Sunday, December 11, 2011

പ്രണയമായ്...




ചിലപ്പോഴൊക്കെ യാത്രകള്‍ ഓര്‍മപ്പെടുത്തലുകളാണ്.. നീറുന്ന വേദനകളുടെ ഓര്‍മപ്പെടുത്തലുകള്‍...
അങ്ങനെയൊരു യാത്രയിലാണ് ഞാന്‍..
ആളുകള്‍ കുറഞ്ഞ ബോഗിയില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം..
എനിക്കെതിര്‍വഷമായി ഇരിക്കുന്നത് ഏതോ ഒരപരിചിതന്‍.. നാല്‍പതു വയസ്സിനോടടുത്തു പ്രായം തോന്നും..
വിരസമായ യാത്ര അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍..
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഷെല്‍ഫില്‍ നിന്നും എടുത്ത പുസ്തകം ബാഗില്‍ ഇരിക്കുന്നത് ഇപ്പോഴാണോര്‍ത്തത് ..
പുസ്തകം പുറത്തെടുത്തു..
"ലോകപ്രശസ്ത പ്രണയ കാവ്യങ്ങള്‍.."
അതാണാ പുസ്തകത്തിന്‍റെ പേര്.. ആ പേര് കണ്ടിരുന്നെങ്കില്‍ അതെടുക്കില്ലായിരുന്നു..
കാരണം, മറക്കാന്‍ ശ്രമിക്കുന്ന ഓര്‍മകളെ കുത്തി നോവിച്ചേക്കാം ആ പുസ്തകം..
എങ്കിലും വായിക്കാതിരിക്കാനാവില്ല എനിക്ക്..
പലരും പ്രണയത്തെ കുറിച്ച് വാചാലരാകുന്നു..
"ഈ മഴ എന്‍റെ പ്രണയമാനെന്നും ഈ മഴത്തുള്ളികള്‍ എന്‍റെയും അവളുടെയും കണ്ണീരാണെന്നും" ഒരു കവി..
"പ്രണയത്തിനു വിരഹത്തിന്റെ കറുത്ത നിറം കൂടി ഉണ്ടെന്നു " വേറൊരാള്‍..
"പ്രണയത്തിനു പൂച്ചയുടെ പോല്‍ ഒമ്പത് ജന്‍മങ്ങളുണ്ടെന്നു " പറഞ്ഞത് പാബ്ലോ നെരൂദ.. പ്രണയം ഇനിയും പുനര്‍ജനിക്കും പോലും.. എന്തിനു?? വീണ്ടും വേദനിപ്പിക്കാനോ??
പലര്‍ക്കും പലതാണ് പ്രണയം.. എനിക്ക് വേദനയാണ് പ്രണയം..
ഞാനിപ്പോള്‍ വായിക്കുന്നത് ലോലയെ കുറിച്ചാണ്.. പദ്മരാജന്‍ പറഞ്ഞ ലോലയെ കുറിച്ച്..
"പ്രിയപ്പെട്ട ലോലാ, ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാക്കുക.. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.."
പ്രണയരാഹിത്യം മരണമാണെന്ന്...!!!

വായിക്കാന്‍ പാടില്ലായിരുന്നു ഈ പുസ്തകം..
കണ്ണുകള്‍ മുറുക്കെ അടക്കാന്‍ തോന്നുന്നു.. കണ്ണടച്ചിട്ടും മാഞ്ഞു പോകാതെ ഒരു മുഖം ഇപ്പോഴും കണ്മുന്നില്‍..
പറയേണ്ടതെല്ലാം പറഞ്ഞു തീരും മുമ്പേ മാഞ്ഞു പോയ ഒരു പെണ്‍കുട്ടിയുടെ മുഖം..
എന്‍റെ ഷാദിയയുടെ മുഖം..
സ്നേഹിക്കുന്ന മനസുകള്‍ക്കിടയില്‍ മനുഷ്യന്‍ മതില്‍ തീര്‍ത്തപ്പോള്‍, കണ്ണീര്‍ കൊണ്ടു കസവിന്‍റെ തട്ടം നനച്ചു പോയ പെണ്‍കുട്ടിയുടെ മുഖം..
അവള്‍ തിരിച്ചു വരുന്നതും കാത്തു അവള്‍ക്കായ്‌ പിറവിയെടുത്ത കവിതകളും ഹൃദയത്തോട് ചേര്‍ത്ത് കാത്തിരിക്കുകയാണ്‌ ഞാന്‍..

