പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, December 29, 2011

അന്വേഷണം..

കൂട്ടുകാരോടൊപ്പം ക്രിസ്മസ് വൈകുന്നേരം..
പെട്ടെന്നൊരുത്തന്‍ ഒരാഗ്രഹം പറഞ്ഞു..
"അളിയാ ക്രിസ്മസ് അല്ലെ..,നമുക്ക് പടക്കം പൊട്ടിച്ചാലോ??"
"എഹ്.. ക്രിസ്മസ്നു പടക്കമോ?? അപ്പൊ നീ ദീപാവലിക്ക് കരോള്‍ പാടുകയായിരുന്നോ????"
"അതല്ലടാ.. ദീപാവലിക്ക് ലീവ് കിട്ടാത്തത് കൊണ്ടു പടക്കം പൊട്ടിക്കാന്‍ പറ്റിയില്ല.. അതോണ്ട് പടക്കം പൊട്ടിക്കാന്‍ ഒരാഗ്രഹം.."
അവന്‍ വിശദമാക്കി..
"നിനക്ക് ഓണത്തിന് ലീവ് കിട്ടിയാരുന്നോ??" ഞാന്‍ ചോദിച്ചു..
"കിട്ടി.. എന്തെ??"
"നന്നായി.. അല്ലേല്‍ ക്രിസ്മസ് അപ്പൂപ്പന്‍റെ കൂടെ മാവേലി കൂടി വരണം എന്ന് പറഞ്ഞേനെ നീ.."
"പടക്കത്തിന് ക്രിസ്മസ് എന്നോ ദീപാവലി എന്നോ ഒന്നുമില്ല.. തീ കണ്ടാല്‍ അപ്പൊ പൊട്ടും..അത് കൊണ്ട് അത് വിട്.."
എഹ്..!!!!!!!
ഒടുവില്‍ അവന്‍റെ നിര്‍ബന്ദത്തിനു വഴങ്ങി ഞങ്ങള്‍ വലിയ പടക്കം (കൊച്ചു ബോംബ്‌ എന്നും പറയാം) വാങ്ങി..
തലങ്ങും വിലങ്ങും പൊട്ടിച്ചു..
ചോദിയ്ക്കാന്‍ വന്നവരുടെ തലക്കു മുകളില്‍ വെച്ചും പൊട്ടിച്ചു..
ഒടുവില്‍ രണ്ടു പടക്കം ബാക്കിയായപ്പോള്‍ തീപ്പെട്ടിക്കോല് കഴിഞ്ഞു, ബാക്കി പടക്കം നാളെ പൊട്ടിക്കാം എന്ന ധാരണയിലെത്തി..
"ടാ.. പടക്കം നീ വീട്ടിലേക്കു എടുത്തോ.. നാളെ കൊണ്ടു വന്നാല്‍ മതി.."
"ഏയ്‌.. പറ്റില്ല.."
"അതെന്താ പറ്റാത്തെ..??"
"എനിക്ക് ഉറക്കമെണീറ്റ ഉടനെ സിഗരറ്റ് വലിക്കുന്ന ശീലമുള്ളതാ.."
"അതോണ്ട്..???"
"അല്ല..ഉറക്കപ്പിചിനിടയില്‍ സിഗരറ്റ് മാറിപ്പോയാല്‍ പിന്നെ ശ്വാസം പോലും വലിക്കാന്‍ പറ്റില്ലല്ലോ.. അത് കൊണ്ട് അത് വേണ്ട.."
ഒടുവില്‍ രണ്ടു പടക്കങ്ങള്‍ ഒരു കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച് ഞങ്ങള്‍ വീടിലേക്ക്‌ തിരിച്ചു..
"നല്ല മഞ്ഞുള്ളതാ..പടക്കം അവിടെ വെച്ചാല്‍ അടുപ്പിലിട്ടാല്‍ പോലും പൊട്ടത്ത അവസ്ഥയാവും...അത് കൊണ്ട് അതെവിടന്നെടുക്കാം.. ഞാന്‍ വെച്ചോളാം അത്.. "
അങ്ങനെ പടക്കം തിരിച്ചെടുക്കാന്‍ ഞങ്ങള്‍ തിരിച്ചു നടന്നു..
ഞങ്ങളുടെ എതിര്‍ ദിശയില്‍ നിന്നും ദിനേശ് ബീഡിയും വലിച്ചു കൊണ്ടു ഞങ്ങളുടെ ഒരു നാട്ടുകാരന്‍ വരുന്നത് കണ്ടു..
അയാള്‍ പോയിട്ട് എടുക്കാം എന്ന് കരുതി ഞങ്ങള്‍ അയാള്‍ കാണാതെ മാറി നിന്നു..
അയാള്‍ ബീഡി വലി കഴിഞ്ഞു ബീഡി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു..
ഉന്നം തെറ്റിയില്ല.. ബീഡി പോയി വീണത്‌ ഞങ്ങള്‍ ഒളിപ്പിച്ചു വെച്ച പടക്കത്തില്‍ തന്നെ..
ട്ടോ.. ഒരു പടക്കം പൊട്ടി തീരും മുമ്പേ അടുത്തതും പൊട്ടി.. ട്ടോ.....
അയാള്‍ ഞെട്ടല്‍ മാറാതെ ജീവനും കൊണ്ടോടി..
കുറച്ചു കഴിഞ്ഞു അവിടെ നിന്നും വേറൊരു സ്ഥലത്ത് മാറി നിന്നു,കുറ്റിക്കാട് നോക്കി ഒരാത്മഗദം..
"ഞാന്‍ ഒരു ദിനേശ് ബീഡി വലിചെരിഞ്ഞപ്പോള്‍ ഇത്രേം ഒച്ച വന്നെങ്കില്‍ ഒരു സിഗരറ്റ് എറിഞ്ഞാല്‍ എന്തൊച്ചയായിരിക്കും..!!!!!?? ഹോ.. "
അയാള്‍ അതോടെ ബീഡി വലി നിര്‍ത്തി..
ഇപ്പോഴും സേതുരാമയ്യരെ പോലെ കൈകള്‍ പിറകില്‍ കെട്ടി അയാള്‍ അന്വേഷണം തുടരുക തന്നെയാണ്...
"ഞാന്‍ ഒരു ദിനേശ് ബീഡി വലിചെരിഞ്ഞപ്പോള്‍ ഇത്രേം ഒച്ച വന്നെങ്കില്‍ ഒരു സിഗരറ്റ് എറിഞ്ഞാല്‍ എന്തൊച്ചയായിരിക്കും..!!!!!??
ശരിക്കും ഞാനെന്താ അന്ന് വലിച്ചത് ??"

Wednesday, December 14, 2011

കിംഗ്‌ ലിയര്‍ ഇന്‍ ലവ്..


കോളേജ് കാലത്തിലേക്ക്‌ വീണ്ടും..

കാന്റീനില്‍ പ്രകാശും സുനീറും വരുന്നതു കാത്തു കാന്റീനില്‍ ഞാന്‍..
ഒമ്പത് മണിക്ക് തുടങ്ങിയ ഇരുത്തമാണിത്..ഇപ്പോള്‍ സമയം 11 മണി..
ഈയിടെയായ് അവരിങ്ങനെയാ, എന്നെ അറിയിക്കാതെ എങ്ങോട്ടൊക്കെയോ പോകുന്നുണ്ട്.. എങ്ങോട്ടായിരിക്കും..??

കുറച്ചു കഴിഞ്ഞപ്പോള്‍ മുഖത്ത് നിറയെ ചിരിയുമായി സജീഷ് കയറി വന്നു..
ആക്കിയുള്ള അവന്‍റെ ചിരി കണ്ടത് കൊണ്ടു തന്നെ ഞാന്‍ അവനെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.. ഞാന്‍ പഴംപൊരിയില്‍ മാത്രം മൈന്‍ഡ് ചെയ്തു..
അവന്‍ എന്റടുത്തു വന്നിരുന്നു ഒന്ന് കൂടി ചിരിച്ചു..
"എന്താടാ കിളിക്കുന്നത് ??" ദേഷ്യത്തോടെ ചോദിച്ചു..
"പ്രകാശും സുനീറും വന്നില്ല അല്ലെ??"
"വന്നു..ഇവിടെ കുഴിച്ചിട്ടിരിക്കുവാ....മുളച്ചു വരുമ്പോള്‍ എടുത്തു തരാം.. "
അല്ല പിന്നെ.. വന്നില്ല എന്നറിഞ്ഞിട്ടും അവന്‍റെയൊരു ചോദ്യം..
അത് കേട്ടതും അവന്‍ ഒന്ന് നെടുവീര്‍പ്പെട്ടു.. പിന്നെ പതിയെ പറഞ്ഞു..
"ഇതാ ഈ പ്രേമം വന്നാലുള്ള കുഴപ്പം.."
ഞാന്‍ പഴംപൊരിയിലേക്ക് നോക്കി.. എന്‍റെ ആക്രാന്തം കണ്ടിട്ട് ഞാനും പഴംപൊരിയും തമ്മില്‍ പ്രേമമാണെന്നാണോ അവനുദേശിച്ചത്..??
"നീ പഴംപൊരിയിലേക്ക് നോക്കേണ്ട.. ഞാന്‍ പ്രകാശിന്റെയും സുനീറിന്റെയും കാര്യമാ പറഞ്ഞത്.. "
"പ്രകാശ്‌,സുനീര്‍,കാന്റീന്‍,പഴംപൊരി,പ്രേമം... അറിയാന്‍ വയ്യാത്തത് കൊണ്ടു ചോദിക്കുവാ., നീയിന്നു ഗുളിക കഴിച്ചില്ലേ??"
ഞാന്‍ സംശയത്തോടെ ചോദിച്ചു..
"ടാ.. ഞാന്‍ അതൊന്നുമല്ല പറഞ്ഞത്.. പ്രകാശും സുനീറും ഇപ്പൊ ക്ലാസ്സില്‍ ഇരിക്കുവാ.. "
അത് കേട്ടതും, കേള്‍ക്കാന്‍ പാടില്ലാത്തത് എന്തോ കേട്ടത് പോലെ ഞാന്‍ ഞെട്ടിതരിച്ചു നിന്നു..
ദൈവമേ.. പ്രകാശും സുനീറും ക്ലാസ്സില്‍ കേറിയെന്നു..
"നീയെന്തോക്കെയാടാ പറയുന്നത്??" ഞെട്ടല്‍ മാറാതെ ഞാന്‍ ചോദിച്ചു..
"അതേടാ.. അവരിപ്പോള്‍ സ്ഥിരമായി ഇംഗ്ലീഷ് ക്ലാസ്സില്‍ കയറാറുണ്ട്...."
അത് കൂടി കേട്ടപ്പോള്‍ ഞാന്‍ ഒന്ന് കൂടി ഞെട്ടി..
"അതെന്താ, ഇംഗ്ലീഷ് ഇപ്പൊ മലയാളത്തിലാണോ എടുക്കുന്നത്??"
"അതൊന്നുമല്ലടാ.. ഇംഗ്ലീഷ് ആവുമ്പോള്‍ കംബൈന്‍ ക്ലാസ്സ്‌ ആണല്ലോ..അവര്‍ രണ്ടും ബോട്ടണിയില്‍ പഠിക്കുന്ന രണ്ടു പേരെ പ്രേമിക്കുന്നുണ്ടല്ലോ.. അവരെ കാണാനാ അവര്‍ ക്ലാസ്സില്‍ കേറുന്നത്.."
"അത് ശരി.. അപ്പൊ ഇംഗ്ലീഷ്ന്‍റെ കുഴപ്പമല്ല, പ്രേമത്തിന്‍റെ കുഴപ്പമാ... അത് പൊളിക്കാന്‍ എന്താടാ ഒരു വഴി.."
അവരുടെ പ്രേമത്തില്‍ അസൂയ 'തെല്ലുമില്ലാതെ' ഞാന്‍ ചോദിച്ചു..
ഞങ്ങള്‍ ആലോചന തുടങ്ങി.. കാടുകള്‍ കയറി..
കാട് മലയിലേക്കു മാറി.. എന്നിട്ടും ഒരു വഴി മാത്രം തെളിഞ്ഞു വന്നില്ല..
കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു വഴി കിട്ടിയത് പോലെ സജീഷ് എന്‍റെ മുഖത്തേക്ക് നോക്കി..
"എന്താടാ?? പൊളിക്കാനുള്ള വഴി കിട്ടിയാ??" ആകാംഷയോടെ ഞാന്‍ ചോദിച്ചു..
"ടാ.. അവര്‍ പ്രേമിക്കുന്നതാണോ അതോ ക്ലാസ്സില്‍ കേറുന്നതാണോ നിന്‍റെ പ്രശ്നം??" അവന്‍ ചോദിച്ചു..
"എനിക്ക് കാന്റീനില്‍ കമ്പനി തരാതെ ക്ലാസ്സില്‍ കേറുന്നത് മാത്രമാ എന്‍റെ പ്രശ്നം.."
"എന്നാല്‍ പിന്നെ നിനക്ക് ക്ലാസ്സില്‍ കേറാനുള്ള വഴി നോക്കിയാല്‍ പോരെ???"
അവന്‍ അത് പറഞ്ഞപ്പോള്‍ ഒന്നും മനസിലാകാതെ ഞാന്‍ അവനെ തന്നെ നോക്കി..
എന്‍റെ നോട്ടം കണ്ടിട്ടാവണം, അവന്‍ ഒന്ന് കൂടി വിശദീകരിച്ചു..
"അവരുടെ പ്രേമം പൊളിക്കുന്നതിനെക്കാള്‍ നീ ഒരു പെണ്ണിനെ പ്രേമിക്കുന്നതല്ലേ നല്ലത് എന്ന്...."
ഞാന്‍ അവനെ പുച്ഛത്തോടെ നോക്കി..
എലിയെ കൊല്ലാന്‍ ഇല്ലം ചുടാന്‍ പറയുന്ന മഹാന്‍..!!!
"ഞാന്‍ കാര്യം പറഞ്ഞതാടാ.. നമ്മള്‍ ഒരു ലൈന്‍ പൊളിച്ചാല്‍ അവന്‍മാര്‍ വേറെ ഒമ്പത് ലൈന്‍ വലിക്കും.. പിന്നെ പൊളിക്കാന്‍ മാത്രമേ നമുക്ക് സമയം കിട്ടു..അതാ ഞാന്‍ പറഞ്ഞത്.."
"അതിനു പ്രേമിക്കാന്‍ പെണ്ണ് വേണ്ടേ ??" ഞാന്‍ ദയനീയമായി ചോദിച്ചു..
"ബോട്ടണി ക്ലാസ്സില്‍ ഒരു പെണ്ണുണ്ട്.. നിനക്ക് നന്നായി ചേരും.. "
ആ വാക്ക് എനിക്ക് നന്നേ ഭോദിച്ചു.. ഞാന്‍ എന്‍റെ മുന്നിലുണ്ടായിരുന്ന പഴംപൊരി പ്ലേറ്റ് അവന് മുന്നിലേക്ക്‌ നീട്ടി..
അവന്‍ പറഞ്ഞ വാചകം എന്നെ അത്രമാത്രം കുളിരണിയിച്ചു..
"ബോട്ടണി ക്ലാസ്സില്‍ ഒരു പെണ്ണുണ്ട്.. നിനക്ക് നന്നായി ചേരും.. "
"ബോട്ടണി ക്ലാസ്സില്‍ ഒരു പെണ്ണുണ്ട്.. നിനക്ക് നന്നായി ചേരും.. "
നീ പൊന്നപ്പനല്ലടാ.. തങ്കപ്പന്‍ തന്നെയാ..

