Tuesday, May 27, 2014

നമുക്ക് ശേഷം...!!!

മണ്ണ് ശരിക്കുമുണങ്ങാത്ത ഖബറിന്റെ മൂലയിൽ നിന്നും വിതുമ്പിക്കരയുന്ന ആ ആറ് വയസ്സുകാരൻ എന്റെ മകനാണ്.. ആരും മിണ്ടാഞ്ഞപ്പോൾ പരിഭവം പറയാൻ ആരോ പറഞ്ഞ വഴികളിലൂടെ അവൻ ഓടിയെത്തിയതാണ് ഈ ഖബറിനരികിൽ..
"ഉപ്പാ.. ഉമ്മന്നെ ഇന്ന് തല്ലിയുപ്പാ .. രണ്ടൂസായി ഉമ്മ എന്നോട് മിണ്ടീട്ട്.. ഉപ്പേ കണ്ടിട്ടും രണ്ടൂസായല്ലോ.. ന്താ ഉപ്പ വരാത്തെ .. ഉമ്മെന്നെ തല്ലിയപ്പൊ ഞാൻ പറഞ്ഞിട്ടുണ്ട് ഉപ്പ വന്നാ ഞാൻ പറഞ്ഞോടുക്കും എന്ന്..  "

ഞാൻ..
അഹമ്മദ്‌ എന്നാ പേര്..
പരിഭവങ്ങളുടെ പേമാരിയായിരുന്നു എന്റെ ഭാര്യയിലൂടെ പെയ്തിറങ്ങിയത്..ആദ്യമൊക്കെ പൊട്ടിപ്പെണ്ണിന്റെ നിഷ്കളങ്കത ഒരു തരത്തിൽ ഞാനും ആസ്വദിച്ചിരുന്നു.. പിന്നെ എന്തിനും ഏതിനും ഞാൻ തന്നെ വേണമെന്ന് വന്നപ്പോൾ ആ നിഷ്കളങ്കത ഒരുതരം ബാധ്യതയായി  തുടങ്ങി.. അതോണ്ടാവും ഞാനവളോട് മിണ്ടാതായി.. പിന്നെ പരിഭവങ്ങൾ, പരാതികൾ.. ജീവിതത്തിന്റെ ഏറിയ പങ്കും അവ കൊണ്ട് പോകുന്നു എന്നുള്ള അവസ്ഥ..!!!

അതിനടിയിൽ ഒരു മകൻ പിറന്നു.. അവന്റെ കുസൃതികളും കൊഞ്ചലുകളുമൊക്കെ ആദ്യമാദ്യം മനസ്സിൽ മഞ്ഞുമഴ പെയ്യിച്ചിരുന്നു.. പിന്നെ അതും കുറഞ്ഞു കുറഞ്ഞു വന്നു..
'കുരുത്തം കേട്ടവൻ' ആയി എന്റെ മകൻ വളര്ന്നു.. എല്ലാവരിൽ നിന്നും എന്ന പോലെ അവനിൽ നിന്നും ഞാൻ അകന്നു.. എങ്കിലും അവനേറ്റവും ഇഷ്ടം അവന്റെ ഉപ്പയോടായിരുന്നു എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു.. എന്നിട്ടും ഞാനെന്റെ മകനെ...........

ഉമ്മയോട് ഞാൻ സംസാരിക്കില്ലായിരുന്നു..വളർന്നിത്രയായിട്ടും ഒരു കുഞ്ഞിനോടെന്ന പോൽ എന്നോടുള്ള സംസാരം,കരുതൽ .. അതോരുതരത്തിൽ വല്ലാതെ മുഷിപ്പാണ് എന്നിലുളവാക്കിയത് .. എല്ലാ ചോദ്യങ്ങല്ക്കുമുള്ള ഉത്തരമായി ഒരു മൂളൽ,പിന്നെയും ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ തട്ടികേറലുകൾ..
മാതാവിന്റെ കാലിനടിയിലാണ് സ്വർഗമെന്ന് എന്റെ 'ഹബീബ്' പറഞ്ഞിരുന്നു.. പക്ഷെ ആ സ്വര്ഗം ഞാനൊരിക്കലും കണ്ടില്ല.. അറിയില്ല എന്ത് കൊണ്ടെന്ന് ..

ഉപ്പയെന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ഒരുതരം നിസ്സംഗതയാണ്.. ഒരിക്കലുമൊന്നും മിണ്ടാതെ  ചാരുകസേരയിലിരുന്നു പുറത്തേക്ക് നോക്കിയിരിക്കുന്ന വല്ലാത്തൊരു നിസ്സംഗത.. ഞങ്ങൾ തമ്മിലും സംസാരിക്കാറില്ലായിരുന്നു.. അല്ലെങ്കിലും എന്നോടൊന്നും മിണ്ടാത്ത ഒരാളോട് ഞാനെന്തു സംസാരിക്കാൻ..

