ആര് കെട്ടും???
ചില ചോദ്യങ്ങള്‍ അങ്ങനെയാണ്.. വ്യക്തമായ ഉത്തരങ്ങള്‍ ലഭിക്കാത്ത ചോദ്യങ്ങള്‍....
അങ്ങനെയുള്ള ഒരു ചോദ്യത്തിന്‍റെ കഥയാണിത്.. കൂടുതലറിയാന്‍ കഥയുടെ അവസാനം വരെ കാത്തിരിക്കുക....പ്ലീസ്..
ഞാനും പ്രകാശും രാവിലെ തന്നെ കോളേജിലെത്തി.. ഗേറ്റിന്റെ അടുത്ത് വായ് നോക്കി ഇരിക്കുമ്പോള്‍ അന്‍സാര്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു..
അവന്‍റെ മുഖത്തെന്തോ ഭാവ മാറ്റമുണ്ട്.. പക്ഷെ എന്ത് ഭാവമാണ് അതെന്നു ഞങ്ങള്‍ക്ക് മനസിലായില്ല..
അഹംഭാവമാണോ,വിഷാദമാണോ അതോ വേറേതേലും ഭാവമോ??? ആഹ്,,
"അളിയാ.. അവളുടെ കല്യാണം ഉറപ്പിച്ചു.. "
വന്ന ഉടനെ അവന്‍ ഞങ്ങളോട് പറഞ്ഞു..
"എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെങ്ങളുടെ കല്യാണമുറപ്പിചെന്നോ??"
ഞാന്‍ ചോദിച്ചു..
"പെങ്ങളുടെതല്ലട.. ഷമീനയുടെ"
അതായതു അവന്‍റെ കാമുകിയുടെ..
(സത്യം പറഞ്ഞാല്‍ ഞങ്ങള്‍ ആരും ശമീനയെ ഇത് വരെ കണ്ടിട്ടില്ല.. അവന്‍റെ അയല്‍വാസിയെന്നാ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്.)
"എഹ്.. അതിനു നിന്‍റെ വീട്ടില്‍ സമ്മതിച്ചോ??? "
"അതിനെന്തിനാ എന്‍റെ വീട്ടുകാരുടെ സമ്മതം?? "
"അപ്പോള്‍ രജിസ്റ്റര്‍ വിവാഹമാണോ??? എടാ.. അത് വേണോട?? "
"എടാ.. അതിനു ഞാനുമായുള്ള വിവാഹമല്ല.. വേറേതോ തെണ്ടിയ അവളെ കല്യാണം കഴിക്കാന്‍ പോകുന്നത്.. "
എഹ്..
"നീ ലോകത്തുള്ള സകല കാമുകന്മാര്‍ക്കും ഒരു മാതൃകയാണെടാ.... സ്വന്തം കാമുകിയുടെ വിവാഹത്തിന് ക്ഷണിക്കുന്ന ആദ്യ കാമുകന്‍.. നീ വിളിച്ചില്ലേലും ഞങ്ങള്‍ വരുമായിരുന്നെട"
പ്രകാശ് പറഞ്ഞു..
"ഫ.. ഞാന്‍ നിന്നെയൊക്കെ കല്യാണം വിളിക്കാന്‍ വന്നതൊന്നുമല്ല.. "
"പിന്നെ?? "
"ആ കല്യാണം എങ്ങനേലും മുടക്കണം എന്ന് പറയാന്‍ വന്നതാ.. "
"കല്യാണം മുടക്കാനോ??"
"ഡാ.. അതിനു കല്യാണം തീരുമാനിചൊന്നുമില്ല.. ഇന്നേതോ ഒരുത്തന്‍ അവളെ പെണ്ണ് കാണാന്‍ വരുന്നുണ്ട്.. അവനു അവളെ ഇഷ്ടമായാല്‍ എല്ലാം കൈ വിട്ടു പോകും.. അതാ.."