അടുത്ത ഇംഗ്ലീഷ് ക്ലാസ്സ്‌ 12 മണിക്ക് ആരംഭിക്കും..
ആ ക്ലാസ്സില്‍ കേറി പെണ്ണുകാണല്‍ ചടങ്ങ് നടത്താം.
അത് കഴിഞ്ഞു ആലോചന, പിന്നെ നിശ്ചയം, അത് കഴിഞ്ഞു കല്യാണം..
ഞാന്‍ എല്ലാം മനസ്സാല്‍ ഉറപ്പിച്ചു..

അങ്ങനെ ഞങ്ങള്‍ ഇംഗ്ലീഷ് ക്ലാസ്സിലേക്ക്..
എന്‍റെ മനസ്സ് നിറയെ എങ്ങനെ ആ പെണ്ണിനെ വളച്ചെടുക്കും എന്ന ചിന്ത മാത്രം..
രണ്ടാം വര്‍ഷ പഠനം തുടങ്ങിയിട്ട് ആറ് മാസമായെങ്കിലും ഇത് രണ്ടാം തവണ മാത്രമാണ് ഞാന്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ കയറുന്നത്..
ഇതിനു മുമ്പ് കയറിയത് പ്രകാശിന് വേണ്ടിയായിരുന്നു, നവയുഗ ബീര്‍ബലിനു വേണ്ടി.. (വായിക്കാന്‍ നവയുഗ ബീര്‍ബലിന്റെ മുകളില്‍ ക്ലിക്ക് ചെയ്യുക..)

ക്ലാസ്സിലേക്ക് കയറും വഴി ഞാന്‍ പ്രേമിക്കാന്‍ പോകുന്ന പെണ്ണിനെ ഒന്ന് നോക്കി..
ഉം.. കൊള്ളാം..ഇത് മതി , ഇത് മതി.. (അഴകിയ രാവണനില്‍ ഇന്നസെന്‍റ് പറഞ്ഞത് പോലെ തന്നെ.. )
ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു..

സര്‍ ക്ലാസ്സ്‌ തുടങ്ങി..
സര്‍ ഏതോ ഭാഷയില്‍ എന്തോ പറയുന്നു.. കുറച്ചു പേര്‍ ഉറങ്ങുന്നു.. കുറച്ചു പേര്‍ ഇരുന്നു കൊണ്ട് സ്വപ്നം കാണുന്നു..
ഞാന്‍ എന്‍റെ പ്രേമഭാജനത്തെ(?) നോക്കുന്നു..
പെട്ടെന്ന് എന്തോ സംഭവിച്ചത് പോല്‍ ഉറങ്ങിയവര്‍ ചാടി എണീറ്റു..
"എന്താടാ കാര്യം??"
ഒന്നും മനസിലാകാതെ ഞാന്‍ പ്രകാശിന്റെ ചെവിയില്‍ ചോദിച്ചു..
"സര്‍ ചോദ്യം ചോദിക്കാന്‍ പോകുവാണെന്ന്.."
പടച്ചോനെ. പണി പാളി.. എന്നോട് മാത്രം ഒന്നും ചോദിക്കല്ലേ..
ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു..
സര്‍ ആദ്യത്തെ ചോദ്യത്തിലേക്ക്....
"എക്സ്പ്ലൈന്‍ എബൌട്ട്‌ കിംഗ്‌ ലിയര്‍..?? "
ആ ചോദ്യം എന്നോട് ചോദിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ കൊതിച്ചു പോയി..
കാരണം ഉത്തരം വളരെ സില്ലി..
"കിംഗ്‌ ലിയര്‍ ഈസ്‌ എ കിംഗ്‌.. "
പക്ഷെ ആ ചോദ്യം എന്നോട് ചോദിച്ചില്ല.. ചോദ്യം ഒരു പെണ്‍കുട്ടിയോട്..
ഉത്തരം കേട്ട ഞാന്‍ വാ പൊളിച്ചു നിന്നു പോയി...
ഉത്തരത്തിന്റെ മലയാളം ഇങ്ങനെ..
"കിംഗ്‌ ലിയര്‍ എന്നാല്‍ ഷേക്ക്‌സ്പിയര്‍ രചിച്ച ഇംഗ്ലീഷ് ഭാഷയെ വിപ്ലവാത്മകമായ മാറ്റത്തിലേക്ക് വഴി തെളിച്ചു വിട്ട, വേദനാജനകമായ നോവലിന്‍റെ ഭാഷകള്‍ക്കതീതമായ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാഹിത്യ സൃഷ്ടി " എന്ന്..
ആരാടാ ഈ ഷേക്ക്‌സ്പിയര്‍ എന്ന് അറിയാതെ ചോദിച്ചു പോയി..

