പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Wednesday, September 28, 2011

സഹമുറിയെനെന്നാല്‍....


എറണാകുളം ജീവിതത്തിന്‍റെ ആദ്യ നാളുകള്‍..
ക്യാമ്പസ്‌ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടബോധം തോന്നിയത് കോളേജ് ഹോസ്റ്റലില്‍ നില്ക്കാന്‍ പറ്റാത്തതായിരുന്നു..
കാരണം വീട്ടില്‍ നിന്നും വെറും 10 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളു കോളേജിലേക്ക് എന്നത് കൊണ്ട് തന്നെ..
പക്ഷെ എറണാകുളത്തെ സൌഹൃദജീവിതം നഷ്ടബോധം നികത്തി..
ഞാനും ഷിനോജും പ്രകാശും.. ഒന്നിനൊന്നു മെച്ചം വരുന്ന ഉത്തമ സഹമുറിയന്മാര്‍..
കടുത്ത നിരീശ്വരവാദിയായ വീട്ടുടമസ്ഥനെ, നല്ല ഒന്നാംതരം ദൈവവിശ്വസിയായി മാറ്റാന്‍ പോലും കഴിവുണ്ടായിരുന്ന 3 യുവരക്തങ്ങള്‍.. അതാണ് ഞങ്ങള്‍..
വീട്ടുടമസ്ഥന്‍ എന്നും വീട്ടില്‍ വരും.
എന്നിട്ട് ഞങ്ങള്‍ വൃത്തികേടാക്കിയ ചുമരും മറ്റും, ചുരണ്ടിയും മാന്തിയും ഒന്ന് കൂടി വൃത്തികേടാക്കും.
പോകാം നേരം ഒരിക്കല്‍ സുന്ദരമായിരുന്ന തന്‍റെ വീട് നോക്കി,രണ്ടു തുള്ളി കണ്ണീര്‍ വാര്‍ത്ത് പ്രാര്‍ത്ഥിക്കും,
"കര്‍ത്താവെ ,, വീട് നീ തന്നെ കാത്തോളണേ........"
കേട്ടു കൊണ്ടിരിക്കുന്ന ഞങ്ങള്‍ ഉറക്കെ പറയും..
"ആമേന്‍.."
അങ്ങനെയുള്ള ദിവസങ്ങളിലെ ഒരു ഞായറാഴ്ച..
ഞാനും പ്രകാശും റൂമില്‍ വെറുതെ ടീവിയും കണ്ടു കൊണ്ടിരിക്കുമ്പോള്‍ കാള്ളിംഗ് ബെല്ലടിക്കുന്ന ശബ്ദം..
ഞാന്‍ പോയി വാതില്‍ തുറന്നു.. വീട്ടുടമസ്ഥന്‍..
"ഉം.. എന്തെ.. എന്തിനാ വന്നത്???" ഞാന്‍ ചോദിച്ചു..
അയാള്‍ എന്നെ ഒന്ന് തുറിച്ചു നോക്കി.. "ഇത് എന്‍റെ വീടാണോ അതോ നിന്‍റെ വീടാണോ" എന്നര്‍ത്ഥത്തില്‍...പിന്നെ പതിയെ പറഞ്ഞു..
"ഞാന്‍ മിനിഞ്ഞാന്ന് വന്നു നോക്കിയപ്പോള്‍ കുറച്ചു സ്ഥലത്തൊക്കെ ചിതല്‍ പിടിച്ചിരിക്കുന്നത് കണ്ടു.."
"അത് കൊണ്ട്???"
"അല്ല.. അത് വൃത്തിയാക്കാന്‍..."
"അതിനെന്താ?? ചേട്ടന്‍ കേറി വൃത്തിയാക്കിക്കോ.....ഇത് ചേട്ടന്റെ വീടല്ലേ.. "
"അത് ശരി.. വൃത്തിയാക്കാന്‍ വരുമ്പോള്‍ മാത്രം എന്‍റെ വീട്.. അല്ലേല്‍ നിന്റെയൊക്കെ തറവാട് വീടും.. "
അയാള്‍ ഒരല്‍പം വേദനയോടെ പറഞ്ഞു ..ഞാന്‍ കേട്ടത് പോലും നടിക്കാതെ അകത്തു പോയി കപ്പലണ്ടി വിഴുങ്ങി തുടങ്ങി..
പിന്നെ അയാള്‍ അകത്തുകയറി ചിതല്‍ വൃത്തിയാക്കി തുടങ്ങി..
കുറച്ചു കഴിഞ്ഞപ്പോള്‍ റൂമിലേക്ക്‌ ഷിനോജ് കയറി വന്നു..
ഹാള്ളില്‍ കയറിയതും വൃത്തികേടായ റൂം കണ്ടു അവന്‍ പല്ല് ഞെരിച്ചു കൊണ്ടു പറഞ്ഞു..
" തെണ്ടി ഓണര്‍ ഇന്നും വന്നായിരുന്നു അല്ലെ??"
അതും പറഞ്ഞു അവന്‍ അടുക്കളയിലേക്കു തിരിഞ്ഞതും മുന്നില്‍ ചളിഞ്ഞ മുഖവുമായി വീട്ടുടമസ്ഥന്‍...
" ചേട്ടനോ.. ചേട്ടനെപ്പോ വന്നു.. !! ചേട്ടനെ കുറിച്ച് ഞാനിപ്പോ പറഞ്ഞതെ ഉള്ളു.."
ചമ്മലൊതുക്കി, നിറഞ്ഞ ചിരിയോടെ അവന്‍ പറഞ്ഞു....
"ഉം.. കേട്ടു കേട്ടു..."
അതും പറഞ്ഞു പകുതി വൃത്തിയാക്കിയ അടുക്കളയില്‍ രണ്ടുതുള്ളി കണ്ണുനീര്‍ വാര്‍ത്ത് അയാള്‍ പുറത്തേക്കു...
അത് കഴിഞ്ഞു ഷിനോജ് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു..
"ടാ.. ഒരു സന്തോഷ വാര്‍ത്ത‍യുണ്ട്"
"എന്താടാ???"
ഞാനും പ്രകാശും ഒരുമിച്ചു ചോദിച്ചു..
"നമ്മുടെ റൂമിലേക്ക്‌ പുതിയ ഒരാള്‍ കൂടി വരുന്നുണ്ട്.."
വാടക ഷെയര്‍ ചെയ്യാന്‍ ഒരാള്‍ കൂടി വരുന്നതിന്റെ സന്തോഷത്തില്‍ എന്റെയും പ്രകാശിന്റെയും മുഖം പ്രസന്നമായി...
അതേ.. കേരളത്തിലെ തന്നെ മികച്ച മാതൃകാ സഹമുറിയന്മാരുടെ ഇടയിലേക്ക് ഒരാള്‍ കൂടി വരുന്നു..
അവന്‍..
സാജന്‍..!!!!!
അടുപ്പമുള്ളവര്‍ സാജ് എന്ന് വിളിക്കും..
ഒന്ന് കൂടി അടുത്താല്‍ തന്തക്കു വിളിക്കും..അത്രയ്ക്ക് മഹാന്‍..
അതാണവന്‍.. സാജ്...!!!!!!!!!

