പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Wednesday, June 26, 2013

തെങ്ങിന്‍ തോപ്പിലെ അര്‍ദ്ധരാത്രി...

എര്ണാകുളം ബാച്ചി ജീവിതത്തിന്റെ സുവര്‍ണ ഏടുകള്‍ വീണ്ടും എഴുതപ്പെടുന്നു..
ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു തുള്ളി കണ്ണീരോടെ തുടങ്ങുന്നു..!!!

അന്നൊരു ഞായറാഴ്ച ആയിരുന്നു..അല്ലേലും അപകടങ്ങള്‍ മിക്കവാറും നടക്കുന്നത്‌ ഞായറാഴ്ചകളില്‍ തന്നെയാണല്ലോ..പക്ഷേ ആ ഞായറാഴ്ച നടന്ന അപകടം സാധാരണ പോലെ ഒരു കല്യാണമായിരുന്നില്ല എന്നു മാത്രം..!!!

റൂമില്‍ ഞാനും,ഷിനുവും,പ്രകാശും പിന്നെ ഞങ്ങളുടെ സ്വന്തം സാജും.. (ഫൂ....)
ഞങ്ങള്‍ വരുന്നത്‌ വരെ നിരീശ്വരവാദിയായ,ഞങ്ങള്‍ വന്നതിനു ശേഷം കടുത്ത ദൈവ വിശ്വാസി ആയി മാറിയ വീട്ടുടമസ്ഥന്‍ പതിവു പോലെ അന്നും ഞങ്ങള്‍ക്ക് നേരെ കലിതുള്ളി വന്നു..
പക്ഷേ ഇന്നദ്ദേഹം കട്ട കലിപ്പില്‍ തന്നെ ആയിരുന്നു,കാരണം ഇനീം ഞങ്ങളെ അവിടെ താമാസിപ്പിച്ചാല്‍ അങ്ങേരെ അങ്ങേരുടെ വീട്ടില് നിന്നും പറഞ്ഞു വീടുമെന്ന് ഭാര്യ പറഞ്ഞെന്ന്.. കുടുംബശ്രീയില്‍ ഞങ്ങളുടെ ലീലാ വിലാസങ്ങള്‍ ആണ് പോലും പുതിയ ചര്‍ച്ചാ വിഷയം..!!!
അല്ലേലും അവര്‍ക്ക് ചർച്ച ചെയ്യാൻ എന്തേലും വിഷയം മതിയല്ലോ.. ഷെടാ...
ഏതായാലും വീട്‌ മാറില്ല എന്ന് ഞങ്ങളും ഉറച്ചു നിന്നു..
ചേട്ടന്‍ കലിപ്പിന്‍ മേല്‍ കലിപ്പായി.. 'ദ ചേച്ചി എഫ്ഫക്റ്റ്‌..!!!'

