എലിയായിരുന്ന അലി കേറിയങ്ങ് പുലിയായ കഥ.....!!!
എലി എത്ര പാവമാണേലും അതിന്‍റെ തൊള്ളയിലോട്ട് തള്ളവിരല്‍ കേറ്റികൊടുത്താല്‍ കടിക്കാതിരിക്കുമോ??
ഇല്ല.. എത്ര പാവം എലിയായാലും കടിക്കും..
പക്ഷെ ഈ കഥയിലെ നായകന്‍ അലിയുടെ തൊള്ളയിലോട്ടാണ് തള്ളവിരല്‍ കേറ്റി കൊടുക്കുന്നേല്‍ കടിക്കുക പോയിട്ട് ഒന്ന് നക്കുക പോലും ചെയ്യത്തില്ല. കാരണം അലി അത്രയ്ക്ക് പാവമാണ്..
പാവമെന്നു പറഞ്ഞാല്‍ പാവം, വെറും പാവം,പഞ്ചപാവം..!!!
ഇനി കഥയിലേക്ക്.
കൊട്ടും കുരവയും, തേങ്ങയും ചിരവയുമൊക്കെയായി, അലിയുടെ രണ്ടാമത്തെ പെങ്ങളുടെ കല്യാണ നാള്‍..
കല്യാണ വീട് ഒരുങ്ങി വരുന്നതെ ഉള്ളു.
വീട്ടുകാരും ബന്ധുക്കളും പിന്നെ അലിയുടെ സുഹൃത്തുക്കള്‍ ഞങ്ങള്‍ കുറച്ചു പേരും മാത്രമേ ഇപ്പൊ വീട്ടിലുള്ളൂ.
ഉള്ളവര്‍ ഓരോരോ പണികളില്‍ ജാഗരൂഗരായിരിക്കുന്നു. !!!
കുറച്ചു പേര്‍ പന്തല്‍ ശരിയാക്കുന്നു, മറ്റു കുറച്ചു പേര്‍ കസേരയിടുന്നു.
കാരണവന്മാര്‍ ഹോള്‍സൈല്‍ ആയി നാട്ടുകാര്യങ്ങളും, വനിതാമണികള്‍ റീട്ടയിലായി കുശുമ്പുകളും കൈമാറിക്കൊണ്ടിരിക്കുന്നു..
കുട്ടികള്‍ കളിക്കുന്നു, പട്ടികള്‍ കുരക്കുന്നു..
അങ്ങനെ ആകെ മേളം തന്നെ..
കുറച്ചു മാറി അലിയുടെ സുഹൃത്തുക്കളായ ഞങ്ങള്‍ കുറച്ചു പേര്‍ പാചകപ്പുരയില്‍ പാചകക്കാരനെ സഹായിക്കുകയാണ് ..
ഇതാണ് സൌഹൃദം...സഹായ മനസ്കരായ കുറെ സൌഹൃദക്കൂട്ടം സുഹൃത്തിന്റെ പെങ്ങളുടെ കല്യാണത്തിന് വന്നു സഹായം ചെയ്യുന്ന കരളു കുളിരണിയിക്കുന്ന കാഴ്ച.!!
സഹായിച്ചു സഹായിച്ചു സഹായം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍ പാചകക്കാരന്‍ കുറച്ചു ദൂരെ മാറി, പാചകപ്പുരയുടെ മൂലയ്ക്ക് ഒരു കസേരയിട്ട് ഇരുപ്പു തുടങ്ങി.
അത് കണ്ട അലി അങ്ങോട്ട് വന്നു..
"എന്താ ഇക്കാ, പണി കഴിഞ്ഞോ??" അവന്‍ ചോദിച്ചു..
" ഇല്ല. ആദ്യം എന്നെ സഹായിക്കാന് എന്ന് പറഞ്ഞു കൊണ്ടു വന്ന ഇവന്‍മാരോട് എന്നെ സഹായിക്കുന്നതൊന്നു നിര്‍ത്താന്‍ പറ.. എന്നിട്ട് പണി തുടങ്ങാം.." ഞങ്ങളെ ചൂണ്ടി അയാള്‍ പറഞ്ഞു..
"സാധാരണ പാചകക്കാര്‍ സഹായിക്കാന്‍ ആരുമില്ലന്നു പറഞ്ഞാ പണി എടുക്കാതിരിക്കുന്നത്..ഇക്ക എന്താ ഇങ്ങനെ ?"
"സഹായിച്ച് സഹായിച്ച് തൈരിലിടാന്‍ കൊണ്ടു വന്ന പതിനഞ്ചു കുക്കുംബെറാ അവന്‍മാരകത്താക്കിയത്,അതിലിരട്ടി കാരറ്റും.. ഇനി അവര്‍ സഹായം നിര്‍ത്തി വല്ലതും ബാക്കിയുണ്ടേല്‍ മാത്രം പാചകം ചെയ്താല്‍ മതിയല്ലോ.. അതാ ഞാന്‍ മാറി ഇരുന്നത്.."
അത് കേട്ടതും അലി ഞങ്ങളെ നോക്കി.
ഞങ്ങള്‍ ഒന്നുമറിയാത്തത് പോലെ പിന്നേം സഹായിക്കുന്നത് കണ്ട അവന്‍ ഞങ്ങളെ നോക്കി പുഞ്ചിരി തൂകി.
'നിന്‍റെ വീട്ടിലുമൊക്കെ വരും കല്യാണം. അന്ന് ഞാനും വരും സഹായിക്കാന്‍ ' , അതാണാ പുഞ്ചിരിയില്‍ അടങ്ങിയിരിക്കുന്ന ഗുണപാഠം.
ഗുണപാഠം മനസിലാക്കിയ ഞങ്ങള്‍ 'പാചക സഹായം' നിര്‍ത്തി പാചകപ്പുരയില്‍ നിന്നും പുറത്തേക്കു..
ഇറങ്ങുന്ന നേരം കയ്യില്‍ കിട്ടിയ തേങ്ങ ആരും കാണാതെ സുനീഷ് കൈക്കലാക്കി..
