പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Friday, April 19, 2013

ഒരു മാലാഖയുടെ കഥ...

ഒരു മാസത്തിനു മുമ്പ്‌ എറണാകുളത്ത്‌ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിന്‍ യാത്ര..

എന്റെ മുന്നില്‍ രണ്ടു ഇണക്കുരുവികള്‍ ഇരുന്നു ആര്‍മാദിക്കുന്നു.. ശവങ്ങള്‍.. !!!
അതൊന്നും കാണാനുള്ള ത്രാണി ഇല്ലാത്തതും കൊണ്ടും അവരുടെ പ്രണയത്തില്‍ അല്പം പോലും അസൂയ ഇല്ലാത്തത്‌ കൊണ്ടും, ബാഗില്‍ കരുതിയിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "
ചിദംബര സ്മരണകള്‍ " എന്ന പുസ്തകം വായിക്കാനായി പുറത്തെടുത്തു വായന തുടങ്ങി...
"ഫിറോസ്‌ അല്ലേ??" ചോദ്യം കേട്ട്‌ ഞാന്‍ തലയുയര്‍ത്തി നോക്കി..
നേരത്തെ പ്രണയകേളിയില്‍ ഏര്‍പ്പെട്ട്‌ എന്റെ കണ്‍ട്രോള്‍കളഞ്ഞ വൃത്തികെട്ടവനായിരുന്നു അത്‌..
"അതേ"
ഇവനെങ്ങനെ എന്നെ അറിയും.. ?? ഞാന്‍ ഒന്നും മനസിലാവാതെ അവനെ നോക്കി,,
"ഞാന്‍ ഫിറോസിന്റെ ബ്ലോഗ് വായിക്കാറുണ്ട്" അവന്‍ തുടര്‍ന്നു..
'പടച്ചോനെ,ബ്ലോഗ് വായിക്കാറുണ്ട് എന്ന്.. അടുത്തത്‌ മിക്കവാറും അടി ആയിരിക്കും.. ' ഞാന്‍ വിയര്‍ത്തു.
'ഇനി എഴുതില്ല,എന്നെ ഒന്നും ചെയ്യരുത്‌' എന്ന് കൈകൂപ്പി പറയാന്‍ ഒരുങ്ങവേ അവന്റെ അടുത്ത വാക്കുകള്‍ ചെവിയില്‍ പതിഞ്ഞു..
"ലാസ്റ്റ്‌ പോസ്റ്റ് കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം വായിച്ചു.. നന്നായിരുന്നു കേട്ടോ.. "
സന്തോഷം..    വണ്ടി അടുത്ത സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇവനൊരു വട വാങ്ങിക്കൊടുക്കണം.. !!!
"കുറേ ആയല്ലോ പുതിയകഥ പോസ്റ്റ് ചെയ്തിട്ട്‌.. എന്തു പറ്റി?" അവന്റെ അടുത്ത ചോദ്യം..
"ഒരെണ്ണം എഴുതി  വെച്ചായിരുന്നു.. ഉണക്കാന്‍ ഇട്ടപ്പോള്‍  കാക്ക കൊത്തിക്കൊണ്ട് പോയി .. "ഞാന്‍ ദേഷ്യം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. 
അല്ലേയ്‌ .... അവന്റെ ഒരു ചോദ്യം.. !!!
കഥ അന്വേഷിച്ചു നടന്നു മനുഷ്യന്റെ   കഥ തീരാറായപ്പോഴാ പുതിയ പോസ്റ്റ്‌...
"എന്നാല്‍ ഞാന്‍ ഒരു കഥ പറയട്ടെ?? "എന്റെ മനസ്  മനസിലാക്കി എന്നോണം അവന്റെ അടുത്ത ചോദ്യം വന്നു..
നീ തങ്കപ്പനല്ല.. തങ്കപ്പന്റെ അപ്പനാ.. !!!

"കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ വന്നത്‌ ഞങ്ങളുടെ College Get-together നു വേണ്ടി എന്റെ ഒരു ഫ്രണ്ട് രണ്ടു മാസം മുമ്പ്‌ വിളിച്ചതാ.. ആ കഥ " അവന്‍ പറഞ്ഞു നിര്‍ത്തി..
"എന്നിട്ട്‌??" ഞാന്‍ ചോദിച്ചു..
ഇതൊരു ഭാഗ്യമാണ്.. കഥ അന്വേഷിച്ചു നടക്കുന്നവനെ തേടി കഥ വരുന്ന അപൂര്‍വ ഭാഗ്യം..
'നീ കഥ പറയ്‌ മൊനെ.. അതിലിത്തിരി  മസാലയൊക്കെ ചേര്‍ത്ത്‌, ഇച്ചിരി കോമഡി വാരി വിതറി,  വെയിലത്തിട്ടുണക്കി പോസ്റ്റുന്ന കാര്യം ഞാന്‍ ഏറ്റു...  '
ഞാന്‍ മനസ്സില് കരുതി.. അവന്‍ കഥ പറഞ്ഞു തുടങ്ങി..

അവന്‍ പറഞ്ഞ കഥ.. 

രണ്ടു മാസങ്ങള്ക്ക് മുമ്പ് ഒരു  ഫോണ്‍ വിളി എന്നെ തേടി വന്നു..
"അളിയാ .. ഇത് ഞാനാ പ്രവീണ്‍ ... "
ആദ്യം എനിക്കാളെ മനസിലായില്ല.. പിന്നെ അവന്‍ വിശദമായി പറഞ്ഞപ്പോഴാണ് ആളെ പിടി കിട്ടിയത്..
പ്രവീണ്‍.. എന്റെ കൂടെ കോളേജില്‍ ഉണ്ടായിരുന്നു ഒരു സാധു..
സാധു എന്ന് പറഞ്ഞാല്‍ പരമ സാധു..
ഒരു കാര്യവുമില്ലാതെ ആരേലും കേറി തല്ലിയാല്‍ പോലും "താങ്ക്യു"എന്ന് ചിരിച്ചു കൊണ്ട് പറയുന്നത്ര സാധു..
കഴിഞ്ഞ അഞ്ചു വര്ഷമായി അവന്റെ ഒരു വിവരവുമില്ലയിരുന്നു.. അവന്‍ വിശേഷങ്ങള്‍ പങ്കു വെച്ച് തുടങ്ങി..
"അളിയാ .. ജോലി ഒക്കെ ആയോ ??" ഞാന്‍ ചോദിച്ചു
"ഓ .. ഇല്ലെടാ ..B.Ed കഴിഞ്ഞ വര്ഷം തീര്‍ന്നതെ ഉള്ളൂ ..  "
"ഭാഗ്യവാന്‍ .. കുറെ വര്ഷം പഠിത്തം .. അത് കഴിഞ്ഞൊരുവര്‍ഷം വെറുതെ ഇരുത്തം.. പിന്നെ ഉറക്കം .. നീയാണ് മച്ചൂ രാജാവ് ... "സ്വല്പം അസൂയയോടെ ഞാന്‍ പറഞ്ഞു..
അവന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
"കല്യാണം കഴിഞ്ഞോ ??"ഞാന്‍ ചോദിച്ചു..
"ഉം .. നാല് മാസം മുമ്പ്... "അവന്റെ മറുപടി ..
"പിന്നേം ഭാഗ്യവാന്‍ "
"നിന്റെ കാര്യങ്ങള്‍ എന്തായി?" അവന്‍ ചോദിച്ചു..
"കിടക്കുന്ന പായ രണ്ടായി കീറിയിട്ടു പോലും വീട്ടുകാര്ക്ക് കാര്യം മനസിലാകുന്നില്ല.. പിന്നാ... അതിരിക്കട്ടെ,ആരാ നിന്റെ കക്ഷി ??"
"നമ്മുടെ പഴയ നേഴ്സ് തന്നെയാ.. അനിത"
"എട കള്ളാ..  " ഞാന്‍ വാ പൊളിച്ചു..
അനിത.. അവന്റെ മാലാഖ .. ശോ...
ആ  പഴയ ഓര്മയും എന്നെ തേടിയെത്തി..
ഡിഗ്രി രണ്ടാം വര്ഷം പഠിക്കുമ്പോള്‍ ആയിരുന്നു അത്, ഒരു ദിവസം അനുവിന്റെ ഫോണ്‍..
"അളിയാ,നീ വേഗം ജനറല്‍ ആശുപത്രിയിലേക്ക് വാ.. പ്രവീണിനെ ഇവിടെ കിടത്തിയിരിക്കുകയാ..  " അതും പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ചെയ്തു..
ഞാന്‍  ഹോസ്പിടലിലേക്ക് ഓടിയെത്തി..
അവിടെ മൂക്കില്‍ നിന്നും ചോരയൊലിപ്പിച്ചു നമ്മുടെ കഥാനായകന്‍ പ്രവീണ്‍..
"എന്ത് പറ്റിയതാടാ ??" ഞാന്‍ ചോദിച്ചു..
"ബൈകില്‍ പോകുമ്പോള്‍ ഓപ്പോസിറ്റ് ലൈറ്റിട്ട് വന്ന ഫാമിലിയെ ലൈറ്റ്‌ ഇട്ടിട്ടുണ്ട്‌ എന്നുകൈ കൊണ്ട് സിഗ്നല്‍ കാണീച്ചതാ.. " അനുവായിരുന്നു മറുപടി പറഞ്ഞത്..
"എന്നിട്ടു??"
"എന്നിട്ടെന്താ.. ബൈക്ക്‌ ഓടിച്ച ചേട്ടന്‍ അതു കണ്ടില്ല.. കണ്ട ചേച്ചി അങ്ങു കേറി തെറ്റിധരിച്ചു.."
"എന്നിട്ടു??"
"ചേട്ടന്‍ ബൈക്ക്‌ നിര്‍ത്തി ഇറങ്ങി വന്നു... പിന്നെ, ട്ടമാര്‍ പടാര്‍...***&!@#$!@$ കണ്ണ് തുറന്നപ്പോ ഇവിടെത്തി.. " അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി..
"എന്നിട്ട്‌ ഈ പൊട്ടന്‍ ഒന്നും പറഞ്ഞില്ലേ അവരോട്‌.. "
"ഓ... എന്തു പറയാന്‍.. പതിവു പോലെ 'താങ്ക്യൂ' പറഞ്ഞു വിട്ടു.. " അനു കലിപ്പോടെ പറഞു നിര്‍ത്തി..
"മിടുക്കന്‍ "
അവിടെ വെച്ചായിരുന്നു അവന്‍ അനിതയെ ആദ്യമായ്‌ കണ്ടത്‌..
ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ കോഴി കൂവി.. അനുരാഗം.. ആദ്യാനുരാഗം...
അവള്‍ ആ സൂചി എടുത്തു കുത്തിയാല്‍ പോലും ചുറ്റിലുള്ളതൊന്നും അവന് കാണാന്‍ പറ്റില്ലെന്റെ സാറേ..
അത്രേം ആഴമേറിയ അനുരാഗം..
ഏതായാലും ആ ആശുപത്രിയില്‍ പ്രവീണ്‍ കേറി ഒട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ...
തുമ്മിയാല്‍ പോലും ആശുപത്രിയില്‍ അഡ്മിട് ചെയ്യണം എന്നവസ്ഥ..
പക്ഷേ രണ്ടു കൊല്ലം അവന്‍ ഇരുന്നും ,കിടന്നും, അഡ്മിട് ആയും
ശ്രമിച്ചിട്ടും,അവന്‍ കുഴിച്ച കുഴിയില്‍ അനിത വീണില്ല...
എന്നിട്ടിപ്പോ....!!!

