Friday, May 26, 2017

ഒരാൾ...!

സിറാജിനെ പറ്റി ഇതിനു മുമ്പും എഴുതിയിട്ടുണ്ട്.. ചിലർ അങ്ങനെയാണ്,തെറ്റിദ്ധാരണകളെ വേരോടെ പിഴുതെറിയുന്ന മാജിക് കാണിക്കും ജീവിതം കൊണ്ട്.. !!
റൂമിലെ അടിച്ചു പൊളിച്ചു ജീവിക്കുന്ന നാലുപേർക്കിടയിലേക്കായിരുന്നു സിറാജ് വന്നു കേറിയത്.. !
ഒന്നിനും നിൽക്കാതെ, അവന്റെ ജീവിതവുമായി മാത്രം മുന്നോട്ട് പോകുന്ന ഒരാൾ..ഞങ്ങളുടെ അടിച്ചു പൊളിയിലേക്ക് അവനൊരിക്കലും വന്നില്ല.. അത് കൊണ്ട് തന്നെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ അവനെ ഞങ്ങൾക്ക് മടുത്തിരുന്നു..
അസർ എപ്പോഴും പറയും, അവനു പോലും അറിയില്ലായിരിക്കും അല്ലെ, അവനെന്തിനാ ജീവിക്കുന്നതെന്ന്..ഞങ്ങളപ്പോൾ ചിരിക്കും.. !
ഒരു ശനിയാഴ്ച..
കസിന്റെ കല്യാണം ഉണ്ടെന്ന് പറഞ്ഞു സിറാജ് രണ്ടു ദിവസം മുന്നേ നാട്ടിൽ പോയി.. ഞങ്ങൾ വൈകുന്നേരം ഒരു സിനിമക്ക് പോകാൻ വേണ്ടി പുറത്തിറങ്ങാൻ നേരം നന്നേ  വയസ്സായ ഒരു മനുഷ്യൻ ഞങ്ങളുടെ രണ്ടാം നിലയിലെ റൂം ലക്ഷ്യമാക്കി കോണി കയറി വരുന്നു..
"രണ്ടാം നിലയായോണ്ട് ആകെയുള്ള ഒരുപകാരം ഇത് മാത്രമായിരുന്നു.. അതും തീർന്നു.."
അയാളുടെ വരവ് കണ്ട് ഷിനു പറഞ്ഞു..
ഞാൻ ചില്ലറ നോക്കാൻ പേഴ്സ് എടുത്തു..
അയാൾ ഞങ്ങളെ കണ്ടതും പുഞ്ചിരിച്ചു.. വശ്യമായൊരു പുഞ്ചിരി..!
"സിറാജുദ്ധീൻ എവിടെയാ മക്കളെ.." അയാൾ ഞങ്ങളോടായി ചോദിച്ചു..
"അവൻ ഇന്നലെ നാട്ടിൽ പോയി .. എന്തെ?"
ഞങ്ങളുടെ മറുപടിയിൽ അയാൾ നിരാശനായ പോലെ തിരിച്ചു നടക്കാനൊരുങ്ങി..
പിന്നെ ഒരു നിമിഷം ഒന്ന് ശങ്കിച്ച് നിന്ന ശേഷം പിന്നെയും ഞങ്ങളുടെ നേരെ തിരിഞ്ഞു,
"മോനെ.. ഒരു മുന്നൂറ് ഉറുപ്പ്യ ഉണ്ടാകുമോ? സിറാജുദ്ധീൻ വരുമ്പോ തിരിച്ചു തരാൻ പറയാ.."
ഞങ്ങൾ ഒന്ന് മടിച്ചു നിന്ന്, ഒന്നാമത് മാസാവസാനം,പിന്നെ ഒരപരിചിതനും..പക്ഷെ അയാളുടെ മുഖം കണ്ടപ്പോൾ കൊടുക്കാതിരിക്കാൻ തോന്നിയില്ല.. പഴ്സിൽ നിന്നും 300 രൂപയെടുത്തു അയാൾക്ക് കൊടുത്തു..അയാൾ ഒന്ന് കൂടി പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു..
"വെറുതെയല്ല അവനിങ്ങനെ നമ്മളുമായി കമ്പനി ആകാത്തത്.. ഇങ്ങനത്തെ വയസ്സായ ആൾക്കാരുമായല്ലേ കൂട്ട്.."
അസർ അത് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ചിരിച്ചു..
"എന്നാലും ഈ പ്രായത്തിലും ആ പുഞ്ചിരിക്കെന്തൊരു മൊഞ്ചാ അല്ലെ.."
സത്യമായിരുന്നു.. അത്രയും മനോഹരമായ പുഞ്ചിരി അതിനു മുമ്പ് കണ്ടിട്ടില്ല..!
ഞങ്ങൾ പുറത്തിറങ്ങി വണ്ടിയിൽ കയറി പുറപ്പെട്ടു..പോകുന്ന വഴിയിൽ ആ മനുഷ്യൻ പതിയെ നടക്കുന്നത് കണ്ടു ഞാൻ തിരിഞ്ഞു നോക്കി, അപ്പോഴും അയാളൊന്നു ചിരിച്ചു.. തിരിച്ചു ഞാനും..
പതിവിന് വിപരീതമായി ഞായറാഴ്ച സിറാജ് റൂമിൽ തിരിച്ചെത്തി..അവൻ നന്നേ അവശനായിരുന്നു.. റൂമിൽ കയറിയ ഉടനെ അവൻ വാതിലടച്ചു ഉറങ്ങാൻ കിടന്നു..
"നല്ലോരു ഞായറാഴ്ച്ച ഇങ്ങനെ ഉറങ്ങി തീർക്കുന്ന അവനു വല്ല അവാർഡും കൊടുക്കണം" ഷിനു അത് പറഞ്ഞു പ്രകാശിനെയും അസറിനെയും കൂട്ടി പുറത്തേക്ക് പോയി..
വൈകുന്നേരം ഓഫീസിൽ പോകേണ്ടതിനാൽ ഞാൻ ടീവിയിൽ മുഴുകി..
ഉച്ചയായപ്പോൾ സിറാജ് പുറത്തിറങ്ങി..
അവൻ അപ്പോഴും ക്ഷീണിതനായിരുന്നു..
"എടാ,നിന്നെ ചോദിച്ചിട്ട് ഇന്നലെ ഒരാൾ ഇവിടെ വന്നായിരുന്നു.."
ഞാൻ അവനോടായി പറഞ്ഞു..
"ഉം.. അയാളിന്നലെ ഇവിടെ നിന്ന് ഇറങ്ങി ആശുപത്രിയിലേക്ക് പോകുന്ന വഴി മരിച്ചു.."
ഇടിത്തീ ആയിരുന്നു ആ വാക്കുകൾ...
"മൂന്ന് മക്കളുണ്ട്.. ഒരു മുന്നൂറ് ഉറുപ്പ്യ മിനിഞ്ഞാന്ന് അതിലൊരെണ്ണം അയാൾക്കെത്തിച്ചു കൊടുത്തിരുന്നേൽ ചെലപ്പോ അത് സംഭവിക്കില്ലായിരുന്നു..മയ്യിത്തു നിസ്കരിക്കാൻ പോലും വന്നില്ല ഒരുത്തൻ പോലും..."
അവൻ കണ്ണ് തുടച്ചു കൊണ്ടാണ് അത് പറഞ്ഞത്..
സിറാജ് എന്റെ മുന്നിൽ ഒരത്ഭുതമായി മാറുകയായിരുന്നു..
അത് വരെ പുച്ഛത്തോടെ കണ്ടിരുന്ന ഒരാൾ മാലാഖയോളം വലുതാകുകയായിരുന്നു..
തികച്ചും അപരിചതനായിരുന്നു ആ മനുഷ്യന് എല്ലാ മാസവും മരുന്നിനും മറ്റും പണം കൊടുക്കുന്ന,ഒടുവിൽ മരിച്ചപ്പോൾ ഒരു മോനെ പോലെ നിന്നും കർമങ്ങൾ ചെയ്തു തീർത്ത ഒരാൾ..അയാളുടെ മയ്യിത്തു നിസ്കാരത്തിനു പോലും അവനായിരുന്നു നേതൃത്വം..!
എത്ര പെട്ടെന്നായിരുന്നു അവനൊരു വിസ്മയമായത്..!
എത്ര പെട്ടെന്നാണ് അവനെ കുറിച്ചുള്ള ധാരണകൾ ഒരു മഞ്ഞുതുള്ളി പോലെ അലിഞ്ഞില്ലാതായത്..!
അവനെ കളിയാക്കാൻ എന്തർഹതയായിരുന്നു ഞങ്ങൾക്ക്..!
അയാളെ കുറിച്ച് പറഞ്ഞു പറഞ്ഞു അവൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു..ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ലാതെ എന്റെ കണ്ണും നിറഞ്ഞു..!
അപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു,

