ.. ഹയ്യോ.. എന്ന് നിലവിളിച്ചു കൊണ്ടു ഈ കെട്ടിടത്തിന്‍റെ മുകളിലേക്ക് നോക്കി പേടിച്ചോടണം "
ഠിം.. അത് കേട്ടതും എന്‍റെ മുഖം ഒന്ന് കൂടി കറുത്തു ..
"ഇനിയും ഓടാനോ?? ആദ്യ ഷോട്ട് റെഡി ആവാന്‍ ഓടിയ ഓട്ടം ഞാന്‍ നേരെ ഓടിയെങ്കില്‍ ഇപോ കണ്ണൂരില്‍ എങ്കിലും എത്തിയേനെ ഞാന്‍.. വയ്യട വയ്യ,,"
പക്ഷെ അപ്പോഴേക്കും സംവിധായകന്‍ വിളിച്ചു പറഞ്ഞു..
"സ്റ്റാര്‍ട്ട്‌,ക്യാമറ.. ഓടിക്കോ.. "
എല്ലാവരും ഓടി.. കൂട്ടത്തില്‍ ഞാനും ഓടി..
കുറച്ചങ്ങോടിയപ്പോള്‍ സംവിധായകന്‍ കട്ട്‌ പറഞ്ഞു..
എല്ലാവരും നിന്നു.. പക്ഷെ ഞാന്‍ മാത്രം നിന്നില്ല.. ഞാന്‍ ബസ്‌ സ്റ്റോപ്പ്‌ വരെ ഓടി..
ബസ്‌ വന്നു.. ഞാന്‍ അതില്‍ കയറി..
ചുറ്റിലും നോക്കി.. എന്‍റെ ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിക്കാന്‍ ഞാന്‍ കണ്ടു വെച്ച അതേ ജനക്കൂട്ടം..
എല്ലാവരോടുമായി മനസ്സില്‍ ഒരേ ഒരു വാക്ക്..
"അല്പം കൂടി കാത്തിരിക്കു.. ഫായിസ് തിരിച്ചു വരും.. നായകനായി തന്നെ.. " അല്ലാതെന്തു പറയാന്‍..

തിരിച്ചു ഞാന്‍ ബസ്‌ ഇറങ്ങുന്നതും കാത്തു നിറഞ്ഞ ചിരിയുമായി സജീഷ്..
"അളിയാ,ഒഹ് സോറി, സര്‍.. താങ്കളുടെ സിനിമാ പ്രവേശനം എന്തായി?? "
അവന്‍ ആക്കുവാണോ??
"അത്.. ഈ സിനിമയില്‍ എനിക്ക് പറ്റിയ നല്ല വേഷം ഇല്ല എന്നാ സംവിധായകന്‍ പറഞ്ഞത്.. എനിക്ക് അയാള്‍ വിചാരിച്ചതിലും കൂടുതല്‍ കഴിവുണ്ടെന്ന്.. " ഞാന്‍ തട്ടി വിട്ടു..
"ഉവ്വ ഉവ്വേ.. അത് ഞാനറിഞ്ഞു.. മുനീര്‍ എന്നെ വിളിച്ചായിരുന്നു.."
തെണ്ടി.. ഇത്ര പെട്ടെന്ന് അത് നാട്ടുകാരെ അറിയിച്ചോ..
"നീ എന്നെ കളിയാക്കുകയൊന്നും വേണ്ട.. ഒരിക്കല്‍ ഞാനും നായകനാകും.. "
"ഉവ്വുവ്വേ.. "

റൂമിലെത്തി.. അകത്തു കയറിയപോള്‍ തന്നെ കണ്ണില്‍ പെട്ടത് തറയില്‍ വീണു കിടക്കുന്ന മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങള്‍..
അതെടുത്തു.. ഒരുമ്മ കൊടുത്തു.. പോസ്റ്റര്‍ നോക്കി ആരും കേള്‍ക്കാതെ പറഞ്ഞു..
"നിങ്ങള്‍ രണ്ടു പേരും എന്നോട് ക്ഷമിക്കണം.. ഒരാവേശത്തിന്റെ പുറത്തു ചെയ്തു പോയതാ.. മമ്മൂക്ക കീ ജയ്‌.. ലാലേട്ടന്‍ കീ ജയ്‌.. "
____________________________________________________________
മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം...
സന്തോഷപൂര്‍വ്വം സജീഷ് റൂമിലേക്ക്‌ ഓടി വന്നു..
"എന്താടാ?? എന്താ കാര്യം..?? നിന്‍റെ ആരേലും തട്ടിപ്പോയോ??"
"അതല്ലട.. നീ അഭിനയിച്ച പടം ഇന്ന് റിലീസ് ആകുവ.. "
"എഹ്.. അത് പെട്ടിയിലായില്ലേ?? അപ്പോള്‍ എന്‍റെ പ്രാര്‍ത്ഥന മുഴുവന്‍ വെറുതെയായോ??"
"അതെന്തിനാടാ നീ അങ്ങനെ പ്രാര്‍ത്ഥിച്ചത്‌??"
"അല്ല.. ഞാന്‍ നായകനായി.. ബട്ട്‌ ചില സാങ്കേതിക പ്രശ്നം കാരണം അതിരങ്ങില്ല എന്ന് ഞാന്‍ പലരെയും വിളിച്ചു പറഞ്ഞായിരുന്നു.. അതും പൊളിഞ്ഞു.. അതാ.."
"ആഹ്.. അത് വിട്.. നമുക്കിന്നു തന്നെ പടം കാണാന്‍ പോകണം.. "
"നോ.. ഇല്ല.. എനിക്കത് താങ്ങാന്‍ പറ്റിയെന്നു വരില്ല.. "
അവന്‍ പിന്നെയും വാശി പിടിച്ചു..
ഒടുവില്‍ അവന്‍റെ വാശി വിജയിച്ചു.. ഞങ്ങള്‍ പടത്തിനു പോകാന്‍ തീരുമാനിച്ചു..

