ടീവിയിൽ ചാനൽ മാറ്റി മാറ്റി കൊണ്ടിരിക്കുകയായിരുന്നു പയസ്. പെട്ടെന്ന് വാർത്താ ചാനലിൽ വന്ന വാർത്ത കണ്ട് പയസ് ഞെട്ടി തരിച്ചു നിന്നു. ഉടൻ തന്നെ ഫോൺ എടുത്ത് ഡയൽ ചെയ്തു. അല്പം കൂടുതൽ നേരം കാത്തിരിക്കേണ്ടി വന്നു ഫോൺ അറ്റൻഡ് ചെയ്യാൻ. മറുവശത്ത് സുകുവിന്റെ ഗംഭീര ശബ്ദം മുഴങ്ങി.
"ഡാ, നീ വാർത്ത വെച്ച് നോക്കിക്കേ.."
അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു. ടീവിയിൽ വാർത്ത അവതാരകയുടെ ശബ്ദം പിന്നെയും മുഴങ്ങിക്കേട്ടു.
"എം.എൽ.എ സതീശൻ കഞ്ഞിക്കുഴി ക്രൂരമായി കൊല്ലപ്പെട്ടു.. പ്രതി പോലീസ് കസ്റ്റഡിയിൽ."
കൊല്ലപ്പെട്ട വാർത്തയേക്കാൾ പയസിനെ കൂടുതൽ ഞെട്ടിച്ചത് കൊലപാതകിയുടെ മുഖമായിരുന്നു.. എന്തിന് വേണ്ടി!? സുകുവിനെ പിന്നെയും വിളിച്ചു. രണ്ട് പേർക്കും അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളായിരുന്നു.. വെറും ചോദ്യങ്ങൾ!!
ജനനിബിഢമായിരുന്നു ടൗൺ ഹാൾ. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും നിറഞ്ഞു നിൽക്കുന്ന ഹാളിന് പുറത്ത് പയസും സുകുവും ഭാര്യ താരയും പിന്നെ പഴയ സുഹൃത്തുക്കളും വീണ്ടും ഒത്തുകൂടി. അവരെ കണ്ട വാസു അവരിലേക്ക് ഓടി വന്നു സുകുവിനെ കെട്ടിപ്പിടിച്ചു.
"എല്ലായിടത്തും എന്നേം കൊണ്ട് മാത്രമേ പോകാറുള്ളൂ.. ഇപ്പൊ മാത്രം ഒറ്റക്ക് പോയിരിക്കുന്നു.. വാലില്ലാതെ തല മാത്രം പോയല്ലോ സുകൂ.."
വാസു പൊട്ടിക്കരഞ്ഞു. അവനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു ആർക്കും. അപ്പോഴും ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല.
"എന്തിനായിരിക്കും സുകൂ, അയ്യര് മാഷ് അവനെ ഇത്രേം ക്രൂരമായി കൊന്നു കളഞ്ഞത്.. മാഷിന് എങ്ങനെ സാധിക്കും ഇത്രമേൽ ക്രൂരനാവാൻ? അതോ അവൻ ചെയ്ത പാപം അതിനേക്കാൾ വലുതായിരിക്കുമോ?" താരയുടെ ചോദ്യത്തിന് സുകുവിന് ഉത്തരമുണ്ടായില്ല.
"ഇതിനുത്തരം നൽകാൻ മാഷിന് മാത്രമേ ആവൂ. അറിയണം ഉത്തരം.. കാണണം മാഷിനെ.. എങ്ങനെ എന്ന് ചോദിക്കരുത്, പക്ഷെ കണ്ടേ പറ്റൂ." സുകു പറഞ്ഞു നിർത്തി. അപ്പോഴാണ് താര അവളെ ശ്രദ്ധിച്ചത്; സതീശന്റെ ഭാര്യ. നിർവികാരത മാത്രമായിരുന്നു അവളുടെ മുഖത്ത്. അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു..
"റസിയാ.. എന്താണ് നിന്റെ ജീവിതത്തിൽ പിന്നെയും പിന്നെയും സംഭവിക്കുന്നത് എന്റെ മോളെ..!!"
