പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Friday, September 29, 2017

വർണ്യത്തിൽ ആ'ശങ്ക'.. !!

മഴയൊന്നു തോർന്ന തക്കം നോക്കി പെട്ടെന്ന് തന്നെ ബാഗും പിറകിൽ തൂക്കി ബൈക്കുമെടുത്തു ഓഫീസിൽ നിന്നുമിറങ്ങി..
ഇച്ചിരിയങ്ങു നീങ്ങു വണ്ടി ഒരു ഗട്ടറിൽ വീണപ്പോൾ ഒരു "ചിൽ-ചിൽ" സൗണ്ട്.. ഓരോ കുഴിയിലും വീഴുമ്പോൾ സൗണ്ട് വരുന്നുണ്ട്.. കേരളത്തിലെ റോഡല്ലേ,കുഴിയേതാ റോഡേതാ എന്നറിയത്തോണ്ട് സൗണ്ട് രൂക്ഷം..!
പുതിയ വേണ്ടിയല്ലേ, അങ്ങനെ സൗണ്ട് വന്നാൽ എങ്ങനാ?
ഒന്നും നോക്കാണ്ട് അടുത്ത് കണ്ട വർക്ക് ഷോപ്പിലേക്ക് കേറ്റി, ഹിന്ദിക്കാരൻ മെക്കാനിക്കിനോട് അറിയാവുന്ന തമിഴിൽ കാര്യം പറഞ്ഞു..
ഓൻ എല്ലാം കേട്ട്,"നോക്കട്ട് സേട്ടാ" എന്നും പറഞ്ഞു വണ്ടി ഒരു റൌണ്ട് ഓടിച്ചു വന്നു..
പിന്നെ കയ്യിൽ കിട്ടിയ സ്പാനർ എടുത്തു എന്തൊക്കെയോ മുറുക്കി..
എത്രയായി എന്ന് ചോദിച്ചപ്പോൾ പച്ച മലയാളത്തിൽ തന്നെ "മുന്നൂറ് ഉറുപ്പ്യ" എന്ന് പറഞ്ഞു.. (അത് പറയാൻ മാത്രം ഒരു സ്പെല്ലിങ് മിസ്റ്റേക്കും ഇല്ല.. :/ )
പറ്റിക്കപ്പെടാൻ പാടില്ലല്ലോ, പൈസ കൊടുക്കുന്നതിനു മുമ്പ് ഞാൻ ഒരു റൌണ്ട് ഒന്ന് ഓടിച്ചു..ഒറ്റ ഗട്ടറും മിസ് ആക്കാണ്ട് ചാടിച്ചു.. ഇല്ല,സൗണ്ടില്ല..
തിരിച്ചു വന്നു 300 കൊടുത്തു ബാഗും എടുത്തു യാത്ര തുടർന്ന്..

ഇച്ചിരിയങ്ങു യാത്ര ചെയ്തപ്പോൾ ഒരു ചെറിയ കുഴിയിൽ ചാടി. ദേ, പിന്നേം വന്നു സൗണ്ട്..!
വലിച്ചു.. ഹിന്ദിക്കാരൻ തെണ്ടി മുറുക്കിയതൊക്കെ ലൂസ് ആയിക്കാണും..Irresponsible idiot ..!!
തിരിച്ചു പോകാൻ വയ്യാത്തോണ്ട്, നെറ്റ് നോക്കി കുറച്ച് തെറിയൊക്കെ പഠിച്ചു വന്നു നാളെ തെറി പറയാം എന്ന് കരുതി നേരെ വീട്ടിലേക്ക്..!

വീട്ടിൽ ചെന്ന് ഫ്രഷ് ആയി ഓള് തന്ന ലിസ്റ്റുമായി കടയിലേക്ക് പോകാൻ പിന്നേം വണ്ടിയിൽ കേറി..
വണ്ടി ഗട്ടറിൽ വീണു, നോ സൗണ്ട്..!
വല്യ ഗട്ടറിൽ വീഴ്ത്തി,പിന്നേം നോ സൗണ്ട്..!!
ശെടാ.. ഇതെന്തു മറിമായം..!

വീട്ടിൽ തിരിച്ചെത്തി തിരിഞ്ഞും മറിഞ്ഞും ആലോചിക്കുന്നതിനിടയിൽ ഓഫീസിൽ നിന്നും കൊണ്ട് വന്ന ബാഗ് ശ്രദ്ധയിൽ പെട്ടു..
യുറേക്കാ..!
ഐസക് ന്യൂട്ടന്‌ പോലും കണ്ടു പിടിക്കാൻ പറ്റാത്ത മാരകമായൊരു കണ്ടു പിടിത്തം ഞാൻ എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിച്ചിരിക്കുന്നു..
ബാഗിലുണ്ടായിരുന്നു ചോറ്റു പാത്രം കറിപാത്രവുമായി ക്ലാഷ് ആയിട്ടുള്ള സൗണ്ട് ആയിരുന്നു വണ്ടിയിൽ കേട്ടത് എന്ന വളരെ വലിയ കണ്ടു പിടിത്തം..! Epic Discovery na.??