തിയേറ്ററില്‍ എത്തി..
ക്യുവില്‍ അകെ അഞ്ചാറ് പേര്‍..അതിലേക്കു ഞാനും സജീഷും..
"ചേട്ടന്‍റെ ആരേലും ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ?? "
ഞങ്ങളുടെ മുന്നില്‍ ക്യു നില്‍ക്കുന്ന ഒരാളോട് സജീഷ് ചോദിച്ചു..
"ഇല്ല.. എന്തെ അങ്ങനെ ചോദിച്ചത്??? "
"ഒന്നുമില്ല.. ഇവന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.. അത് കൊണ്ടാ ഞങ്ങള്‍ ഈ പടം കാണാന്‍ വന്നത്.."
അവന്‍ എന്നെ ചൂണ്ടി കൊണ്ടു പറഞ്ഞു..
അയാള്‍ എന്നെ ആരാധനാപൂര്‍വ്വം നോക്കി..
ഞാന്‍ തലയുയര്‍ത്തി നിന്നു.. എന്നിലെ അഹങ്കാരി എണീറ്റു..
ഞാന്‍ അയാളെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല..
അയാള്‍ നിരാശനായി കാണണം..

എന്തായാലും പടം തുടങ്ങി..
"നീ അഭിനയിച്ച ഭാഗം ആയോടാ?? "
സജീഷ് ഇടക്കിടക്കെ ചോദിച്ചു കൊണ്ടേയിരുന്നു..
"ആവുമ്പോള്‍ ഞാന്‍ പറയാം.. നീ അടങ്ങിയിരിക്കു,, "
അങ്ങനെ ഞാന്‍ അഭിനയിച്ച ഭാഗം എത്തി.. അത് ഞാന്‍ സജീഷിനെ അറിയിച്ചു..
സിനിമാ കാണുമ്പോഴാ ഞാന്‍ ആ സത്യം മനസിലാക്കിയത്.. ഞങ്ങള്‍ ഓടുന്നത് മതിലിനു മുകളില്‍ വെച്ച പ്രതിമ കണ്ടിട്ടല്ല.. "അതിശയന്‍" എന്ന അതി ഭീകരനെ കണ്ടിട്ടാ ഓടുന്നത് എന്ന സത്യം..
"എന്റമ്മോ.. ഈ സാധനത്തെ അവിടെ വെച്ച് കാണിക്കാഞ്ഞത് നന്നായി.. കാണിചിരുന്നെല്‍ ഓടുന്നതിന് പകരം അവിടെ കിടന്നു ചിരിച്ചു ചിരിച്ചു ചത്തേനെ.. അല്ല പിന്നെ.. " ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
ഇനി പടത്തിലേക്കു.......
ഒരുപാടു പേര്‍ ഓടുന്നു.. ഞാന്‍ എന്നെ നോക്കി .. ഇല്ല.. എന്‍റെ പൊടി പോലുമില്ല..
കണ്ണ് തുറന്നു പിടിച്ചു നോക്കി.. ഇല്ലാ.. സത്യായിട്ടും ഞാനുള്ള ഭാഗം ഇല്ല.. ചതി നടന്നിരിക്കുന്നു..
"Mr വിജയന്‍‍.. താങ്കള്‍ക്ക് എന്നോടിത്ര അസൂയയോ?? അല്ലെങ്കില്‍ പിന്നെ താങ്കള്‍ എന്തിനു ഞാന്‍ അഭിനയിച്ച ഭാഗം മാത്രം കട്ട്‌ ചെയ്തു കളഞ്ഞു.. എന്തായാലും നിങ്ങളെ ഞാന്‍ പ്രാകി പോകുന്നു.. "
വേദനയോടെ ഞാന്‍ കണ്ണ് സ്ക്രീനില്‍ നിന്നും പിന്‍ വലിച്ചു.. സജീഷ് ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കാന്‍ എനിക്ക് തോന്നിയില്ല.
അത് കൊണ്ടു തന്നെ എന്‍റെ ഇടതു ഭാഗത്തേക്ക്‌ നോക്കി..
ഈശ്വര.. നേരത്തേ പരിചയപ്പെട്ട ചേട്ടന്‍, അതേ ഞാന്‍ ഈ സിനിമയില്‍ ഉണ്ടെന്നു സജീഷ് വിളിച്ചു പറഞ്ഞ അതേ ചേട്ടന്‍, എന്നെയും സ്ക്രീനിലേക്കും മാറി മാറി നോക്കുന്നു.. പാവം.. ആളെ മനസിലാവാഞ്ഞിട്ടു നോക്കുവാ..
ഇതിനെക്കാള്‍ നല്ലത് സജീഷിനെ നോക്കുന്നതാ..
ഞാന്‍ പതിയെ വലത്തോട്ട് തിരിഞ്ഞു..
സജീഷിന്റെ മുഖം നിറയെ പുച്ഛം..
പടം കഴിഞ്ഞു... മനസിലെ വേദന മാറുന്നത് വരെ തിയേറ്ററില്‍ ഇരുന്നു കൂവി..
"ഒരു സില്‍മാ നടന്‍ വന്നിരിക്കുന്നു.. ഫൂ.. " പുറത്തിറങ്ങിയ ഉടനെ സജീഷ് പറഞ്ഞു..
സില്‍മാ നടന്‍ എന്ന്.. ആവാന്‍ എന്നെ കളിയാക്കുവാ.. എങ്കിലും ഞാന്‍ ആ വിശേഷണം സ്നേഹപൂര്‍വ്വം ഏറ്റു വാങ്ങി..
കാരണം ആദ്യമായാ ഒരാള്‍ എന്നെ അങ്ങനെ വിളിക്കുന്നെ.. നന്ദിയുന്ടെട നന്ദി.
പിന്നെ ഒന്ന് നെഞ്ച് വിരിച്ചു തന്നെ പറഞ്ഞു..
"ഒരിക്കല്‍ ഞാനും സിനിമാ നടനാകും..അന്ന് ആദ്യം ഞാന്‍ തേടുന്നത് നിന്‍റെ തലയാകും.. പരിക്കുകളില്ലാതെ കാത്തു സൂക്ഷിച്ചോളണം നീ ഈ തല.." ഏതോ ഒരു സിനിമയില്‍ കേട്ട ഡയലോഗ്...
"ഉവ്വുവ്വേ.. കാത്തു വെച്ചോളം.. "