"ചേട്ടന്‍ എന്തൊക്കെ പറഞ്ഞാലും അഗ്രീമെന്റ് മാസം കഴിയാതെ ഞങ്ങള്‍ ഒഴിയില്ല.." ഞാന്‍ കടുപ്പിച്ചു പറഞ്ഞു..
"ഇറങ്ങിയില്ലേല്‍ നിന്നെയൊക്കെ അടിച്ചിറക്കും ഞാന്‍.. " ചേട്ടനും കടുപ്പിച്ചു..
"എന്നാ വന്നടിക്കെടാ പരട്ടേ..." അതും പറഞ്ഞു ഷിനു മുന്നോട്ട്‌ വന്നു..
"എടാ.. പ്രായത്തില്‍ മൂത്ത ആളെ ബഹുമാനിക്കെടാ.. ഈ പന്നീ എത്രയൊക്കെ ഊള ആണേലും  നമ്മളേക്കാള്‍ മൂത്തതല്ലേ... അതൊന്ട് നീ ക്ഷമി.. " പ്രകാശ് മാന്യനായി..
ചേട്ടന്‍ എഗൈന്‍ കലിപ്പ്ഡ്..!!!
"ഞാന്‍ മാത്രമല്ല ആയല്‍വാസികള്‍ മുഴുവന്‍ എന്റെ ഒരു വിളിക്കായ് കാതോര്‍തതിരിക്കുവാ നിന്നെയൊക്കെ അടിച്ചൊതുക്കന്‍.. " ചേട്ടന്റെ പഞ്ച്  ഡയലോഗ്‌..
ടീം..
പരമാര്‍ഥമായ പച്ച,നഗ്ന സത്യം..
ചേട്ടന്റെ ഒരു യെസ് അതു ചരിത്രമാകും.. കൂടെ ഞങ്ങളും ചരിത്രമാകും.. കാരണം അത്രേം നല്ല സ്നേഹ ബന്ധമാ ഞങ്ങളും ഞങ്ങളുടെ ആയല്‍വാസികളും തമ്മില്‍ നിലനില്‍ക്കുന്നത്‌...
ഞങ്ങള്‍ മിണ്ടാതെ നിന്നു..
"എന്താ ഞാന്‍ അവന്മാരെ വിളിക്കണോ ഇങ്ങോട്ട്‌??" ചേട്ടന്‍ പിന്നെയും ചൂടോടെ ചോദിച്ചു..
ഇനി ഞങ്ങള്‍ക്ക് മുന്നിലുള്ള വഴി...!!!
ഒരേ ഒരു വഴി.. ഗാന്ധിജിയുടെ വഴി.. സമാധാനത്തിന്റെ വഴി.....
'ലോകാ സമസ്ത്യാ സുഖിനോ ഭവന്ദൂ' എന്നാണല്ലോ..
ഞാന്‍ എന്റെ രണ്ടു കൈകളും ചേട്ടന് മുന്നില്‍ കൂപ്പി..
ഭവ്യത എന്റെ മുഖത്ത്‌ ഓട്ടോ പിടിച്ചു വന്നു..
"ചേട്ടന്‍ അങ്ങനെ പറയരുത്‌... " എന്റെ ശബ്ദം ഇടറി..
"പിന്നെങ്ങനെ പറയണം??" ചേട്ടന്റെ ശബ്ദം ഒട്ടും ഇടറിയില്ല..
"ചേട്ടന്‍ പെട്ടെന്നങ്ങനെ ഒഴിയാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ പ്രായ പൂര്‍ത്തിയായ നാല്‌ ചെറുപ്പക്കാര്‍ തെരുവിലേക്ക് ഇറങ്ങി പോകേണ്ടി വരും എന്നു ചേട്ടന്‍ ഓര്ക്കാത്തതെന്താ??? " ഞാന്‍ സെന്റിയായി..
ചേട്ടന്റെ കണ്ണും നിറഞ്ഞു..
"എന്നാ ശരി.. ഇന്നിറങ്ങേണ്ട.. നാളെ ഇറങ്ങിയാല്‍ മതി.." ചേട്ടന്റെ പിച്ച..
"എഹ്.. നാളെ...???? "
"അതേ.. നാളെ എന്നു പറഞ്ഞാല്‍ നാളെ.. അതിന്റെ അപ്പുറം ഒരു ദിവസം പോലും തരില്ല..."
"ചേട്ടാ അങ്ങനെ പറയരുത്‌.. പ്ലീസ്" പ്രകാശും കൈ കൂപ്പി..
"ഇല്ലാന്നു പറഞ്ഞാല്‍ ഇല്ല.. നാളെ,,നാളെ.. നാളെ.. "
ആഹ്....
"താനാരുവാ.. ലോട്ടെറിക്കാരനോ, നാളെ നാളെ എന്ന് അലറാന്‍ &*&$@# ന്റെ മോനേ.." കൂപ്പിയ കൈ ചേട്ടന് ഓങ്ങി കൊണ്ട് പ്രകാശ് പറഞ്ഞു..
"ഞങ്ങള്‍ ഗ്യാസ് ഇന്നു നിറച്ചതെ ഉള്ളൂ.. അതു കഴിഞ്ഞിട്ട്‌ മാറാം " പ്രകാശ് തുടര്‍ന്നു..
"ഗ്യാസ് എന്നു തീരുമാവോ??" ചേട്ടന്റെ ചോദ്യം..
"ഒരു എട്ടു മാസം.. " എന്റെ മറുപടി..
"പ്ഫാ.. " ചേട്ടന്റെ സഡന്‍ റിപ്ലൈ...
"നാളെ രാവിലെ നീയൊക്കെ ഇറങ്ങിയില്ലേല്‍ ബാക്കി അപ്പോ പറയാം..." ചേട്ടന്‍ തുടര്‍ന്നു..
"എന്നാല്‍ ഞങ്ങള്‍ ഗ്യാസ്കുറ്റി കൊണ്ട് പോകും.." എന്റെ ഭീഷണി...
"എന്നാ നിന്റെ കരണകുറ്റി ഞാന്‍ പൊകയ്ക്കും.." അതും പറഞ്ഞു ചേട്ടന്‍ സ്ലോ മോഷനില്‍ നടന്നു നീങ്ങി..
'ധൂമചാലെ ' പാടിയിരുന്ന അപ്പുറത്തെ കിളവന്റെ റേഡിയോ പുതിയ പാട്ടിനു വഴി മാറി..
'മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്ന ദുഷ്ടനാ ദുര്‍വിധി വീണ്ടും '
കിളവന്‍ ഞങ്ങള്‍ക്ക് വേണ്ടി പാട്ട് ഡെഡിക്കേറ്റ് ചെയ്യുവാ... ശവം..!!!
ജീവിതമാകുന്ന കടുത്ത യഥാര്‍ഥ്യതിന്റെ അപ്രിയ നിമിഷങ്ങളില്‍ ഞങ്ങള്‍ തരിച്ചു നിന്നു..
പാട്ട് പിന്നെയും ഉയര്‍ന്നു..
'മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്ന ദുഷ്ടനാ ദുര്‍വിധി വീണ്ടും '
ബ്ലഡീ കിളവന്‍ ....
"കിളവന്റെ കഴപ്പ് ഞാനിപ്പോ തീര്‍ത്തു  തരാം..."അതും പറഞ്ഞു ശിനു മൊബൈലില്‍ ഒരു പാട്ടു വെച്ചു.. പിന്നെ ഒരു ഡയലോഗും..
"മരണപ്രായമെത്തി പുര നിറഞ്ഞു നില്‍ക്കുന്ന സകല കിളവന്മാര്‍ക്കും ഞങ്ങളീ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു.."
പാട്ട് പാടി തുടങ്ങി..
"സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ യാത്ര ചെയ്യുന്നു..."