മുന്നൂറു ഉറപ്പ്യ, എന്തോരം ഏത്തപ്പഴം മേടിച്ചു കഴിക്കാം എന്നല്ല ഞാൻ ചിന്തിച്ചത്, ആ ഹിന്ദിക്കാരൻ ചെങ്ങായി എന്തായിരിക്കും മുന്നൂറു ഉറപ്പ്യ വാങ്ങാൻ മാത്രം ഇത്രേം മുറുക്കിയിട്ടുണ്ടാവുക എന്നായിരുന്നു..

വാൽക്കഷ്ണം: പോയ മുന്നൂറിന്റെ കൂടെ ഒരു 200 കൂടി ചിലവാക്കി ഫുഡ് കൊണ്ട് പോകാൻ പ്ലാസ്റ്റിക് പാത്രം മേടിച്ചു..ഇപ്പൊ നല്ല ആശ്വാസമുണ്ട്.. ;)

Tuesday, June 6, 2017

ഹിപ്നോട്ടിസം..!! (മിനിക്കഥ)

നഗരത്തിലെ മനോരോഗ വിദഗ്ധന് മുന്നിൽ ആ അച്ഛൻ തല കുനിച്ചിരുന്നു.. തൊട്ടപ്പുറത്ത് മൊബൈൽ വാട്ട്സപ്പിൽ തല താഴ്ത്തി മകനും..
ഡോക്ടർ ചോദ്യം ആവർത്തിച്ചു..
"എന്നതാ പ്രശ്നം? "
ഉത്തരം പറയാനാവാതെ അച്ഛൻ പിന്നെയും വിയർത്തു..
"അത്.. അത്.."

മകൻ തലയുയർത്തി.. രണ്ട് ദിവസമായി അച്ഛൻറെ സ്വഭാവത്തിൽ ഒരു മാറ്റം,എപ്പോഴും ഒരു വിഷമം,സദാസമയവും ആലോചന.. അത് തനിക്ക് കൂടെ അറിയാനാണ് അച്ഛൻ വിളിച്ചപ്പോൾ തന്നെ താനും ഇറങ്ങി പുറപ്പെട്ടത്..
"അത്.. ഡോക്ടർ.." ഡോക്ടർ കാതോർത്തു..
അച്ഛൻ തുടർന്നു..
"എൻെറ മകൻ.. അവൻ.. അവനൊരു സ്വവർഗാനുരാഗിയാണ്.. " അച്ഛൻ കണ്ണീർ വാർത്തു..
ഡോക്ടർ ഞെട്ടിയില്ല.. സാധാരണ വരാറുള്ള കേസ്..പക്ഷെ മകൻ ഞെട്ടി.. ഒന്നല്ല, ഒരുപാട് തവണ..
"അതിന് മാത്രം എന്തൂട്ടാ" മകൻ ചിന്തിച്ചു.. വാക്കുകൾ മാത്രം പുറത്ത് വന്നില്ല..
"എങ്ങനാ നിങ്ങൾക്കത് മനസ്സിലായത്.." ഡോക്ടറുടെ ചോദ്യം..
"അത്..അവനറിയാതെ അവൻ്റെ വാട്ട്സപ്പ് ചാറ്റ് വായിച്ചു.." അച്ഛൻ പിന്നെയും കണ്ണീർ വാർത്തു..
മകനൊന്നൂടെ ഞെട്ടി..
ഈശ്വരാ.. അച്ഛൻ കണ്ടാലോ എന്ന് പേടിച്ച് സ്വന്തം കാമുകി സ്നേഹയുടെ പേര് സഹദേവൻ മേസ്തിരി എന്ന് സേവ് ചെയ്ത നിമിഷത്തെ അവൻ വെറുപ്പോടെ ഓർത്തു..
'അയ്യേ സ്നേഹ എന്ന് തന്നെ മതിയായിരുന്നു..ഇതിപ്പോ.. ഛേ.. '
അവൻ പതിയെ തലയുയർത്തി ഡോക്ടറെ നോക്കി..
ഡോക്ടർ ചുണ്ട് കടിച്ചു..
അവനോട് മൊബൈൽ ചോദിച്ച് വാങ്ങിയ നേരത്ത് തന്നെ വാട്ട്സപ്പിൽ മെസ്സേജ് ട്യൂൺ..
ഡോക്ടർ തുറന്ന് നോക്കി..
സഹദേവൻ മേസ്തിരിയുടെ ചക്കരയുമ്മ.. പിന്നെ നേരത്തെ അയച്ച മെസേജിന് മറുപടിയും..
"ലവ് യൂ റ്റൂ മുത്തേ.. "
ഡോക്ടർ ഹിപ്നോട്ടിസം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു..