ഉത്തരം കിട്ടില്ലന്നറിയാമെങ്കിലും അത് ചോദിക്കാതിരിക്കാനായില്ല താരക്ക്. അയ്യര് മാഷ് വരുന്നതും കാത്ത് സുകുവും പയസും അക്ഷമരായി നിന്നു. ഒടുവിൽ രണ്ട് പോലീസുകാരുടെ അകമ്പടിയോടെ അയ്യര് മാഷ് വന്നു. മാഷിന്റെ മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നത്തേയും പോലെ മാഷൊന്നു ചിരിച്ചു.. തിരിച്ചു ചിരിക്കാൻ കഴിഞ്ഞില്ല പയസിനും സുകുവിനും.
"എന്താണ്.. എന്തിനായിരുന്നു സാറേ അവനെ.. ഒന്നും മനസ്സിലാകുന്നില്ല ഞങ്ങൾക്ക്.." സുകുവാണ് സംസാരിച്ചു തുടങ്ങിയത്. മാഷ് മറുപടി പറയാതെ വിദൂരതയിലേക്ക് നോക്കി നിന്നു. "ആരും വരാതിരുന്നപ്പോൾ റസിയക്ക് ഒരു ജീവിതം കൊടുത്തവനല്ലേ അവൻ.. എന്താഘോഷമായാ നമ്മളത് നടത്തിക്കൊടുത്തത്.. എന്നിട്ടിപ്പോ.."
അത് പറഞ്ഞപ്പോൾ മാഷ് രൂക്ഷമായി സുകുവിനെ ഒന്ന് നോക്കി, കണ്ണുകളിൽ അഗ്നി ജ്വലിക്കുന്ന അയ്യർ മാഷിനെ വർഷങ്ങൾക്ക് ശേഷം സുകു കണ്ടു. പിന്നെ തുടരാനായില്ല സുകുവിന്.
"അതെ.. അവൾക്കൊരു ജീവിതം കൊടുത്തവൻ തന്നെയാണവൻ.. എന്നിട്ടും അവനെ ഞാൻ കൊന്നു.. ഒരു കുറ്റബോധവുമില്ല എനിക്ക്.. കുറ്റബോധം നിന്നോട് മാത്രമാണ് സുകൂ, നിന്നെ കുറിച്ചോർത്ത് മാത്രമാണ്.."
പിന്നെ സുകുവിന്റെ കൈകൾ ചേർത്ത് പിടിച്ചു. നിനക്കാത്ത നേരത്ത് അവരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അയ്യര് മാഷ് പൊട്ടിക്കരഞ്ഞു. ഒന്നും മനസ്സിലാകാതെ സുകുവും പയസും പരസ്പരം നോക്കി.
"പിന്നെയും പിന്നെയും തോൽക്കുകയാണല്ലോ ഞാൻ കുട്ടികളേ.." അയ്യര് മാഷിന്റെ കരച്ചിൽ പിന്നെയും ഉയർന്നു. പിന്നെ അയാൾ പറഞ്ഞു തുടങ്ങി.
മുറിക്കകത്ത് സതീശനും റസിയയും.. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം റസിയയുടെ മുഖത്ത് ദേഷ്യവും വിഷമവും ഇരച്ചു കേറിയിട്ടുണ്ട്. മേശപ്പുറത്തുണ്ടായിരുന്ന പുസ്തകങ്ങൾ അവൾ തട്ടിയെറിയുന്നു. ഒഴിച്ച് വെച്ചിരിക്കുന്ന മദ്യം ആസ്വദിച്ച് കുടിച്ചു ഒരൽപ നിമിഷം ചിന്തകളിൽ മുഴുകിയിരിക്കുന്ന സതീശന്റെ മുഖത്തപ്പോഴും നിഗൂഢമായ പുഞ്ചിരി. അത് കൂടി കണ്ട റസിയ ഒന്നുകൂടി ദേഷ്യം കൊണ്ട് ജ്വലിച്ചു. പിന്നെ സതീഷിന്റെ കോളറിൽ കുത്തിപ്പിടിച്ചു.. "പറയെടാ.. ഞാൻ കേട്ടതൊക്കെ സത്യമാണോന്ന്.. പറയെടാ.. പറയ്.."
