Wednesday, December 14, 2011

കിംഗ്‌ ലിയര്‍ ഇന്‍ ലവ്..


കോളേജ് കാലത്തിലേക്ക്‌ വീണ്ടും..

കാന്റീനില്‍ പ്രകാശും സുനീറും വരുന്നതു കാത്തു കാന്റീനില്‍ ഞാന്‍..
ഒമ്പത് മണിക്ക് തുടങ്ങിയ ഇരുത്തമാണിത്..ഇപ്പോള്‍ സമയം 11 മണി..
ഈയിടെയായ് അവരിങ്ങനെയാ, എന്നെ അറിയിക്കാതെ എങ്ങോട്ടൊക്കെയോ പോകുന്നുണ്ട്.. എങ്ങോട്ടായിരിക്കും..??

കുറച്ചു കഴിഞ്ഞപ്പോള്‍ മുഖത്ത് നിറയെ ചിരിയുമായി സജീഷ് കയറി വന്നു..
ആക്കിയുള്ള അവന്‍റെ ചിരി കണ്ടത് കൊണ്ടു തന്നെ ഞാന്‍ അവനെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.. ഞാന്‍ പഴംപൊരിയില്‍ മാത്രം മൈന്‍ഡ് ചെയ്തു..
അവന്‍ എന്റടുത്തു വന്നിരുന്നു ഒന്ന് കൂടി ചിരിച്ചു..
"എന്താടാ കിളിക്കുന്നത് ??" ദേഷ്യത്തോടെ ചോദിച്ചു..
"പ്രകാശും സുനീറും വന്നില്ല അല്ലെ??"
"വന്നു..ഇവിടെ കുഴിച്ചിട്ടിരിക്കുവാ....മുളച്ചു വരുമ്പോള്‍ എടുത്തു തരാം.. "
അല്ല പിന്നെ.. വന്നില്ല എന്നറിഞ്ഞിട്ടും അവന്‍റെയൊരു ചോദ്യം..
അത് കേട്ടതും അവന്‍ ഒന്ന് നെടുവീര്‍പ്പെട്ടു.. പിന്നെ പതിയെ പറഞ്ഞു..
"ഇതാ ഈ പ്രേമം വന്നാലുള്ള കുഴപ്പം.."
ഞാന്‍ പഴംപൊരിയിലേക്ക് നോക്കി.. എന്‍റെ ആക്രാന്തം കണ്ടിട്ട് ഞാനും പഴംപൊരിയും തമ്മില്‍ പ്രേമമാണെന്നാണോ അവനുദേശിച്ചത്..??
"നീ പഴംപൊരിയിലേക്ക് നോക്കേണ്ട.. ഞാന്‍ പ്രകാശിന്റെയും സുനീറിന്റെയും കാര്യമാ പറഞ്ഞത്.. "
"പ്രകാശ്‌,സുനീര്‍,കാന്റീന്‍,പഴംപൊരി,പ്രേമം... അറിയാന്‍ വയ്യാത്തത് കൊണ്ടു ചോദിക്കുവാ., നീയിന്നു ഗുളിക കഴിച്ചില്ലേ??"
ഞാന്‍ സംശയത്തോടെ ചോദിച്ചു..
"ടാ.. ഞാന്‍ അതൊന്നുമല്ല പറഞ്ഞത്.. പ്രകാശും സുനീറും ഇപ്പൊ ക്ലാസ്സില്‍ ഇരിക്കുവാ.. "
അത് കേട്ടതും, കേള്‍ക്കാന്‍ പാടില്ലാത്തത് എന്തോ കേട്ടത് പോലെ ഞാന്‍ ഞെട്ടിതരിച്ചു നിന്നു..
ദൈവമേ.. പ്രകാശും സുനീറും ക്ലാസ്സില്‍ കേറിയെന്നു..
"നീയെന്തോക്കെയാടാ പറയുന്നത്??" ഞെട്ടല്‍ മാറാതെ ഞാന്‍ ചോദിച്ചു..
"അതേടാ.. അവരിപ്പോള്‍ സ്ഥിരമായി ഇംഗ്ലീഷ് ക്ലാസ്സില്‍ കയറാറുണ്ട്...."
അത് കൂടി കേട്ടപ്പോള്‍ ഞാന്‍ ഒന്ന് കൂടി ഞെട്ടി..
"അതെന്താ, ഇംഗ്ലീഷ് ഇപ്പൊ മലയാളത്തിലാണോ എടുക്കുന്നത്??"