Friday, May 26, 2017

ഒരാൾ...!

സിറാജിനെ പറ്റി ഇതിനു മുമ്പും എഴുതിയിട്ടുണ്ട്.. ചിലർ അങ്ങനെയാണ്,തെറ്റിദ്ധാരണകളെ വേരോടെ പിഴുതെറിയുന്ന മാജിക് കാണിക്കും ജീവിതം കൊണ്ട്.. !!
റൂമിലെ അടിച്ചു പൊളിച്ചു ജീവിക്കുന്ന നാലുപേർക്കിടയിലേക്കായിരുന്നു സിറാജ് വന്നു കേറിയത്.. !
ഒന്നിനും നിൽക്കാതെ, അവന്റെ ജീവിതവുമായി മാത്രം മുന്നോട്ട് പോകുന്ന ഒരാൾ..ഞങ്ങളുടെ അടിച്ചു പൊളിയിലേക്ക് അവനൊരിക്കലും വന്നില്ല.. അത് കൊണ്ട് തന്നെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ അവനെ ഞങ്ങൾക്ക് മടുത്തിരുന്നു..
അസർ എപ്പോഴും പറയും, അവനു പോലും അറിയില്ലായിരിക്കും അല്ലെ, അവനെന്തിനാ ജീവിക്കുന്നതെന്ന്..ഞങ്ങളപ്പോൾ ചിരിക്കും.. !
ഒരു ശനിയാഴ്ച..
കസിന്റെ കല്യാണം ഉണ്ടെന്ന് പറഞ്ഞു സിറാജ് രണ്ടു ദിവസം മുന്നേ നാട്ടിൽ പോയി.. ഞങ്ങൾ വൈകുന്നേരം ഒരു സിനിമക്ക് പോകാൻ വേണ്ടി പുറത്തിറങ്ങാൻ നേരം നന്നേ  വയസ്സായ ഒരു മനുഷ്യൻ ഞങ്ങളുടെ രണ്ടാം നിലയിലെ റൂം ലക്ഷ്യമാക്കി കോണി കയറി വരുന്നു..
"രണ്ടാം നിലയായോണ്ട് ആകെയുള്ള ഒരുപകാരം ഇത് മാത്രമായിരുന്നു.. അതും തീർന്നു.."
അയാളുടെ വരവ് കണ്ട് ഷിനു പറഞ്ഞു..
ഞാൻ ചില്ലറ നോക്കാൻ പേഴ്സ് എടുത്തു..
അയാൾ ഞങ്ങളെ കണ്ടതും പുഞ്ചിരിച്ചു.. വശ്യമായൊരു പുഞ്ചിരി..!
"സിറാജുദ്ധീൻ എവിടെയാ മക്കളെ.." അയാൾ ഞങ്ങളോടായി ചോദിച്ചു..
"അവൻ ഇന്നലെ നാട്ടിൽ പോയി .. എന്തെ?"
ഞങ്ങളുടെ മറുപടിയിൽ അയാൾ നിരാശനായ പോലെ തിരിച്ചു നടക്കാനൊരുങ്ങി..
പിന്നെ ഒരു നിമിഷം ഒന്ന് ശങ്കിച്ച് നിന്ന ശേഷം പിന്നെയും ഞങ്ങളുടെ നേരെ തിരിഞ്ഞു,
"മോനെ.. ഒരു മുന്നൂറ് ഉറുപ്പ്യ ഉണ്ടാകുമോ? സിറാജുദ്ധീൻ വരുമ്പോ തിരിച്ചു തരാൻ പറയാ.."
ഞങ്ങൾ ഒന്ന് മടിച്ചു നിന്ന്, ഒന്നാമത് മാസാവസാനം,പിന്നെ ഒരപരിചിതനും..പക്ഷെ അയാളുടെ മുഖം കണ്ടപ്പോൾ കൊടുക്കാതിരിക്കാൻ തോന്നിയില്ല.. പഴ്സിൽ നിന്നും 300 രൂപയെടുത്തു അയാൾക്ക് കൊടുത്തു..അയാൾ ഒന്ന് കൂടി പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു..
"വെറുതെയല്ല അവനിങ്ങനെ നമ്മളുമായി കമ്പനി ആകാത്തത്.. ഇങ്ങനത്തെ വയസ്സായ ആൾക്കാരുമായല്ലേ കൂട്ട്.."
അസർ അത് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ചിരിച്ചു..
"എന്നാലും ഈ പ്രായത്തിലും ആ പുഞ്ചിരിക്കെന്തൊരു മൊഞ്ചാ അല്ലെ.."
