പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Monday, March 4, 2024

ക്ലാസ്സ്‌മേറ്റ്സ് - ഒരു തുടർവായന #FanFiction

ടീവിയിൽ ചാനൽ മാറ്റി മാറ്റി കൊണ്ടിരിക്കുകയായിരുന്നു പയസ്. പെട്ടെന്ന് വാർത്താ ചാനലിൽ വന്ന വാർത്ത കണ്ട്‌ പയസ് ഞെട്ടി തരിച്ചു നിന്നു. ഉടൻ തന്നെ ഫോൺ എടുത്ത്‌ ഡയൽ ചെയ്തു. അല്പം കൂടുതൽ നേരം കാത്തിരിക്കേണ്ടി വന്നു ഫോൺ അറ്റൻഡ് ചെയ്യാൻ. മറുവശത്ത്‌ സുകുവിന്റെ ഗംഭീര ശബ്ദം മുഴങ്ങി.

"ഡാ, നീ വാർത്ത വെച്ച് നോക്കിക്കേ.."

അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു. ടീവിയിൽ വാർത്ത അവതാരകയുടെ ശബ്ദം പിന്നെയും മുഴങ്ങിക്കേട്ടു.

"എം.എൽ.എ സതീശൻ കഞ്ഞിക്കുഴി ക്രൂരമായി കൊല്ലപ്പെട്ടു.. പ്രതി പോലീസ് കസ്റ്റഡിയിൽ."

കൊല്ലപ്പെട്ട വാർത്തയേക്കാൾ പയസിനെ കൂടുതൽ ഞെട്ടിച്ചത് കൊലപാതകിയുടെ മുഖമായിരുന്നു.. എന്തിന് വേണ്ടി!? സുകുവിനെ പിന്നെയും വിളിച്ചു. രണ്ട്‌ പേർക്കും അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളായിരുന്നു.. വെറും ചോദ്യങ്ങൾ!!

ജനനിബിഢമായിരുന്നു ടൗൺ ഹാൾ. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും നിറഞ്ഞു നിൽക്കുന്ന ഹാളിന് പുറത്ത്‌ പയസും സുകുവും ഭാര്യ താരയും പിന്നെ പഴയ സുഹൃത്തുക്കളും വീണ്ടും ഒത്തുകൂടി. അവരെ കണ്ട വാസു അവരിലേക്ക് ഓടി വന്നു സുകുവിനെ കെട്ടിപ്പിടിച്ചു.

"എല്ലായിടത്തും എന്നേം കൊണ്ട് മാത്രമേ പോകാറുള്ളൂ.. ഇപ്പൊ മാത്രം ഒറ്റക്ക് പോയിരിക്കുന്നു.. വാലില്ലാതെ തല മാത്രം പോയല്ലോ സുകൂ.."

വാസു പൊട്ടിക്കരഞ്ഞു. അവനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു ആർക്കും. അപ്പോഴും ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല.

"എന്തിനായിരിക്കും സുകൂ, അയ്യര് മാഷ് അവനെ ഇത്രേം ക്രൂരമായി കൊന്നു കളഞ്ഞത്.. മാഷിന് എങ്ങനെ സാധിക്കും ഇത്രമേൽ ക്രൂരനാവാൻ? അതോ അവൻ ചെയ്ത പാപം അതിനേക്കാൾ വലുതായിരിക്കുമോ?" താരയുടെ ചോദ്യത്തിന് സുകുവിന് ഉത്തരമുണ്ടായില്ല.
"ഇതിനുത്തരം നൽകാൻ മാഷിന് മാത്രമേ ആവൂ. അറിയണം ഉത്തരം.. കാണണം മാഷിനെ.. എങ്ങനെ എന്ന് ചോദിക്കരുത്, പക്ഷെ കണ്ടേ പറ്റൂ." സുകു പറഞ്ഞു നിർത്തി. അപ്പോഴാണ് താര അവളെ ശ്രദ്ധിച്ചത്; സതീശന്റെ ഭാര്യ. നിർവികാരത മാത്രമായിരുന്നു അവളുടെ മുഖത്ത്. അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു..

"റസിയാ.. എന്താണ് നിന്റെ ജീവിതത്തിൽ പിന്നെയും പിന്നെയും സംഭവിക്കുന്നത് എന്റെ മോളെ..!!"

ഉത്തരം കിട്ടില്ലന്നറിയാമെങ്കിലും അത് ചോദിക്കാതിരിക്കാനായില്ല താരക്ക്. അയ്യര് മാഷ് വരുന്നതും കാത്ത്‌ സുകുവും പയസും അക്ഷമരായി നിന്നു. ഒടുവിൽ രണ്ട്‌ പോലീസുകാരുടെ അകമ്പടിയോടെ അയ്യര് മാഷ് വന്നു. മാഷിന്റെ മുഖത്ത്‌ ഭാവവ്യത്യാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നത്തേയും പോലെ മാഷൊന്നു ചിരിച്ചു.. തിരിച്ചു ചിരിക്കാൻ കഴിഞ്ഞില്ല പയസിനും സുകുവിനും.

"എന്താണ്.. എന്തിനായിരുന്നു സാറേ അവനെ.. ഒന്നും മനസ്സിലാകുന്നില്ല ഞങ്ങൾക്ക്.." സുകുവാണ് സംസാരിച്ചു തുടങ്ങിയത്. മാഷ് മറുപടി പറയാതെ വിദൂരതയിലേക്ക് നോക്കി നിന്നു. "ആരും വരാതിരുന്നപ്പോൾ റസിയക്ക് ഒരു ജീവിതം കൊടുത്തവനല്ലേ അവൻ.. എന്താഘോഷമായാ നമ്മളത് നടത്തിക്കൊടുത്തത്.. എന്നിട്ടിപ്പോ.."

അത് പറഞ്ഞപ്പോൾ മാഷ് രൂക്ഷമായി സുകുവിനെ ഒന്ന് നോക്കി, കണ്ണുകളിൽ അഗ്നി ജ്വലിക്കുന്ന അയ്യർ മാഷിനെ വർഷങ്ങൾക്ക് ശേഷം സുകു കണ്ടു. പിന്നെ തുടരാനായില്ല സുകുവിന്.

"അതെ.. അവൾക്കൊരു ജീവിതം കൊടുത്തവൻ തന്നെയാണവൻ.. എന്നിട്ടും അവനെ ഞാൻ കൊന്നു.. ഒരു കുറ്റബോധവുമില്ല എനിക്ക്.. കുറ്റബോധം നിന്നോട് മാത്രമാണ് സുകൂ, നിന്നെ കുറിച്ചോർത്ത്‌ മാത്രമാണ്.."

പിന്നെ സുകുവിന്റെ കൈകൾ ചേർത്ത് പിടിച്ചു. നിനക്കാത്ത നേരത്ത്‌ അവരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അയ്യര് മാഷ് പൊട്ടിക്കരഞ്ഞു. ഒന്നും മനസ്സിലാകാതെ സുകുവും പയസും പരസ്പരം നോക്കി.

"പിന്നെയും പിന്നെയും തോൽക്കുകയാണല്ലോ ഞാൻ കുട്ടികളേ.." അയ്യര് മാഷിന്റെ കരച്ചിൽ പിന്നെയും ഉയർന്നു. പിന്നെ അയാൾ പറഞ്ഞു തുടങ്ങി.

മുറിക്കകത്ത്‌ സതീശനും റസിയയും.. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം റസിയയുടെ മുഖത്ത്‌ ദേഷ്യവും വിഷമവും ഇരച്ചു കേറിയിട്ടുണ്ട്. മേശപ്പുറത്തുണ്ടായിരുന്ന പുസ്തകങ്ങൾ അവൾ തട്ടിയെറിയുന്നു. ഒഴിച്ച് വെച്ചിരിക്കുന്ന മദ്യം ആസ്വദിച്ച് കുടിച്ചു ഒരൽപ നിമിഷം ചിന്തകളിൽ മുഴുകിയിരിക്കുന്ന സതീശന്റെ മുഖത്തപ്പോഴും നിഗൂഢമായ പുഞ്ചിരി. അത് കൂടി കണ്ട റസിയ ഒന്നുകൂടി ദേഷ്യം കൊണ്ട് ജ്വലിച്ചു. പിന്നെ സതീഷിന്റെ കോളറിൽ കുത്തിപ്പിടിച്ചു.. "പറയെടാ.. ഞാൻ കേട്ടതൊക്കെ സത്യമാണോന്ന്.. പറയെടാ.. പറയ്.."

അതുവരെ ചിരിച്ചു കൊണ്ട് നിന്ന സതീഷിന്റെ മുഖത്തെ ചിരി മാഞ്ഞു. മുഖത്ത്‌ ക്രൂരത നിറഞ്ഞു വന്നു. പിന്നെ ഒരൊറ്റ നിമിഷം കൊണ്ട് കയ്യിലുണ്ടായിരുന്ന ഗ്ലാസ് ചുമരിലേക്കെറിഞ്ഞു കൊണ്ട് റസിയയുടെ കൈകൾ തന്റെ ഷർട്ടിൽ നിന്നും വേർപ്പെടുത്തി അവളുടെ മുഖത്താഞ്ഞടിച്ചു. അവൾ തെറിച്ചു പോയി.

"അതേടീ, നാ&*^ന്റെ മോളെ. ശരിയാണ് കേട്ടത് മുഴുവൻ. നിന്റെയവനെ, എന്റെ ആത്മാർത്ഥ ചെങ്ങാതിയെ ഈ കൈ കൊണ്ടാണ് ഞാൻ കൊന്നത്.. എന്റെയീ കൈകൾ കൊണ്ട്.."

റസിയ ഒന്നും ചെയ്യാനാകാതെ തളർന്നിരുന്നു. സതീശൻ കുപ്പിയിലുണ്ടായിരുന്ന മദ്യം ഒരൊറ്റ വലിക്ക് കുടിച്ചു.

"എന്തിഷ്ടമായിരുന്നെന്നോ എനിക്ക് നിന്നെ.. ആരെക്കാളും നിന്നെ ഞാൻ സ്നേഹിച്ചു, പക്ഷെ നിനക്ക് കവിതകളും കഥകളും മതിയെന്ന്.. അരുമറിഞ്ഞില്ലേലും ഞാനറിഞ്ഞിരുന്നു നിങ്ങളുടെ സ്നേഹം.. നിങ്ങൾ പുസ്തകത്തിൽ വെച്ചിരുന്ന കത്തുകൾ ആദ്യം വായിച്ചിരുന്നത് ഞാനായിരുന്നെടീ പന്ന ^%# മോളെ.. ദേഷ്യം.. വാശി.. അവനെ കൊല്ലാൻ അതിന് മുമ്പും ഞാൻ നോക്കിയിട്ടുണ്ട്.. അവൻ പോലുമറിയാതെ അവന്റെ ഇൻഹേലർ മാറ്റി ഒരു സ്വാഭാവിക മരണം വന്നാലോ എന്ന് ഞാൻ ആഗ്രഹിച്ചു.. ഒരിക്കൽ അതിനടുത്ത്‌ എത്തിയതാ.. പക്ഷെ അന്ന് നീ മാഷിനെയും ടീച്ചറെയും വിളിച്ചു കൊണ്ട് വന്നു.. അവന് ജീവിതം തിരിച്ചു കിട്ടി, നിനക്ക് നിന്റെ പ്രണയവും.."

റസിയ അടിയുടെ ആഘാതത്തിൽ തളർന്നിരിക്കുക തന്നെയാണ്. അവളുടെ ഓർമ്മകൾ പിറകിലേക്ക് പോകുന്നുണ്ട്. സതീശൻ പിന്നെയും തുടർന്നു.

"പിന്നെ നിന്റെയാ "ഒടുക്കത്തെ" പ്രണയ ലേഖനവും ആദ്യം വായിച്ചിരുന്നത് ഞാൻ തന്നെയാ. ജനറേറ്റർ റൂമിൽ നിന്നെക്കാൾ മുൻപേ വന്നത് അവനാ, പക്ഷെ അവനെക്കാൾ മുൻപേ ഞാനും എന്റെ ആൾക്കാരുമുണ്ടായിരുന്നു.. അതിനിടയിൽ അവൻ, ആ സുകു, അവൻ ക്ലോറോഫോം മണപ്പിച്ചത് എന്റെ കൂട്ടത്തിൽ വന്ന ഒരുത്തനെയാ.. പക്ഷെ ഞാൻ പോലുമറിയാതെ അവൻ ആ കൊലപാതകം ചെയ്തവനായി.. ഹാ.. അല്ലെങ്കിലും ഞാൻ ചെയ്യുന്നതൊക്കെ ഏറ്റെടുക്കാൻ അവനുണ്ട് എന്നതൊരാശ്വാസമാ.."

സതീശൻ നിഗൂഢമായൊന്നു ചിരിച്ചുകൊണ്ട് തുടർന്നു..

"പക്ഷെ നിന്റെ മറ്റവനെ കൊന്നത് ഞാനാണെടീ, ഈ കൈ കൊണ്ട്.. ശ്വാസം നിലക്കുന്നത് വരെ ഒരു ചെങ്ങാതിയെ കെട്ടിപ്പിടിക്കുന്ന സുഖമുണ്ടായിരുന്നു അപ്പൊ.. അവൻ കണ്ടതാ എന്നെ.. അവന്റെ കണ്ണുകളിൽ അപ്പോഴും ഞാനാണെന്ന് വിശ്വസിക്കാൻ കഴിയാത്തവന്റെ നിസ്സഹായത ആയിരുന്നു."

സതീശൻ കൈകൾ ഉയർത്തി.

അവൻ പോയാൽ നിന്നെ കിട്ടുമെന്ന് ആഗ്രഹിച്ചത് വെറുതെയായിരുന്നു.. നിന്റെ ഉപ്പയെ കണ്ടൊരിക്കൽ പറഞ്ഞതാ നിന്നെ ഞാൻ കെട്ടിക്കോളം എന്ന്.. പക്ഷെ പ്രണയം തലയ്ക്കു പിടിച്ചു ആശുപത്രിയിലായ നിന്നെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയ എന്റെ അവസ്ഥ ഊഹിക്കാൻ പറ്റില്ലെടീ നിനക്ക്..

സതീശൻ എന്ന രാഷ്ട്രീയക്കാരനെ മാത്രമേ എല്ലാവനും അറിയൂ.. സതീഷനിലെ സ്നേഹം കൊതിക്കുന്ന മനസിനെ ആരും മനസ്സിലാക്കിയിട്ടില്ല.. ഇതൊക്കെ ചെയ്തിട്ടും എല്ലാം കൈവിട്ടു പോയപ്പോൾ വിധിയെ പഴിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

പിന്നെയെല്ലാം കഴിഞ്ഞപ്പോൾ പ്രതീക്ഷ വന്നത് ആ ഗെറ്റ് ടുഗതർ ആണ്. നിന്നെ എന്തായാലും വിളിക്കണം എന്ന് മാഷിനെ നിർബന്ധിപ്പിച്ചതും ഞാനാണ്.. അപ്പോഴും സുകുവെന്ന മണ്ടൻ, അവന്റെ ഏറ്റു പറച്ചിൽ, നിന്റെ പ്രതികാരം..

ഒടുവിൽ നിന്റെ മുഴുവൻ ചുമതലയും അയ്യര് മാഷിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ കൈവിട്ട ഒരു ഇലെക്ഷനിൽ അപ്രതീക്ഷമായി ജയിച്ചു മുഖ്യമന്ത്രി കസേര കിട്ടിയവന്റെ സന്തോഷമായിരുന്നു മനസ്സിൽ. നീയെന്ന ആഗ്രഹം സ്വന്തമായി എന്ന് മാത്രമല്ല, ഞാൻ പോലും ചിന്തിക്കാത്ത എത്രമാത്രം പൊളിറ്റിക്കൽ മൈലേജ് ആണ് നീ എനിക്ക് തന്നതെന്നോ!?

