Tuesday, January 22, 2013

കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം.....


രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സഫീറിന്റെ ഫോണ്‍വിളി..
പ്രതീക്ഷയോടെ ഫോണ്‍ എടുത്തു,കാരണം അവന്‍ വളരെ അത്യാവശ്യം എന്തേലും ഉണ്ടെങ്കിലെ ഫോണ്‍ വിളിക്കൂ..അവന്റെ വിചാരം ഇപ്പോഴും തൊണ്ണൂറുകളിലെ അതെ കാള്‍ ചാര്‍ജ് ആണ് ഇപ്പോഴും എന്നാ...!!!
"ഹലോ അളിയാ... പറയെടാ..." ഫോണ്‍ എടുത്തു ഉടനെ ഞാന്‍ പറഞ്ഞു... പിന്നെ പതിവ് കുശലാന്വേഷണം..
"പിന്നെ... ഒരു അര്‍ജെന്റ്റ് കാര്യം പറയാനാ ഞാന്‍ വിളിച്ചത്???" ഒടുവില്‍ അവന്‍ പറഞ്ഞു...
"എന്താടാ അളിയാ??"
"ഈ മാസം 21-നു നമ്മുടെ കോളേജിലെ ഗെറ്റ് ടുഗേതെര്‍ ആണ്... എല്ലാരും വരാമെന്ന് പറഞ്ഞിട്ടുണ്ട്... നീയും വരണം.." അവന്‍ ഉത്സാഹത്തോടെ പറഞ്ഞു...
"എന്തായാലും വരുമെടാ..." എനിക്കും ഉത്സവം ..
"പിന്നെ ഇത്തവണ നിനക്ക് കുമ്പസാരം വല്ലതും കാണുമോ???" ചരിത്രം ആവര്‍ത്തിക്കുമോ എന്നറിയാന്‍  അവന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.,
"ഇല്ല...ഇല്ല... ഇതുവരെ ഒന്നുമില്ല.." എന്റെ മറുപടി.
ഫോണ്‍ വെച്ചു..

21 ഏതു  ദിവസമാണെന്നറിയാന്‍ ഞാന്‍ കലണ്ടര്‍ നോക്കി...
കണ്ണുകളില്‍ ചുവപ്പ്.. രക്തമയം...
അതെ അത് ഞായറാഴ്ച തന്നെ. ..എന്തായാലും പോകാം...
ഞായറാഴ്ച നല്ല ദിവസം. .. ഈ പരിപാടി ജ്വലിക്കും.... ഇല്ലേല്‍ ഞാന്‍ ജ്വലിപ്പിക്കും..!!!

അങ്ങനെ ആ ദിവസം വന്നെത്തി.
പതിവില്ലാതെ രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചൊരുങ്ങുന്നത് കണ്ടിട്ട് ഭാര്യക്കും സംശയം ..
"എങ്ങോട്ടാ ??" അവളുടെ ചോദ്യം..
"കോളേജില്‍ പോകുവാ..."
"എഹ് .. അപ്പൊ ഇക്കയുടെ പഠിത്തം ഇതുവരെ തീര്‍ന്നില്ലേ..." അവള്‍ക്കു സംശയം...
"എടീ പഠിക്കാനല്ല .. Get Together ആണ്... രണ്ടു മൂന്നു വര്ഷം കഴിഞ്ഞിട്ട് പലരേം കാണുന്നെ.. ഇന്ന് പരിപാടി ജ്വലിക്കും.."
"എന്ന് വെച്ചാല്‍???"
"തീ പാറും എന്ന്..."
"എന്തേലുമൊക്കെ ആയി പാറിയാ മതിയായിരുന്നു .." അതും പറഞ്ഞു അവളങ്ങു പോയി..
'ആക്കിയതാണോ.. എഹ് .. അല്ല... എനിക്ക് തോന്നുന്നതാ...'

