പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Wednesday, September 14, 2011

ഒരു രോഗിയെ ഉണ്ടാക്കിയ കഥ... :)


ആദ്യ ഭാഗം വായിക്കാത്തവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
ഡോക്ടര്‍ അകത്തുണ്ട്..

അങ്ങനെ ആ ദിവസം വന്നെത്തി.. ഞങ്ങളെല്ലാരും ആകാംഷയോടെ കാത്തിരുന്ന സെമിനാര്‍ ദിവസം..
സ്വാഗതം പറയുന്നത് സുനീര്‍,പിന്നെ കുട്ടികളുടെ ചോദ്യത്തിനുള്ള മറുപടി ഡോക്ടര്‍ നല്‍കും,നന്ദി പ്രകാശിപ്പിക്കുന്നത് ഫായിസ് എന്ന ഞാന്‍..
ഡോക്ടര്‍ വരുന്നതിനു മുമ്പ് നോട്ടീസ് ബോര്‍ഡില്‍ വിഷയം എഴുതണം.. ഭാഗ്യത്തിന് ഡോക്ടര്‍ എഴുതിത്തന്ന കുറിപ്പും കാണാതായി..
എഴുതാന്‍ നിന്ന സുനീര്‍ എന്നോട് ചോദിച്ചു..
"ഡോക്ടര്‍ പറഞ്ഞ വിഷയം എന്തായിരുന്നെടാ??"
"സൈ... സൈ....സൈക്കോളജി " അതിനപ്പുറം എനിക്ക് പോകുന്നില്ല...
"എന്തായാലും യൂത്ത് എന്നുണ്ട് ... അതുറപ്പാ " എന്ന് പ്രകാശ്‌..
ഒടുവില്‍ ഞങ്ങളുടെ ഭാഷയില്‍ എഴുതി..
ഡോക്ടര്‍ സ്ഥലത്തെത്തി.. സെമിനാര്‍ ഹാളിലേക്ക് ക്ഷണിച്ചു..സെമിനാര്‍ ഹാളില്‍ തൂക്കിയ ബോര്‍ഡ് ഡോക്ടര്‍ വായിച്ചു..
"മനശാസ്ത്രഞാനോട് ചോദിക്കാം.."
"Psychological Adolescence in Youth " എന്ന മനോഹരമായ പേര് "മനശാസ്ത്രഞാനോട് ചോദിക്കാം.." എന്ന രീതിയില്‍ ഒന്നുകൂടി മനോഹരമാക്കിയ മിടുക്കരായ ഞങ്ങള്‍ക്ക് നേരെ ഡോക്ടര്‍ തിരിഞ്ഞു..
"ഇതെന്താട വല്ല പൈങ്കിളി വാരികയിലെ പങ്ക്തിയുമാണോ?? ഇതല്ലല്ലോ ഞാന്‍ പറഞ്ഞു തന്നത്??"
"എന്‍റെ പോന്നു ഡോക്ടറെ, സംഭവം പിള്ളേര്‍ക്കും മനസിലായി ഡോക്ടര്‍ക്കും മനസിലായി.. പിന്നെന്ത കുഴപ്പം??" എന്ന് സുനീര്‍..
ഡോക്ടര്‍ അവനെ ഒന്ന് നോക്കി.. എന്നിട്ട് പറഞ്ഞു..
"നിന്നെയൊക്കെ എന്നെങ്കിലും എന്‍റെ മുന്നില്‍ കിട്ടും.. അന്ന് കാണിച്ചു തരം.. "
എന്ന് വെച്ചാല്‍ സുനീര്‍ വട്ടനായി ഡോക്ടറുടെ മുന്നിലെത്തിപ്പെടും എന്ന്.. !!!!!

കാര്യപരിപാടി തുടങ്ങി..
സുനീര്‍ സ്വാഗതം പറഞ്ഞു തുടങ്ങി.. സ്വാഗത പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളിലേക്ക്..
