Wednesday, July 27, 2011

പുരാണം,ഐടി,രജനികാന്ത്.... :-)


രംഗം 1 :
2 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ബുധനാഴ്ച.. നൈറ്റ്‌ ഷിഫ്റ്റ്‌ ജോലി..
ഭാരിച്ച ജോലി തിരക്കിനടയില്‍ നിന്നൊരല്‍പം വിശ്രമത്തിനായ്‌ സീറ്റില്‍ നിന്നും എഴുന്നേറ്റു.
കാന്റീനില്‍ നിന്നും കൊണ്ടുവച്ച വട എന്നെ നോക്കി പുഞ്ചിരി തൂകി..
ഒരു വടയെടുത്ത് കടിച്ചു.. സര്‍വ ശക്തിയുമെടുത്തു ആഞ്ഞു വലിച്ചു..
ഒരു കഷ്ണം പോലും കിട്ടിയില്ല..
വീണ്ടും വീണ്ടും ശ്രമിച്ചു..
ഇല്ല.. ഒരു രക്ഷയില്ല..
മനുഷ്യന്‍ തോറ്റു , വട ജയിച്ചു..
പിന്നെ വടയിലേക്ക് നോക്കി ഒരു നമസ്കാരം കൊടുത്തു.. കാരണം,ആദ്യമായാ അത്രേം പ്രായമായ ഒരു വട കാണുന്നെ..
വടയോടു തോറ്റ മനുഷ്യന്‍ വീണ്ടും ജോലി തിരക്കിലേക്ക്.. വെറുതെ സോബിനെ (ചാച്ചന്‍ എന്ന് വിളിക്കും) നോക്കി.. ചാച്ചന്‍ എന്തോ ആലോചിക്കുവാണ്..
"എന്ത് പറ്റി Mr ചാച്ചന്‍?? "
"അടുത്ത ആഴ്ച നമ്മുടെ കമ്പനി പാര്‍ട്ടി അല്ലെ??ഞാന്‍ അതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.. "
"അതിനെ കുറിച്ചെന്തിനാ ഇയാള്‍ ആലോചിക്കുന്നത്?? "
"അതല്ല.. എല്ലാവരും കലാ പരിപാടികളൊക്കെ അവതരിപ്പിക്കുന്നുണ്ട്.. നമ്മള്‍ മാത്രം ഒന്നിനുമില്ലാതെ ... "
ചാച്ചന്‍ പറഞ്ഞത് പാതി വഴിയില്‍ നിര്‍ത്തി. പിന്നെ ഒരു ദീര്‍ഘ നിശ്വാസം..
"കലാകാരന്മാരല്ലാത്തവര്‍ കലാ പരിപാടികള്‍ അവതരിപ്പിക്കുമ്പോഴ ഇവിടെ കലാപകാരികള്‍ ഉണ്ടാവുന്നത് എന്ന കാര്യം ചാച്ചന്‍ മറക്കരുത്.. അത് കൊണ്ട് നമ്മളായിട്ടു ഇവിടെ കലാപകാരികളെ സൃഷ്ടിക്കേണ്ട.. "
ചാച്ചന്‍ ഒരു മിനുട്ട് വാ പൊളിച്ചിരുന്നു.. പിന്നെ പറഞ്ഞു..
"ഒഹ്.. സോറി.. നീ ഉറക്കിലായിരുന്നോ?? ഉറക്കപ്പിച്ചു പറയാതെ പോയി പണിയെടുക്കെടാ.."
"ദിസ്‌ ഈസ്‌ നോട്ട് ഉറക്കപ്പിച്ചു Mr ചാച്ചന്‍.. ദിസ്‌ ഈസ്‌ എ തത്വശാസ്ത്രം.. ഹാ.. "
ഇത് കൂടി കേട്ടപ്പോള്‍ ചാച്ചന്‍ ഒന്നും പറയാന്‍ നിന്നില്ല.. പറഞ്ഞിട്ടും കാര്യമില്ല എന്നറിഞ്ഞിട്ടാവും....
"ഞാന്‍ പാട്ട് പാടുന്നുണ്ട്.." ജോഫ്രി സന്തോഷത്തോടെ ചാടി എണീറ്റു പറഞ്ഞു..
"നമുക്കും പാട്ട് പാടിയാലോ?? " ചാച്ചന്‍ എന്നോട് ചോദിച്ചു..
"പിന്നെഹ്.. പാട്ട് പാടാന്‍.. പാട്ട് പാടുന്നവര്‍ക്കൊക്കെ മറ്റേ കോപ്പുണ്ട്.. നമ്മളത്തരക്കാരല്ലല്ലോ ?? "
ജോഫ്രിയെ നോക്കി ഒരു പുച്ച ഭാവത്തില്‍ ഞാന്‍ പറഞ്ഞു.. പക്ഷെ അതവനിഷ്ടപ്പെട്ടില്ല..
"പാട്ടുകാര്‍ക്ക് എന്താടാ കുഴപ്പം?? "
"എന്ത് കുഴപ്പം?? "
"അല്ല. പാട്ടുകാര്‍ക്ക് എന്തോ കോപ്പുന്ടെന്നു നീ പുച്ച ഭാവത്തില്‍ പറഞ്ഞല്ലോ.. അത്.. "
"ഒഹ്.. അതോ?? ഞാന്‍ പാട്ടുകാര്‍ക്ക് പാടാനുള്ള കഴിവുണ്ട്.. അത് നമുക്കില്ല എന്നെ ഉദ്ദേശിച്ചുള്ളൂ.. "