നേരെ സര്‍ സയ്യിദ്  കോളേജിലേക്ക് വെച്ച് പിടിച്ചു..
കോളേജിലേക്കുള്ള നീളന്‍ വഴി തുടങ്ങുന്നതിന്റെ അടുത്തുള്ള  കടയിലേക്ക് എല്ലാവരും വരുമെന്നാ പറഞ്ഞിരിക്കുന്നത്..അവിടെ നിന്നും പഴയത് പോലെ ഒരുമിച്ച് കോളേജിലേക്ക് നടന്നു പോകാമെന്നും...
കടയിലേക്ക് കയറുന്നതിനു മുമ്പ് കോളേജിലേക്കുള്ള ആ വഴി കുറച്ചു നേരം നോക്കി നിന്നു ..
മനസ്സില്‍ ഒരായിരം ഓര്‍മ്മകള്‍ ഓടിയെത്തി...
സൌഹൃദം വിരിഞ്ഞ വഴിത്താരകള്‍ ,പ്രണയത്തിനു തണലുകള്‍ പാകിയ കാറ്റാടി മരങ്ങള്‍ ,സ്വപ്ങ്ങള്‍ സുന്ദരമാക്കിയ മണല്‍ തരികള്‍...
മനസ്സില്‍ കുളിരുകോരി ...ആ ദിവസങ്ങള്‍  ഇന്ന് വീണ്ടും പുനര്‍ജനിക്കുന്നു.. ഈ ദിവസം ജ്വലിക്കും...
ശരിക്കും ജ്വലിക്കും...!!!

ഇനി കടയിലേക്ക്... കട തുറന്നിട്ടില്ല.
കടയ്ക്കു മുന്നില്‍ ഒരേയൊരു പെണ്‍കുട്ടി... പഴയ കളിക്കൂട്ടുകാരി റസിയ..
എന്നെ കണ്ടതും അവളൊന്നു ചിരിച്ചു.
ഞാന്‍ അവളുടെ അരികിലേക്ക്...സുഖന്വേഷണങ്ങള്‍..
"കുറെ നേരമായി കാത്തിരിക്കുന്നു...നീ  കൂടി ഇപ്പൊ വന്നില്ലേല്‍ ഞാന്‍ പോയേനെ ..." ഒടുവില്‍ അവള്‍ പറഞ്ഞു..
"10 മണിക്ക് വരുമെന്നല്ലേ എല്ലാരും പറഞ്ഞിരിക്കുന്നത്...സമയം ആകുന്നതെ ഉള്ളു.."
"ഉം. എന്തോ ഇന്ന് രാവിലെ മുതല്‍ ഭയങ്കര ഏനക്കേട്‌ ...അതൊന്നും വക വെയ്ക്കതെയാ ഇങ്ങോട്ട് വന്നത്..."
"എന്ത് പറ്റി ???"
"ആഹ് ..അറിയില്ല.." അവള്‍ കൈ മലര്‍ത്തി...
സമയം പിന്നെയും മുന്നോട്ടു...

അല്‍പ നേരം കഴിഞ്ഞു റസിയ ഒന്ന് കൂടി അവശയായി...
അവള്‍ പതിയെ എന്റെ കാലിനരികെ കുത്തിയിരുന്നു...പിന്നെ വീഴാതിരിക്കാന്‍ എന്റെ കാലില്‍,  അല്ല എന്റെ പാന്റ്സില്‍ മുറുകി പിടിച്ചു..!!!
ഈശ്വരാ....
റോഡിലൂടെ പോകുന്ന സകല വയ്നോക്കികളും ഞങ്ങളെ തന്നെ നോക്കുന്നു..
ഷര്‍ട്ട്‌ ഇന്‍ ചെയ്തു കുട്ടപ്പനായി നില്‍ക്കുന്ന  എന്റെ കാലില്‍ മുറുകെ പിടിച്ചു  തട്ടത്തിന്‍ മറയത്തെ പെണ്ണ് കുത്തിയിരിക്കുന്നു..
സംഭവം ജ്വലിച്ചു തുടങ്ങി...!!! ന്റെ മാനവും..
 പിന്നെ അവളോട കാര്യം തിരക്കാന്‍ ഞാനും കുത്തിയിരുന്നു..
ഇപ്പൊ നല്ല ചേലായി...റോഡ്‌ സൈഡില്‍ രണ്ടു യുവ മിഥുനങ്ങള്‍ കുത്തിയിരിക്കുന്നു...
"ഇയ്യെന്താ ഈ കാട്ടുന്നെ ന്റെ റസിയാ...??" ഞാന്‍ ദയനീയമായി അവളോട്  ചോദിച്ചു.
"നിക്ക് തീരെ വയ്യെടാ...ഇയ്യെന്നെ ഒന്ന് ആശുപത്രീല്‍ കൊണ്ട് പോ..."അവളതിലും ദയനീയമായി എന്നോട്....
ന്റെ പടച്ചോനെ...സംഭവം മേല്‍പ്പോട്ടു തന്നെയാണല്ലോ ...

