
"തയ്യനന്നം പാടി വരും തന്നനന്നം പാടി വരും
നമ്മളൊന്നാണേ.. ഹേയ്.. നമ്മളൊന്നാണേ"
ആലപ്പുഴയിലെ ഒരു ബോട്ട് യാത്രക്കിടയില്‍ ഞങ്ങള്‍ ഒരു നാടന്‍ പാട്ടു പാടുകയാണ്.
എന്ത് സുഖമുള്ള പാട്ടു.. "നമ്മളൊന്നാണേ".. അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഹരം..
പാട്ടു കഴിഞ്ഞു.. ഇനി വര്‍ത്തമാനത്തിലേക്ക്..
എന്തോ ഒരു ചെറിയ കാര്യം ചെയ്യണം.. ചര്‍ച്ച തുടങ്ങി..
ആകെ എട്ടു പേര്.. പന്ത്രണ്ട് അഭിപ്രായവും..
അതാണ് നമ്മള്.. പാടുമ്പോള്‍ മാത്രം നമ്മളൊന്ന്.. വര്‍ത്തമാനം പറഞ്ഞു തുടങ്ങിയാല്‍ ഇരട്ടയോ പരട്ടയോ ആയി മാറും..
ഈ വിഷയവുമായി ബന്ധമില്ലേലും നമ്മള് പലപ്പോഴും ഇങ്ങനൊക്കെ തന്നെയാണ്..
ഒരൊറ്റ മനസും സ്നേഹവുമൊക്കെ ആണെങ്കിലും സംസാരിച്ചു തുടങ്ങിയാല്‍ പലരും പലതാണ്..
ഒരോ ജില്ലയിലും ഒരോ ഭാഷകള്‍.. അതും പോരാതെ ചില സ്ഥലങ്ങളില്‍ നാട്ടു ഭാഷകള്‍.. അങ്ങനെയങ്ങനെ..
കണ്ടും, കൊണ്ടും, കേട്ടുമറിഞ്ഞ ചില ഭാഷാ വിശേഷങ്ങളെ കുറിച്ചാണീ ബ്ലോഗ്..
അങ്ങ് തിരുവനന്തപുരത്ത് നിന്നു,, ക്ഷമീര്. തിരോന്തരത്ത് നിന്നു തുടങ്ങാം..
എവിടെയോ കേട്ടറിഞ്ഞ ഒരു കഥയില്‍ നിന്നും..
എറണാകുളത്തു നിന്നും രണ്ടു പേര് ചേര്‍ന്ന് തിരോന്തരത്ത് ഒരു പെണ്ണ് കാണലിനു പോയി..
വളരെ മാന്യമായി തന്നെ അഥിതി സല്കാരം തുടങ്ങി..
രണ്ടു കപ്പു ചായയുമായി രംഗ പ്രവേശനം ചെയ്തത് ഗൃഹനാഥ..
പെണ്ണ് പിറകെ വരുമായിരിക്കും .. രണ്ടു പേരും പരസ്പരം ആശ്വസിച്ചു..
വളരെ സ്നേഹപൂര്‍വ്വം തന്നെ അവര്‍ നല്കിയ ചായ കുടിച്ചു.. അകത്തേക്ക് നോക്കി..
പക്ഷെ പെണ്ണിനെ മാത്രം കണ്ടില്ല..
"കൊള്ളാം.. നല്ല സ്വാദ്. " ചായ ഒരല്പം കുടിച്ചു അവര്‍ പരസ്പരം പറഞ്ഞു..
"ഉം.. അപ്പിയിട്ട ചായയാ.. "
ഗൃഹനാഥ ഇത് പറഞ്ഞതും രണ്ടു പേരും ചായ കപ്പിലേക്ക് നോക്കി ഒരേ സ്വരത്തില്‍ പറഞ്ഞു..
"അയ്യേ.. "
"അപ്പിയിട്ട ചായക്കെന്തിര് കുഴപ്പങ്ങള്‍?? "
ഈശ്വരാ..
പെണ്ണ് വന്നു.. പക്ഷെ രണ്ടു പേരും പെണ്ണിനെ മാത്രം നോക്കുന്നില്ല.. രണ്ടു പേരുടെം നോട്ടം ചായ കപ്പിലേക്ക് തന്നെ.
"പെണ്ണ് കാണാന്‍ വന്നവര്‍ക്കും ഇത്പോലോത്തെ ചായ തന്ന വീട്ടിലെ പെണ്ണിനെ ഞങ്ങള്‍ക്ക് വേണ്ട" എന്നും പറഞ്ഞു അവര്‍ ദേഷ്യത്തോടെ തന്നെ വീട് വിട്ടറങ്ങി..