"നീ എങ്ങോട്ടാ തേങ്ങയും കൊണ്ടു?" അവന്‍ തേങ്ങ എടുക്കുന്നത് കണ്ടു പിടിച്ച പാചകക്കാരന്‍ ചോദിച്ചു..
"അത്............" സുനീഷ് തല ചൊറിഞ്ഞു.
"അത്??" പാചകക്കാരന്‍ വിടുന്ന ലക്ഷണമില്ല..
"ഒഹ് ഞാന്‍ മറന്നു പോയി. നിങ്ങള്‍ മുസ്ലിംസിന്‍റെ കല്യാണത്തിന് ആ ചടങ്ങില്ലല്ലേ..?? "
"ഏതു ചടങ്ങ്??"
"ഞങ്ങള്‍ ഹിന്ദുസിന്‍റെ കല്യാണത്തിന് ചെറുക്കന്‍ വരുമ്പോള്‍ തേങ്ങ ഏറിയും. "
"ചെറുക്കന് നേരയോ??"
"അല്ലല്ല.. തറയില്‍ എറിഞ്ഞുടക്കുമെന്നു..ആ ഓര്‍മയില്‍ എടുത്തതാ.." അവന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു..
"ഉം. അത് കഴിഞ്ഞു ചെറുക്കന്റെ കണ്ണില്‍ തേക്കാനാവും ആ പച്ചമുളക് കീശയില്‍ എടുത്തിട്ടിരിക്കുന്നെ.. "
അവന്‍ പോക്കെറ്റില്‍ എടുത്തിട്ട പച്ചമുളക് ചൂണ്ടിയാണ് അയാള്‍ അത് ചോദിച്ചത്.
അതെടുക്കുമ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ത്തു..'നാരങ്ങ വെള്ളത്തില്‍ പച്ചമുളകും ഉപ്പുമിട്ട് കുടിക്കാന്‍ നല്ല രസമാ' !!!
ശരിയാ..അടിക്കാതെ തന്നെ നല്ല രസമാ..
അവന്‍ അയാളെ രൂക്ഷമായൊന്നു നോക്കുക മാത്രം ചെയ്തു..
"തന്നെ പിന്നെ എടുത്തില്ലേലും താനുണ്ടാക്കുന്ന ഫുഡ് ഞങ്ങള്‍ പിന്നെടുത്തോളം " എന്നും മനസ്സില്‍ പറഞ്ഞു, പച്ചമുളകും തേങ്ങയും അവിടെ തന്നെ വെച്ചു ഞങ്ങള്‍ പുറത്തേക്കു..
ആത്മാര്‍ഥമായി ഒരാളെ സഹായിച്ചിരുന്ന ഞങ്ങളെ അപമാനിച്ചതില്‍ മനം നൊന്തു, ഞങ്ങള്‍ ഒരു മൂലയില്‍ ഇരിപ്പുറപ്പിച്ചു..
കുറച്ചു കഴിഞ്ഞപ്പോള്‍ സുനീഷ് ചാടി എണീറ്റ് അലറി,
"ഹെന്റമ്മേ!, ദേ അച്ഛന്‍..!!"
അത് കേട്ടതും ഞങ്ങളും ചാടി എണീറ്റു. കാരണം അവന്‍റെ അച്ഛന്‍ എന്ന് പറഞ്ഞാല്‍ 'ഒരൊന്നൊന്നര അച്ഛനാ'.
വാസു എന്ന് വിളിക്കുന്ന വാസുവേട്ടന്‍...
വാസുവേട്ടന്‍, നാട്ടിലെ ഒന്നാംതരം കല്യാണ ബ്രോക്കര്‍...
തിങ്കളാഴ്ച ദിവസം വാസുവേട്ടന്‍ ചെരുപ്പും കയ്യില്‍ പിടിച്ചു ഓടുന്നത് കണ്ടാല്‍ നാട്ടുകാരൊന്നുറപ്പിക്കും,ഞായറാഴ്ച വാസു ഏതോ കല്യാണം നടത്തി കൊടുത്തിട്ടുണ്ട്, ആ വീട്ടുകാര്‍ കമ്പും കയറുമായി പിറകെ ഉണ്ട്.. ഉറപ്പ്..!!!
അതാണ് വാസുവേട്ടന്‍.. ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാല്‍,
താന്‍ സ്വന്തമായി കൊണ്ടു വരുന്ന കല്യാണാലോചനകള്‍ എന്ത് ത്യാഗം സഹിച്ചും നടുത്തുന്നവന്‍..
വേറെ ആരേലും വഴി വരുന്ന കല്യാണാലോചനകള്‍ എന്ത് ത്യാഗം സഹിച്ചും മുടക്കുന്നവന്‍..
അങ്ങനെയുള്ള വാസുവേട്ടനാണ് അടിച്ചു ഫിറ്റായി നാല് കാലില്‍ അലിയുടെ വീട്ടിലേക്കു വന്നിരിക്കുന്നത്..
'വാസു മാമന്‍ കല്യാണം മുടക്കുമോ??'
ഏതായാലും വാസുവിന്‍റെ വരവില്‍ പന്തികേട് കണ്ട വീട്ടുകാരുടെ നെഞ്ചില്‍ തീപാളി, ഞങ്ങളുടെ നെഞ്ചില്‍ ഇടിവെട്ടി, കാഴ്ചക്കാരുടെ തലയില്‍ മഴപെയ്തു.. കല്യാണവീട് കുളമാകാനുള്ള സാധ്യത തെളിഞ്ഞുവന്നു!!!
ഏതായാലും ഭയം പുറത്തു കാണിക്കാതെ അലി വാസുവേട്ടനെ സ്വീകരിക്കാന്‍ വേണ്ടി പുറത്തേക്കു പോയി,
"വാ വാ വാസുവേട്ടാ.."
"നിനക്കെന്താടാ വിക്കുണ്ടോ??" വാസുവേട്ടന്‍റെ മറുചോദ്യം..
"ഇല്ല.."