അത് കേട്ടപ്പോള്‍ അവനൊന്നടങ്ങി..
"ചുമ്മാ അലമ്പാക്കാതെ കാര്യം പറയെടാ.. നമ്മളെന്തവതരിപ്പിക്കും??" ചാച്ചന്‍ വീണ്ടും സീരിയസ് ആയി..
"അത് തന്നെയാ ഞാനും ആലോചിക്കുന്നത്.. നമ്മളെന്തവതരിപ്പിക്കും??"
"ഏതായാലും ആരും ഇതുവരെ അവതരിപ്പിക്കാത്ത പരിപാടി ആയിരിക്കണം.." ചാച്ചന്‍ നയം വ്യകതമാക്കി..
"അങ്ങനയണേല്‍ ആര്‍ക്കും ഇതുവരെ കിട്ടാത്തത് വാങ്ങി കൂട്ടേണ്ടി വരും... അത് കൊണ്ട് റിസ്ക്‌ വേണ്ട..ഓടാനും കായലില്‍ എടുത്തു ചാടാനുമൊന്നും വയ്യ.. " ഞാന്‍ എന്‍റെ നയവും വ്യകതമാക്കി..
"ദേ.. നീ ഒരുമാതിരി പ്രതിപക്ഷ നേതാവ് പെരുമാറുന്നത് പോലെ എന്നോട് പെരുമാറരുത്‌.. ഞാനെന്തു പറഞ്ഞാലും നീ എതിര്‍ക്കുവാണല്ലോ.."
പിന്നെ ഞാനൊന്നും പറയാന്‍ പോയില്ല..
------------------------------------------------------------------------
രംഗം 2 :
അടുത്ത ഞായറാഴ്ച.. സ്ഥലം ഫോര്‍ട്ട്‌ കൊച്ചി ബീച്ച്..
ഇപ്പോഴും എന്തവതരിപ്പിക്കും എന്ന കാര്യത്തില്‍ മാത്രം ഒരു തീരുമാനമായില്ല..
പലതും ആലോചിച്ചു...
"മിമിക്രി?? "
"ഏയ്‌.. വേണ്ട.. കാക്കയുടെയും പൂച്ചയുടെയും ശബ്ദത്തിനു പഴയ മാര്‍ക്കറ്റ്‌ ഇല്ലന്നെ.."
"മോണോ ആക്ട്‌"
"നമ്മള് അഞ്ചാറ് പേരില്ലേ.. ഇത്രേം ആള് സ്റ്റേജില്‍ കേറി അഭിനയിക്കുന്നതിന് മോണോ ആക്ട്‌ എന്ന് തന്നെയാണോ പറയുന്നത്..?? " ഈ സംശയം ബാക്കി വന്നപ്പോള്‍ അതും വിട്ടു...
പെട്ടെന്ന്... എവിടെന്നോ ഒരു ബോധോദയം ഉണ്ടായ പോലെ ചാച്ചന്‍ ചാടി എണീറ്റു..
"നമുക്ക് കോമഡി സ്കിറ്റ് ചെയ്താലോ?? "
"സ്കിറ്റ് ചെയ്താ മതി.. കാണുന്നവര്‍ക്ക് അത് കോമഡി ആയിക്കോളും.."
ഞാന്‍ ഇത് പറഞ്ഞതും ചാച്ചന്‍ എന്നെ രൂക്ഷമായൊന്നു നോക്കി..
"ഇല്ല.. ഞാനൊന്നും പറയുന്നില്ല. ഞാന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ചു" ഞാന്‍ മിണ്ടാതിരുന്നു..
കുറച്ചു കഴിഞ്ഞപോള്‍ ചാച്ചന്‍ വീണ്ടും പറഞ്ഞു തുടങ്ങി..
"എടാ .. ഞാന്‍ കാര്യം പറഞ്ഞതാ. നമുക്ക് ഒരു കോമഡി സ്കിറ്റ് ചെയ്യാം.. "
"ഓക്കേ.. ഞാന്‍ റെഡി.. എന്താ കഥ???"
"കഥാ.. അത് നീ എഴുതണം.. "
"ഓഹോ.. അത് ശരി.. കഥയും ബോധവുമൊന്നുമില്ലാതാണല്ലേ ചാടി എണീറ്റത്.. എന്നിട്ടിപ്പോ പണി എനിക്കും."
"എടാ.. നീ ഒന്ന് ശ്രമിക്കു.. "
"ഉം.. എന്ത് കഥയാ വേണ്ടത്???"
"ഒരു പുരാണ കഥ. " ചാച്ചന്‍ പറഞ്ഞു..
"ഓക്കേ.. രാമായണം അടിച്ചു മാറ്റി കഥയുണ്ടാക്കുന്ന കാര്യം ഞാന്‍ ഏറ്റു.. " ഞാന്‍ പറഞ്ഞു..
"പുരാണ കഥ വേണ്ട.. ഐടി കഥ മതി.. " ജോഫ്രി പറഞ്ഞു..
"അതെന്തിന്???" സംശയം എനിക്ക്..
"നമ്മള്‍ ഐടി കമ്പനിയില്‍ അല്ലെ വര്‍ക്ക്‌ ചെയ്യുന്നത്. സൊ ഐടി -യുമായി ബന്ധപ്പെട്ട കഥയാ നല്ലത്.." അവന്‍ വിശദീകരിച്ചു..