സത്യമായിരുന്നു.. അത്രയും മനോഹരമായ പുഞ്ചിരി അതിനു മുമ്പ് കണ്ടിട്ടില്ല..!
ഞങ്ങൾ പുറത്തിറങ്ങി വണ്ടിയിൽ കയറി പുറപ്പെട്ടു..പോകുന്ന വഴിയിൽ ആ മനുഷ്യൻ പതിയെ നടക്കുന്നത് കണ്ടു ഞാൻ തിരിഞ്ഞു നോക്കി, അപ്പോഴും അയാളൊന്നു ചിരിച്ചു.. തിരിച്ചു ഞാനും..
പതിവിന് വിപരീതമായി ഞായറാഴ്ച സിറാജ് റൂമിൽ തിരിച്ചെത്തി..അവൻ നന്നേ അവശനായിരുന്നു.. റൂമിൽ കയറിയ ഉടനെ അവൻ വാതിലടച്ചു ഉറങ്ങാൻ കിടന്നു..
"നല്ലോരു ഞായറാഴ്ച്ച ഇങ്ങനെ ഉറങ്ങി തീർക്കുന്ന അവനു വല്ല അവാർഡും കൊടുക്കണം" ഷിനു അത് പറഞ്ഞു പ്രകാശിനെയും അസറിനെയും കൂട്ടി പുറത്തേക്ക് പോയി..
വൈകുന്നേരം ഓഫീസിൽ പോകേണ്ടതിനാൽ ഞാൻ ടീവിയിൽ മുഴുകി..
ഉച്ചയായപ്പോൾ സിറാജ് പുറത്തിറങ്ങി..
അവൻ അപ്പോഴും ക്ഷീണിതനായിരുന്നു..
"എടാ,നിന്നെ ചോദിച്ചിട്ട് ഇന്നലെ ഒരാൾ ഇവിടെ വന്നായിരുന്നു.."
ഞാൻ അവനോടായി പറഞ്ഞു..
"ഉം.. അയാളിന്നലെ ഇവിടെ നിന്ന് ഇറങ്ങി ആശുപത്രിയിലേക്ക് പോകുന്ന വഴി മരിച്ചു.."
ഇടിത്തീ ആയിരുന്നു ആ വാക്കുകൾ...
"മൂന്ന് മക്കളുണ്ട്.. ഒരു മുന്നൂറ് ഉറുപ്പ്യ മിനിഞ്ഞാന്ന് അതിലൊരെണ്ണം അയാൾക്കെത്തിച്ചു കൊടുത്തിരുന്നേൽ ചെലപ്പോ അത് സംഭവിക്കില്ലായിരുന്നു..മയ്യിത്തു നിസ്കരിക്കാൻ പോലും വന്നില്ല ഒരുത്തൻ പോലും..."
അവൻ കണ്ണ് തുടച്ചു കൊണ്ടാണ് അത് പറഞ്ഞത്..
സിറാജ് എന്റെ മുന്നിൽ ഒരത്ഭുതമായി മാറുകയായിരുന്നു..
അത് വരെ പുച്ഛത്തോടെ കണ്ടിരുന്ന ഒരാൾ മാലാഖയോളം വലുതാകുകയായിരുന്നു..
തികച്ചും അപരിചതനായിരുന്നു ആ മനുഷ്യന് എല്ലാ മാസവും മരുന്നിനും മറ്റും പണം കൊടുക്കുന്ന,ഒടുവിൽ മരിച്ചപ്പോൾ ഒരു മോനെ പോലെ നിന്നും കർമങ്ങൾ ചെയ്തു തീർത്ത ഒരാൾ..അയാളുടെ മയ്യിത്തു നിസ്കാരത്തിനു പോലും അവനായിരുന്നു നേതൃത്വം..!
എത്ര പെട്ടെന്നായിരുന്നു അവനൊരു വിസ്മയമായത്..!
എത്ര പെട്ടെന്നാണ് അവനെ കുറിച്ചുള്ള ധാരണകൾ ഒരു മഞ്ഞുതുള്ളി പോലെ അലിഞ്ഞില്ലാതായത്..!
അവനെ കളിയാക്കാൻ എന്തർഹതയായിരുന്നു ഞങ്ങൾക്ക്..!
അയാളെ കുറിച്ച് പറഞ്ഞു പറഞ്ഞു അവൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു..ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ലാതെ എന്റെ കണ്ണും നിറഞ്ഞു..!
അപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു,

ആ മനുഷ്യൻ അവസാനമായി ചിരിച്ചത് എന്നോടായിരിക്കുമോ..!?

