Sunday, February 26, 2012

സ്നേഹപൂര്‍വ്വം പെങ്ങള്‍ക്ക്...

ബ്ലോഗ്‌ തുടങ്ങുന്നതിനു മുമ്പ് രണ്ടു കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.. രണ്ടേ രണ്ടു കാര്യങ്ങള്‍..
ചരിത്രം തിരുത്താന്‍ ഉതുകുന്ന രണ്ടു കാര്യങ്ങള്‍..

ഒന്നാമത്തെ കാര്യം..
കഴിഞ്ഞ പല ബ്ലോഗ്ഗിലും വെറുതെയാണെങ്കിലും ഞാന്‍ എഴുതി ചേര്‍ത്ത "കഥയും കഥാ പത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്.." എന്ന വാചകം ഇവിടെ തിരുത്തുകയാണ്.. അതെ, ചരിത്രത്തിന്‍റെ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെടാന്‍ പോകുന്ന, (അല്ലേല്‍ വേണ്ട ഓവറാകും..)
ആഹ് എന്തായാലും, ആ വാക്കുകള്‍ ഈ ബ്ലോഗ്ഗില്‍ തിരുത്തിയെഴുതുന്നു.. ഈ കഥയിലെ കഥാപാത്രങ്ങള്‍, നാട്ടുകാരുടെ അപാര സഹനശക്തി ഒന്ന് കൊണ്ട് മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നു... അങ്ങനെ ജീവിച്ചിരിക്കുന്ന ആ കഥാപാത്രങ്ങളുമായി ഈ ബ്ലോഗ്ഗിലെ കഥപാത്രങ്ങള്‍ക്ക് സാമ്യം തോന്നുകയാണെങ്കില്‍ ഒട്ടും സംശയിക്കേണ്ട, ഇതവര്‍ തന്നെയാണ്.. സത്യം..!!!!

ഇനി രണ്ടാമത്തെ കാര്യത്തിലേക്ക്...
അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ഈ കഥയില്‍ സംഭവിക്കുന്നുണ്ട്..
അതെ, ഈ കഥയ്ക്ക് ക്ലൈമാക്സ്‌ ഇല്ല.. സത്യായിട്ടും ഇല്ല..
ക്ലൈമാക്സ്‌ ഇതുവരെ സംഭവിച്ചിട്ടില്ല എന്ന് പറയുന്നതാവും സത്യം...
കഥയ്ക്ക് ക്ലൈമാക്സ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും,ഈ കഥ ഇറങ്ങുന്നതോട് കൂടി കഥ എഴുതുന്ന എന്‍റെ ക്ലൈമാക്സ്‌ ആവാന്‍ സാധ്യതയുണ്ട് എന്ന പ്രവചനത്തോട് കൂടെ കഥയിലേക്ക്‌ കടക്കുന്നു..

യുഗ യുഗാന്ധരങ്ങള്‍ക്കും സംവല്‍സരങ്ങള്‍ക്കും മുമ്പ്, ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ നാല് വര്‍ഷങ്ങള്‍ക്കു മുമ്പ്,എറണാകുളത്തിന്‍റെ വിരിമാറില്‍ സന്തുഷ്ടമായി 'ബാച്ചി' ജീവിതം അടിച്ചു പൊളിക്കുന്ന കാലത്ത് നടന്ന കഥയാണിത്..
ഞാനും പ്രിജേഷും ശിനോജും.. നല്ലവരായ മൂന്നു സഹമുറിയന്മാര്‍, അവര്‍ക്കിടയില്‍ സംഭവിച്ച ഉദ്യോഗജനകമായ കഥ...!!!!! (എന്തിരോ എന്തോ??)


അങ്ങനെയുള്ള ഒരു വൈകുന്നേരം,
എന്‍റെ ഫോണിലെക്കൊരു കാള്‍.. ഞാന്‍ എടുത്തു നോക്കി..
പ്രിജേഷന്‍റെയും ശിനോജിന്‍റെയും കൂടെ വര്‍ക്ക്‌ ചെയ്യുന്ന സിജു ആണ്..
'മിസ്സ്‌ കാള്‍ മാത്രം അടിക്കുന്ന ഇവനിതെന്തു പറ്റി?? റീചാര്‍ജ് കൂപ്പണ്‍ എവിടെന്നെലും വീണു കിട്ടിക്കാണും..' എന്ന് പിറുപിറുത്തു കൊണ്ട് ഞാന്‍ ഫോണ്‍ എടുത്തു...
"എന്താടാ??"
"ഞാന്‍.. ഞാന്‍.. ഒരു കാര്യം അറിഞ്ഞെടാ.. അത് പറയാനാ വിളിച്ചത്.." ഇടറിയ ശബ്ദത്തോടെ അവന്‍ പറയുന്നു..
"എന്താടാ?? എന്ത് പറ്റി???"
"അത്.. നമ്മുടെ പ്രിജേഷ്...." അവന്‍ അത് പറഞ്ഞൊന്നു നിര്‍ത്തി.
"എന്‍റെ ദൈവമേ.. രാവിലെ ഇന്‍സൈഡും ചെയ്തു കൊണ്ട് കല്ല്‌ പോലെ ഇറങ്ങിപ്പോയ മനുഷ്യനാണല്ലോ...അവനെന്തു പറ്റിയെടാ?? " ഞാന്‍ അലറി വിളിച്ചു കരയാന്‍ തുടങ്ങി..
"ആഹ്.. അതിനു അവനു ഒന്നും പറ്റിയില്ലെടാ. പറ്റിയത്,,,,"
"പറ്റിയത്???"
പിന്നെ അവന്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാനായില്ല..
എന്‍റെ കാതുകളെ ഞാന്‍ ആദ്യമായി അവിശ്വസിച്ചു..
'പടച്ചോനേ.. കേട്ടതൊന്നും സത്യമാവല്ലേ..' ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു..

അവനോടു സംസാരിക്കുന്നതിനടയില്‍ കാള്‍ വൈടിംഗ്..
ഞാന്‍ ഫോണിലേക്ക് നോക്കി.. കലേഷ്‌ ആണ്..
സിജുവിനോട് ബൈ പറഞ്ഞു ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു..
"എടാ.. നീ അറിഞ്ഞോ?? നമ്മുടെ പ്രിജേഷിനു...................." കലേഷും വിഷമത്തോടെ ചോദിച്ചു..
"അറിഞ്ഞെടാ അറിഞ്ഞു.. സിജു വിളിച്ചു.. കേട്ടതൊക്കെ സത്യമാണോടാ??"
"സത്യമാവല്ലേ എന്നാടാ ഞാനും പ്രാര്‍ത്ഥിക്കുന്നത്‌.. ഞാന്‍ പ്രിജേഷിനെ വിളിച്ചു, അവന്‍ ഫുള്‍ ടൈം ബിസി ആണ്.. എനിക്കെന്തോ പേടി തോന്നുന്നെടാ.." കലേഷ്‌ വ്യസനത്തോടെ പറഞ്ഞു..
"ഉം.. എന്തായാലും നീ കൂടുതല്‍ വല്ലതും അറിയുമെങ്കില്‍ വിളിക്ക്.." അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു...