പിന്നെയും ഫോണ്‍ വിളിയിലേക്ക്...
"എങ്ങനെ ഒപ്പിച്ചെടുത്തെടാ അവളെ..?? " ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു..
"അതൊക്കെ വലിയ കഥയാ.. ഇത്രേം കാലം പിറകെ നടന്നു.. പക്ഷേ ആറു മാസങള്‍ക്ക് മുമ്പ്‌ മാത്രമാ അവള്‍ പറഞ്ഞത്, 'അവള്‍ക്കിഷ്ടമാണെന്ന്..'
"എന്നിട്ടു??"
"പിന്നെ ഒരുമാസം കഴിഞ്ഞപ്പോള്‍ അവളുടെ വീട്ടുകാരെ പോലും വക വെക്കാതെ എന്റെ കൂടെ ഇറങ്ങി വന്നു..."
"മിടുക്കന്‍... നീ വെറും ഭാഗ്യവാനല്ല, മെഗാ ജിഗാ ഭാഗ്യവാനാ..." ഞാന്‍ അതു പറഞ്ഞപ്പോഴും അവന്‍ ഒന്നു ചിരിക്കുക മാത്രം ചെയ്തു.പിന്നെ പറഞ്ഞു,
"പിന്നെ അളിയാ..ഞാന്‍ വേറൊരു കാര്യം പറയാനാ വിളിച്ചത്‌.. "
"എന്താടാ??"
"നമുക്ക് നമ്മുടെ ക്ലാസ്സിലെ എല്ലാരേം വിളിച്ചൊന്ന് പഴയത് പോലൊന്ന് കൂടിയാലോ... ഒരു ഗെറ്റ്‌-ടുഗെദര് .."
"ആരുമായും വല്യ ബന്ധമൊന്നും ഇപ്പൊഴില്ല.. കുറേ പേരൊക്കെ എവിടെയാണെന്ന് പോലും അറിയില്ല.. പിന്നെങ്ങനെ നടക്കനാടാ.. " ഞാന്‍ ചോദിച്ചു..
"ഉം. അറിയാം.. ഞാനും കുറേ പേരെയൊക്കെ വിളിച്ചു നോക്കി.. എല്ലാവരും അവരവരുടെ ലോകത്ത്.. ആര്‍ക്കും സമയമില്ല പോലും.. "അവന്‍ വിഷമത്തോടെ പറഞ്ഞു..
"ഉം.. "
"എല്ലാരും വന്നില്ലേലും നമ്മുടെ പഴയ ടീം എങ്കിലും ഒന്നു കൂടിയാല്‍ മതിയായിരുന്നു...നമ്മുടെ ടീമിലെ ബാക്കി നാലു പേരെയും ഞാന്‍ വിളിച്ചു.. നിര്ബന്ധിച്ചപ്പോ എല്ലാരും വരാമെന്നു സമ്മതിച്ചു... നീയും വരണം...  "
"ഉം.. എന്നാ?? "
"അടുത്ത വെള്ളിയാഴ്ച .."
"അയ്യോ.. വെള്ളിയാഴ്ച പറ്റില്ലെടാ.. ലീവ് എടുക്കാനൊക്കെ വല്യ പാടാ... നമുക്ക് ഞായറാഴ്ച കൂടാം.. " ഞാന്‍ പറഞ്ഞു..
"എടാ.. അത്രേം ദിവസം.......  പറ്റില്ലെടാ.. വെള്ളിയാഴ്ചക്ക് മുമ്പാ ഞാന്‍ ആഗ്രഹിച്ചത്‌... ബാക്കി എല്ലാവരും ഓകേ ആണ് .... നീ എങ്ങനെ എങ്കിലും നോക്കെടാ.. പ്ലീസ്.. "
"നിനക്കെന്താ വെള്ളിയാഴ്ച്ച തന്നെ വേണമെന്നു.. പറ്റില്ലാ.. അല്ലേല്‍ തന്നെ ലീവ് ബാലന്‍സ്  ഇല്ല..അതിനിടയില്‍ ഇതിനൊക്കെ വേണ്ടി.. പറ്റില്ലെടാ... " ഞാന്‍  കടുപ്പിച്ചു  പറഞ്ഞു..
അവന്‍ പിന്നെയും നിര്‍ബന്ധിച്ചു കൊണ്ടേ ഇരുന്നു.. പക്ഷേ ഞാന്‍ സമ്മതിച്ചില്ല.. കാരണം വെറുതെ എന്തിനു ഒരു ലീവ് കളയണം ??
ഒടുവില്‍ ഞാന്‍ തന്നെ ജയിച്ചു..
മനസ്സില്ലാ മനസ്സോടെ അവന്‍ ഞായറാഴ്ച കൂടാം എന്നു സമ്മതിച്ചു..
ഫോണ്‍ വെച്ചു.. !!!