Thursday, May 25, 2017

കസവിൻ തട്ടമിട്ട പെൺകുട്ടി..!


"അളിയാ,അവളിന്നും അവിടെ തന്നെ ഉണ്ടായിരുന്നു.. എനിക്കുറപ്പാ അവളെന്നെ തന്നെയാ നോക്കുന്നേ.."കുളി  കഴിഞ്ഞു തോര്‍ത്തുന്നതിനിടയില്‍ സിറാജ്  ഞങ്ങളോടായി  പറഞ്ഞു..
സിറാജ്,
മൂന്നു  മാസമായി ഞങ്ങളുടെ കൂടെ താമസം ആരംഭിച്ചിട്ട്‌.
'ആര്‍ക്കോ വേണ്ടി വെറുതെ ഇങ്ങനെയങ്ങ്  ജീവിക്കുക' ,ചിട്ടയില്ലാത്ത സിറാജിന്റെ  ജീവിതം കണ്ടു സുധീര്‍ പറഞ്ഞ വാചകം അവനെ സംബന്ധിച്ച് ശരി തന്നെയായിരുന്നു..
ഒരാഴ്ച മുമ്പാണ് അവന്‍ അവളെ കുറിച്ചു ഞങ്ങളോട് പറഞ്ഞത്,ഞങ്ങൾ  വാടകക്ക് താമസിക്കുന്ന വീടിന്റെ മറുവശത്തെ വീട്ടിൽ താമസിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച്..

അവന്‍ എഴുന്നേറ്റ്‌ പുറത്ത് വരുന്ന സമയം മുതല്‍ അവള്‍ വീടിന്റെ മുൻവശത്ത് കസേരയില്‍ ഇരിപ്പുറപ്പിക്കും.. പിന്നെ അവന്‍ കുളിച്ചു വരുമ്പോഴും അവിടെ തന്നെ കാണും..
ചില നേരം അവള്‍ അവനെ നോക്കും,അവന്‍ അവളെ നോക്കി ചിരിക്കും, ചിലപ്പോഴൊക്കെ അവളും തിരിച്ചു  ചിരിക്കാറുണ്ട് എന്നാണവന്‍ പറഞ്ഞത്..
റൂമില്‍ ആദ്യം എണീക്കുന്നതും റൂമില്‍ നിന്നും ആദ്യം ജോലിയ്ക്കിറങ്ങുന്നതും സിറാജ് ആയിരുന്നു.. എന്തായാലും ഞങ്ങൾ എണീക്കുന്ന സമയം അവളെ പുറത്ത് കാണാറില്ല എന്നത്‌ വേറൊരു സത്യം..
ഒരിക്കല്‍ അവന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍,ഞങ്ങൾ നേരത്തെ എണീറ്റു ജനാല വഴി അവള്‍ കാണുന്നില്ല എന്നുറപ്പ് വരുത്തി അവളെ നോക്കി.. അവന്‍ പറഞ്ഞത് ശരിയായിരുന്നു..അവന്‍ പോകുന്നത്‌ വരെ അവള്‍ അവിടെ തന്നെയുണ്ടായിരുന്നു..
അവന്‍ പോയതിനു ശേഷം കുറച്ചു കഴിഞ്ഞു അവിടെ നോക്കിയപ്പോള്‍ അവളെ അവിടെ കണ്ടില്ല..!!
"എന്തായാലും ഞാൻ പെട്ടെന്നു തന്നെ അവളോട്‌ സംസാരിക്കാന്‍ നോക്കും.. " അതും പറഞ്ഞാണ്‌ സിറാജ് അന്ന് ഇറങ്ങിപ്പോയത്..

