പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Saturday, July 9, 2022

അന്ത്രുവിന്റെ പ്രതികാരം..

നാട്ടിൽ തേരാ പാരാ നടന്നിരുന്ന പ്രകാശൻ ഗൾഫിലെ കാലാവസ്ഥ നോക്കിയിട്ട് വരാമെന്ന് പറഞ്ഞു പോയതാണ്.. മൂന്ന് കൊല്ലം കഴിഞ്ഞൊരു വരവ് വന്ന്.. വരവെന്ന് പറഞ്ഞാൽ അജ്ജാതി വരവ്, നല്ലസ്സല് വരവ്..

ഗൾഫിൽ കാലാവസ്ഥ നോക്കാൻ പോയ പലരും പല കോലാവസ്ഥയിൽ തിരിച്ചു വന്ന ചരിത്രം തിരുത്തിക്കുറിച്ചുള്ള വരവ്, ഒരൊന്നന്നര പണക്കാരനായിക്കൊണ്ടുള്ള വരവ്.. 

നാട്ടിലെ ഊംബാനിമാർക്കിടയിൽ ഒരു കൊച്ചു അംബാനിയായി പ്രകാശൻ  മാറി..

പണ്ട് പ്രകാശിനെ കാണുമ്പോൾ തുണി പൊക്കിക്കാണിച്ചിരുന്ന പലരും ഇപ്പൊ പ്രകാശിനെ കാണുമ്പോൾ തുണി താഴ്ത്താൻ തുടങ്ങുന്ന രീതിയിലുള്ള മാസ്സ് ട്രാൻസ്ഫോർമേഷൻ സീൻ..   

പണം വന്നതോട് കൂടി അതിന്റെ കൂടെ കോംബോ ഓഫർ ആയി പ്രതാപവും പ്രശസ്തിയുമൊക്കെ വേറേം വന്നു.. 

നാട്ടിലേത് കമ്മിറ്റി വന്നാലും അതിൽ പ്രകാശനുണ്ടാകും എന്ന അവസ്ഥ.. എന്തിനേറെ പറയുന്നു,

LP സ്കൂളിൽ സ്കൂൾ ലീഡർ ആകാൻ വരെ പ്രകാശനെ  പരിഗണിച്ചിരുന്നു, അജ്ജാതി പരിഗണന.. 


ഇങ്ങനെയൊക്കെ ആണെങ്കിലും പ്രകാശനെ കൊണ്ട് നാട്ടുകാർക്ക് വല്യ ഇടങ്ങേറൊന്നും ഉണ്ടായിരുന്നില്ല,ഒന്നൊഴിച്ചു..

അതൊരു ഓൺലൈൻ ഇടങ്ങേറാണ്, അത് വരുന്നത് WhatsApp ഗ്രൂപ്പ് വഴിയും..

ഓരോ ദിവസോം നാട്ടിലെ ഏതേലും കാരണം കണ്ടുപിടിച്ചു 21 സെക്കന്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ടത് 7 മിനിറ്റ് വരെ നീളുന്ന ഒറ്റ വോയിസ് ആയിട്ട് പ്രകാശൻ ഗ്രൂപ്പിലിടും..

പണക്കാരനായി പോയില്ലേ, പരസ്യത്തിനും പിരിവിനും ഒക്കെയായി എല്ലാർക്കും പോകാനുള്ളതല്ലേ എന്നൊക്കെ കൊണ്ട് നാട്ടുകാര് ആ വോയ്‌സിന് നല്ലോണം പ്രോത്സാഹനം കൊടുക്കേം ചെയ്യും..

നാട്ടിലൊരു മരണം നടന്നാൽ അതുനേക്കുറിച്ചു വോയിസ്, നാട്ടിൽ മരണം നടക്കാത്ത ദിവസം മനോരമ പത്രമെടുത്തു വെച്ച്  ചരമപേജ് തുറന്നുവെച്ചു കന്യാകുമാരിയിൽ ഒക്കെ ആരേലും മരിച്ചിട്ടുണ്ടേൽ അവരെക്കുറിച്ചു വരെ 5 മിനിറ്റിൽ കുറയാത്ത വോയിസ് ഗ്രൂപ്പിൽ വന്നിരിക്കും..

ആദ്യമൊക്കെ എല്ലാരും കേൾക്കുമെങ്കിലും പിന്നെ പിന്നെ കേൾക്കുന്ന പരിപാടി പതിയെ നിർത്തി 

ആദ്യം റിപ്ലൈ അയക്കുന്ന ആളുടെ റിപ്ലൈ കോപ്പി അടിക്കാൻ തുടങ്ങി..

ആദ്യത്തെ റിപ്ലൈ "ആദരാജ്ഞലികൾ" ആണേൽ എവിടെയോ ആരോ മരിച്ചിട്ടുണ്ട് എന്ന നിഗമനത്തിൽ ഗ്രുപ്പിലെ ബഹുപൂരിപക്ഷവും സമാനമായ റിപ്ലൈ അയക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ..