എനിക്ക് ചുറ്റും ശൂന്യത പോലെ എനിക്ക് തോന്നി..
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു ശിനോജിനെ വിളിച്ചു..
"അളിയാ.. നീ അറിഞ്ഞോ??" ഫോണ്‍ എടുത്ത ഉടനെ ഞാന്‍ ചോദിച്ചു..
"ഉം.. അറിഞ്ഞെടാ.. എന്നാലും അവനെങ്ങനാടാ???... " ഷിനോജ് ആദ്യമായ് വാക്കുകള്‍ കിട്ടാതെ വലഞ്ഞു..
കൂടുതല്‍ വിഷമിക്കാന്‍ കഴിയാത്തത് കൊണ്ട് ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

അന്ന് വൈകുന്നേരം,
ഷിനോജ് നേരത്തെ തന്നെ റൂമില്‍ വന്നു..
ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ദൂരെ നിന്നും ഒരു കാല്‍പെരുമാറ്റം.. ഞാനും ശിനോജും ഒരുമിച്ചു പുറത്തിറങ്ങി നോക്കി..
അതേ.. അവന്‍ തന്നെ.. പ്രിജേഷ്...
ഞങ്ങള്‍ അവന്‍റെ അരികിലേക്ക് ഓടി ചെന്നു...
"കേട്ടതൊക്കെ സത്യമാണോടാ??" ഞാന്‍ ഒറ്റശ്വാസത്തില്‍ ചോദിച്ചു..
"അതെ.. സത്യം തന്നെ.. " അവന്‍ മറുപടി പറഞ്ഞു..
ഞാനും ശിനോജും ഒരുമിച്ചു ഞെട്ടി..
"നിങ്ങള്‍ ഇത്രേം കിടന്നു വിഷമിക്കാന്‍ മാത്രം ഞാന്‍ എന്ത് തെറ്റാ ചെയ്തതെന്ന് പറ.. " അവന്‍ അല്പം ദേഷ്യത്തോടെ ചോദിച്ചു...
"തെറ്റ് ചെയ്തത് നീയല്ല " ഞാന്‍ പറഞ്ഞു..
"പിന്നെ.. ???"
"നിനക്ക് പെണ്ണ് തരുന്ന വീട്ടുകാരാ..എന്നാലും അവര്‍ക്കെങ്ങനെ തോന്നിയെടാ നിനക്ക് പെണ്ണ് തരാന്‍.."
ഠിം.. അവന്‍റെ മുഖമൊന്നു കറുത്തു..
പിന്നെ ഞങ്ങള്‍ അവന്‍റെ വിശേഷങ്ങള്‍ ഓരോന്നായി ചോദിച്ചു തുടങ്ങി..
സംസാരിച്ചിരിക്കുന്നതിനിടയില്‍ ശിനോജിന്‍റെ ഫോണിലേക്ക് ഒരു കാള്‍....
"ആരാടാ??" ഞാന്‍
"ഇതവളാ.." അവന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
"ഏതവള്??" ഞാന്‍ ചോദിച്ചു..
"അതൊക്കെയുണ്ട്.. ഞാന്‍ പിന്നെ പറയാം.." അതും പറഞ്ഞു അവന്‍ ഫോണെടുത്തു അടുത്ത മുറിയിലേക്ക് പോയി..
"ഹൊഹ്.. അവനും നിന്നെ പോലെ വഴി പിഴച്ചു പോയെന്ന തോന്നുന്നത്.." ഞാന്‍ പ്രിജേഷിനോട്‌ പറഞ്ഞു..
"നീ പിന്നെ പണ്ടേ വഴി പിഴച്ചത് കൊണ്ട് കുഴപ്പമില്ലല്ല.." അവന്‍ അതും പറഞ്ഞു എഴുന്നേറ്റു പോയി..
ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല.. (അഥവാ പറഞ്ഞാല്‍ തന്നെ ഇവിടെ പറയാനും ഉദ്ദേശിക്കുന്നില്ല.. ഞാനെന്തിനാ എന്‍റെ കുഴി തന്നെ തോണ്ടുന്നത്.. )

ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു വൈകുന്നേരം..
പ്രിജേഷ് വിളിച്ചു.. അവനു കല്യാണ വസ്ത്രങ്ങള്‍ എടുക്കാന്‍ ഞങ്ങളും കൂടെ പോകണം പോലും..
അങ്ങനെ ഷോപ്പിംഗ്‌ തുടങ്ങി..
ഷര്‍ട്ട്‌ ഒഴികെ ബാക്കി എല്ലാ വസ്ത്രങ്ങളും അവന്‍ മേടിച്ചു..
"നീ ഷര്‍ട്ട്‌ വാങ്ങുന്നില്ലേ??" ഷിനോജ് അവനോടായി ചോദിച്ചു..
"ഹേയ്.. വേണ്ട ..ഷര്‍ട്ട്‌ വാങ്ങേണ്ടാ.. " അവന്‍റെ മറുപടി..
"അതെന്താ..ഷര്‍ട്ട്‌ ഇടാതെയാണോ കല്യാണം??" എന്‍റെ ചോദ്യം..
"ആഹ്.. വേണ്ടടാ.. ഷര്‍ട്ട്‌ വേണ്ട .."
"അതെന്താ വേണ്ടാത്തത്???'
"അത്.. " അവന്‍ മുഴുവന്‍ പറയാതെ നാണിച്ചു നില്‍ക്കുന്നു...
"അത്???? എന്താന്ന് വെച്ചാല്‍ കാര്യം പറയെടാ.." ഷിനോജ് ചൂടായി..
"താലി കെട്ടുന്ന സമയത്തിടേണ്ട ഷര്‍ട്ട്‌ അവള്‍ കല്യാണ സമ്മാനമായി തരാം എന്ന് പറഞ്ഞിട്ടുണ്ട്.." അവന്‍ നാണത്തോടെ മറുപടി പറഞ്ഞു..
"ആര്.. നീ കെട്ടാന്‍ പോകുന്ന പെണ്ണോ?? "
"ഹേയ്.. അവളല്ല.. "
"പിന്നെ..??"
"എന്‍റെ ആദ്യത്തെ കാമുകി.. "
ഹയ്യേ...
"അപ്പൊ കല്യാണം കഴിഞ്ഞു റിസെപ്ഷന്‍ സമയത്ത് ഷര്‍ട്ട്‌ ഇല്ലതാണോ നില്‍ക്കുന്നത്?? " ഞാന്‍ ചോദിച്ചു..
"അല്ല.. അപ്പൊ ഇടേണ്ട ഷര്‍ട്ട്‌ മറ്റവള്‍ വാങ്ങി തരാം എന്ന് പറഞ്ഞു..."
"ഏതവള് ???..."
"ഞാന്‍ കഴിഞ്ഞ വര്‍ഷം പ്രേമിച്ച ലവള്‍.." അവനു പിന്നേം നാണം..
"അപ്പൊ അന്ന് രാത്രി ഇടാനുള്ള ഷര്‍ട്ട്‌ വേണ്ടേ???"
"അന്ന് രാത്രി.. ഷര്‍ട്ട്‌............!!!" അതും പറഞ്ഞു അവനെന്നെ തറപ്പിച്ചൊന്നു നോക്കി..
അതെന്തിനാന്നു എനിക്കിപ്പോഴും അറിയില്ല.. ഞാന്‍ കൊച്ചല്ലേ.. !!!!

"കല്യാണം കഴിഞ്ഞാല്‍ നീ ഇപ്പോഴുള്ള ജോലി വിടും അല്ലെ???" കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു..
"അതെന്താ നീ അങ്ങനെ ചോദിച്ചേ??"
"അല്ല.. നിന്‍റെ എല്ലാ കാമുകിമാരും ഷര്‍ട്ട്‌ സമ്മാനമായി തരികയാണെങ്കില്‍ നിനക്കൊരു വസ്ത്ര കട തുടങ്ങുന്നതാവും ലാഭം.."
ഗോള്‍....!!!!! അതേറ്റു.. അവന്‍ പിന്നൊന്നും മിണ്ടിയില്ല...