"അനാഥയായ പെൺകുട്ടിക്ക് ജീവിതം നൽകിയ എം.എൽ.എ.."

"ത്യാഗത്തിന്റെ പുതിയ മുഖം സതീശൻ കഞ്ഞിക്കുഴി.."

ഹ്ഹ്.."

സതീശൻ പിന്നെയും ചിരിച്ചു.

പിന്നെ മദ്യം എടുക്കാൻ വേണ്ടി തിരിഞ്ഞു നടന്നു. പെട്ടെന്ന് "ആഹ്" എന്ന നിലവിളി റൂമിൽ ഉയർന്നു.. തളർന്നിരുന്ന റസിയ ഞെട്ടിയെണീറ്റു.. സതീശന്റെ വയറ്റിൽ നിന്നും ചോരയൊഴുകുന്നു.. പിറകിൽ ചോരയൊലിക്കുന്ന കത്തിയുമായി അയ്യര് മാഷ്. അയ്യര് മാഷിന്റെ കഴുത്തിന് നേരെ സതീഷിന്റെ കൈകൾ ഉയർന്നു. മാഷൊന്നുകൂടി ആഞ്ഞുകുത്തി. സതീശൻ നിലത്തേക്ക് വീണു.

റസിയ ഓടി വന്നു കരഞ്ഞു കൊണ്ട് അയ്യര് മാഷിനെ കെട്ടിപ്പിടിച്ചു. പിറകെ വാസുവും ഓടി വന്നു.. ഒന്നും മനസ്സിലാകാതെ അവൻ തരിച്ചു നിന്നു.. പിന്നെ മാഷിന്റെ കയ്യിൽ നിന്നും കത്തി വാങ്ങി തറയിലേക്ക് വലിച്ചെറിഞ്ഞു. അയ്യര് മാഷ് റസിയയെ ആശ്വസിപ്പിച്ചു.

"ആരും ഒന്നും അറിയണ്ട മോളെ.. പിന്നെയും പിന്നെയും ആരും എന്റെ മകന്റെ മരണം ചികയണ്ട.. മരിച്ചു പോയ എന്റെ ലക്ഷ്മിയും അതിഷ്ടപ്പെടില്ല.. നീയാണ് അന്നുമിന്നും എന്റെ വേദന മോളെ.. പിന്നെ സുകുവും.. ഒന്നും ചെയ്യാതെ സ്വന്തം കൂട്ടുകാരനെ കൊന്നെന്നു വിശ്വസിച്ചു കരഞ്ഞു തീർത്ത അവന്റെ ദിവസങ്ങൾ, അവൻ അനുഭവിച്ച വേദനകൾ.."

*******

അയ്യര് മാഷ് സുകുവിന്റെ കൈകൾ ഒന്ന് കൂടി ചേർത്ത് പിടിച്ചു. മാഷ് പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ സുകുവും പയസും പരസ്പരം നോക്കി. ഒരു പോലീസുകാരൻ വന്നു മാഷിനെ തിരിച്ചു വിളിച്ചു.

"മാപ്പ് സുകൂ.."

കലങ്ങിയ കണ്ണുകളോട് കൂടെ മാഷ് തിരിച്ചു നടന്നു.

ദിവസങ്ങൾക്കിപ്പുറം ചാനലിൽ വീണ്ടുമൊരു വാർത്ത വന്നു.

"കൊല്ലപ്പെട്ട സതീശൻ കഞ്ഞിക്കുഴി മത്സരിച്ച മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം പതിനൊന്നിന്.. വാസു സദാശിവൻ സ്ഥാനാർത്ഥിയാകും.."

സതീശന്റെ ശവക്കല്ലറയിൽ പാർട്ടി പ്രവർത്തകരോടൊപ്പം പ്രാർത്ഥിക്കുന്ന വാസു കല്ലറക്കുമുകളിൽ പൂക്കൾ സമർപ്പിച്ചു കാറിൽ കയറുന്നു. കാർ യാത്ര തുടരുമ്പോൾ കണ്ണുകൾ മുറുകെയടക്കുന്ന വാസു. വാസുവിന്റെ ഓർമ്മകൾ ആ രാത്രിയിലേക്ക് പോകുന്നു.. സതീശൻ കൊല്ലപ്പെട്ട രാത്രിയിലേക്ക്..

"വാസു, നിന്റെ പോലീസിനെ വിളിച്ചു പറയ് ഇവിടെ നടന്നതൊക്കെ.. കാരണം നിനക്കുമറിയില്ല, ആർക്കുമറിയില്ല.. ഈ ഭ്രാന്തൻ മാഷിന്റെ ഒരു ഭ്രാന്തൻ പ്രവർത്തി.. അത് മതി.."

അയ്യര് മാഷ് റസിയയെയും കൂട്ടി പുറത്തേക്ക്‌ നടക്കുന്നു. സതീശന്റെ അടുത്തേക്ക് വേദനയോടെ നടന്നു നീങ്ങുന്ന വാസു. മരിച്ചെന്നു കരുതിയ സതീശൻ പതിയെ കണ്ണുകൾ തുറക്കുന്നു.

"ഹാഹ്.. രക്ഷ്.. രക്ഷിക്കെടാ.. എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോ.."

"നിന്നെ ഇപ്പോൾ രക്ഷിച്ചാൽ പിന്നെ ഞാൻ ഈ ചെയ്തതൊക്കെ എന്തിനാടാ.. എത്ര കാലമാ നിന്റെ ആട്ടും തൂപ്പും കൊണ്ടിങ്ങനെ ജീവിക്കുന്നത്.. എന്നും വാലായി ജീവിച്ചാൽ മതിയോടാ, തലയെ പോലെ തലയുയർത്തി ജീവിക്കണ്ടേ? അതിന് വേണ്ടിയല്ലേ നീ മറന്നതൊക്കെ ഓർത്തെടുത്ത്‌ റസിയയോട് പറഞ്ഞത്.. അവള് പണ്ട് സുകുവിനോട് ചെയ്ത പോലെ നിന്നെ കൊല്ലുമെന്നാ കരുതിയത്, അതിനൊരു തെളിവിന് വേണ്ടിയാ മാഷിനെ ഇങ്ങോട്ട് വരുത്തിച്ചത്. പക്ഷെ പാവം മാഷ് തന്നെ വേണ്ടി വന്നു അതിന്.."

സതീശന്റെ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയിരിക്കുന്നു..
ഇനിയിപ്പോ നീ എന്നെ ബിനാമിയാക്കി വാങ്ങിയ സ്വത്തുക്കൾ, പറ്റിയാൽ നിന്റെ ഈ എം.എൽ.എ കുപ്പായം.. ഞാനുമൊന്ന് ജീവിക്കട്ടെടാ.."

തറയിൽ നിന്നും കത്തിയെടുത്ത്‌ സതീശന്റെ വയറ്റിൽ ഒന്ന് കൂടി ആഞ്ഞുകുത്തുന്നു.

"കർമ്മമാണ്‌ സതീശാ.. നീ ചെയ്ത കർമ്മങ്ങൾക്കുള്ളത് നീ അനുഭവിക്ക്‌.. എന്റെ കർമ്മഭാരവും എന്നെ കാത്തിരിക്കുന്നുണ്ടാവും എന്നറിയാം.. അതുവരെയെങ്കിലും എനിക്കും ജീവിക്കണ്ടേ സതീശാ.."

കത്തി ഒന്നുകൂടി ആഞ്ഞിറക്കുന്നു.

ഓടുന്ന കാറിൽ നിന്നും നിഗൂഢമായ ഒരു ചിരിയോടെ വാസു കണ്ണ് തുറക്കുന്നു..!!

©️ Firoz Abdulla | MOVIE STREET

Saturday, July 9, 2022

അന്ത്രുവിന്റെ പ്രതികാരം..

നാട്ടിൽ തേരാ പാരാ നടന്നിരുന്ന പ്രകാശൻ ഗൾഫിലെ കാലാവസ്ഥ നോക്കിയിട്ട് വരാമെന്ന് പറഞ്ഞു പോയതാണ്.. മൂന്ന് കൊല്ലം കഴിഞ്ഞൊരു വരവ് വന്ന്.. വരവെന്ന് പറഞ്ഞാൽ അജ്ജാതി വരവ്, നല്ലസ്സല് വരവ്..

ഗൾഫിൽ കാലാവസ്ഥ നോക്കാൻ പോയ പലരും പല കോലാവസ്ഥയിൽ തിരിച്ചു വന്ന ചരിത്രം തിരുത്തിക്കുറിച്ചുള്ള വരവ്, ഒരൊന്നന്നര പണക്കാരനായിക്കൊണ്ടുള്ള വരവ്.. 

നാട്ടിലെ ഊംബാനിമാർക്കിടയിൽ ഒരു കൊച്ചു അംബാനിയായി പ്രകാശൻ  മാറി..

പണ്ട് പ്രകാശിനെ കാണുമ്പോൾ തുണി പൊക്കിക്കാണിച്ചിരുന്ന പലരും ഇപ്പൊ പ്രകാശിനെ കാണുമ്പോൾ തുണി താഴ്ത്താൻ തുടങ്ങുന്ന രീതിയിലുള്ള മാസ്സ് ട്രാൻസ്ഫോർമേഷൻ സീൻ..   

പണം വന്നതോട് കൂടി അതിന്റെ കൂടെ കോംബോ ഓഫർ ആയി പ്രതാപവും പ്രശസ്തിയുമൊക്കെ വേറേം വന്നു.. 

നാട്ടിലേത് കമ്മിറ്റി വന്നാലും അതിൽ പ്രകാശനുണ്ടാകും എന്ന അവസ്ഥ.. എന്തിനേറെ പറയുന്നു,

LP സ്കൂളിൽ സ്കൂൾ ലീഡർ ആകാൻ വരെ പ്രകാശനെ  പരിഗണിച്ചിരുന്നു, അജ്ജാതി പരിഗണന.. 


ഇങ്ങനെയൊക്കെ ആണെങ്കിലും പ്രകാശനെ കൊണ്ട് നാട്ടുകാർക്ക് വല്യ ഇടങ്ങേറൊന്നും ഉണ്ടായിരുന്നില്ല,ഒന്നൊഴിച്ചു..

അതൊരു ഓൺലൈൻ ഇടങ്ങേറാണ്, അത് വരുന്നത് WhatsApp ഗ്രൂപ്പ് വഴിയും..

ഓരോ ദിവസോം നാട്ടിലെ ഏതേലും കാരണം കണ്ടുപിടിച്ചു 21 സെക്കന്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ടത് 7 മിനിറ്റ് വരെ നീളുന്ന ഒറ്റ വോയിസ് ആയിട്ട് പ്രകാശൻ ഗ്രൂപ്പിലിടും..

പണക്കാരനായി പോയില്ലേ, പരസ്യത്തിനും പിരിവിനും ഒക്കെയായി എല്ലാർക്കും പോകാനുള്ളതല്ലേ എന്നൊക്കെ കൊണ്ട് നാട്ടുകാര് ആ വോയ്‌സിന് നല്ലോണം പ്രോത്സാഹനം കൊടുക്കേം ചെയ്യും..

നാട്ടിലൊരു മരണം നടന്നാൽ അതുനേക്കുറിച്ചു വോയിസ്, നാട്ടിൽ മരണം നടക്കാത്ത ദിവസം മനോരമ പത്രമെടുത്തു വെച്ച്  ചരമപേജ് തുറന്നുവെച്ചു കന്യാകുമാരിയിൽ ഒക്കെ ആരേലും മരിച്ചിട്ടുണ്ടേൽ അവരെക്കുറിച്ചു വരെ 5 മിനിറ്റിൽ കുറയാത്ത വോയിസ് ഗ്രൂപ്പിൽ വന്നിരിക്കും..

ആദ്യമൊക്കെ എല്ലാരും കേൾക്കുമെങ്കിലും പിന്നെ പിന്നെ കേൾക്കുന്ന പരിപാടി പതിയെ നിർത്തി 

ആദ്യം റിപ്ലൈ അയക്കുന്ന ആളുടെ റിപ്ലൈ കോപ്പി അടിക്കാൻ തുടങ്ങി..

ആദ്യത്തെ റിപ്ലൈ "ആദരാജ്ഞലികൾ" ആണേൽ എവിടെയോ ആരോ മരിച്ചിട്ടുണ്ട് എന്ന നിഗമനത്തിൽ ഗ്രുപ്പിലെ ബഹുപൂരിപക്ഷവും സമാനമായ റിപ്ലൈ അയക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ..

പ്രകാശും ഹാപ്പി നാട്ടാരും ഹാപ്പി..


പ്രകാശന്റെ ഏറ്റവും വലിയ ബിസിനസ് ശ്രിംഘല സലാലയിൽ ആരംഭിക്കാൻ പോകുന്ന കാലം .. 

അതറിയിക്കാൻ പ്രകാശ് ഒരു വോയിസ് ഇട്ടു..

ഇതുവരെയുള്ള തന്റെ ബിസിനസ് ഒന്നും ഒന്നുമല്ല എന്നും,ഇനിയാണ് യഥാർത്ഥ കളി എന്നൊക്കെയുള്ള പ്രസ്താവനകളും നാട്ടുകാർക്ക് ലഭിക്കുന്ന തൊഴിലവസരങ്ങളും മറ്റു നേട്ടങ്ങളും  ഒക്കെ ഉൾക്കൊള്ളിച്ചു കൊണ്ട് 14 മിനിറ്റ് നീളുന്ന ഒരുഗ്രൻ വോയിസ്.. എങ്ങനെ പോയാലും 250 ആളുള്ള ഗ്രൂപ്പിൽ നിന്നും 500 ലൈക്കും അയിനൊത്ത പൂവും മടലുമൊക്കെ കിട്ടുമെന്നുറപ്പുള്ള ആക്ഷൻ പാക്കഡ്‌ വോയിസ്..

ആ വോയിസ് ആദ്യം കേട്ടത് അന്ത്രുവായിരുന്നു, അലംബന്ത്രു ..!!


അന്ത്രു,

അലമ്പിന് വേറൊരു പര്യായമുണ്ടെങ്കിൽ നമ്മളെ നാട്ടിൽ അത് അന്ത്രുവെന്നാണ്..

സ്വന്തം വീട്ടിൽ കള്ളൻ കേറിയപ്പോൾ ഒന്നര കിലോമീറ്റർ അപ്പുറത്തെ വീട്ടിലുള്ള പട്ടി കുരച്ചില്ല എന്ന് പറഞ്ഞു ആ പട്ടിക്കൂട്ടിലേക്ക് പന്നിപ്പടക്കമെറിഞ്ഞ ടെറർ സാനം..

അലമ്പിന് ഒളിമ്പിക്സിൽ മത്സരമുണ്ടെങ്കിൽ ആ ഒറ്റയിനത്തിൽ സ്വർണോം വെള്ളീം വെങ്കലോം ഇന്ത്യയിൽ എത്തിക്കുമായിരുന്ന മൊതല്..

ഈ പറയുന്ന അന്ത്രുവും ആ പറഞ്ഞ പ്രകാശും തമ്മിൽ ഇപ്പൊ അത്ര നല്ല ടെംസിലല്ല, കാരണം കൊല്ലങ്ങളായി അന്ത്രു ലേലത്തിനെടുക്കുന്ന 20 സെന്റ് അടക്കാതോട്ടം ഇക്കുറി ലേലം വിളിച്ചെടുത്തത് പ്രകാശാണ് .. പ്രകാശന്റെ അമ്മൂമ്മക്ക്‌ മുറുക്കാൻ ചവക്കാൻ അടക്ക വേണമത്രേ, അയിനാണ് ലേലം പിടിച്ചതെന്നാണ് പ്രകാശന്റെ പക്ഷം.. 

