Monday, January 2, 2012

മാലിന്യ സംസ്കരണം..കൊച്ചി സ്പെഷ്യല്‍..

ഗ്രാമത്തില്‍ മാത്രം താമസിച്ചവര്‍ക്ക് മാലിന്യ സംസ്കരണം എന്ന മഹത്തായ വാക്കിന്‍റെ അര്‍ഥം ഒരുപക്ഷെ 'പുടി കിട്ടാന്‍' ഇടയില്ല..
കാരണം ഗ്രാമത്തിലെ വീടുകളില്‍ ഉപയോഗം കഴിഞ്ഞു ബാക്കി വരുന്ന ഭക്ഷണ സാധനങ്ങളും, കറി കൂട്ടുകളും മറ്റും പ്രകൃതി തന്നെ കയ്യും നീട്ടി സ്വീകരിക്കുകയാണ് പതിവ്..
അതായതു തേങ്ങ വെച്ചുണ്ടാക്കിയ കറി ബാക്കി വരുമ്പോള്‍ അത് തെങ്ങിന്‍ ചുവട്ടില്‍ കൊണ്ടിടും, ആ തേങ്ങാക്കറി സന്തോഷ പൂര്‍വ്വം വളമായി സ്വീകരിക്കുന്ന തെങ്ങ് നമുക്ക് തേങ്ങ തരും..
അത് വെച്ച് വീണ്ടും നമ്മള്‍ കറി ഉണ്ടാക്കും..ആ കറി വീണ്ടും തെങ്ങിന്...
തെങ്ങ് നമ്മള്‍ക്ക് തേങ്ങ തരും, നമ്മള്‍ തെങ്ങിന് തേങ്ങാക്കറി കൊടുക്കും..!!!!!!!! അങ്ങനെ ഒരു അലിഖിത ആവാസ വ്യവസ്ഥ....
അതിലും കൂടുതല്‍ വരുന്ന മാലിന്യ വസ്തുക്കള്‍ നമ്മള്‍ വിജനമായി കിടക്കുന്ന പറമ്പിലേക്കിടും... അത് ജൈവ വളമായ് മണ്ണോടു ചേരും..
ചുരുക്കി പറഞ്ഞാല്‍ സംസ്കാരം കൂടുതലുള്ള ഗ്രാമങ്ങള്‍ മാലിന്യ സംസ്കരണം സംസ്കാരപരമായി നടപ്പിലാക്കും..
അത് കൊണ്ടു തന്നെ മാലിന്യ സംസ്കരണം എന്ന വാക്ക് ഗ്രാമവാസികള്‍ കേള്‍ക്കാതിരിക്കുക സ്വാഭാവികം..

അങ്ങനെ ഒരു ഗ്രാമത്തില്‍ ജനിച്ചു,'കുറച്ചു' വളര്‍ന്ന ഞാന്‍ നഗരത്തിലെത്തി..
കാലം അതിന്‍റെ ചക്രം മുമ്പോട്ടു തിരിക്കവെ,മാലിന്യ സംസ്കരണത്തിന്റെ ആദ്യ പാഠങ്ങള്‍ ഞാന്‍ പഠിച്ചു തുടങ്ങി..
ഗൂഗിള്‍ സെര്‍ച്ച്‌ എടുത്തു "കോക്കനട്ട് ട്രീസ്‌ ഇന്‍ എറണാകുളം " എന്നടിച്ചാല്‍ പോലും ഒരു സെര്‍ച്ച്‌ റിസള്‍ട്ട്‌ പോലും വരാത്ത സ്ഥിതിക്ക് എറണാകുളത്തെ തെങ്ങിന് തേങ്ങാക്കറി കൊടുക്കുന്നത് എങ്ങനെ??
ഇനിയിപ്പോ അപ്പുറത്തെ പറമ്പിലിടാം എന്ന് കരുതി വലിച്ചെറിഞ്ഞാല്‍ അത് അടുത്ത വീട്ടിലെ ചുമരില്‍ പതിഞ്ഞിരിക്കും...
അത് ആ വീട്ടുകാര്‍ കണ്ടാല്‍ നമ്മള്‍ നമ്മുടെ ചുമരില്‍ ചിരിച്ചിരിക്കും..!!!!!