കീളവന്റെ കണ്ണ് തള്ളി.. അങ്ങേര് രാമ നാമാവും ജപിച്ചു കൊണ്ട് അകത്തെക്കോടി...

ചര്‍ച്ചകള്‍ കൂലംകഷമായി..
നമ്മള്‍ ഇനി എങ്ങോട്ട്‌ പോകും.. എങ്ങോട്ട്‌ പോകും..... പോകും.....
പെട്ടെന്ന് സാജ് ചാടി എണീറ്റു..
"എങ്ങോട്ട്‌ പോയാലും ഇല്ലേലും ആ പരട്ട ചേട്ടന് എന്തേലും പണി കൊടുക്കണം..." അവന്റെ ചോര തിളച്ചു...
"ശരിയാ..അങ്ങേര്‍ക്ക് ചുമ്മാ ഗ്യാസും നിറച്ചു കൊടുത്ത്‌ പോകാന്‍ അങ്ങേര് നമ്മുടെ അമ്മായിയപ്പനൊന്നുമല്ലല്ലൊ " എന്റെ ചോരയും തിളച്ചു..
"ഗ്യാസ് അല്ലേലും കൊടുക്കേണ്ട.." സാജ് പറഞ്ഞു..
"പിന്നെ??"
"ഇന്നു രാത്രി ഉറങ്ങാം നേരം ഗ്യാസ് തുറന്നു വിടാം.. രാവിലെ ആകുമ്പോഴേക്കും അതു തീര്‍ന്നോളും.."
'ഏ... തുറന്നു വീടാനാ... ' ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചു വാ പൊളിച്ചു..
"ഒരു കാര്യം ചെയ്.. ഞങ്ങള്‍ പുറത്ത് പോകാം ..നീ ഗ്യാസ് തുറന്ന് വിട്ടു രാവിലെ എണീറ്റ്‌ അടുക്കളയില്‍ പോയി ഒരു സിഗരറ്റ് ഒക്കെ വലിച്ചിട്ട്‌ വന്നാല്‍ മതി..." ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു...
"എന്നാ നിങ്ങള്‍ സിഗരറ്റ് വാങ്ങി തന്നിട്ട്‌ എവിടാന്ന് വെച്ചാല്‍ പോ..."
എഹ്.. !!! :O