ഇനി അടുത്ത ചോദ്യത്തിലേക്ക്..
"ഹു ഈസ്‌ കോര്‍ഡീലിയ??"
ചോദ്യം കേട്ടു വാ പൊളിച്ചു നിന്ന എന്നിലേക്ക്‌ തന്നെ സര്‍-ന്‍റെ വിരലുകള്‍ നീണ്ടു..
"എന്തോന്നാ??" അറിയാതെ ഞാന്‍ ചോദിച്ചു പോയി..
"ഹു ഈസ്‌ കോര്‍ഡീലിയ??" സര്‍ ഒന്ന് കൂടി ആവര്‍ത്തിച്ച്‌..
ആരാത്.. ഇതിനു മുമ്പ് അങ്ങനെ ഒരു സംഭവത്തെകുറിച്ച് ഞാന്‍ കേട്ടിട്ട് പോലുമില്ലല്ലോ..
കോര്‍ഡീലിയ കിംഗ്‌ ലിയര്‍-ന്‍റെ മൂന്നാമത്തെ സ്നേഹനിധിയായ മകള്‍ എന്ന ഉത്തരം പ്രതീക്ഷിച്ച സര്‍-ന്‍റെ മുന്നിലേക്ക്‌ എന്‍റെ ഉത്തരമെത്തി..
"കോര്‍ഡീലിയ എന്നാല്‍, ഇംഗ്ലീഷ് ഭാഷയെ വിപ്ലവാത്മകമായ മാറ്റത്തിലേക്ക് വഴി തെളിച്ചു വിട്ടതിനുശേഷം ഷേക്ക്‌സ്പിയര്‍ രചിച്ച രണ്ടാമത്തെ സാഹിത്യ സൃഷ്ടി"
ഠിം.. സര്‍-ന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു..
ക്ലാസ്സില്‍ സ്മശാന മൂകത.. എന്‍റെ ഉത്തരം എല്ലാരേയും അത്ഭുതപ്പെടുത്തിയിരിക്കുന്നു..
അതാണ് ഞാന്‍.. ക്ലാസ്സില്‍ കേറിയില്ലേലും എല്ലാ കാര്യത്തെക്കുറിച്ചും വ്യക്തമായ അറിവുണ്ടാകും..
എനിക്കെന്നോടു തന്നെ അസൂയ തോന്നി..
കുറച്ചു സമയത്തിന് ശേഷം സര്‍ സ്വഭോധം വീണ്ടെടുത്തു.. പിന്നെ പല്ല് കടിച്ചു കൊണ്ടു ചോദിച്ചു..
"എന്നാത്തിനാടാ നീയൊക്കെ കെട്ടി ഒരുങ്ങി ക്ലാസ്സിലേക്ക് കേറി വരുന്നത്??"
സര്‍ ഇത് ചോദിച്ചതും എന്‍റെ മനസ്സില്‍ ഒരു വലിയ ലഡ്ഡു പൊട്ടിതെറിച്ചു..
എങ്ങനെ എന്‍റെ പ്രണയം തുറന്നു പറയും എന്നാലോചിച്ചു നിന്ന എന്നോട് സര്‍ ചോദിച്ചിരിക്കുന്നു,
"എന്നാത്തിനാടാ നീയൊക്കെ കെട്ടി ഒരുങ്ങി ക്ലാസ്സിലേക്ക് കേറി വരുന്നത്??"
"പ്രേമിക്കാന്‍.."!!!!!
എന്‍റെ മറുപടി കേട്ടതോടു കൂടി ക്ലാസ്സ്‌ ഒന്ന് കൂടി നിശബ്ദമായി..
"എന്തോന്നാ??"
"സര്‍.. എനിക്കൊരു പെണ്ണിനെ ഇഷ്ടമാ.. ആ പെണ്ണിനെ കാണാനാ ഞാന്‍ ഈ ക്ലാസ്സിലേക്ക് വന്നത്.."
ഇത് കേട്ടതും ആണും പെണ്ണും ഉള്‍പ്പടെ എല്ലാവരും ചിരിക്കാന്‍ തുടങ്ങി..
കൂട്ടത്തില്‍ എന്‍റെ ഭാവി കാമുകിയും ചിരിക്കുന്നു.. അതെനിക്ക് സഹിച്ചില്ല..
"സര്‍.. അതാണ് ഞാന്‍ സ്നേഹിക്കുന്ന പെണ്ണ്.."
കിംഗ്‌ ലിയറിന്‍റെ പ്രേതം എന്‍റെ ശരീരത്തില്‍ കയറിയത് പോലെ ആ പെണ്‍കുട്ടിയെ ചൂണ്ടി ഞാന്‍ പ്രഖ്യാപിച്ചു..
എല്ലാ കണ്ണുകളും ആ പെണ്‍കുട്ടിയുടെ നേര്‍ക്ക്‌..
അവള്‍ വെടി കൊണ്ട പന്നിയെ പോലെ തരിച്ചു നിന്നു....
ഞാനിപ്പോഴും 'കിംഗ്‌ ലിയര്‍ ഞാന്‍ തന്നെ' എന്ന ഭാവത്തില്‍..
ഞാന്‍ ഒന്ന് കൂടി ആ പെണ്‍ കുട്ടിയെ നോക്കി.. അവളിപ്പോഴും വെടി കൊണ്ടത്‌ പോലെ തന്നെ..
"ശ്വാസം വിടൂ കുട്ടി.. ഇല്ലേല്‍ എനിക്ക് പ്രേമിക്കാന്‍ ആളെ കിട്ടില്ല" എന്നവളോട് വിളിച്ചു പറയാന്‍ തോന്നിപ്പോയി..
"പ്രേമം തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇനിയീ ക്ലാസ്സില്‍ വരരുത് കെട്ടാ..." സര്‍ ദയനീയമായി പറഞ്ഞു..
"ഇല്ല സര്‍, വരില്ല.. ഒരിക്കലും വരില്ല..."
സര്‍ ക്ലാസിനു പുറത്തേക്കു..


ക്ലാസ്സ്‌ കഴിഞ്ഞു.. ആള്‍ക്കൂട്ടവും ഒഴിഞ്ഞു..
ഇപ്പോള്‍ ക്ലാസ്സില്‍ ഞാനും അവളും മാത്രം.. അവള്‍ ഡെസ്കില്‍ തല വെച്ച് കിടക്കുകയാണ്...
കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ തല ഉയര്‍ത്തി..
അവള്‍ എന്‍റെ അടുത്തേക്ക് നടന്നു വരുന്നു..
"ദൈവമേ.. തല്ലു കൊള്ളുമോ???"
എന്നിലെ കിംഗ്‌ ലിയര്‍ ഓടി ഒളിച്ചു.. കാരണം തല്ലു കൊള്ളിത്തരമല്ലേ ഞാന്‍ ചെയ്തത്..
അവള്‍ എന്‍റെ അടുത്ത് വന്നു.. പിന്നെ പതിയെ ചിരിച്ചു..
ഒഹ്.. രക്ഷപ്പെട്ടു..
"കാര്യമായിട്ടും പറഞ്ഞതാണോ അത്... "
അവള്‍ നാണം കുണുങ്ങി കൊണ്ടു ചോദിച്ചു..
"അതേ.. " ഞാനും നാണത്തോടെ മറുപടി പറഞ്ഞു..!!!!
"എന്തിനാ ഇത്രേം പരസ്യമായി പറഞ്ഞത്??"
"നിന്നോടുള്ള സ്നേഹം എന്നെ അന്ധനാക്കി...അത്കൊണ്ടാ പരിസരം പോലും മറന്നു ഞാന്‍ ആ സത്യം വിളിച്ചു പറഞ്ഞത്.. ...നിന്നെ എനിക്ക് അത്രമാത്രം ഇഷ്ടമാ.. "
എവിടന്നു വന്നു ആവോ ആ വാക്കുകള്‍.. അല്ലേലും പ്രേമിച്ചു തുടങ്ങുമ്പോള്‍ വാക്കുകള്‍ (നുണകള്‍ എന്നും പറയാം) അണമുറിയാതെ പെയ്തു കൊണ്ടിരിക്കും..
"നിനക്കെന്നെ ഇഷ്ടമായോ??"
നഖം കടിച്ചു കൊണ്ടു ഞാന്‍ ചോദിച്ചു..
"ഇഷ്ടമൊക്കെ ആയി.. പക്ഷെ........ "
"പക്ഷെ?????? "
"വേറൊരാള്‍ കൂടി എന്നെ ഇഷ്ടമാ എന്ന് പറഞ്ഞു എന്‍റെ പിറകെ നടക്കുന്നുണ്ട്.. "
കര്‍ത്താവേ.. പ്രേമം തുടങ്ങും മുമ്പ് മത്സരം തുടങ്ങേണ്ടി വരുമോ..
"എനിക്കവനെ തീരെ ഇഷ്ടമല്ല... എങ്ങനേലും അവനെ ഒഴിവാക്കി തരണം.. " അവള്‍ പിന്നെയും തുടര്‍ന്നു..
"ആരാണാ അലവലാതി...........??"
ഞാന്‍ ജയനായി..
സോമനാവിതിരുന്നാല്‍ മതിയായിരുന്നു..
അവള്‍ അവന്‍റെ വിവരങ്ങള്‍ പറഞ്ഞു തന്നു..
"എന്താ.. അവന്‍റെ ശല്യം ഒഴിവാക്കി തരുമോ??" അവള്‍ ചോദിച്ചു..
"അത് ഞാന്‍ ഏറ്റു.. "
എന്നിലെ കിംഗ്‌ ലിയര്‍ വീണ്ടും ഉണര്‍ന്നു..
അവള്‍ ഒരു ചെറു ചിരിയും ചിരിച്ചു നടന്നു നീങ്ങി..

അവള്‍ പോയതും പ്രകാശ് എന്‍റെ അടുത്തേക്ക് ഓടി വന്നു..
"എന്തായെടാ?? വല്ലതും നടക്കുമോ??"
"ഞാന്‍ ക്യൂവിലാടാ "
അവന്‍ എന്‍റെ മുന്നിലും പിന്നിലും നോക്കി.. ഞാന്‍ ക്യൂവിലാണോന്നു നോക്കുവാ.. മണ്ടന്‍..!!!!!!!
ഞാന്‍ അവനെ കാര്യം പറഞ്ഞു മനസിലാക്കി കൊടുത്തു..
"അവനെ ഒഴിവാക്കാന്‍ എന്താടാ ഒരു വഴി.."
അവന്‍ കുറച്ചു സമയം ആലോചിച്ചു.. പിന്നെ പതിയെ പറഞ്ഞു..
"ഞാന്‍ ഒരു ഐഡിയ പറയട്ടെ..??"
അവന്‍ അത് ചോദിച്ചതും ഇതിനു മുമ്പ് അവന്‍ പറഞ്ഞ പല ഐഡിയകളും എന്‍റെ മനസിലുടെ ഓടി.. അത് കൊണ്ട് തന്നെ ഞാന്‍ പെട്ടെന്ന് തന്നെ മറുപടി നല്‍കി..
"വേണ്ട... നീ ഒന്നും പറയേണ്ട... "
"ഇല്ല.. ഞാന്‍ പറയും.."
"എന്നാല്‍ പറഞ്ഞു തൊലക്ക്.. "
"നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് വില്ല് വളക്കള്‍ മത്സരം നടത്തിയാലോ??"
"എന്തോന്നാ??"
"ടാ.. ശ്രീരാമന്‍ സീതയെ കെട്ടിയത് അങ്ങനെയൊരു മത്സരം നടത്തിയിട്ടാ...അത് പോലെ ഒരു മത്സരം.. വില്ലൊടിക്കല്‍ മത്സരം.."
"വില്ലല്ല.. നിന്‍റെ കാലാ ഓടിക്കേണ്ടത് തെണ്ടി.."
അത് കേട്ടതും അവന്‍ മിണ്ടാതിരുന്നു..

കുറച്ചു കഴിഞ്ഞും ഞാനും പ്രകാശും ചേര്‍ന്ന് ആ പയ്യനെ കാണാന്‍ പോയി..
ഷാനിയെ പ്രേമിക്കാന്‍ കിട്ടിയില്ലേല്‍ ഫായിസ് ആത്മഹത്യ ചെയ്തു കളയും എന്ന് വരെ പ്രകാശ്‌ പറഞ്ഞു..
ഒടുവില്‍ അവന്‍ എന്‍റെ അരികിലേക്ക് വന്നു..
"അല്ലേലും അവളെ ഞാന്‍ ഒഴിവാക്കാന്‍ പോകുവായിരുന്നു.. കാരണം ഇത്രേം നാള്‍ പിറകെ നടന്നിട്ട് അവള്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല.."
അത് കേട്ടപ്പോള്‍ എനിക്ക് സമാധാനമായി..
"പക്ഷെ അവളെ ഞാന്‍ മുഴുവനായും വിടണമെങ്കില്‍ നീ എന്നെ ഒന്ന് സഹായിക്കണം.. "
കുരിശ്.. എന്ത് സഹായമാണാവോ ??
"എനിക്ക് നീ വേറെ ഒരാളെ ലൈന്‍ ആക്കി തരണം.........നിനക്ക് ഭയങ്കര ധൈര്യമല്ലെ.. നീ വിചാരിച്ചാല്‍ നടക്കും.. "
എന്‍റെ പട്ടി വിചാരിക്കും എന്ന് പറയാനാ തോന്നിയത്.. പക്ഷെ പറഞ്ഞില്ല..
കാരണം ഞാനിപ്പോള്‍ ഒരു കാമുകനാണ്.. ഒരു കാമുകി സ്വന്തമായുള്ള കാമുകന്‍ ഒരു കാര്യം പറയുന്നതിന് മുമ്പ് പലതും ആലോചിക്കണം..
"പത്തു ദിവസത്തിനകം നീ ലൈന്‍ ആക്കി തന്നില്ലേല്‍ എന്ത് വില കൊടുത്തും നിന്‍റെ ലൈന്‍ ഞാന്‍ പൊളിക്കും.. "
അവന്‍റെ ഭീഷണി.... അല്ല.. അതൊരു ഭീഷണിയല്ല.. ഒരു നിരാശ കാമുകന്‍റെ രോദനം.. രോദനം.. രോദനം....
"എന്താ സമ്മതിച്ചോ??" അവന്‍ വീണ്ടും ചോദിച്ചു...
"സമ്മതിച്ചു.. കാരണം ഞാന്‍ അവളെ പ്രേമിച്ചു പോയില്ലേ.. "

ഒരാളെ പ്രേമിച്ചു തുടങ്ങുമ്പോള്‍ ഇതുവരെ ചെയ്യാത്ത പലതും ചെയ്യേണ്ടി വരും എന്ന് എവിടെയോ കേട്ടിട്ടുണ്ട്..
അനുഭവം കൊണ്ടു പറയുവാ..
അത് സത്യം തന്നെയാ.. കാരണം ഞാന്‍ ഇന്ന് മുതല്‍ അവന്‍റെ "പ്രേമബ്രോക്കര്‍" ആണ്....
ഇനി എന്തൊക്കെ ചെയ്യേണ്ടി വരുമോ ആവോ??.... !!!!!!!