ചായ കെട്ടതാന്നും പറഞ്ഞു പെണ്ണ് ഉപേക്ഷിച്ചു പോയവരെ പെണ് വീട്ടുകാരും തെറി പറയാന്‍ മറന്നില്ല..
അതില്‍ പിന്നെ എറണാകുളത്ത് നിന്നാരും തിരോന്തരത്തേക്കു പെണ്ണ് കാണാന്‍ പോയിട്ടില്ല പോലും..
കാരണം.. തരുന്ന ചായ...........................
എറണാകുളം താമസിക്കുമ്പോള്‍ നാലു വര്‍ഷം എന്റെ കൂട്ട് ഒരു പത്തനംതിട്ടക്കാരനുമായിരുന്നു..
അവന് "ഭ" എന്ന വാക്ക് "ഫ" എന്ന് മാത്രം പറയും.. അത് കളിയാക്കി ഞാന്‍ പറഞ്ഞതിന് അവന് എനിക്കൊരു വാണിംഗ് തന്നു..
"ടാ..ഹുവേ.. നീ കുറെയായി "ഫ" എന്ന വാക്കിന് "ഫ" എന്ന് പറയുന്നു എന്നും പറഞ്ഞു എന്നെ കളിയാക്കുന്നത്.. എനിക്ക് "ഫ " എന്ന വാക്ക് തെറ്റും എന്നത് ശരി തന്നാ.. ഇനി ഞാന്‍ 'ഫ" എന്ന് പറയുമ്പോള്‍ അത് "ഫ" എന്നാണ് പറയുന്നത് എന്ന് നീ മനസിലാക്കിയാല്‍ മതി.. ഹാ "
ഈശ്വര.. അവനെന്തിര് പറഞ്ഞത്..
എന്തായാലും ഞാനത് പിന്നീട് മനസിലാക്കി എടുത്തു.. അതിങ്ങനെയായിരുന്നു..
"ടാ ഹുവേ .. നീ കുറെയായി "ഭ" എന്ന വാക്കിന് "ഫ" എന്ന് പറയുന്നു എന്നും പറഞ്ഞു എന്നെ കളിയാക്കുന്നത്.. എനിക്ക് "ഭ " എന്ന വാക്ക് തെറ്റും എന്നത് ശരി തന്നാ.. ഇനി ഞാന്‍ '"ഫ" എന്ന് പറയുമ്പോള്‍ അത് "ഭ" എന്നാണ് പറയുന്നത് എന്ന് നീ മനസിലാക്കിയാല്‍ മതി.. ഹാ ""
ഒഹ്.. ഫാഗ്യം.. അവന് പറഞ്ഞതെനിക്ക് മനസിലായി..
ഇനി മലബാറിന്റെ വര്‍ത്തമാനത്തിലേക്ക്.. അല്ല.. ബര്ത്താനത്തിലേക്ക്.. ..
മലബാര്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യം ഓര്മ വരുന്നത് ഷമീറിന്റെ മുഖമാണ്,ഒരു പാവം "കോയിക്കൊടുകാരന്റെ" മുഖം..
ഞാനും ഷമീര്‍-ഉം ഒരുമിച്ചു ഒരു മൊബൈല്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന കാലത്തെ ഒരു കഥ പറയാം....
ഷമീറിന്റെ ഭാഷാ വിരുതിന്റെ മുന്നില്‍ അറിയാതെ തല വെച്ച് പോയ ഒരു പാവം എറണാകുളത്ത്കാരന്റെ കഥ..
കഥ ഇങ്ങനെയാണ്..
ഒരു മൊബൈല്‍ എടുക്കുക എന്ന നല്ല ഉദ്ദേശത്തില്‍ ഒരാള്‍ റിലയന്‍സ് ഷോറൂമില്‍ വന്നു.. അയാള്‍ക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തു ഷമീര്‍ അയാള്‍ക്ക് മൊബൈല്‍ എടുത്തു കൊടുത്തു..
മൊബൈല്‍ കിറ്റിന്റെ അകത്തു അയാള്‍ ആദ്യം തന്നെ കണ്ടത് ഒരു ചെറിയ പാക്കറ്റില്‍ എന്തോ ഒന്ന് ഇട്ടു വെച്ചിരിക്കുന്നത്..
(മൊബൈല്‍ കിറ്റില്‍ ഈര്‍പ്പം നില്ക്കാന് വേണ്ടിയാണു ആ പൊതി ഉപയോഗിക്കുന്നത്.. കിറ്റ് തുറന്ന ഉടനെ അത് കളയുകയാണ് ചെയ്യാറ്)
അയാള്‍ ആ പാക്കറ്റ് എടുത്തു ഉയര്‍ത്തി കാണിച്ചു ഷമീറിനോട് ചോദിച്ചു..