"അളിയാ.. ഇപോ പഴയത് പോലെ ഓടാനും തല്ലു കൊള്ളാനൊന്നും വയ്യ.. അത് കൊണ്ടു ഞങ്ങളെ വെറുതെ വിട്ടേക്ക്.. "
ഞാന്‍ പറഞ്ഞു..
"ഇതാണോടാ ഫ്രണ്ട്സ്.. ഫ്രണ്ട്സ് എന്ന് വെച്ച ഇങ്ങനെയാണോ???"
"പിന്നെന്ത.. ?? നീയൊക്കെ കാണിക്കുന്ന തോന്ന്യസത്തിനു തല്ലു കൊള്ളുന്നവരല്ലേ ഫ്രണ്ട്സ്.. പോടാ.. "
"എടാ.. അങ്ങനെ പറയല്ലേ.. നിങ്ങള്‍ക്ക് മാത്രമേ ഇനി എന്നെ രക്ഷിക്കാന്‍ പറ്റു.. "
"നീ ഞങ്ങളെ അത്രക്കങ്ങു പൊക്കല്ലേ.. ഞങ്ങളെ താഴെ നിര്‍ത്ത്.. എന്നിട്ട് സംസാരിക്ക്.. ഹല്ല പിന്നെ.."
"എടാ.. പ്ലീസ്.. "
പക്ഷെ ഞാന്‍ അതിലൊന്നും വീണില്ല..
അന്‍സാര്‍ പോകാനൊരുങ്ങി..
അപ്പോള്‍ പ്രകാശ് അവന്‍റെ കയ്യില്‍ കയറി പിടിച്ചു..
"ടാ.. നീ പേടിക്കേണ്ട.. ഞങ്ങളുണ്ടാകും നിന്‍റെ കൂടെ.. നമ്മള്‍ ഈ കല്യാണം മുടക്കും.."
അവന്‍ ഒരു നായകന്‍റെ വീര്യത്തോടെ പറഞ്ഞു..
അതാണ് പ്രകാശ്.. മുകളില്‍ പോകുന്ന ഒരു വെടിയുണ്ട പോലും വെറുതെ വിടാത്തവന്‍.. ഏണി വെച്ചായാലും കയറി പിടിക്കുന്നവന്‍.. ആ വെടിയുണ്ട കൊണ്ടു മിക്കവാറും പരിക്ക് പറ്റുന്നത് എനിക്കോ സുനീറിനോ ആയിരിക്കും.. ഇതിപോ എന്താകുമോ എന്തോ???
"ടാ.. സുനീറിനേം കൂടി വിളിക്ക്..അവനും വേണം നമ്മുടെ കൂടെ.. നമുക്കിപോ തന്നെ പോകാം.. "
"അതിനു സുനീര്‍ ഇന്ന് ലീവ് ആണ്..സൊ ഇന്ന് പോകുന്നത് നടക്കില്ല.."
ഞാന്‍ എങ്ങനേലും ഒഴിവാകാന്‍ ശ്രമിച്ചു..
"അവനെ ഫോണ്‍ വിളിച്ചു വരാന്‍ പറയെടാ.."
"എടാ.. അവന്‍ എന്തോ പ്രധാനമായ കാര്യത്തിന് പോവുകാണെന്നാ പറഞ്ഞത്.. അത് കൊണ്ട് അത് നടപ്പില്ല... "
"എന്നാ പിന്നെ നമുക്ക് രണ്ടു പേര്‍ക്ക് മാത്രം പോകാം.. എന്താ???"
"വേണ്ടെട.. നമുക്ക് നാളെ പോയാല്‍ മതി.. "
"അതെന്താ ഇന്ന് പോയാല്‍..?? "
"ഇന്ന് പോയാല്‍ ചെറുക്കന്റെ വീട്ടുകാരുടെയും പെണ്ണിന്‍റെ വീട്ടുകാരുടെയും കയ്യില്‍ നിന്നു കൊള്ളേണ്ടി വരും.. നാളെയാകുമ്പോ പെണ്ണിന്‍റെ വീട്ടുകാരുടെ കയ്യില്‍ നിന്നും മാത്രം കൊണ്ടാല്‍ മതി..പോരാതെ.. നാളെയാകുമ്പോള്‍ സുനീറിനേം കൂട്ടാം.. "
അത് അവന്‍ സമ്മതിച്ചു..