അത് കൊണ്ടു തന്നെ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ ഒരു കവറിലാക്കി ആരും കാണാതെ മറ്റുള്ളവരുടെ പറമ്പില്‍ ഉപേക്ഷിക്കുക എന്നതായിരുന്നു ആദ്യം പഠിച്ച മാലിന്യ സംസ്കരണം..
കാലം പിന്നെയുമൊഴുകി..
കയ്യിലിരിപ്പ് കൊണ്ടു വാടക വീടുകള്‍ മാറി മാറി വന്നു.. ഒടുവില്‍ ഏലൂര്‍ എന്ന സുന്ദര ഗ്രാമത്തിലെത്തി..
കുടുംബാസൂത്രണം നടക്കാത്തത് കൊണ്ടാണോ, തൊഴിലില്ലായ്മ കൊണ്ടാണോ എന്നറിയില്ല, ആ ഗ്രാമത്തില്‍ എപ്പോഴും ആള്‍ക്കൂട്ടമായിരിക്കും..
അത് കൊണ്ട് തന്നെ ഫുഡ്‌ വേസ്റ്റ് സംസ്കരിക്കുക എന്നത് വല്ലാത്ത പാട് തന്നെ ആയിരുന്നു..

അങ്ങനെ ഒരു ഞായറാഴ്ച..
ഏലൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ ഒരു വലിയ ലോഡ്ജ് ... ആ ലോഡ്ജില്‍ ഒരുപാടു റൂമുകള്‍..
ആ റൂമുകളില്‍ ഒന്നില്‍ ഞാനും ശിനോജും പിന്നെ ഒരാഴ്ച പഴക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങളും.. സഹമുറിയന്‍ പ്രകാശ് കറങ്ങാന്‍ പോയി..!!!!!!

ഇനിയും ഈ ഭക്ഷണ അവശിഷ്ടങ്ങള്‍ റൂമില്‍ കിടന്നാല്‍ ശ്വാസം മുട്ടി ചാവുമോ, അതോ നാറ്റം കാരണം ആത്മഹത്യ ചെയ്യേണ്ടി വരുമോ എന്നത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള ചോദ്യം..
ഞാനും ശിനോജും മാലിന്യ സംസ്കരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി..
"നമുക്കത് കിണറ്റില്‍ ഇട്ടാലോ ??" ചിന്ത പാതി വഴിയില്‍ നിര്‍ത്തി ഷിനോജ് ചോദിച്ചു..
"നന്നായിരിക്കും..വിഷ ജലം കുടിച്ചു അന്തസ്സായി മരിക്കാം..നടക്കുന്ന കാര്യം വല്ലതും പറയെടാ.."
"എന്നാല്‍ നമുക്ക് കുഴിച്ചിടാം .."
"എവിടെ?"
"പറമ്പിലല്ലാതെ പിന്നെ മരത്തില്‍ ആരേലും കുഴിച്ചിടുമോടാ തെണ്ടി."
"അതിനു നീ എവിടെയാട തെണ്ടി പറമ്പ് മേടിച്ചു വെച്ചിരിക്കുന്നത്.."
"നാട്ടുകാരുടെ പറമ്പുണ്ടല്ലോ.. അവിടെ കുഴിക്കാം.."
"ഉം..തൂമ്പയും കൊണ്ടങ്ങു ചെല്ല്..ആദ്യം കുഴി കുഴിച്ചു അവര്‍ നിന്നെ സംസ്കരിക്കും.. പിന്നെ ചെലപ്പോ മാലിന്യവും സംസ്കരിച്ചാല്‍ നമ്മള്‍ രക്ഷപ്പെട്ടു.."
ചിന്തകള്‍ പിന്നെയും കാട് കയറി.. കാട് തീര്‍ന്നപ്പോള്‍ കുന്ന് കേറി.. വഴിയൊന്നും കാണാത്തത് കൊണ്ടു ചിന്തകള്‍ കുന്നിറങ്ങി വന്നു..
"ഒരു കാര്യം ചെയ്.. എന്തായാലും ഒരു കവറില്‍ പൊതിഞ്ഞു നമുക്കെങ്ങോട്ടെലും അത് കൊണ്ടു പോകാം..ആള്‍ക്കാരൊന്നും ഇല്ലേല്‍ അത് കളയാം.." ഷിനോജ് പറഞ്ഞു..
ഞങ്ങള്‍ അത് ഭംഗിയായി ഒരു കവറില്‍ പൊതിഞ്ഞു.. പോതിക്ക് അകത്തു ബോഡി സ്പ്രേ അടിച്ചു.. എന്നിട്ടും മണം പോവാഞ്ഞിട്ടു പോതിക്ക് മുകളില്‍ അത്തര്‍ പൂശി...!!!