പിറ്റേന്നു രാവിലെ വലിയ ബഹളം കെട്ടാണ് ഞാനും സുധിയും എഴുന്നേറ്റത്..
നോക്കുമ്പോള്‍ വീടിനു പുറത്ത് കുറേ നാട്ടുകാര്‍ കൂടിയിട്ടുണ്ട്,അവരുടെ നടുക്ക് സിറാജ് ..
ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് കാര്യം മനസ്സിലായി,ഞങ്ങളും വീടിനു പുറത്തിറങ്ങി..
"എന്തു ധൈര്യത്തിലാടാ  നീ എന്റെ വീട്ടില്‍ കേറി എന്റെ മോളോട്  സംസാരിച്ചേ ..??" പെണ്ണിന്റെ ഉപ്പ സിറാജിന്റെ കോളറിനു  പിടിച്ചു കൊണ്ട് ചോദിച്ചു..
നാട്ടുകാര്‍ മുഴുവന്‍ അവനെതിരായി.. അവനൊന്നും മിണ്ടിയില്ല..
"കുറേ നാളായി ഞാൻ ശ്രദ്ധിക്കുന്നു ഇവന്മാരെ..ജനാല വഴിയും മറ്റുമുള്ള  നോട്ടോം കോപ്രായങ്ങളും.." അയാള്‍ ഞങ്ങളെയും ചേര്‍ത്തു പറഞ്ഞു..
അതു കേട്ടപ്പോള്‍ സിറാജ് മൌനം വെടിഞ്ഞു..
"ഇവന്മാരെ ഇതിലേക്ക് വലിച്ചിഴക്കേണ്ട.. ഞാനേ നോക്കിയുള്ളൂ.. ഞാൻ മാത്രമല്ല, നിങ്ങടെ മോള് എന്നേം നോക്കാറുണ്ട്.. ആ ധൈര്യത്തിൽ തന്നാ ഞാനിന്ന്  അവളോട്‌ സംസാരിക്കാന്‍ ശ്രമിച്ചെ.."
"കണ്ണ് കാണാത്ത എന്റെ മോളു നിന്നെ എങ്ങനെ നോക്കീന്നാടാ  നീയീ പറയുന്നേ... " അയാളത് പറഞ്ഞതും സിറാജ്  തരിച്ചു നിന്നു , കൂടെ ഞങ്ങളും..
വീടിന്റെ അകത്ത് ജനാലക്കമ്പി പിടിച്ചിരിക്കുന്ന ആ പെണ്‍കുട്ടിയെ ഞങ്ങൾ  വിഷമത്തോടെ നോക്കി, ആ കണ്ണുകളില്‍ അപ്പോള്‍ കണ്ണീരു പൊടിഞ്ഞിരുന്നു.. അവൾ കസവു തട്ടത്തിന്റെ തുമ്പിനാൽ അവളുടെ കണ്ണ് തുടച്ചു..അപ്പോഴും ഞങ്ങൾക്ക്  വിശ്വസിക്കാനായില്ല, ആ കണ്ണുകളില്‍ ഇരുട്ടാണെന്ന്..!!
ആരൊക്കെയോ ചേര്‍ന്നു സിറാജിനെ അടിക്കാന്‍ തുടങ്ങി.. അവന്‍ തിരിച്ചൊന്നും ചെയ്തില്ല.. അവന്റെ കണ്ണുകളിലും നനവ് പടര്‍ന്നിരുന്നു.. ഏറെ പാട്‌ പെട്ടാണ് ഞങ്ങളവനെ അവരിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ട് പോയത്‌..

ഒരാഴ്ച കൂടെയേ ഞങ്ങൾ അവിടെ താമസിച്ചുള്ളൂ.. ഞങ്ങളോട് മാത്രം പറഞ്ഞു സിറാജ് എറണാകുളം വിട്ടു,കുറ്റബോധം അവനെ വല്ലാതെ തളര്‍ത്തിയിരുന്നു..!!

ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി കഴിഞ്ഞയാഴ്ച അവന്‍ വിളിച്ചു.. വിശേഷങ്ങള്‍ പരസ്പരം ചോദിച്ചറിഞ്ഞതിനു ശേഷം അവന്‍ പറഞ്ഞു,
"അളിയാ ഫിറൂ..ഏപ്രിലിലാ കല്യാണം.. അതു പറയാനാ വിളിച്ചത്‌.. "
"ആഹാ.. കലക്കി..പെണ്ണ്??"
"നിനക്കറിയാവുന്ന പെണ്ണാ... അന്നാ കുഴപ്പം നടന്ന സംഭവം തന്നെ.. അവളെയാ ഞാൻ കെട്ടുന്നേ.."
അതു കെട്ടതും പിന്നെയും ഞാൻ ഞെട്ടി.. അല്‍പ നേരത്തേക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല..
"അത്.. അതെങ്ങനാ??.."
"ഞാൻ എറണാകുളം വിട്ടതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞു അവളുടെ വീട്ടില്‍ പോയാരുന്നു ,അറിയാതെ ചെയ്ത പോയ  തെറ്റിന് മാപ്പ് പറയാന്‍.. പിന്നങ്ങനെ... അവളുടെ കോഴ്സ് കഴിയാന്‍ കാത്തിരുന്നതാ ..അതാ കല്യാണം ഇത്രേം വൈകിയത്.. "
"അപ്പോ അവളുടെ കാഴ്ച..?? "
"കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്ക് വേണ്ടി കാണുന്നത്‌ ഞാനല്ലേ..ഇനി തുടര്‍ന്നും അങ്ങനെ തന്നെ കാണാമെന്ന് വെച്ചു.. " അതും പറഞ്ഞവന്‍ ചിരിച്ചു,കൂടെ ഞാനും.. ആ ചിരിയിലും എന്നിൽ കണ്ണീർ പൊടിഞ്ഞുവോ...!!
സലാം പറഞ്ഞതിനു ശേഷം ഫോണ്‍ വെച്ചു..
'അവളുടെ കണ്ണുകളിലെ ഇരുട്ടകറ്റാൻ നിന്റെ ഖൽബിലെ ഈ പ്രകാശം മാത്രം മതിയല്ലോ സുഹൃത്തേ.... ആ പ്രകാശം നിന്റെ ജീവിതത്തില്‍ നിറയട്ടെ,അതു കണ്ടു ഭൂമിയും ആകാശവും പുഞ്ചിരി തൂകട്ടെ....തീര്‍ച്ചയായും പ്രണയം സുന്ദരമാണ്‌,നിന്നെ പോലെ,നിങ്ങളുടെ പ്രണയം പോലെ.. '