പിന്നൊന്നും നോക്കാതെ ഒരു ഓട്ടോ പിടിച്ചു...
തളിപ്പറമ്പ സഹകരണ ആശുപത്രിയിലേക്ക്...
പരിചയക്കാര്‍ ആരും കാണുന്നില്ല എന്നുറപ്പുവരുത്തി അവളെയും താങ്ങിപ്പിടിച്ചു അകത്തോട്ടു കയറി..
എന്റെ വിഷമം മനസ്സിലാക്കിയിട്ടാവണം പ്രായം ചെന്ന ഒരു നേഴ്സ് ഓടി വന്നു.. മാലാഖ...
ഞാന്‍ അവരെ ആദരവോടെ നോക്കി... എന്നെ രക്ഷിക്കാന്‍ വന്ന എന്റെ മാലാഖ...
അവര്‍ അവളെയും കൊണ്ട് ചെക്ക്‌ അപ്പ്‌ റൂമിലേക്ക്‌..
ഞാന്‍ പുറത്തു കാത്തു നിന്നു...
അല്‍പ നേരത്തിനു ശേഷം മാലാഖ പുറത്തു വന്ന് എന്നെ നോക്കി പുഞ്ചിരി തൂകി,ഞാന്‍ തിരിച്ചും..
"മൂത്രം വേണം... " അവര്‍ പറഞ്ഞു...
"എത്ര കുപ്പി വേണ്ടി വരും സിസ്റ്ററെ ...?? "രക്തം കേറ്റുന്നത്‌ പോലെ ലത് കേറ്റാനാവും എന്ന് തെറ്റിദ്ധരിച്ച എന്റെ നിഷ്കളങ്ക ചോദ്യത്തിനു മുന്നില്‍ അവരൊന്നു പകച്ചു....
"ടെസ്റ്റ്‌ ചെയ്യാനാ...കുപ്പിയിലും ഗ്ലാസ്സിലോന്നും വേണ്ട...ഒരു ചെറിയ ടപ്പിയില്‍ മതി..."
"ഞാന്‍ തരൂല.. ഓള്‍ക്കല്ലേ അസുഖം... ഇങ്ങള് ഓളോട് തന്നെ ചോദിച്ചോ..." പിന്നേം ഞാന്‍...

"എടാ ഹമുക്കെ.. ഓളുടെ മൂത്രം മതി... അതിനു മുമ്പ് ഇയ്യ്‌ ആ കടയില്‍ പോയി ചെറിയ ഒരു കുപ്പി വാങ്ങിച്ചിട്ട് വാടാ..."
"അങ്ങനെ തുറന്നു പറ... ഞാനിതിപ്പോ പേടിച്ചു പോയില്ലേ.."
അതും പറഞ്ഞു ഞാന്‍ കടയിലേക്ക്....
"ചേട്ടാ... ഒരു കുപ്പി..." എത്തിയ ഉടനെ ചേട്ടനെ നോക്കി ഞാന്‍ പറഞ്ഞു..
"ബിവരെജ് അപ്പുറത്താ മോനെ.." ദൂരെ കൈ ചൂണ്ടി അയാളുടെ മറുപടി...
"ആ കുപ്പിയല്ല ചേട്ടാ... ഇത് മൂത്രം ടെസ്റ്റ്‌ ചെയ്യാനാ..."
"ഓ.അത്...വലുത് വേണോ??"
"മണ്ണില്‍ കുഴിച്ചു വാറ്റു ചാരായം ഉണ്ടാക്കാനൊന്നുമല്ല ..ടെസ്റ്റ്‌ ചെയ്യാന്‍ കൊടുക്കാനാ, അതോണ്ട്  ചെറുത്‌ മതി..." അപ്പോഴേക്കും എനിക്ക് ദേഷ്യം പിടിച്ചു തുടങ്ങിയിരുന്നു..