"ഇനി നമുക്ക് പരിപാടി പ്ലാന്‍ ചെയ്യാം.. ടാ.. അതിനു മുമ്പ് നീ പോയി രണ്ടു പരിപ്പുവട വാങ്ങിയിട്ട് വാ.. "
ഞാന്‍ അന്‍സാറിനോട് കല്‍പ്പിച്ചു..
"എഹ്.. പ്ലാന്‍ ചെയ്യുന്നതിനെന്തിനാ പരിപ്പ് വട..??"
"അത് പരിപ്പുവടയുടെ മുകളിലാ പ്ലാന്‍ വരക്കുന്നത്.. അതികം ചോദ്യം ചോദിക്കാതെ പോയി വാങ്ങിച്ചു വാടാ.. "
ഇപോഴാകുമ്പോള്‍ അവനെന്തായാലും പോകും.. കാരണം അവനാണല്ലോ ആവശ്യം..
'ടാ.. പിന്നൊരു കാര്യം.. നാളെ എനിക്ക് വരാന്‍ പറ്റില്ല കേട്ടോ.. "
പോകുന്നതിനു മുമ്പ് അവന്‍ പറഞ്ഞു..
"വരാന്‍ പറ്റില്ലന്നോ?? അപ്പോള്‍ ഞങ്ങള്‍ മാത്രം പോയി തല്ലു കൊള്ളണം എന്ന്..അല്ലെ,,?? "
"അതല്ലട.. എന്നെ കണ്ടാല്‍ തന്നെ അയാള്‍ വാളെടുക്കും.. പിന്നെ തല്ലില്‍ നിക്കില്ല.. കൊല നടക്കും കൊല.. ഹാ.."
"അങ്ങനയണേല്‍ നീ വരേണ്ട.. നീയില്ലാതെ ഞങ്ങള്‍ എന്തേലും പ്ലാന്‍ ചെയ്തോളാം.."
പ്രകാശ് വീണ്ടും നായക സ്വരത്തില്‍ പറഞ്ഞു.. ഇവനെന്തിനുള്ള പുറപ്പാടാണോ എന്തോ???
അന്‍സാര്‍ പരിപ്പുവട വാങ്ങാന്‍ പോയി..
പ്രകാശ് പ്ലാന്‍ പറയാന്‍ തുടങ്ങി.
ആ പ്ലാന്‍ എനിക്കും ഇഷ്ടമായി.. കാരണം ആ വെടിയുണ്ട എനിക്ക് നേരെയല്ല.. സുനീരിന്‍റെ നേര്‍ക്കാ.. അത് കൊണ്ടു തന്നെ അവിടെ എത്തും വരെ ഈ പ്ലാന്‍ എന്ത് വന്നാലും സുനീര്‍ അറിയാന്‍ പാടില്ല എന്നതും ഞങ്ങള്‍ തീരുമാനിച്ചു..
പിറ്റേന്ന്..
സുനീറിനേം കാത്തു ഞാനും പ്രകാശും ഗേറ്റിന്റെ അടുത്ത് നില്പായി.. കുറച്ചു കഴിഞ്ഞപോള്‍ ഒരു ഓട്ടോയില്‍, മുഖത്ത് നിറഞ്ഞ ചിരിയുമായി സുനീര്‍ വന്നിറങ്ങുന്നത് കണ്ടു..
ഞങ്ങള്‍ ഓടി ഓട്ടോയുടെ അടുത്ത് ചെന്ന് അതെ ഓട്ടോയില്‍ അവനേം വിളിച്ചു കേറ്റി യാത്ര ആരംഭിച്ചു..
"എങ്ങോട്ടാട ??? " അവന്‍ ചോദിച്ചു..