പ്രകാശും ഹാപ്പി നാട്ടാരും ഹാപ്പി..


പ്രകാശന്റെ ഏറ്റവും വലിയ ബിസിനസ് ശ്രിംഘല സലാലയിൽ ആരംഭിക്കാൻ പോകുന്ന കാലം .. 

അതറിയിക്കാൻ പ്രകാശ് ഒരു വോയിസ് ഇട്ടു..

ഇതുവരെയുള്ള തന്റെ ബിസിനസ് ഒന്നും ഒന്നുമല്ല എന്നും,ഇനിയാണ് യഥാർത്ഥ കളി എന്നൊക്കെയുള്ള പ്രസ്താവനകളും നാട്ടുകാർക്ക് ലഭിക്കുന്ന തൊഴിലവസരങ്ങളും മറ്റു നേട്ടങ്ങളും  ഒക്കെ ഉൾക്കൊള്ളിച്ചു കൊണ്ട് 14 മിനിറ്റ് നീളുന്ന ഒരുഗ്രൻ വോയിസ്.. എങ്ങനെ പോയാലും 250 ആളുള്ള ഗ്രൂപ്പിൽ നിന്നും 500 ലൈക്കും അയിനൊത്ത പൂവും മടലുമൊക്കെ കിട്ടുമെന്നുറപ്പുള്ള ആക്ഷൻ പാക്കഡ്‌ വോയിസ്..

ആ വോയിസ് ആദ്യം കേട്ടത് അന്ത്രുവായിരുന്നു, അലംബന്ത്രു ..!!


അന്ത്രു,

അലമ്പിന് വേറൊരു പര്യായമുണ്ടെങ്കിൽ നമ്മളെ നാട്ടിൽ അത് അന്ത്രുവെന്നാണ്..

സ്വന്തം വീട്ടിൽ കള്ളൻ കേറിയപ്പോൾ ഒന്നര കിലോമീറ്റർ അപ്പുറത്തെ വീട്ടിലുള്ള പട്ടി കുരച്ചില്ല എന്ന് പറഞ്ഞു ആ പട്ടിക്കൂട്ടിലേക്ക് പന്നിപ്പടക്കമെറിഞ്ഞ ടെറർ സാനം..

അലമ്പിന് ഒളിമ്പിക്സിൽ മത്സരമുണ്ടെങ്കിൽ ആ ഒറ്റയിനത്തിൽ സ്വർണോം വെള്ളീം വെങ്കലോം ഇന്ത്യയിൽ എത്തിക്കുമായിരുന്ന മൊതല്..

ഈ പറയുന്ന അന്ത്രുവും ആ പറഞ്ഞ പ്രകാശും തമ്മിൽ ഇപ്പൊ അത്ര നല്ല ടെംസിലല്ല, കാരണം കൊല്ലങ്ങളായി അന്ത്രു ലേലത്തിനെടുക്കുന്ന 20 സെന്റ് അടക്കാതോട്ടം ഇക്കുറി ലേലം വിളിച്ചെടുത്തത് പ്രകാശാണ് .. പ്രകാശന്റെ അമ്മൂമ്മക്ക്‌ മുറുക്കാൻ ചവക്കാൻ അടക്ക വേണമത്രേ, അയിനാണ് ലേലം പിടിച്ചതെന്നാണ് പ്രകാശന്റെ പക്ഷം.. 

ഇത്രേം അടക്ക വെച്ച് മുറുക്കാൻ തുടങ്ങിയാൽ ശ്വാസം കഴിക്കാൻ പോലും അമ്മൂമ്മക്ക്‌ ടൈം കാണില്ല എന്ന് പറഞ്ഞിട്ടും പ്രകാശ് പിന്മാറിയില്ല.. പണത്തിന്റെ കുന്തലിപ്പ്.. അല്ലാണ്ടെന്ത്..!


ഏതായാലും അതോട് കൂടി കട്ടചെങ്ങായിയായിരുന്ന പ്രകാശ് അന്ത്രുവിന്റെ ശത്രുവായി..

ഒരവസരത്തിന് വേണ്ടി കാത്തിരിക്കുന്ന നേരത്താണ് നാട്ടിലെ മെയിൻ ഗ്രൂപ്പിൽ പ്രകാശന്റെ ആ 14 മിനിറ്റ് വോയിസ് വരുന്നത്.. 

"ഓന്റെ അടുപ്പിലെ ഒരു വിസിനസ്സ്..ഒന്റമ്മൂമ്മന്റെ ഒരു തൊഴിലവസരം സൃഷ്ടിക്കൽ" എന്ന് മനസ്സിൽ പറഞ്ഞു അന്ത്രു ആ വോയ്‌സിന് ആദ്യത്തെ റിപ്ലൈ ഇട്ട്.. 

