പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, July 17, 2014

ഒരു കളിയോർമ്മ ..!!!

July 13, ഞായറാഴ്ച..
അന്നായിരുന്നു ആ ദിവസം.. ഒരു മാസത്തോളം കാൽപന്ത്‌ കളി  സ്നേഹികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ച ലോകകപ്പിന്റെ കൊട്ടിക്കലാശം..
അര്ജന്റീന vs ജർമ്മനി ഫൈനൽ മല്സരം..
അന്ന് തന്നാണ് ഈ 'കഥയും' സംഭവിച്ചത്.. !!!

രാവിലെ മുതൽ ജലദോഷം, കമ്പനിക്ക്‌ പനിയും .. ഉച്ച കഴിഞ്ഞപ്പോൾ ജലദോഷം ഉച്ചീൽ കേറി തലച്ചോറിനെ കുട്ടിച്ചോറാക്കി.. അങ്ങനെ ഞാൻ വൈകുന്നേരം കിടപ്പിലായി..
സന്ധ്യയ്ക്ക്  നോമ്പ് മുറിക്കും നേരം  രണ്ടു ഗ്ലാസ്‌ ചായ കുടിച്ചപ്പോൾതന്നെ  ഉള്ളിൽ നിന്നും കൊടുവാൾ വരുന്നതിന്റെ ലക്ഷണങ്ങൾ..
പതിയെ ബാത്ത് റൂം ലക്ഷ്യമാക്കി നടന്നു.. ഒരു കുഞ്ഞുവാൾ.. പിന്നെ,
പ്  ഠിം ...

കണ്ണ് തുറക്കുമ്പോൾ തന്നെ നാല് പെണ്ണുങ്ങൾ ചുറ്റുമിരുന്നു കരയുന്നതാ കേൾക്കുന്നേ ...ഉമ്മുമ്മ,ഉമ്മ,ഓള് പിന്നെ മോളും..!!!
പണ്ട്  സ്കൂൾ വിട്ടു വന്നപ്പോ കാണാറുള്ള മധു മോഹന്റെ സീരിയൽ വെച്ചതാണെന്നാ ആദ്യം കരുതിയെ..
പിന്നെ ബോധം വന്നപ്പോഴ മനസ്സിലായെ, എനിക്ക്  ബോധം പോയതായിരുന്ന് എന്ന്  ..!!!

അന്നത്തെ പണീം കഴിഞ്ഞ്  വീട്ടിലേക്ക് പോകുന്ന 'വണ്ട്‌ വിജീഷ്' നിലവിളി കേട്ടാ എന്റെ വീട്ടിലേക്ക് ഓടിക്കേറിയേ ..
(ജനാർധനന്റെ  ശബ്ദോം വെച്ച് എപ്പോഴും മൂളിപ്പാട്ട് പാടുന്ന അവനെ വണ്ട് എന്നല്ലാതെ പിന്നെന്തു വിളിക്കാൻ...)
ബോധം പോയ വിഷമത്തിലിരിക്കുന്ന എന്നെ സമാധാനിപ്പിക്കണോ, അതോ കരയുന്ന നാല് പെണ്ണുങ്ങളെ സമാധാനിപ്പിക്കണോ എന്നറിയാണ്ട് കുഴഞ്ഞു നിന്ന ഉപ്പയോട് ഓൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു..
ഞാനെന്റെ ഫോണ്‍ ഓന്റെ നേർക്ക്‌ നീട്ടി ഞമ്മടെ മെയിൻ കമ്പനിക്കാരൻ ഹംസേനെ വിളിക്കാൻ പറഞ്ഞു, ഓൻ ഫോണും വാങ്ങി സെൻട്രൽ ഹാള്ളിലേക്ക് പോയി..
"അയ്യോ.. ഈ ഫോണിന്റെ സ്വിച്ച് കാണാണ്ടായി..."കുറച്ചു കഴിഞ്ഞു സെൻട്രൽ ഹാള്ളില് നിന്നും ഓന്റെ രോദനം.. !!
ഞാനെന്റെ ഓളെ നോക്കി, ഓള് ചുറ്റിനും നോക്കുന്നു, ഞാൻ വീണപ്പോൾ വീണ ഫോണിന്റെ സ്വിച്ച് ആവും ഇവളും നോക്കണേ..!!!
'ന്റെ പടച്ചോനെ.. സ്വിച്ച് ഇല്ലാത്ത ടച്ച്‌ സ്ക്രീൻഫോണിന്റെ സ്വിച്ച് എവിടന്ന് കിട്ടാനാ ' എന്നാലോചിച്ച് ഞാനോളെ ആവതില്ലാണ്ട് ഒന്ന് നോക്കി.. ഓക്കിപ്പോ കാര്യം കത്തീക്കണ് ...
ഓള്  പോയി ഫോണ്‍ വാങ്ങി ഹംസേനെ വിളിച്ചു, തിരിച്ചു വന്നു..
"വിളിച്ചോ???" ഉമ്മ ചോദിച്ചു..
"ഉം.. വിളിച്ചു..കാര്യം പറഞ്ഞു.. ആശുപത്രീൽ കൊണ്ടോകാൻ വരാൻ പറഞ്ഞു.. "
"എന്നിട്ട് ഇപ്പോ തന്നെ വരുമോ??"
"നോമ്പ് തുറക്കുവാ.. അത് കഴിഞ്ഞിട്ട് വരാന്നു പറഞ്ഞു.. "
പസ്റ്റ് ..!!!
അരമണിക്കൂർ കഴിഞ്ഞു അവനും ഷബീറും മമ്മുഞ്ഞും കാറുമായ്‌ വന്നു.. എന്നെ പിടിച്ചു വലിച്ച് കാറിൽ കേറ്റി , കാർ കണ്ട ആവേശത്തിൽ വണ്ടും ചാടി കേറി .. അങ്ങനെ ആശുപത്രി ലക്ഷ്യമാക്കി വണ്ടി നീങ്ങി തുടങ്ങി..
എനിക്കപ്പോഴും തീരെ വയ്യ,എങ്ങനേലും ആശുപത്രി എത്തിയാൽ മതിയെന്ന അവസ്ഥ.. !!!