"ആ മണ്ടനെ  വീട്‌.. ..കാര്യത്തിലേക്ക് വാ...പണി കൊടുക്കുന്നേല്‍ പെട്ടെന്ന് ആലോചിക്കണം.. നാളെ രാവിലെ വരേയെ സമയമുള്ളു.. " പ്രകാശ് കാര്യമായി പറഞ്ഞു...
"എന്ത് പണി കൊടുക്കും .." ചര്‍ച്ചകള്‍ പിന്നെയും ചൂട് പിടിച്ചു..
"അയാളുടെ കുടുംബത്തില്‍ ആരൊക്കെ ഉണ്ട് ?? " കുറച്ചു നേരത്തെ മൌനത്തിന് ശേഷം   പ്രകാശ് ചോദിച്ചു..
"ഭാര്യ,ഒരു മകള്‍,ഒരു മകന്‍.. " എന്റെ മറുപടി..
അത് കേട്ടതും അവന്റെ മുഖം പ്രസന്നമായി...
"പെണ്മക്കളുള്ള എല്ലാ അച്ഛന്മാരുടെം നെഞ്ചിലെ നെരിപ്പോട്.. അവിടെ തന്നെ കുത്താം നമുക്ക് .."കൊടി സുനിയെ പോലെ പ്രകാശ്‌ പറഞ്ഞു..
"നെഞ്ച്.. നെരിപ്പോട്.. എന്തുവാ...??" ഷിനു വാ പൊളിച്ചു..
"നിനക്ക് മനസ്സിലായില്ലേ... അയാളുടെ നെഞ്ചിലേക്ക് കത്തി കൊണ്ട്  കുത്താം എന്ന്..." സാജ് വ്യക്തമാക്കി..
"എഹ്.. പോടാ.. അതല്ലാ.." പ്രകാശ്‌ അവനെ തിരുത്തി..
"പിന്നെ??? "
"അയാളുടെ മകളെ നമുക്ക് സാജിനെ കൊണ്ട് പ്രേമിപ്പിക്കാം.. അതിലും വലിയ പണി ഒരാൾക്കും ഈ ജന്മം കിട്ടില്ല. " പ്രകാശ്‌ ഇത് പറഞ്ഞതും സാജിന്റെ മുഖം പ്രസന്നമായി,കന്നി മാസം വന്നതറിഞ്ഞ പട്ടിയുടെ മുഖം പോലെ..!!!
എന്റെയും ശിനുവിന്റെം മുഖത്ത് പുച്ഛം സംസ്ഥാന സമ്മേളനം വിളിച്ചു ചേര്‍ത്തു..
"ശവം... രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന പൊടിക്കൊച്ചിനെ ഈ കാളയെ കൊണ്ട് പ്രേമിപ്പിക്കണമെന്നോ??? " ഞാനും ശിനുവും ഒരുമിച്ച് ചോദിച്ചു..
"അയ്യേ.. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചാണോ ..  " പ്രകാശ് ചമ്മലോടെ ചോദിച്ചു..
"ഉം.. ഉവ്വ.." ഞങ്ങളുടെ മറുപടി..
"എന്നാലും കുഴപ്പമില്ലടാ.. ഞാന്‍ കാത്തിരുന്നോളം,എത്ര വർഷം വേണമെങ്കിലും.. " എന്നും പറഞ്ഞ് സാജ് പ്രതീക്ഷയോടെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി...
"എഹ്.. പോടാ..."
"എന്നാ പിന്നെ അവളെ നമുക്ക് തട്ടിക്കൊണ്ട് പോയാലോ?? " കൊടി സുനി പിന്നെയും തുടര്ന്നു..
"എന്നിട്ട്???"
"മകളെ വിട്ടു തരണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന് ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്താം..  "അവന്‍ തുടര്ന്നു..
"ഒന്ന് പോടാ.. മോള്ക്ക് ഒന്നൊര ലക്ഷം രൂപയാകും,അമ്പതിനായിരം കൂടി എനിക്ക് തന്നിട്ട് മോളെ നിങ്ങള്‍ എടുത്തോ എന്ന് പറയും അങ്ങേര്.. എന്നേം നിന്നേം വരെ വേണേല്‍ വിറ്റു കാശാക്കും ആ കാലന്‍ .. അപ്പോഴാ അവന്റെ ഓഞ്ഞ ഒരു ഐഡിയ.." ഞാന്‍ കലിപ്പോടെ പറഞ്ഞു...
"എടാ പൊട്ടാ.. ഇമ്മാതിരി അവിഞ്ഞ ഐഡിയ പറയാതെ, ഇലക്കും മുള്ളിനും കേടില്ലാത്ത ഒരു നല്ല ഐഡിയ പറയ്‌..." ശിനു മൊഴിഞ്ഞു..
ആ വാക്ക് പാതി കേട്ട സാജ് സീനിലേക്ക്‌ പിന്നെയും ചാടി വീണു..
"നല്ല ഐഡിയ..." അവന്‍ ശിനുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു..
"ഐഡിയ??? അതിന് ഞാനെന്ത് പറഞ്ഞെന്നാ..." ശിനു കണ്ണ് മിഴിച്ചു,കൂടെ ഞങ്ങളും...
"അയാളുടെ പറമ്പില്‍ കേറി ഇലക്കും മുള്ളിനും  കേട് വരുത്താം എന്ന് പറഞ്ഞത്.." അവന്‍ വിശദീകരിച്ചു..
ഠിം..
ഞങ്ങളൊന്നും മിണ്ടിയില്ല.. മിണ്ടിയിട്ടെന്ത് കാര്യം???
"സംഭവം അവന്‍ മണ്ടന്‍ ആണേലും അവന്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ട്.... "അല്പം കഴിഞ്ഞപ്പോള്‍ ശിനു പറഞ്ഞു..
"എന്ത്???" ഞാന്‍ ചോദിച്ചു..
"ഇന്ന് രാത്രി അങ്ങേരുടെ പറമ്പില്‍ കേറി അങ്ങ് നശിപ്പീര് ആക്കിക്കളയാം.."
"എന്ത്.. ഇലയും മുള്ളുമോ ??" പുച്ഛം തുളുമ്പി എന്റെ ചോദ്യം..
"അഹ്.. അതല്ല.. ചുമ്മാ തെങ്ങില്‍ കേറി തേങ്ങേം ഓലേം എല്ലാം വലിച്ചു പറിച്ചു താഴെ ഇടാം... ഒരു ചെറിയ പണി.."അവന്‍ പറഞ്ഞു നിര്ത്തി..
ഞാനും പ്രകാശും പരസ്പരം നോക്കി..
"അത് കുഴപ്പമില്ലാത്ത പണിയാ.. നമ്മുടെ പ്രവര്ത്തി മേഖല ഇതുവരെ ആ റേഞ്ചില്‍ പോകാത്തത് കൊണ്ട് അങ്ങേര് നമ്മളെ സംശയിക്കുകയും ഇല്ല.. " എന്റെ നിഗമനം...
അത് കലക്കും...
അതെ .. രാത്രിക്ക് വേണ്ടി ഞങ്ങള്‍ കാത്തിരുന്നു.... ഉറക്കമില്ലാത്ത ആ രാത്രിക്ക് വേണ്ടി..
അങ്ങനെ ആ രാത്രി വന്നെത്തി...
"ദി ഓപെറേഷന്‍ തെങ്ങ് " എന്ന് ഞങ്ങള്‍ പേരിട്ട പദ്ധതി നടപ്പാക്കേണ്ട രാത്രി..