"ആദരാജ്ഞലികൾ, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു".. 


500 ലൈകും അയിനെക്കാൾ കൂടുതൽ പൂക്കളും പുഷ്പങ്ങളും സ്വപ്നകണ്ടു കൊണ്ട് ഒരു 30 മിനിറ്റ് ഉച്ചയുറക്കം കഴിഞ്ഞു ആവേശത്തിന്റെ ഉച്ചിസ്താവസ്ഥയിൽ പ്രകാശ് ഗ്രൂപ്പ് തുറന്ന് ..

ആദ്യം തന്നെ അന്ത്രുന്റെ മെസ്സേജ് കണ്ട്.. സബാഷ്.. !

അയിന്റടിയിൽ ഇരുന്നൂറോളം  "ആദരാജ്ഞലികൾ",

അഞ്ഞൂറോളം  പൂവും കൂടെ റീത്തും.. ജ്വലിച്ചു.. 

സാഹിത്യകാരൻ കൂടിയായ വായനശാല പ്രസിഡന്റ് ഇങ്ങനെ കുറിച്ച്,

"ഈ നേരവും കടന്നപോകും.. ക്ഷമിക്കാനുള്ള കരുത്തു കുടുംബത്തിനുണ്ടാവട്ടെ".. മാസ്മരികം..

ഫ്രീക്കൻ ഷംസു ഇംഗ്ലീഷിലായിരുന്നു റിപ്ലൈ ഇട്ടത്,

"Condilences, may god sorry sins" ഹമ്മേ .. എപിക്..

പ്രകാശാവിയായി.. അജ്ജാതി തളർത്തൽ..


മാസങ്ങൾക്കിപ്പറവും ഇത്രേം വല്യ ബിസിനസ് തുടങ്ങീട്ടും നമ്മളെ അറിയിച്ചില്ലല്ലോ എന്ന് പരാതി പറയുന്നോരോടൊക്കെ പ്രകാശ് പറയും "ഇന്റൊരു ആദരാജ്ഞലികൾ കിട്ടിയിരുന്നല്ലോ" എന്ന്.. 

ആർക്കുമൊന്നും മനസ്സിലാകൂല, ന്നാലും പണക്കാരനായോണ്ട് തിരിച്ചൊന്നും ചോദിക്കാനും നിക്കൂല..


6 മാസം കഴിഞ്ഞു അന്ത്രു ഇത് അടുത്ത ചെങ്ങായിമാരോട് പറയുന്നത് വരെ ആ 14 മിനിറ്റ് വോയിസ് കേട്ട രണ്ടേ രണ്ട് പേരേയുള്ളൂ.. പ്രകാശും അന്ത്രുവും.. 

അതോട് കൂടി പ്രകാശന്റെ വോയിസ് ഇടലങ്ങു നിന്ന്..സ്വന്തം അമ്മൂമ്മ 'രക്തത്തിൽ അടക്കയുടെ അംശം കൂടി' മരിച്ചപ്പോൾ പോലും വോയിസ് ഇടാൻ വേറൊരാളെ ഏൽപ്പിക്കുകയായിരുന്നു..

പ്രകാശ് തന്നിട്ടാൽ ആദ്യം കേൾക്കുന്നത് അന്ത്രുവാണെങ്കിൽ "ഇപ്പ്രായത്തിലും അമ്മൂമ്മയെ വീഗാലാന്റിലേക്ക് പറഞ്ഞയക്കുന്ന പ്രകാശന് അഭിവാദ്യങ്ങൾ" എന്ന് വല്ലോം ആ കുരിപ്പ് ടൈപ്പ് ചെയ്താൽ പിന്നെ മൊത്തം പൊകയായിരിക്കും.. 

അമ്മൂമ്മ ജയന്റ് വീലിൽ എയറിലാകും..

ഏതായാലും അടക്കത്തോട്ടം ലേലത്തിൽ പോയതിന് ശേഷം ലേശം ഡിപ്രഷനിലേക്ക് പോയ അന്ത്രുവിന് അതിന് ശേഷം നല്ല മാറ്റമായിരുന്നു.."ഇരുപത് സെന്റ് അടക്കത്തോട്ടം പോയാലെന്താ, ഓന്റെ രണ്ടേക്കർ അണ്ടിത്തോട്ടം കത്തിച്ചില്ലേ " എന്നൊരു ഫീൽ..


✍️ഫിറോസ് അബ്ദുള്ള ❣️

2 comments:

  1. അടിപൊളി സാനം.. 🥰🥰 ഇങ്ങളെ എഴുത്തിന്റെ ഒരു മാജിക് ഉണ്ട്. വായിച്ചു തുടങ്ങിയാൽ ചിരി നിർത്താൻ പറ്റില്ല. 👌👌👌

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...