പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, April 24, 2014

ഗോപീടെ കഥ...



"മുക്കിയാലും  മൂളിയാലും പോലും ഒടുക്കത്തെ സംശയമാടാ അവൾക്ക്   " ഗോപി ഉറ്റചെങ്ങായി വിജയനെ വിളിച്ചു പതിവ് പരിഭവം  തുടങ്ങി..
"ആകുമല്ലോ.. ആദ്യരാത്രി 'ആൽമാർത്തത' തലേപിടിച്ചു പഴയ വീരകഥകളൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് വിളിച്ച് പറഞ്ഞപ്പോ ഓർക്കണായിരുന്നു ഇങ്ങനൊക്കെ ആവുമെന്ന്.. " വിജയ് തിരിച്ചടിച്ചു..
"ഭാഗ്യത്തിനാ അന്ന് ഇക്കിളിപ്പെടുത്തുന്ന കഥകളിലേക്ക് പൊകാതിരുന്നെ " അതും പറഞ്ഞു ഗോപി ഫോണ്‍ വെച്ച്.. 
ഗോപി.. ആൽമാർത്തമായ ഒരു പ്രേമം ഉണ്ടായിരുന്നു എന്നതല്ലാതെ വേറൊരു കുഴപ്പോമില്ലാതിരുന്ന ഒരു നിഷ്കളങ്കൻ .. പക്ഷെ മിക്കവാറും എല്ലാ കഥയിലേം പോലെ പൊന്നും പണോം തൂക്കിനോക്കി, ഓൻ പ്രേമിച്ച ഓന്റെ സ്വന്തം ആതിര ഓനേം തേച്ച് വേറൊരുത്തന്റെ കൂടെ പോയി..  ഓൻ അന്ന് തൊട്ടു വലി തൊടങ്ങി.. !!!

പിന്നെ ചെങ്ങായിമാരൊക്കെ നിര്ബന്ധിച്ചു ഓനെ കൊണ്ട് വേറൊരു പെണ്ണിനെ കൊണ്ട് കെട്ടിച്ചു.. ലത..
തല തിരിഞ്ഞാൽ ലത എന്നാണല്ലോ മലയാള ഭാഷ പോലും പറയുന്നത്.. അങ്ങനത്തെ ഒരുത്തി..
എന്തായാലും നിഷ്കളങ്കത ശരീരോം നിറഞ്ഞ് പുറത്തേക്കു ഒഴുകിയപ്പോൾ ഓൻ ആദ്യരാത്രി തന്നെ ലതയോട് പറഞ്ഞു,ആതിരയെ പറ്റി , പ്രണയത്തെ പറ്റി ,പ്രണയത്തിന്റെ മനോഹാരിതയെ കുറിച്ച്..
ഒന്നും മിണ്ടാതെ മുഴുവനും കേട്ട് നിന്ന് അതോള് നല്ലോണം പ്രോത്സാഹിപ്പിച്ചു..
എല്ലാം കഴിഞ്ഞപ്പോ സംഗതി ഡാർക്ക്‌ ആയി..
ഒന്നും സംഭവിക്കാണ്ട് തന്നെ ഓളാ രാത്രീല് കൊറേ കരഞ്ഞു.. കരച്ചിൽ പുറത്തു കേട്ടവർ വാതിലുമുട്ടി പറഞ്ഞു, "പെതുക്കെ, പെതുക്കെ.." എന്ന്..സംഗതി പിന്നേം ഡാർക്ക്‌ ... കൊടും ഡാർക്ക്‌..!!!
അല്ലേലും ആദ്യരാത്രി സംസാരം കുറച്ച് പ്രവർത്തികൾക്ക് മാത്രേ പ്രാധ്യാന്യം കൊടുക്കാവൂ എന്ന് വിജയ്‌  പറഞ്ഞതിന്റെ പൊരുൾ അപ്പഴാ ഗോപിക്ക് കത്തിയേ ...
എന്തായാലും അന്ന് തൊട്ടു ഓൾക്ക് തുടങ്ങിയതാ ആ രോഗം.. സംശയം എന്ന മഹാരോഗം..
കസ്റ്റമർ കെയർ-ല് നിന്ന് ഫോണ്‍ വിളിച്ചാൽ പോലും ഒളിച്ചിരുന്ന് കേട്ട് 'നിങ്ങൾക്കേതോളാ ഇത്രേം ഓഫർ തരാൻ നിക്കുന്നെ' എന്ന് ചോദിച്ചു തുടങ്ങിയപ്പോ സർക്കാര് അനാവശ്യ കാൾ നിർത്തുന്ന DND സർവീസ്  കൊണ്ട് വന്നോണ്ട് രക്ഷപ്പെട്ടു... ആ ഫോണ്‍ അങ്ങനെ നിലച്ചു..
അങ്ങനെ ജീവിതം ഇരുട്ടിൽ നിന്നും കൂരിരുട്ട് തേടിപോയപ്പോ ഓൻ കുടീം  തുടങ്ങി..!!!
നാളെ ഗോപീന്റെ പിറന്നാളാ..
എല്ലാ കൊല്ലോം പിറന്നാളിന്റെ അന്ന് ഗോപി ആതിരയേയും കൂട്ടി അമ്പലത്തിൽ പോകുമായിരുന്നു. ,പൂജേം ആരതീം ആതിരേം ഒക്കെയായി ജീവിതം പുഷ്പിച്ചിരുന്ന ആ സമയമോർത്തപ്പോൾ തന്നെ ഗോപിന്റെ കണ്ണ് നിറഞ്ഞു..
ഗോപി പിന്നേം  വിജയനെ വിളിച്ചു..
"നാളെ ന്റെ പിറന്നാളാ.. ഒരു പൂജ കഴിക്കണം.. നീയും കൂടെ വരണേ .. "
വിജയ്‌ സമ്മതിച്ച് ഫോണ്‍ വെക്കുമ്പോഴേക്കും ലത മുറിയിലെത്തി.. ഉടൻ വന്നു ചോദ്യവും.
"ആരാ പൂജാ????"
ന്റെ ശിവനെ..!!!
അങ്ങകലെ അടുക്കളയിൽ ചാള വറുത്തിരുന്നവളാ , ഏതോ ആറാമിന്ദ്രിയം പ്രവർത്തിച്ച പോലെ പൂജാന്നു മാത്രം കേട്ട് വന്നാ ഇമ്മാതിരി ചോദ്യം ചോദിക്കുന്നേ ..
"പൂജേം കൂട്ടി എവിടെ കഴിക്കാൻ പോണ കാര്യാ നിങ്ങള് പറഞ്ഞെ.. ??" അവൾ കോപം നിറച്ചു പിന്നേം..
ഗോപി ഒന്നും മിണ്ടിയില്ല..
അടുക്കളയിൽ ചാള കരിയുന്ന മണം ..അല്ല കരിയുന്നത് ഗോപീടെ ജീവിതാ...!!!