കുപ്പിയും വാങ്ങി ആശുപത്രിയിലേക്ക് ചെന്ന് മാലാഖയ്ക്ക്  കുപ്പി കൈമാറി...
മാലാഖ അകത്തേക്ക് കേറി..ഞാന്‍ പിന്നെയും പുറത്തു കാത്തു നിന്നു..
കുറച്ചു നേരത്തിനു ശേഷം മാലാഖ പിന്നെയും പുറത്തേക്കു...
"കണ്‍ഗ്രാജുലേഷന്‍സ്... "അവര്‍ സന്തോഷത്തോടെ പറഞ്ഞു...
"താങ്ക്യു സിസ്റ്റെര്‍ " എനിക്കും സന്തോഷം...
അവര്‍ തിരിച്ചു പോകാനൊരുങ്ങി.. അപോഴാ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌..
'ശെടാ...അവരെന്തിനാ കണ്‍ഗ്രാജുലേഷന്‍സ് പറഞ്ഞെ... ??? ഞാനെന്തിനാ അത് സ്വീകരിച്ചേ???'
ഞാന്‍ അവരെ തിരിച്ചു വിളിച്ചു കൊണ്ട് ചോദിച്ചു...
"അല്ല സിസ്റ്റര്‍,ഇങ്ങളെന്തിനാ ഇപ്പൊ എന്നോട് കണ്‍ഗ്രാജുലേഷന്‍സ് പറഞ്ഞെ???"
"അത്... അത്... അന്റെ ഭാര്യ പ്രെഗ്നെന്റ്  ആണെടോ.." അവര്‍ ഒന്ന് കൂടി സന്തോഷത്തില്‍ പറഞ്ഞു...
എന്നില്‍ സന്തോഷം അലയടിച്ചു...എനിക്ക് സന്തോഷം കൊണ്ട്  ആശുപത്രിക്ക് ചുറ്റും ഒരു റൌണ്ട് ഓടാന്‍ തോന്നി.. യാഹൂ.....!!!
പിന്നെ സിസ്റെര്‍ക്ക് നേരെ തിരിഞ്ഞു ഒന്നൂടെ ചോദിച്ചു...
"ഇങ്ങളെങ്ങനാ അതറിഞ്ഞേ ???"
"മൂത്രം ടെസ്റ്റ്‌ ചെയ്തു...ഇതാ ടെസ്റ്റ്‌ റിസള്‍ട്ട്‌.." അവര്‍ ഒരു പേപ്പര്‍ എന്റെ നേര്‍ക്ക്‌ നീട്ടി.
"എഹ് ..ഓള് ഞാനറിയാതെ ടെസ്റ്റ്‌ ചെയ്യാനും വന്നാ..." എനിക്ക് സംശയമായി..
"ഇയ്യറിയാതെ വന്നെന്ന... ഇയ്യല്ലേ ഓളെ  ഇപ്പൊ കൂട്ടിക്കൊണ്ടു വന്നത്..."
'എഹ് ..ന്റെ പൊന്നെ... ' അത് പറഞ്ഞപ്പോള്‍ ശബ്ദം പുറത്തു വന്നില്ല..
"ഞാനോന്നുമല്ല അതിനു കാരണക്കാരന്‍..." ശബ്ദം തിരിച്ചു കിട്ടിയ ഞാനൊച്ചത്തില്‍ അലമുറയിട്ടു...
"പിന്നെ... പിന്നെ ഞാനാണോ??" മാലാഖ ചെകുത്താനെ പോലെ തിരിചുമലറി..
"എന്റെ പോന്നു സിസ്റ്ററെ.. ഞാന്‍ ഓളെ  കണ്ടിട്ട് തന്നെ രണ്ടു കൊല്ലായി... പിന്നെങ്ങനാ ഞാനുത്തരവാധിയാകുന്നത്  അതിനു???ഇങ്ങള് പറ.... "
"എഹ് .. രണ്ടു കൊല്ലമോ ??സത്യം പറയണം , നിങ്ങള്‍ തമ്മില്‍ ഈ കാലത്തിനിടക്ക് ഒരു ബന്ധവും ഉണ്ടായിട്ടില്ലേ ??"
"ഇല്ല.. ഇല്ല... ഇല്ല... ഇടയ്ക്കു ചാറ്റ് ചെയ്യാറുണ്ട് എന്നല്ലാതെ ഒരു ബന്ധവും ഇല്ലായിരുന്നു ഞങ്ങള്‍ തമ്മില്‍..."ഞാന്‍ നയം വ്യക്തമാക്കി..
"ഇനിയിപ്പോ ചാറ്റ് വഴി വല്ലതും............." മാലാഖ തല പുകച്ചു..
"അയ്യോ ...... ഇല്ലേ ഇല്ല... ചാറ്റ് വഴി അങ്ങനെ മോശായിട്ടു ഒരു വാക്ക് പോലും ഞാന്‍ പറഞ്ഞിട്ടില്ല.. ഇങ്ങള് വെറുതെ എന്നെ ചതിക്കരുത് .. ഞാന്‍ പാവമാ...  " ഞാന്‍ കരഞ്ഞു തുടങ്ങിയോ???
"ഇയ്യെല്ലെങ്കില്‍ പിന്നെ വേറെ ആരാവും അതിനു കാരണക്കാരന്‍???" അവര്‍ രഹസ്യത്തില്‍ എന്നോട് ചോദിച്ചു...
"ഓളുടെ ഭര്‍ത്താവ് തന്നെയാവും... അങ്ങേരു ലീവിന് വന്നപ്പോള്‍ പറ്റിച്ചതാവും.. " ഞാനും രഹസ്യമായി തന്നെ അവരോട പറഞ്ഞു...
"എഹ് .. അപ്പൊ ഇയ്യല്ലേ ഓളുടെ ഭര്‍ത്താവ്...??"
"അല്ലെ അല്ല.. ഞാന്‍ ഓളുടെ ഫ്രണ്ടാ .." ഞാന്‍ സന്തോഷത്തോടെ പറഞ്ഞു...
"ഫാ... പുന്നാര മോനെ... നിനക്കതു നേരത്തെ പറഞ്ഞു തോലചൂടെ .." അതും പറഞ്ഞു ചെകുത്താന്‍ അകത്തേക്ക് പോയി...
ശെടാ... എല്ലാം അവര് തന്നെ ഒപ്പിച്ചിട്ട് ഞാനിപ്പോ ശശി... ഇതെവിടത്തെ ന്യായം..??

