പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, October 13, 2016

"മുത്തേ,ഒന്ന് നോക്കിക്കൂടെ"??

കോളേജിൽ പഠിക്കാൻ,അല്ല വെറുതെ പോയിരുന്ന കാലം..
കാന്റീനിൽ ഇരുന്നു ബോറടിച്ചു പണ്ടാരടങ്ങി ഞാനും സഫീറും..
"സിൽമക്ക്  പോയാലോ" എന്ന് സഫീറിന്റെ ചോദ്യം.. അതൊരു നല്ല ചോദ്യമായിരുന്നു..
രണ്ടു തവണ ആഞ്ഞു കടിച്ചിട്ടും കീഴടങ്ങാതിരുന്ന ഉണ്ടംപൊരി ചില്ലലമാരയിലേക്ക് തന്നെ തിരിച്ചു വെച്ച് അതിനെ ഒന്ന് വണങ്ങി പുറത്തേക്കിറങ്ങി..
ക്യാന്റീനും കഴിഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ നേരെ വരുന്നു ട്യൂട്ടർ സാർ..
ഒന്നും നോക്കിയില്ല,അടുത്ത് കണ്ട ലൈബ്രറിയിലേക്ക് ചാടിക്കയറി..
ഉള്ളിൽ കേറിയ ഞങ്ങൾ ഞെട്ടിപ്പോയി, കാരണം ലാബ് ഏതാ ലൈബ്രറി ഏതാന്നറിയാത്ത പ്രിജേഷ് ലൈബ്രറിയിൽ..സഫീർ പുറത്തിറങ്ങി ലൈബ്രറിയുടെ ബോർഡ് നോക്കി ലൈബ്രറി തന്നെയെന്ന് ഒന്നൂടി ഉറപ്പു വരുത്തി..
പ്രിജേഷിന്റെ കുറച്ചകലെയായി ഇരിക്കുന്ന ടീംസിനെ കണ്ടപ്പോഴാ സംഗതിയുടെ ഇരുപ്പു വശം ഞങ്ങൾക്ക് കത്തിയത്.. ഞങ്ങടെ ജൂനിയർ സൗമ്യയും സംഘവും..പ്രിജേഷ് കുറെയായി ഓൾടെ പിറകെയാ,വളക്കാൻ..
ഓളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ മച്ചാൻ ഇംഗ്ലീഷ് പേപ്പർ ഒക്കെയാ എടുത്ത് വായിക്കുന്നേ.. ഓള് കേൾക്കാൻ പാകത്തിൽ ഓരോ അക്ഷരം പെറുക്കിയെടുത്തു അത്യാവശ്യം ഉച്ചത്തിൽ തന്നെ വായിക്കുന്നുണ്ട്.. "R,E,A,D..റിയാദ്" എന്നൊക്കെ..
സമയം കളയാതെ സഫീറും പോയി അവന്റടുത്തിരുന്നു..എന്തിനാ??
സൗമ്യന്റെ തൊട്ടടുത്തു ഫായിസയുണ്ട്..സഫീർ കുറച്ചായി ഫായിസാന്റെ പിറകേയാ.. അങ്ങനെ രണ്ടു കാൽമുകന്മാർ കാരണം ഞാനുമവിടിരുന്നു..
സൗമ്യ ഇടക്ക് പ്രിജേഷിനെ നോക്കുന്നേലും ഉണ്ട്..പ്രതീക്ഷ പ്രതീക്ഷ..!!
പക്ഷെ ഫായിസ നോക്കുന്നത് പോലുമില്ല.
"ക്യാന്റീനിലെ ഉണ്ടംപൊരി എത്രമാത്രം നക്കിയതാ ഓളെന്റെ പൈസ കൊണ്ട്.. ഓക്കൊന്നു നോക്കിക്കൂടെ ??" സഫീറെന്നോടായി പറഞ്ഞു..
"അതെന്നോടല്ല,ഓളോട് ചോദിക്കെടാ.. "
"ചോദിക്കും.. എനിക്കാരേം പേടിയൊന്നുമില്ല " അതും പറഞ്ഞു അവൻ പ്രിജേഷ് വായിക്കുന്ന  പേപ്പർ പിടിച്ചു വാങ്ങി അതിന്റെ ഒരു കഷ്ണം കീറിയെടുത്തു അതിലെന്തോ എഴുതി,എന്നിട്ടത് പ്രിജേഷിന്റെ നേരെ നീട്ടി..
"അളിയാ,ഇതൊന്ന് ഓക്ക് കൊണ്ട് കൊടുത്തേ.."
പ്രിജേഷ് അത് വാങ്ങി വായിച്ചു നോക്കി.. "മുത്തേ,ഒന്ന് നോക്കിക്കൂടെ"??