വാല്‍കഷ്ണം..
വര്‍ഷങ്ങള്‍ക്കിപ്പുറം.. ഒരു സുപ്രഭാതം..
പത്രം എടുത്തു നോക്കിയ എന്‍റെ കണ്ണിലേക്കു ആദ്യം ഓടിയെത്തിയത് എന്‍റെ മനസിനെ സന്തോഷപ്പെടുത്തിയ ഒരു വാര്‍ത്ത‍.. അതിങ്ങനെയായിരുന്നു.. "സംവിധായകന്‍ വിജയനെ അസോസിയേഷന്‍-ഇല്‍ നിന്നും പുറത്താക്കി.. "
ഞാനൊന്നു ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു..
"രണ്ടു വര്‍ഷം കഴിഞ്ഞാണെങ്കിലും എന്‍റെ പ്രാക്ക് ഏറ്റല്ലോ.. എനിക്കത് മതി.. ഒരു നടനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.. ഹാ.. "
-------------

Thursday, June 2, 2011

മമ്മൂട്ടിയും മോഹന്‍ലാലും പിന്നെ ഞാനും..



ഇതെന്‍റെ സുഹൃത്തിന്റെ കഥയാണ്..
കഥ പറച്ചിലിന്റെ സുഖത്തിനു വേണ്ടി ഈ കഥയും ഫായിസിന്റെ തലയില്‍ കെട്ടി വെക്കുകയാണ്‌..
കഥകള്‍ വെച്ച് കെട്ടാന്‍ ഫായിസിന്റെ ജീവിതം പിന്നെയും ബാക്കി..
ഇനി കഥയിലേക്ക്‌..


ബസില്‍ നിന്നും കാലെടുത്തു പുറത്തു വെച്ചതും ,നാട്ടുകാരില്‍ ഒരുത്തന്റെ ഇടിത്തീ പോലൊരു ചോദ്യമെത്തി..
"ഡിഗ്രി ഒക്കെ കഴിഞ്ഞില്ലേ.. എന്താടാ പണിക്കൊന്നും പോകാത്തത്??"
അത് കേട്ടതും സകല കണ്ട്രോളും പോകുന്നത് പോലെ തോന്നി.. കാരണം ചോദിച്ച ആ ചോദ്യമല്ല.. ചോദിച്ച സമയം .. അതായിരുന്നു പ്രശ്നം..
അവസാന വര്‍ഷത്തെ അവസാന പരീക്ഷയും കഴിഞ്ഞു നാട്ടില്‍ കാലെടുത്തു കുത്തും മുമ്പാ ഒരോരുത്തന്റെ നശിച്ച ഒരോ ചോദ്യങ്ങള്‍..