ചിലരെ കുറിച്ച് സംസാരിച്ചു തുടങ്ങിയാല്‍ വാക്കുകള്‍ ഇടമുറിയാതെ പെയ്തു കൊണ്ടിരിക്കും..
സാജിനെ കുറിച്ച് പറഞ്ഞാലും അങ്ങനെ തന്നെ..
നിറയെ പെണ്ണുങ്ങള്‍ മാത്രമുള്ള വീട്ടില്‍ ജനിച്ചത്‌ കൊണ്ടാവണം, ഒരു "പെണ്‍സ്വഭാവം" അവനിലും നിഴലിച്ചിരുന്നു..
സാജിന്റെ ചില കുസൃതികളിലേക്ക്,,
വെറുതെ ഇരുന്നു ടീവി കണ്ടു കൊണ്ടിരിക്കുന്നവരുടെ പിറകില്‍ പോയിരുന്നു പേന്‍ നോക്കുക..
അയല്‍വക്കത്തെ ചേച്ചിയുമായി പരദൂഷണം പറയുക..
ഒരു കാര്യവുമില്ലാതെ മുറ്റമടിക്കുക.. അങ്ങനെയങ്ങനെ പോകും...
ചുരുക്കി പറഞ്ഞാല്‍ വാടക ഷെയര്‍ ചെയ്തു ചെലവു കുറക്കാന്‍ പരിപാടിയിട്ടിരുന്ന ഞങ്ങള്‍ക്ക് ചെലവു പിന്നെയും കൂടി തുടങ്ങി..
കാരണം ശനിയും ഞായറും എവിടെയും പോകാതെ വല്ലതും വെച്ചുണ്ടാക്കി കഴിച്ചു, ടീവിയും കണ്ടിരുന്ന ഞങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ വീട്ടിലിരിക്കാന്‍ വയ്യാതായി..
കാരണം,............................
രാവിലെ ഒമ്പത് മതി മുതല്‍ പത്തുവരെ "കുക്കറി ഷോ.."
അത് കഴിഞ്ഞാല്‍ "സാംസ്‌കാരിക കേരളം ഡോകുമെന്ററി..."
പിന്നെ പുരാതന തമിഴ് സിനിമ വല്ലതുമുണ്ടേല്‍ അതും..
ഇതെല്ലം കണ്ടും കേട്ടും കുരു പൊട്ടി ഞങ്ങള്‍ വീട് വിട്ടറങ്ങും. പിന്നെ അന്നത്തെ ദിവസം ഗോപി..!!!!!
**************** **************** ******************* ******************** **************
ചില സാജ് കഥകള്‍...
പറയാന്‍ ഒരുപാടു കഥകളുണ്ടെങ്കിലും,അതില്‍ ചിലതൊക്കെ പറഞ്ഞാല്‍ ഇലക്കും മുള്ളിനും,അത് വഴി പ്രകൃതിക്കും, പിന്നെ കഥയെഴുതുന്ന എനിക്കും വരെ കേടു വരും.. അത്രക്കും കേമം..
എങ്കിലും ഒന്നും പറയാതിരിക്കാന്‍ വയ്യല്ലോ..
അങ്ങനെ പ്രസിദ്ധമായ സാജ് കഥകളില്‍ "നിലവാരം വളരെ കുറഞ്ഞ" രണ്ടു കഥകള്‍...