കാലം ഒഴുകൊന്നു,അർത്ഥമില്ലാതെ ..
ഭാര്യയുടെ പരിഭവങ്ങൾപോലുള്ള പരിഭവങ്ങളില്ലാതെ..
ഉമ്മയുടെ വാക്കുകളെന്ന പോൽ മുഷിപ്പോടെ,
ഉപ്പയുടെ നിസ്സംഗത പോലെ ഒഴുകി ജീവിതം എവിടെയെത്തും എന്നത് ഒരു ചോദ്യമായങ്ങനെ.. !!!

അന്നും പതിവ് പോലെ അവളോട് ദേഷ്യപ്പെട്ട് ,കുസൃതി കാണിച്ച മകനെ വല്ലാത്തൊരു ദേഷ്യത്തിൽ അടിച്ച് കൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.. അവന്റെ കരച്ചിലുകൾക്ക് ചെവി കൊടുക്കാതെ നടന്നകലുമ്പോൾ അറിഞ്ഞിരുന്നില്ല എന്റെ യാത്ര എങ്ങൊട്ടെന്ന് ..!!
ഓഫീസിൽ എത്തിയപ്പോൾ ഒരു ചെറിയ നെഞ്ച് വേദന മാത്രമായിരുന്നു.. പിന്നെ ഒരു തലകറക്കം.. കൂടെയുള്ളവരൊക്കെ ചേർന്ന് താങ്ങി പിടിച്ചു..
"ബോധം പോയി.. വേഗം വണ്ടിയെടുക്ക് " എന്നാരൊക്കെയോ പറയുന്നത് എനിക്ക് വ്യക്തമായി കേള്ക്കാം.. പക്ഷെ ഞാൻ കണ്ണ് തുറന്നില്ല..എന്റെ ബോധം പോയില്ലെടോ എന്ന് ഞാൻ പറഞ്ഞില്ല..

ആശുപത്രിയിൽ എത്താൻ 15 മിനിറ്റോളം എടുത്തു..
ആംബുലൻസിന്റെ ശബ്ദങ്ങൾ , പല നെടുവീർപ്പുകൾ,അടക്കിപ്പിടിച്ച ശബ്ദങ്ങൾ.. എല്ലാം എനിക്ക് വ്യക്തമായി കേള്ക്കാം.. പക്ഷെ ഞാനൊന്നും പറഞ്ഞില്ല.. ഒന്നും പറയാൻ തോന്നിയില്ല.. കണ്ണടച്ചങ്ങനെ കിടക്കുകയായിരുന്നു ഞാൻ..
ഡോക്ടർ വന്നു,എന്റെ കൈ പിടിച്ചു.. മിടിപ്പ് നോക്കുകയായിരിക്കും..
കുറച്ചു നേരത്തെ കനത്ത നിശബ്ദത .. പിന്നെ ഡോക്ടർ പതറിയ ശബ്ദത്തിൽ പറയുന്നത് കേട്ടു ..
"തീര്ന്നു.. കുറച്ചു നേരത്തെ കൊണ്ട് വന്നിരുന്നേൽചിലപ്പോ.. ഹാർട്ട്‌ അറ്റാക്ക്‌ ആയിരുന്നു...."
ഞെട്ടലോടെയാണ് ഞാനത് കേട്ടത്..ഞാൻ മരിച്ചിട്ടില്ല എന്ന് വിളിച്ചു പറയാൻ തോന്നി.. പക്ഷെ പറഞ്ഞില്ല, കാരണം ഈ വിഷയത്തിൽ ഡോക്ടറെക്കാൾഅറിവുള്ളവനല്ലല്ലോ ഞാൻ.. !!!