ആ ദിവസം അങ്ങനെ കഴിഞ്ഞു..

പിറ്റേന്ന്,
ഫോണ്‍ മുഴങ്ങുന്നത് കേട്ടാണ് ഗോപി എഴുന്നേറ്റത്.. ഫോണിലേക്ക് നോക്കി ,വിജയനാണ്..
പിറന്നാൾ ആശംസിക്കാൻ അവനേലും ഉണ്ടല്ലോ എന്ന സമാധാനത്തോടെ ഫോണ്‍ എടുത്തു...
"ഹലോ.. അളിയാ പറയ്‌.. "
"അതേ ..നിന്റെ പഴേ ലൈൻ ഇല്ലേ... അവൾ ..." വിജയ്‌ പറഞ്ഞു നിർത്തി..
"അവൾ??? "
"അവൾ പെറ്റു .. ആണ്കുട്ടിയാ... "
'ഹാവൂ.. ഒരു നല്ലോരു പിറന്നാളായിട്ട് കേള്ക്കാൻ പറ്റിയ ഇതിലും നല്ലൊരു വാക്കില്ല.. ' ഗോപിക്ക് സന്തോഷായി.... പിന്നെ മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചു..
"എവിടെ വെച്ചാ??" ഗോപീടെ ചോദ്യം..
"സഹകരണാശുപത്രി.. "
"എനിക്ക് കുട്ടിയെ കാണണം ഇന്ന് തന്നെ.. നീ ഒരുങ്ങി നിക്ക്.. ഞാൻ വേഗം വരും.. " അതും പറഞ്ഞു ഗോപി ഫോണ്‍ കട്ട്‌ ചെയ്തു..
വിജയ്‌ ഫോണും പിടിച്ചു അങ്ങനങ്ങു നിന്നു .. 

ഗോപി വരും.. അവനങ്ങനാ...ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ചില സമയത്ത് ഇമ്മാതിരി മാസ്റ്റർപീസ്‌ തീരുമാനങ്ങൾ അങ്ങെടുക്കും.. അതറിയാം വിജയന്..
ഇതിനുമുമ്പ് ഓളുടെ കല്യാണത്തിന് വിളിക്കാണ്ടന്നെ പോയി പായസോം കുടിച്ചു വന്നതും അങ്ങനെടുത്ത വേറൊരു മാസ്റ്റർപീസ്‌ തീരുമാനമായിരുന്നു..
സാധാരണ താലി കെട്ടുമ്പോൾ ചെക്കന് കൈ വിറക്കും എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ അന്നാ കല്യാണത്തിന്റന്നു  കൈ വിറച്ചത് മുഴുവൻ പെണ്ണിന്റച്ചനാ...
ഗോപിയെ കണ്ടത് മുതൽ സിൽമേലൊക്കെ കാണുന്നപോലുള്ള ട്വിസ്റ്റ്‌ അങ്ങേരു പ്രതീക്ഷിച്ചു.. ക്ലൈമാക്സിൽ താലി കെട്ടുന്ന കൈകളെ തട്ടിമാറ്റി പെണ്ണ് കാമുകനെ നേരെ ഓടിയടുക്കുന്ന അപാരമായ ട്വിസ്റ്റ്‌...
പക്ഷെ ഒന്നും നടന്നില്ല,താലി കെട്ടുന്നനേരം പന്തലിന്റെ സൈഡിൽ മാറി നിന്ന് രണ്ടു തുള്ളി കണ്ണീരും വാർത്ത് ,അതിന്റെ ക്ഷീണം തീര്ക്കാൻ രണ്ടു ഗ്ലാസ്‌ പായസോം കുടിച്ചു ഗോപിയിങ്ങു പോന്നു.. !!!