ഷോപ്പിംഗ്‌ കഴിഞ്ഞു.. ഞങ്ങള്‍ വണ്ടിയില്‍ കയറി,ഇനി റൂമിലേക്ക്‌..
"അളിയാ... എനിക്ക് നിന്‍റെ ഒരു സഹായം വേണം...." ഷിനോജ് എന്നോടായി പറഞ്ഞു..
"എന്താടാ???" ഞാന്‍ ഞെളിഞ്ഞിരുന്നു ചോദിച്ചു.. ഇപ്പോഴായാല്‍ എത്ര വേണേലും ഞെളിയാം.. കാരണം സഹായം വേണ്ടത് അവനല്ലേ..
"ഞാനും ഒരു പെണ്ണും കുറെ വര്‍ഷങ്ങളായി നല്ല ഫ്രണ്ട്സ് ആണ്..അവളുടെ പേര് ജിത്തു.. " അവന്‍ പറഞ്ഞു തുടങ്ങി..
"ഞാന്‍ അത് പൊളിക്കണോ???" ഒന്ന് കൂടി ഞെളിഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു..
"പോടാ.. പൊളിക്കാനല്ല.. ഇപ്പോള്‍ അവളോടുള്ള ഇഷ്ടം എനിക്കൊന്നുകൂടി കൂടി.. എന്‍റെ പ്രണയം നീ അവളെ എങ്ങനേലും അറിയിക്കണം..."
"ആ ബെസ്റ്റ്,, നല്ല ബെസ്റ്റ് ആളിനോടാ പറയുന്നത്.. ഇവന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരുത്തന് ലൈന്‍ ആക്കിക്കൊടുക്കാന്‍ പോയ കഥ ഇവനെന്നോട് പറഞ്ഞതാ.. " പ്രിജേഷ് ആ കഥ പറഞ്ഞു തുടങ്ങി..

ചതിയന്‍ ചന്തുവിന്‍റെ കഥ.. (വായിക്കാത്തവര്‍ ഇതിനു മുമ്പത്തെ പോസ്റ്റ്‌ വായിക്കുക..)


ആ കഥ കേട്ട ഷിനോജ് പിന്നെ എന്നോടൊന്നും ചോദിച്ചില്ല..
'മുകളിലൂടെ പോകുന്ന വെടിയുണ്ട എന്തിനു ഏണി വെച്ച് കേറി പിടിക്കണം ' എന്ന് വിചാരിച്ചാവും..

ദിവസങ്ങള്‍ പിന്നെയും മുമ്പോട്ട്‌.. എന്‍റെ അവധി ദിവസം..
ഞാന്‍ ശിനോജിന്‍റെ കമ്പ്യൂട്ടറില്‍ "മിന്നാരം " സിനിമ ആദ്യമായി കാണുന്നു..
കഥ ക്ലൈമാക്സില്‍ എത്തി..
'ലാലേട്ടന്‍ ശോഭനയെ രക്ഷിക്കുമോ???'
ഞാന്‍ നഖവും കടിച്ചു പടം കാണുന്നതിനിടയില്‍ മൊബൈല്‍ ബെല്ലടിച്ചു..
'കുരിശ്... ഏതു പന്നിയാണാവോ ഈ നേരത്ത്...'
ഞാന്‍ മൊബൈല്‍ എടുത്തു.. ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന കമ്പനി(റിലയന്‍സ്)-ല്‍ നിന്നുമാണ്..
അവിടെ വേറേതോ കുരിശ് പറയാതെ ലീവ് എടുത്തു പോലും...
അത് കൊണ്ട് ഞാന്‍ ഉടനെ ഞാന്‍ ഉടനെ ചെല്ലണമെന്ന്..അല്ലേല്‍ അംബാനി മുടിഞ്ഞു കുത്ത് പാള എടുക്കുമെന്ന്..
അങ്ങനെ മിന്നാരത്തിന്റെ ക്ലൈമാക്സ്‌ കാണാതെ ഞാന്‍ ഓഫീസിലേക്ക്,അംബാനിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, എന്‍റെ ജോലി പോയാല്‍ എന്‍റെ കുടുംബം കുത്തുപാള എടുക്കുമല്ലോ എന്ന് കരുതി മാത്രം..

അങ്ങനെ ആ ഒറ്റദിവസം കൊണ്ട് അംബാനിയെ കൊടീശ്വരനാക്കിയ സന്തോഷം കൊണ്ട് ഞാന്‍ റൂമിലേക്ക്‌ ഓടി കിതച്ചു വന്നു..
'ശോഭന മരിച്ചു കാണല്ലേ ' എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ കമ്പ്യൂട്ടര്‍ ഓണാക്കി..
ചിരിച്ചു കൊണ്ടിരിക്കുന്ന ശിനോജിന്റെ പടത്തിനു മുകളില്‍ ക്ലിക്ക് ചെയ്തു..
സാധാരണ വരാറുള്ളത് പോലെ Windows -ന്‍റെ നാല് പാളികള്‍ നാല് ഭാഗത്ത്‌ നിന്നും ഓടി വന്നില്ല.. അതെ, കമ്പ്യൂട്ടര്‍ ഓണായില്ല....
പകരം ഒരു വാചകം തെളിഞ്ഞു വന്നു..
"Please enter Password"
"ഇതിനേതു തെണ്ടിയാ പാസ്സ്‌വേര്‍ഡ്‌ സെറ്റ് ചെയ്തത്.." അതും പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ചിരിച്ച മുഖവുമായി മുന്നില്‍ ഷിനോജ്..
അവന്‍റെ ചിരിയില്‍ നിന്നും അവന്‍ തന്നെയാണ് ആ തെണ്ടി എന്നെനിക്കു മനസിലായി..
"എന്താടാ പാസ്സ്‌വേര്‍ഡ്‌ ??" ലാലേട്ടനെയും ശോഭനയെയും മനസ്സില്‍ ദ്യാനിച്ചു, ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു..
പക്ഷെ അവന്‍ ദേഷ്യപ്പെട്ടില്ല.. മറിച്ച് ചിരിച്ചു കൊണ്ട് എനിക്ക് മറുപടി നല്‍കി..
"എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നാ പാസ്സ്‌വേര്‍ഡ്‌.. നീ ഒന്ന് ട്രൈ ചെയ്തു നോക്കിയേ..."
'അവനേറ്റവും ഇഷ്ടപ്പെട്ട ഒന്ന്.. ' കുറച്ചു നേരത്തെ ആലോചനക്കു ശേഷം ഞാന്‍ ടൈപ്പ് ചെയ്തു..
"CHICKEN BIRIYANI" Windows-നു അനക്കമില്ല..
"ഓ.. നിനക്ക് പിന്നെ തിന്നുന്നതിനോട് മാത്രമാണല്ലോ ഇഷ്ടം.. അത് ഞാനോര്‍ത്തില്ല.. ഇത് തിന്നുന്ന സാധനമൊന്നുമല്ലെടാ....." അവന്‍ ദേഷ്യത്തോടെ പറഞ്ഞു..
'ഒഹ്.. അപ്പൊ കുടിക്കുന്നതാവും...' അതും മനസിലോര്‍ത്തു ഞാന്‍ ഞാന്‍ ടൈപ്പ് ചെയ്തു തുടങ്ങി..
"KINGFISHER"!!!!
"അതുമല്ല അല്ലെ???"
"എടാ പട്ടി.. ഞാന്‍ സ്നേഹിക്കുന്ന ഒരു മനുഷ്യ ജീവിയെ കുറിച്ചാ ഞാന്‍ പറഞ്ഞത്.." അവന്‍ പറഞ്ഞു..
ഞാന്‍ അവന്‍റെ കണ്ണുകളിലേക്കു നോക്കി.. അത് പറഞ്ഞപ്പോള്‍ അവനില്‍ ഒരു നാണം ഉണ്ടായിരുന്നു..അപ്പൊ അത് തന്നെ..
'ഇത്രേം സ്നേഹം ഉണ്ടായിരുന്നെന്ന് ഞാന്‍ അറിഞ്ഞില്ലെടാ..' എന്ന് വിചാരിച്ചു ഞാന്‍ സന്തോഷത്തോടെ ടൈപ്പ് ചെയ്തു തുടങ്ങി..
"FIROZ"
ഇല്ല.. Windows -നു അനക്കമില്ല.. അപ്പൊ ആ മനുഷ്യ ജീവി ഞാനല്ല..
ഞാന്‍ പുച്ഛത്തോടെ അവനെ നോക്കി.. അവന്‍ അതിനും വലിയ പുച്ഛത്തോടെ എന്ന് നോക്കുന്നു.
'സ്നേഹിക്കാന്‍ പറ്റിയ ഒരു പീസ്‌ ' എന്ന രീതിയില്‍..
"നീ കളിക്കാതെ പാസ്സ്‌വേര്‍ഡ്‌ പറയുന്നുണ്ടോ??" ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു..
"ഓക്കേ.. ഞാന്‍ ഒരു ക്ലൂ കൂടി പറയാം.."
"ഉം.. പണയ്.."
"ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ഒരു പെണ്ണിന്‍റെ പേര്.." അവനു പിന്നേം നാണം..
'ഇഷ്ടമുള്ള പെണ്ണ് എന്ന് വെച്ചാല്‍...' ഞാന്‍ വീണ്ടും ചിന്തിച്ചു തുടങ്ങി.. പിന്നെ ടൈപ്പ് ചെയ്തു തുടങ്ങി...
"SHAK......"