നേർത്ത കരച്ചിലുകൾ ,അടക്കിപ്പിടിച്ച വർത്തമാനങ്ങൾ,നിശ്വാസങ്ങൾ,ശബ്ദ കോലാഹലങ്ങൾ എല്ലാം എനിക്ക് കേള്ക്കാം.. !!
നേർത്ത കരച്ചിലുകൾ ഇപ്പോൾ ഒരു നിലവിളിക്ക്‌ വഴിമാറി കൊടുത്തിരിക്കുന്നു.. ആ ശബ്ദം..അതെന്റുമ്മയുടേതാ.. ഉമ്മയുടെ ശബ്ദം എന്റെ കാതിലേക്ക് തുളച്ചു കയറുന്നത് പോലെ..
"ന്റെ പടച്ചോനെ.. എന്റെ ജീവനെടുത്തിട്ടു മതിയാരുന്നല്ലോ എന്റെ പൊന്നു മോനെ അങ്ങോട്ട്‌ വിളിക്കാൻ.. ന്റെ മോനെ.. ന്റെ പോന്നു മോനെ.. " ഉമ്മ തളര്ന്നു തളര്ന്നു വരുന്നു.. അപ്പോഴും വിളിക്കുന്നുണ്ടെന്നെ ..
"ന്റെ മോനെ.. ന്റെ പോന്നു മോനെ.. "
എന്നത്തേയും പോലെ ഉമ്മയോട് കയർക്കണമെന്നു തോന്നിയില്ല.. മറിച്ച് ഉമ്മയുടെ അടുത്ത് ചെന്ന് ആ കാലിൽ പിടിച്ചു , ഒരുമ്മ കൊടുക്കാനാ തോന്നിയത്.. പക്ഷെ..!!!ന്റുമ്മ എന്നെ ഇത്രമാത്രം സ്നേഹിച്ചിരുന്നോ.. അറിഞ്ഞിരുന്നില്ലല്ലോ അത്...

ഉമ്മയുടെ അലർച്ചയിലും നേർത്ത ഒരു ശബ്ദം കേട്ടല്ലോ.. ഇടറുന്ന ഒരു ശബ്ദം..
എന്റുപ്പ... നിസ്സംഗത മാറാത്ത ഉപ്പ ഇപ്പോഴും നിലവിളിക്കുന്നില്ല,പക്ഷെ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..നിറഞ്ഞു നിറഞ്ഞ് ഒഴുകുന്നുണ്ട്..
ഓരോ മക്കളുടെയും ഭാവിയെ കുറിച്ചോര്താണ് ഓരോ പിതാവിന്റെയും നിസ്സംഗതയെന്നു മനസ്സിലാക്കാൻ വൈകിയോ ഞാൻ.. ??
ചാരുകസേരയിൽ ചാരിയിരുന്നു എന്നെകുറിച് മാത്രം ചിന്തിച്ച് ,പ്രാർത്ഥിച്ച് ജീവിക്കുന്ന ആ ഒരു രൂപം, അതിനെയാണോ ഞാൻ നിസ്സംഗത എന്ന് വിളിച്ചത്..
ആദ്യം ബഹുമാനം, പിന്നെ പേടി തുടങ്ങിയ വികാരങ്ങളിൽ ഉപ്പയോട് മിണ്ടാൻ,സ്നേഹിക്കാൻ മറന്നു പോയത് തിരിച്ചറിയാൻ ഇത്രേം വൈകിയതെന്താണ്??
'ഉപ്പാ.. ഈ മകനോട് ക്ഷമിക്കുപ്പാ.. ' അലറാൻ തോന്നിയെനിക്ക്.. പക്ഷെ ആര് കേള്ക്കാൻ..

നെഞ്ചത്തടിച്ചു കരയുന്ന ഭാര്യയെ കൈനീട്ടി പിടിച്ചു,മാറോട് ചേർത്ത് , നെറുകയിൽ ഉമ്മ വെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക്.. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ അവളുടെ പരാതികൾ പോലും കേള്ക്കാതെ വഴക്ക് പറഞ്ഞു മാത്രം ശീലിച്ച എന്നിൽ നിന്നും എന്തൊരു മാറ്റമാണിത് ..അവളുടെ നെറുകയിൽ ചുംബിക്കണമെന്നു ..!!!
എന്റെ ഒരു സ്വാന്തനം,നല്ല വാക്ക് ,അത് മതിയായിരുന്നു അവൾക്കു.. പക്ഷെ ഞാൻ കൊടുത്തത്.. പ്രിയപ്പെട്ടവളെ,ക്ഷമിച്ചു എന്നൊരു വാക്ക്..!!!

എന്റെ പൊന്നുമോനേ..
നിനക്കൊന്നും മനസ്സിലായില്ല..അതാ നീയിപ്പോ കരയാത്തത് ..
പക്ഷെ നിന്റുപ്പ ഇനി വരില്ല മോനെ.. ഉപ്പയോടുള്ള സ്നേഹം മൂത്ത് 'പോകേണ്ട ഓഫീസിൽ ' എന്ന് പറഞ്ഞു കരഞ്ഞതിന് നിന്നെ കൈനീട്ടി അടിച്ചു വീട്ടില് നിന്നും ഇറങ്ങിപ്പോയ നിന്റുപ്പ ഇനി വരില്ല മോനെ..!!
മോനുപ്പയുടെ നെഞ്ചോട് ചേർന്ന് കിടക്ക്‌..,ഉപ്പയൊന്നു ചുംബിക്കട്ടെ..
പൊന്നു മോനെ.. ഉപ്പ മോനെ സ്നേഹിച്ചിരുന്നു ഒരുപാടൊരുപാട്..!!!