ഇത്രേം അടക്ക വെച്ച് മുറുക്കാൻ തുടങ്ങിയാൽ ശ്വാസം കഴിക്കാൻ പോലും അമ്മൂമ്മക്ക്‌ ടൈം കാണില്ല എന്ന് പറഞ്ഞിട്ടും പ്രകാശ് പിന്മാറിയില്ല.. പണത്തിന്റെ കുന്തലിപ്പ്.. അല്ലാണ്ടെന്ത്..!


ഏതായാലും അതോട് കൂടി കട്ടചെങ്ങായിയായിരുന്ന പ്രകാശ് അന്ത്രുവിന്റെ ശത്രുവായി..

ഒരവസരത്തിന് വേണ്ടി കാത്തിരിക്കുന്ന നേരത്താണ് നാട്ടിലെ മെയിൻ ഗ്രൂപ്പിൽ പ്രകാശന്റെ ആ 14 മിനിറ്റ് വോയിസ് വരുന്നത്.. 

"ഓന്റെ അടുപ്പിലെ ഒരു വിസിനസ്സ്..ഒന്റമ്മൂമ്മന്റെ ഒരു തൊഴിലവസരം സൃഷ്ടിക്കൽ" എന്ന് മനസ്സിൽ പറഞ്ഞു അന്ത്രു ആ വോയ്‌സിന് ആദ്യത്തെ റിപ്ലൈ ഇട്ട്.. 

"ആദരാജ്ഞലികൾ, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു".. 


500 ലൈകും അയിനെക്കാൾ കൂടുതൽ പൂക്കളും പുഷ്പങ്ങളും സ്വപ്നകണ്ടു കൊണ്ട് ഒരു 30 മിനിറ്റ് ഉച്ചയുറക്കം കഴിഞ്ഞു ആവേശത്തിന്റെ ഉച്ചിസ്താവസ്ഥയിൽ പ്രകാശ് ഗ്രൂപ്പ് തുറന്ന് ..

ആദ്യം തന്നെ അന്ത്രുന്റെ മെസ്സേജ് കണ്ട്.. സബാഷ്.. !

അയിന്റടിയിൽ ഇരുന്നൂറോളം  "ആദരാജ്ഞലികൾ",

അഞ്ഞൂറോളം  പൂവും കൂടെ റീത്തും.. ജ്വലിച്ചു.. 

സാഹിത്യകാരൻ കൂടിയായ വായനശാല പ്രസിഡന്റ് ഇങ്ങനെ കുറിച്ച്,

"ഈ നേരവും കടന്നപോകും.. ക്ഷമിക്കാനുള്ള കരുത്തു കുടുംബത്തിനുണ്ടാവട്ടെ".. മാസ്മരികം..

ഫ്രീക്കൻ ഷംസു ഇംഗ്ലീഷിലായിരുന്നു റിപ്ലൈ ഇട്ടത്,

"Condilences, may god sorry sins" ഹമ്മേ .. എപിക്..

പ്രകാശാവിയായി.. അജ്ജാതി തളർത്തൽ..


മാസങ്ങൾക്കിപ്പറവും ഇത്രേം വല്യ ബിസിനസ് തുടങ്ങീട്ടും നമ്മളെ അറിയിച്ചില്ലല്ലോ എന്ന് പരാതി പറയുന്നോരോടൊക്കെ പ്രകാശ് പറയും "ഇന്റൊരു ആദരാജ്ഞലികൾ കിട്ടിയിരുന്നല്ലോ" എന്ന്.. 

ആർക്കുമൊന്നും മനസ്സിലാകൂല, ന്നാലും പണക്കാരനായോണ്ട് തിരിച്ചൊന്നും ചോദിക്കാനും നിക്കൂല..


6 മാസം കഴിഞ്ഞു അന്ത്രു ഇത് അടുത്ത ചെങ്ങായിമാരോട് പറയുന്നത് വരെ ആ 14 മിനിറ്റ് വോയിസ് കേട്ട രണ്ടേ രണ്ട് പേരേയുള്ളൂ.. പ്രകാശും അന്ത്രുവും.. 

അതോട് കൂടി പ്രകാശന്റെ വോയിസ് ഇടലങ്ങു നിന്ന്..സ്വന്തം അമ്മൂമ്മ 'രക്തത്തിൽ അടക്കയുടെ അംശം കൂടി' മരിച്ചപ്പോൾ പോലും വോയിസ് ഇടാൻ വേറൊരാളെ ഏൽപ്പിക്കുകയായിരുന്നു..

പ്രകാശ് തന്നിട്ടാൽ ആദ്യം കേൾക്കുന്നത് അന്ത്രുവാണെങ്കിൽ "ഇപ്പ്രായത്തിലും അമ്മൂമ്മയെ വീഗാലാന്റിലേക്ക് പറഞ്ഞയക്കുന്ന പ്രകാശന് അഭിവാദ്യങ്ങൾ" എന്ന് വല്ലോം ആ കുരിപ്പ് ടൈപ്പ് ചെയ്താൽ പിന്നെ മൊത്തം പൊകയായിരിക്കും.. 

അമ്മൂമ്മ ജയന്റ് വീലിൽ എയറിലാകും..

ഏതായാലും അടക്കത്തോട്ടം ലേലത്തിൽ പോയതിന് ശേഷം ലേശം ഡിപ്രഷനിലേക്ക് പോയ അന്ത്രുവിന് അതിന് ശേഷം നല്ല മാറ്റമായിരുന്നു.."ഇരുപത് സെന്റ് അടക്കത്തോട്ടം പോയാലെന്താ, ഓന്റെ രണ്ടേക്കർ അണ്ടിത്തോട്ടം കത്തിച്ചില്ലേ " എന്നൊരു ഫീൽ..


✍️ഫിറോസ് അബ്ദുള്ള ❣️

പ്രകാശിന്റെ അടുപ്പിലെ ഒരു ടെറർ..!

 സുനീറിന്റെ പെണ്ണ് കാണൽ ചടങ്ങാണ്..

ഓനും നമ്മള് 4 ചെങ്ങായിമാറും പിന്നെ ബ്രോക്കർ വാസുവും കൂടി നേരം വെളുത്തപ്പോ തന്നെ പെണ്ണിന്റെ വീട്ടിലേക്ക്..

പോകുംവഴി വാസു ഒറ്റകാര്യമേ പറഞ്ഞുള്ളൂ..

"നല്ല ഈമാനുള്ള കുടുംബമാണ് പെണ്ണിന്റേത്.. നിന്റെയൊക്കെ അറാംപിറപ്പ് അറിഞ്ഞാൽ നമ്മളെ ജില്ലയിൽ നിന്ന് പോലും ആ പെണ്ണിന് പുതിയാപ്ലനെ എടുക്കൂല.. അതോണ്ട് എല്ലോനും മാന്യന്മാരായിട്ട് അഭിനയിക്കുകയെങ്കിലും വേണം.. "

'ചെറ്റ..

ചെങ്ങായിന്റെ കല്യാണം നടത്തേണ്ടവനായിപ്പോയി.. ഇല്ലേൽ എടുത്തുടുത്തേനേ കുരിപ്പിനെ.. '

നമ്മൾ ഇതാലോചിക്കുമ്പോൾ സുനീർ അതിൽ ഒരു സ്പാർക്ക് കണ്ടത്തിയിരുന്നു..


വീടെത്തി..

ചായയെത്തി..

പെണ്ണുമെത്തി..

നല്ല മൊഞ്ചത്തിപ്പെണ്ണ്..

"സുനീറിന് നടന്നില്ലേൽ ഓളെ കെട്ടാൻ എനക്ക് സമ്മതാണ്"

സഫീറിന്റെ പ്രസ്താവന ആദ്യമെത്തി..

കട്ട നെഗറ്റീവ്..

സുനീറിന്റെ പെരുവിരലിൽ നിന്നും ചൊറിച്ചല്ലങ്ങു കേറി വന്ന്..

പക്ഷെ മിണ്ടീല, സംഗതി വാസു പറഞ്ഞു പോലെ മാന്യനായി അഭിനയിക്കാൻ തുടങ്ങിയതിന്റെ കൊണം..

"ഓളോട് എന്തേലും ചോദിക്കണ്ടേ"

സുനീർ എന്റെ ചെവിയിൽ ചോദിച്ചു..

"ഒരു ഗ്ലാസ് ചായ കൂടി ചോദിക്ക്..നല്ല കിടിലൻ ചായ"

ലാസ്റ്റ് ഉറ്റ് ചായയും നക്കിക്കുടിച്ചു ഞാൻ മറുമൊഴി മൊഴിഞ്ഞു.. 

ഓന്റെ ചൊറിച്ചൽ ഒന്നൂടിയങ്ങു കേറി വന്ന്..

പക്ഷെ മിണ്ടീല..


വാസു മാലാഖനായി..

ചെക്കനും പെണ്ണും സംസാരിക്കാനുള്ള ഗ്രീൻസിഗ്നൽ വീണു..

ചിങ്ങത്തിന് മുമ്പ് കന്നിമാസം വന്നതറിഞ്ഞ പട്ടിയെ പോലെ ഓളെ പിറകെ കുതിക്കാനൊരുങ്ങിയ സുനിയെ വാസു തടഞ്ഞുനിർത്തി ഒന്നൂടി ഓർമിപ്പിച്ചു..

"നല്ല ഈമാനുള്ള കുടുംബമാ.. സൂക്‌ഷിച്ചും കണ്ടുമൊക്കെ വേണം.. കഴിഞ്ഞ പ്രാവശ്യത്തെ പോലെ 'ഇപ്പൊ ഏത് ഡ്രെസ്സാ ഇട്ടിരിക്കുന്നത്' എന്നൊന്നും ചോദിച്ചേക്കരുത്"

"ഇല്ല, വാസൂ.. ഇവളെന്റെയ.. ഓളെ മറ്റാർക്കും ഞാൻ വിട്ട് കൊടുക്കൂല"

ഓൻ ഓളെ പിറകെ പോയി..❣️


നമ്മൾ അടുത്ത ചായക്ക് ഓർഡർ കൊടുത്തു..

ചായ വന്നു..

കുറേ കഴിഞ്ഞു സുനിയും വന്നു..


കൈകൊടുത്തു വിളിക്കാന്ന് പറഞ്ഞു മടങ്ങി.. 

എല്ലാം മംഗളം.. 


SSLC ജയിച്ചപ്പോ 'നിനക്കെന്താ വേണ്ടേ മോനെ' എന്ന് ഉപ്പ ഗൾഫീന്ന് വിളിച്ചു ചോദിച്ചപ്പോ തീറ്റക്കൊതിയനായ സുനി ബോണ്ടാന്ന് പറഞ്ഞപ്പോ ഉപ്പ കേട്ടത് ഹോണ്ടാന്നാണ്..

മോൻ ജയിച്ച പൗസാക്കിൽ അടുത്ത ദിവസം പൊരക്ക് ഹോണ്ട സ്‌പ്ലെണ്ടർ എത്തിച്ചാണ് ഉപ്പ വാക്ക് പാലിച്ചത്..

അയിന് ശേഷം ആ ലെവൽ സന്തോഷമായിരുന്നു പെണ്ണ് കണ്ട് വീട്ടിലെത്തിയ മുതൽ സുനീറിന്..


ഓൻ ഫേസ്ബുക്ക് ഓൺ ചെയ്തു ഓന്റെ സ്റ്റാറ്റസ് സിംഗിൾ എന്ന് മാറ്റി എൻഗേജ്ഡ് എന്നാക്കിയ നേരം തന്നെ ഫോൺ എൻഗേജ്ഡ് ആയി..

വാസുവാണ്..

വാസു വിതുമ്പുകയായിരുന്നു..

19 പെണ്ണ് കാണിച്ച ശേഷം ഇന്നാണ് പ്രതീകഷയുടെ ഒരു സ്പാർക്ക് വാസുവിന് കിട്ടിയിരുന്നത്..

ആ സ്പാർക്ക്  അടിച്ചു പോയ വേദനയായിരുന്നു വാസുവിന് .

"സംഗതി പെണ്ണിന്റെ വീട്ടുകാർക്കൊക്കെ ഇഷ്ടായിക്ക്ണ്.. പക്ഷെ പെണ്ണിനാണ് പ്രശ്നം.. പക്ഷെ ഹാമറിനടിച്ചിട്ടും പെണ്ണ് കാരണം പറയുന്നില്ല പോലും"

സുനീർ ഫോൺ കട്ട് ചെയ്തു..


ഫേസ്ബുക്കിൽ സ്റ്റാറ്റസ് മാറ്റി ഒരു മിനിറ്റ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ..

45 Like, 1 Love  , 1 Angry,  94 കമന്റും..

ലവ് ഇട്ടത് പഴയ ലൈൻ ആണ്..❤️

Angry ഇട്ടത് സഫീറും..😡


ആദ്യായിട്ടാ ഒരു പോസ്റ്റിന് ഇജ്ജാതി റീച് കിട്ടുന്നത്..  

സ്റ്റാറ്റസ് മാറ്റാൻ തോന്നിയില്ല സുനിക്ക്..


സംഗതിയറിഞ്ഞു കുടുംബക്കാരും  കൂട്ടാരും സുനിന്റെ വീട്ടിൽ ഇരമ്പിയെത്തി..

കന്നിമാസം തുടങ്ങുന്നതിന്റെ തലേന്ന് പഞ്ചായത്തിൽ പട്ടിപിടുത്തക്കാർ ഇറങ്ങിയ വാർത്ത കേട്ട പട്ടി മോങ്ങും പോലെ മോങ്ങുകയായിരുന്നു സുനി..

അത് നമ്മളെ ഖൽബിലാ കൊണ്ടേ..


നെക്സ്റ്റ് മോമെന്റിൽ നമ്മൾ പെണ്ണിന്റെ പുര ലക്ഷ്യമാക്കി വണ്ടിയെടുത്തു..

കാരണമറിയണല്ലോ, എന്നാലല്ലേ നെക്സ്റ്റ് പെണ്ണ് കാണലിന് അത് തിരുത്താൻ പറ്റൂ..


"കേറും മുമ്പേ പുരക്ക് കല്ലെടുത്തെറിഞ്ഞാലോ"

 ഏറെക്കുറെ ടെറർ മൂഡിലേക്ക് മാറിയിരുന്ന പ്രകാശിന്റെ ചോദ്യം..

"വേണ്ട.. ക്ഷമിക്ക്.. കാരണം അറിഞ്ഞതിന് ശേഷം കത്തിക്കാം നമുക്ക്.. "

അത് കേട്ടപ്പോ ഓൻ അടങ്ങി..


മ്മളെ വരവ് കണ്ടപ്പോ തന്നെ പൊരയിലുള്ളവർക്ക് പന്തികേട് മണത്തു..

"വാ മക്കളെ, ചായ എടുക്കട്ടേ?.."

സംഗതി കൂൾ ആക്കാൻ ഓളെ വാപ്പാന്റെ മാസ്റ്റർ പ്ലാൻ..

എടുത്തോന്ന് പറയാൻ ഞാൻ നാക്ക് അണ്ണാക്കിൽ നിന്നും വലിച്ചെടുത്ത മൊമെന്റ് തന്നെ പ്രകാശിന്റെ മറുപടി വന്ന്.. 

"ഇങ്ങളെ ഊളച്ഛായ ഞങ്ങളെ പട്ടികുടിക്കും.. "

ഞാനോനെ വേദനയോടെ നോക്കി..

ആ പോട്ട്, പുല്ല്.. 