'ഏയ്‌ .. ആയിരിക്കില്ല.. അതൊക്കെ ആരേലും പാസ്സ്‌വേര്‍ഡ്‌ ആയി ഇടുമോ..'
Windows -നെ ദേഷ്യം പിടിപ്പിക്കാതെ ഞാന്‍ enter അടിക്കാതെ backspace അടിച്ചു,
"ടാ.. നീ പറയുന്നുണ്ടോ???" ഞാന്‍ ലാലേട്ടനെയും ശോഭനെയെയും ഒരു നിമിഷം മറന്നു ദേഷ്യം ഒന്ന് കൂടി കൂട്ടി അവനോട് ചോദിച്ചു..
"നീ എന്‍റെ പ്രണയ പരവഷമായ കണ്ണുകളില്‍ നോക്ക്.. എന്നിട്ട് ഒരു പെണ്ണിന്‍റെ പേര് ടൈപ്പ് ചെയ്.."
അവന്‍ പണ്ട് പറഞ്ഞ ഒരു വാചകം ഒരു കൊള്ളിയാന്‍ പോലെ എന്‍റെ മനസിലൂടെ കടന്നു പോയി..
'ഞാനും ഒരു പെണ്ണും കുറെ വര്‍ഷങ്ങളായി നല്ല ഫ്രണ്ട്സ് ആണ്..അവളുടെ പേര് ജിത്തു..' ഞാന്‍ പിന്നെ ടൈപ്പ് ചെയ്തു തുടങ്ങി..
"JITHU"
ഇല്ല.. Windows അനങ്ങിയില്ല.. 'കുരിശ്..'
ഞാന്‍ ശിനോജിനെ നോക്കി.. അവന്‍റെ നാണം ഒന്നുകൂടി കൂടിയിരിക്കുന്നു..
"അളിയാ. നീ മനസിലാക്കി കളഞ്ഞല്ല.. അതിന്‍റെ കൂടെ ഒരു പേര് കൂടെ ചേര്‍ക്കു.."
പിന്നെ അധികമൊന്നും എനിക്ക് ആലോചിക്കേണ്ടി വന്നില്ല.. ടൈപ്പ് ചെയ്തു..
"JITHUSHINOJ"
ഇത്രേം നേരം 'ഇപ്പൊ വിളിക്കും,ഇപ്പൊ വിളിക്കും' എന്ന് വിചാരിച്ചു പറ്റിച്ചത് കൊണ്ടാവണം Windows -ന്‍റെ പാളികള്‍ നാല് ഭാഗത്ത്‌ നിന്നും ഓടി ചാടി വരുന്നു..
ഞാന്‍ അവനെ നോക്കി..
അവനില്‍ നാണത്തിന്‍റെ സംസ്ഥാന സമ്മേളനം..
"അവളുടെ പേര് പാസ്സ്‌വേര്‍ഡ്‌ ആക്കാന്‍ മാത്രം എന്‍റെ പ്രേമം വളര്‍ന്നെടാ അളിയാ.. എന്നിട്ടും നിനക്കെന്നെ സഹായിക്കാന്‍ തോന്നുന്നില്ലേ???"
"പിന്നേ.. ഈ പരട്ട കമ്പ്യൂട്ടര്‍-ന്‍റെ പാസ്സ്‌വേര്‍ഡ്‌ അല്ലെ ഇട്ടതു, അല്ലാതെ സ്വിസ് ബാങ്ക് അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌ ഒന്നുമല്ലല്ലോ.." ഞാന്‍ തിരിച്ചടിച്ചു..
"അളിയാ.. നീ എന്‍റെ കണ്ണുകളില്‍ നോക്ക്.. എന്നിട്ട് പറ എനിക്ക് പ്രണയമില്ലെന്ന്.."
ഞാന്‍ അവന്‍റെ കണ്ണുകളിലേക്കു നോക്കി..
"ഇനി പറ.. ഇതുപോലെ പ്രണയം നീ വേറെ ഏതേലും കണ്ണുകളില്‍ കണ്ടിട്ടുണ്ടോ???" അവന്‍ വീണ്ടും...
"പ്രണയമാണോ എന്നറിയില്ല.. എന്‍റെ നാട്ടുകാരില്‍ ഒരുത്തനെ പേപ്പട്ടി കടിച്ചപ്പോള്‍ ഏകദേശം ഈ ഭാവമായിരുന്നു.. ."
അത് കേട്ടപ്പോള്‍ അവന്‍ കണ്ണുകള്‍ മുറുകെയടച്ചു..
അവനില്‍ വിഷാദം അലയടിച്ചു.. ഞാനത് ശ്രദ്ധിക്കാന്‍ പോയില്ല.. കാരണം ശോഭനക്കെന്തു പറ്റിയോ ആവൊ???
ഞാന്‍ "മിന്നാരം" കാണാന്‍ തുടങ്ങി.. പക്ഷെ അവന്‍ വന്നു അത് ഓഫ്‌ ചെയ്തു..
ഞാന്‍ ദേഷ്യത്തോടെ അവനെ നോക്കി..
അലവലാതി.... അവനില്‍ ഇപ്പോഴും വിഷാദഭാവം..
"അളിയാ.. നീ എങ്ങനേലും എന്നെ ഹെല്‍പ് ചെയ്യണം.. പ്ലീസ്.." അവന്‍ ആദ്യമായ് എന്നോട് അപേക്ഷിക്കുന്നു..
ആ അപേക്ഷ കേള്‍ക്കാതിരിക്കാന്‍ മാത്രം ഞാന്‍ ക്രൂരനല്ല..
"ഞാന്‍ എന്താ ചെയ്യേണ്ടത് എന്ന് നീ പറ..." ഞാന്‍ ചോദിച്ചു..
"നീ അവളോട് എന്‍റെ ഇഷ്ടം എങ്ങനേലും തുറന്നു പറയണം.. "
"എങ്ങനെ???"
"അത്.. നീ ഒരു കാര്യം ചെയ്.. അവള്‍ കോഴിക്കോട് ആണ് പഠിക്കുന്നത്.. അവിടെ പോയി നീ അവളെ നേരില്‍ കണ്ടു സംസാരിക്കു...." അവന്‍ പറഞ്ഞു..
"കോഴിക്കോട് വരെ പോവുക എന്നൊക്കെ പറഞ്ഞാല്‍................"
"അല്ലേല്‍ വേണ്ട.. ഞാന്‍ അവളുടെ അഡ്രസ്‌ തരാം.. നീ അവള്‍ക്കൊരു കത്തെഴുതി അയച്ചാല്‍ മതി.."
"ഞാന്‍ കത്തയക്കുക എന്ന് വെച്ചാല്‍...."
"അല്ലേല്‍ അതും വേണ്ട.. കത്തയച്ചാല്‍ കിട്ടാന്‍ താമസിക്കും.. നീ അവളെ ഒന്ന് ഫോണില്‍ വിളിക്ക്..."
"അവളുടെ നമ്പര്‍ ................"
"അല്ലേല്‍ വേണ്ടാ... ഞാന്‍ ഫോണ്‍ വിളിച്ചിട്ട് ഫോണ്‍ നിനക്ക് തരാം.. അപ്പൊ പറഞ്ഞാല്‍ മതി.."
"എന്താ ഞാന്‍.............??" എന്നെ അതും പറഞ്ഞു തീര്‍ക്കാന്‍ അവന്‍ സമ്മതിച്ചില്ല..
"ഡാ പട്ടി.. നീ ഒരുമാതിരി ന്യൂസ്‌ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ പോലെ പെരുമാറരുത്‌.. അഭിപ്രായം ചോദിക്കുകയും ചെയും എന്നിട്ട് ഒന്നും പറയാനും സമ്മതിക്കില്ല.. തെണ്ടി.. " ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു..
"അളിയാ..നീ എന്തേലും ചെയ്.. "
'മിന്നാരം' എന്നെ കാത്തിരിക്കുന്നില്ലേല്‍ അവനെ രണ്ടു തെറിയും വിളിച്ചു ഇറങ്ങിപ്പോയേനെ ഞാന്‍..
"നീ ഒരു കാര്യം ചെയ്.. അവളെ വിളിച്ചു ഫോണ്‍ എനിക്ക് താ.. ഞാന്‍ സംസാരിച്ചോളാം.."
അങ്ങനെ അവന്‍ അവളെ ഫോണില്‍ വിളിച്ചു.. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഫോണ്‍ എന്‍റെ നേരെ നീട്ടി..
ഞാന്‍ സംസാരിച്ചു തുടങ്ങി..
"ഹലോ.. പെങ്ങളേ..... "
ഒരു പെണ്ണിനെ വീഴ്ത്താന്‍ ഏറ്റവും എളുപ്പമുള്ള വഴി തന്നെ ഈ പെങ്ങള്‍ വിളി..
"എന്താ ആങ്ങളെ????"
അവളെ വീഴ്ത്താന്‍ 'പെങ്ങളെ' എന്ന് വിളിച്ച എന്നെ അവള്‍ 'ആങ്ങള' എന്ന് വിളിച്ചു എന്നെ വീഴ്ത്തിയിരിക്കുന്നു..
ആ 'ആങ്ങള' വിളിയില്‍ ഞാന്‍ വീണു..
എന്നെ ആങ്ങളയെ പോലെ കാണുന്ന ഒരു പെണ്ണിന് ഇവനെ ലൈന്‍ ആക്കികൊടുക്കണോ?? .. ഞാന്‍ പലതവണ ആലോചിച്ചു..
'ആഹ്, കുറച്ചു നല്ല സ്വഭാവമൊക്കെ ഉണ്ട്.. ഏതായാലും 'മിന്നാരം' കണ്ടല്ലേ പറ്റൂ,, ജോലി തീര്‍ത്തേക്കാം...' എന്ന് വിചാരിച്ചു ഞാന്‍ എന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യത്തിലേക്ക് കടന്നു..
"പെങ്ങളേ.. ഞാന്‍ ഒരു കാര്യം പറയാന്‍ വേണ്ടി വിളിച്ചതാ.."
"എന്താ???"
"ഷിനോജ്... ഷിനോജിനു ഇയാളെ ഭയങ്കര ഇഷ്ടമാണ് പോലും.. പെങ്ങളവനെ ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ അവന്‍ ജീവിച്ചിരിക്കില്ല.. അവന്‍ ജീവിചിരിപ്പില്ലേല്‍ ഞങ്ങള്‍ റൂമിലുള്ളവര്‍.................."
പറഞ്ഞു പൂര്‍ത്തിയാകാതെ ഒരു വിഷാദഭാവം നല്‍കി ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..
ഫോണ്‍ കട്ട്‌ ചെയ്ത ഉടനെ ഷിനോജ് എന്നെ കെട്ടിപ്പിടിച്ചു..
"ഞാന്‍ ജീവിചിരിപ്പില്ലേല്‍ നിങ്ങളും ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞത് എന്നെ വല്ലാതെ കീഴ്പെടുത്തികളഞ്ഞു.."
"അതിനു ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ.."
"അല്ല.. നീ അത് നിന്‍റെ വിഷമം കൊണ്ട് പറയാതിരുന്നതല്ലേ..??"
"കോപ്പാണ്.. പെങ്ങളവനെ ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ അവന്‍ ജീവിച്ചിരിക്കില്ല.. അവന്‍ ജീവിചിരിപ്പില്ലേല്‍ ഞങ്ങള്‍ റൂമിലുള്ളവര്‍ വേറെ സഹമുറിയനെ തേടേണ്ടി വരും എന്നാ ഞാന്‍ പറയാന്‍ വന്നത്..."
സ്നേഹം കൊണ്ട് തുടുത്ത അവന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞു..