അതുവരെ ചിരിച്ചു കൊണ്ട് നിന്ന സതീഷിന്റെ മുഖത്തെ ചിരി മാഞ്ഞു. മുഖത്ത് ക്രൂരത നിറഞ്ഞു വന്നു. പിന്നെ ഒരൊറ്റ നിമിഷം കൊണ്ട് കയ്യിലുണ്ടായിരുന്ന ഗ്ലാസ് ചുമരിലേക്കെറിഞ്ഞു കൊണ്ട് റസിയയുടെ കൈകൾ തന്റെ ഷർട്ടിൽ നിന്നും വേർപ്പെടുത്തി അവളുടെ മുഖത്താഞ്ഞടിച്ചു. അവൾ തെറിച്ചു പോയി.
"അതേടീ, നാ&*^ന്റെ മോളെ. ശരിയാണ് കേട്ടത് മുഴുവൻ. നിന്റെയവനെ, എന്റെ ആത്മാർത്ഥ ചെങ്ങാതിയെ ഈ കൈ കൊണ്ടാണ് ഞാൻ കൊന്നത്.. എന്റെയീ കൈകൾ കൊണ്ട്.."
റസിയ ഒന്നും ചെയ്യാനാകാതെ തളർന്നിരുന്നു. സതീശൻ കുപ്പിയിലുണ്ടായിരുന്ന മദ്യം ഒരൊറ്റ വലിക്ക് കുടിച്ചു.
"എന്തിഷ്ടമായിരുന്നെന്നോ എനിക്ക് നിന്നെ.. ആരെക്കാളും നിന്നെ ഞാൻ സ്നേഹിച്ചു, പക്ഷെ നിനക്ക് കവിതകളും കഥകളും മതിയെന്ന്.. അരുമറിഞ്ഞില്ലേലും ഞാനറിഞ്ഞിരുന്നു നിങ്ങളുടെ സ്നേഹം.. നിങ്ങൾ പുസ്തകത്തിൽ വെച്ചിരുന്ന കത്തുകൾ ആദ്യം വായിച്ചിരുന്നത് ഞാനായിരുന്നെടീ പന്ന ^%# മോളെ.. ദേഷ്യം.. വാശി.. അവനെ കൊല്ലാൻ അതിന് മുമ്പും ഞാൻ നോക്കിയിട്ടുണ്ട്.. അവൻ പോലുമറിയാതെ അവന്റെ ഇൻഹേലർ മാറ്റി ഒരു സ്വാഭാവിക മരണം വന്നാലോ എന്ന് ഞാൻ ആഗ്രഹിച്ചു.. ഒരിക്കൽ അതിനടുത്ത് എത്തിയതാ.. പക്ഷെ അന്ന് നീ മാഷിനെയും ടീച്ചറെയും വിളിച്ചു കൊണ്ട് വന്നു.. അവന് ജീവിതം തിരിച്ചു കിട്ടി, നിനക്ക് നിന്റെ പ്രണയവും.."
റസിയ അടിയുടെ ആഘാതത്തിൽ തളർന്നിരിക്കുക തന്നെയാണ്. അവളുടെ ഓർമ്മകൾ പിറകിലേക്ക് പോകുന്നുണ്ട്. സതീശൻ പിന്നെയും തുടർന്നു.
"പിന്നെ നിന്റെയാ "ഒടുക്കത്തെ" പ്രണയ ലേഖനവും ആദ്യം വായിച്ചിരുന്നത് ഞാൻ തന്നെയാ. ജനറേറ്റർ റൂമിൽ നിന്നെക്കാൾ മുൻപേ വന്നത് അവനാ, പക്ഷെ അവനെക്കാൾ മുൻപേ ഞാനും എന്റെ ആൾക്കാരുമുണ്ടായിരുന്നു.. അതിനിടയിൽ അവൻ, ആ സുകു, അവൻ ക്ലോറോഫോം മണപ്പിച്ചത് എന്റെ കൂട്ടത്തിൽ വന്ന ഒരുത്തനെയാ.. പക്ഷെ ഞാൻ പോലുമറിയാതെ അവൻ ആ കൊലപാതകം ചെയ്തവനായി.. ഹാ.. അല്ലെങ്കിലും ഞാൻ ചെയ്യുന്നതൊക്കെ ഏറ്റെടുക്കാൻ അവനുണ്ട് എന്നതൊരാശ്വാസമാ.."