ആ മനുഷ്യൻ അവസാനമായി ചിരിച്ചത് എന്നോടായിരിക്കുമോ..!?

10 comments:

  1. അതെ അദ്ദെഹം നിങ്ങളൊട് തന്നെയാണ്‍ ചിരിച്ചത്...നല്ല പോസ്റ്റ്

    ReplyDelete
  2. പലപ്പോഴും ചിരിയ്ക്കു വക നൽകുന്ന ഫിറോസിന്റെ ഇത്തവണത്തെ പോസ്റ്റ് കണ്ണ് നനയിച്ചു

    ReplyDelete
  3. എന്തെല്ലാം മുന്‍വിധികളോടെയാണ് നമ്മള്‍ മറ്റൊരാളെ കാണുന്നതല്ലേ? ബ്ലോഗിലേക്ക് തിരിച്ചു വരാന്‍ തീരുമാനമെടുത്തതിന് ആശംസകള്‍...

    ReplyDelete
  4. എന്നെപോലെ നല്ല ആളുകള്‍ എന്നും തെറ്റിദ്ധരിക്കപെട്ടിട്ടേയുളൂ.

    ReplyDelete
  5. സിറാജിനെക്കുറിച്ചിനിയുമെഴുതാനുണ്ടാകുമല്ലോ?!?!?!?

    ReplyDelete
  6. വളരെ നന്നായിരിക്കുന്നു നാക്കിന്റെ നീളം കണ്ട് ആരെയും വിലയിരുത്തരുത്..

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)