ഏതായാലും ഞാന്‍ പറഞ്ഞ ആ വാക്കുകള്‍ കുറിക്കു കൊണ്ടു....
അതുവരെ സൌഹൃദം എന്ന മറവില്‍ ഒളിപ്പിച്ചു വെച്ച പ്രണയം അതോടെ മറനീക്കി പുറത്തു വന്നു.. ഒരു കാമുകനും കാമുകിയും ജനിച്ചത്‌ കണ്ട് മൊബൈല്‍ കമ്പനികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി....
അവള്‍ ഇടക്കെന്നെ 'ആങ്ങളേ ' എന്ന് പറഞ്ഞു വിളിക്കും.. സ്നേഹത്തിന്‍റെ വസന്തം വിരിയിച്ചതിന് നന്ദി പറയാന്‍...!!!!
ദിവസങ്ങള്‍ക്കു ശേഷം ഒരു അര്‍ദ്ധരാത്രി..
ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെയും പ്രിജേഷിനെയും ആരോ തട്ടി വിളിച്ചു, രണ്ടു പേരും ചാടി എണീറ്റു..
നോക്കുമ്പോള്‍ ഒരു കയ്യില്‍ ഫോണുമായി ഷിനോജ്..
"എന്താടാ??" ഞാന്‍ ഉറക്കച്ചടവില്‍ ചോദിച്ചു..
"അവള്‍ വരുന്നു..."
"എന്തോന്നാ???"
"അവള്‍ വരുന്നു..."
അവന്‍ ഉറക്കപ്പിച്ച് പറയുന്നതാണോ അല്ല ഞങ്ങള്‍ അങ്ങനെ കേള്‍ക്കുന്നതാണോ എന്ന് മനസിലാകാതെ ഞാന്‍ പ്രിജെഷിനെ നോക്കി... അവന്‍ കലണ്ടറിലേക്ക് നോക്കുന്നു.. പിന്നെ പറഞ്ഞു..
"ഇന്നായിരിക്കില്ലെടാ, വെള്ളിയാഴ്ച ആയിരിക്കും.."
"എന്ത്??" ഒന്നും മനസിലാകാതെ ഞാന്‍ പ്രിജേഷിനോട് ചോദിച്ചു..
"ഏതോ നായികാ പ്രാധാന്യമുള്ള സിനിമ വരുന്നുണ്ട്.. അതിന്‍റെ കാപ്ഷനാവും അവന്‍ പറഞ്ഞത്.. " പ്രിജേഷ് പറഞ്ഞു..
"നാട്ടപ്പാതിരക്കാണോടാ പട്ടി സിനിമാ പരസ്യം പറയുന്നത്.. " ഉറക്കം പോയ ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു..
"പോടാ.. സിനിമാ പരസ്യമൊന്നുമല്ല ഞാന്‍ പറഞ്ഞത്.. ജിത്തു വരുന്നുണ്ട് എന്നാ പറഞ്ഞത്.."
"എങ്ങോട്ട്??"
"അവള്‍ വീട്ടില്‍ നിന്നും കോഴിക്കോട് പഠിക്കുന്ന സ്ഥലത്തേക്ക് പോകുവാ ഇന്ന്.. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ അവളെ കാണാന്‍ പോകണം.. അതാ ഞാന്‍ പറഞ്ഞത്.."
"നീ അവളെ കാണാന്‍ പോകുന്നതിനെന്തിനാ ഞങ്ങളെ ഉണര്‍ത്തിയത്???"
"അവള്‍ക്കു നിങ്ങളേം പരിചയപ്പെടണം പോലും.."
അവന്‍ അത് പറഞ്ഞപ്പോള്‍ പ്രിജേഷ് ദേഷ്യത്തോടെ എന്നെ നോക്കി..
"നീ ഒറ്റ ഒരുത്തനാ എല്ലാത്തിനും കാരണം....." അവന്‍ പറഞ്ഞു..
"ഞാനെന്തു ചെയ്തെന്നാ???"
"നീയല്ലേ ഇവന് അവളെ ലൈന്‍ ആക്കികൊടുത്തത്..അനുഭവിച്ചോ..."
"എല്ലാത്തിനും കാരണം ആ പ്രിയദര്‍ശനാ..അയാള്‍ 'മിന്നാരം ' എടുത്തില്ലേല്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.."
"തമാശ പറയാതെ എണീക്കെടാ.." ഷിനോജ് അതും പറഞ്ഞു മുഖം വൈറ്റ് വാഷ്‌ ചെയ്യാന്‍ പോയി..
"അവനു തമാശയാണ് പോലും.." അതും പറഞ്ഞു ഞാന്‍ എണീറ്റു,കൂടെ പ്രിജേഷും..