ആശുപത്രീലേക്ക് പോകാൻ വലത്തോട്ട് തിരിയും നേരം ഒരാള്ക്കൂട്ടം, വണ്ടി സൈഡ് ആയി,അല്ല സൈഡ് ആക്കി..
ഓടിപ്പോകുന്ന ശക്കീറിനെ ചാടിപ്പിടിച്ചു ഷബീർ ..
"എന്താടാ കാര്യം??"
"അതെയ്, കറന്റ്‌ പോയും വന്നും ഇരിക്കുവാ.. എല്ലാരും KSEB പോയി അവന്മാരോട് രണ്ടു ചോദിയ്ക്കാൻ പോകുവാ.. നിങ്ങളും വാ,ഇപ്പൊ ചോദിച്ചില്ലേ അവന്മാര് കളി തുടങ്ങുമ്പോ പണി തരും.. " അതും പറഞ്ഞവൻ ഓടി..
"ശരിയാടാ.. വിട് വണ്ടി അവരുടെ പിറകെ.. " വണ്ടിയിൽ നിന്ന് എല്ലാരും ഒരുമിച്ചാ അതങ്ങ് പാസ്സാക്കിയത്..  ലെഫ്റ്റ് ഇന്റികേറ്റർ മിന്നേം കേടുകേം ചെയ്തു തുടങ്ങി.. !!!
'ന്റെ പൊന്നെ.. ഇവന്മാരിതെന്ത് കണ്ടാ.. '
എനിക്കൊന്നു നിലവിളിക്കാൻ തോന്നി, പക്ഷെ പുറത്ത് വന്നത് ഒരു മൂളക്കം മാത്രം.. ആ മൂളക്കം വണ്ട്‌ തിരിച്ചറിഞ്ഞു..
"അതേയ് .. നമ്മള് ഷോപ്പിങ്ങിനു പോകാൻ ഇറങ്ങിയതല്ല.. ഈ പിശാഷിനെ ആശുപത്രീൽ കൊണ്ട് പോകാൻ ഇറങ്ങിയതാ.. " വണ്ട്‌ അത്  പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ വണ്ടി വലത്തോട്ട് നീങ്ങി..
ലെഫ്റ്റ് ഇന്റികേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞതിനു പിറകെ വന്ന വണ്ടിക്കാരൻ രോമാഞ്ചം വരുത്തുന്ന അനർഘ  വാക്കുകൾ ചൊരിഞ്ഞു.. കുളിര്...!!!