"ഇത് പോലൊരു വിഷയം തെരഞ്ഞെടുക്കാന്‍ ഞങ്ങള്‍ മൂന്നു പേരും വളരെ വലിയ ഗവേഷണം തന്നെ നടത്തി സുഹൃത്തുക്കളെ "
("ഓഹോ.. കാന്റീനില്‍ പഴംപോരിയുടെയും ഉണ്ടംപോരിയുടെയും മുകളില്‍ നടത്തിയതിനാണോ ഗവേഷണം എന്ന് പറയുന്നത്" , ഞാന്‍ പ്രകാശിന്റെ ചെവിയില്‍ ചോദിച്ചു ..)
പിന്നെ അവന്‍ ഹോസ്പിറ്റലില്‍ പോയ കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു..
ഒന്നുകൂടി വ്യകതമാക്കി പറഞ്ഞാല്‍ പ്രകാശിനെ മുഴുവട്ടനാക്കി എന്നര്‍ത്ഥം..

ഡോക്ടര്‍ സംസാരിച്ചു തുടങ്ങി..ഈ പരിപാടിയിലേക്ക് ക്ഷണിച്ച ഞങ്ങള്‍ മൂന്നു പേര്‍ക്കും ആദ്യം തന്നെ നന്ദി പറഞ്ഞു..
ഞങ്ങള്‍ മൂന്നു പേരും മറ്റു കുട്ടികളുടെ മുന്നില്‍ അഹങ്കാരത്തിന്റെ മൂര്‍ദന്യാവസ്ഥയില്‍ തലയുയര്‍ത്തി നിന്നു..
ഇനി ചോദ്യോത്തര പരിപാടി..!!!
പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തത്,മാതാപിതാക്കളില്‍ നിന്നുള്ള സ്‌ട്രെസ്, ഉറക്കമില്ലയ്മയുടെ മാനസിക വിശംഗങ്ങള്‍..അങ്ങനെയങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന ഡോക്ടറുടെ മുന്നിലേക്ക്‌ ആദ്യ ചോദ്യത്തിനായി സജീഷ് എഴുന്നേറ്റു,,.
"ഡോക്ടര്‍,എനിക്ക് ഒരു പെണ്‍കുട്ടിയെ ഒരുപാടു കാലമായി ഇഷ്ടമാണ്.. പക്ഷെ അവള്‍ എന്നെ ഒരു സുഹൃത്തായി മാത്രം കാണുന്നു.. അവളുടെ സ്നേഹം ലഭിക്കാന്‍ ഞാനെന്തു ചെയ്യണം ഡോക്ടര്‍..?? "
ഡോക്ടര്‍ ഒന്ന് ഞെട്ടി.. ഇതെന്തു ചോദ്യം..?? എങ്കിലും മറുപടി പറയാനായി ഡോക്ടര്‍ എഴുന്നേറ്റു..
ഡോക്ടറുടെ വായില്‍ നിന്നും വാക്കുകള്‍ അനന്ത നിര്‍ഗളം പ്രവഹിച്ചു.. !!! ആര്‍ക്കും ഒന്നും മനസിലായില്ല..
സജീഷിന്റെ മുഖത്ത് നിരാശ..അവന്‍ പതിയെ എന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു..
"ഡോക്ടര്‍ സാഹിത്യം ചാലിച്ചു പറഞ്ഞതെന്താണെന്ന് നിനക്ക് മനസിലായോടാ??"
"എനിക്കിതൊക്കെ മനസിലാകുമെങ്കില്‍ ഞാന്‍ എന്നെ മനശാസ്ത്രന്ജന്‍ ആയേനെ... അത് വിട്.. നീ ഏതു പെണ്‍കുട്ടിയുടെ കാര്യമാ പറഞ്ഞത്?? "
"ഹാ.. ഒരുപാടു പെണ്‍സുഹൃത്തുക്കള്‍ ഉണ്ടല്ലോ..ഈ ചോദ്യം കേട്ടു ഏതേലും ഒന്ന് വലയില്‍ വീണാലോ എന്ന് കരുതി ചോദിച്ചതാ.. " അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു..