മൂന്നുപേരും പോകാന്‍ തയ്യാറായി നിന്നു..
"നമ്മളെങ്ങനാ ഈ രാത്രിയില്‍ അവിടം വരെ പോകുന്നത്?? ഞാന്‍ ചോദിച്ചു..
"ബൈക്കില്‍" ശിനോജിന്‍റെ മറുപടി.
"ഒരു ബൈക്ക് മാത്രമല്ലെ ഉള്ളൂ.. ഒരു കാര്യം ചെയ്യാം.. നിങ്ങള്‍ രണ്ടുപേരും പോയിട്ട് വാ.. ഞാന്‍ ഇവിടെ ഉറങ്ങാതിരിക്കാം,. നിങ്ങള്‍ വന്നിട്ട് വിശേഷം പറഞ്ഞാല്‍ മതി.." ഞാനൊന്നു എറിഞ്ഞു നോക്കി..
"ഹയ്യടാ.. അത് കുഴപ്പമില്ല.. നമുക്ക് ട്രിപ്പിള്‍ അടിക്കാം.." ഏറു ഏറ്റില്ല.. !!!
"പോലീസ് പിടിച്ചാലോ???" എന്‍റെ അടുത്ത ഏറു....
"കരിനാക്ക് വളക്കാതെ വണ്ടിയില്‍ കേറടാ.." ആ ഏറും കൊണ്ടില്ല..

യാത്ര തുടങ്ങി..
വണ്ടി വൈറ്റില കഴിഞ്ഞു മുന്നോട്ടു..
ഒരു വളവെത്തിയതും കാക്കിധാരികളായ രണ്ടു പേര്‍ വഴിയില്‍ കയ്യും നീട്ടി നിക്കുന്നു..
'മ്യാമന്മാരെ മ്യനസ്സിലയോ മ്യക്കള്‍ക്ക്' എന്ന രീതിയില്‍ നമ്മുടെ സ്വന്തം കേരള പോലീസ്..
വണ്ടി കുറച്ചു കേറ്റി നിര്‍ത്തി..
മൂന്നു പേരും വണ്ടിയില്‍ നിന്നുമിറങ്ങി.. ശിനോജും പ്രിജേഷും എന്നെ കലിപ്പോടെ നോക്കുന്നു..
ഞാന്‍ നാക്ക്‌ നീട്ടി കാണിച്ചു കൊടുത്തു.. 'സത്യായിട്ടും കരിനാക്കല്ലടാ' എന്നര്‍ത്ഥത്തില്‍..
"നീ ഇത് പോലെ നാക്കും നീട്ടി തന്നെ നില്‍ക്ക്.. നിന്നെ പേപ്പട്ടി കടിച്ചു പേയിളകി ആശുപത്രിയില്‍ കൊണ്ട് പോകുവാ എന്ന് പറയാം.."
എന്‍റെ നില്‍പ്പ് കണ്ട് തലയില്‍ ബള്‍ബ്‌ കത്തിയ പ്രിജേഷ് പറഞ്ഞു..
"പോടാ പട്ടി..." ഞാന്‍ നാക്ക്‌ അകത്തിട്ടു..
പോലീസ് ഞങ്ങളുടെ അടുത്തേക്ക്..
"എവിടെ പോകുന്നെടാ??"
"അത്.. അത്... " ഞാന്‍ കിടന്നു വിയര്‍ത്തു.. എന്താ പറയേണ്ടത്??
"എവിടെ പോകുന്നുവെന്ന ചോദിച്ചത്.."
ഒന്നും മിണ്ടാതെ ഞാനും പ്രിജേഷും നില്‍ക്കുമ്പോള്‍ ട്രെയിന്‍ കടന്നു പോവുമോ എന്ന ആശങ്ക മാത്രം മനസ്സില്‍ വെച്ച് ഷിനോജ് അറിയാതെ പറഞ്ഞു പോയി,
"അവള്‍ വരുന്നു...!!!"
വലിച്ചു... ഗോതമ്പുണ്ട തിന്നേണ്ടി വരുമോ???
"ഏതവളാടാ വരുന്നത്???"
പോലീസുകാരന്‍ ശിനോജിന്റെ കോളറിന് പിടിച്ചു കൊണ്ട് ചോദിച്ചു..
ഒന്നും മിണ്ടാതെ ശിനോജും പ്രിജേഷും നില്‍ക്കുമ്പോള്‍ എന്‍റെ മനസ്സിലുടെ രാവിലെ വായിച്ച മനോരമ പത്രത്തിലെ ഉള്‍പേജ് തെളിഞ്ഞു നിന്നു..
'കവിയത്രി സുരേഖ അന്തരിച്ചു..മൃതദേഹം രാത്രി എറണാകുളതെതിക്കും....'
പിന്നൊന്നും നോക്കിയില്ല, ഞാന്‍ വിളിച്ചു പറഞ്ഞു..
"സര്‍. ഇന്ന് മരണപ്പെട്ട കവിയത്രി സുരെഖയെ അവസാനമായൊന്നു കാണാന്‍ പോകുവാ.."
മറുപടി കേട്ട പോലീസുകാരില്‍ ഞെട്ടല്‍..
"ഈ നേരത്ത് പോകാന്‍ മാത്രം അത്രയ്ക്ക് ഇഷ്ടമാണോ നിങ്ങള്ക്ക് ആ കവിയത്രിയെ.."
"അതെ സര്‍ അതെ.. ഞങ്ങളുടെ ജീവനാണ്.. " ഞാന്‍ വ്യസനത്തോടെ പറഞ്ഞു..
"ഒഹ്.. ഞാന്‍ ഏകദേശം എല്ലാ കവിതയും വായിക്കുന്നയാളാ,പക്ഷെ അവരുടെ ഒരു കവിത പോലും കേട്ടിട്ടില്ല.. മക്കള്‍ക്ക്‌ ഓര്‍മ ഉണ്ടെങ്കില്‍ അവരുടെ ഏതേലും കവിതയൊന്നു ചൊല്ലാമോ??? " പോലീസുകാരന്‍ അപേക്ഷിക്കുന്നു..
വീണ്ടും വലിച്ചു.. പ്രിജേഷും ശിനോജും എന്നെ നോക്കി..
ഞാന്‍ പിന്നെയൊന്നും ആലോചിച്ചില്ല..
കവിതയുടെ ആദ്യാക്ഷരം കേള്‍പ്പിച്ചു തന്ന ഫാസില്‍ സാറിനെ മനസ്സില്‍ ധ്യാനിച്ചു കാരറ്റ് രാഗത്തില്‍ ഒരെണ്ണമങ്ങു വീശി..
"അപൂര്‍വമായ സായാഹ്നം സമ്മാനിച്ച സമയമേ-
ശിവമയ അമൃതം തന്നെ സംഗീതം..
നിന്നാത്മമായ സല്ലാപമാണ് എന്നാത്മാവിലെങ്കില്‍-
സമ്പൂര്‍ണമാണ് ഈ ജന്മം ദേവാ.. "
കേട്ട് നിന്ന പോലീസുകാരില്‍ പോലും രോമാഞ്ചം..എത്ര മനോഹരമായ വരികള്‍..!!!
"അവരുടെ ജയകൃഷ്ണന്‍'സ് എന്ന കവിതാ സമാഹാരത്തിലെ വരികളാണത് .." ഞാന്‍ പറഞ്ഞു കേള്‍പ്പിച്ചു..
"ഇനിയും വൈകിയാല്‍ അവള്‍ പോകും.. ഞങ്ങള്‍ പൊക്കോട്ടെ സര്‍..??" ഷിനോജ് അപേക്ഷിച്ചു..
"മക്കള്‍ പൊക്കോ.. " പോലീസുകാര്‍ പച്ചക്കൊടി കാണിച്ചു..