ഒരാഴ്ചയായി ഉറക്കം പോലുമില്ലാതെ പരീക്ഷ തയ്യാറെടുപ്പ് (സത്യായിട്ടും പഠിക്കാന്‍ വേണ്ടിയ ഉറങ്ങാതിരുന്നത്..) നടത്തിയതിന്റെ ക്ഷീണത്തില്‍ വന്നു ചേര്‍ന്ന ഈ ചോദ്യം പിന്നീട് വന്ന ദിവസങ്ങളില എനിക്ക് ശരിക്കും തല വേദനയായി തുടങ്ങിയത്..
ആദ്യമൊക്കെ ആ ചോദ്യം അശേഷം അവഗണിച്ചു.. പിന്നെ തര്‍ക്കുത്തരം പറഞ്ഞു തുടങ്ങി..
"എന്താടാ പണിയൊന്നുമായില്ലേ??"
"ഉം.. ആയി.. ഒന്ന് പറഞ്ഞു വെച്ചിട്ടുണ്ട്.. അടുത്ത് തന്നെ വിളിക്കും.. "
അത് കേള്‍ക്കുമ്പോള്‍ ചോദിച്ചവന്റെ മുഖമൊക്കെ ഒന്ന് കറുക്കും.. കാരണം ഇനി ആരോട് ഈ ചോദ്യം ചോദിക്കും എന്ന വിഷമം കാണുമല്ലോ..
പിന്നെ വേദനയോടെ ചോദിക്കും..
"എന്ത് ജോലിയട ?? "
"ഒഹ്.. ചെറിയ ജോലിയാ. അതാ ആരോടും ഒന്ന് പറയാത്തത്.. "
അത് കേള്‍ക്കുമ്പോള്‍ അവന്റെയൊക്കെ കറുത്ത മുഖമൊന്നു വെളുക്കും.. കാരണം ചെറിയ ജോലിയല്ലേ.. പിന്നെ മുഖം ഒന്ന് കൂടി വെളുക്കാന്‍ വേണ്ടി വീണ്ടും ചോദിക്കും..
" എന്നാലും എന്താ ജോലിയെന്ന് പറയെടാ.. "
"കളകട്രേറ്റില..വളരെ ചെറിയ ജോലി.. "
"എഹ്.. അതെന്തു ജോലി?? "
"ജില്ലാ കളക്ടര്‍ ആയിട്ടു.. "
ഠിം.. വെളുത്ത മുഖത്ത് നിന്നും ചോര തുടിക്കുന്നത് വളരെ കൃത്യമായിട്ട്‌ കാണാം..
പക്ഷെ എന്നിട്ടും എന്‍റെ നാട്ടുകാര്‍ എന്നെ വിട്ടില്ല.. അത്ര മാത്രം സ്നേഹം അവര്‍ക്കെന്നോടുന്ടെന്നു ഞാനപോഴാ മനസിലാക്കുന്നത്‌..
അവര്‍ ചോദ്യം ആവര്‍ത്തിച്ച്‌ കൊണ്ടേയിരുന്നു.. ഞാന്‍ അത് പതിവ് അവഗനയില്‍ ഒതുക്കുകയും ചെയ്തു..
പിന്നെ മാസങ്ങള്‍ കടന്നു പോകവേ അതെ ചോദ്യം എന്‍റെ വീട്ടില്‍ നിന്നും ഉയര്‍ന്നു തുടങ്ങി.. അപോഴും ഞാന്‍ മൈന്‍ഡ് ചെയ്തില്ല..
പക്ഷെ വീട്ടിലെ മാറ്റങ്ങള്‍.. അത് എന്നെ പിടിച്ചു കുലുക്കിയെന്നു വേണേല്‍ പറയാം.. അത്രക്കും വേദനാജനകമായ മാറ്റം.
ബിരിയാണി നെയ്ചോറിനും,നെയ്‌ ചോറ് വെറും ചോറിനും ,അത് കഞ്ഞിയിലെക്കും വഴി മാറിയപ്പോള്‍ ഞാന്‍ കാര്യമാക്കിയില്ല..
എന്തെങ്കിലുമൊക്കെ ആയി കിട്ടുന്നുണ്ടല്ലോ എന്ന സമാധാനം..
പക്ഷെ ഒരു നേരം പട്ടിണി കിടന്നാല്‍ ഒന്നും സംഭവിക്കനോന്നും പോകുന്നില്ല എന്ന തരത്തിലേക്കാ മാറ്റം എത്തിയിപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി.. അങ്ങനെ ഞാന്‍ ആ പ്രതിക്ജ എടുത്തു..
"ഇനി ഞാന്‍ സ്വന്തമായി ജോലി ചെയ്യും.. "
പക്ഷെ എന്ത് ജോലി??????
കലക്ടര്‍ പണിയുടെ മുതല്‍ കല്ല്‌ പണിയുടെ വരെ ഒരു ലിസ്റ്റ് തയ്യാറാക്കി.. ഇനി തിരക്കിട്ട ആലോചനകള്‍..
വീട്ടുകാര്‍ വീണ്ടും ബിരിയാണി വെച്ച് തുടങ്ങി.. കാരണം ഞാന്‍ ആലോചിക്കാനെലും തുടങ്ങിയല്ലോ എന്ന സമാധാനം..
മാസങ്ങള്‍ പിന്നെയും കടന്നു പോയി.. ആലോചന എങ്ങുമെത്തിയില്ല..
വീട്ടുകാര്‍ വീണ്ടും കഞ്ഞി വെച്ച് തുടങ്ങിയപോള്‍ എനിക്ക് പന്തി കേടു തോന്നി തുടങ്ങി..
ഇനി രക്ഷയില്ല... എന്ത് വന്നാലും ജോലി..
ഒടുവില്‍ നാട് വിട്ടേക്കാം എന്നൊരു തീരുമാനം എടുത്തു.. (തെറ്റിദ്ധരിക്കല്ലേ.. ജോലി ആവശ്യാര്‍ത്ഥം വേറൊരു സ്ഥലത്തേക്ക് മാറുക എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. )
അത് ഞാന്‍ എന്‍റെ സുഹൃത്തുക്കളോട് പറഞ്ഞു.. അവര്‍ക്കെല്ലാം നല്ല അഭിപ്രായം.. കാരണം എന്‍റെ ശല്യം ഒഴിവാകുമല്ലോ..
"അല്ലേലും ഇപോഴത്തെ യുവ സമൂഹം ഇങ്ങന.. ഒരാള്‍ നല്ല കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു അവരെ നേര്‍വഴിക്ക് നടത്തുമ്പോള്‍ അയാളെ എങ്ങനേലും നാട് കടത്താനെ അവര്‍ ആലോചിക്കു.. " ഞാന്‍ മനസിലോര്‍ത്തു..
"ടാ .. നിനക്ക് സഹൂദിയിലേക്ക് പോയാലെന്താ?? " ഒരാളുടെ അഭിപ്രായം..
സൗദിയാ അവന്‍ ഉദ്ദേശിച്ചത്..
"അതിനെക്കാള്‍ നല്ലത് നിന്നെ വല്ലതും തല്ലി ക്കൊന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നത്.. "
"അതെന്താട അങ്ങനെ?? "