സതീശൻ നിഗൂഢമായൊന്നു ചിരിച്ചുകൊണ്ട് തുടർന്നു..
"പക്ഷെ നിന്റെ മറ്റവനെ കൊന്നത് ഞാനാണെടീ, ഈ കൈ കൊണ്ട്.. ശ്വാസം നിലക്കുന്നത് വരെ ഒരു ചെങ്ങാതിയെ കെട്ടിപ്പിടിക്കുന്ന സുഖമുണ്ടായിരുന്നു അപ്പൊ.. അവൻ കണ്ടതാ എന്നെ.. അവന്റെ കണ്ണുകളിൽ അപ്പോഴും ഞാനാണെന്ന് വിശ്വസിക്കാൻ കഴിയാത്തവന്റെ നിസ്സഹായത ആയിരുന്നു."
സതീശൻ കൈകൾ ഉയർത്തി.
അവൻ പോയാൽ നിന്നെ കിട്ടുമെന്ന് ആഗ്രഹിച്ചത് വെറുതെയായിരുന്നു.. നിന്റെ ഉപ്പയെ കണ്ടൊരിക്കൽ പറഞ്ഞതാ നിന്നെ ഞാൻ കെട്ടിക്കോളം എന്ന്.. പക്ഷെ പ്രണയം തലയ്ക്കു പിടിച്ചു ആശുപത്രിയിലായ നിന്നെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയ എന്റെ അവസ്ഥ ഊഹിക്കാൻ പറ്റില്ലെടീ നിനക്ക്..
സതീശൻ എന്ന രാഷ്ട്രീയക്കാരനെ മാത്രമേ എല്ലാവനും അറിയൂ.. സതീഷനിലെ സ്നേഹം കൊതിക്കുന്ന മനസിനെ ആരും മനസ്സിലാക്കിയിട്ടില്ല.. ഇതൊക്കെ ചെയ്തിട്ടും എല്ലാം കൈവിട്ടു പോയപ്പോൾ വിധിയെ പഴിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.
പിന്നെയെല്ലാം കഴിഞ്ഞപ്പോൾ പ്രതീക്ഷ വന്നത് ആ ഗെറ്റ് ടുഗതർ ആണ്. നിന്നെ എന്തായാലും വിളിക്കണം എന്ന് മാഷിനെ നിർബന്ധിപ്പിച്ചതും ഞാനാണ്.. അപ്പോഴും സുകുവെന്ന മണ്ടൻ, അവന്റെ ഏറ്റു പറച്ചിൽ, നിന്റെ പ്രതികാരം..
ഒടുവിൽ നിന്റെ മുഴുവൻ ചുമതലയും അയ്യര് മാഷിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ കൈവിട്ട ഒരു ഇലെക്ഷനിൽ അപ്രതീക്ഷമായി ജയിച്ചു മുഖ്യമന്ത്രി കസേര കിട്ടിയവന്റെ സന്തോഷമായിരുന്നു മനസ്സിൽ. നീയെന്ന ആഗ്രഹം സ്വന്തമായി എന്ന് മാത്രമല്ല, ഞാൻ പോലും ചിന്തിക്കാത്ത എത്രമാത്രം പൊളിറ്റിക്കൽ മൈലേജ് ആണ് നീ എനിക്ക് തന്നതെന്നോ!?
"അനാഥയായ പെൺകുട്ടിക്ക് ജീവിതം നൽകിയ എം.എൽ.എ.."
"ത്യാഗത്തിന്റെ പുതിയ മുഖം സതീശൻ കഞ്ഞിക്കുഴി.."
ഹ്ഹ്.."
സതീശൻ പിന്നെയും ചിരിച്ചു.