നമ്മള് നാലാളും നാല്‌ മൂലക്കും നിന്നും നാവിട്ടടിച്ചിട്ടും ഓള് മറുപടി പറയുന്നില്ല..

"മോൾക്ക് മറുപടി പറയാൻ മടിയാണെങ്കിൽ വേണ്ട.. വണ്ടിയിൽ പന്നിപ്പടക്കമുണ്ട്, അത് നിന്റെ അണ്ണാക്കിൽ വെച്ച് പൊട്ടിച്ചിട്ട് ഞങ്ങളങ്ങു പൊക്കോളാം"

പ്രകാശ് വീണ്ടും ടെററായി..

ഓള് വാ തുറന്ന്..

"നമ്മള് മാത്രം സംസാരിച്ച സമയത്തു  ഓൻ ഒരു കാര്യം പറഞ്ഞു.. അതാണ്"

"എന്ത് കാര്യം"

"ഞങ്ങളെ പോലെ നല്ല ഈമാനുള്ള ആളാണ് ഓനെന്ന്" ഓള് അത് പറഞ്ഞങ്ങു നിർത്തി..

'ഇനി ഇവൾക്ക് ഈമാനുള്ള ആളെ വേണ്ട എന്നാണോ.. ഞാൻ കെട്ടേണ്ടി വരുവോ'

ടെറർ മൂഡിൽ നിന്നും റൊമാന്റിക് മൂഡിലേക്ക് മാറി പ്രകാശ് എന്റെ ചെവിയിൽ ചോദിച്ചു..

ആ ചോദ്യത്തിന് കനത്ത അവഗണന സമ്മാനിച്ച് ഞാൻ ഓൾക്ക് നേരെ തിരിഞ്ഞു..

"അത് നല്ലതല്ലേ.. അയിനെന്താ ഇത്ര പ്രശ്നം?? "

"അത് നല്ലതാ.. പക്ഷെ അയിന് ശേഷം വേറൊരു കാര്യം കൂടി പറഞ്ഞു.."

"എന്ത് ??"

ഓൾക്ക് നാണം.. പിന്നെ പതിയെ മറുപടി പറഞ്ഞു..

"ഓൻ ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ഓനിക്ക് ലൈംഗിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന്"

ന്റെ പള്ളീ..

4 ഹാർട്ട് അറ്റാക്ക് 4 മൂലയിൽ നിന്നും ഒരുമിച്ചു വന്നു..

പെണ്ണ് കാണുന്ന ദിവസം കെട്ടാൻ പോകുന്ന പെണ്ണിനോട് പറയാൻ ഇതിലും മാസ്റ്റർപീസ് ഡയലോഗ് വേറെയില്ല..

"ഓനെ എനിക്കറിയാം.. അതിനൊക്കെ നല്ല താല്പര്യമാ.. ഓൻ നുണ പറഞ്ഞതാവും"

സംഗതി കോമ്പ്രോമൈസ് ആക്കാനുള്ള സജേഷിന്റെ മാസ്റ്റർ സ്‌ട്രോക് ..

ഭാഗ്യത്തിന് ഓൾക്കൊന്നും മനസ്സിലായില്ല..

"ഓൻ പറഞ്ഞത് നീ ഒന്നൂടി പറഞ്ഞെ" ഓളോട് ഞാൻ ചോദിച്ചു ..

"ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ലൈംഗിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന്"

എനിക്ക് കത്തി..

ഇപ്പൊ ഒരു പരീക്ഷ നടത്തിയാലും മലയാളത്തിന് D ഗ്രേഡും കഴിഞ്ഞു E ഗ്രേഡ് കിട്ടാൻ ചാൻസുള്ള കുരിപ്പ് സാഹിത്യം ഉണ്ടാക്കാൻ പോയതാണ്..

സംഗതി ഞാൻ ഓളോട് കാര്യം പറഞ്ഞു..

"ഓൻ ആളൊരു ശുദ്ധനാ.. പക്ഷെ പറഞ്ഞപ്പോ തെറ്റിയതാ.. ഓൻ ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ഓനിക്ക് ലൗകിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന് ആവും ഉദ്ദേശിച്ചത്"

വളരെ ചെറിയൊരു സ്പെല്ലിങ് മിസ്റ്റേക്ക്..

അപ്പൊ തന്നെ മലയാള സാഹിത്യത്തിന്റെ പിതാവിനെ വിളിച്ചു ..

സംഗതി അതെന്നെ..

ഓന്റെ മലയാളം ബുക്ക് ഓന്റെ നെഞ്ചത്ത് അടുപ്പ് കൂട്ടി കത്തിക്കുമിന്ന്..


പുറത്തിറങ്ങി ഒരു ചായക്ക് ചോദിച്ചാലോ എന്ന് തോന്നി..

പക്ഷെ ഗേറ്റിന്റെ അടുത്ത് നാല് പട്ടികളെ കണ്ടപ്പോൾ ചോദിക്കാൻ തോന്നിയില്ല..


കാർമേഘം മാറി..

മങ്ങലം നടന്ന്..

ഓള് 4 പെറ്റു..

ഒരു നൊമ്പരം മാത്രം ബാക്കിയാവുന്നു..

ഇന്ന് വരെ ആ വീട്ടീന്ന് ഓന്റെ ചെങ്ങായിമാർക്ക് ചായ കുടിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല..


പ്രകാശിന്റെ അടുപ്പിലെ ഒരു ടെറർ..!


☺️✍️ഫിറോസ്

Friday, May 6, 2022

അന്ന..

 "ഹലോ "

"ഹലോ , ഇത് ഞാനാടാ അന്ന "
"അന്നയോ ?? ഏത് അന്ന ??
"നിനക്കതിന് എത്ര അന്നയെ അറിയും??"
ഒരു തീമഴ പോൽ പെയ്തിറങ്ങുന്ന ചോദ്യമാണത്.. മറുപടി പറയാനാവാതെ ഞാൻ തരിച്ചു നിന്നു.. ഫോൺ കയ്യിൽ നിന്നും അടർന്നു വീണു...
അവളുടെ ചോദ്യം..
  "നിനക്കതിന് എത്ര അന്നയെ അറിയും??" 
ശരിയാണ്.. എനിക്കാകെ ഒരു അന്നയെ മാത്രമേ അറിയൂ.. എന്നെ ഞാനാക്കിയ അന്ന..അവൾ..

ഓർമ്മകൾ ചിതറിത്തെറിക്കാൻ തുടങ്ങി..ആറു വർഷമായി ഉള്ളിൽ ചങ്ങലക്കിട്ടിരിക്കുന്ന ഓർമ്മകൾ..
ക്യാമ്പസ്സിന്റെ മുഴുവൻ കുരുത്തക്കേടുകളും അടിമുടി വിഴുങ്ങിയിരുന്ന  ഞാനെന്ന വെയിലിലേക്കായിരുന്നു  അന്ന ഒരു മഴയായി പെയ്തിറങ്ങിയത്..
അമിതമായ രാഷ്ട്രീയവും എന്തിനും ഏതിനും എടുത്തു ചാടി തെറിച്ചു നടന്നിരുന്ന എന്നിലെ താന്തോന്നിയിലേക്ക് അന്ന മാലാഖയെ പോൽ നടന്നടുക്കുകയായുന്നു..

ആരോടും അധികം സംസാരിക്കാത്ത അന്ന എന്നോട് മാത്രം വാചാലയായി.. അവിടെ തുടങ്ങിയ ആരെയും അസൂയപ്പെടുത്തുന്ന സൗഹൃദം..
ക്ലാസ്സുകളിൽ  കയറാതെ അലഞ്ഞു നടന്നിരുന്ന ഞാൻ അന്നയോടൊപ്പം ക്ലാസ്സുകളിൽ കയറാൻ തുടങ്ങി..
പഴയ ഏതോ മാഗസിനിൽ ഞാനെഴുതിയ വരികളെ കഥയെന്നു വിളിച്ചത് അവൾ മാത്രമായിരുന്നു.. 
അങ്ങനെ ഞാനൊരു കഥാകാരനായി..
പറഞ്ഞു പറഞ്ഞു അവളെന്നെക്കൊണ്ട് കഥയെഴുതിക്കാൻ തുടങ്ങി..
എഴുതിയ കഥകൾ  അവൾക്ക് വേണ്ടി മാത്രമായിരുന്നു..
കഥകൾ വായിക്കാൻ ഒരുപാടിഷ്ടപ്പെട്ടിരുന്ന അന്ന മാത്രം എന്റെ കഥകൾ വായിച്ചു..
അന്ന  എന്ന പേരിനോടൊപ്പം എന്റെ  പേര് കൂടി ക്യാമ്പസ് ചേർത്ത് വായിച്ചു..
"നിങ്ങൾ തമ്മിൽ വെറും സൗഹൃദമാണോ അതോ വേറെന്തെങ്കിലും ഉണ്ടോ " എന്നാദ്യം ചോദിച്ചത് റിഷാന ആയിരുന്നു.. 
 അപൂർവമായി മാത്രം ഒരു ചോദ്യത്തിന് ഉത്തരമില്ലാതെ ഞാനവളുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി..
അന്ന് വൈകുന്നേരം ഒരുപാട് ബുദ്ധിമുട്ടി അന്നയോട് റിഷാന ചോദിച്ച ചോദ്യം ഒന്നുകൂടി ചോദിച്ചു..
"നീ ഇന്നാണോ ആ ചോദ്യം ആദ്യമായി കേൾക്കുന്നത്.. ഞാൻ എത്രയോ തവണ ആ ചോദ്യം കേട്ട് തഴമ്പിച്ചിരിക്കുന്നു" അവൾ കുസൃതി നിറഞ്ഞ ഒരു ചിരിയോടെ ഞാനെന്ന ചോദ്യചിഹ്നത്തിനെ ഒന്ന്കൂടി നിസ്സഹായനാക്കി..
"അപ്പൊ നീ എന്താ അവരോട് മറുപടി പറഞ്ഞത് അന്നാ ??? "
" സൗഹൃദത്തിനും പ്രണയത്തിനുമപ്പുറമാണ്  എനിക്ക് നീയെന്ന്"
തിരിച്ചൊരു ചോദ്യത്തിന് ഒരു ചെറു പ്രസക്തി പോലുമില്ലാതെയാണ്  അന്ന എനിക്ക് മറുപടി തന്നത്..
അത് പറഞ്ഞവൾ എന്റെ കൈകൾ അവൾ ഒന്നുകൂടി ചേർത്ത് പിടിച്ചു.. അവളുടെ വലതു കയ്യിൽ എന്റെ ഇടത് കൈ ചേർത്ത് ചെറുമഴയിൽ അവൾ നടന്ന് നീങ്ങുമ്പോൾ അന്നയെന്ന സ്നേഹമഴ എന്നിൽ ഒരു പേമാരി പോൽ പെയ്തിറങ്ങുകയായിരുന്നു..
 അവളേറെ ഇഷ്ടപ്പെടുന്ന നെരൂദയുടെ കവിതകൾ എന്റെ തോളിൽ തലചേർത്തു വായിക്കുമ്പോൾ ആ കവിത എന്റേത് കൂടിയായി മാറി..
നെരൂദയെ ഞാനിഷ്ടപ്പെട്ടു തുടങ്ങിയത് അവളിലൂടെയായിരുന്നു..
കഥ പറഞ്ഞും കവിതയായും ദിവസങ്ങൾ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടേ ഇരുന്നു..
ഞാൻ അന്നയെന്ന ഉപഗ്രഹത്തിൽ  ചുറ്റാൻ തുടങ്ങിയിട്ട് ഒന്നര വർഷമാകുന്നു..

മഴയുള്ളൊരു ദിവസം ക്ലാസ്സിലേക്ക് നീങ്ങിയ എന്നോട് "നമുക്കിന്ന് ലൈബ്രറിയിൽ ഇരിക്കാം കുറച്ചധികം നേരം" എന്ന് പറഞ്ഞു എന്റെ കൈ ചേർത്ത് പിടിച്ചു അവൾ ലൈബ്രറിയിലേക്ക് നടന്നു..
എന്റെ തോളിൽ തലവെച്ചു അവൾ നെരൂദയെ വായിച്ചു..
"I love you without knowing how, or when, or from where.I love you straightforwardly, without complexities or pride;
so I love you because I know no other way than this:
where I does not exist, nor you,
so close that your hand on my chest is my hand,
so close that your eyes close as I fall asleep."
അന്ന കവിതയാകുകയായിരുന്നു.. ഞാനൊരു കാമുകനും..!
"പ്രണയത്തിന് പൂച്ചയെ പോൽ 9 ജന്മങ്ങളുണ്ടെന്ന് നെരൂദ പറയുന്നു.. അപ്പൊ നമുക്കതിനേക്കാൾ ജന്മങ്ങൾ കാണും അല്ലേ?? " ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.. 
"പിന്നെ നീ വലിയൊരു കഥാകാരനാവുമ്പോൾ എന്നെക്കുറിച്ചു എഴുതില്ലേ??" കൊഞ്ചലോടെ അവൾ ചോദിച്ചു.. എനിക്ക് ചിരിയാണ് വന്നത്..ഞാനൊന്ന് മൂളുക മാത്രം ചെയ്തു..
"എന്ന കുറിച്ചെഴുതുന്ന കഥക്ക് നീ എന്ത് പേരിടും??"
" "നെരൂദയെ സ്നേഹിച്ച പെൺകുട്ടി' എന്നിട്ടാലോ?? " 
"പോടാ, അതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടല്ലോ.. അങ്ങനൊന്നും ഇടേണ്ട.. എന്റെ കഥക്ക് എന്റെ പേര് തന്നെ മതി.. 'അന്ന'.. "
"ശരി.. സമ്മതിച്ചു" 
"ഞാൻ കാത്തിരിക്കും"
അവളെന്റെ തോളിലോട്ട് തല താഴ്ത്തി കണ്ണുകളടച്ചു.. 


"ഡാ നാളെ അത്യാവശ്യമായി വീട്ടിൽ പോണം.. എന്നെ നീ റെയിൽവേ സ്റ്റേഷനിൽ ആക്കണേ "
അന്ന് തിരിച്ചവളെ ഹോസ്റ്റലിൽ ആക്കുന്നതിനിടയിൽ അവളെന്നോട് പറഞ്ഞു..
"ഈ ആഴ്ച വന്നതല്ലേ ഉള്ളൂ നീ.. പിന്നെന്തിനാ നാളെ പോകുന്നെ?? "
"അതൊക്കെ വന്നിട്ട് പറയാം.. ഞാൻ രാവിലെ ബസ് സ്റ്റോപ്പിൽ ഉണ്ടാകും..എന്നും കേറാറുള്ള ബസിൽ കേറിയാൽ മതി, ഇവിടെത്തുമ്പോൾ ഞാൻ  അതിൽ കേറിക്കോളാം.."
ഞാൻ മൂളി.. 