"പിന്നെന്താ വാ... വാ... സുവേട്ടാന്നും പറഞ്ഞു ഓടി വരുന്നത്.." വാസുവേട്ടന്‍ കലിപ്പോടെ ചോദിച്ചു..
"അത് വരൂ വരൂ വാസുവേട്ടന്നു ചുരുക്കി പറഞ്ഞതാ. " അതും പറഞ്ഞു അവന്‍ വാസുവേട്ടന്റെ കയ്യില്‍ കേറി പിടിച്ചു അകത്തോട്ടാനയിച്ചു..
"കയ്യേന്നു വിടെടാ.. അവനു കല്യാണത്തിന് വിളിക്കാന്‍ പറ്റില്ല, എന്നിട്ട് വിളിക്കാത്ത കല്യാണത്തിന് ഞാന്‍ വലിഞ്ഞു കേറി വന്നപ്പോള്‍ അവന്‍റെയൊരു സ്വീകരണം."
അതു കേട്ടതും അലി ഒന്നുകൂടി എലിയായി..എലി വീട്ടിനകത്തേക്ക് കുതിച്ചു..
വാസുവേട്ടന്‍ ഞങ്ങളുടെ അടുത്തേക്ക്..
"എല്ലാ കല്യാണത്തിനും വാസുവേട്ടന്‍ നേരത്തേ തന്നെ ഉണ്ടാകും..ഇന്നെന്താ ചേട്ടാ ലേറ്റ് ആയതു??" എന്തേലുമൊക്കെ ചോദിക്കണ്ടേ എന്ന് കരുതി ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും സമീര്‍ ഒരു കാര്യവുമില്ലാതെ ചോദിച്ചു..
"നിന്‍റെ ബാപ്പ റഹീമിന്‍റെ രണ്ടാം കെട്ടിന് എല വെക്കാന്‍ പോയതാ.. അതാ ലേറ്റ് ആയതു.."
ഠിം..
സമീര്‍ ഒന്നും മിണ്ടിയില്ല.. അല്ലേലും മിണ്ടിയിട്ടും കാര്യമില്ല..
അവന്‍ സുനീഷിനെ നോക്കി കണ്ണുരുട്ടി കാണിച്ചു..
'വെള്ളമടിച്ചിരിക്കുന്ന അച്ഛനെ നോക്കിയിട്ടെന്തു കാര്യം? വെള്ളമടിക്കാത്ത മകനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചാല്‍ അത്രേം സമാധാനം..'
അത്രയേ അവന്‍ കരുതിക്കാണൂ..
വാസുവേട്ടന്‍ പിന്നെയും മുന്നോട്ട് നടന്നു പാചകപ്പുരയില്‍ എത്തി..
ഒരു കാരണവരുടെ ഭാവത്തോടെ വാസുവേട്ടന്‍ പാചകപ്പുരക്ക് ചുറ്റും നടന്നു.
വീട്ടിലെ ഏതോ കാരണവര്‍ തന്നെയാവും ഇത് എന്ന വിചാരത്തില്‍ പാചകക്കാരന്‍ വാസുവേട്ടനെ പരമാവധി ബഹുമാനിച്ചു..
കുറച്ചു കഴിഞ്ഞു തിളച്ചു കൊണ്ടിരിക്കുന്ന പായസം അടച്ചു വെച്ചിരുന്ന അടപ്പ് വാസുവേട്ടന്‍ എടുത്തു മാറ്റി..
"എന്താ ഇത്??" വാസുവേട്ടന്‍റെ ചോദ്യം.
"പാല്‍പായസം.." പാചകക്കാരന്റെ ബഹുമാനത്തോട് കൂടിയുള്ള മറുപടി..
"ഇതില്‍ കുറച്ചു ചേന കൂടി ഇട്ടേക്കണം .."
"പടച്ചോനെ, പാല്പയസത്തില്‍ ചേനയോ???!!!" പാചകക്കാരനും ഞങ്ങളും ഒറ്റസ്വരത്തിലാ അത് ചോദിച്ചത്..
ചോദ്യം ഇഷ്ടപ്പെടാതെ വാസുവേട്ടന്‍ ഒന്നുകൂടി അലറി..
"ഇടടാ പന്നി ചേന..."
"പായസത്തില്‍ ചേന ഇട്ടാല്‍ ചൊറിയില്ലേ ഇക്കാ??" പാചകക്കാരന്‍റെ സംശയം..
"കാശ് മുടക്കുന്ന വീട്ടുകാര്‍ക്കില്ലാത്ത ചൊറിച്ചല്‍ എന്തിനാ നിനക്ക്.?? ഇടെടാ ചേന..."
വാസുവേട്ടന്‍ ചൂടായി തുടങ്ങി..
ഇത് കണ്ട സുനീഷ് കസേരയില്‍ നിന്നും ചാടി ഇറങ്ങി അച്ഛന്റെ നേര്‍ക്ക് നടന്നടുത്തു..
"ദേ..വെള്ളമടിച്ചാല്‍ വയറ്റി കിടക്കണം.. ഒരുമാതിരി അലമ്പുണ്ടാക്കരുത്.. " അവന്‍ ചൂടായി.
"അതേടാ, ഞാന്‍ വെള്ളമടിച്ചത് കൊണ്ടാ നീ നിന്റമ്മേടെ വയറ്റില്‍ കിടന്നത്.. എന്നിട്ടിപ്പോ വെള്ളമടിച്ചത് വല്യ കുറ്റം.."
ഠിം.. അത് കേട്ടതും അവനൊന്നടങ്ങി..ഇത്രേം അവന്‍ പ്രതീക്ഷിച്ചു കാണില്ല..
പക്ഷെ വാസുവേട്ടന്‍ അടങ്ങിയില്ല.
"നീ എന്നോട് കയര്‍ക്കുന്നോ?? ഒന്നേ ഉള്ളു എന്ന് കരുതി ആറ്റു നോക്കി വളര്‍ത്തിയതാ ഞാന്‍ ചെയ്ത തെറ്റ്...ഒന്നേ ഉള്ളുവെങ്കില്‍ ഒലക്ക കൊണ്ട് അടിക്കണമെന്നാ..."
"ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കിലോ??" സംശയം എനിക്ക്..
"മിക്സിയിലിട്ടടിച്ചാല്‍ മതി.." വാസുവേട്ടന്‍റെ സംശയ നിവാരണം..
വേണ്ടാരുന്നു.. സംശയിക്കെണ്ടായിരുന്നു..!!!
ഞങ്ങള്‍ പുറത്തേക്കു നടക്കാന്‍ ഒരുങ്ങിയപ്പോള്‍ പാചകക്കാരന്‍ എന്നെ പിറകില്‍ നിന്നും വിളിച്ചു..ഞാനയാളുടെ അടുത്തേക്ക് ചെന്നു..
"എന്താ ഇക്കാ??"
"പായസത്തില്‍ ശരിക്കും ചേന ഇടണോ??" അയാളുടെ ചോദ്യം..
പടച്ചോനെ.. ഞാനെന്താ പറയേണ്ടത്??
"ഉം ഇട്ടോ.. കുറച്ചു ചേന, ഇച്ചിരി വെണ്ടയ്ക്ക,അല്പം മുളക് പൊടി, ഒരു പാക്കറ്റ് പുളി ഒക്കെ ഇട്ടു ഇയാള്‍ പാല്‍പായസം ഉണ്ടാക്ക്.. ബാക്കി പിന്നെ പറയാം.."
അതും പറഞ്ഞു അയാളെ പുച്ഛത്തോടെ ഒന്ന് നോക്കി ഞാന്‍ പുറത്തേക്കു നടന്നു..കുറച്ചു നടന്നു വീണ്ടും തിരിച്ചു വന്നു ഒന്നൂടെ പറഞ്ഞു..
"ഉപ്പു ആവശ്യത്തിനു ഇട്ടാല്‍ മതിയാകും എന്നറിയാമല്ലോ അല്ലെ കോപ്പിലെ പാചകക്കാരാ??!!!"
കയ്യിലെടുത്ത ചേന ടാബിളില്‍ വെച്ച് അയാള്‍ എന്നെ ചമ്മലോടെ നോക്കി,പിന്നെ പറഞ്ഞു..
"ഉം ഉം ..എനിക്ക് മനസിലായി.. എന്നെ ആക്കിയതാണല്ലേ???"
ഞാന്‍ ഒന്നും പറഞ്ഞില്ല. ഒരു തക്കാളിയും എടുത്തു കടിച്ചു പതിയെ പുറത്തേക്കു...
സമയം പിന്നെയും മുന്നോട്ട് പോയി.
ആളുകള്‍ വന്നു തുടങ്ങി.
കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ചെറുക്കാനും കൂട്ടരും നിക്കാഹിനു തയ്യാറായി വന്നു.
നിക്കാഹിനുള്ള ഒരുക്കങ്ങള്‍ എല്ലാം സജ്ജമായി..,അലി ആരെയോ നോക്കി,പിന്നെ എന്നോട് ഉറക്കെ വിളിച്ചു ചോദിച്ചു,
"ഫായിസേ, നിക്കാഹ് നടത്താന്‍ ഉസ്താദ് എവിടെ??"
ഞാന്‍ ചുറ്റും നോക്കി. ഉസ്താദ് പുറത്തു വല്ലതുമുണ്ടാകും എന്ന് കരുതി പുറത്തേക്കു നടക്കാന്‍ ഒരുങ്ങിയ ഞാന്‍ ഒരു ശബ്ദം കേട്ടു ഞെട്ടി തിരിഞ്ഞു നോക്കി..
ആ ശബ്ദം വാസുവേട്ടന്‍റെതാണ്.. ആ വാക്കുകള്‍ എന്‍റെ ചെവിയില്‍ ചാട്ടുളി പോലെ തുളച്ചു കേറി..
"ഇല്ല.. നടക്കില്ല.. ഇത് നടക്കില്ല.."
ഞാന്‍ നോക്കുമ്പോള്‍ ആള്‍ക്കാരുടെ നടുവില്‍ നിന്നും അയ്യപ്പ ബൈജു നടന്നു വരുന്നത് പോലെ മുണ്ടും കയറ്റിയുടുത്തു സ്ലോ മോഷനില്‍ നടന്നു വരുന്നു നമ്മുടെ സ്വന്തം വാസുവേട്ടന്‍..
"നിക്കാഹിനു ഉസ്താദ് വേണ്ട, ഞാന്‍ നടത്തി തരാം " എന്ന് പറയാന്‍ മാത്രമാവണേ ഈ വരവ് എന്ന് ഞാന്‍ വല്ലാതെ ആഗ്രഹിച്ചു.
പക്ഷെ എന്‍റെ പ്രതീക്ഷകള്‍ക്ക് മേല്‍ ഒരു ടിപ്പര്‍ലോറി ആയി രൂപാന്തരം പ്രാപിച്ചു കൊണ്ടു വാസുവേട്ടന്‍ അലറി..
"ഈ കല്യാണം നടക്കില്ല..."
ഠിം ഠിം ഠിം..
പലരുടെയും ചങ്ക് ചിതറിത്തെറിച്ചു..
"ഈ കുരിപ്പ് എന്തിനുള്ള പുറപ്പാടാ?? "
ചോദിച്ചത് സുനീഷ് ആയിരുന്നു, അച്ഛന്റെ പുന്നാര മോന്‍..
"എന്താ വാസു ഇജ്ജു ഈ പറയുന്നേ..??"
അലിയുടെ ഉപ്പ ഹംസക്ക വിഷമത്തോടെ ചോദിച്ചു..
"ഈ നിക്കാഹ് നടക്കില്ലന്നു.." തന്‍റെ വാക്കില്‍ വാസു തൂണ് പോല്‍ ഉറച്ചു നിന്നു..
"ഈ നായിന്‍റെ മോനെ ഞാനിന്നു കൊല്ലും.."
എന്ന് പറഞ്ഞു പുലിയായ് ചാടി വന്ന അലിയെ 'വെറുതെ തല്ലു കൊണ്ട് ചാവേണ്ട ' എന്ന് പറഞ്ഞു ഞങ്ങള്‍ പിടിച്ചു വെച്ചു..
