പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, July 19, 2012

അഫ്രീന്‍ എന്ന പെണ്‍കുട്ടിയും സ്നേഹം പഠിപ്പിക്കുന്ന കുട്ടികളും

ചില കാര്യങ്ങള്‍ എഴുതാതിരിക്കാന്‍ പറ്റില്ല എന്ന് വന്നിരിക്കുന്നു ഇപ്പോള്‍ !
ബ്ലോഗ്ഗെഴുത്തിന്‍റെ കുഴപ്പമാണോ ഇത്? കണ്ടതും കേട്ടതും  എഴുതാതിരിക്കാന്‍ വയ്യ..
മനസിന്‍റെ വേദനകള്‍ ഇറക്കി വെക്കാന്‍ ഒരിടം കൂടി ആയിരിക്കുന്നു ബ്ലോഗ്‌.
കേട്ടു മാത്രം അറിഞ്ഞ അഫ്രീനെ കുറിച്ച്.. പിന്നെ കണ്ടും, കേട്ടും തൊട്ടുമറിഞ്ഞ കുറെ കുട്ടികളെകുറിച്ചും..


അഫ്രീനെ അറിയില്ലേ ??
സ്വന്തം പിതാവിന്‍റെ കൈ കൊണ്ട് ദാരുണമായി മരണപ്പെട്ട  മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന
അഫ്രീന്‍ എന്ന പെണ്‍കുട്ടിയെ..??
പെണ്ണായി പിറന്നു എന്നതായിരുന്നു അഫ്രീന്‍ ചെയ്ത തെറ്റ്.. ഒരുപക്ഷെ അഫ്രീന്‍ പോലും അറിഞ്ഞു കാണില്ല 
എന്തിനു വേണ്ടിയാണ് വിധിയുടെ തിരശീലക്കു പിറകില്‍ തനിക്ക്  ഒളിക്കേണ്ടി വന്നതെന്ന്.


അഫ്രീനെ കുറിച്ച് പറയുമ്പോള്‍ യാച്ചുവിനെ കുറിച്ചു പറയാതെ വയ്യ..
സ്നേഹപൂര്‍വ്വം യാച്ചു എന്ന് ഞങ്ങള്‍ വിളിക്കുന്ന 'കണ്ണൂരാന്‍ ' എന്ന മുഹമ്മദ്‌ യാസീനെക്കുറിച്ച്.
അഫ്രീനെ വായിച്ച് വേദനിക്കുന്ന മനസുമായി അവനെഴുതിയിരുന്നു  "മനുഷ്യനാവുക ഒരു കലയാണ്" എന്ന്..
അതെഴുതുമ്പോള്‍ "ഭാര്യ ഗര്‍ഭിണിയാണെന്നും ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിക്കുന്നു" എന്നും യാച്ചു പറഞ്ഞിരുന്നു..
ആ പോസ്റ്റിട്ടു ആഴ്ചകള്‍ പിന്നിട്ടപ്പോള് യാച്ചുവിനു ഒരു പെണ്‍കുഞ്ഞു പിറന്നു..
ആ കുഞ്ഞിനു അവന്‍ പേര് നല്‍കി, "അഫ്രീന്‍""!"'"!
മോള്‍ക്ക്‌ ആ പേര് ഇട്ടതിനു ശേഷം യാച്ചു എന്നോട് പറഞ്ഞത് "പെണ്‍കുഞ്ഞിനെ വേണ്ടാത്ത 
ആ പിതാവിന് കാണിച്ചു കൊടുക്കണം ഞാനെന്‍റെ മോളെ വളര്‍ത്തുന്നത്" എന്നായിരുന്നു.
പെണ്ണായി പിറന്നതിന്‍റെ പേരില്‍ തന്നെ കൊന്നുമൂടിയ ലോകത്തെ നോക്കി സങ്കടപ്പെട്ട അഫ്രീന്‍,
സ്വര്‍ഗലോകത്തു നിന്നും ചിരിച്ചു കാണുമോ അപ്പോള്‍ ?? 


അതേ ബ്ലോഗ്ഗില്‍ തന്നെ 'കണ്ണൂരാന്‍' ഒരു ആരോമലിനെ കുറിച്ചും പറയുന്നുണ്ട്.
ഇടുക്കി ജില്ലയില്‍, ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് ആരോമല്‍ എന്ന കുഞ്ഞുമോനെയും 
കെട്ടിയിട്ടു പീഡിപ്പിച്ചത് സ്വന്തം അച്ഛനായിരുന്നുവെന്ന കാര്യം!!
മകന്‍റെ ദേഹത്ത് സിഗരറ്റ് കുത്തിക്കെടുത്തിയിരുന്ന ആളെ 'അച്ഛന്‍ ' എന്ന് വിളിക്കേണ്ടി വരുമ്പോള്‍  
മലിനമാകുന്നത്‌ അച്ഛനെന്ന വാക്കിന്‍റെ അര്‍ഥം തന്നെയാണ്..
അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത്
"എനിക്കെന്റെ പട്ടിയെ കാണണം" എന്നായിരുന്നുവത്രേ..
ഒരുപക്ഷെ സ്വന്തം അച്ഛനില്‍ കാണാത്ത "മനുഷ്യതം" ആരോമല്‍ ആ പട്ടിയില്‍ കണ്ടിരിക്കാം.. അതാവും..!!!

കഥകള്‍ പിന്നെയും കേട്ടു കൊണ്ടേയിരിക്കുന്നു..
"നമ്മള്‍ അനുഭവിക്കാത്തത് നമുക്ക് വെറും കെട്ടുകഥകള്‍ '" എന്നെവിടെയോ വായിച്ചതു വീണ്ടും ചേര്‍ത്ത് വായിക്കേണ്ടി വരുന്നു..
അങ്ങനെയിരിക്കെയാണ്, ഇന്നലെ ഓഫീസില്‍ നിന്നുള്ള കുറച്ചു പേര്‍ ചേര്‍ന്ന്, തങ്ങളുടേതല്ലാത്ത കാരണത്താല്‍ അഗതികള്‍ ആവേണ്ടി വന്ന കുട്ടികള്‍ താമസിക്കുന്ന ഒരു ചാരിറ്റി ഹോമിലേക്ക് പോകേണ്ടി വന്നത്..
കേട്ടു മാത്രം പരിചയമുള്ള മുഖങ്ങളെ അവിടെ കാണേണ്ടി വന്നു..
"വിധി" എന്ന രണ്ടക്ഷരം കൊണ്ട് മറന്നു കളയേണ്ടി വരുന്നവര്‍ മാത്രമല്ല എന്നോര്‍മപ്പെടുത്തലുകളില്‍ നിന്നാണ് ഈ പോസ്റ്റ്‌ പിറക്കുന്നത്..