എന്റെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടോ.. ഇല്ലായിരിക്കും.. ഉണ്ടെങ്കിൽ എന്റെ പ്രിയപ്പെട്ടവൾ അവളുടെ കസവിൻ തട്ടം കൊണ്ടത് തുടച്ച് എന്റെ മാറിൽ മുഖം ചേർത്ത് കിടന്നേനെ.. !!!
എന്റെ ലോകമേ.. എന്നെ അവസാനമായി ഒന്ന് നീ കേട്ടിരുന്നെങ്കിൽ...!!!


"ഉപ്പയെന്താ ഉപ്പാ വരാത്തെ .. രണ്ടൂസം ഞാൻ കാത്തിരുന്ന്.. ഉപ്പ വരാണ്ട് ഇനിയൊന്നും കഴിക്കൂലാന്നു പറഞ്ഞു വാശി പിടിച്ചപ്പോ ഉമ്മന്നെ തല്ലിയുപ്പാ .. നിക്ക് വേദനിച്ച് .. ഞാൻ കുറെ കരഞ്ഞ് , എന്നേം ചേർത്ത് പിടിച്ച് ഉമ്മേം കരഞ്ഞ് .. ന്നിട്ടും ഉപ്പ വന്നില്ലല്ലോ.. എന്റെ കൂടി ഉസ്കൂളിൽ പഠിക്കുന്ന മുനീറാ പറഞ്ഞെ ഉപ്പ ഇവിടെ കിടക്കുവാന്ന് ..കിടന്നത് മതിയുപ്പാ.. മതി.. ഉപ്പ വാ.. നിക്ക് ഉപ്പാന്റെ തോളിൽ കേറി ആന കളിക്കണം.. ഉപ്പ വാ.. "
എന്റെ ഖബറിന്റെ മുന്നില് നിന്നും എന്റെ മകൻ പരിഭവം പറയുന്നത് തുടരുക തന്നെയാണ്..
ഇല്ല ഇനിയും വയ്യ എന്റെ മോന്റെ കണ്ണീരു കാണാൻ..പിടഞ്ഞെണീക്കാൻനോക്കി ഞാൻ.. ഖബറിന്റെ മുകളിൽ വെച്ച മീസാൻ കല്ല്‌ പറിച്ചെറിയാൻ നോക്കി..

റ്റപ് ..
കയ്യെന്തിലോ തട്ടി ഞെട്ടിയെണീറ്റു..
ഞാനാകെ വിയര്ത്തിരുന്നു.. ഉറക്കം പോയി മറഞ്ഞിരുന്നു..!!!
ഉറക്കം പോയ കണ്ണുകളിൽ കണ്ണീരു പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു..ഞാൻ കണ്ട കിനാവ്‌...
ഞാൻ ചുറ്റിലും നോക്കി.. അവൾ തിരിഞ്ഞു കിടക്കുന്നു..
അവളുറങ്ങിയിരുന്നില്ല,നേർത്ത കരച്ചിലിന്റെ ശബ്ദം കാതുകളിൽ കേള്ക്കാം.. എന്തോ പറഞ്ഞതിന് ഉറങ്ങും മുമ്പ് ഞാൻ വഴക്ക് പറഞ്ഞതിനാവും ഇത്രേം നേരമുറങ്ങാതെ,കരഞ്ഞു കരഞ്ഞ് ...
എന്റെ കണ്ണുകളും വല്ലാതെ നിറഞ്ഞിരിക്കുന്നു..
"മാപ്പ് "
അവളോട് ചേർന്ന് കിടന്ന് വലതു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് അവളുടെ ചെവിയിൽഅത് പറഞ്ഞപ്പോൾ അവിശ്വസനിയാം വിധം ഞെട്ടിയത് പോൽ അവൾ തിരിഞ്ഞു കിടന്നു..
എന്റെ കണ്ണുകളിൽ കണ്ണീർ കണ്ടപ്പോൾ അവളുടെ കണ്ണുകൾ തുടച്ചു, അവളുടെ തട്ടം കൊണ്ടെന്റെ മുഖം തുടച്ചു കൊണ്ട് ചോദിച്ചു..
"ന്താ ഇക്ക.. എന്റിക്ക എന്തിനാ കരയുന്നെ.. "
മറുപടിയൊന്നും പറയാതെ അവളെ നെഞ്ചോട് ചേര്ത്തുപിടിച്ചു.. പിന്നെ നെറുകയിൽ അമര്ത്തി ചുംബിച്ചു..
അവളുടെ കണ്ണിൽ നിന്നും പിന്നെയും  കണ്ണീരടർന്നു വീണു തുടങ്ങിയിരുന്നു.. !!!
അവളെന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങി..
സ്നെഹമെന്തെന്നു ഞാനറിഞ്ഞു തുടങ്ങിയോ..!!!