സമയം പിന്നെയും മുന്നോട്ടു..
കണ്ണ് തുറന്നപ്പോള്‍ എന്‍റെ അരികിലായ് ഒരു പെണ്‍കുട്ടി കൂടി ഇരിക്കുന്നുണ്ട്..
"ആ പുസ്തകം ഒന്ന് തരാവോ??"
ചോദിച്ചത് ആ അപരിചിതനാണ്... എന്‍റെ എതിര്‍വശത്തായി ഇരിക്കുന്ന അപരിചതന്‍..
മടി കൂടാതെ ആ പുസ്തകം ഞാന്‍ അയാള്‍ക്ക് നേരെ നീട്ടി..
അയാള്‍ വായിച്ചു തുടങ്ങി..
ഒരോ വരികള്‍ വായിക്കുമ്പോഴും അയാളുടെ ചുണ്ടുകളില്‍ ചിരി പടര്‍ന്നു കൊണ്ടേയിരുന്നു..
പ്രണയത്തെ പരിഹസിക്കുകയാണയാള്‍......

വായന അയാളും പാതി വഴിയില്‍ നിര്‍ത്തി...
"നല്ല പുസ്തകം.." പുസ്തകം എന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് അയാള്‍ പറഞ്ഞു..
ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു..
"പ്രണയിക്കുന്നുണ്ടോ???"
തീരെ അപ്രതീക്ഷിതമായ് അയാളെന്നോട് ചോദിച്ചു..
ഞാനെന്താണ് പറയേണ്ടത്..??
കാത്തിരിക്കാന്‍ പറഞ്ഞു എങ്ങോ മാഞ്ഞു പോയ പെണ്‍കുട്ടിയെ കുറച്ചു ഞാന്‍ പറയണോ??
അവള്‍ വരുന്നതും കാത്തു സ്വപ്നങ്ങളില്‍ ജീവിക്കുന്ന എന്നെ കുറിച്ച് പറയണോ??

ഇല്ല.. പറയുന്നില്ല.. കാരണം എന്‍റെ വേദന എന്‍റെ മാത്രം വേദനയാകട്ടെ..
ഞാന്‍ ഒന്നുകൂടി ചിരിച്ചു കാണിച്ചു..
അയാളും ചിരിച്ചു.. ഞാന്‍ ഒളിപ്പിച്ചു വെച്ച എന്‍റെ പ്രണയത്തെ പരിഹസിച്ചു കൊണ്ടുള്ള ചിരി...!!!
"ഇപ്പോഴത്തെ പ്രണയം എന്ത് പ്രണയം.. ഒരു ഫോണ്‍ വിളിയില്‍ തുടങ്ങി മറ്റൊരു വിളിയില്‍ ചരമ ഗീതം രചിക്കുന്ന 'ഡിസ്പോസ്സിബില്‍ പ്രണയം'.. "
അയാള്‍ ഒന്ന് കൂടി ചിരിച്ചു...
"എല്ലാ പ്രണയവും അങ്ങനെയാണെന്ന് പറയരുത്.. കാരണം പ്രണയത്തെ ജീവനെ പോല്‍ സ്നേഹിക്കുന്നവരും ഉണ്ട്..അത് കൊണ്ടു തന്നെയാവാം പ്രണയം നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് ജീവനും നഷ്ടപ്പെടുന്നത്.. "
ഞാന്‍ പറഞ്ഞു നിര്‍ത്തി..
"അതും ശരിയാണ്.. പ്രണയം ജീവന്‍ തന്നെയാണ്.. അങ്ങനെയുള്ള ഒരു കഥ ഞാന്‍ പറയട്ടെ??"
അയാള്‍ ചോദിച്ചു..
കഥകള്‍ ഇഷ്ടപ്പെടുന്ന ഞാന്‍ എങ്ങനെയാ വേണ്ട എന്ന് പറയുക..
കഥ കേള്‍ക്കാന്‍ എന്‍റെ അരികിലായ് ഇരിക്കുന്ന പെണ്‍കുട്ടിയും തയ്യാറായി എന്ന് തോന്നുന്നു..
അവള്‍ ചെവിയില്‍ തിരുകിയ ഇയര്‍ഫോണ്‍ എടുത്തു മാറ്റി..
"ഒരു വാരികയില്‍ വായിച്ച, ഒരു ഡോക്ടര്‍ എഴുതിയ അയാളുടെ ജീവിതകഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്.. "