ഒരു ഞായറാഴ്ച..
പാചകലോകവും ശാസ്ത്രീയ സംഗീതവും കേട്ടു ഭ്രാന്തു പിടിച്ചു ഞാനും ഷിനോജും മറൈന്‍ ഡ്രൈവില്‍ പോകാനൊരുങ്ങി നില്‍ക്കവേ സാജന്‍റെ പിന്‍വിളി..
"എങ്ങോട്ടാടാ??"
"മറൈന്‍ ഡ്രൈവിലേക്ക്.." ഞാന്‍ മറുപടി കൊടുത്തു..
"ഞാനും വരുന്നു.." എന്ന് അവന്‍..
"എന്നാല്‍ നീ പൊക്കോ.. ഞങ്ങള്‍ ഇവിടെ ഇരുന്നോളം.."
"എഹ്.. അതെന്താ????"
"അത്.. മറൈന്‍ ഡ്രൈവിലൊക്കെ ഭയങ്കര വെയിലാടാ... കറുത്ത് പോകും.." ഞാന്‍ പറഞ്ഞു..
"ഞാന്‍ ഇനി ഇതില്‍ കൂടുതല്‍ എന്തോന്ന് കറുക്കാന്‍??"
"വെയില്‍ കറുക്കുന്ന കാര്യമാ ഇവന്‍ പറഞ്ഞത്.."
ഷിനോജ് ദേഷ്യത്തോടെ പറഞ്ഞു..
"പോടാ.. ,, ഏതായാലും ഞാനും വരുന്നു.. "
അതും പറഞ്ഞു ഡ്രസ്സ്‌ മാറ്റാന്‍ അവന്‍ അകതോട്ടു പോയി..
"കുരിശായല്ലോ" എന്നും പറഞ്ഞു ഞാനും ഷിനോജും മുഖത്തോട്ടു മുഖം നോക്കി..