ഞാന്‍ അവിടെ നിന്ന് മാറി കുറച്ചു ദൂരെ ഒഴിഞ്ഞ ഒരു കസേരയില്‍ ഇരുന്നു...
എനിക്കപ്പുറവും ഇപ്പുറവും രണ്ടു പേര്‍ ടെന്‍ഷന്‍ അടിച്ചു പണ്ടാരമടങ്ങി ഇരിക്കുന്നു... ഞാന്‍ രണ്ടു പേരെയും മാറി മാറി നോക്കി...
ആദ്യത്തെ ആള്‍ കുറച്ചു ചെറുപ്പമാ..
"എന്താ ഇവിടെ ഇങ്ങനെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നെ??" ഞാനയാളോട് ചോദിച്ചു...
"ഭാര്യയെ പ്രസവ റൂമില്‍ കയറ്റിയിരിക്കുവാ .. അതാ..." അവന്റെ മറുപടി...
ഞാന്‍ രണ്ടാമത്തെ ആളുടെ നേരെ തിരിഞ്ഞു... അയാള്‍ കുറച്ചു വയസ്സനാ...
"ഇങ്ങളെന്തിനാ വിഷമിച്ചിരിക്കുന്നെ ??" എന്റെ ചോദ്യം...
"എന്റെ പെണ്ണമ്പിള്ളയെയും പ്രസവറൂമില്‍ കയറ്റിയിരിക്കുവാ  "
'ന്റെ മിടുക്കാ..' ഞാന്‍ അയാളെ ആരാധനയോടെ ഒന്ന് നോക്കി,പിന്നെ പതിയെ ചോദിച്ചു...
"എത്രാമത്തെയാ ??" എന്റെ ചോദ്യം...
"ആദ്യത്തേതാ .." അയാളുടെ നിരാശ കലര്‍ന്ന മറുപടി...
'ഓ.. പാവം ...' എന്റെ ആരാധനാ സഹതാപത്തിന് വഴി മാറി...
"ലേറ്റ് മാര്യേജ് ആണല്ലേ??" ഞാന്‍ ചോദിച്ചു...
അയാളെന്നെ അടിമുടി ഒന്ന് നോക്കി... എന്നിട്ടെന്നോട് ദേഷ്യത്തോടെ മറുപടി പറഞ്ഞു,
"അല്ലെ അല്ല... ഞങ്ങളുടെ കുടുംബത്തിലാരും അത്തരക്കാരല്ല .."
"എന്തോന്നാ ??"
"അങ്ങനെ ഒരു വൃത്തികേടിനും ഞങ്ങള് പോവാറില്ല എന്ന്..."
ഠിം...

കൂപ്പുകൈ... നമ്മളില്ലേയ്....!!!
"തന്റെ ആരാ അകത്തു..??" അയാളുടെ ചോദ്യം...
"എന്റെ ഫ്രണ്ടാ..."
"എന്തിനാ വന്നെ...??" പിന്നേം അയാള്‍...
"ഗര്‍ഭ കേസ് തന്നെയാ .."ഞാനത് പറഞ്ഞതും അയാളില്‍ ആശ്ചര്യം അല തല്ലി...
"ശിവ ശിവാ... കലികാലം കണ്ടില്ലേ... ഒരു കൂസലുമില്ലാതെയല്ലെ ഇവനൊക്കെ മറുപടി പോലും പറയുന്നത്...ഫ്രണ്ട് പോലും... !!!"