"എടാ. എന്‍റെ മൂന്നു അമ്മാവന്മാരും അവിടല്ലേ.. അവിടെ ചെന്നാല്‍ ഒന്ന് തുമ്മണേല്‍ പോലും അമ്മാവന്മാരുടെ സമ്മതം വേണ്ടി വരും.. അത് കൊണ്ടു നീ നടക്കണ കാര്യം പറയ്‌.."
"എന്നാ പിന്നെ ബോംബെയിലേക്ക് പൊയ്ക്കൂടെ??"
"എന്നിട്ടെന്തിനാ?? "
"വല്ല അധോലോകത്തിലും ചേര്‍ന്ന് രക്ഷപെടാന്‍ നോക്കെടാ.. "
"ആഹാ.. എന്നെ എന്നെന്നേക്കുമായ് ഒഴിവാക്കാന്‍ നോക്കുവാണല്ലേ,,?? തെണ്ടി ചെക്കാ.. എന്‍റെ മുന്നില്‍ കണ്ടു പോകരുത് നിന്നെ .. ഹാ.. "
"എന്നാ പിന്നെ നീ എറണാകുളത്തേക്ക് പോകട.. "
"അവിടെന്തിരിക്കുന്നു?? "
"അവിടെ നിറയെ ജോലിയല്ലേ?? "
"സത്യം?? "
"സത്യമാടാ.. അവിടെ ജോലി കായ്ക്കുന്ന ഒരു മരമുണ്ട് എന്നാ കേട്ടത്.. "
"ഓഹോ.. അത് നിനക്കെങ്ങനെ അറിയാം??"
"നമ്മുടെ സജീഷ് അവിടെ എവിടെയോ ആണ് ജോലി ചെയ്യുന്നത്?? അവനെ ഒരിക്കല്‍ നാട്ടില്‍ വെച്ച് കണ്ടപോ പറഞ്ഞതാ.. അവന്‍ അവിടെ വല്യ നിലയിലാ.. "
"അത് കൊള്ളാം.. അവിടെ ചെന്ന് അവനെ കണ്ടാല്‍ മതിയല്ലോ അപ്പോള്‍.. "
"പക്ഷെ അവന്‍റെ നമ്പര്‍ ഇല്ലെട.. "
"അത് കുഴപ്പമില്ല.. അവിടെ ടൌണില്‍ ചെന്ന് ഏതേലും കടക്കാരോട് ചോദിച്ച മതി.. അവര്‍ തന്നോളും.."
ഇത് പറഞ്ഞത് വേറൊരുത്തനാ.. കയ്യില്‍ കിട്ടിയ ഒരു കല്ലെടുത്തെറിഞ്ഞു അവനെ അവിടന്ന് ഓടിച്ചു വിട്ടു..
അല്ല പിന്നെ.. എറണാകുളത്ത് ടൌണില്‍ ചെന്നിട്ടു കടക്കാരോടന്വേഷിച്ച മതി പോലും..
"വേറെ ആരേലും അവിടെ ഉണ്ടോട?? "
"വേറെ........ ആഹ്.. നമ്മുടെ മുനീര്‍ അവിടെ എന്തോ വല്യ പരിപാടിയാണെന്ന് കേട്ടിട്ടുണ്ട്.. അവനെ കണ്ടാല്‍ മതിയാകും.. "
"അത് കൊള്ളാം.. അവനാകുമ്പോ നാലഞ്ചു വര്‍ഷമായി എറണാകുളത്ത്.. അവന്‍ ശ്രമിച്ചാല്‍ ഒരു ജോലി കിട്ടാതിരിക്കില്ല.. "
അങ്ങനെ മുനീറിന്‍റെ നമ്പര്‍ സങ്കടിപ്പിച്ചു..
അങ്ങനെ ഒരു ഞായറാഴ്ച കണ്ണൂരില്‍ നിന്നും 8.30-നു പുറപ്പെടുന്ന മലബാര്‍ എക്സ്പ്രസ്സ്‌ കയറി ഞാന്‍ എറണാകുളത്തേക്ക്..
തിങ്കള്‍ രാവിലെ 3 മണിയോടടുപ്പിച്ച്‌ ഞാന്‍ എറണാകുളത്ത് കാല് കുത്തി..
എന്‍റെ വരവ് എറണാകുളത്തിനെ കുളിരണിയിച്ചു..
അതെ.. അരുതാത്തതെന്തോ സംഭവിച്ചത് പോലെ നല്ല ഇടിവെട്ടും മഴയും..
തല്ക്കാലം ഒന്നും നോക്കിയില്ല.. നേരം വെളുക്കുവോളം റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിടന്നുറങ്ങാം എന്ന ചിന്തയില്‍ ഞാന്‍ ഒരു ബെഞ്ചില്‍ തല ചായ്ച്ചു കിടന്നു.. യാത്രാ ക്ഷീണം കാരണം പെട്ടെന്നുറങ്ങി പോയി..
കുറച്ചു കഴിഞ്ഞു കാണും.. കാലില്‍ എന്തോ കടിച്ചത് ഞാന്‍ ചാടി എണീറ്റു..
"ദൈവമേ.. മൂര്‍ക്കന്‍ പമ്പ് കടിച്ചെന്ന തോന്നുന്നേ.. " ഞാന്‍ കാലിലേക്ക് നോക്കി..
അയ്യേ.. ദേണ്ടെ.. ഒരു കൊതുക്..
ഒരുപാട് കൊതുക് കടിച്ചിട്ടുണ്ട്..പക്ഷെ ഇത് പോലോത്തെ ഒന്നിനെ ആദ്യമായ് കാണുവ.. എന്റമ്മോ..
ഞാന്‍ കണ്ണുരിലുള്ള പാവം കൊതുകുകളെ മനസ്സാല്‍ നമിച്ചു..
സമയം ഇഴഞ്ഞു നീങ്ങി.. നേരം വെളുത്തു..
മുനീറിനെ വിളിക്കാന്‍ ഫോണെടുത്തു നമ്പര്‍ ഡയല്‍ ചെയ്തു.
"ഹലോ..എന്താടാ??" മറു തലക്കല്‍ അവന്‍റെ ശബ്ദം..
"ഞാന്‍ എറണാകുളത്തെത്തി.. നീ ഇപോ എവിടെയാ??"
"എറണാകുളത്തോ??? .. വരുന്നതിനു മുന്‍പ് എന്നെ വിളിക്കണമെന്ന് പറഞ്ഞതല്ലേ. "
"അത് മറന്നു പോയെട അളിയാ.. അത് വിട്.. നീയിപോ എവിടെയാ??"
"ഞാനിപോ ആലപ്പുഴയില.."
"എഹ്.. ആലപ്പുഴയോ?? അവിടെ എന്താ പരിപാടി?? "
"ഞാന്‍ Vodafone -ന്റെ മാര്‍ക്കറ്റിംഗ്-നു വന്നതാ.. "
ഒഹ്.. അപ്പോള്‍ കേട്ടത് ശരിയാ.. അവന്‍ വല്യ നിലയില്‍ തന്നെയാ. ഞാന്‍ ഓര്‍ത്തു.
"നീയെപോഴാ തിരിച്ചു വരുന്നേ?? "
"രണ്ടാഴ്ച അകുമെട.. അത് വരെ നീ അവിടെ എവിടേലും റൂമെടുത്തു താമസിക്കു.."
"ഉം.. ശരി.." അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..
വെറും രണ്ടാഴ്ചത്തെ കാര്യമല്ലേ ഉള്ളു.. അതിനിടയില്‍ എന്‍റെതായ രീതിയില്‍ ജോലിയും അന്വേഷിക്കാം..
എറണാകുളത്ത് ജോലി കായ്ക്കുന്ന മരമുണ്ടെന്നല്ലേ..!!!!!!!!!!!!!!!!!