"അമ്പട മിടുക്കാ.. മനശാസ്ത്രന്ജനെ കണ്ടപ്പോള്‍ തന്നെ നീ കാര്യങ്ങള്‍ മനശാസ്ത്രപരമായി കൈകാര്യം ചെയ്യാന്‍ പഠിച്ചല്ലോ .. മിടുക്കന്‍.. തല്‍കാലം നീ അവിടെ ഇരിക്ക്.. " ഞാന്‍ പറഞ്ഞു..
അവന്‍ ഇരുന്നു..
അടുത്ത ചോദ്യകര്‍ത്താവ് എഴുന്നേറ്റു നിന്നു.. മൈക്ക് കയ്യിലെടുത്തു.. അവന്‍റെ കൈകള്‍ വിറക്കാന്‍ തുടങ്ങി..
ഇതെന്തോ വല്യ പ്രശ്നമാ.. എല്ലാവരും ഉറപ്പിച്ചു..
ഡോക്ടറുടെ കണ്ണുകളില്‍ ഒരു രോഗിയെ കിട്ടിയ പ്രസരിപ്പ്.. എത്ര വല്യ പ്രശ്നമായാലും ഉത്തരം എന്‍റെ കയ്യില്‍ ഉണ്ടെന്നര്‍ത്ഥത്തില്‍ ഡോക്ടര്‍ എഴുന്നേറ്റു നിന്നു..
ഇടറുന്ന ശബ്ദത്തോടെ ചോദ്യ കര്‍ത്താവു ചോദിച്ചു തുടങ്ങി..
"ഡോക്ടര്‍ .. ഈ ചോദ്യം ഇവിടെ ചോദിക്കാമോ എന്നെനിക്കറിയില്ല.." അവന്‍ കുറച്ചു സമയം അവന്‍റെ കണ്ണുകള്‍ മുറുകെ അടച്ചു..
"എന്തായാലും ചോദിക്ക് മോനെ.. ഉത്തരമില്ലാത്ത ചോദ്യമില്ല.. മോന്റെ പ്രശ്നം എന്തായാലും ഈ അങ്കിള്‍ പരിഹരിച്ചു തരും.. "
അവനോടുള്ള സ്നേഹത്തിന്‍റെ പുറത്തു ഡോക്ടര്‍ അങ്കിളായി മാറി..
ആ വാക്കുകള്‍ അവനു ധൈര്യം പകര്‍ന്നിരിക്കണം.. അവന്‍ ചോദ്യം തുടര്‍ന്നു..
"ഡോക്ടര്‍. എനിക്ക് ക്ലാസ്സ്‌ ടീച്ചറോട്‌ വല്ലാത്തൊരു അടുപ്പം.. എപ്പോഴും ക്ലാസ്സില്‍ തന്നെ ഇരിക്കണം എന്ന് തോന്നിപ്പോകുന്നു.. അത് ക്ലാസ്സ്‌ ടീച്ചറോടുള്ള പ്രേമമായിരിക്കുമോ ഡോക്ടര്‍??"
ഈ ചോദ്യം കേട്ടതും ഡോക്ടര്‍ ഒന്ന് ഞെട്ടി.. കൂടെ ഞങ്ങളും.. പിന്നെ പതിയെ ടീച്ചര്‍മാര്‍ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കി..
ചിലര്‍ക്ക് രോഷം, മറ്റു ചിലര്‍ നാണം കൊണ്ടു മുഖം താഴ്ത്തി.. അയ്യേ...
ഡോക്ടര്‍ ആ ചോദ്യത്തിനുത്തരം പറഞ്ഞില്ല.. അല്ലേലും എന്ത് പറയാന്‍??
"ഒരു പരിഹാരം പറഞ്ഞു താ അങ്കിള്‍.." എന്നായി ചോദ്യകര്‍ത്താവ്..