ഗോപി കുളിച്ചൊരുങ്ങി, പൂജാമുറിയിൽ കേറി പ്രാർത്ഥിച്ചു കുറിതൊട്ടു..
"കുളിച്ചൊരുങ്ങി എങ്ങോട്ടാ ഇത്രേം ധ്രതിയിൽ?? "സംശയം ലത രംഗപ്രവേശം ചെയ്തു..
"അത്.. ആശുപത്രീലാ... ഒരു കുട്ടിയെ കാണാൻ.. " അധികം ആലോചിക്കാതെ ഗോപി മറുപടി കൊടുത്തു..
"കുട്ടിയോ?? ഏത് കുട്ടി.. ആരുടെ കുട്ടി?? " എന്ന ചോദ്യം വന്നപ്പോഴ വേറെന്തേലും പറഞ്ഞാ മതിയായിരുന്നു എന്ന് ഗോപി ചിന്തിച്ചത് തന്നെ..
"അത്.. നമ്മുടെ വിജയന്റെ ഭാര്യ പ്രസവിച്ചു.. അതിനെ കാണാൻ പോകുവാ..." ഗോപി വായിൽ തോന്നിയതങ്ങ് പറഞ്ഞു..
"എതാശുപത്രീൽ??"
"സഹകരണാശുപത്രി.. "
"ആണോ?? എന്നാ ഞാനും വരുന്നു.. എന്റെ കുഞ്ഞമ്മേം പ്രസവിചിട്ടുണ്ട്.. "
ഠിം..
ഗോപി ശരിക്കും ഗോപിയായി..
'അവളുടെ അടുപ്പിലെ ഒരു കുഞ്ഞമ്മ.. വയസ്സാം കാലത്ത് പെറാൻ പോയിരിക്കുന്നു.. ' ഗോപി മനസ്സിൽ  പറഞ്ഞു..
"അത്.. നീ പിന്നെ ബസിനു വാ.. വിജയന് അത്യാവശ്യമായി എന്തോ കാര്യങ്ങളുണ്ട്.. അവനെന്നെ കവലേൽ കാത്തിരിക്കുവാ.. " അതും പറഞ്ഞു അവളുടെ മറുപടിക്ക് കാത്തു നില്ക്കാതെ ഗോപി സ്കൂട്ടായി..

വിജയന് വണ്ടിയുമായി ബസ്‌ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു .. ഗോപി വിജയനേം കൂട്ടി പുറപ്പെട്ടു, കാമുകീടെ കൊച്ചിനെ കാണാൻ.. !!!
"പൂരം  നക്ഷത്രത്തിൽ പിറന്ന ആണ്കുഞ്ഞു.. നല്ല ലക്ഷണാ.. " ഗോപി പുളകിതനായി പറഞ്ഞു..
"ആർക്ക് ലക്ഷണാന്ന് ??" വിജയന്റെ സംശയം..
"കൊച്ചിന്റച്ചന് .." ഗോപി പെട്ടെന്ന് തിരിച്ചടിച്ചു..
"അങ്ങേർക്കു ലക്ഷണായിട്ട് നിനക്കെന്തുവാ??? "
"ഒന്നൂല്ല.. ചുമ്മാ... " ഗോപി വിയർത്തു ..
വിജയൻ ഗോപിയെ ചൂഴ്നൊന്നു നോക്കി..
"എനിക്ക് ജനിക്കാതെ പോയ എന്റെ പൊന്നുകുഞ്ഞാടാ അത്.. " ഗോപീടെ ക്ലാരിഫികേശൻ..
അതുടെ കേട്ടപ്പോ കുഞ്ഞാട് ഏത് മുട്ടനാടിനാ ഉണ്ടായതെന്ന കാര്യത്തിൽ വിജയന്റെ മനസ്സിൽ സംശയം അലതല്ലി..