റൂം അന്വേഷിച്ചു നടന്നു തുടങ്ങി.. പിന്നീടങ്ങോട്ട് ഞെട്ടിപ്പിക്കുന്ന ചില മഹാ സത്യങ്ങള്‍ ഞാന്‍ മനസിലാക്കി തുടങ്ങി..
"ഇവിടെ റൂം എടുക്കുന്ന കാശ് കൊണ്ടു എന്‍റെ നാട്ടില്‍ ഒരു വീടെടുക്കാം" എന്ന സത്യം..
"എറണാകുളത്ത് പട്ടിണി കിടക്കണേല്‍ പോലും നൂറു രൂപ വേണമെന്ന " സത്യം..

എന്തായാലും അവസാനം നെട്ടൂര്‍ എന്ന സ്ഥലത്ത് ഒരു റൂം തരപ്പെട്ടു..
അല്ല.. തെറ്റാണു.. റൂം എന്ന പ്രയോഗം തെറ്റാണു..
നാലു ചുമരുകള്‍ക്കിടയില്‍ ഒരു കട്ടില്‍.. അതാണ് യാദാര്‍ത്ഥ്യം.
അങ്ങനെ പിറ്റേന്ന് മുതല്‍ ഞാന്‍ ജോലി തേടി അലഞ്ഞു തുടങ്ങി..
കയ്യിലെ കാശ് തീര്‍ന്നതല്ലാതെ.ഒരിടത്തും ജോലി കായ്ക്കുന്ന മരം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല..
ചുരുക്കി പറഞ്ഞാല്‍ നാട്ടില്‍ മൂന്നു നേരം മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചിരുന്ന ഞാന്‍ പട്ടിണി കിടക്കേണ്ട ഗതിയായി..
ദിവസങ്ങള്‍ കഴിഞ്ഞു കൊണ്ടേയിരുന്നു..
ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് വെറുത്തു തുടങ്ങി. അതിനു കാരണമുണ്ട്..
ജീന്‍സും ഷര്‍ട്ടും ഒക്കെ ഇട്ടു നല്ല സ്റ്റൈലില്‍ ഹോട്ടലില്‍ പോകും.. ഇത് കാണുമ്പോള്‍ സപ്ലൈ ചെയ്യുന്നവന്‍റെ മനസൊന്നു കുളിരണിയും..
എന്തേലും ടിപ് കിട്ടുമല്ലോ എന്ന സന്തോഷത്താല്‍ എന്‍റെ അരികിലേക്ക് ഓടി കിതച്ചു വരും.. ഒരു പണിയും ചെയ്തില്ലേലും ഹോട്ടല്‍ നടത്തുന്നത് തന്നെ അവനാന്നര്‍ത്ഥത്തില്‍ മുന്നില്‍ നിന്നും കിതക്കും. (സെന്റിമെന്റ്സ് കിട്ടണമല്ലോ...... )
പിന്നെ ബഹുമാന പുരസരം ചോദിക്കും..
"എന്താ സര്‍ കഴിക്കാന്‍ വേണ്ടത്.. "
ഞാന്‍ ഒന്ന് തല ചൊറിയും..
അത് കാണുമ്പോള്‍ അവന്‍ ലിസ്റ്റ് പറഞ്ഞു തുടങ്ങും.
"പൊറോട്ട.. ചപ്പാത്തി.. ബിരിയാണി.. നൂഡില്‍സ്... "
"മതി.. നിര്‍ത്ത് നിര്‍ത്ത്.. "
"കറി.. ചിക്കന്‍.. മട്ടണ്‍.. ബീഫ്.. "
"അതും നിര്‍ത്ത്.. "
"എന്താ സര്‍..??? "
"മൂന്നു പൊറോട്ട.. "
"ഓക്കേ. കറി.. ??"
"ഇച്ചിരി ഗ്രേവി.."
"എന്തോ??? "
"മൂന്നു പൊറോട്ടയും ഗ്രേവിയുമെന്നു .."
"അത് ശരി. കഞ്ഞിയായിരുന്നല്ലേ.. ??"
"നോ. കഞ്ഞി വേണ്ട.. പൊറോട്ട മതി.. "
ഹല്ല പിന്നെ..
അങ്ങനെ ഒരോ ദിവസവും ഒരോ ഹോട്ടല്‍.. സ്ഥിരമായി ഒരേ ഹോട്ടലില്‍ ചെന്നാല്‍ തികഞ്ഞ അവഗണ കിട്ടിയ അനുഭവം കൊണ്ട അങ്ങനെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നത്..
അങ്ങനെയൊരു ഞായറാഴ്ച ദിവസം.. പതിവ് പോലെ ഒരു ഹോട്ടെലില്‍ രാവിലെ തന്നെ ഞാന്‍ ഹാജറായി..
എന്നെ കണ്ട സന്തോഷത്തില്‍ എന്‍റെ അരികിലേക്ക് ഓടി വരുന്നവന്റെ മുഖത്തോട്ടു നോക്കി..
എവിടെയോ കണ്ടു മറന്ന മുഖം..
എഹ്.. ഇതവനല്ലേ.. സജീഷ്.. എറണാകുളത്ത് വല്യ നിലയില്‍ ആണെന്ന് എന്‍റെ ഫ്രണ്ട് പറഞ്ഞ അതേ സജീഷ്.. ഇവനെന്താ ഇവിടെ??
ആളെ മനസിലാകാതെ എന്റെടുത്ത്‌ ഓടി വന്ന സജീഷ് എന്നെ തിരിച്ചറിഞ്ഞതും വെടി കൊണ്ടത്‌ പോലെ നിന്നു.. പിന്നെ പതിയെ ചോദിച്ചു..
"കോളേജിലോ സമാധാനം തന്നില്ല.. ഇവിടെ എറണാകുളത്തും സമാധാനം തരില്ല അല്ലേ??"
"അത് തരില്ല.. അത് വിട്. നീ എന്താ ഇവിടെ?? നീ ഏതോ വല്യ നിലയിലാണ് എന്നാണല്ലോ നാട്ടുകാര്‍ പറയുന്നത്.. "
"വല്യ നിലയിലായിരുന്നു.. പക്ഷെ.. "
"എന്താടാ.. സാമ്പത്തിക മാന്ദ്യം നിന്നേം ഭാദിച്ചോ"
"അതല്ലട.. Lakeshore ഹോസ്പിറ്റലില്‍ ആറാം നിലയിലുണ്ടായിരുന്ന കാന്റീനില്‍ ആയിരുന്നു ഞാന്‍.. അവിടത്തെ പണി പോയത് കൊണ്ട ഇങ്ങോട്ട് മാറിയത്.. "
"അത് ശരി. വല്യ നില എന്ന് പറഞ്ഞത് ഇതായിരുന്നു അല്ലെ?? "
"ഏതായാലും ഇവിടത്തെ പണിയും അടുത്ത് തന്നെ പോകും.. "
"അതെതട അളിയാ??"
"നീ എറണാകുളത്ത് എത്തിയില്ലേ?? ഇനിയിവിടെ എങ്ങനെ സമാധാനത്തോടെ ജീവിക്കാനാ?? "
"പോടാ.. ഞാന്‍ പഴയത് പോലെ ഒന്നും അല്ല.. വളരെ ഡീസെന്‍റ് ആണ്.. "
"ഉവ്വ,, ഉവ്വ.. ഡീസെന്‍റ് ... അതിരിക്കട്ടെ.. നിനക്കെന്ത കഴിക്കാന്‍ വേണ്ടത്.. ?? "
ഇവനോടകുമ്പോള്‍ നാണക്കേട്‌ തോന്നേണ്ട കാര്യമില്ല.. അന്തസ്സോടു തന്നെ പറയാം..
"മൂന്നു പൊറോട്ടയും കുറച്ചു ഗ്രേവിയും.. "
അത് കേട്ടതും അവന്‍റെ മുഖത്തൊരു പുച്ഛം..
"എന്തോ.. ഗ്രേവിയോ?? മോനെന്താ ഉദ്ദേശിച്ചത്.??? "
"അതായതു.. ഈ.. "
"ചാറ് ചാറ്..‍. അങ്ങനെ പറഞ്ഞ മതി.."
"ഒഹ്.. സോറി ഡാ.. നിങ്ങള്‍ ബ്ലടി മലയാളീസ് അങ്ങനെയാണല്ലേ പറയുന്നത്.. "
"ഉവ്വ.. ഉവ്വ.."
നാണക്കേടില്ലാതെ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഒരു സ്ഥലം കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ഹോട്ടലിനു പുറത്തേക്കു..

