Tuesday, February 24, 2015

സുഗു ആൻഡ്‌ ശംഭു,ദി പ്രിവ്യു...

ശനിയാഴ്ച രാവിലെ തന്നെ ഫോണ്‍ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്,പേരും ഊരുമില്ലാത്ത ഏതോ നമ്പർ..!!!
"ഹലോ.. ആരാ?? "
"അളിയാ,ഞാനാ സുഗുണൻ.."
"ആ.. എന്താ കാര്യം??"
"അളിയാ.. പോലീസ് പിന്നേം പിടിച്ചു.. ഇപ്പൊ സിറ്റി സ്റ്റേഷനിലാ.. നീ വേഗം വാ." അവന്റെ രോദനം..
"ഞാനോ?? ഞാൻ വന്നിട്ടെന്തിനാ ?? പോടാ.."
"എടാ പ്ലീസ് "
"നോ പ്ലീസ് പ്ലീസ്.. അതിരിക്കട്ടെ,എന്തിനാ പിടിച്ചത്?? "
"ഹെൽമെറ്റ്‌ ഇടാതെ വണ്ടി ഓടിച്ചതിന് "
"ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടിയോടിച്ചതിന് പെറ്റി അടിച്ചാപോരെ.. പിടിച്ചകത്തിടണോ?? " എന്റെ ചോദ്യം..
"ആ.. " അവനുത്തരമില്ല..
എന്റെ രക്തം തിളച്ചു.. നിലവിലെ നീതിന്യായ വ്യവസ്ഥിതികളോട് അഹോരാത്രം പൊരുതേണ്ടി വരുന്ന യുവതയുടെ തിളപ്പ്.. തീജ്വാലായായ് മാറി ഇതിനെതിരെ ശബ്ദിക്കണം..!!!
ഞാൻ പുറപ്പെട്ടു, സിറ്റി സ്റ്റേഷനിലേക്ക്..!!!
കലിപ്പ് തീരണില്ലല്ലാ എന്ന് മനസ്സിൽ പറഞ്ഞോണ്ടാ  സ്റ്റേഷനിലേക്ക് കേറിയേ, SI സാറിനെ കണ്ട മൊമെന്റിൽ തീർന്നു ആ കലിപ്പ്.. അമ്മാതിരി അടാറു സാധനം.. അങ്ങേരുടെ മീശ മാത്രം കണ്ടാ മതി,ആരായാലും സല്യൂട്ട് അടിച്ചു പോകും ..
കാത്തു നിന്നില്ല, ഞാനും അടിച്ചു ഒരുഗ്രൻ സല്യൂട്ട്,ഒരാവശ്യോമില്ലാതെ,
"എസ് സർ.. " അറിയാണ്ടാണേലും ഈ ഡയലോഗും അതിന്റൊപ്പം വന്നു..
"ഈ എലുമ്പനെയൊക്കെ ആരാണാവോ പോലീസിൽ എടുത്തേ.." എന്നെ നോക്കി അങ്ങേരുടെ കമന്റ്‌..
ഞാൻ തിരിഞ്ഞു നോക്കി..
"പുതിയ കോണ്‍സ്റ്റബിൾ ആണോടാ ??" എന്റെ തിരനോട്ടം കണ്ട് അങ്ങേരുടെ ചോദ്യം..
"അല്ല സാർ.. " എന്റെ മറുമൊഴി..
"പിന്നെ എന്നാ കോപ്പിനാ സല്യൂട്ട് അടിച്ചേ.. " SI feeling കലിപ്പ്..
"അത് സാറേ,വെറുതെ ഇതുവരെ വന്നപ്പോ... വെറുതെ അടിച്ചതാ.. " ഞാൻ നിന്നു പരുങ്ങി..
"ഫാ .. എരപ്പേ.. വെറുതെ വന്നോനും പോകുന്നോനും സല്യൂട്ട് അടിക്കാൻ ഞാനെന്തുവാ സംസ്ഥാന ബഹുമതികളോടെ അടക്കുന്ന ശവമോ??"
ആ ഒറ്റ ആട്ടിൽ മാത്രം ഒരു പത്തു കിലോമീറ്റർ അപ്പുറത്തേക്ക് ഞാൻ തെറിക്കേണ്ടതാ,പക്ഷെ കാലിൽ എവിടെ നിന്നോ വേരിറങ്ങി വന്നോണ്ട് അതുണ്ടായില്ല.. പോസ്റ്റ്‌ പോലെ ഒറ്റ നിൽപ്പ്..!!