എനിക്ക് ദാഹിക്കുന്നുണ്ടായിരുന്നു..
എന്റെ മനസ്സറിഞ്ഞ പോലെ അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്താൻ പറഞ്ഞു ഹംസ.. എന്റെ കണ്ണുകളിൽ പ്രകാശം.. ഞാനവനെ സ്നേഹത്തോടെ നോക്കി..
വണ്ടീടെ ഡോർ തുറന്നു,അടഞ്ഞു.. മിനിട്ടുകള്ക്ക് ശേഷം ഡോർ പിന്നേം തുറന്നു..
ഒരു ഫുൾ ചുട്ട കോഴീം രണ്ടു ലിറ്റെറിന്റെ തണുത്ത പെപ്സീം അവിടന്ന് കേറി.. വണ്ടി വിട്ടു..
അവന്മാര് തീറ്റ തുടങ്ങി.. ഞാൻ അത് കണ്ട് വെള്ളമിറക്കി തുടങ്ങി..
സഹിക്കാൻ വയ്യാണ്ട് ഒരു കോയിക്കാലിന്റെ നേരെ എന്റെ കൈ നീണ്ടു.. !!!
മമ്മുഞ്ഞ് എന്റെ കൈ തടഞ്ഞൊരു ഡയലോഗ്..
"നിനക്ക് പനിയും ചർധിയുമാ.. അത് മറക്കരുത്.. ഇതൊന്നും കഴിക്കാൻ പാടില്ല.. "
ഞാൻ കൈ വലിച്ച് അവന്മാരെ രൂക്ഷമായ് ഒന്ന് നോക്കി..
"അതറിഞ്ഞോണ്ടാണോടാ കള്ള ബടക്കൂസുകളെ ഇതന്നെ വാങ്ങിയെ.." അതാ ആ നോട്ടത്തിന്റെ അര്ത്ഥം ..
എല്ല് കടിക്കുന്ന ശബ്ദമാ അതിന്റെ മറുപടി.. കടിക്കാൻ എല്ല് കിട്ടാതോണ്ട് ഞാൻ പല്ല് കടിച്ചു..!!!
"ടാ ,നമുക്ക് ഡോക്ടറുടെ വീട്ടില് പോയി കാണാം.. " വണ്ട്‌ പെപ്സി ബോട്ടിൽ കയ്യിലെടുത്ത് കൊണ്ട് പറഞ്ഞു..
"അതെന്തിനാ അത്രേം മെനക്കെടുന്നെ.. ഏതേലും ഡോക്ടറെ ആശുപത്രീൽ വെച്ചെന്നെ കണ്ടാ മതി.. "
"അതല്ലടാ.. ഡോക്ടറുടെ വീട്ടില് ഡോക്ടറുടെ മോള് കാണും, നല്ല ഫീസാ... " പെപ്സി കുടിച്ചോണ്ട് വണ്ടിന്റെ മറുപടി..
"ഫീസാ??"
"സോറി.. ഫെഫ്സി ഫല്ലിന്റെഡേൽ കുടുങ്ങിയതാ.. ഫീസല്ല,ഫീസ്‌.. " അവൻ ആവർത്തിച്ചു  ..
"പെപ്സി ഇറക്കീട്ടു പറയെടാ പരട്ടെ.. " ഹംസ ചൂടായി..
"പീസടാ പീസ്‌.. "
നാലിന്റേം  മനസ്സിൽ കോഴി കൂവി, പോരാണ്ട് അതുവരെ കഴിച്ച കോഴി വയറ്റിൽ നിന്നും കൂവി, വണ്ടി നേരെ ഡോക്ടറുടെ വീട്ടിലേക്ക് ..