"അതൊന്നുമല്ലടാ.. ഇംഗ്ലീഷ് ആവുമ്പോള്‍ കംബൈന്‍ ക്ലാസ്സ്‌ ആണല്ലോ..അവര്‍ രണ്ടും ബോട്ടണിയില്‍ പഠിക്കുന്ന രണ്ടു പേരെ പ്രേമിക്കുന്നുണ്ടല്ലോ.. അവരെ കാണാനാ അവര്‍ ക്ലാസ്സില്‍ കേറുന്നത്.."
"അത് ശരി.. അപ്പൊ ഇംഗ്ലീഷ്ന്‍റെ കുഴപ്പമല്ല, പ്രേമത്തിന്‍റെ കുഴപ്പമാ... അത് പൊളിക്കാന്‍ എന്താടാ ഒരു വഴി.."
അവരുടെ പ്രേമത്തില്‍ അസൂയ 'തെല്ലുമില്ലാതെ' ഞാന്‍ ചോദിച്ചു..
ഞങ്ങള്‍ ആലോചന തുടങ്ങി.. കാടുകള്‍ കയറി..
കാട് മലയിലേക്കു മാറി.. എന്നിട്ടും ഒരു വഴി മാത്രം തെളിഞ്ഞു വന്നില്ല..
കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു വഴി കിട്ടിയത് പോലെ സജീഷ് എന്‍റെ മുഖത്തേക്ക് നോക്കി..
"എന്താടാ?? പൊളിക്കാനുള്ള വഴി കിട്ടിയാ??" ആകാംഷയോടെ ഞാന്‍ ചോദിച്ചു..
"ടാ.. അവര്‍ പ്രേമിക്കുന്നതാണോ അതോ ക്ലാസ്സില്‍ കേറുന്നതാണോ നിന്‍റെ പ്രശ്നം??" അവന്‍ ചോദിച്ചു..
"എനിക്ക് കാന്റീനില്‍ കമ്പനി തരാതെ ക്ലാസ്സില്‍ കേറുന്നത് മാത്രമാ എന്‍റെ പ്രശ്നം.."
"എന്നാല്‍ പിന്നെ നിനക്ക് ക്ലാസ്സില്‍ കേറാനുള്ള വഴി നോക്കിയാല്‍ പോരെ???"
അവന്‍ അത് പറഞ്ഞപ്പോള്‍ ഒന്നും മനസിലാകാതെ ഞാന്‍ അവനെ തന്നെ നോക്കി..
എന്‍റെ നോട്ടം കണ്ടിട്ടാവണം, അവന്‍ ഒന്ന് കൂടി വിശദീകരിച്ചു..
"അവരുടെ പ്രേമം പൊളിക്കുന്നതിനെക്കാള്‍ നീ ഒരു പെണ്ണിനെ പ്രേമിക്കുന്നതല്ലേ നല്ലത് എന്ന്...."
ഞാന്‍ അവനെ പുച്ഛത്തോടെ നോക്കി..
എലിയെ കൊല്ലാന്‍ ഇല്ലം ചുടാന്‍ പറയുന്ന മഹാന്‍..!!!
"ഞാന്‍ കാര്യം പറഞ്ഞതാടാ.. നമ്മള്‍ ഒരു ലൈന്‍ പൊളിച്ചാല്‍ അവന്‍മാര്‍ വേറെ ഒമ്പത് ലൈന്‍ വലിക്കും.. പിന്നെ പൊളിക്കാന്‍ മാത്രമേ നമുക്ക് സമയം കിട്ടു..അതാ ഞാന്‍ പറഞ്ഞത്.."
"അതിനു പ്രേമിക്കാന്‍ പെണ്ണ് വേണ്ടേ ??" ഞാന്‍ ദയനീയമായി ചോദിച്ചു..
"ബോട്ടണി ക്ലാസ്സില്‍ ഒരു പെണ്ണുണ്ട്.. നിനക്ക് നന്നായി ചേരും.. "
ആ വാക്ക് എനിക്ക് നന്നേ ഭോദിച്ചു.. ഞാന്‍ എന്‍റെ മുന്നിലുണ്ടായിരുന്ന പഴംപൊരി പ്ലേറ്റ് അവന് മുന്നിലേക്ക്‌ നീട്ടി..
അവന്‍ പറഞ്ഞ വാചകം എന്നെ അത്രമാത്രം കുളിരണിയിച്ചു..
"ബോട്ടണി ക്ലാസ്സില്‍ ഒരു പെണ്ണുണ്ട്.. നിനക്ക് നന്നായി ചേരും.. "
"ബോട്ടണി ക്ലാസ്സില്‍ ഒരു പെണ്ണുണ്ട്.. നിനക്ക് നന്നായി ചേരും.. "
നീ പൊന്നപ്പനല്ലടാ.. തങ്കപ്പന്‍ തന്നെയാ..