രാവിലെ നേരെ ഉമ്മ കിടക്കുന്ന റൂമിലേക്ക്‌ നടന്നടുത്തു..
പതിവില്ലാത്തതാണത് , അത് കൊണ്ട് തന്നെ ഉമ്മ മിഴിച്ചു നോക്കി..ഞനുമ്മയെയും
"എന്താ മോനെ?? "
ഞാനൊന്നും പറയാതെ ഉമ്മയുടെ കട്ടിലിലിരുന്നു ഉമ്മയുടെ രണ്ടു കാലുകളും നെഞ്ചോട് ചേർത്ത് പിടിച്ചു..
"കാലിലഴുക്കാ മോനെ.. കുപ്പായത്തിലാവുമത് " എന്ന് പറഞ്ഞത് ഞാൻ കേള്ക്കാത്ത പോൽ ഒന്നൂടി ചേർത്ത് പിടിച്ചു,കാലിനടിയിൽ കൈ ചേർത്ത് ഇക്കിളിയാക്കി..
ഒന്ന് തൊട്ടാൽ ഇക്കിളിയാവുന്ന പ്രകൃതമാ ഉമ്മാക്കെന്നു എനിക്കറിയാം ..എന്നിട്ടും എന്റുമ്മ കാലു വലിക്കുന്നില്ല..സഹിച്ചിരിക്കുവാ..'എന്റെ മോനല്ലേ ,അവനു സന്തോഷമായിക്കോട്ടേ' എന്ന് കരുതിയാണത് ..
ഉമ്മയെന്ന വാക്കിന് സഹനമെന്ന അർഥം കൂടെയുണ്ടെന്ന് ഞാനനുഭവിച്ചറിഞ്ഞു ..!!!
പിന്നെ ഉമ്മയുടെ കാലിനടിയിലേക്ക് തന്നെ നോക്കി നിന്നു ..
"ന്താ നിയ്യീ നോക്കുന്നെ മോനെ "ഉമ്മയുടെ ചോദ്യം..
"ഹബീബ് പറഞ്ഞിട്ടുണ്ടല്ലോ,ഉമ്മയുടെ കാലിനടിയിലാണ് സ്വർഗമെന്നു..അതെവിടുമ്മാ ??"
അത് കേട്ടപ്പോ ഉമ്മ ചിരിച്ചു.. ആ ചിരിയിൽ ഞാൻ സ്വര്ഗം കണ്ടു.. സ്വര്ഗത്തിലെ പ്രകാശം ആ മുറിയിൽ നിറഞ്ഞു..!!

ഓര്മ മങ്ങി തുടങ്ങിയ ഉപ്പയുടെ ചാരുകസേരയുടെ അടുത്തിരുന്നു ഞാനുപ്പയോടന്നൊരു കഥ പറഞ്ഞു..
മുയലിനെ ഓട്ട മത്സരത്തിൽ തോല്പ്പിച്ച ആമയുടെ കഥ..
ആമയുടെ മുന്നിൽ തോറ്റ അഹങ്കാരിയായ മുയലിനെ കളിയാക്കി പറഞ്ഞത് കേട്ട് ഉപ്പ കുറെ ചിരിച്ചു..
മോനെ തോളിൽ കേറ്റി 'ആന' കളിക്കുമ്പോൾ ഞാനെന്റെ മനസ്സിൽ പറയുകയായിരുന്നു..
'ആ അഹങ്കാരിയായ മുയൽ ഞാനായിരുന്നുപ്പാ.. ആമ മരണമെന്ന സത്യവും..എത്രയഹങ്കരിച്ചാലും ആ സത്യത്തിന്റെ മുന്നിൽ തോല്ക്കുക തന്നെ ചെയ്യും എന്ന് മനസ്സിലാക്കിയപ്പോ ഞാനൊരു മനുഷ്യനായുപ്പാ..ശരാശരി 60 വര്ഷം മാത്രം ജീവിക്കേണ്ട വെറുമൊരു മനുഷ്യൻ.. '