Sunday, December 11, 2011

പ്രണയമായ്...




ചിലപ്പോഴൊക്കെ യാത്രകള്‍ ഓര്‍മപ്പെടുത്തലുകളാണ്.. നീറുന്ന വേദനകളുടെ ഓര്‍മപ്പെടുത്തലുകള്‍...
അങ്ങനെയൊരു യാത്രയിലാണ് ഞാന്‍..
ആളുകള്‍ കുറഞ്ഞ ബോഗിയില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം..
എനിക്കെതിര്‍വഷമായി ഇരിക്കുന്നത് ഏതോ ഒരപരിചിതന്‍.. നാല്‍പതു വയസ്സിനോടടുത്തു പ്രായം തോന്നും..
വിരസമായ യാത്ര അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍..
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഷെല്‍ഫില്‍ നിന്നും എടുത്ത പുസ്തകം ബാഗില്‍ ഇരിക്കുന്നത് ഇപ്പോഴാണോര്‍ത്തത് ..
പുസ്തകം പുറത്തെടുത്തു..
"ലോകപ്രശസ്ത പ്രണയ കാവ്യങ്ങള്‍.."
അതാണാ പുസ്തകത്തിന്‍റെ പേര്.. ആ പേര് കണ്ടിരുന്നെങ്കില്‍ അതെടുക്കില്ലായിരുന്നു..
കാരണം, മറക്കാന്‍ ശ്രമിക്കുന്ന ഓര്‍മകളെ കുത്തി നോവിച്ചേക്കാം ആ പുസ്തകം..
എങ്കിലും വായിക്കാതിരിക്കാനാവില്ല എനിക്ക്..
പലരും പ്രണയത്തെ കുറിച്ച് വാചാലരാകുന്നു..
"ഈ മഴ എന്‍റെ പ്രണയമാനെന്നും ഈ മഴത്തുള്ളികള്‍ എന്‍റെയും അവളുടെയും കണ്ണീരാണെന്നും" ഒരു കവി..
"പ്രണയത്തിനു വിരഹത്തിന്റെ കറുത്ത നിറം കൂടി ഉണ്ടെന്നു " വേറൊരാള്‍..
"പ്രണയത്തിനു പൂച്ചയുടെ പോല്‍ ഒമ്പത് ജന്‍മങ്ങളുണ്ടെന്നു " പറഞ്ഞത് പാബ്ലോ നെരൂദ.. പ്രണയം ഇനിയും പുനര്‍ജനിക്കും പോലും.. എന്തിനു?? വീണ്ടും വേദനിപ്പിക്കാനോ??
പലര്‍ക്കും പലതാണ് പ്രണയം.. എനിക്ക് വേദനയാണ് പ്രണയം..
ഞാനിപ്പോള്‍ വായിക്കുന്നത് ലോലയെ കുറിച്ചാണ്.. പദ്മരാജന്‍ പറഞ്ഞ ലോലയെ കുറിച്ച്..
"പ്രിയപ്പെട്ട ലോലാ, ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാക്കുക.. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.."
പ്രണയരാഹിത്യം മരണമാണെന്ന്...!!!

വായിക്കാന്‍ പാടില്ലായിരുന്നു ഈ പുസ്തകം..
കണ്ണുകള്‍ മുറുക്കെ അടക്കാന്‍ തോന്നുന്നു.. കണ്ണടച്ചിട്ടും മാഞ്ഞു പോകാതെ ഒരു മുഖം ഇപ്പോഴും കണ്മുന്നില്‍..
പറയേണ്ടതെല്ലാം പറഞ്ഞു തീരും മുമ്പേ മാഞ്ഞു പോയ ഒരു പെണ്‍കുട്ടിയുടെ മുഖം..
എന്‍റെ ഷാദിയയുടെ മുഖം..
സ്നേഹിക്കുന്ന മനസുകള്‍ക്കിടയില്‍ മനുഷ്യന്‍ മതില്‍ തീര്‍ത്തപ്പോള്‍, കണ്ണീര്‍ കൊണ്ടു കസവിന്‍റെ തട്ടം നനച്ചു പോയ പെണ്‍കുട്ടിയുടെ മുഖം..
അവള്‍ തിരിച്ചു വരുന്നതും കാത്തു അവള്‍ക്കായ്‌ പിറവിയെടുത്ത കവിതകളും ഹൃദയത്തോട് ചേര്‍ത്ത് കാത്തിരിക്കുകയാണ്‌ ഞാന്‍..

സമയം പിന്നെയും മുന്നോട്ടു..
കണ്ണ് തുറന്നപ്പോള്‍ എന്‍റെ അരികിലായ് ഒരു പെണ്‍കുട്ടി കൂടി ഇരിക്കുന്നുണ്ട്..
"ആ പുസ്തകം ഒന്ന് തരാവോ??"
ചോദിച്ചത് ആ അപരിചിതനാണ്... എന്‍റെ എതിര്‍വശത്തായി ഇരിക്കുന്ന അപരിചതന്‍..
മടി കൂടാതെ ആ പുസ്തകം ഞാന്‍ അയാള്‍ക്ക് നേരെ നീട്ടി..
അയാള്‍ വായിച്ചു തുടങ്ങി..
ഒരോ വരികള്‍ വായിക്കുമ്പോഴും അയാളുടെ ചുണ്ടുകളില്‍ ചിരി പടര്‍ന്നു കൊണ്ടേയിരുന്നു..
പ്രണയത്തെ പരിഹസിക്കുകയാണയാള്‍......

വായന അയാളും പാതി വഴിയില്‍ നിര്‍ത്തി...
"നല്ല പുസ്തകം.." പുസ്തകം എന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് അയാള്‍ പറഞ്ഞു..
ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു..
"പ്രണയിക്കുന്നുണ്ടോ???"
തീരെ അപ്രതീക്ഷിതമായ് അയാളെന്നോട് ചോദിച്ചു..
ഞാനെന്താണ് പറയേണ്ടത്..??
കാത്തിരിക്കാന്‍ പറഞ്ഞു എങ്ങോ മാഞ്ഞു പോയ പെണ്‍കുട്ടിയെ കുറച്ചു ഞാന്‍ പറയണോ??
അവള്‍ വരുന്നതും കാത്തു സ്വപ്നങ്ങളില്‍ ജീവിക്കുന്ന എന്നെ കുറിച്ച് പറയണോ??

ഇല്ല.. പറയുന്നില്ല.. കാരണം എന്‍റെ വേദന എന്‍റെ മാത്രം വേദനയാകട്ടെ..
ഞാന്‍ ഒന്നുകൂടി ചിരിച്ചു കാണിച്ചു..
അയാളും ചിരിച്ചു.. ഞാന്‍ ഒളിപ്പിച്ചു വെച്ച എന്‍റെ പ്രണയത്തെ പരിഹസിച്ചു കൊണ്ടുള്ള ചിരി...!!!
"ഇപ്പോഴത്തെ പ്രണയം എന്ത് പ്രണയം.. ഒരു ഫോണ്‍ വിളിയില്‍ തുടങ്ങി മറ്റൊരു വിളിയില്‍ ചരമ ഗീതം രചിക്കുന്ന 'ഡിസ്പോസ്സിബില്‍ പ്രണയം'.. "
അയാള്‍ ഒന്ന് കൂടി ചിരിച്ചു...
"എല്ലാ പ്രണയവും അങ്ങനെയാണെന്ന് പറയരുത്.. കാരണം പ്രണയത്തെ ജീവനെ പോല്‍ സ്നേഹിക്കുന്നവരും ഉണ്ട്..അത് കൊണ്ടു തന്നെയാവാം പ്രണയം നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് ജീവനും നഷ്ടപ്പെടുന്നത്.. "
ഞാന്‍ പറഞ്ഞു നിര്‍ത്തി..
"അതും ശരിയാണ്.. പ്രണയം ജീവന്‍ തന്നെയാണ്.. അങ്ങനെയുള്ള ഒരു കഥ ഞാന്‍ പറയട്ടെ??"
അയാള്‍ ചോദിച്ചു..
കഥകള്‍ ഇഷ്ടപ്പെടുന്ന ഞാന്‍ എങ്ങനെയാ വേണ്ട എന്ന് പറയുക..
കഥ കേള്‍ക്കാന്‍ എന്‍റെ അരികിലായ് ഇരിക്കുന്ന പെണ്‍കുട്ടിയും തയ്യാറായി എന്ന് തോന്നുന്നു..
അവള്‍ ചെവിയില്‍ തിരുകിയ ഇയര്‍ഫോണ്‍ എടുത്തു മാറ്റി..
"ഒരു വാരികയില്‍ വായിച്ച, ഒരു ഡോക്ടര്‍ എഴുതിയ അയാളുടെ ജീവിതകഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്.. "

ആ കഥ പറയുന്നതിന് മുമ്പ് ഒരു കുമ്പസാരം..
ഒരാളുടെ ജീവിത കഥ വായിച്ചൊരാള്‍ പറഞ്ഞു തന്ന കഥ ഞാന്‍ പകര്‍ത്തി എഴുതുകയാണ്..
അത് കൊണ്ടു തന്നെ വാക്കുകളുടെ തീവ്രത നഷ്ടപ്പെട്ടേക്കാം.. എങ്കിലും എനിക്ക് എഴുതാതിരിക്കാന്‍ വയ്യ..
ഇനി ഞാന്‍ പറയുന്ന കഥയില്‍ ഞാനില്ല, എന്നോട് കഥ പറയുന്ന അപരിചിതനില്ല,പിന്നെ ആ പെണ്‍കുട്ടിയുമില്ല..