ആ കുട്ടികള്‍ ഒരു പാഠമായി മാറുകയായിരുന്നു..
സ്നേഹത്തിന്‍റെ ,സഹനത്തിന്‍റെ, ദൈവ വിശ്വാസത്തിന്‍റെ വലിയ പാഠം..
അവര്‍ക്കാരോടും, ഒന്നിനോടും പരാതിയും പരിഭവവും ഇല്ല.. ചുറ്റും സ്നേഹം മാത്രം..
സ്നേഹിക്കുന്ന മുഖങ്ങള്‍ മാത്രം..

അതിനിടയില്‍ ഒരു പത്തു വയസ്സുകാരന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ ചൂണ്ടി  പറഞ്ഞു..
"ഈ ചേട്ടനെ കാണുമ്പോള്‍ എന്‍റെ പ്രഭു ചേട്ടനെ പോലെയുണ്ട്.."
ഞാന്‍ ചോദിച്ചു;
"ആരാ പ്രഭു ചേട്ടന്‍'"?

അവന്‍ പറഞ്ഞു തുടങ്ങി..
അവിടെ തന്നെയുള്ള അവന്‍റെ അനിയന്മാരെ കുറിച്ച്...ചേട്ടനെ കുറിച്ച്... അവന്‍റെ  അമ്മയെക്കുറിച്ച്.
(അവന്‍റെ അമ്മയെ കുറിച്ച് അവന്‍ പറഞ്ഞ വാക്കുകള്‍ മുള്ളുപോലെ തറച്ചു കേറുന്നുണ്ട്)
പരിഭവം പറച്ചിലിന്‍റെ തരി പോലുമില്ലാതെ അവന്‍ തുടര്‍ന്നു.
"അമ്മ എന്നെ ഇട്ടേച്ചു പോയതാ..."
അവന്‍ പറഞ്ഞത് സത്യമോ അല്ലയോ എന്നൊന്നുമറിയില്ല, പക്ഷെ ആ വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ചയുണ്ടായിരുന്നു.
ആ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു...
ഇതിനു മുമ്പ് ഒരമ്മയുടെ കണ്ണീരിനെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ എന്തായിരുന്നോ അത് തന്നെയായിരുന്നു അപ്പോഴും എന്റെ മനസ്സില്‍..!!!


പിന്നീടവിടെയുള്ള ഒരോ നിമിഷവും ആലോചിച്ചത് ആ കുട്ടികളെ കുറിച്ച് മാത്രമല്ല, നമ്മെക്കുറിച്ച് തന്നെയാണ്..അനുഗ്രഹങ്ങളുടെ കുന്നുമലയില്‍ നിന്നും ഒരല്‍പം അടര്‍ന്നു പോകുമ്പോള്‍ വിധിയെയും, ദൈവത്തെയും പഴിക്കുന്ന നമ്മള്‍ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു..
ആ കുട്ടികളുടെ വളര്‍ച്ചയെങ്കിലും നമുക്കുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു..!!


കളിയും ചിരിയുമൊക്കെയായി നിമിഷങ്ങള്‍ അടര്‍ന്നു വീണു കൊണ്ടേയിരുന്നു..
ഒടുവില്‍ ഇറങ്ങാന്‍ നേരം "പോകട്ടെ" എന്ന് ചോദിച്ചപ്പോള്‍ , അതുവരെ ചിരിച്ചു കൊണ്ട് മാത്രമിരുന്ന ഒരു ചെറിയ പെണ്‍കുട്ടി ചിണുങ്ങിക്കൊണ്ട്  പറഞ്ഞു,
"പോവേണ്ടാ.."'
കുറച്ചു നേരത്തേക്കെങ്കിലും കൂടെയുണ്ടായവര്‍ ഇനിയും ഉണ്ടാവണം എന്ന ആഗ്രഹം മാത്രമായിരിക്കാം ആ കുഞ്ഞു മനസുകളില്‍ .
ഒരല്പ നിമിഷത്തെ സ്നേഹംപോലും ആ കുഞ്ഞു മനസ്സില്‍ സൃഷ്‌ടിച്ച അനുഭൂതിയെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്..??
എത്ര പെട്ടെന്നാണ് ആ കുഞ്ഞു മനസ്സില്‍ ആരുമല്ലാത്ത ഞങ്ങള്‍ എത്രയോ പ്രിയപ്പെട്ടവരായിത്തീര്‍ന്നത്..!!
സ്നേഹിക്കപ്പെടുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ് എന്നായിരിക്കുമോ ആ കുഞ്ഞു മനസ്സ് വിളിച്ചു പറഞ്ഞത്..??
തീര്‍ച്ചയായും പുഞ്ചിരിക്കുക എന്നത് പോലും വലിയൊരു ദാനം തന്നെയാണ്..

കുട്ടികള്‍ ഈ ലോകത്തിന്‍റെ പ്രകാശം തന്നെയാണ് എന്ന് തോന്നിപ്പോകുന്നു..
ആ ചിരികള്‍ അവസാനിക്കാതിരിക്കണമെങ്കില്‍ ഒരിറ്റു കണ്ണുനീര്‍ എങ്കിലും നമ്മള്‍ പൊഴിച്ചാല്‍ മതിയാവും എന്നും തോന്നിപ്പോകുന്നു..
ഒരു ധാന്യമണി കൊണ്ടെങ്കിലും അവരുടെ വിശപ്പകറ്റുക എന്നത് നമ്മുടെ കടമയായി മാറുന്നു..
കാരണം പൊള്ളുന്ന വേദനകള്‍ക്കിടയിലും ആ കുഞ്ഞുങ്ങള്‍ മനസിലാക്കുന്നുണ്ടാവും,
അവരും ജീവിച്ചു തീര്‍ക്കേണ്ടത് മനുഷ്യ ജന്മങ്ങള്‍ തന്നെയാണെന്ന്,
പക്ഷെ നമ്മില്‍ പലരും ഇനിയും മനസിലാക്കിയിട്ടില്ല, നമ്മള്‍ ഇനിയും മനുഷ്യരായിട്ടില്ല എന്ന്..
തീര്‍ച്ചയായും മനുഷ്യനാവുക എന്നത് ഒരു കല തന്നെയാണ്..