വൈറ്റിലയില്‍ നിന്നും ഞങ്ങള്‍ ബസ്‌ കയറി..
ഞാനും ഷിനോജും ഒരു സീറ്റില്‍... അതില്‍ തൊട്ടു മുന്നിലെ സീറ്റില്‍ സാജ് ഒറ്റയ്ക്ക്..
ബസ്‌ അടുത്ത സ്റ്റോപ്പില്‍ എത്തിയപോള്‍ ഒരുമ്മയും,രണ്ടു മക്കളും ബസില്‍ കയറി..
സുന്ദരിയായ മകള്‍,ഒരു പതിനാല് വയസും പ്രായം കാണും..
പിന്നെ മകന്‍,അവനും ഒരു നാല് വയസു തോന്നിക്കും..
കയറിയ ഉടനെ അവന്‍ സാജ് ഇരിക്കുന്നതിന്റെ തൊട്ടടുത്ത്‌ ഇരുന്നു..
സാജ് എത്തി വലിഞ്ഞു പെണ്‍കുട്ടിയെ നോക്കി..
"കൊള്ളാം.. നല്ല കുട്ടി.. "
അവന്‍ പതിയെ കൈ പയ്യന്‍റെ ചുമലില്‍ ഇട്ടു..
പയ്യന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു.. അവനും..
സാജ് അവനോടു എന്തോ പറയാന്‍ ഒരുങ്ങുന്നു..
ഞാനും ഷിനോജും അവരുടെ സംസാരം കേള്‍ക്കാന്‍ കാതും കൂര്‍പ്പിച്ചിരുന്നു..
അവരുടെ സംഭാഷണത്തിലേക്ക്,,,
"മോന്‍ എത്രാം ക്ലാസില പഠിക്കുന്നെ??" സാജന്‍റെ ആദ്യ ചോദ്യം..
"LKG " പയ്യന്‍റെ നിഷ്കളങ്കമായ മറുപടി..
"അതാരൊക്കെയാ???"
പയ്യന്‍റെ ഉമ്മയെയും പെങ്ങളെയും ചൂണ്ടി അവന്‍ ചോദിച്ചു..
"എന്‍റെ ഉമ്മയും ഇത്തയും.."
"ഇത്ത എത്രാം ക്ലാസ്സിലാ പഠിക്കുന്നെ???"
അത് ചോദിച്ചതും പയ്യനുത്തരമില്ല.. കാരണം അവനതറിയാന്‍ മാത്രം പ്രായമായില്ലല്ലോ...
മിണ്ടാതിരിക്കുന്ന പയ്യനെയും പിന്നെ പിറകിലിരിക്കുന്ന ഞങ്ങളെയും അമ്പരപ്പിച്ചു കൊണ്ടു സാജിന്റെ അടുത്ത ചോദ്യമെത്തി..
"മോന്‍റെ പെങ്ങളെ എനിക്ക് കെട്ടിച്ചു തരുവോ???"
ഠിം.. ഠിം.. ഠിം..
ഞാനും ഷിനോജും മുഖത്തോട്ടു മുഖം നോക്കി..
"അഞ്ചു വയസ്സ് തികയാത്ത പയ്യനോട് പെങ്ങളെ കെട്ടിച്ചു തരുമോന്നു.. ഇവനെന്താ പ്രാന്താ???"
അന്തിച്ചു നില്‍ക്കുന്ന പയ്യനോട് സാജ് വീണ്ടും ..
"മോന്‍റെ പെങ്ങളെ എനിക്ക് കെട്ടിച്ചു തരുവോന്നു.."
അവന്‍ ഒന്നും മിണ്ടിയില്ല..
പക്ഷെ എന്നിട്ടും സാജ് അവനെ വിടാതെ തോണ്ടി കൊണ്ടിരിക്കുന്നു.. പിന്നെ ചോദ്യവും..
"കെട്ടിച്ചു തര്വോ????"
ഗതികെട്ടു പയ്യന്‍ പതിയെ പറഞ്ഞു..
"ഉമ്മയോട് ചോദിച്ചു നോക്ക്.. "
പിന്നെയും സാജ് അവനോടു എന്തോ ചോദിയ്ക്കാന്‍ ഒരുങ്ങി നില്‍ക്കവേ, പയ്യന്‍റെ കാരണവന്മാര്‍ ചെയ്ത പുണ്യം കൊണ്ടാകണം അവര്‍ക്കിറങ്ങേണ്ട സ്ഥലമെത്തി..
അവന്‍ എഴുന്നേറ്റു.. കൂടെ അവന്‍റെ ഉമ്മയും പെങ്ങളും..
വണ്ടി നിര്‍ത്തി.. അവര്‍ ഇറങ്ങി..
എന്നെയും ഷിനോജിനെയും ഒന്ന് കൂടി അമ്പരപ്പിച്ചു കൊണ്ട് സാജും സ്റ്റോപ്പില്‍ ചാടി ഇറങ്ങി..
ഞാനും ഷിനോജും മുഖത്തോട്ടു മുഖം നോക്കി ഇരുപ്പു തന്നെ..