അത് കേട്ട അലി പിന്നേം എലിയായി..
"ഞമ്മക്കൊന്നും മനസിലാവുന്നില്ല.. ഏതാ ഈ ഹിമാറ് ??" ചെറുക്കന്റെ ബാപ്പ ചൂടായി..
"ഞമ്മള് ബാസു.. ബ്രോക്കര്‍ ബാസു..നിങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞിരിക്കുന്ന സ്ത്രീധനം മുഴുവന്‍ ഈ ബടക്ക് ഹംസ തന്നിട്ട് തന്നെയാണോ നിങ്ങളീ നിക്കാഹിനു വന്നിരിക്കുന്നത്??"
"ഇല്ല..തന്നില്ല.. രണ്ടു മാസം കയിഞ്ഞിട്ട് ബാക്കി 25 പവന്‍ തരാമെന്ന പറഞ്ഞിരിക്കുന്നെ.." ചെറുക്കന്‍റെ ബാപ്പ പറഞ്ഞു..
"രണ്ടര കൊല്ലമായിട്ടും മൂത്ത പുയാപ്പളക്ക് കൊടുക്കാനുള്ള സ്വര്‍ണം ഇയാള് കൊടുത്തിട്ടില്ല..പിന്നെയാ രണ്ടു മാസം കയിഞ്ഞിട്ട് നിങ്ങള്‍ക്ക്.."
'വീട്ടുകാര്‍ മാത്രം അറിയുന്ന രഹസ്യം ഈ പന്നി എങ്ങനെ അറിഞ്ഞു' എന്നാലോചിച്ചു ഹംസക്ക വാ പൊളിച്ചു..
'എല്ലാം അറിയാവുന്നവന്‍ ഞാന്‍, ശംഭോ മഹാദേവാ..' എന്ന ഭാവത്തില്‍ വാസു..
'അരമന രഹസ്യം അങ്ങാടിപ്പാട്ടായതില്‍ ' അലിയുടെ മനസ് തകര്‍ന്നു..
ഞങ്ങള്‍ ചെറുക്കന്‍റെ വീട്ടുകാരെ പ്രതീക്ഷയോടെ നോക്കി..
ഇല്ല.. വിഷയം സ്വര്‍ണമാണെങ്കില്‍ ഒരു മനസ്സും ഇക്കാലത്ത് അലിയില്ല..കലികാലമാണിത്..
മനുഷ്യനെക്കാള്‍, പെണ്ണിന്‍റെ മനസിനെക്കാള്‍ മഞ്ഞലോഹത്തിനു വില നല്‍കുന്ന വല്ലാത്തൊരു കലികാലം..
വേദനയുറ്റുന്ന മനസ്സോടെ ഹംസക്ക ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി ദൂരെ ഒരു മൂലയില്‍ ഒരു കസേരയില്‍ ഇരുന്നു.
കള്ളപ്പന്നി വാസു ആടിയാടി ഹംസാക്കയുടെ അടുത്തേക്ക് പോയി..
വാസു അടുത്ത് വരുന്ന കണ്ട ഹംസക്ക ചാടി എണീറ്റു..
വാസു ഹംസാക്കയുടെ കയ്യില്‍ കയറി പിടിച്ചു എന്തോ പറയുന്നു..
'എന്തായാലും ഹംസക്ക ഇന്ന് കൊലപാതികയാവും..' ഞാനുറപ്പിച്ചു..
"ടാ സുനീഷേ, നിന്‍റെ അച്ഛനെ അവസാനമായി ജീവനോടെ കണ്ടോടാ.." ഞാന്‍ സുനീഷിന്‍റെ ചെവിയില്‍ പറഞ്ഞു...
"മാലയിട്ടു സൂക്ഷിക്കാന്‍ വീട്ടില്‍ ഫോട്ടോ ഉണ്ടാകുമോ എന്തോ?? ഇല്ലേല്‍ വടിയാകുന്നതിനു മുമ്പ് ആ ഫോട്ടോഗ്രാഫറെ വിളിച്ചു ഒരു ഫോട്ടോ എടുക്കാന്‍ പറഞ്ഞാലോ?? " അവനും കലിപ്പില്‍ തന്നെ..
പക്ഷെ ഞങ്ങള്‍ പ്രതീക്ഷിച്ചതൊന്നും അവിടെ സംഭവിച്ചില്ല..!!!
ഹംസക്ക കൊലപാതികയായില്ല, മറിച്ചു ഹംസാക്കയുടെ മുഖത്ത് ഒരു പ്രകാശം വിടര്‍ന്നു.. ഇതെന്തു കഥ??
കുറച്ചു കഴിഞ്ഞു വാസു കല്യാണ വീട്ടില്‍ നിന്നും ജീവനോടെ പുറത്തേക്കു പോകുന്നത് ഞങ്ങള്‍ വിഷമത്തോടെ നോക്കി നിന്നു..
"ഇന്ന് രാത്രി എടുക്കാമെടാ ആ ചെറ്റയെ.." പ്രമോദ് എന്‍റെ ചെവിയില്‍ പറഞ്ഞു..
ചെറുക്കനും വീട്ടുകാരും കുറച്ചു കാരണവന്മാരുമായി ചര്‍ച്ച നടത്തുന്നു..
സ്വര്‍ണം മുഴുവനും കിട്ടാതെ നിക്കാഹ് നടക്കില്ല എന്ന വാശിയില്‍ അവര്‍ ഉറച്ചു നിന്നു..
ഇതുകേട്ട അലി തകര്‍ന്ന ഹൃദയത്തോടെ കരഞ്ഞു കൊണ്ട് അകത്തേക്കോടി..
ഞങ്ങള്‍ സുഹൃത്തുക്കള്‍ അവന്‍റെ പിറകി ഓടി..
അവന്‍ മുറിയില്‍ കയറി കട്ടിലില്‍ കിടന്നു തേങ്ങി കരഞ്ഞു..