ആ കഥ പറയുന്നതിന് മുമ്പ് ഒരു കുമ്പസാരം..
ഒരാളുടെ ജീവിത കഥ വായിച്ചൊരാള്‍ പറഞ്ഞു തന്ന കഥ ഞാന്‍ പകര്‍ത്തി എഴുതുകയാണ്..
അത് കൊണ്ടു തന്നെ വാക്കുകളുടെ തീവ്രത നഷ്ടപ്പെട്ടേക്കാം.. എങ്കിലും എനിക്ക് എഴുതാതിരിക്കാന്‍ വയ്യ..
ഇനി ഞാന്‍ പറയുന്ന കഥയില്‍ ഞാനില്ല, എന്നോട് കഥ പറയുന്ന അപരിചിതനില്ല,പിന്നെ ആ പെണ്‍കുട്ടിയുമില്ല..

കഥ തുടങ്ങുന്നു..
നഗരത്തിലെ പ്രശസ്തനായ ഡോക്ടറുടെ മുറിയിലേക്ക്‌ ഒരു ദിവസം രാവിലെ ഒരു ചെറുപ്പക്കാരന്‍ കയറി വന്നു..
ഡോക്ടര്‍ അവന്‍റെ പേര് ചോദിച്ചു..
"സമീര്‍,വയസ്സ് 27 .."
"എന്താ അസുഖം??" ഡോക്ടര്‍ ചോദിച്ചു..
അവനൊന്നും മിണ്ടിയില്ല.. ഡോക്ടറുടെ മുന്നില്‍ ഒരു നിസഹായനെ പോലെ അവന്‍ ഇരുന്നു..
"എന്താ സമീറിന്‍റെ അസുഖം എന്ന് " ഡോക്ടര്‍ വീണ്ടും ചോദിച്ചു..
അവന്‍ കയ്യിലുണ്ടായിരുന്ന ഒരു കുറിപ്പ് ഡോക്ടറുടെ മുന്നിലേക്ക്‌ നീട്ടി..
വേറൊരു ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പാണത്..
അത് വായിച്ച ഡോക്ടര്‍ സമീറിന്‍റെ മുഖത്ത് ഒന്ന് കൂടി നോക്കി..
കാലത്തിന്‍റെ കണക്കു പുസ്തകം ഇനി വെറും മൂന്നു മാസം കൂടിയാണ് സമീറിന് വേണ്ടി നീക്കി വെച്ചിരിക്കുന്നത്..
അര്‍ബുദം കാര്‍ന്നു തിന്നുന്ന ജീവനുമായി ജീവിക്കുന്ന അനേകം പേരില്‍ ഒരാള്‍...
ഡോക്ടര്‍ അവനെ വിശദമായി ഒന്ന് കൂടി പരിശോധിച്ചു...
ദിവസേനയുള്ള മരുന്നുകളും കുത്തി വെപ്പുകളും ഉണ്ടെങ്കില്‍, പിന്നെ ദൈവവും കനിഞ്ഞാല്‍ മൂന്നു മാസം കൂടി.. പരമാവധി മൂന്നു മാസം..
ഡോക്ടര്‍ അവന്‍റെ കണ്ണുകളില്‍ മരണത്തിന്റെ ഭീതി കണ്ടു..
മരിക്കാന്‍ ആര്‍ക്കാണ്‌ ഭയമില്ലാത്തത്??
മരിക്കുന്നതിനെക്കാള്‍ അവനു ഭയം ആശുപത്രി കിടക്കയില്‍ അവനെ കാത്തിരിക്കുന്ന ഏകാന്തതയാണ് എന്നറിഞ്ഞ ഡോക്ടര്‍ ദിവസവും ഡോക്ടറുടെ വീട്ടില്‍ ചെന്ന് കാണാനുള്ള അവസരം നല്‍കി..
മരണം കാത്തിരിക്കുന്ന രോഗിക്ക് ഒരു ഡോക്ടര്‍ നല്‍കുന്ന ദയ..