പിറ്റേന്ന്  പറഞ്ഞ സമയം തന്നെ ഞാൻ സമ്മാനിച്ച മഞ്ഞ ചുരിദാറും ധരിച്ചു ഞാനിരിക്കുന്ന സീറ്റിൽ അന്ന ചേർന്നിരുന്നു..
സാധാരണ  വാ തോരാതെ  സംസാരിക്കുന്ന അന്ന അന്നൊന്നും പറഞ്ഞില്ല.. എന്റെ തോളിൽ തലവെച്ചവൾ കണ്ണുകൾ അടച്ചിരുന്നു.. അവളുടെ നേർത്ത മുടിയിൽ തലോടി ഞാനും കണ്ണുകളടച്ചു..
പുറത്തു നല്ല മഴയായിരുന്നു..
ബസിന്റെ വിന്ഡോ ഷട്ടറുകൾ അടച്ചിട്ടത് കൊണ്ട് ഒരിരുട്ട് ബസിൽ നിറഞ്ഞു നിന്നു..
ബസ് കണ്ണൂരെത്താറായി.. ഞാൻ അന്നയെ വിളിച്ചെഴുന്നേല്പിച്ചു..
അവളെന്നെ നോക്കി ചിരിച്ചു..പിന്നെ എന്റെ ഉള്ളം കൈ പിടിച്ചു അതവളുടെ മുഖത്തേക്ക് ചേർത്ത് വെച്ചു..
ബസ് നിർത്തി.. 
ഞാൻ എഴുന്നേൽക്കാൻ നേരം അവളെന്റെ കയ്യിൽ നേർത്തൊരു ചുംബനം നൽകി..
ആദ്യ ചുംബനം., ആ നേർത്ത ചൂടിൽ ഞാൻ കുറച്ചു നേരം മൗനിയായി..
"ഇതെന്താ പതിവില്ലാതെ ??? " ചെറിയ ഞെട്ടലിനൊടുവിൽ ഒരു നേർത്ത ചിരിയോടെ ഞാൻ ചോദിച്ചു..
"ഒന്നുല്ലടാ.. ഞാൻ ഇത്രയേറെ സേഫ് ആണെന്ന് തോന്നിയ വേറൊരു കൈയ്യില്ല.. അതിനൊരു സമ്മാനം കൊടുക്കാൻ തോന്നി" അവൾ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു..
അവളുടെ കൈ പിടിച്ചു ഞാൻ സ്റ്റേഷനിലേക്ക് നടന്നു..
അവൾ ട്രെയിനിൽ കേറി വിന്ഡോ സീറ്റിൽ വന്നിരുന്നു.. ഞാൻ പുറത്തും..
ട്രെയിൻ വിടാൻ നേരം എന്നത്തേയും പോലെ അവൾ കൈകൾ പുറത്തേക്ക് നേടി..ഞാനാ കൈകൾ പുണർന്നു, പിന്നെ പതിവിന് വിപരീതമായി അവൾ പോലും നിനച്ചിരിക്കാത്ത നേരം എന്റെ ചുണ്ടുകൾ അവളുടെ പുറംകൈയിൽ അടുപ്പിച്ചു നേർത്തൊരു ചുംബനം തിരിച്ചു നൽകി..
"To my safe hands"
അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. ആ കണ്ണിൽ കണ്ണീർ പൊടിഞ്ഞുവോ..
എന്റെ അന്നയെയും കൊണ്ട് ട്രെയിൻ നീങ്ങി തുടങ്ങി..
പിന്നീടുള്ള രണ്ട് ദിവസങ്ങൾക്ക് എന്തൊരു നീളമായിരുന്നെന്നോ.. 
അവളെ കാത്തിരിക്കുന്ന ദിവസങ്ങളുടെ പ്രശ്നമാണത്.. 

തിങ്കളാഴ്ചയായി..
അന്നയെ കാത്തു ക്ലാസ് റൂമിന്റെ മുന്നിൽ ഞാൻ അക്ഷമനായി നിന്നു.. പക്ഷെ അന്ന വന്നില്ല..
അന്നയില്ലാത്ത ക്ലാസ്സിലേക്ക് ഞാനും പോയില്ല.. ലൈബ്രറിയിൽ പോയി അവളുടെ നെരൂദയെ വായിച്ചു, പക്ഷെ എന്റെ തോളിൽ അവളുടെ സാന്നിധ്യമില്ലെങ്കിൽ കവിതകൾ വെറും അക്ഷരങ്ങൾ മാത്രമാണെന്ന് ഞാൻ തിരിച്ചറിയുകയിരുന്നു..
ഞാൻ പുറത്തിറങ്ങി ബൂത്തിൽ കേറി ആകെ അറിയാവുന്ന അവളുടെ അയൽവാസിയുടെ വീട്ടിലേക്ക് ഡയൽ ചെയ്തു..
"ആ നമ്പർ നിലവിലില്ല" പോലും.. 
ദിവസങ്ങൾ പിന്നെയും കഴിഞ്ഞു..
അന്ന വന്നില്ല.. അന്നയില്ലാത്ത ക്യാമ്പസിന് കറുത്ത നിറമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു..
ആരും കാണാതെ കരഞ്ഞും, ആരോടൊക്കയോ കലഹിച്ചും അന്നയില്ലാത്ത വേദന ഞാൻ ഇറക്കിവെക്കാൻ തുടങ്ങി..
മാസങ്ങൾ കഴിഞ്ഞപ്പോൾ അന്ന എന്റെ ജീവിതത്തിൽ  ഇനിയില്ല എന്ന സത്യവുമായി ഞാൻ പൊരുത്തപ്പെടാൻ തുടങ്ങി.. 

കാലം ഒഴുകി..
ഇന്നിപ്പോൾ ആറ് വർഷങ്ങൾക്കിപ്പുറം അന്ന എന്നെ വിളിച്ചിരിക്കുന്നു..
താഴെ വീണപ്പോൾ അടറിത്തെറിച്ച ബാറ്ററി വീണ്ടും ഫോണിൽ ഇട്ട നേരം അതേ നമ്പറിൽ നിന്നും വീണ്ടും വിളി വന്നു..
"എന്താ കട്ട് ആക്കിയത്?? " അവളുടെ ചോദ്യം.. അവളുടെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു..
"അറിയാണ്ട് കട്ട് ആയതാ"
"നീ ഇപ്പൊ എറണാകുളത്തു ഉണ്ടല്ലേ?? " ആ ചോദ്യം എന്നെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി.. 
"അതെങ്ങനെ അറിഞ്ഞു?? ഈ നമ്പർ എവിടുന്ന് കിട്ടി??"
"അതങ്ങനാ, ശരിക്കും സ്നേഹമുള്ളവർ അങ്ങനാ.."
"ഉം"
"പിന്നെ ഞാനും എറണാകുളത്തുണ്ട്.. നാളെ വൈകുന്നേരം ഒന്ന് കാണാൻ പറ്റുമോ??"
മരുഭൂമിയിൽ പെയ്ത മഴ പോലെയായിരുന്നു അന്നയുടെ ആ ചോദ്യം.. 
ഒന്നും പറയാതെ ഒരിക്കൽ എങ്ങോട്ടോ പോയ അവളോടുള്ള പരിഭവങ്ങൾ മുഴുവൻ ഒരൊറ്റ വിളിയിലൂടെ ഒലിച്ചു പോയിരിക്കുന്നു..
മറൈൻ ഡ്രൈവിൽ കാണാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.. 
ആറ് വർഷങ്ങളായി അന്നയെ കുറിച്ചോർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.. 
നേർത്ത വേദനയായിരുന്ന അന്ന അപ്പോൾ മുതൽ പ്രത്യാശയുടെ വിത്തായിമാറുകയായിരുന്നു..
കാലം എന്റെ അന്നയിൽ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടാകും??
ശബ്ദം വല്ലാതെ മാറിയത് പോലുണ്ട്, അതോ എനിക്ക് തോന്നുന്നതോ?? 
ആദ്യം ആരാവും സംസാരിച്ചു തുടങ്ങുക?? 
എന്തിനായിരുന്നു ഏകാന്തതയുടെ തടവിൽ എന്നെ തനിച്ചാക്കിയത് എന്ന് ചോദിച്ചു പരിഭവിക്കണോ??
ചോദ്യങ്ങളുടെ പെരുമഴയായിരുന്നു മനസ്സിൽ... ഉത്തരമില്ലാത്ത ചോദ്യങ്ങൾ..

ഞാൻ പരിഭവിച്ചാലും ഇല്ലെങ്കിലും അന്ന എന്നോട് ഒരു കാര്യത്തിൽ മാത്രം പരിഭവിക്കും എന്നുറപ്പാണ്..
അവളോട് പറഞ്ഞ ഒരു വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോ..
ബ്ലോഗിലും മറ്റുമായി നൂറോളം കഥകൾ പബ്ലിഷ് ചെയ്തിട്ടും അന്നയെക്കുറിച്ചു മാത്രം ഞാൻ എഴുതിയിരുന്നില്ല..
അവളെ കുറിച്ചെഴുതിയാൽ വാക്കുകൾ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കും, അത്കൊണ്ടാണ് എഴുതാതിരുന്നത് എന്ന് കള്ളം പറയാം, അല്ലെങ്കിൽ എഴുതി തീർത്ത ആദ്യ തിരക്കഥക്ക് നൽകിയ പേര് "അന്ന" എന്നാണെന്ന സത്യം പറഞ്ഞു അവളെ അത്ഭുതപ്പെടുത്താം..
എല്ലാ പരിഭവവും അത് കേൾക്കുമ്പോൾ മാറും, ഉറപ്പാണത്.. 

പറഞ്ഞ സമയമായി..
മറൈൻ ഡ്രൈവിൽ അവളിരിക്കാമെന്ന് പറഞ്ഞ സ്ഥലത്തേക്ക് നടന്നടുക്കുമ്പോൾ മനസ്സിൽ വ്യക്‌തമായ പ്ലാൻ ഉണ്ടായിരുന്നു..
ദൂരെ നിന്ന് കുറെ നേരം എന്റെ അന്നയെ നോക്കി നിൽക്കണം.. 
അവൾ പോലുമറിയാതെ അവളിൽ സംഭവിച്ച മാറ്റങ്ങൾ കണ്ണ് കൊണ്ട് അളന്നെടുക്കണം,അടുത്തെത്തിയാൽ ചിലപ്പോ അതിന് കഴിഞ്ഞെന്ന് വരില്ലല്ലോ.. !

അവൾ ഇരിക്കാമെന്ന് പറഞ്ഞ ബെഞ്ചിൽ ഒരു മഞ്ഞച്ചുരിദാറുകാരി ഇരിക്കുന്നുണ്ട്..
പക്ഷെ അന്ന തന്നെയാണോ അത്..??
അവളറിയാതെ കുറച്ചധികം നേരം ആ പെൺകുട്ടിയെ തന്നെ നോക്കി..
അല്ല, അതെന്റെ അന്നയല്ല.. ഉറപ്പാണ്.. 
ഒരുപക്ഷെ വേറാർക്കോ വേണ്ടി കാത്തിരിക്കുന്ന വേറെയാരുടെയോ അന്നയായിരിക്കണം..!
എന്റെ അന്ന വന്നു കാണില്ല..
ഞാൻ ആ ബെഞ്ചിനടുത്തേക്ക് നടന്നു, ആ പെൺകുട്ടി എന്നെ തിരിഞ്ഞു നോക്കി..
എന്നെ കണ്ടതും അവൾ എഴുന്നേറ്റ് വശ്യമായൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു..
എനിക്കൊന്നും മനസ്സിലായില്ല, എങ്കിലും ഞാനും ഒന്ന് ചിരിച്ചെന്ന് വരുത്തി..
"ഹായ്.. എന്താ ലേറ്റ് ആയത്?? " അവളുടെ ചോദ്യം കേട്ടപ്പോൾ ആശങ്ക അത്ഭുതത്തിന് വഴിമാറി..
"ആരാണെന്ന് എനിക്ക് മനസ്സിലായില്ല "
"ഞാൻ മെറിൻ.. അന്നയാണെന്ന് പറഞ്ഞു വിളിച്ചത് ഞാനാണ്.. "
അത് കേട്ടതും നിരാശയാണോ ദേഷ്യമാണോ എന്നറിയാത്ത ഒരു വികാരമായിരുന്നു എന്നിൽ..
"ക്ഷമിക്കണം കേട്ടോ. അന്ന ചേച്ചി പറഞ്ഞായിരുന്നു ചേച്ചിയുടെ പേര് പറഞ്ഞു വേണം ഇക്കയെ വിളിച്ചു വരുത്താൻ എന്ന്..."
എന്റെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു, പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല..
"അപ്പൊ അന്ന.. അന്നയെവിടെയാ? "
അവൾ മൗനിയായി, അത് വരെ മുഖത്തുണ്ടായിരുന്ന നേർത്ത ചിരി പതിയെ മാറി...
കണ്ണിൽ ചെറുതായി കണ്ണീർ പടരുന്നത് പോലെ..
"5 കൊല്ലം മുമ്പ് അന്ന മരിച്ചു പോയി.."
ഒരു ഇടിത്തീ എന്റെ ശിരസ്സിലേക്ക് വീഴുന്നത് പോലെ..
കണ്ണിൽ ഇരുട്ട് പടരുന്നു.. 
ഞാൻ കാത്തിരിക്കുന്ന എന്റെ അന്ന മരിച്ചു പോയെന്ന്.. 
അവൾ കളി പറയുന്നതാകണേ ദൈവമേ..!
ഞാൻ ആ ബെഞ്ചിൽ അറിയാതെ ഇരുന്ന് പോയി, എന്റെ അരികിലായി മെറിനും..
"ക്യാൻസർ ആയിരുന്നു ചേച്ചിക്ക്.. നിങ്ങൾ പിരിയുന്നതിന്റെ ഒരാഴ്ച്ച മുമ്പാണ് ചേച്ചിയും അറിഞ്ഞത്, പക്ഷെ ഒരുപാട് വൈകിയിരുന്നു.."
ഞാൻ കണ്ണുകളടച്ചു മുഖം താഴ്ത്തി ഇരിക്കുകയാണ്.. മനസ്സിൽ അന്നയുടെ മുഖം മാത്രമാണ്,അവളെന്നോട് യാത്ര പറഞ്ഞു നീങ്ങിയ അവസാന ദിവസത്തിന്റെ ഓർമ്മകളിൽ ഹൃദയം തിളക്കുകയാണ്... 
"ഒന്നും നിങ്ങളാരും അറിയരുതെന്നായിരുന്നു ചേച്ചിക്ക്.. പക്ഷെ ശേഷിച്ച മാസങ്ങളിൽ ഒരു ദിവസം പോലും ഇക്കയെ കുറിച്ച് പറയാതിരുന്നിട്ടില്ല..
മരിക്കുന്ന നേരം എന്റെ കൈപിടിച്ച് അവസാനം പറഞ്ഞ വാക്ക് പോലും നിങ്ങളുടെ സ്നേഹത്തെകുറിച്ചായിരുന്നു..
അവനോടൊപ്പം ഇനിയും എട്ട് ജന്മങ്ങൾ ബാക്കിയുണ്ടെന്ന് പറഞ്ഞു ചിരിച്ചു കൊണ്ടാണ് ചേച്ചി കണ്ണടച്ചത്"..
അത് വരെ പിടിച്ചു വെച്ച കണ്ണുനീർ പെരുമഴ പോലെ പെയ്തിറങ്ങാൻ തുടങ്ങി..
അന്നയുടെ ഓർമ്മകൾ ആ കണ്ണീരിന്റെ കൂടെ ഒലിച്ചിറങ്ങുകയായിരുന്നു..
മെറിൻ എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..
നീണ്ട മൗനമായിരുന്നു കുറേ നേരത്തേക്ക്..
ആ മൗനം മുറിച്ചതും മെറിനായിരുന്നു..
"അന്നയാണെന്ന് പറഞ്ഞു അവനെ വിളിക്കണമെന്നും അവന്റെ കയ്യിൽ ഈ ഡയറി കൊടുക്കണമെന്നും എന്നോട് പറഞ്ഞതാ.. പക്ഷെ ഞാനത് പാടേ മറന്നു, കഴിഞ്ഞ മാസം വീട് ഷിഫ്റ്റ് ചെയ്യുമ്പോളാ ഈ ഡയറി കിട്ടിയത്.. പിന്നെ നമ്പർ ഒപ്പിച്ചു വിളിച്ചു.."
അവളെന്റെ നേരെ ആ ഡയറി നീട്ടി..
ഞാനത് വാങ്ങി..
എന്റെ അന്നയുടെ മണമുള്ള ഡയറി.. ഞാനത് ചുണ്ടോട് ചേർത്തു..
നെരൂദയുടെ കവിതകൾ,എന്റെ പേര്, എന്റെ ഓർമ്മകൾ, ഞങ്ങൾ നടന്ന് തീർത്ത വഴിയോരങ്ങൾ, നനഞ്ഞു തീർത്ത മഴയോർമ്മകൾ,സ്വപ്‌നങ്ങൾ, ആദ്യമായും അവസാനമായും നൽകിയ ചുംബനങ്ങൾ, അന്ന ജീവിച്ചിരിപ്പുണ്ടെന്ന ഓർമ്മ നൽകി മരിച്ചെന്ന് കേൾപ്പിച്ചതിനുള്ള ക്ഷമ പറച്ചിൽ, രണ്ടാം ജന്മത്തിൽ അവളുടെ ഉള്ളംകൈയിൽ ഒരു വടിയെടുത്തടിച്ചു ശിക്ഷിച്ചാൽ മതിയെന്ന ഓർമ്മപ്പെടുത്തൽ, ഇനിയും കരഞ്ഞാൽ പിണങ്ങുമെന്നുള്ള പരിഭവങ്ങൾ..
അങ്ങനെയങ്ങനെ വാക്കുകളിലൂടെ അന്ന പരന്നൊഴുകുകയിരുന്നു..