അന്ന് വൈകുന്നേരം..
ഞാനും ഷിനോജും തിരിച്ചു റൂമിലെതിയിട്ടും അവനെ മാത്രം കണ്ടില്ല..
"അവനു തല്ലു കിട്ടിക്കാണുമോടാ ??" ഞാന്‍ ഷിനോജിനോടു ചോദിച്ചു..
"കിട്ടിയാല്‍ മതിയായിരുന്നു.." ഷിനോജ് മനസ് തുറന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയുമായി അവന്‍ കയറി വന്നു..
അവന്‍റെ മുഖത്തെ ചിരി കണ്ടപ്പോള്‍ ഞങ്ങളുടെ മുഖത്തെ ചിരി മാഞ്ഞു..
കാരണം.. തല്ലു കിട്ടിയില്ലാന്നു തോന്നുന്നു..
"എന്തയാടാ പെണ്ണാലോചിച്ചു പോയിട്ട്,, കല്യാണം കഴിഞ്ഞോ?? "
ഷിനോജ് ചോദിച്ചു..
"അവര്‍ ഒരു പതിനഞ്ചു കൊല്ലം കാത്തിരിക്കാന്‍ പറഞ്ഞു.. "
"അത്രയേ പറഞ്ഞുള്ളോ ?? നീ പയ്യനോട് ചോദിച്ച പോലെയാണ് ചോദിച്ചതെങ്കില്‍ ഒരു അമ്പതു കൊല്ലമെങ്കിലും കാത്തിരിക്കാന്‍ പറയേണ്ടതയിരുന്നല്ലോ.."
"ഉം.. എന്തായാലും അവര്‍ക്ക് നമ്പര്‍ കൊടുത്തിട്ടുണ്ട്.. വിളിക്കാം എന്ന് പറഞ്ഞു.."
"അതിനു നിനക്ക് നമ്പര്‍ ഇല്ലല്ലോ.. പിന്നേതു നമ്പരാ കൊടുത്തത്??"
ഷിനോജിനു സംശയം..
"എനിക്ക് നമ്പര്‍ ഇല്ലല്ലോ..അത് കൊണ്ട് നിന്‍റെ നമ്പര്‍ കൊടുത്തു.."
"കര്‍ത്താവേ.. അപ്പോള്‍ ഞാന്‍ നമ്പര്‍ മാറ്റേണ്ടി വരുമല്ലോ.. എടാ പട്ടി .. "
അതും പറഞ്ഞു അവന്‍റെ നേരെ ചാടിയ ഷിനോജിനെ ഞാന്‍ പിടിച്ചു വെച്ചു.
"ഇതിലും വലുതെന്തോ വരാനിരുന്നതാ.. ഇങ്ങനെ തീര്‍ന്നെന്നു വിചാരിച്ചാല്‍ മതി.."
പിന്നെടെന്നും ഷിനോജിനു ആരുടെ കാള്‍ വന്നാലും ഏതുറക്കില്‍ നിന്നായാലും സാജ് ചാടി എണീക്കും..
എന്നിട്ട് ചോദിക്കും..
"അവരാണോടാ??"
എല്ലാ ചോദ്യത്തിനും ഷിനോജിനു ഒരുത്തരം മാത്രം..
"അതേ.. അടുത്ത ഞായറാഴ്ച കല്യാണത്തിന് നീ റെഡി ആണോ എന്ന് ചോദിച്ചു.. ഹല്ല പിന്നെ.. "