"ഫഹ്..അങ്കിള്‍ നിന്‍റെ അമ്മാവന്‍.. അവിടെ ഇരിക്കെടാ __________ മോനെ.. " ഡോക്ടര്‍ പബ്ലിക്‌ ആയി പേഷ്യന്റ് ആയി..
ചോദ്യകര്‍ത്താവ് നിരാശനായി ഇരുന്നു..
അടുത്ത ചോദ്യത്തിലേക്ക്.. ചോദ്യം ചോദിക്കുന്നത് അന്‍സാര്‍..
"ഡോക്ടര്‍,അത്രയും വൃത്തിഹീനമായ ചോദ്യം ചോദിച്ചതിനു എന്‍റെ സുഹൃത്തിന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു.."
ആദ്യം തന്നെ അവന്‍ പഴയ ചോദ്യം ഡോക്ടറെ മുരിവേല്പ്പിച്ചതിനു ക്ഷമ ചോദിച്ചു.. അത് ഡോക്ടര്‍ക്ക്‌ ഇഷ്ടപ്പെട്ടെന്നു തോന്നുന്നു..
ഡോക്ടര്‍ മൈക്ക് കയ്യിലെടുത്തു.. അന്‍സാര്‍ ചോദ്യം തുടര്‍ന്നു..
"ഡോക്ടര്‍,ഞാന്‍ ഒരു പെണ്‍കുട്ടിയെ 'ആത്മാര്‍ഥമായി' സ്നേഹിക്കുന്നു..പക്ഷെ അവളുടെ അനിയത്തിയെ കണ്ടതിനു ശേഷം അവളോടുള്ള സ്നേഹത്തില്‍ കുറവുണ്ടോ എന്ന് സംശയം.. കൂടുതല്‍ സ്നേഹം ദാഹിക്കുന്ന എന്‍റെ മനസ് കൊണ്ട് അവളുടെ അനിയത്തിയെ സ്നേഹിക്കുന്നത് കൊണ്ടു തെറ്റുണ്ടോ ഡോക്ടര്‍??'"
ഠിം ഠിം ഠിം..
ഞങ്ങളുടെ മൂന്നു പേരുടെ നെഞ്ചില്‍ പെരുമ്പറ കൊട്ടി.. ഡോക്ടറുടെയും..
ഉത്തരം കിട്ടാതായപ്പോള്‍ അവന്‍ ഒന്ന് കൂടി ചോദിച്ചു..
"പറയു ഡോക്ടര്‍, അവളുടെ അനിയത്തിയെ സ്നേഹിക്കുന്നത് കൊണ്ടു തെറ്റുണ്ടോ ??'"
"നീ എന്തേലും ചെയ്യെടാ പന്നീ .." ഡോക്ടര്‍ ദേഷ്യത്തോടെ പറഞ്ഞു..
ഇത് കേട്ടതും മുന്‍ നിരയില്‍ നിന്നും ഒരു പെണ്‍കുട്ടി ചാടി എണീറ്റു..
"ഡോക്ടര്‍ക്ക്‌ അങ്ങനെ പലതും പറയാം.. അവന്‍ നാലു വര്‍ഷമായി എന്നെ സ്നേഹിക്കുവാ..ഇപോ എന്‍റെ അനിയത്തിയെ മതി എന്ന് പറഞ്ഞാല്‍ ഞാനെത് ചെയ്യാനാ ഡോക്ടര്‍?? "
ഠിം.. "കുരിശായല്ലോ" എന്നര്‍ത്ഥത്തില്‍ ഡോക്ടര്‍ എന്നെ നോക്കി..
"ഞങ്ങള്‍ ഇത്രേം പ്രതീക്ഷിച്ചില്ല ഡോക്ടര്‍" എന്നര്‍ത്ഥത്തില്‍ ഞാന്‍ ഡോക്ടറെയും നോക്കി..