അടുത്ത ഇംഗ്ലീഷ് ക്ലാസ്സ്‌ 12 മണിക്ക് ആരംഭിക്കും..
ആ ക്ലാസ്സില്‍ കേറി പെണ്ണുകാണല്‍ ചടങ്ങ് നടത്താം.
അത് കഴിഞ്ഞു ആലോചന, പിന്നെ നിശ്ചയം, അത് കഴിഞ്ഞു കല്യാണം..
ഞാന്‍ എല്ലാം മനസ്സാല്‍ ഉറപ്പിച്ചു..

അങ്ങനെ ഞങ്ങള്‍ ഇംഗ്ലീഷ് ക്ലാസ്സിലേക്ക്..
എന്‍റെ മനസ്സ് നിറയെ എങ്ങനെ ആ പെണ്ണിനെ വളച്ചെടുക്കും എന്ന ചിന്ത മാത്രം..
രണ്ടാം വര്‍ഷ പഠനം തുടങ്ങിയിട്ട് ആറ് മാസമായെങ്കിലും ഇത് രണ്ടാം തവണ മാത്രമാണ് ഞാന്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ കയറുന്നത്..
ഇതിനു മുമ്പ് കയറിയത് പ്രകാശിന് വേണ്ടിയായിരുന്നു, നവയുഗ ബീര്‍ബലിനു വേണ്ടി.. (വായിക്കാന്‍ നവയുഗ ബീര്‍ബലിന്റെ മുകളില്‍ ക്ലിക്ക് ചെയ്യുക..)

ക്ലാസ്സിലേക്ക് കയറും വഴി ഞാന്‍ പ്രേമിക്കാന്‍ പോകുന്ന പെണ്ണിനെ ഒന്ന് നോക്കി..
ഉം.. കൊള്ളാം..ഇത് മതി , ഇത് മതി.. (അഴകിയ രാവണനില്‍ ഇന്നസെന്‍റ് പറഞ്ഞത് പോലെ തന്നെ.. )
ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു..

സര്‍ ക്ലാസ്സ്‌ തുടങ്ങി..
സര്‍ ഏതോ ഭാഷയില്‍ എന്തോ പറയുന്നു.. കുറച്ചു പേര്‍ ഉറങ്ങുന്നു.. കുറച്ചു പേര്‍ ഇരുന്നു കൊണ്ട് സ്വപ്നം കാണുന്നു..
ഞാന്‍ എന്‍റെ പ്രേമഭാജനത്തെ(?) നോക്കുന്നു..
പെട്ടെന്ന് എന്തോ സംഭവിച്ചത് പോല്‍ ഉറങ്ങിയവര്‍ ചാടി എണീറ്റു..
"എന്താടാ കാര്യം??"
ഒന്നും മനസിലാകാതെ ഞാന്‍ പ്രകാശിന്റെ ചെവിയില്‍ ചോദിച്ചു..
"സര്‍ ചോദ്യം ചോദിക്കാന്‍ പോകുവാണെന്ന്.."
പടച്ചോനെ. പണി പാളി.. എന്നോട് മാത്രം ഒന്നും ചോദിക്കല്ലേ..
ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു..
സര്‍ ആദ്യത്തെ ചോദ്യത്തിലേക്ക്....
"എക്സ്പ്ലൈന്‍ എബൌട്ട്‌ കിംഗ്‌ ലിയര്‍..?? "
ആ ചോദ്യം എന്നോട് ചോദിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ കൊതിച്ചു പോയി..
കാരണം ഉത്തരം വളരെ സില്ലി..
"കിംഗ്‌ ലിയര്‍ ഈസ്‌ എ കിംഗ്‌.. "
പക്ഷെ ആ ചോദ്യം എന്നോട് ചോദിച്ചില്ല.. ചോദ്യം ഒരു പെണ്‍കുട്ടിയോട്..
ഉത്തരം കേട്ട ഞാന്‍ വാ പൊളിച്ചു നിന്നു പോയി...
ഉത്തരത്തിന്റെ മലയാളം ഇങ്ങനെ..
"കിംഗ്‌ ലിയര്‍ എന്നാല്‍ ഷേക്ക്‌സ്പിയര്‍ രചിച്ച ഇംഗ്ലീഷ് ഭാഷയെ വിപ്ലവാത്മകമായ മാറ്റത്തിലേക്ക് വഴി തെളിച്ചു വിട്ട, വേദനാജനകമായ നോവലിന്‍റെ ഭാഷകള്‍ക്കതീതമായ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാഹിത്യ സൃഷ്ടി " എന്ന്..
ആരാടാ ഈ ഷേക്ക്‌സ്പിയര്‍ എന്ന് അറിയാതെ ചോദിച്ചു പോയി..