കയ്യില്‍ പൊതിയുമായി ഞങ്ങള്‍ പുറത്തേക്കു.. സമയം ആറു മണി..
ഏലൂര്‍ പാലം..ഞങ്ങള്‍ ഇരുവശത്തേക്കും നോക്കി..ഇല്ല.. ആരുമില്ല.. വിജനം..
"ബോംബിട്ടാല്‍ പോലും ആരുമറിയില്ല... " ഷിനോജിന്റെ ആത്മഗദം..
ഞാന്‍ അവനെ നോക്കി..
"ഇല്ല..ബോംബിട്ടാല്‍ അറിയും.. കാരണം ഒച്ച പുറത്തു കേട്ടാല്‍ ആരേലും വരും.. " അവന്‍ തിരുത്തി..
"നീ ഇവിടെ ബോംബിടാന്‍ വന്നതാണോടാ ??"
"അല്ല.."
"എന്ന പിന്നെ കയ്യിലിരിക്കുന്ന പൊതി ആരും കാണാതെ പാലത്തിന്‍റെ മുകളില്‍ വെക്കെടാ.. "
അവന്‍ കയ്യിലിരിക്കുന്ന പൊതി താഴെ വെച്ചു.. ഞങ്ങള്‍ മുന്നോട്ടു..
ആരും കണ്ടില്ല..... ഓപെറേഷന്‍ സക്സസ്..!!!

