Wednesday, October 9, 2013

രണ്ടു ആദ്യരാത്രികൾ..!!!

രണ്ടു ആദ്യരാത്രികൾ..!!!

ഇപ്പോ ആന്തോളജിയുടെ കാലമാണല്ലോ.. അഞ്ച് പ്രണയ കഥകളുമായി "അഞ്ച് സുന്ദരികള്‍" , മൂന്നു  ആക്ഷൻ കഥകളുമായ്  "ഡി കമ്പനി " തുടങ്ങിയ സിനിമകൾക്ക്‌ ശേഷം ഇതാ,
മലയാള ബ്ലോഗ്ഗിങ്ങ് ചരിത്രത്തില്‍ ആദ്യമായി ഒരു ആന്തോളജി കഥ  ഇവിടെ, ഈ കണ്ണൂര്‍ പാസ്സഞ്ചറില്‍..
വിഷയം : ആദ്യ രാത്രി
കഥയുടെ പേര് : "രണ്ടു ആദ്യരാത്രികള്‍"
നിങ്ങളുടെ മനസ്സില്‍  ലഡ്ഢു പൊട്ടിയല്ലേ.. പൊട്ടും പൊട്ടും.. !!!
ഇനി കഥയിലേക്ക്...

1) റൊമാന്‍സിന്റെ ആദ്യരാത്രി..


ചരിത്രം ചിലപ്പോഴൊക്കെ വഴിമാറും..അതാ ചരിത്രത്തിന്റെ ഒരു ശീലം..!!!
അങ്ങനെ വഴിമാറി നിന്ന ഏതോ നേരത്ത് ഒരിക്കലും നടക്കില്ലാന്ന് കരുതിയ ഒരു കാര്യം നടന്നു..
റൊമാൻസ് ജീജുവിനു പെണ്ണ് കിട്ടി.. ഓന്റെ കല്യാണമുറപ്പിച്ചു..!!!
വിവരമറിഞ്ഞ നാട്ടിലെ സകല പെണ്‍കുട്ടികളുടെ അപ്പന്മാരും ബാറിൽ ഒത്തു കൂടി ആ ചരിത്ര സംഭവം ആഘോഷിച്ചു..

ആ കല്യാണ ദിവസമെത്തി.. ചരിത്രത്തിനു സാക്ഷിയാകാൻ ഞാനും ശിനുവും പ്രകാശും പോയി..
കല്യാണം പൊടിപൊടിച്ചു..
ഇനി ഓന്റെ ആദ്യരാത്രി.. അല്ല തെറ്റ്.. ആ വാചകം തെറ്റാണു.. അതിങ്ങനെ തിരുത്തി വായിക്കണം.
"ആ പെണ്ണുമായുള്ള ഓന്റെ ആദ്യരാത്രി.."
വൈകുന്നേരം വീട്ടിൽ നിന്നിറങ്ങാൻ നേരം ഞങ്ങൾ ഓനെ ഒന്നൂടി കണ്ടു..
"അളിയാ.. ഇന്നോളുടെ ആദ്യരാത്രിയാ.. അതോണ്ട് ആക്രാന്തം കാണിക്കരുത്.." ഞാൻ ഉപദേശിച്ചു..
"ന്നു വെച്ചാ??" ഓന്റെ ചോദ്യം..
"ന്നു വെച്ചാ.... നീ കേട്ടിട്ടില്ലേ, പയ്യെ തിന്നാ പനയും തിന്നാം എന്ന്.. അതന്നെ.." ഞാൻ വിശദീകരിച്ചു..
"കുറച്ചു സ്പീഡിൽ തിന്നാൽ രണ്ടു പന തിന്നാൻ പറ്റോന്നും നോക്കാലോ..."
ഓന്റെ കൌണ്ടർ പഞ്ച്...!!!
പിന്നെ ഞാനൊന്നും മിണ്ടീല..
"എന്നാ ഓക്കേ ഡാ.. ഞങ്ങളിറങ്ങുന്നു.. ഹാപ്പി ആദ്യ രാത്രി.." അതും പറഞ്ഞു ഷിനു അവനു കൈ കൊടുത്തു..
"സെയിം റ്റു യു ഡാ.."
എഹ്..
ഞങ്ങളിറങ്ങി.. ശിനുവിനു ഒടുക്കത്തെ ഡൌട്ട്..
"ഓനെന്തിനാ സെയിം റ്റു യു പറഞ്ഞെ.. ഇനി എനിക്കും കൂടി ഒരവസരം.. അതിനുള്ള സിഗ്നൽ  ആയിരിക്കോ അത്??"  ഓന്റെ ചോദ്യം..
"പോടാ.. വിവരമില്ലാത്ത ആ പൊട്ടൻ എന്തോ പറഞ്ഞെന്നു കരുതി മണ്ടനായ നീ ഓരോന്ന് കേറി സ്വപ്നം കാണ്.." അതും പറഞ്ഞു പ്രകാശ്‌ അവനേം വലിച്ചോണ്ട് പോയി..