പിറകെ ഓടിയ ഞങ്ങള്‍ മനം നൊന്ത് പാചകപ്പുരയില്‍ കേറി ഭക്ഷണം കഴിച്ചു തുടങ്ങി.
'കല്യാണം മുടങ്ങിയ വിഷമത്തിന്‍റെ കൂടെ ഭക്ഷണം വേസ്റ്റ് ആകുന്ന വിഷമം കൂടി അവര്‍ക്ക് സഹിക്കാന്‍ പറ്റില്ല.. ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെ ഒരു വിഷമം അവര്‍ക്ക് വരുത്തില്ല..അതാണ് സുഹൃത്ത് ബന്ധത്തിന്റെ ശക്തി.!!!'
കുറച്ചു കഴിഞ്ഞപ്പോള്‍ സുനീഷ് വീണ്ടും ചാടി എണീറ്റു..
"ദേ.. വീണ്ടും അച്ഛന്‍.. ഇങ്ങേരു ഇന്ന് അസ്തമയം കാണില്ലെന്ന് ആര്‍ക്കോ വാക്ക് കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.."
ഞങ്ങള്‍ അങ്ങോട്ട് നോക്കി..കയ്യില്‍ ഒരു പൊതിയുമായി പിന്നേം വാസു..
"എന്തായിരിക്കും ആ പൊതി??" ഞാന്‍ ചോദിച്ചു..
"ഭക്ഷണം പാര്‍സല്‍ ആയി കൊണ്ടു പോകാന്‍ വരുന്നതാവും.." ഉത്തരം പറഞ്ഞത് ഷംസീര്‍ ആണ്..
"വിട്ടു കൊടുക്കില്ലെടാ.. വിട്ടു കൊടുക്കില്ല.. ഒരു മണി ചോറ് പോലും ആ പന്നിക്ക് വിട്ടു കൊടുക്കില്ല.." പ്രമോദിന്‍റെ ശപഥം..
ഓടി വന്ന വാസു കയ്യിലുണ്ടായിരുന്ന പൊതി ഹംസാക്കയുടെ കയ്യിലേക്ക് കൊടുത്തു..
പൊതി തുറന്നപ്പോള്‍ എല്ലാവരുടെയും കണ്ണ് മഞ്ഞളിച്ചു..
നിരവധി സഹോദരിമാരുടെ,പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരിന്‍റെ ചൂടില്‍ ഉരുകിയൊലിച്ച സ്വര്‍ണമെന്ന മഞ്ഞലോഹം..
ആര്‍ക്കും ഒന്നും മനസിലായില്ല..
"ഈറ്റ് അപ്പം നൌ, ആന്‍ഡ് കൌണ്ട് കുഴി ലേറ്റര്‍...."
ഇംഗ്ലീഷ് അധ്യാപകന്‍ ദിവാകരന്‍ മാഷ് എല്ലാവരോടുമായി പറഞ്ഞു..
"എന്തോന്നാ??"
"ഇപ്പൊ അപ്പം തിന്നാന്‍, കുഴി പിന്നെ എണ്ണാം എന്ന്..നിക്കാഹ് നടത്താന്‍ നോക്ക്.." മാഷ് വ്യക്തമാക്കി..
എന്നാപ്പിന്നെ അങ്ങനെയാവട്ടെ.. നിക്കാഹ് കഴിഞ്ഞിട്ടാവാം അപ്പം തിന്നല്‍..
അങ്ങനെ നിക്കാഹ് കഴിഞ്ഞു, അപ്പവും തിന്നു..
അത് കഴിഞ്ഞു വാസു പറഞ്ഞ വാര്‍ത്ത കേട്ടു വയറ്റിലേക്ക് പോയിക്കൊണ്ടിരുന്ന അപ്പം തൊണ്ടയില്‍ കുരുങ്ങി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി...
കാരണം അത്ര മാത്രം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു അത്..
അറുത്ത കൈക്ക് സാള്‍ട്ട് തേക്കാത്ത സൈതലവിയാണത്രെ അലിയുടെ പെങ്ങള്‍ക്കുള്ള സ്വര്‍ണം കൊടുത്തത്..!!!
എന്തിനു?? എന്തിനു ?? എന്തിനു??
ചോദ്യങ്ങള്‍ നാല് ഭാഗത്ത് നിന്നും അലയടിച്ചു..
ഒടുവില്‍ ഉത്തരം പറയാന്‍ വാസുവേട്ടന്‍ തന്നെ വേണ്ടി വന്നു..
"അതിനു പകരമായി സൈതലവിയുടെ ഏക മകളെ അലി കല്യാണം കഴിക്കണം.."
ഇത് കേട്ട അലിക്ക് ഉള്ള ബോധം നഷ്ടമായി നിലത്തടിച്ചു വീണു. ഠിം..
"ഇതെന്താ ഇവനിങ്ങനെ??" ഞാന്‍ സുനീഷിനോടായി ചോദിച്ചു..
"മനസ്സില്‍ ലഡ്ഡു പോട്ടിയതാവും.. ലഡ്ഡു പൊട്ടിയതിന്റെ ശക്തിയില്‍ വീണതാവാന സാധ്യത.." സുനീഷ് പറഞ്ഞു..
"അത് ശരിയാ.. കാരണം സൈതലവിയുടെ മകള്‍ അത്രയ്ക്ക് സുന്ദരിയാ.. അലിയുടെ ഭാഗ്യം.." എന്ന് ഞാന്‍..
ദിവസങ്ങള്‍ പിന്നെയും മുന്നോട്ട്..
രണ്ടാഴ്ചകള്‍ കഴിഞ്ഞുള്ള ഞായറാഴ്ച സ്വന്തം പെങ്ങള്‍ക്ക് വേണ്ടി അലി ബലിയാടായി..(??)
അലി സൈതലവിയുടെ സുന്ദരിയായ ഏക മകളെ വിവാഹം കഴിച്ചു..
രണ്ടു ദിവസം കഴിഞ്ഞു ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് ഗ്രാമം പല്ല് തേക്കാന്‍ പോയത്.
കേട്ടവരും കേള്‍ക്കാത്തവരും കവലയിലെക്കോടി..