"മക്കളേ.."
ആരും കണ്ടില്ല എന്ന് ഞങ്ങള്‍ ആശ്വസിച്ചു നില്‍ക്കവേ പിറകില്‍ നിന്നും ഒരു ദീന രോദനം..
ഞങ്ങള്‍ തിരിഞ്ഞു നോക്കി..
വായ്‌ നിറയെ ചിരിയുമായി ഒരു വല്യമ്മ..
"എന്താ അമ്മെ??" ഞാന്‍ സ്നേഹപൂര്‍വ്വം ചോദിച്ചു..
"മക്കളുടെ കയ്യില്‍ നിന്നും വീണ കവര്‍ ആണിത്.."
അതും പറഞ്ഞു ഞങ്ങള്‍ കളഞ്ഞ പൊതി ഞങ്ങളുടെ നേരെ നീട്ടി..
ഞാനും ശിനോജും മുഖത്തോട് മുഖം നോക്കി.. പിന്നെ വല്യമ്മയെ നോക്കി..
"തള്ളയെ പിടിച്ചു കായലില്‍ തള്ളിയിട്ടാലോടാ??" അവന്‍ എന്‍റെ ചെവിയില്‍ ചോദിച്ചു..
ഞാന്‍ ഒന്നും പറഞ്ഞില്ല..
വല്യമ്മ ചിരിച്ചു കൊണ്ട് കവര്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി..
ഞാന്‍ പല്ല് ഞെരിച്ചു കൊണ്ടു കവര്‍ ഏറ്റു വാങ്ങി..
"ഇനിയെങ്കിലും സൂക്ഷിക്കണം കേട്ടോ.." കവര്‍ കൈമാറുന്നതിനിടയില്‍ വല്യമ്മ ഉപദേശിച്ചു..
"തീര്‍ച്ചയായും.. ബാങ്കില്‍ കൊണ്ടു വെച്ചേക്കാം ഇനി.." ഞാന്‍ പറഞ്ഞു..
"ബാങ്കില്‍ വെക്കാന്‍ മാത്രം വില പിടിപ്പുള്ളതാണോ??" വല്യമ്മക്ക് സംശയം..
"പിന്നേ.. അഞ്ചു കിലോ പോരുന്ന സ്വര്‍ണമായിരുന്നു..."
ഞാന്‍ അത് പറഞ്ഞതും വല്യമ്മയുടെ മുഖമൊന്നു മാറി..നഷ്ടഭോധം ആ മുഖത്ത് അലയടിച്ചു..
"ശരിക്കും ഇത് നിങ്ങളുടേത് തന്നയാണോ??" വല്യമ്മ പതിയെ ചോദിച്ചു..
"അല്ല.. നിങ്ങടെ കെട്ടിയോന്റെ..മനുഷ്യനെ മെനക്കെടുത്താതെ വീട്ടില്‍ പോയി കിടക്കു തള്ളേ. "
എന്ന് പറയണം എന്ന് തോന്നി.. പക്ഷെ പറഞ്ഞില്ല.. കാരണം തല്ലു കൊള്ളാന്‍ വയ്യ..
ഞങ്ങള്‍ പൊതിയുമായി വീണ്ടും മുന്നോട്ടു..
ഇല്ല.. രക്ഷയില്ല.. ആള്‍ക്കാര്‍ ഇടയ്ക്കിടെ വന്നും പോയും കൊണ്ടിരുന്നു..
ഇനി എന്ത് ചെയ്യും???
പെട്ടെന്ന് എന്‍റെ തലയ്ക്കു മുകളില്‍ നൂറു വാട്ടിന്റെ ബള്‍ബ്‌ കത്തി നിന്നു..
ആ വെളിച്ചത്തില്‍ ഞാന്‍ ശിനോജിനെ നോക്കി....
"എന്താടാ??" അവന്‍ ചോദിച്ചു..
ഞാന്‍ ഒന്നും പറയാതെ എന്‍റെ മൊബൈല്‍ എടുത്തു അവനു മുന്നിലേക്ക്‌ നീട്ടി..
"നീ ഫോട്ടോ എടുക്കു, ഞാന്‍ പല രീതിയിലും പോസ് ചെയ്യാം.. .." ഞാന്‍ അത് പറഞ്ഞതും അവന്‍ പല്ല് കടിച്ചു എന്നെ നോക്കി..
"എന്താടാ??/" ഞാന്‍ ചോദിച്ചു..
"നീ പെണ്ണ് കാണാന്‍ വന്നതോ അതോ വേസ്റ്റ് കളയാന്‍ വന്നതോ???" അവന്‍ ചൂടായി..
"ചൂടാവാതെ പറഞ്ഞ കാര്യം ചെയ്യടെ.. വേസ്റ്റ് കളയുന്ന കാര്യം ഞാന്‍ ഏറ്റു.."
അവന്‍ ക്യാമറ വാങ്ങി..