41 comments:

  1. ചിരി മാത്രമല്ലല്ലോ ജീവിതം..
    ഈയിടയ്ക്ക് ഏതോ ഒരു സുഹൃത്തിന്റെ ബ്ലോഗ്ഗിൽ ഈ തീമിലുള്ള ഒരു കഥ വായിച്ചിരുന്നു.. ആ തീമിൽ നിന്ന് കൊണ്ട് എന്റെ രീതിയിൽ കഥ പറയാൻ ശ്രമിച്ചതാണ്.. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.. :)

    ReplyDelete
    Replies
    1. u made me cry....
      nothing else to say...
      i dont know, when am gonna see the "sorgam"..
      miss my family..
      :-(

      Delete
    2. This comment has been removed by the author.

      Delete
  2. njan ninodu enthu thettu cheytheda....ni enthina enne ingane karayippikune... :(

    ReplyDelete
    Replies
    1. Chacho.. ചിരി മാത്രമല്ലല്ലോ ജീവിതം.. :)

      Delete
  3. ഒരു പരിവര്‍ത്തനം ഉണ്ടാകാന്‍ അധികമൊന്നും വേണ്ടാ, ഒരു സ്വപ്നം തന്നെ ധാരാളം. നന്നായി എഴുതി.

    ReplyDelete
  4. കണ്ണുള്ളപ്പോൾ കാണാൻ പലർക്കും വിമുഖതയാണ്. മരണമെന്ന സത്യത്തിനു മുന്നിൽ എല്ലാം കണ്ണൂ തുറന്നു കാണും... പിന്നെ വിലപിച്ചിട്ട് കാര്യമില്ല.
    ആശംസകൾ....

    ReplyDelete
  5. ഇത് കലക്കി കോയാ!!! :D

    ReplyDelete
  6. ee blog vaayichittu aarkkengilumokke thiricharivundakum ennu pratheekshikkunnu... Firoz.. nee ethu nannayi avatharippichu.. Congrats..

    ReplyDelete
  7. ഇമ്മിണി കടന്നുപോയി എന്നാലും ഉഷാറായിട്ടുണ്ട് ..
    കണ്ണ് നനഞ്ഞു ...മുന്നിലിരിക്കുന്ന ഒന്നും കാണാതെ പോകുന്ന ഒരുപാടു പേരുണ്ട്
    അവർ കാണട്ടെ .. അവർ കേൾക്കട്ടെ ...

    ReplyDelete
  8. സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന് വായനക്കാരന് വിട്ടു കൊടുത്ത് വെളിപാട് അങ്ങനെതന്നെ നിലനിര്‍ത്തിയാല്‍ മതിയായിരുന്നു. (അതായത് ഉറക്കം ഉണരാതെ) അവിടെ വരെ വളരെ നന്നായിരുന്നു. വല്ലാതെ നൊമ്പരപ്പെടുത്തി.

    ReplyDelete
  9. 'ആ അഹങ്കാരിയായ മുയൽ ഞാനായിരുന്നുപ്പാ.. ആമ മരണമെന്ന സത്യവും..എത്രയഹങ്കരിച്ചാലും ആ സത്യത്തിന്റെ മുന്നിൽ തോല്ക്കുക തന്നെ ചെയ്യും എന്ന് മനസ്സിലാക്കിയപ്പോ ഞാനൊരു മനുഷ്യനായുപ്പാ..ശരാശരി 60 വര്ഷം മാത്രം ജീവിക്കേണ്ട വെറുമൊരു മനുഷ്യൻ.. ' എൻറെ ചിന്തകൾക്ക് തീപിടിപ്പിച്ച വരികൾ


    മരണമെന്നു വരും എന്നറിയില്ല.... അതുവരും, ഒരു മുന്നറിയിപ്പും തരാതെ.... ഈ ചെറിയ ജീവിതത്തിൽ എന്തിനു കലഹിക്കുന്നു. സ്നേഹിക്കുക, മനസ്സ് നിറഞ്ഞു

    ReplyDelete
  10. എന്തു പറയണമെന്നറിയില്ല, പരിപൂര്‍ണമായ , സുന്ദരമായ യഥാര്‍ത്ഥമായ കഥ, ശരിക്കും ആസ്വദിച്ചു, ചിന്തിപ്പിചു..വളരെ മനോഹരം...

    ReplyDelete
  11. നല്ല കഥ. ശരിക്കും വിഷമം തോന്നി.