ചോദ്യങ്ങള്‍ പിന്നെയും തുടര്‍ന്നു.. ഡോക്ടര്‍ വിചാരിച്ച ഒരു ചോദ്യവും ചോദിച്ചില്ല എന്ന് മാത്രമല്ല,ചോദിക്കുന്ന ചോദ്യം മുഴുവന്‍ പ്രേമം,സ്നേഹം,ഇഷ്ടം.. !!!!!! എന്റെമ്മോ...
ഡോക്ടര്‍ വട്ടനാകാന്‍ പോകുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി..
"അല്ലേലും പിള്ളേരെ പറഞ്ഞിട്ടും കാര്യമില്ല.. കോളേജില്‍ വരുന്നത് തന്നെ പ്രേമിക്കാനല്ലേ???"
ഞാന്‍ എന്നോട് തന്നെ പറഞ്ഞു..

അതെന്തെലുമാകട്ടെ,ആരെങ്കിലും ഒരു ചോദ്യമെങ്കിലും മര്യാദക്ക് ചോദിച്ചെങ്കില്‍ എന്ന് വിചാരിച്ചിരിക്കുന്ന സമയം പിറകില്‍ നിന്നും "മാലാഖനെ" പോലെ ഒരു അധ്യാപകന്‍ എഴുന്നേറ്റു.. എനിക്ക് സമാധാനമായി.. ഇതാ ചോദ്യത്തിന്റെ രീതി ഇവിടം തൊട്ട് മാറാന്‍ തുടങ്ങുന്നു.. യാഹൂ..
അധ്യാപകന്റെ ചോദ്യത്തിലേക്ക്..
"ഇവിടെ ചോദിയ്ക്കാന്‍ പറ്റുമോ എന്നറിയില്ല.. എങ്കിലും ഞാന്‍ ചോദിക്കുകയാണ്.."
അത് കേട്ടതും എനിക്കൊന്നു കൂടി സമാധാനമായി.. വേറെ ചോദ്യമാ.. ഞാന്‍ ആശ്വസിച്ചു..
പ്രതീക്ഷയുടെ പൊന്‍വെട്ടം ഡോക്ടറുടെ മുഖത്തും തെളിഞ്ഞു തുടങ്ങി...
ചോദ്യം തുടരുന്നു..
"എന്‍റെ നഴ്സറിയില്‍ പഠിക്കുന്ന മോന്‍ ക്ലാസ്സില്‍ പോയാലും ബസ്സില്‍ കയറിയാലുമൊക്കെ ഒരു പെണ്‍കുട്ടിയുമായി മാത്രം ചങ്ങാത്തം കൂടുന്നത് പോലെ എനിക്ക് ഫീല്‍ ചെയ്യുന്നു.. അത് പ്രേമമായിരിക്കുമോ ഡോക്ടര്‍..??? "
"പടച്ചോനേ,,," ഞാന്‍ നീട്ടി വിളിച്ചു..
നഴ്സറിയിലെ മകന് പ്രേമമുണ്ടോ എന്ന്??
എവിടെയൊക്കെയോ ഇടിവെട്ട് കൊണ്ടത്‌ പോലെ.. മാലാഖയെ ഞാന്‍ ചെകുത്താനെ നോക്കുന്നത് പോലെ നോക്കി..
പിന്നെ കണ്ണ് വെട്ടിച്ചു ഡോക്ടറെ നോക്കി..
ഷോക്കടിച്ചത് പോലെ ഡോക്ടറുടെ മുടി കൂര്‍തിരിക്കുന്നോ??? ഹേയ് ഇല്ല.. എനിക്ക് തോന്നിയതാ..
പെട്ടെന്ന് ഡോക്ടര്‍ ചാടി എണീറ്റു..
ഇനി രക്ഷയില്ല..
നല്ല രണ്ടു ചോദ്യങ്ങള്‍, ചോദിക്കുമെന്ന് ഡോക്ടര്‍ വിചാരിച്ച ചോദ്യങ്ങള്‍, ഞങ്ങള്‍ ആരെങ്കിലുംചോദിച്ചാലെ ഇനി രക്ഷയുള്ളൂ..