നാലും എന്നേം താങ്ങിപ്പിടിച്ച്‌ കാറിൽ നിന്നിറക്കി..
എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഈ താങ്ങൾ.. ഡോക്ടറുടെ മോളാണ്  ഡോർ തുറക്കുന്നതെങ്കിൽ കിട്ടാനുള്ള സെന്ടിമെന്റ്സിലാ നാലിന്റെം കണ്ണ് ..
വയ്യെങ്കിലും ഞാൻ തനിയെ നിക്കാൻ ശ്രമിച്ചു,അവൾ കണ്ടാല് മോശല്ലേ എന്ന് കരുതിയിട്ടൊന്നുമല്ല ,വെറുതെ.. സ്വന്തം കാലിൽ നിക്കാനുള്ള ഒരാഗ്രഹം...!!
വാതിൽ തുറന്നത് ഡോക്ടർ തന്നാ..
നാലിന്റെം ഖൽബ്  കരിഞ്ഞ മണം.. എനിക്ക് സമാധാനായി.. !!!
കാര്യം മുഴുവൻ അങ്ങേരോട് പറഞ്ഞു.. അങ്ങേര് തല മുതൽ കാല് വരെ തിരിച്ചും മറിച്ചും മറ്റേ കോപ്പ് വെച്ച് നോക്കി, സ്റ്റെതസ്ക്കോപ്പ്...
"പനിയുടെ കൂടെ ജലദോഷവും പിന്നെ നോമ്പും ഒക്കെ എടുത്തോണ്ടാ.. കുഴപ്പമൊന്നുമില്ല.. വേണേൽ ഒരു ഡ്രിപ് ഇടാം..  " ഡോക്ടർ പറഞ്ഞു..
"ട്രിപ്പോ.. എങ്ങോട്ട്?? " വണ്ടിന്റെ തംശയം...
"ഊട്ടിക്ക്‌.. " ഡോക്ടറുടെ കൌണ്ടർ അറ്റാക്ക്‌..
"ട്രിപ്പ്‌ അല്ലടാ പൊട്ടാ ഡ്രിപ് .. ഗുൾക്കോസ് വെള്ളം കൊടുക്കണമെന്ന്... " ഹംസ അവനു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു....
"ഇട്ടോ ഡോക്ടറെ .." ക്ഷീണം വല്ലാണ്ട് ഉള്ളതോണ്ട് രണ്ടാമതൊന്നാലോചിക്കാതെ ഞാൻ പറഞ്ഞു..
"ആശുപത്രീൽ പോയി ഈ കുറിപ്പ് കാട്ടിയാ മതി.. " ഡോക്ടർ കുറിക്കാൻ തുടങ്ങി..
"എത്ര സമയമെടുക്കും ഡോക്റ്ററെ തീരാൻ.. " ഷബീറിന്റെ ചോദ്യം..
"ഒരു നാല് മണിക്കൂർ കഴിഞ്ഞാൽ പോകാം.. "ഡോക്ടറുടെ മറുപടി..
എന്റെ പിറകിൽ നിന്നും കുശാഗ്ര ചർച്ചകൾ  എനിക്ക് വ്യക്തമായി കേള്ക്കാം..
"എടാ.. ഇപ്പൊ 8 മണി.. ഡ്രിപ് ഇട്ടു കഴിയുമ്പോഴേക്കും 12 മണി എന്തായാലും കഴിയും.. അത് കഴിഞ്ഞ് ബില്ലടച്ച്‌ ഇറങ്ങി വീടെത്തുമ്പോൾ 1 മണി എന്തായാലും ആകും.. ഫൈനലാ.. അത് മറക്കണ്ടാ... " മാസ്റ്റർ ബ്രെയിൻസ് പ്രവര്ത്തിച്ചു തുടങ്ങി..
"ഡോക്ടറെ.. ഈ നാല് മണിക്കൂർ എടുക്കാണ്ട് പെട്ടെന്ന് തീരുന്ന രീതിയിൽ ഡ്രിപ് ഇടാൻ പറ്റുമോ??" ചോദ്യം മമ്മുഞ്ഞിന്റെ ..
ഡോക്ടറുടെ മുഖത്ത് പുച്ഛം മാർച്  പാസ്റ്റ് ചെയ്തു വന്നു..
"എന്നാ ഒരു കാര്യം ചെയ്.. ഒരു കുപ്പി ഗ്ലൂക്കോസ്  വാങ്ങി പൊട്ടിച്ച് അണ്ണാക്കിൽ ഒഴിച്ച് കൊടുക്ക്‌.. പെട്ടെന്ന് തീരും.. " ഡോക്ടർ ഫുൾ കലിപ്പിൽ പറഞ്ഞു നിർത്തി ..
"എടാ.. ഡോക്ടർ ഇപ്പൊ തീരുമെന്ന് പറഞ്ഞത് ഗ്ലൂക്കോസ്  അല്ല, എന്റെ ജീവിതാ.. " അവന്മാര്ക്ക് നേരെ തിരിഞ്ഞ് ഞാൻ കലിപ്പോടെ  പറഞ്ഞു...
"അവന്മാര് അങ്ങനെ പലതും പറയും.. ഡോക്ടർ കുറിച്ചാട്ടെ.." പനിയായോണ്ട് അധികം പുച്ഛം വന്നില്ലേലും ഉള്ളത് വരുത്തി ഞാൻ അവന്മാരെ നോക്കി...