Wednesday, July 11, 2012

Thattathin Marayathu - Malayalam Movie Review


തട്ടത്തിന്‍ മറയത്ത്..

മലയാളം സിനിമയില്‍ ഇന്നോളം ഇറങ്ങിയ പ്രണയ സിനിമകളില്‍ ഏറ്റവും മനോഹരം.. അതാണ് 'തട്ടത്തിന്‍ മറയത്ത്' എന്ന വിനീത് ശ്രീനിവാസന്‍ സിനിമയ്ക്കു ചേരുന്ന പരസ്യ വാചകം..
ഉമ്മച്ചി കുട്ടിയെ പ്രണയിച്ച നായരുടെ കഥ ഇത്രയും ലളിതവും മനോഹരവുമായി അവതരിപ്പിക്കാന്‍ കഴിവുള്ള കലാകാരന് മാത്രമേ കഴിയു..ഈ സിനിമയിലൂടെ വിനീത് തന്‍റെ കഴിവ് ഒന്ന് കൂടി തെളിയിച്ചിരിക്കുന്നു,മലയാളത്തില്‍ സംവിധാന തലപ്പത്ത് ഇനി ധൈര്യമായി വിനീതിനെ പ്രതിഷ്ട്ടിക്കാം എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ..

സിനിമയുടെ ടാഗ് സൂചിപ്പിക്കുന്നത് പോലെ ഒരു മുസ്ലിം പെണ്‍കുട്ടിയെ ഒരു നായര്‍ പ്രണയിക്കുന്നതാണ് കഥ..അത്രയ്ക്ക് ലളിതം..
പക്ഷെ ഇത്രയും ലളിതമായ കഥ പ്രേക്ഷകരെ ഒരു സെക്കന്റ്‌ പോലും മുഷിപ്പിക്കാതെ അവതരിപ്പിച്ചു എന്ന് പറയുമ്പോള്‍ ഊഹിക്കാവുന്നതെ ഉള്ളു വിനീതിന്‍റെ കഴിവ്..സിനിമ തുടങ്ങിക്കഴിഞ്ഞ് ഒരു നിമിഷത്തേക്ക് പോലും സ്ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല..അത്രയ്ക്ക് മനോഹരമാണ് ഓരോ സീനും..

എടുത്തു പറയേണ്ട മറ്റൊരു കാര്യം ഷാന്‍ റഹ്മാന്‍റെ സംഗീതവും BGM -ഉം ആണ്. എന്ത് കൊണ്ട് ഷാന്‍ എന്ന പ്രതിഭയെ വിനീത് മാത്രം ഉപയോഗിക്കുന്നു എന്നതും പ്രസക്തമായ ചോദ്യം തന്നെയാവും..അവര്‍ തമ്മിലുള്ള സൌഹൃദം പോലെ മനോഹരമാണ് ഈ സിനിമയിലെ സംഗീതവും BGM -ഉം..

മലര്‍വാടി എന്ന വിനീത് സിനിമയിലെ മുരടനായ നായകനില്‍ നിന്നും വിനോദ് നായര്‍ എന്ന പ്രണയ പരവശനായ നായകനിലേക്കുള്ള നിവിന്‍ പോളിയുടെ മാറ്റവും വിസ്മയകരമാണ്.. നിവിന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും നല്ല വേഷമാണ് തട്ടത്തിന്‍ മറയത്തിലെ നായര്‍ കഥാപാത്രം.. :)
ആയിഷ സുന്ദരി.. ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ച് തട്ടത്തിന്‍ മറയത്ത് ഒളിപ്പിച്ചു വെച്ച സുന്ദരി തന്നെ പക്ഷെ അഭിനയം???.. അത്രക്കങ്ങു പോര..:(
പിന്നെ എടുത്തു പറയേണ്ട പേര് അജു വര്‍ഘീസ് (കുട്ടു) എന്ന തമാശക്കാരനാണ്..ഓരോ സംഭാഷണത്തിലും മികച്ച കയ്യടി നേടാന്‍ അജുവിന്‍റെ കഥാപാത്രത്തിനായി..:D
മറ്റുള്ളവരില്‍ മനോജ്‌ കെ ജയന്‍,ശ്രീനിവാസന്‍,അഹമദ് സിദ്ദീക്ക്(K T മിറാഷ് ),ഭഗത്,സണ്ണി വെയ്ന്‍ തുടങ്ങി വളരെ ചെറിയ റോള്‍ ചെയ്തവര്‍ വരെ അവരുടെ കഥാപാത്രങ്ങള്‍ അനശ്വരമാക്കി..

Positives :
വിനീതിന്‍റെ സംവിധാന മികവ്
തിരക്കഥ
ഷാന്‍ റഹ്മാന്‍റെ സംഗീതം
നിവിന്‍ പൊളി, അജു വര്‍ഘീസ്, മറ്റുള്ളവര്‍... :D

Negatives :
ഒന്നുമില്ല.. എന്തേലുമുണ്ടെല്‍ തന്നെ തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ട് അങ്ങനെ ഒന്ന് നോട്ട് ചെയ്യാന്‍ പറ്റിയില്ല..ക്ഷമിക്കുക..

ചുരുക്കി പറഞ്ഞാല്‍ എന്‍റെ കണ്ണൂര്‍ പോലെ ലളിതവും,സുന്ദരവും, വശ്യവും,മനോഹരവുമാണ് ഈ ഉമ്മച്ചിക്കുട്ടിയും ,അവളെ സ്നേഹിച്ച നായരും..
My Rating :9 /10

ലാസ്റ്റ് ബോഗി : തട്ടം എനിക്ക് പണ്ടേ വീക്നെസ് ആയിരുന്നു, ഇപ്പൊ അതൊന്നു കൂടി.. :)

യാത്രക്കാരുടെ പ്രതേക ശ്രദ്ദയ്ക്ക്.. : മഞ്ഞു വീഴുന്ന പ്രഭാതത്തില്‍ ഒരു മകന്‍റെ കണ്ണീര്‍ തുള്ളികള്‍ വീണു ഉണരേണ്ടി വന്ന "ഒരമ്മയുടെ കഥ" വായിക്കാത്തവര്‍ വായിക്കാന്‍ അപേക്ഷ..
അഭിപ്രായം പറയാന്‍ മറക്കേണ്ട..

സ്വപ്ന അറസ്റ്റില്‍, അതും.. !!!