ഞാന്‍ പോസ് ചെയ്തു തുടങ്ങി.. അവന്‍ ഫോട്ടോ എടുപ്പും തുടങ്ങി..
പാലത്തിന്‍റെ മുന്നില്‍ ഇരുന്നു,നിന്നു,കിടന്നു..
പാലത്തിന്‍റെ കൈ വരിയില്‍ തല വെച്ചു,കാലു വെച്ചു,കയ്യും വെച്ചു... ഫോട്ടോ എടുപ്പ് തകൃതി തന്നെ..
വഴിയെ പോകുന്നവര്‍ ഞങ്ങളെ തന്നെ തുറിച്ചു നോക്കുന്നു..
വട്ടാണല്ലേ എന്നര്‍ത്ഥത്തില്‍..!!!!!!
പെട്ടെന്ന്, അപ്രതീക്ഷിതമായി,തികച്ചും അപ്രതീക്ഷിതമായി എന്‍റെ കയ്യിലെ പൊതി കായലിലേക്ക് വീണു..
ഇത് കണ്ട ഞങ്ങള്‍ രണ്ടും അലറി വിളിച്ചു..
"കര്‍ത്താവേ.. പോയല്ലോ..."
അത് കേട്ടിട്ടാവണം വഴി പോകുന്നവരില്‍ ഒരാള്‍ ഓടി വന്നു..
"എന്താ??? എന്ത് പറ്റി???" അയാള്‍ ചോദിച്ചു..
"ഞങ്ങളുടെ ഒരു പൊതി താഴെ പോയി.. " ഞാന്‍ മറുപടി പറഞ്ഞു,..
"ഓഹോ.. അത്രയേ ഉള്ളോ.. നിലവിളി കേട്ടപ്പോള്‍ ഞാന്‍ കരുതി നിങ്ങളുടെ കൂട്ടത്തില്‍ ആരോ താഴെ പോയെന്നു.." അയാള്‍ പുച്ഛത്തോടെ പറഞ്ഞു..
"അതിരിക്കട്ടെ.. എന്താ ആ പൊതിയില്‍..???" അയാള്‍ വീണ്ടും ചോദിച്ചു..
എന്താ പറയേണ്ടത്...ഞാനും അവനും കുറച്ചു നേരം മിണ്ടാതിരുന്നു..
പിന്നെ ഞാന്‍ പതിയെ പറഞ്ഞു..
"പഴം..."
"എന്തോന്നാ??? "
"രണ്ടു കിലോ പഴം.." ഞാന്‍ വീണ്ടും പറഞ്ഞു..
അയാളുടെ പുച്ച ഭാവം ഒന്ന് കൂടി കൂടി..
"അതിനാണോ ഈ നിലവിളി???"
"അത്... ഞായറാഴ്ച ഈ സമയത്ത് ഇനി വൈറ്റിലയില്‍ പോലും ഫുഡ്‌ കിട്ടില്ല.. അതോര്‍ത്തു നിലവിളിച്ചു പോയതാ.."
ഞാന്‍ വ്യസന സമേതം പറഞ്ഞു..
ഞങ്ങളെ സമാധാനിപ്പിച്ചു കൊണ്ടു അയാള്‍ നടന്നു പോയി..
ഞാനും ശിനോജും ചിരിച്ചു..
"ഒരു സമാധാനിപ്പുകാരന്‍ വന്നിരിക്കുന്നു..."

രാത്രി ഒമ്പത് മണി.. ഞങ്ങള്‍ സന്തോഷത്തോടെ തിരിച്ചു റൂമിലേക്ക്‌,.
റൂമിന്റെ മുമ്പിലെത്തിയ ഷിനോജ് വെടി കൊണ്ട പന്നിയെ പോലെ തരിച്ചു നിന്നു..
"എന്താടാ?? എന്ത് പറ്റി??" ഞാന്‍ ചോദിച്ചു..
അവന്‍ ഒന്നും പറയുന്നില്ല.. പകരം അവന്‍ വാതിലിന്‍റെ മുന്നിലേക്ക്‌ തന്നെ നോക്കുന്നു..
കാര്യം അറിയാന്‍ ഞാനും അങ്ങോട്ട്‌ നോക്കി..
പടച്ചോനേ.. അടുത്ത പൊതി..
വാതിലിന്‍റെ മുമ്പില്‍ ഒരു പൊതി കൂടി..
ഒന്നുകില്‍ വേസ്റ്റ് എടുക്കന്നതിനിടയില്‍ ഞങ്ങള്‍ എടുക്കാന്‍ മറന്നു വെച്ച പൊതി, അല്ലേല്‍ വേറേതേലും റൂമിലുള്ളവര്‍ നമുക്ക് തന്ന പണി..
"ഈ കോപ്പ് ഇനി എന്ത് ചെയ്യുമെടാ..???" ഷിനോജ് ചോദിച്ചു,..
"ഇവിടെ തന്നെ വെച്ച് നിന്നാല്‍ ഇവിടെ കിടന്നു വീണ്ടും ചീഞ്ഞു നാറും.. ഇപ്പൊ തന്നെ കൊണ്ടു കളഞ്ഞേക്കാം.. "
അതും പറഞ്ഞു ഞാന്‍ പൊതി എടുത്തു..