കാശും കൊടുത്ത് ഇറങ്ങാൻ നേരം വണ്ട്‌ ചുറ്റിലും നോക്കി..
ആ പീസ്‌ ഉണ്ടോന്ന് നോക്കുവാ.. ഒന്നും കാണാഞ്ഞ്  "ഏകാന്ത ചന്ദ്രികേ " എന്ന് മൂളേം ചെയ്തു..
ചന്ദ്രികേം മെഡിമിക്സും ഒന്നും വന്നില്ല.. വണ്ടും കൂട്ടരും നിരാശയോടെ പുറത്തേക്ക് ...

വണ്ടിയിൽ കയറി പിന്നെയും മാസ്റ്റർ പ്ലാൻസ്..
നാട്ടിൽ കറന്റ്‌ പോകാനുള്ള സാധ്യത ഉള്ളതിനാൽ ആശുപത്രി റൂമിൽ നിന്നും കളി കണ്ട് നാളെ രാവിലെ വീട്ടിൽ പോകാമെന്നും ഫൈനൽ ഡിസ്സിഷൻ...!!!

200 രൂപ കൂടുതൽ കൊടുത്തു TV ഉള്ള റൂമെന്നെ എടുത്തു..
ഡ്രിപ് ഇട്ടു.. ആശ്വാസം തുള്ളി തുള്ളിയായ് വന്നു.. ഹാവൂ... !!!
സമയം 12.30..
വണ്ടൊഴികെ ബാക്കി നാല് പേരും അര്ജന്റീന ഫാൻസ്‌.. വണ്ട്‌ ബ്രസീൽ ഫാനാ , ഫൈനലിൽ ഓൻ ജർമ്മനിക്കൊപ്പം കൂടി..
കളി തുടങ്ങി..പിന്നീടുള്ള ഓരോ നിമിശോം ആശുപത്രി വായനശാലയായി..
ഒച്ച,ബഹളം,ആശ്വാസ നിശ്വാസങ്ങൾ,തെറിവിളി.. ആ റൂം പൂരപ്പറമ്പായി ...

1 മണിയായപ്പോൾ നേഴ്സ് വാതിലിൽ തട്ടി വിളിച്ചു..
'എനിക്കുള്ള എന്തോ മരുന്ന് കൊണ്ട് വന്നിട്ടുണ്ടെടാ ,തുറക്കെടാ' എന്ന് ഞാൻ പറഞ്ഞപ്പോൾ 'അത് നിനക്കുള്ളതായിരിക്കില്ല ,ഞങ്ങൾക്കുള്ളതായിരിക്കും' എന്ന് പറഞ്ഞവന്മാർ വാതില് വരെ തുറന്നില്ല.. !!!
കളി കഴിഞ്ഞു,  അര്ജന്റീന തോറ്റു ..
വണ്ട്‌ അർമാദിക്കൻ തുടങ്ങി, ആരോ ഓര്മിപ്പിച്ചു, അവൻ ബ്രസീൽ ഫാനാ... !!!
ബാലൻ കെ നായരും ,ജോസ് പ്രകാശും,ഉമ്മറും എന്തിനേറെ ഗസ്റ്റ്‌ റോളിൽ വന്ന ജൂനിയർ ആർട്ടിസ്റ്റ്  വരെ ഓടിച്ചിട്ട്‌ പിച്ചിച്ചീന്തിയ ഓളാ ,മണിയറയിലെ മധുരമുള്ള മൽപ്പിടുത്തത്തിൽ ചുണ്ടിൽ മുറിവ് പറ്റിയോളെ കളിയാക്കാൻ വരുന്നേ..
പിന്നെ ഒട്ടും താമസിച്ചില്ല,മൂന്നു മുഴുവനും പിന്നെ പനി കൂടി ശക്തി ക്ഷയിച്ച അര-മനുഷ്യനായ ഞാനും  ചേർന്ന 'മൂന്നര' മനുഷ്യ ജന്മങ്ങൾ ഓന്റെ നെഞ്ചത്ത് പെരുമ്പറ മുഴക്കി... യുദ്ധക്കളത്തിൽ ശത്രു സൈന്യത്തിന്റെ മുന്നിൽ  ആയുധം പോലുമില്ലാതെ ഒറ്റപ്പെട്ടുപോയ  ഒരു പട്ടാളക്കാരനെ പോലെയായിരുന്നു വണ്ട്‌.... അര്ജന്റീന തോറ്റ വിഷമം ആ നെഞ്ചിൽ ഞങ്ങൾ കുഴിച്ചു മൂടി..!!!