അവിടെ അവനെ കാത്തിരിക്കുന്നതെന്താണ്??

പിറ്റേന്ന് മുതല്‍ സമീര്‍ ഡോക്ടറുടെ വീടിലേക്ക്‌ പോയി തുടങ്ങി..
മരുന്നുകളും കുത്തിവെപ്പും അവിടെ വെച്ച്..
അവിടെ വെച്ചാണവന്‍ അവളെ പരിചയപ്പെടുന്നത്..
അവള്‍ പ്രിയ.. ഡോക്ടറുടെ ഏക മകള്‍..
ഡോക്ടറെ കാത്തിരിക്കുന്നതിനിടയില്‍ അനുഭവപ്പെട്ട ശൂന്യത അവള്‍ നികത്താന്‍ തുടങ്ങി..
അവര്‍ കഥകളും കവിതകളും പങ്കുവെച്ചു....
പിന്നീടെപ്പോഴോ.. അവളില്‍ പ്രണയത്തിന്‍റെ നിശാഗന്ധി പൂത്തു..
ആ പ്രണയം അവള്‍ അവനു മുന്നില്‍ തുറന്നു..
അവനിഷ്ടമായിരുന്നു,അവള്‍ക്കു മുന്നില്‍ വചാലമാകുന്ന മിഴികളും,മൊഴികളും.........
പക്ഷെ അവള്‍ക്കു മുന്നില്‍ അവന്‍ മൌനിയായി..
അവനെ കാത്തിരിക്കുന്ന മരണമെന്ന സത്യത്തെ കുറിച്ചവന്‍ അവളോട്‌ ആദ്യമായി പറഞ്ഞു..
മരണം കാത്തിരിക്കുന്നവന് ജീവിതത്തെയല്ലാതെ വേറെ എന്തിനെയാണ് പ്രണയിക്കാന്‍ പറ്റുക???

പക്ഷെ പ്രിയ സമീറിനെ പ്രണയിച്ചു കൊണ്ടേയിരുന്നു..
പിന്നീടെപ്പോഴോ അവന്‍ അവളെയും സ്നേഹിച്ചു തുടങ്ങി..
എല്ലാം അറിഞ്ഞ ഡോക്ടര്‍ ഒന്നും എതിര്‍ത്തില്ല..
വിധി ക്രൂരത കാട്ടിയവനോട് ഒരു ഡോക്ടര്‍ കൂടി എങ്ങനെയാണു ക്രൂരത കാട്ടുക??