ഞങ്ങള്‍ വീണ്ടും വണ്ടിയിലേക്ക്..
"എന്നാലും നിന്നെ സമ്മതിക്കണം.. അവരുടെ കവിതയൊക്കെ നീ ഓര്‍ത്തു വെക്കുന്നുണ്ടല്ലോ.." കേറിയ ഉടനെ പ്രിജേഷ് എന്നോട് പറഞ്ഞു..
"പിന്നെഹ്.. കവിത, കോപ്പാണ്.. ഹരികൃഷ്ണന്‍'സ് സിനിമയിലെ 'സമയിതപൂര്‍വ സായാഹ്നം' ഞാന്‍ വരി തിരിച്ചു പാടിയെന്നെ ഉള്ളൂ.. "
ഞാന്‍ കുറ്റസമ്മതം നടത്തി. പ്രിജേഷ് കണ്ണ് മിഴിച്ചു..
ഞാന്‍ പാടിയ വരികള്‍ ഒന്നുകൂടെ ആവര്‍ത്തിച്ചു..
"അപൂര്‍വമായ സായാഹ്നം സമ്മാനിച്ച സമയമേ-
ശിവമയ അമൃതം തന്നെ സംഗീതം..
നിന്നാത്മമായ സല്ലാപമാണ് എന്നാത്മാവിലെങ്കില്‍-
സമ്പൂര്‍ണമാണ് ഈ ജന്മം ദേവാ.. "

ഇതൊന്നും ശ്രദ്ധിക്കാതെ ഷിനോജ് വണ്ടിയോടിക്കുന്നു.. ഇടക്കൊക്കെ അവന്‍ പറയുന്നുണ്ട്..
"അവള്‍ വരുന്നു...!!!!"

അങ്ങനെ വണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തി..
വണ്ടി വന്നു.. അവളെ കണ്ടു..
"ആങ്ങളെ" എന്ന് വിളിച്ചു കൊണ്ട് അവളെന്നെ പരിചയപ്പെട്ടു..
ഞാന്‍ കാരണം ഉണ്ടായ പ്രണയം സംഭവിച്ചതിലുള്ള നന്ദി അവള്‍ പ്രകാശിപ്പിച്ചു.. ഞാന്‍ വിനയാന്വിതനായി നില്‍ക്കുക മാത്രം ചെയ്തു..

അങ്ങനെ കാലത്തിനൊപ്പം ആ പ്രണയവും പൂത്തുലഞ്ഞു..

സംഭവിക്കുന്നതിനെല്ലാം ഒരു കാരണമുണ്ട്.. കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്നാണ് ശാസ്ത്രം..
അതുപോലെ ഒരു പഴയ പ്രണയത്തിന്‍റെ തുടക്കം ബ്ലോഗ്‌ ആയതിനും ഉണ്ട് ഒരു കാരണം.. ശാസ്ത്രം തിരുത്താന്‍ ആഗ്രഹമില്ലാത്തത് കൊണ്ട് ഇനിയാ കാരണത്തിലേക്ക്.....

ഒരാഴ്ച മുമ്പ്..
എന്‍റെ മൊബൈലിലേക്ക് ഒരു ഇന്‍റെര്‍നെറ്റ് കാള്‍.. ഞാന്‍ ഫോണ്‍ എടുത്തു..
"ഹലോ... ആരാ??"
"ആങ്ങളെ,ഇത് ഞാനാടാ.. " സൌദിയില്‍ നിന്നും ജിത്തുവാണ്...
"ആഹ്.. എന്തുവാ പ്രത്യേകിച്ച്???"
"നീ ഒരു പത്തുപവന്‍ ഒരുക്കി വെച്ചോ എന്ന് പറയാന്‍ വേണ്ടി വിളിച്ചതാ.."
"ഹലോ.. കമ്പിളിപുതപ്പ്,കമ്പിളിപുതപ്പ്.

..."
"കേള്‍ക്കില്ലെടാ , കേള്‍ക്കില്ല, പരട്ട ആങ്ങളെ.."
"എന്തിനാണാവോ പത്തുപവന്‍ " ഞാന്‍ ചോദിച്ചു
"പിന്നെ പെങ്ങളുടെ കല്യാണത്തിന് ആങ്ങള സ്വര്‍ണം തരണമല്ലോ.. അതാ ചോദിച്ചത്...."
"എഹ്... പെങ്ങളുടെ കല്യാണമായോ?? വേറെ കല്യാണത്തിന് ഷിനോജ് സമ്മതിച്ചോ?? "
"പോടാ.. അവനും ഞാനുമായുള്ള കല്യാണത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞത്.."
"ആഹാ... ഗുഡ്..എപ്പോഴാ ആ കരിദിനം ???"
"അടുത്ത് തന്നെ കാണും.. അത് പറയാനാ ഞാന്‍ വിളിച്ചത്.."
"മിന്നാരം സിനിമ ശുഭാവസനമല്ലെങ്കിലും ആ സിനിമ കൊണ്ട് ഒരു ജീവിതം ശുഭാവസനിയാകുന്നു... ഏതായാലും ഞാനൊരു സമ്മാനം തന്നിരിക്കും,സ്വര്‍ണത്തെക്കാള്‍ വിലയുള്ള സമ്മാനം..... "
ഫോണ്‍ കട്ട്‌ ചെയ്തു..

എന്‍റെ പെങ്ങള്‍ക്ക് ഞാന്‍ അന്ന് വാഗ്ദാനം ചെയ്ത സമ്മാനമാണ് ഈ ബ്ലോഗ്‌..
വൃത്തികെട്ട മണ്ണിലും , തീയിലുമൊക്കെ വിയര്‍തൊലിച്ച് ഉരുകിയ സ്വര്‍ണമെന്ന മഞ്ഞ ലോഹത്തിനേക്കാള്‍ എത്രയോ വലുതാണ് ഓര്‍മകളില്‍ നിന്നും ഒപ്പിയെടുത്ത്, സ്നേഹത്തില്‍ ചാലിച്ച അക്ഷരങ്ങളായ് ഞാന്‍ കുറിക്കുന്ന ഈ വരികള്‍,... , ഇത് നിങ്ങള്‍ക്കുള്ള കല്യാണസമ്മാനം.... സ്വര്‍ണത്തെക്കാള്‍ എത്രയോ മഹനീയം തന്നെ ഈ സമ്മാനം..
(ഹും.. എന്നോടാ കളി...!!!!! പത്തു പവന്‍ ലാഭിച്ചത്‌ കണ്ടാ???.... )
ഇനിയും, ആര്‍ക്കു സമ്മാനം വേണേലും ചോദിച്ചോ.. ചോദിച്ചത് തന്നില്ലേലും ഇത് പോലുള്ള സമ്മാനങ്ങള്‍ ഞാന്‍ തന്നിരിക്കും..