"എന്ത്.. ഏത് .. എന്നൊന്നും ചോദിക്കേണ്ട.. ഞങ്ങളുടെ കൂടെ വന്നു നിന്നാല്‍ മാത്രം മതി.. "
ഞാന്‍ പറഞ്ഞു..
"ഉം.. ശരി.. എനിക്കൊരു സന്തോഷ വാര്‍ത്ത പറയാനുണ്ടെട.."
അവന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു..
"അതൊക്കെ പിന്നെ പറയാം.. അതിനെക്കാള്‍ വല്യ കാര്യത്തിനാ നമ്മളിപോ പോകുന്നത്.. അപോഴാ അവന്‍റെയൊരു സന്തോഷ വാര്‍ത്ത. "
പ്രകാശ് അത് പറഞ്ഞതും അവന്‍റെ മുഖമൊന്നു മാറി.. പിന്നെയൊന്നും അവന്‍ പറഞ്ഞില്ല..
അങ്ങനെ ഞങ്ങള്‍ ആ വീട്ടിലെത്തി.. വീടെത്തിയതും സുനീറിന്റെ മുഖത്തൊരു ഭാവ മാറ്റം..
ഇവന്മാരെന്താ ചെയ്യാന്‍ പോകുന്നത് എന്നോര്‍ത്താവും ....
വീടിന്‍റെ പുറത്തു തന്നെ പെണ്ണിന്‍റെ ബാപ്പ നില്‍പ്പുണ്ട്.. അയാളെ കണ്ടതും ഞാനൊന്നു ഞെട്ടി. കാരണം അങ്ങനെയൊരു രൂപം.. എന്റെമ്മോ..
അതെ ഞെട്ടല്‍ സുനീറിന്റെ മുഖത്തും കാണാമായിരുന്നു.. അവനും പേടിച്ചിട്ടുണ്ടാവും..
പക്ഷെ അയാളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി..
ആദിത്യ മര്യാദ.. ഞാന്‍ മനസ്സില്‍ കരുതി..
"ഞങ്ങള്‍ ഒരു കാര്യം പറയാനാ വന്നത്.. "
പ്രകാശ് പറഞ്ഞു തുടങ്ങി.. ഞാന്‍ ഒരടി പിറകിലോട്ടു മാറി നിന്നു..
"എന്താ മക്കളെ.. ?? " അയാള്‍ സ്നേഹപൂര്‍വ്വം ചോദിച്ചു..
"ഇന്നലെ പെണ്ണ് കാണാന്‍ വന്നവരുമായി ഷമീനയുടെ കല്യാണം ഉറപ്പിച്ചാല്‍ ഇവിടെ ഒരു ചോര പുഴയൊഴുകും.. "
(അതെ.. ഞങ്ങളെ മൂന്നു പേരെയും നിങ്ങള്‍ വെട്ടി കൊല്ലും.. അങ്ങനെ ഒരു ചോര പുഴയൊഴുകും എന്ന്..)
"എന്താ ?? എന്താ പ്രശ്നം?? "
"ഇവന്‍ പ്രേമിക്കുന്ന പെണ്ണാ അവള്.. അവള്‍ക്കു വേണ്ടി ഇവന്‍ എന്തും ചെയ്യും.. ഇവന് വേണ്ടി ഞങ്ങളും എന്തും ചെയ്യും.. "
സുനീറിനെ ചൂണ്ടി പ്രകാശ് ഇത് പറഞ്ഞതും സുനീര്‍ വെടി കൊണ്ടത് പോലെ നിന്നു പോയി.. കൂടെ അയാളും..
സുനീര്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്.. പക്ഷെ വാക്കുകള്‍ പുറത്തു വരുന്നില്ല..
"കണ്ടോ.. അവന്‍റെ ഹൃദയം വേദനിക്കുന്നത്.. അത് കൊണ്ടാ ആ വാക്കുകള്‍ പുറത്തു വരാത്തത്.. ഇവന് വേണ്ടി ഞങ്ങള്‍ എന്തും ചെയ്യും.... ആഹ്.. പറഞ്ഞില്ലെന്നു വേണ്ട... "
പ്രകാശ് കരഞ്ഞു തുടങ്ങി..
