പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, October 18, 2012

ഒരു ബ്ലോഗ്ഗെറുടെ തുറന്നുപറച്ചിലുകള്‍...!!!

കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ഉറക്കച്ചടവുള്ള രാത്രികളിലൊന്നില്‍ മനസ്സില്‍ പെട്ടെന്നൊരു പൂതി.. ശരിക്കും പറഞ്ഞാല്‍ വല്ലാത്തൊരു പൂതി..

എന്താന്നല്ലേ??
ഓളോട് പറയണം ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്.. ഈ ബൂലോകത്തെ വലിയൊരു സംഭവമാണെന്ന്...!!!

അങ്ങനെ ഞാന്‍  എഴുതിയ ബ്ലോഗ്ഗുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച ഒരു പോസ്റ്റ്‌ അവള്‍ക്കായ് ഞാന്‍ തുറന്നു കൊടുത്തു..
അവള്‍ "അമ്മേ മാപ്പ് " വായിച്ചു തുടങ്ങി..(ഇനി ഈ പോസ്റ്റ്‌ മുന്നോട്ട് പോകാന്‍  നിങ്ങളും ആ കഥ വായിച്ചിരിക്കണം. കഥ വായിക്കേണ്ട ഫോര്‍മാറ്റ്‌ ,കണ്ണൂര്‍ പാസ്സഞ്ചര്‍  സ്പേസ് അമ്മെ മാപ്പ്..ഇവിടെ ക്ലിക്കുക..)

അവള്‍ കഥ വായിച്ചു തീര്‍ന്നു.
ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.. അവളുടെ കണ്ണുകളില്‍ വല്ലാത്തൊരു പ്രസരിപ്പ്..!!!
അതെ, എന്റെ കഥയില്‍ അവള്‍ വീണിരിക്കുന്നു ..
"എങ്ങനുണ്ട് കഥ??" ഞാന്‍ സന്തോഷത്തോടെ  ചോദിച്ചു ..
അവള്‍ ഒന്നും മിണ്ടിയില്ല ...
കദന കഥ വായിച്ചതിന്റെ വിഷമത്തില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ ഞാന്‍ കാത്തിരുന്നു ..
അല്‍പ നേരത്തെ മൌനത്തിനു ശേഷം അവള്‍ സംസാരിച്ചു തുടങ്ങി..
"എനിക്ക് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് ..."
കാണും. ആ കഥ വായിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും തോന്നും എന്തൊക്കെയോ ചോദിയ്ക്കാന്‍.. ഞാന്‍ എന്നോട്
തന്നെ എത്രമാത്രം ചോദ്യങ്ങളാ ചോദിച്ചത് ..!!!

ചോദിക്ക് മോളെ ചോദിക്ക്......
പുന്നാര മകന്‍ കള്ളനായി മുദ്ര കുത്തിയപ്പോള്‍ ഹൃദയം തകര്‍ന്ന ഒരമ്മയെ കുറിച്ച്...
ചെയ്യാത്ത  കുറ്റത്തിന് കള്ളനാകേണ്ടി  വന്ന ഒരു പയ്യനെ കുറിച്ച്...
രണ്ടു പവന്‍ സ്വര്‍ണം നഷ്ടപ്പെട്ട ഒരു സ്ത്രീയെ കുറിച്ച്...
ഒരു ചെറിയ സംഭവത്തില്‍  നിന്നും ഒരു കഥ മെനഞ്ഞ എന്‍റെ  ഭാവനയെ കുറിച്ച്.. അങ്ങനെയങ്ങനെ ...
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇതാ എന്‍റെ  ഭാവന ഇവിടെ ഉണര്‍ന്നിരിക്കുന്നു...!!!

അവളുടെ ആദ്യ ചോദ്യത്തിനായി ഞാന്‍ കാതോര്‍ത്തു.. അവള്‍ ചോദ്യം ചോദിച്ചു തുടങ്ങി..
"ഇങ്ങളെന്തിനാ  അന്ന് ഗോവയില്‍ പോയത്??"
ടിഷും..
"എന്തിര്??"