    ReplyDelete
  12. ആശയത്തിലോ അവതരണത്തിലോ പുതുമ തോന്നിയില്ല. നസീമ നസീറിന്റെ 'നിലവിളക്ക് തെളിയിക്കാൻ കാത്ത്' എന്ന കഥയുടെ പുരുഷഭാഷ്യം പോലെ തോന്നി.

    http://nazeemanazeer.blogspot.in/2014/01/blog-post.html...

    ReplyDelete
  13. ഫിറോസ്‌ നീ ശെരിക്കും ഞെട്ടിച്ചു. ഈ കഥ വായിച്ചു തുടങ്ങിയപ്പോള്‍ അതൊരു സ്വപ്നമായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചുപോയി , പിന്നീട് അത് തന്നെ സംഭവിച്ചപ്പോള്‍ സന്തോഷവും . നര്‍മ്മം മാത്രമല്ല സീരിയസ് ആയും എഴുതാന്‍ കഴിയും എന്ന് തെളിയിച്ച കഥ. അടുത്തകാലത്ത് ബ്ലോഗില്‍ വായിച്ച മികച്ച കഥകളില്‍ ഒന്നായി മാറ്റി നിര്‍ത്തുന്നു.

    ReplyDelete
  14. മരണഭയം വേണ്ടി വരുന്നു മനുഷ്യനില്‍ സ്നേഹം തിരിച്ചെത്തിക്കാന്‍.
    കഥ കൊള്ളാം.

    ReplyDelete
  15. ഫിറോ ...ഇഷ്ടായി ട്ടോ ഈ എഴുത്ത് ..ഈ ഒരു തീം ഞാനടക്കം ഒരുപാട് പേർ പല രീതികളിൽ കഥയായും എഴുത്തായും കവിതയായും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ആംഗിളിൽ കൂടിയാണ് ഫിറോ എഴുതിയിരുക്കുന്നത്. ആദ്യം ഒരു സംഭവമായി പറഞ്ഞു വരുന്ന കാര്യം പിന്നീട് സ്വപ്നമായും , സ്വപ്നമാണെന്ന് മനസിലാക്കിയ ശേഷം അതൊരു തിരിച്ചറിവായി ജീവിതത്തിലേക്ക് മുതൽക്കൂട്ടാക്കുകയും ചെയ്യുന്ന ഒരു ശരാശരി 60 വയസ്സ് ആയുസ്സുള്ള മനുഷ്യന്റെ മാനസിക വ്യാപാരങ്ങളും ചിന്തകളും ഒട്ടും അതിശയോക്തി കലരാത്ത വിധം എഴുതി മിനുക്കിയിരിക്കുന്നു. എഴുത്തിന്റെ ധൃതിയിൽ ഫിറോ മറന്നു പോയ ചില കാര്യങ്ങൾ - ഖണ്ഡിക തിരിക്കലും, ചിഹ്നം ചേർക്കലും പിന്നെ അക്ഷരത്തെറ്റ് തിരുത്തലും മാത്രം. അതൊരു വലിയ കുറവല്ല എങ്കിൽ കൂടി. ഇത്തരമൊരു നല്ല എഴുത്തിനോട് ചേർത്ത് വായിക്കുമ്പോൾ അതൊരു കുറവായി തന്നെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

    മാതാവിന്റെ കാലിനടിയിലാണ് മക്കളുടെ സ്വർഗ്ഗം എന്നതുമായി ബന്ധപ്പെടുത്തി എഴുതിയ ഭാഗവും, അഹങ്കാരിയായ മുയലിനെ പരാമർശിച്ച ഭാഗവുമാണ് ഈ കഥയിലെ ഏറ്റവും ശ്രേഷ്ഠമായ നിരീക്ഷണം. അവിടെ ഒരു കഥാകാരൻ എന്നതിലുപരി ഫിറോയിലെ ചിന്തകന്റെ ഗ്രാഫാണ് ഉയർന്നത്. ഒരായിരം അഭിനന്ദനങ്ങൾ സഖേ ..തുടരുക ഈ എഴുത്ത് ..

    ReplyDelete
  16. പാസഞ്ചർ കുണ്ടിലും കുഴിയിലും കൂടി സഞ്ചരിച്ച് ആൾക്കാരെ ഒന്നിളക്കട്ടെ ..
    ആശംസകൾ..

    ReplyDelete
  17. Different one.. nice.. :)

    Go on..

    ReplyDelete
  18. beautifully narrated thoughts. Love u for this one

    ReplyDelete
  19. puthiya postinte link kandappo ravile thanne onnu pottichirikkam ennu karuthi oodi vannatha.........but karayippichallo Firoze nee.............ennalum saramilla, avatharanam valare nannayi............athinte thelivane ente kannile neerthullikal..........