അങ്ങനെ ആ ദിവസം കഴിഞ്ഞു.. അപ്പൊ ആദ്യരത്രിയോ എന്ന് നിങ്ങൾ ചോദിക്കും..
അതങ്ങനെ ഞാൻ പറയാനാ..?? ഒളിച്ചു നോട്ടം എനിക്ക് പതിവില്ലല്ലോ..
അതിനു റൊമാൻസിനെ വിളിക്കണ്ടേ.. ഓനല്ലേ പറയണ്ടേ..
പിറ്റേന്ന് ഞാൻ ഓനെ വിളിച്ചു..
"ഹലോ റൊമാൻസ്.. "
"ന്താടാ??"
"എങ്ങനുണ്ടായിരുന്നു..??"
"എന്ത്??"
"ഇറാക്കിലെ അമേരിക്കൻ അധിനിവേശം.!!! എടാ പൊട്ടാ.. അന്റെ ആദ്യ രാത്രി എങ്ങനുണ്ടായിരുന്നു എന്ന്.."
"ഉണ്ട.." അവനിൽ നിരാശ..
"ന്താടാ??"
"അതൊരു കഥയാ.. "
"ഇയ്യ്‌ പറഞ്ഞോ.. കേൾക്കാൻ രസമുള്ള കാര്യല്ലേ.." അതും പറഞ്ഞു ഞാൻ ഫോണ്‍ ലൌഡിൽ ഇട്ടു..
ഓൻ പറഞ്ഞു തുടങ്ങി..
"ഓള് പാലും പഴവുമായ് കേറി വന്നു..നാണത്താൽ ഓളുടെ മുഖം തുടുത്തു.. ഓള് കാല് കൊണ്ട് കളം വരച്ചു.."
"ന്തിനാ ?? അക്ക് കളിക്കാനോ..?? ഇന്ട്രോ തരാതെ കാര്യത്തിലേക്ക് കടക്കെടാ.." ഞങ്ങക്ക് കലിപ്പായി..
"ഉം.. ന്നാ പറയാം.. ഓള് കട്ടിലിൽ കിടന്നു.. ഞാനും.."
"എന്നിട്ട്?? "
"ഓളോട് ഞാൻ പതിയെ ചോദിച്ചു,'ഒരുമ്മ തരുവോ' എന്ന്...!!! "
"വാഹ്‌.. എന്നിട്ട് തന്നാ..??"
"ഇല്ല.. ഓൾക്ക് നാണം.. ഓള് മടിച്ചു നിന്ന്.."
"ന്നിട്ട്??"
"ഞാൻ പിണക്കം നടിച്ചു തിരിഞ്ഞു കിടന്നു..ഓള് പിറകിൽ വന്നു തരട്ടെ എന്ന് കരുതി.."
"ന്നിട്ട്??"
"എന്നിട്ട്.. ഓള് രാവിലെ ഒരു കോപ്പ ചായയുമായി വന്ന് വിളിച്ചപ്പോഴാ ഞാൻ എണീറ്റെ..!!! "
ഠിം..
"ശവം.." മൂന്നു മനസ്സുകൾ ഒരുമിച്ച് മന്ത്രിച്ചു..
"ക്ഷീണം ആയിരുന്നെടാ..ഒറങ്ങിപ്പോയി..പക്ഷെ ഓളപ്പോ പറഞ്ഞ വാക്ക്... ഹോ..അതോർക്കുമ്പോ...." ഓൻ പറഞ്ഞു നിർത്തി..
"ഒളെന്താ പറഞ്ഞെ??"
"ഓള് സുരാജ് വെഞ്ഞാറമൂട് പറയുമ്പോലെ പറയുവാ, 'ഇങ്ങനാണേൽ ഞാൻ കളിയ്ക്കാൻ നിക്കൂലായിരുന്നു.. ഉമ്മ തന്നേനെ.. ഇതൊരുമാതിരി......!!!' "
ഓൻ കണ്ണീരോടെ പറഞ്ഞു നിർത്തി..
"അല്ലേലും സ്പീഡിൽ രണ്ടു പന തിന്നാൻ പോയാ ഇങ്ങനാ..ഇയ്യ്‌ പഴംചൊല്ലു തിരിത്തിയപ്പോഴേ നിക്ക് തോന്നി.. ഇതിങ്ങ്നെ വരൂന്നു..ശവം.."
കലിപ്പോടെ ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു..

2) ബിലാലിക്കയുടെ ആദ്യരാത്രി..