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ മൊബൈല്‍ ബെല്ലടിച്ചു..
"കസ്റ്റമര്‍ കെയര്‍-ഇല്‍ നിന്നാവും. അല്ലാതെ എന്നെ ആര് വിളിക്കാന്‍?? " ഞാന്‍ മനസാല്‍ ഓര്‍ത്തു ഫോണിലേക്ക് നോക്കി..
അല്ല. കസ്റ്റമര്‍ കെയര്‍-ഇല്‍ നിന്നല്ല.. മുനീര്‍ ആണ്..
ഞാന്‍ സന്തോഷത്തോടെ ഫോണ്‍ എടുത്തു..
"ഹല്ലോ.. "
"ടാ.. നിനക്ക് ജോലി വല്ലതും ആയോ?? "
"ഉം.. ആയി.. ജോലി നോക്കി നടക്കല്‍ ഒരു വല്യ ജോലി ആയി.. "
"ഉം.. ഞാന്‍ നാളെ എറണാകുളത്തെത്തും.. നിനക്ക് സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ??"
ചോദ്യം ഞാന്‍ കേട്ടതും ഞാന്‍ ഞെട്ടി പോയി.. അവനു വട്ടായതാണോ.. അതോ എനിക്ക് വട്ടായതാണോ?? അതോ അവന്‍ എന്നെ ആക്കിയതാണോ??
എനിക്കൊന്നും മനസിലായില്ല.. പിന്നെ പതിയെ ചോദിച്ചു..
"എന്താടാ?? "
"ടാ.. നാളെ കടവന്ത്രയില്‍ ഒരു സിനിമാ ഷൂട്ടിംഗ് തുടങ്ങുന്നുണ്ട്.. അതില്‍ അഭിനയിക്കാന്‍ ആള് വേണം. നീ വരുന്നോ??"
ഇത് കേട്ടപോള്‍ എനിക്കുറപ്പായി.. വട്ടു അവനാ.. അല്ലേല്‍ ഒരു നാടകം വരെ ഇതുവരെ കാണാത്ത എന്നോട് സിനിമാ നായകന്‍ ആവാന്‍ താല്പര്യമുണ്ടോ എന്ന് ആരേലും ചോദിക്കുമോ??
പക്ഷെ ഞാന്‍ അവനോടു ഇല്ല എന്ന് പറഞ്ഞില്ല.. കാരണം ഞാനും വല്യൊരു നടനയാലോ??
പകരം അവനോടു കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ തുടങ്ങി..
"ഏതാ പടം?? ആരാ സംവിധായകന്‍?? "
"അതിശയന്‍ എന്ന പദത്തിന്റെ പേര്.. വിനയന്‍ ആണ് സംവിധായകന്‍.. "
"ഒഹ്.. എന്‍റെ കഥാ പാത്രത്തിന്‍റെ പേരെന്താ?? തിരക്കഥ വായിക്കാന്‍ തരുമോ???"
കുറച്ചു നേരത്തേക്കവനൊന്നും മിണ്ടിയില്ല.. പിന്നെ പതിയെ പറഞ്ഞു..
"അതൊക്കെ നാളെ വിശദമായി പറയാം.. നീ ഏതായാലും നാളെ ഒമ്പത് മണിയാകുമ്പോള്‍ കടവന്ത്രയിലേക്ക് വാ.. "
ഇതും പറഞ്ഞു അവന്‍ കാള്‍ കട്ട്‌ ചെയ്തു..
ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി..
ഞാന്‍ വല്യൊരു നടനാകുന്നത്...
ആദ്യ സിനിമാ കഴിഞ്ഞിട്ട് വേണം മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ ഒരു സൈഡില്‍ ഇരുത്താന്‍.. അവര്‍ എന്‍റെ സഹ നടന്മാരായി അഭിനയിക്കുന്നത് വരെ ഞാന്‍ സ്വപ്നം കണ്ടു..
സ്വപ്നം കണ്ടെന്നു മാത്രമല്ല.. എന്‍റെ സ്വപ്നവും ,സിനിമാ പ്രവേശനവുമെല്ലാം അപ്പോള്‍ തന്നെ അഹങ്കാരത്തോടെ നാട്ടുകാരെ മുഴുവന്‍ വിളിച്ചു പറഞ്ഞു.. പിന്നേം കുറച്ചു പേരെ വിളിക്കാന്‍ നോക്കിയപോ ഫോണില്‍ ബാലന്‍സ് തീര്‍ന്നു..
ഇതാ ഈ BSNL -ന്റെ കുഴപ്പം.. ബാലന്‍സ് തീര്‍ന്ന പിന്നെ വിളിക്കാന്‍ പറ്റില്ല..
ഹും.. ഒരു നടനായിട്ടു വേണം.. BSNL -നെ ഒരു പാഠം പഠിപ്പിക്കാന്‍.. 5 കോടി എങ്കിലും വാങ്ങാതെ ഞാന്‍ അവരുടെ ബ്രാന്‍ഡ്‌ അംബാസിടര്‍ ആവില്ല.. എന്നോടാണോ കളി..
ഇനി ഹോട്ടലില്‍ ചെല്ലണം.. സജീഷിന്റെ അടുത്ത് കുറച്ചു ഷോ കാണിക്കണം.. തിരിച്ചു വന്നു കിടന്നുറങ്ങണം..
രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ കേരളത്തിന്റെ പുതിയ താരോദയം.. പ്ലാന്‍ റെഡി..