കാലം ഇനിയുമൊഴുകും..
മഴയും മഞ്ഞും പെയ്തിറങ്ങും, അന്നയുടെ ഓർമ്മകളും.. 
ഇത് നിനക്കുള്ളതാണ് അന്ന , നിന്നോട് പറഞ്ഞ വാക്ക്..
ഞാൻ കഴിഞ്ഞാൽ നീ ഏറെ ഇഷ്ടപെട്ട നിന്റെ നെരൂദയെ തന്നെ ഞാൻ കടമെടുക്കട്ടെ..

Tonight I can write the saddest lines.
The night wind revolves in the sky and sings.
Tonight I can write the saddest lines.
I loved her..

Tonight I can write the saddest lines.
To think that I do not have her.
To feel that I have lost her.  

ഞാനെന്റെ വാക്ക് പാലിക്കുന്നു അന്ന..
ഇനി നീ നിന്റെ വാക്ക് പാലിക്കുക..
പ്രണയത്തിന് പൂച്ചയെ പോലെ ഒമ്പത് ജന്മങ്ങളുണ്ടെന്ന് നിന്റെ നെരൂദ പറഞ്ഞത് ശരിയാണെന്ന് നീ തെളിയിക്കുക..
ഞാൻ കാത്തിരിക്കുന്നു അന്ന.. 

Wednesday, April 1, 2020

ലിയനാർഡോ ലെബനീസ്, ബേജാറിന്റെ കഥ..

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : കഥയും കഥാപാത്രങ്ങളും കഥാകാരനും കഥാ തന്തുവും എല്ലാം വെറും സാങ്കല്പികം മാത്രം..

 
2016 മാർച്ച് 28 വൈകുന്നേരം 6 മണി..
റൂമിലിരുന്ന് ടീവി കാണുന്ന ഞാൻ, അടുക്കളയിൽ പാചക കലയുടെ ആരും പോകാത്ത വഴിയിലൂടെ പ്രാന്തനെ പോലെ അലയുന്ന പ്രകാശ്..
ഓന്റെ ഒരു പ്രത്യേകത എന്താന്ന് വെച്ചാൽ എത്ര വെറൈറ്റി ആയി ഭക്ഷണം ഉണ്ടാക്കാം എന്ന് ഇത് പോലെ ചിന്തിക്കുന്ന വേറൊരു കുക്ക് ഈ ഭൂമി മലയാളത്തിൽ വേറെ ഇല്ല എന്നതാണ്..
ഫുഡ് എത്ര വെറൈറ്റി ഉണ്ടാക്കിയാലും അവസാനം അന്ന് കഞ്ഞി കുടിക്കേണ്ടി വരും എന്നത് വേറൊരു പരമപ്രധാനമായ സത്യം..
കാരണം അവന്റെ ഓരോ പരീക്ഷണങ്ങളും ദുരന്തത്തിലാണ് അവസാനിക്കാറ്..
ഇന്ന് മുട്ടയും ചേനയും ഒണക്കച്ചമ്മന്തിയും ചേർത്തുള്ള എന്തോ ഡിഷ് എന്ന് പറഞ്ഞാ അടുക്കളയിൽ ഓന്റെ ഷോ നടക്കുന്നത്..
'എന്തായാലും ഞാൻ കഞ്ഞി കുടിക്കാം' എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു ടീവിയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് ബേജാറ് ബിനു റൂമിലേക്ക് ബേജാറോടെ കേറി വരുന്നത്..
ലോകത്തു ഏത് കാര്യത്തിനും ഇത് പോലൊരു ബേജാറ് വേറാർക്കും കാണില്ല..
വന്ന ഉടൻ ഓന്റെ ബേജാറ് ഷോ തുടങ്ങി..
"അളിയാ, ക്ലയന്റ് വരുന്നുണ്ട്"
ഓനത് പറഞ്ഞു തീരും മുമ്പ് അടുക്കളയിൽ നിന്നും പ്രകാശ് റൂമിലേക്ക് പറന്നെത്തി..
"ചരക്കാണോ??" പ്രകാശിന്റെ ചോദ്യം..
"ആര് ??"
"നീയല്ലേ നിന്റെ ഏതോ ക്ലയന്റ് ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞത്.. അത് ചരക്കാണോ എന്ന് " ബേജാറ് കണ്ണ് മിഴിച്ചു..
"എടാ ക്ലയന്റ് എന്ന് പറഞ്ഞാൽ സെറ്റപ്പ്‌ എന്നല്ല.. ഓഫീസിലെ ക്ലയന്റ് ആണ്..അമേരിക്കയിൽ നിന്ന് വരുന്നതാ.. ചെറിയ കമ്പനി ആയതു കൊണ്ട് തന്നെ ഓരോ തവണയും അവരുടെ താമസ സ്ഥലത്തുള്ള കാര്യങ്ങളൊക്കെ നോക്കേണ്ടത് ആ ടീമിലെ ഏതേലും എംപ്ലോയീ ആണ്.. ഇത്തവണ എന്നോട് നോക്കി ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്".. ബേജാറ് ബേജാറോടെ പറഞ്ഞു നിർത്തി..
പ്രകാശ് വന്ന പോലെ പോയി.
"എടാ, രാത്രി കഞ്ഞിയും അച്ചാറും പോരെ?? " അടുക്കളയിൽ എത്തിയ അവൻ വിളിച്ചു ചോദിച്ചു..
"മുട്ടേം ചേനേം വെച്ച് നീ കഞ്ഞിയാണോ ആക്കിയേ??" എന്റെ ചോദ്യം..
"അല്ല.. അങ്ങോട്ട് വന്ന സമയം ആക്കിയതൊക്കെ കരിഞ്ഞു പോയി.. ഇനി വേണേൽ കഞ്ഞി ആക്കണം"
ഓരോ ദിവസോം ഓരോ കാരണം..
"ആ ശരി.. കഞ്ഞി കഞ്ഞി ആക്ക്.. "
"എടാ, ഞാൻ പറഞ്ഞതിനെന്തേലും പരിഹാരം ആക്കെടാ, ക്ലയന്റ് വരുന്നുണ്ടെന്ന്.. അതും ഒരു പെണ്ണ് ഒറ്റക്കാ  ഇത്തവണ"
ബേജാറ് ഇതു പറഞ്ഞതും അതുവരെ ആ വിഷയം മൈൻഡ് ആക്കാതിരുന്ന എന്റെ മനസ്സിൽ പഞ്ചായത്തിലെ മുഴുവൻ കോഴിയും ഒരുമിച്ച് കൂവി..
"പൊളിച്ചല്ലോ മോനെ.. "
"പോടാ..എനിക്കിവിടെ പേടിയായിട്ട് വയ്യ.. നാളെ വരും.. വരുന്നത് അമേരിക്കക്കാരിയാ.. അവരൊന്നും ശരിയല്ല.."
"അതെന്താ നീ അങ്ങനെ പറഞ്ഞത്?? " എന്റെ സംശയം..
"ഞാൻ സിനിമയിൽ കാണാറുള്ളതല്ലേ.. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് മറ്റേതാ"
ബേജാറിന്റെ ബേജാറിനു കാരണം അതാണ്..
"അത് നീ അങ്ങനത്തെ സിനിമ മാത്രം കാണുന്നത് കൊണ്ട് തോന്നുന്നതാ .."
"എന്നാലും ഞാനൊറ്റക്ക് ആ ഹോട്ടലിൽ.. "
"ഒറ്റ റൂമിലാണോ രണ്ടാളും ?? "
"അതല്ല.. എനിക്ക് വേറെ റൂം ആണ്.. എന്നാലും.. "
"അതിരിക്കട്ടെ.. കാണാൻ എങ്ങനാ ആള്?? എത്ര പ്രായം കാണും ??"
"അതൊന്നും അറിയൂല.. സ്കൈപ്പിൽ ഒരു പൂച്ചയുടെ ഫോട്ടോയാ .."
"ഓഹോ .. അശ്വതി അച്ചു എന്നാണോ ക്ലയന്റിന്റെ പേര് ?? " എന്റെ ചോദ്യം..
"അല്ല .. എലിസബത്ത്.. എന്തെ അങ്ങനെ ചോദിക്കാൻ.. "
"അല്ല.. സാധാരണ അങ്ങനെ ആണല്ലോ.. "
"അമേരിക്ക ആയാലും അട്ടപ്പാടി ആയാലും പെൺകുട്ടികൾ സ്വന്തം ഫോട്ടോ ഇടാതെ പൂച്ചേടേം പൂവിന്റേം ഒക്കെ ഫോട്ടോ ഇടുന്നതാ ഇന്നത്തെ യുവത നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.. "
കഞ്ഞി കഞ്ഞി കലത്തിൽ വെച്ച് വന്നത് ഈ എപിക് ഡയലോഗ് അടിക്കാനാണ്..
"ഏതായാലും നീ നാളെ ഓഫീസിൽ പോയി നോക്ക്.. ചിലപ്പോ ബിരിയാണി കൊടുത്താലോ.. "
ഞാനും പ്രകാശും സിനിമയിലേക്ക് കണ്ണ് നട്ടു .. ബേജാറ് പിന്നേം ഓരോ ദുരന്തം പറഞ്ഞോണ്ടിരുന്നു..

രാവിലെയായി..
പതിവില്ലാണ്ട് ബിനു കുളിച്ചു,അമ്പലത്തിൽ പോയി, കുറി തൊട്ട് സുന്ദരനായി..
"എന്താ അന്റെ ഉദ്ദേശം?? " ഇന്നലെ വരെ ദുരന്തം പറഞ്ഞോണ്ടിരുന്നവന് ഇന്നെന്ത്‌ പറ്റിയെന്ന് മനസ്സിലായില്ല..
"ഏതായാലും നീ പറഞ്ഞ പോലെ ബിരിയാണി കൊടുത്താലോ.. " ഓന്റെ മുഖം കണ്ടാലറിയാം ,ബേജാറൊക്കെ പോയിട്ടുണ്ട്.. ഇപ്പൊ ഉള്ളിൽ മൊത്തം പ്രതീക്ഷയാ..
"ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്.. ചില ക്ലയന്റ് ഒക്കെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ രക്ഷപ്പെടുമെന്ന്."
ഓൻ പ്രതീക്ഷയും കൊണ്ടങ്ങു മോളിലോട്ട് പോകുവാ.. കള്ള ബഡുവ..
"ഈശ്വരാ..60 കഴിഞ്ഞ യുവതി ആയിരിക്കണേ ഇന്ന് വരുന്നത്.. " എന്നും പറഞ്ഞു പ്രകാശ് അടുക്കളയിലേക്ക് പോയി..
അസൂയ ,വെറും അസൂയ..
ബേജാറ് പല്ല് ഞെരിച്ചു.. പിന്നെ മുകളിലേക്ക് നോക്കി എന്തൊക്കെയോ പ്രാർത്ഥിച്ചു..
ഓൻ  കുട്ടപ്പനായി ഓഫീസിലേക്ക് പോയി..

11  മണിയായപ്പോ ഓന്റെ ഫോൺ വന്നു..ഹലോ എന്ന് പറഞ്ഞപ്പോൾ തന്നെ കന്നി മാസത്തിൽ മഴ പെയ്യുന്നത് കണ്ട പട്ടിയുടെ സന്തോഷം എനിക്ക് അനുഭവിക്കാനായി..
"അളിയാ ,ആളെത്തി.. പ്രകാശിന്റെ ഭാഷയിൽ പറഞ്ഞാൽ ആളൊരു ചരക്കാണ് മോനെ.. "
"നിന്റെ ഭാഷയിൽ പറഞ്ഞാലോ?? " എന്റെ മറുചോദ്യം..
"ങേ.. അത്.. അതും ചരക്കെന്നെ.. അല്ലെ.. "
"പോടാ "
"പിന്നൊരു പ്രശ്നമുള്ളത് ,വേറൊരു പ്രോജെക്ടിലെ ഒരു സായിപ്പ് കൂടിയുണ്ട് ഇന്ന് എത്തിയിട്ട്.. അമേരിക്കയിൽ നിന്ന് തന്നെയാ, ലിയനാർഡോ.. അയാളും  അതെ ഹോട്ടലിലാ താമസം.. " അത് കേട്ടപ്പോൾ എനിക്കെന്തോ ചെറിയൊരു സന്തോഷമൊക്കെ തോന്നി..
"വാഹ്. എന്നാൽ മദാമ്മയുടെ കാര്യം സായിപ്പ് നോക്കിക്കോളും.. നീ ഇറച്ചിക്കടയുടെ പുറത്തു നിക്കുന്ന പട്ടി നിക്കുന്ന പോലെ നോക്കി നിന്നാൽ മാത്രം മതിയാകും.. "എന്റെ സന്തോഷം ഞാൻ പ്രകടിപ്പിച്ചു..
"പോടാ.. ആളെ കണ്ടാൽ തന്നെ പേടിയാകും.. ഒരു കാടൻ.. ഓള്  ആ ഭാഗത്തേക്ക് തന്നെ നോക്കുന്നില്ല..ഇന്നെന്റെ ചാരിത്രം ചരിത്രമാകും മോനെ.. വിഷ് മി എ ഗുഡ് ലക്ക്.. " ഓന്റെ അഭ്യർത്ഥന..
"ആ.. ഫോൺ വെച്ചിട്ട് പ്രാർത്ഥിച്ചോളാം " ചോപ്പ് ബട്ടൺ അമർത്തി..
"ഒന്നും നടക്കല്ലേ.. മദാമ്മക്ക് നല്ല യാത്രാക്ഷീണവും ഉറക്കും ഉണ്ടാകണേ " ഞാൻ നന്നായി പ്രാർത്ഥിച്ചു..
നേരത്തെ പ്രകാശിന് ഉണ്ടെന്ന് പറഞ്ഞില്ലേ, അതെ സാധനം എനിക്കും ഉണ്ടായിരുന്നു കേട്ടോ..
ഏത്?? അതെന്നെ, അസൂയ, വെറും അസൂയ..