ഹോ.. എന്തൊരഭിനയം.. എന്തൊരഭിനയം..
ഞാന്‍ സുനീറിനെ നോക്കി.. അവന്‍റെ കണ്ണും നിറഞ്ഞിരിക്കുന്നു..
അവനും അഭിനയം തുടങ്ങിയിരിക്കുന്നു..
ഞാന്‍ മാത്രമെന്തിനു വെറുതെ നില്‍ക്കണം.. ഞാനും കരഞ്ഞു തുടങ്ങി..
അയാളിപ്പോഴും വെടി കൊണ്ടത് പോലെ തന്നെ നില്‍ക്കുവാണ്..
മൂന്നു അഭിനയ പ്രതിഭകളുടെ മുമ്പില്‍ നിസഹായനായി ഒന്നും പറയാന്‍ പറ്റാതെയുള്ള നില്‍പ്പ്..
ഞാന്‍ മനസാല്‍ അഹങ്കരിച്ചു.. ഞങ്ങളെ സമ്മതിക്കണം.. ഹല്ല പിന്നെ..
പിന്നെ അതികം അവിടെ നിന്നില്ല.. പ്രകാശ് ഞങ്ങളുടെ കയ്യും പിടിച്ചു പുറത്തേക്കു..
അതെ ഓട്ടോയില്‍ കയറി വീണ്ടും കോളേജിലേക്ക്..
പ്രകാശ് ഫോണെടുത്തു കോളേജിലെ എല്ലാരേം വിളി തുടങ്ങി..ഞങ്ങളുടെ വീര സാഹസിക കഥ പറയാന്‍..
ഇപ്പോഴും സുനീര്‍ ഒന്നും മിണ്ടുന്നില്ല.. എന്താണാവോ???
ഞങ്ങള്‍ കോളേജിലെത്തി..ഓട്ടോയില്‍ നിന്നിറങ്ങിയതും സുനീരിന്‍റെ കാമുകി ജസീന ഓടി വരുന്നു..
"ടാ.. നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ.. നിനക്ക് വേറേതോ പെണ്ണിനെ ഇഷ്ടമാണെന്നും അവളുടെ കല്യാണം മുടക്കിയിട്ട വരുന്നതെന്നും ഞാനറിഞ്ഞു.. നിനക്കെങ്ങനെ തോന്നിയെട എന്നെ ചതിക്കാന്‍.. "
അവളും കരഞ്ഞു തുടങ്ങി..
അത് വെറും അഭിനയമാണെന്നും ഷമീന അന്‍സാറിന്റെ കാമുകിയാണെന്നുമൊക്കെ ഞാന്‍ പറയും മുമ്പേ അവള്‍ ഓടി അകന്നു..
ഞാന്‍ സുനീറിന്റെ മുഖത്ത് നോക്കി.. അവനു പ്രതേകിച്ചു ഭാവ മാറ്റമൊന്നുമില്ല.. ഓട്ടോയില്‍ വെച്ച് കണ്ട അതെ ഭാവം..
"അളിയാ.. നീ അതൊന്നും കണ്ടു വിഷമിക്കേണ്ട.. അവളെ ഞാന്‍ പറഞ്ഞു മനസിലാക്കിക്കോളാം '
ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു ..
"മതിയെട മതി.. നീയൊക്കെ പറഞ്ഞതും മനസിലാക്കിയതും ഒക്കെ മതി.. ഇനി ഒന്നും വേണ്ട.. പിടിച്ചതിനേക്കാളും വലുതല്ലല്ലോ മാളത്തില്‍ "
"അതെന്താട നീ അങ്ങനെ പറഞ്ഞത്.. "
അവന്‍ ഒന്നും മിണ്ടുന്നില്ല.. കുറച്ചു കഴിഞ്ഞപോള്‍ പറഞ്ഞു തുടങ്ങി.