"ഇങ്ങളെന്തിനാ  അന്ന് ഗോവയില്‍ പോയത് എന്ന് "
'പടച്ചോനെ ,ഞാനെന്താ പറയേണ്ടത്..??'
"അത് പിന്നെ വെരുതെ ഒരു തമാശക്ക് ചെങ്ങായിമാരുടെ കൂടെ പോയതാ.. "
കരുതി വെച്ച ഭാവനയെ അങ്ങ് ദൂരെ വലിച്ചെറിഞ്ഞ്  വായില്‍ തോന്നിയ ഒന്ന് വിളിച്ചു പറഞ്ഞു.. അല്ലേലും ഓള്  ഇമ്മാതിരി ചോദ്യം ചോദിച്ചാല്‍ ഭാവന പോയിട്ട് നയന്‍‌താര  പോലും വരുമെന്ന് തോന്നുന്നില്ല..
"തമാശക്ക് മനുഷന്മാര്‍ ഗോവയിലാ  പോകുക?? "
"അത്.. അത് പിന്നെ...." ഞാന്‍ തല ചൊറിഞ്ഞു  തുടങ്ങി..
"ഇങ്ങള്  അധികം കിടന്ന് ഉരുളെണ്ട..സത്യം പറ ,ഇങ്ങള്  ഏതവളെ കാണാനാ  അന്ന് ഗോവയില്‍ പോയത്.." അവളുടെ ശബ്ദം കനത്തു തുടങ്ങി..
'അവളാ.. ????എന്‍റെ  ബ്ലോഗ്ഗിലാര്‍ കാവിലമ്മേ..ഇവളെന്താ ഈ ചോദിക്കുന്നേ ..??'
"അവളെയ?? നീയെന്താ ഈ ചോദിക്കുന്നെ??" അത് ചോദിക്കുമ്പോള്‍ എന്റെ ശബ്ദം ഇടറിയിരുന്നു.
"കണ്ടാ. ഇക്കയുടെ ശബ്ദം കേട്ടാലറിയാം ഇക്ക ഏതവളെയോ കാണാന്‍ തന്നെയാ പോയതെന്ന് .." അവള്‍ കരഞ്ഞുവോ..?? ഹേയ് ,ഇല്ല...
'ന്റെ  പടച്ചോനെ.ഇതിപ്പോ കൊക്കിനു വെച്ചത് കുളക്കൊഴിക്കും  കൊണ്ട് അങ്ങ് പോകുവാണല്ലോ.. ഒന്നും വേണ്ടായിരുന്നു .. ' ഞാന്‍ മനസ്സില്‍ ഓര്‍ത്തു...
"സത്യായിട്ടും  ഞാന്‍ വെറുതെ പോയതാ മോളെ ..എന്നെ അവിശ്വസിക്കരുത് .." എന്റെ  ശബ്ദം ഒന്നുകൂടി ഇടറിയിരുന്നു..
അത് കേട്ടപ്പോള്‍ അവളുടെ മുഖം പ്രസന്നമായി.
'ഭാഗ്യം..അവള്‍ വിശ്വസിച്ചല്ലോ..' ഞാന്‍ ആശ്വസിച്ചു..
കുറച്ചു നേരത്തെ മൌനത്തിനു ശേഷം അവള്‍ പിന്നെയും എന്നെ നോക്കി..
"എന്താ മോളെ..?" ഞാന്‍ പ്രണയപരവശനായി  (?) അവളോട്  ചോദിച്ചു..
"എനിക്ക് ശരിക്കും ചോദിക്കാനുള്ള ചോദ്യം ഞാന്‍ ഇതുവരെ ചോദിച്ചില്ല.. ചോദിച്ചോട്ടെ??" അവളുടെ അപേക്ഷ കേട്ടപ്പോള്‍ എന്റെ മുഖവും പ്രസന്നമായി..
"ചോദിക്ക് മോളെ ചോദിക്ക്.. അത് കേള്‍ക്കാനല്ലേ ഞാനും ഇത്രേം നേരം കാത്തിരുന്നത്.. " അതും പറഞ്ഞു അവളുടെ ചോദ്യത്തിനായി ഞാന്‍ പിന്നെയും കാതോര്‍ത്തു..
എന്നില്‍ പിന്നെയും ഭാവന ഉണര്‍ന്നു.. 'ഇനി ഞാന്‍ തകര്‍ക്കും..' എന്റെ മനസ്സ് പറഞ്ഞു..