"ഉം.. എന്താ കാര്യം??" ഒലക്ക വിഴുങ്ങിയ പോലുള്ള എന്റെ നിൽപ്പ് കണ്ടിട്ട് സങ്കടം തോന്നിയ പീസിയാ അത് ചോദിച്ചേ..
ഞാൻ ചുറ്റിലും നോക്കി..
ഒരു സെല്ലിൽ ജെട്ടി മാത്രം ഇട്ടിരിക്കുന്ന കുറെ പേരുടെ ഇടയിൽ ട്രാക്ക് സ്യൂട്ടൊക്കെ ഇട്ടു മൊഞ്ചനായി നമ്മടെ സുഗുണൻ, എപിക് സീൻ.. !!
"സാറേ,അവനെ ഇറക്കിക്കൊണ്ട് പോകാൻ വന്നതാ.." കുറച്ചു നേരായി അണ്ണാക്കിലോട്ട് ഇറങ്ങിപ്പോയ നാവ് വലിച്ചെടുത്ത്‌ ഞാൻ മറുപടി കൊടുത്തു..
"ഫാ.." S I സാർ പിന്നേം ആട്ടി..
'ഇത്രേം ആട്ടാൻ ഇയാളാര് ആട്ടു കല്ലോ, അരിയെടുക്കാൻ മറന്നല്ലോ ഞാൻ',  മനസ്സിലാ അത് പറഞ്ഞെ..
"കല്യാണ ചെറുക്കനെ വിളിച്ചോണ്ട് പോകാൻ കല്യാണ വീട്ടിൽ വന്നത് പോലാണല്ലോ...കൊണ്ട് പോടാ..ഇറക്കിക്കൊണ്ട് പോടാ..." അങ്ങേരുടെ കലിപ്പ് ..
ഞാൻ പിന്നേം നാവ് വിഴുങ്ങി..
"ജബ ജബാ.."
എന്നോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാന്നറിഞ്ഞോണ്ടാവും അയാള് പുറത്തേക്ക്  പോയി,കൂടെ വേറൊരു പോലീസുകാരനും..
സമാധാനം..

ഞാൻ പതിയെ നേരത്തെ എന്നോട് സംസാരിച്ച പീസിയുടെ അടുത്തേക്ക് നീങ്ങി..
"സാറേ.. " ഞാൻ വിളിച്ചു..
"എന്താ മോനെ.. " അങ്ങേര് വിളികേട്ടു..
എന്റെ രോമം എഴുന്നേറ്റു നിന്നു.. ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ടെങ്കിലും പോലീസുകാരൻ ഒരത്ഭുതമായി തോന്നിയത് ഇപ്പോഴാ.. മോനേന്ന്..വാഹ്‌..!!
"സാറേ,ഹെൽമെറ്റ് ഇടാതെ വണ്ടി ഓടിച്ചതിന് ഇങ്ങനെ ഒരാളെ പിടിച്ചു അകത്തിടണോ?? " എന്റെ ചോദ്യം..
"ഹെൽമെറ്റ്‌ ഇടാതെ വണ്ടി ഓടിച്ചതിനാ അവനെ പിടിച്ചേന്ന് ആരാ പറഞ്ഞെ?"
"അല്ലേ ???"
"അല്ല..."
"പിന്നെ..?? " പീസി മറുപടി പറഞ്ഞില്ല,ഞാൻ സുഗുണന്റെ അടുത്തേക്ക് നീങ്ങി..
അവൻ പറഞ്ഞു തുടങ്ങി,

****----------*****
പോലീസ് പിടിച്ച രാത്രിയിലേക്ക്‌ ഒരു ഫ്ലാഷ് ബാക്ക്..
വണ്ടി ചെക്ക് ചെയ്യുന്ന പോലീസുകാർക്കിടയിലെക്ക് ഹെൽമെറ്റ്‌ ഇല്ലാതെ പാഞ്ഞു വരുന്ന സുഗുണൻ..
"ഹെൽമെറ്റ്‌ എവിടാടാ??" SI യുടെ ചോദ്യം..
"സാറേ,ലൈസെൻസ് ഇല്ലാത്തവരും ഹെൽമെറ്റ്‌ ഇടണോ??" സുഗുണന്റെ ചോദ്യം..