ചോദിയ്ക്കാന്‍ വേണ്ടി ഞാന്‍ മൈക്ക് എടുത്തപ്പോള്‍ സുനീര്‍ എന്‍റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി..
അവനെങ്കില്‍ അവന്‍, ചോദിക്കട്ടെ.. ആ ചോദ്യം കേട്ടു ഡോക്ടര്‍ ഒന്നടങ്ങട്ടെ.. ഞാന്‍ മനസ്സില്‍ കരുതി..
ഞങ്ങളില്‍ ഒരാള്‍ മൈക്ക് കയ്യിലെടുക്കുന്നത് കണ്ടാകണം ഡോക്ടറുടെ മുഖത്തും സന്തോഷം.. ഡോക്ടര്‍ സീറ്റില്‍ ഇരുന്നു..
സുനീര്‍ ചോദിച്ചു..
"ഡോക്ടര്‍............ ശരിക്കും പ്രേമം വട്ടാണോ ഡോക്ടര്‍???????????"
ടിഷും ടിഷും ടിഷും...
ചോദ്യം കേട്ടതും ഒരു മുഴുഭ്രാന്തനെ പോലെ ഡോക്ടര്‍ ചാടി എണീറ്റു...രണ്ടു കയ്യും കൂപ്പി മൈക്ക് സ്റ്റാന്‍ഡിന്റെ അടുത്തേക്ക്..
എന്നിട്ടുറക്കെ വിളിച്ചു പറഞ്ഞു..
"പ്രേമം വട്ടാണോ എന്നെനിക്കറിയില്ല,, പക്ഷെ ഇപ്പോള്‍ ഒന്നെനിക്ക് മനസിലായി.. എനിക്ക് വട്ടാണ്‌,അല്ലെങ്കില്‍ പിന്നെ ഒരു കോളേജിലേക്ക് ഇത് പോലൊരു പരിപാടിക്ക് ഞാന്‍ വരില്ലായിരുന്നു.. ഞാന്‍ തോറ്റു മക്കളെ,തോറ്റു,,,ഇവിടെ ഈ പരിപാടിക്ക് വന്നു എന്ന തെറ്റെ ഞാന്‍ ചെയ്തുള്ളൂ.. എനിക്ക് മാപ്പ് തരു... "
വേറൊന്നും പറയാതെ ഞങ്ങളെ മൂന്നു പേരെയും വളരെ രൂക്ഷമായി നോക്കി ഡോക്ടര്‍ ദേഷ്യത്തോടെ ഇറങ്ങിപ്പോയി..
ഡോക്ടറുടെ പിറകിലായി മറ്റുള്ളവരും.. എല്ലാവരും ചോദിക്കുന്നത് ഒരേ ഒരു ചോദ്യം..
"ശരിക്കും പ്രേമം വട്ടാണോ ഡോക്ടര്‍????"
എല്ലാവരും പോയി..നന്ദി പറയേണ്ടി ഞാന്‍ മാത്രം ബാക്കി...ആരുമില്ലാതെ, നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു??
ആളൊഴിഞ്ഞ ആ മുറിയില്‍ ഞാനും,ഞാന്‍ പറയാന്‍ കരുതി വെച്ചിരുന്ന കുറെ നന്ദി വാക്കുകളും, പിന്നെ ഒരു ചോദ്യവും മാത്രം ബാക്കിയായി...
"ശരിക്കും പ്രേമം വട്ടാണോ ഡോക്ടര്‍????"
************************************* ### ****************************************

3 comments:

  1. premam vattanu......chilappozhokke :)

    ReplyDelete
  2. ഒരു കമന്റിടാൻ ഞാൻ അശക്തനാണു ഫിറോസേ!!!!!എന്നോട്‌ ഷമീർ...ഹാ ഹാ ഹാാ!!!!!.

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...