ഇനി അടുത്ത ചോദ്യത്തിലേക്ക്..
"ഹു ഈസ്‌ കോര്‍ഡീലിയ??"
ചോദ്യം കേട്ടു വാ പൊളിച്ചു നിന്ന എന്നിലേക്ക്‌ തന്നെ സര്‍-ന്‍റെ വിരലുകള്‍ നീണ്ടു..
"എന്തോന്നാ??" അറിയാതെ ഞാന്‍ ചോദിച്ചു പോയി..
"ഹു ഈസ്‌ കോര്‍ഡീലിയ??" സര്‍ ഒന്ന് കൂടി ആവര്‍ത്തിച്ച്‌..
ആരാത്.. ഇതിനു മുമ്പ് അങ്ങനെ ഒരു സംഭവത്തെകുറിച്ച് ഞാന്‍ കേട്ടിട്ട് പോലുമില്ലല്ലോ..
കോര്‍ഡീലിയ കിംഗ്‌ ലിയര്‍-ന്‍റെ മൂന്നാമത്തെ സ്നേഹനിധിയായ മകള്‍ എന്ന ഉത്തരം പ്രതീക്ഷിച്ച സര്‍-ന്‍റെ മുന്നിലേക്ക്‌ എന്‍റെ ഉത്തരമെത്തി..
"കോര്‍ഡീലിയ എന്നാല്‍, ഇംഗ്ലീഷ് ഭാഷയെ വിപ്ലവാത്മകമായ മാറ്റത്തിലേക്ക് വഴി തെളിച്ചു വിട്ടതിനുശേഷം ഷേക്ക്‌സ്പിയര്‍ രചിച്ച രണ്ടാമത്തെ സാഹിത്യ സൃഷ്ടി"
ഠിം.. സര്‍-ന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു..
ക്ലാസ്സില്‍ സ്മശാന മൂകത.. എന്‍റെ ഉത്തരം എല്ലാരേയും അത്ഭുതപ്പെടുത്തിയിരിക്കുന്നു..
അതാണ് ഞാന്‍.. ക്ലാസ്സില്‍ കേറിയില്ലേലും എല്ലാ കാര്യത്തെക്കുറിച്ചും വ്യക്തമായ അറിവുണ്ടാകും..
എനിക്കെന്നോടു തന്നെ അസൂയ തോന്നി..
കുറച്ചു സമയത്തിന് ശേഷം സര്‍ സ്വഭോധം വീണ്ടെടുത്തു.. പിന്നെ പല്ല് കടിച്ചു കൊണ്ടു ചോദിച്ചു..
"എന്നാത്തിനാടാ നീയൊക്കെ കെട്ടി ഒരുങ്ങി ക്ലാസ്സിലേക്ക് കേറി വരുന്നത്??"
സര്‍ ഇത് ചോദിച്ചതും എന്‍റെ മനസ്സില്‍ ഒരു വലിയ ലഡ്ഡു പൊട്ടിതെറിച്ചു..
എങ്ങനെ എന്‍റെ പ്രണയം തുറന്നു പറയും എന്നാലോചിച്ചു നിന്ന എന്നോട് സര്‍ ചോദിച്ചിരിക്കുന്നു,
"എന്നാത്തിനാടാ നീയൊക്കെ കെട്ടി ഒരുങ്ങി ക്ലാസ്സിലേക്ക് കേറി വരുന്നത്??"
"പ്രേമിക്കാന്‍.."!!!!!
എന്‍റെ മറുപടി കേട്ടതോടു കൂടി ക്ലാസ്സ്‌ ഒന്ന് കൂടി നിശബ്ദമായി..
"എന്തോന്നാ??"
"സര്‍.. എനിക്കൊരു പെണ്ണിനെ ഇഷ്ടമാ.. ആ പെണ്ണിനെ കാണാനാ ഞാന്‍ ഈ ക്ലാസ്സിലേക്ക് വന്നത്.."
ഇത് കേട്ടതും ആണും പെണ്ണും ഉള്‍പ്പടെ എല്ലാവരും ചിരിക്കാന്‍ തുടങ്ങി..
കൂട്ടത്തില്‍ എന്‍റെ ഭാവി കാമുകിയും ചിരിക്കുന്നു.. അതെനിക്ക് സഹിച്ചില്ല..
"സര്‍.. അതാണ് ഞാന്‍ സ്നേഹിക്കുന്ന പെണ്ണ്.."
കിംഗ്‌ ലിയറിന്‍റെ പ്രേതം എന്‍റെ ശരീരത്തില്‍ കയറിയത് പോലെ ആ പെണ്‍കുട്ടിയെ ചൂണ്ടി ഞാന്‍ പ്രഖ്യാപിച്ചു..
എല്ലാ കണ്ണുകളും ആ പെണ്‍കുട്ടിയുടെ നേര്‍ക്ക്‌..
അവള്‍ വെടി കൊണ്ട പന്നിയെ പോലെ തരിച്ചു നിന്നു....
ഞാനിപ്പോഴും 'കിംഗ്‌ ലിയര്‍ ഞാന്‍ തന്നെ' എന്ന ഭാവത്തില്‍..
ഞാന്‍ ഒന്ന് കൂടി ആ പെണ്‍ കുട്ടിയെ നോക്കി.. അവളിപ്പോഴും വെടി കൊണ്ടത്‌ പോലെ തന്നെ..
"ശ്വാസം വിടൂ കുട്ടി.. ഇല്ലേല്‍ എനിക്ക് പ്രേമിക്കാന്‍ ആളെ കിട്ടില്ല" എന്നവളോട് വിളിച്ചു പറയാന്‍ തോന്നിപ്പോയി..
"പ്രേമം തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇനിയീ ക്ലാസ്സില്‍ വരരുത് കെട്ടാ..." സര്‍ ദയനീയമായി പറഞ്ഞു..
"ഇല്ല സര്‍, വരില്ല.. ഒരിക്കലും വരില്ല..."
സര്‍ ക്ലാസിനു പുറത്തേക്കു..