"നാക്ക്‌ കുഴയുന്നല്ലോ.. നീ വെള്ളമടിച്ചിട്ടുണ്ടോടാ?? "
"അത് സാറേ, എനിക്ക് മാത്രം ലൈസെൻസ് ഇല്ലല്ലോ എന്നോർത്തപ്പോ ഉണ്ടായ സങ്കടത്തിൽ അടിച്ചു പോയതാ..."

"പടക്കം പൊട്ടണ ഒരു ശബ്ദം മാത്രേ പിന്നെ കേട്ടുള്ളൂ..ഒരു ഫുള്ളടിച്ചിട്ടും കിട്ടാത്ത കിക്കാ ഒറ്റടിക്ക് കിട്ടിയേ..അതടിച്ചത് S I സാറാ,കൊണ്ടത് എനിക്കും..... "
സുഗുണൻ കവിള് തടവി ഫ്ലാഷ് ബാക്ക് പറഞ്ഞു നിർത്തി...
ഞാനും എന്റെ കവിള് തടവി തുടങ്ങി..ഈ പ്രാന്തന്റെ വാക്കും കേട്ട് ജാമ്യം ഒണ്ടാക്കാൻ വന്ന എന്റെ കവിളിൽ എനിക്ക് തന്നെ ഒന്ന് കൊടുക്കണം എന്ന് തോന്നി..
"കള്ളും കുടിച്ച് ഹെൽമെറ്റും ലൈസെൻസും ഇല്ലാണ്ട് വണ്ടി എടുത്തിരിക്കുന്നു.. എന്നാപ്പിന്നെ ഒരു പെണ്ണും കൂടി ആവായിരുന്നില്ലേ.. പൂർണമാകുമായിരുന്നല്ലോ പട്ടീ..." ഞാൻ ക്ഷുപിതനായി..
"അതിനു പോകുമ്പോഴാ ഇവന്മാര് പിടിച്ചേ... !!"
"എഹ്..  മനസ്സിലായില്ല.. "
"വെള്ളടിച്ച മൂഡിൽ എന്റെ പഴേ ലൈനിനെ കാണാൻ ഇറങ്ങിയതാ.. സമ്മതിച്ചില്ല ഇവന്മാര്.."
ഠിം..
സുഗൂനെ കലിപ്പോടെ ഒന്ന് നോക്കിയിട്ട് ഞാൻ പിന്നേം പീസിയുടെ അടുത്തേക്ക് നീങ്ങി..
"സാറേ,ഞാനെന്നാ പൊക്കോട്ടെ... "
"അത് പറയാനാണോ ഇതുവരെ വന്നെ.. ?" അങ്ങേരുടെ ചോദ്യം..
"ഹെൽമെറ്റ്‌ ഇടാത്തതിന് പിടിച്ചു എന്നാ ഇവൻ പറഞ്ഞെ.. ഇത്രേം പ്രതീക്ഷിച്ചില്ല.." അങ്ങേരൊന്നും പറഞ്ഞില്ല..
"ഇവനെ ഇനി ഇറക്കണേൽ എന്താ സാറേ വേണ്ടേ??"
"ഇറക്കണേൽ ഇപ്പൊ വല്യ പാടാ.. വെള്ളമടിച്ച് വണ്ടിയോടിച്ചത് മാത്രമൊന്നുമായിരിക്കില്ല S I സാർ ചേർത്തിരിക്കുന്നേ.. "
"പിന്നെ??" 
അങ്ങേരൊന്നും പറഞ്ഞില്ല, ചിലപ്പോ ഞാൻ അറിയാൻ പാടില്ലാത്ത വല്ല കാര്യോം ആവും..പടച്ചോനെ,ഈ കോപ്പനെതിരെ കാപ്പാ നിയമം ചുമത്തുമോ ആവോ??
"സാറേ വേറൊരു സംശയം??" കുറച്ചു നേരത്തെ മൌനത്തിന് ശേഷം ഞാൻ പിന്നേം ചോദിച്ചു..
"ഉം.. എന്തെ??"
"അതേയ്, ഇത്രേം പേരെ ജെട്ടി ഇട്ടു നിർത്തിയിട്ടും അവനെ മാത്രം എന്താ സാറേ ട്രാക്ക് സ്യൂട്ട് ഇട്ട് നിർത്തിയിരിക്കുന്നെ?? " അങ്ങേരെന്നെ പുച്ഛത്തോടെ നോക്കി,പിന്നെ തിരിച്ചൊരു ചോദ്യം..