രണ്ടു പാരസെറ്റാമോള് ബാക്കി വന്ന ഗ്ലൂക്കോസ് വെള്ളം ചേർത്തടിച്ചു വണ്ടുറങ്ങി,കൂടെ ഞങ്ങളും ..

പിറ്റേന്ന് രാവിലെ, ആ ഹോസ്പിറ്റൽ ചരിത്രത്തിൽ ആദ്യമായി, ഡിസ്ചാർജ് ഫോര്മാലിറ്റീസ് പാലിക്കാതെ ,അഡ്മിറ്റ്‌ ചെയ്ത ഡോക്ടർ വരുന്നത് കാത്ത് നിൽക്കാതെ  നിഷ്കളങ്കരായ അഞ്ചു യുവാക്കളെ ആശുപത്രി മാനേജ്‌മന്റ്‌ നിഷ്കരുണം ചവിട്ടിപ്പുറത്താക്കി .. അപലപിക്കാൻ ഈ സമൂഹത്തിനിവിടെ സമയം... !!!


15 comments:

  1. ഇത്രേം ഒക്കെ ഒപ്പിച്ചിട്ട് പുറത്താക്കിയില്ലേലല്ലേ അത്ഭുതം !

    ReplyDelete
  2. ബില്ലടക്കേണ്ടി വന്നോ എന്തോ...?

    ReplyDelete
    Replies
    1. അത് വേണ്ടി വന്നു...:P

      Delete
  3. പതിവുപോലെ ഭംഗിയാക്കി

    ReplyDelete
  4. ടിവിയുള്ള റൂം തന്നെ വേണം!

    ReplyDelete
  5. ആരൊക്കെ യോ ആയിരുന്ന കഥാ പാത്രം ഇപ്പോള്‍ സ്വയം ഏറ്റെടുത്ത് ഉഷാറാക്കി....."ഞാന്‍"

    ReplyDelete
  6. ഹ്ഹ്ഹ ....കളിയുമായി ബന്ധപ്പെട്ട് ഒരു നല്ല തമാശ പോസ്റ്റ്‌ എന്താ വരാത്തേ എന്ന് ആലോചിച്ചേ ഉള്ളൂ ,,ഇത് കലക്കി . ഇതിലെ ഗുണപാഠം ഞാന്‍ പറയാം .. ലോകകപ്പ് നടക്കുന്ന സമയം അസുഖം വരുമ്പോഴെങ്കിലും ആശുപത്രിയില്‍ പോവാന്‍ " ഓളെ " കൂടെ കൂട്ടുക :)

    ReplyDelete
    Replies
    1. ഓളെ കൂട്ടിയാ പിന്നെ കടിച്ചതും പിടിച്ചതും പോകില്ലേ ഇക്കാ...highlights കാണേണ്ടി വന്നേനേ... ;)

      Delete
  7. ഫൈനല്‍ കണ്ടല്ലോ. അതുമതി

    ReplyDelete
  8. good final...
    raavile penalty with sudden death alle???
    ashamsakal...:)

    ReplyDelete
  9. ഇത്രയൊക്കെ ഒപ്പിച്ചിട്ട് നേരം വെളിച്ചാവുന്നത് വരെ അവര്‍ നിങ്ങളെ അവിടെ നിര്‍ത്തിയോ??

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Sorry for the late comment...today only got chance to read this and as usual ithum vijrimbipichu... ;) one of the best parts I liked "ബാലൻ കെ നായരും ,ജോസ് പ്രകാശും,ഉമ്മറും എന്തിനേറെ ഗസ്റ്റ്‌ റോളിൽ വന്ന ജൂനിയർ ആർട്ടിസ്റ്റ് വരെ ഓടിച്ചിട്ട്‌ പിച്ചിച്ചീന്തിയ ഓളാ ,മണിയറയിലെ മധുരമുള്ള മൽപ്പിടുത്തത്തിൽ ചുണ്ടിൽ മുറിവ് പറ്റിയോളെ കളിയാക്കാൻ വരുന്നേ.."

    ReplyDelete
  12. ഇതാണ് ഫൈനല്‍ മോനേ..... ഗംഭീരമായി.......

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...