എറണാകുളം ബാച്ചി ജീവിതം നയിക്കുന്ന കാലം നടന്ന ഒരു "ഇച്ചിച്ചി കഥ "...!!!


ഒരു ഞായറാഴ്ച ദിവസം..
ഒരു പണിയുമില്ലാതെ ഞാനും ഷിനോജും റൂമില്‍ ടീവിയും കണ്ടു കൊണ്ടിരിക്കുന്ന നേരം, രാവിലെ കറങ്ങാന്‍ എന്ന് പറഞ്ഞു റൂമില്‍ നിന്നു പോയ സഹമുറിയന്‍ സാജ് ഓടി വരുന്നത് കണ്ടു ഞാനും ഷിനോജും മുഖത്തോട് മുഖം നോക്കി..
പിന്നെ പതിവുപോലെ ഞങ്ങള്‍ രണ്ടു പേരും രണ്ടു ബാത്ത് റൂമുകളിലേക്കായ്‌ ഓടിക്കയറി വാതില്‍ അടച്ചു..
അതങ്ങനാ, സാജ് ഓടിവരുന്നുണ്ടേല്‍ പിറകെ ആരെങ്കിലുമൊക്കെ കാണും..അവര്‍ എന്താന്ന് വെച്ചാ കൊടുത്തു പോകട്ടെ എന്നും കരുതി ഞങ്ങള്‍ ബാത്ത് റൂമില്‍ തന്നെ നിന്നു..
"ടാ.. വാതില്‍ തുറക്കെടാ.." സാജ് അലറി..
ഞങ്ങള്‍ മറുപടിയൊന്നും കൊടുത്തില്ല, കേള്‍ക്കാത്തത് പോലെ നിന്നു..
"എന്‍റെ പിറകില്‍ ആരും ഉണ്ടായിരുന്നില്ലെടാ.. ഒരു കാര്യം പറയാനുണ്ട്.. " അവന്‍ കിതച്ചു കൊണ്ട് പറഞ്ഞു..
അത് ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ പതിയെ പുറത്തേക്ക്..
അവനെ വിശ്വാസം വരാതെ അവന്‍റെ പിറകില്‍ നോക്കി..
അവനും തിരിഞ്ഞു നോക്കി, കാരണം അവന്‍ എപോഴൊക്കെ ഓടിയിട്ടുണ്ടോ, അപ്പോഴൊക്കെ അവന്‍റെ പിറകില്‍ കമ്പും വടിയുമായി നാട്ടുകാരും ഉണ്ടായിട്ടുണ്ട്.
'നല്ല ആത്മവിശ്വാസം..'
"ടാ,നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ??" കിതപ്പ് മാറാതെ അവന്‍ ചോദിച്ചു..
"ഈ ആഴ്ച നിന്‍റെ തരംഗം ചേച്ചിയുടെ പടം വല്ലതും റിലീസ് ഉണ്ടാകും..അതാണോ?? " ഷിനോജ് പുച്ഛത്തോടെ ചോദിച്ചു..
"അതല്ലടാ..."
"പിന്നെ???"
"സ്വപ്നയെ പോലീസ് അറസ്റ്റ് ചെയ്തു.."
"എഹ്.. നമ്മുടെ സ്വപ്നയെയോ.. എന്തിനു??" ഞാനും ഷിനോജും ഒരുമിച്ചു ചോദിച്ചു..
"ഇമ്മോറല്‍ ട്രാഫിക്കിനു.."
ഠിം ഠിം ഠിം
അത് കേട്ടതും എന്‍റെയും ഷിനോജിന്റെയും നെഞ്ചില്‍ പെരുമ്പറ മുഴങ്ങി..
സ്വപ്ന, ഞങ്ങളുടെ സുഹൃത്ത്. തങ്കപ്പേട്ടന്‍റെ സ്വഭാവം അല്ല തങ്കപ്പെട്ട സ്വഭാവം, സുന്ദരി,അതിലുപരി നല്ല ഒന്നാംതരം കുടുംബത്തില്‍ പിറന്നവള്‍..
അവള്‍ ഇങ്ങനെ ഒരു കാര്യത്തിന് പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞാല്‍ പെരുമ്പറ മാത്രമല്ല ചിങ്കാരി മേളം കൂടി മുഴങ്ങിയില്ലേല്‍ മാത്രമേ അത്ഭുതമുള്ളൂ ..
"എന്നാലും നമ്മുടെ സ്വപ്ന... അവള്‍.... ഇത് പോലൊരു കേസില്‍.. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെടാ" സ്വഭോധം തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു..
"എനിക്കറിയാം അവളെ.. അവളെ പിടിച്ചില്ലേല്‍ മാത്രേ അത്ഭുതമുള്ളൂ" സാജ് ദേഷ്യത്തോടെ പറഞ്ഞു..
"നിനക്കെങ്ങനെ അറിയുമെന്നാ.." ഞാന്‍ ചോദിച്ചു..
"ഞാന്‍ അവളുടെ കൂടി പോയിട്ടുള്ളതല്ലേ.." അവന്‍ വളരെ കൂളായി മറുപടി പറഞ്ഞു..
അഗൈന്‍ ഠിം ഠിം ഠിം
"എടാ ചെറ്റേ, നമ്മള്‍ ഒരു പെങ്ങളെ പോലെയല്ലെടാ അവളെ കണ്ടിരുന്നെ.. എന്നിട്ടും നിനക്കെങ്ങനെ തോന്നി..?? ചെഹ്.." ഞാന്‍ പല്ല് കടിച്ചു...
"ഞാനിപ്പോഴും പെങ്ങളെ പോലെ തന്നെയാ കാണുന്നെ.. "  അവന്‍ ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു..
എഹ്..ഇവനെവിടത്തുകാരനെടാ..!!!
"അതിരിക്കട്ടെ, നിങ്ങള്‍ എവിടാ ഒരുമിച്ചു പോയത്??" അല്‍പ നിമിഷത്തെ നിശബ്ദതക്കു ശേഷം ഞാന്‍ ചോദിച്ചു..
"സിനിമ തിയേറ്ററില്‍ "
"തിയേറ്ററില്‍ പോയി എന്ത് ചെയ്തെന്ന??"
"തിയേറ്ററില്‍ പോയി കബഡി കളിച്ചു.. അല്ല പിന്നെ.. തിയേറ്ററില്‍ സിനിമ കാണാന്‍ അല്ലാതെ പിന്നെന്തിനാടാ പോകുന്നത്??"
ഞങ്ങളൊന്നും മനസിലാവാതെ പരസ്പരം നോക്കി..
"എന്നിട്ട്??"
"എന്നിട്ടെന്താ.. ഒന്നാമത് അവള്‍ക്കു ലൈസെന്‍സ് ഇല്ല..അവളുടെ കൂടെ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.. ഭാഗ്യത്തിനാ അന്ന് പോലീസ് പിടിക്കാതിരുന്നത്.."
ഇതിനൊക്കെ ഇപ്പൊ ലൈസന്‍സും കൊടുത്തു തുടങ്ങിയ!!! ??
"ലൈസന്‍സാ??? എന്തിനു?? "
"വണ്ടി ഓടിക്കാന്‍ "
"എഹ്??"
"അന്ന് സിനിമ തുടങ്ങാറായിക്കാണും എന്ന് പറഞ്ഞിട്ട് ലൈസെന്‍സ് പോലും ഇല്ലാതെ എന്നാ സ്പീഡിലാ അവള്‍ വണ്ടിയെടുത്തത്,അതും സിഗ്നലില്‍ പോലും നിര്‍ത്താതെ..ഭാഗ്യത്തിനാ 'ഇമ്മോറല്‍ ട്രാഫിക്കിന്' അന്ന് ട്രാഫിക്‌ പോലീസ് പിടിക്കാതിരുന്നത്.."
'എഹ്.. ' ഒന്നും മനസിലാവാതെ ഞങ്ങള്‍ പരസ്പരം നോക്കി.. പിന്നെ സാജിനെ നോക്കി,പിന്നെ പതുക്കെ ചോദിച്ചു..
"ശരിക്കും, എന്താ സംഭവിച്ചത്??"
"ലൈസെന്‍സ് ഇല്ലാതെ സ്പീഡില്‍ വണ്ടി ഓടിച്ചു എന്നും പറഞ്ഞു അവളെ ട്രാഫിക്‌ പോലീസ് പിടിച്ചു..അത്ര തന്നെ.."
പടച്ചോനെ..അതിനാണോ ഈ കുരിശ് ഇമ്മോറല്‍ ട്രാഫിക്കിനു പിടിച്ചു എന്ന് പറഞ്ഞിരിക്കുന്നെ..
"അതിരിക്കട്ടെ, നിന്നോടാരാ ഇത് പറഞ്ഞത്..??" ഞാന്‍ ചോദിച്ചു..
"അവള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും എന്നെ വിളിച്ചു.."
"എന്നിട്ട്??"
"അവളുടെ അച്ഛനെ നൈസ് ആയിട്ടു വിളിച്ചു അറിയിക്കണം എന്ന് പറഞ്ഞു.."
"എന്നിട്ട് നീ 'നൈസ്' ആയിട്ടു വിളിച്ചു പറഞ്ഞോ??" ഞാന്‍ ആകാംഷയോടെ ചോദിച്ചു..
"ഉം.. പറഞ്ഞു.."
"എന്താ നീ പറഞ്ഞത്??"
"അവളെ ഇമ്മോറല്‍ ട്രാഫിക്കിനു പോലീസ് പിടിച്ചു.പെട്ടെന്ന് പോയി ഇറക്കാന്‍ നോക്ക് എന്ന്.."
"പടച്ചോനെ..!!! എന്നിട്ട്"
"അങ്ങേരോന്നും പറഞ്ഞില്ല.കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നിലവിളിയും പിന്നെ 'പടക്കോം' എന്നൊരു ഒച്ചയും കേട്ടു.. "
പടച്ചോനെ, 'പടക്കോം' എന്ന ഒച്ച അങ്ങേരു ബോധം കേട്ടു വീണതാവണേ, അല്ലാതെ അറ്റാക്ക്‌ വന്നു തട്ടിപ്പോയതായിരിക്കല്ലേ..
ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു..
"അച്ഛനെ മാത്രമല്ല, അവളുടെ കാമുകനേം ഫ്രണ്ട്സിനേം എല്ലാരേം വിളിച്ചു പറഞ്ഞു..ഇനിയേലും അവള്‍ വണ്ടി ഓടിക്കുമ്പോള്‍ സൂക്ഷിച്ചും കണ്ടും ഓടിക്കണം.. ഹാ.."
"പറഞ്ഞല്ലേ.. ന്യന്നായി.. വളരെ വളരെ ന്യന്നായി.."