കഥ നിര്‍ത്തി അവനെന്നെ ഒന്നു നോക്കി...
"തീര്‍ന്നോ??"
ആഴകിയ രാവണിലെ "ചിറകൊടിഞ്ഞ കിനാവുകള്‍" പറഞ്ഞു തീര്‍ന്നപ്പോള്‍ കൊച്ചിന്‍ ഹനീഫ ശ്രീനിവാസനോട് ചോദിച്ച അതേ ചോദ്യം.. അതേ കലിപ്പ്... !!!
അല്ല പിന്നെ.. അവന്റെ ഒരു കോപ്പിലെ കഥ..!!!
ഇതിലെന്തോന്ന് ചേര്‍ക്കാനാ.. ??
ഇതു പോസ്റ്റ് ചെയ്താല്‍ വായനക്കാര്‍ എന്നെ പിച്ചിചീന്തും..
സംഗതിയും ശഡ്ജവും എവിടെടാ എന്നു ചോദിച്ചു ബ്ലോഗ് പുലികള്‍ എന്നെ ഘരാവോ ചെയ്യും..
എന്റെ എതിര്‍ഗ്രൂപ്പുകാര്‍ എന്റെ കോലം കത്തിക്കും...
ചിലരെന്നെ കുലംകുത്തിയെന്നു വിളിക്കും.. വേണ്ട.. ഈ കഥ വേണ്ട...