ഇനി അടുത്ത കഥയിലേക്ക്‌..(ഇതൊരല്‍പം "A " ആണ്.. പ്രായപൂര്‍ത്തി ആകാത്തവരും ,വേണ്ട എന്ന് തോന്നുന്നവരും വായന ഇവിടെ വെച്ചു നിര്‍ത്തുക.. )

"കല്യാണരാമന്‍" സിനിമയില്‍ ദിലീപ് പറഞ്ഞത് പോലെ ഞങ്ങള്‍ക്ക് "ജെട്ടിശാപം" വാങ്ങി തന്ന കഥ..

ഞങ്ങളുടെ വീടിന്‍റെ താഴെ നിലയില്‍ "ദി ഹിന്ദു " ന്യൂസ്‌ പേപ്പറില്‍ വര്‍ക്ക്‌ ചെയ്യുന്ന നാല് തമിഴന്മാരാണ് താമസിക്കുന്നത്..
രണ്ടു റൂം ഒരടുക്കള എന്ന് പറയുന്നത് പോലെ ,താമസം രണ്ടു നിലയിലാണെങ്കിലും രണ്ടു ടീമും ഒരൊറ്റ അഴയായിരുന്നു ഡ്രസ്സ്‌ ഉണക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത്..
അങ്ങനെ ഒരു ദിവസം..
അലക്കിയ നാല് ജെട്ടികള്‍ സാജ് താഴെ അഴയില്‍ ഉണക്കാനിട്ടു..
പിറ്റേന്ന് പോയി നോക്കിയപ്പോള്‍ അത്ഭുതമെന്നു പറയട്ടെ അവന്‍റെ പഴയ നാല് ജെട്ടികള്‍ക്ക് പകരം അവിടെ പുതിയ നാലെണ്ണം...
(അതിനിടയില്‍ സംഭവിച്ചത്: നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്ന ഒരു തമിഴന്‍ തന്‍റെ സഹമുറിയന്റെതാണ് എന്ന് കരുതി അതെടുത്തു അകത്തു വെച്ചു അവന്‍റെ ജെട്ടികള്‍ അവിടെ ഉണങ്ങാനിട്ടു )
ഏതായാലും സാജ് അവിടെ കണ്ടതും എടുത്തു റൂമിലേക്ക്‌ വന്നു..