"നീ ജെട്ടി ഇട്ടിട്ടുണ്ടോ??"
"ഉണ്ട് സാർ.."
"എന്നാ അതൂരി അവനു കൊടുക്ക്‌.. അങ്ങനെയാണേൽ അവനേം ജെട്ടിപ്പുറത്തു നിർത്താം.." അവനെ നോക്കി പുച്ഛം വാരി വിതറി അങ്ങേര് പറഞ്ഞു,ഇച്ചിരി പുച്ഛം ഞാനും കൊടുത്തു.. അവൻ ചിരിക്കുന്നു.. ശവം..!!!
പീസി ഇത്തിരി മുമ്പ് പറഞ്ഞ വാചകം ഞാൻ ഒന്നുകൂടി ഓർത്തു.
'വെള്ളമടിച്ച് വണ്ടിയോടിച്ചത് മാത്രമൊന്നുമായിരിക്കില്ല S I സാർ ചേർത്തിരിക്കുന്നേ.'
ജെട്ടി ഇടാതിരിക്കുന്നത് കൂടി ചേർത്ത് കാണും..!!!
"എന്നാലും ജെട്ടി ഇടാത്തത് ഇത്രേം വല്യ പ്രശ്നാണോ സാറേ?" എന്റെ ചോദ്യം..
മറുപടിയായി അങ്ങേരുടെ കലിപ്പ് നോട്ടം..
"സുരക്ഷ ആണല്ലോ പ്രശ്നം..തലയ്ക്കു മാത്രം പോരല്ലോ സുരക്ഷ.. അതോണ്ട് ചോദിച്ചതാ.." നോട്ടം സഹിക്കാൻ വയ്യാത്തോണ്ട് ഉത്തരോം ഞാനെന്നെ പറഞ്ഞു..
"എടാ പൊട്ടാ.. ജെട്ടിയല്ലിവിടെ പ്രശ്നം.. കള്ളും കുടിച്ചു വണ്ടി ഓടിച്ചതും പോരാണ്ട് ഈ പ്രാന്തൻ S I സാറിനെ എന്ത് മാത്രം തെറിയാ വിളിച്ചത് എന്നറിയോ?? അതിന്റെ കലിപ്പിലാ അങ്ങേരു.." പീസി പറഞ്ഞു നിർത്തി..
"ഓഹോ.. അങ്ങനേം സംഭവിച്ചോ?? ഇനി ഇറക്കണേൽ എന്താ വേണ്ടേ സാറേ ??"
"ആ..." പീസി കൈ മലർത്തി...
ഞാൻ സുഗൂന്റെ അടുത്തേക്ക് നീങ്ങി..
"ഞാനിനി നിന്നിട്ട് പ്രതേകിച്ചു കാര്യമൊന്നുമില്ല.. ഞാൻ പോകുവാ.. " ഞാൻ അവനോട് പറഞ്ഞു..
"ആ, ഒരു കമ്പനിക്ക്‌ നിക്കെടാ..ഇച്ചിരി കഴിഞ്ഞിട്ട് പോകാം.. "
"പിന്നെ കമ്പനിക്ക്‌ നിക്കാൻ ഇതെന്താ പാർക്കോ ?? ഒന്ന് പോടെയ്.. ഞാൻ പോകുവാ.. "
"എന്നാ നീ പോകുന്നതിനു മുമ്പ് എന്റെ അച്ഛനെ വിളിച്ച് പറഞ്ഞു പോ..സംഭവം അച്ഛനറിഞ്ഞാൽ സീൻ ആണ്.. എന്നാലും കുഴപ്പമില്ല,അച്ഛന്റെ രാഷ്ട്രീയ സ്വാധീനം വെച്ച് എങ്ങനേലും ഇറക്കിക്കോളും.." അതും പറഞ്ഞു അവൻ അച്ഛന്റെ നമ്പർ പറഞ്ഞു തന്നു,ഞാൻ നമ്പർ ഡയൽ ചെയ്തു..
ഫോണ്‍ അടിച്ചു തുടങ്ങി,നിമിഷങ്ങൾക്കകം മറുവശത്ത് കരാട്ടെ ശംഭു,സുഗൂന്റചൻ..