വീണ്ടും പാലത്തിനു മുകളിലേക്ക്.. വീണ്ടും പോസ്,, ഫോട്ടോ എടുപ്പ്..
അതിനടയില്‍ അപ്രതീക്ഷിതമായി പൊതി താഴെ കായലിലേക്ക്.. കൂടെ ഒരു നിലവിളിയും..
"ഹയ്യോ.. പോയേ.." പക്ഷെ ഇത്തവണ ആരും ചോദ്യം ചെയ്യാന്‍ വന്നില്ല..
ഞങ്ങള്‍ സമാധാനിച്ചു നിന്നു..
പെട്ടെന്ന് എന്‍റെ മൊബൈലില്‍ ഒരു കാള്‍..
പ്രകാശ്‌ ആണ്..
ഞാന്‍ സന്തോഷത്തോടെ ഫോണ്‍ എടുത്തു..
"ഹലോ.. എന്താടാ അളിയാ??" ഞാന്‍ ചോദിച്ചു..
"നിങ്ങള്‍ എവിടാ??"
"ഞങ്ങള്‍ കായല്‍ തീരത്തുണ്ട്.. വല്യ ഒരു സംഭവം ചെയ്തിട്ടിരിക്കുവ ഞങ്ങള്‍.. " ഞാന്‍ അഭിമാനത്തോടെ പറഞ്ഞു..
"എന്താടാ?? "
"അതൊക്കെ റൂമില്‍ വന്നിട്ട് പറയാം... "
"ഞാന്‍ റൂമില്‍ വന്നരുന്നു.. നിങ്ങളെ കാണാത്തത് കൊണ്ടു നിങ്ങള്‍ക്കുള്ള ചപ്പാത്തിയും കോഴി പൊരിച്ചതും വാതിന്‍റെ അടുത്ത് വെച്ചിട്ടുണ്ട്.."
"എന്തോന്നാ??" കേള്‍ക്കാന്‍ പാടില്ലാത്തത് എന്തോ കേട്ടത് പോലെ ഞാന്‍ ചോദിച്ചു..
"ഞാന്‍ ഫുഡ്‌ കഴിച്ചു.. നിങ്ങള്‍ക്കുള്ള ഫുഡ്‌ റൂമിന്‍റെ പുറത്തു വെച്ചിട്ടുണ്ട് എന്ന്.."
"ഫുഡ്‌.. പുറത്തു.. ഒരു വെള്ള കവറില്‍ ചുവന്ന അക്ഷരത്തില്‍ എഴുതിയ കവര്‍.. അതാണോ??"
"ഉം.. അതേ .. അതേ.. എന്തെ???"
"ഒന്നുല്ല.. " അതും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ഞാന്‍ പുഴയിലേക്ക് നോക്കി..
പുഴ ഒന്നുമറിയാതെ ഒഴുകുന്നു..
"എന്താടാ?? എന്ത് പറ്റി??" ഷിനോജ് ചോദിച്ചു..
ഞാന്‍ കാര്യങ്ങള്‍ വിശദമായി അവനു പറഞ്ഞു കൊടുത്തു..
അവനും പുഴയിലേക്ക് നോക്കി..പുഴ വീണ്ടും ഒഴുകുന്നു...
"കായലില്‍ ചാടി എടുത്താലോ??" അവന്‍ ചോദിച്ചു..
"വേണ്ട.. നമ്മുടെ സമയം വെച്ച് നോക്കുവണേല്‍ ആദ്യം കളഞ്ഞത് കിട്ടിയാല്‍ പോലും ഇപ്പൊ കളഞ്ഞത് കിട്ടില്ല.. "
അവന്‍ വാച്ചിലേക്ക് നോക്കി..
"പത്തു മണി.. കര്‍ത്താവേ.. ഇന്നും പട്ടിണി..." അവന്‍ നിലവിളിച്ചു..
ആരും സമാധാനിപ്പിക്കാന്‍ വന്നില്ല..