കഥ തുടങ്ങുന്നു..
നഗരത്തിലെ പ്രശസ്തനായ ഡോക്ടറുടെ മുറിയിലേക്ക്‌ ഒരു ദിവസം രാവിലെ ഒരു ചെറുപ്പക്കാരന്‍ കയറി വന്നു..
ഡോക്ടര്‍ അവന്‍റെ പേര് ചോദിച്ചു..
"സമീര്‍,വയസ്സ് 27 .."
"എന്താ അസുഖം??" ഡോക്ടര്‍ ചോദിച്ചു..
അവനൊന്നും മിണ്ടിയില്ല.. ഡോക്ടറുടെ മുന്നില്‍ ഒരു നിസഹായനെ പോലെ അവന്‍ ഇരുന്നു..
"എന്താ സമീറിന്‍റെ അസുഖം എന്ന് " ഡോക്ടര്‍ വീണ്ടും ചോദിച്ചു..
അവന്‍ കയ്യിലുണ്ടായിരുന്ന ഒരു കുറിപ്പ് ഡോക്ടറുടെ മുന്നിലേക്ക്‌ നീട്ടി..
വേറൊരു ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പാണത്..
അത് വായിച്ച ഡോക്ടര്‍ സമീറിന്‍റെ മുഖത്ത് ഒന്ന് കൂടി നോക്കി..
കാലത്തിന്‍റെ കണക്കു പുസ്തകം ഇനി വെറും മൂന്നു മാസം കൂടിയാണ് സമീറിന് വേണ്ടി നീക്കി വെച്ചിരിക്കുന്നത്..
അര്‍ബുദം കാര്‍ന്നു തിന്നുന്ന ജീവനുമായി ജീവിക്കുന്ന അനേകം പേരില്‍ ഒരാള്‍...
ഡോക്ടര്‍ അവനെ വിശദമായി ഒന്ന് കൂടി പരിശോധിച്ചു...
ദിവസേനയുള്ള മരുന്നുകളും കുത്തി വെപ്പുകളും ഉണ്ടെങ്കില്‍, പിന്നെ ദൈവവും കനിഞ്ഞാല്‍ മൂന്നു മാസം കൂടി.. പരമാവധി മൂന്നു മാസം..
ഡോക്ടര്‍ അവന്‍റെ കണ്ണുകളില്‍ മരണത്തിന്റെ ഭീതി കണ്ടു..
മരിക്കാന്‍ ആര്‍ക്കാണ്‌ ഭയമില്ലാത്തത്??
മരിക്കുന്നതിനെക്കാള്‍ അവനു ഭയം ആശുപത്രി കിടക്കയില്‍ അവനെ കാത്തിരിക്കുന്ന ഏകാന്തതയാണ് എന്നറിഞ്ഞ ഡോക്ടര്‍ ദിവസവും ഡോക്ടറുടെ വീട്ടില്‍ ചെന്ന് കാണാനുള്ള അവസരം നല്‍കി..
മരണം കാത്തിരിക്കുന്ന രോഗിക്ക് ഒരു ഡോക്ടര്‍ നല്‍കുന്ന ദയ..

അവിടെ അവനെ കാത്തിരിക്കുന്നതെന്താണ്??

പിറ്റേന്ന് മുതല്‍ സമീര്‍ ഡോക്ടറുടെ വീടിലേക്ക്‌ പോയി തുടങ്ങി..
മരുന്നുകളും കുത്തിവെപ്പും അവിടെ വെച്ച്..
അവിടെ വെച്ചാണവന്‍ അവളെ പരിചയപ്പെടുന്നത്..
അവള്‍ പ്രിയ.. ഡോക്ടറുടെ ഏക മകള്‍..
ഡോക്ടറെ കാത്തിരിക്കുന്നതിനിടയില്‍ അനുഭവപ്പെട്ട ശൂന്യത അവള്‍ നികത്താന്‍ തുടങ്ങി..
അവര്‍ കഥകളും കവിതകളും പങ്കുവെച്ചു....
പിന്നീടെപ്പോഴോ.. അവളില്‍ പ്രണയത്തിന്‍റെ നിശാഗന്ധി പൂത്തു..
ആ പ്രണയം അവള്‍ അവനു മുന്നില്‍ തുറന്നു..
അവനിഷ്ടമായിരുന്നു,അവള്‍ക്കു മുന്നില്‍ വചാലമാകുന്ന മിഴികളും,മൊഴികളും.........
പക്ഷെ അവള്‍ക്കു മുന്നില്‍ അവന്‍ മൌനിയായി..
അവനെ കാത്തിരിക്കുന്ന മരണമെന്ന സത്യത്തെ കുറിച്ചവന്‍ അവളോട്‌ ആദ്യമായി പറഞ്ഞു..
മരണം കാത്തിരിക്കുന്നവന് ജീവിതത്തെയല്ലാതെ വേറെ എന്തിനെയാണ് പ്രണയിക്കാന്‍ പറ്റുക???

പക്ഷെ പ്രിയ സമീറിനെ പ്രണയിച്ചു കൊണ്ടേയിരുന്നു..
പിന്നീടെപ്പോഴോ അവന്‍ അവളെയും സ്നേഹിച്ചു തുടങ്ങി..
എല്ലാം അറിഞ്ഞ ഡോക്ടര്‍ ഒന്നും എതിര്‍ത്തില്ല..
വിധി ക്രൂരത കാട്ടിയവനോട് ഒരു ഡോക്ടര്‍ കൂടി എങ്ങനെയാണു ക്രൂരത കാട്ടുക??

അങ്ങനെ മാസങ്ങള്‍ പിന്നെയും ഒഴുകി..
മൂന്നു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിക്കേ അവശനായി സമീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു..
ഡോക്ടര്‍ അവനെ പരിശോധിച്ചു..
ഇനി രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടി..
അതിനുള്ളില്‍ സമീര്‍ ഇവിടെ ജീവിച്ചിരുന്നവരില്‍ ഒരുവന്‍ മാത്രമാകും..
മരണക്കിടക്കയില്‍ പ്രിയ അവനോടു ചേര്‍ന്നിരുന്നു..
ഒരിക്കല്‍ അവന്‍ പറഞ്ഞു..
"നിന്നെ കണ്ടു മുട്ടുന്നത് വരെ മരിക്കാന്‍ എനിക്ക് ഭയമില്ലായിരുന്നു.. പക്ഷെ മരിക്കാതിരുന്നെങ്കില്‍ എന്നിപ്പോള്‍ ആഗ്രഹിച്ചു പോകുന്നു..നിന്നെ പ്രണയിച്ചു കൊതി തീരുന്നില്ലല്ലോ.. "
അതും പറഞ്ഞു അവന്‍ കരഞ്ഞു.. അവളും കരഞ്ഞു..
അവള്‍ അവന്‍റെ നെറുകയില്‍ ഉമ്മ വെച്ചു..

ദിവസങ്ങള്‍ പിന്നെയും ഒഴുകി..
സമീര്‍ മരിച്ചില്ല.. ശാസ്ത്രത്തെ വിസ്മയിപ്പിച്ചു സമീര്‍ പിന്നെയും ജീവിതത്തിലേക്ക് വന്നു..
ഡോക്ടര്‍മാര്‍ ദൈവത്തിന്‍റെ കാരുണ്യം എന്ന് മാത്രം പറഞ്ഞു..
സമീര്‍ പിന്നെയും മാസങ്ങള്‍ ജീവിച്ചു.. അത്രയും നാള്‍ അവന്‍ പ്രിയയെ സ്നേഹിച്ചു കൊണ്ടേയിരുന്നു...
പക്ഷെ.......
അവരുടെ മനസുകള്‍ക്കിടയില്‍ മനുഷ്യര്‍ പിന്നെയും മതിലുകള്‍ തീര്‍ത്തു..
മതത്തിന്‍റെ,പണത്തിന്‍റെ,പാരമ്പര്യത്തിന്റെ മതിലുകള്‍...

ഒരച്ചന്‍ മകളുടെ ഭാവിക്ക് വേണ്ടി സമീറിനോട് കേഴ്ന്നു..
ഒരിക്കല്‍ തന്‍റെ ജീവിതം തിരിച്ചു നല്‍കിയ ഡോക്ടറോട് അവന്‍ തെറ്റ് ചെയ്യുന്നതെങ്ങനെ...
പ്രിയയുടെ കണ്ണീരിനെ സാക്ഷിയാക്കി അവന്‍ നടന്നകന്നു..
അവളുടെ കണ്ണീര്‍ അന്ന് രാത്രി മഴയായ് പെയ്തിറങ്ങി..
ആ മഴയില്‍ സമീര്‍ കുഴഞ്ഞു വീണു.. അവന്‍ കാലത്തിന്‍റെ കണക്കു പുസ്തകത്തിലേക്ക്..
പ്രണയം നീട്ടി തന്ന ജീവിതം പ്രണയം തിരിച്ചെടുത്തതാണോ ??

ഇപ്പോഴും നഗരത്തിലെ വലിയ ആശുപത്രിയില്‍ തോരാത്ത കണ്ണുനീരും ബാക്കി വെച്ച്‌ ആ ഡോക്ടര്‍ ഇരിപ്പുണ്ട്..
അതേ ആശുപത്രിയിലെ ഇരുള്‍മുറിയിലെ ഇരുമ്പഴിക്കുള്ളില്‍ ,സ്നേഹിച്ചു കൊതി തീരാത്ത മനസുമായ് സമീറിനെയും കാത്തു അവളുമുണ്ട്..
അവന്‍റെ കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു...


അപരിചിതന്‍ കഥ പറഞ്ഞു നിര്‍ത്തി..
ഒരുതുള്ളി കണ്ണീരായ് സമീറും പ്രിയയും എന്‍റെയുള്ളില്‍...
അപരിചിതന്‍ വീണ്ടും തുടര്‍ന്നു..
"മൂന്നു മാസം മാത്രം മെഡിക്കല്‍ സയന്‍സ് ജീവിതം നല്‍കിയ സമീറിനെ പിന്നെയും ജീവിപ്പിച്ചത് എന്തായിരിക്കും ഫായിസ് ? "
ഞാനെന്താണ് പറയേണ്ടത്?? പ്രണയമെന്നോ?? അതോ ദൈവത്തിന്‍റെ വിധിയെന്നോ??
സമീറിന്‍റെ ജീവിതം സാക്ഷിയാക്കി എന്തിനെയാണ് ഞാന്‍ പഴി പറയേണ്ടത്??
ജീവിച്ചു കൊതി തീരാത്ത സമീറിന് മുന്നില്‍ പ്രതീക്ഷയുടെ കിരണമായ് പെയ്ത പ്രണയത്തെയോ??
അതോ പ്രണയിച്ചു കൊതി തീരാത്ത മനസുകള്‍ക്കിടയില്‍ മതില്‍ തീര്‍ക്കുന്ന മനസുകളെയോ??
അറിയില്ല..
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ പെരുമഴ തന്നെയാണ് പ്രണയം.....


ചോദ്യങ്ങള്‍ പിന്നെയും ഉയര്‍ന്നു കൊണ്ടേയിരുന്നു...
"മൂന്നു മാസം മാത്രം മെഡിക്കല്‍ സയന്‍സ് ജീവിതം നല്‍കിയ സമീറിനെ പിന്നെയും ജീവിപ്പിച്ചത് എന്തായിരിക്കും?? "
എനിക്കുത്തരമില്ല..
ഒന്നും പറയാതെ ഞാന്‍ എന്‍റെ അരികില്‍ നിന്ന പെണ്‍കുട്ടിയെ നോക്കി..
അവള്‍ മൊബൈലില്‍ ഏതോ നമ്പര്‍ തിരയുകയാണ്..
നഷ്ടപ്പെട്ട അവളുടെ പ്രണയമാണോ അവള്‍ തിരയുന്നത്??
അത് തിരിച്ചു പിടിക്കാനുള്ള വെമ്പലാണോ അവളില്‍??

ഒരിക്കലും തിരിച്ചു പിടിക്കാന്‍ പറ്റാതെ എന്നില്‍ നിന്നും അകന്ന എന്‍റെ പ്രണയം എനിക്ക് തിരിച്ചു കിട്ടുന്നതെങ്ങനെ??
എന്‍റെ കയ്യിലെ പുസ്തകത്തിലെ വരികള്‍ എന്നെ വിളിക്കുകയാണ്‌.. പദ്മരാജന്‍ പറഞ്ഞ വാക്കുകള്‍...
ആ വരികള്‍ ഞാനും ഏറ്റു വിളിക്കുകയാണ്‌..
"പ്രിയപ്പെട്ട ഷാദീ , ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാക്കുക.. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.."

Tuesday, December 6, 2011

ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്- രണ്ടാം ഭാഗം..


ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്- രണ്ടാം ഭാഗം..
ഇത് ഒരു രണ്ടാം ഭാഗമാണ്...ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗമല്ല.. സഹമുറിയനെന്ന ബ്ലോഗ്ഗിന്റെ രണ്ടാം ഭാഗം..
സഹമുറിയനെ അടുത്തറിഞ്ഞില്ലാത്തവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക...

സഹമുറിയെനെന്നാല്‍....

കഥ : ഫിറോസ്‌ കണ്ണൂര്‍.
തിരക്കഥ: പ്രകാശ്‌
സംവിധാനം: ഷിനോജ്

ബാക്കി സ്ക്രീനില്‍..
സാജിനെ എങ്ങനെ ഒഴിവാക്കണം എന്ന് ഞങ്ങള്‍ തല പുകഞ്ഞാലോചിക്കാന്‍ തുടങ്ങി..
തലയില്‍ നിന്നും തീയും പുകയും വന്നതല്ലാതെ ഞങ്ങളുടെ തലയില്‍ ഒരു വഴിയും തെളിഞ്ഞു വന്നില്ല..

അങ്ങനെ മറ്റൊരു ദിവസം,,
റൂമില്‍ ഞാനും പ്രകാശും ഷിനോജും..
ടീവിയില്‍ സിനിമ വെച്ചിട്ടുണ്ടെങ്കില്‍ പോലും ഞങ്ങളുടെ ആലോചന മുഴുവന്‍ സാജിനെ എങ്ങനെ നാട് കടത്തും എന്നതിനെ കുറിച്ച് തന്നെ..
പൊടുന്നനെ, എന്തോ കണ്ടു പിടിച്ചത് പോലെ ഷിനോജ് ചാടി എണീറ്റു..എന്നിട്ട് വിളിച്ചു പറഞ്ഞു,
"യുറേക്ക.."
"ആരാന്നാ??"
"അവനെ പുറത്താക്കാന്‍ ഒരു വഴി കിട്ടിയെന്നു.."
"എന്ത് വഴി??" ഞാനും പ്രകാശും ഒരുമിച്ച് ചോദിച്ചു..
പക്ഷെ അതിനു മറുപടി തരാതെ അവന്‍ സിനിമ കാണുന്നു..
കുറച്ചു നേരം അവന്റെ മുഖത്ത് നോക്കി നിന്ന ഞങ്ങള്‍ക്ക് കലി കയറി..
"എന്ത് വഴിയാണെന്ന് പറയെടാ തെണ്ടീ....................." ഞാന്‍ അലറി..
"അതാട ടീവിയില്‍ ഇപ്പൊ കണ്ടു കൊണ്ടിരിക്കുന്നത്.."
അവന്‍ അത് പറഞ്ഞതും ഞാനും പ്രകാശും ടീവിയിലേക്ക് നോക്കി...

ടീവിയില്‍ "ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്" എന്ന മോഹന്‍ലാല്‍ സിനിമ....
വീട്ടില്‍ വലിഞ്ഞു കേറി വന്ന മോഹന്‍ലാലിനെ ഒഴിവാക്കാന്‍ ശ്രീനിവാസന്‍ പ്രയോഗിക്കുന്ന വഴി..
അതേ.. ആ വഴി തന്നെയാണ് ഇനി ഞങ്ങളുടെയും വഴി..
സിനിമയില്‍ ആ വഴി ചീറ്റി പണ്ടാരമടങ്ങുന്നത് കണ്ടു എന്റെ സന്തോഷത്തില്‍ ഒരല്‍പം കുറവ്,,
"അളിയാ.. ഐഡിയ സിനിമയിലെത് ചീറ്റിപ്പോകുമോ???" ഞാന്‍ ചോദിച്ചു..
"ഹേ.. ഇല്ലട.. ഇത് സിനിമയല്ലേ.. ജീവിതത്തില്‍ ഈ ഐഡിയ ഏക്കും"
ഷിനോജ് തറപ്പിച്ചു പറഞ്ഞു..
ഇതനുസരിച്ച് ഞങ്ങള്‍ തിരക്കഥ തയ്യാറാക്കി..
ഒരിക്കലും ചീറ്റിപ്പോകാന്‍ പാടില്ലാത്ത ഒരുഗ്രന്‍ തിരക്കഥ..

ആ തിരക്കഥ ഞാന്‍ വിശദീകരിച്ചു....
ഇന്ന് അവന്‍ വന്നു കയറിയ ഉടനെ,നമ്മള് മൂന്നു പേരും നിരാശരായി ഇവിടെ ഇരിക്കുക.. അപ്പോള്‍ അവന്‍ കാര്യം അന്വേഷിക്കും..
മൂന്നു പേരും എറണാകുളം ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു പോകുന്നു എന്ന് വ്യസനസമേതം സാജിനെ അറിയിക്കുക....
അടുത്ത വെള്ളിയാഴ്ച അത്യാവശ്യം ഡ്രസ്സ്‌ എടുത്തു ബാക്കി സാജ് കാണാതെ ഒളിപ്പിച്ചു വെച്ചതിനു ശേഷം നാല് പേരും റൂം വിടുന്നു..
(സാജിനെ കെട്ടിപ്പിടിച്ചു കരയാന്‍ മറക്കരുത്..)
കലേഷിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു റൂം സങ്കടിപ്പിക്കുന്നു..
അവിടെ ഒരാഴ്ചത്തെ സുഖവാസം ..അപ്പോഴേക്കും സാജ് വേറെ റൂം സങ്കടിപ്പിച്ചു അവിടെ താമസം തുടങ്ങിക്കാണും..
ഒരാഴ്ച കഴിഞ്ഞു ഞങ്ങള്‍ വീണ്ടും റൂമിലേക്ക്‌..
പിന്നെ ഓണറുടെ ഉറക്കം കെടുത്തി സുഖ ജീവിതം വീണ്ടും....
തിരക്കഥ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.. വാട്ട്‌ അന്‍ ഐഡിയ..!!!!!!!!!!


അങ്ങനെ സാജ് വരുന്നതും കാത്തു ഞങ്ങള്‍ വരാന്തയില്‍..
ഒരല്‍പം കഴിഞ്ഞപ്പോള്‍ കയ്യില്‍ ചെരുപ്പുമായി സാജ് കയറി വരുന്നു..
"എന്തിനാടാ ചെരുപ്പ് കയ്യില്‍ വെച്ചിരിക്കുന്നത്??"
കണ്ട ഉടനെ സംശയം അടക്കവയ്യാതെ ഞാന്‍ ചോദിച്ചു..
"രാത്രി ആര് കാണാനാ. കയ്യില്‍ വെച്ചാല്‍ ചെരുപ്പ് തേഞ്ഞു പോവില്ലല്ലോ.. അത് കൊണ്ടാ.."
ദൈവമേ.. ഇത്രേം ബുദ്ധി ആര്‍ക്കും കൊടുക്കല്ലേ....
ഞാന്‍ മനസുരകി പ്രാര്‍ത്ഥിച്ചു..
ഇനി ഞങ്ങളുടെ തിരക്കഥയിലേക്ക്..
മുന്‍കൂട്ടി തയ്യാറാക്കി വെച്ച പൊസിഷനില്‍ ഞാനും പ്രകാശും ഷിനോജും സ്ഥാനമുറപ്പിച്ചു..
ഞങ്ങള്‍ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു..
റൂം മുഴുവന്‍ ശോകമൂകം..
ഏതു നിമിഷവും കരയും എന്ന രീതിയില്‍ ഞങ്ങള്‍ മൂന്നു പേര്‍..
ഇതൊന്നും ശ്രദ്ദിക്കാതെ ടീവിയില്‍ പാചക രംഗം കാണുന്ന സാജ്..

സമയം കടന്നു പോയി..
ഞങ്ങള്‍ വിദൂരതിയിലേക്ക് നോക്കി ഇരിക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറായി..
സാജ് ഒന്ന് മൈന്‍ഡ് ചെയ്യുന്നത് പോലുമില്ല..
"എന്താ കാര്യം എന്ന് ചോദിക്കെടാ തെണ്ടീ " എന്ന് വിളിച്ചു പറയാന്‍ തോന്നി..
പക്ഷെ ചോദിച്ചില്ല..
സമയം പിന്നെയും നീങ്ങി..
ഞങ്ങള്‍ വിദൂരതയില്‍ നോക്കി നില്ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മണിക്കൂറില്‍ കൂടുതലായി..
ഈ നില്‍പ്പ് തുടര്‍ന്നാല്‍ നാളെ രാവിലെ വരെ ഇതേ നില്‍പ്പ് നില്‍ക്കുന്നതല്ലാതെ വേറെ കാര്യമൊന്നുമില്ല എന്ന് മനസിലാക്കിയ ഞാന്‍ തിരക്കഥയില്‍ മാറ്റം വരുത്തി..
സംഭാഷണത്തിലും..
"നീ വിഷമിക്കാതെടാ ഷിനോജ്.. വിധി എന്ന് സമാധാനിക്ക്..."
വേദന കടിച്ച്‌ പിടിച്ചു ഞാന്‍ പറഞ്ഞു..
അത് കേട്ടതും ശിനോജിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പ്രവഹിച്ചു..
"കണ്ണുനീര്‍ വേസ്റ്റ് അയാളും കുഴപ്പമില്ല, സാജ് ഒഴിവായാല്‍ മതി.."
അത്രമാത്രമേ അവന്‍ ആ സമയം വിചാരിച്ചു കാണു....