ക്ലാസ്സ്‌ കഴിഞ്ഞു.. ആള്‍ക്കൂട്ടവും ഒഴിഞ്ഞു..
ഇപ്പോള്‍ ക്ലാസ്സില്‍ ഞാനും അവളും മാത്രം.. അവള്‍ ഡെസ്കില്‍ തല വെച്ച് കിടക്കുകയാണ്...
കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ തല ഉയര്‍ത്തി..
അവള്‍ എന്‍റെ അടുത്തേക്ക് നടന്നു വരുന്നു..
"ദൈവമേ.. തല്ലു കൊള്ളുമോ???"
എന്നിലെ കിംഗ്‌ ലിയര്‍ ഓടി ഒളിച്ചു.. കാരണം തല്ലു കൊള്ളിത്തരമല്ലേ ഞാന്‍ ചെയ്തത്..
അവള്‍ എന്‍റെ അടുത്ത് വന്നു.. പിന്നെ പതിയെ ചിരിച്ചു..
ഒഹ്.. രക്ഷപ്പെട്ടു..
"കാര്യമായിട്ടും പറഞ്ഞതാണോ അത്... "
അവള്‍ നാണം കുണുങ്ങി കൊണ്ടു ചോദിച്ചു..
"അതേ.. " ഞാനും നാണത്തോടെ മറുപടി പറഞ്ഞു..!!!!
"എന്തിനാ ഇത്രേം പരസ്യമായി പറഞ്ഞത്??"
"നിന്നോടുള്ള സ്നേഹം എന്നെ അന്ധനാക്കി...അത്കൊണ്ടാ പരിസരം പോലും മറന്നു ഞാന്‍ ആ സത്യം വിളിച്ചു പറഞ്ഞത്.. ...നിന്നെ എനിക്ക് അത്രമാത്രം ഇഷ്ടമാ.. "
എവിടന്നു വന്നു ആവോ ആ വാക്കുകള്‍.. അല്ലേലും പ്രേമിച്ചു തുടങ്ങുമ്പോള്‍ വാക്കുകള്‍ (നുണകള്‍ എന്നും പറയാം) അണമുറിയാതെ പെയ്തു കൊണ്ടിരിക്കും..
"നിനക്കെന്നെ ഇഷ്ടമായോ??"
നഖം കടിച്ചു കൊണ്ടു ഞാന്‍ ചോദിച്ചു..
"ഇഷ്ടമൊക്കെ ആയി.. പക്ഷെ........ "
"പക്ഷെ?????? "
"വേറൊരാള്‍ കൂടി എന്നെ ഇഷ്ടമാ എന്ന് പറഞ്ഞു എന്‍റെ പിറകെ നടക്കുന്നുണ്ട്.. "
കര്‍ത്താവേ.. പ്രേമം തുടങ്ങും മുമ്പ് മത്സരം തുടങ്ങേണ്ടി വരുമോ..
"എനിക്കവനെ തീരെ ഇഷ്ടമല്ല... എങ്ങനേലും അവനെ ഒഴിവാക്കി തരണം.. " അവള്‍ പിന്നെയും തുടര്‍ന്നു..
"ആരാണാ അലവലാതി...........??"
ഞാന്‍ ജയനായി..
സോമനാവിതിരുന്നാല്‍ മതിയായിരുന്നു..
അവള്‍ അവന്‍റെ വിവരങ്ങള്‍ പറഞ്ഞു തന്നു..
"എന്താ.. അവന്‍റെ ശല്യം ഒഴിവാക്കി തരുമോ??" അവള്‍ ചോദിച്ചു..
"അത് ഞാന്‍ ഏറ്റു.. "
എന്നിലെ കിംഗ്‌ ലിയര്‍ വീണ്ടും ഉണര്‍ന്നു..
അവള്‍ ഒരു ചെറു ചിരിയും ചിരിച്ചു നടന്നു നീങ്ങി..