"ഹലോ സർ "
"യെസ് "
"ഞാൻ സുഗൂന്റെ ഫ്രണ്ടാ"
"യെസ് "
"സുഗൂന്റെ അച്ഛനല്ലേ ഇത് "
"യെസ് "
ആ ഒരു 'യെസ്' കൂടി കേട്ടപ്പോൾ എനിക്കങ്ങട് ചൊറിഞ്ഞു കേറി..
'എന്ത് കോപ്പാണ്, എന്ത് പറഞ്ഞാലും നിന്റെ തന്ത 'യെസ്,യെസ്' എന്ന് മാത്രം പറയുന്നെ പണ്ടാരം.. ' ഫോണ്‍ ഇച്ചിരി മാറ്റിപ്പിടിച്ചു കലിപ്പോടെ ചോദിച്ചു..
"പിന്നെ സുഗൂന്റെ അച്ഛനല്ലേ എന്ന് ചോദിക്കുമ്പോ നോന്ന് പറയണോ?? "
അഹ് .. അതും ശരിയാണല്ലോ.. അപ്പൊ അങ്ങേരുടെ അല്ല, എന്റെ ചോദ്യത്തിന്റെ കുഴപ്പാ.. ഞാനൊന്നും ചോദിക്കരുതായിരുന്നു..
"നീ അശ്വമേധം കളിക്കാണ്ട് അച്ഛനോട് കാര്യം പറയ്‌.."
"ഉം." ഫോണ്‍ ചെവിയോട് ചേർത്തു..
"അതേയ്.. സുഗൂനെ ഹെൽമെറ്റ്‌ ഇല്ലാണ്ട് വണ്ടി ഓടിച്ചു എന്നും പറഞ്ഞു പോലീസ് പിടിച്ചിരിക്കുവാ.. അങ്കിൾ വേഗം വരണം.. "
"ഈസ്‌ ദിസ്‌ ട്രൂ ?? "
"യെസ്"
"ഹു ദി ഹെൽ ഈസ്‌ ദി സബ് ഇൻസ്പെക്ടർ തേർ ??"
"യെസ്.."
"വാട്ട്‌ ??"
"യെസ് "
'എഹ് ,പിന്നേം അശ്വമേധം,ഇപ്പൊ അച്ഛനയോ GS പ്രദീപ്‌..' സുഗൂന്റെ അത്മഗതം..
"വിച്ച് സ്റ്റേഷൻ??" അങ്ങേര് പിന്നേം ഇംഗ്ലീഷ്
"പോലീസ് സ്റ്റേഷൻ "
"എടാ പൊട്ടാ,ഏതു പോലീസ് സ്റ്റേഷൻ എന്ന്.." അത് കേട്ടപ്പോ എന്നിലെ മാത്രഭാഷാ സ്നേഹി ഉണർന്നു..
"സിറ്റി സ്റ്റേഷൻ സാർ..."
"ഓക്കേ.. ഐ വിൽ ബി തേർ വിതിൻ ആൻ ഹവർ.."
"യെസ്.. "
ചുവന്ന ബട്ടണ്‍ അമർന്നു..
ഏതോ ഇംഗ്ലീഷ് ചാനൽ ഓഫ്‌ ആക്കിയ പ്രതീതി..!!!
"അച്ചനിപ്പോ വരുമെന്ന്.. ഞാനെന്നാ പോട്ടെ.. " സുഗൂനോട് തിരിഞ്ഞു എന്റെ ചോദ്യം..
"ഇതുവരെ നിന്നില്ലേ, വൈറ്റ് ചെയ്.. അച്ഛനിവിടെ എത്തിയിട്ട് പോകാം.. കാണേണ്ട കാഴ്ചയാ മോനെ എന്റച്ഛന്റെ പ്രകടനം.. " അഭിമാനത്തോടെ സുഗൂന്റെ വിളംബരം..
"അതെന്താ??"
"അതാണ്‌.. അതാണ്‌ ശംഭു... കരാട്ടെ ശംഭു... "
ഹ,ഹ് ,ഹ ഹ ഹാാ...
സുഗു ചിരിച്ചു.. ആ ചിരിയിൽ പോലീസ് സ്റ്റേഷൻ നടുങ്ങി..
ഇനിയാണ് ഷോ , ദി ശംഭു ഷോ..!!!
ജസ്റ്റ്‌ വെയിറ്റ് ആൻഡ്‌ സീ..,ഉടൻ വരും... !!!