ആശുപത്രിയെത്തി..
വിജയൻ ബൈക്ക് നിർത്തുന്നതിനു മുമ്പേ ആക്രാന്തപരവശനായ ഗോപി റിസപ്ഷനിലേക്ക് ചാടിയോടി ..
റൂം നമ്പറും ചോദിച്ചു രണ്ടുപേരും രണ്ടാമത്തെ നിലയിലേക്ക്..
ഒടുവിൽ കണ്ടുപിടിച്ചു.. റൂം നമ്പർ 210..
വാതിൽ പടിയിൽനിന്നു നിറകണ്ണുകളോടെ ഗോപി അകത്തേക്ക് നോക്കുന്നത് കണ്ട് വിജയൻ വാ പൊളിച്ചു..
അകത്തു നിന്നും ഇതുകണ്ട ഒരു രൂപം വിറയലോടെ എഴുന്നേറ്റു നിന്നു ,അവളുടെ പട്ടാളക്കാരനച്ഛൻ ..
അന്ന് കല്യാണത്തിന് കണ്ട അതെ വിറയൽ.. അതേ സെന്റി..
അങ്ങേരു തൊഴുകയ്യോടെ നിക്കുമ്പോൾ ഗോപി വിജയന്റെ കയ്യും പിടിച്ചു അകത്തോട്ടു ..
ഇത്രേം വണങ്ങാൻ മാത്രം ഏത് ദേവിയാ ആശുപത്രീൽ വന്നിരിക്കുന്നെ എന്ന അത്ഭുതത്തിൽ നോക്കിയ ആതിരയും കണ്ടു ആ ദേവനെ.. അവളുടെ കണ്ണ് നിറഞ്ഞു.. എന്തിനാണാവോ???
വിജയൻ ചുറ്റിലും നോക്കി, ഭാഗ്യം ആരുമില്ല.. അവളും അച്ഛനും മാത്രം..
അവളുടെ അടുത്ത് കിടക്കുന്ന കുഞ്ഞിനെ ഗോപി രണ്ടു കൈകൊണ്ട് കോരിയെടുത്തു.. അതിനിടയിൽ നൈസ് ആയിട്ടു അവളെ ഒന്ന് ടച്ച്‌ ചെയ്യാനും മറന്നില്ല ഗോപി.. രോമാഞ്ചം...!!
പിന്നെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കുറെ ചുടുചുംബനങ്ങൾ..
വിജയൻ വാ പൊളിച്ചു, ഒരു കമ്പനിക്ക്‌ വേണ്ടി പട്ടാളക്കാരനും വാ പൊളിച്ചു ..
പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം.. കൊച്ചിന്റച്ചൻഎന്ന് പറയപ്പെടുന്ന ആതിരയുടെ ഭര്ത്താവ് മനു ..
അങ്ങേരെ കണ്ടപ്പോൾ അടച്ചു കിടന്നിരുന്ന മറ്റു രണ്ടു വായകൾ കൂടി തുറന്നു വന്നു.. ഉറക്കം വന്നോണ്ടാവും കുഞ്ഞും വാ പൊളിച്ചു..
ഇത് കണ്ടാപിന്നെ അങ്ങേർക്കു വാ പോളിക്കാതിരിക്കനാവുമോ.. അങ്ങേരും പൊളിച്ചു.. ,പിന്നെ എല്ലാരേം നോക്കി ചിരിച്ചു..