"അപ്പോള്‍ രാമായണം അടിച്ചു മാറ്റല്‍ നടക്കില്ല എന്ന് സാരം,. "
ആലോചന പിന്നെയും നീണ്ടു..
"നമുക്ക് പുരാണവും ഐടി-യും തമ്മില്‍ ബന്ധിപ്പിച്ചൊരു കഥ പറഞ്ഞാലോ??" ഞാന്‍ പറഞ്ഞു..
"കമ്പ്യൂട്ടര്‍-നു പകരം കല്ലുപയോഗിക്കുന്നത് പോലിരിക്കും.. ഒന്ന് പോടാ ചെക്കാ.. " ചാച്ചന്‍ പറഞ്ഞു.
"ഞാന്‍ കാര്യം പറഞ്ഞതാ.. "
"എന്നാ പിന്നെ നീ എന്താന്ന് വെച്ചാല്‍ ചെയ്.. "
ആ ദിവസം അങ്ങനെ കഴിഞ്ഞു.. രണ്ടു ദിവസത്തിനുള്ളില്‍ ഒരു സ്ക്രിപ്റ്റ് റെഡി ആക്കി..(എന്ന് വെച്ചാല്‍ പഴയ ഏതോ നോട്ട് പുസ്തകത്തിന്‍റെ ഒഴിഞ്ഞ താളുകളില്‍ എന്തൊക്കെയോ എഴുതി പിടിപ്പിച്ചു എന്ന്..)
'സ്ക്രിപ്റ്റ്' എല്ലാവര്‍ക്കും വായിക്കാന്‍ കൊടുത്തു..
"ഉം.. കൊള്ളാം.. സ്ക്രിപ്റ്റ് കൊള്ളാം... " എല്ലാവരും ഒറ്റ സ്വരത്തില്‍ പറഞ്ഞു..
"സ്ക്രിപ്റ്റ് എഴുതിയവന് കൊള്ളാതിരുന്നാല്‍ മതിയായിരുന്നു.." ഞാന്‍ മനസ്സില്‍ പറഞ്ഞു..
കഥയും കഥാപാത്രങ്ങളുമായി..
അതിങ്ങനെ,
എപ്പോഴും കല്‍പ്പിച്ചു മാത്രം പരിചയമുള്ള സോബിന്‍ രാജാവായി (പറവൂര്‍ വലിയ കോവിലകം വാഴും ശ്രീ സോബിന്‍ തമ്പുരാന്‍)
അനുസരിച്ച് മാത്രം ശീലമുള്ള പാവം ഞാന്‍ മന്ത്രി.. (കണ്ണൂര്‍ ദേശം ഇളയെടത്തു ഫിറോസ്‌. പി)
കുമാരനായി ഫ്രീജോ എന്ന ജോഫ്രി.. (കൂലി പണിക്കു പോകുന്ന കുമാരനല്ല.. ഇത് രാജകുമാരന്‍..)
കുമാരിയായി ദീപാ റാണി.(കൂലി പണിക്കു പോകുന്ന കുമാരന്‍റെ കെട്ടിയോള് കുമാരിയുമല്ല.... ഇത് രാജകുമാരി..)
വില്ലനായി അനുപം ഖേര്‍ (ഛെ. തെറ്റിപ്പോയി.. അനൂപ്‌ കുമാര്‍)
വില്ലന്‍റെ സഹായിയായി അരുണ്‍ നാഥ്.. (വില്ലത്തരമില്ലാത്ത പാവം സഹായി)
പിന്നെ മെല്‍ബിനും.. (അത് സസ്പെന്‍സ്)
കഥ പ്രോഗ്രാം കമ്മിറ്റിക്ക് സമര്‍പ്പിച്ചു.. പക്ഷെ.. അവിടന്ന് കിട്ടിയ മറുപടി..അത് ഞങ്ങളുടെ ചങ്ക് തകര്‍ത്തു..
പരിപാടി അവതരിപ്പിക്കാന്‍ പാടില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തുള്ളി ചാടിയേനെ.. ബട്ട്‌ ഇതിപോ....!!!!
കാര്യം ഇതാണ്..
സ്കിറ്റ് അവതരിപ്പിക്കാന്‍ രണ്ടു ടീം രജിസ്റ്റര്‍ ചെയ്തു.. ഒരു സ്കിറ്റ്-നു ഉള്ള സമയം കൊണ്ടു രണ്ടും കൂടി ഒരുമിച്ചു ചെയ്യണമെന്നു..
ഈശ്വരാ..ഇതെന്തു കഥ..
മറ്റേ കഥയാണെങ്കില്‍ നമ്മുടെ കഥയുമായി ആനയും അംബാനിയും തമ്മിലുള്ള വ്യത്യാസവും..അതില്‍ തമിഴ് സിനിമയുമായി ബന്ദപ്പെട്ട ഒരു സംഭവം. (രജനികാന്ത് ഒക്കെ വരുന്ന ഒരു ഒന്നൊന്നര സംഭവം.. )
ഐടി ,പുരാണം ഇപ്പൊ ഇതേ രജനികാന്തും..തല്ലന്വേഷിച്ചു പോകേണ്ട കാര്യമില്ല. ചോദിച്ചു വന്നോളും..
"പടച്ചോനെ.. എന്നെ കാത്തോളണേ.. " ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു..