പിന്നേം ഠിം..
'ഓ മൈ ഗോഡ് ... ഇനിയും തീരാറായില്ലേ ഈ പരീക്ഷണം???'
ഞാന്‍ മുകളിലേക്ക് ദയനീയമായി നോക്കി...
'ഇല്ലല്ലേ... '
ഉത്തരം ഞാന്‍ തന്നെ പറഞ്ഞു, കാരണം എന്റെ തൊട്ടു മുന്നില്‍, എന്റെ നാട്ടിലെ 'വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി' കാര്‍ത്ത്യാനി... 
ഒരു പെണ്ണിന്റെ കൂടെ ഞാന്‍ ഈ പ്രസവ വാര്‍ഡില്‍ നിന്നും ഇറങ്ങി വരുന്നത്  ഈ തള്ള വല്ലതും കണ്ടാല്‍ നാട്ടില്‍ വാര്‍ത്ത‍ ലൈവ് ആയിട്ടു പറക്കും ഉറപ്പാ...
'തളിപ്പറമ്പ സഹകരണാശുപത്രിയില്‍ നിന്നും ക്യാമറമാന്‍ ദാമുവേട്ടനോടൊപ്പം റിപ്പോര്‍ട്ടര്‍ കാര്‍ത്ത്യായനി ..' എന്നും പറയും...
"ഇയ്യെന്താ ഇവിടെ??" കാര്‍ത്ത്യായനി ചോദ്യം ചെയ്യല്‍ തുടങ്ങി..
"അത്............" ഞാന്‍ നിന്നുരുണ്ടു .
ഫ്രണ്ടിന്റെ കൂടെ വന്നതാന്നൊക്കെ പറഞ്ഞാല്‍ ഈ തള്ളക്കു മനസിലാകില്ല.. ഏതായാലും റസിയ അകത്തല്ലേ ,ഒരു നുണ പറഞ്ഞേക്കാം എന്നോര്‍ത്ത് ഞാന്‍ മറുപടി പറഞ്ഞു കൊടുത്തു..
"ഭാര്യയുടെ കൂടെ വന്നതാ...അവളകത്തുണ്ട്.. ചേച്ചി എന്താ ഇവിടെ? "
"ന്റെ മോള് പെറ്റു.. മുട്ടായി വേണം..." അവരുടെ മറുപടി..
"ഇങ്ങളുടെ മോള് പെറ്റതിനു ഞാന്‍ ഇങ്ങള്‍ക്ക്‌ മിട്ടായി തരണോ? " എനിക്ക് സംശയമായി..
"ആ  വേണം...ഇയ്യ്‌ പോയി വാങ്ങീട്ടു വാ..."
"വാങ്ങാനൊക്കെ പോകാം... കാശ് താ..."
"ന്റെ കയ്യില്‍ പൈസ ഉണ്ടേല്‍ ഞാന്‍ തന്നെ പോയി വാങ്ങൂലെ ?? നിന്നോട് പറയണോ.."
"എഹ് .. ഇതെവിടുത്തെ ന്യായമാ??? " ഞാന്‍ ശങ്കിച്ച് നിന്നു ..
പക്ഷെ മിസ്സ്‌ കാര്‍ത്ത്യായനിക്ക് ഒരു കുലുക്കവുമില്ല.

അവരോട് തര്‍ക്കിച്ചു നില്‍ക്കുന്നതിനേക്കാള്‍ നല്ലത് വേഗം പോയി മിട്ടായി വാങ്ങിച്ച് വരുന്നതാണ് എന്നെനിക്കും തോന്നി... കാരണം ഇനീം നിന്നാല്‍ രസിയ വരും,ഇവര് കാണും,വാര്‍ത്ത‍ ചാനല്‍ തുറക്കും.. പിന്നെ മൊത്തത്തില്‍ ജ്വലിക്കും.. നേരെ കടയിലേക്ക്...