"ഇതെന്തിനുള്ളതാണ്?? "
"അത്.... ചാടിക്കോ.. " ഷമീറിന്റെ മറുപടി..
"എന്തോന്ന്.. ചാടാനോ?? "
"അതേ.. അത് ചാടാനുള്ളതാ.."
"അല്ല.. എനിക്ക് മനസിലായില്ല.. "
"ചാടിക്കോ ചാടിക്കോ എന്ന് പറഞ്ഞാല്‍ മനസിലാകില്ലേ?? "
"ഈശ്വരാ.. ഒരു ഫോണ്‍ വാങ്ങാന്‍ വന്നാല്‍ എന്തൊക്കെ ചടങ്ങുകളാ.. ഇതിപ്പോ ഒരു പാക്കറ്റ്-ഉം കയ്യില്‍ വെച്ച് ചാടണം എന്നൊക്കെ പറഞ്ഞാല്‍ എന്താ ചെയ്ക.. " ഇതും പറഞ്ഞു ചാടാന്‍ ഒരുങ്ങിയ അയാളുടെ കയ്യില്‍ ഞാന്‍ കേറി പിടിച്ചു..
"ചേട്ടാ.. ചാടല്ലേ.....കോഴിക്കോട്ട് ചാടുക എന്ന് പറഞ്ഞാല്‍ കളയുക അല്ലെങ്കില്‍ എറിയുക എന്ന അര്‍ത്ഥമേ ഉള്ളു.. "
അത് കേട്ടതും അയാള്‍ ഷമീറിനു നേരെ ദേഷ്യത്തോടെ തിരിഞ്ഞു..
"മലയാളം പറഞ്ഞാല്‍ മനസിലവുല്ലന്നു പറഞ്ഞ ഞമ്മളെന്ത് ചെയ്യാനാ.. "
ഷമീര്‍ ഇത് പറഞ്ഞതും ദേഷ്യത്തില്‍ അവനെ നോക്കിയ അയാള്‍ ഉറക്കെ പൊട്ടി ചിരിച്ചു.. കാരണം ഒരു മലബാറുകാരന്റെ സകല നിഷ്കളങ്കതയും അവന്റെ വര്‍ത്തമാനത്തില്‍ ഉണ്ടായിരുന്നു എന്നത് തന്നെ..
------------------------------
ഇനി ഞങ്ങള്‍ ആലുവാ മണപ്പുറത്ത് പോയ കഥ..
ആലുവാ മണപ്പുറം.. സിനിമകളിലും പത്ര താളുകളിലും മാത്രം കേട്ടിട്ടുള്ള ഹൈന്തവ പുണ്യ സ്ഥലം..
അതൊന്നു നേരില്‍ കാണണമെന്ന മോഹവുമായി ഞങ്ങള്‍ എട്ടു പേര് (അതില്‍ ആറു പേരും മറ്റു മതങ്ങളില്‍ പെട്ടവര്‍) ആലുവയിലെത്തി..
തിരക്കേറിയ വഞ്ചിയില്‍ കേറാന്‍ തുടങ്ങുന്നതിനു മുമ്പ് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന അനില്‍ ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് നല്കി..
"എടേ.. നിനക്കൊക്കെ വായ് നോക്കാന്‍ വരാന്‍ പറ്റിയ സ്ഥലമൊന്നുമല്ലിത്.. ഞങ്ങള്‍ ഹിന്ദുക്കള്‍ ബലിയിടാന്‍ വരുന്ന പുണ്യ സ്ഥലമാ..അതു മറക്കേണ്ട.."
"പിന്നേ..നീയും വായ് നോക്കാന്‍ തന്നെ വന്നതല്ലേ.. അല്ലാതെ നിന്റെ അമ്മായിയപ്പന് ബലിയിടാനൊന്നുമല്ലാല്ലോ.."
ഞാന്‍ തിരിച്ചടിച്ചു..
"ആഹ്.. അതല്ലട.. ആരേലും ചോദിച്ചാ നിങ്ങള്‍ പേര് മാറ്റി പറഞ്ഞാ മതി..അത് കൊണ്ടു പറഞ്ഞതാ.. "
"ഉം.. ശരി.." ഞങ്ങളെല്ലാം അത് സമ്മതിച്ചു..
അങ്ങനെ കൊയിക്കോടുകാരന് ഷമീര്‍ ആലുവ സുബ്രമണ്യന്‍ ആയി..!!!!!!!!!
ഞങ്ങള്‍ വഞ്ചിയില്‍ കയറി..
വഞ്ചിയില്‍ വെച്ച് എന്തൊക്കെയോ പറഞ്ഞു എല്ലാവരും ഷമീറിനെ കളിയാക്കി..