"ഇക്കയെന്തിനാ ആ സ്ത്രീയുടെ അടുത്ത് പോയി ഇരുന്നത്?? "
"എഹ് ..എന്തോന്നാ ?സ്ത്രീയാ ?? ഏതു  സ്ത്രീ?? " ഞാന്‍ കണ്ണ് മിഴിച്ചു..
"ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടാണ് ഞെട്ടി എഴുന്നേറ്റത് എന്ന് പറഞ്ഞില്ലേ,ആ സ്ത്രീ.." അവള്‍ തുടര്‍ന്നു..
"ന്റെ പൊന്നോ .. നീ എന്തൊക്കെയാ ഈ ചോദിക്കുന്നെ .. എനിക്കൊന്നും മനസിലാവണില്ല.. അത് വെറും ഒരു കഥയല്ലേ .. നീ ഇമ്മാതിരി ചോദ്യം ചോദിക്കുന്നതിനു പകരം സ്വര്‍ണം നഷ്ടപ്പെട്ട ആ സ്ത്രീയുടെ മാനസികാവസ്ഥയെ കുറിച്ച് ചോദിക്ക്.. "
"ആ സ്ത്രീയുടെ അല്ല.. എനിക്കറിയേണ്ടത് ഇക്കയുടെ മാനസികാവസ്ഥ ആണ് .. പറ, റെയില്‍വേ സ്റ്റേഷനില്‍ എത്രമാത്രം സ്ഥലമുണ്ടാവും..എന്നിട്ടും ഇക്കയെന്തിനാ ആ സ്ത്രീയുടെ അടുത്ത് തന്നെ പോയിരുന്നത്..??"
'ഒരു കഥയെഴുത്തിന്റെ  പേരില്‍ എന്റെ കഥ ഇത്രമാത്രം മാറിമറയും  എന്നറിഞ്ഞിരുന്നേല്‍ ഞാന്‍ ഇതിനൊന്നും നില്‍ക്കില്ലായിരുന്നു.ഇതിപ്പോ.. ശോ... ' ഞാന്‍ ഒന്നും മിണ്ടിയില്ല..