27 comments:

  1. kollam......ennalum aangala 10 pavante mala vaangi koduthekanam...

    ReplyDelete
  2. @മാത്തുക്കുട്ടി .. Athu labhikkan vendiyaa ee post.. Ennittum Mala vangi kodukkanam ennu paranjal.. :(

    ReplyDelete
  3. സ്ഥിരമെന്ന പോലെ നല്ല ഒഴുക്കുള്ള രസികന്‍ പോസ്റ്റ്‌... പലയിടത്തും 'അക്ഷരപ്പിശാച്ച്' ഉണ്ടെങ്കിലും ഒഴുക്കിനെ ബാധിച്ചില്ല...
    (ഹും.. എന്നോടാ കളി...!!!!! പത്തു പവന്‍ ലഭിച്ചത് കണ്ടാ???.... ) ഇവിടെ മാത്രം ലഭിച്ചത് മാറ്റി ലാഭിച്ചത് ആക്കിയാല്‍ നല്ലത്...

    ReplyDelete
  4. @AnoopG.. Aksharapishachalla chathikkunnathu.. Gmail anu.. Ippol malayalam varanilla.. So using mymalayalam.com..
    Anyway thettu choondikkattiyathinu orayiram nanni.. :)

    ReplyDelete
  5. ഞാന്‍ ഇയാളുടെ ബ്ലോഗ്‌ വായിക്കാറുണ്ട്...നര്‍മ്മത്തില്‍ പൊതിഞ്ഞ കഥകള്‍....
    കൊള്ളാം...നന്നായിരിക്കുന്നു...

    ReplyDelete
  6. Mukeshintem Jagadeeshintem okke oru pazhaya comedy filmnte feeling undayirunnu

    ReplyDelete
  7. @Bibin.. Thank you very much for your comment bro.. :)

    ReplyDelete
  8. രസകരം ഈ എഴുത്ത് ..
    ആശംസകള്

    ReplyDelete
  9. ഭായി ബൂലോഗത്ത് ക്ലിക്കാകും കേട്ടൊ

    ReplyDelete
  10. "അളിയാ... എനിക്ക് നിന്‍റെ ഒരു സഹായം വേണം...." ഷിനോജ് എന്നോടായി പറഞ്ഞു..
    "എന്താടാ???" ഞാന്‍ ഞെളിഞ്ഞിരുന്നു ചോദിച്ചു.. ഇപ്പോഴായാല്‍ എത്ര വേണേലും ഞെളിയാം.. കാരണം സഹായം വേണ്ടത് അവനല്ലേ..


    ഇനി പറ.. ഇതുപോലെ പ്രണയം നീ വേറെ ഏതേലും കണ്ണുകളില്‍ കണ്ടിട്ടുണ്ടോ???" അവന്‍ വീണ്ടും...
    "പ്രണയമാണോ എന്നറിയില്ല.. എന്‍റെ നാട്ടുകാരില്‍ ഒരുത്തനെ പേപ്പട്ടി കടിച്ചപ്പോള്‍ ഏകദേശം ഈ ഭാവമായിരുന്നു.. .

    ഈ വരികള്‍ ചിരിപ്പിച്ചു

    ReplyDelete
  11. ഹ ഹ സൂപ്പര്‍ മച്ചാ ........ കുറെ കാലത്തിനു ശേഷം ചിരിച്ചു വായിച്ചു ചിരിച്ചു ...
    ഒത്തിരി ഇഷ്യ്ടായി ....

    ReplyDelete
  12. ഈ കണ്ണൂരീന്നു വരുന്നവര്‍ എല്ലാരും ഇങ്ങനെ ആണോ മുടിഞ്ഞു കോമഡി. . . എന്തായാലു കൊള്ളാം

    പ്രാര്‍ഥിക്കാന്‍ എല്ലാര്‍ക്കും ഒരു കാരണം എന്ന് പറഞ്ഞ പോലെ
    പ്രണയം പൂക്കാന്‍ എപ്പോളും ഒരു കാരണം ഉണ്ടാവും

    ReplyDelete
  13. ഇത് ബോലോകത്തില്‍ വായിച്ചിരുന്നു..

    ReplyDelete
  14. കൊള്ളാം ഫിറോസ്..വായിച്ചു രസിച്ചു, ചിരിച്ചു..അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണം

    ReplyDelete
  15. ഈ പസ്സെഞ്ചാര്‍ കുറെ ഓടും ,നിറയെ ആളുകളുമായി ..നല്ല തെളിമയുള്ള ഹാസ്യം ..

    ReplyDelete
  16. സിയാഫ് ഭായ് പറഞപോലെ ഈ വണ്ടി കുറെ ഓടും...ഫിറോസ് നന്നായി..അസ്വദിച്ചു വായിച്ചു..

    ReplyDelete
  17. ജഗലന്‍ പോസ്റ്റ്‌ ... വായിച്ചു രസിച്ചു
    നല്ല എഴുത്ത് .. ആശംസകള്‍
    ഇനി പെങ്ങന്മാരെയോ മക്കളെയോ ഒക്കെ കെട്ടിച്ച്ചയക്കുമ്പോള്‍ അമ്പതു പവന് പകരം നമ്മുടെ ബ്ലോഗ്ഗ് കൊടുത്താല്‍ മതിയല്ലേ !!!

    ReplyDelete
  18. രസകരമായി അവതരിപ്പിച്ചു
    വായിക്കാന്‍ നല്ല സുഖമുള്ള എഴുത്ത്

    ReplyDelete
  19. നന്നായിട്ടുണ്ട് മച്ചൂ, നല്ല ഗമണ്ടൻ സാധനം. ഇന്നലെ കൂൾ പറഞ്ഞപ്പോ ഇത്രയ്ക്കും ഞാൻ പ്രതീക്ഷിച്ചില്ല. ഇത് സൂപ്പറായിട്ടുണ്ട്. നല്ല നല്ല തമാശകൾ, വളരെ രസകരമായി ചേർത്ത് വച്ച അതിമനോഹരമായ പൊസ്റ്റ്. ആശംസകൾ.

    ReplyDelete
  20. 1) ഫിറോസ്‌ ഇന്ന് പ്രധാനമായും വായിച്ചത്‌ തന്‌റെ പോസ്റ്റുകളാണ്‌ - നല്ല വായന സുഖം നല്‍ക്കുന്നു എന്നതാണ്‌ പോസ്റ്റുകളുടെ പ്രതേകത - ലാളിത്യവും നര്‍മ്മവും കൂടിച്ചേരുമ്പോള്‍ വായന നല്ല സുഖം നല്‍കുന്നു... റ്റെന്‍ മുനുട്സ്‌ മുമ്പ്‌ വായിച്ച്‌ കമെന്‌റിട്ടിരുന്നു... പെങ്ങള്‍ക്ക്‌ സ്വര്‍ണ്ണ മാല വാങ്ങിക്കൊടുക്കാന്‍മാത്രം അത്രക്ക്‌ വിലമതിപ്പുള്ള ഒരു ആങ്ങളയെയായി അവള്‍ കഥാ പാത്രത്തെ കാണുന്നുണ്‌ടല്ലോ? കവിത ചൊല്ലിയതും കേമമായി.

    ReplyDelete
  21. നന്നായി ചിരിച്ചു....
    പഴയ ചില ഓര്‍മകളിലൂടെ മനസൊന്നു കടന്നു പോയി..

    ReplyDelete
  22. ചിരിപ്പിച്ച് കൊല്ലും..... സൂപ്പര്‍ ആയിക്ക്‌നു ട്ടോ..

    ReplyDelete
  23. Its very interesting and humour story. I expect from more good stories. just say greetings to your Pengal and aliyan. HAnifa, Abudhabi

    ReplyDelete
  24. സ്വർണ്ണം മേടിച്ച്‌ കൊടുത്തില്ലല്ലോ അല്ലേ????

    ക്ലൈമാക്സ്‌ സംഭവിച്ചോ??

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)