രംഗം 3 :

ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍..
കഥ ഒന്നുമായില്ല.. എനിക്കത്യാവശ്യത്തിനു നാട്ടില്‍ പോകേണ്ടതായും വന്നു..
എന്‍റെ കഥയില്‍ എവിടെ രജനികാന്തിനെ കേറ്റും എന്നാലോചിച്ചു ഇരിക്കവേ മൊബൈലില്‍ ഒരു കാള്‍..
കുമാരിയാണ്.. അല്ല എന്‍റെ മനസ്സില്‍ കഥാപാത്രങ്ങള്‍ മാത്രമുള്ളത് കൊണ്ടു എനിക്ക് തോന്നിയതാണ്.. അത് ദീപയാണ്..
കഥ എന്തായി എന്നറിയാന്‍ വേണ്ടി വിളിക്കുവാ.. കാള്‍ എടുത്തു..
"കഥ എന്തായി?? " (ഒരു ഹലോ കൂടി പറയാതെ ചോദിക്കുന്ന ചോദ്യമേ.. )
"കഥ തീരാറായി.. "
"ആണോ.. വെരി ഗുഡ്.. എങ്ങനാ കഥ തീരുമാനിച്ചേ?? "
"അതൊന്നും തീരുമാനിച്ചില്ല.. "
"പിന്നെ കഥ തീരാറായി എന്ന് പറഞ്ഞത്?? "
"അത് .. കഥയെ കുറിച്ചാലോചിച്ചു എന്‍റെ കഥ തീരാറായി എന്നാ പറഞ്ഞത്.. "
"ക്ഷെടാ.. "
"നമുക്കൊരു കാര്യം ചെയ്താലോ?? "
"എന്ത്?? "
"കുമാരന്റെയും കുമാരിയുടെയും സീനിനു മുന്നിലായി ബാലയെയും അത് കഴിഞ്ഞു രജനികാന്തിനെയും ഇടാം.. അങ്ങനെയാണേല്‍ മറ്റുള്ള സീനിലൊന്നും വലിയ മാറ്റം വരത്തില്ല.. എപ്പടി???"
"അത് നീ എങ്ങനാന്നു വെച്ചാല്‍ ചെയ്.. "
അതും പറഞ്ഞു ലവള്‍ ഫോണ്‍ കട്ട്‌ ചെയ്തു.. ഒരു അഭിപ്രായം പറഞ്ഞ നമ്മള്‍ സോമനായി..
ഫോണ്‍ കട്ട്‌ ചെയ്തു എന്‍റെ മുന്നിലിരിക്കുന്നവരെ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി..എല്ലാവരും എന്നെ തന്നെ നോക്കുന്നു..
അതും പോരാതെ ,ഒരു പത്തു വയസ്സ് തോന്നിക്കുന്ന കുട്ടി എന്നെ വളരെ രൂക്ഷമായി നോക്കുന്നു..
കുറച്ചു കഴിഞ്ഞപോള്‍ അവനെന്നെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു.. വെറുതെ കിട്ടിയതല്ലേ... ഞാന്‍ തിരിച്ചും ഒന്ന് പുഞ്ചിരി തൂകി..
"ചേട്ടന്‍ സിനിമയിലാണോ വര്‍ക്ക്‌ ചെയ്യുന്നത് ?? " എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ തന്നെ അവനെന്നോട് ചോദിച്ചു..
ഞാന്‍ ചുറ്റിലും നോക്കി... എല്ലാവരും എന്‍റെ മറുപടിക്കായി കാത്തിരിക്കുന്നു..
"മോനെ , ഞാന്‍ സിനിമയിലും നാടകത്തിലുമൊന്നുമല്ല.. എന്‍റെ കമ്പനി വാര്‍ഷികത്തിന് അവതരിപ്പിക്കേണ്ട സ്കിറ്റ്-നെ കുറിച്ചാണ് ഞാന്‍ ഫോണില്‍ സംസാരിച്ചത്..ബാല എന്നത് എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരാളുടെ പേരാണ്..രജനികാന്തിനെ അനുകരിക്കുന്ന കാര്യമാ അത് കഴിഞ്ഞു പറഞ്ഞതും. മനസ്സിലായോ ??"