ബിലാലിക്ക.. മ്മടെ നാട്ടിലെ തലമൂത്ത ഇക്കയാ..
ബിലാലിക്കയെ പരിചയപ്പെടുന്നതിനു മുമ്പ് മൂപ്പരുടെ വാപ്പയെ പരിചയപ്പെടുത്താം..
അലവിക്ക.. നാട്ടിലെ ബല്യ സെക്കന്റ്‌ ഹാൻഡ്‌ കച്ചോടക്കാരൻ.. ആരോടും എന്തും വെട്ടിത്തുറന്നു പറയേം ചെയ്യേം ചെയ്യുന്ന ബല്യക്കാട്ടെ ഒരു മനുഷ്യൻ..!!!

ഇനി ബിലാലിക്കയിലെക്ക് ..
മൂപ്പര് പാവാ.. വയസ്സ് 32.. ചെങ്ങായിമാർ  18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള  പിള്ളേര് സെറ്റ് ... വിഭാര്യൻ, കാരണം കല്യാണം കഴിച്ചാലല്ലേ  ഭാര്യ ഉണ്ടാകു..മൂപ്പരുടെ കല്യാണം കഴിഞ്ഞിട്ടില്ല.. കാരണം അലവിക്ക ഇതുവരെ അങ്ങനെ ഒരു സംഭവം നടക്കാനുണ്ട് എന്ന് ഓർത്തെ ഇല്ല..
പക്ഷെ ബിലാലിക്ക എപ്പോഴും അതോർക്കും.. പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല, കാരണം ബിലാലിക്ക പാവല്ലേ..!!!
പക്ഷെ ഒരിക്കൽ ബിലാലിക്കയിലെ ബലാൽ സഹികെട്ട് പുറത്തു ചാടി.. എന്നിട്ട് ഉപ്പാനോട് ഒരൊറ്റ ചോദ്യാ..
"ഇങ്ങള് സത്യം പറയണം.. ഇങ്ങള് സെക്കന്റ്‌ ഹാൻഡ്‌ സാധനത്തിന്റെ ആളല്ലേ..ഞാനും ഇനി സെക്കന്റ്‌ ഹാൻഡ്‌ സാധനം വല്ലോമാണോ??" എന്ന്..
ആ ചോദ്യം അലവിക്കയുടെ ഖൽബിലാ കൊണ്ടേ..!!!
പിന്നെല്ലാം പെട്ടെന്നായിരുന്നു..
ദിവസങ്ങൾക്കുള്ളിൽ പെണ്ണുകാണലും, ഒറപ്പീരും ഫോണ്‍ വഴി ബിലാലിക്കയുടെ ഒലിപ്പീരും എല്ലാം  കൊടുമ്പിരി കൊണ്ടു..
കല്യാണ വീടൊരുങ്ങി.. ആ വീട് സെക്കന്റ്‌ ഹാൻഡ്‌ സാധങ്ങൾ കൊണ്ട് നിറഞ്ഞു..
കല്യാണായി.. ബിലാലിക്കയുടെ ആദ്യരാത്രിയും..!!!