കുറച്ചു നേരത്തേക്ക് ഞാനും ഷിനോജും ഒന്നും മിണ്ടിയില്ല.പിന്നെ ഞാന്‍ കലിപ്പോടെ പറഞ്ഞു,
"ലോകത്ത് എത്ര മാത്രം ആള്‍ക്കാരുണ്ട്, എന്നിട്ടും ഈ വിവരമില്ലാത്ത ജന്തുവിനെ തന്നെയാണല്ലോ അവള്‍ക്കു വിളിക്കാന്‍ തോന്നിയത്..ഹൊഹ്.."
"അവളെ പറഞ്ഞിട്ടും കാര്യമില്ല,വരാനുള്ളത് ഓട്ടോറിക്ഷ പിടിച്ചു വരും എന്നാണല്ലോ.." ഷിനോജിന്‍റെ ആത്മഗതം..
"പക്ഷെ ഇതങ്ങനെ അല്ലല്ലോ, അവള്‍ ഓട്ടോ വിളിച്ചു വരാനുള്ളടുത്തേക്ക് വരികയായിരുന്നില്ലേ..ഈ കാലനിലേക്ക്..." എന്‍റെ തിരുത്ത്‌..
"ടാ..ഓട്ടോ പിടിച്ചണേല്‍ അങ്ങനെ, നിങ്ങള്‍ ഇറങ്ങു, നമുക്കവളെ ഇറക്കാന്‍ പോകാം.. " സാജിന്‍റെ മറുപടി..
ഏ.. ഓട്ടോ പിടിക്കാനോ???
"അവളെ ഇറക്കാന്‍ പോകുന്നതിനു മുമ്പ് അവളുടെ വീട്ടില്‍ പോകണം..ഇനീം താമസിച്ചാല്‍ ചിലപ്പോള്‍ കൂട്ട ആത്മഹത്യക്ക് ഉത്തരം പറയേണ്ടി വരും.." അതും പറഞ്ഞു ഞാനും ഷിനോജും പുറത്തിറങ്ങി.
"ഞാനും വരുന്നുണ്ട്.." പിറകെ സാജും കൂടി..
"വേണ്ടെടാ.. നീ വരേണ്ടാ.. നീ വന്നാല്‍ ചിലപ്പോള്‍ കൊലപാതകത്തിന് ആയിരിക്കും സാക്ഷി പറയേണ്ടി വരിക.."
പക്ഷെ അവന്‍ അതൊന്നും കേട്ടതായി ഭാവിച്ചില്ല, അല്ലേലും കേട്ടിട്ടും കാര്യമില്ല. അവനൊന്നും മനസിലാകില്ല.. അവന്‍ കൊച്ചല്ലേ.. മുപ്പതു വയസ്സ് മാത്രം പ്രായമുള്ള വിവരമില്ലാത്ത കൊച്ച്..
അങ്ങനെ ഞങ്ങള്‍ സ്വപ്നയുടെ വീട്ടിലേക്ക്..