കൃത്യം 12 മണിക്ക്‌ തന്നെ മതിലു ചാടി ഞങ്ങള്‍ തെങ്ങിന്‍ തോപ്പിലെത്തി..
പത്തേ മുക്കാല്‍ അടിയുള്ള ഒരു തെങ്ങിന്റെ ചുവട്ടില്‍ പോയി നിന്ന്, തെങ്ങിനെ ഒരു കൈ കൊണ്ട് താങ്ങി നിര്‍ത്തി ഞാന്‍ ഉത്തരവിട്ടു...
"വാ, കേറിക്കോ..."
പിന്നെ ആരും കാണുന്നില്ലല്ലോ എന്നുറപ്പ് വരുത്താന്‍ ചെവിയില്‍ കയ്യിട്ടിളക്കി പതം  വന്നൊരു ഗുണ്ടയെ പോല്‍  ഞാന്‍ ചുറ്റിലും നോക്കി. പിന്നെ അവന്മാര്‍ക്ക് നേരെ നോക്കി..
അവന്മാര് മൂന്നും എന്നെ നോക്കി നില്‍ക്കുന്നു...
"എന്തേ.. കേറുന്നില്ലേ...." എന്റെ ചോദ്യം..
"ആര്???" മൂന്നു പേരുടെ മറുചോദ്യം..
"ആരേലും കേറെടാ..."എന്റെ അലര്‍ച്ച..
"ആരേലും കേറിയാല്‍ മതിയോ??" ഷിനുവീന്റെ ചോദ്യം..
"ഉം.. മതി.." ഞാന്‍ മറുപടി നല്‍കി.
"എന്നാ നീ തന്നെ കേറ്.."
"ഏ.. ഞാനാ... പോടാ..ഞാന്‍ കേറില്ല.."
"പിന്നാര് കേറും...???"
"പിന്നാര് കേറും...???"
"പിന്നാര് കേറും...???"
"പിന്നാര് കേറും...???"
നാലു ചോദ്യങ്ങള്‍.. നാലു പേര്‍.. നാലു ഉത്തരങ്ങള്‍..!!!
"നീ കേറ്"
"നീ കേറ്"
"നീ കേറ്"
"നീ കേറ്"
ശെടാ .. ഇതെന്താ ഇമ്പോസിഷന്‍ ആണോ..