ഇങ്ങനെയൊന്നും ഞാന്‍ അവനോടു പറഞ്ഞില്ല..!!! പറയാന്‍ എന്‍റെ മനസ് സമ്മതിച്ചില്ല..
"ചേട്ടന്‍ സിനിമയിലാണോന്ന്???" കുട്ടി വീണ്ടും ചോദിച്ചു..
"യെസ്.. ഞാന്‍ സിനിമയിലെ വലിയ സംഭവമാ.. രജനികാന്തിന്‍റെ പുതിയ സിനിമ 'ശിവാജിയുടെ' മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തുന്നത് ഞാന്‍ ഒറ്റക്കാണ്.. " അതും പറഞ്ഞു കാലിന്‍ മേല്‍ കാലും കേറ്റിവെച്ച് ഞാനിരുന്നു..
ഡിഷും.. ഡിഷും.. ഡിഷും..
ചുറ്റും കൂടി നിന്നവരുടെ മുഖം പ്രസന്നമായി..ഇത്രേം വലിയ മഹാനെ കാണാന്‍ നേരില്‍ പറ്റിയതിലുള്ള സന്തോഷമാവും.
"രജനികാന്ത് ആളെങ്ങനെയാ ചേട്ടാ?? "
കുട്ടിയുടെ ഈ ചോദ്യം കേട്ടതും ഞാനൊന്നു പകച്ചു.. ഈ കൊച്ചു എന്നേം കൊണ്ടേ പൊകൂ എന്ന തോന്നുന്നേ.. പക്ഷെ തളരാതെ തന്നെ ഞാന്‍ ഉത്തരം പറഞ്ഞു..
"രജനി ഭയങ്കര കമ്പനി അല്ലെ.. ഞങ്ങള്‍ തമ്മില്‍ തമാശയൊക്കെ പറയും.. അങ്ങനെയുള്ള ടൈമില്‍ ഞാന്‍ രജനിയെ രാജു മോന്‍ എന്നൊക്കെ വിളിച്ചു കളിയാക്കും.. "
"ആണോ?? "
"സത്യായിട്ടും.. അമ്മയാണെ സത്യം.. "
"രജനിയുടെ പുതിയ സിനിമയുടെ കഥ എന്താ??? "
തുലച്ചു... സിനിമയുടെ കഥയേ?? അതും എന്നോട്.. പക്ഷെ ഞാന്‍ തളര്‍ന്നില്ല..
"അത്.. കഥ വളരെ രഹസ്യമാക്കി വെച്ചിരിക്കുവാ.. ആരോടും പറയരുതെന്നാ "ശങ്കു" പറഞ്ഞിരിക്കുന്നെ.. "
"ശങ്കുവോ?? അതാരോ?? "
"ഒഹ്.. സോറി.. ശങ്കര്‍ എന്ന ഉദ്ദേശിച്ചേ.. ഞങ്ങള്‍ അടുപ്പമുള്ളവര്‍ ശങ്കു എന്ന വിളിക്കാറ്.. പിന്നെ.. വേറൊരു കാര്യം... ലോക സിനിമ ഇന്ന് വരെ ചര്‍ച്ച ചെയ്യാത്ത വിഷയമാ 'ശിവാജി' പറയുന്നേ.. "(കൊപ്പായിരുന്നു)
ഇതും പറഞ്ഞു ഞാന്‍ ചുറ്റിലും നോക്കി.. ചുറ്റിലുള്ളവര്‍ എന്നെ മൈന്‍ഡ് ചെയ്യുന്നത് പോലുമില്ല..
ആള്‍ക്കാര്‍ പറയുന്നതെത്ര സത്യമാ.. "ഒരു മലയാളിക്ക് മറ്റൊരു മലയാളി നന്നാവുന്നത് ഇഷ്ടമല്ല.." ഞാന്‍ മനസ്സില്‍ കരുതി..
ഭാഗ്യത്തിന് വേറൊന്നും ആ കുട്ടി എന്നോട് ചോദിച്ചില്ല.. ഞാനൊന്നും പറഞ്ഞതുമില്ല..