വിഷമത്തോടെ വീണ്ടും റൂമിലേക്ക്‌..
വാതില്‍ തുറന്നു.. വെള്ളം കുടിച്ചു.. വയറു നിറയെ കുടിച്ചു..
കുറച്ചു കഴിഞ്ഞപ്പോള്‍ പ്രകാശ്‌ റൂമിലേക്ക്‌ വന്നു..
"ഫുഡ്‌ കഴിച്ചോടാ??" വന്ന ഉടനെ അവന്‍ അന്വേഷിച്ചു..
"ഉം.. കഴിച്ചു.. ഫുള്‍ കഴിച്ചു.." ഞാന്‍ മറുപടി കൊടുത്തു..
"ടേസ്റ്റ് എങ്ങനുണ്ട്??"
"നന്നായിട്ടുണ്ട്.. എരിവു കുറച്ചു കൂടുതലാണോ എന്നൊരു സംശയം..."
"ഏയ്‌.. ഇല്ല.. കണക്കായിരുന്നു.. "
"എന്നാ ആയിരിക്കും.." ഞാന്‍ സമ്മതിച്ചു കൊടുത്തു..
"പുതിയ ഒരു ഹോട്ടലില്‍ നിന്ന വാങ്ങിയത്.. നല്ല ഫുഡ്‌..നാളെ മുതല്‍ നമുക്ക് അവിടെ നിന്നു തന്നെ വാങ്ങാം,."
"ആയിക്കോട്ടെ.. പക്ഷെ കഴിപ്പ്‌ അത് പോലെ അവതിരുന്നാല്‍ മതി.."
"എന്തോന്നാ???"
"ഒന്നുമില്ലെന്റെ പൊന്നേ.."
"അത് പോട്ടെ.. നിങ്ങള്‍ എന്തോ വല്യ സംഭവം ചെയ്തു എന്ന് പറഞ്ഞല്ലോ.. എന്താ അത്.."
അത് കേട്ടതും ഷിനോജ് എന്‍റെ മുഖത്തേക്ക് നോക്കി.. ഞാന്‍ അവനെയും.. പിന്നെ തല ഉയര്‍ത്തി പറഞ്ഞു..
"മാലിന്യ സംസ്കരണം..."
"എന്തോന്നാ??? "
"മാലിന്യ സംസ്കരണം..."
"അതിന്‍റെ മലയാളം പറയെടാ.."
എന്തിര്..!!!!
"അതിനു മലയാളം ഇല്ല.. അല്ലേലും നമ്മളിന്നു ചെയ്തതിനൊന്നും മലയാളം പറയാന്‍ കൊള്ളില്ല..അത്രയ്ക്ക് വല്യ സംഭവമാ.."
അവനൊന്നും മനസിലായില്ല..
ഞാന്‍ വീണ്ടും വെള്ളം കുടിച്ചു..
"അല്ലേലും ഈ ചിക്കന്‍ കഴിച്ചാല്‍ വെള്ളം കുടിചോണ്ടിരിക്കണം.." ഷിനോജിന്റെ ആത്മഗദം..
"ശരിയാ.." കുടിച്ച വെള്ളം ഇറക്കി ഞാന്‍ സമ്മതിച്ചു കൊടുത്തു..
"അത് വിട്.. ആ ഫോണ്‍ ഇങ്ങു തന്നെ.." കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ശിനോജിനോട് പറഞ്ഞു..
അത് കേട്ടതും അവന്‍ ചാടി എണീറ്റു..
"എന്തിനാ.. ആരെയേലും വിളിച്ചു ഫുഡ്‌ ഏര്‍പ്പാട് ചെയ്യാനാണോ??" അവന്‍ എന്‍റെ ചെവിയില്‍ ചോദിച്ചു,..
"അല്ല.."
"പിന്നെ.."
"നീ നേരത്തേ കായല്‍ കരയില്‍ നിന്നെടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ അപ്പ്‌ ചെയ്യാനാ....അങ്ങനെയേലും ഒരുപകാരം ഉണ്ടാവട്ടെ...."
അവന്‍ ദേഷ്യത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി..
ഫുഡ്‌ പ്രതീക്ഷിച്ചവനോട് ഫേസ്ബുക്ക്‌ എന്ന് പറഞ്ഞതിനുള്ള ദേഷ്യം..
"ഫോട്ടോ താടാ.." ഞാന്‍ ഒന്ന് കൂടി ചോദിച്ചു..
"അതിനു ഞാന്‍ ഫോട്ടോ എടുതിട്ടൊന്നുമില്ല.. നാട്ടുകാരെ കാണിക്കാന്‍ ഞാന്‍ ചുമ്മാ ഫോട്ടോ എടുക്കുന്നത് പോലെ കാണിച്ചതെ ഉള്ളു.."
അത് കേട്ടതും എനിക്ക് സമാധാനമായി..