"എന്നാ നമുക്ക് അക്കൂത്തിക്കുത്താനവരമ്പത്ത് കളിച്ചു തീരുമാനിക്കാം...." സാജിന്റെ ഐഡിയ പ്രവര്‍ത്തിച്ചു...
ഞങ്ങള്‍ കണ്ണ് മിഴിച്ചു.. പിന്നെ കാര്യം നടക്കണമല്ലോ എന്നോര്‍ത്ത് സമ്മതിച്ചു..
അവന്‍ കളിയുടെ നിയമ പാഠാവലി ഞങ്ങള്‍ക്ക് മുന്നില്‍ നിരത്തി..

"അക്കൂത്തിക്കുത്താനവരമ്പത്ത്
കയ്യേക്കുത്ത് കരിംകൂത്ത്
ജീപ്പ് വെള്ളം താറാം വെള്ളം
താറാ മോക്കടെ കയ്യിലൊരു പാങ്ക് "

"ശവം.. അര്‍ധ രാത്രി പാട്ടുണ്ടാക്കാതെ ക്ലൈമാക്സ് പറയേടാ പിശാഷേ.." ഞാന്‍ അലറി..
"ശരി.. ഈ പാട്ടിന്റെ അവസാനം സീതേട.. ച്ച.. ന്റെ.. പേ.. രെ... ന്ത്‌ .. എന്ന് പറഞ്ഞു നിര്‍ത്തുമ്പോള്‍  ന്ത്‌ വരുന്നയാൾ കേറണം.. ഓകേ?? "
"ഓകേ.." ഞങ്ങള്‍ സമ്മതിച്ചു..
ഞങ്ങള്‍ വട്ടത്തില്‍ നിന്നു..
അങ്ങനെ  ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി, അര്‍ധരാത്രി ഒരു വലിയ പറമ്പിന്റെ നടുത്തളത്തില്‍ നാലു മഹാന്മാര്‍ ആ മഹത്തായ കളിയില്‍ ഏര്‍പ്പെട്ടു...
സാജ് പാട്ട് പാടിത്തുടങ്ങി..

"അക്കൂത്തിക്കുത്താനവരമ്പത്ത്
കയ്യേക്കുത്ത് കരിംകൂത്ത്
ജീപ്പ് വെള്ളം താറാം വെള്ളം
താറാ മോക്കടെ കയ്യിലൊരു പാങ്ക് ..
പരിപ്പ് കൂട്ടി പാച്ചോറാക്കി
ഞാനുമുണ്ട്‌ സീതയമുണ്ട്‌..
സീതേട.. ച്ച.. ന്റെ.. പേ.. രെ... ന്ത്‌ .."
ശശി...!!!
അല്ലല്ല,സീതെടെ  അച്ഛന്റെ പേരല്ല..
എന്റപ്പോഴത്തെ അവസ്ഥയാ പറഞ്ഞത്..
ശശി...!!!
അക്കൂത്തിക്കുത്താനവരമ്പത്ത് കളി ജയിച്ചു.. മനുഷ്യന്‍ തോറ്റു..
ഇനി രക്ഷയില്ല,തെങ്ങില്‍ ഞാന്‍ തന്നെ കേറണം.. !!!

കയ്യിലെ ഫോണ്‍  ബര്‍മുഡയുടെ കീശയില്‍ തിരുകി,ഉടുത്തിരുന്ന  മുണ്ട്  തളപ്പാക്കി ഞാന്‍ തെങ്ങിലേക്ക് വലിഞ്ഞു കേറി..
കാഴ്ചക്കാരായി താഴെ ആറു കണ്ണുകള്‍..
അല്ല.. ആറു കണ്ണുകളല്ല..
എട്ടു കണ്ണുകള്‍..!!!

പറമ്പിന്റെ ഒരു മൂലയില്‍ രണ്ടു കണ്ണുകള്‍ കൂടി എന്നെയും കാത്ത്..!!!
ആരാണത്.. ??


ഉടന്‍ വരും..
അപ് ആന്‍ഡ്‌ ഡൌണ്‍.. മുകളില്‍ ഒരാളുണ്ട്‌.. !! 

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...