Saturday, February 11, 2017

ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള ദൂരം..

പണ്ട് കോളേജിൽ പഠിക്കുമ്പോൾ സിനിമാ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഒരു രചനാ മത്സരം നടന്നു.. പ്രതേകിച്ചു ഒരു പണിയും ഇല്ലാത്തത് കൊണ്ട് ഇടം വലം നോക്കാണ്ട് പേര് രജിസ്റ്റർ ചെയ്തു ഹാളിലേക്ക് കയറി.. പരീക്ഷാ ഹാളിൽ ചെയ്യുന്ന പോലെ തന്നെ അപ്പുറത്തിരിക്കുന്നവനോട് പേനയും പേപ്പറും കടം വാങ്ങി എഴുതാൻ ആരംഭിച്ചു..

കിട്ടിയിരിക്കുന്ന വിഷയം : "ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള ദൂരം.. "
അതായത് യഥാർത്ഥ ജീവിതം തന്നെയാണോ സിനിമയിൽ ദൃശ്യവൽക്കരിക്കുന്നത് എന്നതിനെയൊക്കെ കുറിച്ചെഴുതണം..
അന്നാണ് ഞാനെന്റെ ജീവിതത്തിലെ ആദ്യത്തെ തിരക്കഥ എഴുതിയത്,ഒരു പോലീസ് ഓഫീസറുടെ ജീവിതത്തിൽ നടക്കുന്ന കരളലിയിക്കുന്ന കഥ..!
അതിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്..

സീൻ 16
പകൽ
പോലീസ് കമ്മീഷണർ സുഭാഷിന്റെ (ലാലു അലക്സ്) ഓഫീസ്

കുപ്രിസിദ്ധ അധോലോക നായകൻ ഹൈദർ സുൽത്താന്റെ വീട് റൈഡ് ചെയ്യാൻ തയ്യാറായി,CI ശരത് ചന്ദ്രന്റെ  വരവും കാത്തു അക്ഷമനായി നിൽക്കുന്ന സുഭാഷ്..
ഫോൺ ബെല്ലടിക്കുന്നു..

സുഭാഷ്: "ഹലോ ശരത്,താനിപ്പോ എവിടെയാണ്..ഐ ആം വെയ്റ്റിംഗ് ഫോർ യു"
ശരത് (മറുതലക്കൽ): "സർ,എനിക്കിന്ന് വരാൻ കഴിയില്ല.. ഞാൻ ഇന്ന് ലീവ് ആണെന്ന് പറയാൻ വേണ്ടി വിളിച്ചതാ.. "
സുഭാഷ് : "ങേ.. എന്നാ പറ്റി.. "
ശരത് : "വയറിനു സുഖമില്ല സർ "
സുഭാഷ് : " ഓ മൈ ഗോഡ്, എന്താ പ്രശ്നം?"
ശരത് :"ഇന്നലെ ഹോട്ടലിൽ നിന്നും കുറച്ച് ചെമ്മീൻ കഴിച്ചാർന്നു.. അതിൽ പണി കിട്ടിയതാണോന്നു നല്ല സംശയം ഉണ്ട് സർ.. രാവിലെ മുതൽ നല്ലോണം ഇളകുന്നുണ്ട്.. "
സുഭാഷ് : "അപ്പൊ റൈഡ്..?"
ശരത് : "കോപ്പ്.. ആയ്യോ.. സർ ഞാൻ പിന്നെ വിളിക്കാം.. ലളിതേ, വെള്ളം... " ഫോൺ കട്ട് ചെയ്യുന്ന ശബ്ദം.. 

സീൻ 17
പകൽ
ഹൈദർ സുൽത്താന്റെ (സായ്കുമാർ) ഓടിട്ട വീട്..