പക്ഷേ ലവന്‍ വിടുന്ന ലക്ഷണമില്ല..
ലവന്‍ പിന്നെയും കഥ തുടരുന്നു... അവന്റെ കഥ ഞാന്‍ കഴിക്കേണ്ടി വരും എന്നു തോന്നുന്നു...

കഥ തുടരുന്നു...

അങ്ങനെ ആ ഞായറാഴ്ച വന്നെത്തി..
രാവിലെ തന്നെ കോളേജ് ലക്ഷ്യമാക്കി പുറപ്പെട്ടു..
സുമിത,നിമ്മി,അനു,സലാം... അവര്‍ നാലു പേരും നേരത്തെ എത്തി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു..
ഫിറോസ്‌ ആ കഥയില്‍ പറഞ്ഞത് പോലെ എനിക്ക്‌ ചുറ്റും ഒരിക്കല്‍ സ്വര്‍ഗം തീര്‍ത്തവരെ കണ്ട് മനസ്സില്‍ കുളിര് കോരീ..
എന്റെ മനസ്സും പറഞ്ഞു, "ഈ ദിവസം ജ്വലിക്കും... !!!"

സമയം പിന്നെയും മുന്നോട്ട്‌..
പ്രവീണ്‍ മാത്രം വന്നില്ല.. കുറേ സമയം കാത്ത് നിന്നു..
പിന്നെയും സമയം മുന്നോട്ട്‌ പോയപ്പോള്‍ അവന്‍ വിളിച്ച നമ്പരിലേക്ക് വിളിച്ചു നോക്കി..
പക്ഷേ ആ നമ്പര്‍ വിളി കേട്ടില്ല..
ഞങ്ങള്‍ നിരാശരായി.. എനിക്ക്‌ ശരിക്കും ദേഷ്യം വന്നു..

"അവന്റെ വേറെ നമ്പര്‍ വല്ലതും അറിയാമോ??" ഞാന്‍ ചോദിച്ചു..
"എന്നെ ഒരു ലാന്‍ഡ്‌ ഫോണ്‍ നമ്പറില്‍ നിന്നാ വിളിച്ചത്‌.. അതു ഫോണില്‍ കാണും.. " നിമ്മീപറഞ്ഞു..
ആ ഫോണില്‍ തന്നെ ആ നമ്പരിലേക്ക് വിളിച്ചു.. ഫോണ്‍ നിലവിളിച്ചു തുടങ്ങി..
"ഭാഗ്യം.. റിംഗ്‌ ഉണ്ട്‌.. " ഞാന്‍ പറഞ്ഞു..
കുറെ നേരത്തെ നിലവിളിക്ക്‌ ശേഷം  ആരോ ഫോണ്‍ എടുത്തു...
"ഹെലോ... " ഒരു നേര്‍ത്ത സ്ത്രീ ശബ്ദം...
"ഹല്ലോ.. പ്രവീണിന്റെ വീട്‌ ആണോ ഇതു??" ഞാന്‍ പതിയെ ചോദിച്ചു..
"അതേ.. ആരാ??"
"ഞാന്‍ പ്രവീണിന്റെ സുഹൃത്ത് ആണ്..പ്രവീണിനെ ഒന്നു കിട്ടുമോ?? "
മറുതലക്കല്‍ നിശബ്ദത...
"ഹല്ലോ..." ഞാന്‍ നിശബ്ദത മുറിച്ചു...
"പ്രവീണ്‍ ചേട്ടന്‍.... "നിശബ്ദത ഒരു നിലവിളിയിലേക്ക് വഴി മാറി..
ഞാന്‍ പകച്ചു  പോയി.. ഇതെന്തു കഥ...??

