എറണാകുളം
ഇതോരുപക്ഷെ ഒരു ബാച്ചിലറുടെ മാത്രം വേദനയായിരിക്കണം എന്നില്ല.
നാളെ എനിക്കും നിങ്ങള്‍ക്കും ഈ അവസ്ഥ വരാം എന്ന മുന്നറിയിപ്പോട് കൂടെ ഈ ചെറുകഥയിലേക്ക് കടക്കുന്നു..
ഇന്നലെ വൈകുന്നേരം എന്‍റെ ഫോണിലേക്ക് വന്ന ഒരു വിളി ആണ് ഈ ബ്ലോഗിന് ആധാരം.. ആ ആധാരം ഞാനിവിടെ പണയം വെക്കുന്നു അല്ല പങ്കു വെക്കുന്നു..
ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് എന്‍റെ ഫോണിലേക്ക് ഒരു അറിയാത്ത നമ്പറില്‍ നിന്നും ഒരു വിളി വന്നു..
കല്യാണ പ്രായമായ ഏതൊരു അവിവാഹിതനെയും പോലെ, വളരെ സൂക്ഷ്മതയോട് കൂടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ.. ആരാ???"
"അളിയാ.. ഇത് ഞാനാ സതീഷ്.."
"ഏതു സതീഷ്..??" എന്‍റെ ചോദ്യം..
"ടാ..പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ പ്രിയക്ക് ലെറ്റര്‍ എഴുതി നിന്‍റെ കയ്യില്‍ തരാറുള്ള സതീഷ്.. "
"അന്നവളുടെ ചേട്ടന്‍ പിടിച്ചെന്നെ പെരുമാറിയപ്പോള്‍ മുങ്ങിയ സതീഷ് ആണോ???"
"അതെടാ അതെ. അതേ സതീഷ് തന്നെ"
"എടാ നാ--ന്‍റെ മോനെ.നിന്നെ ഇതുവരെ ആരും തല്ലിക്കൊന്നില്ലേ.." അന്നത്തെ അടിയുടെ വേദന ഓര്‍ത്ത ഞാന്‍ കലിപ്പോടെ ചോദിച്ചു,,
"ഇല്ലെടാ ഇല്ല.. ഞാന്‍ ഗള്‍ഫിലായിരുന്നു..കഴിഞ്ഞ ആഴ്ച വന്നതേ ഉള്ളു.. പ്രകാശ് ആണ് നിന്‍റെ നമ്പര്‍ തന്നത്.."
'അല്ലേലും പ്രകാഷിനു ഈയിടെയായി എന്നോടെന്തോ ദേഷ്യമുണ്ട്.. ചിലപ്പോള്‍ അവനെ കുറിച്ച് ബ്ലോഗ് എഴുതുന്നത് കൊണ്ടാവും..'
ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
"പ്രിയക്ക് ലെറ്റര്‍ കൊടുക്കാന്‍ വേറെ ആരെയും കിട്ടിക്കാണില്ല അല്ലെ?? അതാവും എന്നെ വിളിച്ചത്.."
"ഏയ്.. അതൊന്നുമല്ലടാ.. ഞാന്‍ നിനക്കൊരു ലെറ്റര്‍ തരാന്‍ വേണ്ടിയ വിളിച്ചത്."
"നീയൊക്കെ നിയമം പ്രാബല്യത്തില്‍ വരാന്‍ നോക്കിയിരിക്കുവായിരുന്നോ??.ഏതായാലും ഞാന്‍ ആ ടൈപ്പ് അല്ല മോനെ.." ഞാന്‍ നയം വ്യക്തമാക്കി..
"ആഹ്.. അതെല്ലടാ.എന്‍റെ കല്യാണക്കുറി എന്ന ഞാന്‍ ഉദ്ദേശിച്ചത്..അടുത്ത മാസം എട്ടാം തീയതിയാണ് കല്യാണം.. നീ കുടുംബ സമേതം വരണം..ഒഹ് സോറി നിനക്ക് കുടുംബമില്ലല്ലോ.. നീ ഒറ്റയ്ക്ക് വന്ന മതി.."
"ഞാനെന്താടാ ചെറ്റേ ടെസ്റ്റ് ട്യൂബ് ബേബിയോ കുടുംബം ഇല്ലാതിരിക്കാന്‍??"
"ആഹ് അതെല്ലടാ.. കല്യാണം കഴിച്ചില്ലല്ലോ എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ."
"കല്യാണം കഴിചില്ലേലും നല്ല ഒന്നാംതരം കുടുംബത്തില്‍ പിറന്നവന്‍ തന്നാടാ ഞാന്‍.."
"ആയിക്കോട്ടെ. നീ എന്നാ ഒന്നാംതരം കുടുംബസമേതം തന്നെ വന്നേക്ക്.."
അതും പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ചെയ്തു..