"ആഹ്  ഇതാരാ ഗോപിയോ..  " അല്പസമയത്തിന്റെ മൌനത്തിനു ശേഷം അങ്ങേരുടെ ചോദ്യം..
അത് കേട്ട വിജയനും പട്ടാളക്കാരനും അത്ഭുതം.. 'ഇങ്ങേർക്കെങ്ങനെ ഈ അലവലാതിയെ അറിയുന്നെ??'
ഗോപി ഒന്നും മിണ്ടാതെ പരുങ്ങി...
"അത്... അമേരിക്കയിലുണ്ടെന്നു പറഞ്ഞ ഞങ്ങടെ വകേലെ ഇളയമ്മയുടെ മകനാ.. "ഇന്നലെ അമേരിക്കയിൽ നിന്നും വന്ന ഇളയമ്മയേം കുടുംബത്തേം മനസ്സിൽ ധ്യാനിച്ച് പട്ടാളക്കാരൻ വെടി പൊട്ടിച്ചു..
ഗോപീം വിജയനും അതെയെന്നർത്ഥത്തിൽഒരുമിനുട്ട് തലയാട്ടികൊടുത്തു..
"ഓ .. അങ്ങനൊരു ബന്ധമുണ്ടായിരുന്നോ?? അത് ഞാനറിഞ്ഞില്ലല്ലോ.. "
'പിന്നെ വേറെന്നാ ബന്ധമുള്ളതാ ഈ പൊട്ടൻ അറിഞ്ഞേ ആവോ ..' വിജയനും പട്ടാളക്കാരനും അതാ ആലോചിച്ചേ അപ്പൊ..
പിന്നെയാരും ഒന്നും മിണ്ടിയില്ല..
മനു എന്തോ ചോദിയ്ക്കാൻ തുടങ്ങുന്നേരം നേഴ്സ് കേറി വന്നു ഒരു ലിസ്റ്റ് മനുവിന്റെ കയ്യിൽ കൊടുത്തു.. ..
"ഈ സാധങ്ങൾ പെട്ടെന്ന് വാങ്ങികൊണ്ട് വരണം.. "
മനു ഇപ്പൊ വരാന്നും പറഞ്ഞു പുറത്തേക്കു നീങ്ങവെ,ഡോർ തുറന്നു ഒരു അലമ്പ്  മദാമ്മയും ഉണങ്ങിയ സായിപ്പും അകത്തോട്ട് ..
"അമേരിക്കൻ ഇളയമ്മ... " പട്ടാളക്കാരൻ നെഞ്ചിലൊന്നമർത്തി തടവി ഉച്ചത്തിലാ അത് പറഞ്ഞെ..
മനു അവരെ നോക്കി ചിരിച്ചു..
"മോൻ നേരത്തെ വന്നു.. " ഗോപിയെ ചൂണ്ടി മനു പറഞ്ഞു..
സായിപ്പും മദാമ്മയും ഗോപിയെ നോക്കി.. പിന്നെ കയ്യിലെ കുട്ടിയെ നോക്കി..
ആതിര പ്രസവിച്ചു മോൻ പുറത്തേക്കു വന്നത് ത്വാത്തികമായി മൊഴിഞ്ഞതാവും എന്ന് കരുതി അവർ അകത്തോട്ട്  കയറി.. മനു പുറത്തേക്കും പോയി..
മദാമ്മ ഗോപിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ കൈനീട്ടി.... മനസ്സില്ലാ മനസ്സോടെ ഗോപി കുഞ്ഞിനെ കൈമാറി..
"Congratulations...  " സായിപ്പ് ഗോപീടെ കൈ കേറി പിടിച്ചു..
"താങ്ക്യൂ... " ഗോപിക്ക് സന്തോഷായി..
എന്തിന് ??
"കല്യാണത്തിന് വരാൻ പറ്റിയില്ല.. ഫിലാഡലഫിയയിൽആയിരുന്നു അന്ന്.. " കരിഞ്ഞ സായിപ്പ് പറഞ്ഞു..
"ലുക്ക്‌ ഡിയർ.. ബേബി ഫാതെറിനെ മുറിച്ചു വെച്ചിരിക്കുവാ.. സീ .. " ഗോപിയേം കുഞ്ഞിനേം നോക്കി മദാമ്മയുടെ കമന്റ്‌..
ഗോപിക്ക് പിന്നേം സന്തോഷം..
കൊച്ചിന്റച്ചൻഅതല്ല എന്ന് പറയാൻ ഒരുങ്ങിനിന്ന പട്ടാളക്കാരൻ ആ വാക്ക് കേട്ടതും അണ്ണാക്കിൽ നിന്നും പുറപ്പെട്ട വാക്കുകൾ അപ്പാടെ വിഴുങ്ങി..

ഇതൊന്നും കണ്ട് നില്ക്കാൻ സഹിക്കവയ്യാതെ വിജയൻ പുറത്തേക്കിറങ്ങും നേരം മനു കയ്യിലൊരു കവറും പിടിച്ചു അകത്തോട്ട് വന്നു..
പിടിച്ചതിനേക്കാൾ വലുതായിരുന്നു മാളത്തിൽ, അല്ല മാളത്തിനു പുറത്ത് എന്ന് ഗോപിക്കപ്പോഴാ  പിടികിട്ടിയെ.. !!!
കാരണം   വിജയൻറെ തൊട്ടു മുന്നിൽ ഗോപിയുടെ തല അല്ല ലത ..
"ആഹ്.. വിജയേട്ടന്റെ ഭാര്യ ഈ റൂമിലുണ്ടായിരുന്നാ?? എന്റെ കുഞ്ഞമ്മ ആ റൂമിലാ.. " അടുത്ത മുറി ചൂണ്ടി ലതയുടെ മൊഴി..
"ന്റെ ഭാര്യയാ??"
"ഗോപേട്ടൻ പറഞ്ഞു,ഭാര്യ പ്രസവിച്ച കാര്യം..Congratulations കേട്ടാ...  "
"ആ ആ..താങ്ക്യൂ...താങ്ക്യൂ "
ഒരൊറ്റ കുഞ്ഞു,എന്ത് മാത്രം Congratulations .. ഹോ.. !!!
വിജയനെ കാത്ത് നില്ക്കാതെ ലത മുറിയിലോട്ട് .. ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ഗോപീടെ കണ്ണിൽ തൃശൂർ പൂരം..
ലത തല തിരിച്ച് ചിരിച്ചു.. അകത്തുള്ളോരും ചിരിച്ചു..
"ആരാത്??" പട്ടാളക്കാരന് കണ്‍ഫ്യൂഷൻ..
"അത്.. ഭാര്യയാ... " പുറത്ത് നിന്നും ചാടി വന്ന വിജയൻ ലത കാണ്‍കേ ഗോപനെ ചൂണ്ടി, മറ്റുള്ളവർ കാണ്‍കേ സ്വന്തം ദേഹത്തേക്കും ചൂണ്ടി മറുപടി പറഞ്ഞു..
അങ്ങനെ വിജയൻറെ ഭാര്യയെന്നു അകത്തുള്ളോരും,ഗോപീടെ ഭാര്യയെന്ന് ലതേം അങ്ങ് തീര്ച്ചപ്പെടുത്തി..