നിലവിളി പിന്നെയും ഉയരുക തന്നെയാണ്..
"ഹല്ലോ.. " ഇപ്പോള്‍ ഒരു പുരുഷ ശബ്ദം.. അല്ല.. പ്രവീണിന്റെ ശബ്ദം..
എനിക്കാശ്വാസമായി..
"ഹല്ലോ.. പ്രവീണ്‍.. ഇതു ഞാനാ നിഖില്‍.. " ഞാന്‍ ആശ്വാസത്തോടെ പറഞ്ഞു..
"ഇതു പ്രവീണ്‍ അല്ല.. ഞാന്‍ പ്രവീണിന്റെ അനിയാനാ.."
"പ്രവീണ്‍... ??"
"ചേട്ടന്‍... ചേട്ടന്‍.. ചേട്ടന്‍ മരിച്ചുപോയി... "
ഞാന്‍ തരിച്ചു നിന്നു..
ദൈവമേ... എന്നെ പറ്റിക്കുകയണോ പ്രവീണ്‍..
"സത്യമാണോ പറയുന്നത്‌??"
"അതേ.. ഇന്നലെയായിരുന്നു.. " വേദനയൊടുള്ള മറുപടി..
"എങ്ങനെ.. ഇത്ര പെട്ടെന്നു..." എന്റെ ശബ്ദം മുറിഞ്ഞു തുടങ്ങിയിരുന്നു..
"പെട്ടെന്നൊന്നുമല്ല.. ചേട്ടന് ക്യാന്സര് ആയിരുന്നു... ആറു മാസം മുമ്പേ അറിഞ്ഞിരുന്നു.. "
എനിക്കൊന്നിനും ഉത്തരമില്ല..
"ഡോക്റ്റര്‍മാര്‍ വരെ കൈ വിട്ടതാ.. വെള്ളിയാഴ്ച ആയിരുന്നു ഡോക്ട്ടര്‍മാര്‍ പറഞ്ഞ അവസാന ദിവസം .. പക്ഷേ ഒരു ദിവസം കൂടുതല്‍... "
അവന്റെ ശബ്ദവും മുറിഞ്ഞു തുടങ്ങി.. പിന്നെ അതൊരു നേര്‍ത്ത കരച്ചിലായി മാറി..
"ചേട്ടന്‍ ഇന്നലെ രാവിലെ വരെ പറഞ്ഞു, 'ഞായറാഴ്ച വരെ ഞാന്‍ ജീവിച്ചിരിക്കുമെന്നു..' നിങ്ങളെ കൂടി കണ്ടിട്ടേ മരിക്കൂ എന്നു.. പക്ഷേ... "
ആ നേര്‍ത്ത കരച്ചില്‍ ചെവിയില്‍ പതിയുക തന്നെയാണ്...
പ്രവീണ്‍ ആദ്യം വിളിച്ചപ്പോള്‍ പറഞ്ഞ ഓരോ ശബ്ദവും എന്റെ ചെവികളില്‍ മുഴങ്ങുകയാണ്‌..
"എടാ.. അത്രേം ദിവസം.. പറ്റില്ലെടാ.. വെള്ളിയാഴ്ചക്ക് മുമ്പാ ഞാന്‍ ആഗ്രഹിച്ചത്‌... ബാക്കി എല്ലാവരും ഓകേ ആണ് .... നീ എങ്ങനെ എങ്കിലും നോക്കെടാ.. പ്ലീസ്.. "
ദൈവമേ..എന്റെ ഒരു ലീവ് കളയാന്‍ ഞാന്‍ മടിച്ച നിമിഷത്തെ ഏതു വാക്കു കൊണ്ടാണ് ഞാന്‍ ശപിക്കേണ്ടത്‌..
പ്രവീണ്‍.. എല്ലാം അറിഞ്ഞിട്ടും ഒരു വാക്കെങ്കിലും നീ പറഞ്ഞിരുന്നെങ്കില്‍...
ഞാനും കരഞ്ഞു തുടങ്ങിയിരുന്നു...
"അപ്പോ അനിത??" നേര്‍ത്ത വിങ്ങലോടെ ഞാന്‍ ചോദിച്ചു..
"ചേച്ചി.. ചേച്ചിയാ ഞങ്ങളുടെ ഏറ്റവും വലിയ സങ്കടം ഇപ്പോ.. എല്ലാം അറിഞ്ഞു കൊണ്ട്... "
"എന്നു വെച്ചാല്‍.. "
"ചേച്ചി ജോലി ചെയ്യുന്ന ആശുപത്രിയില്‍ വെച്ചാ ആറു മാസം മുമ്പ്‌ ചേട്ടന്റെ രോഗം തിരിച്ചറിഞ്ഞത്.. ചേച്ചിയാ അതു ചേട്ടനോട് പറഞ്ഞതും...കൂടെ ചേട്ടനെ ഇഷ്ടമാണെന്നും "
ഞാന്‍ ഒരു തരിപ്പോടെ എല്ലാം കേട്ടിരിക്കുക തന്നെയാണ്...
അവള്‍ ഇഷ്ടം തുറന്നു പറഞ്ഞ ദിവസത്തെ കുറിച്ചു പ്രവീണ്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍..
'മിടുക്കന്‍... നീ വെറും ഭാഗ്യവാനല്ല, മെഗാ ജിഗാ ഭാഗ്യവാനാ...'!!!!
കേള്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച വാക്കുകള്‍ ,അത്‌ ഒരിക്കലും അര്‍ഹിക്കാത്ത  നിമിഷത്തില്‍ കേള്‍ക്കേണ്ടി വന്ന മഹാഭാഗ്യവാന്‍...!!
ഹോ.. ഓര്‍മകള്‍ കാരിരുമ്പ് പോലെ കുത്തിത്തുളക്കുകയാണ്‌..!!!
"ചേട്ടന്‍ പറഞ്ഞതാ.. ഒന്നും വേണ്ടെന്നു.. എല്ലാം വെറും തമാശ മാത്രമായിരുന്നെന്ന് പോലും നുണ പറഞ്ഞു.. എന്നിട്ടും ചേച്ചി, വീട്ടുകാരെ പോലും അവഗണിച്ചു.....................
" നേര്‍ത്ത കരച്ചില്‍ ഒരു നിലവിളിയിലേക്ക് വഴി മാറുകയായിരുന്നു..
എന്റെ ശബ്ദം,  അതില്ലാതായിരിക്കുന്നു......
പ്രവീണ്‍.. മാപ്പ്..