പിന്നെ മദ്യം എടുക്കാൻ വേണ്ടി തിരിഞ്ഞു നടന്നു. പെട്ടെന്ന് "ആഹ്" എന്ന നിലവിളി റൂമിൽ ഉയർന്നു.. തളർന്നിരുന്ന റസിയ ഞെട്ടിയെണീറ്റു.. സതീശന്റെ വയറ്റിൽ നിന്നും ചോരയൊഴുകുന്നു.. പിറകിൽ ചോരയൊലിക്കുന്ന കത്തിയുമായി അയ്യര് മാഷ്. അയ്യര് മാഷിന്റെ കഴുത്തിന് നേരെ സതീഷിന്റെ കൈകൾ ഉയർന്നു. മാഷൊന്നുകൂടി ആഞ്ഞുകുത്തി. സതീശൻ നിലത്തേക്ക് വീണു.
റസിയ ഓടി വന്നു കരഞ്ഞു കൊണ്ട് അയ്യര് മാഷിനെ കെട്ടിപ്പിടിച്ചു. പിറകെ വാസുവും ഓടി വന്നു.. ഒന്നും മനസ്സിലാകാതെ അവൻ തരിച്ചു നിന്നു.. പിന്നെ മാഷിന്റെ കയ്യിൽ നിന്നും കത്തി വാങ്ങി തറയിലേക്ക് വലിച്ചെറിഞ്ഞു. അയ്യര് മാഷ് റസിയയെ ആശ്വസിപ്പിച്ചു.
"ആരും ഒന്നും അറിയണ്ട മോളെ.. പിന്നെയും പിന്നെയും ആരും എന്റെ മകന്റെ മരണം ചികയണ്ട.. മരിച്ചു പോയ എന്റെ ലക്ഷ്മിയും അതിഷ്ടപ്പെടില്ല.. നീയാണ് അന്നുമിന്നും എന്റെ വേദന മോളെ.. പിന്നെ സുകുവും.. ഒന്നും ചെയ്യാതെ സ്വന്തം കൂട്ടുകാരനെ കൊന്നെന്നു വിശ്വസിച്ചു കരഞ്ഞു തീർത്ത അവന്റെ ദിവസങ്ങൾ, അവൻ അനുഭവിച്ച വേദനകൾ.."
*******
അയ്യര് മാഷ് സുകുവിന്റെ കൈകൾ ഒന്ന് കൂടി ചേർത്ത് പിടിച്ചു. മാഷ് പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ സുകുവും പയസും പരസ്പരം നോക്കി. ഒരു പോലീസുകാരൻ വന്നു മാഷിനെ തിരിച്ചു വിളിച്ചു.
"മാപ്പ് സുകൂ.."
കലങ്ങിയ കണ്ണുകളോട് കൂടെ മാഷ് തിരിച്ചു നടന്നു.
ദിവസങ്ങൾക്കിപ്പുറം ചാനലിൽ വീണ്ടുമൊരു വാർത്ത വന്നു.
"കൊല്ലപ്പെട്ട സതീശൻ കഞ്ഞിക്കുഴി മത്സരിച്ച മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം പതിനൊന്നിന്.. വാസു സദാശിവൻ സ്ഥാനാർത്ഥിയാകും.."
സതീശന്റെ ശവക്കല്ലറയിൽ പാർട്ടി പ്രവർത്തകരോടൊപ്പം പ്രാർത്ഥിക്കുന്ന വാസു കല്ലറക്കുമുകളിൽ പൂക്കൾ സമർപ്പിച്ചു കാറിൽ കയറുന്നു. കാർ യാത്ര തുടരുമ്പോൾ കണ്ണുകൾ മുറുകെയടക്കുന്ന വാസു. വാസുവിന്റെ ഓർമ്മകൾ ആ രാത്രിയിലേക്ക് പോകുന്നു.. സതീശൻ കൊല്ലപ്പെട്ട രാത്രിയിലേക്ക്..
"വാസു, നിന്റെ പോലീസിനെ വിളിച്ചു പറയ് ഇവിടെ നടന്നതൊക്കെ.. കാരണം നിനക്കുമറിയില്ല, ആർക്കുമറിയില്ല.. ഈ ഭ്രാന്തൻ മാഷിന്റെ ഒരു ഭ്രാന്തൻ പ്രവർത്തി.. അത് മതി.."