ലത ഗോപീടെ അടുത്ത് പോയി നിന്ന് മദാമ്മയുടെ കയ്യിലുള്ള കുഞ്ഞിനെ നോക്കി..
"സീ.. ദി ബേബി അച്ഛനെ പോലെ തന്നെ അല്ലെ കാണാൻ.. " മദാമ്മ ലതയോട് അഭിപ്രായം ചോദിക്കുവാ..
ഗോപിയും മനുവും സന്തോഷം കൊണ്ട് നെഞ്ച് വിരിച്ചു..ലത പുച്ഛരസം വാരി വിതറി വിജയനെ നോക്കി..
"സൂര്യനെ പോലെ ഉദിച്ച് നിക്കുന്ന കുഞ്ഞിനെ നോക്കിയാ കരിമന്തി പോലുള്ള തന്തയെ പോലെന്ന് തള്ളേടെ ഓരോ തള്ള്.. " ലത ഗോപീടെ ചെവിയിൽ അങ്ങനെ പറയുന്നത് അവ്യക്തമായി കേട്ടപ്പോൾചിരിച്ചോണ്ടിരുന്ന മനുവിന്റെ  മുഖം മ്ലാനമായി.. .
'എന്തിനാണ് ദൈവമേ എനിക്ക് നീയേ കറുപ്പ് നിറം നല്കിയത്.. ' മനു അന്നാദ്യമായി ദൈവത്തോട് ചോദിച്ചു..
നേരത്തെ വന്ന നേഴ്സ് ഒന്നൂടെ വന്നു..
"മുൻസിപാലിറ്റിയിൽ കൊടുക്കാനുള്ള കൊച്ചിന്റെ ബർത്ത് സർട്ടിഫിക്കറ്റ് ഫോം ശരിയായിട്ടുണ്ട്.. അമ്മേടേം അച്ഛന്റേം ഒപ്പ്  വേണം.. "
അത് കേട്ടപ്പോൾ നാല് മുഖങ്ങൾ ഒരുമിച്ച് ഞെട്ടി , 'ഇതിപ്പോ ഇത്രേം പേര് നിക്കുമ്പോൾ ഏത് അച്ഛനാ ഒപ്പിട്ടു കൊടുക്കേണ്ടേ..' എന്നർത്ഥത്തിൽ.
അത് കേട്ടപ്പോ ആതിരേടെ ബോധം പോയി..അല്ലേലും ഓക്കറിയാം എപ്പോഴൊക്കെ ബോധം കെടണമെന്ന്. ഇതിനുമുമ്പ് ഇങ്ങനെ ബോധം കെട്ടത് മനുവുമായുള്ള കല്യാണം ഉറപ്പിച്ചത് ഗോപി ചോദിക്കാൻ പോയപ്പോഴാ..മിടുക്കി...
നേഴ്സ് ആതിരയുടെ അടുത്തേക്ക് പോയി തട്ടി വിളിച്ച് ഒപ്പിടീച്ചു ...
അച്ഛന്റെ ഒപ്പിടാൻ മുന്നോട്ട് നീങ്ങിയ മനുവിനെ,അപകടം മടുത്ത വിജയൻനൈസ് ആയിട്ട് തടഞ്ഞു..
"സിസ്റ്ററെ, ഇത് തെക്ക് വശത്തുള്ള മുറിയാ അല്ലെ.. " വിജയൻറെ ചോദ്യം..
"അല്ല.. ഇത് വടക്കാ.. " നഴ്സിന്റെ മറുപടി..
"വാ..വ .. വടക്കാണോ?? എന്നാ നമുക്ക് പടിഞ്ഞാറോട്ട് പോകാം.. ആദ്യായി അച്ഛൻ ഒപ്പിടുമ്പോൾ പടിഞ്ഞാർ വെച്ച് വേണമെന്നാ ശാസ്ത്രം.. " വിജയന്റെ ഗോൾ ..
"ഉവ്വോ???" എന്ന് മനു..
"ഉവ്വ.. "
സിസ്റ്റർ പുറത്തേക്കിറങ്ങി.. പിറകെ മനുവും വിജയനും ഗോപനും.. !!!