"അല്ലേലും അതങ്ങനാ.. കഷ്ട കാലം വരുമ്പോള്‍ കൊടിയും പിടിച്ചു റാലിയായി വരും..അനുഭവം സാക്ഷി...!!!!"

14 comments:

  1. super comedy.. :) poricha koyinte manam...orma varunnu.. he he he.. :D

    ReplyDelete
  2. super!!! ithil ninnu manasilayi ninte onnum roomil aarkum kayaran pattilla, karanam 1 week ninte roomil thanne alle 'maalinya samskaranam'!!

    ReplyDelete
  3. @Sheeba.. Kadhayum kadhapathrangalum(athu eloor enna gramam anel polum) thikachum sankalpikam mathramanu.. :P

    ReplyDelete
  4. നന്നായിട്ടുണ്ട്...
    ചിരിക്കാൻ കുറെയുണ്ട്..
    city life ആയതിനാൽ വളരെ ഇഷ്ടപ്പെട്ടു..

    ReplyDelete
  5. @Habeeb.. Thank you very much bro.. :)

    ReplyDelete
  6. നന്നായിരിക്കുന്നു.രസകരമായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  7. @c.v.tankappan.. Thank you very much.. :)

    ReplyDelete
  8. good one firoz.... first prat is super.. തെങ്ങ് നമ്മള്‍ക്ക് തേങ്ങ തരും, നമ്മള്‍ തെങ്ങിന് തേങ്ങാക്കറി കൊടുക്കും..!!!!!!! ... :)

    ReplyDelete
  9. Thank you Anu for your valubale comment.. :)

    ReplyDelete
  10. ഞാനും ശിനോജും മുഖത്തോട് മുഖം നോക്കി.. പിന്നെ വല്യമ്മയെ നോക്കി..
    "തള്ളയെ പിടിച്ചു കായലില്‍ തള്ളിയിട്ടാലോടാ??" അവന്‍ എന്‍റെ ചെവിയില്‍ ചോദിച്ചു..
    ഞാന്‍ ഒന്നും പറഞ്ഞില്ല..
    ഈ ഭാഗം കലക്കി ട്ടോ
    വല്യമ്മ ആയിരുന്നു താരം

    ReplyDelete
    Replies
    1. ടൈറ്റില്‍ കൊള്ളാം.. വല്യമ്മ ആണ് താരം.. ഇത് വെച്ച് ഒരു ബ്ലോഗ്‌ എഴുതാന്‍ ശ്രമിക്കണം.. ഹെഹെ.. :)

      Delete
  11. ചാഞ്ഞും, ചെരിഞ്ഞും, കിടന്നും,ഇഴഞ്ഞും ഒരു മാലിന്യസംസ്കരണം...ഹാ ഹാ ഹാാ...

    പ്രിയപ്പെട്ട എഴുത്തുകാരാ നിങ്ങളെ ഞാനങ്ങ്‌ കൊന്നാലോ.അല്ലെങ്കിൽ വായിച്ച്‌ ചിരിച്ച്‌ എന്റെ കാറ്റ്‌ പോകും.

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)