ഒരു പാക്കറ്റ് മിട്ടായി വാങ്ങി ഇറങ്ങവേ തൊട്ടു മുന്നില്‍ നാട്ടുകാരന്‍ സുമേഷ്..
"എന്താടാ മിട്ടായി ഒക്കെ വാങ്ങി ആശുപത്രിയിലേക്ക്..."
"ഒരു പ്രസവം നടന്നെടാ... " എന്റെ മറുപടി...
"അതിനു നീ കല്യാണം കഴിച്ചിട്ട് 4 മാസം ആയതല്ലേ ഉള്ളൂ ,അതിനിടയില്‍ ഓള്  പ്രസവിക്കേം ചെയ്താ...നിന്റെ പ്രേമ വിവാഹമായിരുന്നോ?? " അവന്റെ ചോദ്യം...
'ന്റെ പടച്ചോനെ... ഇന്നെന്താ 'പണി ഡേ ' ആണോ?? കേരളത്തിലെ സകല പണികളും എന്റെ നേര്‍ക്കാണല്ലോ വരുന്നത്... ഈ ദിവസം ജ്വലിക്കും എന്ന് പറഞ്ഞപ്പോള്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല... ശോ...വേണ്ടായിരുന്നു..'
'ന്റെ അളിയാ.. എന്റെ വകയില്‍ ഒരു പെങ്ങളാ പ്രസവിച്ചേ... ഞാനൊന്നു പൊക്കോട്ടെ..' അതും പറഞ്ഞു ഞാന്‍ ആശുപത്രിയിലേക്ക് കയറി...
എന്നേം നോക്കി കാര്‍ത്ത്യായനി കാത്തിരിക്കുന്നു...
'പരട്ടു തള്ള...' ഞാന്‍ മനസ്സില്‍ പറഞ്ഞു പുറത്തു ഒരു ചിരി പാസാക്കി മിട്ടായി കൈ മാറി..
അതും വാങ്ങി കാര്‍ത്ത്യായനി തിരിച്ചു നടക്കാന്‍ ഒരുങ്ങവേ പിറകില്‍ നിന്നും ഇടുതീ പോലുള്ള ആ ശബ്ദം എന്റെ ചെവിയില്‍ പതിച്ചു...
"ഫായി.. ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞു... നമുക്ക് പോകാം..."
അതെ.. ലവള്‍ തന്നെ... എന്റെ കുഴി എടുക്കാന്‍ വേണ്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ജീവിതത്തിലേക്ക് വന്നവള്‍,റസിയ ..
മുന്നില്‍ വേറൊരു കുഴിവെട്ടി മിസ്സ്‌ കാര്‍ത്ത്യായനി..
"ഇയ്യ്‌ ഓളെ  കൊണ്ട് വന്നതാ എന്ന് പറഞ്ഞിട്ട് ഇതാരാ ??" കാര്‍ത്ത്യായനി  തുടങ്ങി...
"ഇത്... ഇത്......ഇത് വേറാളുടെ ഓളാ  .." ഞാന്‍ തപ്പി തപ്പി മറുപടി മൊഴിഞ്ഞു..
ഒന്നും മിണ്ടാതെ കാര്‍ത്ത്യായനി തിരിച്ചു നടന്നു...
'എന്നെ കാത്തോളണേ ...' പ്രര്തനയല്ലാതെ എന്ത് വഴി...

ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയതും ഒരു ഫോണ്‍ കാള്‍.. വീട്ടില്‍ നിന്നും ഭാര്യയാ..
"ഹലോ..." ഞാന്‍ ഫോണ്‍ എടുത്തു.
"ഇങ്ങളുടെ മറ്റേ ഓള്  പെറ്റോ " മറുതലക്കല്‍ ഭാര്യയുടെ ചോദ്യം...
'ഓ..മിസ്സ്‌ കാര്‍ത്ത്യായനി,യു  ആര്‍ സൊ ഫാസ്റ്റ്.. ഇത്രപെട്ടെന്നു നിങ്ങള്‍ സംപ്രേഷണം ചെയ്തോ...' ഞാന്‍ മനസ്സില്‍ ഓര്‍ത്തു...
"അത്..... മോളെ...." ഞാന്‍ വിയര്‍ത്തു.
"വേണ്ട... ഒന്നും പറയേണ്ട...നമ്പോലന്‍ ശക്തി മരുന്നും കഴിച്ചോണ്ട് കാട്ടിലേക്ക് പറക്കണത് പോലെ ഇങ്ങള് ഭക്ഷണോം കഴിച്ചു പറക്കുംബോഴേ എനിക്ക് തോന്നിയതാ എന്തോ ഇടങ്ങെര്‍ ആണെന്ന്..ജ്വലിക്കാന്‍ പോയതാ പോലും....!!! "അതും പറഞ്ഞു ദേഷ്യത്തോടെ  അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു...
ഞാന്‍ വിയര്‍ത്തു തുടങ്ങി... പിന്നെ പതിയെ തറയില്‍ കുത്തിയിരുന്നു..
"നിനക്കും തല കറങ്ങുന്നുണ്ടോ?? ആശുപത്രീല്‍ പോണോ??" റസിയെടെ ചോദ്യം...
ഞാന്‍ അവളെ ഒന്ന് രൂക്ഷമായി നോക്കി, പിന്നെ കാര്യം പറഞ്ഞു...
ആദ്യം അവളൊന്നും മിണ്ടിയില്ല, പിന്നെ എന്റെ ഫോണ്‍ വാങ്ങി എന്റെ ഭാര്യയെ വിളിച്ചു ഉണ്ടായ കാര്യം മുഴുവന്‍ പറഞ്ഞു... രണ്ടാളും ചെങ്ങായിമാരായി...
സമാധാനം...!!!