ആ കഥ ബിലാലിക്ക രണ്ടാം ദിവസം ഞങ്ങളോട് പറഞ്ഞു തുടങ്ങി..
"ഓള് ഒരു ഗ്ലാസ്‌ മില്മാ പാലുമായ് അറയിലേക്ക് വന്ന്..ന്റെ മനസ്സില് പൂത്തിരി.."
"ന്നിട്ട്..??" ഞങ്ങൾ ആകാംഷ സഹിക്കാതെ ചോദിച്ച്..
"ഓളുടെ കയ്യീന്ന് പാല് വാങ്ങി കൊറച്ചു ഞാൻ കുടിച്ച് ബാക്കി ഓക്കന്നെ കൊടുത്തു..ഓളും കുടിച്ച്.."
"ഇങ്ങള് കാര്യത്തിലേക്ക് വാ എന്റെ ബിലാലിക്ക.. " കൂട്ടത്തിലെ 18 വയസ്സുകാരാൻ തടത്തിക്കുന്നു സുനൈസ് നഖം കടിചോണ്ട് ഒരലർച്ച..
"ഉം.. വരുവാ.. ഓളെ ഞാൻ കട്ടിലിൽ പിടിച്ചിരുത്തി.. കട്ടില നല്ലൊച്ചയോടെ ഒന്നുലഞ്ഞു."
ക്ർ..
"ഞാനും കട്ടിലേൽ കേറി ഇരുന്നു.. കട്ടില പിന്നേം കരഞ്ഞു.."
ക്ർ..ക്ർ..
"അത് കേട്ട് വീട്ടിലെ പല റൂമിലും ലൈറ്റ് തെളിഞ്ഞു.. ഞാനതൊന്നും ശ്രദ്ധിക്കാതെ ഓളെ കട്ടിലിൽ കിടത്തി..കട്ടില പിന്നേം കരഞ്ഞു.."
ക്ർ..ക്ർ.. ക്ർ..ക്ർ..
"പിന്നെ ഞാനും പതിയെ കിടന്നു.. കട്ടില അപ്പൊ നിലവിളിച്ചു.."
ക്ർ..ക്ർ.. ക്ർ..ക്ർ..ക്ർ..ക്ർ..
"വീട്ടിൽ സകല കുട്ട്യോളും ആ ഒച്ച കേട്ട് ചാടി എണീറ്റ്‌ കരയാൻ തുടങ്ങി..സെക്കന്റ്‌ ഹാൻഡ്‌ കട്ടില തന്നെ ഇവിടേം കൊണ്ടിട്ടല്ലോ എന്നോർത്ത് ഉപ്പാനെ ഞാൻ മനസ്സറിഞ്ഞു പ്രാകി.."
"ന്നിട്ട്??"
"ഓളോട് ഞാൻ പതിയെ പറഞ്ഞു,'ഞമ്മക്ക് താഴെ കിടക്കാം.. കട്ടില പെശകാ..'"
"എന്നിട്ട് കെടന്നാ.."
"ഇല്ല.. ഓള് പറഞ്ഞു,'നിക്ക് തറേൽ കെടന്നാ നടുവേദന വരും.. ഇക്ക താഴെ കിടന്നോ.. ഞാൻ ഇവിടെ കിടന്നോളാം'.. "
"ന്നിട്ട്??" ഞങ്ങളിൽ നിരാശ പടർന്നു..
"എന്തേലും വരട്ടെ എന്ന് കരുതി ഞാൻ പിന്നേം കട്ടിലിൽ കേറി കിടന്നു.. കട്ടില വിട്ടില്ല.."
ക്ർ..ക്ർ.. ക്ർ
"അത് കേട്ട വാപ്പ രണ്ടു ചൊമ ചൊമച്ചു..അത് ചൊമയല്ല,എനിക്കുള്ള സിഗ്നലാന്നപ്പോ തന്നെ നിക്ക് പിടികിട്ടി.. ഞാൻ പതിയെ താഴെ ഇറങ്ങിക്കിടന്നു.."
ഞങ്ങൾ നിരാശരായി പരസ്പരം നോക്കി..
"പക്ഷെ അതോണ്ടൊന്നും തീർന്നില്ല മക്കളെ.." ബിലാലിക്ക തുടർന്ന്.. ഞങ്ങളിൽ പിന്നേം പ്രതീക്ഷ പൂത്തു..
"അല്ലേലും അവിടെ തീരില്ലല്ലോ..എന്താ ന്നിട്ടായെ..??" സുനൈസിന്റെ ചോദ്യം..
"ഓള് ഒറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. കട്ടില നിലവിളിയോ നിലവിളി.. "
ക്ർ..ക്ർ.. ക്ർ..ക്ർ..ക്ർ..ക്ർ.. ക്ർ..ക്ർ..
"ഒളൊഴികെ പോരേലെ ആരും ഒറങ്ങീല ..പാതി രാത്രിയിൽ ഉപ്പ വാതിലുമുട്ടി പറയുന്നത് കേട്ട്,'മതി മോനെ.. ബാക്കി നാളെയാകാം എന്ന്..' പാവം ഉപ്പേടെ രോദനം.."
ഒരു കണ്ണീരോടെ ബിലാലിക്ക പറഞ്ഞു നിർത്തി..!!!

ദൂരെ ബിലാലിക്കയുടെ വീട്ടിൽ നിന്നും ശക്തമായ ഒച്ച കേട്ട് ഞങ്ങൾ അങ്ങോട്ട്‌ നോക്കി..
നോക്കുമ്പോൾ അലവിക്ക ബിലാലിക്ക കിടന്ന കട്ടില വലിച്ച് പുറത്തിട്ടു നാല് കാലിലും ആണിയടിച്ചു കേറ്റുന്നു..
ഇത് കണ്ട പൊടിപ്പിള്ളേരു പോലും ആക്കിയ ചിരി ചിരിച്ചു..
ബിലാലിക്കയുടെ ചങ്കു പൊടിഞ്ഞു..
"മനപ്പൂർവാ....ന്റെ നെഞ്ചിലാ അങ്ങേരു ആണിയടിച്ചു കേറ്റുന്നെ..അല്ലേൽ അകത്തൂന്ന് ചെയ്താൽ പോരെ അത്.. ശവം..!!!"
അതും കഴിഞ്ഞു ബിലാലിക്ക ഒന്നോടെ പറഞ്ഞു,
"ചരിത്രം ആവേം ചെയ്തു, ചാരിത്രം പോയെമില്ല.. ശോ..!!! "