സ്വപ്നയുടെ വീട്..
അവിടെ കാലു കുത്തിയതും ഒരു മരണ വീടെന്ന പോലെ നിശബ്ദം..എവിടെ നിന്നൊക്കെയോ ഉയരുന്ന തേങ്ങലുകള്‍..പിന്നണിയില്‍ ശോക സംഗീതം..
ഇല്ല.. അതില്ല.. ഞങ്ങള്‍ക്ക് തോന്നുന്നതാ..
ഞങ്ങള്‍ വീടിന്‍റെ അകത്തേക്ക്..
തറയില്‍ സ്വപ്നയുടെ ഫോട്ടോ വീണുടഞ്ഞിരിക്കുന്നു.. മോഹനേട്ടന്‍ ഒരച്ഛന്റെ രോദനം കാണിച്ചതാവും..
വീടിന്‍റെ ഒരു മൂലയില്‍ സ്വപ്നയുടെ അമ്മ സുജാതചേച്ചി  കരഞ്ഞു തളര്‍ന്നിരിക്കുന്നു..
അനിയത്തി കാരണം ഉറപ്പിച്ച കല്യാണം മുടങ്ങിയല്ലോ എന്ന വേദനയില്‍ കരയാന്‍ പോലും ഒരിറ്റു കണ്ണീരു പോലുമില്ലാതെ, മറ്റൊരു മൂലയില്‍ സ്വപ്നയുടെ ചേച്ചി..
അച്ഛന്‍റെ രോദനം ഉള്ളിലൊതുക്കി, വാത്സല്യനിധിയായ മോഹനേട്ടന്‍ ഞങ്ങളുടെ നേരെ നടന്നടുത്തു..
ഞാനൊന്നു മാത്രം പ്രാര്‍ത്ഥിച്ചു..
"തല്ലു കിട്ടുവാണേല്‍ സാജിനു മാത്രമായ് കിട്ടണേ.. ഞങ്ങളുടെ ആരോഗ്യം നീ കാക്കണേ പടച്ചോനെ.."


"മക്കളെ, കേസ് എങ്ങനേലും ഒതുക്കാം..നിങ്ങള്‍ ഈ കാര്യം വേറാരോടും പറയരുത്..നാട്ടുകാരറിഞ്ഞാല്‍..എന്റീശ്വരാ.. " മോഹനേട്ടന്‍ ഞങ്ങളോട് അപേക്ഷിച്ചു..
'ലൈസെന്‍സ് ഇല്ലാതെ വണ്ടിയോടിച്ചത് നാട്ടുകാര്‍ അറിഞ്ഞാലും ഒരു കുഴപ്പവുമില്ല മോഹനേട്ടാ ' എന്ന് പറയാന്‍ തോന്നി, പക്ഷെ വാക്കുകള്‍ പുറത്തു വന്നില്ല കാരണം മരണവീട്ടില്‍ പോയാല്‍ എങ്ങനാ വാക്കുകള്‍ വരുന്നേ..!!!
"പറയും.. ഞാന്‍ എല്ലാരോടും പറയും.. അല്ലേലും അവള്‍ക്കഹങ്കാരം ഇച്ചിരി കൂടുതലാ.." സാജിന്‍റെ ശബ്ദം ഉയര്‍ന്നു..
'ഈ ശവം തല്ലു മേടിച്ചു ശരിക്കും ശവമാകും എന്ന തോന്നുന്നേ.... ' ഷിനോജ് എന്‍റെ ചെവിയില്‍ പറഞ്ഞു..
ഞാന്‍ സാജിനെ നിശബ്ദനാക്കാന്‍ ശ്രമിച്ചു.. പക്ഷെ അവന്‍ അടങ്ങിയില്ല..
"പോന്നു മോനെ, ചതിക്കെല്ലെടാ.. " മോഹനേട്ടന്‍ ഒന്നുടെ അപേക്ഷിച്ചു..
'കാര്യം അറിയുമ്പോള്‍ പൊന്നു മോനേന്നു വിളിച്ച നാവു കൊണ്ട് എന്തൊക്കെ മോനെന്നാവും മോഹനേട്ടന്‍ വിളിക്കുക ' ഞാന്‍ ഷിനോജിനോടായ് പറഞ്ഞു..
"പറയും പറയും പറയും.. ഞാന്‍ എല്ലാരോടും പറയും.. ഇനി മേലില്‍ ഇമ്മാതിരി പണിക്കിറങ്ങരുത് അവള്‍.. ലൈസെന്‍സ് ഉണ്ടേല്‍ പിന്നേം പറയാരുന്നു.."
എഹ്.. !!! ലൈസെന്‍സ് വീണ്ടും..
"മോനെ.. പ്ലീസ്.. മോന്‍റെ കാലു ഞാന്‍ പിടിക്കാം.. " അതും പറഞ്ഞു അവന്‍റെ കാലു പിടിക്കാന്‍ ഓങ്ങിയ മോഹനേട്ടനെ ഞാന്‍ തടഞ്ഞു..
"തടയേണ്ടടാ.. കാലേ വാരി നിലത്തടിച്ചു കൊല്ലട്ടെ അവനെ.." ഷിനോജ് എന്‍റെ ചെവിയില്‍ പറഞ്ഞു..
ഞാന്‍ അത് കേള്‍ക്കാതെ മോഹനെട്ടനെയും കൂട്ടി അകത്തു റൂമിലേക്ക്‌ പോയി..