ഇതൊക്കെ കേട്ട സാജ് പതിയെ എഴുന്നേറ്റു ഞങ്ങളുടെ അടുത്തേക്ക് വന്നു..
അവന്‍ ഷിനോജിന്റെ തോളില്‍ കയ്യിട്ടു..
പിന്നെ അവനും കരയാന്‍ തുടങ്ങി..!!!!!
"അതെന്തിന്????????"
ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ച് അവനെ നോക്കി..
"എന്തിനാടാ നീ കരയുന്നത്??"
ഞാന്‍ സാജിനോട് ചോദിച്ചു..
"ഷിനോജിനെ അവള്‍ ചതിച്ചു അല്ലെ?? ഇവന്‍ അതമഹത്യ ചെയ്യാന്‍ പോകുവാണെന്ന് മനസിലായി.. അതോര്‍ത്തപ്പോള്‍.... "
"എഹ്.. അവള്‍ ശിനോജിനെ ചതിച്ചോ?? അത് ഞാനറിഞ്ഞില്ലല്ലോ.. ദൈവമേ.. "
പ്രകാശ്‌ നെടുവീര്‍പ്പെട്ടു..
"ബുദ്ധിയില്ലാത്ത അവന്‍ എന്തേലും പറയുന്നത് കേട്ടു വെറുതെ നെടുവീര്‍പ്പെടാതെടാ ...... "
ഞാന്‍ പ്രകാശിനോടു പറഞ്ഞു..
"അവള്‍ എന്നെ ചതിച്ചതൊന്നുമല്ല.. " ഷിനോജ് കണ്ണീര്‍ തുടച്ചു പറഞ്ഞു..
"പിന്നെന്തിനാ നീ കരഞ്ഞത്??" സാജും കണ്ണീര്‍ തുടച്ചു കൊണ്ടു ചോദിച്ചു..
"നമ്മളിത്രേം നാളും ഒരു പായില്‍ കിടന്നു, ഒരു പാത്രത്തില്‍ ഉണ്ട് ഇങ്ങനെ ജീവിച്ചതല്ലേ.. അതിനി ഇല്ലല്ലോ എന്നോര്‍ത്ത് കരഞ്ഞതാ.."
"എഹ്.. നമ്മുടെ പാത്രത്തിനും പായക്കുമൊക്കെ എന്ത് പറ്റി??!!!!!!! " അവന്‍ വേവലാതിയോടെ ചോദിച്ചു..
പായേം പാത്രോം പട്ടി കൊണ്ടു പോയി.. അല്ല പിന്നെ...
"ടാ.. പാത്രത്തിനും പായക്കുമൊക്കെ ഒന്നും പറ്റിയില്ല.. ഞങ്ങള്‍ മൂന്നു പേരും എറണാകുളം വിടുവാ.. അതാ പറഞ്ഞത്.. "
ദേഷ്യം കടിച്ചുപിടിച്ചു വീണ്ടും ഷിനോജ് പറഞ്ഞൊപ്പിച്ചു..
"നിങ്ങള്‍ എങ്ങോട്ട് പോകുന്നെന്നാ .. ??"
അത് കേട്ടപ്പോള്‍ ഷിനോജ് ഒന്ന് കൂടി വിതുമ്പി..
അവന്‍ ഡയലോഗ് മറന്നു പോയതാവും എന്ന് കരുതി ഞാന്‍ കേറി ഉത്തരം കൊടുത്തു..
"എറണാകുളം ജീവിതം മടുത്തു.. ഇനി ഞങ്ങള്‍ നാട്ടില്‍ പോയി സെറ്റിലാവാന്‍ തീരുമാനിച്ചു.."
"നാട്ടില്‍ അതിനു എന്ത് പണിയാ ഉള്ളത് നിനക്കൊക്കെ??"അവനു സംശയം..
"ഞാന്‍ വല്ല കോഴി കച്ചവടോം തുടങ്ങാന്‍ പോകുവാ.." പ്രകാശ്‌ പറഞ്ഞു..
"സിവില്‍ എഞ്ചിനീയറിംഗ് വിട്ടിട്ടു കോഴിക്കച്ചവടം തുടങ്ങാന്‍ പോകുന്നോ?? നിനക്കെന്താടാ പ്രാന്തോ??? "
"സിവില്‍ എഞ്ചിനീയറിംഗ് ഒക്കെ ഇപ്പൊ ഭയങ്കര നഷ്ടത്തിലാണ്.."
"ഞാന്‍ അതറിഞ്ഞില്ലല്ലോ.." എന്നായി അവന്‍റെ സംശയം..
നിന്നോട് പറയാന്‍ മറന്നതാകും.. അല്ല പിന്നെ..!!!!!
പക്ഷെ അവന്റെ സംശയത്തിനു ആരും മറുപടി പറഞ്ഞില്ല..

അവന്‍ പിന്നെ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു..
"നീയും കോഴിക്കച്ചവടം തന്നെ തുടങ്ങാനുള്ള പരിപാടിയാണോ??"
"ഹേയ് അല്ല.. ഞാന്‍ മീന്‍ കച്ചവടം തുടങ്ങിയാലോ എന്നാലോചിക്കുന്നത്.. അതാ ലാഭം... "
ഞാന്‍ അത് പറഞ്ഞപ്പോള്‍ അവന്‍ കണ്ണ് മിഴിച്ചു എന്നെ നോക്കി..
"അപ്പൊ നീയോടാ ശിനോജെ?"
"ഞാന്‍ എന്റെ അപ്പന്റെ സ്ഥലം നോക്കി നടത്താന്‍ തീരുമാനിച്ചു.."
"ആഹാ.. നിന്‍റെ അപ്പന് സ്ഥലമൊക്കെ ഉണ്ടോ?? എത്ര ഏക്കര്‍ കാണും??"
"ഒരു പത്തു പതിനഞ്ചു സെന്‍റ് കാണും.. "
"ആഹാ.. അപ്പൊ ഒരൊറ്റ സ്ഥലത്ത് നിന്നും ചുറ്റും നോക്കിയാല്‍ മതിയല്ലോ..!!!!!! കഷ്ടം... ദൈവമേ.. മൂന്നു പേര്‍ക്കും ഒരുമിച്ചു വട്ടാവാന്‍ വട്ട് പകര്ചാവ്യാദിയാണോ ?"
"ആവാന്‍ വഴിയുണ്ട്.. നീ ഇവിടെ വന്നതിനു ശേഷമാ ഞങ്ങള്‍ ഇങ്ങനെ ആയത്..." എന്റെ മറുപടി..
പിന്നെ കുറച്ചു നേരത്തേക്ക് റൂമില്‍ ആരും മിണ്ടിയില്ല..

"എന്നാ പിന്നെ ഈ വെള്ളിയാഴ്ച നമുക്ക് റൂം ഒഴിയാം എന്താ??"
ഞാന്‍ എല്ലാവരോടുമായി ചോദിച്ചു..
"ആയിക്കോട്ടെ.."
ചോദ്യം തീരേണ്ട താമസം ശിനോജും പ്രകാശും ഉത്തരം തന്നു..
സാജ് വിദൂരതയില്‍ നോക്കി ഇരിക്കുന്നു...

അങ്ങനെ വെള്ളിയാഴ്ച വന്നെത്തി....

അത്യാവശ്യം വേണ്ട വസ്ത്രങ്ങളും എടുത്തു ബാക്കിയുള്ളത് തട്ടിന് മുകളില്‍ ഒളിപ്പിച്ചു വെച്ച് ഞങ്ങള്‍ പുറത്തിറങ്ങാന്‍ തയ്യാറായി നിന്നു..
"അപ്പൊ നമ്മള് ടീവി കൊണ്ടു പോണില്ലേ??" സെന്‍ട്രല്‍ ഹാള്ളില്‍ വെച്ചിരിക്കുന്ന ടീവി നോക്കി സാജ് ചോദിച്ചു..
അപ്പോഴ അങ്ങനൊരു സാധനത്തിനെ കുറിച്ച് ഞങ്ങള്‍ ഓര്‍ത്തത്‌..
ഈ തെണ്ടിയോടു എന്ത് പറയും എന്നാലോചിച്ചു ഞാനും പ്രകാശും തലപുകക്കുന്നതിനിടയില്‍ ഷിനോജ് ചാടി കേറി മറുപടി കൊടുത്തു..
"അത് റൂം വാടക ഇനത്തില്‍ കുറച്ചാല്‍ മതി എന്ന് ഓണര്‍ ചേട്ടന്‍ പറഞ്ഞായിരുന്നു.. ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്നല്ലേ അത് വാങ്ങിയത്.. അത് കൊണ്ടു ഞങ്ങളുടെ വാടക അതില്‍ കുറച്ചോളാം ..നിന്റെ കാശ് നീ തന്നാല്‍ മതി.."
"എന്റെ കാശും അതില്‍ നിന്നും എടുത്തോട്ടെ ചേട്ടന്‍.."
"അതിനു നീ ഷെയര്‍ ഇട്ടിട്ടില്ലല്ലോ ടീവിക്ക് .. പിന്നെ എങ്ങനാ അതെടുക്കുന്നെ??" പ്രകാശിന്റെ മറുചോദ്യം..
"വാങ്ങിയത് നിങ്ങള്‍ മൂന്നു പേരും ചേര്‍ന്നാണേലും കണ്ടത് നമ്മള് നാല് പേരും ഒരുമിച്ചല്ലേ.. അതുകൊണ്ട് എന്റെ കാശും കൂടി ടീവി ഇടണമല്ലോ.. "
എഹ്.. ഇതെന്തു കണക്ക്..
ഇനിയിപ്പോ നോക്കുകൂലി എന്ന് പറയുന്നത് ഇതിനാവുമോ???
ആഹ്.. എന്ത് പണ്ടാരമേലും ആകട്ടെ.. ഈ പിശാച് ഒന്ന് പോയാല്‍ മാത്രം മതി..
അത് കൊണ്ട് തന്നെ അവനു നോക്കുകൂലി കൊടുക്കാന്‍ ഞങ്ങള്‍ സമ്മതം മൂളി..
നാല് പേരും പുറത്തിറങ്ങി..
പിന്നെ പരസ്പരം കേട്ടിപ്പിച്ചു.. ഞങ്ങള്‍ മൂന്നു പേരുടെയും കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു..
സന്തോഷ കണ്ണീര്‍... !!!!!!
സാജ് അലമുറയിട്ടു കരഞ്ഞു...
വിരഹവേദന.. പാവം..!!!!!!

അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കലേഷ്‌ ഒപ്പിച്ചു തന്ന റൂമിലേക്ക്‌..
ഓണര്‍ സന്തോഷപൂര്‍വ്വം ചിരിച്ചു കൊണ്ടു താക്കോല്‍ തന്നു..
പിന്നീടുള്ള ഒരാഴ്ച അയാള്‍ ചിരിച്ചില്ല..
അയാള്‍ വരും.. വീട് നോക്കും..
ഞങ്ങളോട് എന്തേലും ഒന്ന് പറയും..
ഞങ്ങള്‍ തിരിച്ചു ഒരു നൂറു കാര്യം പറയും...
അയാള്‍ തലയും താഴ്ത്തി തിരിച്ചു പോകും..

അങ്ങനെ ഒരാഴ്ച കഴിഞ്ഞു..
താക്കോല്‍ തിരിച്ചേല്‍പ്പിക്കാന്‍ നേരം ഓണര്‍ ഒന്ന് കൂടി ചിരിച്ചു..
"എന്തോന്നാ ഇത്ര കിളിക്കാന്‍???"
പ്രകാശ്‌ കലിയോടെ ചോദിച്ചു..
"നീയൊക്കെ പോകുന്നതിന്റെ സന്തോഷത്തില്‍ ചിരിച്ചു പോയതാ.."
അതും പറഞ്ഞു അയാള്‍ ഒന്ന് കൂടി ചിരിച്ചു..
"ഇതാ നിങ്ങളുടെ ഭാര്‍ഘവീ നിലയത്തിന്റെ താക്കോല്‍.. ഇനി ഞങ്ങളുടെ പട്ടി താമസിക്കും അവിടെ.. "
അതും പറഞ്ഞു ഷിനോജ് അയാളുടെ നേരെ താക്കോല്‍ നീട്ടി..