ഒരു നേര്‍ത്ത കണ്ണീരോടെ അവന്‍ കഥ അവസാനിപ്പിക്കുന്നു...
എന്റെ കണ്ണുകളില്‍ പൊടിഞ്ഞത് കണ്ണീര്‍ അല്ലാതിരിക്കാന്‍ വഴിയില്ല..
ഇതാണ് ഈ കഥകളുടെ കുഴപ്പം...
ചുണ്ടിലെ ചിരി തേടി പോകുന്ന കഥകള്‍ ചിലപ്പോള്‍ ചുണ്ടില്‍ ഒരു വീതമ്പലായി മാറിയേക്കും..
ഒരു ട്രൈയിന്‍ യാത്ര കൂടി കണ്ണീരില്‍ കുതിര്‍ന്നു പോകുന്നു...

മനസ്സില്‍ ഒരു മാലാഖ നിന്ന് ചിരിക്കുന്നു...
ഒരിക്കലും കാണാന്‍ ഇടയില്ലാത്ത സഹോദരീ,
മാലാഖ എന്നു വാക്ക് നിന്നെക്കാള്‍ കൂടുതല്‍ യോജിക്കുന്ന വേറൊരാള്‍ ഉണ്ടാകാന്‍ ഇടയില്ല..
സ്നേഹത്തിനു വേണ്ടി,സ്നേഹിച്ചവന് വേണ്ടി സ്വന്തം ജീവിതം പോലും നല്‍കിയ സഹോദരീ,മാലഖമാര്‍ പോലും നിന്നെയോര്‍ത്ത് അഭിമാനിക്കട്ടെ.....!!!
നിനക്ക് വേണ്ടി സമര്പ്പിക്കുന്നു ഈ കഥ... 