--------------------------------------------------------------------------------------------
ആ ദിവസം വൈകുന്നേരം എന്നെ ചാച്ചന്‍ വിളിച്ചു..
രണ്ടാമത്തെ സ്കിറ്റ് ക്യാന്‍സല്‍ ആയെന്നും അവര്‍ വേറെ എന്തോ പരിപാടിയാണ് ചെയ്യുന്നത് എന്നറിഞ്ഞപോള്‍ സന്തോഷമായി..
ഇനി സമാധാനമായി നാണം കേടാം..
--------------------------------------------------------------------------------------------
അങ്ങനെ ആ ദിവസം വന്നെത്തി.. കാത്തിരുന്ന കമ്പനി വാര്‍ഷിക പാര്‍ട്ടി.. വളരെ വിപുലമായ പാര്‍ട്ടി..
സ്ക്രിപ്റ്റും കഥാപാത്രങ്ങളുമൊക്കെ ഓക്കേ ആയെങ്കിലും ഞങ്ങളുടെ സ്കിറ്റ് ചീറ്റി പോകും എന്നതില്‍ എനിക്കൊരു സംശയവും ഇല്ലായിരുന്നു..
കാരണം ഇതുവരെ ഒരു തവണ പോലും ഞങ്ങള്‍ പ്രാക്ടീസ് ചെയ്തിട്ടില്ല..
എന്തിനധികം പറയുന്നു,
6 മാസങ്ങള്‍ കൂടിയിട്ടാ കുമാരന്‍ കുമാരിയെയും,വില്ലന്‍ വില്ലന്റെ സഹായിയെയുമൊക്കെ കാണുന്നത്.. അത്രയ്ക്ക് കേമം..
ഏതായാലും ഒരു റിഹേഴ്സല്‍ ചെയ്തു നോക്കാം എന്ന് കരുതി ഞങ്ങള്‍ ഒത്തു ചേര്‍ന്നു..
റിഹേഴ്സല്‍ തുടങ്ങി.. വിചാരിച്ചതിലും കേമം തന്നെ..
രാജവാര്,മന്ത്രിയാര്,പ്രജയാര് തുടങ്ങി സ്വന്തം കഥാപാത്രം എന്താണെന്നു പോലും ഞാനുള്‍പ്പെടെ ആര്‍ക്കും അറിയില്ല..
റിഹേഴ്സല്‍ കഴിഞ്ഞപോള്‍ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു..
"എന്തായാലും ചെരുപ്പുമിട്ടു ഞാന്‍ സ്റ്റേജില്‍ കയറില്ല.. കാരണം എനിക്ക് ചെരിപ്പുമിട്ട്‌ ഓടാന്‍ ഭയങ്കര ബുദ്ധിമുട്ടാ.... " അത്ര തന്നെ..
പിന്നെ അനുവിനോട് രഹസ്യമായി ചോദിച്ചു..
"നിനക്ക് നീന്തല്‍ അറിയാവോ??"
"ഉം.. എന്തെ?? "
"അല്ല.. അറിയില്ലെങ്കില്‍ സ്കിറ്റ് തുടങ്ങുന്നതിനു എങ്ങനേലും പഠിച്ചെടുക്കാന്‍ നോക്കണം..
എന്തായാലും കണ്ടു നില്‍ക്കുന്നവര്‍ ഓടിക്കും.. കായലില്‍ ചാടുക അല്ലാതെ വേറൊരു വഴിയും കാണില്ല..ഹാ "
--------------------------------------------------------------------------------------------