ഇനി ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം സ്വര്‍ഗത്തിലേക്ക്..
ഓട്ടോയില്‍ കയറി വീടെത്തി..
താക്കോല്‍ എടുത്തു.വീട് തുറക്കാന്‍ നിന്ന ഞാന്‍ ഒന്ന് തരിച്ചു നിന്നു..
"എന്താടാ?? എന്ത് പറ്റി??"
"വീട് അകത്തു നിന്നു പൂട്ടിയിരിക്കുവാ.. " ഞാന്‍ മറുപടി കൊടുത്തു..
"ആ തെണ്ടി ഓണര്‍ വന്നു കാണും വൃത്തിയാക്കാന്‍.. നീ ബെല്ലടിക്ക്.." ഷിനോജ് പറഞ്ഞു..
ഞാന്‍ ബെല്ലടിച്ചു..
വീട് തുറന്നത് എല്ലും തോലുമായ ഒരു രൂപം..
പിറകില്‍ അത് പോലെ തന്നെയുള്ള മൂന്നു വേറെ രൂപങ്ങള്‍ പല കോലങ്ങളില്‍ വരുന്നു..
"ഇവിടെയെന്താ ആരോഗ്യമില്ലാത്തവരുടെ ഫാഷന്‍ ഷോ നടക്കുവാണോ??"
അറിയാതെ ചോദിച്ചു പോയി..
"ആരാ??" ആ കൂട്ടത്തില്‍ നിന്നും താടിയില്ലാത്ത ഹരിശ്രീ അശോകന്‍ ഞങ്ങളോട് ചോദിച്ചു..
"ഞങ്ങളുടെ വീട്ടില്‍ വന്നിട്ട് ഞങ്ങളാരാ എന്ന് ചോദിയ്ക്കാന്‍ നീയാരാടാ..." ഞാന്‍ തിരിച്ചു ചോദിച്ചു..
പെട്ടെന്ന് കിരീടം സിനിമയിലെ കൊച്ചിന്‍ ഹനീഫയെ പോലുള്ള ഒരു രൂപം മുന്നിലേക്ക്‌ വന്നു..
അതവനായിരുന്നു.. സാജ്... !!!!!!!
"ആഹ്.. നിങ്ങളോ?? നിങ്ങളെന്താ ഇവിടെ??"
ഞങ്ങള്‍ മറുപടി പറയാതെ അവന്റെ പിറകില്‍ നിക്കുന്ന എലുമ്പന്മാരെ നോക്കി.. കാരണം അവന്മാര്‍ ഇട്ടിരിക്കുന്നത് ഞങ്ങള്‍ ഒളിപ്പിച്ചു വെച്ച ഞങ്ങളുടെ പുത്തനുടുപ്പുകള്‍..
പ്രകാശിന്റെ കണ്ണ് നിറഞ്ഞു..
"ഇവരെ പരിചയപ്പെടുത്താന്‍ മറന്നു.. ഇവര എന്റെ പുതിയ റൂം മേറ്റ്സ്... "
എലുമ്പന്മാരെ ചൂണ്ടി സാജ് പറഞ്ഞു..
"അപ്പൊ ഞങ്ങളോ??"!!!!!!!
ഞങ്ങള്‍ പരസ്പരം ചോദിച്ചു..
മറുപടി ആരും പറഞ്ഞില്ല...

"അതിരിക്കട്ടെ ഒരു കാര്യം ചോദിയ്ക്കാന്‍ മറന്നു..നിന്റെ കോഴിക്കച്ചവടം എങ്ങനുണ്ട് പ്രകാശ്‌??" അവന്‍ പ്രകാശിനോടു ചോദിച്ചു..
"കോഴീ.... കച്ചവടത്തിന്റെ കാര്യം പറഞ്ഞാല്‍ പറച്ചിലില്‍ നില്‍ക്കില്ല.. പന്നീടെ മോനെ.. "
പ്രകാശ്‌ പല്ല് കടിച്ചു കൊണ്ടു മുന്നോട്ടു പോയി.. ഞാന്‍ പിടിച്ചു വെച്ചു..
പിന്നെടങ്ങോട്ട് കാര്യങ്ങളുടെ കിടപ്പ് വശം ഞങ്ങള്‍ വിശദമായി മനസിലാക്കി..
അതിങ്ങനെ..
റൂം വിട്ട സാജ് ഓണറെ കണ്ടു ഞങ്ങള്‍ എറണാകുളം വിട്ട കാര്യം വ്യസന സമേതം അറിയിച്ചു..
ഇത് കേട്ട ഓണര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി..
പിന്നെ അവന്‍ പുതിയ സഹമുറിയന്മാരെ എവിടെ നിന്നൊക്കെയോ ഒപ്പിച്ചു വീണ്ടും അതേ വീട്ടില്‍ താമസം തുടങ്ങി..
ഞങ്ങളുടെ മൂന്നു പേരുടെ കണ്ണുകളും ഇപ്പോള്‍ ശരിക്കും നിറഞ്ഞു..
ഇനിയെങ്ങോട്ട് പോകും??

"എന്നാല്‍ ഞങ്ങള്‍ ടീവി എടുക്കട്ടെ??" ഷിനോജ് സാജിനോട് ചോദിച്ചു..
"അതിനു ടീവി കഴിഞ്ഞ മാസത്തെ വാടകയില്‍ കുറക്കാന്‍ ഓണര്‍ പറഞ്ഞു.." അവന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
"കര്‍ത്താവേ.. "
എട്ടായിരം രൂപ കൊടുത്തു വാങ്ങിയ ടീവി നോക്കി ഷിനോജ് നെഞ്ചത്തടിച്ചു..
എലുമ്പന്‍മാര്‍ ഇട്ട ഞങ്ങള്‍ കാശ് കൊടുത്തു വാങ്ങിയ വസ്ത്രങ്ങളിലേക്ക് നോക്കി പ്രകാശ്‌ സ്വന്തം കരണത്തടിച്ചു.....
ഒരു പരസ്യ വാചകമാ എനിക്കോര്‍മ്മ വന്നത്..
"ടീവീം പോയി, ഡ്രെസ്സും പോയി, എല്ലാം പോയി.. വീ ഗാര്‍ഡ് സ്റ്റബിലൈസര്‍ ഇല്ലല്ലേ?? "
ഇല്ല..
"നന്നായി.. ഉണ്ടേല്‍ അതും പോയേനേ.."!!!!!!!

ഏതായാലും ഞങ്ങള്‍ റൂം വിട്ടിറങ്ങി..
താഴെ എത്തിയപ്പോള്‍ ചിരിച്ച മുഖവുമായി ഹൌസ് ഓണര്‍..
"എന്തോന്നാ ഇത്ര കിളിക്കാന്‍.. തന്റെ ആരേലും ചത്തോ???" പ്രകാശ്‌ ചൂടായി..
"അല്ല.. ഒരു പഴംചൊല്ല് ഓര്‍ത്തിട്ടു ചിരിച്ചു പോയതാ.." അയാള്‍ മറുപടി പറഞ്ഞു.
"എന്തോ???"
"അല്ല.. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ചെകുത്താന്‍ ചതിക്കും എന്നെനിക്കു മനസിലായി.."
ഇത് കേട്ടതും ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചു ചിരിച്ചു..
ഓണര്‍ ചിരി നിര്‍ത്തി ഞങ്ങളെ നോക്കി..
ചിരി നിര്‍ത്തി ഷിനോജ് മറുപടി കൊടുത്തു..
"പക്ഷെ കുരിശ് പോലും പേടിച്ചു പോകുന്ന ചെകുത്താനാ കൊച്ചിന്‍ ഹനീഫയുടെ രൂപവും കടമെടുത്തു തോള് ബനിയനും ഇട്ടോണ്ട് മുകളില്‍ നിക്കുന്നത്.... ചേട്ടനെ ദൈവം കാക്കട്ടെ..."
അതും പറഞ്ഞു ഞങ്ങള്‍ ഒന്നുകൂടി പൊട്ടിച്ചിരിച്ചു..
ചേട്ടന്‍ കഴുത്തില്‍ തൂക്കിയ കുരിശും പിടച്ചു മുകളിലേക്ക് നോക്കി..!!!!!!!!

ഞങ്ങള്‍ മൂന്നു പേരും പുറത്തേക്കു, കൈകളില്‍ ബാഗും മനസ്സില്‍ ഒരു വലിയ ചോദ്യവുമായ്..
"എങ്ങോട്ട് പോകും..????? "
പെട്ടെന്ന് രാവിലെ തെറി പറഞ്ഞു താക്കോല്‍ കൊടുത്ത ഓണറുടെ മുഖം മനസ്സില്‍ തെളിഞ്ഞു..
പിറകെ ഷിനോജ് പറഞ്ഞ ഒരു വാക്യവും മനസ്സില്‍ തെളിഞ്ഞു..
"ഇതാ നിങ്ങളുടെ ഭാര്‍ഘവീ നിലയത്തിന്റെ താക്കോല്‍.. ഇനി ഞങ്ങളുടെ പട്ടി താമസിക്കും അവിടെ.. "
പട്ടിയില്ലാതെ എങ്ങനാ അവിടെ വീണ്ടും കയറി ചെല്ലുന്നത്..??

എന്തായാലും കുഴപ്പമില്ല,കലേഷിനെ വിളിച്ചു ഒന്ന് കൂടി സംസാരിക്കാം.. അവന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ സമ്മതിക്കും..
കലേഷിനെ വിളിക്കാന്‍ ഫോണ്‍ കയ്യിലെടുത്തതും അതിലേക്കു ഒരു കാള്‍..
വിളിക്കുന്നത്‌ കലേഷ്‌ തന്നെ.. ഞാന്‍ സന്തോഷത്തോടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ.. കലേഷ്‌.. നിന്നെ അങ്ങോട്ട്‌ വിളിക്കാന്‍ പോകുവായിരുന്നു.. നിനക്ക് നൂറു ആയുസ്സാടാ.."
"എനിക്ക് നൂറോ ഇരുന്നൂറോ ആയുസ്സുണ്ടായിരിക്കും.. പക്ഷെ നിനക്കൊന്നും അത്ര ആയുസ്സുണ്ടാവില്ല എന്ന് പറയാനാ ഞാന്‍ വിളിച്ചത്.." കലേഷ്‌ ചൂടായി..
"എന്ത് പറ്റി കലേഷ്‌??"
"എടാ പട്ടി... നിനക്കൊക്കെ ഒരു റൂം സങ്കടിപ്പിച്ചു തന്ന എന്നെ മുക്കാലില്‍ കെട്ടി തല്ലണം.. "
"ഇല്ല കലേഷ്‌.. ഞങ്ങള്‍ തല്ലില്ല.. ഞങ്ങളെ നിര്‍ബന്ധിക്കരുത്.. പ്ലീസ്.."
"വേണ്ടടാ.. നീയൊന്നും തല്ലേണ്ട..അതെനി ആ ഓണര്‍ ചെയ്തോളും.. അയാള്‍ ഫോണ്‍ വിളിച്ചു തെറി പറഞ്ഞതെ ഉള്ളു.. ഇനി എന്നെ കാണാന്‍ വരുന്നുണ്ടെന്ന്.."
"അപ്പൊ ഇതുവരെ അയാള്‍ വന്നു കണ്ടില്ലേ???" ഞാന്‍ ചോദിച്ചു..
"നിനക്കുള്ള മറുപടി നേരില്‍ കാണുമ്പോള്‍ തരം.. കേട്ടോട @$@&*(%@&($*@"
അതും പറഞ്ഞു കലേഷ്‌ ഫോണ്‍ കട്ട്‌ ചെയ്തു..
ഞാന്‍ ശിനോജിന്റെയും പ്രകാശിന്റെയും മുഖത്തോട്ടു മാറി മാറി നോക്കി..
അവര്‍ എന്നോടൊന്നും ചോദിച്ചില്ല.. കാരണം അവര്‍ക്ക് കാര്യാ മനസിലായി..

വീണ്ടും മനസ്സില്‍ പഴയ ചോദ്യം...
"എങ്ങോട്ട് പോകും..????? "

പെട്ടെന്ന് മൊബൈലില്‍ വീണ്ടും ഒരു കാള്‍..
ഞാന്‍ എടുത്തു നോക്കി.. വൈറ്റിലയില്‍ നിന്നും സിജു..
"എന്താടാ ??" ഫോണ്‍ അറ്റന്‍ഡ് ചെയ്തു ഞാന്‍ ചോദിച്ചു..
"അളിയാ. വൈറ്റിലയില്‍ ഒരു വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ട്.... എന്റെ അങ്കിള്‍-ന്റെ വീട് ആണ്.. നിങ്ങളുടെ പരിചയത്തില്‍ ആരെങ്കിലും ഉണ്ടോ??? "
അവന്‍ ഇത് ചോദിച്ചതും എന്റെ തലയ്ക്കു മുകളില്‍ 110 വോല്ടില്‍ ഒരു ബള്‍ബ്‌ കത്തി നിന്നു..

"സിജുവിന്റെ അങ്കിളിനെ ദൈവം രക്ഷിക്കട്ടെ...!!!! അവനെയും..!!!!!!!"

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...