പുറത്തിറങ്ങിയ ഗോപി ലതയെ ഫോണിൽ വിളിച്ചു പുറത്തിറക്കി വീട്ടിലേക്ക് പറഞ്ഞയച്ചു..
കുറച്ചു നേരം കൂടി  ബേബിയെ നൊക്കിയിരുന്ന് സായിപ്പും മദാമ്മയും ടാറ്റാ പറഞ്ഞിറങ്ങി...
ഒരുപാട് നിർബന്ധിച്ച് ഗോപിയേം വിളിച്ചോണ്ട്  വിജയനും പുറത്തിറങ്ങി..
അന്ന് വൈകുന്നേരം, നാട്ടിൻപുറത്തെ മൈതാനം.. അവിടെ ഗോപിയും വിജയനും..
"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?? " ഒരു ബീഡിക്കു തീ കൊടുത്ത് വിജയൻ  ഗോപിയോട് ചോദിച്ചു..
ചോദ്യം എന്താന്നു ഗോപിക്കറിയാമായിരുന്നു .. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ ഗോപി മറുപടി കൊടുത്തു..
"ഉം.. ചോദിക്ക്.. "
"അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷത്തിൽ കൂടുതലായി.. കുട്ടിയുണ്ടായത് ഇന്ന്..എങ്ങനാ അന്യന്റെ ആ പറമ്പിൽ നിന്റെ വിള വിളഞ്ഞേ എന്നാ എനിക്ക് മനസ്സിലാകാത്തത്.. "
വിജയൻറെ കയ്യിൽ നിന്നും ബീഡി വാങ്ങി, അതൊന്നാഞ്ഞു വലിച്ച് ഗോപിയാ കഥ പറഞ്ഞു തുടങ്ങി..
മാസങ്ങള്ക്ക് മുമ്പ് ഒരു വൈകുന്നേരം വീട്ടിൽവെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ സമയം കളയാൻവേണ്ടി  കവലയിലെ 'സുസ്മിതം' ട്രാവൽസിൽ പോയ കഥ..
അപ്പൊ അവിടെ ഹണിമൂണ്‍ യാത്ര ബുക്ക്‌  ചെയ്യാൻ വേണ്ടി രണ്ടു ഫാമിലി വന്ന കഥ ...
പിന്നെ അവിടത്തെ സ്ഥിരം  ടാക്സി ഡ്രൈവർ ഹംസയെ എമർജൻസി ലീവ് എടുപ്പിച്ച് ,പകരം ഗോപി ഡ്രൈവറായി രണ്ടു ഫാമിലിയേം കൊണ്ട് ഹണിമൂണിന് പോയ മനോഹരകഥ..
അതിലൊരു ഫാമിലി മനുവിന്റെതായിരുന്നു ..!!!
ആ യാത്രയിൽ സംഭവിച്ച കഥകളുടെ ആന്തോളജി ഗോപി മനസ്സിൽ നിന്നും ഇറക്കിവെച്ചു ...
കഥ മുഴുവൻ കേട്ട് ബാക്കിയുണ്ടായിരുന്ന ബീഡി ഒറ്റവലിക്ക് ആഞ്ഞുവലിച്ച്‌ പുക പടിഞ്ഞാറോട്ട് വിട്ട് വിജയൻ ആ കഥയിൽ നിന്നും കിട്ടിയ ഗുണപാഠം ഉറക്കെ വിളിച്ചുപറഞ്ഞു....
"മദ്യപാനം ആരോഗ്യത്തിനും കുടുംബത്തിനും ഹാനികരം..ഞാൻ കുടി നിർത്തി ... "

27 comments:

  1. കഥയുടെ ക്ലൈമാക്സ്‌ ഭാഗം സ്വന്തം ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത് ഗോപി വിജയനോട് പറഞ്ഞപോലെ എന്നോട് പറഞ്ഞു തന്ന പ്രിയപ്പെട്ട 'ബണ്ണീ', ഇത് നിനക്കുള്ളതാടാ.. എന്നോട് ക്ഷമിക്കിൻ.. :D

    ReplyDelete
  2. ചിരിച്ചു ചിരിച്ചു എന്റെ ഉപ്പാട് പോയി ഫിറോസ്‌ :) കൂടെ ജോലിയും ,, എനിക്ക് വട്ടാണ് എന്ന് ബോസ്സ് പറയുന്നു , അല്ലേല്‍ മോണിറ്റര്‍ നോക്കി സ്വയം മറന്നു ചിരിക്കുമോ ?? സൂപ്പര്‍ പോസ്റ്റ്‌ , കഴിഞ്ഞകഥയിലെ പോരായ്മക്ക് പലിശ സഹിതം കടം വീട്ടി ,, ,സന്തോഷായി " ഗോപ്യേട്ടാ "

    ReplyDelete
    Replies
    1. വരവിനും,വായനക്കും പിന്നെ ആദ്യ വാക്കുകള്ക്കും ഒരായിരം നന്ദി ഇക്കാ..
      ജോലി പോയാൽ പോട്ടെട്ടോ .. ഇങ്ങട് വാ.. പണി നുമ്മ തരും.. പണി തരാൻ സന്തോഷേ ഉള്ളു.. ;)

      Delete
  3. എൻറെ ഫിറോസ്സിക്ക പൊളിച്ചടുക്കി കളഞ്ഞു... അയ്യോ ചിരിച്ചു ചിരിച്ചു എൻറെ കണ്ണ് നിറഞ്ഞുപോയി... :D

    ReplyDelete
  4. സരസമായ എഴുത്ത്. ആ വെറൈറ്റി വായപൊളിക്കലുകള്‍ അസ്സലായി.....