കുറെ നേരത്ത മൌനത്തിനു ശേഷം അവള്‍ വീണ്ടും എന്നെ നോക്കി..
"എനിക്കിനിയും ചോദ്യമുണ്ട് .." അവള്‍ പറഞ്ഞു..
'എന്റെ പൊന്നെ. ഇതുവരെ തീര്‍ന്നില്ലേ? വേണ്ട,ചോദിക്കരുത് ..ഇനിയും നിന്റെ ചോദ്യ ശരങ്ങള്‍ താങ്ങാനുള്ള കരുത്ത് എനിക്കില്ല ..പ്ലീസ് ..' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ഉം. ചോദീര്‌  ..ഒരു ചോദ്യം പോലും ബാക്കി  വെക്കാതെ എല്ലാം ചോദീര്.."  ഞാന്‍ മനസില്ല മനസ്സോടെ പറഞ്ഞു..
"ഇങ്ങളന്നു ലാപ്‌ ടോപ്പില്‍ ഏതു പടമാ കണ്ടത് ??"
ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ആശ്വസിച്ചു.. കാരണം വല്യ കുഴപ്പമില്ലാത്ത ചോദ്യം..
"She is the Man എന്ന ഇംഗ്ലീഷ് പടമാ .." പടം ഏതാണെന്ന് കൃത്യമായ ഒര്മയില്ലെങ്കില്‍ പോലും അവസാനമായി ലാപ്‌ ടോപ്പില്‍ കണ്ട സിനിമയുടെ പേരാ വായില്‍ വന്നത്..
അതങ്ങ് പറഞ്ഞു..
അത് കേട്ടതും അവളുടെ മുഖം ഒന്നുകൂടി തുടുത്തു..
"ഇക്കാക്ക്‌ നാണമില്ലേ,റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇത്രേം ആള്‍ക്കാരുടെ മുന്നില്‍ ഇതുപോലോതെ വൃത്തികെട്ട ഒരു പടം കാണാന്‍...... "
"ന്റെ പടച്ചോനെ ,വൃത്തികെട്ട പടമോ.?? അത് ഫുട്ബോള്‍ കളിയെ കുറിച്ചുള്ള ഒരു നല്ല ഇംഗ്ലീഷ് പടമാ..." ഞാന്‍ പിന്നെയും വിയര്‍ത്തു ..
"ഓ പിന്നെ.. അതികം ഉരുളെണ്ടാ... പടത്തിന്റെ  പേര് കേട്ടാല്‍ തന്നെ അറിയാം, എങ്ങനുള്ള പടമാണെന്ന്...She is the Man പോലും...!!!"
'ലോകത്ത് എത്രമാത്രം പടങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.. .അതിലെത്ര മാത്രം പടം ഞാന്‍ കണ്ടതാ... എന്നിട്ടും ഒരാവശ്യം വന്നപ്പോള്‍ ഈ പടത്തിന്റെ പേര് തന്നെ നാവില്‍ വന്നല്ലോ.. ശോ.. അല്ലേലും അതങ്ങനാ...പാമ്പ് പോലും നോക്കി നടക്കുന്നത് ഇടിവെട്ടിയവനെ കടിക്കാനാ.... നല്ലൊരു ചോദ്യമായിരുന്നു... ഏതായാലും ഉത്തരം പറഞ്ഞു കുളമാക്കി.. മിടുക്കന്‍... ' ഞാന്‍ മനസ്സില്‍ പറഞ്ഞു,ഉത്തരം തെറ്റിച്ചു പറഞ്ഞ നാവിനു ഒരു കടി കൊടുത്തു... അല്ല പിന്നെ...!!!

"ഇനി എനിക്ക് ചോദിക്കാനുള്ളത് എന്താന്ന് വെച്ചാല്‍ ............" അവള്‍ സംസാരിച്ചു തുടങ്ങി...
"അരുത്.... അരുത്... നീ ഒന്നും ചോദിക്കരുത്.. പടച്ചോനെ ഓര്‍ത്ത് നീ ഒന്നും ചോദിക്കരുത്..." ഞാന്‍ പറഞ്ഞു..
അവള്‍ മുഖം വീര്‍പ്പിച്ചു കൊണ്ട് തിരിഞ്ഞു നിന്നു...
"സത്യായിട്ടും ഞാന്‍ ഗോവയില്‍ പോയിട്ടില്ല..ട്രെയിന്‍ മിസ്സ്‌ ആയിട്ടില്ല...ഇങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ല.. എല്ലാം എന്റെ ഭാവനയാ .. നീ വിശ്വസിക്കണം. " ഞാന്‍ ദയനീയ ശബ്ദത്തില്‍ പറഞ്ഞു..
അവള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു...
ഞാന്‍ സന്തോഷത്തോടെ  അവളുടെ അടുത്തേക്ക് നടന്നടുത്തു.. അത് കണ്ടതും അവള്‍ എന്നോട് ചോദിച്ചു ...
"വെളുത്തിട്ടാണോ  ഇക്ക??" അവളുടെ ചോദ്യം..
"ആര്.. നിയ്യോ? "
"അല്ല.. ആ സ്ത്രീ...??"
"എഹ് ..ഏതു  സ്ത്രീ??" ഞാന്‍ സംശയത്തിലായി.
"റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ആ സ്ത്രീ.... "
ഠിം.. നടന്നടുത്ത ഞാന്‍ വെടി കൊണ്ടത്‌ പോലെ നിന്നു..
പിന്നെ തിരിഞ്ഞു നടന്നു..