"ഞാന്‍ ഓട്ടോയില്‍ കയറിയപോള്‍ ഒരു സന്തോഷ വാര്‍ത്ത പറയാം എന്ന് പറഞ്ഞില്ലേ?? അതിനിയെങ്കിലും പറഞ്ഞോട്ടെ?? "
"നീ പറയെടാ അളിയാ.. സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പറ്റിയ മൂടല്ലേ.. "
പ്രകാശ് പറഞ്ഞു.. അവന്‍ പ്രകാശിനെ ഒന്ന് നോക്കി...
"എന്താന്ന് വെച്ച പറയെടാ... " ഞാന്‍ പറഞ്ഞു..
"ഇന്നലെ എന്‍റെ ചേട്ടന്‍റെ പെണ്ണ് കാണല്‍ ചടങ്ങായിരുന്നു.. കല്യാണോം ഉറപ്പിച്ചതാ..."
"Congratulations അളിയാ Congratulations .. '
"Congratulations മുഴുവന്‍ പറഞ്ഞു തീര്‍ക്കല്ലേ.. ഇനിയും ആവശ്യം വരും.. അപോ ഇല്ലാതെയാകും. "
"അതെന്താട??"
"ഇന്നലെ ചേട്ടനും ഞങ്ങളുമൊക്കെ വളരെ മാന്യമായി പെണ്ണ് കാണാന്‍ പോയ വീട്ടില ഇന്ന് നിങ്ങള്‍ എന്നേം കൊണ്ടു 'അതിലും മാന്യമായി' പെണ്ണ് കാണാന്‍ പോയത്.. "
ഠിം. ഡിഷ്യും.. ഠിം..
തലക്കെവിടെന്നൊക്കെയോ അടി കിട്ടിയത് പോലെ..
തലക്കും ചുറ്റും നക്ഷത്രങ്ങള്‍..അതോ പോന്നീച്ചയോ? അതോ ഞങ്ങള്‍ക്ക് തോന്നുന്നതോ??
എന്തായാലും ഞാനും പ്രകാശും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല..
കുറച്ചു കഴിഞ്ഞപോള്‍ അന്‍സാര്‍ ഓടി വരുന്നത് കണ്ടു..
"അളിയാ. താങ്ക്സ് ..അവളുടെ കല്യാണം മുടങ്ങി.. അവള്‍ വിളിച്ചാരുന്നു.."
ആണോ?? നന്നായി.. വളരെ വളരെ നന്നായി..
അതും പറഞ്ഞു അവിടെ നിന്നും ഓടാന്‍ തുടങ്ങിയ അന്‍സാറിനെ വിളിച്ചു പ്രകാശ് ഉച്ചത്തില്‍ പറഞ്ഞു..
."അളിയാ.. ചെലവു ചെയ്യണേ.. "
ഇത് കേട്ടതും സുനീര്‍ പ്രകാശിനെ ഒന്ന് നോക്കി..
"എന്‍റെ കൊലച്ചോര്‍ വെന്തു കൊണ്ടിരിക്കുവാടാ.. അത് ഞാന്‍ നിന്നെ കൊണ്ടൊക്കെ തീറ്റിക്കാം.."
"അളിയാ.. സമാധാനിക്കു.. വേറൊരുത്തന്‍ പ്രേമിക്കുന്ന പെണ്ണിനെ ചേട്ടന്‍റെ തലയില്‍ നിന്നും ഒഴിവാക്കിയല്ലോ എന്നോര്‍ത്ത് സമാധാനിക്ക്.. "
ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു..
"പക്ഷെ എന്‍റെ വീട്ടുകാരുടെ മുമ്പില്‍ ആ വേറൊരുത്തന്‍ ഞാന്‍ അല്ലെടാ തെണ്ടീ....അപോ എങ്ങനെ സമാധാനിക്കാന??"
അതും ശരിയാ..