അയ്യര് മാഷ് റസിയയെയും കൂട്ടി പുറത്തേക്ക് നടക്കുന്നു. സതീശന്റെ അടുത്തേക്ക് വേദനയോടെ നടന്നു നീങ്ങുന്ന വാസു. മരിച്ചെന്നു കരുതിയ സതീശൻ പതിയെ കണ്ണുകൾ തുറക്കുന്നു.
"ഹാഹ്.. രക്ഷ്.. രക്ഷിക്കെടാ.. എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോ.."
"നിന്നെ ഇപ്പോൾ രക്ഷിച്ചാൽ പിന്നെ ഞാൻ ഈ ചെയ്തതൊക്കെ എന്തിനാടാ.. എത്ര കാലമാ നിന്റെ ആട്ടും തൂപ്പും കൊണ്ടിങ്ങനെ ജീവിക്കുന്നത്.. എന്നും വാലായി ജീവിച്ചാൽ മതിയോടാ, തലയെ പോലെ തലയുയർത്തി ജീവിക്കണ്ടേ? അതിന് വേണ്ടിയല്ലേ നീ മറന്നതൊക്കെ ഓർത്തെടുത്ത് റസിയയോട് പറഞ്ഞത്.. അവള് പണ്ട് സുകുവിനോട് ചെയ്ത പോലെ നിന്നെ കൊല്ലുമെന്നാ കരുതിയത്, അതിനൊരു തെളിവിന് വേണ്ടിയാ മാഷിനെ ഇങ്ങോട്ട് വരുത്തിച്ചത്. പക്ഷെ പാവം മാഷ് തന്നെ വേണ്ടി വന്നു അതിന്.."
സതീശന്റെ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയിരിക്കുന്നു..
ഇനിയിപ്പോ നീ എന്നെ ബിനാമിയാക്കി വാങ്ങിയ സ്വത്തുക്കൾ, പറ്റിയാൽ നിന്റെ ഈ എം.എൽ.എ കുപ്പായം.. ഞാനുമൊന്ന് ജീവിക്കട്ടെടാ.."
തറയിൽ നിന്നും കത്തിയെടുത്ത് സതീശന്റെ വയറ്റിൽ ഒന്ന് കൂടി ആഞ്ഞുകുത്തുന്നു.
"കർമ്മമാണ് സതീശാ.. നീ ചെയ്ത കർമ്മങ്ങൾക്കുള്ളത് നീ അനുഭവിക്ക്.. എന്റെ കർമ്മഭാരവും എന്നെ കാത്തിരിക്കുന്നുണ്ടാവും എന്നറിയാം.. അതുവരെയെങ്കിലും എനിക്കും ജീവിക്കണ്ടേ സതീശാ.."
കത്തി ഒന്നുകൂടി ആഞ്ഞിറക്കുന്നു.
ഓടുന്ന കാറിൽ നിന്നും നിഗൂഢമായ ഒരു ചിരിയോടെ വാസു കണ്ണ് തുറക്കുന്നു..!!
©️ Firoz Abdulla | MOVIE STREET
ഇത് വായിക്കുന്നതിന് തൊട്ടു മുൻപ് ലാൽ ജോസിന്റെ ലേറ്റസ്റ്റ് ഇന്റർവ്യൂ കണ്ടതേ ഉള്ളു. അതിൽ ക്ലാസ്സ്‌മേറ്റ്സ് നെ കുറിച്ചുള്ള ഒരു ചോദ്യത്തിനു മർഡർ മിസ്റ്ററി കണ്ടു പിടിച്ചപ്പോൾ കമ്പ്ലീറ്റ് ആയ പടമാണ് ഒരു 2nd പാർട്ടിന് ചാൻസ് ഇല്ല എന്നാണ് പറഞ്ഞത് . അപ്പോൾ തന്നെ ഇങ്ങനെയൊരു "തുടർവായന" വായിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല .
ReplyDeleteനന്നായിട്ടുണ്ട് .