മോഹനേട്ടനെ ഒരു കസേരയില്‍ ഇരുത്തി, പാവം മനുഷ്യന്‍, കരഞ്ഞു തളര്‍ന്നിരുന്നു..
"മോഹനേട്ടന്‍ വിഷമിക്കാതിരി,ഒരു കുഴപ്പവുമില്ല.. എനിക്കൊരു കാര്യം പറയാനുണ്ട്.." ഞാന്‍ അത് പറഞ്ഞതും മോഹനേട്ടന്‍, പഴയകാല വില്ലന്‍ ജോസ്പ്രകാശിനെ നോക്കുന്നത് പോലെ എന്നെ ഒന്ന് നോക്കി..
'ബൈ ദി ബൈ മിസ്റ്റര്‍ മോഹനന്‍, സ്വപ്നയെ അറസ്റ്റ് ചെയ്തത് നാട്ടുകാരോട് പറയാതിരിക്കണമെങ്കില്‍ ഒരു കോടി രൂപ എനിക്ക് തരണം,അല്ലേല്‍ ഈ വിവരം ഞാനെന്‍റെ മുതലക്കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കും'  എന്ന് പറയാന്‍ നില്‍ക്കുന്ന ജോസ്പ്രകാശിനെ നോക്കുന്നത് പോലുള്ള നോട്ടം..
"ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ചേട്ടന്‍ ആ വെളുത്ത ഡ്രസ്സ്‌ ഇട്ട കറുത്ത പന്നിയെ തല്ലിക്കൊല്ലരുത് " സാജിനെ ചൂണ്ടി ഞാന്‍ പറഞ്ഞു.
"എന്തിനു??" മോഹനേട്ടന്‍ ഒന്നും മനസിലാവാതെ എന്നോട് ചോദിച്ചു..
കാര്യങ്ങള്‍ മുഴുവന്‍ ഞാന്‍ വിശദീകരിച്ചു.. അത് കേട്ടതും സുകുമാരനെ കണ്ട ജയരാജനെ പോലെ മോഹനേട്ടന്‍ ചാടി എണീറ്റു മുരണ്ടു കൊണ്ട് മുന്നോട്ടു പോയി..
ഞാനും ശിനോജും കഷ്ടപ്പെട്ടു മോഹനേട്ടനെ തടഞ്ഞു വെച്ചു..
"അടങ്ങ്‌ മോഹനേട്ടാ അടങ്ങ്‌.."
ഒന്നും മനസിലാകാതെ സാജ് മോഹനേട്ടനെ നോക്കി,പിന്നെ അവന്‍ നെഞ്ച് വിരിച്ചു പറഞ്ഞു,
"ചേട്ടന്‍ ഇനി എന്നെ കൊന്നാലും ശരി, അവളെ പോലീസ് പിടിച്ചത് ഞാന്‍ അവളുടെ ബാക്കി ഫ്രണ്ട്സ്-നോടും പറയും.. അങ്ങനെങ്കിലും അവള്‍ നന്നയാലോ.."
അത് കേട്ടതും മോഹനേട്ടന്‍ ഞങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ടോടി.. ആ വരവ് കണ്ടതും ടിപ്പര്‍ലോറി കണ്ട വഴിയാത്രക്കാരനെ പോലെ സാജ് ജീവനും കൊണ്ടോടി..
മുറ്റത്തിറങ്ങിയ മോഹനേട്ടന്‍ കയ്യില്‍ കിട്ടിയ തേങ്ങയെടുത്ത് സാജ് പോയ ഭാഗത്തേക്ക്‌ നോക്കി വലിച്ചെറിഞ്ഞു..
"ദൈവമേ.. മിസ്സ്‌ ആയി കാണരുതേ.. ആ ഏറു അവന്‍റെ നെഞ്ചില്‍ തന്നെ പതിച്ചിരിക്കണേ.." ഞാനും ഷിനോജും മനമുരുകി പ്രാര്‍ത്ഥിച്ചു..


ഞങ്ങള്‍ സ്റ്റേഷനില്‍ പോയി പെറ്റി അടിച്ചു സ്വപ്നയെ ഇറക്കി കൊണ്ടു വരാം എന്നും പറഞ്ഞു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി..
പുറത്തു റോഡില്‍ എത്തിയപ്പോള്‍ സാജ് പുറവും തടവി കൊണ്ട് നില്‍ക്കുന്നു..
"ഹാവൂ.. സമാധാനമായി.. പ്രാര്‍ത്ഥന ഏറ്റു.. നെഞ്ചിനു കൊണ്ടില്ലേലും പുറത്തു കൊണ്ടു.."


ഞങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് ..
സ്വപ്നയെ കണ്ട ഞങ്ങള്‍ക്ക് ചിരി വന്നു..കാരണം മുഖം ഒരു തുണി കൊണ്ട് മൂടി, ക്യാമറ ഫ്ലാഷുകള്‍ക്ക് നടുവിലൂടെ നടന്നു നീങ്ങുന്ന സ്വപ്നയെ ഞങ്ങള്‍ ഒരു നിമിഷമെങ്കിലും ചങ്കിടിപ്പോടെ ഓര്‍ത്തായിരുന്നല്ലോ.


സ്റ്റേഷനില്‍ നിന്നും ഇറങ്ങി സ്വപ്നയേയും കൂട്ടി ഒരു കൂള്‍ബാറിലേക്ക്.. അവിടാകുമ്പോള്‍ എല്ലാം കേട്ടു അവള്‍ ചൂടാകുമ്പോള്‍ തണുത്ത വെള്ളത്തില്‍ മുക്കിയേലും അവളെ തണുപ്പിക്കാമല്ലോ..