അങ്ങനെ മാസങ്ങള്‍ പിന്നെയും ഒഴുകി..
മൂന്നു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിക്കേ അവശനായി സമീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു..
ഡോക്ടര്‍ അവനെ പരിശോധിച്ചു..
ഇനി രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടി..
അതിനുള്ളില്‍ സമീര്‍ ഇവിടെ ജീവിച്ചിരുന്നവരില്‍ ഒരുവന്‍ മാത്രമാകും..
മരണക്കിടക്കയില്‍ പ്രിയ അവനോടു ചേര്‍ന്നിരുന്നു..
ഒരിക്കല്‍ അവന്‍ പറഞ്ഞു..
"നിന്നെ കണ്ടു മുട്ടുന്നത് വരെ മരിക്കാന്‍ എനിക്ക് ഭയമില്ലായിരുന്നു.. പക്ഷെ മരിക്കാതിരുന്നെങ്കില്‍ എന്നിപ്പോള്‍ ആഗ്രഹിച്ചു പോകുന്നു..നിന്നെ പ്രണയിച്ചു കൊതി തീരുന്നില്ലല്ലോ.. "
അതും പറഞ്ഞു അവന്‍ കരഞ്ഞു.. അവളും കരഞ്ഞു..
അവള്‍ അവന്‍റെ നെറുകയില്‍ ഉമ്മ വെച്ചു..

ദിവസങ്ങള്‍ പിന്നെയും ഒഴുകി..
സമീര്‍ മരിച്ചില്ല.. ശാസ്ത്രത്തെ വിസ്മയിപ്പിച്ചു സമീര്‍ പിന്നെയും ജീവിതത്തിലേക്ക് വന്നു..
ഡോക്ടര്‍മാര്‍ ദൈവത്തിന്‍റെ കാരുണ്യം എന്ന് മാത്രം പറഞ്ഞു..
സമീര്‍ പിന്നെയും മാസങ്ങള്‍ ജീവിച്ചു.. അത്രയും നാള്‍ അവന്‍ പ്രിയയെ സ്നേഹിച്ചു കൊണ്ടേയിരുന്നു...
പക്ഷെ.......
അവരുടെ മനസുകള്‍ക്കിടയില്‍ മനുഷ്യര്‍ പിന്നെയും മതിലുകള്‍ തീര്‍ത്തു..
മതത്തിന്‍റെ,പണത്തിന്‍റെ,പാരമ്പര്യത്തിന്റെ മതിലുകള്‍...

ഒരച്ചന്‍ മകളുടെ ഭാവിക്ക് വേണ്ടി സമീറിനോട് കേഴ്ന്നു..
ഒരിക്കല്‍ തന്‍റെ ജീവിതം തിരിച്ചു നല്‍കിയ ഡോക്ടറോട് അവന്‍ തെറ്റ് ചെയ്യുന്നതെങ്ങനെ...
പ്രിയയുടെ കണ്ണീരിനെ സാക്ഷിയാക്കി അവന്‍ നടന്നകന്നു..
അവളുടെ കണ്ണീര്‍ അന്ന് രാത്രി മഴയായ് പെയ്തിറങ്ങി..
ആ മഴയില്‍ സമീര്‍ കുഴഞ്ഞു വീണു.. അവന്‍ കാലത്തിന്‍റെ കണക്കു പുസ്തകത്തിലേക്ക്..
പ്രണയം നീട്ടി തന്ന ജീവിതം പ്രണയം തിരിച്ചെടുത്തതാണോ ??

ഇപ്പോഴും നഗരത്തിലെ വലിയ ആശുപത്രിയില്‍ തോരാത്ത കണ്ണുനീരും ബാക്കി വെച്ച്‌ ആ ഡോക്ടര്‍ ഇരിപ്പുണ്ട്..
അതേ ആശുപത്രിയിലെ ഇരുള്‍മുറിയിലെ ഇരുമ്പഴിക്കുള്ളില്‍ ,സ്നേഹിച്ചു കൊതി തീരാത്ത മനസുമായ് സമീറിനെയും കാത്തു അവളുമുണ്ട്..
അവന്‍റെ കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു...