"അളിയാ.. നീ ഒന്ന് കൊണ്ടും പേടിക്കേണ്ട.. നിന്‍റെ വീട്ടിലേക്കു ഞാനും വരാം.. അവരെ ഞാന്‍ എല്ലാം പറഞ്ഞു മനസിലാക്കിക്കോളം "
പ്രകാശ് പറഞ്ഞു തുടങ്ങി..
"നീ മിണ്ടരുത്..നീ എന്‍റെ കൂടെ വന്നാല്‍ എന്നെ കൊണ്ടു അവളെ കെട്ടിച്ചിട്ടെ തിരിച്ചു വരൂ,.അത്രയ്ക്ക് മിടുക്കനാ നീ... "
പ്രകാശ് പിന്നെ ഒന്നും പറഞ്ഞില്ല..
പെട്ടെന്ന് സുനീരിന്‍റെ മൊബൈല്‍ ബെല്ലടിച്ചു..
"ഹയ്യോ.. തേണ്ടെട വീട്ടില്‍ നിന്നും ചേട്ടന്‍ വിളിക്കുന്നു.. " അവന്‍ വിറച്ചു കൊണ്ടു പറഞ്ഞു..
"അളിയാ.. എന്തായാലും നീ ഫോണെടുത്തു കാര്യം പറയ്.. "
അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.. ലൌഡ് സ്പീകറില്‍ ഇട്ടു..
"ഹലോ.." സുനീര്‍ വിറയലോടെ സംസാരിച്ചു തുടങ്ങി..
"എടാ.. ഞാന്‍ ഒരു കാര്യം ചോദിയ്ക്കാന്‍ വേണ്ടി വിളിച്ചതാ.. "
'എന്താ ഇക്കാ??? "
"നിന്‍റെ കാമുകിയെ ഞാന്‍ കെട്ടണോ അതോ നീ തന്നെ കെട്ടിക്കോളുമോ??"
(ടോസ്സിട്ടു നോക്കി ആരാന്നു വെച്ച കെട്ട്.. അല്ല പിന്നെ.. ഒരു ചോദ്യം കേട്ടില്ലേ.. ഞാന്‍ മനസ്സില്‍ പറഞ്ഞു..)
"അത്.. ഇക്കാ.. അവള്‍.. അവള്‍ എന്‍റെ ഫ്രണ്ട് അന്‍സാറിന്റെ കാമുകിയാ.. "
"ആഹാ.. നീ മാത്രമല്ലേ.. ഇനിയും ആളുണ്ടോ?? "
(ഉം.. ഉണ്ട്.. ഇനിയും ആളുണ്ട്.. അപോ ടോസ്സിട്ടാല്‍ പോര .. നറുക്ക് ഇടേണ്ടി വരും.. പിന്നല്ല.... . )
സുനീര്‍ മറ്റെന്തോ പറയുന്നതിന് മുമ്പേ ചേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു..
കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല..
സമയം പിന്നെയും മുന്നോട്ടു..
കുറച്ചു കഴിഞ്ഞപ്പോള്‍ പ്രകാശ് പതിയെ വാ തുറന്നു..
"അളിയാ.. എനിക്കൊരു സംശയം.. "
"എന്താടാ ?? "
സുനീര്‍ ചോദിച്ചു..
"അവളെ നീ കെട്ടുമോ നിന്‍റെ ചേട്ടന്‍ കെട്ടുമോ അതോ അന്‍സാര്‍ കെട്ടുമോ??? "
നല്ല സംശയം..
സുനീര്‍ പല്ല് കടിച്ചു എന്‍റെ മുഖത്തേക്ക് നോക്കി..
കാരണം അവനു അതിനു ഉത്തരമില്ലായിരുന്നു...എനിക്കും
അതാ.. ഞാന്‍ ആദ്യം പറഞ്ഞത്..
ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ടാകില്ല എന്ന്..
ഉത്തരമുണ്ടേല്‍ പ്രകാശിന്റെ ചോദ്യത്തിനുത്തരം നിങ്ങള്‍ പറയ്..
" ആരു കെട്ടും??? "