കലാപരിപാടികള്‍ തുടങ്ങി..
ഞങ്ങള്‍ ഒരു റിഹേഴ്സല്‍ മാത്രം നടത്തി വെറുത്തു കറങ്ങി തിരിഞ്ഞു നടക്കുമ്പോള്‍ അനുവിശ്വന്‍ ഓടി വരുന്നു..
"എന്താ കാര്യം?? ഞങ്ങളുടെ സ്കിറ്റ് ക്യാന്‍സല്‍ ചെയ്തോ??"
ഞാന്‍ സന്തോഷത്തോടെ ചോദിച്ചു..
"ഇല്ല.. നിങ്ങളുടെ സ്കിറ്റ് ആണ്‌ രണ്ടാമത്തെ ഐറ്റം.. വേഗം പോയി റെഡി ആകു.."
ഓഹോ.. എല്ലാരും നമുക്കിട്ടു പണിയാന്‍ കാത്തിരിക്കുവയിരുന്നല്ലേ.. നന്നായി..

എല്ലാവരും ഒരുങ്ങാന്‍ വേണ്ടി റൂമിലേക്ക്‌..
ജോഫ്രി ഡ്രസ്സ്‌ എടുത്തു പുറത്തു വെച്ചു.. പുരാണ നാടകത്തിനുപയോഗിക്കുന്ന രാജാ പേട്ടു വേഷങ്ങള്‍ തലങ്ങും വിലങ്ങും കിടക്കുന്നു....
"ഇത് വേണോ?? നമുക്ക് ഇപ്പൊ ഉള്ള വേഷത്തില്‍ തന്നെ സ്റ്റേജില്‍ കയറിയാല്‍ പോരെ?? " ഞാന്‍ അറിയാതെ ചോദിച്ചു പോയി..
"പിന്നെഹ്.. ജീന്‍സും ടി-ഷര്‍ട്ടും ഒക്കെ ഇട്ടിട്ടല്ലേ രാജാവും മന്ത്രിയും കുമാരനുമൊക്കെ നടക്കുന്നത്.. വാചകമടിക്കാതെ വേഷം മാറാന്‍ നോക്കെടാ.. "
രാജാവ്‌ ആജ്ഞാപിച്ചു.. പിന്നെ രക്ഷയില്ല.. വേഷം മാറിയേക്കാം..
ഓരോരുത്തരും കയ്യില്‍ കിട്ടിയ വേഷമെടുത്തു അണിയാന്‍ തുടങ്ങി...
കുറച്ചു കഴിഞ്ഞപോള്‍ രാജാവിന്റെ ദീന രോദനം..
"എന്‍റെ ഉടയാട എവിടെ?? "
"ഉടയാടയോ.. അതെന്തോന്നു??" സംശയം അനുവിന്..
"എടാ..രാജാവിടുന്ന കുപ്പായം"
"ആഹ്.. ഞാന്‍ കണ്ടില്ല.."
കുറച്ചു കഴിഞ്ഞപ്പോള്‍ സോബിന്‍ എന്‍റെ നേര്‍ക്ക്‌ പാഞ്ഞടുത്തു..
"എന്താ ചാച്ച പ്രശ്നം?? "
"എന്‍റെ ഉടയാട മാത്രമേ നിനക്കെടുത്തിടാന്‍ കണ്ടുള്ളോ??"
ഞാന്‍ എന്‍റെ ശരീരത്തിലേക്ക് നോക്കി..
അത് ശരി.അപ്പൊ ജുബ്ബയാണെന്ന് കരുതി ഞാന്‍ എടുത്തണിഞ്ഞത് രാജാവിന്റെ ഉടയാട ആയിരുന്നോ??
"സോറി ചാച്ച.. സോറി.. എന്‍റെ വേഷം എന്തോന്നാ..??"
"നിന്‍റെ വേഷം ഇട്ടോണ്ടാണെന്ന് തോന്നുന്നു അരുണ്‍ ഇറങ്ങി പോകുന്നത് കണ്ടു.. "
ഈശ്വര..ഇതെന്തകുമോ എന്തോ??
ഒടുവില്‍ ആരൊക്കെയോ എവിടെനിന്നോ അരുണിനെ വിളിച്ചോണ്ട് വന്നു..
രാജാവ്‌ ഭീഷണിപ്പെടുത്തി അവന്‍റെ വേഷം എനിക്ക് വാങ്ങിച്ചു തന്നു..(മന്ത്രിയോടുള്ള സ്നേഹം!!!!)
വീണ്ടും വേഷം കേട്ടാല്‍ ചടങ്ങിലേക്ക്.. കൂടെ പരാതികളുടെ പ്രവാഹവും..
"എന്‍റെ ഉടയാടകള്‍ കുറവാ.. കൂടുതല്‍ കിട്ടിയില്ലേല്‍ ഞാന്‍ തട്ടേല്‍ കേറില്ല" എന്ന് കുമാരന്‍..
"രാജവിനല്ല, കിരീടം വില്ലനാണ് വേണ്ടത് " എന്ന് വില്ലന്‍..
"കിരീടമില്ലാത്ത രാജാവാകാന്‍ എനിക്ക് സൌകര്യമില്ല " എന്ന് രാജാവ്‌..
"മീശ വരച്ചില്ലേല്‍ വില്ലന് സഹായി ആകാന്‍ വേറെ ആളെ നോക്കണം" എന്ന് വില്ലന്റെ സഹായി..
ഓരോരുത്തരേം ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ തുടങ്ങി..
കുമാരനുള്ള ഉടയാട അടുത്ത പള്ളി പെരുന്നാളിന് വാങ്ങിച്ചു തരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു..കുമാരന്‍ ഒരു വിധത്തില്‍ അടങ്ങി..
കിരീടം രണ്ടു പേര്‍ക്കും മാറി മാറി ഉപയോഗിക്കാം എന്ന് പറഞ്ഞു രാജാവും വില്ലനും തമ്മില്‍ സന്ധിയായി..
ഒരു കുപ്പി കരിമഷി കൊണ്ടു സഹായിക്കു മീശയും വരച്ചു കൊടുത്തു..
എല്ലാം ഓക്കേ..എങ്കിലും ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു..
"തട്ടേല്‍ കിടന്നു മരിക്കാനുള്ള ഭാഗ്യം യദാര്‍ത്ഥ കലാകാരന്മാര്‍ക്ക് മാത്രം നല്‍കണമേ.. ഞങ്ങള്‍ക്ക് ആ ഭാഗ്യം നല്കല്ലേ.."
വേഷം മാറി പുറത്തിറങ്ങി.. ഞങ്ങളെയും കാത്തു ദീപ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു....
ദീപയുടെ മട്ടും കോലവും കണ്ടപ്പോള്‍ വസ്ത്രക്കടയുടെ പരസ്യമാണോ അതോ സ്വര്‍ണക്കടയുടെ പരസ്യമാണോ എന്ന് ചോദിയ്ക്കാന്‍ തോന്നി..
പക്ഷെ ചോദിച്ചില്ല.. കാരണം രാജകുമാരി ഇല്ലാതെ വന്നാല്‍ സ്കിറ്റ് നടക്കില്ലല്ലോ..
------------------------------------------------------------------------------------------