വൈകുന്നേരമായി..
വാട്സപ്പിൽ ബിനുവിന്റെ മെസ്സേജ്, ഒരു ഫോട്ടോയാണ്..കൂടെ 'എങ്ങനുണ്ട് എന്റെ എലിയെന്ന' ചോദ്യവും..
സായിപ്പിന്റേം മദാമ്മയുടേം നടുക്ക് കപ്പത്തോട്ടത്തിൽ നിക്കുന്ന എലിയെ പോലെ ചിരിച്ചു നിക്കുന്ന ഓനെ ഞാൻ മൈൻഡ് ചെയ്തില്ല..മദാമ്മയെ സൂം ചെയ്തു നോക്കി..
'കൊള്ളാം .. പ്രകാശിന്റെ ഭാഷയിൽ പറഞ്ഞാൽ ചരക്കാ..ഉറക്ക ക്ഷീണമൊന്നുമില്ല, നല്ല പ്രസന്നതയുമുണ്ട്.. ഓൻറെയൊക്കെ  ഒരു ടൈം '.. ആത്മഗതം..
"ഇന്നും നിനക്ക് കഞ്ഞി പോരെ ??" അടുക്കളയിൽ നിന്നും കപ്പേം ബീഫും ഉണ്ടാക്കാൻ പോയ പ്രകാശിന്റെ ചോദ്യം..
കപ്പ കൊണ്ടാണോ കഞ്ഞിയുണ്ടാക്കിയേ എന്ന് ചോദിച്ചില്ല, അവനും ഫോട്ടോ കിട്ടിക്കാണണം.. അതാവും കഞ്ഞിയാവാനുള്ള ഇന്നത്തെ കാരണം..
"മതി മതി.." വേദനയോടെ മറുപടി കൊടുത്തു..
ഞാൻ ഫോട്ടോ ഒന്നൂടി സൂം ചെയ്തു..

അര മണിക്കൂറിന് ശേഷം ബേജാറിന്റെ ഫോൺ..
എടുക്കാൻ തോന്നിയില്ല.. സന്തോഷം പങ്കുവെക്കാൻ  ആണെങ്കിലോ ??
എന്തായാലും എടുത്തു..
"അളിയാ.. പണി പാളിയെടാ.." ബേജാറ് ബേജാറോടെ പറഞ്ഞു.. എന്റെ ബേജാറാക്കെ  പോയി കുറച്ചു സന്തോഷം എവിടെന്നൊക്കെയോ വന്നു..
"എന്താടാ ??"
"ആ ലിയനാർഡോ ലെബനീസ് ആണെടാ.. "  അവൻ പേടിയോടെ പറഞ്ഞു..
"ലെബനീസൊ.. നീയല്ലേ പറഞ്ഞെ അമേരിക്കയിൽ നിന്നാണ് എന്ന്.."
"അമേരിക്കയിൽ നിന്നൊക്കെ തന്നെ.. പക്ഷെ ആള് ലെബനീസ് ആണ്.. "
"ങേ.."
"എടാ.. ഈ ആണും ആണും തമ്മിൽ അത് ചെയ്യൂലേ.. അത് "
ആ  ബെസ്റ്റ്.. ലെസ്ബിയൻ എന്നതാ മണ്ടൻ ഉദ്ദേശിച്ചത് എന്നിനിക്കപ്പോ കത്തി..ഏതായാലും ഞാൻ തിരുത്താനൊന്നും പോയില്ല..
"ഓ,ഗേ.. നിനക്കെങ്ങനെയാ മനസ്സിലായത്"
"ആ ഫോട്ടോ എടുത്ത് കഴിഞ്ഞ ഉടൻ അയാൾ എന്റെ ചന്തിക്ക് പിടിച്ചെടാ.. അതും പാന്റിന്റെ അകത്തു കയ്യിട്ടിട്ട്.. " അവൻ പേടിച്ചു കിതക്കാൻ തുടങ്ങി..
ഒരു സുഹൃത്ത് ഈ സമയത്തു ചിരിക്കാൻ പാടില്ല എന്നാണ് ലോ ഓഫ് ഫ്രണ്ട്ഷിപ് പറയുന്നത്.. എന്നാലും ഞാൻ ആ ലോ തെറ്റിച്ചു.. ഓൻ കേൾക്കാതെ ഞാൻ ചിരിച്ചു , അത്രമേൽ ഉണ്ടായിരുന്നു ആ ഫോട്ടോയിലെ ഓന്റെ ചിരി..
"നിനക്ക് തോന്നിയതാവും..നമ്മുടെ നാട് പോലല്ല.. അതവരുടെ ഒരു ശൈലിയാടാ.. കണ്ടാൽ അപ്പൊത്തന്നെ കിസ് അടിക്കും, അസ്ഥാനത്തു പിടിക്കും.. അങ്ങനെയങ്ങനെ.. അല്ലാതെ ലെബനീസ് ആയത് കൊണ്ടൊന്നുമല്ല" ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
"അല്ലടാ.. അത് മാത്രമല്ല.. റൂമിൽ കേറാൻ നേരം അയാളെന്നോട് രഹസ്യമായി പറഞ്ഞു "Dont lock the door,I will come" എന്ന് " അവൻ കരഞ്ഞു തുടങ്ങിയോ എന്നൊരു ഡൌട്ട്..
ഞാൻ കുറെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
"പിന്നെ ആ ഫോട്ടോയിൽ ബാക്ക്ഗ്രൗണ്ടിൽ എന്താടാ പോലീസ് ഒക്കെ കണ്ടത് ??" വിഷയം മാറ്റാൻ ഞാൻ ചോദിച്ചു..
"അതെന്തോ അന്വേഷിക്കാൻ വന്നതാ.ആ കാടന്റെ അടുത്ത് നിന്ന് രക്ഷപെടാൻ ഞാൻ പോലീസുകാരുടെ കൂടെയൊക്കെ കമ്പനി അടിച്ചു നടക്കുവായിരുന്നു.. പോലീസ് പോയ ഉടൻ ഞാൻ റൂമിൽ കേറി വാതിലടച്ചതാ.." അവൻ പറഞ്ഞു നിർത്തി..
പിന്നേം കുറെ സമാധാനം ഫ്രീ ആയി കൊടുത്തു ഞാൻ ഫോൺ വെച്ചു..
ഫോട്ടോ ഒന്ന് കൂടി നോക്കി.. കാടൻ ആണെങ്കിലും മദാമ്മയെക്കാളും പ്രസന്നത സായിപ്പിനാ..
"ബേജാറിന്റെ ചാരിത്രം ചരിത്രമാവാതിരുന്നാൽ അതവന്റെ മുജ്ജന്മ പുണ്യം.. "


കഞ്ഞി കുടിക്കാൻ നേരം ഈ കാര്യം ഞാൻ  പ്രകാശിനോട് പറഞ്ഞു,ഓൻ  അടുക്കളയിൽ പോയി ബീഫ് എടുത്തു വന്നു എന്റെ കഞ്ഞിയിൽ ഇട്ടു തന്നു..
വെറുതെ ,വെറും സ്നേഹം..

രാത്രി പിന്നേം ബേജാറിന്റെ ബേജാർ വിളികൾ വന്നു..
സായിപ്പ് വാതിലിൽ ഇടക്കിടക്ക് മുട്ടുന്നത് കാരണം അവന്റെ മുട്ടലുകൾ പോലും നിന്നിരിക്കുകയാണെന്ന് കരഞ്ഞോണ്ട് പറഞ്ഞു..
അല്ലേലും പേടിച്ചാലോ, മുള്ളിക്കൊണ്ടിരിക്കുമ്പോൾ എന്തേലും ഒച്ച കേട്ടാലോ ഒക്കെ സ്വിച്ച് ഇട്ട പോലെ മുള്ളൽ നിക്കുന്ന മുള്ളോഫോബിയ എന്ന അസുഖം ഉള്ള ചെറുക്കനാ,എന്താകുമോ എന്തോ..
ഞങ്ങൾ മാക്സിമം സമാധാനിപ്പിച്ചു..

രാവിലെയായി..
വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് ഞങ്ങൾ എണീറ്റത്..
ഞാൻ എണീറ്റ് സമയം നോക്കി, 10 മണിയായിട്ടുണ്ട്..
വാതിൽ തുറന്നു..
ബേജാറാണ്,വലത്തേ കവിളിൽ കൈ കൊണ്ട് മറച്ചിട്ടുണ്ട്.
 "എന്താടാ സായിപ്പ് പിടിച്ചു കടിച്ചോ??"
കണ്ട ഉടൻ എന്റെ ചോദ്യം..
"ഇല്ല.. കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു.." അവന്റെ മറുപടി..
"അല്ലെങ്കിലും ആഗ്രഹിച്ചത് കിട്ടാതെയാകുമ്പോൾ സായിപ്പന്മാർക്ക് പ്രത്യേകം പ്രാന്താണ്. അതാവും.." പ്രകാശിന്റെ കണ്ടു പിടിത്തം..
"ശരിയാടാ.. എന്നാലും ഇത്രേം പ്രാന്ത് ഞാൻ പ്രതീക്ഷിച്ചില്ല " ബേജാർ അത് ശരി വെച്ചു..
"എന്നാൽ നിനക്ക് കൊടുത്തോടായിരുന്നോ ?? " പ്രകാശ് തിരിച്ചടിച്ചു.
"പക്ഷെ അയാൾക്ക് വേണ്ടത് അതാന്നു എനിക്കറിഞ്ഞിരുന്നേൽ കൊടുത്തേനേ ഡാ .." ബേജാറിന്റെ മുഖത്ത് കുറ്റബോധം ഊബർ ടാക്സി പിടിച്ചെത്തി..
ങേ.. ങേ..!
ആദ്യത്തെ ങേ എന്റേത്,രണ്ടാമത്തേത് പ്രകാശിൻറേം..

 "ശരിക്കും എന്താ സംഭവിച്ചേ.. നീ വിശദമായി പറയ്"
വേദനയോടെ ബേജാർ പറഞ്ഞു തുടങ്ങി..
"രാത്രി ഞാൻ ഒരു പോള കണ്ണടച്ചില്ല.. സായിപ്പും.. ഓരോ അര മണിക്കൂറും അയാൾ വന്ന് വാതിലിന് മുട്ടായിരുന്നു..അങ്ങനെ രാവിലെയായി.."
"എന്നിട്ട്??"
"അയാളുടെ ഒച്ചയൊന്നും കാണാതായപ്പോ  ഞാൻ പതിയെ വാതിൽ തുറന്നു.. ആ ഒച്ച കേട്ടതും അയാൾ അടുത്ത മുറിയിൽ നിന്നും ഓടിച്ചാടി ഒരു വരവായിരുന്നു.. തെലുങ്ക് സിനിമയിൽ വടിവാളുമെടുത്തു വില്ലന്മാർ വരുന്ന അത്രേം സ്പീഡിൽ .. " അവന്റെ കണ്ണുകളിൽ ഞങ്ങളന്നേരം ആ ഭയം അനുഭവിച്ചറിഞ്ഞു..
"എന്നിട്ട്??"
"ഞാൻ വാതിലടക്കും മുമ്പ് അയാൾ റൂമിലേക്ക് ചാടിക്കേറി എന്റെ പാന്റ്സ് വലിച്ചങ്ങു താഴ്ത്തി"
"അരെ വാഹ്, എന്നിട്ട്??????"
"എന്റെ പിറകിൽ കയ്യിട്ട് ജെട്ടിയുടെ ഉള്ളിൽ നിന്നും ഒരു പാക്കറ്റ് എടുത്തെടാ.."
ങേ.. !!ങേ..!!
 "നീയെന്തിനാ ജെട്ടിന്റുള്ളിൽ പാക്കറ്റ് വെച്ചത്?? "എന്റെ ചോദ്യം
"പേടിച്ചിട്ടു പമ്പേഴ് വെച്ചതായിരിക്കും" പ്രകാശിന്റെ ഉത്തരം..
"പോടാ.. അതയാൾ തന്നെ വെച്ചതാ. എന്തോ കഞ്ചാവോ പണ്ടാരമോ മറ്റോ  ആയിരുന്നു..അയാൾ എവിടുന്നോ ഒപ്പിച്ചത് പോലീസിനെ കണ്ടപ്പോൾ പേടിച്ചു എന്റെ പിറകിൽ വെച്ചതാടാ.. അതെടുക്കാൻ ആണ് അയാൾ റൂമിലേക്ക് വരാൻ നോക്കിയത്..ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ സായിപ്പിന് പ്രാന്താകും എന്ന് ഇവൻ പറഞ്ഞത് ശരിയാടാ.. അതെടുത്തു അയാൾ കരണം പൊകയുന്ന രീതിയിലാ ഒന്ന് പൊട്ടിച്ചത്.. എന്റെ ഭാഗ്യത്തിന് പാടൊന്നും വന്നിട്ടില്ല.."
അവൻ പറഞ്ഞു നിർത്തി.
ലോ ഓഫ് ഫ്രണ്ട്ഷിപ് ഞങ്ങൾ പിന്നേം പൊട്ടിച്ചു..
ബേജാറ് കണ്ണീരിലാണ് എന്ന് നോക്കാതെയാ ഞങ്ങൾ ചിരിച്ചത് ..
"നിർത്തെടാ പട്ടികളെ.. അടി കിട്ടിയതല്ല രണ്ട് പ്രധാന പ്രശ്നങ്ങളോർത്താ എന്റെ വിഷമം"
"എന്താ രണ്ടാമത്തെ പ്രശ്നം??" എന്റെ ചോദ്യം
"ജെട്ടിക്കുളിൽ കഞ്ചാവും വെച്ചാടാ ഞാൻ പോലീസിന്റെ കൂടെ കമ്പനി കൂടെ നടന്നത്?? "
എപിക് ..!

"അപ്പൊ ആദ്യത്തെ പ്രശ്നം?? "
"ഹോട്ടലിൽ എത്തിയ ഉടൻ റൂമിൽ കേറി കതകടച്ച ആ പണ്ടാര എലി റൂമിന്ന് പിന്നെ ഇറങ്ങിയത് എപ്പോഴാന്നറിയോ?? സായിപ്പ് എന്റെ റൂമിൽ നിന്നും ഇറങ്ങിയ സെയിം മോമെന്റിൽ.. ഞാൻ പാന്റിടുന്നത് കണ്ട അവൾ ചോദിക്കുവാ, "ഹോപ്പ് യു ടൂ എൻജോയ്‌ഡ്‌ എ ലോട്ട്,നോട്ടി ഗയ്‌സ് " എന്ന്.. "
മാസ്മരികം..!

അവന്റെ കണ്ണിൽ കണ്ണീരല്ല.. തീയായിരുന്നു..
അവൻ മുഖം തടവി..
"സാരമില്ലെടാ, മൂലക്കുരു വരാനിരുന്നത് മുഖക്കുരു വന്നു എന്ന് സമാധാനിച്ചാൽ മതി" ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
"പോടാ.. അവളിപ്പോ ഓഫീസിൽ പോയി പറയൂലെ ഞാൻ ലെബനീസ് ആണെന്ന്.. അതാ എന്റെ പേടി.. "
"ഇല്ലെടാ.. അമേരിക്കക്കാരിയല്ലേ.. അവർക്കിതൊക്കെ സാധാരണമാ.."
"എന്തായാലും പെണ്ണെല്ലെടാ.. പറയും അവൾ.." അവൻ കരഞ്ഞു തുടങ്ങി..

പക്ഷെ അവൻ പേടിച്ച പോലെ സംഭവിച്ചില്ല.. എലി ആരോടും ഒന്നും പറഞ്ഞില്ല.. അവൾ അന്നെന്നെ ഹൈദരാബാദിലെ ഒരു കമ്പനി കൂടി സന്ദർശിച്ചു അമേരിക്കയിലേക്ക് പോയി..
ബേജാറിന്റെ ബേജാറ് പതിയെ ഇല്ലാതായി..