രാവിലെ തന്നെ മൂക്കറ്റം കള്ള് വലിച്ചു കേറ്റി വാസുവേട്ടനാണ് വാര്‍ത്ത വായിക്കുന്നത്..
വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ മൂക്ക് ചൊറിഞ്ഞു, കേള്‍ക്കാത്തവര്‍ കാതു ചൊറിഞ്ഞു വീണ്ടും കാതോര്‍ത്തു..
ആ വാര്‍ത്ത ഇങ്ങനെ..
"അലി- വാസു സഖ്യം കളിച്ച നാടകമായിരുന്നു പോലും അന്ന് അലിയുടെ പെങ്ങളുടെ കല്യാണത്തിന് നാടുകാര്‍ കണ്ടത്..!!!"
ആദ്യം ആര്‍ക്കും കാര്യം മനസിലായില്ല.. കാര്യം മനസിലാക്കിയ പരദൂഷണ വിദ്വാന്‍ രാമന്‍ വക്കീല്‍ മറ്റുള്ളവരറിയാന്‍ ആ വാര്‍ത്ത ഒന്ന് കൂടി വായിച്ചു..
"വാര്‍ത്തകള്‍ വിശദമായി....വാര്‍ത്തകള്‍ വായിക്കുന്നത് രാമന്‍ വക്കീല്‍..
അലിയും സൈതലവിയുടെ മകള്‍ രഹനയും നാല് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പൊതുവേ കര്‍ക്കശക്കാരനായ അലിയുടെ ബാപ്പ ഹംസക്ക ഈ പ്രേമവിവാഹം എന്ത് വന്നാലും നടത്തില്ല എന്ന് മനസിലാക്കിയ ഒന്നാംപ്രതി അലി,സ്വന്തം പെങ്ങളുടെ വിവാഹത്തിന് സ്വര്‍ണം തികയില്ല എന്ന സത്യവും, ഒന്നാമത്തെ പുയ്യാപ്പിളക്ക് സ്വര്‍ണം മുഴുവനും ഇതുവരെ കൊടുത്തിട്ടില്ല എന്ന സത്യവും രണ്ടാം പ്രതിയായ വാസുവിനെ അറിയിച്ചു. അതനുസരിച്ച് വാസു കളിച്ച നാടകമായിരുന്നു അലിയുടെ പെങ്ങളുടെ വിവാഹ ദിവസം അരങ്ങേറിയത്.."
"എന്‍റെ അച്ഛന് എന്നേക്കാള്‍ ബുദ്ധിയോ??I am proud of you My Dad, really proud of you!!!" കണ്ണ് നിറഞ്ഞു സുനീഷ് വികാരാധീതനായി പറഞ്ഞു..
ഏതായാലും വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍, കേള്‍ക്കാത്തവര്‍ക്ക് വിവരാവകാശ നിയമപ്രകാരം വാര്‍ത്ത കൈമാറി.
വാര്‍ത്ത കേട്ടു സ്ഥലത്തെത്തിയ സൈതലവി തല കറങ്ങി വീണു..
ഹംസക്ക വാളെടുത്തു.
അത് കണ്ട വാസു വാളു വെച്ചു..
അങ്ങനെ നാട്ടില്‍ മൊത്തം പുകില്..
"നീയൊക്കെ അറിഞ്ഞു കൊണ്ടാണോടാ ഈ നാടകം??" ഹംസക്ക ദേഷ്യത്തോടെ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു..
"അല്ലിക്ക അല്ല.. ഞങ്ങള്‍ അറിഞ്ഞത് പോലുമില്ല.." ഞാന്‍ നയം വ്യക്തമാക്കി..
"ഓന്‍ ഓളെ കല്യാണം കഴിച്ചതല്ല ഞമ്മളുടെ സങ്കടം.. ഞമ്മളെയെല്ലാരേം ബടിയാക്കിയത് കൊണ്ടാ.."
'ഇത് വെറും ബടിയല്ല ഇക്കാ.. ഏക് ബഡാ ബഡീ ഹേ..' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"എബിടാ ആ കള്ള സുബര്‍ അലി??" ഹംസക്ക വീണ്ടും ചോദിച്ചു..
"അറിയില്ല.. പൊരയില്‍ കാണും.." ഞാന്‍ മറുപടി കൊടുത്തു..
ഹംസക്ക ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു..ഫോണ്‍ എടുത്തത് അലിയുടെ ഉമ്മ മറിയം.ഫോണ്‍ എടുത്ത ഉടനെ ഹംസക്ക അലറി..
"ആ കള്ള ഹമുക്കുണ്ടോടി അവിടെ??"
"ഇല്ല..കുട്ട്യോളുടെ ബാപ്പ പുറത്തു പോയിരിക്കുവാ.."
"ഫാ..ബലാലെ..ഇത് ഞമ്മളാടീ ഹംസ, അന്‍റെ കെട്ടിയോന്‍.. "
"ആഹ്.. നിങ്ങളായിരുന്നോ..ഞാന്‍ കരുതി നിങ്ങള്‍ കടം കൊടുക്കാനുള്ള ആരെലുമാവും എന്ന്.. നിങ്ങളെ അല്ലേ പിന്നെ നിങ്ങളാര ഇബിടുണ്ടോന്നു ചോദിച്ചേ? "
"അന്‍റെ പുന്നാര മോന്‍ അലി.."
"ഓന്‍ ഇപ്പൊ എബിടന്നോ ഓടി വന്നു, അരി ആട്ടിക്കൊണ്ടിരുന്ന ഓളെയും കൂട്ടി വണ്ടിയില്‍ കേറി പോയി..ചോദിച്ചപ്പോള്‍ പറയുവാ, ഹണിമൂണിന് പോകുവാന്നു.."
"ഹണിമൂണിനാ..?? എങ്ങോട്ട്?"