പിറ്റേന്ന് രാവിലെ..
റൂമിലെ കാഴ്ചകളിലേക്ക് ..

ഒരു കയ്യില്‍ മൊബൈല്‍ ഫോണും മറു കയ്യില്‍ റിമോട്ടുമായി ടീവി കാണുന്ന ഞാന്‍..
ഷേവിങ്ങും, പല്ല് തേപ്പും ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഷിനോജ്..
ലാപ്ടോപില്‍ നിന്നും പെന്‍ ഡ്രൈവിലേക്ക് പാട്ട് കോപ്പി ചെയ്യാന്‍ കൊടുത്തു, നെയില്‍ കട്ടര്‍ എടുത്തു നഖം വെട്ടാന്‍ ഒരുങ്ങുന്ന പ്രകാശ്‌..
കുളിച്ചു റെഡിയായി,ഇന്‍സൈഡ് ഒക്കെ ചെയ്തു സുന്ദരനായി ഓഫീസില്‍ പോകാന്‍ റെഡി ആയിരിക്കുന്ന സാജ്..

പെട്ടെന്ന് കാള്ളിംഗ് ബെല്ലടിച്ചു..
സാജ് വാതില്‍ തുറന്നു..
ആദ്യം അകത്തോട്ടു വന്നത് ഒരു വടി.. അതില്‍ മുത്ത്‌ മലകള്‍ കോര്‍ത്തത് പോലെ കീറിയ നാല് ജെട്ടികള്‍..
അതേ.. തമിഴന്‍ തന്‍റെ "മുതലും" തേടി വന്നിരിക്കുന്നു..
അറിയാവുന്ന മലയാളത്തില്‍ അവന്‍ കാര്യം പറഞ്ഞു..
കാര്യം ഞങ്ങള്‍ക്ക് നാല് പേര്‍ക്കും മനസിലായി.
ചിരിച്ച മുഖത്തോടെ സാജ് അകത്തേക്ക്..
കുറച്ചു കഴിഞ്ഞു മൂന്നു തൊണ്ടി മുതലുമായി അവന്‍ പുറത്തേക്കു..
അത് തമിഴന്‍റെ കയ്യില്‍ കൊടുത്തു.. തമിഴന്‍ എണ്ണി നോക്കി.. എന്നിട്ട് പതിയെ ചോദിച്ചു..
"ഒന്ന് കൂടി ഇറിക്കുമേ..അതെങ്കെ??"
ഇത് കേട്ടതും അവന്‍ വീണ്ടും അകതോട്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു..
ഉടുത്തിരുന്ന പാന്റ് അഴിച്ചു മാറ്റി,പകരം ഒരൊറ്റമുണ്ടും ഉടുത്തു, തമിഴന്‍ ചോദിച്ചതും കയ്യില്‍ പിടിച്ചു, ചിരിച്ചു കൊണ്ട് അവന്‍ തമിഴന്‍റെ അടുത്തേക്ക്..
അതവന്‍ അയാള്‍ക്ക് നേരെ നീട്ടി..
അയാള്‍ അവന്‍റെ മുഖത്തോട്ടു നോക്കി..
ഇല്ല.. ഒരു ഭാവ മാറ്റവും ഇല്ല..
ചിരി തന്നെ .. ചിരി..
അത് കഴിഞ്ഞു തമിഴന്‍ ഞങ്ങളുടെ നേര്‍ക്ക്‌ നോക്കി..