ശരത് ചന്ദ്രൻ തന്റെ വീട് റൈഡ് ചെയ്യാൻ വരുന്നത് ചാരന്മാർ വഴി അറിഞ്ഞ ഹൈദർ സുൽത്താൻ കൂളിംഗ് ഗ്ലാസും കോട്ടൊക്കെ ഇട്ടു കാത്തിരിക്കുന്നു..
സുൽത്താന്റെ വലംകൈ സുനി ദൂരെ നിന്നും ഓടി വരുന്നു.. 
സുനി :(കിതച്ചു കൊണ്ട്) " സർ,ഹാപ്പി ന്യൂസ്.. ശരത് ഇന്നിവിടെ വരില്ല.. അയാൾക്ക് 'ലൂസോമാണിയാക്ക്' എന്ന അസുഖം ആണെന്ന് കോൺസ്റ്റബിൾ സതീഷ്പിള്ള വിളിച്ചു പറഞ്ഞു"
സുൽത്താൻ : "ഓ മൈ ഗോഡ്.. സന്തോസായി.. സൂസന്റെ കുഞ്ഞമ്മേടെ അനിയത്തിന്റെ മോളെ നൂല് കെട്ടാ ഇന്ന്.. പോയില്ലേൽ രാത്രി കിടക്കാം നേരം കൂമ്പിനിട്ടിടിക്കും അവള്.. സന്തോസായി.. "
സുൽത്താൻ : (അകത്ത് നോക്കി വിളിക്കുന്നു) "സൂസൻ, ജിമ്മിയെ ഞാൻ കുളിപ്പിക്കാം.." 
സ്ലോ മോഷനിൽ അകത്തേക്ക്.. 

സീൻ 18
ഹോസ്പിറ്റലിന്റെ ഉൾവശം.. 
ടെസ്റ്റ് ചെയ്യാനുള്ള സാമ്പിൾ കുപ്പി പിടിച്ചോണ്ട് ക്യൂവിൽ നിൽക്കുന്ന ശരത് ചന്ദ്രൻ IPS..
പെട്ടെന്ന് മുഖം മാറി മറയുന്നു.. വയറും മുറുക്കെ പിടിച്ചോണ്ട് ഓടുന്നു.. 

സീൻ 19
ഹോസ്പിറ്റലിന്റെ പുറത്തെ ടോയ്ലറ്റ്..

അകത്തു നിന്നും അടച്ച ടോയ്ലറ്റ് തുറക്കാൻ ശ്രമിക്കുന്ന ശരത്.. ശ്രമം വിഫലം.. 
വിഷമത്തോടെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നു.. 
പെട്ടെന്ന് ടോയ്ലറ്റ് തുറക്കുന്ന ശബ്ദം..
പുറത്തേക്ക് വരുന്ന നായിക ഷീലാ ഫെർണാണ്ടസ്..
ശീലയുടെ മൂലക്കുരുവിന് അതെ ആശുപത്രിയിൽ കാണിക്കാൻ വന്ന വിവരം പറയുന്ന ഷീലയുടെ വല്യമ്മ.. 
ടൂത് പേസ്റ്റിൽ ഉപ്പില്ലാന്ന് പറഞ്ഞു സെയിൽസ് മേനോട് തർക്കിക്കുന്ന ഷീലയുടെ പ്രസന്ന മുഖം ഓർത്തെടുക്കുന്ന ശരത്.. പ്രണയത്തിന്റെ തിരയിളക്കം.. 
പെട്ടെന്ന് സ്ലോ മോഷനിൽ ടോയ്ലറ്റിലേക്ക്.. 

___××××____×××___××××____×××
ഈ രീതിയിൽ മനമുരുകുന്ന കഥ മുഴുവനും എഴുതി ഞാൻ സമർപ്പിച്ചു.. 
പക്ഷെ ഫലം വന്നപ്പോൾ എന്നെ നിഷ്കരുണം തള്ളിയിരിക്കുന്നു.. കാരണം, ആഭാസത്തരം എഴുതി പോലും.. !!
ഇന്റർണൽ മാർക്ക് പോകുമല്ലോ എന്ന് മാത്രം കരുതി ഞാനന്ന് ഒന്നും തിരിച്ചു ചോദിച്ചില്ല.. 
പക്ഷെ ഇന്ന് ഞാൻ ചോദിച്ചു പോവുകയാണ് പ്രിയപ്പെട്ടവരേ,

സിനിമയിലെ നായകന് വയറിളക്കം വരില്ലേ??
വില്ലന്റെ ഭാര്യയെന്താ പെണ്ണല്ലേ??
നായികക്ക് മൂലക്കുരു വരാതിരിക്കാൻ ചെറുപ്പത്തിൽ അവൾ കുത്തിവെപ്പ് എടുക്കുന്നുണ്ടോ??

ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾക്ക് മുമ്പിൽ രചനയുടെ വിഷയം തെളിഞ്ഞു നിൽക്കുന്നു.. 
"ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള ദൂരം.. "
അതൊരു വലിയ ദൂരം തന്നെയാണ്.. :)



മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...