Wednesday, April 3, 2013

സന്തോഷ ജന്മദിനം... :)



കണ്ണൂ പാസ്സഞ്ച മൂന്നാം വയസ്സിലേക്ക്...
2011, ഇത് പോലൊരു ഏപ്രി 4-നു ആണ് "കണ്ണൂ പാസ്സഞ്ചറിൽ" എന്റെ ആദ്യ പോസ്റ്റ്പബ്ലിഷ്  ചെയ്തത്.. 

 
ഇതുവരെ 56 കഥക,മുന്നൂറിലേറെ ഫോളോവേര്സ്,അറുപതിനായിരത്തി കൂടുത യാത്രക്കാ.. ആരോടൊക്കെയാണ്  നന്ദി പറയേണ്ടത്....  !!!??

പ്രിയ വായനക്കാ….. ഒന്നുമല്ല ഇതൊക്കെ എന്ന് എനിക്കറിയാം,എന്നിട്ടും  വിലപ്പെട്ട അഭിപ്രായം പറഞ്ഞവ… "മലയാളം ബ്ലോഗേഴ്സ്" ഗ്രൂപ്പ്‌, പിന്നെ ആദ്യ വായനക്കാരായ എന്റെ പ്രിയ സുഹൃത്തുക്ക, അങ്ങനെയങ്ങനെ.....

കണ്ണൂ പാസ്സഞ്ചറി  ഞാ പോസ്റ്റ്ചെയ്ത കഥകളെ ആധാരമാക്കി കേരളത്തിന്റെ മൂന്നു കോണുകളി മൂന്നു ഷോര്ട്ട് ഫിലിം ർക്ക്നടന്നു കൊണ്ടിരിക്കുന്ന വിവരവും അവസരത്തി സന്തോഷത്തോടെ അറിയിക്കട്ടെ..
ഒരിക്ക കൂടി എല്ലാവര്ക്കും നന്ദി... :)

റെയിൽവേ ബജറ്റ് പ്രഖ്യാപിച്ചപ്പോ മലബാറിനെ തഴഞ്ഞതി പ്രതിഷേധിച്ചു കുറച്ചു ദിവസങ്ങളായി സജീവമല്ലാത്ത ബ്ലോഗ്വീണ്ടും സജീവമാകുന്നു.. കാത്തിരിക്കുക.. :D:D:D



ഇതുവരെ ഇറങ്ങിയതി ഏറ്റവും  കൂടുതൽപേർ വായിച്ച അഞ്ചു പോസ്റ്റുകളും ഇതോടൊപ്പം പരിചയപ്പെടുത്തുന്നു..
ഇതാ,

1) അമ്മേ,മാപ്പ്...!!!  : മഞ്ഞു വീണ പ്രഭാതത്തിൽ,നിനച്ചിരിക്കാതെ  മകന്റെ വിളി കേട്ട് ഉണരേണ്ടി വന്ന ഒരമ്മയുടെ കഥ...  (3248 Page Views)

2) സ്വപ്ന അറസ്റ്റില്‍, അതും.. !!! : എറണാകുളം ബാച്ചി ജീവിതം നയിക്കുന്ന കാലം നടന്ന ഒരു "ഇച്ചിച്ചി കഥ "...!!! (1481 Page Views)
 
3) കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം..... : "ആ ദിവസം ശരിക്കും ജ്വലിച്ചു..."  (1470 Page Views)

4) പെണ്ണുകാണല്‍...  : സിനു പെണ്ണ് കാണാൻ പോയ കഥ...   (1400 Page Views)

5) ചതിയന്‍ ചന്തു.... ചതിക്കാത്ത ചന്തു..!!!!! : ഒരാളെ പ്രേമിച്ചു തുടങ്ങുമ്പോള്‍ ഇതുവരെ ചെയ്യാത്ത പലതും ചെയ്യേണ്ടി വരും എന്ന് ഇതിനു മുമ്പ് പറഞ്ഞ മഹാന്‍ ആരായാലും പുള്ളിയെ ഒന്ന് നമിക്കണം..  (1171 Page Views)

നിങ്ങളുടെ വായനയും വാക്കുകളും പ്രതീക്ഷിച്ചു കൊണ്ട്,ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട്,

സസ്നേഹം,
ഫിറോസ്‌  


മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...