നിമിഷം റൂമില്‍ പല അത്ഭുത സംഭവങ്ങളും അരങ്ങേറി..
അതേ..
മൊബൈല്‍ ഫോണ്‍ കൊണ്ടു ചാനല്‍ മാറ്റുന്ന ഞാന്‍..!!!
ഷേവിംഗ് ക്രീം കൊണ്ടു പല്ല് തേച്ചു, ടൂത്ത് പേസ്റ്റ് മുഖത്ത് പതപ്പിക്കുന്ന ഷിനോജ്..!!!
USB പോര്‍ട്ടിന്റെ അകത്തേക്ക് നെയില്‍ കട്ടര്‍ തള്ളികേറ്റുന്ന പ്രകാശ്‌..!!!
അങ്ങനെയങ്ങനെ പല പല അത്ഭുതങ്ങള്‍..
ഏതായാലും തമിഴന്‍ വാതിലും കൊട്ടി അടച്ചു പുറത്തേക്കു.. കൂടെ ഒരു ഡയലോഗും..
"ഇങ്കെ തങ്കി ഇറിക്കത് എല്ലാമേ പയ്ത്യക്കാരിന്‍കളാ കടവുളേ..... "
ഠിം..

ഏതായാലും ഒരു സംഭവത്തോട് കൂടെ അതുവരെ അല്പം ആരാധനയോടെ ഞങ്ങളെ നോക്കിയിരുന്ന തമിഴ്മക്കള്‍ ഞങ്ങളെ നികൃഷ്ട ജീവികളെ നോക്കുന്നത് പോലെ നോക്കാന്‍ തുടങ്ങി..
അത് കാരണം ഞങ്ങള്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്തു..
എങ്ങിനെ വന്നാലും കണ്ണിലെ വലിയ കരടു ഒഴിവാക്കുക തന്നെ..
അതേ.. സാജിനെ പുറത്താക്കാന്‍ ഞങ്ങള്‍ തല പുകച്ചു തുടങ്ങി..
ഒടുവില്‍ ഞങ്ങളുടെ തലയില്‍ ഒരു വഴി തെളിഞ്ഞു.. അതേ ഒരൊന്നൊന്നര വഴി..
"ഗാന്ധി നഗര്‍,2nd സ്ട്രീറ്റ് " സിനിമയില്‍ മോഹന്‍ലാലിനെ വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ ശ്രീനിവാസന്‍ ഉപയോഗിച്ച അതേ വഴി..
ഇതൊരല്‍പം ക്രൂരം.. പക്ഷെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല സുഹൃത്തെ..

(തുടരും..)

12 comments:

  1. Here is the second part..
    http://kannurpassenger.blogspot.com/2011/12/2nd.html

    ReplyDelete
  2. ചിരിച്ചു മരിച്ചു...

    ReplyDelete
  3. എന്റെ ചങ്ങായീ ചിരിച്ചു മരിച്ചു ..കുടിക്കാന്‍ എടുത്ത കോഫി മറിഞ്ഞു പോയി..കിടിലോല്‍ കിടിലം ...ഇത്രയും നല്ല തമാശക്കാരനെ റൂമില്‍ നിന്ന് കളയണോ ?

    ReplyDelete
    Replies
    1. കളഞ്ഞില്ലേല്‍ അവന്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ.. രണ്ടാം ഭാഗം കൂടി വായിച്ചേക്ക്...
      വാക്കുകള്‍ ഒരുപാട് നന്ദി നുഹുസ്..

      Delete
  4. machu vaakkugalilla parayaan

    ReplyDelete
  5. ചിരിച്ചു മരിച്ചു........കിടിലം

    ReplyDelete
  6. ഹ.. ഹ.. ചിരിച്ചു ചിരിച്ചു മരിച്ചു

    ReplyDelete
  7. iyeeeeeeeee ..... hi hi (y) (y) (y)

    ReplyDelete
  8. ഹാ ഹാ ഹാാ.അയ്യോ!!!!!അയ്യോ!!!!അയ്യോ!!!പണ്ട്‌ വായിച്ചതായിരുന്നു....ഇനിയെനിയ്ക്ക്‌ ചിരിയ്ക്കാൻ വയ്യായേ!!!!

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...