ഒന്നും മിണ്ടാതെ മുഖവും വീര്‍പ്പിച്ചു ഒരു സൈഡില്‍ ഇരുന്ന ഷമീറിനെ അനില്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു..
"ക്ഷമിക്കെടാ സുബ്രമണ്യ.. ഞങ്ങള്‍ ചുമ്മാ പറഞ്ഞതാ.."
"ഇജ്ജു മുണ്ടരുത്.. ഇനീം ഞമ്മളെ കളിയാക്കിയാല്‍ ഇജ്ജിന്റെ മയ്യിത്തെടുക്കും ഞമ്മള് .. ഹാ. "
ഡിഷും..
പിന്നെ അവിടെ നിന്നും തിരിച്ചു വരുന്നതുവരെ ആരും ഒന്നും മിണ്ടിയില്ല.. കാരണം ഇനിയെന്തെലും മിണ്ടിയാല്‍ മയ്യിത്തെടുക്കേണ്ടി വരും.. ഉറപ്പാ...
------------------------------
ടോണി പറഞ്ഞ കഥ..
എന്റെ സുഹൃത്ത് ടോണി പറഞ്ഞ കഥ..
എറണാകുളം നെട്ടൂരില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നു പോലും..
ആരെങ്കിലും ഒരു കൊലപാതകം ചെയ്ത കുറ്റത്തിന് പിടിച്ചാല്‍ അയാള്‍ ഒന്നും ചെയ്യില്ല..കാരണം അത് വെറുമൊരു കൊലപാതകമല്ലേ.. പക്ഷെ കള്ള് കുടിച്ചു എന്ന കാരണത്തിലാണ് ആരെയെങ്കിലും പിടിച്ചതെങ്കില്‍ അവന്റെ പരിപ്പിളക്കും.. അതുറപ്പാ.. കാരണം അയാള്‍ അത്ര വല്യ കള്ള് വിരോധിയായിരുന്നു..
ഒരു ഞായറാഴ്ച ആ പുലിയുടെ മുന്നില്‍ ചെന്ന് പെട്ടത് മലപ്പുറത്ത് നിന്നും വന്ന പാവം മൂന്നു കുഞ്ഞാടുകള്‍..
SI അവരെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.. ആദ്യത്തെ പയ്യന്റെ മുന്നിലെത്തി SI ഗൌരവത്തില്‍ ചോദിച്ചു..
"എന്താടാ നിന്റെ പേര്..??"
"ഞമ്മടെ പേര് ഇസ്മായില്‍"
വായ് തുറന്നതും നല്ല കള്ളിന്റെ മണം.. പിന്നെ SI ഒന്നും ആലോചിച്ചില്ല.,, കരണം നോക്കി കൊടുത്തു ഒന്ന്..
ഡിഷും..
രണ്ടാമന്റെ അടുത്തേക്ക്..
"നിന്റെ പേരെന്താട?? "
"ഞമ്മള് സുലൈമാന്‍.."
കള്ള് മണം വീണ്ടും..
ഡിഷും..
ആ ഡിഷും സമയത്ത് മൂന്നാമന് ചിന്തിച്ചത് വേറെ പലതുമായിരുന്നു..അതേ.. അവന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി..
"ഇനി മുസ്ലിം പേര് പറഞ്ഞത് കൊണ്ടും ,മുസ്ലിമായവന് കള്ള് കുടിച്ചത് കൊണ്ടുമാണോ ഇയാള്‍ അടിക്കുന്നത്.... എങ്കില്‍ പിന്നെ ഞമ്മള് കാണിച്ചു തരാം.." അവന് മനസ്സില്‍ കരുതി..
S . I . അവന്റെ അടുത്തെത്തി..
"എന്താടാ നിന്റെ പേര്..??"
"ഞമ്മളെ പേര്..... ഞമ്മളെ പേര്..ബേലായുധന് കുട്ടി.."
"ഫ.. നുണ പറയുന്നോടാ _____________ മോനെ.. "
ഇതും പറഞ്ഞു ഒരെണ്ണം കൂടുതല്‍ കൊടുത്തു..
ഡിഷും ഡിഷും...
പാവം ബേലായുധന് കുട്ടി.. പിന്നൊന്നും പറഞ്ഞില്ല.. കാരണം ഇനിയെന്ത് പറയാന്‍????
------------------------------
പാവം വേലായുധന് കുട്ടിയോട് എനിക്ക് "കേരള ഭാഷയില്‍" ഒന്നേ പറയാനുള്ളൂ....
"അപ്പീ.. വേലായുധന് കുട്ടി.. ഫാഷ ചിലപോഴൊക്കെ ഞമ്മളെ ഇങ്ങനെ ഇടങ്ങെറാക്കുമെടാ ഹുവേ....ഇജ്ജു ക്ഷമീര്.. "
--------------------------------------------------------------------------------------------