കൂള്‍ബാറില്‍ എന്‍റെ എതിര്‍വശത്തായി ചമ്മിയ മുഖവുമായി ഇരിക്കുന്ന സ്വപ്നയെ കണ്ടപ്പോള്‍ എനിക്കൊന്നു കൂടി ചിരി വന്നു..
"എന്തിനാടാ ------ മോനെ ചിരിക്കുന്നെ.. ലോകത്ത് ആദ്യമായിട്ടൊന്നുമല്ലല്ലോ ഒരാളെ പോലീസ് പിടിക്കുന്നത്‌.." അവള്‍ ദേഷ്യത്തോടെ പറഞ്ഞു..
"അതല്ല.. എന്നാലും ഈ കാര്യത്തിന്.. ഛെ..അയ്യേ... "
"നിന്‍റെയൊക്കെ വര്‍ത്താനം കേട്ടാല്‍ ഞാന്‍ ആരെയോ കൊന്നത് പോലെയാണല്ലോ.. നിന്‍റെ മാത്രമല്ല,എന്‍റെ മൊബൈലില്‍ കുറെ മെസ്സേജ് വന്നിട്ടുണ്ട്, ഐ ഹൈറ്റ് യു, എനിക്കിനി നിന്നെ കാണുക പോലും വേണ്ടാ എന്നൊക്കെ പറഞ്ഞു.. ശെടാ.. "
"ഓഹോ.. അതും വന്നോ..അതാണ് മോളെ സാജ് എഫ്ഫക്റ്റ്‌ "
"മനസിലായില്ല... " ഒന്നും മനസിലാകാതെ അവള്‍ എന്നെ നോക്കി..
"അത് വയ്കാതെ മനസിലായിക്കൊള്ളും..അത് മനസിലാക്കുന്ന നിമിഷം നീ അതിജീവിക്കുമോ എന്ന ചോദ്യത്തിന് മാത്രമാണ് ഇനി പ്രസക്തി.."
"അധികം സാഹിത്യം ഒണ്ടാക്കാതെ കാര്യം പറയെടാ... " അവള്‍ ചൂടായി..
"നിന്നെ എന്തിനാ പോലീസ് പിടിച്ചത്???" ഞാന്‍ ചോദിച്ചു..
"ലൈസെന്‍സ് ഇല്ലാതെ ഓവര്‍ സ്പീഡില്‍ വണ്ടി ഓടിച്ചു എന്നും പറഞ്ഞു  ട്രാഫിക്‌ പോലീസ് പിടിച്ചു..."
"അത് നീ ആരെയാ വിളിച്ചു പറഞ്ഞത്??"
"സാജിനെ.."
"ലോകത്ത് നിനക്ക് വേറെ ആരെയും വിളിച്ചു പറയാന്‍ കണ്ടില്ലേ?? ആ &%&*$@*$* മോനെ മാത്രമേ കണ്ടുള്ളോ ??" മാറി നിന്നു പുറം തടവുന്ന സാജിനെ നോക്കി ഞാന്‍ ചോദിച്ചു..
"എന്താടാ?? അവന്‍ വല്ല മണ്ടത്തരവും കാണിച്ചോ??" അവള്‍ ആവലാതിയോടെ ചോദിച്ചു..
"മണ്ടത്തരം എന്നൊന്നും പറയാന്‍ പറ്റില്ല.. ഒരു ചെറിയ വിഡ്ഢിത്തം.."
"എഹ്.. എന്താ???"
"അത്....... നിന്നെ ട്രാഫിക്‌ റൂള്‍ തെറ്റിച്ചതിന്  പോലീസ് പിടിച്ചു എന്നതിന് പകരം ഇമ്മോറല്‍ ട്രാഫിക്കിന് പോലീസ് പിടിച്ചു എന്നാ അവന്‍ എല്ലാരോടും പറഞ്ഞത്.. "
ഠിം..
അത് കേട്ടതും സ്വപ്ന പിറകിലേക്കൊന്നു ചാഞ്ഞു..ഹാവൂ.. ഭാഗ്യത്തിന് പ്രതീക്ഷിച്ചത് പോലെ ബോധം പോയില്ല..


ഏതായാലും അതുവരെ കവിയൂര്‍ പൊന്നമ്മയെ പോലെ ശാന്തയും സൌമ്യയും ദേവിയുമൊക്കെയായിരുന്ന സ്വപ്ന ഒരു നിമിഷം കൊണ്ട് ഫിലോമിനയില്‍ കൊലപ്പുള്ളി ലീലയെ ആവാഹിച്ച ചന്ത മേരിയെ പോലെ ഉറഞ്ഞു തുള്ളി..
ഒന്നും മനസിലാകാതെ സാജ് ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ വാ പൊളിച്ചു നില്‍ക്കുന്നത് പോലെ വാ പൊളിച്ചു നിന്നു..കൂടെ ഒരു ചോദ്യവും,
"മഹാദേവ, പോലീസ് പിടിച്ചപ്പോള്‍ ഇവള്‍ക്ക് വട്ടായാ???"
"എടാ @&$*)($@&* മോനെ, വിവരമില്ലായ്മ ഒരു തെറ്റല്ല ,എന്ന് വെച്ച് അതൊരലങ്കാരമായി  കൊണ്ടു നടക്കരുത്.. കേട്ടോടാ വിവരമില്ലാത്ത _____ മോനേ...   "
ഉറഞ്ഞു തുള്ളല്‍ അവസാനിപ്പിച്ചു കഥയുടെ ഗുണപാഠം പറഞ്ഞു ഒരു കുപ്പി തണുത്ത വെള്ളം കുടിക്കുമ്പോള്‍ സ്വപ്നയുടെ മൊബൈലില്‍ വീണ്ടും ഒരു മെസ്സേജ്.
'നിനക്കെങ്ങനെ തോന്നിയെടീ നിന്നെ ജീവനേക്കാള്‍ സ്നേഹിക്കുന്ന  എന്നെ ചതിക്കാന്‍.. ഐ ഹൈറ്റ് യു.ഗുഡ് ബൈ..'
കാമുകന്‍റെ ഈ മെസ്സേജ് കൂടി വായിച്ചു കണ്ണുകളില്‍ ചുടു കണ്ണീരുമായി സാജിനെ നോക്കുമ്പോള്‍ അവന്‍ ചിരിച്ച മുഖവുമായി അടുത്തുള്ള ട്രാഫിക്‌ സിഗ്നലിലേക്ക് തന്നെ നോക്കി നില്‍ക്കുകയാണ്..
'ഇമ്മോറല്‍ ട്രാഫിക്കിനു' ആരെയേലും പോലീസ് പിടിക്കുന്നുണ്ടോ എന്ന്..!!!
എന്നിട്ട് വേണം, അവരുടെ വീട്ടിലേക്കു വിളിച്ചു പറയാന്‍.. !!!


യാത്രക്കാരുടെ പ്രതേക ശ്രദ്ദയ്ക്ക്.. : മഞ്ഞു വീഴുന്ന പ്രഭാതത്തില്‍ ഒരു മകന്‍റെ കണ്ണീര്‍ തുള്ളികള്‍ വീണു ഉണരേണ്ടി വന്ന "ഒരമ്മയുടെ കഥ" വായിക്കാത്തവര്‍ വായിക്കാന്‍ അപേക്ഷ..
അഭിപ്രായം പറയാന്‍ മറക്കേണ്ട..

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...