"അതൊന്നും പറഞ്ഞില്ല..ദൂരെയൊന്നും പോകാന്‍ ഇടയില്ല,ഉടുത്തിരിക്കുന്ന മുണ്ട് പോലും മാറ്റാതെയാ പോയിരിക്കുന്നെ.. 'മുണ്ടും ഉടുതോണ്ടാന്നോടാ ഹണിമൂണിന് പോകുന്നെ' എന്ന് ചോദിച്ചപ്പോള്‍ ആ കുരുത്തം കേട്ടവന്‍ പറയുവാ 'ഹണിമൂണിന് പോകുമ്പോ മുണ്ടാ നല്ലതെന്ന്'..!!!"
ഇടിവെട്ടേറ്റത് പോലെ ഹംസക്ക ഫോണ്‍ കട്ട് ചെയ്തു..
കാര്യം ഞങ്ങള്‍ക്കും മനസിലായി..
വാസു ചതിച്ച വിവരമറിഞ്ഞ അലി ഇന്ത്യ തന്നെ വിട്ടുകാണും..
ചുരുക്കി പറഞ്ഞാല്‍ അലി എല്ലാരേം ഒന്ന് കൂടി 'ബടിയാക്കി'..
ഏക് ഓര്‍ ബഡാ ബഡീ ഹേ...!!!
ഏതായാലും കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്നാണല്ലോ..
ഒരു കല്യാണം നടക്കാന്‍ വേണ്ടി അലി കാണിച്ച കള്ളത്തരം ഹംസക്ക ഉള്‍പ്പടെ എല്ലാവരും ക്ഷമിച്ചു..
വിവരം ഞങ്ങള്‍ വഴി അറിഞ്ഞ അലി രണ്ടാഴ്ചകള്‍ക്ക് ശേഷം നാട്ടില്‍ കാലുകുത്തി..
അലി വരുന്നത് കണ്ട രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന പയ്യന്‍ കയ്യിലെ പാഠപുസ്തകം വലിച്ചെറിഞ്ഞു കൊണ്ടു വിളിച്ചു പറഞ്ഞു..
"പുലി വരുന്നേ പുലി...!!!"
അത് കേട്ടപ്പോള്‍ പുലിയായ അലിയൊന്നു ചിരിച്ചു,പുന്നെല്ലു കണ്ട എലിയെപ്പോലെ.. :)
Monday, April 16, 2012
Saturday, April 14, 2012
22FK,No Bullshit.. Malayalam Movie Review
"പ്രതിഭയുള്ള ഒരു സംവിധായകനെ മലയാളത്തിനു ലഭിച്ചു", തിരക്കഥയുടെ പാളിച്ചകള്‍ കൊണ്ട് മാത്രം പാളിയ "ഡാഡി കൂള്‍" ഇറങ്ങിയപ്പോള്‍ മലയാളികള്‍ ആഷിക് അബു എന്ന സംവിധായകനെ കുറിച്ച് പറഞ്ഞ വാക്കുകള്‍..
വളരെ ലളിതമായ തിരക്കഥ അതി മനോഹരമായി അവതരിപ്പിച്ചു മലയാളത്തിന്‍റെ മനസ്സ് കവര്‍ന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ ഒന്ന് കൂടിപറഞ്ഞു.."ആഷിക് അബു ഒരു സംഭവം തന്നെ..!!!"
ഇപ്പോള്‍ ഞാന്‍ പറയുന്നു ,"ആഷിക് അബു ഒരു പ്രതിഭാസമാണ് ",കാരണം ഇത് വരെ ആരും പറയാത്ത കഥ തിരഞ്ഞെടുത്തു രസച്ചരട് മുറിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അങ്ങനെ ചില പ്രതിഭാസങ്ങള്‍ക്ക് മാത്രമേ പറ്റു..അത്രയ്ക്ക് മനോഹരമാണ് 22FK ..!!!
പോലീസിന്റെയും പാചകത്തിന്റെയും കഥ പറഞ്ഞ ആഷിക് അബു ഇത്തവണ പറഞ്ഞത് ടെസ്സയെ കുറിച്ചാണ്, കോട്ടയംകാരിയായ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കുറിച്ച്..അവളുടെ സ്വപ്നങ്ങളെ കുറിച്ച്..
അവള്‍ക്കു ചുറ്റും വന്ന ആട്ടിന്‍ തോലും, ആണിന്‍ തോലുമണിഞ്ഞ ചെന്നായ്ക്കളെ കുറിച്ച്....
പക്ഷെ സിനിമ കഴിയുമ്പോള്‍ ഇതൊരുപാട് ടെസ്സമാരുടെ കഥയായി മാറുന്നു.
കോരിതരിപ്പിക്കുന്ന യമണ്ടന്‍ ആക്ഷനോ,പൊട്ടിച്ചിരിപ്പിക്കാന്‍ എന്ന് പറഞ്ഞു പ്രേക്ഷകരെ കോമാളികളാക്കുന്ന മണ്ടത്തരങ്ങളോ ഇതിലില്ല, പക്ഷെ ഈ സിനിമയില്‍ ഒരു കഥയുണ്ട്,കുറെ ജീവിതങ്ങളും..
അഭിനയിച്ചതില്‍ ആരും അഭിനയിച്ചതായി തോന്നിയില്ല. എല്ലാരും ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും..
ടെസ്സയായി റീമ തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വേഷം ഗംഭീരമാക്കി..
സിറില്‍ ആയി വന്ന ഫഹദും നിരാശപ്പെടുത്തിയില്ല..
പ്രദാപ് പോത്തനും സത്താറും തിരിച്ചു വരവ് ഗംഭീരമാക്കിയപ്പോള്‍, TG രവി മികച്ച അഭിനയത്തിലൂടെ വന്‍ കയ്യടി നേടി.. :)
എല്ലാവരും ഒരു തവണയെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് 22FK ..
My Rating : 8.5/10
വാല്‍കഷ്ണം : രാജുവും രാധയും സഹോദരീ സഹോദരന്മാരല്ല പോലും..കാമുകീ കാമുകന്മാരാണത്രെ,ശരിയാ,ബാലരമയില്‍ എവിടെയും പറഞ്ഞിട്ടില്ല രാജു രാധയുടെ ചേട്ടനാണെന്നു .. :D :D :D