അവള്‍ പോയതും പ്രകാശ് എന്‍റെ അടുത്തേക്ക് ഓടി വന്നു..
"എന്തായെടാ?? വല്ലതും നടക്കുമോ??"
"ഞാന്‍ ക്യൂവിലാടാ "
അവന്‍ എന്‍റെ മുന്നിലും പിന്നിലും നോക്കി.. ഞാന്‍ ക്യൂവിലാണോന്നു നോക്കുവാ.. മണ്ടന്‍..!!!!!!!
ഞാന്‍ അവനെ കാര്യം പറഞ്ഞു മനസിലാക്കി കൊടുത്തു..
"അവനെ ഒഴിവാക്കാന്‍ എന്താടാ ഒരു വഴി.."
അവന്‍ കുറച്ചു സമയം ആലോചിച്ചു.. പിന്നെ പതിയെ പറഞ്ഞു..
"ഞാന്‍ ഒരു ഐഡിയ പറയട്ടെ..??"
അവന്‍ അത് ചോദിച്ചതും ഇതിനു മുമ്പ് അവന്‍ പറഞ്ഞ പല ഐഡിയകളും എന്‍റെ മനസിലുടെ ഓടി.. അത് കൊണ്ട് തന്നെ ഞാന്‍ പെട്ടെന്ന് തന്നെ മറുപടി നല്‍കി..
"വേണ്ട... നീ ഒന്നും പറയേണ്ട... "
"ഇല്ല.. ഞാന്‍ പറയും.."
"എന്നാല്‍ പറഞ്ഞു തൊലക്ക്.. "
"നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് വില്ല് വളക്കള്‍ മത്സരം നടത്തിയാലോ??"
"എന്തോന്നാ??"
"ടാ.. ശ്രീരാമന്‍ സീതയെ കെട്ടിയത് അങ്ങനെയൊരു മത്സരം നടത്തിയിട്ടാ...അത് പോലെ ഒരു മത്സരം.. വില്ലൊടിക്കല്‍ മത്സരം.."
"വില്ലല്ല.. നിന്‍റെ കാലാ ഓടിക്കേണ്ടത് തെണ്ടി.."
അത് കേട്ടതും അവന്‍ മിണ്ടാതിരുന്നു..