മാസങ്ങൾ കടന്നുപോയി..
ഒരീസം ബേജാറ് പതിവിലും ബേജാറായി റൂമിലേക്കെത്തി..
"അളിയാ സീൻ കോൺട്രയാണ്."
പഴേ അതെ കരച്ചിലിന്റെ ടോൺ..
"എന്തെ, എലി മെയിൽ വല്ലോം അയച്ചോ??
"ഇല്ലെടാ.. അവളുടെ ടീമിൽ നിന്നും അടുത്ത മാസം ഒരു സായിപ്പ് കൂടി വരുന്നുണ്ട് ഇങ്ങോട്ടേക്ക്.."
"അതിന് നിനക്കെന്താടാ ??"
"അയാൾ മെയിൽ അയച്ചിട്ടുണ്ട്, ഫുഡ് ആൻഡ് അക്കൊമൊഡേഷൻ ഞാൻ നോക്കിയാൽ മതിയെന്ന്.. ഇനി അയാൾ ലെബനീസ് ആയിരിക്കുമോ ??
ഞാൻ ലെബനീസ് ആണെന്ന് അവൾ പറഞ്ഞത് കൊണ്ടാകുമോ ഞാൻ തന്നെ വേണമെന്ന് പറയുന്നത്?? " 
"സാരൂല്ലടാ.. നീയല്ലേ പറഞ്ഞെ ചില ക്ലയന്റ് ഒക്കെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ രക്ഷപ്പെടുമെന്ന്" പ്രകാശ് സമാധാനിപ്പീര് ഡയലോഗ്..
ബേജാറിന്റെ കണ്ണിൽ കട്ടപ്പ പിന്നിൽ നിന്നും തന്തയെ കുത്തിയ കഥ കേട്ട ജൂനിയർ ബാഹുബലിയുടെ കണ്ണിലെ അതെ തീ..!

ബേജാറിന്റെ ബേജാർ ദിവസങ്ങൾ വരാൻ പോകുന്നതേ ഉള്ളൂ..!

Thursday, January 31, 2019

മോട്ടിവേഷണൽ കഥ..!

ചില സമയത്തിങ്ങനെ ഡൌൺ ആയി പണ്ടാരടങ്ങി നിക്കുമ്പോൾ ഒരൊന്നൊന്നര മോട്ടിവേഷൻ കിട്ടിയാൽ ലൈഫ് ജ്വലിക്കും... !

കോളേജ് കാലം..
ഒന്നാം വർഷം കേറിയന്ന് തന്നെ സൂപ്പർ സീനിയർ ആയ ജാസ്മിനിത്താത്തയോട് ഒടുക്കത്തെ പ്രണയം.. ഏത്??
പറയാൻ പക്ഷെ ധൈര്യമില്ല..
വെറുതെ നിക്കുന്ന മൊമെന്റിൽ പോലും ,ഒരു കാര്യവുമില്ലാതെ തല്ലു വാങ്ങിത്തരാൻ കെൽപുള്ള പ്രിജേഷും സഫീറുമൊക്കെ കട്ട ചങ്ക്‌സ് ആയി മാറി..
അവന്മാരൊക്കെ ഉള്ളപ്പോൾ ധൈര്യത്തിൽ വീരപ്പന്റെ തോളൊപ്പം നിക്കുന്ന അവസ്ഥ, എങ്കിൽ പോലും  ജാസ്മിനിത്താത്തയോട് മാത്രം ഒന്നും പറഞ്ഞില്ല..
"ഡാ ഫായിസെ, നീ ധൈര്യമായി പറയടാ.. സംഗതി ഓള് നിനക്കുള്ളതാ"
പ്രിജേഷ് മൊഴിഞ്ഞു..
ധൈര്യം തന്നു ആളെ കൊലക്ക് കൊടുക്കാനുള്ള മൂവ് ആണെന്നൊരശരീരി എവിടെന്നോ വന്നത് കൊണ്ട് മറിച്ചൊന്നും പറഞ്ഞില്ല..പക്ഷെ ഓൻ വിടുന്ന ലക്ഷണമില്ല.. !
"നമ്മൾ എന്ത് വിചാരിക്കുന്നോ, അതീ ലോകത്തു നടക്കും.. അതങ്ങനാ.. ഞാൻ വേണേൽ ഒരുദാഹരണം പറയാം.. "
ഏത്??
ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ആ മോട്ടിവേഷൻ സംഭവം.. മൂഞ്ചിത്തെറ്റി നിക്കുമ്പോൾ മോട്ടിവേഷൻ കിട്ടി ലോകം കീഴടക്കാൻ പറ്റുമെന്നുള്ള ഒരു തോന്നൽ വരുന്ന മൊമെന്റ്..അതാരുന്നു അത്..
പ്രിജേഷ് പറഞ്ഞു തുടങ്ങി..
"എനിക്കരമ്മൂമ്മ ഉണ്ട്.. 90 വയസ്സായി.. വാതവും ഷുഗറും പ്രഷറും എലിപ്പനീം തൊണ്ടവേദനേം ഒക്കെ കാരണം കിടപ്പിലായ അമ്മൂമ്മ..ഒന്നനങ്ങി കിടക്കണമെങ്കിൽ പോലും 'മെഡിക്കൽ മിറാക്കിൾ' നടക്കണം  എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഷാഡ് സിറ്റുവേഷൻ.. ചുരുക്കിപ്പറഞ്ഞാൽ അമ്മൂമ്മനെ കൊണ്ട് വീട്ടുകാർക്കും വീട്ടുകാരെകൊണ്ട് അമ്മൂമ്മക്കും മടുപ്പ് വന്നു തുടങ്ങി.. "

'കിടപ്പിലായ അമ്മൂമ്മയെ വലിച്ചു വാരി കായലിൽ തള്ളിയ മോട്ടിവേഷൻ വല്ലോം ആണ് ഈ കുതിര പറയുന്നത് ' എന്ന് ഞാനും സഫീറും നിനച്ചിരുന്ന ടൈം കഥയുടെ ട്വിസ്റ്റ് എത്തി..

"അങ്ങനെ ഒരീസം രാവിലെ അമ്മൂമ്മന്റെ അടുത്തു പോയി ഞാൻ നിന്നോട് നേരത്തെ പറഞ്ഞ ഡയലോഗ് അത് പോലെ പറഞ്ഞു..
അമ്മൂ, നമ്മൾ എന്ത് വിചാരിക്കുന്നോ, അതീ ലോകത്തു നടക്കും.. പക്ഷെ അതിന് അമ്മൂമ്മ തന്നെ വിചാരിക്കണം.. "
ഓൻ കഥ പറഞ്ഞു നിർത്തി..
"എന്നിട്ട്?? " ക്ലൈമാക്സ് അറിയാനുള്ള ഒടുക്കത്തെ ആകാംഷ..
"എന്നിട്ടെന്ത്.. എന്റെ വാക്കുകളുടെ തീക്ഷണതയും ഇന്റെന്സിറ്റിയും ഒക്കെ കേട്ട് അമ്മൂമ്മക്ക് അങ്ങോട്ട് മോട്ടിവേഷൻ തലക്ക് പിടിച്ചു.. അമ്മൂമ്മേം കരുതി, അമ്മൂമ്മ എന്ത് വിചാരിക്കുന്നുവോ അതാണമ്മൂമ എന്ന്.. അടുത്ത മൊമെന്റിൽ വാതം പിടിച്ചു തളർന്ന കാല് നാല് റൌണ്ട് വായുവിൽ ചുഴറ്റി അമ്മൂമ്മ ചാടി ഒരേണീപ്പാണ്‌..എന്നിട്ട് ആരോടും ഒന്നും മിണ്ടാണ്ട് മരിച്ചു പോയ തന്റെ ക്ലാസ്സ്‌മേറ്റ് വർഗീസേട്ടന്റെ കല്ലറയിലേക്ക് പോയി രണ്ട് ചെമ്പരത്തിപ്പൂവും വെച്ച് തിരിച്ചു പോന്നു.. 110  വയസ്സ് വരെ പയറ് പയറ് പോലെയാ അമ്മൂമ്മ ജീവിച്ചേ.. "

എന്റേം സഫീറിന്റേം രോമം ഒരേതാളത്തിൽ ചാടിയെണീറ്റ്.. അജ്ജാതി ലെവൽ മോട്ടിവേഷൻ.. അജ്ജാതി ബിൽഡ് അപ്പ് ഓന്റെ മുഖത്തു..
സംഗതി ഏറ്റു..
അന്നെന്നെ ജാസ്മിനിത്താത്തയോട് കാര്യം പറഞ്ഞു..
പക്ഷെ മോട്ടിവേഷൻ കഥ കേട്ടിട്ട് ഓടി ചാടി ഓരോന്ന് പറയാൻ  പുറപ്പെടുമ്പോൾ കേൾക്കുന്ന ആളും അതെ മോട്ടിവേഷൻ കഥ കേട്ടിരിക്കണം എന്നുള്ളത് ഓർത്തില്ല.. പ്രതികരണം ആന്റി മോട്ടിവേഷണൽ ആയിരുന്നോണ്ട് ഇവിടെ പറയുന്നില്ല..
അടുത്ത ആഴ്ച തന്നെ ഇത്താന്റെ കല്യാണോം കഴിഞ്ഞു എന്നത് വേറൊരു മോട്ടിവേഷൻ.. !

അന്നെന്നെ പ്രിജേഷിന്റെ വലത്തേ കവിളിൽ ഞാനും ഇടത്തെ കവിളിൽ സഫീറും കൈ വിരൽ കൊണ്ട് കവിത വിരിയിച്ചു.,
കൂടെ ഒരൊന്നൊന്നര മോട്ടിവേഷൻ മെസ്സേജും.. 
"മൂഞ്ചിത്തെറ്റിയിരിക്കുന്നവന് മോട്ടിവേഷൻ കൊടുത്തു ഊഞ്ഞാലാട്ടരുത്"..

ഇപ്പൊ പറയാൻ കാരണം,
ഇന്നും കിട്ടി ഒലക്കമ്മിലെ ഒരു മോട്ടിവേഷൻ.. :D




Friday, September 29, 2017

വർണ്യത്തിൽ ആ'ശങ്ക'.. !!

മഴയൊന്നു തോർന്ന തക്കം നോക്കി പെട്ടെന്ന് തന്നെ ബാഗും പിറകിൽ തൂക്കി ബൈക്കുമെടുത്തു ഓഫീസിൽ നിന്നുമിറങ്ങി..
ഇച്ചിരിയങ്ങു നീങ്ങു വണ്ടി ഒരു ഗട്ടറിൽ വീണപ്പോൾ ഒരു "ചിൽ-ചിൽ" സൗണ്ട്.. ഓരോ കുഴിയിലും വീഴുമ്പോൾ സൗണ്ട് വരുന്നുണ്ട്.. കേരളത്തിലെ റോഡല്ലേ,കുഴിയേതാ റോഡേതാ എന്നറിയത്തോണ്ട് സൗണ്ട് രൂക്ഷം..!
പുതിയ വേണ്ടിയല്ലേ, അങ്ങനെ സൗണ്ട് വന്നാൽ എങ്ങനാ?
ഒന്നും നോക്കാണ്ട് അടുത്ത് കണ്ട വർക്ക് ഷോപ്പിലേക്ക് കേറ്റി, ഹിന്ദിക്കാരൻ മെക്കാനിക്കിനോട് അറിയാവുന്ന തമിഴിൽ കാര്യം പറഞ്ഞു..
ഓൻ എല്ലാം കേട്ട്,"നോക്കട്ട് സേട്ടാ" എന്നും പറഞ്ഞു വണ്ടി ഒരു റൌണ്ട് ഓടിച്ചു വന്നു..
പിന്നെ കയ്യിൽ കിട്ടിയ സ്പാനർ എടുത്തു എന്തൊക്കെയോ മുറുക്കി..
എത്രയായി എന്ന് ചോദിച്ചപ്പോൾ പച്ച മലയാളത്തിൽ തന്നെ "മുന്നൂറ് ഉറുപ്പ്യ" എന്ന് പറഞ്ഞു.. (അത് പറയാൻ മാത്രം ഒരു സ്പെല്ലിങ് മിസ്റ്റേക്കും ഇല്ല.. :/ )
പറ്റിക്കപ്പെടാൻ പാടില്ലല്ലോ, പൈസ കൊടുക്കുന്നതിനു മുമ്പ് ഞാൻ ഒരു റൌണ്ട് ഒന്ന് ഓടിച്ചു..ഒറ്റ ഗട്ടറും മിസ് ആക്കാണ്ട് ചാടിച്ചു.. ഇല്ല,സൗണ്ടില്ല..
തിരിച്ചു വന്നു 300 കൊടുത്തു ബാഗും എടുത്തു യാത്ര തുടർന്ന്..

ഇച്ചിരിയങ്ങു യാത്ര ചെയ്തപ്പോൾ ഒരു ചെറിയ കുഴിയിൽ ചാടി. ദേ, പിന്നേം വന്നു സൗണ്ട്..!
വലിച്ചു.. ഹിന്ദിക്കാരൻ തെണ്ടി മുറുക്കിയതൊക്കെ ലൂസ് ആയിക്കാണും..Irresponsible idiot ..!!
തിരിച്ചു പോകാൻ വയ്യാത്തോണ്ട്, നെറ്റ് നോക്കി കുറച്ച് തെറിയൊക്കെ പഠിച്ചു വന്നു നാളെ തെറി പറയാം എന്ന് കരുതി നേരെ വീട്ടിലേക്ക്..!

വീട്ടിൽ ചെന്ന് ഫ്രഷ് ആയി ഓള് തന്ന ലിസ്റ്റുമായി കടയിലേക്ക് പോകാൻ പിന്നേം വണ്ടിയിൽ കേറി..
വണ്ടി ഗട്ടറിൽ വീണു, നോ സൗണ്ട്..!
വല്യ ഗട്ടറിൽ വീഴ്ത്തി,പിന്നേം നോ സൗണ്ട്..!!
ശെടാ.. ഇതെന്തു മറിമായം..!

വീട്ടിൽ തിരിച്ചെത്തി തിരിഞ്ഞും മറിഞ്ഞും ആലോചിക്കുന്നതിനിടയിൽ ഓഫീസിൽ നിന്നും കൊണ്ട് വന്ന ബാഗ് ശ്രദ്ധയിൽ പെട്ടു..
യുറേക്കാ..!
ഐസക് ന്യൂട്ടന്‌ പോലും കണ്ടു പിടിക്കാൻ പറ്റാത്ത മാരകമായൊരു കണ്ടു പിടിത്തം ഞാൻ എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിച്ചിരിക്കുന്നു..
ബാഗിലുണ്ടായിരുന്നു ചോറ്റു പാത്രം കറിപാത്രവുമായി ക്ലാഷ് ആയിട്ടുള്ള സൗണ്ട് ആയിരുന്നു വണ്ടിയിൽ കേട്ടത് എന്ന വളരെ വലിയ കണ്ടു പിടിത്തം..! Epic Discovery na.??

മുന്നൂറു ഉറപ്പ്യ, എന്തോരം ഏത്തപ്പഴം മേടിച്ചു കഴിക്കാം എന്നല്ല ഞാൻ ചിന്തിച്ചത്, ആ ഹിന്ദിക്കാരൻ ചെങ്ങായി എന്തായിരിക്കും മുന്നൂറു ഉറപ്പ്യ വാങ്ങാൻ മാത്രം ഇത്രേം മുറുക്കിയിട്ടുണ്ടാവുക എന്നായിരുന്നു..

വാൽക്കഷ്ണം: പോയ മുന്നൂറിന്റെ കൂടെ ഒരു 200 കൂടി ചിലവാക്കി ഫുഡ് കൊണ്ട് പോകാൻ പ്ലാസ്റ്റിക് പാത്രം മേടിച്ചു..ഇപ്പൊ നല്ല ആശ്വാസമുണ്ട്.. ;)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...