ഇനി കോളേജില്‍ പോകാം... ഇനി ശരിക്കും ജ്വലിക്കണം...
അതും മനസ്സില്‍ ഓര്‍ത്തു മുന്നോട്ടു നടക്കവേ വീണ്ടും ഒരു കാള്‍.. സഫീര്‍ ആണ് ,കോളേജില്‍ നിന്നാവും...
"ഹലോ...എവിടെയെത്തി അളിയാ??" എന്റെ ചോദ്യം...
"അളിയാ.. എനിക്കൊരു അബദ്ധം പറ്റി .. "
"എന്താടാ???"
"Get Together ഈ വീക്ക്‌ അല്ല.. അടുത്ത ആഴ്‌ച്ചയാണ്  നിന്നോടും റസിയയോടും പറഞ്ഞപ്പോ എനിക്ക് ഡേറ്റ് മാറിപ്പോയതാ... "
ശിബനേ.......................

അവന്റെ തന്തക്കു വിളിക്കാന്‍ എന്റെ വായില്‍ തെറി വന്നതാ...പക്ഷെ എന്റെ സംസ്കാരം എന്നെ അതിനനുവദിച്ചില്ല..പകരം ഇത്രമാത്രം പറഞ്ഞു...
"അബദ്ധം പറ്റിയത് നിനക്കല്ല.. നിന്റെ വാപ്പയുടെ വാപ്പാക്കാ.. ഒരു തണുത്ത മഴക്കാലത്ത്‌ അന്റെ വാപ്പയെ കെട്ടിച്ചു കൊടുത്തു എന്ന തെറ്റ്..ഫോണ്‍ വെച്ചിട്ട് പോടാ നാ__ന്റെ മോനെ... "
അതും പറഞ്ഞു  ദേഷ്യത്തോടെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു...
ആ ദിവസം അങ്ങനെ 'ജ്വലിച്ചു' തീര്‍ന്നു..!!!

അടുത്ത ആഴ്ച.. വീണ്ടും കോളേജിലേക്ക്..
കടവരന്തയില്‍ എത്തിയതും അവിടെ ഷീജ മാത്രം... ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങിയ ഞാന്‍ എന്തോ ഉള്‍പ്രേരണ എന്നോളം അവളെ തന്നെ ശ്രദ്ധിച്ചു നോക്കി..
അവള്‍ക്കെന്തോ വയ്യായ്ക... കുറച്ചു കഴിഞ്ഞു അവള്‍ കുത്തിയിരിക്കാന്‍ ഒരുങ്ങുന്നു..
'ന്റെ പോന്നെ ..ചൂട് വെള്ളത്തില്‍ വീണ പൂച്ചയാ ഞാന്‍....കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം മനസിലാക്കിയവന്‍.. ഇനി എന്റെ പട്ടി വീഴും പച്ചവെള്ളത്തില്‍ പോലും....'
'വയ്യ ഒരു ദിവസം കൂടി ജ്വലിപ്പിച്ചു കളയാന്‍...!!!'
അതും മനസ്സില്‍ പറഞ്ഞു തിരിച്ചു നടക്കാനൊരുങ്ങവേ പിറകില്‍ നിന്നും ഒരു കൂട്ട നിലവിളി...
"ടാ ഫായിസേ...ശീജയെ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോടാ.. അവളിപ്പോ വീഴും...."
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി...
എനിക്കുമുന്നില്‍ ഒരു കൂട്ടം...ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് ചുറ്റിലും സ്വര്‍ഗം തീര്‍ത്തവര്‍, എന്റെ പ്രിയപ്പെട്ടവര്‍, എന്റെ ക്ലാസ്സ്‌ മേറ്റ്സ്സ്... മുന്നില്‍ ചിരിച്ചു കൊണ്ട് റസിയ...
6 വര്‍ഷങ്ങളുടെ മതില്‍ ഞങ്ങളുടെ ചിരിയില്‍ അലിഞ്ഞില്ലാതായി..
ആ ദിവസം ശരിക്കും ജ്വലിച്ചു...!!!