നേരെ ഹോട്ടലിലേക്ക് .. എന്നേം കാത്തു പഴയ പൊറോട്ടേം കുറച്ചു ചാറുമായി സജീഷ്..
അവനെ കണ്ട ഉടന്‍ എന്‍റെ മുഖത്ത് മാക്സിമം പുച്ച ഭാവം വരുത്തി.. ഇത് കണ്ടപ്പോള്‍ തന്നെ അവനെന്തോ പന്തി കേടു തോന്നി..
"നൂറു രൂപ ആരെങ്കിലും കടം തന്നോ?? അതിന്റെ അഹങ്കാര ഭാവം നിന്‍റെ മുഖത്തുണ്ടല്ലോ.. " അവന്‍റെ ചോദ്യം..
ഞാന്‍ അവനെ രൂക്ഷമായൊന്നു നോക്കി..
"എന്താടാ?? എന്താ കഴിക്കാന്‍ വേണ്ടത്?? "
"എടാ എന്നോ.. ഒരു സിനിമാ നടനോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ക്കറിയില്ലേ?? " ഞാന്‍ ചൂടായി..
അവന്‍ ഒരടി മാറി പുറകോട്ടു നിന്നു.. ജോലി കിട്ടാത്ത വിഷമത്തില്‍ വട്ടായി പോയി എന്ന് കരുതി കാണണം.. തെണ്ടി..
പിന്നെ അവന്‍ ചോദിച്ചു..
"സിനിമാ നടനോ?? ആര് .. നീയോ?? "
"അതേ.. ഇന്നല്ല.. നാളെ മുതല്‍.. ഞാന്‍ ഒരു സിനിമയില്‍ നായകനാകാന്‍ പോകുന്നു.. "
അതും പറഞ്ഞു ഞാന്‍ എന്‍റെ സിനിമാ പ്രവേശനത്തിന്റെ മുഴുവന്‍ കഥയും അവനോടു പറഞ്ഞു.. അവന്‍ ഞെട്ടി തരിച്ചു നിന്നു.
"അത് ശരി.. ഉം.. അത് വിട്..സര്‍-നു എന്താ കഴിക്കാന്‍ വേണ്ടതാവോ ?? "
എഹ്.. ആക്കിയതാണോ?? ഏയ്.. .. അല്ല.. ആക്കിയതല്ല..
"മൂന്നു പൊറോട്ടേം ഗ്രേവിയും.. "
"സിനിമാ നടന്‍ പൊറോട്ടേം ഗ്രേവിയും കഴിക്കുന്നോ?? ചെഹ്.. എന്താ സര്‍ ഇത്.. "
"സിനിമാ നടന്‍ നാളെയല്ലേ.. ഇന്ന് ഞാന്‍ വെറും പച്ച മനുഷ്യനാ.. പിന്നെ ഞാന്‍ പൊറോട്ടേം ഗ്രവിയും കഴിക്കുന്നതും ഇടയ്ക്കു പട്ടിണി കിടക്കുന്നതുമൊക്കെ കാശ് ഇല്ലാഞ്ഞിട്ടല്ല.."
"പിന്നെ?? "
"ഭാവിയില്‍ ജീവിത കഥാ എഴുതുമ്പോള്‍ അങ്ങനെ കുറെ കാര്യങ്ങളൊക്കെ എഴുതാന്‍ വേണ്ടി.. വെറും അനുഭവത്തിന്.. അനുഭവത്തിന് വേണ്ടി മാത്രമാ.. ഹഹ്"
"ഉവ്വ.. ഉവ്വ.. "
അവന്‍ കൊണ്ടു വന്ന ഭക്ഷണവും കഴിച്ചു കൊണ്ട് ഞാന്‍ ഉറക്കത്തിലേക്കു..
അങ്ങനെ ആ ദിവസം കഴിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.. നാളെ.. നാളെ മുതല്‍ ഞാന്‍ സിനിമാ നടനാ ..
കേരളത്തിന്റെ സ്വന്തം ഫായിസ്..

(സിനിമാ വിശേഷങ്ങള്‍ തുടരും..)


രണ്ടാം ഭാഗം

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...