    ReplyDelete
  5. കുഞ്ഞ് എന്നാ വളയം പിടിക്കാന്‍ തുടങ്ങുക എന്നാ അറിയേണ്ടത്. നല്ല കഥ.

    ReplyDelete
  6. പ്രിയദർശന്റെ സിനിമ കാണുന്നതു പോലുള്ള അനുഭവം.
    മദ്യപാനം ആരോഗ്യത്തിനും പാരമ്പര്യത്തിനും ഹാനികരം തന്നെ. :)

    ReplyDelete
  7. നല്ല കഹാനി .... എനിക്ക് പസന്തായി ..

    ReplyDelete
  8. "ഇതിപ്പോ ഇത്രേം പേര് നിക്കുമ്പോൾ ഏത് അച്ഛനാ ഒപ്പിട്ടു കൊടുക്കേണ്ടേ.."

    ഇതു കലക്കി ഫിറോസ്....

    കിഠിലൻ പോസ്റ്റ് .. അഭിനന്ദനങ്ങൾ..

    ReplyDelete
  9. alla Firoze.........sathyam para............aa thala thirinja latha enna name kittiyathhinu pinnile prachodhanam njan aano...........................? enthayalum gopi de story kalakki..............pavam Latha ye kuttam paranjittum karyamilla ketto...........enthayalum ravile thanne monitor nokki irunne chirikkunnathe kandappo officil ullavar chodikkunnunde vattayo enne.......................................good post dear keep it up

    ReplyDelete
  10. ചിരിച്ചൂ...ചിരിപ്പിക്കാനുള്ള കഴിവു വരദാനമാണു.

    ReplyDelete
  11. കൊള്ളാം. കിടിലന്‍ ഡയലോഗ്‌സ്. ഇനിയും പോരട്ടെ ഇതുപോലുള്ള തകര്‍പ്പന്‍ പോസ്റ്റുകള്‍

    ReplyDelete
  12. രസായിട്ടുണ്ട് ട്ടാ...rr

    ReplyDelete
  13. മൂന്നാല് ഇടങ്ങളില്‍ ചിരി പിടിവിട്ടു പോകും മച്ചൂ..

    ReplyDelete
  14. ഇതാണ് നര്‍മ്മം...! ഒത്തിരി ചിരിപ്പിച്ചു പോസ്റ്റ്...ഒരു സിനിമ കണ്ട പോലെ തന്നെ...ഒരു കുട്ടിക്ക് എത്ര കണ്‍ഗ്രാജുലേഷന്‍സാണ് എന്ന് പറഞ്ഞിടം ശരിക്കും ചിരിച്ചു പോയി.

    ReplyDelete
  15. കഴിഞ്ഞതിന്റെ പകരവും പലിശയും ആയി..

    ഒരു 'ബോയിംഗ് ബോയിംഗ്' സിനിമ സ്റ്റൈൽ കഥ
    ആക്കി അവതരപ്പിച്ചു മച്ചു ..:)

    ഗോപിയല്ല ഗോപി ..മനുവാണു ഗോപി അല്ലേ :)
    പാവം ലത തല ചരിച്ചൊരു ചിരി ...

    അഭിനന്ദൻസ് ...

    ReplyDelete
  16. സൂപ്പർ തന്നെ.. ചിരിച്ചു ചിരിച്ചു മതിയായി..

    ReplyDelete
  17. സരസമായ എഴുത്ത് പല് ഇടങ്ങളില്‍ ചിരി പിടിവിട്ടു പോകും മച്

    ReplyDelete
  18. ഹി ഹി ഈ കഥ വായിച്ചു ആരെങ്കിലും കുടി നിര്‍ത്തിയോ ..:)

    ReplyDelete
  19. ഓരോ വരികളും വാക്കുകളിലും ചിരിയുടെ ഉഗ്രന്‍ പഞ്ചുകള്‍ സൂപ്പെര്‍ നന്നായി എഴുതി ആശംസകള്‍ കുടി നിര്‍ത്തിയോ ... അത് ശരിയായില്ലട്ടോ

    ReplyDelete
  20. അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ ..:)

    ReplyDelete
  21. ഇങ്ങനെ ചിരിപ്പിക്കണം.. സൂപ്പറായിട്ടാ...

    ReplyDelete
  22. :) ഇതെന്താ പ്രിയദര്‍ശന്‍ സിനിമയോ :)

    ReplyDelete
  23. :) ഞാന്‍ ഇന്നാണ് ഇക്കഥ വായിക്കുന്നത്!
    നന്നായിട്ടുണ്ട്!!!

    ReplyDelete
  24. പൊളിച്ചു ബ്രോ...... കൊച്ചിന്‍റച്ചന് അനുമോദനങ്ങള്‍.....

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...