    ReplyDelete
  20. കഥ വായിച്ചു കേട്ടോ.

    ReplyDelete
  21. വായീിച്ചൂട്ടോ

    ReplyDelete
  22. വായീിച്ചൂട്ടോ

    ReplyDelete
  23. പറഞ്ഞ പോലെ ഈ തീമിലുള്ള കഥ വായിച്ചു മുമ്പ്.
    എന്നാലും ഇത് കരയിച്ചു വീണ്ടും ഇപ്പോള്‍.

    ReplyDelete
  24. പറഞ്ഞ പോലെ ഈ തീമിലുള്ള കഥ വായിച്ചു മുമ്പ്.
    എന്നാലും ഇത് കരയിച്ചു വീണ്ടും ഇപ്പോള്‍.

    ReplyDelete
  25. "നെടുവീർപ്പുകൾ,അടക്കിപ്പിടിച്ച ശബ്ദങ്ങൾ.. എല്ലാം എനിക്ക് വ്യക്തമായി കേള്ക്കാം.. പക്ഷെ ഞാനൊന്നും പറഞ്ഞില്ല.. ഒന്നും പറയാൻ തോന്നിയില്ല.. കണ്ണടച്ചങ്ങനെ കിടക്കുകയായിരുന്നു ഞാൻ..
    ഡോക്ടർ വന്നു,എന്റെ കൈ പിടിച്ചു.. മിടിപ്പ് നോക്കുകയായിരിക്കും..
    കുറച്ചു നേരത്തെ കനത്ത നിശബ്ദത .. പിന്നെ ഡോക്ടർ പതറിയ ശബ്ദത്തിൽ പറയുന്നത് കേട്ടു ..
    "തീര്ന്നു.. കുറച്ചു നേരത്തെ കൊണ്ട് വന്നിരുന്നേൽചിലപ്പോ.. ഹാർട്ട്‌ അറ്റാക്ക്‌ ആയിരുന്നു...."
    ഞെട്ടലോടെയാണ് ഞാനത് കേട്ടത്..ഞാൻ മരിച്ചിട്ടില്ല എന്ന് വിളിച്ചു പറയാൻ തോന്നി.."

    ഒരു വേള മരണം അങ്ങനെ തന്നെ ആണെങ്കിലോ!!

    ReplyDelete
  26. ഹൃദയസ്പര്‍ശിയായ കഥ. നന്നായി എഴുതി ഫിറോസ്‌

    ReplyDelete
  27. കണ്ണൊന്നു നനഞ്ഞു എന്ന് പറഞ്ഞാ മതിയല്ലോ.

    ReplyDelete
  28. പ്രമേയത്തിൽ പുതുമ ഇല്ലെങ്കിലും
    അവതരണത്തിൽ കാണിച്ച കയ്യടക്കം
    കഥയെ നന്നായി സംവദിക്കുന്നതിൽ
    വിജയിച്ചു...

    ജീവിതത്തിന്റെ ആ ആ തിരിച്ചു അറിവിലേക്ക്
    സ്വപ്നത്തിലൂടെ ഉള്ള പ്രയാണം വളരെ
    ഭംഗി ആയി അവസാനിപ്പിച്ചു.ചില വരികൾ
    ശരിക്കും മനസ്സിൽ തങ്ങി, വിങ്ങൽ ആവുന്നു.
    അഭിനന്ദനങ്ങൾ ഫിറോസ് ..

    നർമം മാത്രം അല്ല ഗൌരവം ആയ എഴുത്തും
    വഴങ്ങും എന്ന് കഥ തെളിയിക്കുന്നു.ആശംസകൾ

    ReplyDelete
  29. നന്നായി എഴുതി..

    ReplyDelete
  30. സ്വപ്നങ്ങള്‍ നല്ലതാണ്!

    ReplyDelete
  31. സ്വപ്നം മാറ്റിയ ജീവിതം ..

    ReplyDelete
  32. ഈ theam -ൽ ഉള്ള ഒരു സൃഷ്ടി ഞാനും വായിച്ചിരുന്നു. എങ്കിലും നന്നായിരിക്കുന്നു. :)

    ReplyDelete
  33. എനിക്കിപ്പം വീട്ടില്‍ പോണം...........

    ReplyDelete
  34. Valare nannayittundu firoze

    ReplyDelete
  35. കണ്ണീര്‍ പൊടിയുന്ന ഗൗരവമുള്ള കഥ മനോഹരമായി.....
    ആശംസകൾ......

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)