Tuesday, June 6, 2017

ഹിപ്നോട്ടിസം..!! (മിനിക്കഥ)

നഗരത്തിലെ മനോരോഗ വിദഗ്ധന് മുന്നിൽ ആ അച്ഛൻ തല കുനിച്ചിരുന്നു.. തൊട്ടപ്പുറത്ത് മൊബൈൽ വാട്ട്സപ്പിൽ തല താഴ്ത്തി മകനും..
ഡോക്ടർ ചോദ്യം ആവർത്തിച്ചു..
"എന്നതാ പ്രശ്നം? "
ഉത്തരം പറയാനാവാതെ അച്ഛൻ പിന്നെയും വിയർത്തു..
"അത്.. അത്.."

മകൻ തലയുയർത്തി.. രണ്ട് ദിവസമായി അച്ഛൻറെ സ്വഭാവത്തിൽ ഒരു മാറ്റം,എപ്പോഴും ഒരു വിഷമം,സദാസമയവും ആലോചന.. അത് തനിക്ക് കൂടെ അറിയാനാണ് അച്ഛൻ വിളിച്ചപ്പോൾ തന്നെ താനും ഇറങ്ങി പുറപ്പെട്ടത്..
"അത്.. ഡോക്ടർ.." ഡോക്ടർ കാതോർത്തു..
അച്ഛൻ തുടർന്നു..
"എൻെറ മകൻ.. അവൻ.. അവനൊരു സ്വവർഗാനുരാഗിയാണ്.. " അച്ഛൻ കണ്ണീർ വാർത്തു..
ഡോക്ടർ ഞെട്ടിയില്ല.. സാധാരണ വരാറുള്ള കേസ്..പക്ഷെ മകൻ ഞെട്ടി.. ഒന്നല്ല, ഒരുപാട് തവണ..
"അതിന് മാത്രം എന്തൂട്ടാ" മകൻ ചിന്തിച്ചു.. വാക്കുകൾ മാത്രം പുറത്ത് വന്നില്ല..
"എങ്ങനാ നിങ്ങൾക്കത് മനസ്സിലായത്.." ഡോക്ടറുടെ ചോദ്യം..
"അത്..അവനറിയാതെ അവൻ്റെ വാട്ട്സപ്പ് ചാറ്റ് വായിച്ചു.." അച്ഛൻ പിന്നെയും കണ്ണീർ വാർത്തു..
മകനൊന്നൂടെ ഞെട്ടി..
ഈശ്വരാ.. അച്ഛൻ കണ്ടാലോ എന്ന് പേടിച്ച് സ്വന്തം കാമുകി സ്നേഹയുടെ പേര് സഹദേവൻ മേസ്തിരി എന്ന് സേവ് ചെയ്ത നിമിഷത്തെ അവൻ വെറുപ്പോടെ ഓർത്തു..
'അയ്യേ സ്നേഹ എന്ന് തന്നെ മതിയായിരുന്നു..ഇതിപ്പോ.. ഛേ.. '
അവൻ പതിയെ തലയുയർത്തി ഡോക്ടറെ നോക്കി..
ഡോക്ടർ ചുണ്ട് കടിച്ചു..
അവനോട് മൊബൈൽ ചോദിച്ച് വാങ്ങിയ നേരത്ത് തന്നെ വാട്ട്സപ്പിൽ മെസ്സേജ് ട്യൂൺ..
ഡോക്ടർ തുറന്ന് നോക്കി..
സഹദേവൻ മേസ്തിരിയുടെ ചക്കരയുമ്മ.. പിന്നെ നേരത്തെ അയച്ച മെസേജിന് മറുപടിയും..
"ലവ് യൂ റ്റൂ മുത്തേ.. "
ഡോക്ടർ ഹിപ്നോട്ടിസം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു..

8 comments:

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)