അപരിചിതന്‍ കഥ പറഞ്ഞു നിര്‍ത്തി..
ഒരുതുള്ളി കണ്ണീരായ് സമീറും പ്രിയയും എന്‍റെയുള്ളില്‍...
അപരിചിതന്‍ വീണ്ടും തുടര്‍ന്നു..
"മൂന്നു മാസം മാത്രം മെഡിക്കല്‍ സയന്‍സ് ജീവിതം നല്‍കിയ സമീറിനെ പിന്നെയും ജീവിപ്പിച്ചത് എന്തായിരിക്കും ഫായിസ് ? "
ഞാനെന്താണ് പറയേണ്ടത്?? പ്രണയമെന്നോ?? അതോ ദൈവത്തിന്‍റെ വിധിയെന്നോ??
സമീറിന്‍റെ ജീവിതം സാക്ഷിയാക്കി എന്തിനെയാണ് ഞാന്‍ പഴി പറയേണ്ടത്??
ജീവിച്ചു കൊതി തീരാത്ത സമീറിന് മുന്നില്‍ പ്രതീക്ഷയുടെ കിരണമായ് പെയ്ത പ്രണയത്തെയോ??
അതോ പ്രണയിച്ചു കൊതി തീരാത്ത മനസുകള്‍ക്കിടയില്‍ മതില്‍ തീര്‍ക്കുന്ന മനസുകളെയോ??
അറിയില്ല..
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ പെരുമഴ തന്നെയാണ് പ്രണയം.....


ചോദ്യങ്ങള്‍ പിന്നെയും ഉയര്‍ന്നു കൊണ്ടേയിരുന്നു...
"മൂന്നു മാസം മാത്രം മെഡിക്കല്‍ സയന്‍സ് ജീവിതം നല്‍കിയ സമീറിനെ പിന്നെയും ജീവിപ്പിച്ചത് എന്തായിരിക്കും?? "
എനിക്കുത്തരമില്ല..
ഒന്നും പറയാതെ ഞാന്‍ എന്‍റെ അരികില്‍ നിന്ന പെണ്‍കുട്ടിയെ നോക്കി..
അവള്‍ മൊബൈലില്‍ ഏതോ നമ്പര്‍ തിരയുകയാണ്..
നഷ്ടപ്പെട്ട അവളുടെ പ്രണയമാണോ അവള്‍ തിരയുന്നത്??
അത് തിരിച്ചു പിടിക്കാനുള്ള വെമ്പലാണോ അവളില്‍??

ഒരിക്കലും തിരിച്ചു പിടിക്കാന്‍ പറ്റാതെ എന്നില്‍ നിന്നും അകന്ന എന്‍റെ പ്രണയം എനിക്ക് തിരിച്ചു കിട്ടുന്നതെങ്ങനെ??
എന്‍റെ കയ്യിലെ പുസ്തകത്തിലെ വരികള്‍ എന്നെ വിളിക്കുകയാണ്‌.. പദ്മരാജന്‍ പറഞ്ഞ വാക്കുകള്‍...
ആ വരികള്‍ ഞാനും ഏറ്റു വിളിക്കുകയാണ്‌..
"പ്രിയപ്പെട്ട ഷാദീ , ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാക്കുക.. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.."

9 comments:

  1. onnum mindanilleda... pattuvanel njan ithinu reply cheyum.. but after the month May....

    ReplyDelete
  2. Ee mazha enteyum ninteyum Kanneer thanneyanu.. :(

    ReplyDelete
  3. ഓരോ പ്രണയവും മണ്ണിനെ കൊതിപ്പിച്ചു പോകുന്ന ഒരോ വേനല്‍ മഴകളാണ്..
    ഓരോ പ്രണയാന്ത്യവും തീര്‍ച്ചയായും ഒരോ കുരിശുമരണങ്ങളാണ്..... :(

    ReplyDelete
  4. eniyum ninte jeevithathail othiri othiri venal mazhakal varatte enna asamsakalode.... eniyum orayiram kathakal viriyatte ninte thoolikayil...

    ReplyDelete
  5. പ്രണയം വിജയതിലെത്തണം എങ്കില്‍ അവര്‍ രണ്ടാളും മാത്രമായിരിക്കണം ഈ ലോകത്ത് ....മതത്തിന്റെയും പണത്തിന്റെയും വേലികള്‍ ഉള്ളിടത്തോളം കാലം പ്രണയം ഓര്‍മ്മകള്‍ മാത്രമായി തീരുന്നു ....

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)