ഇന്ന് അതേ സമയം അതേ നമ്പറില്‍ നിന്നും വീണ്ടും ഒരു വിളി..
"ആ പറയെടാ.."
"ടാ..ഈ മാസം എട്ടാം തീയതിയാ കല്യാണം.."
"അതിന്നലെ പറഞ്ഞതല്ലേ, ഒരോ ദിവസവും വിളിച്ചു പറയുന്നതെന്തിനാ??, ഒരു അവിവാഹിതനെ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കരുത്.. ഹാ.."
"അതല്ലടാ..ഒരു ചെറിയ പ്രശ്നം??"
"എന്തോന്ന് പ്രശ്നം??"
"സ്വര്‍ണക്കടക്കാരന്‍ എന്‍റെ തന്തക്കു വിളിച്ചു.."അവന്‍ വ്യസനസമേതം പറഞ്ഞു..
"ആര്‍ക്കായാലും നിന്‍റെ തന്തക്കു വിളിക്കാന്‍ തോന്നും.. അതിരിക്കട്ടെ,സ്വര്‍ണക്കടക്കാരന്റെ മോള്‍ എത്രാം ക്ലാസ്സിലാ പഠിക്കുന്നത്??" ഞാന്‍ ചോദിച്ചു,.
"പോടാ. അതിനൊന്നുമല്ല അയാള്‍ തെറി വിളിച്ചത്"
"പിന്നെ??"
"കല്യാണ മോതിരത്തില്‍ പെണ്ണിന്‍റെ പേരെഴുതണം എന്നൊരേര്‍പ്പാടുണ്ട്, അതാ പ്രശനം?? "
"അതെന്താ ഇത്ര മാത്രം പ്രശ്നം? അത്ര വൃത്തികെട്ട പേരാണോ പെണ്ണിന്??" ഞാന്‍ ചോദിച്ചു..
"ആഹ്.. അല്ലേടാ.. പാര്‍വതി നായര്‍ എന്നാ പെണ്ണിന്‍റെ പേര്.."
"നല്ല പേരാണല്ലോ.. അതിനെന്താ ഇത്രമാത്രം ചിന്തിക്കാന്‍.??"
"രണ്ടു വിരലില്‍ ഇടാവുന്ന മോതിരം ഉണ്ടാക്കിയാലും പേര് മുഴുവനും മോതിരത്തില്‍ എഴുതി തീരില്ല എന്നാണ് സ്വര്‍ണക്കടക്കാരന്‍ പറയുന്നത്."
"പാര്‍വതി എന്നെഴുതിയാല്‍ പോരെ?? അതിനെന്താ ??"
"നായര്‍ എന്നത് നിര്‍ബന്ധമായും എഴുതണമെന്നാ അവള്‍ പറയുന്നത്..ജാതി വിട്ടു ഒരു കളിയുമില്ല എന്നാ അവള്‍ പറയുന്നത്.. "
"എന്നാപ്പിന്നെ ഒരു കാര്യം ചെയ്.. നായര്‍ എന്ന് മാത്രം എഴുത്.."
"പോടാ.. എന്നിട്ട് വേണം സകല തെണ്ടികളും അത് പറഞ്ഞു കളിയാക്കാന്‍.."
"എന്നാപ്പിന്നെ പാറുനായര്‍ എന്നെഴുതിയാലോ??"
"പോടാ.. എന്നിട്ടും വേണം വിവാഹത്തിന് മുമ്പ് വിവാഹമോചനം കിട്ടാന്‍..ഈ പ്രശ്നം തീര്‍ക്കാന്‍ ഒരു വഴി പറഞ്ഞു താടാ.."
ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു.. പിന്നെ പതിയെ പറഞ്ഞു തുടങ്ങി.
"നീ ഒരു കാര്യം ചെയ്..ഒരു വള മേടിച്ചു നീ കയ്യിലിട്... അതാകുമ്പോള്‍ അവളുടെ പേരും,അച്ഛന്‍റെ പേരും,ജാതിപ്പേരും, വിലാസവും എല്ലാം എഴുതാം..കുറച്ചൂടെ വീതിയുള്ള വള വാങ്ങുവാണേല്‍ വീടിലേക്കുള്ള വഴിയും,മേപ്പും വരെ കുറിച്ചിടാം.."
അവന്‍ പിന്നെന്തൊക്കെയോ പറഞ്ഞു..
ലിപിയില്ലാത്ത ഭാഷയായത് കൊണ്ട് ഇവിടെ എഴുതാന്‍ പറ്റില്ല..
അല്ലേല്‍ നിങ്ങള്‍ പറ, ഈ വിഷയം എങ്ങനെ പരിഹരിക്കും..???
അടുത്ത മാസം എട്ടാം തീയതി വരെ സമയമുണ്ട്..
ഒരു ബാച്ചിലറുടെ രോദനം കേള്‍ക്കാതിരിക്കരുത്...