പ്രിജേഷ് ഉപകാരിയാണല്ലോ..അവൻ അതും കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു..
അതവൾക്ക് നേരെ നീട്ടി.. അത് വായിച്ചതും അവൾ ചാടിയെണീറ്റതും ഒരുമിച്ച്.. പ്രിജേഷ് പന്തികേട് മണത്തു തിരിഞ്ഞതും അവൾ കയ്യാഞ്ഞു വീശിയതും ഒരുമിച്ചാ..കൊണ്ടത് നടുപ്പുറത്താ.. "ഠപ്പേ "
"ആരാടാ ലൈബ്രറിയിൽ പടക്കം പൊട്ടിക്കണേ" എന്നും ചോദിച്ചു ലൈബ്രേറിയൻ ചാടിയെണീറ്റു..പൊകയൊന്നും കാണാത്തോണ്ട് പുറത്താരോ പൊട്ടിച്ചതാവും എന്ന് കരുതി അയാളടങ്ങി..
സംഗതി അധികമാരും കണ്ടില്ല,കണ്ടവർക്കൊന്നും മനസ്സിലായതുമില്ല...
പ്രിജേഷ് പുറവും തടവി എന്റെ അടുത്ത് വന്നിരുന്നു..
ഞാൻ അവന്റെ കയ്യിലെ കടലാസ് വാങ്ങി അത് വായിച്ചു നോക്കി കണ്ണ് മിഴിച്ചു..
കുഴപ്പമൊന്നുമില്ല,ധൃതിയിൽ എഴുതിയപ്പോ ഒരു ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക്..
"മുത്തേ,ഒന്ന് നോക്കിക്കൂടെ"?? എന്നെഴുതിയതിൽ 'നോക്കിക്കൂടെ'എന്നതിലെ 'ന'-ന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള സാമാനങ്ങൾ ഇടാൻ മറന്നു പോയിരിക്കുന്നു..!!
ഞാൻ സഫീറിനെ പുച്ഛത്തോടെ നോക്കി..പിന്നെ പ്രിജേഷിന്‌ നേരെ തിരിഞ്ഞു..
"അല്ല മൊയന്തേ ,എഴുതിയ ഓനോ അങ്ങനെ.. നീ വായിച്ചിട്ടല്ലേ ഓൾക്ക് കൊണ്ട് കൊടുത്തേ.."
"അതിനു എഴുതിയതിനു എന്താ കുഴപ്പം.. ഓൾക്ക് പിരാന്താടാ" അവൻ ദേഷ്യത്തോടെ പറഞ്ഞു..
ആ.. പസ്ററ്..എന്തിനാ അടി കൊണ്ടെന്ന് പൊട്ടന് ഇപ്പോം മനസ്സിലായിട്ടില്ല.. ഞാൻ മനസ്സിലാക്കി കൊടുക്കാനും പോയില്ല..
ഏതായാലും ആ സംഭവത്തോട് കൂടെ പ്രിജേഷിന്റെ 6 മാസത്തെ കഠിന പ്രവർത്തനം കാരണം ഏകദേശം 90% വളഞ്ഞ സൗമ്യ അവനെ വിട്ടു വെയ്റ്റിംഗ് ലിസ്റ്റിൽ രണ്ടാമതുണ്ടായ സജേഷിന്‌ വളഞ്ഞു കൊടുത്തു.. ശോകം.. !!
ചെങ്ങായിയെ സഹായിക്കാൻ പോയി എന്ന ഒറ്റ കുറ്റം മാത്രേ പ്രിജേഷ് ചെയ്തുള്ളൂ എന്നോർത്തോണം.. പാവം..!!!
ബന്ധുവിനെ സഹായിക്കാൻ പോയി സ്വന്തം പണി വരെ പോയ ജയരാജൻ ചിറ്റപ്പനെ കുറിച്ച് വായിച്ചപ്പോൾ ചെങ്ങായിനെ സഹായിക്കാൻ പോയി സ്വന്തം പെണ്ണ് വരെ പോയ പ്രിജേഷിനെ ഓർത്തന്നെ ഉളളൂ.. :)

9 comments:

  1. കഥയോ.... നടന്നതോ..... എന്തായാലും അസ്സലായി എഴുതീട്ടുണ്ടു ട്ടോ. ആശംസകൾ

    ReplyDelete
  2. 'സാമാന'ങ്ങളുടെ വില!
    ആശംസകള്‍

    ReplyDelete
  3. ഹഹഹ... കൊള്ളാം ഫിറോസ്‌

    ReplyDelete
  4. ഇനിയെങ്കിലും എഴുതുമ്പോൾ സൂക്ഷിച്ചെഴുതണം.
    ആശംസകൾ

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...