കുറച്ചു കഴിഞ്ഞും ഞാനും പ്രകാശും ചേര്‍ന്ന് ആ പയ്യനെ കാണാന്‍ പോയി..
ഷാനിയെ പ്രേമിക്കാന്‍ കിട്ടിയില്ലേല്‍ ഫായിസ് ആത്മഹത്യ ചെയ്തു കളയും എന്ന് വരെ പ്രകാശ്‌ പറഞ്ഞു..
ഒടുവില്‍ അവന്‍ എന്‍റെ അരികിലേക്ക് വന്നു..
"അല്ലേലും അവളെ ഞാന്‍ ഒഴിവാക്കാന്‍ പോകുവായിരുന്നു.. കാരണം ഇത്രേം നാള്‍ പിറകെ നടന്നിട്ട് അവള്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല.."
അത് കേട്ടപ്പോള്‍ എനിക്ക് സമാധാനമായി..
"പക്ഷെ അവളെ ഞാന്‍ മുഴുവനായും വിടണമെങ്കില്‍ നീ എന്നെ ഒന്ന് സഹായിക്കണം.. "
കുരിശ്.. എന്ത് സഹായമാണാവോ ??
"എനിക്ക് നീ വേറെ ഒരാളെ ലൈന്‍ ആക്കി തരണം.........നിനക്ക് ഭയങ്കര ധൈര്യമല്ലെ.. നീ വിചാരിച്ചാല്‍ നടക്കും.. "
എന്‍റെ പട്ടി വിചാരിക്കും എന്ന് പറയാനാ തോന്നിയത്.. പക്ഷെ പറഞ്ഞില്ല..
കാരണം ഞാനിപ്പോള്‍ ഒരു കാമുകനാണ്.. ഒരു കാമുകി സ്വന്തമായുള്ള കാമുകന്‍ ഒരു കാര്യം പറയുന്നതിന് മുമ്പ് പലതും ആലോചിക്കണം..
"പത്തു ദിവസത്തിനകം നീ ലൈന്‍ ആക്കി തന്നില്ലേല്‍ എന്ത് വില കൊടുത്തും നിന്‍റെ ലൈന്‍ ഞാന്‍ പൊളിക്കും.. "
അവന്‍റെ ഭീഷണി.... അല്ല.. അതൊരു ഭീഷണിയല്ല.. ഒരു നിരാശ കാമുകന്‍റെ രോദനം.. രോദനം.. രോദനം....
"എന്താ സമ്മതിച്ചോ??" അവന്‍ വീണ്ടും ചോദിച്ചു...
"സമ്മതിച്ചു.. കാരണം ഞാന്‍ അവളെ പ്രേമിച്ചു പോയില്ലേ.. "

ഒരാളെ പ്രേമിച്ചു തുടങ്ങുമ്പോള്‍ ഇതുവരെ ചെയ്യാത്ത പലതും ചെയ്യേണ്ടി വരും എന്ന് എവിടെയോ കേട്ടിട്ടുണ്ട്..
അനുഭവം കൊണ്ടു പറയുവാ..
അത് സത്യം തന്നെയാ.. കാരണം ഞാന്‍ ഇന്ന് മുതല്‍ അവന്‍റെ "പ്രേമബ്രോക്കര്‍" ആണ്....
ഇനി എന്തൊക്കെ ചെയ്യേണ്ടി വരുമോ ആവോ??.... !!!!!!!

9 comments:

  1. @(പേര് പിന്നെ പറയാം).. hehe.. Thanks.. Pinne peru pinne ayalum parayanam ketto.. :D

    ReplyDelete
  2. നന്നായിട്ടുണ്ട്.. സെക്കന്റ്‌ പാര്‍ട്ട്‌ എന്തായലും ഉണ്ടാവും എന്ന് കരുതുന്നു.

    ReplyDelete
  3. baaki koode vaayichitt parayaam.....

    ReplyDelete
  4. @Anonymous... ആയിക്കോട്ടെ, ഞാന്‍ കാത്തിരിക്കാം.. :)

    ReplyDelete
  5. ale veruthe sasi akkaruth

    ReplyDelete
  6. നന്നായി ആസ്വദിച്ച്‌ വായിച്ചു...പിന്നെ എന്തൊക്കെ ആയെന്ന് പോരട്ടേ!!!!!!

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)