മേശമേല്‍  കിടന്ന അവള്‍ക്ക് കഥ വായിക്കാന്‍ കൊടുത്ത ഫോണ്‍ എടുത്തു വലിച്ചെറിയാന്‍ തോന്നി.പക്ഷെ തൊട്ടടുത്ത്‌ തന്നെ എന്റെ പേഴ്സ് കണ്ടപ്പോള്‍ ആ തോന്നല്‍ അതുപോലെ മടക്കി എട്ടായി വെച്ചു..
അപ്പോഴാണ് കണ്ണൂരാന്‍ യാച്ചു  നാട്ടിലുണ്ടെന്ന കാര്യം ഓര്മ വന്നത്.. ഫോണ്‍ എടുത്തു യാച്ചുവിനെ  വിളിച്ചു..
"ഹലോ യാച്ചു ,എന്ത് ചെയ്യുവാ??" ഫോണ്‍ എടുത്ത ഉടനെ ഞാന്‍ ചോദിച്ചു..
"അത്...... ഞാന്‍....... ഒരു ബ്ലോഗ്പോസ്ടിന്റെ  കാര്യം ഭാര്യയുമായി ചര്‍ച്ച ചെയ്യുകയാ.." യാച്ചുവിന്റെ മറുപടി..
'ഉവ്വോ...ഇവിടെ ഞാനും.... എന്നിട്ട് തല്ലു വല്ലതും കിട്ടിയോ??' എന്ന് ചോദിയ്ക്കാന്‍ വന്നത് തല്ക്കാലം വിഴുങ്ങി ഞാന്‍ കാര്യത്തിലേക്ക് കടന്നു..
"നമ്മുടെ ഈ ബ്ലോഗ്‌ ഐഡി ഡിലീറ്റ് ചെയ്യുന്നതെങ്ങനാ യാചൂ..."
"നിന്റെ പോസ്റ്റ്‌ ഓള്  വായിച്ചു അല്ലെ???" ചോദ്യം കേട്ടപ്പോള്‍ തന്നെ യാച്ചുവിന്റെ മറുചോദ്യം...
ഞാന്‍ ഒന്നും പറഞ്ഞില്ല...
"സാരമില്ലെടാ.. എല്ലാം ശരിയാകും. നീ ബ്ലോഗ്‌ ഡിലീറ്റ് ചെയ്യുകയോന്നും വേണ്ട.. തല്ക്കാലം അതും ഒരു പോസ്റ്റ്‌ ആക്ക് ...എല്ലാം ശീലമായിക്കൊള്ളും .. " പറഞ്ഞു തീരുന്നതിനു മുമ്പേ യാച്ചു ഫോണ്‍ കട്ട്‌ ചെയ്തു, അതോ???

കഥകള്‍ അവസാനിക്കുന്നില്ല.. തുടരും... :)


യാദാര്‍ത്ഥ്യം..
"അമ്മേ മാപ്പ് " അവള്‍ക്കു വായിക്കാന്‍ കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ഒരു ചെറിയ സംഭവം എന്റെ ഭാവനയില്‍ വിരിഞ്ഞതാണ് ഈ പോസ്റ്റ്‌.. യദാര്‍ത്ഥത്തില്‍ പോസ്റ്റ്‌ വായിച്ച ഉടനെ അവള്‍ പറഞ്ഞു, 'പോസ്റ്റ്‌ നന്നായിട്ടുണ്ട്.. ഈ കഥ നടന്നതാണോ??? ആ മകന്‍ ഇപ്പൊ ജീവിചിരിപ്പുണ്ടാകുമോ? '.. അത് കഴിഞ്ഞ കുറച്ചു കവിതകള്‍ കുത്തി നിറച്ച ഒരു ഡയറി എന്റെ നേര്‍ക്ക്‌ നീട്ടിയിട്ട്‌  അവള്‍ പറഞ്ഞു, "ഞാന്‍ എഴുതിയതാ, വായിച്ചു നോക്ക്..."
ആ ഡയറി താളുകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കവിത ഞാന്‍ 'ചൂണ്ടിയിട്ടുണ്ട്'..അധികം വൈകാതെ   "എന്‍റെ  സ്വപ്നത്തില്‍ " ആ കവിത ഇടം  പിടിക്കും, മുബീന ഫിറോസ്‌ എന്ന പേരില്‍....

സന്തോഷത്തോടെ,
ഫിറോസ്‌

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...