നാടകം തുടങ്ങി.. കഴിഞ്ഞു..
നാടകം കഴിഞ്ഞപോള്‍ ഒരു കാര്യം മാത്രമായിരുന്നു എന്‍റെ മനസ്സില്‍..
കണ്ടു നിന്നവരെയൊക്കെ സമ്മതിക്കണം..
കാരണം ആരും കൂവിയതുമില്ല,ഞങ്ങള്‍ക്ക് തല്ലും കൊണ്ടില്ല..
സ്കിറ്റ് കഴിഞ്ഞ സ്ഥിതിക്ക് ഇനി കഥാപാത്രങ്ങളിലേക്ക് പോകാം..

രാജാവും മന്ത്രിയുമായി സോബിനും ഫിറോസും തകര്‍ത്തു..
(തകര്‍ക്കപ്പെട്ടത് കാണാനിരുന്നവരുടെ ഹൃദയമാണെന്ന് മാത്രം.. )
രാജകുമാരനും കുമാരിയുമായി ജോഫ്രിയും ദീപയും കാണികളുടെ കയ്യടി നേടി..
(ഇവരെ കയ്യില്‍ കിട്ടിയിരുന്നേല്‍ "കയ്യടിയുടെ" വീര്യം കൂടിയേനെ)
വില്ലന്റെ ഇരട്ട വേഷം അനുപം ഖേറിന്റെ, ..ഛെ..അനൂപ്‌ കുമാറിന്റെ കയ്യില്‍ ഭദ്രമായിരുന്നു..
(ഇനിയും ഇത് പോലെ വല്ലതുമുണ്ടേല്‍ കയ്യില്‍ ഭദ്രമായ്‌ വെച്ചാല്‍ മതി,പുറത്തെടുക്കരുത്, പ്ലീസ്...)
സത്യന്‍റെ ശബ്ദവുമായി വന്നു അരുണ്‍നാഥ് ഉഗ്രന്‍ പ്രകടനം കാഴ്ച വെച്ചു..
(സത്യന്‍ ജീവിച്ചിരുന്നേല്‍ ഇത് കണ്ടു ആത്മഹത്യാ ചെയ്തേനെ..)
കോമാളി വേഷമൊന്നും കെട്ടാതെ വന്നത് കൊണ്ട് മെല്‍ബിനെ മാത്രം എല്ലാരും സ്നേഹിച്ചു..


ഇനി, വാല്‍കഷ്ണം..
അപാരമായ തൊലിക്കട്ടി നിങ്ങള്‍ക്കുമുണ്ടെങ്കില്‍ ‍,ആ സ്കിറ്റ് നിങ്ങള്‍ക്കും കാണും..
കാണണമെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി കേട്ടോ... ലിങ്ക് ഞാന്‍ തരാം.. :)

അഭിപ്രായം പറയണേ.. :)

7 comments:

  1. http://www.youtube.com/watch?v=RDenASV7jKM

    ReplyDelete
  2. aliyaaaaaaaaa superrrrrrrr :)

    ReplyDelete
  3. Thank you very Much JPK...
    Oru dappam koothu kadhayum koodi ezhuthanund.. :D

    ReplyDelete
  4. pazhaya kalam orthu pokunnu aliyaa :)

    ReplyDelete
  5. @Randeep.. Ormakalil namukku jeevikkam.. :P

    ReplyDelete
  6. ഒരു കലാകാരന്റെ കഴിവ് ഇവടെ തിരിച്ചറിയുന്നു ഞാന്‍ സഹോദരാ ....ക്ലൈമാക്സ്‌ അത്ര അങ്ങ് വന്നില്ല....:P

    ReplyDelete
  7. മനുഷ്യന്‍ തോറ്റു , വട ജയിച്ചു..

    കഥ വളരെ രഹസ്യമാക്കി വെച്ചിരിക്കുവാ.. ആരോടും പറയരുതെന്നാ "ശങ്കു"

    നമിച്ച്‌ നമിച്ചു നമിച്ചു.

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)